Nov 12, 2012

ന്യൂട്രിനോ പരീക്ഷണം- നമ്മള്‍ അറിയേണ്ടത്


മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ബൃഹത്തായ ഒരു ലേഖനമാണ് ഈ ലിങ്കില്‍  "പ്രപഞ്ചരഹസ്യമറിയാന്‍ നാം ബലിയാടാവണോ?" എന്നാണ് ചോദ്യം. ഇത്രേം നേരമെടുത്ത് ഇത്രേം മണ്ടത്തരങ്ങള്‍ ഒരുമിച്ച് എഴുതിക്കൂട്ടുക വഴി ഒന്നുകില്‍ മനപ്പൂര്‍വം ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ് അല്ലെങ്കില്‍ തന്റെ വിവരക്കേട് ഓവര്‍ വിവരത്തിന്റെ രൂപത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലേഖകനായ ശ്രീ വീ.ടീ.പത്മനാഭന്‍.

പ്രപഞ്ചത്തില്‍ പ്രകാശകണങ്ങള്‍ (ഫോട്ടോണ്‍) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കണങ്ങളാണ് ന്യൂട്രിനോകള്‍. ഇത്രയും കൂടുതല്‍ ഉണ്ടായിട്ടും 1965 ഇല്‍ മാത്രമാണ് അവയെ കണ്ടെത്തിയത് എന്നത് ഒരു സാധാരണക്കാരന് അത്ഭുതമായി തോന്നാം. ന്യൂട്രിനോകള്‍ അത്രയും പാവത്താന്‍മാരായ കണങ്ങള്‍ ആയതുകൊണ്ടാണ് അത്. അവയ്ക്ക് തീരെ പ്രതിപ്രവര്‍ത്തന ശേഷി ഇല്ല. ഒരു വസ്തുവിനെ കാണുകയോ/detect ചെയ്യുകയോ വേണമെങ്കില്‍ അത് നമ്മുടെ കണ്ണുമായോ detector ഉപകരണവുമായോ പ്രതിപ്രവര്‍ത്തിക്കണം. ഒരു വസ്തുവിനെ നാം കാണുന്നത് അതില്‍ നിന്നുള്ള ഫോട്ടോനുകള്‍ നമ്മുടെ കണ്ണുമായ് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. സൂര്യനില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും കോസ്മിക് കിരണങ്ങളില്‍ നിന്നും ഒക്കെ വരുന്ന ആയിരക്കണക്കിന് കൊടി ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തില്‍ കൂടി ഓരോ നിമിഷവും (ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ പോലും) കടന്ന് പോകുന്നു. ഇതിന് രാത്രി-പകല്‍ വ്യത്യാസമില്ല. കാരണം, ഭൂമിയ്ക്ക് ഒരിക്കലും ഇവയെ തടഞ്ഞുവെക്കാന്‍ കഴിയാത്തതിനാല്‍ സൂര്യന്‍ ഭൂമിയുടെ മറുവശം ആണെന്നത് ന്യൂട്രിനോകള്‍ക്ക് ഒരു തടസമേയല്ല. രാത്രി നമ്മുടെ ശരീരത്തില്‍ എത്താന്‍ ഭൂമിയുടെ വ്യാസത്തിന് തുല്യമായ ദൂരം കൂടുതല്‍ സഞ്ചരിക്കണം എന്നെയുള്ളൂ. (ഏതാണ്ട് പ്രകാശത്തിന് തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്ന അവയ്ക്ക് അതൊരു വിഷയമല്ല താനും) ഇത്രയധികം ന്യൂട്രിനോകള്‍ ഭൂമിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ലോകത്തിന്റെ പല കോണുകളിലും ഉള്ള പാര്‍ട്ടിക്കില്‍/റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ക്കൊന്നും ഇതിനെ കാണാനെ സാധിച്ചില്ല. ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ പാവത്താന്‍മാരെ
ആരും അത്ര പെട്ടെന്ന് ശ്രധിക്കില്ലല്ലോ. ഇത്രയും പ്രതിപ്രവര്‍ത്തന ശേഷി കുറഞ്ഞ ഇവയെ ഡിറ്റക്ട് ചെയ്യുക എന്നത് വലിയ ശ്രമകരമാണ്. അന്തരീക്ഷം മൊത്തം ഫോട്ടോനുകളും മറ്റ് കണങ്ങളും ഉള്ളതിനാല്‍ അക്കൂട്ടത്തില്‍ നിന്നും ന്യൂട്രിനോകളെ തിരഞ്ഞ് പിടിച്ചു ഡിറ്റക്ട് ചെയ്യുക പ്രയാസമാണ്. അതുകൊണ്ടാണ് ന്യൂട്രിനോ നിരീക്ഷണശാലകള്‍ ഭൂമിക്കടിയിലൊ വെള്ളത്തിനടിയിലൊ സ്ഥാപിക്കുന്നത്, മറ്റു കണങ്ങള്‍ അവിടെ എത്തില്ല എന്നതുകൊണ്ട് (നക്ഷത്രങ്ങളെ നന്നായി കാണാന്‍ മറ്റു പ്രകാശങ്ങള്‍ ഇല്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നില്‍ക്കുന്നതുപോലെ). മാത്രമല്ല, തീരെ പ്രതിപ്രവര്‍ത്തന ശേഷി ഇല്ലാത്തതുകൊണ്ട് തന്നെ വളരെ വലിയ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രയോജനവും ഉള്ളൂ. കൂടുതല്‍ മഴവെള്ളം ശേഖരിക്കാന്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിക്കണം എന്നപോലെ തന്നെ.

