Nov 12, 2012

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന് ഒരു തുറന്ന കത്ത്


ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മദ്രാസ് ഐ‌ഐ‌ടി-യില്‍ നല്കിയ പ്രഭാഷണത്തെ അധികരിച്ച് ഞാന്‍ എഴുതിയ ലേഖനം ഒരുപാട് പേര്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം അതിനുള്ള മറുപടി അദ്ദേഹം നേരിട്ടു യൂട്യൂബ് വഴി നല്‍കുന്ന വീഡിയോ കണ്ട് സത്യത്തില്‍ ഞാന്‍ അമ്പരന്നു. കാരണം, അദേഹത്തിന് നേരിട്ടു മറുപടി പറയാന്‍ മാത്രമൊക്കെ പ്രാധാന്യം ആ ലേഖനത്തിനു ഉണ്ടാകുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. ഇത്തരുണത്തില്‍ അദേഹത്തിന്റെ അഭിമാനത്തോടെയുള്ള പ്രതികരണത്തോട് ഒരു മറുപടി നല്കേണ്ടത് എന്റെ കടമ ആയതിനാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി കുറിക്കട്ടെ

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണനോട് ആത്മാര്‍ഥമായ ക്ഷമാപണം നടത്തി തുടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഏറ്റവും പ്രധാനമായി അതിലെ ഗോക്രി എന്ന പദപ്രയോഗത്തില്‍.അത് അദേഹത്തിന്റെ വിമര്‍ശകര്‍ പൊതുവേ അദേഹത്തെ വിശേഷിപ്പിക്കുന്ന പദം ആണെന്നത് ഒരു ന്യായീകരണമായി ഞാന്‍ കാണുന്നില്ല. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ മുന്പും ഞാന്‍ പല ലേഖനങ്ങളും എഴുതിയിട്ടുണ്ട് എങ്കിലും, എന്റെ സുഹൃത്തുക്കളില്‍ ചിലരല്ലാതെ അതൊന്നും വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തതായി കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു ചെറിയ കൂട്ടം ആളുകളെ മുന്നില്‍ കണ്ടാണ് ഞാന് പ്രസ്തുത ലേഖനം എഴുതിയതും അതില്‍ ആ പദം ഉപയോഗിച്ചതും. നര്‍മ്മത്തിന്റെ മേംപൊടിയോടെ കാര്യങ്ങള്‍ പറയാന്‍ ഉദേശിച്ചതിനാല്‍ ആ പദം നിരുപദ്രവകാരി ആയിരിയ്ക്കും എന്നു ഞാന്‍ ധരിച്ചിരുന്നു. എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അത് വളരെയധികം ആളുകള്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അത്രയ്ക്കൊക്കെ പോപുലാരിറ്റി ഈ ലേഖനത്തിനു വരുന്നത് കണ്ടപ്പോള്‍ ആ പ്രയോഗം തെറ്റായിപ്പോയി എന്ന്‍ എനിക്കു ബോധ്യം വന്നു. എന്നെ പരിചയമില്ലാത്ത ഒരാള്‍ അത് വായിക്കുമ്പോള്‍ അത് വെറും ഒരു വ്യക്തിഹത്യ ആയി തോന്നും എന്ന് ഞാന്‍ മനസിലാക്കുന്നു. ഇത് എന്റെ ഭാഗത്ത് നിന്നുള്ള ഒരു വലിയ തെറ്റായി ഞാന്‍ അംഗീകരിക്കുന്നു.
രണ്ടാമതായി ഞാന്‍ നടത്തിയ മറ്റൊരു വിമര്‍ശനമാണ്, //കടപയാദി സംഖ്യാ സമ്പ്രദായം പഠിക്കാതെ ഗണിതം പഠിക്കാനെ കഴിയില്ല// ഇത് എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ച ഒരു പിഴവാണ്. കടപയാദി സംഖ്യാ സമ്പ്രദായം പഠിക്കാതെ 'ഭാരതീയഗണിതം' പഠിക്കാനെ കഴിയില്ല എന്നാണ് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അത് ശരിയാണ് താനും. ഭാരതീയഗണിതം എന്നത് വെറും ഗണിതമായി കേട്ട് അതിനെ വിമര്‍ശിച്ചത് എന്റെ തെറ്റാണ്. അതിനും ഞാന്‍ അദേഹത്തോട് എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.


ഇനി എനിക്കു പറയാനുള്ള കാര്യങ്ങള്‍ക്ക്, മറ്റൊരു തലക്കെട്ട് നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:

"എടാ തങ്കപ്പാ, ഈ ഇരിക്കുന്ന ഗോപാലകൃഷ്ണന്‍ സാറ് ആരാന്നാ നിന്റെ വിചാരം?"

