Nov 13, 2018

സീറ്റ് നമ്പര്‍ 24: ഒരു ട്രാജിക് കോമഡികൌണ്ടറില്‍ ഇരുന്ന തടിച്ച സ്ത്രീ വെച്ചുനീട്ടിയ ബാലന്‍സ് പിടിച്ച് പറിച്ചുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടി, ചെന്നൈ മെയിലിന്റെ സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍ നോക്കി...പെട്ടെന്നുള്ള തീരുമാനമായിരുന്നു ആ യാത്ര. ഒരുപാട് പരിപാടികള്‍ ഉണ്ടായിരുന്നിട്ടും ലൂസി മാഡം അത്രയും സ്നേഹത്തോടെ ക്ഷണിച്ച സ്ഥിതിക്ക് മകളുടെ വിവാഹത്തിന് പോകാതിരിക്കുന്നത് മോശമാണെന്ന് തോന്നി. പ്രത്യേകിച്ചു തലേന്ന് കൂടി മാഡം വിളിച്ച് എങ്ങനെയാ ചെല്ലുന്നത് എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ പരിപാടികള്‍ക്കിടയിലേക്ക് ഈ വിവാഹം കൂടി കഷ്ടപ്പെട്ട് തിരുകിക്കയറ്റുന്നതും ഹോസ്റ്റലിലെ ഓണാഘോഷം പോലും തേങ്ങ ചുരണ്ടലില്‍ നിര്‍ത്തി ഞാന്‍ നട്ടുച്ചയ്ക്ക് തിരുവനന്തപുരത്തുനിന്നും ആലുവയ്ക്ക് വെച്ചു പിടിക്കുന്നതും. ട്രെയിനില്‍ ഓരോ കമ്പാര്‍ട്ടുമെന്‍റിലായി ഒട്ടിച്ചിരിക്കുന്ന ചാര്‍ട്ട് നോക്കി നോക്കി ഞാന്‍ ഓടി. എവിടെയെങ്കിലും സീറ്റ് ഉണ്ടോ എന്നറിയണമല്ലോ. ഒടുവില്‍ അതാ...ചാര്‍ട്ടില്‍ ഒരു കെ. എസ്. ജോസഫ്. സീറ്റ് നമ്പര്‍ 24. റിസര്‍വേഷന്‍ ഫ്രം ട്രിച്ചൂര്‍! മോനേ, മനസില്‍ ലഡു പൊട്ടി.ഞാന്‍ പിന്നിലേക്ക് നോക്കി. കെട്ടും പൊക്കണവുമായി ഓരോരുത്തര്‍ ഓടി വരുന്നതേ ഉള്ളൂ. ഞാന്‍ സമയം വൈകിക്കാതെ ട്രെയിനിലേക്ക് കേറി. നടന്നു സീറ്റ് നമ്പര്‍ 24-ന്റെ അടുത്തെത്തി. അതാ ജനലിന്റെ അടുത്തുള്ള സിംഗിള്‍ സീറ്റ്, സീറ്റ് നമ്പര്‍ 24, ഒഴിഞ്ഞുകിടക്കുന്നു. ഇപ്പഴാണ് മനസിലെ ലഡു ശരിക്കും അങ്ങട് പൊട്ടിയത്. ഞാന്‍ ആലുവയില്‍ ഇറങ്ങുന്നു, മ്മടെ ജോസ്ഫ് ശ്ശൂരുന്നങ്ങട് കേറുന്നു.... അതായത് എനിക്കായിട്ടു റെയില്‍വേ കാത്തുവെച്ച സീറ്റ് പോലുണ്ട്. ഞാന്‍ ഒന്നു നിര്‍വൃതി അടഞ്ഞു, സീറ്റ് നമ്പര്‍ 24 ലേക്ക് വിശാലമായി (എന്നുവെച്ചാല്‍ എന്റെ ഈ ശരീരത്തിനു കഴിയാവുന്ന അത്രയും വിശാലമായി) അങ്ങോട്ട് ഇരുന്നു. എന്തുകൊണ്ടോ എന്തോ, എനിക്കു വല്ലാത്ത അഹങ്കാരം തോന്നി. ട്രെയിന്‍ പുറപ്പെടാന്‍ 15 മിനിറ്റ് കൂടിയുണ്ട്. ഞാന്‍ കാലിന്‍മേല്‍ കാല് കയറ്റിവെച്ച് ചെവിയില്‍ ഏ. ആര്‍. റഹ്മാനെയും തിരുകി വെച്ചു പുറത്തേക്ക് വായും നോക്കി അങ്ങനെ ഇരുന്നു. ഒരു അമ്മാവന്‍ കയറി അടുത്ത സീറ്റുകളില്‍ കുറെ ബാഗുകള്‍ ഒക്കെ നിരത്തി വെച്ചിട്ടു എന്റെ തൊട്ട് മുന്നിലുള്ള സീറ്റില്‍ വന്നിരുന്നു. ആളുകള്‍ കയറുമ്പോള്‍ എല്ലാം, കക്ഷി തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്ന ബാഗുകള്‍ അനക്കികൊണ്ടിരുന്നു. വേണ്ടപ്പെട്ട ആര്‍ക്കൊക്കെയോ വേണ്ടി സീറ്റ് പിടിച്ചിട്ടിരിക്കുകയാണെന്ന് മനസിലായി. എന്നെ നോക്കി ഒരു ചിരി ചിരിക്കാന്‍ വന്നെങ്കിലും ഞാന്‍ മുഖം തിരിച്ച് പാട്ട് ആസ്വദിക്കുന്നപോലെ രണ്ടു തലയാട്ടലും കൈ കൊണ്ട് ഒരു താളം പിടിക്കലും പാസാക്കി.ഒരു മാന്യന്‍ അയാളെക്കാള്‍ വലിയ സ്യൂട് കെയിസ് ഒക്കെയായി വന്നു എന്തോ ചോദിച്ചു. ഇയര്‍ ഫോണ്‍ മാറ്റിവെച്ചു കാതോര്‍ത്തപ്പോള്‍ ആണ്, എനിക്കു എവിടെയാണ് ഇറങ്ങേണ്ടത് എന്നു അറിയലാണ് ഉദേശ്യം എന്നു മനസിലായത്.'ആലുവ', ഞാന്‍ അര വാട്ടിന്റെ ഒരു ജാഡ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.'അല്ല, ഈ സീറ്റിന് തൃശൂര്‍ നിന്നാണ് റിസര്‍വേഷന്‍ എന്നു കണ്ടിട്ട് വന്നതാ..." എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് കക്ഷി അടുത്ത സീറ്റിലേക്ക് പോയി.'ചാര്‍ട്ട് വായിക്കാന്‍ അറിയുന്നവര്‍ വേറെയും ഉണ്ട് ചേട്ടാ...' എന്നു ഞാന്‍ മനസില്‍ പറഞ്ഞുവീണ്ടും ഇയര്‍ഫോണ്‍ തിരുകി.<p> </p>അടുത്ത 10 മിനിറ്റില്‍ രണ്ടുപേര്‍ കൂടി ഇതുപോലെ തൃശൂര്‍ റിസര്‍വേഷന്‍ കണ്ടു വായും നൊട്ടിനുണഞ്ഞു വന്നെങ്കിലും അവരെയും ഞാന്‍ ആട്ടിപ്പായിച്ചു.<p> </p>ട്രെയിന്‍ പുറപ്പെടാന്‍ തൊട്ടുമുന്‍പ് അമ്മാവന്റെ ബന്ധുക്കള്‍ വന്നു. കൂട്ടത്തില്‍ പത്തിരുപത് വയസ് തോന്നിക്കുന്ന, പാറിപ്പറത്തിയ സ്ട്രെയിറ്റന്‍ഡ് മുടിയും ഫാഷനബിള്‍ ചുരിദാറുമൊക്കെയായി ഒരു വെളുത്തു മെലിഞ്ഞ പെങ്കൊച്ചും ഉണ്ട്. അതിനു എന്റെ നേരെ എതിരെയുള്ള വിന്‍ഡോ സീറ്റ് വേണം. മനസില്‍ വീണ്ടും ലഡു... ഞാന്‍ എന്നെക്കൊണ്ടു പൊക്കാന്‍ കഴിയുന്ന അത്രയും വെയിറ്റിട്ട് ആ കൊച്ചിനെ ഒന്നു നോക്കി. അത് എന്നെ മൈന്‍ഡു ചെയ്തില്ല എന്ന കാര്യം ഞാന്‍ അറിയുന്നില്ല എന്നു നടിച്ചു ഞാന്‍ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു. അമ്മാവന്‍ കൊച്ചിനെ അവിടെ ഇരുത്തി അപ്പുറത്തെ സീറ്റിലേക്ക് മാറി.കുറെ കഴിഞ്ഞ് ഞാന്‍ വെറുതെ അതിന്റെ മുഖത്തേക്ക് ഒന്നു പാളിനോക്കി. ബാഗില്‍ നിന്നും എന്തോ എടുക്കുന്നുണ്ട്. നോക്കിയപ്പോള്‍ വേറൊന്നുമല്ല, ചേതന്‍ ഭഗത്തിന്റെ Two States. എന്നെ ഒന്നു നോക്കിയിട്ട് അവള്‍ അത് വായിക്കാന്‍ തുടങ്ങി. ഭാവം കണ്ടാല്‍ ഹെന്‍റി ബെര്‍ഗ്സന്റെ തത്വശാസ്ത്രം വായിക്കുന്നപോലുണ്ട്. ഒരു പൈങ്കിളി നോവല്‍ വായിക്കാന്‍ ഇത്രേം ഭാവത്തിന്റെ ആവശ്യമുണ്ടോ എന്നു ഞാന്‍ ചിന്തിച്ചു.അങ്ങോട്ട് കേറി മുട്ടി രണ്ട് കത്തി വെച്ച്, അവളൊന്നും ഒന്നുമല്ല ഞാനാണ് കിടിലം എന്ന്‍ സ്ഥാപിച്ചാലോ എന്ന്‍ വിചാരിച്ചതാ. പക്ഷേ രണ്ടുണ്ട് റിസ്ക്കുകള്‍ -ഒന്ന്‍ അവള്‍ എന്നെക്കാളും വല്യ കിടിലമല്ല എന്ന്‍ ഉറപ്പിക്കാന്‍ പോന്ന തെളിവുകളുടെ അഭാവം. രണ്ട്, ഓണം സീസണ്‍ ആണ്, എന്റെ സ്ഥാപനത്തിലെ പലരും ആ സ്റ്റേഷനില്‍ പല ഭാഗങ്ങളിലായി കാണപ്പെട്ടിരുന്നു, കാണപ്പെടാത്തവരും അവിടങ്ങളിലൊക്കെ ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്. ഞാന്‍ ഇവളോട് മിണ്ടുന്നതെങ്ങാനും അവര്‍ കണ്ടാല്‍ അതിലും ഒരു റിസ്ക്കുണ്ട്. വെറുതെ, ഉള്ള ചീത്തപ്പേര് കൂട്ടണോ!അതിനിടെ, കേരളാ പോലീസിന്റെ ജലപീരങ്കി എന്നപോലെ ഒരു ലോഡ് പുച്ഛം എന്റെ മുഖത്തേക്ക് ചീറ്റിച്ചുകൊണ്ട് അവള്‍ എന്നെ ഒന്നു തുറിച്ചു നോക്കി. എന്നിട്ട് ഇംഗ്ലീഷ് പുസ്തകം ഒന്ന്‍ പൊക്കിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. ഒരുമാതിരി ഷോ. ഞാനാരാ മോന്‍! സംഗതി ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയിട്ടില്ലെന്നെ ഉള്ളൂ, ഈ ഷോ കാണിക്കാന്‍ ഞാനും അത്ര മോശമൊന്നും അല്ല.ഞാനും തുറന്നു ബാഗ്. എടുത്തു ഒരു ബുക്ക്, Zorba - The Greek by Nikos Kazantzakis.എന്റെ സീറ്റ് നംബര്‍ 24-ല്‍ ഒന്നുകൂടി ഒന്നമര്‍ന്നിരുന്നു ഞാന്‍ അത് വായിക്കാന്‍ തുടങ്ങി. വായനയില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന സത്യം മറച്ചുവെക്കാന്‍ ഞാന്‍ പരമാവധി അനക്കമില്ലാതെ ഇരിക്കാന്‍ ശ്രമിച്ചു.അപ്പോഴതാ കേള്‍ക്കുന്നു ഉച്ചത്തില്‍ ഒരു ചോദ്യം, "ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു.... ല്ലേ?"പെങ്കൊച്ചല്ല, മറ്റെ അമ്മാവന്‍ ആണ് കര്‍ത്താവ്. കര്‍മ്മം ഈ ഞാനും. ആ ഒറ്റ ചോദ്യത്തില്‍ തന്നെ സംഗതി എന്റെ കൈവിട്ടു പോകുന്ന ലക്ഷണം എനിക്കു പിടികിട്ടി. ചക്കിന് വെച്ചത് കൃത്യമായി കൊക്കിനു കൊണ്ടിരിക്കുന്നു.ഞാന്‍ "ഓഹ്...അങ്ങനൊന്നുമില്ല" എന്ന അര്‍ത്ഥത്തില്‍ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു."അറിയോ, ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ് സോര്‍ബ എന്ന്?" അമ്മാവന്‍ അടുത്ത ചോദ്യം.ഞാന്‍ അറിയാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി."Three Men in a Boat" വായിച്ചിട്ടുണ്ടോ?", വീണ്ടും ചോദ്യം.കസാന്ദ്സാക്കീസിന്റെ സോര്‍ബയില്‍ നിന്നും ജെറോം കെ ജെറോമിലേക്ക് ചാടിയ ലോജിക് എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. സംഗതി അവിടെയും ഇവിടെയുമൊക്കെ വായിച്ചിട്ടുണ്ട് എന്ന് വച്ച് Three Men in a boat വായിച്ചിട്ടുണ്ട് എന്ന്‍ പറഞ്ഞാല്‍ ടി.എന്‍.ഗോപകുമാറിന്റെ മുന്പില്‍ പെട്ട പൃഥ്വിരാജിന്റെ അവസ്ഥയാവുമോ എന്ന് സംശയിച്ചു. മൂപ്പിലാന്‍റെ റെയിഞ്ച് അറിയില്ലല്ലോ. അതുകൊണ്ട് ഞാന്‍ അധികമൊന്നും മിണ്ടിയില്ല. പക്ഷേ ആശാന്‍ നല്ല ഫോമിലായിരുന്നു. ഷേക്സ്പിയര്‍ മുതല്‍ ഓര്‍ഹാന്‍ പാമുക് വരെ പല പല മഹാന്മാരും ആ കംപാര്‍ട്ട്മെന്‍റ് വഴി കയറിയിറങ്ങിപ്പോയി. അതിനിടയില്‍ ആ പെങ്കൊച്ചിന്റെ മുഖത്ത് ഒരു ചെറിയ ചിരി നിന്നു കറങ്ങുന്നത് ഞാന്‍ കണ്ടു. അതെന്തായാലും ചേതന്‍ ഭഗത് പറഞ്ഞ കാര്യമൊന്നും വായിച്ചിട്ടല്ല എന്ന് എനിക്കു വ്യക്തമായിരുന്നു.ട്രെയിന്‍ മാവേലിക്കര എത്താറായപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഞാന്‍ കണ്ടു. അമ്മാവനും കൂട്ടരും പെട്ടിയൊക്കെ ഒരുക്കിത്തുടങ്ങി. പെങ്കൊച്ചും ബുക്ക് മടക്കി...മാവേലിക്കര ഇറങ്ങും വരെ അമ്മാവന്‍ എന്നെ ആംഗലസാഹിത്യം പഠിപ്പിച്ചു. ട്രെയിന്‍ സ്റ്റേഷന്‍ വിടുമ്പോ എന്റെ മുഖത്ത് ഒരു വലിയ ആശ്വാസം നിഴലിച്ചിരുന്നു. ഒരു പെരുമഴ തോര്‍ന്ന പ്രതീതി. സഹയാത്രികര്‍ എന്നെ സഹാനുഭൂതിയോടെ നോക്കുന്നത് ഞാന്‍ കണ്ടു...വീണ്ടും പഴയപടി ഇയര്‍ഫോണ്‍ തിരുകി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.ചെങ്ങന്നൂര്‍...ചിങ്ങം ഒന്നിന്റെ തിരക്കാണ്. തമിഴന്‍ സ്വാമിമാര്‍ കാടിളക്കിക്കൊണ്ട് ട്രെയിനിലേക്ക് പാഞ്ഞുകയറിത്തുടങ്ങി. മാലയിട്ട് കഴിഞ്ഞാല്‍ അണ്ണാച്ചിമാര്‍ പിന്നെ ഏത് അണ്ടനെയും അടകോടനെയും സാമി എന്നെ വിളിക്കൂ. അതുകൊണ്ട് തലങ്ങും വിലങ്ങും സാമീ സാമീ എന്ന വിളി കേള്‍ക്കുന്നുണ്ട്. ആകപ്പാടെ പാളയം മാര്‍ക്കറ്റിന്റെ ഒരു പ്രതീതി.എന്റെ അപ്പുറവും ഇപ്പുറവും ഒക്കെ ഇരുന്നവരെ സാമിമാര്‍ റിസര്‍വേഷന്‍ റിസര്‍വേഷന്‍ എന്നും പറഞ്ഞു എഴുന്നേല്‍പ്പിച്ചു. എന്‍റേത് പോലെ തൃശ്ശൂര്‍ നിന്നും റിസര്‍വേഷന്‍ ഉള്ള സീറ്റുകള്‍ അല്ലല്ലോ അവരുടേത്. പുവര്‍ ഫെല്ലോസ്!!പക്ഷേ നോക്കിയപ്പോള്‍ ദാണ്ടെ ഒരു സാമി എന്റെ നേരെ നോക്കി ഒരു പറച്ചില്‍, "സാമീ, എഴുന്തിടുങ്ക...സീറ്റ് നമ്പര്‍ 24-ക്കു റിസര്‍വേഷന്‍ ഇറുക്ക്..."അയ്യട മനമേ! ചെങ്ങന്നൂര്‍ നിന്നും കേറിയിട്ടു തൃശൂര്‍ റിസര്‍വേഷന്‍ തുടങ്ങുന്ന സീറ്റ് അവന്‍റെയാണെന്ന്. ഞാന്‍ വിടുമോ, അറിയാവുന്ന തമിഴ് ഒക്കെ പൊടിതട്ടി എടുത്ത് ഞാനും കാച്ചി,"റിസര്‍വേഷന്‍ എല്ലാം ഇറുക്ക്. ആനാ അത് വന്ത് തൃശൂറ് നിന്‍ര്...""എന്നാ?"- അവന്‍ അവജ്ഞയോടെ ഒരു ചോദ്യം."സാമീ ഇന്ത സീറ്റുക്ക് ഇങ്കെ ഇരുന്ത് റിസര്‍വേഷന്‍ ഇരുക്കാത്""എന്ന സാമീ, നാനെ ഇങ്കെരുന്ത് റിസര്‍വേഷന്‍ പണ്ണിയിരുക്ക്. എഴുന്തിടുങ്ക...""ശ്ശെടാ, ഇത് വല്യ കഷ്ടമാണല്ലോ. എന്റെ സാമീ ഇന്ത സീറ്റുക്ക് തൃശൂര്‍ നിന്നു താന്‍ റിസര്‍വേഷന്‍"അവന്റെ സ്വരം മാറി. "സാമീ ഗലാട്ട പണ്ണ ടൈം ഇല്ലൈ. സീറ്റ് നമ്പര്‍ 24 നാനെ റിസര്‍വ് പണ്ണിയിരുക്ക്. എഴുന്തിടുങ്ക"ഞാനും വിടാന്‍ ഒരുക്കമല്ലായിരുന്നു, "അന്ത ടിക്കട്ടെ കൊഞ്ചം കാട്ടുങ്ക."- ഞാന്‍ പറഞ്ഞു.അവന്റെ കൊണം മാറി. അവന്‍ മൂന്നാല് അണ്ണാച്ചിമാരെ കൂടി വിളിച്ചുവരുത്തി കാര്യം പറഞ്ഞു.അതില്‍ ഒരു സാമി ഒരു തട്ടിക്കയറ്റം, "നീങ്ക യാര്‍ സാമീ ടീടീയാറാ? ടിക്കറ്റ് പാക്കറുതുക്ക്?"ടിക്കറ്റ് ടീടീയാറിന് മാത്രം കാണാനുള്ള സാധനമല്ല എന്ന് തമിഴില്‍ പറയാന്‍ രണ്ടുതവണ ഞാന്‍ ശ്രമിച്ചെങ്കിലും അത് വേറെ എന്തൊക്കെയോ ആയി. തമിഴ് വൊക്കാബുലറിയും ഗ്രാമറും ഒന്നും ഓര്‍മ്മിച്ചെടുത്ത് സംസാരിക്കാനുള്ള സമയമില്ല. അവന്മാര്‍ കൂട്ടത്തോടെ ചൂടാവുകയാണ്. അതിനിടയില്‍ ആദ്യം എന്നോടു സീറ്റ് ചോദിച്ചുവന്നവന്‍ എങ്ങോട്ടോ പോയി. അറിയാവുന്ന തമിഴിന്റെ സ്റ്റോക്ക് തീര്‍ന്ന ഞാന്‍ മുറിത്തമിഴില്‍ അവരോടു ഉടക്ക് തുടങ്ങി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ ഒരു എജ്യൂകേറ്റഡ് യങ് മലയാളി ബോയിയും അവന്മാരെല്ലാം തനി നാടന്‍ അണ്ണാച്ചി സാമിമാരും അല്ലേ?അപ്പോഴേക്കും ആദ്യം വന്ന അണ്ണാച്ചി ഒരു ഇണ്ടാസുമായി വന്നു, വേറൊന്നും അല്ല അയാളുടെ ടിക്കറ്റിന്റെ പ്രിന്‍റ് ഔട്ട്."ദാ പാരുങ്ക. ഇത് താന്‍ സീറ്റ് നമ്പര്‍ 24-ഓട റിസര്‍വേഷന്‍ ടിക്കറ്റ്."ബാക്കി അണ്ണാച്ചിമാരെല്ലാം എന്നെ വളഞ്ഞു നില്‍ക്കുകയാണ്. ഞാന്‍ ടിക്കറ്റ് വാങ്ങി നോക്കി. ശരിയാണ് സീറ്റ് നമ്പര്‍ 24. പക്ഷേ അതിന്റെ അടുത്ത് S7 എന്നുകൂടി ഉണ്ട്. അപ്പോഴാണ് അക്കാര്യം ഞാനും ശ്രദ്ധിക്കുന്നത്. സീറ്റ് നമ്പര്‍ 24 എന്ന്‍ മാത്രമേ ഞാന്‍ നോക്കിയുള്ളൂ, ഏത് കാംപര്‍ട്മെന്‍റ് ആണെന്ന് നോക്കിയില്ല. ഇനി ഞാന്‍ ചാര്‍ട്ടില്‍ നോക്കിയിട്ട് കംപാര്‍ട്ട്മെന്‍റ് മാറിയാണോ കേറിയത്? അവന്മാര്‍ ആണെങ്കില്‍ സംഘമായിട്ടാണ് റിസേര്‍വ് ചെയ്തിരിക്കുന്നത്. അപ്പോ ആകെ മൊത്തം ടോട്ടലായി ആലോചിക്കുമ്പോ അവന്മാര്‍ പറയുന്നതു ശരിയാവാനാണ് സാധ്യത. എന്നാലും എനിക്കു ശേഷം ഇതേ സീറ്റ് അന്വേഷിച്ചു വേറെ കുറെ പേര്‍ കൂടി വന്നിരുന്നല്ലോ. അപ്പോ അവര്‍ക്കും തെറ്റിയോ? പുല്ല്! ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ. പക്ഷേ ആലോചിച്ചു നില്ക്കാന്‍ സമയമില്ലല്ലോ. ഞാന്‍ ആവശ്യപ്പെട്ട പ്രൂഫ് അവര്‍ കാണിച്ചുകഴിഞ്ഞു, ഇനി അവന്മാര്‍ തല്ലും. എണ്ണത്തിലും വണ്ണത്തിലും അവരാണ് മുന്‍പില്‍.ഒടുവില്‍ അത്യധികം ഹൃദയവേദനയോടെ ഞാനാ തീരുമാനം എടുത്തു. ഉള്ള അടിയെല്ലാം വാങ്ങിക്കൂട്ടിയിട്ട് 'അല്ല പിന്നെ, ദേഷ്യം വരൂലെ?' എന്നു ചോദിയ്ക്കുന്ന കവലച്ചട്ടമ്പിയെ പോലെ ഒരു ഡയലോഗും: "നീങ്ക എല്ലാം സാമി താനേ, അതിനാല്‍ താന്‍ എഴുന്തിടിക്കറേന്‍..."ബാഗും തൂക്കി, അണ്ണാച്ചിമാരെ വകഞ്ഞുമാറ്റി ഞാന്‍ വാതില്‍ക്കലേക്ക് നടന്നു. അവിടെ ആരോ സീറ്റ് വെച്ചു നീട്ടിയിട്ടെന്നപോലെ... അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ ചാര്‍ട്ട് ഒന്നുകൂടി ഒന്നു പരിശോധിക്കാന്‍ ഞാന്‍ മറന്നില്ല. റെയില്‍വേ പഹയന്‍മാര്‍ അത് മാറ്റി ഒട്ടിച്ചിരുന്നു. ഞാന്‍ നോക്കിയ ചാര്‍ട്ട് വേ അവിടെ അപ്പോള്‍ കണ്ട ചാര്‍ട്ട് റേ! അവിടന്ന് ആലുവാ വരെ അണ്ണാച്ചിമാരുടെ നടുവില്‍ ഒരേ നില്‍പ്പായിരുന്നു. തല്ലുകിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം!മോറല്‍ ആഫ് ദി സ്റ്റാറി: മര്യാദയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണം, അത് പറ്റില്ലെങ്കില്‍ ചാര്‍ട്ട് നോക്കുമ്പോള്‍ അത് ഏത് ട്രിപ്പിനുള്ളതാണെന്ന് കൂടി നോക്കണം, അതും പറ്റില്ലെങ്കില്‍ റിസേര്‍വ് ചെയ്തവര്‍ വരുമ്പോള്‍ ഷോ കാണിക്കാതെ മാന്യമായി മാറിക്കൊടുക്കണം, ഇനി അതും പറ്റില്ലെങ്കില്‍ വല്ല ജനറല്‍ കംപാര്‍ട്ട്മെന്‍റും നോക്കി കയറണം. അതും കൂടി പറ്റില്ലെങ്കില്‍ ഒന്നുകില്‍ വല്ല ബസിലും കേറി പോണം, അല്ലെങ്കില്‍ പോണ്ടാ എന്ന്‍ വെക്കണം. അല്ല പിന്നെ!!

