Nov 29, 2012

ആകാശത്തിലെ കൗതുകക്കാഴ്ചകള്‍

കണക്കില്ലാത്ത കൗതുകങ്ങളുടെ കലവറയാണ് ആകാശം. വെറുതെ മാനത്ത് നോക്കിയാല്‍ തന്നെ എന്തൊക്കെയാണ് നമുക്ക് കാണാനും ചിന്തിക്കാനും ഉള്ളത്- പല രൂപത്തിലും ഭാവത്തിലും ഉള്ള മേഘങ്ങള്‍, അവയുടെ ചലനങ്ങള്‍, നിറങ്ങള്‍, രാത്രിയായാല്‍ ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍. ആകാശത്ത് കാണാനുള്ള, കണ്ടിരിക്കേണ്ട കുറെ രസകരമായ കാഴ്ചകളെയും പ്രതിഭാസങ്ങളെയും ആണ് ഈ പോസ്റ്റില്‍ നമ്മള്‍ പരിചയപ്പെടുന്നത്. (ഓര്‍ക്കുക, ഇതൊരു പരിചയപ്പെടല്‍ മാത്രമാണ്. പലതിന്റെയും പിന്നിലുള്ള ശാസ്ത്രരഹസ്യങ്ങള്‍ വളരെ ചുരുക്കി മാത്രമേ തല്‍ക്കാലം പരാമര്‍ശിക്കുന്നുള്ളൂ)

മഴവില്ല് - Rainbowഏറ്റവും സാധാരണവും മനോഹരവും കാല്‍പനികതയ്ക്ക് സാധ്യതകള്‍ ഉള്ളതുമായ ആകാശക്കാഴ്ചയാണ് മഴവില്ല്. അത് കാണാത്തവര്‍ ഉണ്ടാവില്ല, കണ്ടാല്‍ അത് കൌതുകത്തോടെ നോക്കി നില്‍ക്കാത്തവരും. ആകാശത്ത് പ്രകൃതി വര്‍ണാഭമായി നടത്തുന്ന കലാവിരുന്നാണ് അത്.  മഴയില്‍ നിന്നോ മഞ്ഞില്‍ നിന്നോ തുഷാരങ്ങളില്‍ (dews) നിന്നോ വന്ന ജലകണങ്ങളാണ് മഴവില്ല് ഉണ്ടാക്കുന്നത്. മഴപെയ്യുന്ന സാഹചര്യങ്ങള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങളുടെ സമീപപ്രദേശങ്ങളിലും മഴവില്ല് വളരെ സാധാരണമാണ്. ജലകണങ്ങളില്‍ പ്രവേശിക്കുന്ന സൂര്യരശ്മി പൂര്‍ണ-ആന്തരപ്രതിഫലനത്തിന് (Total Internal Reflection) വിധേയമാകുകയും ഘടകവര്‍ണങ്ങളായി വേര്‍പിരിയുകയും ചെയ്യുന്നു. പൊതുവേ ഒരു ജലകണത്തില്‍ നിന്നും പുറത്തുവരുന്ന രശ്മിയ്ക്ക് ഏതാണ്ട് 40-42 ഡിഗ്രീ വരെ ദിശാവ്യതിയാനം ഉണ്ടാവാറുണ്ട്. ഇവയില്‍ തന്നെ പലനിറങ്ങള്‍ക്കും പല തോതിലാണ് വ്യതിയാനം സംഭവിക്കുന്നത്. ഏറ്റവും കുറച്ചു വ്യതിയാനം സംഭവിക്കുന്ന ചുവപ്പ് നിറം പുറത്തായിട്ടും ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന വയലറ്റ് അകത്തായിട്ടും ഉള്ള ഒരു ചാപം ആയിട്ടാണ് മഴവില്ല് രൂപം കൊള്ളുന്നത്. മറ്റൊരു പ്രത്യേകത മഴവില്ല് ഒരു പ്രത്യേകസ്ഥാനത്ത് രൂപം കൊള്ളുന്ന ഒന്നല്ല എന്നതാണ്. നിങ്ങള്‍ മഴവില്ലിനെ അടുത്തുകാണാന്‍ ഇറങ്ങിയാല്‍ ഒരിയ്ക്കലും അതിനെ അടുത്ത് കിട്ടില്ല. അതെപ്പോഴും നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനത്തുനിന്നും ഒരു പ്രത്യേകദിശയില്‍ ഒരു പ്രത്യേക കോണളവില്‍ ആണ് കാണപ്പെടുന്നത്.
(മഴവില്ലിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. വിശദമായി മറ്റൊരിക്കല്‍ ആവട്ടെ. തല്‍ക്കാലം അധികവായനയ്ക്ക് ഈ വികിപേജ് സന്ദര്‍ശിക്കുക)

22o ഹെയ്‌ലോ


അന്തരീക്ഷത്തിലെ സിറസ് മേഘങ്ങളില്‍ രൂപപ്പെടുന്ന ഐസ് പരലുകള്‍ക്കുളില്‍ വെച്ചു പ്രകാശത്തിന് സംഭവിക്കുന്ന അപവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് പിന്നില്‍. ഇത് സൂര്യപ്രകാശത്തിനും ചന്ദ്രനിലാവിനും ഒരുപോലെ ബാധകമാണെങ്കിലും, രാത്രി നിലാവില്‍ ഇത് കാണാന്‍ ആണ് കൂടുതല്‍ വ്യക്തതയും ഭംഗിയും. ചില രാത്രികളില്‍ പൂര്‍ണചന്ദ്രന്‍ (അല്ലെങ്കില്‍ പൌര്‍ണമിയോട് അടുത്ത ഏതെങ്കിലും ദിവസം) തിളങ്ങുന്ന അവസരങ്ങളില്‍ ചന്ദ്രനുചുറ്റും ചന്ദ്രനെക്കാള്‍ ഏതാണ്ട് 20 മടങ്ങ് വ്യാസമുള്ള ഒരു വലയം കണ്ടിട്ടില്ലേ? ചന്ദ്രവലയം, അല്ലെങ്കില്‍ ലൂണാര്‍ ഹെയ്‌ലോ എന്നറിയപ്പെടുന്ന ഇത് ഒരു 22o ഹേയ്‌ലോ പ്രതിഭാസമാണ്. ഇത് ആകാശത്ത് കാണുന്നതിന് ചില സാഹചര്യങ്ങള്‍ ആവശ്യമാണ്. പ്രകാശത്തെ 'വളച്ചൊടിക്കുന്നതിന്' ഷഡ്ഭുജാകൃതിയില്‍ ഉള്ള ഐസ് പരലുകള്‍ ഉള്ള സിറസ് മേഘങ്ങളുടെ സാന്നിധ്യം, പിന്നെ ശ്രദ്ധയില്‍പ്പെടാന്‍ മാത്രം പ്രകാശം പുറപ്പെടുവിക്കുന്നവിധം പൌര്‍ണമിയോട് അടുത്ത ചന്ദ്രന്റെ ഒരു phase. ഷഡ്ഭുജാകൃതിയില്‍ ഉള്ള ഒരു ഐസ് പരലിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ഒരു പ്രകാശകിരണം പുറത്തുവരുമ്പോള്‍ അതിന്റെ ദിശയില്‍ 22o മുതല്‍ 50o  വരെ വ്യതിയാനം വരാം. ഇതില്‍ ഏറ്റവും വ്യതിയാനം കുറഞ്ഞ രശ്മികള്‍ (അതായത് 22o രശ്മികള്‍) ഏറ്റവും കൂടുതല്‍ പ്രകാശമാനമായ അനുഭവം ഉണ്ടാക്കും. ഇതുപോലെ കോടിക്കണക്കിനു ഐസ് പരലുകളാണ് ഒരു സിറസ് മേഘപാളിയില്‍ ഉണ്ടാവുക. ഭൂമിയില്‍ നിന്നു ഒരാള്‍ നോക്കുമ്പോള്‍ അവയില്‍ കുറെ ഭാഗം പ്രകാശത്തിന് ലംബമായിട്ടായിരിക്കും തിരിഞ്ഞിരിക്കുന്നത് (align ചെയ്തിരിക്കുന്നത്). അവയില്‍ നിന്നും വരുന്ന രശ്മികള്‍ 22o ഹെയ്ലോ സൃഷ്ടിക്കുന്നു. ഭൂമിയില്‍ മറ്റൊരു ഭാഗത്ത് നിന്ന് നോക്കുന്ന ആള്‍ക്കും ഹെയ്‌ലോ ദൃശ്യമാണ്, അത് വേറെ ഒരു കൂട്ടം ഐസ് പരലുകളായിരിക്കും സൃഷ്ടിക്കുന്നത് എന്നുമാത്രം. മഴവില്ലും ഇതും തമ്മിലുള്ള പ്രധാനവ്യത്യാസം വ്യക്തമാണല്ലോ- മഴവില്ല് ജലബാഷ്പത്തിന്റെയും ഹെയ്‌ലോ ഐസിന്റെയും സൃഷ്ടിയാണ്. 

ചാന്ദ്രമഴവില്ല് - Moonbow


സൂര്യപ്രകാശത്തിന് പകരം ചന്ദ്രന്റെ പ്രകാശം ജലബാഷ്പത്തില്‍ സൃഷ്ടിക്കുന്ന മഴവില്ലാണ് ചാന്ദ്രമഴവില്ല്. നിലാവുള്ള രാത്രികളില്‍ ചന്ദ്രന് എതിര്‍ദിശയില്‍ മഴപെയ്യുമ്പോഴാണ് ഇവ ദൃശ്യമാകുക. സൂര്യപ്രകാശത്തെ അപേക്ഷിച്ച് ചന്ദ്രന്റെ പ്രകാശം വളരെ കുറവായതിനാല്‍ തന്നെ ചാന്ദ്രമഴവില്ലുകള്‍ പൊതുവേ വളരെ മങ്ങിയതായിരിക്കും. ഇതുകൊണ്ട് പലപ്പോഴും വെറും കണ്ണുകള്‍ക്ക് ചാന്ദ്രമഴവില്ലിലെ നിറങ്ങള്‍ തിരിച്ചറിയാണ്‍ കഴിയില്ല, അതൊരു വെളുത്ത വില്ല് ആയിട്ടായിരിക്കും കാണപ്പെടുക. എന്നാല്‍ long exposure photograph വഴി നമുക്ക് നിറങ്ങള്‍ പകര്‍ത്താന്‍ കഴിയും.

തീമഴവില്ല് - Fire Rainbow


പേര് കേട്ട് ഞെട്ടണ്ട. ഇത് യഥാര്‍ത്ഥത്തില്‍ ഒരു മഴവില്ല് അല്ല, ഇതിന് തീയുമായും ബന്ധമില്ല. Circumhorizontal Arc എന്നാണ് ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥ പേര്. ആകാശത്തു ചിതറിക്കിടക്കുന്ന വര്‍ണശബളമായ മേഘങ്ങളുടെ രൂപത്തിലാണ് ഇവ ദൃശ്യമാകുക. നേരത്തെ കണ്ട 22o ഹെയ്‌ലോ പോലെ ഒരു പ്രതിഭാസമാണ് ഇത്. എന്നാല്‍ സൂര്യന്‍ കുറഞ്ഞത് 58o എങ്കിലും ഉയരെ നില്‍ക്കുമ്പോള്‍ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ. ഒപ്പം ഹെയ്ലോയുടെ കാര്യത്തിലെന്നപോലെ പ്ലേറ്റ് രൂപത്തിലുള്ള ഐസ് പരലുകള്‍ ഉള്ള സിറസ് മേഘങ്ങളും വേണം. ഉയര്‍ന്ന ആല്‍റ്റിട്യൂഡില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഈ ഐസ് പരലുകളില്‍ അപവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അത് ഘടകവര്‍ണങ്ങളായി വേര്‍പിരിയുകയും അങ്ങനെ മേഘപടലം പലവര്‍ണങ്ങള്‍ തൂവിയ ഒരു ചിതറിയ പഞ്ഞിക്കെട്ടുപോലെ കാണപ്പെടുകയും ചെയ്യും.

ധ്രുവദീപ്തി - Aurorae


ഉയര്‍ന്ന അക്ഷാംശമുള്ള സ്ഥലങ്ങളില്‍, അതായത് ധ്രുവപ്രദേശത്തോട് അടുത്ത സ്ഥലങ്ങളില്‍ ആകാശത്ത് കാണപ്പെടുന്ന വര്‍ണക്കാഴ്ചയാണ് ധ്രുവദീപ്തി അല്ലെങ്കില്‍ Aurora എന്നറിയപ്പെടുന്നത്. സൌരക്കാറ്റിന്റെ (Solar wind) വഴി സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് എത്തുന്ന ചാര്‍ജുള്ള അറ്റോമിക കണങ്ങളാണ് ഇതിന് കാരണം. ഭൂമിയുടെ കാന്തമണ്ഡലം ഈ കണങ്ങളെ ട്രാപ് ചെയ്യുകയും സൌരക്കാറ്റിനെ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഇങ്ങനെ വഴിതിരിച്ചു വിടപ്പെട്ട കണങ്ങള്‍ ധ്രുവപ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടി ഇടിക്കുന്നു. ഈ കണങ്ങളില്‍ നിന്നും കിട്ടുന്ന ഊര്‍ജം വായുവിലെ ആറ്റങ്ങള്‍ പ്രകാശരൂപത്തില്‍ പുറത്തുവിടുമ്പോഴാണു ധ്രുവദീപ്തി ഉണ്ടാവുന്നത്. പ്രധാനമായും ഓക്സിജെനും നൈട്രജനും ആണല്ലോ നമ്മുടെ അന്തരീക്ഷത്തില്‍ ഉള്ളത്. ഈ രണ്ടു മൂലകങ്ങളുടെയും ആറ്റങ്ങള്‍വ്യത്യസ്ഥ നിറങ്ങളിലായിരിക്കും അധികഊര്‍ജം പുറത്തുവിടുക. ഓക്സിജന്‍ പച്ചയോ ബ്രൌണ്‍ കലര്‍ന്ന ചുവപ്പുനിറത്തിലോ പ്രകാശം പുറപ്പെടുവിക്കുമ്പോള്‍ നൈട്രജന്‍ നീലയോ ചുവപ്പോ നിറത്തില്‍ പുറപ്പെടുവിക്കുന്നു. ഇവയാണ് അന്തരീക്ഷത്തെ വര്‍ണാഭമാക്കുന്നത്.ഇങ്ങനെ പുറപ്പെടുവിക്കപ്പെടുന്ന പ്രകാശം സൂര്യപ്രകാശത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായതുകൊണ്ട് രാത്രികാലങ്ങളിലാണ് ഇവ കൂടുതല്‍ ഭംഗിയായി കാണപ്പെടുന്നത്. ഉത്തരാര്‍ദ്ധഗോളത്തില്‍ ഇതിനെ Aurora Borealis എന്നും ദക്ഷിണാര്‍ദ്ധഗോളത്തില്‍ Aurora Australis എന്നും വിളിക്കുന്നു.

സ്കൈ പഞ്ച് - Skypunch


ഇതൊരു രസകരമായ കാഴ്ചയാണ്. ആകാശത്ത് വെള്ളക്കമ്പിളിപ്പുതപ്പ് വിരിച്ചപ്പോലെ കാണപ്പെടുന്ന മേഘപാളിയില്‍ അപൂര്‍വമായി കാണുന്ന വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള ഒരു ദ്വാരമാണ് Skypunch എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന Fallstreak hole. പൊതുവേ ഇത് കാണപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഇതിനെ ലോകാവസാനത്തിന്റെ അടയാളമായിട്ടോക്കെ കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു പ്രതിഭാസമാണ്.
ജലത്തിന്റെ ഖരണാങ്കത്തിനും (freezing point) താഴെയുള്ള താപനിലയില്‍ സിറോക്യുമുലസ്, ആല്‍ടോക്യുമുലസ് മേഘങ്ങളില്‍ ജലത്തുള്ളികള്‍ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടാവാം. Supercooled water എന്നാണ് ഈ അവസ്ഥയെ പറയുക. ഇത്തരം അവസ്ഥയില്‍ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്ത് ഒരു ഐസ് പരല്‍ രൂപം കൊണ്ടു എന്നിരിക്കട്ടെ, ഇത് Bergeron process എന്ന്‍ വിളിക്കുന്ന ഒരു പ്രതിഭാസം മൂലം ചുറ്റുമുള്ള ജലത്തുള്ളികള്‍ പെട്ടെന്ന് നീരാവിയായി മാറാന്‍ കാരണമാകും. ഇങ്ങനെ ഐസ് പരലിന്റെ രൂപം കൊള്ളലും ചുറ്റുമുള്ള ബാഷ്പീകരണവും വളരെ പെട്ടെന്ന് കുറെഭാഗത്തേക്ക് വ്യാപിക്കുകയും അവിടെ മേഘപാളിയില്‍ ഒരു വിള്ളല്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് Skypunch.

സൌരനായകള്‍ - Sun dogsരസകരമായ പേര് അല്ലേ? ഇതിന് പട്ടികളുമായി ബന്ധമൊന്നും ഇല്ല. ചില അവസരങ്ങളില്‍ സൂര്യനോടൊപ്പം (യജമാനന്റെ ചുറ്റും രണ്ടു പട്ടികള്‍ എന്ന പോലെ) കാണപ്പെടുന്ന തിളക്കമുള്ള ബിന്ദുക്കളാണ് Sundogs എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. നേരത്തെ പരിചയപ്പെട്ട 22o ഹെയ്ലോയുമായി ബന്ധപ്പെട്ടാണ് ഇവ കാണപ്പെടുന്നത്. പരന്ന ഷഡ്ഭുജ ഐസ് പരലുകളുടെ സവിശേഷമായ ഓറിയന്റേഷന്‍ ആണ് ഈ പ്രതിഭാസത്തിന് കാരണം.  ചിത്രത്തില്‍ കാണുന്നപോലെ തറനിരപ്പിന് സമാന്തരമായി പരലുകളുടെ പരന്ന പ്രതലം വരുന്നസാഹചര്യങ്ങളിലാണ് Sun dogs ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ ഉദയസമയത്തോ അസ്തമനസമയത്തോ ആയിരിയ്ക്കും അത്. സൂര്യന്റെ altitude കൂടുന്നതിന് അനുസരിച്ചു സൂര്യരശ്മികള്‍ക്ക് പരലുകളുടെ പരന്ന പ്രതലത്തിന് സമാന്തരമായി പ്രവേശിക്കാന്‍ കഴിയാതെ വരികയും, Sun dogs സൃഷ്ടിക്കുന്ന രശ്മികള്‍ക്ക് കൂടുതല്‍ ദിശവ്യതിയാനം വരുന്നതിന്റെ ഫലമായി അവ കൂടുതല്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.
ഇതേ പ്രതിഭാസം ചന്ദ്രന്റെ കാര്യത്തിലും സംഭവിക്കാം. ചന്ദ്രന്റെ പ്രകാശം കുറവായതുകൊണ്ട് തന്നെ Moondogs എന്നു വിളിക്കുന്ന അവയ്ക്കു താരതമ്യേന തിളക്കം കുറവായിരിക്കും എന്നുമാത്രം. 

 ഉപസൂര്യന്‍ - Subsun


ഇതും മേഘങ്ങളിലെ പരന്ന ഐസ് പരലുകള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. വിമാനങ്ങളിലോ മറ്റോ ഇരുന്ന്‍ താഴെ മേഘങ്ങളിലേക്ക് നോക്കുമ്പോള്‍ ചില സമയങ്ങളില്‍ കാണപ്പെടാറുള്ള തിളക്കമുള്ള ബിന്ദുവിനെയാണ് ഉപസൂര്യന്‍ അല്ലെങ്കില്‍ Subsun എന്നു വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായി നില്‍ക്കുന്ന പരന്ന ഐസ് പരലുകള്‍ ഒരു കണ്ണാടി പോലെ പ്രവര്‍ത്തിച്ച് മുകളില്‍ നിന്നുള്ള സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന സൂര്യന്റെ പ്രതിബിംബം ആണത്. 

കപടസൂര്യാസ്തമനം/സൂര്യോദയം

കപടസൂര്യോദയം

പേര് സൂചിപ്പിക്കുമ്പോലെ  തന്നെ, കപടമായ ഒരു ഉദയമോ അസ്തമനമോ ആണിത്. ഇവിടെയും സിറസ് മേഘങ്ങളിലെ ഐസ് പരലുകള്‍ തന്നെയാണ് ഈ കാപട്യം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. Sundogs എന്ന പ്രതിഭാസത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണു ഇവ. അവിടെ ഐസ് പരലുകളുടെ പ്രതലം തറനിരപ്പിന് സമാന്തരമായിരുന്നു എങ്കില്‍ ഇവിടെ അവ തറനിരപ്പിന് ലംബമായിരിക്കും എന്നുമാത്രം. അതുകൊണ്ട് Sundogs സൂര്യന് ഇടത്തും വലത്തും എന്നതിനുപകരമായി മുകളിലും താഴെയും രൂപം കൊള്ളും. ഇത്തരം ഐസ് പരലുകള്‍ സൂര്യന്‍ നില്‍ക്കുന്നതിന് താഴെയായി കാണപ്പെടുന്ന സാഹചര്യങ്ങളില്‍ സൂര്യന് താഴെയുള്ള sundog മാത്രമേ ദൃശ്യമാകുകയുള്ളൂ. ഇതാണ് കപടസൂര്യാസ്തമനം (False Sunset). പ്രത്യേകിച്ചു യഥാര്‍ത്ഥസൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞുനില്‍ക്കുകയാണെങ്കില്‍ ഈ സൂര്യന്റെ ഒരു ചെറിയ പ്രതിബിംബം ചക്രവാളത്തോട് ചേര്‍ന്ന് കാണപ്പെടുകയും സൂര്യാസ്തമനത്തിന്റെ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഇനി ഐസ് പരലുകളുടെ സ്ഥാനം സൂര്യന്‍ നില്‍ക്കുന്നതിന് മുകളില്‍ ആണെന്ന് വെക്കുക. അപ്പോള്‍ സൂര്യന് മുകളില്‍ ഉണ്ടാവുന്ന sundog ആയിരിയ്ക്കും ദൃശ്യമാകുക. ചിലപ്പോള്‍ യഥാര്‍ത്ഥ സൂര്യന്‍ ഉദിക്കുന്നതിന് മുന്പ് തന്നെ ഈ sundog ചക്രവാളത്തില്‍ ദൃശ്യമാകും. ഇതിനെയാണ് കപടസൂര്യോദയം (False Sunrise) എന്നു വിളിക്കുന്നത്.

