Nov 8, 2013

ക്വാണ്ടം ലോകത്തെ കള്ളക്കളികള്‍ -1

ഒരു ഫുട്ബോളും ഒരു ഇലക്ട്രോണും തമ്മിലുള്ള വ്യത്യാസം എന്താണ്?

" ഒന്ന്‍ കാണാന്‍ പറ്റും. മറ്റേത് കാണാന്‍ പറ്റാത്ത അത്രയും ചെറുതാണ് "
എന്നതാണു  സാമാന്യമായി പ്രതീക്ഷിക്കുന്ന ഉത്തരം. എന്നാല്‍ അതൊന്നും ഒരു വ്യത്യാസമേ അല്ല എന്ന്‍ ഇലക്ട്രോണിന്റെ തലത്തില്‍ നടക്കുന്ന കലാപരിപാടികളെ കുറിച്ച് പ്രതിപാദിക്കുന്ന ക്വാണ്ടം ഫിസിക്സ് പഠിക്കുമ്പോ മനസ്സിലാവും. 'കൈയിലിരിപ്പിന്റെ' കാര്യത്തില്‍ ഇവ രണ്ടും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ട് എന്ന്‍ ചോദിച്ചാല്‍, ഇലക്ട്രോണ്‍ ചെയ്യുന്ന പല കാര്യങ്ങളും കേട്ടാല്‍ നമുക്ക് വിശ്വസിക്കാന്‍ പോലും കഴിയില്ല. ഇലക്ട്രോണിന് മാത്രമല്ല, അതിനെപ്പോലെ 'കാണാന്‍ പറ്റാത്ത അത്രയും ചെറിയ' വസ്തുക്കള്‍ ഒന്നും നമ്മള്‍ കണ്ട് പരിചയിച്ചിട്ടുള്ളതുപോലെ അല്ല പെരുമാറുന്നത്. ഇവയോടൊക്കെ ഇടപെടുമ്പോ നമ്മളെ നിസ്സാരമായി പറ്റിക്കുന്ന തരം കള്ളക്കളികള്‍ നിറഞ്ഞ ക്വാണ്ടം ലോകം വിചിത്രമെന്ന് നമ്മള്‍ പൊതുവേ കരുതുന്ന കാര്യങ്ങളെക്കാള്‍ വിചിത്രമാണ്. അത്തരം ചില വിചിത്രവിശേഷങ്ങളെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.  
മുന്നറിയിപ്പ് തരുന്നു: കോമണ്‍ സെന്‍സ് എന്ന സാധനം ചുരുട്ടി മറയത്ത് കളഞ്ഞിട്ടുവേണം ഇത് മനസിലാക്കാന്‍ ശ്രമിക്കാന്‍.

ദ്വൈതസ്വഭാവം എന്ന തോന്ന്യാസം: 
ഈ ചിത്രത്തില്‍ കാണുന്ന സാധനം അറിയില്ലേ? സ്പോര്‍ക്ക്. ഇതൊരു സ്പൂണ്‍ ആണോ, അതെ. അപ്പോ ഇതൊരു ഫോര്‍ക്ക് അല്ലേ, അതെ. ങ്ഹേ? അപ്പോ സത്യത്തില്‍ ഇത് സ്പൂണ്‍ ആണോ ഫോര്‍ക്ക് ആണോ? ഇത് ഒരേ സമയം സ്പൂണും ഫോര്‍ക്കും ആകുന്നു. ഇതുപോലെ രണ്ടും കെട്ട അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ഒരു സ്വഭാവമാണ് നമ്മുടെ പദാര്‍ത്ഥ കണങ്ങള്‍ക്ക് ഉള്ളത്. ഇവിടെ ഒന്ന്‍ ചേര്‍ന്നിരിക്കുന്ന രണ്ടു സ്വഭാവങ്ങള്‍ ഒന്ന്‍ ഒരു കണികയുടെയും മറ്റൊന്ന് ഒരു തരംഗത്തിന്റെയും ആണ്. Dual nature അല്ലെങ്കില്‍ ദ്വൈതസ്വഭാവം എന്ന്‍ ക്വാണ്ടം ഫിസിക്സില്‍ വിളിക്കുന്ന പ്രതിഭാസമാണിത്. പ്രകാശത്തിന്റെ സ്വഭാവം വിശദീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഈ വിചിത്രവിശേഷം മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചത്. സോപ്പ് കുമിളയിലെ നിറങ്ങള്‍, നിഴലിന്റെ കൃത്യമല്ലാത്ത വക്ക് തുടങ്ങിയ അനവധി പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ പ്രകാശത്തെ ഒരു തരംഗമായി കണക്കാക്കേണ്ടി വരും. അതേ സമയം ഫോട്ടോ ഇലക്ട്രിക് പ്രഭാവം പോലുള്ള പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ പ്രകാശത്തെ കണങ്ങളുടെ സ്വഭാവമുള്ള ഒന്നായി പരിഗണിക്കാതെ സാധ്യമല്ല. അതുകൊണ്ട് പ്രകാശത്തിന് ഒരേ സമയം കണങ്ങളുടെയും തരംഗത്തിന്റെയും സ്വഭാവമുണ്ട് എന്ന അനുമാനത്തില്‍ നാം എത്തിച്ചേര്‍ന്നു. പിന്നീട് ലൂയി ഡീബ്രോയ് (Louis de Broglie) എന്ന ശാസ്ത്രജ്ഞന്‍ അത് പ്രകാശത്തിന് മാത്രമല്ല പദാര്‍ത്ഥകണങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് എന്ന്‍ കണ്ടുപിടിച്ചു. അതായത്, എല്ലാ പദാര്‍ത്ഥ കണങ്ങള്‍ക്കും ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവം ഉണ്ടായിരിക്കും എന്നദ്ദേഹം പ്രസ്താവിച്ചു. കണികയുടെ സ്വഭാവം അത് ഒരു നിശ്ചിതസമയത്ത് ഒരു നിശ്ചിത സ്ഥലത്ത് കൃത്യമായി കാണപ്പെടും എന്നതാണ്. എന്നാല്‍ തരംഗം അങ്ങനെയല്ല, അത് ഒരു നിശ്ചിതസമയത്ത് വലിയ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുകയാവും. അതിനെ കൃത്യമായി ഒരു സ്ഥലത്ത് എന്നുപറഞ്ഞു നമുക്ക് സ്പോട്ട് ചെയ്യാന്‍ കഴിയില്ല. 
ഒരു സ്വിമ്മിംഗ് പൂളില്‍ പൊങ്ങിക്കിടക്കുന്ന (ചിത്രം) പന്തും അതില്‍ അലതല്ലുന്ന ജലതരംഗങ്ങളും യഥാക്രമം കണികയുടെയും തരംഗത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്നു. പന്ത് എവിടെ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് കൃത്യമായി പന്തിന് നേരെ ചൂണ്ടാന്‍ കഴിയും. എന്നാല്‍ തരംഗം എവിടെ എന്ന്‍ ചോദിച്ചാല്‍ അങ്ങനെ ഒരു പ്രത്യേകദിശയില്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതാ ജലാശയത്തില്‍ വ്യാപിച്ച് കിടക്കയാണ്. എന്നാല്‍ ഈ രണ്ടു സ്വഭാവങ്ങളും ഒരേസമയം ഒരു വസ്തുവിന് ഉണ്ടാകുന്നത് എങ്ങനെ എന്ന്‍ മനസ്സിലാക്കാന്‍ അല്പം പ്രയാസമുണ്ടാവും. ലളിതമായി അത് മനസിലാക്കാന്‍ ഒരു പരീക്ഷണം അവതരിപ്പിക്കാം.
തോമസ് യങ് എന്ന ശാസ്ത്രജ്ഞന്‍റെ പേരില്‍ പ്രശസ്തമായ ഡബിള്‍ സ്ലീറ്റ് പരീക്ഷണം എന്ന്‍ വിളിക്കപ്പെടുന്ന ഒരു പരീക്ഷണമാണ് ഇത്. ചിത്രം നോക്കുക
 
ചിത്രത്തില്‍ ഒരു ബല്‍ബില്‍ നിന്ന്‍ വരുന്ന പ്രകാശം രണ്ടു കീറലുകളിലൂടെ (slits) കടന്ന്‍ ഒരു സ്ക്രീനില്‍ വീഴാന്‍ അനുവദിക്കുന്നു. പ്രകാശം നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ ആയിരുന്നു എങ്കില്‍ ചിത്രത്തില്‍ path of photon എന്ന്‍ കാണിച്ചിരിക്കുന്ന രേഖകളിലൂടെ പോയി സ്ക്രീനില്‍ രണ്ടു ഭാഗങ്ങളില്‍ ചെന്ന്‍ വീഴുമായിരുന്നു. അങ്ങനെ രണ്ട് കീറലുകളുടെ പ്രതിബിംബം തന്നെ സ്ക്രീനില്‍ പ്രകടമാവുമായിരുന്നു. എന്നാല്‍ സംഭവിക്കുന്നത് അതല്ല, സ്ക്രീനില്‍ ഒന്നിടവിട്ട ബാന്‍ഡുകള്‍ ആയിട്ടാണ് പ്രകാശം വീഴുന്ന പാറ്റേണ്‍ കാണപ്പെടുന്നത്. ഇതേ പരീക്ഷണം പ്രകാശസ്രോതസ്സിന് പകരം ഒരു ഇലക്ട്രോണ്‍ ഗണ്‍ (ഫോട്ടോണുകള്‍ക്ക് പകരം ഇലക്ട്രോണുകളെ പുറത്തുവിടുന്ന ഒരു സ്രോതസ്സ്. റ്റീവിയുടെ ഒക്കെ പിക്ചര്‍ ട്യൂബിലെ ഒരു പ്രധാനഭാഗമാണിത്) ഉപയോഗിച്ച് ആവര്‍ത്തിച്ചാലും ഇതേ ഫലം തന്നെ നമുക്ക് കാണാന്‍ കഴിയും. ഇതെല്ലാം കാണിക്കുന്നത് ഇലക്ട്രോണുകള്‍ക്കും പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്കും തരംഗസ്വഭാവം ഉണ്ടെന്നാണ്.

ഇപ്പൊഴും ഇലക്ട്രോണ്‍ എന്നൊരു കണം എങ്ങനെ തരംഗമായി പടരുന്നു എന്ന്‍ നിങ്ങള്‍ക്ക് മനസ്സില്‍ കാണാന്‍ കഴിയുന്നില്ല എന്നറിയാം. വ്യാപിച്ച് കിടക്കുന്ന തരംഗസ്വഭാവം ഒരു ഇലക്ട്രോണില്‍ എങ്ങനെ ആരോപിക്കും? ഇവിടെയാണ് പ്രശ്നം, ഇലക്ട്രോണ്‍ അല്ല വ്യാപിക്കുന്നത്. ഇലക്ട്രോണ്‍ കാണപ്പെടാനുള്ള സംഭവ്യത (probability) ആണ്. ഇലക്ട്രോണ്‍ തരംഗം എന്നാല്‍ ഇലക്ട്രോണിന്റെ സംഭവ്യതാതരംഗം (probability wave) ആണ്. ഈ സംഭവ്യത ക്വാണ്ടം ഫിസിക്സിന്റെ കാതലായ ഒരു ആശയമാണ്. 0-നും 1-നും ഇടയിലുള്ള ഒരു സംഖ്യ ആണ് എപ്പോഴും probability. അതിന്റെ മൂല്യം 1 എന്ന്‍ പറഞ്ഞാല്‍ ഉണ്ട് എന്നുറപ്പ്, 0 എന്ന്‍ പറഞ്ഞാല്‍ ഇല്ല എന്നുറപ്പ്. എന്നാല്‍ ക്വാണ്ടം ലോകത്ത് അവിടെ ഒന്നിനും നിശ്ചിതത്വം ഇല്ല. ഒരു ഇലക്ട്രോണ്‍ ഇന്ന സ്ഥലത്ത് കാണും എന്നുറപ്പൊന്നും ഇല്ല, അവിടെ ഉണ്ടാകാനുള്ള സാധ്യത മാത്രമേ പറയാറുള്ളൂ. (ഇതിനെക്കുറിച്ച് വിശദമായി അനിശ്ചിതത്വ തത്വം പറയുമ്പോ സംസാരിക്കാം) ഈ സംഭാവ്യതയെ മുകളില്‍ പറഞ്ഞ പരീക്ഷണവുമായി ബന്ധിപ്പിക്കാം. സ്ക്രീനില്‍ പ്രകാശിത ബാന്‍ഡ്, ഇരുണ്ട ബാന്‍ഡ് എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുമല്ലോ. ഇവിടെ പ്രകാശിതബാന്‍ഡ് എന്നത് സത്യത്തില്‍ പ്രകാശകണങ്ങള്‍ വന്ന്‍ വീഴാന്‍ സംഭവ്യത കൂടുതലുള്ള ഭാഗമാണ്. അതുപോലെ സംഭവ്യത കുറഞ്ഞ ഭാഗം ഇരുണ്ടു കാണപ്പെടുന്നു. ശ്രദ്ധിച്ചാല്‍, രണ്ടു ദ്വാരങ്ങളിലൂടെ കടന്ന്‍ പോകുന്ന ജലതരംഗങ്ങള്‍ interference-നു വിധേയമായി എപ്രകാരം മറുവശത്തുള്ള ചുവരില്‍ ചെന്ന്‍ തട്ടുമോ കൃത്യം അതുപോലെയാണ് പ്രകാശകണങ്ങള്‍ ഇവിടെ സ്ക്രീനില്‍ ചെന്ന്‍ തട്ടുന്നത് എന്ന് കാണാം.

അതായത് ഇലക്ട്രോണുകളുടെ സംഭവ്യതാ തരംഗങ്ങള്‍ പരസ്പരം interfere ചെയ്യുന്നതിന്റെ ഫലമാണ് നാം ഇവിടെ ഒന്നിടവിട്ട ബാന്‍ഡുകള്‍ ആയിട്ട് കാണുന്നത് എന്നര്‍ത്ഥം.  സൂക്ഷ്മകണങ്ങളെ സംബന്ധിച്ച് 'സ്ഥാനം' എന്നൊരു സങ്കല്‍പ്പത്തിന് പ്രസക്തി ഇല്ല. അവ കാണപ്പെടാനുള്ള സാധ്യത ഒരു തരംഗമായി സ്പെയിസില്‍ വ്യാപിച്ച് കിടക്കുന്നു. അവയുടെ സംഭവ്യതാ തരംഗം നമുക്ക് ഗണിതപരമായി കണക്കുകൂട്ടാനും അതുവഴി അവ കാണപ്പെടാന്‍ സാധ്യത കൂടുതലുള്ള പ്രദേശം മനസ്സിലാക്കാനുമേ കഴിയൂ. നമ്മുടെ പരീക്ഷണത്തില്‍ സ്രോതസ്സില്‍ നിന്നും പുറപ്പെട്ട് ഒരു ദ്വാരത്തിലൂടെ കടന്ന്‍ അപ്പുറത്തെ സ്ക്രീനില്‍ ചെന്ന്‍ പതിക്കുന്ന ഒരു കണിക എന്ന രീതിയില്‍ നിങ്ങള്‍ ഇലക്ട്രോണിനെ മനസില്‍ ചിത്രീകരിച്ചാല്‍ ആ സ്ക്രീനിലെ വിചിത്രമായ പാറ്റേണ്‍ നിങ്ങള്‍ക്ക് ഒരു വലിയ ദുരൂഹത ആയിരിയ്ക്കും. ഇവിടെ സ്രോതസ്സിനും സ്ക്രീനിനും ഇടയില്‍ വ്യാപിക്കുന്ന ഒരു സംഭവ്യതാതരംഗം ആണ് ഇലക്ട്രോണിന്റെ യഥാര്‍ത്ഥ അസ്തിത്വം. ഇതില്‍ ഏത് ഇലക്ട്രോണ്‍ ഏത് ദ്വാരം വഴി കടന്നുപോകുന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഒരേ ഇലക്ട്രോണിന് വേണമെങ്കില്‍ രണ്ടു ദ്വാരങ്ങളിലൂടെയും കടന്നുപോകാം എന്ന്‍ പറയുമ്പോ നിങ്ങളുടെ കോമണ്‍ സെന്‍സ് എഴുന്നേറ്റ് നിന്നു എന്നെ തെറി പറയുന്നത് സ്വഭാവികം. പക്ഷേ സത്യം അംഗീകരിച്ചേ പറ്റു!