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്.

കുതിരപ്പോലീസും ഞാനും

സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു."എങ്ങോട്ടെഡേയ്?" (ചോദ്യം)"സാറേ, പാപ്പനംകോട്"മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം"എവിടന്നൊള്ള വരവ്?""സെക്കന്‍റ് ഷോ""പാപ്പനംകോടേയ്ക്ക് എത്ര ദൂരം ഒണ്ടെന്നറിയാമോ? ബസ്സൊന്നും കിട്ടീലേ?"ദൂരം മീറ്റര്‍ ആക്കുറസിയില്‍ അറിയാമെന്നും ബസ്സൊന്നും കിട്ടാത്തതുകൊണ്ടല്ല, മൊട മൂത്ത് കിടക്കുന്നതിന്റെ അസുഖമാണ് അസമയത്ത് ഈ പരിപാടിക്ക് ഇറങ്ങിയതിന്റെ കാരണമെന്നും പറയാന്‍ പറ്റില്ലല്ലോ, പോലീസ് അല്ലേ!"ബസ് കിട്ടീല സാറേ. പിന്നെ നടക്കാന്നു വെച്ചു.""എന്നാലും ഒരു ഓട്ടോ പിടിച്ച് പോവാനുള്ള കാശ് പോലും കൈയിലില്ലേഡേയ്?" (എന്നെ അടിമുടി ഒന്ന്‍ നോക്കീട്ടാണ് ചോദ്യം)"അത് പിന്നേ, അതായത്..." (വ്യക്തമായ ഉത്തരമില്ല)"ഇനീം കെടക്കേണ് മൂന്നാല് കിലോമീറ്റര്‍. നടക്കുവോ?""മുന്‍പും നടന്നിട്ടുണ്ട് സാര്‍""എന്നാപ്പിന്നെ നടന്നോ നടന്നോ" എന്ന്‍ പറഞ്ഞ് കക്ഷി ഗ്രീന്‍ സിഗ്നല്‍ തന്നു.മുന്നോട്ട് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും കുതിരയെ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ കൊണ്ട് നിര്‍ത്തി ചോദ്യം തുടങ്ങി. എവിടെയാണ്, എന്തരാണ് പരിപാടി, എന്താണ് റിസര്‍ച്ച്, ഓണത്തിന് അവധി ഇല്ലേ... അങ്ങനെ വരി വരിയായി. എല്ലാറ്റിനും മണി മണി പോലെ ഞാന്‍ ഉത്തരവും കൊടുത്തു. ഇവന് എവിടെയോ ഒരു പിരി ലൂസാണ് എന്ന തോന്നല്‍ അല്ലാതെ വേറെ പന്തികേടിനൊന്നും സാധ്യത ഇല്ലായിരുന്നു."ചുമ്മാ ചോദിച്ചെന്നേ ഒള്ളു. എന്നാ നീ നടന്നോ നടന്നോ" എന്ന്‍ വീണ്ടും അദ്ദേഹം സിഗ്നല്‍ കാണിച്ചു.ഞാന്‍ നടത്തം തുടര്‍ന്നു. പിന്നില്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത് എന്നെക്കുറിച്ചാണോ എന്ന സംശയം വെറും സംശയം മാത്രമാണോ എന്ന സംശയം എനിക്ക് തോന്നിയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഞാന്‍ കൂസാതെ നടത്തം തുടര്‍ന്നു. കഷ്ടിച്ച് 50 മീറ്റര്‍ മുന്നോട്ട് നടന്നു.ഒരു കൈയടി, പിന്നെ ഒരു വിസിലടി. ശ്ശെ, ഇത് മെനക്കേടായല്ലോ എന്ന്‍ മനസ്സില്‍ പറഞ്ഞ് ഞാന്‍ തിരിഞ്ഞുനിന്നു. എനിക്കും കുതിരപ്പോലീസിനും ഇടയില്‍ ഒരു ബൈക്കുകാരന്‍ കൂടി ഉണ്ട് ഇപ്പോള്‍. എന്നെയാണോ അയാളെയാണോ വിളിച്ചത് എന്ന സംശയം എന്നെപ്പോലെ അയാള്‍ക്കും ഉണ്ട് എന്ന്‍ അയാളുടെ മുഖം കണ്ടപ്പോ മനസ്സിലായി."എങ്ങോട്ടാണ്?"ഈ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ ഓള്‍റെഡി പറഞ്ഞതിനാല്‍ ചോദ്യം എന്നോടല്ല എന്നുറപ്പായി. പക്ഷേ മറ്റേ കക്ഷിയ്ക്ക് ആ ഉറപ്പില്ലല്ലോ, കക്ഷി മിണ്ടിയില്ല."ഡേ ഡേയ്... ബൈക്കുകാരാ, എങ്ങോട്ടാന്നു!"ബൈക്കുകാരന്‍ വിനയം സബ്സിഡി നിരക്കില്‍ വാരി വിതറിക്കൊണ്ട് പറഞ്ഞു, "അമ്പൂരിയിലോട്ടാണ് സാര്‍"അപ്പോഴേക്കും ഞാന്‍ തിരിഞ്ഞു നടത്തം തുടരാന്‍ ഒരുങ്ങി."ഡേ അനിയാ, നീ അവിടെ നിന്നാണ്"പുലിവാല് പിടിച്ച മട്ടില്‍ ഞാന്‍ വീണ്ടും തിരിഞ്ഞുനിന്നു. പോലീസ് ഏമാന്‍, ബൈക്കുകാരനോട് ആജ്ഞാസ്വരത്തില്‍ പറഞ്ഞു,"ഡേയ്... ലാ പയ്യനെ പാപ്പനംകോട് വരെ ഒന്ന്‍ കൊണ്ടുപോ. അയാള് റിസര്‍ച്ച് ചെയ്യേണ്. ബസ് കിട്ടാത്തോണ്ട് ആശാന്‍ നടന്ന്‍ പോവേണ് പോലും. ഉം... അയാളെക്കൂടെ കേറ്റിക്കോ"എന്റെ കിള്ളിപ്പാലം മുത്തപ്പാ! ഇത്രേം സ്നേഹമുള്ള പോലീസുകാരനോ! അതും തിരോന്തരത്ത്!! സംഗതി, പാതിരാത്രി മാനം നോക്കി നടക്കാനുള്ള എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ കടയ്ക്കലാണ് സാറ് ലാത്തി വെച്ചത് എങ്കിലും ഞാന്‍ ആ ബൈക്കില്‍ കേറി, സാറിന് ഒരു താങ്ക്സ് പറഞ്ഞു. സാറ് തിരിച്ചും താങ്ക്സ് പറഞ്ഞു. (അമ്മച്ചിയാണെ അത് എന്തരിനെന്ന് എനിക്കറിഞ്ഞുകൂടാ)ഉത്തമപൌരനായ ആ ബൈക്കുകാരന്‍ ചേട്ടന്‍ പോലീസ് ഓര്‍ഡര്‍ അനുസരിച്ച് എന്നെ പാപ്പനംകോട് കൊണ്ടാക്കിയിട്ട് പോയി. തിരോന്തരത്തുകാര് മൊത്തം കണ്ണില്‍ച്ചോരയില്ലാത്തവര്‍ ആണെന്ന വടക്കന്‍ മാഹാത്മ്യം വിളമ്പുന്നവര്‍ കേള്‍ക്കാനാണ് ഇത് പറഞ്ഞത്.ഞാനും പോലീസും ആകാശവുംഇത് ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ്. സാഹചര്യം സെയിം. സമയം ഏതാണ്ട് 12.30 AM. ലൊക്കേഷന്‍, നാഷണല്‍ ഹൈവെയില്‍ 8.48 ഡിഗ്രി വടക്ക് 76.97 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റ്സ്, കരമന പാലം. നടത്തത്തിന്റെ ഇടയില്‍ തെളിഞ്ഞ ആകാശം കണ്ടു മനം മയങ്ങി, അന്ന് കൈയില്‍ കിട്ടിയ ആകാശ നിരീക്ഷണത്തിനുള്ള ആന്‍ഡ്രോയിഡ് ആപ്പ്ലിക്കേഷന്‍ ഉപയോഗിച്ച് ഫുട്പാത്തില്‍ വായ് നോക്കി, അല്ല, വാനം നോക്കി നില്‍ക്കുന്ന ഞാന്‍. പോലീസിന്റെ പട്രോള്‍ ജീപ്പ് വരുന്നു, എന്റെ അടുത്ത് നിര്‍ത്തുന്നു. ചോദ്യം:"ഡേയ്... എന്താണിവിടെ?"ഒരല്‍പ്പം പരിഭ്രമം ഉണ്ടായി എന്നുതന്നെ പറയണം. കാരണം, അപ്പോള്‍ ഞാന്‍ അവിടെ ചെയ്തോണ്ടിരുന്ന കാര്യം പെട്ടെന്നൊരു സാധാരണക്കാരന് പറഞ്ഞുമനസിലാക്കിക്കൊടുക്കാന്‍ പറ്റുന്നതല്ല."ഞാനിങ്ങനെ ആകാശം നോക്കുവായിരുന്നു സാര്‍" - സത്യസന്ധമായ മറുപടി.പ്രതീക്ഷിച്ചതുപോലെ, അവര്‍ക്ക് ആ മറുപടി അത്ര ദഹിച്ചില്ല. നല്ല അസ്സല്‍ വിരട്ട് സ്റ്റൈലില്‍ പറപറാന്ന് ചോദ്യങ്ങള്‍ വന്ന്‍ തുടങ്ങി. പണ്ട് കുറെ ക്വിസ് മത്സരങ്ങളില്‍ റാപ്പിഡ് ഫയര്‍ റൌണ്ടില്‍ പങ്കെടുത്തിട്ടുള്ള എക്സ്പീരിയന്‍സ് വച്ച് ഞാനും പടപടേന്നു ഉത്തരം കൊടുത്തു. എവിടന്ന് വരുന്നു, എവിടെ താമസിക്കുന്നു, എന്തു ചെയ്യുന്നു,... അങ്ങനെ ഒരു ടിപ്പിക്കല്‍ പോലീസ് ഇന്‍ററോഗേഷന്‍! അവരെ കുറ്റം പറയാന്‍ പറ്റുമോ! നട്ടപ്പാതിരയ്ക്ക് റോഡ് സൈഡില്‍ ഫോണ്‍ എടുത്ത് മേലോട്ടു പൊക്കിപ്പിടിച്ച് ഒരുത്തന്‍ നിന്ന്‍ കറങ്ങുന്ന കണ്ടാല്‍, ഉത്തരവാദിത്തം ഉള്ള പോലീസുകാര്‍ ചുമ്മാ വിടുമോ! അവര്‍ ജീപ്പില്‍ നിന്നും ഇറങ്ങി, ID കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. സ്റ്റൈലില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഐ‌ഡി കാര്‍ഡ് എടുത്ത് കാണിച്ചു. പോലീസുകാര്‍ അത് കൈമാറി കൈമാറി നോക്കി, എന്നിട്ട് എല്ലാവരും കൂടി എന്നെ അടിമുടി ഒന്ന്‍ നോക്കി."പാവം, വിദ്യാഭ്യാസമൊക്കെ ഉണ്ട്. എന്തു ചെയ്യാം, തലയ്ക്ക് കാര്യമായ എന്തോ കുഴപ്പമാ"- എന്ന്‍ തോന്നിക്കുന്ന വിധം ഒരു സഹതാപം ആ മുഖങ്ങളില്‍ ഞാന്‍ വായിച്ചെടുത്തു.പെട്ടെന്നാണ് അതില്‍ ഒരു പോലീസുകാരന്റെ കൈയില്‍ കെട്ടിയിരിക്കുന്ന ജപിച്ച ഏലസ് എന്റെ കണ്ണില്‍ പെട്ടത്. കൂടെ മൂന്നാല് ചരടുകള്‍ വേറെയും ഉണ്ട്. എന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി. ടപ്പനെ വിഷയം മാറ്റിക്കൊണ്ട് ഞാന്‍ മേലോട്ടു ചൂണ്ടി പറഞ്ഞു,"സാറേ, അതാണ് രോഹിണി നക്ഷത്രം"എന്റെ ഏറു കൃത്യമായി കൊണ്ടു. ഏലസ് കെട്ടിയ പോലീസുകാരന്‍ അതില്‍ കേറിപ്പിടിച്ചു. "എന്ത് രോഹിണി നക്ഷത്രോ?" പുള്ളി ഒരു നിമിഷം അത്ഭുതപ്പെട്ടു."അതേ സാര്‍, നമ്മള്‍ പറയുന്ന ജന്മനക്ഷത്രം ഇല്ലേ രോഹിണി. ദോ ആ നക്ഷത്രമാണ്"അതോടെ എല്ലാ പോലീസുകാര്‍ക്കും കൌതുകം. അവസരം ഞാന്‍ മുതലാക്കി. കൃത്യമായി നക്ഷത്രങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ബാഗില്‍ ലേസര്‍ പോയിന്‍റര്‍ ഉണ്ടായിരുന്നത് പൊക്കിയെടുത്തു. ഏലസ് കെട്ടിയ സാറിന്റെ ജന്മനക്ഷത്രം അശ്വതി ആയിരുന്നു. അതും കാണിച്ചു കൊടുത്തു. മൂന്ന്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന അശ്വതിക്കൂട്ടം കൂടി കണ്ടപ്പോള്‍ കൌതുകം കൂടി. മകയിരം നക്ഷത്രം കാണിച്ചുകൊടുത്തപ്പോള്‍, മറ്റൊരു പോലീസുകാരന്‍ അത് തന്റെ മകളുടെ നക്ഷത്രമാണ് എന്ന്‍ പറഞ്ഞു ആവേശത്തോടെ നോക്കി മനസ്സില്‍ പതിപ്പിക്കുന്നത് കണ്ടു. ആ സമയത്ത് ആകാശത്തുണ്ടായിരുന്ന പ്രധാന നക്ഷത്രങ്ങളെയും വ്യാഴഗ്രഹത്തെയും പരിചയപ്പെടുത്തി. ഒപ്പം ഗൂഗിള്‍ സ്കൈമാപ്പ് ഉപയോഗിച്ച് നക്ഷത്രങ്ങളെ സ്വയം കണ്ടെത്താനും പഠിപ്പിച്ചു. അധികനേരമൊന്നും ഇല്ല, വെറും ഇരുപത് മിനിറ്റ്. ജ്യോതിശാസ്ത്രപ്രചരണത്തിന് വേണ്ടി കുറെ അങ്ങുമിങ്ങും ഓടി നടന്നിട്ടുള്ളതാണ് എങ്കിലും, അതിന്റെ യഥാര്‍ത്ഥ പവര്‍ നേരിട്ട് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. എന്നെ വിരട്ടി ഓടിക്കാന്‍ നിന്ന പോലീസുകാര്‍ ഒടുവില്‍ വന്‍ ഫ്രണ്ട്ലി ആയി, ഗുഡ് ബൈ ഒക്കെ പറഞ്ഞിട്ടാണ് പോയത്.****ശുഭം****