ആകാശദീപ്തി - Skyglow

മെക്സിക്കോ നഗരത്തിന് മുകളിലെ ആകാശദീപ്തി

ഇക്കൂട്ടത്തില്‍ മനുഷ്യന് പങ്കുള്ള ആകാശക്കാഴ്ചയാണ് ആകാശദീപ്തി. രാത്രിയാകാശം മൊത്തമായോ ഭാഗികമായോ പ്രകാശിതമാകുന്ന പ്രതിഭാസമാണ് ഇത്. നഗരപ്രദേശങ്ങളിലെ കൃത്രിമപ്രകാശസ്രോതസ്സുകള്‍ ആണ് ഇതിന് മുഖ്യകാരണം. അനാവശ്യമായി പുറത്തുവിടുന്ന പ്രകാശം വിസരണം വഴിയും മറ്റും ആകാശത്തെ മൊത്തത്തില്‍ പ്രകാശിപ്പിക്കുകയും കിലോമീറ്ററുകള്‍ അകലെ നിന്നുപോലും ദൃശ്യമാകുന്ന വിധത്തില്‍ ചിലപ്പോള്‍ പ്രകാശമലിനീകരണത്തിലേക്ക് (Light Pollution) വരെ നയിക്കുകയും ചെയ്യാം.  ഇത് ലോകത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളിലും ദൃശ്യമാകുന്നുണ്ട്. എന്നാല്‍ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍ക്ക് പുറമെ സൂര്യനില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ ഒക്കെ വിസരണം വഴി എത്തുന്ന പ്രകാശവും അന്തരീക്ഷത്തില്‍ തന്നെ Airglow എന്ന പ്രതിഭാസം വഴിയുണ്ടാവുന്ന നേരിയ പ്രകാശവും ഒക്കെ ആകാശദീപ്തിയ്ക്ക് കാരണമാകാറുണ്ട്.

ഇതുവരെ നമ്മള്‍ കണ്ടത് ഇങ്ങ് താഴെ അന്തരീക്ഷത്തില്‍ തന്നെ നടക്കുന്ന പ്രതിഭാസങ്ങളെയാണ്. എന്നാല്‍ അങ്ങ് ദൂരെ ബാഹ്യാകാശത്തു നടക്കുന്ന ചില പ്രതിഭാസങ്ങളെ കൂടി ചേര്‍ത്താലേ ആകാശവിസ്മയങ്ങളുടെ ചിത്രത്തിന് പൂര്‍ണ്ണത വരൂ.

സൂര്യഗ്രഹണം - Solar Eclipse


ഭൂമിയില്‍ ഒരു പ്രത്യേകഭാഗത്ത് സൂര്യപ്രകാശം ചന്ദ്രനാല്‍ മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.  ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കും ഇടയില്‍ വരുന്ന അമാവാസി ദിവസങ്ങളില്‍ ആണ് ഇത് സംഭവിക്കുക.സൂര്യഗ്രഹണം പ്രധാനമായും മൂന്ന്‍ തരത്തില്‍ ഉണ്ട് 1. പൂര്‍ണസൂര്യഗ്രഹണം (Total Eclipse) 2.ഭാഗികസൂര്യഗ്രഹണം (Partial Eclipse) 3. വലയ സൂര്യഗ്രഹണം (Annular Eclipse). സൂര്യന്‍ ചന്ദ്രനെക്കാള്‍ 400 മടങ്ങ് വലിപ്പമുള്ള ഗോളമാണ്, അതേ സമയം അത് ചന്ദ്രനെക്കാള്‍ 400 മടങ്ങ് ദൂരെയുമാണ്. അതുകൊണ്ട് തന്നെ അവ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ഒരേ വലിപ്പത്തില്‍ കാണപ്പെടുന്നു. ചന്ദ്രന്‍ സൂര്യപ്രകാശത്തെ പൂര്‍ണമായും മറയ്ക്കുന്ന പ്രതിഭാസമാണ് പൂര്‍ണസൂര്യഗ്രഹണം. എന്നാല്‍ ചന്ദ്രന്റേത് ഒരു ദീര്‍ഘവൃത്താകാരമായ ഓര്‍ബിറ്റ് ആയതിനാല്‍ അത് ഭൂമിയില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥാനത്തായിരിക്കുമ്പോള്‍ അതിനു സൂര്യഗോലത്തെക്കാള്‍ വലിപ്പക്കുറവ് അനുഭവപ്പെടും. ഇത്തരം സമയങ്ങളില്‍ അതിനു സൂര്യനെ പൂര്‍ണമായും മറയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാവുന്നു, അങ്ങനെയാണ് വലയ സൂര്യഗ്രഹണം ഉണ്ടാവുന്നത്. എന്നാല്‍ ചിലസമയങ്ങളില്‍ ചന്ദ്രനും ഭൂമിയും സൂര്യനും കൃത്യമായി നേര്‍രേഖയില്‍ വരാതെ വരുന്ന സന്ദര്‍ഭങ്ങളിലും ഗ്രഹണം ഉണ്ടാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചന്ദ്രന്‍ സൂര്യഗോളത്തിന്റെ ഒരു ഭാഗം മാത്രം മറയ്ക്കുന്നതായി കാണപ്പെടും. അതിനെയാണ് ഭാഗികസൂര്യഗ്രഹണം എന്നു പറയുന്നത്. ഭൂമിയെ അപേക്ഷിച്ച് ചന്ദ്രനുള്ള വലിപ്പക്കുറവ് കാരണം ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ ഒരു ചെറിയ പ്രദേശത്ത്മാത്രമേ വീഴുകയുള്ളൂ. അതിനാല്‍ ഒരേ സമയം ഭൂമിയില്‍ എല്ലാവര്‍ക്കും സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല, അതൊരു പ്രത്യേകസ്ഥലത്ത് മാത്രമേ ദൃശ്യമാകൂ.

ചന്ദ്രഗ്രഹണം - Lunar Eclipse


ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരികവഴി ചന്ദ്രനിലേക്കുള്ള സൂര്യപ്രകാശം തടയപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. മൂന്നു ഗോളങ്ങളും ഒരേ രേഖയില്‍ വരുന്ന പൌര്‍ണമി ദിവസങ്ങളിലാണ് ഇത് സംഭവിക്കുന്നത്. അടിസ്ഥാനപരമായി സൂര്യഗ്രഹണത്തിനോട് സമാനമായ പ്രതിഭാസമാണ് ഇത്, ഇത്തവണ ചന്ദ്രനുപകരം ഭൂമിയാണ് നടുക്ക് വരുന്നത് എന്നുമാത്രം. ഭൂമിയുടെ നിഴലാണ് ചന്ദ്രനില്‍ വീഴുന്നത് എന്നതിനാല്‍ ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണാന്‍ കഴിയുന്ന എല്ലാ സ്ഥലത്തും ഒരു ചന്ദ്രഗ്രഹണം ദൃശ്യമാവും.

നക്ഷത്രഗ്രഹണം - Stellar Eclipse

 തിളക്കത്തില്‍ വ്യത്യാസമുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന ഇരട്ടനക്ഷത്രങ്ങള്‍ പരസ്പരം ചുറ്റിത്തിരിയുമ്പോള്‍ ഉണ്ടാവുന്ന പ്രതിഭാസമാണ് നക്ഷത്രഗ്രഹണം. പക്ഷേ ഇത്തരത്തിലുള്ള എല്ലാ നക്ഷത്രജോഡികളിലും ഇത് ദൃശ്യമാകില്ല. അവയുടെ പരിക്രമണപഥത്തിന്റെ തലം ഭൂമിയില്‍ നിന്നുള്ള ദൃഷ്ടിരേഖയ്ക്ക് സമാന്തരമാണെങ്കില്‍ മാത്രമേ ഇത് കാണാന്‍ കഴിയൂ. അത്തരം നക്ഷത്രജോഡികള്‍ Eclipsing binaries എന്നാണ് അറിയപ്പെടുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രം തിളക്കം കൂടിയ നക്ഷത്രത്തിന്റെ മുന്നില്‍ കൂടി കടന്നുപോകുമ്പോള്‍ ആ ജോഡിയുടെ ആകെ തിളക്കം കുറയുന്നതായി കാണപ്പെടും. Persus നക്ഷത്രഗണത്തിലെ അല്‍ഗോള്‍ A, B നക്ഷത്രങ്ങള്‍ ചേര്‍ന്ന ജോഡിയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു Eclipsing binary. ഇവയില്‍ തിളക്കം കുറഞ്ഞ B നക്ഷത്രം തിളക്കം കൂടിയ A യുടെ മുന്നില്‍ കൂടി കടന്നുപോകുന്ന സമയത്ത് ഗ്രഹണം നടക്കുകയും അല്‍ഗോളിന്റെ തിളക്കം ഏതാണ്ട് മൂന്നരമടങ്ങ് കുറയുകയും ചെയ്യും.

സംതരണം - Transit 

ശുക്രസംതരണം

(കാഴ്ചയില്‍) ചെറിയ ഒരു ആകാശഗോളം അതിനെക്കാള്‍ (കാഴ്ചയില്‍) വലിയ മറ്റൊരു ഗോളത്തിന് മുന്നിലൂടെ കടന്നുപോകുന്ന പ്രതിഭാസമാണ് സംതരണം അല്ലെങ്കില്‍ Transit. ഇവയില്‍ ഏറ്റവും പ്രശസ്തമായതാണ് ശുക്രസംതരണം എന്ന Transit of Venus. സൂര്യഗോളത്തിന് മുന്നില്‍ കൂടി ഒരു കറുത്ത പൊട്ട് പോലെ ശുക്രഗ്രഹം കടന്നുപോകുന്ന അപൂര്‍വമായ കാഴ്ചയാണിത്. ഇക്കഴിഞ്ഞ 2012 ജൂണ്‍ 6- നാണ് അവസാനത്തെ ശുക്രസംതരണം നടന്നത്. ഇനി അത് 2117-ല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതുപോലെ കഴിഞ്ഞ 2006 -ല്‍ നടന്ന ബുധസംതരണം (Transit of Mercury) ഇനി 2016-ല്‍ നടക്കും. ഇവയൊക്കെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന സംതരണങ്ങള്‍ ആണ്. ടെലിസ്കോപ്പ് ഉപയോഗിക്കുകയാണെങ്കില്‍ മറ്റുഗ്രഹങ്ങള്‍ക്ക് മുന്നില്‍ കൂടി അവയുടെ ഏതെങ്കിലും ഉപഗ്രഹം കടന്നുപോകുന്നതും (ഉദാ: വ്യാഴത്തിന് മുന്നില്‍ കൂടി അയോ) ഒരു ഗ്രഹം മറ്റൊന്നിന് മുന്നില്‍ കൂടി കടന്നുപോകുന്നതുമായ (ഉദാ: വ്യാഴത്തിന് മുന്നില്‍ കൂടി ശുക്രന്‍) സംതരണപ്രതിഭാസങ്ങളും ദൃശ്യമാകും.
(സംതരണപ്രതിഭാസങ്ങളെ കുറിച്ചു കൂടുതല്‍ ഇവിടെ)

ഒക്കള്‍റ്റേഷന്‍ (Occultation)

ചന്ദ്രന്‍ Zeta Tauri നക്ഷത്രത്തെ മറയ്ക്കുന്ന കാഴ്ച 2012 ഏപ്രിലില്‍ ഫ്രാന്‍സില്‍ വെച്ചു പകര്‍ത്തിയത്

സംതരണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്. ഇവിടെ കാഴ്ചയില്‍ വലിയ ഒരു ആകാശഗോളം കാഴ്ചയില്‍ ചെറിയ മറ്റൊന്നിനെ പൂര്‍ണമായി മറച്ചുകൊണ്ട് അതിന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഇതിനെ ദ്വിതീയഗ്രഹണം (Secondary Eclipse) എന്നും വിളിക്കാറുണ്ട്. ഒക്കള്‍റ്റേഷന് ഏറ്റവും സാധാരണമായ ഉദാഹരണം നമ്മുടെ ചന്ദ്രന്‍ പിന്നിലുള്ള നക്ഷത്രങ്ങളെ മറച്ചുകൊണ്ട് കടന്നുപോകുന്നതാണ്. ഇതുപോലെ ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും ഒക്കെ നക്ഷത്രങ്ങളെ ഒക്കള്‍ട്ട് ചെയ്യാറുണ്ട്. അപൂര്‍വമായി രണ്ടു ആകാശവസ്തുക്കള്‍ ഒരേ സമയം മറയ്ക്കപ്പെടുന്ന ഒക്കള്‍ട്ടേഷനുകളും ഉണ്ടാകാറുണ്ട്. ചന്ദ്രന്‍ ഒരേസമയം ശുക്ര-വ്യാഴഗ്രഹങ്ങളെ മറയ്ക്കുന്ന ഒരു കാഴ്ച 1998-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (കൂടുതല്‍ ഇവിടെ)

Nov 19, 2012

ചൊവ്വാദോഷത്തില്‍ എന്താണ് ദോഷം?


ഒരു ആവറേജ് മലയാളി കേട്ടാല്‍ പേടിക്കുന്ന ഒരു വാക്കാണ് ചൊവ്വാദോഷം. ഇത് കാരണം സമയത്ത് പെണ്ണ് കെട്ടാന്‍ കഴിയാത്ത പുരുഷന്മാരും കെട്ടാച്ചരക്കുകള്‍ എന്ന ലേബലില്‍ പുരയും പറമ്പും പഞ്ചായത്തും വരെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും അനവധിയാണ്. എല്ലാവരും ചൊവ്വാദോഷം ചൊവ്വാദോഷം എന്ന്‍ പറഞ്ഞു ഉടക്കുണ്ടാക്കുന്നതല്ലാതെ ഇവരൊക്കെ ഈ സംഗതി എന്താണെന്ന് അറിഞ്ഞിട്ടാണോ ബഹളം വെക്കുന്നത് എന്നത് സംശയമാണ്. നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കലാപരിപാടിയാണ്, കറക്കം എന്നറിയുമോ? ഭൂമിയ്ക്ക് സ്വന്തം അച്ചുതണ്ടില്‍ ഒരു കറക്കം, പിന്നെ സൂര്യന് ചുറ്റും ഒരു കറക്കം, എല്ലാ ഗ്രഹങ്ങള്ക്കും ഇതുപോലെ ഒരു സ്വയം കറക്കം പിന്നെ സൂര്യന് ചുറ്റുമുള്ള ഒരു കറക്കം, ചന്ദ്രനു ഭൂമിയ്ക്ക് ചുറ്റും ഒരു കറക്കം... അങ്ങനെ ചുറ്റും നോക്കിയാല്‍ ആകെ കറങ്ങിപ്പോകുന്ന തരം കൂട്ടക്കറക്കം! ഈ കറക്കത്തിന്റെ പേരും പറഞ്ഞാണ് കണ്ട ജോല്‍സ്യന്മാരും കൈനോട്ടക്കാരുമൊക്കെ നമ്മളെ ഇട്ടു കറക്കുന്നത് എന്ന് നമ്മള്‍ ആദ്യം അറിയണം. അക്കൂട്ടത്തില്‍ നമ്മളെ ഏറ്റവും കറക്കുന്ന ഒന്നായ ചൊവ്വാദോഷത്തിലെ നേരെ ചൊവ്വെ അല്ലാത്ത ദോഷങ്ങളെ പറ്റിയാണ് നമ്മള്‍ സംസാരിക്കാന്‍ പോകുന്നത്.

ആദ്യം ഭൂമിയുടെ രണ്ടു പ്രധാന കക്കങ്ങളെ നമ്മള്‍ ഒന്നു വിശദമായി പരിചയപ്പെടണം. 1. സ്വയം കറക്കം: ഉല്‍സവപ്പറമ്പിലൊക്കെ കുഞ്ഞുങ്ങളെ കളിക്കാറിലോ  പ്ലെയിനിലോ ഒക്കെ ഇരുത്തി കറക്കി കളിപ്പിക്കുന്ന merry-go-around എന്ന കളിപ്പാട്ടത്തില്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കുക. ചുറ്റുമുള്ളതെല്ലാം നിങ്ങള്ക്ക് ചുറ്റും കറങ്ങുന്നതായി തോന്നും. ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരു തവണ സ്വയം കറങ്ങുന്നതുകൊണ്ട് ആകാശത്തിലെ എല്ലാ വസ്തുക്കളും ഈ സമയം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റും. ഇതാണ് ഉദയം-അസ്തമയം എന്നീ പ്രതിഭാസങ്ങളുടെ സീക്രട്ട്. 2. സൂര്യനുചുറ്റുമുള്ള കറക്കം: ഇത് കാരണം സൂര്യന്‍ ഒരു വര്ഷം കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റുന്നപോലെ തോന്നും. ഇത്രയും സ്ലോ ആയ ചലനം എങ്ങനെ നമ്മള്‍ തിരിച്ചറിയും? വഴിയുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം പോലും സൂര്യനെക്കാള്‍ 3 ലക്ഷം മടങ്ങ് (ഏകദേശം 40,000,000,000,000 കി.മീ.) ദൂരെയാണ് എന്നതുകൊണ്ട് വെറും 30 കോടി കി.മീ. മാത്രം വ്യാസമുള്ള ഒരു വൃത്തത്തില്‍ കറങ്ങുന്ന ഭൂമിയെ സംബന്ധിച്ചു നക്ഷത്രങ്ങളുടെ സ്ഥാനം മാറുന്നതേയില്ല. അതുകൊണ്ട് നക്ഷ്ത്രങ്ങളെ അപേക്ഷിച്ച് സൂര്യന് വരുന്ന സ്ഥാനമാറ്റം നിരീക്ഷിച്ചാല്‍ ഈ ഒരു വര്‍ഷം കൊണ്ടുള്ള കറക്കം മനസിലാക്കാന്‍ കഴിയും (ഇന്ന് രാത്രി 12 മണിക്ക് തലയ്ക്ക് മുകളില്‍ കാണുന്ന നക്ഷത്രമാകില്ല ഒരു മാസം കഴിഞ്ഞു നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍ കാണുക എന്നര്‍ത്ഥം). ഭൂമിയെപ്പോലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റി ഇതേ തലത്തില്‍ കറങ്ങുന്നതുകൊണ്ട് ഇവരും ഭൂമിയെ ചുറ്റുന്നപോലെ നമുക്ക് കാണപ്പെടും. ഇതിന്‍റെയൊക്കെ ആകെത്തുക എന്താണെന്നോ? ആകാശത്തേക്ക് നോക്കി സൂര്യനെ ഉള്‍പ്പെടുത്തി തലയ്ക്ക് മുകളില്‍ കൂടി ഭൂമിയ്ക്ക് ചുറ്റും സൂര്യന്‍ ഉദിച്ചു അസ്തമിക്കുന്ന ദിശയില്‍ ഒരു വലിയ റിബണ്‍ (അല്ലെങ്കില്‍ ബാന്‍ഡ്) സങ്കല്‍പ്പിച്ചാല്‍ ചന്ദ്രനും മറ്റ് ഗ്രഹങ്ങളും എല്ലാം എല്ലാ സമയത്തും ഈ ബാന്‍ഡില്‍ എവിടെയെങ്കിലും തന്നെ കാണും. ഈ ബാന്‍ഡിന്റെ പകുതി മാത്രമേ നമുക്ക് ഒരു സമയം കാണാന്‍ കഴിയൂ, മറ്റെ പകുതി ഭൂമിയുടെ മറുവശത്ത് ആയിരിയ്ക്കും. ഇനി ഈ ബാന്‍ഡിനെ പന്ത്രണ്ടു തുല്യഭാഗങ്ങളായി വിഭജിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഓരോ ഗ്രഹവും ഈ പന്ത്രണ്ടില്‍ ഏത് ഭാഗത്ത് എന്നു പറയുകവഴി അവയുടെ ആകാശത്തെ സ്ഥാനം പറയുക എന്നതാണ് ഇങ്ങനെ വിഭജിക്കുന്നതിന് പിന്നിലെ ഉദേശ്യം.