മറ്റൊരു വിചിത്രമായ കാര്യം കൂടി പറയാമെന്ന് കരുതുന്നു. നിങ്ങള്‍ ഒരു ഉപകരണം വെച്ചു ഈ ദ്വാരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു എന്നിരിക്കട്ടെ. ആ നിമിഷം ഈ ഇലക്ട്രോണുകള്‍ മഹാ മര്യാദക്കാരായി വരിവരിയായി ഈ ദ്വാരങ്ങളിലൂടെ കടന്നുപോകുന്നതായി കാണാം. സ്ക്രീനിലെ ഒന്നിടവിട്ട പാറ്റേണുകളും അപ്രത്യക്ഷമാകും. പകരം, അതാത് ദ്വാരങ്ങള്‍ക്ക് നേരെയായി രണ്ടു പ്രകാശിത ബാന്‍ഡുകള്‍ മാത്രം കാണപ്പെടും. എന്താ സംഭവിച്ചത്? ഫിസിക്സില്‍ probability wave collapse ആയി എന്ന്‍ പറയും. ഇവിടെ സംഭവിക്കുന്നത്, നിങ്ങളുടെ നിരീക്ഷിക്കുക എന്ന പ്രവര്‍ത്തി ആ സിസ്റ്റത്തെ ശല്യം ചെയ്യുന്നു എന്നതാണ്. ഒരു പരീക്ഷണത്തെ ശല്യം ചെയ്യാതെ നിങ്ങള്‍ക്ക് അതിനെ നിരീക്ഷിക്കാന്‍ കഴിയില്ല എന്ന ഒരു പ്രപഞ്ച സത്യമാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ ഒരു വസ്തുവിനെ നിരീക്ഷിക്കുമ്പോ, നിങ്ങള്‍ നോക്കുന്ന വസ്തുവില്‍ തട്ടി പ്രകാശകണങ്ങള്‍ നിങ്ങളുടെ കണ്ണില്‍ വന്നു വീഴുമ്പോഴാണ് നിങ്ങളാ വസ്തുവിനെ കാണുന്നത്. നിങ്ങള്‍ ഒരു ഫുട്ട്ബോളിനെ നോക്കിയാല്‍, കുറെ ഫോട്ടോണ്‍ ചെന്ന്‍ വീഴുന്നത് ഫുട്ട്ബോളിനെ സംബന്ധിച്ചു ഒരു കാര്യമേയല്ല. മറിച്ച് നിങ്ങള്‍ ഒരു ഇലക്ട്രോണിനെ നോക്കിയാല്‍, അതിന്റെ വലിപ്പം (പിണ്ഡം) വെച്ച് ഈ ഫോട്ടോണ്‍ ചെന്ന്‍ പതിക്കുമ്പോ തന്നെ ആ 'ആഘാതത്തില്‍' അത് അവിടെ നിന്നും തെറിച്ചുപോകും. അതായത് നിങ്ങള്‍ക്കാ ഇലക്ട്രോണിനെ ആ അവസ്ഥയില്‍ ഒരിയ്ക്കലും നിരീക്ഷിക്കാന്‍ സാധ്യമല്ല എന്നര്‍ത്ഥം. നിരീക്ഷിക്കുക എന്ന നിങ്ങളുടെ പ്രവൃത്തി തന്നെ അതിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നു. ഇതിന്റെ രസകരമായ അനന്തരഫലം എന്താന്ന് പറഞ്ഞാല്‍, നിങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മാത്രം നിലനില്‍പ്പുള്ള ഒന്നാണ് സൂക്ഷ്മകണങ്ങളെ സംബന്ധിച്ച ഏത് വിവരവും. നിങ്ങള്‍ നിരീക്ഷിക്കാത്തപ്പോള്‍ ആ കണത്തെ സംബന്ധിച്ച് യാഥാര്‍ഥ്യം എന്നൊന്ന് ഇല്ല!! ഇവിടെ ചില കാര്യങ്ങള്‍ അപൂര്‍ണ്ണമായി നിര്‍ത്തേണ്ടി വരും. വേണമെങ്കില്‍ ഈ ഡബിള്‍ സ്ലീറ്റ് പരീക്ഷണത്തെകുറിച്ച് മാത്രം ഒരു പുസ്തകം എഴുതാനുള്ളത്ര കാര്യങ്ങള്‍ പറയാനുണ്ട്. പരിമിതികള്‍ കൊണ്ട് തത്കാലം ഒരു ചെറിയ കാര്യം കൂടി പറഞ്ഞ് ഈ ചര്‍ച്ച നമുക്ക് നിര്‍ത്താം.

സ്വഭാവികമായും ഉണ്ടാകാവുന്ന ഒരു സംശയം പരിഹരിക്കേണ്ടതുണ്ട് ഇവിടെ. എന്തുകൊണ്ടാണ് ഈ പറയുന്ന വിചിത്രസംഭവങ്ങളൊന്നും നമ്മള്‍ കാണാത്തത്?

ഒരു തരംഗത്തിന്റെ അടിസ്ഥാന സവിശേഷതകളില്‍ ഒന്നാണ് അതിന്റെ തരംഗദൈര്‍ഘ്യം (wavelength). അതെന്താണ് എന്ന്‍ മനസിലാക്കാന്‍ ഒപ്പമുള്ള കടല്‍ തിരമാലയുടെ ചിത്രത്തില്‍ wavelength L എന്ന്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിയ്ക്കുക.
ഡീബ്രോയ് സിദ്ധാന്തം അനുസരിച്ച് ഒരു കണത്തിന്റെ പിണ്ഡം (mass) എത്രത്തോളം വലുതാകുന്നുവോ അത്രത്തോളം അതിന്റെ തരംഗദൈര്‍ഘ്യം കുറഞ്ഞിരിക്കും. ഒരു ജലപ്രതലത്തിലെ തരംഗത്തിന്റെ കാര്യമെടുത്താല്‍, ഈ തരംഗദൈര്‍ഘ്യം വളരെ ചെറുതാണെങ്കില്‍ ഈ ഓളങ്ങള്‍ നമ്മുടെ കണ്ണില്‍ പെടില്ല (തരംഗസ്വഭാവം ദൃശ്യമാകില്ല എന്നര്‍ത്ഥം). അതേപോലെ തന്നെയാണ് ഒരു ഫുട്ട്ബോളിന്റെ കാര്യത്തില്‍ ഈ തരംഗസ്വഭാവം നമുക്ക് കാണാന്‍ കഴിയാത്തവിധം ചെറുതാകുന്നത്. ഗണിതസമവാക്യം വെച്ചു കണക്കുകൂട്ടിയാല്‍, കിക്ക് ചെയ്യപ്പെട്ട ഒരു സാധാരണ ഫുട്ട്ബോളിന്റെ സ്പീഡില്‍ സഞ്ചരിച്ചാല്‍ ഒരു ഇലക്ട്രോണിന് ഏതാണ്ട് 2 nm wavelength (1 nm = 0.000000001 m) ഉണ്ടാവും. അതേസമയം ഫുട്ട്ബോളിന് അത് 0.000,000,000,000,000,000,000,000,05 nm മാത്രമേ ഉണ്ടാവൂ!! നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളുടെയെല്ലാം തരംഗദൈര്‍ഘ്യം ഇതുപോലെ നമുക്ക് അളക്കാന്‍ കഴിയുന്നതിലും വളരെ ചെറിയ സംഖ്യ ആണെന്ന്‍ കാണാം. എന്നാല്‍ ഇലക്ട്രോണ്‍ പോലെ മാസ് വളരെ കുറഞ്ഞ കണങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയാത്തവിധം വലുതാണ്, അതുകൊണ്ട് തന്നെ അവയുടെ പെരുമാറ്റവും വളരെ വിചിത്രമായിരിക്കും. നമ്മള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന 'കണിക' എന്ന ചിത്രം ഒരിയ്ക്കലും ഇത്തരം കണങ്ങളില്‍ നേരെ പ്രയോഗിക്കാന്‍ കഴിയില്ല. ഒരു ആറ്റത്തിന്റെ ഘടന പറയുമ്പോള്‍ താഴെ കാണുന്ന ചിത്രം തെറ്റാണ് എന്ന്‍ പറയേണ്ടിവരുന്നതും അതുകൊണ്ടാണ്.
ഒരു കുത്തുകൊണ്ട് നിങ്ങള്‍ ഇലക്ട്രോണിനെ കാണിക്കുമ്പോ അതിന്റെ സ്ഥാനം നിങ്ങള്‍ കൃത്യമായി പറയുകയാണ്. എന്നാല്‍ ഒരിയ്ക്കലും നിങ്ങള്‍ക്ക് അതിന് സാധിക്കില്ല എന്നതാണ് സത്യം. ന്യൂക്ലിയസിന് ചുറ്റും ഒരു പ്രദേശം കാണിച്ച് ഇലക്ട്രോണ്‍ അവിടെ എവിടെയെങ്കിലും കാണും എന്ന സംഭവ്യത മാത്രമേ പറയാന്‍ കഴിയൂ (ആറ്റം ഘടനയെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റില്‍ പിന്നീട് ഇത് വിശദമായി ചര്‍ച്ച ചെയ്യാം). ചെറിയ പ്രായത്തില്‍ സംഭവ്യതാതരംഗം പോലുള്ള സങ്കല്പങ്ങള്‍ പകര്‍ന്ന് തരാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ കൊണ്ട് നമ്മളെ സ്കൂളില്‍ ഇങ്ങനെ പഠിപ്പിക്കുകയെ നിര്‍വാഹമുള്ളൂ എന്ന്‍ മാത്രം.

--തുടരും. 

Oct 12, 2013

ദൈവകണവും ദൈവവും തമ്മിലെന്ത്?


ദൈവകണം എന്ന വാക്ക് ഇതിനോടകം തന്നെ നമ്മള്‍ ഒരുപാട് കേട്ടിരിക്കുന്നു. ദാ ഇപ്പോള്‍ 2013-ലെ ഫിസിക്സ് നോബല്‍ സമ്മാനങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോട് കൂടി വീണ്ടും ദൈവകണം താരമായിരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആ പേരില്‍ തുടങ്ങി അങ്ങനെ നെടുങ്ങനെ നീണ്ടു കിടക്കയാണ് സാധാരണക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും. ഈ അവസരത്തില്‍ കണികാഭൌതികത്തിന്റെ (Particle physics) അടിസ്ഥാനം മനസ്സിലാക്കുന്നതിന് വേണ്ടി, നമ്മളൊരു ടൂറു പോവുകയാണ്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയ്ക്ക് ആദ്യമേ തന്നെ ഞാനൊരു ജാമ്യം എടുക്കുന്നു. സാധാരണക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ള എമണ്ടന്‍ ഗണിതസമവാക്യങ്ങള്‍ (Mathematical equations) ഉപയോഗിച്ച് മാത്രം തെളിയിക്കാന്‍ കഴിയുന്നവയാണ് ഈ റൂട്ടിലെ പല കാഴ്ചകളും. ആ equations ഒക്കെ വലിച്ചുപറിച്ച് കളഞ്ഞ് ഈ വിഷയം അവതരിപ്പിക്കുമ്പോള്‍, പ്രാഞ്ചിയേട്ടന്‍ മോഡേണ്‍ ആര്‍ട്ടിന് മുന്നില്‍ നിന്ന് പറഞ്ഞപോലെ 'ദിനൊക്കെ ബയങ്കര അര്‍ത്ഥാത്രേ' എന്ന്‍ വണ്ടറടിക്കുന്ന ഗതികേട് ഒഴിവാക്കുക മാത്രമാണ് ഉദ്ദേശ്യം. (ആ അഭ്യാസത്തിനിടയ്ക്ക് ചില കാര്യങ്ങള്‍ over-simplification ആണെന്ന്‍ തോന്നുന്ന പക്ഷം ഫിസിക്സ് പഠിച്ചവര്‍ ക്ഷമിക്കണേ). 'ദഹനപ്രശ്നങ്ങളോ' 'പരിഭ്രമമോ' അനുഭവപ്പെടുന്ന പക്ഷം പര്‍പ്പിള്‍ നിറത്തില്‍ കാണുന്ന ഭാഗങ്ങള്‍ വായിക്കാതെ വിട്ടുകളയാവുന്നതാണ്.

പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന വിശദീകരിക്കുന്ന സിദ്ധാന്തം എന്ന നിലയില്‍ 1970-കളുടെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെട്ട സ്റ്റാഡേര്‍ഡ് മോഡല്‍ ആണ് ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് അന്നുവരെ അറിയപ്പെട്ട നിരീക്ഷണങ്ങളെ തൃപ്തികരമായി വിശദീകരിക്കുകയും ഒപ്പം അത് നടത്തിയ പ്രവചനങ്ങള്‍ പിന്നീട് നടന്ന പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെടുകയും ചെയ്തതോടെയാണ് ആധുനിക ഭൌതികത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിദ്ധാന്തമായി ഇത് മാറുന്നത്.

സ്റ്റാഡേര്‍ഡ് മോഡല്‍

വസ്തുക്കളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? - തന്മാത്രകള്‍ (molecules)
തന്മാത്രകളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? -ആറ്റങ്ങള്‍
ആറ്റങ്ങളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? -പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍

ഈ ചോദ്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നാല്‍ എവിടെങ്കിലും അവസാനിക്കണമല്ലോ അല്ലേ? അങ്ങനെ അവസാനിക്കുന്നിടത്ത് നമ്മള്‍ കാണുന്ന കണികകള്‍ (തന്മാത്രകളും ആറ്റങ്ങളും ഒക്കെ കണികകള്‍ ആയിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത്) മറ്റൊന്നും കൊണ്ട് നിര്‍മ്മിക്കപ്പെട്ടതല്ല. അല്ലെങ്കില്‍ അവ കൊണ്ടാണ് ഈ പ്രപഞ്ചം  മൊത്തം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അവയാണ് മൌലികകണങ്ങള്‍ (Elementary particles). അങ്ങനെ അവസാനത്തെ 'എന്തുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു?' എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. ഒരുകൂട്ടം മൌലികകണങ്ങളും അവകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിയ്ക്കാന്‍ (interact) സഹായിക്കുന്ന നാല് അടിസ്ഥാന ബലങ്ങളും ചേര്‍ത്താണ് സ്റ്റാഡേര്‍ഡ് മോഡല്‍ പ്രപഞ്ചത്തിന്റെ ഘടന വിശദീകരിക്കുന്നത്.