ആദ്യമായിട്ടാണ് ഒരു ലേഖനത്തിനു ഗോപാലകൃഷ്ണന്‍ സാറ് ഇങ്ങനെ മറുപടി കൊടുക്കുന്നതു എന്ന് കേട്ടു. അത് എന്റെ വലിപ്പക്കുറവായി ഞാന്‍ കാണുന്നു. ഇതിന് മുന്പ് പലരും ഇതിനേക്കാള്‍ വിശദമായി അദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചിട്ടുണ്ട്. അവരൊക്കെ ഈ വിഷയങ്ങളില്‍ വലിയ വലിയ പുലികള്‍ ആണ്. മുന്പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി അവയില്‍ രണ്ടു ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.  ഈ ലേഖനം ശ്രീ ഉമേഷിന്‍റെ വക, ഇത് ഡോക്ടര്‍ സൂരജ് രാജന്റെ വക. ഇവകള്‍ക്കും കൂടി ഡോ ഗോപാലകൃഷ്ണന്‍ മറുപടി യൂട്യൂബിലൂടെ നല്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 
ഇനി അഭിമാനത്തോടെയുള്ള ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തോടുള്ള എന്റെ പ്രതികരണം:
മറുപടിയുടെ ആകെത്തുക എന്നോടുള്ള തെറിവിളി ആണെന്ന് അത് കേള്‍ക്കുന്ന ഒരാള്‍ക്ക് പിടികിട്ടും. ആദ്യമൊക്കെ വളരെ സൌമ്യനായി പറഞ്ഞുതുടങ്ങി എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ സാറിന്റെ ടെംപര്‍ പലയിടത്തും തെറ്റുന്നുണ്ട്. 'നല്ല പിതാവിനും മാതാവിനും ജനിക്കാതെ പോയതിന്റെ പ്രശ്നമാണ്' എന്ന തന്തയ്ക്കു വിളിയുടെ ആര്‍ഷഭാരതവെര്‍ഷന്‍ ആണ് പലയിടത്തും ഉപയോഗിക്കുന്നത് (പാവം, ഇതൊക്കെ ചെന്നു വീഴുന്നത് സാറിനെ സര്‍വജ്ഞന്‍ ആയി കണ്ട് ബഹുമാനിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും പുറത്താണ് എന്നത് സാര്‍ അറിയുന്നില്ലല്ലോ). ഒപ്പം ഇംഗ്ലീഷ്കാരുടെ രക്തം ശരീരത്തില്‍ ഉള്ളതിന്റെ കുഴപ്പമാണ് എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മനസിലാകാതിരിക്കാന്‍ ഞാന്‍ അന്യഗ്രഹജീവിയോന്നും അല്ല. തല്‍ക്കാലം അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള ഭാഗം ഞാന്‍ ഇത് വായിക്കുന്നവര്‍ക്ക് വിടുന്നു. പിന്നെ അടുത്ത ബഹുമതി ഞാന്‍ ഒരു മാനസികരോഗിയാണ് എന്നുള്ളതാണ്. എന്റെ ഗോക്രി പദപ്രയോഗത്തിനുള്ള മറുപടിയായി ഞാന്‍ അതിനെ സ്വീകരിക്കുന്നു. എന്റെ മാനസികരോഗത്തിന് സാറിന്റെ കൂടി സര്‍ട്ടിഫിക്കറ്റ് എനിക്കു ആവശ്യമായിരുന്നു. പക്ഷേ സാറിന് അറിയുമോ എന്നറിയില്ല, ഈ മാനസികരോഗി പണ്ട് അങ്ങയുടെ ഒരു വലിയ ഫാന്‍ ആയിരുന്നു. റ്റീവിയില്‍ അങ്ങയുടെ പ്രഭാഷണങ്ങള്‍ കേട്ടു ഞാന്‍ അങ്ങയെ മനസില്‍ പൂജിച്ചിട്ടുണ്ട്. അത് തുറന്നു പറയാന്‍ എനിക്കൊരു മടിയും ഇല്ല. പക്ഷേ ന്റെ സാറേ... സാര്‍ ആ സംസ്കൃതത്തിന്റെ തട്ടം എടുത്ത് ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല. മൈക്കിന്റെ പിന്നിലുള്ള സാറിന്റെ ആ മുഖം മാത്രം. സാര്‍ ജ്യോതിഷത്തെ കുറിച്ചു ഒരു പ്രഭാഷണപരമ്പരയില്‍ പറയുന്നതൊക്കെ കേട്ടു ഞാന്‍ പണ്ട് ജ്യോതിഷം പഠിക്കാന്‍ ഇറങ്ങി സര്‍, അങ്ങേക്കറിയുമോ? അപ്പോഴാണ് അങ്ങ് പറയുന്ന ജ്യോതിഷവും യഥാര്‍ത്ഥ ജ്യോതിഷവും തമ്മില്‍ ബന്ധമില്ല എന്നു ഞാന്‍ മനസിലാക്കിയത്. ചില ഗ്രഹസ്ഥാനങ്ങള്‍ക്ക് അങ്ങ് പറയുന്ന ഫലവും ഭാരതീയ ജ്യോതിഷത്തിന്റെ തലതൊട്ടപ്പന്‍ വരാഹമിഹിരന്‍ പറയുന്ന ഫലവും തമ്മില്‍ ഒരു സാമ്യവും കണ്ടില്ല സര്‍. (അത് ശ്രീ ഉമേഷ് തന്റെ ലേഖനത്തില്‍ കാണ്ഡം കാണ്ഡമായി പൊളിച്ച് അടുക്കിയിരിക്കുന്നത് മുകളില്‍ ഞാന്‍ പറഞ്ഞ ലിങ്കില്‍ ഉണ്ട്). എന്നാലും ഇറങ്ങി തിരിച്ചതല്ലേ എന്നു കരുതി ആ ജ്യോതിഷവും ഞാന്‍ പഠിച്ച ഫിസിക്സും വെച്ചു ചില അലക്കുകള്‍ അലക്കി നോക്കി. ദേ കിടക്കുന്നു സവാളവട! സാര്‍ എന്നെ ഇത്രയും കാലം എത്ര വിദഗ്ദ്ധമായി പറ്റിച്ചിരിക്കുന്നു എന്നു മനസിലായി. Congratulations sir. എന്റെ അഹന്തയ്ക്ക് കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. അന്ന് മുതല്‍ ഐന്‍സ്റ്റീന്‍ പറഞ്ഞാല്‍ പോലും സ്വയം പരിശോധിച്ചു ബോധ്യം വന്നാലെ ഒരു കാര്യം സ്വീകരിക്കാവൂ എന്ന സയന്‍സിലെ അടിസ്ഥാന തത്ത്വം പഠിച്ചു അന്ന് തുടങ്ങിയതാ സര്‍ മറ്റുള്ളവരുടെ അറിവില്ലായ്മ മുതലെടുത്ത് ആളാവുന്ന ഈ ടൈപ് ആളുകളോടുള്ള ബഹുമാനക്കുറവ്. എന്തു. ചെയ്യാം, കബളിപ്പിക്കപ്പെട്ടവന്റെ ആത്മരോഷമായോ സംസ്കൃതത്തില്‍ ഇത്തരം മാനസികരോഗത്തിന് എന്തെങ്കിലും പേര് വിളിക്കുമെങ്കില്‍ അതായോ ഇതിനെ കണക്കാക്കാം.