ഇത്രയുമാണ് ജോല്‍സ്യത്തിന്റെ അടിസ്ഥാനം പഠിക്കാന്‍ വേണ്ട ആവശ്യ സങ്കല്‍പ്പങ്ങള്‍. നമ്മള്‍ പറഞ്ഞ ഈ ആകാശ ബാന്‍ഡിനെയാണ് രാശിചക്രം (zodiac) എന്നു പറയുന്നത്. അതിന്റെ പന്ത്രണ്ടു ഭാഗങ്ങള്‍ ആണ് പന്ത്രണ്ടു രാശികള്‍ (zodiac signs). ഈ ഭാഗങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ എന്താ വഴി? തീര്‍ച്ചയായും ആകാശത്തു സ്ഥാനം മാറാതെ നില്‍ക്കുന്ന നക്ഷത്രങ്ങളെയാണ് അതിനു ഉപയോഗിക്കുന്നത്. ഓരോ രാശിയിലും കാണുന്ന കുറെ തിളക്കമുള്ള നക്ഷത്രങ്ങളെ തമ്മില്‍ യോജിപ്പിച്ച് ഓരോ രൂപം സങ്കല്‍പ്പിച്ച് അതിനൊക്കെ ഓരോ പേരും കൂടി ഇട്ടാല്‍ രാശികളെ തമ്മില്‍ തിരിച്ചറിയാന്‍ ഉള്ള മാര്‍ഗമായില്ലെ? ചുരുക്കിപ്പറഞ്ഞാല്‍ ആകാശത്തില്‍ വിവിധ ഗ്രഹങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ തിരിച്ചറിയുവാന്‍ ഉപയോഗിയ്ക്കുന്ന indicators ആണ് സിംഹം, തേള്‍, ഞണ്ട് തുടങ്ങിയ രൂപങ്ങളില്‍ നമ്മള്‍ കാണുന്ന zodiac signs.
ഇനി അറിയേണ്ട ഒരു സംഗതിയാണ് ഗ്രഹനില അഥവാ horoscope. പേര് സൂചിപ്പിക്കും പോലെ അത് ഗ്രഹങ്ങളുടെ നില അല്ലെങ്കില്‍ സ്ഥാനം ആണ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേകസമയത്തെ ഗ്രഹനില സൂചിപ്പിക്കുന്നത് ആ സമയത്ത് ഗ്രഹങ്ങളൊക്കെ ഏത് രാശികളില്‍ നില്‍ക്കുകയായിരുന്നു എന്നാണ്. നിങ്ങള്‍ ഒരു ഗ്രഹനില (horoscope) എടുത്തുനോക്കിയാല്‍ അതില്‍ 12 കളങ്ങള്‍ കാണാം. ഇതില്‍ ഓരോ കളവും മേടം, ഇടവം, മിഥുനം എന്നിങ്ങനെ ഓരോ രാശികളെ സൂചിപ്പിക്കുന്നു. അതിലൊക്കെ ഗു, കു, ശു, എന്നിങ്ങനെ ചില തമാശ ചിഹ്നങ്ങളും എഴുതിയിട്ടുണ്ടാവും അല്ലേ? അതെല്ലാം ഗ്രഹങ്ങളെ സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍ ആണ്. അതില്‍ ഗു എന്നത് വ്യാഴവും (ഗുരു), ശു ശുക്രനും, ബു ബുധനും കു ചൊവ്വയും (കുജന്‍), ച ചന്ദ്രനും, ര സൂര്യനും (രവി) സ രാഹുവും (സര്‍പ്പം) ശി കേതുവും (ശിഖി)  മ ശനിയും (മന്ദന്‍) ആണ്. ഇപ്പോ ഒരു കുട്ടിയുടെ ഗ്രഹനിലയില്‍ ര, ബു, ശു എന്നീ ചിഹ്നങ്ങള്‍ ഒരേ കളത്തില്‍ കാണുന്നു എന്നു വെക്കുക. ആ കുട്ടി ജനിക്കുമ്പോള്‍ സൂര്യനും ബുധനും ശുക്രനും ഒരേ രാശിയില്‍ ആയിരുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ഗ്രഹനിലയില്‍ ഒരു രാശിയില്‍ 'ല' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടോ? ലഗ്നം എന്ന ഇത് ഒരു ഗ്രഹമല്ല, മറിച്ച് ഒരു indicator മാത്രമാണ്. ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ തൊട്ടു നിന്ന (അതായത് ജനനസമയത്ത് ഉദിച്ച് കൊണ്ടിരിക്കുകയായിരുന്ന) രാശിയാണ്, ലഗ്നരാശി. ഇതിനെ ഒന്നാം ഭാവം എന്നും പറയും. ലഗ്നത്തിന്റെ കളത്തില്‍ നിന്നും  പ്രദക്ഷിണദിശയില്‍ ഗ്രഹനിലയിലെ കളങ്ങളെ രണ്ടാം ഭാവം, മൂന്നാം ഭാവം എന്നിങ്ങനെ കണക്കാക്കും.അതായത് ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കിഴക്ക് ഉദിച്ചുകൊണ്ടിരുന്നത് മകരം രാശിയാണെങ്കില്‍ മകരമായിരിക്കും അവന്‍റെ ലഗ്നം അല്ലെങ്കില്‍ ഒന്നാം ഭാവം (ചിത്രം കാണുക). അവിടെനിന്നും കുംഭം രണ്ടാം ഭാവം, മീനം മൂന്നാം ഭാവം എന്നിങ്ങനെ മറ്റു ഭാവങ്ങള്‍ കണക്കാക്കും. മലയാളമാസങ്ങള്‍ക്ക് പേര് കൊടുത്തിരിക്കുന്നത് ആ മാസത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശി നോക്കിയാണ്. നിങ്ങളുടെ ഗ്രഹനിലയില്‍ 'ര' രേഖപ്പെടുത്തിയിരിക്കുന്നത് ഇടവം രാശിയിലാണെന്ന് വെക്കുക, നിങ്ങള്‍ ഇടവമാസത്തില്‍ ജനിച്ച ആളാണെന്നാണ് അതിനര്‍ത്ഥം (ചിത്രത്തില്‍ ഉള്ളത് കന്നിമാസത്തിലെ ഗ്രഹനിലയാണ്). ഇനി 'ര' യും 'ല' യും ഒരേ രാശിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്നിരിക്കട്ടെ. എന്താണ് അതിനര്‍ത്ഥം? നിങ്ങള്‍ ജനിച്ചപ്പോള്‍ കിഴക്ക് ഉദിച്ചുകൊണ്ടിരുന്ന രാശിയില്‍ സൂര്യനും ഉണ്ടായിരുന്നു. അതായത് നിങ്ങള്‍ ജനിച്ചത് സൂര്യോദയത്തോട് അടുത്ത ഒരു സമയത്ത് ആയിരുന്നു എന്ന് അതില്‍ നിന്നും മനസിലാക്കാം. (ഇതുപോലെയുള്ള അര്‍ത്ഥത്തില്‍ പഴയകാലത്തെ മഹാന്മാര്‍ ആവിഷ്കരിച്ച അതിവിദഗ്ദമായ ഒരു കണ്ടുപിടിത്തമാണ് ഗ്രഹനില. അതിന്റെ വിശദാംശങ്ങള്‍ മറ്റൊരിക്കല്‍ ആകട്ടെ) നമുക്ക് നമ്മുടെ പ്രധാന പ്രശ്നത്തിലേക്ക് വരാം, ചൊവ്വാദോഷം.

ഗ്രഹനിലയില്‍ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ചൊവ്വാഗ്രഹം നിന്നാല്‍ (ജ്യോല്‍സ്യന്‍റെ ഭാഷയില്‍ കുജന്‍ ഏഴിലോ എട്ടിലൊ നിന്നാല്‍) ആ ഗ്രഹനിലയുടെ ഉടമയ്ക്ക് ചൊവ്വാദോഷം ഉണ്ടെന്ന് പറയും. എന്താണ് ഇതിലെ ദോഷം? മൊത്തം പന്ത്രണ്ട് രാശികള്‍. അപ്പോള്‍, ഒരു സമയത്ത് ആറെണ്ണമേ ആകാശത്തു ഉണ്ടാവൂ. ബാക്കി ഭൂമിയുടെ മറുവശത്ത് ആയിരിക്കുമല്ലോ(അത് ഇന്നത്തെ അറിവ്. അന്നത്തെ കാലത്ത് പരന്ന ഭൂമിയ്ക്ക് മറുവശം ഇല്ലായിരുന്നു എന്നോര്‍ക്കണം). കുഞ്ഞ് ജനിക്കുന്ന സമയത്ത് കിഴക്ക് ചക്രവാളത്തില്‍ ഉള്ള രാശി ഒന്നാം ഭാവം, അതായത് ആറാം ഭാവം ആ സമയത്ത് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കുകയായിരിക്കും. ഏഴും എട്ടും ഭാവങ്ങള്‍ തൊട്ടു മുന്പ് അസ്തമിച്ചു കഴിഞ്ഞ രാശികള്‍ ആണ്. ഒരു ദിവസംകൊണ്ട് പന്ത്രണ്ട് രാശികള്‍ ഉദിച്ച് അസ്തമിക്കും എന്ന് നേരത്തെ മനസിലാക്കിയല്ലോ. അപ്പോ ഒരു രാശി പൂര്‍ണമായി അസ്തമിക്കാന്‍ 24/12=2 മണിക്കൂര്‍ എടുക്കും. ഇതൊക്കെ ചേര്‍ത്ത് വളച്ചുകെട്ടില്ലാതെ നേരെ ചോവ്വെ അങ്ങ് പറഞ്ഞാല്‍ ഒരു സ്ഥലത്ത് ചൊവ്വ അസ്തമിച്ചശേഷം ഏതാണ്ട് 2 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ജനിച്ചവര്‍ ആണ് ജ്യോല്‍സ്യന്‍റെ കണ്ണില്‍ ചൊവ്വാദോഷം ബാധിച്ച കുഴപ്പക്കാര്‍!! ഇവിടെ വേറൊന്നുകൂടി ഓര്‍ക്കണം. ഈ ലഗ്നം എന്ന് പറയുന്നത് ഒരു സമയത്ത് പല സ്ഥലത്തും പലതായിരിക്കും. ഉദാഹരണത്തിന് തിരുവനന്തപുരത്ത് 12.10.2012 രാവിലെ 7 മണിക്ക് കന്നിരാശിയാണ് ലഗ്നം. ഇതേസമയത്ത് അങ്ങ് സൌത്ത് ആഫ്രിക്കയില്‍ കര്‍ക്കിടകരാശിയും വെനിസ്വേലയില്‍ മേടരാശിയും ആണ് ലഗ്നം. അതായത് ഏത് സമയം എടുത്താലും ലോകത്ത് എവിടെയെങ്കിലുമൊരു സ്ഥലത്ത് അപ്പോള്‍ ചൊവ്വ ഏഴിലോ എട്ടിലൊ ആയിരിക്കും. ഏഴും എട്ടും എന്നിങ്ങനെ പന്ത്രണ്ടില്‍ രണ്ട് ഭാവങ്ങള്‍ എന്ന കണക്ക് വെച്ച് നോക്കിയാല്‍ ലോകത്ത് ജനിക്കുന്നവരില്‍ 16.7% (2/12) ആളുകള്‍ ചൊവ്വാദോഷം ഉള്ളവര്‍ ആണ്. ഇവരില്‍ ലോകജനസംഖ്യയുടെ 17.18% ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ ഈ 17.18 ന്റെ 80% (അതായത് ലോകജനസംഖ്യയുടെ 2.29%) വരുന്ന ഹിന്ദുക്കള്‍ക്കു  മാത്രമേ ചൊവ്വ എന്തെങ്കിലും കുഴപ്പമുണ്ടാക്കുന്നുള്ളൂ എന്നത് ചൊവ്വയുടെ സ്വഭാവം അത്ര ചൊവ്വുള്ളതല്ല എന്നതാണോ കാണിക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് ഈ പക്ഷപാതം? പാത്ത് ഫൈണ്ടറും ഓപ്പര്‍ചൂനീട്ടിയും ക്യൂറിയോസിറ്റിയുമൊക്കെ എയ്തുവിട്ടു ഉപദ്രവിക്കുന്ന അമേരിക്കയിലെ ആളുകളെ വെറുതെ വിട്ടു പാവം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ കല്യാണം മുടക്കുന്നതിലേ ന്യായം എന്താണ്? ഇന്ത്യയുടെ അടുത്ത ചൊവ്വാപര്യവേഷണത്തിന്റെ ഭാഗമായി നമ്മുടെ മംഗല്‍യാന്‍ കൂടി അങ്ങ് ചെന്നാല്‍ ഇന്ത്യക്കാരോടുള്ള ചൊവ്വയുടെ ദേഷ്യം കൂടുമോ? ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു
 

Nov 14, 2012

കുഞ്ഞുങ്ങൾക്കെന്താണ് ഇത്ര ഭംഗി?

ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൗന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും, ബസില്‍ വെച്ചു കണ്ട ചേച്ചിയുടെ കൈയില്‍ ഇരുന്ന കുഞ്ഞായാലും, കോവളത്ത് കണ്ട മദാമ്മ ചേച്ചിയുടെ കുഞ്ഞായാലും ഇനി കാക്കക്കറുമ്പിയായ ഒരു ആഫ്രിക്കൻ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല, പ്രകടിപ്പിക്കുന്ന രീതി ചിലപ്പോള്‍ വ്യത്യസ്തമായി എന്നുവരാം. ചിലര്‍ക്ക് ദൂരെ നിന്നു നോക്കി രസിക്കാനായിരിക്കും ഇഷ്ടം, ചിലര്‍ക്ക് അവരെ ഒന്ന് തലോടിയോ, ഒന്നെടുത്ത് ഉമ്മ വെച്ചോ ഒന്ന് ചുറ്റിക്കറക്കിയോ ഒക്കെയായിരിക്കും സന്തോഷം വരിക. ഫെയിസ്ബുക്കില്‍ ഒരു സുന്ദരന്‍/സുന്ദരി വാവയുടെ ചിത്രം കണ്ടാല്‍ ഏത് കഠോരഹൃദയനും ഒരു ലൈക്ക് അടിച്ചുപോവും, അതാണ് കുഞ്ഞുങ്ങളുടെ പവര്‍.

ഇനിയാണ് ചോദ്യം. കുഞ്ഞുങ്ങളിലെ എന്തു പ്രത്യേകതയാണ് അവര്‍ക്ക് ഇത്രയും സൌന്ദര്യം കൊടുക്കുന്നത്? നമ്മള്‍ എല്ലാവരും ഒരുകാലത്ത് നല്ല 'Cute Babies' ആയിരുന്ന സ്ഥിതിക്ക് ചോദ്യം ഇങ്ങനെയും ചോദിക്കാം, അന്ന് ഉണ്ടായിരുന്ന എന്താണ് നമുക്ക് ഇന്ന്‍ നഷ്ടമായിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ലല്ലോ, എല്ലാ മൃഗങ്ങളുടേയും കുഞ്ഞുങ്ങള്‍ക്ക് ഈ ഒരു ഓമനത്തം ഉണ്ടല്ലോ. അത് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കുട്ടി ആയാലും നമ്മളെ വിറപ്പിക്കാന്‍ പോന്ന സിംഹത്തിന്റെ കുട്ടിയായാലും അവരുടെ കളികള്‍ നോക്കി നില്ക്കാന്‍ ഒരു പ്രത്യേക ഭംഗിയുണ്ട്. അപ്പോ ഈ കുഞ്ഞായിരിക്കുമ്പോള്‍ ഉള്ള അഡീഷണല്‍ സൗന്ദര്യം മനുഷ്യന്റെ മാത്രമല്ലാത്ത പ്രത്യേകതയാണ്.
ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് പണ്ടേ ആലോചിച്ചിട്ടുണ്ട്. നമ്മള്‍ ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, പ്രകൃതി സൗന്ദര്യം ഉണ്ടാക്കുന്നില്ല എന്നതാണ്. അവള്‍ സൗന്ദര്യസങ്കല്‍പ്പം മാത്രമാണ് ഉണ്ടാക്കുന്നത്. പ്രകൃതിയില്‍ ഇതിനകം ഉള്ള വസ്തുക്കളില്‍ ചില പ്രത്യേക രൂപങ്ങളുടെ ദൃശ്യം നമുക്ക് സന്തോഷം ഉണ്ടാക്കും. സംഗീതത്തിന്റെ ശബ്ദം സന്തോഷമുണ്ടാക്കുന്ന പോലെ തന്നെ. (നമ്മുടെ കോളേജുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ നടക്കുന്ന നിഷ്കളങ്കമായ വായ്നോട്ടങ്ങള്‍ക്ക് പിന്നിലും ഈ സന്തോഷം തന്നെയാണ്). അതുകൊണ്ട് അവയോട് നമുക്ക് ആകര്‍ഷണം തോന്നും. ആ ആകര്‍ഷണം തോന്നിക്കുന്ന, നമ്മുടെ തലച്ചോറില്‍ ഉള്ള ഒരു കോഡ് ആണ് നമ്മുടെ സൗന്ദര്യസങ്കല്‍പ്പം. ഇന്നത്തെ സൗന്ദര്യസങ്കല്‍പം അനുസരിച്ചു കുഞ്ഞുങ്ങളുടെ പ്രത്യേകതകളായ, ശരീരത്തെ അപേക്ഷിച്ച് അല്പം വലിപ്പമുള്ളതും ഉരുണ്ട് സമമിതി (symmetry) ഉള്ളതുമായ തല, വലിയ കണ്ണുകള്‍, ചെറിയ വായ്, ചെറിയ മൂക്ക്, വീര്‍ത്ത കവിളുകള്‍, നീളം കുറഞ്ഞ കൈകാലുകള്‍ എന്നിവ ചേര്‍ന്ന രൂപത്തോട് അടിസ്ഥാനപരമായി മനുഷ്യന് ആകര്‍ഷണം തോന്നും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ഈ രൂപത്തോട് നമുക്കുള്ള ഈ ആകര്‍ഷണത്തിന്റെ കാരണം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തിലേക്ക് ആണ് ബന്ധിപ്പിക്കപ്പെടുന്നത്. നമ്മുടെ മുന്‍തലമുറകളില്‍ എപ്പോഴോ ഏതോ ഒരു സ്ത്രീ Mutation വഴി അതിന് മുന്‍പുള്ള തലമുറയില്‍ നിന്നും വ്യത്യസ്തമായ രൂപവിശേഷങ്ങളോടെ ജനിച്ചിട്ടുണ്ടാകും എന്നും ഇന്ന് നമ്മള്‍ Cute എന്നു വിശേഷിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ രൂപത്തോട് അവള്‍ക്ക് ഒരു പ്രത്യേക മമത ഉണ്ടായതാവാം എന്നും കരുതുന്നു. ഈ മമത അവള്‍ പിന്‍തലമുറകള്‍ക്ക് കൈമാറി. അതുകൊണ്ട് ആ സൗന്ദര്യസങ്കല്‍പം അനുസരിച്ചു Cute ആയ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിഗണനയും കിട്ടുകയും, അവര്‍ക്ക് നിലനില്‍പ്പിനും പ്രത്യുല്‍പ്പാദനത്തിനും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അങ്ങനെ ആ സൗന്ദര്യസങ്കല്‍പ്പം വരും തലമുറകള്‍ക്ക് കൈമാറി കൈമാറിയാണ് നമ്മുടെ ഇന്നത്തെ സൗന്ദര്യസങ്കല്‍പ്പം ഉണ്ടായത് എന്നും വിശ്വസിക്കുന്നു. മറ്റൊരു കാരണം കൂടി ഒപ്പം പറയുന്നുണ്ട്. ജൈവചരിത്രം കണ്ട ഏറ്റവും മികച്ച വേട്ടക്കാരന്‍ ആയിരുന്നു മനുഷ്യന്‍. ഇതുപോലെ മറ്റ് പല ജീവികുലത്തെയും അപ്പാടെ തുടച്ചുമാറ്റിയ മറ്റൊരു സ്പീഷീസ് ഇല്ല. കുഞ്ഞുങ്ങള്‍ (ഏത് ജീവിയുടേത് ആയാലും) ദുര്‍ബലരാണെന്നതുകൊണ്ട് അവരാണു ഏറ്റവും എളുപ്പത്തില്‍ വേട്ടയ്ക്ക് ഇരയാകാന്‍ സാധ്യത. പക്വതയെത്തി പ്രത്യുല്‍പ്പാദനത്തിന് കഴിവുണ്ടാകും മുൻപ്  വേട്ടയാടപ്പെടുന്ന ഒരു സാഹചര്യം വന്നാല്‍, ആത്യന്തികമായി സകലജീവികളുടെയും ഉന്‍മൂലനാശമായിരിക്കും ഫലം. ഇതൊഴിവാക്കാന്‍ പ്രകൃതി നടത്തിയ കളിയാണ് കുഞ്ഞുങ്ങളുടെ രൂപത്തോട് മനസില്‍ ഉണ്ടാക്കിയ ആകര്‍ഷണം എന്നും കരുതപ്പെടുന്നു. ഒരു കുഞ്ഞിന്റെ ശരീരത്തില്‍ ചര്‍മ്മവും, അസ്ഥികളും, മസിലുകളും ഏതാണ്ട് ഒരേ അളവില്‍ ഉണ്ടായിരിക്കും. അതാണ് അതിന്റെ സവിശേഷമായ രൂപത്തിന്റെ കാരണം. എന്നാല്‍ വളരുന്നതിനനുസരിച്ച് ചര്‍മവും അസ്ഥികളും ശരീരഭാരത്തില്‍ ചുരുങ്ങുകയും മസിലുകളുടെ ഭാരം ഏതാണ്ട് ഇരട്ടിയാവുകയും ചെയ്യുന്നു. കാരണം ഇനി അവനോ അവൾക്കോ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയും, സ്വന്തം Cuteness -ന്റെ പേരില്‍ കിട്ടുന്ന സൗജന്യം ആവശ്യമില്ല. ഇങ്ങനെ തലമുറകളായി നമുക്ക് പൂര്‍വികരില്‍ നിന്ന് കിട്ടിയ സൗന്ദര്യസങ്കല്‍പ്പമാണ് നമ്മളെ ഇപ്പൊഴും കുഞ്ഞുങ്ങളിലേക്ക് ആകര്‍ഷിക്കുന്നതത്രേ.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം. നമ്മുടെ സൌന്ദര്യസങ്കല്‍പ്പത്തിന്റെ അടിസ്ഥാനപരമായ ഒരു മാനദണ്ഡമാണ് സമമിതി അഥവാ Symmetry. നല്ല സൌന്ദര്യമുള്ള ഒരു രൂപത്തില്‍, അതൊരാളുടെ മുഖമായാല്‍ പോലും, തീര്‍ച്ചയായും ഒരു symmetry ഉണ്ടാവും. കുഞ്ഞുങ്ങളുടെ മുഖത്ത് അത് പ്രത്യേകിച്ചും ഉണ്ടാവും. സൗന്ദര്യമുള്ള വസ്തുക്കളില്‍ കണ്ണുവെക്കുക, കണ്ണേറു കൊള്ളുക തുടങ്ങിയ (അന്ധ)വിശ്വാസങ്ങളുടെ ഫലമായി അതൊഴിവാക്കാന്‍ പണ്ടുള്ളവര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് കുഞ്ഞിന്റെ മുഖത്തെ symmetry ഇല്ലാതാക്കുക എന്നത്. അതിനാണ് കുഞ്ഞിന്റെ ഒരു കവിളത്ത് മാത്രം ഒരു കുത്തിടുക, നെറ്റിയില്‍ പൊട്ട് വെക്കുമ്പോള്‍ symmetrical ആവാതെ നെറ്റിയുടെ മദ്ധ്യഭാഗത്ത് നിന്നും മാറ്റി വെക്കുക തുടങ്ങിയ പതിവുകള്‍ നമ്മുടെ ആളുകള്‍ തുടങ്ങിയത്. പലപ്പോഴും എന്തിനെന്ന് പോലും അറിയാതെ അത് നമ്മള്‍ ഇപ്പൊഴും തുടരുന്നു. 