മൊത്തം 18 കണങ്ങള്‍ ചേര്‍ന്നതാണ് സ്റ്റാഡേര്‍ഡ് മോഡലിലെ 'പാര്‍ട്ടിക്കിള്‍ കമ്മിറ്റി'. മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഇവയെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കാം. ഇതില്‍ ഒരു കൂട്ടര്‍ ദ്രവ്യത്തിന്റെ കണങ്ങളാണ് (matter particles). മറ്റേ കൂട്ടരാകട്ടെ ദ്രവ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബലങ്ങളുടെ കണങ്ങളാണ് (force particles). ഇവരില്‍ ദ്രവ്യകണങ്ങളെ ഫെര്‍മിയോണുകള്‍ (Fermions) എന്നും ബലകണങ്ങളെ ബോസോണുകള്‍ (Bosons) എന്നും വിളിക്കുന്നു. (ഇവിടെ ബോസോണ്‍ എന്ന വാക്ക് ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണവുമായി ബന്ധപ്പെട്ട് മുന്‍പ് കേട്ടുകാണും അല്ലേ?)

ക്വാണ്ടം ഫിസിക്സ് അനുസരിച്ചു ഫെര്‍മിയോണുകളും ബോസോണുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അവരുടെ സ്പിന്‍ ആണ്. spin എന്ന വാക്കിന് സ്വയംകറക്കം എന്നാണ് അര്‍ത്ഥം എങ്കിലും (ഒരു പമ്പരത്തിന്റെ spin എന്നൊക്കെ പറയുന്നതുപോലെ) ഒരു കണത്തിന്റെ spin എന്ന്‍ പറയുമ്പോള്‍ ആ കണം സ്വയം കറങ്ങുകയാണ് എന്ന്‍ അര്‍ത്ഥമില്ല (കറങ്ങുന്ന ഒരു കണത്തിന്റെ ചിത്രം മറ്റ് പല കാര്യങ്ങളും മനസിലാക്കാന്‍ തടസ്സമുണ്ടാക്കും). ക്വാണ്ടം മെക്കാനിക്സ് അനുസരിച്ച് എല്ലാ കണങ്ങള്‍ക്കും ഉള്ള ഒരു സവിശേഷഗുണമാണ് സ്പിന്‍. സൂക്ഷ്മകണങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഒരു പ്രധാനഘടകമാണ് അത്. സൂക്ഷ്മ കണങ്ങളെ സംബന്ധിച്ച് ഈ സ്പിന്‍ ഒരു സംഖ്യ ആണ്. ഫെര്‍മിയോണുകളുടെ പ്രത്യേകത അവയുടെ സ്പിന്‍ എപ്പോഴും അര (½) ചേര്‍ന്ന സംഖ്യ (half integer) ആയിരിയ്ക്കും എന്നതാണ് (അതായത് ½, 1½, 2½, എന്നിങ്ങനെ). എന്നാല്‍ പൂര്‍ണ്ണസംഖ്യാ (integer) സ്പിന്‍ (0, 1, 2, ...) ഉള്ള കണങ്ങളാണ് ബോസോണുകള്‍. ഇവിടെ സ്പിന്‍ ½ എന്ന്‍ പറഞ്ഞാല്‍ അതിന് രണ്ടു രൂപങ്ങള്‍ സാധ്യമാണ് (spin up) ഉം (spin down) ഉം. സ്പിന്നുകള്‍ സംഖ്യകള്‍ എന്നപോലെ കൂട്ടാന്‍ കഴിയും. അത് മറ്റൊരു രസകരമായ കാര്യത്തിലേക്ക് നയിക്കുന്നു. രണ്ട് (അല്ലെങ്കില്‍ മറ്റൊരു ഇരട്ടസംഖ്യ) ഫെര്‍മിയോണുകളെ കൂട്ടിച്ചേര്‍ത്തു നിങ്ങള്‍ക്കൊരു ബോസോണിനെ ഉണ്ടാക്കാന്‍ കഴിയും. കാരണം അവിടെ രണ്ടു spin ½-കള്‍  ചേര്‍ന്ന് ഒരു spin 1 ഉണ്ടാകുന്നു. ഇത് മുന്നോട്ട് പോകുമ്പോ ചിലയിടങ്ങളില്‍ നമ്മള്‍ കാണും.

ഫെര്‍മിയോണുകള്‍

എന്‍റിക്കോ ഫെര്‍മിയോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നല്‍കപ്പെട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ദ്രവ്യം അല്ലെങ്കില്‍ matter നിര്‍മ്മിക്കുന്നതിനുള്ള ഇഷ്ടികകള്‍ ആണ് ഇവ. ഫെര്‍മിയോണുകളില്‍ രണ്ടുതരം കണങ്ങള്‍ ഉള്‍പ്പെടുന്നു: ലെപ്റ്റോണുകളും ക്വാര്‍ക്കുകളും.

സ്വതന്ത്രമായി നിലനില്‍പ്പുള്ള ഫെര്‍മിയോണുകള്‍ ആണ് ലെപ്റ്റോണുകള്‍. ഇലക്ട്രോണ്‍ ഒരു ലെപ്റ്റോണ്‍ ആണ്. മൊത്തം ആറ് തരം ലെപ്റ്റോണുകളാണ് ഉള്ളത്. ഇലക്ട്രോണ്‍, മ്യൂവോണ്‍ (muon), ടോ ലെപ്റ്റോണ്‍ (tau lepton) പിന്നെ ഇവ മൂന്നുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മൂന്ന്‍ തരം ന്യൂട്രിനോകള്‍ -ഇലക്ട്രോണ്‍ ന്യൂട്രിനോ, മ്യൂവോണ്‍ ന്യൂട്രിനോ, ടോ ന്യൂട്രിനോ.

ക്വാര്‍ക്കുകള്‍ക്കു സ്വതന്ത്രമായി നിലനില്‍പ്പില്ല. അവ എപ്പോഴും രണ്ടോ മൂന്നോ എണ്ണം ചേര്‍ന്ന മിശ്രകണങ്ങള്‍ (composite particles) ആയിട്ടാണ് കാണപ്പെടുന്നത്. ഒന്നിലധികം ക്വാര്‍ക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മിശ്രകണങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഹാഡ്രോണുകള്‍. (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന LHC-ലെ ഹാഡ്രോണ്‍ എവിടന്ന് വന്നു എന്നിപ്പോ മനസിലായില്ലേ?) ക്വാര്‍ക്കുകള്‍ ആറ് തരത്തിലുണ്ട്. Up, Down, Charm, Strange, Top, Bottom - ഈ പേരുകളെ ഒന്നും അവയുടെ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ ഉള്ള അര്‍ത്ഥവുമായി ബന്ധിപ്പിക്കല്ലേ. Up ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ മുകളിലോ Strange ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ വിചിത്രമോ ഒന്നുമല്ല. അച്ചു, കിച്ചു, സച്ചു, മിച്ചു, സഞ്ചു, കുഞ്ചു എന്ന്‍ വിളിക്കുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ Up, Down തുടങ്ങിയ വിളികള്‍. രണ്ട് Up ക്വാര്‍ക്കുകളും ഒരു Down ക്വാര്‍ക്കും ചേര്‍ന്നാണ് ഒരു പ്രോട്ടോണ്‍ ഉണ്ടാവുന്നത്. രണ്ടു Down ക്വാര്‍ക്കുകളും ഒരു Up ക്വാര്‍ക്കും ചേരുമ്പോള്‍ ഒരു ന്യൂട്രോണ്‍ ഉണ്ടാവുന്നു. (പ്രോട്ടോണുകളും ന്യൂട്രോണുകളും അതുകൊണ്ട് തന്നെ ഹാഡ്രോണുകളുടെ കൂട്ടത്തില്‍ പെടുമെന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലേ?)

ബോസോണുകള്‍
  
സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍റെ പേരിലാണ് ഇവയെ സ്മരിക്കുന്നത്. ഫെര്‍മിയോണുകള്‍ ദ്രവ്യത്തെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെട്ടു എന്ന്‍ നേരത്തെ പറഞ്ഞെങ്കിലും ദ്രവ്യകണങ്ങളെ കൂട്ടിനിര്‍ത്തി ഈ പ്രപഞ്ചം നിര്‍മ്മിക്കുന്നതിന് അടിസ്ഥാനബലങ്ങളുടെ ഫ്രെയിംവര്‍ക്ക് നല്‍കുന്നത് ബോസോണുകള്‍ ആണ്. ഇവര്‍ ബലത്തിന്റെ കണങ്ങളാണ്.

നാല് അടിസ്ഥാനബലങ്ങളാണ് ഉള്ളത്:
 1. ഇലക്ട്രോമാഗ്നറ്റിക് ബലം (Electromagnetic interaction) 
 2. സുശക്തബലം (Strong interaction) 
 3. അശക്തബലം (Weak interaction)
 4. ഗുരുത്വബലം (Gravitational interaction)

രണ്ടു ദ്രവ്യകണങ്ങള്‍ തമ്മില്‍ മുകളില്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒരു പ്രത്യേക ബലം വഴി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ചില 'ബ്രോക്കര്‍ കണങ്ങള്‍' ഇവര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ ബ്രോക്കര്‍മാരെ ഗേജ് ബോസോണുകള്‍ (gauge bosons) എന്ന്‍ പറയും.

ഇനി നമുക്ക് വിവിധബലങ്ങളെയും അവയുടെ ബ്രോക്കര്‍ ബോസോണുകളെയും പരിചയപ്പെടാം:

നമുക്ക് വളരെ സുപരിചിതമായ ഒരു ബലമാണ് ഇലക്ട്രോമാഗ്നെറ്റിക് ബലം. രണ്ടു ഇലക്ട്രോണുകള്‍ തമ്മിലോ രണ്ടു പ്രോട്ടോണുകള്‍ തമ്മിലോ വികര്‍ഷിക്കുന്നത് അല്ലെങ്കില്‍ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും തമ്മില്‍ ആകര്‍ഷിക്കുന്നത് ഒക്കെ ഈ ബലം വഴിയാണ്. എന്നാല്‍ ഇത് സാധ്യമാകുന്നത് ഫോട്ടോണുകള്‍ എന്ന കണങ്ങളെ പരസ്പരം കൈമാറിയാണ്. ഉദാഹരണത്തിന് ഒരു ആറ്റത്തില്‍ മധ്യത്തിലെ ന്യൂക്ലിയസിനും ചുറ്റുമുള്ള ഇലക്ട്രോണുകള്‍ക്കും ഇടയില്‍ നിരന്തരമായി ഫോട്ടോണ്‍ കൈമാറ്റം നടന്നുകൊണ്ടേയിരിക്കുന്നു. പരസ്പരം വികര്‍ഷിക്കുന്ന രണ്ടു പോസിറ്റീവ് ചാര്‍ജുകള്‍ക്കിടയിലും ഈ ഫോട്ടോണ്‍ കൈമാറ്റം നടക്കുന്നു. അതിനാല്‍, ഫോട്ടോണുകളെ ഇലക്ട്രോമാഗ്നറ്റിക് ബലത്തിന്റെ ഗേജ് ബോസോണ്‍ എന്ന്‍ വിളിക്കുന്നു.

ഫോട്ടോണ്‍ കൈമാറ്റം വഴിയുള്ള വികര്‍ഷണം ഉണ്ടായിട്ട് പോലും ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സില്‍ പ്രോട്ടോണുകളെ തമ്മില്‍ അകന്നുപോകാതെ പിടിച്ച് നിര്‍ത്തുന്ന ആകര്‍ഷണബലമാണ് സുശക്തബലം അല്ലെങ്കില്‍ Strong force. പ്രോട്ടോണുകള്‍ തമ്മിലുള്ള വികര്‍ഷണം ഇല്ലാതാകുന്നതുകൊണ്ടല്ല, മറിച്ച് സുശക്തബലം അത്രകണ്ട് കൂടുതല്‍ ശക്തമായതുകൊണ്ടാണ് ന്യൂക്ലിയസ്സില്‍ പ്രോട്ടോണുകള്‍ ഒരുമിച്ച് നില്‍ക്കുന്നത്. സുശക്തബലം യഥാര്‍ത്ഥത്തില്‍ പ്രോട്ടോണിനും പ്രോട്ടോണിനും ഇടയിലല്ല പ്രവര്‍ത്തിക്കുന്നത്. പ്രോട്ടോണുകളുടെ അടിസ്ഥാനകണങ്ങളായ ക്വാര്‍ക്കുകള്‍ക്കിടയിലാണ് അവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോട്ടോണ്‍-പ്രോട്ടോണ്‍ ജോഡികള്‍ക്കിടയിലും പ്രോട്ടോണ്‍-ന്യൂട്രോണ്‍, ന്യൂട്രോണ്‍-ന്യൂട്രോണ്‍ ജോഡികള്‍ക്കിടയിലും അത് ഒരുപോലെ പ്രവര്‍ത്തിക്കുന്നു (ന്യൂക്ലിയസ്സില്‍ സ്ഥിതി ചെയ്യുന്ന കണങ്ങള്‍ എന്ന നിലയില്‍ പ്രോട്ടോണിനെയും ന്യൂട്രോണിനെയും ചേര്‍ത്ത്  പൊതുവായി ന്യൂക്ലിയോണ്‍ എന്ന്‍ പറയും). ഈ ബലത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുമ്പോ ഒരു ബോസോണിനെ നമ്മള്‍ പരിചയപ്പെടും - മെസോണ്‍. ന്യൂക്ലിയോണുകള്‍ തമ്മിലുള്ള ആകര്‍ഷണം സാധ്യമാകുന്നത് അവര്‍ക്കിടയില്‍ മെസോണുകളെ പരസ്പരം കൈമാറിക്കൊണ്ടാണ്. എന്നാല്‍ മെസോണുകള്‍ മൌലികകണങ്ങള്‍ അല്ല. രണ്ടു ക്വാര്‍ക്കുകള്‍ (കൃത്യമായി പറഞ്ഞാല്‍ ഒരു ക്വാര്‍ക്കും ഒരു ആന്‍റി-ക്വാര്‍ക്കും) ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഹാഡ്രോണ്‍ ആണ് മെസോണ്‍. (ഓര്‍ക്കുക, ക്വാര്‍ക്ക് ഒരു ഫെര്‍മിയോണും മെസോണ്‍ ഒരു ബോസോണും ആണ്. spin-നേ കുറിച്ചുള്ള ചര്‍ച്ച ഓര്‍ക്കുമല്ലോ) മെസോണുകളെ കൈമാറിക്കൊണ്ട് ന്യൂക്ലിയോണുകള്‍ എങ്ങനെ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നുവോ, അതേപോലെ ഒരു സംവിധാനമാണ് രണ്ടു ക്വാര്‍ക്കുകളെ തമ്മില്‍ ചേര്‍ന്ന് മെസോണ്‍ ആയി നില്‍ക്കാനും സഹായിക്കുന്നത്. ഇവിടെയാണ് സുശക്തബലത്തിന്റെ അടിസ്ഥാന ബോസോണിനെ നമ്മള്‍ പരിചയപ്പെടുന്നത് -ഗ്ലുവോണ്‍ (gluon). ക്വാര്‍ക്കുകളെ തമ്മില്‍ ഒട്ടിക്കുന്ന 'പശ' അല്ലെങ്കില്‍ glue എന്ന നിലയിലാണ് അവയെ gluon എന്ന്‍ വിളിക്കുന്നത്. ഗ്ലൂവോണുകള്‍ ക്വാര്‍ക്കുകളെ തമ്മില്‍ ചേര്‍ത്ത് മെസോണുകള്‍ ആയി നിര്‍ത്തുന്നു, ഈ മെസോണുകള്‍ ന്യൂക്ലിയോണുകളെ തമ്മില്‍ ചേര്‍ത്ത് ആറ്റോമിക ന്യൂക്ലിയസ് നിലനിര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഗ്ലൂവോണുകള്‍ ആണ് സുശക്തബലത്തിന്റെ ബ്രോക്കര്‍മാര്‍.