കുറെ ഏറെ സംസ്കൃത പുസ്തകങ്ങളുടെ പിന്‍ബലത്തോടെയാണ് സര്‍ എനിക്കെതിരെ ആഞ്ഞടിക്കുന്നത്. പക്ഷേ പലയിടത്തും അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് എന്ന് മാത്രം. എന്റെ പോയിന്‍റുകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്കി അതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അത്ഭുതമല്ല. കാണ്ഡം കാണ്ഡങ്ങളായി സംസ്കൃത ശ്ലോകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആളിന് ഈ ഇത്തിരിപ്പോന്ന എന്റെ വാക്കുകളെ വളച്ചൊടിക്കാന്‍ ഒരു പാടുമുണ്ടാവില്ല. ഞാന്‍ അഞ്ചുവര്‍ഷത്തെ എന്റെ സംസ്കൃതപഠനം സൂചിപ്പിച്ചതിനെ സര്‍ പല സ്ഥലങ്ങളിലും കളിയാക്കുന്നുണ്ട്. അദ്ദേഹം സ്വിറ്റ്സര്‍ലാണ്ടില്‍ നിന്നും Carbon dioxide extracting instrument കൊണ്ടുവന്ന കഥ പറയുന്നതുപോലെ ഞാന്‍ എന്നെ സ്വയം പുകഴ്ത്താന്‍ അഞ്ചു വര്‍ഷത്തെ സംസ്കൃതപഠനം ഉപയോഗിക്കുന്നു എന്നാണ് വിവക്ഷ. എന്റെ സര്‍, അങ്ങയെപ്പോലെ, വായിക്കുന്നവര്‍ എല്ലാം വെറും പോഴന്‍മാര്‍ ആണെന്ന ധാരണയില്‍ അല്ല ഞാന്‍ ഇതൊന്നും എഴുതിപ്പിടിപ്പിക്കുന്നത്. അഞ്ചുവര്‍ഷത്തെ പഠനം കൊണ്ട് സംസ്കൃതത്തില്‍ സര്‍വജ്ഞപീഠം കയറാം എന്നു അവകാശപ്പെടാനും അത് കേട്ടു ജനങ്ങള്‍ കൈയടിക്കും എന്നു വിശ്വസിക്കാനും മാത്രം മണ്ടന്‍ കുണാപ്പിയല്ല ഞാന്‍. ഞാന്‍ അവിടെ ഏത് അര്‍ത്ഥത്തില്‍ അത് പറഞ്ഞിരിക്കുന്നു എന്നു മനസിലാക്കാന്‍ നിഷ്പക്ഷമായി ആ ലേഖനത്തെ സമീപിക്കുന്ന ആര്‍ക്കും കഴിയും.
ഈശാവാസ്യോപനിഷത്തിനെ ഈശോവാസ്യോപനിഷത്ത് എന്നു ഞാന്‍ ടൈപ് ചെയ്തത് സാര്‍ ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നുണ്ട്. ശരിയാണ്, അത് തെറ്റാണ് എന്നു ഞാന്‍ അംഗീകരിക്കുന്നു. കംപ്യൂട്ടറില്‍ മലയാളം ടൈപ് ചെയ്യുമ്പോള്‍ വരുന്ന ഒരു സ്വാഭാവികമായ അച്ചടിപ്പിശക് മാത്രമായിരുന്നു അത്. "ഈശാവാസ്യമിദം സര്‍വം...." എന്ന ആദ്യമന്ത്രം എനിക്കു പരിചിതമാണ്. പക്ഷേ ഈ പേരില്‍ എന്നെ കളിയാക്കുന്ന സാര്‍ പതഞ്ജലിയുടെ യോഗശാസ്ത്രം എന്നു പലതവണ ആവര്‍ത്തിക്കുന്നുണ്ട്. അത് യോഗശാസ്ത്രം ആണോ യോഗസൂത്രം ആണോ എന്ന് ഒന്നുകൂടി ഒന്നു ഉറപ്പിച്ചിട്ടു പോരേ അത്? പതഞ്ജലിയുടെ വരികളുടെ അര്‍ത്ഥം കൃത്യമായി അറിയാന്‍ അത് ഉള്‍ക്കൊള്ളുന്ന അദ്ധ്യായത്തിന്റെ പേര്‍ കൂടി നോക്കണം എന്ന് പറഞ്ഞതിനെ കൂടി സാര്‍ കളിയാക്കുന്നുണ്ട്. അതിനു പറയുന്ന ഉദാഹരണമോ "ചെമ്മീന്‍ എന്ന് പേരുള്ള നോവലില്‍ എവിടെയാണ് ചെമ്മീന്‍?" എന്ന്. ഡീലിറ്റും രണ്ട് MA യും ഒന്നുമില്ലാത്ത അടിയന് ഇതിന് മുന്നില്‍ നമിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ല സര്‍.