Nov 12, 2012

ഗണിതജ്ഞന്‍റെ കണക്ക് തെറ്റുമ്പോള്‍...

പതിനായിരക്കണക്കിന് ലൈക്കുകളുമായി ഫേയിസ്ബുക്കില്‍ കറങ്ങുന്ന ഒരു വീഡിയോ ലിങ്ക് ആണിത്. മുന്നില്‍ ഇരിക്കുന്നവരുടെ അജ്ഞത മുതലെടുത്ത് കല്ലുവെച്ച നുണ അടിച്ചു വിട്ടു ചില രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്ന് ഇന്ത്യയിലെ തന്നെ വലിയ പ്രശസ്തിയും ആള്‍ബലവും ഉള്ള ഒരു വാഴ്ത്തപ്പെട്ടവന്‍ ആണ്. (അതുതന്നെയാകണം അജണ്ടയിലെ മുഖ്യ ഇനം, പ്രശസ്തി). രണ്ട് കാര്യങ്ങളാണ് അയാളുടെ പ്രധാന പിടിവള്ളികള്‍- ഒന്ന് അയാള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് തീരെ അറിയില്ല. രണ്ട്, സ്വന്തം രാജ്യത്തോട് ജനങ്ങള്‍ക്കുള്ള വൈകാരിക അടുപ്പം. നമ്മുടേത് വലിയ മഹത്തായ പാരമ്പര്യമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന അഭിമാനം കാരണം അയാള്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നില്ല. ഇപ്പറഞ്ഞ കാര്യം പ്രശസ്തിയുടെ ആദ്യഘട്ടത്തില്‍ മാത്രം മതിയാകും. പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ ഒരാള്‍ പറയുന്നതില്‍ ജനങ്ങള്‍ക്ക് തീരെ സംശയം തോന്നില്ല.
അടിസ്ഥാനരഹിതമായി ഇയാള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ ഒരു വിശകലനമാണ് ഇവിടെ ഉദേശിക്കുന്നത്. ദാ തുടങ്ങുന്നു

സത്യം 1: 'ഫൂമി' ഉരുണ്ടതാണെന്ന് 10000 വര്‍ഷങ്ങള്‍ക്ക് മുന്പ് നമ്മള്‍ 'ഫാരതീയര്‍ക്ക്' അറിയാമായിരുന്നു. കാരണം വിഷ്ണുവിന്റെ വരാഹാവതാരം ഭൂമിയെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കുന്ന ചിത്രത്തില്‍ ഭൂമി ഉരുണ്ടതായാണ് കാണപ്പെടുന്നത്.

അല്ല ഒരു സംശയം, ഈ ഹിന്ദുക്കള്‍ക്ക് പഴയകാലം എന്ന് പറഞ്ഞാല്‍ 10000 വര്‍ഷത്തില്‍ കുറഞ്ഞ കണക്കൊന്നും ഇല്ലേ? ഇന്നാള് വേറൊരു മഹാനും പറയുന്ന കേട്ടു 10000 വര്ഷം മുന്‍പത്തെ കാര്യം. ഈ വരാഹാവതാരത്തെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചന പോലും ക്രിസ്തുവിന് വെറും 500 വര്ഷം മാത്രം മുന്പ് എഴുതപ്പെട്ട ഛാന്ദോക്യോപനിഷത്തില്‍ ആണ്. അതായത് എങ്ങനെ കൂട്ടിയാലും 2500 വര്‍ഷത്തിന് മുകളില്‍ അത് പോവില്ല! വരാഹപുരാണം ഉള്‍പ്പടെയുള്ള പുരാണങ്ങള്‍ മിക്കതും എഴുതപ്പെട്ടത് ക്രിസ്തുവര്‍ഷം 3-5 നൂറ്റാണ്ടുകളില്‍ ഗുപ്ത കാലഘട്ടത്തില്‍ ആണ്. (ക്രിസ്ത്യാനികളെ സംബന്ധിച്ച് ആണെങ്കില്‍ ഭൂമി ഉണ്ടായിട്ട് തന്നെ വെറും 6000 വര്‍ഷമേ ആയിട്ടുള്ളൂ. അപ്പോഴാണ് ഹിന്ദുക്കള്‍ 10000 വര്‍ഷം മുന്പ് എഴുതിയ പൊത്തകത്തിന്റെ കണക്ക് പറയുന്നത്). മറ്റൊന്നുള്ളത് വരാഹപുരാണത്തില്‍ ഭൂമി എന്ന് സൂചിപ്പിക്കുന്നതല്ലാതെ അത് പരന്നത് എന്നോ ഉരുണ്ടത് എന്നോ പറയുന്നില്ല. ഇവിടെ സാര്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അടുത്ത കാലത്ത് വരയ്ക്കപ്പെട്ടതാണ്. വികിപീഡിയയില്‍ കാണുന്ന 1923 ല്‍ വരയ്ക്കപ്പെട്ട വരാഹാവതാര ചിത്രത്തില്‍ ഭൂമിയ്ക്ക് ഒരു മലയുടെ രൂപം ആണെന്നത് കൂടി ശ്രധിക്കുമ്പോള്‍ സാറിന്റെ ഉദ്ദേശം വ്യക്തമാവും. ഇതൊക്കെ പോട്ടെ, ഈ പറയുന്ന സംഗതി ഒക്കെ സത്യമാണെന്ന് സമ്മതിച്ചാല്‍ തന്നെ ഭൂമിയെ ഏതോ കടലില്‍ നിന്നും പൊക്കിയെടുത്തു എന്ന് പറയുന്ന ഭൂലോക വിഡ്ഢിത്തത്തെ കുറിച്ച് സാറിന് ഒന്നും പറയാനില്ല. ഭൂമിയെ മുക്കാന്‍ പോന്ന ആ കടല്‍ എവിടെയാണാവോ?
കഴിഞ്ഞില്ല, ഫാരതത്തിലെ പഴയ പുലികളുടെ മഹത്വം കാണിക്കാന്‍ സാര്‍ യൂറോപ്യന്‍മാര്‍ക്കിട്ട് ഒരു താങ്ങും കൊടുക്കുന്നുണ്ട്. അപ്പോളോ മിഷന്‍ (1970's) എടുത്ത ഭൂമിയുടെ ചിത്രം കാണുന്നതുവരെ ഭൂമി ഉരുണ്ടതാണെന്ന് യൂറോപ്യന്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന്. തള്ളുമ്പോള്‍ ആഞ്ഞു തള്ളണമല്ലോ അല്ലേ? പണ്ട് പതിനഞ്ചാം നൂറ്റാണ്ടില്‍ മഗല്ലന്‍ കപ്പലില്‍ യാത്ര പോയ കഥ സ്കൂള്‍ മുതല്‍ പഠിക്കുന്ന ചേട്ടന്‍മാര്‍ ആണ് മുന്‍പില്‍ ഇരുന്ന്‍ ഈ സാറിന് കൈയടിക്കുന്നത് എന്നോര്‍ക്കണം.

സത്യം 2: തിളക്കത്തില്‍ 15-ആം സ്ഥാനത്ത് നില്‍ക്കുന്ന അന്‍റാറസ് നക്ഷത്രത്തെ ജ്യേഷ്ഠ എന്ന് നമ്മള്‍ വിളിച്ചത് അത് സൂര്യനെക്കാള്‍ 40,000 മടങ്ങ് വലിപ്പമുള്ള, ആകാശത്തെ ഏറ്റവും വലിയ നക്ഷത്രമായതുകൊണ്ടാണ് .

നമ്മുടെ വൃശ്ചികം രാശിയിലെ ഏറ്റവും തിളക്കമുള്ള Antares നക്ഷത്രം ആകാശത്ത് 15-ആമത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. പക്ഷേ അതിന് സൂര്യനെക്കാള്‍ വെറും 880 മടങ്ങ് മാത്രമാണ് വലിപ്പം. ഈ 40,000 എന്ന നമ്പര്‍ ഒക്കെ സാറിന്റെ ഒരു 'നമ്പര്‍' ആണ്. തിളക്കത്തില്‍ എട്ടാമത് നില്‍ക്കുന്ന, ഒറിയോണ്‍ നക്ഷത്രഗണത്തിലെ Betelgeuse നക്ഷത്രം പോലും സൂര്യനെക്കാള്‍ 1200 മടങ്ങ് വലിപ്പമുള്ളതാണ്. അതിനെയോ സൂര്യനെക്കാള്‍ 1500 മടങ്ങ് വലിപ്പമുള്ള CY Canis Majoris എന്ന നക്ഷത്രത്തെയോ പോലും 'പഴയ പുലികള്‍' ജ്യേഷ്ഠ എന്ന് വിളിച്ചില്ലല്ലോ! ഇനിയിപ്പോ ജ്യേഷ്ഠ എന്ന് വിളിക്കാതിരിക്കാന്‍ ഇവരെല്ലാം അച്ഛന്റെ മുന്‍ ഭാര്യയില്‍ ഉണ്ടായ മക്കളാണോ?

സത്യം 3: മിക്ക ഇരട്ടനക്ഷത്രങ്ങളും ഒരെണ്ണം മറ്റേതിനെ ചുറ്റി കറങ്ങുന്നതായാണ് കാണപ്പെടുന്നത് (ചിത്രം കാണിക്കുന്നു). എന്നാല്‍ അരുന്ധതി-വസിഷ്ഠ നക്ഷത്ര ജോഡികള്‍ പരസ്പരം കറങ്ങുകയാണ് ചെയ്യുന്നത്. ഇതും നമ്മള്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പേ മനസിലാക്കി അവരെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയി സങ്കല്‍പ്പിച്ചു.

ഗണപതിക്ക് വെച്ചതേ കാക്ക കൊണ്ടുപോയി സാര്‍! സാര്‍ പറഞ്ഞപോലെ മിക്ക നക്ഷത്രജോടികളും ഒന്ന് മറ്റൊണിനെ ചുറ്റുന്ന രീതിയില്‍ അല്ല എന്നുമാത്രമല്ല, എല്ലാ നക്ഷത്രജോടികളും അവയുടെ പൊതുവായ ഗുരുത്വകേന്ദ്രത്തെയാണ് ചുറ്റുന്നത്. നക്ഷത്രങ്ങള്‍ മാത്രമല്ല, ഭൂമി-ചന്ദ്രന്‍ ഉള്‍പ്പെടെ കറങ്ങുന്ന എല്ലാ ആകാശഗോളങ്ങളും ഇത് തന്നെയാണ് ചെയ്യുന്നത്. ഭൂമി-ചന്ദ്രന്‍മാരുടെ കാര്യത്തില്‍ ഗുരുത്വകേന്ദ്രം ഭൂമിയുടെ ഉള്ളില്‍ ആയതുകൊണ്ട് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതായി നമുക്ക് തോന്നുന്നു. സൌരയൂദത്തിന്റെ മൊത്തം ഗുരുത്വകേന്ദ്രം സൂര്യന്റെ ഉള്ളില്‍ ആയതുകൊണ്ട് മാത്രമാണ് ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതായി കാണുന്നത്. യഥാര്‍ത്ഥത്തില്‍ സൂര്യന്‍ ഉള്‍പ്പെടെ എല്ലാവരും ഒരു പൊതു ഗുരുത്വകേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണ് ചെയ്യുന്നത്. ഏറ്റവും കോമണ്‍ എന്നുപറഞ്ഞു സാര്‍ കാണിക്കുന്ന ആദ്യ ചിത്രം പൊട്ടത്തെറ്റാണു.
ഇനി വസിഷ്ഠ-അരുന്ധതിമാരുടെ കാര്യം. Ursa Major എന്ന ഗണത്തിലെ Mizar - Alcor ജോഡികളെ ആണ് ഈ പറയുന്ന വസിഷ്ഠ-അരുന്ധതിമാര്‍ ആയിട്ട് ഭാരതീയജ്യോതിഷികള്‍ വിളിച്ചത്.  ഇവരെ രണ്ട് നക്ഷത്രങ്ങള്‍ ആയി തിരിച്ചറിഞ്ഞു അവരെ ദമ്പതികള്‍ ആയി കണക്കാക്കി എന്നതാണ് പഴമയുടെ മഹത്വമായി സാര്‍ പറയുന്നത്. മിക്ക ഇരട്ട നക്ഷത്രങ്ങളെയും വെറും കണ്ണുകൊണ്ട് രണ്ടായി തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, പണ്ട് മുതലേ കണ്ണിന്റെ കാഴ്ച പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഒരു ലോക്കല്‍ ടെസ്റ്റ് ആണ് Mizar-Alcor ജോഡികളെ വേര്‍തിരിച്ചു കാണാന്‍ കഴിയുമോ എന്ന് നോക്കുന്നത്. ആവേറേജ് കാഴ്ചശക്തി ഉള്ള ഏതൊരാള്‍ക്കും നല്ല ആകാശത്തില്‍ ഇവയെ രണ്ടായി തിരിച്ചറിയാന്‍ കഴിയും. അതിന് അതിഭയങ്കരമായ ദൈവീകശക്തി വേണം എന്നാണ് സാര്‍ ഇവിടെ അര്‍ഥമാക്കുന്നത്. പക്ഷേ പിന്നീട് ശാസ്ത്രം കണ്ടെത്തിയത് Mizar-Alcor എന്നത് രണ്ട് നക്ഷത്രങ്ങള്‍ അല്ല, മറിച്ച് 6 നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഒരു വ്യൂഹമാണെന്നാണ്. ആറുപേര്‍ ഉള്‍പ്പെടുന്ന ഒരു വിവാഹബന്ധം സാര്‍ എങ്ങനെ വിശേഷിപ്പിക്കുമോ എന്തോ!

IIT യില്‍ നിന്നും Mathematics ഇല്‍ MSc എടുത്ത സാര്‍ ഇതൊന്നും Maths സിലബസില്‍ ഇല്ലായിരുന്നു എന്നുപറഞ്ഞു ഒഴിഞ്ഞുമാറുമോ?

ന്യൂട്രിനോ പരീക്ഷണം- നമ്മള്‍ അറിയേണ്ടത്


മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ബൃഹത്തായ ഒരു ലേഖനമാണ് ഈ ലിങ്കില്‍  "പ്രപഞ്ചരഹസ്യമറിയാന്‍ നാം ബലിയാടാവണോ?" എന്നാണ് ചോദ്യം. ഇത്രേം നേരമെടുത്ത് ഇത്രേം മണ്ടത്തരങ്ങള്‍ ഒരുമിച്ച് എഴുതിക്കൂട്ടുക വഴി ഒന്നുകില്‍ മനപ്പൂര്‍വം ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ് അല്ലെങ്കില്‍ തന്റെ വിവരക്കേട് ഓവര്‍ വിവരത്തിന്റെ രൂപത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലേഖകനായ ശ്രീ വീ.ടീ.പത്മനാഭന്‍.

പ്രപഞ്ചത്തില്‍ പ്രകാശകണങ്ങള്‍ (ഫോട്ടോണ്‍) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കണങ്ങളാണ് ന്യൂട്രിനോകള്‍. ഇത്രയും കൂടുതല്‍ ഉണ്ടായിട്ടും 1965 ഇല്‍ മാത്രമാണ് അവയെ കണ്ടെത്തിയത് എന്നത് ഒരു സാധാരണക്കാരന് അത്ഭുതമായി തോന്നാം. ന്യൂട്രിനോകള്‍ അത്രയും പാവത്താന്‍മാരായ കണങ്ങള്‍ ആയതുകൊണ്ടാണ് അത്. അവയ്ക്ക് തീരെ പ്രതിപ്രവര്‍ത്തന ശേഷി ഇല്ല. ഒരു വസ്തുവിനെ കാണുകയോ/detect ചെയ്യുകയോ വേണമെങ്കില്‍ അത് നമ്മുടെ കണ്ണുമായോ detector ഉപകരണവുമായോ പ്രതിപ്രവര്‍ത്തിക്കണം. ഒരു വസ്തുവിനെ നാം കാണുന്നത് അതില്‍ നിന്നുള്ള ഫോട്ടോനുകള്‍ നമ്മുടെ കണ്ണുമായ് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. സൂര്യനില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും കോസ്മിക് കിരണങ്ങളില്‍ നിന്നും ഒക്കെ വരുന്ന ആയിരക്കണക്കിന് കൊടി ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തില്‍ കൂടി ഓരോ നിമിഷവും (ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ പോലും) കടന്ന് പോകുന്നു. ഇതിന് രാത്രി-പകല്‍ വ്യത്യാസമില്ല. കാരണം, ഭൂമിയ്ക്ക് ഒരിക്കലും ഇവയെ തടഞ്ഞുവെക്കാന്‍ കഴിയാത്തതിനാല്‍ സൂര്യന്‍ ഭൂമിയുടെ മറുവശം ആണെന്നത് ന്യൂട്രിനോകള്‍ക്ക് ഒരു തടസമേയല്ല. രാത്രി നമ്മുടെ ശരീരത്തില്‍ എത്താന്‍ ഭൂമിയുടെ വ്യാസത്തിന് തുല്യമായ ദൂരം കൂടുതല്‍ സഞ്ചരിക്കണം എന്നെയുള്ളൂ. (ഏതാണ്ട് പ്രകാശത്തിന് തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്ന അവയ്ക്ക് അതൊരു വിഷയമല്ല താനും) ഇത്രയധികം ന്യൂട്രിനോകള്‍ ഭൂമിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ലോകത്തിന്റെ പല കോണുകളിലും ഉള്ള പാര്‍ട്ടിക്കില്‍/റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ക്കൊന്നും ഇതിനെ കാണാനെ സാധിച്ചില്ല. ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ പാവത്താന്‍മാരെ
ആരും അത്ര പെട്ടെന്ന് ശ്രധിക്കില്ലല്ലോ. ഇത്രയും പ്രതിപ്രവര്‍ത്തന ശേഷി കുറഞ്ഞ ഇവയെ ഡിറ്റക്ട് ചെയ്യുക എന്നത് വലിയ ശ്രമകരമാണ്. അന്തരീക്ഷം മൊത്തം ഫോട്ടോനുകളും മറ്റ് കണങ്ങളും ഉള്ളതിനാല്‍ അക്കൂട്ടത്തില്‍ നിന്നും ന്യൂട്രിനോകളെ തിരഞ്ഞ് പിടിച്ചു ഡിറ്റക്ട് ചെയ്യുക പ്രയാസമാണ്. അതുകൊണ്ടാണ് ന്യൂട്രിനോ നിരീക്ഷണശാലകള്‍ ഭൂമിക്കടിയിലൊ വെള്ളത്തിനടിയിലൊ സ്ഥാപിക്കുന്നത്, മറ്റു കണങ്ങള്‍ അവിടെ എത്തില്ല എന്നതുകൊണ്ട് (നക്ഷത്രങ്ങളെ നന്നായി കാണാന്‍ മറ്റു പ്രകാശങ്ങള്‍ ഇല്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നില്‍ക്കുന്നതുപോലെ). മാത്രമല്ല, തീരെ പ്രതിപ്രവര്‍ത്തന ശേഷി ഇല്ലാത്തതുകൊണ്ട് തന്നെ വളരെ വലിയ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രയോജനവും ഉള്ളൂ. കൂടുതല്‍ മഴവെള്ളം ശേഖരിക്കാന്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിക്കണം എന്നപോലെ തന്നെ.