ബലം എന്ന വാക്കിന് നമ്മുടെ മനസ്സിലുള്ള ചിത്രം ഉപേക്ഷിച്ചിട്ട് വേണം അശക്തബലത്തെ (Weak force) നെ പരിചയപ്പെടാന്‍. (ഭൌതികശാസ്ത്രസിദ്ധാന്തങ്ങളില്‍ Force എന്നതിനേക്കാള്‍ Interaction എന്ന വാക്കാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന്‍ ശ്രദ്ധിയ്ക്കുക). ഇവിടെ അശക്തബലം കണങ്ങളെ അടുപ്പിച്ച് നിര്‍ത്തുന്നതിന് പകരം വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു ന്യൂട്രോണിനെ പ്രോട്ടോണും ഇലക്ട്രോണും ആക്കി വേര്‍പെടുത്തുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഇലക്ട്രോണും ഒരു ന്യൂടിനോയും (കൃത്യമായി പറഞ്ഞാല്‍ ആന്‍റി-ന്യൂട്രിനോ) കൂടി ന്യൂക്ലിയസ്സിന് പുറത്തുവരുന്ന പ്രക്രിയ ആണ് ബീറ്റാ വികിരണം (beta decay) എന്ന റേഡിയോ ആക്ടീവ് പ്രതിഭാസം. ഇവിടെ രണ്ടുതരം ഗേജ് ബോസോണുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്, അവയെ ചേര്‍ത്ത് Intermediate vector bosons എന്ന്‍ വിളിക്കും. W, Z എന്നീ ചിഹ്നങ്ങള്‍ കൊണ്ടാണ് അവയെ സാധാരണ സൂചിപ്പിക്കുന്നത്. 

നാലാമത്തേതും എന്നാല്‍ നമ്മള്‍  ആദ്യം പഠിക്കുന്നതുമായ ഗുരുത്വബലം യഥാര്‍ത്ഥത്തില്‍ സ്റ്റാഡേര്‍ഡ് മോഡലിന്റെ ഭാഗമല്ല. എല്ലാത്തിനെയും വിശദീകരിക്കുന്ന ഒറ്റ സിദ്ധാന്തം (Grant Unified Theory) എന്ന ഭൌതികശാസ്ത്രജ്ഞരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഗ്രാവിറ്റിയെക്കൂടി സ്റ്റാഡേര്‍ഡ് മോഡല്‍ എന്ന 'സിനിമേലെടുക്കാനുള്ള' ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗ്രാവിറ്റോണുകള്‍ എന്ന ബോസോണുകള്‍ വഴി കൈമാറപ്പെടുന്ന ഒന്നാണ് ഗുരുത്വബലം എന്ന നിലയിലുള്ള സിദ്ധാന്തരൂപീകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. Quantum gravity എന്നാണ് അതിനെ വിളിക്കുന്നത്. എന്നാല്‍ ഇപ്പൊഴും മറ്റ് മൂന്ന്‍ ബലങ്ങളോട് ഒപ്പം കൂട്ടാവുന്ന രീതിയില്‍ അത് എത്തിയിട്ടില്ല. (ഈ ആശയം ഐന്‍സ്റ്റൈന്റെ ജനറല്‍ റിലേറ്റിവിട്ടി സിദ്ധാന്തത്തിന് നിരക്കാത്തതാണ് എന്നത് അതിനുള്ള കാരണങ്ങളില്‍ ഒന്ന്‍ മാത്രമാണ്). അതുകൊണ്ട് തന്നെ, കര്‍ക്കശമായി പറഞ്ഞാല്‍ 17 കണങ്ങളും 3 ബലങ്ങളും ആണ് സ്റ്റാഡേര്‍ഡ് മോഡലില്‍ ഉള്ളത്.

അവയെ പോലീസ് സ്റ്റേഷനില്‍ ക്രിമിനലുകളുടെ പടം ഒട്ടിച്ചേക്കുന്ന പോലെ, ഒറ്റ ബോര്‍ഡില്‍ നിരത്തുന്നു. ഇവരെ സൂക്ഷിക്കുക


ഫീല്‍ഡ് എന്ന സങ്കല്‍പ്പം

ക്ഷേത്രം അല്ലെങ്കില്‍ field എന്നൊരു സങ്കല്‍പം കൂടി ഒന്ന്‍ മനസിലാക്കണം. ഓരോ ബലത്തിനും അനുബന്ധമായി പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഫീല്‍ഡ് ഉണ്ടെന്നാണ് ക്വാണ്ടം ഭൌതികത്തിന്റെ കാഴ്ചപ്പാട്. ഇത് ആദ്യം മുന്നോട്ട് വെച്ചത് ക്വാണ്ടം ഫിസിക്സ് ഒക്കെ ഉണ്ടാകുന്നതിനും വളരെ മുന്നേ മൈക്കല്‍ ഫാരഡേ ആണ്. മനസിലാക്കാനുള്ള എളുപ്പത്തിന് സൂര്യനെയും ഭൂമിയെയും ഉദാഹരണമായി അദ്ദേഹം അവതരിപ്പിച്ചു. സൂര്യന്‍ ഒറ്റയ്ക്ക് ഈ വിശാലമായ പ്രപഞ്ചത്തില്‍ ഇരിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. പെട്ടെന്ന് ഒരു നിമിഷം ഭൂമിയെ നമ്മള്‍ അതിന്റെ കൃത്യമായ സ്ഥാനത്ത് കൊണ്ട് വെക്കുന്നു എങ്കില്‍ ആ വെക്കുന്ന നിമിഷം തന്നെ സൂര്യന്റെ ഗുരുത്വാകര്‍ഷണം അത് അറിയുമോ? അതോ സൂര്യനില്‍ നിന്നും ഗുരുത്വബലം 'സഞ്ചരിച്ച്' ഭൂമി ഇരിക്കുന്ന സ്ഥലത്ത് എത്തേണ്ടിവരുമോ? ഫാരഡേ പറഞ്ഞത് സൂര്യന്‍ ഒറ്റയ്ക്ക് ആണെങ്കിലും അതിന്റെ ഗുരുത്വപ്രഭാവം ചുറ്റുപാടും വ്യാപിച്ച് നില്ക്കും എന്നാണ്. ഭൂമിയെ നമ്മള്‍ ശൂന്യമായ സ്ഥലത്തല്ല, മറിച്ച് സൂര്യന്റെ ഗുരുത്വബലം വിരിച്ചിരിക്കുന്ന ഒരു വലയിലേക്കാണ് കൊണ്ട് വെക്കുന്നത്. ഈ വല ആണ് ഗുരുത്വക്ഷേത്രം അഥവാ gravitational field. ഭൂമിയെ സംബന്ധിച്ചു അത് ഇരിക്കുന്ന സ്ഥാനത്തെ ഈ ഫീല്‍ഡിന് മാത്രമേ പ്രസക്തി ഉള്ളൂ, അതിന്റെ സ്രോതസ്സ് ഏതാണെന്നത് അവിടെ വിഷയമല്ല. ഇതുപോലെ ഒരു പ്രോട്ടോണ്‍ സൃഷ്ടിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡില്‍ വരുമ്പോഴാണ് ഒരു ഇലക്ട്രോണിന് ആ ബലം അനുഭവപ്പെടുന്നത്. (അല്ലെങ്കില്‍ തിരിച്ച് ഇലക്ട്രോണിന്റെ ഫീല്‍ഡില്‍ പ്രോട്ടോണ്‍ വരുന്നു എന്ന്‍ പരിഗണിച്ചാലും ഇത് ശരിയാണ്) അവിടെ ഒരു ബലം ഒരു കണത്തിന് അനുഭവപ്പെടാന്‍ സഹായിക്കുന്നത് ആ ബലത്തിന്റെ ഫീല്‍ഡില്‍ നൈമിഷികമായി പ്രത്യക്ഷപ്പെടുന്ന, നമ്മള്‍ നേരത്തെ പരിചയപ്പെട്ട ബ്രോക്കര്‍ ബോസോണുകളാണ്. ഇവ ആ കണത്തിനും ഫീല്‍ഡിനും ഇടയില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് ആ ബലം പ്രവര്‍ത്തിക്കുന്നതായി നാം കാണുന്നത്. Particles and fields എന്ന തലക്കെട്ടില്‍ ഈ പ്രപഞ്ചഘടനയേകുറിച്ച് പറയാന്‍ കഴിയുന്നത് ഇങ്ങനെയാണ്.  (Electromagnetic field എന്ന്‍ പറയുമ്പോള്‍ Electromagnetic wave ആണെന്ന്‍ മനസ്സിലാക്കിക്കളയല്ലേ. ഫീല്‍ഡ് ഒരിയ്ക്കലും ഒരു wave അല്ല. ഒരു force field എന്നാല്‍ ആ force-ന്റെ ഗേജ് ബോസോണ്‍ കണങ്ങള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന 'space' ആണെന്ന്‍ സങ്കല്‍പ്പിക്കാം)

സമമിതി അഥവാ symmetry

നമ്മളീ കണ്ട കണങ്ങള്‍ മിക്കതും ആദ്യം ഗണിതപരമായി പ്രവചിക്കപ്പെടുകയും പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തവയാണ്. അപ്പോ ചോദ്യം വരും, എന്തടിസ്ഥാനത്തില്‍ പ്രവചിക്കും? ഭൌതികത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഒരു ആശയമാണ് സമമിതി അല്ലെങ്കില്‍ symmetry. സമമിതിയുടെ ഗണിതം വളരെ സങ്കീര്‍ണ്ണമായതിനാല്‍ സങ്കല്‍പ്പിക്കാന്‍ എളുപ്പമുള്ള ഒരു ചെറിയ ഉദാഹരണം പറയാം. ഒരു spin up ഇലക്ട്രോണിനെയും (+½) ഒരു spin down ഇലക്ട്രോണിനെയും (-½)  എടുക്കുക. തത്കാലം spin up എന്നാല്‍ clockwise തിരിയുന്ന ഇലക്ട്രോണ്‍ എന്നും spin down എന്നാല്‍ anti-clockwise തിരിയുന്ന ഇലക്ട്രോണ്‍ എന്നും കരുതുക (അതൊരു മാരക over-simplification ആയിരിയ്ക്കും എന്ന്‍ ഓര്‍മ്മിപ്പിക്കുന്നു). പാര്‍ട്ടിക്കിള്‍ ഫിസിക്സില്‍ ഇവ രണ്ടും രണ്ടു വ്യത്യസ്ഥ കണങ്ങള്‍ ആയിരിയ്ക്കും എങ്കിലും (ഉദാഹരണത്തിന് ഒരു കാന്തികമണ്ഡലത്തിന്റെ സാന്നിധ്യത്തില്‍ ഇവ വിപരീതദിശകളില്‍ ആയിരിയ്ക്കും സഞ്ചരിക്കുക) ഇവ രണ്ടും തമ്മില്‍ ആത്യന്തികമായി വലിയ വ്യത്യാസമൊന്നും ഇല്ല; അവയ്ക്കു ഒരേ മാസ് ആണ്, ഒരേ ചാര്‍ജ് ആണ്, ഒരേ ഇലക്ട്രിക്കല്‍ സ്വഭാവമാണ്. മാത്രവുമല്ല ഇവരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ (up നെ down ആക്കാനും തിരിച്ചും) സാധ്യമാണ്. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ spin up ഇലക്ട്രോണും spin down ഇലക്ട്രോണും അടിസ്ഥാനപരമായി ഒരേ കണത്തിന്റെ രണ്ടു അവസ്ഥകള്‍ (states) മാത്രമാണ് എന്ന്‍ കാണാം. ഇത് ഒരുതരം സിമട്രി ആണ്. ഗണിതഭാഷയില്‍ SU(2) symmetry എന്ന്‍ വിളിക്കും (മുന്നറിയിപ്പ്: കനത്ത ഗണിതസമവാക്യങ്ങള്‍ ആണ് ആ ലിങ്കില്‍. ഗര്‍ഭിണികളും വൃദ്ധരും അത് ക്ലിക്ക് ചെയ്തു വായിക്കാന്‍ ശ്രമിക്കരുത്!!). ഇതുപോലൊരു സിമട്രി ഇലക്ട്രോണ്‍-ന്യൂട്രിനോ ജോഡികള്‍ക്കിടയിലും ഉണ്ട്. പക്ഷേ ഒരു വ്യത്യാസം, spin up-spin down സിമട്രി ഇലക്ട്രോമാഗ്നെറ്റിക് ബലത്തെ അപേക്ഷിച്ച് ആയിരുന്നു എങ്കില്‍ ഇവിടെ അത് അശക്തബലത്തെ (weak force) അപേക്ഷിച്ചാണ്. (ചാര്‍ജ് ഉള്ള ഇലക്ട്രോണിനെയും ചാര്‍ജ് ഇല്ലാത്ത ന്യൂട്രിനോയെയും ഒരേ കണ്ണിലൂടെ കാണാന്‍ ഇലക്ട്രോമാഗ്നെറ്റിക് ബലത്തിന് കഴിയില്ലല്ലോ) ഇവിടെ അശക്തബലത്തിനെ അപേക്ഷിച്ച് ഇലക്ട്രോണ്‍-ന്യൂട്രിനോ ജോഡിയുടെ ഗണിതശാസ്ത്ര മോഡല്‍ ഉണ്ടാക്കിയാല്‍ ഇവകളെ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ വേറെ രണ്ടു സവിശേഷ കണങ്ങള്‍ ആവശ്യമാണ് എന്ന്‍ വന്നു. അങ്ങനെ പ്രവചിക്കപ്പെട്ട കണങ്ങളാണ് W, Z എന്നീ ബോസോണുകള്‍. ഇതുപോലെ ഒരു പരിഗണന സുശക്തബലത്തെ അപേക്ഷിച്ച് ക്വാര്‍ക്കുകളുടെ കാര്യത്തിലും വരുന്നുണ്ട്.  പക്ഷേ ക്വാര്‍ക്കുകളില്‍ ഓരോന്നിനും മൂന്ന്‍ വകഭേദങ്ങള്‍ ഉണ്ട് എന്നതിനാല്‍ അതല്‍പ്പം കൂടി സങ്കീര്‍ണ്ണമാണ്. കളര്‍ എന്നാണ് ക്വാര്‍ക്കുകളെ വേര്‍തിരിക്കുന്ന ആ ഗുണത്തിന് പേര്. ഓരോ ക്വാര്‍ക്കും Red, Green, Blue എന്നിങ്ങനെ മൂന്ന്‍ ഫ്ലേവറുകളില്‍ കാണപ്പെടുന്നുണ്ട്. (ഓര്‍ക്കുക ഈ കളര്‍ എന്ന 'ഫ്ലേവറിന്' സാമാന്യഭാഷയിലെ പച്ച, നീല നിറങ്ങളുമായൊന്നും യാതൊരു ബന്ധവും ഇല്ല. നേരത്തെ Up, Down എന്നൊക്കെ പറഞ്ഞതുപോലെ വെറും ലേബലുകള്‍ മാത്രമാണ്). ഈ മൂന്ന്‍ കളര്‍ കൂടി പരിഗണിക്കുന്ന ക്വാര്‍ക്കുകളുടെ സിമട്രിയെ SU(3) എന്ന്‍ വിളിക്കും. ഈ സിമട്രിയില്‍ വ്യത്യസ്ഥ ക്വാര്‍ക്കുകളെ തമ്മില്‍ മാറ്റുന്നതിന് മറ്റൊരു കൂട്ടം കണങ്ങള്‍ ആവശ്യമാണ് എന്ന്‍ ഗണിതപരമായി തെളിയിക്കാന്‍ കഴിയും. അങ്ങനെയാണ് ഗ്ലൂവോണുകള്‍ പ്രവചിക്കപ്പെടുന്നത്.
ഇതൊക്കെ കേള്‍ക്കുമ്പോ കണികാശാസ്ത്രജ്ഞര്‍ ചുമ്മാ 'വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്' എന്ന മട്ടില്‍ കണങ്ങളെ സങ്കല്‍പ്പിച്ച് കൂട്ടുകയാണ് എന്ന്‍ തോന്നിയോ? ഈ പ്രവചനങ്ങളുടെ അടിത്തറ മനസിലാക്കാന്‍ ഒരു ലോഡ് ഗണിതശാസ്ത്രം പഠിക്കേണ്ടിവരും കേട്ടോ, അതാണ് പ്രശ്നം. ഇങ്ങനെ പ്രവചിക്കപ്പെട്ട കണങ്ങളെല്ലാം തന്നെ പരീക്ഷണങ്ങളിലൂടെ പിന്നീട് കണ്ടെത്തിയിട്ടുണ്ട് എന്ന്‍ മനസിലാക്കുമ്പോഴാണ് സ്റ്റാഡേര്‍ഡ് മോഡലിന്റെ മഹത്വം നമുക്ക് മനസ്സിലാവുന്നത്.