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ...

ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം.

സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം,

"ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്)

സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ" എന്നദ്ദേഹം പറഞ്ഞു. അതുപിന്നെ വരുത്തനാണെന്ന ഭാവമില്ലാതെ കണ്ണിൽ കണ്ടതിലൊക്കെ അതിനകം തലയിട്ട വിദ്വാൻ എന്ന നിലയിൽ എന്റെ മുഖം അവിടെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ അസ്വാഭാവികമായൊന്നുമില്ല എന്ന അഹങ്കാരത്തിൽ, "ശ്ശോ, എന്റെയൊരു കാര്യം!" എന്ന് ആത്മഗതം ചെയ്തുകൊണ്ടും ആയിരം വാട്ടിന്റെ ഒരു ഹാലജൻ ചിരി ചിരിച്ചുകൊണ്ടും ഞാൻ കാറിലോട്ട് ചാടിക്കേറി.

"ഞാൻ അവിടെ പർച്ചേസിലെ ഉല്പലാക്ഷൻ നായർ" (NB: പേരിന്റെ ആദ്യ ഭാഗം ഞാൻ മാറ്റിയിട്ടുണ്ട്)

തിരോന്തരത്തെ ടിപ്പിക്കൽ നായർ മാടമ്പി ഭാവത്തിൽ, കൊമ്പൻ മീശയൊന്ന് തടവിക്കൊണ്ട് മൂപ്പര് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കുതിരയെ എന്നപോലെ കാറിനെ ചാടിച്ച് മുന്നോട്ട് നീക്കി. പൊടുന്നനെയുള്ള ആ ചാട്ടത്തിൽ ഞാനൊന്ന് ഇറുകിയിരിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ചോദ്യം വന്നു,

"അനിയന്റെ പേരെങ്ങനാ?"

"വൈശാഖൻ തമ്പി", ഞാൻ വിനയം തേകിയൊഴിച്ചുകൊണ്ട് ആവർത്തിച്ചു.

"നെയ്യാറ്റിൻകരയായിരിക്കും വീട്"

"ഏയ്, അല്ല സാർ. പാലോട് ആണ് സ്ഥലം"- വീണ്ടും വിനയം.

"അങ്ങനെ വരാൻ വഴിയില്ലല്ലോ, നെയ്യാറ്റിൻകരയായിരിക്കും നിങ്ങടെ സ്ഥലം"

എനിക്കാ പറച്ചിലത്ര ദഹിച്ചില്ല. ഇങ്ങേർക്കെന്താ എന്റെ സ്ഥലത്തെക്കുറിച്ച് എന്നെക്കാൾ ഉറപ്പോ എന്ന മട്ടിൽ മുഖത്തോട്ട് നോക്കിയപ്പൊഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാറ്, അതായത് അപ്പോൾ ഞാൻ കൂടി ഇരിക്കുന്ന ആ കാറ്, റോഡിന്റെ വീതിയളക്കുന്ന മാതിരി നെടുകേയാണ് പോകുന്നത്. പന്തികേട് തോന്നിയ ഞാൻ മൂക്കൊന്ന് വട്ടം പിടിച്ചു. വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു, എനിയ്ക്ക് ലിഫ്റ്റ് തന്നെ ABCD-ലെ ആ സാറ്... നല്ല അസ്സലൊരു പാമ്പാണെന്ന്! വണ്ടി ത്രികോണേ-ത്രികോണേന്നാണ് പൊയ്ക്കോണ്ടിരുന്നത് എങ്കിലും സ്പീഡിന് തീരെ കുറവില്ലായിരുന്നു. വീടുകളോ കടകളോ അധികം ഇല്ലാതിരുന്നതിനാൽ ഇറങ്ങണമെന്ന് പറയാൻ ഒരു കള്ളം പോലും കിട്ടാനില്ല. ഇനീപ്പോ നിങ്ങള് വെള്ളമായതുകൊണ്ട് ഇറങ്ങണം എന്ന് പറയാമെന്ന് വച്ചാൽ, ഒന്ന്, സ്വബോധമില്ലാത്തോണ്ട് മനസിലാവുമോ എന്നുറപ്പില്ല, രണ്ട്, അത്ര ചെറിയ പോസ്റ്റൊന്നുമല്ല മൂപ്പരുടേത്. ഇനിയെങ്ങാനും എന്നെ സ്ഥാപനത്തീന്ന് പുകച്ച് പുറത്ത് ചാടിച്ചാലോ! എന്റെ തലയിൽ ഇരുട്ട് കേറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ... ജാങ്കോ... ഞാൻ പെട്ട്!!

കുറേനേരം വീഗാലാൻഡിലെ റൈഡിൽ ഇരിക്കുന്നതായിട്ട് സങ്കൽപ്പിച്ച് ആശ്വസിക്കാൻ നോക്കി. എവിടെ! ഒരാവശ്യം വന്നപ്പോൾ ഭാവന പോലും കൂടെ നിൽക്കാത്ത അവസ്ഥ. ഇതിനിടെ എതിരേ വന്ന ചില വണ്ടികളിലെ ഡ്രൈവർമാരുടെ മുഖത്ത് നിന്ന് നാല് തലമുറ ചേർത്തുള്ള 'സരസ്വതീജപം' വരുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പ്രാക്റ്റിക്കലി, ആ തെറികൾ എനിയ്ക്കും കൂടി ഉള്ളതാണല്ലോ അപ്പോൾ! ഇവിടെ കാറിനുള്ളിൽ അതിലും വലിയ കൊലപാതകമാണ് നടക്കുന്നത്. ഞാൻ പഴയ എട്ടുവീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരയിൽ ഉള്ളതാണെന്ന് മൂപ്പര് അങ്ങോട്ട് ഉറപ്പിച്ചു. എന്നിട്ട് അവരുമായി സ്വയം ബന്ധപ്പെടുത്തിക്കൊണ്ട്, അവിടെ വച്ച് അപ്പോ കണ്ട് പേര് മാത്രം മനസിലാക്കിയ ഞാനുമായി മൂപ്പർക്കുള്ള തായ്‌വഴി ബന്ധം സ്ഥാപിച്ചെടുക്കുന്ന വ്യാഖ്യാനയജ്ഞം! ഇതിനിടെ എന്നോടൊപ്പം പ്രോജക്റ്റ് ചെയ്യുന്ന രണ്ട് സഹപാഠി പെൺകുട്ടികൾ നടന്നുപോകുന്നത് ഞാൻ കണ്ടു. കടന്നുപോയ കാറിൽ എന്നെക്കണ്ട അവർ ചിരിച്ചു. തങ്ങൾ പൊരിവെയിലത്ത് നടക്കുമ്പോൾ കാറിൽ രാജകീയമായി പോകുന്ന സുഹൃത്തിനോടുള്ള അസൂയയും പരിഭവവും അവരിൽ ഞാൻ കണ്ടു. ഞാനോ? പട്ടിപിടുത്തക്കാരുടെ കെണിയിൽ വീണ് കോർപ്പറേഷന്റെ വാനിൽ കയറ്റി കൊണ്ടുപോകുന്ന തെരുവ് നായകൾ പുറത്തേയ്ക്ക് നോക്കുന്നതുപോലെ ദയനീയമായി അവരെ നോക്കി.