സൂര്യനില്‍ നിന്നും പിന്നെ ഭൂമിയിലെ ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ നിന്നുമൊക്കെ ഉണ്ടാകുന്നത് അടിസ്ഥാനപരമായി ഒരേ ന്യൂട്രിനോകള്‍ തന്നെയാണ്. ഇവയുടെ എല്ലാം ഊര്‍ജം 15-20 GeV (ഗിഗാ ഇലക്ട്രോണ്‍ വോള്‍ട്ട്) റെയിഞ്ചില്‍ ആയിരിക്കും. ഈ GeV, TeV തുടങ്ങിയ വാക്കുകള്‍ Very High Energy ആണ് എന്ന് പറയുന്നത് കേട്ട് ഞെട്ടരുത്. അതൊക്കെ വളരെ ചെറിയ സബറ്റോമിക കണങ്ങളെ സംബന്ധിച്ചാണ് Very High Energy ആവുന്നത്. ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അതിന്റെ താപനില ഒരു ഡിഗ്രീ ഉയര്‍ത്താന്‍ വേണ്ടി കൊടുക്കേണ്ട താപോര്‍ജം 14196000000000 GeV അല്ലെങ്കില്‍ 14196000000 TeV ആണെന്ന് മനസിലാക്കണം.

പപ്പനാവന്‍ ചേട്ടന്‍ പറയുന്ന പല കാര്യങ്ങളും നല്ല 916 ക്വാളിറ്റി മണ്ടത്തരമാണ്.

//സെപ്റ്റംബര്‍ 17 തിങ്കളാഴ്ച വി.എസ്. അച്യുതാനന്ദന്‍ ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി(INO)യുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാറ്റണമെന്നാവശ്യപ്പെട്ടു//

ഈ പറയുന്ന ദുരൂഹത എന്താണെന്ന് മനസിലാവുന്നില്ല. ഈനോ (INO) എന്ന് വിളിക്കുന്ന India-based Neutrino Observatory യുടെ http://www.ino.tifr.res.in/ino//index.php എന്ന സൈറ്റില്‍ ഈ സംരംഭത്തിന്റെ എല്ലാ വശങ്ങളും, ഇതിന്റെ ഉദ്ദേശ്യം, അതിലെ സയന്‍സ് എന്ന് വേണ്ട എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ പോലും വ്യക്തമായി നല്‍കിയിട്ടുണ്ട്. Frequently Asked Questions (FAQ) എന്ന തലക്കെട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സാധാരണക്കാരന്‍ ചോദിക്കാന്‍ സാധ്യതയുള്ള നൂറുകണക്കിന് ചോദ്യങ്ങള്‍ക്കാണ് INO വ്യക്തമായ ഉത്തരം നല്‍കിയിരിക്കുന്നത്. ഇത്രയും സുതാര്യമായ ഒരു സംരംഭത്തില്‍ ഉണ്ട് എന്നാരോപിക്കുന്ന ദുരൂഹത സഖാവ് വീയെസ്സിന്റെ ഈ വിഷയത്തിലുള്ള അറിവില്ലായ്മ മാത്രമാണ് കാണിക്കുന്നത്