ദൈവകണം: സ്ഥലത്തെ പ്രധാന ദിവ്യന്‍

ഇനിയാണ് നമ്മുടെ ഹീറോയെ പരിചയപ്പെടാന്‍ പോകുന്നത്. ആദ്യമേ തന്നെ അടിവരയിട്ട് പറയാം, ദൈവകണത്തിന് ദൈവവുമായി യാതൊരു ബന്ധവും ഇല്ല. സ്റ്റാഡേര്‍ഡ് മോഡെലിലെ വളരെ പ്രധാന്യമുള്ളതും എന്നാല്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രയാസമുള്ളതുമായ കണം എന്ന നിലയില്‍ ഈ കണത്തെ കുറിച്ച്  'Goddamned particle' (നശിച്ച കണം!!) എന്ന പേരില്‍ Leon Lederman എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ പുസ്തകമാണ് ഈ പേരിന്റെ ഉത്ഭവം. അദ്ദേഹത്തിന്റെ പ്രസാധകര്‍ Goddamned particle-നെ God particle എന്നാക്കി മാറ്റിയതാണ് ഈ പൊല്ലാപ്പിന് മൊത്തം കാരണമായത്. അതുകൊണ്ടെന്താ, 'ഊശാന്താടി വെച്ച' കുറെ ഫിസിക്സ് ഗീക്കുകള്‍ മാത്രം അറിയേണ്ടിയിരുന്ന ഈ കണത്തെ ലോകം മുഴുവന്‍ അറിഞ്ഞു. ശാസ്ത്രവാര്‍ത്തകള്‍ക്ക് നാട്ടിലെ പട്ടി പ്രസവിച്ചതിന്റെ വാര്‍ത്താപ്രാധാന്യം പോലും കൊടുക്കാത്ത നമ്മുടെ പത്രങ്ങള്‍ പോലും മുന്‍പേജില്‍ വലിയ അക്ഷരത്തില്‍ ദൈവകണത്തെ അച്ചടിച്ചുവെച്ചു!

ഇനി കാര്യത്തിലേക്ക് വരാം, നമ്മള്‍ ഇതുവരെ കണ്ട സ്റ്റാഡേര്‍ഡ് മോഡലില്‍ വന്ന ഒരു പോരായ്മ പരിഹരിക്കാന്‍ വേണ്ടി അതിലേക്ക് തിരുകിവെക്കപ്പെട്ട കണമാണ് ഹിഗ്സ് ബോസോണ്‍. W, Z എന്നീ ഗേജ് ബോസോണുകള്‍ മാസ് ഇല്ലാത്ത കണങ്ങള്‍ ആയിട്ടാണ് പ്രവചിക്കപ്പെട്ടത് എങ്കിലും യഥാര്‍ത്ഥത്തില്‍ അവയ്ക്കു നല്ല ഭാരമുണ്ട് എന്ന്‍ മനസ്സിലായി (W നു പ്രോട്ടോണിന്റെ 86 മടങ്ങും Z നു 97 മടങ്ങും മാസുണ്ട്). ഈ കണങ്ങളുടെ പിണ്ഡം വിശദീകരിക്കുന്നതിന് വേണ്ടി അവതരിപ്പിക്കപ്പെട്ട സങ്കല്‍പ്പമാണ് ഹിഗ്സ് ഫീല്‍ഡ്. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്ന ഒരു ഫീല്‍ഡ് ആണത്. ഈ ഫീല്‍ഡുമായി കണങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് മാസ് ലഭിക്കുന്നു. ഈ പ്രതിപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജം E ആണെങ്കില്‍ ആ കണത്തിന് m = E/c2 എന്ന (E = mc2) സമവാക്യം അനുസരിച്ചു മാസ് ലഭിക്കുന്നു. അതായത് ഹിഗ്സ് ഫീല്‍ഡുമായി എത്രത്തോളം ശക്തമായി പ്രതിപ്രവര്‍ത്തിക്കുന്നുവോ അത്രയും അധികം മാസ് ഒരു കണത്തിന് ലഭിക്കുന്നു. ഹിഗ്സ് ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കാത്തതുകൊണ്ട് ഫോട്ടോണിനും ഗ്ലൂവോണിനും മാസ് ഇല്ല. ഇവിടെ ദ്രവ്യകണങ്ങള്‍ക്കും ഹിഗ്സ് ഫീല്‍ഡിനും ഇടയിലെ ബ്രോക്കര്‍മാരാണ് ഹിഗ്സ് ബോസോണുകള്‍. മറ്റ് ബ്രോക്കര്‍ കണങ്ങളെപ്പോലെ നൈമിഷികമായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ കണങ്ങളെ ഈ ഫീല്‍ഡില്‍ നിന്നും അല്‍പനേരത്തെക്കെങ്കിലും സ്വതന്ത്രമാക്കണം എങ്കില്‍ (എന്നാല്‍ മാത്രമേ അവയെ 'കണ്ടുപിടിക്കാന്‍' കഴിയൂ) അവയുടെ ഭാരത്തിന് ആനുപാതികമായ ഊര്‍ജം (E = mc2) നല്കാന്‍ കഴിയണം. പ്രോട്ടോണിന്റെ 200 മടങ്ങ് ഭാരമുള്ളവയാണ് ഹിഗ്സ് കണങ്ങള്‍ എന്നോര്‍ക്കുമ്പോഴാണ് ഇത്രയും കാലം ഇവര്‍ നമുക്ക് പിടി തരാതെ മുങ്ങി നടന്നതിന്റെ സീക്രട്ട് നമുക്ക് മനസ്സിലാവുക. LHC പോലൊരു ഭീമന്‍ സെറ്റപ്പില്‍ മാത്രമേ അത്രയും ഊര്‍ജം നല്‍കാനുള്ള സാധ്യതയുള്ളൂ.

ഇതുവരെ പറഞ്ഞത് എല്ലാം കൂടി ചേര്‍ത്ത് മര്യാദയ്ക്ക് പറഞ്ഞാല്‍: Strong force പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും ഗ്ലൂവോണുകള്‍ വഴി ചേര്‍ത്തുനിര്‍ത്തി ന്യൂക്ലിയസ് ഉണ്ടാക്കുന്നു. Electromagnetic force ഫോട്ടോണുകള്‍ വഴി ഇലക്ട്രോണുകളെ ന്യൂക്ലിയസ്സിനോട് ചേര്‍ത്തുനിര്‍ത്തി ആറ്റത്തെ ഉണ്ടാക്കുന്നു. ഇതേ Electromagnetic force തന്നെ ആറ്റങ്ങളെ തമ്മില്‍ ചേര്‍ത്ത് തന്മാത്രകളും അങ്ങനെ മൂലകങ്ങളും സംയുക്തങ്ങളും ഉണ്ടാകുന്നു. Weak force സൂര്യന്‍ പോലുള്ള നക്ഷത്രങ്ങളിലെ ന്യൂക്ലിയര്‍ റിയാക്ഷന്‍ വഴി ഊര്‍ജം ഉണ്ടാവാന്‍ സഹായിക്കുന്നു. Gravitational force ആകട്ടെ Higgs field വഴി പിണ്ഡം ലഭിച്ച വസ്തുക്കളെ തമ്മില്‍ ചേര്‍ന്ന് നില്ക്കാന്‍ സഹായിക്കുന്നത് വഴി ഭൂമിയെ ഒക്കെ സൂര്യനോട് ചേര്‍ത്ത് നിര്‍ത്തുന്നു. അങ്ങനെ സൌരയൂഥവും അനന്തമായ ഗാലക്സികളും ഒക്കെ ഒക്കെ നിലനില്‍ക്കുന്നു... 

വായിക്കുമ്പോ കഴിഞ്ഞു! പക്ഷേ ഹിഗ്സ് ബോസോണിനെ കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നോബല്‍ സമ്മാനം നല്കുകയും ചെയ്തതോടെ എല്ലാം പൂര്‍ത്തിയായി എന്ന്‍ ധരിച്ചുകളയരുതേ. ഇനിയും ഹിഗ്സിന് പോലും വിശദീകരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ നിരവധി കിടപ്പുണ്ട്. അതൊക്കെ നേരിടാന്‍ ഭൌതികശാസ്ത്രജ്ഞരുടെ ജീവിതം പിന്നേയും ബാക്കി...


അധികവായനയ്ക്ക്

Aug 31, 2013

നാക്കിലെ വ്യത്യസ്ഥ രുചിമേഖലകള്‍

മധുരം, കയ്പ്പ്, പുളിപ്പ്, ഉപ്പുരസം എന്നിങ്ങനെ വ്യത്യസ്ഥ രുചികള്‍ തിരിച്ചറിയാന്‍ നമ്മുടെ നാക്കില്‍ വ്യത്യസ്ഥ രുചിമേഖലകള്‍ ഉണ്ട് എന്ന്‍ കേട്ടിട്ടില്ലേ? Tongue map എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആശയം തികച്ചും തെറ്റാണ് എന്നറിയുമോ? ശാസ്ത്രലോകത്ത് ഏറ്റവുമധികം കാലം വെല്ലുവിളിക്കപ്പെടാതെ നിന്ന ഒരു തെറ്റിദ്ധാരണ ചിലപ്പോള്‍ ഇതായിരിക്കും.

 D. P. Hanig എന്നൊരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ 1901-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വലിയ കൃത്യതയൊന്നും അവകാശപ്പെടാനില്ലാതെ നടത്തിയ ഒരു പരീക്ഷണത്തെത്തുടര്‍ന്നാണ് ഹാനിഗ് നാക്കില്‍ വ്യത്യസ്ഥ രുചികള്‍ വ്യത്യസ്ഥ ഭാഗങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത് എന്ന അനുമാനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ അറിവിലെ നാല് അടിസ്ഥാനരുചികളായ മധുരം (sweet), കയ്പ്പ് (bitter), പുളിപ്പ് (sour), ഉപ്പുരസം (salty) എന്നിവ നാക്കിലെ നാല് വ്യത്യസ്ഥഭാഗങ്ങളിലായി കാണിച്ച് പ്രാകൃതമായ ഒരു Tongue map-ഉം ഉണ്ടാക്കി. പിന്നീട് Edwin Boring എന്നൊരാള്‍ ഹാനിഗിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് ചില കണക്കുകൂട്ടല്‍ കൂടി നടത്തിയിട്ടാണ് ചിത്രത്തില്‍ കാണുന്ന മോഡേണ്‍ ടങ് മാപ്പ് ഉണ്ടാക്കുന്നത്.

ദുരൂഹമെന്നേ പറയാന്‍ കഴിയൂ, മുക്കാല്‍ നൂറ്റാണ്ടോളം ഹാനിഗിന്റെ ഈ ആശയം ആഴത്തില്‍ പഠിക്കാനോ ചോദ്യം ചെയ്യാനോ ആരും മുതിര്‍ന്നില്ല. മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞ്, 1974-ല്‍ വിര്‍ജീനിയ കോളിങ്സ് എന്ന ശാസ്ത്രജ്ഞയാണ് ആദ്യമായി ഇതിനെ വിമര്‍ശനാത്മകമായി പഠിക്കുന്നത്. ഏത് രുചിയും സ്വീകരിക്കാന്‍ നാക്കിന്റെ ഏത് ഭാഗത്തിനും കഴിവുണ്ട് എന്നവര്‍ കണ്ടെത്തി. (സത്യത്തില്‍ നാക്കില്‍ മാത്രമല്ല, അണ്ണാക്കിലും ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതെ കാക്കുന്ന epiglottis-ലും രുചി സംവേദിനികള്‍ ഉണ്ട്. അവിടെയും ഏത് രുചിയെയും സ്വീകരിക്കാനുള്ള കഴിവുണ്ട്). ഹാനിഗിന്റെ ഒരു കണ്ടെത്തലിനോട് പക്ഷേ അവര്‍ യോജിക്കുന്നുണ്ട്, വ്യത്യസ്ഥ രുചികള്‍ സ്വീകരിക്കുന്നതിനുള്ള സംവേദനക്ഷമതയില്‍ (sensitivity) ചെറിയ വ്യത്യാസം നാക്കിലെ വ്യത്യസ്ഥഭാഗങ്ങള്‍ തമ്മിലുണ്ട്. പക്ഷേ അത് പ്രായോഗികമായി തിരിച്ചറിയുവാന്‍ കഴിയാത്ത അത്രയും ചെറിയ അളവില്‍ മാത്രമേ ഉള്ളൂ എന്നോര്‍ക്കണം. നാല് അടിസ്ഥാന രുചികള്‍ എന്ന ഹാനിഗിന്റെ ആശയവും തെറ്റായിരുന്നു. കിക്കുനെ ഇക്കെദാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഉമാമി (umami) എന്ന്‍ പേരുള്ള മറ്റൊരു രുചി കൂടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാശ്ചാത്യര്‍ ഇതിനെ അല്പം വൈകിയാണ് അംഗീകരിച്ചത്. ജാപ്പനീസ് വിഭവങ്ങളില്‍ വളരെ സാധാരണമായ അജിനമോട്ടോ പോലുള്ള glutamate-കളുടെ രുചിയാണ് ഉമാമി. മാംസത്തിന്റെ രുചി എന്ന്‍ വേണമെങ്കില്‍ ഏകദേശമായി പറയാം. ഇതിനോടൊപ്പം കൊഴുപ്പിന്റെ രുചി ആറാമത്തെ അടിസ്ഥാനരുചിയാണ് എന്നൊരു വാദവും ഇപ്പോള്‍ നിലവിലുണ്ട്.

ഒരു നുള്ള്‍ ഉപ്പ് നാക്കിന്റെ തുമ്പില്‍ വെച്ചു നോക്കിയാല്‍ തന്നെ തെറ്റാണെന്ന് ആര്‍ക്കും ബോധ്യമാവുന്ന ഈ സങ്കല്‍പ്പം ഇനി നമുക്ക് പൂര്‍ണമായും ഉപേക്ഷിക്കാം.