ഒരുതരത്തിൽ ഡിങ്കൻ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ, എങ്ങനെയോ ജീവനോടെ സ്ഥാപനത്തിൽ എത്തിച്ചേർന്നു. ചെന്നപാടെ സീനിയർ ചേട്ടനോട് അനുഭവം വിവരിച്ചു. അപ്പോഴും പേടി മാറിയിട്ടില്ലായിരുന്നു എനിയ്ക്ക്. ഞങ്ങളുടെ ഗൈഡ് വന്നപാടെ ചേട്ടൻ ചിരിച്ചുകൊണ്ട് പറയുന്നകേട്ടു, "സാറേ, അറിഞ്ഞില്ലേ? വൈശാഖന് ഇന്ന് നമ്മുടെ ഉല്പലാക്ഷൻ നായർ ലിഫ്റ്റ് കൊടുത്തെന്ന്" അത് കേട്ട സാറിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് സരസനായ സാർ പറഞ്ഞത്, ആ കാറിൽ കേറുന്നത് പോയിട്ട് തീപിടുത്തം ഭയന്ന് മൂപ്പരുടെ മുന്നിൽ വച്ച് ആരും തീപ്പെട്ടി ഉരയ്ക്കുക പോലും ചെയ്യാറില്ലത്രേ!

Mar 22, 2018

മൊബൈൽ ഫോണും ഇടിമിന്നലും

ചോദ്യം: മൊബൈൽ ഫോൺ ഉപയോഗിച്ചോണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?

ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

ഉത്തരം വിശദമായി:

മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ നിത്യഹരിത സന്ദേശങ്ങളായി പാറിപ്പറന്ന് നടക്കുകയും ചെയ്യും. 'ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും' എന്നതായിരിക്കും ഗുണപാഠം. എന്നാൽ ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.

എന്താണ് ഇടിമിന്നൽ? ആത്യന്തികമായി, ചാർജുകളുടെ ഒരു അണപൊട്ടിയൊഴുകലാണ് അത്. എല്ലാ വസ്തുക്കളും ആറ്റങ്ങളാൽ നിർമിതമാണ്. ആറ്റങ്ങൾ പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ്സിനോട് നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതിനാൽ എല്ലാ വസ്തുക്കളിലും ചാർജുണ്ട്. പക്ഷേ പോസിറ്റീവും നെഗറ്റീവും ഓരോ ആറ്റത്തിലും പരസ്പരം തുല്യമായി ക്യാൻസൽ ചെയ്യുന്നതുകൊണ്ട് അതിന്റെ പ്രഭാവം നമുക്ക് അറിയാനാകില്ല എന്നേയുള്ളു. എന്നാൽ വസ്തുക്കൾ പരസ്പരം ഉരസുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ ചിലപ്പോൾ ചാർജുകൾ തമ്മിൽ വേർപിരിക്കപ്പെടാറുണ്ട്. ഉണങ്ങിയ മുടിയിൽ ചീപ്പ് കൊണ്ട് ഉരസിയ ശേഷം ചെറിയ പേപ്പർ കഷണങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുചെന്നാൽ, ചീപ്പ് പേപ്പർ കഷണങ്ങളെ വലിച്ച് പിടിക്കുന്ന പരീക്ഷണം ചെയ്തിട്ടില്ലേ? ഉരസുമ്പോൾ ചാർജ് രണ്ട് വസ്തുക്കളിലായി വേർതിരിക്കപ്പെടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വേർതിരിക്കപ്പെടുന്ന ചാർജിന് നീങ്ങിപ്പോകാനുള്ള സാഹചര്യം ഇല്ലെങ്കിൽ, അതവിടെ പതിയെ കുമിഞ്ഞുകൂടാൻ തുടങ്ങും. (ചാർജിന് നീങ്ങിപ്പോകാൻ സാഹചര്യമുള്ള ലോഹങ്ങളെ ഉരസി ചാർജ് ചെയ്യാൻ കഴിയാത്തത് അതുകൊണ്ടാണ്).

എത്രത്തോളം ചാർജ് കുമിഞ്ഞുകൂടുന്നുവോ അത്രത്തോളം വലിയൊരു പൊട്ടൻഷ്യൽ അവിടെ രൂപം കൊള്ളുന്നു എന്ന് പറയാം. രണ്ട് സ്ഥലങ്ങൾക്കിടയിൽ പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടെങ്കിൽ, അവിടങ്ങൾക്കിടയിൽ ഒരു വൈദ്യുതപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. രണ്ട് ഉയരങ്ങളിലിരിക്കുന്ന രണ്ട് ജലടാങ്കുകളെ ഒരു പൈപ്പ് ഉപയോഗിച്ച് ബന്ധിച്ചാൽ ഉയരെയുള്ളതിൽ നിന്ന് താഴത്തേതിലേക്ക് ജലം ഒഴുകുന്നത് പോലെ തന്നെ. എത്രത്തോളം വീതി കൂടിയ പൈപ്പാണോ അത്രത്തോളം വലുതായിരിക്കും ജലത്തിന്റെ ഒഴുക്ക്. ആ പൈപ്പിനെ നമ്മൾ അടച്ചുപിടിച്ചാലും പൊട്ടൻഷ്യൽ വ്യത്യാസം അവിടെത്തന്നെ നിൽക്കും. പക്ഷേ ഇടയ്ക്കുള്ള പാത (പൈപ്പ്) ജലപ്രവാഹത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാൽ ജലപ്രവാഹം ഉണ്ടാകുന്നില്ല എന്നേയുള്ളൂ. ചാർജുകളുടെ കാര്യത്തിൽ, ടാങ്കുകൾ തമ്മിലുള്ള ഉയരവ്യത്യാസത്തിന് സമാനമാണ് വോൾട്ടേജ് (Voltage, V). ജലപ്രവാഹത്തിന് സമാനമാണ് കറന്റ് (Current, I). ഇടയ്ക്കുള്ള പൈപ്പ് എത്രത്തോളം ജലപ്രവാഹത്തെ തടയും എന്നതിന് സമാനമാണ്, പൊട്ടൻഷ്യൽ വ്യത്യാസമുള്ള രണ്ട് ഭാഗങ്ങൾക്കിടയിലെ പ്രതിരോധം (Resistance, R). ഈ മൂന്ന് അളവുകളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ നിയമമാണ് ഓം നിയമം. V = I x R എന്നാണ് അത് പറയുന്നത്. അതായത് രണ്ട് സ്ഥലങ്ങൾക്കിടയിലെ വോൾട്ടേജ്, എത്ര കറന്റുണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് അവയ്ക്കിടയിലെ പ്രതിരോധമാണ്.

ശരീരത്തിലൂടെയുള്ള വൈദ്യുതപ്രവാഹം അപകടകരമാണ്. നമ്മുടെ നാഡികളും പേശികളുമൊക്കെ ശക്തി കുറഞ്ഞ വൈദ്യുതസിഗ്നലുകൾ വഴിയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്നും മറ്റേതെങ്കിലും വൈദ്യുതി ആ വഴിയിലൂടെ ഒഴുകിയാൽ സ്വാഭാവിക നാഡി സിഗ്നലുകൾ തകിടം മറിയും. അത് പേശികളെ പിടിച്ചുമുറുക്കുന്നത് തൊട്ട്, വൈദ്യുതപ്രവാഹം വഴി താപം ഉണ്ടായി ശരീരം കത്തിപ്പോകുന്നത് വരെ പല രീതിയിലുള്ള ഫലങ്ങൾ ഉണ്ടാക്കാം. ഹൃദയത്തിനെ മിടിപ്പിക്കുന്ന പേശികളെയൊക്കെ ബാധിക്കുമ്പോഴാണ് പലപ്പോഴും ഷോക്ക് മരണത്തിന് കാരണമാകുന്നത്. എന്തായാലും ഒഴുകുന്ന കറന്റിന്റെ അളവനുസരിച്ചിരിക്കും അതുണ്ടാക്കുന്ന ഫലം. എപ്പോഴും ഓർക്കുക, വോൾട്ടേജല്ല കറന്റാണ് അപകടമുണ്ടാക്കുന്നത്. ഒരു പ്രത്യേക വോൾട്ടേജ് എത്ര കറന്റ് ഉണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് ഇടയ്ക്കുള്ള പ്രതിരോധമാണെന്ന് പറഞ്ഞല്ലോ. സ്വിച്ച് ബോർഡിലെ രണ്ട് ദ്വാരങ്ങളിൽ ഒന്ന് (ഫെയ്സ്) വളരെ ഉയർന്ന പൊട്ടൻഷ്യലിലാണ് ഉണ്ടാകുക. പക്ഷേ ചുറ്റുമുള്ള മാധ്യമങ്ങൾ -പ്ലാസ്റ്റിക്കോ വായുവോ- പ്രതിരോധം വളരെ കൂടിയതായതിനാൽ സ്വാഭാവിക വൈദ്യുതപ്രവാഹം സാധ്യമാകില്ല. അവിടെ നിങ്ങൾ സ്വന്തം ശരീരം കൊണ്ട് തൊട്ടാൽ, ഫെയ്സിനും താഴെ ഭൂമിയ്ക്കും ഇടയിൽ ഒരു വൈദ്യുതപ്രവാഹത്തിന് പറ്റിയ, പ്രതിരോധം കുറഞ്ഞ ഒരു റോഡ് ഓഫർ ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഷോക്കടി എന്ന 'അനുഭൂതി'യായി മാറുന്നത്. എന്നാൽ അതേ സമയം, മണ്ണിൽ താഴ്ന്നുകിടക്കുന്ന ഒരു ലോഹവയർ കൂടി ഫെയ്സിൽ കൊണ്ട് മുട്ടിച്ചാൽ കറന്റ് നിങ്ങളെ വേണ്ടാന്നുവെച്ച് അതിലൂടെ ഒഴുകും. കാരണം അതെപ്പോഴും പ്രതിരോധം കുറഞ്ഞ വഴിയിലൂടെ ഒഴുകാനേ ശ്രമിക്കൂ. (ഇപ്പറഞ്ഞ തത്വമാണ് വയറിങ്ങിൽ 'എർത്തിങ്' വഴി സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കുന്നത്)

വൈദ്യുതിയുടെ ഇത്രയും അടിസ്ഥാന ഗുണങ്ങൾ മനസിലാക്കിയാൽ ഇനി ഇടിമിന്നലിലേക്ക് വരാം. അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകൾ കാരണം പലപ്പോഴും മേഘങ്ങളിൽ ചാർജുകൾ കുമിഞ്ഞുകൂടാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവും മുകൾ ഭാഗത്ത് പോസിറ്റീവും ചാർജാണ് അടിയുക. ഒരു പരിധിയ്ക്കപ്പുറം പൊട്ടൻഷ്യൽ വ്യത്യാസം ഉയർന്നാൽ, ചാർജുകൾ ഇടയ്ക്കുള്ള മാധ്യമത്തെ അയണീകരിച്ച് അതുവഴി ഒഴുകി അതില്ലാതാക്കാൻ ശ്രമിക്കും. അയണീകരണം എന്നാൽ, ഇടയ്ക്കുള്ള മാധ്യമത്തിലെ ആറ്റങ്ങളിലെ ഇലക്ട്രോണുകളെ പറിച്ചെറിയുന്ന പരിപാടിയാണ്. അതോടെ ആറ്റങ്ങൾ ചാർജുള്ള അയോണുകളാകുകയും, കറന്റിന് പറ്റിയ പ്രതിരോധം കുറഞ്ഞ ഒരു വഴി രൂപം കൊള്ളുകയും ചെയ്യുന്നു. കുമിഞ്ഞുകൂടുന്ന ചാർജ് ഇങ്ങനെ ഒഴുകി പൊട്ടൻഷ്യൽ വ്യത്യാസം ഇല്ലാതാകുന്ന പ്രക്രിയയെ ഡിസ്ചാർജിങ് എന്ന് വിളിക്കാം. മേഘങ്ങളിൽ നിന്നും അയണീകരിക്കപ്പെട്ട വായുവിലൂടെ ഡിസ്ചാർജിങ് നടക്കുമ്പോൾ ആ വൈദ്യുതി അത്യധികം ഉയർന്ന താപനില സൃഷ്ടിക്കും. അതിന്റെ ഫലമായി വായു ചുട്ടുപഴുത്ത് പ്രകാശിക്കുന്നതാണ് മിന്നൽ (flash) ആയിട്ട് നമ്മൾ കാണുന്നത്.