കലിയുഗപ്പിറവിയുടെ കാര്യത്തില്‍ സാര്‍ എന്നെ കലണ്ടര്‍ എങ്ങനെ പിന്നോട്ട് കണക്കാക്കാം എന്നാണ് പഠിപ്പിക്കുന്നത്. അത് എന്തിനാണാവോ! Proleptic chronology യെക്കുറിച്ച് ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് കാണാതെയാണോ അത് എന്നെ പഠിപ്പിക്കുന്നത്. ഇതേ കൈയടി AD 2135 എന്നു പറഞ്ഞാലും കിട്ടില്ലേ എന്നാണ് സാര്‍ പിന്നെ ചോദിക്കുന്നത്. എന്നിട്ട് ക്രിസ്ത്യാനിക്കും ഇസ്ലാമിനും ഇട്ടു ഓരോ തട്ടും. എന്താണോ എന്തോ! Quantum entanglement, Uncertainty principle- ഇത് രണ്ടിനും ഞാന്‍ പറഞ്ഞതും സര്‍ മറുപടി പറഞ്ഞതും തമ്മില്‍ എന്തു ബന്ധം? എനിക്കു 47 വര്ഷം സംസ്കൃതം പഠിച്ച അറിവ് ഇല്ല സര്‍. ഫിസിക്സില്‍ ഒരു ബിരുദാനന്ദരബിരുദവും കുറച്ചു വായിച്ചറിവുകളും പിന്നെ എന്റെ കൂട്ടുകാര്‍ ഒക്കെ എനിക്കു ഉണ്ടെന്ന് പറയുന്ന ഇത്തിരി കോമണ്‍ സെന്‍സും മാത്രമേ കൈയില്‍ ഉള്ളൂ. പഠിച്ച വിഷയത്തില്‍ അഭിപ്രായം പറയാന്‍ അത് മതിയാകും എന്നാണ് ഈ മാനസികരോഗി ഇപ്പൊഴും വിചാരിക്കുന്നത്. ഇവിടേയ്ക്ക് ഐന്‍സ്റ്റീനെ കൊണ്ട് വന്നതും അങ്ങ് തന്നെ. ഐന്‍സ്റ്റീന്‍ 1930-കളില്‍ Cosmic Religion എന്നൊരു മതം ഉണ്ടാക്കി എന്നാണ് അങ്ങ് മറുപടിപ്രഭാഷണത്തില്‍ അടിയനോട് പറഞ്ഞത്. മതം ഉണ്ടാക്കി, എന്നു പ്രയോഗിക്കുമ്പോള്‍ മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിച്ചു എന്നും അക്ബര്‍ ചക്രവര്‍ത്തി ദിന്‍ ഇലാഹി സ്ഥാപിച്ചു എന്നുമൊക്കെ പറയുന്നപോലെയാണ് അങ്ങത് പറയുന്നതു. പ്രാപഞ്ചിക തത്ത്വശാസ്ത്രത്തെ കുറിച്ചുള്ള സ്വന്തം വിശ്വാസത്തെ ഐന്‍സ്റ്റീന്‍ തന്റെ വിശ്വപ്രസിദ്ധമായ Ideas and Opinions എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അതിലാണ് Cosmic religion എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് (ആ ഭാഗം മുന്പ് New York Times മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) അതില്‍ അദ്ദേഹം പറയുന്നു, "In general, only individuals of exceptional endowments, and exceptionally high-minded communities, rise to any considerable extent above this level. But there is a third stage of religious experience which belongs to all of them, even though it is rarely found in a pure form: I shall call it cosmic religious feeling. It is very difficult to elucidate this feeling to anyone who is entirely without it, especially as there is no anthropomorphic conception of God corresponding to it" അദേഹത്തിന്റെ The World as I See It എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെയും പറയുന്നു, "A knowledge of the existence of something we cannot penetrate, of the manifestations of the profoundest reason and the most radiant beauty, which are only accessible to our reason in their most elementary forms—it is this knowledge and this emotion that constitute the truly religious attitude; in this sense, and in this alone, I am a deeply religious man. ഇവിടെ "in this sense, and in this alone" എന്ന phrase ന്റെ അര്‍ത്ഥം "ഈ അര്‍ത്ഥത്തില്‍, ഈ ഒരു അര്‍ത്ഥത്തില്‍മാത്രം" എന്നാണ് എന്ന് ഡീ.