Aug 20, 2013

ഐസോണ്‍ വാല്‍നക്ഷത്രം- അതിഥിയ്ക്ക് ഒരാമുഖം

ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന്‍ വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS (കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയി), ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമെന്നാണ് പറയപ്പെടുന്നത്.

എന്താണ് ഒരു വാല്‍നക്ഷത്രം?

പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്‍നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ 'ധൂമകേതുക്കള്‍' എന്ന ഇവരുടെ 'സ്കൂളില്‍ പേര്' ആണ് ഇവിടെ നമ്മള്‍ കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്
 • ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം
 • ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം)
 • മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ്
അടിസ്ഥാനപരമായി ഒരു അഴകിയ രാവണന്‍ ആണ് ധൂമകേതു. നമ്മള്‍ ഇവിടെ നിന്ന്‍ കാണുന്നതൊക്കെ വെറും 'ഷോ' മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന്‍ പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും.

ധൂമകേതുവിന്റെ നമ്മള്‍ കാണുന്ന ഭാഗം അതിന്റെ വാല്‍ അല്ലെങ്കില്‍ കോമ ആണ്. അതിന്റെ ശരീരം മിക്കവാറും തണുത്തുറഞ്ഞ വാതകങ്ങള്‍ ആണല്ലോ. അവ സൂര്യനോട് അടുത്ത് വരുമ്പോ സൌരവികിരണങ്ങള്‍ ഏറ്റ് ബാഷ്പീകരിക്കപ്പെടും. ഇത് ന്യൂക്ലിയസ്സിനു ചുറ്റും ഒരു വാതകഅന്തരീക്ഷത്തിന് രൂപം നല്കും. കോമ എന്ന്‍ വിളിക്കുന്ന ഈ അന്തരീക്ഷമാണ് ഭൂമിയില്‍ നിന്നു നോക്കുമ്പോ മിക്കവാറും നമ്മള്‍ കാണുക. ന്യൂക്ലിയസ് ഒരു കുഞ്ഞനായിരുന്നു എങ്കിലും കോമയ്ക്കു പലപ്പോഴും സൂര്യനെക്കാളും വലിപ്പം ഉണ്ടാവും. ഈ വാതകമണ്ഡലം സൂര്യനില്‍ നിന്നുള്ള സൌരക്കാറ്റിന്റെ പ്രഭാവം കൊണ്ട് സൂര്യന് എതിര്‍ദിശയിലേക്ക് തള്ളപ്പെടുകയും ഒരു വാലിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ധൂമകേതുവിനെ വാല്‍നക്ഷത്രം എന്ന്‍ പണ്ടുള്ളവര്‍ വിളിക്കാന്‍ കാരണമായ 'വാല്‍'. സത്യത്തില്‍ രണ്ടുതരം വാലുകള്‍ ഒരു ധൂമകേതുവില്‍ കാണപ്പെടാം. കോമായിലെ പൊടിപടലങ്ങളെ സൌരക്കാറ്റ് പിന്നിലേക്ക് പറത്തുക വഴി ഉണ്ടാകുന്ന ധൂളീവാലും (Dust tail) സൂര്യനില്‍ നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രഭാവം കൊണ്ട് അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന പ്ലാസ്മാ വാലും (Ion tail). ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെക്കാള്‍ നീളമുള്ള വാലുകള്‍ പോലും പല ധൂമകേതുക്കള്‍ക്കും രൂപം കൊള്ളാറുണ്ട്. മിക്കവാറും നീലയോ നീല കലര്‍ന്ന പച്ചയോ നിറമുള്ള പ്ലാസ്മാവാലിന്റെ രൂപീകരണത്തില്‍ സൌരക്കാറ്റും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഇതിന്റെ ദിശ എപ്പോഴും സൂര്യന് നേരെ എതിരെ ആയിരിയ്ക്കും. എന്നാല്‍ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള ധൂളീവാല്‍ മിക്കവാറും അതിന്റെ ഓര്‍ബിറ്റില്‍ തന്നെ അല്പം വളഞ്ഞതായിട്ടാകും കാണപ്പെടുക. ഇവിടെ ഒരു കാര്യം മനസ്സിലാക്കിക്കാണുമല്ലോ, വാല്‍നക്ഷത്രത്തിന്റെ വാല്‍ എപ്പോഴും അതിന്റെ പിന്നില്‍ തന്നെ ആയിരിക്കണം എന്നില്ല. അവ എപ്പോഴും സൂര്യന് പ്രതിമുഖമായിരിക്കും എന്നതിനാല്‍, സൂര്യനില്‍ നിന്നും അകന്ന്‍ പോകുന്ന ഒരു വാല്‍നക്ഷത്രത്തിന് മുന്‍പിലായിരിക്കും വാല്‍ കാണപ്പെടുക!
ധൂമകേതുവിന്റെ വാല്‍
നീളം കൂടിയ ദീര്‍ഘവൃത്താകൃതി ഉള്ളതാണ് മിക്കവാറും ധൂമകേതുക്കളുടെ ഓര്‍ബിറ്റ്. അതുകൊണ്ട് തന്നെ സ്വന്തം പ്രദക്ഷിണകാലത്തിന്റെ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ അവ സൂര്യനോട് അടുത്ത് വരുന്നുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ക്ക് കോമ രൂപം കൊള്ളുന്നതും നമുക്ക് കാണാന്‍ കഴിയുന്നതും. അങ്ങനെയാണ് അവര്‍ നമ്മുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം വിരുന്ന്‍ വരുന്ന വിശിഷ്ടാതിഥികള്‍ ആവുന്നത്. എന്നാല്‍ ഇവര്‍ ചുമ്മാ ഇവിടെ വന്ന്‍ സുഖസന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയാണ് പതിവ് എന്ന്‍ കരുതരുത് കേട്ടോ. സൌരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങളെ മുറിച്ച് കടക്കും വിധമാണ് ഇവയുടെ സഞ്ചാരം. മാത്രമല്ല ഗ്രഹങ്ങളുടെ പരിക്രമണതലത്തില്‍ (Orbital plane) ആയിരിക്കില്ല താനും ഇവയില്‍ മിക്കതിന്റെയും പരിക്രമണം. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വമണ്ഡലങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ഓരോ വരവിലും സ്വന്തം ഭാരത്തിന്റെ 1-2% വരെ വാതകങ്ങളും ശിലാധൂളികളും ഇവര്‍ക്ക് നഷ്ടമാകും. ഇത് ആവര്‍ത്തിക്കുക വഴി ചിലപ്പോള്‍ ധൂമകേതു മൊത്തത്തില്‍ ശിഥിലമായി എന്നും വരാം. ഇങ്ങനെ വാല്‍നക്ഷത്രങ്ങള്‍ കൈവിടുന്ന പദാര്‍ഥങ്ങളാണ് പലപ്പോഴും ഗ്രഹാന്തരപ്രദേശങ്ങളില്‍ തങ്ങിനിന്ന് ഉള്‍ക്കാവര്‍ഷത്തിന് (Meteor shower) കാരണമാകുന്നത്. ഉദാഹരണത്തിന് വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് (Perseid) ഉൽക്കാവർഷത്തിന്റെ ഉറവിടം 2007 ആഗസ്റ്റില്‍ വന്നുപോയ സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്.

ധൂമകേതുക്കളുടെ ഉറവിടത്തെ കുറിച്ച് ഇന്നും കൃത്യമായ ഒരു ചിത്രം നമുക്കില്ല. സൌരയൂഥത്തിന്റെ വരാന്ത എന്ന്‍ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നെപ്റ്റ്യൂണിന്റെ ഓര്‍ബിറ്റിനും പിന്നില്‍ 30 AU മുതല്‍ 50 AU (ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് Astronomical Unit അല്ലെങ്കില്‍ AU എന്ന ദൂര അളവായി ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്) വരെയുള്ള ഭാഗത്ത് കാണുന്ന കുയ്പ്പര്‍ ബെല്‍റ്റില്‍ (Kuiper belt) നിന്നും സൂര്യനില്‍ നിന്നും ഏതാണ്ട് ഒരു പ്രകാശവര്‍ഷം ദൂരെ സൌരയൂഥത്തെ പൊതിഞ്ഞു നില്‍ക്കുന്ന മേഘപടലമായ ഊര്‍ട്ട് മേഘങ്ങളില്‍ (Oort Cloud) നിന്നുമാണ് ഇവ വരുന്നത് എന്ന ആശയത്തിനാണ് ഇന്ന്‍ പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്.
മഞ്ഞും പാറക്കഷണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന അനേകകോടി ആകാശവസ്തുക്കളുടെ തറവാടാണു കുയ്പ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഖലയും. ഇവിടങ്ങളില്‍ സ്വസ്ഥമായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന വസ്തുക്കളില്‍ ചിലത് സൌരയൂഥത്തിലെ ഭീമന്‍ ഗ്രഹങ്ങളുടെയോ സമീപനക്ഷത്രങ്ങളുടെയോ സൂര്യന്റെ തന്നെയോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി സൂര്യന്റെ നേര്‍ക്ക് തള്ളപ്പെടാം. ഇങ്ങനെ വഴി തെറ്റി സൌരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന ഇവ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വപ്രഭാവം കാരണം വീണ്ടും പഥവ്യത്യാസത്തിന് വിധേയമാവുകയും സൂര്യനില്‍ പതിക്കാതെ അതിനെ ദീര്‍ഘവൃത്താകാരമായ ഓര്‍ബിട്ടില്‍ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം.

പ്രദക്ഷിണകാലത്തിന്റെ ദൈര്‍ഘ്യം കണക്കിലെടുത്ത് ഇവയെ ഹ്രസ്വകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ താഴെ) എന്നും ദീര്‍ഘകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ കൂടുതല്‍) എന്നും രണ്ടായി തിരിക്കാറുണ്ട്. ഹ്രസ്വകാലധൂമകേതുക്കളുടേത് താരതമ്യേന ശരാശരി ദീര്‍ഘവൃത്താകൃതിയുള്ള ഓര്‍ബിറ്റുകള്‍ ആണ്. ഇവ കുയ്പ്പര്‍ ബെല്‍റ്റില്‍ നിന്നും വരുന്നതായി കണക്കാക്കപ്പെടുന്നു. മറിച്ച് ദീര്‍ഘകാല ധൂമകേതുക്കളുടെ ഉറവിടമായി കണക്കാക്കപ്പെടുന്നത് ഊര്‍ട്ട് മേഖലയാണ്. ഇവയ്ക്ക് വളരെ നീണ്ട ദീര്‍ഘവൃത്ത ഓര്‍ബിറ്റുകള്‍ ആണുള്ളത്. പൊതുവേ മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വർഷം വരെ പ്രദക്ഷിണകാലം ഉള്ള ധൂമകേതുക്കള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയി മറയുന്ന ധൂമകേതുക്കളും ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയ പാന്‍സ്റ്റാഴ്സും ഇപ്പോള്‍ ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസോണും അക്കൂട്ടത്തില്‍ പെടുന്നവയാണ്.

ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമോ?

വളരെയധികം പ്രതീക്ഷയുണര്‍ത്തിയ ഒരു ധൂമകേതുവാണ് ഐസോണ്‍. സൂര്യനോട് അടുത്തെത്തുമ്പോ ആകാശത്തു ചന്ദ്രനെക്കാള്‍ തിളക്കം വെക്കാന്‍ സാധ്യതയുണ്ട് എന്ന്‍ കരുതപ്പെടുകയും നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന ഓമനപ്പേരിന് അര്‍ഹനാകുകയും ചെയ്തിരുന്നു അത്. എന്നാല്‍ കൃത്യമായ ഒരു പ്രവചനത്തിനും വഴങ്ങാത്ത കൂട്ടരാണ് ധൂമകേതുക്കള്‍ എന്നതൊരു പ്രശ്നമാണ്. സൌരയൂഥത്തിനുള്ളിലൂടെയുള്ള യാത്ര തീരെ സുരക്ഷിതമല്ല അവയ്ക്ക്. സൂര്യന്റെ വേലിയേറ്റ ബലങ്ങളും സൌരവികിരണവും ഒക്കെ ഇവയെ തകര്‍ത്തുകളഞ്ഞെന്നു വരാം. പ്രതീക്ഷകള്‍ നശിപ്പിക്കാനുള്ള 'ലൈസന്‍സ്' അതുകൊണ്ട് അവര്‍ക്കുണ്ട്.

റഷ്യയിലെ  ജ്യോതിശാസ്ത്രജ്ഞരായ Vitali Nevski, Artyom Novichonok എന്നിവരാണ് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടര്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബര്‍ മാസത്തില്‍ ഐസോണ്‍ ധൂമകേതുവിനെ ആദ്യമായി കണ്ടത്. അവര്‍ പ്രതിനിധീകരിച്ചിരുന്ന സംഘടനയായ ISON-ന്റെ (International Scientific Optical Network) പേരിലാണ് ഈ ധൂമകേതു പരക്കെ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഔദ്യോഗിക നാമം C/2012 S1 എന്നാണ്. ഇതില്‍ C എന്ന അക്ഷരം ഈ ധൂമകേതു ഒരു ക്രമാവര്‍ത്തനസ്വഭാവം (നിശ്ചിത ഇടവേളകളില്‍ വന്നുപോകുന്ന സ്വഭാവം) ഇല്ലാത്തതാണ് എന്ന്‍ സൂചിപ്പിക്കുന്നു. 2012 അത് ആദ്യം നിരീക്ഷിക്കപ്പെട്ട വര്‍ഷത്തെയും, S എന്ന അക്ഷരം സെപ്റ്റംബര്‍ മാസം രണ്ടാം പകുതിയെയും 1 എന്നത് കാലയളവില്‍ കാണപ്പെടുന്ന ആദ്യത്തെ ധൂമകേതു എന്നതിനെയും സൂചിപ്പിക്കുന്നു. കണ്ടുപിടിക്കപ്പെടുമ്പോ ഭൂമിയില്‍ നിന്നും ഏതാണ്ട് ഒരു ബില്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യനിലേക്കുള്ള അതിന്റെ സഞ്ചാരവഴിയിലായിരുന്നു അത്. ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍ട്ട് മേഘങ്ങളില്‍ നിന്നും പുറപ്പെട്ടതാണത്രേ ഇയാള്‍. 'സൂര്യസ്പര്‍ശികള്‍' (Sun-grazers) എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ധൂമകേതുവാണിത്. സൂര്യനോട് വളരെ അടുത്ത് ചെല്ലുന്ന ഇക്കൂട്ടരില്‍ ഭൂമിയെക്കാള്‍ സൂര്യനോട് നൂറ് മടങ്ങ് (12 ലക്ഷം കിലോമീറ്റര്‍) അടുത്തുവരെ ചെല്ലാന്‍ സാധ്യതയുള്ള ആളാണ് ഐസോണ്‍.