മേഘങ്ങളിലെ ഡിസ്ചാർജിങ് മൂന്ന് രീതിയിൽ നടക്കാം; അതേ മേഘത്തിന്റെ തന്നെ മറ്റൊരു ഭാഗത്തേയ്ക്ക് ചാർജൊഴുകാം, മറ്റൊരു മേഘത്തിലേയ്ക്ക് ഒഴുകാം, പിന്നെ ഭൂമിയിലേക്ക് ഒഴുകാം. ഇതിൽ ആദ്യത്തേതാണ് ഏറ്റവും സാധാരണമായി നടക്കുന്നത്. പക്ഷേ നമ്മൾ മനുഷ്യരെ സംബന്ധിച്ച്, മൂന്നാമത്തേതാണ് പ്രധാനം. അത് അന്തരീക്ഷത്തിൽ ആകെ ഉണ്ടാകുന്ന ഇടിമിന്നലുകളുടെ നാലിലൊന്നേ വരുള്ളൂ എങ്കിലും, അത്യധികം ഉയർന്ന അളവിൽ ചാർജ് ഇങ്ങ് ഭൂമിയിലേക്ക് ഒഴുകിവരുന്ന കാര്യമായതിനാൽ നമുക്കതിനെ പേടിക്കേണ്ടിവരും. ഒരു മനുഷ്യന് മരിയ്ക്കാൻ 0.1 ആമ്പിയർ (0.1 A) കറന്റ് ഒക്കെ മതിയാകും എന്നിരിക്കേ, മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള ഡിസ്ചാർജിങ് ആയിരക്കണക്കിന് ആമ്പിയർ വരുന്ന കറന്റായിട്ടാണ് നടക്കുന്നത് എന്നോർക്കണം. ചില്ലറ കളിയല്ല!

മേഘങ്ങളിൽ ഒരു പരിധിക്കപ്പുറം ചാർജ് കുമിഞ്ഞുകൂടി പൊട്ടൻഷ്യൽ വല്ലാതെ ഉയരുമ്പോൾ, തറയോ തറയിലെ ഉയർന്ന ഒരു വസ്തുവോ സൗകര്യത്തിന് ഒത്തുകിട്ടിയാൽ അതിലേക്ക് ഡിസ്ചാർജിങ് നടക്കാനുള്ള സാധ്യതയുണ്ട്. ചാർജ് പ്രവാഹം എപ്പോഴും പ്രതിരോധം കുറഞ്ഞ വഴി നോക്കുമെന്ന് പറഞ്ഞല്ലോ. വായുവിലെ മർദം, താപനില, ജലാംശം ഇവയൊക്കെ അനുസരിച്ച് ഓരോ ഭാഗത്തും പ്രതിരോധവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് മിന്നലിന്റെ വരവ് ഇത്തിരി സങ്കീർണമാണ്. ആദ്യം മേഘം വിട്ട് പുറത്തേയ്ക്കിറങ്ങുന്ന ചാർജ് വായുവിൽ പല ദിശയിൽ ശാഖകളായിട്ട് ചിതറും. അതിൽ ഏറ്റവും പ്രതിരോധം കുറഞ്ഞ ശാഖയിലേക്കാകും അടുത്ത ഘട്ടം ചാർജൊഴുക്ക് (മറ്റ് ശാഖകൾ പതിയെ നിന്നുപോകും). ആ ശാഖയിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും. അതിലും ഏറ്റവും പ്രതിരോധം കുറഞ്ഞതിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും... ഇതിങ്ങനെ ഘട്ടം ഘട്ടമായി ആവർത്തിക്കും. അതാണ് മിന്നലിന്റെ ഫോട്ടോകളിൽ ഒറ്റവരിയായി ഒഴുകുന്നതിന് പകരം അതിങ്ങനെ ഒടിഞ്ഞൊടിഞ്ഞ് മണ്ണിലേക്ക് വരുന്നതായി തോന്നുന്നത്. ഇതിൽ ഏതെങ്കിലും ഒരു ശാഖ മണ്ണിൽ മുട്ടിക്കഴിഞ്ഞാൽ (അതിന് സെക്കൻഡിലൊരംശം സമയം മതിയാകും), പിന്നീടാണ് ശരിക്കുള്ള ഷോ! അതുവരെ നടന്ന 'റോഡുവെട്ടലി'ൽ പത്തോ നൂറോ ആമ്പിയർ കറന്റാകും വരുന്നത്. റോഡ് പൂർത്തിയായിക്കഴിഞ്ഞാൽ പ്രതിരോധം വളരെ കുറഞ്ഞ ഒരു പ്ലാസ്മാ (ionized gas) ചാനലാണ് അവിടെ ഉണ്ടാകുന്നത്. അതോടെ മുപ്പതിനായിരത്തോളം ആമ്പിയർ വരുന്ന ഭീകരനൊരു കറന്റ് അതുവഴി കുത്തിയൊഴുകിയിങ്ങ് വരും. Return stroke എന്ന് വിളിക്കപ്പെടുന്ന ഇതാണ് മിന്നലേറ്റ് ഉണ്ടായതായി പറയപ്പെടുന്ന ഏതാണ്ടെല്ലാ അപകടങ്ങൾക്കും കാരണം. ഇതൊഴുകുന്ന വഴിയിൽ താപനില 50,000 ഡിഗ്രി വരെ ഉയരാം. (സൂര്യന്റെ ഉപരിതലത്തിൽ ഇതിന്റെ പത്തിലൊന്ന് താപനിലയേ ഉള്ളൂവെന്നോർക്കണം). ഇത്രയും ചൂടുപിടിച്ച വായു പെട്ടെന്ന് വികസിക്കുന്നതുവഴിയുള്ള മർദ്ദവ്യത്യാസങ്ങളാണ് ഇടിമുഴക്കമായി (thunder) കേൾക്കുന്നത്.

ഇനി ഓർത്തുനോക്കൂ, ആദ്യത്തെ 'റോഡുവെട്ട് മിന്നൽ' പ്രതിരോധം കുറഞ്ഞ റൂട്ട് നോക്കിനോക്കി വായുവിലൂടെ വരുന്ന വഴിയിൽ, നിങ്ങൾ സ്വന്തം ശരീരം കൊണ്ട് വെച്ചുകൊടുത്താൽ എന്ത് സംഭവിക്കും? തീർച്ചയായും അത് വായു വിട്ട് നിങ്ങളുടെ ശരീരത്തിലൂടെ കയറാൻ ശ്രമിക്കും. അത് തന്നെയാണ് അടിസ്ഥാനപരമായി മിന്നൽ കൊണ്ടുണ്ടാകുന്ന അപകടവും. തറ നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുന്നും കെട്ടിടവും ടവറും മരവും നിങ്ങളുടെ ശരീരവും ഒക്കെ മിന്നലിനെ സംബന്ധിച്ച് 'കൂടുതൽ നല്ല' റൂട്ടാണ്. മുകളിൽ ചാർജിത മേഘങ്ങൾ തക്കം പാർത്ത് നിൽക്കുമ്പോൾ, താഴെയുള്ളതിൽ ഏറ്റവും ഉയരമുള്ള വസ്തു നിങ്ങുടെ ശരീരമായാൽ, ഠിം! അതുകൊണ്ടാണ് മിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാൻ പറയുന്നത്. അടച്ചുറപ്പുള്ള കെട്ടിടങ്ങൾക്കുള്ളിലോ വാഹനങ്ങൾക്കുള്ളിലോ ആയിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. മരച്ചുവട്ടിൽ നിൽക്കുന്നതും നല്ലതല്ല. ഉയരം പരിഗണിക്കുമ്പോൾ മരത്തെയാകും മിന്നൽ ആദ്യം പരിഗണിക്കുക എങ്കിലും, ആ സമയത്തെ കറന്റ് ഉണ്ടാക്കുന്ന ചൂടിൽ മരത്തിലെ ജലാംശം തത്ക്ഷണം നീരാവിയാകുകയും അത് പൊട്ടിക്കീറുന്ന ഫലം ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, return stroke ഭീമമായ അളവിലുള്ള ചാർജ് അതിവേഗം മണ്ണിലെത്തിക്കുന്നതിനാൽ, അത് നാലുപാടും ചിതറുമ്പോഴുണ്ടാകുന്ന കറന്റ് ചുറ്റും അപകടസാധ്യത കൂട്ടും.

ഇനി ഫോണിന്റെ കാര്യത്തിലേക്ക് വരാം. ചാർജിങ്ങിൽ അല്ലാത്ത മൊബൈൽ ഫോണുകൾ ചുറ്റുപാടുകളോട് സംവദിക്കുന്നത് വൈദ്യുതകാന്തിക തരംഗങ്ങൾ വഴി മാത്രമാണ്. പേരിൽ 'വൈദ്യുത' എന്ന വാക്കുണ്ടെന്നേ ഉള്ളൂ. അത് ചാർജുകളുടെ ഒഴുക്കിന് കാരണമാകുകയോ സഹായിക്കുകയോ പോലും ചെയ്യില്ല. അതിന് സഞ്ചരിക്കാൻ ഒരു മാധ്യമത്തിന്റെ പോലും സഹായം വേണ്ടായെന്നോർക്കണം (അതുകൊണ്ടാണ് സൂര്യനിൽ നിന്ന് ഇടയിലെ ശൂന്യതയിലൂടെ കടന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ കഴിയുന്നത്). അതുകൊണ്ട് തന്നെ മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല. പക്ഷേ അതേ സമയം ലാൻഡ് ഫോണുകളും, വീട്ടിലെ ടീവി പോലുള്ള ഉപകരണങ്ങളും അങ്ങനല്ല. ഇവയെല്ലാം പുറത്തുനിന്ന് ലോഹവയറുകൾ വഴി വീട്ടിലേക്ക് നല്ല സൂപ്പർ 'കറന്റുറോഡുകൾ' തുറന്നിട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എവിടെയെങ്കിലും (പോസ്റ്റിലോ കേബിൾ ടീവി ഡിഷിലോ ഒക്കെ) മിന്നലേറ്റാൽ ഈ വയറുകൾ വഴി ആ കറന്റിന്റെ നല്ലൊരു പങ്ക് വീട്ടിലേക്കൊഴുകിവരും. അതൊട്ടും സുഖകരമായ ഒരു കാര്യമായിരിക്കില്ല. അതിനാൽ ടീവിയുടേയും ലാൻഡ് ഫോണിന്റേയും കേബിളുകളും വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗും ഒക്കെ മിന്നലുള്ളപ്പോൾ ഊരിയിടുന്നതാണ് നല്ലത്. ഇതിൽ ഉപകരണങ്ങളുടെ പ്ലഗ് ഊരി തറയിൽ മുട്ടിച്ചിടുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. കാരണം വീടിനടുത്തെവിടെങ്കിലും മിന്നൽ വീണാൽ, return strike-ൽ ചിതറിത്തെറിക്കുന്ന കറന്റ് ഉപകരണങ്ങൾക്ക് കേടുവരുത്താൻ അത് കാരണമായേക്കും.

ഇനി മൊബൈൽ ഫോൺ ഇടിമിന്നലിന്റെ അപകടം കൂട്ടിയേ പറ്റുവെന്ന് വാശിയുള്ളവരുടെ ആശ്വാസത്തിന് വേണ്ടി ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ഫോണിൽ സംസാരിക്കുമ്പോൾ പരിസരം മറന്നുപോകുന്ന ചിലരുണ്ട്. അത്തരക്കാർ ഇടിമിന്നലുള്ളപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട്, നേരിട്ടോ അല്ലാതെയോ സ്വയമറിയാതെ ഇടിമിന്നലിന് തലവെച്ചാൽ... ശുഭം!

Dec 9, 2017

പ്രവാചകൻമാരേ പറയൂ, സുനാമി അകലെയാണോ?