ലിറ്റ് ബിരുദധാരിയായ ഏക ശാസ്ത്രജ്ഞന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമുണ്ടോ? ഇതിനെയാണ് അങ്ങ് മതം ഉണ്ടാക്കി എന്നു വ്യാഖ്യാനിക്കുന്നത്. ഇതോടൊപ്പം Walter Isaacson എഴുതിയ Einstein: His life and the Universe എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരു നിരീശ്വരവാദി ആയിരുന്നില്ല എന്നും ഒരു Agnostic theist ആയിരുന്നു എന്നും പറയുന്നു. അടിയനും ഒരു agnostic theist ആണ്. Agnosticism എന്നാല്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതേ ഐന്‍സ്റ്റീന്‍ തന്റെ വിശ്വാസപ്രകാരം ശരിയായ ഒരു പ്രപഞ്ചമാതൃകയെ ഉണ്ടാക്കാന്‍ വേണ്ടി, വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ Cosmological constant എന്ന ഒരു സ്ഥിരാങ്കം തന്റെ ഗണിതസമവാക്യങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഒടുവില്‍ Hubble Redshift കണ്ടെത്തിയപ്പോള്‍ തന്റെ വിശ്വാസം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞു അത് പിന്‍വലിക്കുകയും ചെയ്ത ഒരു ചരിത്രം ഉണ്ട്. അതാണ് ശാസ്ത്രത്തിന്റെ രീതി. അത് പുതിയ അറിവുകള്‍ സ്വീകരിച്ച് എപ്പോഴും പുതുക്കപ്പെട്ടുകൊണ്ടേയിരിക്കും. ഐന്‍സ്റ്റീനേ കുറിച്ച് ഇനിയും ചിലത് ഇവിടെ പ്രസക്തമാണ്. അദ്ദേഹം പൂര്‍ണമായും Deterministic കാഴ്ചപ്പാട് ഉള്ള ആളായിരുന്നു. ക്വാണ്ടം മെക്കാനിക്സിലെ സാധ്യത/chance എന്ന സങ്കല്‍പ്പത്തെ പാടെ തള്ളിക്കളഞ്ഞ അദേഹത്തിന്റെ 'ദൈവം പകിട കളിക്കില്ല' എന്ന ഉദ്ധരണി വളരെ പ്രശസ്തമാണ്. പക്ഷേ ഇതേ സാധ്യതാ സങ്കല്‍പ്പമാണ് ഇന്നും ക്വാണ്ടം മെക്കാനിക്സ് പിന്തുടരുന്നത്. ആ ക്വാണ്ടം മെക്കാനിക്സിലെ Uncertainty principle ആണ് അങ്ങ് പതഞ്ജലി കണ്ടെത്തിയത് എന്ന് ഇപ്പൊഴും ഉറപ്പിച്ച് പറയുന്നത്. സ്വന്തം വാദഗതിയെ പിന്താങ്ങാന്‍ ഐന്‍സ്റ്റീനെ കൊണ്ട് വരുമ്പോള്‍ അങ്ങ് ഇത് ഓര്‍ത്തുകാണില്ല. ഇതിനെയാണ് ഞങ്ങള്‍ ഡീ.ലിറ്റ് ഇല്ലാത്ത സാധാരണക്കാര്‍ വൈരുദ്ധ്യം അല്ലെങ്കില്‍ Contradiction എന്ന് പറയുന്നത്. ഇനി ഇതെല്ലാം മറന്നു എന്നിരിക്കട്ടെ, ഇന്ന് സയന്‍സിനെ കുഴക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ക്വാണ്ടം കമ്പ്യൂട്ടിങ് പോലെയുള്ള ചില മേഖലകളില്‍ അഭിമുഖീകരിക്കുന്ന ചില താത്വികപ്രശ്നങ്ങള്‍, അത് ഉടന്‍ പരിഹരിക്കും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അതിനു മുന്പ് അതൊന്നു സംസ്കൃതത്തില്‍ പരിഹരിച്ച് കാണിച്ചുകൂടെ? Uncertainty principle പതഞ്ജലീ സൂത്രത്തില്‍ കിടക്കുന്നപോലെ ഇതും എവിടെയെങ്കിലും കാണുമല്ലോ. സയന്‍റിസ്റ്റുമാര്‍ കണ്ടുപിടിക്കും വരെ കാത്തുനില്‍ക്കാതെ അത് ഇപ്പോഴേ അങ്ങ് പരസ്യപ്പെടുത്തിക്കൂടേ?
പിന്നെ സാര്‍ മേടസംക്രാന്തി അല്ലെങ്കില്‍ Alpha Aries എന്നു പറയുന്നുണ്ട്. പക്ഷേ ഈ ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ പറയുന്നതു Alpha Aries എന്നൊരു വാക്ക് അവര്‍ കേട്ടിട്ടില്ലെന്നാണ്. Alpha Arietis എന്ന ഒരു നക്ഷത്രം ഉണ്ടത്രേ. മേടസംക്രാന്തിയെ First point of Aries എന്നാണു വിളിക്കുന്നതു്, നിർവ്വചനം മാത്രമേ ഉള്ളൂ, ഭാരതീയരുടെ മേടസംക്രമവും പാശ്ചാത്യരുടെ First point of Aries-ഉം ഒന്നിച്ചല്ല സംഭവിക്കുന്നതു്, ആര്യഭടന്റെ കാലത്തു് മേടസംക്രാന്തിയും FPA-യും ഒരിടത്തായിരുന്നു, ബി സി 3102-ൽ FPA മേടസംക്രാന്തിയെക്കാൾ 46 ഡിഗ്രി മുന്നിലായിരുന്നു. ഇപ്പോൾ അതു് ഏകദേശം 23 ഡിഗ്രി പുറകിലാണു്, എന്നൊക്കെ അവര്‍ പറയുന്നു സര്‍. എനിക്കിതൊന്നും നേരിട്ടു അറിയില്ല. പിന്നെ ഋഗ്വേദത്തിന്റെ കാലയളവ് വച്ച് ഹിന്ദുപ്രാമാണികഗ്രന്ഥങ്ങളുടെ പഴക്കം പറയുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞുപോയതിന്റെ പേരില്‍ അങ്ങ് ഹാരപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോപ്പര്‍, ബ്രോണ്‍സ്, ബ്രാസ് കഷണങ്ങള്‍ കണ്ടുപിടിച്ചതിന്റെയും അതിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങിന്റെയും കാര്യം പറഞ്ഞതും ഒക്കെ എന്തിനാണെന്ന് ഈ പാവത്തിന് മനസിലായിട്ടില്ല. സ്നേഹത്തിനെ സയന്‍സ് കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞിട്ടില്ല എന്നും അളക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞതെന്നുമാണ് സര്‍ പറയുന്നത്. സോറി സര്‍. അങ്ങ് സ്വന്തം പ്രസംഗം ഒന്നുകൂടി കേട്ടുനോക്കൂ. എനിക്കു മാനസികരോഗം മാത്രമേ ഉള്ളൂ കേട്ടാ, കാതുകളക്ക നല്ല ഞെരിപ്പായിട്ട് കേക്കാം. ഇനി അളക്കാന്‍ പറ്റില്ല എന്നുതന്നെയാണ് പറഞ്ഞത് എങ്കില്‍, ഒരു കാര്യം ഞാന്‍ അങ്ങോട്ട് പറയാന്‍ ആഗ്രഹിക്കുന്നു. സ്നേഹം അളക്കുന്നതിന് എന്തെങ്കിലും യൂണിറ്റ് ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ ഒന്നില്ല എന്നു ഉറപ്പുമില്ല. വേദന എന്ന മനുഷ്യവികാരം അളക്കാന്‍ കഴിയും. Dolorimeter എന്ന ഉപകരണമാണ് അതിനു ഉപയോഗിക്കുന്നത്. del എന്ന യൂണിറ്റിലാണ് അത് അളക്കുന്നത്. അതുകൊണ്ട് തന്നെ നാളെ സ്നേഹം, ബഹുമാനം ഇതൊന്നും അളക്കാന്‍ കഴിഞ്ഞുകൂടാ എന്നില്ല. 100 വര്ഷം മുന്പ് സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് നമ്മുടെ ശാസ്ത്രം നേടിയെടുത്തിട്ടുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെ ഈയുള്ളവന്റെ അറിവില്ലാത്ത മനസ് പറയുന്നു. ഭാരതസംസ്കാരം ലോകചരിത്രത്തിന്റെ ഭാഗമാണ് എന്നതിനെക്കുറിച്ചും, വിദേശയൂണിവേഴ്സിറ്റികള്‍ അവ പഠിപ്പിക്കുന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞതൊന്നും അല്ല അങ്ങ് മനസിലാക്കിയത്, അല്ലെങ്കില്‍, അതൊന്നുമല്ല അങ്ങ് വ്യാഖ്യാനിച്ചത്.
1820 AD വരെ AD, BC ഒന്നും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞതും ഗ്രീന്‍വിച്ച് രേഖ ഇന്ത്യയില്‍ ഉജ്ജയിനിയില്‍ കൂടി ആണ് പോയത് എന്നു പറഞ്ഞതും ഒക്കെ വിശദീകരിക്കുന്ന കേട്ടിട്ട് ചിരി അടക്കാന്‍ കഴിയുന്നില്ല സര്‍. (ഞങ്ങള്‍ മാനസികരോഗികള്‍ക്ക് പിന്നെ എപ്പോഴും ചിരിക്കാനുള്ള ലൈസന്‍സ് ഉണ്ടല്ലോ) സ്കൂള്‍ കുട്ടികള്‍ക്ക് മനസിലാവുന്ന സംസ്കൃതം അങ്ങ് വിശദീകരിക്കുന്നത് അടിയന്‍ കേട്ടു. ഓരോ ഭാഗം വായിച്ചു അങ്ങ് അര്ത്ഥം പറയുമ്പോള്‍ സംസ്കൃതഭാഗം കേള്‍ക്കണ്ട, അങ്ങ് പറയുന്ന മലയാളഭാഗം മാത്രം കേട്ടാല്‍ മതി തമാശ പിടികിട്ടാന്‍. അല്ല സര്‍, ഈ ലങ്കയില്‍ അടിക്കുന്ന കുറ്റിയില്‍ നിന്നും ആര്‍ടിക് സമുദ്രത്തിലേക്ക് ചരട് വലിച്ചു കെട്ടുക എന്നൊക്കെ പറയുമ്പോള്‍ സര്‍ സത്യത്തില്‍ എന്താണ് ഉദേശിക്കുന്നത്? ആര്‍ടിക് സമുദ്രത്തിലേക്ക് എങ്ങനെയാണ് ചരട് കെട്ടുന്നത്? ഇനി അവിടെ ഒരു തൂണ്‍ നിര്‍ത്തി ചരട് വലിച്ചു എന്നുതന്നെ ഇരിക്കട്ടെ. ആ ചരട് പോകുന്ന വഴിയാണ് സമയത്തിന്റെ റെഫറന്‍സ് ആയി ഉപയോഗിച്ചത് എന്നു അങ്ങ് പറയുന്നു. അതിനെ അങ്ങ് പഴയ ഗ്രീന്‍വിച്ച് രേഖാ എന്നു വിളിക്കുന്നു. പക്ഷേ സാറേ, 80 ഡിഗ്രീ കിഴക്ക് രേഖാംശം ഉള്ള ലങ്കയും 75 ഡിഗ്രി കിഴക്ക് രേഖാംശം ഉള്ള ഉജ്ജയിനിയും ഒരേ സമയരേഖയില്‍ വരുന്നത് എങ്ങനെയാണ് സര്‍? ഒരു ഡിഗ്രീ രേഖാംശം സമയത്തില്‍ 4 മിനിറ്റ് വ്യത്യാസം ഉണ്ടാക്കുമ്പോള്‍ ഏതാണ്ട് 20 മിനിറ്റ് സമയവ്യത്യാസം ഉള്ള രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന രേഖ ഇന്‍റര്‍നാഷണല്‍ സമയരേഖയായി കണക്കാക്കാന്‍ മാത്രം മണ്ടനായിരുന്നോ ലഘൂഭാസ്കരീയം എഴുതിയ മഹാന്‍? (സര്‍ ഉദ്ധരിക്കുന്ന വരികള്‍ മണ്ടത്തരമൊന്നുമല്ല കേട്ടോ. സ്വന്തം സൌകര്യത്തിന് സര്‍ അത് വ്യാഖ്യാനിക്കുമ്പോള്‍ അതാണ് അസ്സല്‍ മണ്ടത്തരം)
 ഐന്‍സ്റ്റീന്‍റെ ഒരു മഹത്വമായി, അദ്ദേഹം ജനിച്ചത് ചൈനയിലോ റഷ്യയിലോ കണ്ണൂരിലോ അല്ല എന്നൊക്കെ കളിയാക്കി പറയുമ്പോള്‍ കമ്യൂണിസത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്നു വ്യക്തമാണ്. ആവശ്യമില്ലാതെ അതിനെയൊക്കെ വലിച്ചിഴക്കേണ്ട കാര്യം എന്തായിരുന്നോ എന്തോ? മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളെ ബഹുമാനിക്കുന്നതിനോടൊപ്പം അതിലെ പോരായ്മകളെ നിശിതമായി വിമര്‍ശിക്കുന്ന ആളാണ് സര്‍ ഞാന്‍. ജന്മസ്ഥലത്തിന്റെ മഹത്വം പറയാന്‍ ആണെങ്കില്‍ ചരിത്രം കണ്ട ഏറ്റവും വലിയ വര്‍ഗീയനരഹത്യകള്‍ക്കു സാക്ഷ്യം വഹിച്ച സ്ഥലമാണ് ഐന്‍സ്റ്റീന്‍റെ ജന്‍മരാജ്യമായ ജര്‍മനി. അതാണോ മഹത്വം? അങ്ങയുടെ പ്രസംഗം വിഷമുള്ള മനസിന്റെ ഉടമ എന്ന്‍ എന്നെ വിശേഷിപ്പിക്കുമ്പോള്‍ അങ്ങയുടെ ഉള്ളിലെ ഈ വികാരത്തിന്റെ പേര്‍ എന്താണെന്ന് ഈയുള്ള പാവത്തിന് അറിയില്ല സര്‍. സാറിന്റെ മറ്റ് പല ലെക്ചറുകളിലും കാണാവുന്ന അന്യമതങ്ങളോടും അന്യസംസ്കാരങ്ങളോടും ഉള്ള പുച്ഛഭാവം ഇവിടെയും പ്രകടമാണ്. യേശുക്രിസ്തു എന്ന് ജനിച്ചു എന്ന് മരിച്ചു എന്നൊന്നും കണക്കില്ല, മുഹമ്മദ് നബി ഓടിപ്പോയപ്പോള്‍ ഓട്ടം തുടങ്ങിയപ്പോഴാണോ ഓടി തീര്‍ന്നപ്പോഴാണോ അതോ മരുഭൂമിയില്‍ കൂടി ഓടിക്കൊണ്ടിരുന്നപ്പോള്‍ ആണോ ഇസ്ലാം വര്ഷം തുടങ്ങിയത് എന്ന് ആര്‍ക്കും അറിയില്ല എന്നൊക്കെ പുച്ഛത്തോടെ പറയുന്നതു കേള്‍ക്കാം ഇതില്‍. അന്യമതങ്ങളെ പുച്ഛിക്കുന്ന ഈ സംസ്കാരം ആര്‍ഷഭാരതീയമാണ് എന്ന് സര്‍ അവകാശപ്പെടുന്നു. ഭാരതത്തിലെ ഏക ഡീ.ലിറ്റ് ശാസ്ത്രജ്ഞന്‍ ആയ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രായത്തെയും, അനുഭവത്തെയും ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ. എഴുത്തും വായനയും അറിയാവുന്നതുകൊണ്ട്, അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും കുറേയൊക്കെ ഈയുള്ളവനും വായിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിനും ഒരു മതവിശ്വാസത്തിനും അടിയറവ് വെച്ചിട്ടില്ലാത്ത സ്വതന്ത്രമായ ഒരു മനസ് വെച്ചു ഞാനും കുറേയൊക്കെ മനസിലാക്കിയിട്ടുണ്ട്. ലോകത്ത് ഒരു സംസ്കാരവും പെര്‍ഫക്റ്റ് ആയിരുന്നില്ല. കാലഘട്ടത്തിന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളാത്ത ഒരു അറിവും ഒരു കാലത്തും എങ്ങും ഉണ്ടായിരുന്നില്ല. മാതൃരാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിനെ അതിന്റെ കുറവുകളോടെ സ്വീകരിക്കുകയും അന്യസംസ്കാരങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നതാണ് അടിയന്റെ കണ്ണില്‍ യഥാര്‍ത്ഥസംസ്കാരം. എന്നെ പ്രസവിച്ച സ്ത്രീ എന്നെ സംബന്ധിച്ചു പരമപൂജ്യ ആയിരിയ്ക്കും, അവര്‍ എന്റെ അമ്മയാണ്. അതിനര്‍ത്ഥം അവര്‍ ലോകത്തെ ഏറ്റവും ഉത്തമയായ സ്ത്രീ ആണെന്നല്ല, മറ്റ് സ്ത്രീകള്‍ മോശക്കാരാണെന്നതും അല്ല. അന്യമതങ്ങളോടും 'സായിപ്പ് ചവച്ചുതുപ്പിയത് തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അന്യസംസ്കാരങ്ങളോടും അങ്ങ് പുലര്‍ത്തുന്ന ഈ പുച്ഛമുണ്ടല്ലോ, ഇതിനെയാണ് ഞങ്ങള്‍, സംസ്കൃതത്തില്‍ ഡീ.