ഹബിള്‍ ദൂരദര്‍ശിനി പകര്‍ത്തിയ ഐസോണ്‍ ചിത്രം
2013 ജനുവരിയില്‍ നാസയുടെ Deep Impact ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നു നാസയുടെ തന്നെ Swift ദൌത്യവും ഹബിള്‍ ദൂരദര്‍ശിനിയും അതിനെ കൂടുതല്‍ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങള്‍ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്ന്‍ ഹബിള്‍ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂണ്‍ മാസത്തില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഇരിക്കുന്നതേ ഉള്ളൂ.
 ജൂണ്‍-ജൂലൈ മാസങ്ങള്‍ ആയപ്പോള്‍ ഐസോണ്‍ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തില്‍ (370 മുതല്‍ 450 മില്യണ്‍ കിലോമീറ്റര്‍) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാല്‍ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ ദൂരം ഒരു ധൂമകേതുവിനെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ഈ അകലത്തില്‍ വെച്ചാണ് സൂര്യന്റെ വികിരണം മതിയായ അളവില്‍ അതില്‍ ഏല്‍ക്കാന്‍ തുടങ്ങുന്നതും അതിലെ ജലം ബാഷ്പീകരിക്കപ്പെടുന്നതും. ഈ ഘട്ടത്തില്‍ അതിന്റെ തിളക്കം വളരെ വേഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൂര്യന് പിന്നിലെ ഒളിത്താമസത്തിന് ശേഷം ആഗസ്റ്റ് 12-നു വെളുപ്പാന്‍കാലത്ത് അരിസോണയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരിയാല്‍ (Bruce Gary) 'പിടിക്കപ്പെട്ട' ഐസോണ്‍ പക്ഷേ നമ്മളെ അല്പം നിരാശരാക്കിയിട്ടുണ്ട്. കണക്ക് കൂട്ടിയിരുന്നതിന്റെ ആറില്‍ ഒന്ന്‍ തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ ഇപ്പോള്‍ അതിനുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോണ്‍ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്ന്‍ എല്ലാവരും കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശരാകേണ്ട കാര്യമില്ല. ഐസോണ്‍ ഒരു നല്ല ആകാശക്കാഴ്ച സമ്മാനിക്കും എന്ന്‍ തന്നെയാണ് ഇപ്പൊഴും പ്രതീക്ഷ. വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങം രാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബര്‍ 28-നാണ് ഐസോണ്‍ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തിളക്കം അത് ആര്‍ജ്ജിക്കും എന്ന്‍ കരുതപ്പെടുന്നു. എന്നാല്‍ സൂര്യന്റെ ഇത്രയും അടുത്തേക്കുള്ള പോക്ക് ഒരു ധൂമകേതുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ സൌരപ്രഭാവത്താല്‍ ഇത് ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. 7 കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഐസോണിന്റെ ശരീരം ചിലപ്പോള്‍ പൂര്‍ണമായി ബാഷ്പീകരിച്ചു പോയെന്നും വരാം. അങ്ങനെ വന്നാല്‍ ഐസോണ്‍ നമുക്ക് കാണാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ തിളക്കത്തോടെ അത് അകന്നുപോകാന്‍ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോള്‍ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാന്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാന്‍ കഴിയൂ. കന്നി രാശിയില്‍ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും. ഡിസംബര്‍ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാന്‍ കഴിയുക. സൂര്യനില്‍ നിന്നും അകന്ന്‍ തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളില്‍ നമുക്ക് ഐസോണിനെ കാണാന്‍ കഴിയും. ആകാശത്തിന്റെ കാല്‍ഭാഗത്തോളം നീളം വരുന്ന അതിന്റെ വാല്‍ ഒരു മനോഹര കാഴ്ച ആയിരിയ്ക്കും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമായിരിക്കാം. പക്ഷേ സൂര്യനില്‍ നിന്നുള്ള അകല്‍ച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും. ഹാലിയുടെ ധൂമകേതുവിനെപ്പോലെ ക്രമാവര്‍ത്തനസ്വഭാവം ഇല്ലാത്തതിനാല്‍ അതോടെ ഐസോണ്‍ ഇനി ഒരിയ്ക്കലും കാണാനാവാത്ത വിധം ഓര്‍മ്മ മാത്രമായി മാറും. 

ഇനി ചുരുക്കത്തില്‍ ഒറ്റചോദ്യം:

ഐസോണ്‍ വാല്‍നക്ഷത്രത്തെ നമുക്ക് കാണാന്‍ കഴിയുമോ?

ഉത്തരം: കഴിയും എന്ന്‍ തന്നെയാണ് ഇപ്പോഴും പറയേണ്ടത്. കണക്കുകൂട്ടിയിരുന്ന അത്രയും തിളക്കം അതിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന വിശേഷണം അതിപ്പോള്‍ അര്‍ഹിക്കുന്നില്ല തന്നെ. എങ്കിലും, മനോഹരമായ ഒരു ദൃശ്യാനുഭവം നല്‍കാനുള്ള സാധ്യത ഇപ്പൊഴും ഐസോണില്‍ അവശേഷിക്കുന്നുണ്ട്. എല്ലാ പ്രതികൂല സാധ്യതകളും മറികടന്ന്‍ ഐസോണ്‍ ദൃശ്യമായാല്‍, ഉറപ്പായും, ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും അത്.

വരും മാസങ്ങളില്‍ ഐസോണിനെ ആകാശത്ത് തിരിച്ചറിയാന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ക്കായി ഇനി പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കാം: 


ഉപയോഗപ്രദമായ ചില മേച്ചില്‍പ്പുറങ്ങള്‍:
 1. സൌരയൂഥത്തിലൂടെയുള്ള ഐസോണ്‍ സഞ്ചാരപഥം: വീഡിയോ
 2. Comet ISON: A Timeline of This Year's Sungrazing Spectacle

Jul 16, 2013

The Valley of Rainbow

I was driving slowly and my mind was caught up in the memory of that five year old boy who lied on that bed to be inspected by me.

"Promise me doctor," he begged. That was a broken sentence and he then looked into my eyes. Those exceptionally dark eyes glittered under a layer of tears.

"What son? What should I promise?", I asked, running my fingers through his short, stiff hair.

But he just repeated,
"Promise me doctor, please! The valley of rainbow..."

"You are ill little master," I said, "but it's just for a while. You will be alright soon."

But he still clang to that rainbow valley of his. The mother  was standing beside us with an anxious pair of eyes, fidgeting.

"Don't worry, he's delirious in fever. Maybe some fairy tale still lingers in his mind. It will be okay",  I told that woman.

He kept on asking me that promise and when I saw he was so fond of that mysterious valley of rainbow, I promised to his relief.
"Yes of course my boy. I will meet you at that valley of yours, I promise."

"I will wait for you there," he said, "may be there are candles and flowers around... maybe there is a gloomy whether around... But I'll wait for you doctor."

For a while I was somewhat wondered to see the maturity and seriousness a five year old boy was showing to me.

He was the first acquaintance and last patient of mine in that village. When I set foot in that neighborhood, he was the first one to greet me with a good morning. Thereafter, everyday I woke up to see his 'good morning smile' and being his neighbor was something I enjoyed a lot in that countryside. My sojourn in that place was dragging to an end when I was called for to treat him as a doctor. Till then I had just been his 'doctor uncle'.

Now, after years, when I am back from an adventurous episode of life abroad, I am once again invited to his home. During those twenty one years, I didn't remember him frequently, but I could recollect every minute I spent with that kid, whenever I wanted. I never thought I will see him again. After all it was a lucky coincidence that I met his father in the city. The retired loner self of mine didn't have much planning and thought process to decide to go with him, the very evening. 

Now the father was sitting indolently looking outside, at the distant green hills toward which I was driving.

"When I last saw him, he was just recovering from a fever. I still remember the rainbow valley of his dreams...", I said as if starting a conversation.

"He always talked about colors", the man said with his eyes still thrown outside.

He was too laconic the whole journey and often talked only when I was in need of driving directions. Inside, I was getting more and more eager to meet my old five year old pal of mine.

That place was too beautiful for an old crackpot like me, with soothing greenery and sloppy hills surrounding the entire vicinity. I was led through a narrow walkway leading to a small house. In front of that I saw the woman whose last picture in my mind was that of a tensed mother standing beside her delirious son. Before I could figure out the meaning of that expression on her face, they both led me to the back of the house, where a white slab welcomed me with flowers all over it.

There was an epitaph which ran,

"To the valley of rainbow you shall come,
My colors shall be there to greet you"

When my eyes went over those words, I was numbed for a while. I stood still seeing those words and a drizzle began to shower. I looked at that father with my eyes asking 'how'.

"He was born with a bad heart doctor and was supposed to die before six. Not knowing what was eating him beneath the cover of a fever, you were the last person to treat him. We don't know what magic your over-the-counter medicine did to our son, he lived up to seventeen. Until the last day, he believed you were a savior. And let me tell you, our meeting today was by no way a coincidence. I was looking for you", his tone was calm and unmodulated.

I had nothing to tell him. But over the distant green canopy of hills, I saw a glittering rainbow rich in colors. 

Jul 5, 2013

He said he was thinking

When the police asked, all that idiot had to say was he was thinking! Although I kept silence, I was literally pissed off by that answer. He said, "I was thinking", and that was all. I would have instantly slapped on his face, had he not been lying on that bed with injuries all over his body, surrounded by medical team and police. I reached for my chest pocket which was torn apart by an enraged auto rickshaw driver. I tried telling him it was all that idiot's fault, but there was no one to listen to me. ('Idiot' was perhaps the most decent word I could find to call him that time.) As far as road accidents are concerned, our people hold a prejudice that bigger vehicle is always the guilty one. When a pedestrian is involved, it's always the driver who is guilty. No one asks whether the living organism in question was walking carefully, or he or she were obeying the road rules or so. You drove a vehicle means you were guilty.

 The police left without giving me much trouble, since this boy had said he had no complaint against me. But I couldn't leave so easily. Who would account for my damages, when I stand completely innocent? What about my shattered wind shield? What about my torn clothes? What about those smashes I received when I was trying to defend my side?

When Amritha called, I didn't say anything. How could I tell her my car hit some freak young boy and had to face a stampede of traffic moral police on road and I am in hospital with the villain! I just told her I am in a mess and will be late. Even after the doctor left, I stayed there. If I can't settle things with him, I shall settle it with his parents or whomsoever comes for him first. When the nurse was doing some stuff with the stitches on his face, I murmured,

"See, it was all his fault..."

She looked at me,

"He was totally careless on road. I was in moderate speed, he just strayed into my way..."

Before I could complete my arguments, I could make out from her expression that that middle aged angel was least interested in what I had to say. So I stopped.

When she left, I saw him lying there with closed eyes. But the movements of his eyeballs were  saying that he was not sleeping at all.

I stayed there constantly haunted by the embarrassing moments I had gone through just half an hour before. Surrounded by enraged crowd, hearing names, being beat up...

I was eagerly waiting for someone from his side to come, when another young boy showed up. He came hurriedly and was panting. When I saw his expression on seeing my villain's posture, I asked,

"You are a friend of him, aren't you?"

Before he could answer me, his attention went to the bed-ridden who had by then opened his eyes hearing us talk.

"Vinu, what was that?"

"It was all his fault", I couldn't resist repeating this.

The second boy looked at me with an expression apparently asking me to stop talking until he takes a close glance of his friend. I clang to silence.

 Vinu asked his friend, "Did it come Joy?"

"Vinu, let's talk about it later. You please take rest now."

"No Joy, I am okay. You tell me, did it come? What is it?"

Throwing a short glance at me, Joy spoke to him after a pause.

"Yes, the verdict has come. The Court granted divorce to your dad and mom."

I, now sitting on a stool nearby, stood up hearing this. I saw Vinu slowly closing his eyes as before. Joy looked at me. I didn't know what to say or do. I felt my torn pocket with my palm once again and just walked away.

Jul 3, 2013

I did see the signs

I did see the signs wayside
Though I never knew you left them
The road hitherto was not smooth
And had stones and thorns all along
Amid the turmoil of feelings
I did see the signs you'd left

In the ambiance of the woods, I waited for a sound
But not a wee sweep of wind I could feel
There were unfathomable ponds along
Where I halted and looked onto for visuals
I couldn't even recognize on the reflections
My own silhouette over the ripples

What kept me going I know not
There were twists along the way
For every unexpected twist it took
You'd left your signs all along
I were never too distant from you
But it took me this long a journey to reach you
I knew not you were waiting for me
But I did see the signs you'd left

May 29, 2013

എന്തല്ല ബിഗ് ബാംഗ്?


"ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വലിയ പൊട്ടിത്തെറിയോടെ പെട്ടെന്ന് എല്ലാം ഉണ്ടായത്രേ! ഹ ഹ ഹ!"

ഏതാണ്ട് മിക്ക യുക്തി-അയുക്തി വാഗ്വാദങ്ങളിലും പുച്ഛത്തോടെ ശാസ്ത്രവിരോധികള്‍ ഉപയോഗിയ്ക്കുന്ന ഒരു ആയുധമാണ് ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിലെ ഈ 'ഒന്നുമില്ലായ്മയില്‍ നിന്നും പൊട്ടിത്തെറിച്ച് എല്ലാം ഉണ്ടാകുന്ന', കേള്‍ക്കുമ്പോ തന്നെ കുട്ടിക്കഥ പോലെ തോന്നുന്ന ആശയം. ഒറ്റ നോട്ടത്തില്‍ എന്തായാലും ഇതിനേക്കാള്‍ ലോജിക്ക് ഉള്ള കഥയാണ് ദൈവം എന്ന സയന്‍റിസ്റ്റ് ഏറ്റെടുത്ത് വിജയിപ്പിച്ച ആറ് ദിവസത്തെ ടെന്യുയര്‍ ഉള്ള ഒരു പ്രൊജക്റ്റ് ആണ് പ്രപഞ്ചനിര്‍മ്മാണം എന്ന കഥ! ഇത്തരുണത്തില്‍ വായനക്കാരെ ബിഗ് ബാംഗ് തിയറി പഠിപ്പിക്കുന്ന ഒരു ലേഖനമല്ല ഇത്. മറിച്ച് ഇതിനെക്കുറിച്ച് പഠിയ്ക്കാതെ വിമര്‍ശകര്‍ സ്ഥിരം ഉന്നയിക്കുന്ന ചില മുറിവാദങ്ങള്‍ക്കുള്ള മറുപടിയാണ്. അതായത്, എന്താണ് ബിഗ് ബാംഗ് എന്നതല്ല, എന്തല്ല ബിഗ് ബാംഗ് എന്നതാണ് ഇവിടത്തെ വിഷയം.