ഒരു പേപ്പറിൽ 3 സെന്റിമീറ്റർ നീളത്തിൽ ഒരു നേർരേഖ വരയ്ക്കുക. എന്നിട്ട് അതിന്റെ ഒരു അറ്റത്ത്, അതിന് ലംബമായി 4 സെന്റിമീറ്റർ നീളത്തിൽ മറ്റൊരു നേർരേഖ വരയ്ക്കുക. ഇനി ഈ രണ്ട് രേഖകളുടേയും മറ്റു രണ്ട് അറ്റങ്ങൾ ചേർത്ത് മൂന്നാമതൊരു വര വരച്ചാൽ അതൊരു ത്രികോണമായി മാറും.

ഇനി ചോദിക്കട്ടെ, നിങ്ങൾ അവസാനം വരച്ച വരയ്ക്ക് എത്ര നീളമുണ്ടാകും? ആദ്യത്തെ രണ്ട് വരകളും സ്കെയിൽ കൊണ്ട് അളന്ന്, കൃത്യം നീളത്തിൽ നമ്മൾ വരച്ചതാണ്. എന്നാൽ മൂന്നാമത്തെ വര വരയ്ക്കുമ്പോൾ അതിന് എത്ര നീളം വേണം എന്നതായിരുന്നില്ല നമ്മുടെ ആവശ്യം. മറിച്ച് രണ്ട് പോയിന്റുകളെ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇനി നമുക്കതിന്റെ നീളം അറിയേണ്ടതുണ്ട്. എന്താണ് മാർഗം?

ഏറ്റവും സിമ്പിളായ വഴി സ്കെയിൽ എടുത്ത് അതിന്റെ നീളം നേരിട്ട് അളക്കുക എന്നത് തന്നെ. പക്ഷേ മറ്റൊരു മാർഗമുണ്ട്. നിങ്ങൾ സ്കൂളിൽ പഠിച്ച ഗണിതം ഓർമയുണ്ടെങ്കിൽ, അളന്ന് നോക്കാതെ തന്നെ ആ മൂന്നാമത്തെ വരയുടെ നീളം 5 സെന്റിമീറ്റർ ആണെന്ന് അറിയാനാകും. ഇതെഴുതുന്ന ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എവിടെയെങ്കിലുമിരുന്ന് ഇതുപോലൊരു മട്ടത്രികോണം (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങൾ പരസ്പരം ലംബമായിരുന്നാൽ നമ്മളതിനെ മട്ടത്രികോണം എന്ന് വിളിക്കും) വരച്ചാൽ ഇവിടിരുന്ന് അതിന്റെ മൂന്നാമത്തെ വശത്തിന്റെ നീളം എനിയ്ക്ക് പറയാനാകും. അതിന് എന്നെ സഹായിക്കുന്നത് ഒരു ലളിതമായ അറിവാണ്. ആദ്യത്തെ വരയുടെ നീളം a-യും രണ്ടാമത്തേതിന്റെ നീളം b-യും ആണെങ്കിൽ, മൂന്നാമത്തെ വരയ്ക്ക് a²+b² ന്റെ വർഗമൂലത്തിന് (square root) തുല്യമായ നീളമുണ്ടാകും. പൈഥഗോറസ് തിയറം എന്ന പേരിൽ നമ്മൾ പഠിച്ച ഈ നിയമപ്രകാരം c² = a² + b² ആയിരിക്കും. ഇത് ആര് എപ്പോൾ ഏത് പരന്ന പ്രതലത്തിൽ വരയ്ക്കുന്ന ത്രികോണത്തിനും ബാധകമാണ്. ആദ്യം വരയ്ക്കുന്ന വരകൾക്ക് എത്ര നീളവും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. പക്ഷേ മൂന്നാമത്തെ വരയുടെ നീളം നിങ്ങളുടെ നിയന്ത്രണത്തിലല്ല. അത് പൈഥഹോറസ് സിദ്ധാന്തമാണ് തീരുമാനിക്കുന്നത്. ഇനി, മട്ടത്രികോണം തന്നെ ആകണമെന്ന നിർബന്ധം ഒഴിവാക്കുന്നു എന്നിരിക്കട്ടെ. ഏത് ത്രികോണവും ആയിക്കോട്ടെ, ആദ്യത്തെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണും നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ അപ്പോഴും മൂന്നാമത്തെ വശത്തിന്റെ നീളം  c² = a² + b² - 2ab cos(x) എന്ന സമവാക്യം തീരുമാനിക്കും. ഇവിടെ cos(x) എന്ന അളവ് വരകൾ തമ്മിലുള്ള കോൺ മാറുന്നതിനനുസരിച്ച് മാറുന്ന ഒന്നാണ്. അതുകൊണ്ട് രണ്ട് വശങ്ങളുട നീളം മാറാതിരുന്നാൽ പോലും, പരസ്പരമുള്ള കോൺ മാറിയാൽ മൂന്നാമത്തെ വശത്തിന്റെ നീളം മാറും. അത് പക്ഷേ മേൽപ്പറഞ്ഞ രീതിയിലാകും മാറുന്നത്, ആ രീതിയിലേ അത് മാറൂ.

ഇത്രയും പറഞ്ഞത് സ്കൂളിലെ കണക്ക് ക്ലാസിൽ പഠിച്ചുമറന്നത് ഓർമിപ്പിക്കാനല്ല കേട്ടോ. അവിടെ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ്. മൂന്ന് നേർരേഖാ വശങ്ങളും മൂന്ന് മൂലകളും ഉള്ള ഏത് രൂപവും ഒരു ത്രികോണമാണ്. അത് പേപ്പറിൽ വരച്ചതാകണം എന്നൊന്നുമില്ല. പക്ഷേ അവയുടെ വശങ്ങൾ തമ്മിൽ പ്രകൃത്യാൽ തന്നെ ഒരു പരസ്പരബന്ധമുണ്ട്. ആ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഗണിതശാസ്ത്ര മോഡൽ (mathematical model) ആണ് c² = a² + b² - 2ab cos(x) എന്ന സമവാക്യം. ഇത് മനസിലാക്കിയ ഒരാളിന് ഒരു ത്രികോണരൂപത്തിന്റെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണളവും വെച്ച് മൂന്നാമത്തെ വശത്തിന്റെ നീളം അളക്കാതെ തന്നെ അറിയാനാകും.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ശാസ്ത്രം നിങ്ങൾക്ക് നൽകുന്ന പ്രവചനശേഷിയാണ്. പ്രവചനം എന്ന വാക്ക് തന്നെ വല്ലാണ്ട് തെറ്റിദ്ധരിക്കപ്പെട്ടുപോയി. മറ്റുള്ളവർക്കില്ലാത്ത സവിശേഷ കഴിവുകൾ അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത പ്രവാചകരുടെ കുത്തകയായി പ്രവചനങ്ങൾ എടുത്തുകാട്ടപ്പെടുന്നു. പക്ഷേ ശാസ്ത്രം നമുക്ക് പ്രയോജനപ്പെടുന്നത് തന്നെ ഒരർത്ഥത്തിൽ അതിന്റെ പ്രവചനശേഷി കൊണ്ടാണ്. പ്രവാചകരുടെ പ്രവചനവും ശാസ്ത്രീയപ്രവചനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രീയപ്രവചനം മൊബൈൽ ഫോൺ ഉണ്ടാക്കുന്നത് പോലെയാണെങ്കിൽ, പ്രവാചകപ്രവചനം ഒരു മജീഷ്യൻ തൊപ്പിയിൽ നിന്നും മൊബൈൽ ഫോൺ പുറത്തടുക്കുന്നത് പോലെയാണ്. മൊബൈൽ ഫോൺ ഉണ്ടാക്കാൻ അതിന്റെ ഇലക്ട്രോണിക്സും മെറ്റീരിയൽ സയൻസും കമ്യൂണിക്കേഷൻ കോഡും ഒക്കെ അറിയണം. പക്ഷേ മജീഷ്യന് ഇതൊന്നും അറിയേണ്ട കാര്യമില്ല. താൻ പുറത്തെടുക്കാൻ പോകുന്ന മൊബൈൽ ഫോൺ എവിടുന്നെങ്കിലും സംഘടിപ്പിക്കുകയേ വേണ്ടൂ. ശരിയ്ക്കും ആ തൊപ്പിയ്ക്കുള്ളിൽ അപ്പോൾ പ്രത്യക്ഷപ്പെട്ടതാണ് ആ മൊബൈൽ ഫോൺ എന്ന തോന്നൽ ഉണ്ടാക്കേണ്ട കഴിവാണ് അയാൾക്ക് വേണ്ടത്. തത്കാലം ശാസ്ത്രമാണ് സംസാരിക്കുന്നത് എന്നതിനാൽ അത്തരം ട്രിക്കുകൾ ഇവിടത്തെ വിഷയമല്ല. നമുക്ക് ശാസ്ത്രപ്രവചനത്തിലേക്ക് മടങ്ങിവരാം.

ത്രികോണത്തിന്റെ വശങ്ങളെ ബന്ധപ്പെടുത്തുന്ന ഗണിതമോഡൽ പോലെ, ശാസ്ത്രം ഭൗതികലോകത്തെ വിവിധ അളവുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ ഗണിതമോഡലുകൾ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. ദൂരം, വേഗത, താപനില, ഭാരം, സാന്ദ്രത എന്നിങ്ങനെ ഒരു മോഡലിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അളവുകളെ നമുക്ക് ചരങ്ങൾ (variables) എന്ന് വിളിക്കാം. അവ പല രീതിയിൽ മാറാം (vary- ചെയ്യാം) എന്നതിനാലാണ് ആ പേര്. പക്ഷേ അവയുടെ മാറ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ത്രികോണം എന്ന തീർത്തും ഗണിതപരമായ ഉദാഹരണത്തിൽ നിന്ന് അല്പം കൂടി ഭൗതികമായ ഒന്നിലേക്ക് വരാം. നിങ്ങൾ ഒരു കാറിൽ 50 km/h സ്ഥിരവേഗതയിൽ യാതൊരു വളവും ഇല്ലാത്ത ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് സങ്കല്പിക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്ക് നിങ്ങൾ പുറപ്പെടുന്നു. വേഗത മാറുകയോ, വണ്ടി വളയ്ക്കേണ്ടി വരികയോ ചെയ്യുന്നില്ല എങ്കിൽ ഒന്നര മണിക്കൂർ കഴിയുമ്പോൾ നിങ്ങൾ എവിടെയെത്തുമെന്ന് കൃത്യമായി മുൻകൂട്ടി പറയാനാകും. കാരണം, വേഗത, സമയം, സഞ്ചരിക്കുന്ന ദൂരം ഇവ തമ്മിൽ പ്രകൃതിയിൽ ഒരു പരസ്പര ബന്ധമുണ്ട്. അതറിയാവുന്ന ഒരാൾക്ക് ഇതിൽ ഏതെങ്കിലും രണ്ട് കാര്യങ്ങൾ അറിഞ്ഞാൽ മൂന്നാമത്തെ കാര്യം പ്രവചിക്കാനാകും. ഇവിടെ നിങ്ങളുടെ വേഗത v-യും, സഞ്ചരിക്കുന്ന ദൂരം x-ഉം, യാത്ര തുടങ്ങിയതിന് ശേഷമുള്ള സമയം t-യും ആണെങ്കിൽ ഇവ തമ്മിൽ

x = vt

എന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച്, യാത്ര തുടങ്ങിയിട്ട് എത്ര നേരമായി (t എത്ര) എന്ന് നോക്കി എത്ര ദൂരം (x എത്ര) സഞ്ചരിച്ചെത്തി എന്നറിയാം. അതുപോലെ എത്ര ദൂരെ എത്തി എന്ന് നോക്കിയാൽ, എത്ര നേരം യാത്ര ചെയ്തു എന്നുമറിയാം. ഇനി ഇത്ര നേരം കൂടി യാത്ര ചെയ്താൽ ഇത്ര ദൂരെയുള്ള സ്ഥലത്ത് എത്തുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിയ്ക്കും. എന്നാൽ ഇവിടെ വേഗത സ്ഥിരമായി നിർത്തുന്നു എന്ന് നമ്മൾ സങ്കല്പിച്ചിരുന്നു. മറിച്ച് വേഗത സ്ഥിരമല്ല, അത് സെക്കൻഡിൽ a എന്ന അളവിൽ മാറിക്കൊണ്ടിരിക്കുന്നു എങ്കിൽ അവിടെ ദൂരവും സമയവും തമ്മിലുള്ള ബന്ധം

x = vt + (1/2)at²

എന്നായി മാറും.