സൂര്യനില്‍ നിന്നും പിന്നെ ഭൂമിയിലെ ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ നിന്നുമൊക്കെ ഉണ്ടാകുന്നത് അടിസ്ഥാനപരമായി ഒരേ ന്യൂട്രിനോകള്‍ തന്നെയാണ്. ഇവയുടെ എല്ലാം ഊര്‍ജം 15-20 GeV (ഗിഗാ ഇലക്ട്രോണ്‍ വോള്‍ട്ട്) റെയിഞ്ചില്‍ ആയിരിക്കും. ഈ GeV, TeV തുടങ്ങിയ വാക്കുകള്‍ Very High Energy ആണ് എന്ന് പറയുന്നത് കേട്ട് ഞെട്ടരുത്. അതൊക്കെ വളരെ ചെറിയ സബറ്റോമിക കണങ്ങളെ സംബന്ധിച്ചാണ് Very High Energy ആവുന്നത്. ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അതിന്റെ താപനില ഒരു ഡിഗ്രീ ഉയര്‍ത്താന്‍ വേണ്ടി കൊടുക്കേണ്ട താപോര്‍ജം 14196000000000 GeV അല്ലെങ്കില്‍ 14196000000 TeV ആണെന്ന് മനസിലാക്കണം.

പപ്പനാവന്‍ ചേട്ടന്‍ പറയുന്ന പല കാര്യങ്ങളും നല്ല 916 ക്വാളിറ്റി മണ്ടത്തരമാണ്.

//സെപ്റ്റംബര്‍ 17 തിങ്കളാഴ്ച വി.എസ്. അച്യുതാനന്ദന്‍ ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി(INO)യുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാറ്റണമെന്നാവശ്യപ്പെട്ടു//

ഈ പറയുന്ന ദുരൂഹത എന്താണെന്ന് മനസിലാവുന്നില്ല. ഈനോ (INO) എന്ന് വിളിക്കുന്ന India-based Neutrino Observatory യുടെ http://www.ino.tifr.res.in/ino//index.php എന്ന സൈറ്റില്‍ ഈ സംരംഭത്തിന്റെ എല്ലാ വശങ്ങളും, ഇതിന്റെ ഉദ്ദേശ്യം, അതിലെ സയന്‍സ് എന്ന് വേണ്ട എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ പോലും വ്യക്തമായി നല്‍കിയിട്ടുണ്ട്. Frequently Asked Questions (FAQ) എന്ന തലക്കെട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സാധാരണക്കാരന്‍ ചോദിക്കാന്‍ സാധ്യതയുള്ള നൂറുകണക്കിന് ചോദ്യങ്ങള്‍ക്കാണ് INO വ്യക്തമായ ഉത്തരം നല്‍കിയിരിക്കുന്നത്. ഇത്രയും സുതാര്യമായ ഒരു സംരംഭത്തില്‍ ഉണ്ട് എന്നാരോപിക്കുന്ന ദുരൂഹത സഖാവ് വീയെസ്സിന്റെ ഈ വിഷയത്തിലുള്ള അറിവില്ലായ്മ മാത്രമാണ് കാണിക്കുന്നത്

// INO-യിലെ നിരീക്ഷണങ്ങളുടെ ഭാഗമായി ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന ന്യൂട്രിനോകള്‍ ഡിറ്റക്ടര്‍ കടന്ന് അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നത് എവിടെയായിരിക്കുമെന്ന് പറയുന്നില്ല. ബഹിര്‍ഗമിക്കുന്ന സ്ഥലത്തുനിന്ന് നൂറു കിലോമീറ്റര്‍വരെ റേഡിയേഷന്‍ ഉണ്ടാകാമെന്നാണ് പഠനങ്ങള്‍. അങ്ങനെയെങ്കില്‍ പരിസരവാസികള്‍ക്കും വികിരണമേല്‍ക്കാം. മാത്രമല്ല, മണ്ണിലും വെള്ളത്തിലും റേഡിയേഷന്‍ ഉണ്ടാകാനിടയുണ്ട്. ഫാക്ടറി മെയ്ഡ് ആയിട്ടുള്ള ഹൈ എനര്‍ജി ന്യൂട്രിനോകള്‍ എമര്‍ജ് ചെയ്യുന്ന സ്ഥലത്തെല്ലാം റിയാക്ഷന്‍ ഉണ്ടാകും. അതിന്‍െറ ഫലമായി മണ്ണില്‍ കുറെ റേഡിയോ ആക്ടിവ് പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു. ഇവ മഴവെള്ളത്തിലൂടെയും ഭൂഗര്‍ഭപ്രവാഹങ്ങളിലൂടെയും ഒലിച്ചിറങ്ങി ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു //

ഈ പഠനങ്ങള്‍ പറയുന്നു എന്ന് ചുമ്മാ അടിച്ചു വിടുമ്പോ എവിടെ എപ്പോ ആര് നടത്തിയ പഠനം എന്ന് പറയേണ്ട ബാധ്യതയുണ്ട് ലേഖകന്. അത് പറയണമെങ്കില്‍ അങ്ങനെ ഒരു പഠനഫലം ആരെങ്കിലും പുറത്ത് വിടണമല്ലോ. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു റേഡിയേഷന്‍ ഉണ്ടാകുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.

//ഒരു രാജ്യം സൂക്ഷിച്ചിരിക്കുന്ന ആറ്റംബോംബ് എവിടെയാണെന്ന് ശത്രുരാജ്യത്തിന് അറിയാമെന്നിരിക്കട്ടെ. ന്യൂട്രിനോ രശ്മികളെ നിര്‍ദിഷ്ട സ്ഥലത്തേക്ക് പറഞ്ഞയക്കാന്‍ശേഷിയുള്ള രാജ്യത്തിന്, തന്‍െറ രാജ്യത്തെ ലാബിലിരുന്നുകൊണ്ട് ന്യൂട്രിനോ രശ്മികള്‍ ഭൂമിക്കടിയിലൂടെ കടത്തിവിട്ടുകൊണ്ട് ആ ബോംബ് പൊട്ടിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. ന്യൂട്രിനോരശ്മികളെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ആശങ്കയുടെ കാതല്‍. ഉസാമ ബിന്‍ ലാദിന്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാമെങ്കില്‍ അയാളെ നശിപ്പിക്കാനായി വലിയ സന്നാഹങ്ങളുമായി അവിടെയെത്തുകയോ ബോംബിടുകയോ ഒന്നും വേണ്ട. ആ സ്ഥലത്തേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോബീം അയച്ച് ആ പ്രദേശം നശിപ്പിക്കാന്‍ കഴിയും//

ദേ വീണ്ടും പഠനങ്ങള്‍!! ഒന്നിനും തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത ന്യൂട്രിനോകളെ എത്ര ദൂരെക്ക് വേണമെങ്കിലും അയച്ചു ബോംബ് പൊട്ടിക്കാനോ ആളെ കൊല്ലാനോ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ ഒന്നിനും തടഞ്ഞു നിര്‍ത്താന്‍ പറ്റില്ല എന്നതിന്റെ കാരണം തന്നെ ഞാന്‍ ആദ്യം പറഞ്ഞതാണ്. ഒന്നിനോടും പ്രതിപ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെ. ഒരു ആളെ കൊല്ലണം എങ്കില്‍ അതിന് ഉപയോഗിക്കുന്ന സാധനം അയാളുമായി പ്രതിപ്രവര്‍ത്തിക്കണം. ന്യൂട്രിനോയ്ക്ക് അതിനുള്ള കഴിവില്ല എന്നാണ് ഇത്രനേരം പറഞ്ഞതും. ഒന്നിനോടും പ്രതിപ്രവര്‍ത്തിക്കാത്തതിനെ ഒന്നിനും ഉപയോഗിക്കാന്‍ കൊള്ളില്ല. അതുകൊണ്ട് ആയുധം ഉണ്ടാക്കാനാണ് ഈ പ്രോഗ്രാം എന്നൊക്കെ പറയുന്നതും ആനമണ്ടത്തരമാണ്. ഉസാമ ബിന്‍ ലാദനെ കൊല്ലുന്ന ട്രിക്ക് പപ്പനാവന്‍ ചേട്ടന്‍ ബാലരമയില്‍ എഴുതിയാല്‍ പോലും മണ്ടത്തരമായിട്ടേ കണക്കാക്കാന്‍ പറ്റൂ.

//ഇടുക്കിപോലുള്ള ഒരു ഭൂകമ്പസാധ്യതാമേഖലയില്‍ തുടര്‍ച്ചയായി മൂന്നു മുതല്‍ നാലു വര്‍ഷം വരെ നിരന്തരം പദ്ധതിപ്രദേശത്ത് വിസ്ഫോടനം നടത്തേണ്ടതുണ്ട്. ഇത്തരം വിസ്ഫോടനങ്ങള്‍വഴി റിക്ടര്‍സ്കെയിലില്‍ മൂന്നുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ സംഭവിക്കാം//

300 ഇല്‍ അധികം കരിങ്കല്‍ ക്വാറികള്‍ ഉള്ള ഇടുക്കി ജില്ലയില്‍ അതിലും വലിയ വിസ്ഫോടനങ്ങള്‍ ഒന്നും ഈനോ ഉണ്ടാക്കാന്‍ പോകുന്നില്ല. ഈ റിക്ടര്‍ സ്കെയിലില്‍ 3 രേഖപ്പെടുത്തുന്നത് അത്ര വലിയ ഭൂചലനം ഒന്നുമല്ല. റിക്ടര്‍ സ്കെയില്‍ 10-ആധാരമായ ഒരു ലോഗരിതമിക് സ്കെയില്‍ ആണ്. റിക്ടര്‍ 3 രേഖപ്പെടുത്തുന്നതിന്റെ 10 മടങ്ങ് ബലമുള്ള ചലനമായിരിക്കും റിക്ടര്‍ 4 രേഖപ്പെടുത്തുന്നത്. അതിലും 10 മടങ്ങ് വലുതായിരിക്കും റിക്ടര്‍ 5 രേഖപ്പെടുത്തുന്നത്. റിക്ടര്‍ 5 നു മുകളില്‍ ഉള്ളവയാണ് risky എന്ന് പരിഗണിക്കുന്ന ചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 2-3 വരെ ശക്തിയുള്ള ചലനങ്ങള്‍ ഭൂമിയില്‍ ഒരു വര്ഷം പത്ത് ലക്ഷത്തോളം എണ്ണം ഉണ്ടാകുന്നുണ്ട്.

ഇതേ കാര്യങ്ങള്‍ ഇതേ ആള്‍ countercurrents.org എന്ന സൈറ്റിലും ഇംഗ്ലീഷില്‍ എഴുത്തിപ്പിടിപ്പിച്ചിട്ടുണ്ട്. അതിനോടുള്ള വ്യക്തമായ മറുപടി 'ദുരൂഹം' എന്നുപറയുന്ന ഈനോയുടെ സൈറ്റില്‍ 10 പേജുകളില്‍ വിശദമായി നല്‍കിയിട്ടുണ്ട് എന്നതിനാല്‍ ഞാന്‍ അധികം പറയുന്നില്ല.

ഈനോ എന്നത് പൂര്‍ണമായും ഒരു ഇന്ത്യന്‍ സംരംഭമാണ്. നമ്മള്‍ ആദ്യമായിട്ടല്ല ഇത് ചെയ്യുന്നതും. 1965 ഇല്‍ നമ്മുടെ കോളാര്‍ ഖനികളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരീക്ഷണശാലയാണ് അന്തരീക്ഷന്യൂട്രിനോകളെ ആദ്യമായി കണ്ടെത്തുന്നത്. 1990 ഇല്‍ കോളാര്‍ ഖനി അടച്ചുപൂട്ടിയതോടെ അതും നിലയ്ക്കുകയായിരുന്നു. നമ്മുടെ രണ്ടാമത്തെ മഹത്തായ കാല്‍വെപ്പാണ് INO. ഇതില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടാകുന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അമേരിക്കയിലെ ഫെര്‍മി ലാബുമായുള്ള സഹകരണം ഒരു വലിയ പ്രശ്നമായി കുറെ പേര്‍ ഉയര്‍ത്തിക്കാട്ടുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നത്. നമ്മള്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കെട്ട് ചെമ്പ് വയറുകളും, കുറെ കാന്തക്കഷണങ്ങളും, പത്ത് ടെസ്റ്റ് ട്യൂബുകളും ഒരു ബക്കറ്റ് വെള്ളവുമൊക്കെ വെച്ച് ലോകോത്തര കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഒരു സമയമുണ്ടായിരുന്നു ശാസ്ത്രലോകത്തിന്. പക്ഷേ അതൊക്കെ വളരെ പണ്ട്. ഇനിയുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് വളരെ ബൃഹത്തായ പരീക്ഷണസംവിധാനങ്ങള്‍ കൂടിയേ തീരൂ. അമേരിക്ക എന്നല്ല ഒരു രാജ്യത്തിനും ഒറ്റയ്ക്ക് താങ്ങാവുന്നതിനെക്കാല്‍ ചെലവുള്ളതാണ് അതൊക്കെ. അതിനാല്‍ തന്നെ അന്താരാഷ്ട്ര സംരംഭങ്ങള്‍ ആയി മാത്രമേ ഇനിയുള്ള പഠനങ്ങള്‍ മുന്നോട്ട് പോകൂ. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കു ശാസ്ത്രലോകത്ത് കൂടുതല്‍ പ്രാമുഖ്യം വരണമെങ്കില്‍ ഇത്തരം സംരംഭങ്ങളെ നമ്മള്‍ പ്രോല്‍സാഹിപ്പിച്ചെ കഴിയൂ. അവര്‍ക്ക് കൂടുതല്‍ മികച്ച ഗവേഷണഅന്തരീക്ഷം ലഭ്യമാക്കാന്‍ അന്താരാഷ്ട്രസഹകരണം അത്യന്താപേക്ഷിതമാണ്. നോബല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ എല്ലാവരും വിദേശപൌരത്വം ഉള്ളവരാണ്. (സീ.വീ.രാമന്‍ ഒഴികെ. അതാകട്ടെ ബ്രിട്ടീഷ് ഭരണകാലത്തും) ശാസ്ത്രമേഖലയോടുള്ള നമ്മുടെ നയത്തിന്റെ പോരായ്മയാണ് അത് കാണിക്കുന്നത്. നമ്മുടെ പ്രഗല്‍ഭരായ ശാസ്ത്രപ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കാന്‍ രാജ്യം വിടേണ്ട ഗതികേട് ആണ് ഇവിടെയുള്ളത്. അമേരിക്കക്കാരന്‍ വെച്ച് നീട്ടിയ പൌരത്വം പുല്ലുപോലെ വലിച്ചെറിഞ്ഞിട്ട് സ്വന്തം രാജ്യത്തേക്ക് വന്ന നമ്പി നാരായണന്‍ എന്ന മഹാനായ ശാസ്ത്രജ്ഞനോട് നമ്മള്‍ കാണിച്ചതുംകൂടി കണ്ടാല്‍ ഒരു യുവശാസ്ത്രജ്ഞനും ഈ രാജ്യത്ത് നില്‍ക്കാന്‍ താല്‍പര്യപ്പെടുമെന്ന് തോന്നുന്നില്ല. എന്തിലും ഏതിലും രാഷ്ട്രീയം മാത്രം കാണുന്ന നമ്മുടെ രീതി മാറിയെ തീരൂ. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അധിനിവേശങ്ങള്‍ വെച്ച് ഫെര്‍മിലാബ് പോലുള്ള ലോകോത്തര സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ അടക്കം ഒരു ജനതയെ മൊത്തത്തില്‍ യുദ്ധവെറിയന്‍മാരായി കാണുന്നത് കഷ്ടമാണ്.

സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വീ.ടീ.പദ്മനാഭനെ പോലുള്ളവരും അത് ഏറ്റുപിടിക്കുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കണം എന്നൊരു അപേക്ഷയുണ്ട്. ദയവായി ഈ രാജ്യത്തിന്റെ ശാസ്ത്രപുരോഗത്തിയെ പിന്നോട്ടടിക്കരുത്

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന് ഒരു തുറന്ന കത്ത്


ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മദ്രാസ് ഐ‌ഐ‌ടി-യില്‍ നല്കിയ പ്രഭാഷണത്തെ അധികരിച്ച് ഞാന്‍ എഴുതിയ ലേഖനം ഒരുപാട് പേര്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം അതിനുള്ള മറുപടി അദ്ദേഹം നേരിട്ടു യൂട്യൂബ് വഴി നല്‍കുന്ന വീഡിയോ കണ്ട് സത്യത്തില്‍ ഞാന്‍ അമ്പരന്നു. കാരണം, അദേഹത്തിന് നേരിട്ടു മറുപടി പറയാന്‍ മാത്രമൊക്കെ പ്രാധാന്യം ആ ലേഖനത്തിനു ഉണ്ടാകുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. ഇത്തരുണത്തില്‍ അദേഹത്തിന്റെ അഭിമാനത്തോടെയുള്ള പ്രതികരണത്തോട് ഒരു മറുപടി നല്കേണ്ടത് എന്റെ കടമ ആയതിനാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി കുറിക്കട്ടെ

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണനോട് ആത്മാര്‍ഥമായ ക്ഷമാപണം നടത്തി തുടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഏറ്റവും പ്രധാനമായി അതിലെ ഗോക്രി എന്ന പദപ്രയോഗത്തില്‍.അത് അദേഹത്തിന്റെ വിമര്‍ശകര്‍ പൊതുവേ അദേഹത്തെ വിശേഷിപ്പിക്കുന്ന പദം ആണെന്നത് ഒരു ന്യായീകരണമായി ഞാന്‍ കാണുന്നില്ല. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ മുന്പും ഞാന്‍ പല ലേഖനങ്ങളും എഴുതിയിട്ടുണ്ട് എങ്കിലും, എന്റെ സുഹൃത്തുക്കളില്‍ ചിലരല്ലാതെ അതൊന്നും വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തതായി കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു ചെറിയ കൂട്ടം ആളുകളെ മുന്നില്‍ കണ്ടാണ് ഞാന് പ്രസ്തുത ലേഖനം എഴുതിയതും അതില്‍ ആ പദം ഉപയോഗിച്ചതും. നര്‍മ്മത്തിന്റെ മേംപൊടിയോടെ കാര്യങ്ങള്‍ പറയാന്‍ ഉദേശിച്ചതിനാല്‍ ആ പദം നിരുപദ്രവകാരി ആയിരിയ്ക്കും എന്നു ഞാന്‍ ധരിച്ചിരുന്നു. എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അത് വളരെയധികം ആളുകള്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അത്രയ്ക്കൊക്കെ പോപുലാരിറ്റി ഈ ലേഖനത്തിനു വരുന്നത് കണ്ടപ്പോള്‍ ആ പ്രയോഗം തെറ്റായിപ്പോയി എന്ന്‍ എനിക്കു ബോധ്യം വന്നു. എന്നെ പരിചയമില്ലാത്ത ഒരാള്‍ അത് വായിക്കുമ്പോള്‍ അത് വെറും ഒരു വ്യക്തിഹത്യ ആയി തോന്നും എന്ന് ഞാന്‍ മനസിലാക്കുന്നു. ഇത് എന്റെ ഭാഗത്ത് നിന്നുള്ള ഒരു വലിയ തെറ്റായി ഞാന്‍ അംഗീകരിക്കുന്നു.
രണ്ടാമതായി ഞാന്‍ നടത്തിയ മറ്റൊരു വിമര്‍ശനമാണ്, //കടപയാദി സംഖ്യാ സമ്പ്രദായം പഠിക്കാതെ ഗണിതം പഠിക്കാനെ കഴിയില്ല// ഇത് എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ച ഒരു പിഴവാണ്. കടപയാദി സംഖ്യാ സമ്പ്രദായം പഠിക്കാതെ 'ഭാരതീയഗണിതം' പഠിക്കാനെ കഴിയില്ല എന്നാണ് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അത് ശരിയാണ് താനും. ഭാരതീയഗണിതം എന്നത് വെറും ഗണിതമായി കേട്ട് അതിനെ വിമര്‍ശിച്ചത് എന്റെ തെറ്റാണ്. അതിനും ഞാന്‍ അദേഹത്തോട് എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.


ഇനി എനിക്കു പറയാനുള്ള കാര്യങ്ങള്‍ക്ക്, മറ്റൊരു തലക്കെട്ട് നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:

"എടാ തങ്കപ്പാ, ഈ ഇരിക്കുന്ന ഗോപാലകൃഷ്ണന്‍ സാറ് ആരാന്നാ നിന്റെ വിചാരം?"