// INO-യിലെ നിരീക്ഷണങ്ങളുടെ ഭാഗമായി ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന ന്യൂട്രിനോകള്‍ ഡിറ്റക്ടര്‍ കടന്ന് അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നത് എവിടെയായിരിക്കുമെന്ന് പറയുന്നില്ല. ബഹിര്‍ഗമിക്കുന്ന സ്ഥലത്തുനിന്ന് നൂറു കിലോമീറ്റര്‍വരെ റേഡിയേഷന്‍ ഉണ്ടാകാമെന്നാണ് പഠനങ്ങള്‍. അങ്ങനെയെങ്കില്‍ പരിസരവാസികള്‍ക്കും വികിരണമേല്‍ക്കാം. മാത്രമല്ല, മണ്ണിലും വെള്ളത്തിലും റേഡിയേഷന്‍ ഉണ്ടാകാനിടയുണ്ട്. ഫാക്ടറി മെയ്ഡ് ആയിട്ടുള്ള ഹൈ എനര്‍ജി ന്യൂട്രിനോകള്‍ എമര്‍ജ് ചെയ്യുന്ന സ്ഥലത്തെല്ലാം റിയാക്ഷന്‍ ഉണ്ടാകും. അതിന്‍െറ ഫലമായി മണ്ണില്‍ കുറെ റേഡിയോ ആക്ടിവ് പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു. ഇവ മഴവെള്ളത്തിലൂടെയും ഭൂഗര്‍ഭപ്രവാഹങ്ങളിലൂടെയും ഒലിച്ചിറങ്ങി ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നു //

ഈ പഠനങ്ങള്‍ പറയുന്നു എന്ന് ചുമ്മാ അടിച്ചു വിടുമ്പോ എവിടെ എപ്പോ ആര് നടത്തിയ പഠനം എന്ന് പറയേണ്ട ബാധ്യതയുണ്ട് ലേഖകന്. അത് പറയണമെങ്കില്‍ അങ്ങനെ ഒരു പഠനഫലം ആരെങ്കിലും പുറത്ത് വിടണമല്ലോ. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു റേഡിയേഷന്‍ ഉണ്ടാകുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.

//ഒരു രാജ്യം സൂക്ഷിച്ചിരിക്കുന്ന ആറ്റംബോംബ് എവിടെയാണെന്ന് ശത്രുരാജ്യത്തിന് അറിയാമെന്നിരിക്കട്ടെ. ന്യൂട്രിനോ രശ്മികളെ നിര്‍ദിഷ്ട സ്ഥലത്തേക്ക് പറഞ്ഞയക്കാന്‍ശേഷിയുള്ള രാജ്യത്തിന്, തന്‍െറ രാജ്യത്തെ ലാബിലിരുന്നുകൊണ്ട് ന്യൂട്രിനോ രശ്മികള്‍ ഭൂമിക്കടിയിലൂടെ കടത്തിവിട്ടുകൊണ്ട് ആ ബോംബ് പൊട്ടിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. ന്യൂട്രിനോരശ്മികളെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ആശങ്കയുടെ കാതല്‍. ഉസാമ ബിന്‍ ലാദിന്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാമെങ്കില്‍ അയാളെ നശിപ്പിക്കാനായി വലിയ സന്നാഹങ്ങളുമായി അവിടെയെത്തുകയോ ബോംബിടുകയോ ഒന്നും വേണ്ട. ആ സ്ഥലത്തേക്ക് ഭൂമിക്കടിയിലൂടെ ന്യൂട്രിനോബീം അയച്ച് ആ പ്രദേശം നശിപ്പിക്കാന്‍ കഴിയും//

ദേ വീണ്ടും പഠനങ്ങള്‍!! ഒന്നിനും തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത ന്യൂട്രിനോകളെ എത്ര ദൂരെക്ക് വേണമെങ്കിലും അയച്ചു ബോംബ് പൊട്ടിക്കാനോ ആളെ കൊല്ലാനോ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ ഒന്നിനും തടഞ്ഞു നിര്‍ത്താന്‍ പറ്റില്ല എന്നതിന്റെ കാരണം തന്നെ ഞാന്‍ ആദ്യം പറഞ്ഞതാണ്. ഒന്നിനോടും പ്രതിപ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെ. ഒരു ആളെ കൊല്ലണം എങ്കില്‍ അതിന് ഉപയോഗിക്കുന്ന സാധനം അയാളുമായി പ്രതിപ്രവര്‍ത്തിക്കണം. ന്യൂട്രിനോയ്ക്ക് അതിനുള്ള കഴിവില്ല എന്നാണ് ഇത്രനേരം പറഞ്ഞതും. ഒന്നിനോടും പ്രതിപ്രവര്‍ത്തിക്കാത്തതിനെ ഒന്നിനും ഉപയോഗിക്കാന്‍ കൊള്ളില്ല. അതുകൊണ്ട് ആയുധം ഉണ്ടാക്കാനാണ് ഈ പ്രോഗ്രാം എന്നൊക്കെ പറയുന്നതും ആനമണ്ടത്തരമാണ്. ഉസാമ ബിന്‍ ലാദനെ കൊല്ലുന്ന ട്രിക്ക് പപ്പനാവന്‍ ചേട്ടന്‍ ബാലരമയില്‍ എഴുതിയാല്‍ പോലും മണ്ടത്തരമായിട്ടേ കണക്കാക്കാന്‍ പറ്റൂ.