ലിറ്റ് ഇല്ലാത്ത പാവങ്ങള്‍, വര്‍ഗീയവാദം എന്ന് പറയുന്നത്. അങ്ങ് ഘോരഘോരം വാദിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് ജാതിവ്യവസ്ഥയും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിനും അവര്‍ക്കിടയിലെ സഹോദരിമാര്‍ക്ക് മാറ് മറയ്ക്കാനും ഉള്ള വിലക്കുകളും അങ്ങനെ എണ്ണമറ്റ അനാചാരങ്ങളും നിലനിന്നിരുന്നത്. അതിനെയൊന്നും ഇന്ന് കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പോരായ്മയായിരുന്നു എന്ന് കരുതി മാറ്റത്തെ സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് അടിയന്റെ ഭാരതസംസ്കാരം. ഞാന്‍ കണ്ട ഹിന്ദുസംസ്കാരം അന്യമതങ്ങളെയും സംസ്കാരങ്ങളെയും പുച്ഛിക്കുന്ന ഒന്നായിരുന്നില്ല. ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറഞ്ഞ, അന്യ മതങ്ങളെ ഇവിടെ വളരാന്‍ അനുവദിച്ച ഒന്നായിരുന്നു. രാഷ്ട്രീയക്കാര്‍ പോലും വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ച് പ്രോല്‍സാഹിപ്പിച്ചതുകൊണ്ട് ഭാരതത്തില്‍ രൂപം കൊള്ളുന്ന അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന്റെ പശ്ച്ചാത്തലത്തില്‍ അങ്ങേയ്ക്ക് കുറേയൊക്കെ വിജയിക്കാന്‍ സാധിച്ചേക്കാം. ഇങ്ങനെ വര്‍ഗീയവാദവും അന്ധവിശ്വാസങ്ങളും പ്രോല്‍സാഹിപ്പിച്ച് ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി അങ്ങ് കടന്നുപോവും. ഇത് കണ്ട് വര്‍ഗീയവാദികളായി വളര്‍ന്ന് വരുന്ന ഒരു തലമുറ അങ്ങ് കപട ആദരവ് കാണിക്കുന്ന ഈ മഹത്തായ സംസ്കാരത്തെ നശിപ്പിക്കും. അങ്ങേക്കിത് സര്‍വജ്ഞപീഠത്തിന്റെ മുകളില്‍ ഇരുന്ന്‍ ആസ്വദിക്കാം.
ഗോപാലകൃഷ്ണന്‍ സാര്‍ തലങ്ങും വിലങ്ങും പറയുന്ന ശ്ലോകങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങാന്‍, അടിച്ചു കിണ്ടിയായി കസേരയില്‍ ഇരിക്കുന്ന ഗര്‍വാസീസ് ആശാന്‍മാര്‍ അല്ല ഇവിടത്തെ ചിന്തിക്കുന്ന പൊതുജനം എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിക്കുന്നതു സ്വതന്ത്രമായി ചിന്തിക്കുന്നവരോടാണ്. ഞാന്‍ എഴുതിയതും അങ്ങ് തന്ന മറുപടിയും താരതമ്യം ചെയ്തു നെല്ലും പതിരും വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിയും എന്നെനിക്ക് ഉറപ്പാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അവരുടെ നികുതിപ്പണം കൊണ്ട് നേടിയ അറിവുകള്‍ പങ്ക് വെക്കുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുള്ളവര്‍ സ്വയം അന്വേഷിക്കട്ടെ. വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലത്ത് അവര്‍ക്കുള്ള വിവരങ്ങള്‍ വളരെ സുലഭമാണ്. സ്വയം അന്വേഷിക്കുവാന്‍ മടിയുള്ളവരോ അന്വേഷിച്ചിട്ട് ഞാന്‍ പറയുന്നതു തെറ്റാണെന്ന് തോന്നുന്നവരോ അങ്ങയെ ആരാധിക്കട്ടെ. വേണ്ട എന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ലല്ലോ.
ഒറ്റ ലേഖനം കൊണ്ട് അങ്ങയുടെ ആരാധകരെ അങ്ങയുടെ എതിരെ തിരിക്കാം എന്നു ചിന്തിക്കാനുള്ള വിവരക്കേട് ഈ മാനസികരോഗിക്ക് ഇല്ല സര്‍. ഒരായിരം ലേഖനങ്ങള്‍ കൊണ്ടും അത് സാധിക്കില്ല എന്നെനിക്കറിയാം. വേറെയും ഒരുപാട് ജോലികള്‍ ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ എനിക്കങ്ങനെ ഒരു ഉദേശ്യവും ഇല്ല.
നിര്‍ത്തുന്നു. ജയ് ഹിന്ദ്

No comments:

Post a Comment