ആദ്യമായിട്ടാണ് ഒരു ലേഖനത്തിനു ഗോപാലകൃഷ്ണന്‍ സാറ് ഇങ്ങനെ മറുപടി കൊടുക്കുന്നതു എന്ന് കേട്ടു. അത് എന്റെ വലിപ്പക്കുറവായി ഞാന്‍ കാണുന്നു. ഇതിന് മുന്പ് പലരും ഇതിനേക്കാള്‍ വിശദമായി അദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചിട്ടുണ്ട്. അവരൊക്കെ ഈ വിഷയങ്ങളില്‍ വലിയ വലിയ പുലികള്‍ ആണ്. മുന്പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി അവയില്‍ രണ്ടു ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.  ഈ ലേഖനം ശ്രീ ഉമേഷിന്‍റെ വക, ഇത് ഡോക്ടര്‍ സൂരജ് രാജന്റെ വക. ഇവകള്‍ക്കും കൂടി ഡോ ഗോപാലകൃഷ്ണന്‍ മറുപടി യൂട്യൂബിലൂടെ നല്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 
ഇനി അഭിമാനത്തോടെയുള്ള ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തോടുള്ള എന്റെ പ്രതികരണം:
മറുപടിയുടെ ആകെത്തുക എന്നോടുള്ള തെറിവിളി ആണെന്ന് അത് കേള്‍ക്കുന്ന ഒരാള്‍ക്ക് പിടികിട്ടും. ആദ്യമൊക്കെ വളരെ സൌമ്യനായി പറഞ്ഞുതുടങ്ങി എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ സാറിന്റെ ടെംപര്‍ പലയിടത്തും തെറ്റുന്നുണ്ട്. 'നല്ല പിതാവിനും മാതാവിനും ജനിക്കാതെ പോയതിന്റെ പ്രശ്നമാണ്' എന്ന തന്തയ്ക്കു വിളിയുടെ ആര്‍ഷഭാരതവെര്‍ഷന്‍ ആണ് പലയിടത്തും ഉപയോഗിക്കുന്നത് (പാവം, ഇതൊക്കെ ചെന്നു വീഴുന്നത് സാറിനെ സര്‍വജ്ഞന്‍ ആയി കണ്ട് ബഹുമാനിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും പുറത്താണ് എന്നത് സാര്‍ അറിയുന്നില്ലല്ലോ). ഒപ്പം ഇംഗ്ലീഷ്കാരുടെ രക്തം ശരീരത്തില്‍ ഉള്ളതിന്റെ കുഴപ്പമാണ് എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മനസിലാകാതിരിക്കാന്‍ ഞാന്‍ അന്യഗ്രഹജീവിയോന്നും അല്ല. തല്‍ക്കാലം അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള ഭാഗം ഞാന്‍ ഇത് വായിക്കുന്നവര്‍ക്ക് വിടുന്നു. പിന്നെ അടുത്ത ബഹുമതി ഞാന്‍ ഒരു മാനസികരോഗിയാണ് എന്നുള്ളതാണ്. എന്റെ ഗോക്രി പദപ്രയോഗത്തിനുള്ള മറുപടിയായി ഞാന്‍ അതിനെ സ്വീകരിക്കുന്നു. എന്റെ മാനസികരോഗത്തിന് സാറിന്റെ കൂടി സര്‍ട്ടിഫിക്കറ്റ് എനിക്കു ആവശ്യമായിരുന്നു. പക്ഷേ സാറിന് അറിയുമോ എന്നറിയില്ല, ഈ മാനസികരോഗി പണ്ട് അങ്ങയുടെ ഒരു വലിയ ഫാന്‍ ആയിരുന്നു. റ്റീവിയില്‍ അങ്ങയുടെ പ്രഭാഷണങ്ങള്‍ കേട്ടു ഞാന്‍ അങ്ങയെ മനസില്‍ പൂജിച്ചിട്ടുണ്ട്. അത് തുറന്നു പറയാന്‍ എനിക്കൊരു മടിയും ഇല്ല. പക്ഷേ ന്റെ സാറേ... സാര്‍ ആ സംസ്കൃതത്തിന്റെ തട്ടം എടുത്ത് ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല. മൈക്കിന്റെ പിന്നിലുള്ള സാറിന്റെ ആ മുഖം മാത്രം. സാര്‍ ജ്യോതിഷത്തെ കുറിച്ചു ഒരു പ്രഭാഷണപരമ്പരയില്‍ പറയുന്നതൊക്കെ കേട്ടു ഞാന്‍ പണ്ട് ജ്യോതിഷം പഠിക്കാന്‍ ഇറങ്ങി സര്‍, അങ്ങേക്കറിയുമോ? അപ്പോഴാണ് അങ്ങ് പറയുന്ന ജ്യോതിഷവും യഥാര്‍ത്ഥ ജ്യോതിഷവും തമ്മില്‍ ബന്ധമില്ല എന്നു ഞാന്‍ മനസിലാക്കിയത്. ചില ഗ്രഹസ്ഥാനങ്ങള്‍ക്ക് അങ്ങ് പറയുന്ന ഫലവും ഭാരതീയ ജ്യോതിഷത്തിന്റെ തലതൊട്ടപ്പന്‍ വരാഹമിഹിരന്‍ പറയുന്ന ഫലവും തമ്മില്‍ ഒരു സാമ്യവും കണ്ടില്ല സര്‍. (അത് ശ്രീ ഉമേഷ് തന്റെ ലേഖനത്തില്‍ കാണ്ഡം കാണ്ഡമായി പൊളിച്ച് അടുക്കിയിരിക്കുന്നത് മുകളില്‍ ഞാന്‍ പറഞ്ഞ ലിങ്കില്‍ ഉണ്ട്). എന്നാലും ഇറങ്ങി തിരിച്ചതല്ലേ എന്നു കരുതി ആ ജ്യോതിഷവും ഞാന്‍ പഠിച്ച ഫിസിക്സും വെച്ചു ചില അലക്കുകള്‍ അലക്കി നോക്കി. ദേ കിടക്കുന്നു സവാളവട! സാര്‍ എന്നെ ഇത്രയും കാലം എത്ര വിദഗ്ദ്ധമായി പറ്റിച്ചിരിക്കുന്നു എന്നു മനസിലായി. Congratulations sir. എന്റെ അഹന്തയ്ക്ക് കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. അന്ന് മുതല്‍ ഐന്‍സ്റ്റീന്‍ പറഞ്ഞാല്‍ പോലും സ്വയം പരിശോധിച്ചു ബോധ്യം വന്നാലെ ഒരു കാര്യം സ്വീകരിക്കാവൂ എന്ന സയന്‍സിലെ അടിസ്ഥാന തത്ത്വം പഠിച്ചു അന്ന് തുടങ്ങിയതാ സര്‍ മറ്റുള്ളവരുടെ അറിവില്ലായ്മ മുതലെടുത്ത് ആളാവുന്ന ഈ ടൈപ് ആളുകളോടുള്ള ബഹുമാനക്കുറവ്. എന്തു. ചെയ്യാം, കബളിപ്പിക്കപ്പെട്ടവന്റെ ആത്മരോഷമായോ സംസ്കൃതത്തില്‍ ഇത്തരം മാനസികരോഗത്തിന് എന്തെങ്കിലും പേര് വിളിക്കുമെങ്കില്‍ അതായോ ഇതിനെ കണക്കാക്കാം.
കുറെ ഏറെ സംസ്കൃത പുസ്തകങ്ങളുടെ പിന്‍ബലത്തോടെയാണ് സര്‍ എനിക്കെതിരെ ആഞ്ഞടിക്കുന്നത്. പക്ഷേ പലയിടത്തും അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് എന്ന് മാത്രം. എന്റെ പോയിന്‍റുകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്കി അതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അത്ഭുതമല്ല. കാണ്ഡം കാണ്ഡങ്ങളായി സംസ്കൃത ശ്ലോകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആളിന് ഈ ഇത്തിരിപ്പോന്ന എന്റെ വാക്കുകളെ വളച്ചൊടിക്കാന്‍ ഒരു പാടുമുണ്ടാവില്ല. ഞാന്‍ അഞ്ചുവര്‍ഷത്തെ എന്റെ സംസ്കൃതപഠനം സൂചിപ്പിച്ചതിനെ സര്‍ പല സ്ഥലങ്ങളിലും കളിയാക്കുന്നുണ്ട്. അദ്ദേഹം സ്വിറ്റ്സര്‍ലാണ്ടില്‍ നിന്നും Carbon dioxide extracting instrument കൊണ്ടുവന്ന കഥ പറയുന്നതുപോലെ ഞാന്‍ എന്നെ സ്വയം പുകഴ്ത്താന്‍ അഞ്ചു വര്‍ഷത്തെ സംസ്കൃതപഠനം ഉപയോഗിക്കുന്നു എന്നാണ് വിവക്ഷ. എന്റെ സര്‍, അങ്ങയെപ്പോലെ, വായിക്കുന്നവര്‍ എല്ലാം വെറും പോഴന്‍മാര്‍ ആണെന്ന ധാരണയില്‍ അല്ല ഞാന്‍ ഇതൊന്നും എഴുതിപ്പിടിപ്പിക്കുന്നത്. അഞ്ചുവര്‍ഷത്തെ പഠനം കൊണ്ട് സംസ്കൃതത്തില്‍ സര്‍വജ്ഞപീഠം കയറാം എന്നു അവകാശപ്പെടാനും അത് കേട്ടു ജനങ്ങള്‍ കൈയടിക്കും എന്നു വിശ്വസിക്കാനും മാത്രം മണ്ടന്‍ കുണാപ്പിയല്ല ഞാന്‍. ഞാന്‍ അവിടെ ഏത് അര്‍ത്ഥത്തില്‍ അത് പറഞ്ഞിരിക്കുന്നു എന്നു മനസിലാക്കാന്‍ നിഷ്പക്ഷമായി ആ ലേഖനത്തെ സമീപിക്കുന്ന ആര്‍ക്കും കഴിയും.
ഈശാവാസ്യോപനിഷത്തിനെ ഈശോവാസ്യോപനിഷത്ത് എന്നു ഞാന്‍ ടൈപ് ചെയ്തത് സാര്‍ ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നുണ്ട്. ശരിയാണ്, അത് തെറ്റാണ് എന്നു ഞാന്‍ അംഗീകരിക്കുന്നു. കംപ്യൂട്ടറില്‍ മലയാളം ടൈപ് ചെയ്യുമ്പോള്‍ വരുന്ന ഒരു സ്വാഭാവികമായ അച്ചടിപ്പിശക് മാത്രമായിരുന്നു അത്. "ഈശാവാസ്യമിദം സര്‍വം...." എന്ന ആദ്യമന്ത്രം എനിക്കു പരിചിതമാണ്. പക്ഷേ ഈ പേരില്‍ എന്നെ കളിയാക്കുന്ന സാര്‍ പതഞ്ജലിയുടെ യോഗശാസ്ത്രം എന്നു പലതവണ ആവര്‍ത്തിക്കുന്നുണ്ട്. അത് യോഗശാസ്ത്രം ആണോ യോഗസൂത്രം ആണോ എന്ന് ഒന്നുകൂടി ഒന്നു ഉറപ്പിച്ചിട്ടു പോരേ അത്? പതഞ്ജലിയുടെ വരികളുടെ അര്‍ത്ഥം കൃത്യമായി അറിയാന്‍ അത് ഉള്‍ക്കൊള്ളുന്ന അദ്ധ്യായത്തിന്റെ പേര്‍ കൂടി നോക്കണം എന്ന് പറഞ്ഞതിനെ കൂടി സാര്‍ കളിയാക്കുന്നുണ്ട്. അതിനു പറയുന്ന ഉദാഹരണമോ "ചെമ്മീന്‍ എന്ന് പേരുള്ള നോവലില്‍ എവിടെയാണ് ചെമ്മീന്‍?" എന്ന്. ഡീലിറ്റും രണ്ട് MA യും ഒന്നുമില്ലാത്ത അടിയന് ഇതിന് മുന്നില്‍ നമിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ല സര്‍.
കലിയുഗപ്പിറവിയുടെ കാര്യത്തില്‍ സാര്‍ എന്നെ കലണ്ടര്‍ എങ്ങനെ പിന്നോട്ട് കണക്കാക്കാം എന്നാണ് പഠിപ്പിക്കുന്നത്. അത് എന്തിനാണാവോ! Proleptic chronology യെക്കുറിച്ച് ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് കാണാതെയാണോ അത് എന്നെ പഠിപ്പിക്കുന്നത്. ഇതേ കൈയടി AD 2135 എന്നു പറഞ്ഞാലും കിട്ടില്ലേ എന്നാണ് സാര്‍ പിന്നെ ചോദിക്കുന്നത്. എന്നിട്ട് ക്രിസ്ത്യാനിക്കും ഇസ്ലാമിനും ഇട്ടു ഓരോ തട്ടും. എന്താണോ എന്തോ! Quantum entanglement, Uncertainty principle- ഇത് രണ്ടിനും ഞാന്‍ പറഞ്ഞതും സര്‍ മറുപടി പറഞ്ഞതും തമ്മില്‍ എന്തു ബന്ധം? എനിക്കു 47 വര്ഷം സംസ്കൃതം പഠിച്ച അറിവ് ഇല്ല സര്‍. ഫിസിക്സില്‍ ഒരു ബിരുദാനന്ദരബിരുദവും കുറച്ചു വായിച്ചറിവുകളും പിന്നെ എന്റെ കൂട്ടുകാര്‍ ഒക്കെ എനിക്കു ഉണ്ടെന്ന് പറയുന്ന ഇത്തിരി കോമണ്‍ സെന്‍സും മാത്രമേ കൈയില്‍ ഉള്ളൂ. പഠിച്ച വിഷയത്തില്‍ അഭിപ്രായം പറയാന്‍ അത് മതിയാകും എന്നാണ് ഈ മാനസികരോഗി ഇപ്പൊഴും വിചാരിക്കുന്നത്. ഇവിടേയ്ക്ക് ഐന്‍സ്റ്റീനെ കൊണ്ട് വന്നതും അങ്ങ് തന്നെ. ഐന്‍സ്റ്റീന്‍ 1930-കളില്‍ Cosmic Religion എന്നൊരു മതം ഉണ്ടാക്കി എന്നാണ് അങ്ങ് മറുപടിപ്രഭാഷണത്തില്‍ അടിയനോട് പറഞ്ഞത്. മതം ഉണ്ടാക്കി, എന്നു പ്രയോഗിക്കുമ്പോള്‍ മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിച്ചു എന്നും അക്ബര്‍ ചക്രവര്‍ത്തി ദിന്‍ ഇലാഹി സ്ഥാപിച്ചു എന്നുമൊക്കെ പറയുന്നപോലെയാണ് അങ്ങത് പറയുന്നതു. പ്രാപഞ്ചിക തത്ത്വശാസ്ത്രത്തെ കുറിച്ചുള്ള സ്വന്തം വിശ്വാസത്തെ ഐന്‍സ്റ്റീന്‍ തന്റെ വിശ്വപ്രസിദ്ധമായ Ideas and Opinions എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അതിലാണ് Cosmic religion എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് (ആ ഭാഗം മുന്പ് New York Times മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) അതില്‍ അദ്ദേഹം പറയുന്നു, "In general, only individuals of exceptional endowments, and exceptionally high-minded communities, rise to any considerable extent above this level. But there is a third stage of religious experience which belongs to all of them, even though it is rarely found in a pure form: I shall call it cosmic religious feeling. It is very difficult to elucidate this feeling to anyone who is entirely without it, especially as there is no anthropomorphic conception of God corresponding to it" അദേഹത്തിന്റെ The World as I See It എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെയും പറയുന്നു, "A knowledge of the existence of something we cannot penetrate, of the manifestations of the profoundest reason and the most radiant beauty, which are only accessible to our reason in their most elementary forms—it is this knowledge and this emotion that constitute the truly religious attitude; in this sense, and in this alone, I am a deeply religious man. ഇവിടെ "in this sense, and in this alone" എന്ന phrase ന്റെ അര്‍ത്ഥം "ഈ അര്‍ത്ഥത്തില്‍, ഈ ഒരു അര്‍ത്ഥത്തില്‍മാത്രം" എന്നാണ് എന്ന് ഡീ.ലിറ്റ് ബിരുദധാരിയായ ഏക ശാസ്ത്രജ്ഞന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമുണ്ടോ? ഇതിനെയാണ് അങ്ങ് മതം ഉണ്ടാക്കി എന്നു വ്യാഖ്യാനിക്കുന്നത്. ഇതോടൊപ്പം Walter Isaacson എഴുതിയ Einstein: His life and the Universe എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരു നിരീശ്വരവാദി ആയിരുന്നില്ല എന്നും ഒരു Agnostic theist ആയിരുന്നു എന്നും പറയുന്നു. അടിയനും ഒരു agnostic theist ആണ്. Agnosticism എന്നാല്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതേ ഐന്‍സ്റ്റീന്‍ തന്റെ വിശ്വാസപ്രകാരം ശരിയായ ഒരു പ്രപഞ്ചമാതൃകയെ ഉണ്ടാക്കാന്‍ വേണ്ടി, വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ Cosmological constant എന്ന ഒരു സ്ഥിരാങ്കം തന്റെ ഗണിതസമവാക്യങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഒടുവില്‍ Hubble Redshift കണ്ടെത്തിയപ്പോള്‍ തന്റെ വിശ്വാസം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞു അത് പിന്‍വലിക്കുകയും ചെയ്ത ഒരു ചരിത്രം ഉണ്ട്. അതാണ് ശാസ്ത്രത്തിന്റെ രീതി. അത് പുതിയ അറിവുകള്‍ സ്വീകരിച്ച് എപ്പോഴും പുതുക്കപ്പെട്ടുകൊണ്ടേയിരിക്കും. ഐന്‍സ്റ്റീനേ കുറിച്ച് ഇനിയും ചിലത് ഇവിടെ പ്രസക്തമാണ്. അദ്ദേഹം പൂര്‍ണമായും Deterministic കാഴ്ചപ്പാട് ഉള്ള ആളായിരുന്നു. ക്വാണ്ടം മെക്കാനിക്സിലെ സാധ്യത/chance എന്ന സങ്കല്‍പ്പത്തെ പാടെ തള്ളിക്കളഞ്ഞ അദേഹത്തിന്റെ 'ദൈവം പകിട കളിക്കില്ല' എന്ന ഉദ്ധരണി വളരെ പ്രശസ്തമാണ്. പക്ഷേ ഇതേ സാധ്യതാ സങ്കല്‍പ്പമാണ് ഇന്നും ക്വാണ്ടം മെക്കാനിക്സ് പിന്തുടരുന്നത്. ആ ക്വാണ്ടം മെക്കാനിക്സിലെ Uncertainty principle ആണ് അങ്ങ് പതഞ്ജലി കണ്ടെത്തിയത് എന്ന് ഇപ്പൊഴും ഉറപ്പിച്ച് പറയുന്നത്. സ്വന്തം വാദഗതിയെ പിന്താങ്ങാന്‍ ഐന്‍സ്റ്റീനെ കൊണ്ട് വരുമ്പോള്‍ അങ്ങ് ഇത് ഓര്‍ത്തുകാണില്ല. ഇതിനെയാണ് ഞങ്ങള്‍ ഡീ.ലിറ്റ് ഇല്ലാത്ത സാധാരണക്കാര്‍ വൈരുദ്ധ്യം അല്ലെങ്കില്‍ Contradiction എന്ന് പറയുന്നത്. ഇനി ഇതെല്ലാം മറന്നു എന്നിരിക്കട്ടെ, ഇന്ന് സയന്‍സിനെ കുഴക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ക്വാണ്ടം കമ്പ്യൂട്ടിങ് പോലെയുള്ള ചില മേഖലകളില്‍ അഭിമുഖീകരിക്കുന്ന ചില താത്വികപ്രശ്നങ്ങള്‍, അത് ഉടന്‍ പരിഹരിക്കും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അതിനു മുന്പ് അതൊന്നു സംസ്കൃതത്തില്‍ പരിഹരിച്ച് കാണിച്ചുകൂടെ? Uncertainty principle പതഞ്ജലീ സൂത്രത്തില്‍ കിടക്കുന്നപോലെ ഇതും എവിടെയെങ്കിലും കാണുമല്ലോ. സയന്‍റിസ്റ്റുമാര്‍ കണ്ടുപിടിക്കും വരെ കാത്തുനില്‍ക്കാതെ അത് ഇപ്പോഴേ അങ്ങ് പരസ്യപ്പെടുത്തിക്കൂടേ?
പിന്നെ സാര്‍ മേടസംക്രാന്തി അല്ലെങ്കില്‍ Alpha Aries എന്നു പറയുന്നുണ്ട്. പക്ഷേ ഈ ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ പറയുന്നതു Alpha Aries എന്നൊരു വാക്ക് അവര്‍ കേട്ടിട്ടില്ലെന്നാണ്. Alpha Arietis എന്ന ഒരു നക്ഷത്രം ഉണ്ടത്രേ. മേടസംക്രാന്തിയെ First point of Aries എന്നാണു വിളിക്കുന്നതു്, നിർവ്വചനം മാത്രമേ ഉള്ളൂ, ഭാരതീയരുടെ മേടസംക്രമവും പാശ്ചാത്യരുടെ First point of Aries-ഉം ഒന്നിച്ചല്ല സംഭവിക്കുന്നതു്, ആര്യഭടന്റെ കാലത്തു് മേടസംക്രാന്തിയും FPA-യും ഒരിടത്തായിരുന്നു, ബി സി 3102-ൽ FPA മേടസംക്രാന്തിയെക്കാൾ 46 ഡിഗ്രി മുന്നിലായിരുന്നു. ഇപ്പോൾ അതു് ഏകദേശം 23 ഡിഗ്രി പുറകിലാണു്, എന്നൊക്കെ അവര്‍ പറയുന്നു സര്‍. എനിക്കിതൊന്നും നേരിട്ടു അറിയില്ല. പിന്നെ ഋഗ്വേദത്തിന്റെ കാലയളവ് വച്ച് ഹിന്ദുപ്രാമാണികഗ്രന്ഥങ്ങളുടെ പഴക്കം പറയുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞുപോയതിന്റെ പേരില്‍ അങ്ങ് ഹാരപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോപ്പര്‍, ബ്രോണ്‍സ്, ബ്രാസ് കഷണങ്ങള്‍ കണ്ടുപിടിച്ചതിന്റെയും അതിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങിന്റെയും കാര്യം പറഞ്ഞതും ഒക്കെ എന്തിനാണെന്ന് ഈ പാവത്തിന് മനസിലായിട്ടില്ല. സ്നേഹത്തിനെ സയന്‍സ് കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞിട്ടില്ല എന്നും അളക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞതെന്നുമാണ് സര്‍ പറയുന്നത്. സോറി സര്‍. അങ്ങ് സ്വന്തം പ്രസംഗം ഒന്നുകൂടി കേട്ടുനോക്കൂ. എനിക്കു മാനസികരോഗം മാത്രമേ ഉള്ളൂ കേട്ടാ, കാതുകളക്ക നല്ല ഞെരിപ്പായിട്ട് കേക്കാം. ഇനി അളക്കാന്‍ പറ്റില്ല എന്നുതന്നെയാണ് പറഞ്ഞത് എങ്കില്‍, ഒരു കാര്യം ഞാന്‍ അങ്ങോട്ട് പറയാന്‍ ആഗ്രഹിക്കുന്നു. സ്നേഹം അളക്കുന്നതിന് എന്തെങ്കിലും യൂണിറ്റ് ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ ഒന്നില്ല എന്നു ഉറപ്പുമില്ല. വേദന എന്ന മനുഷ്യവികാരം അളക്കാന്‍ കഴിയും. Dolorimeter എന്ന ഉപകരണമാണ് അതിനു ഉപയോഗിക്കുന്നത്. del എന്ന യൂണിറ്റിലാണ് അത് അളക്കുന്നത്. അതുകൊണ്ട് തന്നെ നാളെ സ്നേഹം, ബഹുമാനം ഇതൊന്നും അളക്കാന്‍ കഴിഞ്ഞുകൂടാ എന്നില്ല. 100 വര്ഷം മുന്പ് സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് നമ്മുടെ ശാസ്ത്രം നേടിയെടുത്തിട്ടുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെ ഈയുള്ളവന്റെ അറിവില്ലാത്ത മനസ് പറയുന്നു. ഭാരതസംസ്കാരം ലോകചരിത്രത്തിന്റെ ഭാഗമാണ് എന്നതിനെക്കുറിച്ചും, വിദേശയൂണിവേഴ്സിറ്റികള്‍ അവ പഠിപ്പിക്കുന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞതൊന്നും അല്ല അങ്ങ് മനസിലാക്കിയത്, അല്ലെങ്കില്‍, അതൊന്നുമല്ല അങ്ങ് വ്യാഖ്യാനിച്ചത്.
1820 AD വരെ AD, BC ഒന്നും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞതും ഗ്രീന്‍വിച്ച് രേഖ ഇന്ത്യയില്‍ ഉജ്ജയിനിയില്‍ കൂടി ആണ് പോയത് എന്നു പറഞ്ഞതും ഒക്കെ വിശദീകരിക്കുന്ന കേട്ടിട്ട് ചിരി അടക്കാന്‍ കഴിയുന്നില്ല സര്‍. (ഞങ്ങള്‍ മാനസികരോഗികള്‍ക്ക് പിന്നെ എപ്പോഴും ചിരിക്കാനുള്ള ലൈസന്‍സ് ഉണ്ടല്ലോ) സ്കൂള്‍ കുട്ടികള്‍ക്ക് മനസിലാവുന്ന സംസ്കൃതം അങ്ങ് വിശദീകരിക്കുന്നത് അടിയന്‍ കേട്ടു. ഓരോ ഭാഗം വായിച്ചു അങ്ങ് അര്ത്ഥം പറയുമ്പോള്‍ സംസ്കൃതഭാഗം കേള്‍ക്കണ്ട, അങ്ങ് പറയുന്ന മലയാളഭാഗം മാത്രം കേട്ടാല്‍ മതി തമാശ പിടികിട്ടാന്‍. അല്ല സര്‍, ഈ ലങ്കയില്‍ അടിക്കുന്ന കുറ്റിയില്‍ നിന്നും ആര്‍ടിക് സമുദ്രത്തിലേക്ക് ചരട് വലിച്ചു കെട്ടുക എന്നൊക്കെ പറയുമ്പോള്‍ സര്‍ സത്യത്തില്‍ എന്താണ് ഉദേശിക്കുന്നത്? ആര്‍ടിക് സമുദ്രത്തിലേക്ക് എങ്ങനെയാണ് ചരട് കെട്ടുന്നത്? ഇനി അവിടെ ഒരു തൂണ്‍ നിര്‍ത്തി ചരട് വലിച്ചു എന്നുതന്നെ ഇരിക്കട്ടെ. ആ ചരട് പോകുന്ന വഴിയാണ് സമയത്തിന്റെ റെഫറന്‍സ് ആയി ഉപയോഗിച്ചത് എന്നു അങ്ങ് പറയുന്നു. അതിനെ അങ്ങ് പഴയ ഗ്രീന്‍വിച്ച് രേഖാ എന്നു വിളിക്കുന്നു. പക്ഷേ സാറേ, 80 ഡിഗ്രീ കിഴക്ക് രേഖാംശം ഉള്ള ലങ്കയും 75 ഡിഗ്രി കിഴക്ക് രേഖാംശം ഉള്ള ഉജ്ജയിനിയും ഒരേ സമയരേഖയില്‍ വരുന്നത് എങ്ങനെയാണ് സര്‍? ഒരു ഡിഗ്രീ രേഖാംശം സമയത്തില്‍ 4 മിനിറ്റ് വ്യത്യാസം ഉണ്ടാക്കുമ്പോള്‍ ഏതാണ്ട് 20 മിനിറ്റ് സമയവ്യത്യാസം ഉള്ള രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന രേഖ ഇന്‍റര്‍നാഷണല്‍ സമയരേഖയായി കണക്കാക്കാന്‍ മാത്രം മണ്ടനായിരുന്നോ ലഘൂഭാസ്കരീയം എഴുതിയ മഹാന്‍? (സര്‍ ഉദ്ധരിക്കുന്ന വരികള്‍ മണ്ടത്തരമൊന്നുമല്ല കേട്ടോ. സ്വന്തം സൌകര്യത്തിന് സര്‍ അത് വ്യാഖ്യാനിക്കുമ്പോള്‍ അതാണ് അസ്സല്‍ മണ്ടത്തരം)
 ഐന്‍സ്റ്റീന്‍റെ ഒരു മഹത്വമായി, അദ്ദേഹം ജനിച്ചത് ചൈനയിലോ റഷ്യയിലോ കണ്ണൂരിലോ അല്ല എന്നൊക്കെ കളിയാക്കി പറയുമ്പോള്‍ കമ്യൂണിസത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്നു വ്യക്തമാണ്. ആവശ്യമില്ലാതെ അതിനെയൊക്കെ വലിച്ചിഴക്കേണ്ട കാര്യം എന്തായിരുന്നോ എന്തോ? മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെ ബഹുമാനിക്കുന്നതിനോടൊപ്പം അതിലെ പോരായ്മകളെ നിശിതമായി വിമര്‍ശിക്കുന്ന ആളാണ് സര്‍ ഞാന്‍. ജന്മസ്ഥലത്തിന്റെ മഹത്വം പറയാന്‍ ആണെങ്കില്‍ ചരിത്രം കണ്ട ഏറ്റവും വലിയ വര്‍ഗീയനരഹത്യകള്‍ക്കു സാക്ഷ്യം വഹിച്ച സ്ഥലമാണ് ഐന്‍സ്റ്റീന്‍റെ ജന്‍മരാജ്യമായ ജര്‍മനി. അതാണോ മഹത്വം? അങ്ങയുടെ പ്രസംഗം വിഷമുള്ള മനസിന്റെ ഉടമ എന്ന്‍ എന്നെ വിശേഷിപ്പിക്കുമ്പോള്‍ അങ്ങയുടെ ഉള്ളിലെ ഈ വികാരത്തിന്റെ പേര്‍ എന്താണെന്ന് ഈയുള്ള പാവത്തിന് അറിയില്ല സര്‍. സാറിന്റെ മറ്റ് പല ലെക്ചറുകളിലും കാണാവുന്ന അന്യമതങ്ങളോടും അന്യസംസ്കാരങ്ങളോടും ഉള്ള പുച്ഛഭാവം ഇവിടെയും പ്രകടമാണ്. യേശുക്രിസ്തു എന്ന് ജനിച്ചു എന്ന് മരിച്ചു എന്നൊന്നും കണക്കില്ല, മുഹമ്മദ് നബി ഓടിപ്പോയപ്പോള്‍ ഓട്ടം തുടങ്ങിയപ്പോഴാണോ ഓടി തീര്‍ന്നപ്പോഴാണോ അതോ മരുഭൂമിയില്‍ കൂടി ഓടിക്കൊണ്ടിരുന്നപ്പോള്‍ ആണോ ഇസ്ലാം വര്ഷം തുടങ്ങിയത് എന്ന് ആര്‍ക്കും അറിയില്ല എന്നൊക്കെ പുച്ഛത്തോടെ പറയുന്നതു കേള്‍ക്കാം ഇതില്‍. അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു. ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരു മതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയും അന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.
ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ. വേണ്ട എന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ലല്ലോ.
ഒറ്റ ലേഖനം കൊണ്ട് അങ്ങയുടെ ആരാധകരെ അങ്ങയുടെ എതിരെ തിരിക്കാം എന്നു ചിന്തിക്കാനുള്ള വിവരക്കേട് ഈ മാനസികരോഗിക്ക് ഇല്ല സര്‍. ഒരായിരം ലേഖനങ്ങള്‍ കൊണ്ടും അത് സാധിക്കില്ല എന്നെനിക്കറിയാം. വേറെയും ഒരുപാട് ജോലികള്‍ ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ എനിക്കങ്ങനെ ഒരു ഉദേശ്യവും ഇല്ല.
നിര്‍ത്തുന്നു. ജയ് ഹിന്ദ്