//ഇടുക്കിപോലുള്ള ഒരു ഭൂകമ്പസാധ്യതാമേഖലയില്‍ തുടര്‍ച്ചയായി മൂന്നു മുതല്‍ നാലു വര്‍ഷം വരെ നിരന്തരം പദ്ധതിപ്രദേശത്ത് വിസ്ഫോടനം നടത്തേണ്ടതുണ്ട്. ഇത്തരം വിസ്ഫോടനങ്ങള്‍വഴി റിക്ടര്‍സ്കെയിലില്‍ മൂന്നുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ സംഭവിക്കാം//

300 ഇല്‍ അധികം കരിങ്കല്‍ ക്വാറികള്‍ ഉള്ള ഇടുക്കി ജില്ലയില്‍ അതിലും വലിയ വിസ്ഫോടനങ്ങള്‍ ഒന്നും ഈനോ ഉണ്ടാക്കാന്‍ പോകുന്നില്ല. ഈ റിക്ടര്‍ സ്കെയിലില്‍ 3 രേഖപ്പെടുത്തുന്നത് അത്ര വലിയ ഭൂചലനം ഒന്നുമല്ല. റിക്ടര്‍ സ്കെയില്‍ 10-ആധാരമായ ഒരു ലോഗരിതമിക് സ്കെയില്‍ ആണ്. റിക്ടര്‍ 3 രേഖപ്പെടുത്തുന്നതിന്റെ 10 മടങ്ങ് ബലമുള്ള ചലനമായിരിക്കും റിക്ടര്‍ 4 രേഖപ്പെടുത്തുന്നത്. അതിലും 10 മടങ്ങ് വലുതായിരിക്കും റിക്ടര്‍ 5 രേഖപ്പെടുത്തുന്നത്. റിക്ടര്‍ 5 നു മുകളില്‍ ഉള്ളവയാണ് risky എന്ന് പരിഗണിക്കുന്ന ചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 2-3 വരെ ശക്തിയുള്ള ചലനങ്ങള്‍ ഭൂമിയില്‍ ഒരു വര്ഷം പത്ത് ലക്ഷത്തോളം എണ്ണം ഉണ്ടാകുന്നുണ്ട്.

ഇതേ കാര്യങ്ങള്‍ ഇതേ ആള്‍ countercurrents.org എന്ന സൈറ്റിലും ഇംഗ്ലീഷില്‍ എഴുത്തിപ്പിടിപ്പിച്ചിട്ടുണ്ട്. അതിനോടുള്ള വ്യക്തമായ മറുപടി 'ദുരൂഹം' എന്നുപറയുന്ന ഈനോയുടെ സൈറ്റില്‍ 10 പേജുകളില്‍ വിശദമായി നല്‍കിയിട്ടുണ്ട് എന്നതിനാല്‍ ഞാന്‍ അധികം പറയുന്നില്ല.