ആത്യന്തികമായി ശാസ്ത്രം ചെയ്യുന്നത് ഇത്തരം പരസ്പര ബന്ധങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുകയാണ്. ഇപ്പറഞ്ഞതൊക്കെ കാര്യം മനസിലാക്കാനുള്ള എളുപ്പത്തിന് പറഞ്ഞ ലളിതമായ ഉദാഹരണങ്ങളാണ്. പ്രായോഗിക സാഹചര്യങ്ങളോട് കൂടുതൽ അടുക്കുന്തോറും ഈ ഗണിതമോഡലുകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കും. എന്തായാലും ഇവിടത്തെ ഗുണപാഠം ശാസ്ത്രത്തിന് ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രയോഗക്ഷമമായ നിരവധി മോഡലുകൾ ഉണ്ട് എന്നതാണ്. അവ ഉപയോഗിച്ച് നടത്തുന്ന പ്രവചനങ്ങൾ തന്നെയാണ് വിജയകരമായി പ്രവർത്തിക്കുന്ന ഓരോ സാങ്കേതികവിദ്യയും. ഇന്ന് ഇവിടന്ന് റോക്കറ്റിൽ ഘടിപ്പിച്ച് മുകളിലേക്ക് വിടുന്ന ഒരു ബഹിരാകാശ പേടകം എന്ന്, എപ്പോൾ, എവിടെ വെച്ച് ഏത് ഗ്രഹത്തിന്റെ ഏത് വശത്തുകൂടി ഏത് ഭ്രമണപഥത്തിൽ എത്തിച്ചേരുമെന്ന് മുൻകൂട്ടി പറയാനും, അത് ഭ്രമണത്തിനിടെ ആ ഗ്രഹത്തിന്റെ ഏത് പ്രദേശത്തിന് മുകളിൽ വരുമെന്ന് കണക്കാക്കി ഫോട്ടോയെടുക്കാനും ഒക്കെ നമുക്കിന്ന് സാധിയ്ക്കുന്നുണ്ട്. പ്രവാചകരുടെ ഭാഷയിൽ "അടുത്ത രണ്ടുവർഷത്തിനിടെ സൗരയൂഥത്തിലെ ഒരു ഗ്രഹത്തിനടുത്ത് ഒരു പേടകം എത്തിച്ചേരും" എന്നല്ല, അണുകിട തെറ്റാതെ സ്ഥലവും സമയവും പറഞ്ഞാണ് ശാസ്ത്രം അത് പ്രവചിക്കുന്നത്. കോടിക്കണക്കിന് കിലോമീറ്ററുകൾ ദൂരങ്ങളിൽ, മാസങ്ങളുടേയും വർഷങ്ങളുടേയും ഇടവേളകളിൽ നടക്കുന്ന ഇത്തരം കാര്യങ്ങളിൽ സങ്കീർണമെങ്കിൽ പോലും കൃത്യമായ ഗണിതമോഡലുകൾ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്.

ഒക്കെ ശരി. പക്ഷേ അന്യഗ്രഹത്തിൽ പോയി ഇത്രയൊക്കെ സാധിച്ചിട്ടും, ഇവിടെത്തന്നെയുള്ള കാലാവസ്ഥ പ്രവചിക്കുന്ന കാര്യത്തിൽ എന്താണ് നമ്മളിത്ര പിന്നോട്ട് പോകുന്നത്?

പ്രവചനത്തിന്റെ കൃത്യതയുടെ കാര്യം വരുമ്പോൾ അന്യഗ്രഹമാണോ എന്നതൊന്നുമല്ല വിഷയം. നമ്മുടെ മോഡലിൽ ഉൾപ്പെട്ടിരിക്കുന്ന വേര്യബിളുകളുടെ എണ്ണം, സ്വഭാവം തുടങ്ങിയവയാണ്. താപനില കൂടുന്നതിന്റേയും, മഴ പെയ്യുന്നതിന്റേയും, കാറ്റടിക്കുന്നതിന്റേയും ഒക്കെ അടിസ്ഥാനശാസ്ത്രം നമുക്ക് വളരെ ഭംഗിയായി തന്നെ ഇന്നറിയാം. ഈ അടിസ്ഥാനനിയമങ്ങൾ ഉപയോഗിച്ച്, അന്തരീക്ഷത്തിലെ പല വേര്യബിളുകളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന കാലാവസ്ഥാ ഗണിതമോഡലുകളാണ് പ്രവചനത്തിനായി ഉപയോഗിക്കുന്നത്. താപനില, മർദ്ദം, ജലബാഷ്പത്തിന്റെ അളവ്, കാറ്റിന്റെ സ്പീഡ് എന്നിങ്ങനെ പല വേര്യബിളുകളാണ് ഈ മോഡലിൽ ഉള്ളത്. പക്ഷേ ഇവിടെ ഗൗരവകരമായ ചില വെല്ലുവിളികൾ ഉണ്ട്. ഭൂമി എന്ന വിശാലമായഗോളത്തിന്റെ ഉപരിതലത്തിൽ ഓരോയിടത്തും ഈ വേര്യബിളുകൾക്ക് സാരമായ വ്യത്യാസമുണ്ട്. ഭൗമോപരിതലത്തിൽ പല ഭാഗങ്ങളിൽ പല അളവിൽ സൂര്യപ്രകാശം വീഴുന്നു, ഒരുപോലെ വീണാൽ തന്നെ പല അളവിൽ ഊർജം ആഗിരണം ചെയ്യപ്പെടുന്നത് കൊണ്ട് ഉപരിതലം പല അളവിൽ ചൂട് പിടിക്കുന്നു, ചൂടുള്ള ഭാഗത്തേയ്ക്ക് തണുത്ത ഭാഗത്ത് നിന്ന് വായു ഒഴുകുന്നു, കടലിൽ ചൂട് വ്യത്യാസം ജലപ്രവാഹങ്ങൾ ഉണ്ടാക്കുന്നു, എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് അത് സംഭവിക്കുന്നത്. ഇനി മറ്റൊന്നുള്ളത്, ഈ വേര്യബിളുകളുടെ സ്വാധീനശക്തിയാണ്. ഇവയിലെ ചെറിയ വ്യതിയാനം പോലും സമയക്രമേണ അനന്തരഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ഉദാഹരണത്തിന് ആമസോൺ കാട്ടിൽ ചിറകടിക്കുന്ന ഒരു പൂമ്പാറ്റ അതിന് ചുറ്റുമുള്ള വായുവിൽ നേരിയ മർദ്ദവ്യത്യാസവും കാറ്റും ഉണ്ടാക്കുന്നുണ്ടാവുമല്ലോ. ഈ വ്യതിയാനം അതിന് ചുറ്റുമുള്ള വായുവിനെയും സ്വാധീനിക്കും. ഇത് പതിയെ പതിയെ തുടർന്നുപോയാൽ ന്യൂയോർക്കിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടാൻ മാത്രമുള്ള വ്യതിയാനം അന്തരീക്ഷത്തിൽ ഉണ്ടാക്കാനുള്ള സാഹചര്യം പോലും സൈദ്ധാന്തികമായി സാധ്യമാണ് (ബട്ടർഫ്ലൈ ഇഫക്റ്റ് എന്നാണ് ഈ സാധ്യതയ്ക്കുള്ള ഓമനപ്പേര്) ഇത് കൊണ്ട് തന്നെ താപനിലയും മർദ്ദവും ആർദ്രതയും ഒക്കെ പരമാവധി കൃത്യതയോടെ അളക്കേണ്ടതുണ്ട്. x = vt എന്ന സമവാക്യം വച്ച് സഞ്ചരിച്ച ദൂരം എത്രത്തോളം കൃത്യമായി കണക്കാക്കാം എന്നത്, v-യും t-യും എത്രത്തോളം കൃത്യമായി അറിയാം എന്നതിനെ അനുസരിച്ചിരിക്കുമല്ലോ. ഉപഗ്രഹങ്ങളും കടലിലും കരയിലുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളും, വിമാനങ്ങളിലും കപ്പലുകളിലും ഒക്കെയുള്ള സെൻസറുകളും ഉൾപ്പടെ ഭൂമിയുടെ പരമാവധി ഭാഗങ്ങളിൽ നിന്ന് കഴിയാവുന്നത്ര കൃത്യതയോടെ ശേഖരിക്കുന്ന ഡേറ്റയാണ് നമ്മൾ കാലാവസ്ഥാ കംപ്യൂട്ടർ മോഡലുകളിലേക്ക് കൊടുക്കുന്നത്.

കംപ്യൂട്ടറിലേക്ക് കൊടുത്തു എന്ന് സിമ്പിളായി പറയുമ്പോൾ കാര്യം കഴിഞ്ഞു. പക്ഷേ ഇതത്ര ചെറിയ കാര്യമല്ല. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയുടെ വലിപ്പം നോക്കുമ്പോൾ ഒരു സാധാരണ കംപ്യൂട്ടർ മുട്ടിടിച്ച് നിൽക്കുകയേ ഉള്ളൂ. പല മുറികൾ നിറഞ്ഞുനിൽക്കാൻ മാത്രം വലിപ്പമുള്ള ഭീമൻ സൂപ്പർകംപ്യൂട്ടറുകൾക്ക് മാത്രമേ ഇത്രയും ഡേറ്റ ക്ലിപ്ത സമയത്തിനുള്ളിൽ കൈകാര്യം ചെയ്യാനാകൂ. കിട്ടിയ ഡേറ്റ കൂട്ടിക്കിഴിച്ച് വരും ദിവസങ്ങളിൽ അന്തരീക്ഷത്തിന്റെ അവസ്ഥ ഇന്നയിന്ന സ്ഥലത്ത് ഇന്നയിന്ന രീതിയിലായിരിക്കും എന്ന് കംപ്യൂട്ടർ ചൂണ്ടിക്കാണിക്കും. നമ്മൾ കൊടുത്ത ഡേറ്റയിലെ ചെറിയ കൃത്യതക്കുറവ് പോലും കംപ്യൂട്ടർ തരുന്ന ഔട്ട്പുട്ടിൽ കാര്യമായ വ്യത്യാസം വരുത്തിയേക്കും. നമ്മുടെ എല്ലാ ഉപകരണങ്ങൾക്കും സഹജമായ കൃത്യതക്കുറവ് ഉണ്ടാകുമെന്നതാണ്അവിടത്തെ യാഥാർത്ഥ്യം. സദാമാറിക്കൊണ്ടിരിക്കുന്ന താപനിലയും മർദ്ദവുമൊക്കെ, കംപ്യൂട്ടറിലേക്ക് ഡേറ്റ കൊടുക്കുന്നതിനും അതിന്റെ ഔട്ട്പുട്ട് വരുന്നതിനും ഇടയിലുള്ള സമയത്തിനുള്ളിൽ തന്നെ ഒരുപാട് മാറിയെന്നും വരാം. ഇതാണ് കാലാവസ്ഥാ പ്രവചനത്തിലെ വെല്ലുവിളി. ഡേറ്റ ശേഖരിക്കുന്നതിലെ കൃത്യത കൂട്ടുക, കംപ്യൂട്ടറുകളുടെ വേഗത കൂട്ടുക, കൂടുതൽ കാര്യക്ഷമതയുള്ള ഗണിതമോഡലുകൾ നിർമിക്കുക, തുടങ്ങിയവയാണ് കൂടുതൽ കൃത്യമായ പ്രവചനത്തിന് വേണ്ടത്. എന്തായാലും, കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ ഗംഭീരമായ പുരോഗതി നമ്മൾ നേടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഇനി മുന്നോട്ടും കൃത്യത കൂടാൻ തന്നെയാണ് സാധ്യത.

പക്ഷേ... ആകാശത്തേയ്ക്ക് കൃത്രിമോപഗ്രഹം വിടുമ്പോൾ "പാവങ്ങളുടെ പട്ടിണി മാറ്റിയിട്ട് പോരേ ഇതൊക്കെ?" എന്ന് ചോദിക്കുന്നതും, ആകാശത്തോട്ട് നോക്കി 'സുനാമി വരാൻ പോകുന്നു' എന്ന് വെളിപാട് വിളമ്പുന്നവരെ പൊക്കിനടക്കുന്നതും ഒക്കെയാണ് നമ്മുടെ ട്രെൻഡ് എങ്കിൽ, കുറച്ച് കൂടുതൽ കാത്തിരിക്കേണ്ടി വരും.