ഗോക്രിയന്‍ തത്വശാസ്ത്രത്തിന്‍റെ മറുപുറങ്ങള്‍


മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു

[ ഇവിടെ ഞാന്‍ ചെയ്യുന്നത് ഒരാള്‍ പറയുന്ന കാര്യങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം, ഒരു കളിയാക്കല്‍ ആയി പല സ്ഥലത്തും അനുഭവപ്പെട്ടേക്കാം. അറിവില്ലായ്മ അല്ല, മറിച്ച് സ്വന്തം വാക്‍സാമര്‍ത്ഥ്യവും മറ്റുള്ളവരുടെ അറിവില്ലായ്മയും മുതലെടുത്ത് പ്രശസ്തിയും സമ്പത്തും ഉണ്ടാക്കാനുള്ള മനപ്പൂര്‍വമായ ശ്രമമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടുള്ള ബഹുമാനക്കുറവാണ് അതിന് കാരണം. ഒരു വ്യക്തിഹത്യ തീരെ ഉദേശിച്ചിട്ടില്ല. ഏതെങ്കിലും മതത്തെയോ പുരാണത്തെയോ താഴ്ത്തിക്കെട്ടാന്‍ യാതൊരു വിധ ശ്രമവും ഇതിന് പിന്നില്‍ ഇല്ല. അവയോടൊക്കെ ഉള്ള ബഹുമാനം പലയിടത്തും പ്രകടിപ്പിച്ചിട്ടും ഉണ്ട്. സര്‍വജ്ഞനാണെന്ന ഒരു അവകാശവാദവും ഞാന്‍ ഇവിടെ നടത്തുന്നില്ല. എന്റെ അറിവിന്റെ വെളിച്ചത്തില്‍, ഞാന്‍ പഠിച്ച ശാസ്ത്രത്തെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍, അത് തെറ്റായ സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കുന്നു എന്ന് മനസിലാവുമ്പോള്‍, ഉള്ള പ്രതികരണം മാത്രമാണ് ഇത്. ]


വേദി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ചെന്നൈ
പ്രാസംഗികന്‍: ഡോ. എന്‍. ഗോപാലകൃഷ്ണന്‍ (ഗോക്രി)
വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം)
(ലിങ്ക് ഇവിടെ http://www.youtube.com/watch?gl=IN&v=ApZeZiZlB9U)

ഞാന്‍ ഉള്‍പ്പടെ കോടിക്കണക്കിനു ആളുകള്‍ക്ക് ജന്മം നല്കിയ ഭാരതഭൂമിയോട് ബഹുമാനം പുലര്‍ത്തിക്കൊണ്ട്, ഇതൊക്കെ കാണാനും കേള്‍ക്കാനും നില്‍ക്കാതെ നേരെത്തേ അങ്ങ് പോയ ധിഷണശാലികളായ പുരാതന ഋഷിവര്യന്മാരോട് അസൂയയും ആദരവും പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ…

ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്‍റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്‍റെ പ്രധാന ആയുധം. സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം. വേറൊന്നുകൂടി ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ട്, 10000 വര്‍ഷങ്ങള്‍ക്ക് മുന്പ് എന്ന്. കാലങ്ങളായി പലരും ഭാരത സംസ്കാരത്തിന്റെ പഴക്കം 10000 വര്‍ഷങ്ങളുടെ കണക്കില്‍ പറഞ്ഞു കേള്‍ക്കുന്നു. ചിലര്‍ അറിവില്ലായ്മ കൊണ്ടും, ചിലര്‍ മനപ്പൂര്‍വവും. ഭാരതീയ ഹിന്ദു സംസ്കാരത്തിന്റെ ഏറ്റവും ആദ്യത്തെ രേഖ ഋഗ്വേദമാണ്. അതും ഒപ്പമുള്ള മറ്റ് മൂന്നു വേദങ്ങളും, ആദിമവേദകാലഘട്ടം (Early Vedic Period) എന്ന് വിളിക്കുന്ന 1700-1100 BC കാലത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണ്. അത് വെറും വാമൊഴിയായി തലമുറകള്‍ വഴി കൈമാറപ്പെടുകയായിരുന്നു. ഇത് എഴുതപ്പെടുന്നത് AD 4 മുതല്‍ 6 നൂറ്റാണ്ടുകളില്‍ ഗുപ്തകാലഘട്ടത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ ഹൈന്ദവസംസ്കാരത്തിന്റെ പഴക്കം എങ്ങനെ കണക്കാക്കിയാലും 5000 വര്‍ഷത്തിന് മുകളില്‍ ഇല്ല. (അതൊരു ചെറിയ കാലയളവല്ല. പക്ഷേ ആധികാരികമായി സംസാരിക്കുമ്പോള്‍ പൂജ്യങ്ങള്‍ക്കും സംഖ്യകള്‍ക്കും വിലയുണ്ട് എന്ന്‍ സ്വയം ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്ന ഗോക്രി മറന്നുപോകരുത്)

ഇതൊന്നും ഒന്നുമല്ല, മിസ്റ്റര്‍ ഗോക്രിയുടെ പരാക്രമങ്ങള്‍ തുടങ്ങുന്നതേയുള്ളൂ.
1. ഈശോവാസ്യോപനിഷത്തിലെ ഒരു ശ്ലോകമാണ് കക്ഷി ആദ്യം എടുത്ത് പ്രയോഗിക്കുന്നത്

“വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”
എന്നിട്ട് വിശദീകരണം ഇങ്ങനെ, “what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge!” ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് ‘external experimentable scientific knowledge’ അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. അന്ന് നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ അല്ലാത്തത് എന്നര്‍ത്ഥം. അതിന്റെ താത്വികവ്യാഖ്യാനങ്ങള്‍ ഒന്ന് അന്വേഷിച്ചു പോയാല്‍ ഈ ശ്ലോകത്തിന് ഇദ്ദേഹം പറയുന്ന അര്‍ത്ഥം ശ്ലോകവുമായി യാതൊരു ബന്ധവുമുള്ളതല്ല എന്ന് ഒരാള്‍ക്ക് നിഷ്പ്രയാസം മനസിലാക്കാന്‍ കഴിയും.

2. “ഞാന്‍ എന്റെ അച്ഛനെ ബഹുമാനിക്കുന്നു. ഞാന്‍ എന്റെ ഭാര്യയെ സ്നേഹിക്കുന്നു. ബഹുമാനം, സ്നേഹം, സംതൃപ്തി…ഇതൊക്കെ എങ്ങനെ സയന്‍സ് ഉപയോഗിച്ച് വിശദീകരിക്കും? ഇവിടെ സയന്‍സ് ഉപയോഗിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ നിങ്ങള്‍ എങ്ങും എത്തില്ല. ജീവിതത്തിലെ മിക്ക കാര്യങ്ങളും വിശദീകരിക്കാന്‍ സയന്‍സ് കൊണ്ട് കഴിയില്ല. അതുകൊണ്ട് ഒരു കാര്യം ശരിയാണോ എന്നറിയാന്‍ അത് സയന്റിഫിക് ആണോ എന്നു ചോദിക്കരുത്? അത് useful ആണോ എന്നു ചോദിക്കണം.”

ഇതൊരു ഭയങ്കരന്‍ കണ്ടുപിടിത്തമാണ്. ഒരു കൊള്ളക്കാരന്‍ ഒരു ബാങ്ക് കൊള്ളയടിക്കുന്നത്, ആയാല്‍ക്ക് അത് useful ആയതുകൊണ്ടാണ്. അഴിമതിക്കാരായ മന്ത്രിമാര്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്, അത് അവര്‍ക്ക് useful ആയതുകൊണ്ടാണ്. അങ്ങനെ നോക്കിയാല്‍ ഗോക്രിയന്‍ തത്വശാസ്ത്രം അനുസരിച്ച് ലോകത്ത് ശരിയല്ലാത്ത ഒന്നുമില്ല. ഞഞ്ഞായി!! സ്നേഹം, ബഹുമാനം ഇതൊക്കെ ശരീരത്തിലെ ഹോര്‍മോണ്‍ ഫ്ലോ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കാര്യങ്ങളാണെന്ന് പണ്ടേ സയന്‍സ് മനസിലാക്കി കഴിഞ്ഞു. അതിന്റെ exact mechanism മനസിലാക്കാനുള്ള ശ്രമങ്ങള്‍ വളരെ വേഗം പുരോഗമിക്കുന്നുമുണ്ട്. ശ്വാസോഛ്വാസ പ്രക്രിയയും ദഹനപ്രക്രിയയും പഠിക്കാന്‍ തുടങ്ങുമ്പോഴേ ബയോളജിയും ഒരു കല്ലെടുത്ത് എറിയുന്ന പ്രൊജക്‍റ്റൈല്‍ മോഷന്‍ പഠിക്കാന്‍ തുടങ്ങുമ്പോഴേ ഫിസിക്സും പേടിച്ച് പഠിത്തം നിര്‍ത്തി പോകുന്ന ശരാശരി സാധാരണക്കാരനോട് biochemical mechanism of emotional response ഉം quantum gravity യും പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന് തോന്നുന്നുണ്ടോ? “അമ്മേ അമ്മേ ഞാന്‍ എങ്ങനാ ഉണ്ടായെ?” എന്നു നിങ്ങളുടെ മൂന്നു വയസുള്ള കുഞ്ഞ് ചോദിക്കുമ്പോള്‍ ഉത്തരം കൃത്യമായി പറയാതെ നിങ്ങള്‍ ഒഴിഞ്ഞുമാറുന്നത് അത് നിങ്ങള്ക്ക് അറിയാത്തതുകൊണ്ടാണോ? അതുകൊണ്ട് ശാസ്ത്രത്തിന്റെ കഴിവില്ലായ്മയെ വിലയിരുത്തുമ്പോള്‍ നമുക്ക് എത്രത്തോളം ശാസ്ത്രം അറിയാം എന്നുകൂടി നമ്മള്‍ വിലയിരുത്തണം.

3. അടുത്തത് ചില്ലറ കളിയൊന്നുമല്ല. Quantum entanglement ആണ് ആയുധം. ഒരു ആറ്റത്തിലെ പരസ്പരം paired ആയ രണ്ടു ഇലക്ട്രോണുകളില്‍ ഒന്നിനെ അടര്‍ത്തിമാറ്റി അതിനെ എത്ര ദൂരെ കൊണ്ടുപോയി വെച്ചാലും ഇവിടെയുള്ളതിന്റെ spin മാറിയാല്‍ അപ്പോള്‍ തന്നെ മറ്റേതിന്റെ spin ഉം അതിനനുസരിച്ച് മാറും. അതായത് self-energizing, self-motivating blah blah blah ആയ അറിവ് ജീവനുള്ളതും ജീവനില്ലാത്തതും ആയ എല്ലാ വസ്തുക്കളിലും ഉണ്ട്. അതാണ് ബ്രഹ്മം.


ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്. അത് ഫിസിക്സ് പഠിക്കാത്ത ഒരാള്‍ക്ക് പെട്ടെന്നു മനസിലാക്കിക്കൊടുക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇവിടെ അതിനു ശ്രമിക്കുന്നില്ല. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാനപ്രമാണം തന്നെ ഇലക്ട്രോണ്‍ പോലെ അത്രയും ചെറിയ കണങ്ങള്‍ നമ്മള്‍ക്ക് കണ്ടു പരിചയമുള്ള വസ്തുക്കളില്‍ നിന്നും വളരെ വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണു. ഒരാള്‍ നിങ്ങളുടെ ഉയരത്തെക്കാള്‍ 10000 മടങ്ങ് ആഴമുള്ള ഒരു കിണറ്റില്‍ നിങ്ങളെ തള്ളിയിട്ടിട്ട് അയാള്‍ക്ക് ഉറപ്പായിട്ടും പറയാം നിങ്ങള്‍ ആ കിണറ്റിന്റെ ഉള്ളില്‍ തന്നെ ഉണ്ടാവുമെന്ന്.  എന്നാല്‍ നിങ്ങള്ക്ക് പകരം ഒരു ഇലക്ട്രോണ്‍ ആയിരുന്നു എങ്കില്‍ ആ ഉറപ്പില്ല. അവയ്ക്കു ക്വാണ്ടം ടണലിങ് (Quantum tunneling) എന്ന പ്രതിഭാസം വഴി ആ കിണറ്റിന് വെളിയില്‍ വരാന്‍ സാധിയ്ക്കും. ഏതൊരു വസ്തുവിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന പ്ലാങ്ക് സ്ഥിരാങ്കം (Planck constant) എന്ന സംഖ്യയുടെ കളിയാണത്. നമുക്ക് വെറും കണ്ണുകൊണ്ടു കാണാന്‍ സാധിക്കുന്ന വസ്തുക്കളില്‍ ഈ നിയന്ത്രണം നമുക്ക് കാണാന്‍ സാധിക്കാതിരിക്കുന്നത്, പ്ലാങ്ക് സ്ഥിരാങ്കം അത്രയും ചെറിയ ഒരു സംഖ്യ ആയതുകൊണ്ടാണ്.  ആ സംഖ്യ ഇപ്പോഴത്തേതിനെക്കാള്‍ ഒന്നു കഴിഞ്ഞു ഒരു 30 പൂജ്യം കൂടി ഉള്ള അത്രയും മടങ്ങ് വലുതായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് സുഖമായി ഏത് കിണറ്റില്‍ നിന്നും പുറത്തുവരാന്‍ കഴിയുമായിരുന്നു, ഏത് ചുമരും പുല്ലുപോലെ തുളഞ്ഞു കയറാമായിരുന്നു. ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്.
എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും.


4. ക്വാണ്ടം ഫിസിക്സില്‍ തന്നെയാണ് അടുത്ത പ്രയോഗവും. ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്വ തത്വം/ Uncertainty principle. അത് ഹൈസന്‍ബെര്‍ഗ് അല്ല പതഞ്ജലിയാണ് കണ്ടുപിടിച്ചതെന്നാണ് ഇദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. തെളിവ് ഈ ശ്ലോകമാണ് : “ഏക സമയേ ച ഉഭയാന്‍ അനവധാരണം”

ഫിസിക്സിലെ അനിശ്ചിതത്വ തത്വം പറയുന്നത്, ഒരു വസ്തുവിന്റെ സ്ഥാനവും വേഗവും ഒരേ സമയം ഏറ്റവും കൃത്യമായി അളക്കാന്‍ സാധിക്കില്ല എന്നാണ്. നിങ്ങള്‍ക്ക് വേഗത കൃത്യമായി പറയണമെങ്കില്‍, അതിന്റെ സ്ഥാനം കൃത്യമായി പറയാന്‍ പറ്റില്ല. മറിച്ച് സ്ഥാനം കൃത്യമായി പറയണമെങ്കില്‍ വേഗത കൃത്യമായി പറയാന്‍ പറ്റില്ല. ഇതും ഒരു അര്‍ഥത്തില്‍ നേരത്തെ പറഞ്ഞ പ്ലാങ്ക് സംഖ്യയുടെ കളിയാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ കണങ്ങളുടെ കാര്യത്തിലെ ഇതൊരു വലിയ പരിമിതിയായി നമുക്ക് അനുഭവപ്പെടൂ. NH 47 ഇല്‍ കൂടി കൊല്ലം കടന്നുപോകുന്ന കാറിന്റെ സ്ഥാനവും വേഗതയും പറയാന്‍ ഇതൊരു ഗണ്യമായ പരിമിതി ആവില്ല. സാര്‍ സ്വന്തം പ്രസംഗത്തില്‍ Pathanjali’s 4th Chapter 6th line എന്നതുകൊണ്ട് എന്താണോ എന്തോ ഉദേശിക്കുന്നത്!  പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍ ആണ് ഉദേശിച്ചതെന്ന് മനസിലാക്കാം. ഈ പറഞ്ഞ സാധനം ഭാഗ്യത്തിന് പതഞ്ജലിയുടെ തന്നെയാണ്. പക്ഷേ 4th ചാപ്റ്ററില്‍ 6th line അല്ല, മറിച്ച് ‘കൈവല്യം’ എന്നു പേരായ നാലാം അദ്ധ്യായ(നാലാം പാദം)ത്തിലെ 20-ആം ശ്ലോകം ആണെന്നെ ഉള്ളൂ. ഇതിലും വലിയ ഭൂലോക ബടായികള്‍ പറയുന്ന സ്ഥിതിക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ല. ‘ഏക സമയേ ച ഉഭയെ അനവധാരണം‘ എന്നതിനെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താല്‍ ‘ഒരേ സമയം രണ്ടെണ്ണത്തിനെ അവധാരണം ചെയ്യാന്‍ (മനസിലാക്കാന്‍) കഴിയുന്നില്ല‘ എന്നു വരും. ഇതിന്റെ അര്‍ത്ഥം വ്യക്തമാവണമെങ്കില്‍ ഇത് ഉള്‍ക്കൊള്ളുന്ന അദ്ധ്യായത്തിന്റെ പേരും തൊട്ട് മുന്‍പുള്ള ശ്ലോകങ്ങളും ശ്രദ്ധിയ്ക്കണം. കൈവല്യം എന്നാല്‍ ഇംഗ്ലീഷില്‍ ‘Absoluteness’, മറ്റൊന്നിനെയും ആശ്രയിക്കാതെ ഉള്ള അസ്തിത്വം, അല്ലെങ്കില്‍ നിലനില്‍പ്പ് എന്നൊക്കെ പറയാം. മനസിന് മറ്റൊന്നിനെ ആശ്രയിക്കാതെ ഒന്നിനെ മനസിലാക്കാനുള്ള സാധ്യതയാണ് പ്രതിപാദ്യം. അതില്‍, മനസിന് ഒരേ സമയം സ്വയം തിരിച്ചറിയാനും മറ്റുള്ള കാര്യങ്ങളെ മനസിലാക്കാനും കഴിയില്ല എന്നതാണ് ഈ പ്രസ്തുത ശ്ലോകത്തിന്റെ അര്‍ത്ഥം. (അത് കൂടുതല്‍ വിശദമായി ഡോ. സൂരജ് രാജന്‍ ഇവിടെ വിവരിക്കുന്നുണ്ട്) ഇത് തീര്‍ച്ചയായും വിശിഷ്ടമായ ഒരു ദര്‍ശനമാണ്. പതഞ്ജലി ഒരു ബൌദ്ധികഭീമന്‍ ആയിരുന്നു എന്നു വ്യക്തം. എന്നുവെച്ച് അതിനെ നേരെ പിടിച്ച് Uncertainty principle -ല്‍ കെട്ടിയാല്‍ പതഞ്ജലിയും ഹൈസന്‍ബെര്‍ഗും വരിവരിയായി പോയി ആത്മഹത്യ ചെയ്യും.
മേല്‍പ്പറഞ്ഞതിന്റെ ചുവടുപിടിച്ച് ഒരു വന്‍ ശ്ലോകവ്യാഖ്യാന യജ്ഞം തന്നെ സാര്‍ നടത്തുന്നുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ സൂര്യപുത്രന്‍ എന്ന സിനിമയില്‍ ജഗതി പറയുന്ന ഒരു ഡയലോഗ് ആണ് ഓര്മ വരുന്നത്. ദിവ്യാ ഉണ്ണിയുടെയും ഇന്നസെന്‍റിന്റെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് ജഗതി പറയും, ‘രണ്ടു മുഖത്തും മീശയില്ല!!!’ ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ വാക്കുകള്‍ കൊണ്ട് അത് സൂചിപ്പിക്കുന്നതിന്റെ അത്ര തന്നെ പ്രധാനമാണ് അത് എവിടെ, എപ്പോ, ഏത് സന്ദര്‍ഭത്തില്‍ ആണ് പറഞ്ഞത് എന്ന്. പ്രത്യേകിച്ചു സയന്‍സിലെ ഓരോ സിദ്ധാന്തവും അത് പറയുന്നതിന് മുന്പ് കുറെ നിബന്ധനകള്‍ (conditions) കൂടി പറയും. ഇന്ന ഇന്ന സന്ദര്‍ഭങ്ങളില്‍, ഈ കാര്യം ഇങ്ങനെയാണ് എന്ന്. അതുകൊണ്ട് തന്നെ ഗീതയില്‍ മനുഷ്യന്റെ മോറല്‍ സൈഡിനെ കുറിച്ചും സാമൂഹ്യനീതിയെ കുറിച്ചും ജീവിതത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുമൊക്കെ പറയുന്ന ഭാഗങ്ങളെ conservation of energy എന്നും le chatelier principle എന്നുമൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ അല്‍പസ്വല്‍പ്പം വിവരക്കേടൊന്നും പോരാ. അതിനു കൈയടിക്കുന്ന കുറെപേരെ ഉള്‍ക്കൊള്ളുന്നതിലൂടെ IIT പോലുള്ള ഒരു സ്ഥാപനം രാജ്യദ്രോഹമാണ് ചെയ്യുന്നത്. അവര്‍ക്കു ഗീതയും അറിയില്ല സയന്‍സും അറിയില്ല.

5. ഹാര്‍വാര്‍ഡ്, ക്ലീവ് ലാന്‍ഡ് ഉള്‍പ്പെടെ 186 അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഭഗവത് ഗീത പഠിപ്പിക്കുന്നുണ്ട്.

ഡോ. ഗോക്രി പറയുന്ന കേട്ടാല്‍ ഹാര്‍വാര്‍ഡ്, ക്ലീവ് ലാന്‍ഡ് സര്‍വകലാശാലകളില്‍ ഭഗവത് ഗീത പഠിച്ചിട്ടെ വേറെ എന്തും പഠിക്കാന്‍ പറ്റൂ എന്നു തോന്നും (186 എന്ന കൃത്യമായ കണക്കിന്റെ ആധികാരികത അവിടെ നിന്നോട്ടെ). എന്റെ പൊന്നു സാറേ… ലോക ചരിത്രത്തിന്റെ ഭാഗമാണ് ഭാരതസംസ്കാരവും ഹിന്ദുപുരാണങ്ങളും. അത് ലോകത്തെ ഏത് സര്‍വകലാശാലയിലും പഠിപ്പിക്കാന്‍ മാത്രം യോഗ്യത ഉള്ള കാര്യവുമാണ്. പക്ഷേ സായിപ്പ് History ക്ലാസിലും Arts ക്ലാസിലും ഒക്കെയാണ് അത് പഠിക്കുന്നത്. നമ്മള്‍ നമ്മുടെ ഹിസ്റ്ററി ക്ലാസുകളില്‍ ചൈനീസ്, ഗ്രീക്കു തത്വചിന്തകള്‍ അതിലും കൂടുതല്‍ പഠിക്കുന്നുണ്ട്. ഇന്ത്യയില്‍ പോലും ഭഗവത് ഗീത വച്ച് ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുന്നില്ല. പിന്നെ, 5140 BC യില്‍ കുരുക്ഷേത്രയുദ്ധം നടന്നു എന്നത് ഇത്രയും കൃത്യമായി പറയാന്‍ ഭൂലോകത്ത് വേറെ ആര്‍ക്കും കഴിയില്ല. 500-6000 BC കളുടെ ഇടയില്‍ എപ്പോഴോ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്, കാരണം കൃത്യമായ വര്‍ഷം എങ്ങും രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തപ്പെട്ട തെളിവുകളില്‍ തന്നെ പലതും പല സമയമാണ് പറയുന്നതും. ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട സമയമാണെങ്കില്‍ BC പത്താം നൂറ്റാണ്ടു (950 ബി‌സി) എന്നു പറയേണ്ടിവരും. ഗോക്രി സാറിന് മാത്രം ഉറപ്പാണ്, കൃത്യം 5140 BC. സമ്മതിക്കണം പ്രഭോ!


6. കലിയുഗം തുടങ്ങിയത് 3102 BC February 17 Thursday Midnight 11.55!

ഈ ജനുവരി, ഫെബ്രുവരി ഇങ്ങനെ തുടങ്ങുന്നത് റോമന്‍ കലണ്ടറിന്റെ ചുവടുപിടിച്ചുള്ള വര്‍ഷഗണനയാണ്. എന്നാല്‍ ഇത് തുടങ്ങുന്ന കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 10 മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങള്‍ 700 BC യില്‍ Numa Pompilius എന്ന റോമന്‍ ചക്രവര്‍ത്തി കലണ്ടറിനോട് കൂട്ടി ചേര്‍ത്തതാണ്. ഏഴുദിവസങ്ങള്‍ ചേര്‍ന്ന ആഴ്ച എന്ന സങ്കല്‍പ്പവും അതുകൊണ്ടുതന്നെ Thursday എന്ന സങ്കല്‍പ്പവും ക്രിസ്തുവിന്നു ശേഷം നിലവില്‍ വന്നതാണ്. ഇതിനിടയില്‍ ജൂലിയന്‍, ഗ്രിഗോറിയന്‍ എന്നിങ്ങനെ കലണ്ടറുകള്‍ പല രീതിയില്‍ പരിഷ്കരിക്കപ്പെട്ടു. കലണ്ടറുകളെ പിന്നിലേക്ക് നീട്ടി അവ നിലവില്‍ വരുന്നതിനും മുന്‍പുള്ള തീയതികള്‍ പറയുന്ന Proleptic chronology സംവിധാനം നിലവില്‍ ഉണ്ടെങ്കിലും, അങ്ങനെ ഒരു തീയതി പറയുമ്പോള്‍ ഏത് കലണ്ടറിനെ ആധാരമാക്കി എന്നു പറഞ്ഞില്ലെങ്കില്‍ അതിനു അര്‍ഥമില്ല. അപ്പോഴാണ് മനുഷ്യന്‍ ക്ലോക്ക് കണ്ടുപിടിക്കുന്നത് പോയിട്ട് സമയം കണക്കാക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ച് തുടങ്ങാത്ത കാലത്തിലെ മിനിറ്റുകള്‍ കൃത്യമായ ഒരു സമയവും പൊക്കിക്കൊണ്ട് വരുന്നത്, അര്‍ദ്ധരാത്രി 11:55 പോലും. വേറെ ഒന്നുകൂടി ശ്രദ്ധിയ്ക്കണം. ഭാരതസങ്കല്‍പ്പമായ കലിയുഗം പറയാന്‍ ഗോക്രി ഉപയോഗിയ്ക്കുന്ന ദിവസം, മാസം, വര്‍ഷം, ഒക്കെ യൂറോപ്യന്‍ സമ്പ്രദായത്തിലാണ്. ഇന്നീ കാലഘട്ടത്തില്‍ പോലും അര്‍ദ്ധരാത്രി എന്നാല്‍ ‘എവിടത്തെ സമയം അനുസരിച്ച്?’ എന്നു ഒരു കൊച്ചുകുട്ടി പോലും ചോദിക്കും. IIT യിലെ പുലികള്‍ക്കൊന്നും ഒരു സംശയവുമില്ല. സാര്‍ പറഞ്ഞാല്‍ പറഞ്ഞതാ എന്നാ അവര് പറയുന്നത്.

7. അടുത്ത ക്ലാസിക് കോമഡി ഇതാണ്. തീര്‍ന്നില്ല സമയംകൊണ്ടുള്ള അഭ്യാസം. 1820 AD വരെ AD, BC ഒന്നും ഉണ്ടായിരുന്നില്ല. KE (Kali Era) ആണ് ലോകം മൊത്തം ഉപയോഗിച്ചിരുന്നത്. മാത്രമല്ല, 1820 വരെ ഗ്രീന്‍വിച്ച് രേഖ ഗ്രീന്‍വിച്ച് വഴിയല്ല, നമ്മുടെ ഉജ്ജയിനി വഴിയാണ് കടന്നുപോയിരുന്നത്. അത് ഇന്ത്യകാര്‍ ആരും അറിയാതെ ഗ്രീന്‍വിച്ചിലേക്ക് മാറ്റിയതാണ് പോലും


(ഇത് കേട്ടു ചിരിച്ചു ചിരിച്ചു വയര്‍ വേദനിച്ചതുകൊണ്ട് അരമണിക്കൂര്‍ റസ്റ്റ് എടുത്തിട്ടാണ് ഞാന്‍ ബാക്കി എഴുതുന്നത്.) എന്റെ ഗോക്രി ചേട്ടാ…. അങ്ങ് കൊല്ല്!
ഈ 10000 BC ഒക്കെ വെച്ചു കളിക്കുമ്പോ കുഴപ്പമില്ല. അത് അല്ലെന്നോ ആണെന്നോ തെളിയിക്കാന്‍ ഇച്ചിരി പാടുപെടും. ഈ 1820 AD എന്നൊക്കെ എടുത്ത് കാച്ചുമ്പോ സൂക്ഷിക്കണ്ടേ? ഷേക്സ്പിയറേ തുടങ്ങി എണ്ണമറ്റ പല മഹാന്മാരായ എഴുത്തുകാരും അതിനു മുന്പെ ജനിച്ചവര്‍ ആണ്. അവരൊക്കെ തലങ്ങും വിലങ്ങും എഴുതി അക്കാലത്തെ രീതികളെക്കുറിച്ചൊക്കെ നാട്ടുകാര്‍ക്ക് അറിയാം. (നിങ്ങടെ ഭാഗ്യത്തിനാണ് ഒരു കൂട്ടം മണ്ടന്മാരെ ഓഡിയന്‍സ് ആയി കിട്ടിയത്.) പുരാവസ്തുക്കളില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ AD ആറാം നൂറ്റാണ്ടില്‍ പോലും AD, BC ഒക്കെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജൂലിയന്‍ കലണ്ടര്‍ പരിഷ്കരിച്ച് പതിനാറാം നൂറ്റാണ്ടില്‍ (1582) ഗ്രിഗോറിയന്‍ കലണ്ടര്‍ ആക്കിയ കാര്യം ഒരുമാതിരി ജനറല്‍ നോളഡ്ജ് ഉള്ളവര്‍ക്കെല്ലാം അറിയാം. അപ്പഴാണ് സാറിന്റെ ഈ ഭയങ്കരന്‍ വെളിപാട്. ഉജ്ജയിനിയിലൂടെ ഗ്രീന്‍വിച്ച് ലൈന്‍ കടന്നുപോകുന്ന കഥയും കിടിലം തന്നെ. തമാശക്കാരാ തമാശക്കാരാ…
50 മിനിട്ടോളം ഉള്ള കഥകളിയിലെ ആദ്യ 20 മിനിട്ടുകളില്‍ ആണ് ഇത്രയും സംഭവിക്കുന്നത്. വേറെ പണികള്‍ ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ ഞാന്‍ ഇനിയും വിസ്തരിക്കാന്‍ ഉദേശിക്കുന്നില്ല (അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല). നമുക്ക് ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്നത്, ഇയാള്‍ പറയുന്ന കാര്യങ്ങളിലെ കൃത്യത അവതരിപ്പിക്കുന്ന രീതിയാണ്. യാതൊരു ഉളുപ്പുമില്ലാതെയാണ് ഇയാള്‍ തെറ്റായ സംഖ്യകള്‍ അടിച്ചു വിടുന്നത്. 1820, 3102 ഫെബ്രുവരി 17, വ്യാഴാഴ്ച… എന്നിങ്ങനെ എത്ര കോണ്‍ഫിഡന്‍റായിട്ടാണ് അയാള്‍ ഓരോന്ന് പറയുന്നത്. ഒരു കവലപ്രസംഗം ആയിരുന്നെങ്കില്‍ പോട്ടെ എന്നു വെക്കാം. രാജ്യത്തെ മികച്ച തലച്ചോറുകള്‍ എത്തിപ്പെടുന്നു എന്നു വിശ്വസിക്കപ്പെടുന്ന IIT പോലെ ഒരു സ്ഥലത്ത് ചെന്നാണ് ഇത്രയും വലിയ ബ്ലണ്ടര് വിളമ്പുന്നത്. ഇത് കേട്ടുകൊണ്ടിരുന്നവന്മാരില്‍ ഒരുത്തനും ഒരു സംശയവും തോന്നുന്നില്ല എന്നതാണു അത്ഭുതം (എന്തായാലും ഉറങ്ങുകയായിരുന്നില്ല എന്നു ഇടക്കിടെ കൈയടിയും ചിരിയും കേള്‍ക്കുമ്പോള്‍ മനസിലാവും). സ്വാമി വിവേകാനന്ദനെപ്പോലെ ധീരനായ യുക്തിവാദിയുടെ പേരില്‍ അറിയപ്പെടുന്ന വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിലെ (ഐ‌. ഐ‌. ടി. ചെന്നൈ) ചേട്ടന്‍മാര്‍ ആണ് ഈ തട്ടിപ്പുകാരന്‍റെ മുന്പില്‍ സാഷ്ടാംഗം വീഴുന്നത് എന്നോര്‍ക്കുമ്പോള്‍…. കേഴുക പ്രിയ നാടേ