ഈനോ എന്നത് പൂര്‍ണമായും ഒരു ഇന്ത്യന്‍ സംരംഭമാണ്. നമ്മള്‍ ആദ്യമായിട്ടല്ല ഇത് ചെയ്യുന്നതും. 1965 ഇല്‍ നമ്മുടെ കോളാര്‍ ഖനികളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരീക്ഷണശാലയാണ് അന്തരീക്ഷന്യൂട്രിനോകളെ ആദ്യമായി കണ്ടെത്തുന്നത്. 1990 ഇല്‍ കോളാര്‍ ഖനി അടച്ചുപൂട്ടിയതോടെ അതും നിലയ്ക്കുകയായിരുന്നു. നമ്മുടെ രണ്ടാമത്തെ മഹത്തായ കാല്‍വെപ്പാണ് INO. ഇതില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടാകുന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അമേരിക്കയിലെ ഫെര്‍മി ലാബുമായുള്ള സഹകരണം ഒരു വലിയ പ്രശ്നമായി കുറെ പേര്‍ ഉയര്‍ത്തിക്കാട്ടുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നത്. നമ്മള്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കെട്ട് ചെമ്പ് വയറുകളും, കുറെ കാന്തക്കഷണങ്ങളും, പത്ത് ടെസ്റ്റ് ട്യൂബുകളും ഒരു ബക്കറ്റ് വെള്ളവുമൊക്കെ വെച്ച് ലോകോത്തര കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഒരു സമയമുണ്ടായിരുന്നു ശാസ്ത്രലോകത്തിന്. പക്ഷേ അതൊക്കെ വളരെ പണ്ട്. ഇനിയുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് വളരെ ബൃഹത്തായ പരീക്ഷണസംവിധാനങ്ങള്‍ കൂടിയേ തീരൂ. അമേരിക്ക എന്നല്ല ഒരു രാജ്യത്തിനും ഒറ്റയ്ക്ക് താങ്ങാവുന്നതിനെക്കാല്‍ ചെലവുള്ളതാണ് അതൊക്കെ. അതിനാല്‍ തന്നെ അന്താരാഷ്ട്ര സംരംഭങ്ങള്‍ ആയി മാത്രമേ ഇനിയുള്ള പഠനങ്ങള്‍ മുന്നോട്ട് പോകൂ. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കു ശാസ്ത്രലോകത്ത് കൂടുതല്‍ പ്രാമുഖ്യം വരണമെങ്കില്‍ ഇത്തരം സംരംഭങ്ങളെ നമ്മള്‍ പ്രോല്‍സാഹിപ്പിച്ചെ കഴിയൂ. അവര്‍ക്ക് കൂടുതല്‍ മികച്ച ഗവേഷണഅന്തരീക്ഷം ലഭ്യമാക്കാന്‍ അന്താരാഷ്ട്രസഹകരണം അത്യന്താപേക്ഷിതമാണ്. നോബല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ എല്ലാവരും വിദേശപൌരത്വം ഉള്ളവരാണ്. (സീ.വീ.രാമന്‍ ഒഴികെ. അതാകട്ടെ ബ്രിട്ടീഷ് ഭരണകാലത്തും) ശാസ്ത്രമേഖലയോടുള്ള നമ്മുടെ നയത്തിന്റെ പോരായ്മയാണ് അത് കാണിക്കുന്നത്. നമ്മുടെ പ്രഗല്‍ഭരായ ശാസ്ത്രപ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കാന്‍ രാജ്യം വിടേണ്ട ഗതികേട് ആണ് ഇവിടെയുള്ളത്. അമേരിക്കക്കാരന്‍ വെച്ച് നീട്ടിയ പൌരത്വം പുല്ലുപോലെ വലിച്ചെറിഞ്ഞിട്ട് സ്വന്തം രാജ്യത്തേക്ക് വന്ന നമ്പി നാരായണന്‍ എന്ന മഹാനായ ശാസ്ത്രജ്ഞനോട് നമ്മള്‍ കാണിച്ചതുംകൂടി കണ്ടാല്‍ ഒരു യുവശാസ്ത്രജ്ഞനും ഈ രാജ്യത്ത് നില്‍ക്കാന്‍ താല്‍പര്യപ്പെടുമെന്ന് തോന്നുന്നില്ല. എന്തിലും ഏതിലും രാഷ്ട്രീയം മാത്രം കാണുന്ന നമ്മുടെ രീതി മാറിയെ തീരൂ. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അധിനിവേശങ്ങള്‍ വെച്ച് ഫെര്‍മിലാബ് പോലുള്ള ലോകോത്തര സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ അടക്കം ഒരു ജനതയെ മൊത്തത്തില്‍ യുദ്ധവെറിയന്‍മാരായി കാണുന്നത് കഷ്ടമാണ്.

സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വീ.ടീ.പദ്മനാഭനെ പോലുള്ളവരും അത് ഏറ്റുപിടിക്കുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കണം എന്നൊരു അപേക്ഷയുണ്ട്. ദയവായി ഈ രാജ്യത്തിന്റെ ശാസ്ത്രപുരോഗത്തിയെ പിന്നോട്ടടിക്കരുത്

No comments:

Post a Comment