ബിഗ് ബാംഗ് Vs പൊട്ടിത്തെറി:

ആറ്റത്തിന്റെ ഘടന പോലുള്ള മിക്ക ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും ഉള്ള ഒരു പ്രശ്നമുണ്ട്. മുന്നനുഭവങ്ങള്‍ കൊണ്ട് മനസ്സില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ തള്ളിക്കയറി വന്ന്‍ നമ്മുടെ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള മെന്‍റല്‍ ഇമേജിനെ മൊത്തം കുളമാക്കും. ഇവിടെയും ബിഗ് ബാംഗ് അഥവാ വലിയ പൊട്ടിത്തെറി എന്ന പേരാണ് ഈ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ശാപം. ആ പേരാകട്ടെ ഈ സിദ്ധാന്തത്തെ കണിശമായി കളിയാക്കിക്കൊണ്ട് ഫ്രെഡ് ഹോയ്ല്‍ എന്ന ശാസ്ത്രജ്ഞന്‍ ഉപയോഗിച്ച വാക്കാണ്. അദ്ദേഹം സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്ന ആദിയും അന്തവും ഇല്ലാത്ത തുടര്‍ച്ചയായ പ്രപഞ്ചനിര്‍മ്മാണം എന്ന വാദഗതിയുടെ വക്താവായിരുന്നു. അതിനു വളരെ മുന്നേ തന്നെ പെട്ടെന്നുണ്ടായ ഒരു വികാസത്തിലൂടെയാണ് പ്രപഞ്ചം ഈ രൂപത്തിലേക്ക് വന്നത് എന്ന ഇന്നത്തെ ബിഗ് ബാങ് സിദ്ധാന്തത്തിന്റെ പ്രാഥമികരൂപം നിലവില്‍ ഉണ്ടായിരുന്നു. സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തത്തിനും ജോര്‍ജസ് ലെമൈട്രേ തുടങ്ങിവെച്ച് ജോര്‍ജ് ഗാമോ വികസിപ്പിച്ചെടുത്ത വികസിക്കുന്ന പ്രപഞ്ചം എന്ന സിദ്ധാന്തത്തിനും തുല്യപ്രധാന്യം നിലവിലിരുന്ന കാലഘട്ടത്തില്‍ 1949-ലെ ഒരു BBC പരിപാടിയില്‍ തന്റെ സ്റ്റേഡി സ്റ്റേറ്റ് സിദ്ധാന്തത്തെക്കുറിച്ച് ഹോയ്ല്‍ ഇങ്ങനെ പറഞ്ഞു-

"[എന്റെ സിദ്ധാന്തം] മുന്‍ പരികല്‍പ്പനകളില്‍ (Hypothesis) ഒളിഞ്ഞിരിക്കുന്ന, വളരെ പണ്ട് ഏതോ ഒരു നിമിഷം നടന്ന 'ഒരു വലിയ പൊട്ടിത്തെറി'യിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന സിദ്ധാന്തത്തിന് ഒരു ബദലാണ്. ഈ പൊട്ടിത്തെറി സങ്കല്‍പ്പം ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്തതും യുക്തിയ്ക്ക് നിരക്കാത്തതും ആണ്"

ഇവിടെയാണ് Big Bang ('വലിയ പൊട്ടിത്തെറി') എന്ന പരാമര്‍ശം ആദ്യമായി ഉണ്ടായത്. തമാശ നോക്കണേ, ഏത് സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ടാണോ ഹോയ്ല്‍ ആ വാക്ക് ഉപയോഗിച്ചത്, അതേ പേരില്‍ ആ സിദ്ധാന്തം പിന്നീട് അറിയപ്പെടാന്‍ തുടങ്ങി.

ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി ഒരിയ്ക്കലും ഒരു പൊട്ടിത്തെറി ആയിരുന്നില്ല എന്നതാണ് സത്യം. ഒരു പടക്കം പൊട്ടുന്നതോ ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതോ പോലെയല്ല ബിഗ് ബാങ് സംഭവിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നും വളരെ സൂക്ഷ്മമായ സമയം കൊണ്ട് സംഭവിച്ച ദ്രുതമായ ഒരു വികാസം (Expansion, NOT Explosion) ആയിരുന്നു അത്. ഈ ഒന്നുമില്ലായ്മ എന്ന വാക്ക് ഗ്രഹിക്കാന്‍ വിചാരിക്കുന്ന അത്ര എളുപ്പമല്ല. കാരണം നമ്മള്‍ ജീവിത കാലത്ത് കണ്ടിട്ടോ ഏതെങ്കിലും രീതിയില്‍ അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരവസ്ഥയാണ് അത്. വായു മാത്രം ഉള്ള അവസ്ഥ, അല്ലെങ്കില്‍ ഒരു പടി കൂടി മുന്നോട്ട് വാക്വം/ശൂന്യത എന്നതാണ് നമ്മള്‍ മനുഷ്യര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒന്നുമില്ലായ്മയുടെ ചിത്രം. എന്നാല്‍ ഭൗതികശാസ്ത്രത്തിന്റെ കണ്ണില്‍ ഇതൊന്നും ഒന്നുമില്ലായ്മ അല്ല, അവിടെ സ്പെയിസ് അല്ലെങ്കില്‍ സ്ഥലം ഉണ്ട്. അത് കൂടി ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ ഒന്നുമില്ലായ്മ. അത് മനസ്സില്‍ കാണാന്‍ ശ്രമിക്കരുത്, നടക്കില്ല. ഈ ഒന്നുമില്ലായ്മയില്‍ നിന്നും സ്ഥലവും ദ്രവ്യവും ഉണ്ടാവുകയും സ്ഥലം വികസിക്കുന്നതിനോടൊപ്പം ദ്രവ്യം ഇന്നീ കാണുന്ന വിസ്തൃതമായ പ്രപഞ്ചത്തില്‍ വിതരണം ചെയ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന്‍ ഏകദേശമായി പറയാം. ഇതാണ് ബിഗ് ബാങ് പറയുന്നത്. ഇവിടെ സ്ഥലമാണ് വികസിച്ചത്. ഒരു ബലൂണില്‍ പതിച്ചിരിക്കുന്ന വര്‍ണ്ണക്കുത്തുകള്‍ ബലൂണ്‍ വീര്‍പ്പിക്കുന്നതിന് അനുസരിച്ചു പരസ്പരം അകന്ന്‍ പോകുന്നപോലെയാണ് ഇത്. പടക്കമോ ബോംബോ പൊട്ടിത്തെറിക്കുന്നത് ഇങ്ങനല്ല. അവിടെ സ്ഥലം/സ്പെയിസ് അല്ല വികസിക്കുന്നത്, ചെറിയ സ്ഥലത്ത് (പടക്കത്തിനുള്ളില്‍) കൂട്ടിവെച്ചിരിക്കുന്ന ദ്രവ്യം അകന്ന്‍ പോവുകയാണ്. അവിടെ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല, ഊര്‍ജ്ജപരിവര്‍ത്തനം മാത്രമാണു നടക്കുന്നത്. ഇതൊന്നും നടക്കുന്നത് ഒന്നുമില്ലായ്മയിലും അല്ല. അതുകൊണ്ട് തന്നെ ബിഗ് ബാംഗ് നടക്കുന്ന രംഗം ഭാവനയിൽ കാണാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. ബിഗ് ബാംഗിന്റേത് എന്ന രീതിൽ വരയ്ക്കുന്ന ഒരു ചിത്രവും ബിഗ് ബാംഗിന്റെ ചിത്രമല്ല.

ബിഗ് ബാംഗിന് ആ പേര് ചാര്‍ത്തിക്കൊടുത്ത ഫ്രെഡ് ഹോയ്‌ലിന്റെ സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം ഇന്ന് വളരെയധികം പിന്നാക്കം പോയി. കാരണം ബിഗ് ബാംഗിന് കിട്ടുന്ന നിരീക്ഷണാത്മക തെളിവുകള്‍ തന്നെ. അവയെ കുറിച്ച് ഈ അവസരത്തില്‍ പറയുന്നില്ല.

ബിഗ് ബാങ്ങിന് മുന്‍പ്?

മുന്‍പ്-പിന്‍പ് എന്നീ സങ്കല്‍പ്പങ്ങള്‍ സമയത്തെ ആധാരമാക്കി ഉള്ളതാണ്. സമയം ഇല്ലെങ്കില്‍ അതിനു പ്രസക്തി ഇല്ല. ബിഗ് ബാംഗ് വഴിയാണ് സ്ഥലവും സമയവും ഉണ്ടായത് എന്നൊരു സിദ്ധാന്തം പറയുമ്പോള്‍ ആ ബിഗ് ബാംഗിന് മുന്‍പ് എന്തായിരുന്നു എന്ന ചോദ്യത്തിന് അവിടെ പ്രസക്തി ഉണ്ടോ? കാരണം അതിനു മുന്‍പ് സമയം ഇല്ലല്ലോ! (ഇതൊരു കളിയാക്കല്‍ ഉത്തരമായി തോന്നിയേക്കാം. പക്ഷേ ഈ ചോദ്യത്തിന് വേറെയും ഉത്തരങ്ങൾ നിലവിലുണ്ട്. ഒന്നും അങ്ങോട്ട് തറപ്പിച്ച് പറയാവുന്ന ഘട്ടത്തിലായിട്ടില്ല എന്ന് മാത്രമല്ല പലതും സാധാരണഭാഷയിൽ പറഞ്ഞ് ഫലിപ്പിക്കാനാവാത്തതുമാണ്. അറിയാത്തതിനെപ്പറ്റി മിണ്ടാണ്ടിരിക്കുന്നതാണല്ലോ നല്ലത് :) )

ബിഗ് ബാംഗ് അവസാന വാക്കാണോ?

പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ഫലപ്രദമായ വിശദീകരണമാണ് ബിഗ് ബാംഗ്. അതിനർത്ഥം ഇതൊരു അവസാനവാക്കാണ് എന്നല്ല. വേറെയും നിരവധി സിദ്ധാന്തങ്ങൾ പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അവയെ എല്ലാം കൂടി ചേർത്ത് Non-standard cosmology എന്നാണ് വിളിക്കുന്നത്. എല്ലാറ്റിനും അതിന്റേതായ മേന്മകളും പോരായ്മകളും ഉണ്ട്. എന്നാൽ അവയെക്കാളൊക്കെ നിരീക്ഷണാത്മക തെളിവുകൾ ലഭിച്ചിട്ടുള്ളത് ബിഗ് ബാംഗിന് അനുകൂലമായിട്ടാണ് എന്നതിനാലാണ് ശാസ്ത്രലോകം അതിന് കൂടുതൽ ഊന്നൽ നൽകി മുന്നോട്ട് പോകുന്നത്.

ബിഗ് ബാംഗ് Vs കോമണ്‍ സെന്‍സ്:

ഇതുകൂടി പറയാതെ ഈ ചര്‍ച്ച പൂര്‍ണമാകില്ല. ആലോചിക്കുമ്പോള്‍ കോമണ്‍ സെന്‍സിന് നിരക്കാത്ത ഒന്നായി ബിഗ് ബാംഗ് അനുഭവപ്പെടും. ഒന്നുമില്ലായ്മയില്‍ നിന്നും പെട്ടെന്ന് സ്ഥലവും സമയവും ഉണ്ടാവുക- വല്ലാത്ത കല്ലുകടി തന്നെ. പക്ഷേ ഓര്‍ക്കുക, കുറെ മുന്‍ധാരണകളുടെ സമാഹാരം മാത്രമാണു കോമണ്‍ സെന്‍സ് അഥവാ സാമാന്യബുദ്ധി എന്നാണ് ഐന്‍സ്റ്റൈന്‍ പറഞ്ഞത്. അത് കാലഘട്ടങ്ങള്‍ക്കും ഒരാളുടെ അറിവിനും അനുസരിച്ചു മാറുന്നതാണ്. ആദ്യമായി ഭൂമി ഉരുണ്ടതാണ് എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍, "എങ്കില്‍ മറുവശമുള്ളവര്‍ താഴെ പോകാത്തതെന്താ?" എന്ന ചോദ്യം അന്നത്തെ പൊതുജനം ഉന്നയിച്ചു. കാരണം ഉരുണ്ട ഭൂമി അന്നത്തെ കോമണ്‍ സെന്‍സിന് നിരക്കാത്തതായിരുന്നു. പിന്നീട് ഭൂമി കറങ്ങുന്നുണ്ട് എന്നും ആകാശത്തു ചലിക്കുന്നുണ്ട് എന്നുമുള്ള ആശയങ്ങള്‍ വന്നപ്പോള്‍, "എന്നാല്‍ അതിലുള്ള വസ്തുക്കളൊക്കെ തെറിച്ചു പോകാത്തതെന്താ?" എന്നാണ് അന്നത്തെ കോമണ്‍ സെന്‍സ് ചോദിച്ചത്. ഇന്നോ? ഇന്നത്തെ നമ്മുടെ കോമണ്‍ സെന്‍സ് ഉരുണ്ട ഭൂമിയെയും കറങ്ങുന്ന ഭൂമിയെയും കൂടി ഉള്‍ക്കൊണ്ട ഒന്നാണ്. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും എല്ലാം ഇതുപോലെ കോമണ്‍ സെന്‍സ് എന്ന ഉമ്മാക്കി കാണിച്ച് ശാസ്ത്രജ്ഞരെ പോലും പേടിപ്പിച്ച സംഗതികളാണ്. ഇന്ന് അവകളും നമ്മുടെ കോമണ്‍ സെന്‍സിന്റെ ഭാഗമായിക്കഴിഞ്ഞു. അപ്പോ പറഞ്ഞുവന്നത് ഇത്രേയുള്ളൂ, ഈ കോമണ്‍ സെന്‍സിനെ വിശ്വസിക്കാന്‍ കൊള്ളില്ല!

എന്തു പറഞ്ഞാലും "മുഖ്യമന്ത്രി രാജി വെക്കണം" എന്ന ടൈപ്പ് മുറവിളി കൂട്ടുന്നവര്‍ ഇതൊന്നും കേട്ട് അത് നിര്‍ത്താന്‍ പോണില്ല എന്നറിയാം. നിര്‍ത്തരുത് എന്നാണ് എന്‍റേം ആഗ്രഹം. എനിക്കു തമാശ വല്യ ഇഷ്ടമാ.

May 20, 2013

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം


ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍!

എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടുപ്പം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ ഏറ്റവും വ്യാപകമായി ഉപയോഗിയ്ക്കുന്ന പെരുമാറ്റരീതികളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പ്രവൃത്തിയാണ് ചുംബനം (ഒന്നാം സ്ഥാനത്ത് കൈകള്‍ ചേര്‍ത്ത് പിടിക്കലാണ്). ലോകത്ത് അറിയപ്പെടുന്ന സംസ്കാരങ്ങളില്‍ 90 ശതമാനത്തിലും ചുംബനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ചുംബിക്കുകയോ ചുംബനത്തെ കുറിച്ച് കേള്‍ക്കുകയോ പോലും ചെയ്യാത്ത സംസ്കാരങ്ങളും ഉണ്ടായിട്ടുണ്ട് കേട്ടോ. ഉദാഹരണത്തിന് ഇന്നും ദക്ഷിണാഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗം ഉള്‍പ്പടെ പല ആദിവാസിസമൂഹങ്ങളിലും ആമസോണ്‍ ഗോത്രവര്‍ഗക്കാരിലും ഒന്നും ചുംബനം കാണപ്പെടുന്നില്ല. അമ്മ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ചുംബനങ്ങള്‍ക്കപ്പുറം ജപ്പാനില്‍ 20-ആം നൂറ്റാണ്ടിന് മുന്‍പ് ചുംബനമേ ഇല്ലായിരുന്നു. ജൈവപ്രകൃതിയോടൊപ്പം സാംസ്കാരിക പശ്ചാത്തലം കൂടി ചേര്‍ന്നാണ് ചുംബനരീതി രൂപപ്പെടുത്തിയത് എന്ന്‍ കാണാം.

അല്പം ചുംബനചരിത്രം:

ചരിത്രത്തിലേക്ക് നോക്കിയാല്‍ ചുംബനത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വേറെങ്ങുമല്ല നമ്മുടെ സ്വന്തം ഭാരതീയപുരാണങ്ങളില്‍ തന്നെയാണ്. ചുണ്ടോട് ചുണ്ട് ചേര്‍ത്തുള്ള ചുംബനത്തെക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്(6). വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ രണ്ടാം ഭാഗം മൂന്നാം അദ്ധ്യായം പൂര്‍ണമായും ചുംബനത്തെ കുറിച്ച് വിവരിക്കുന്നു (7). അതുപോലെ ബൈബിളില്‍ ഉത്തമഗീതം തുടങ്ങുന്നതും ചുംബനം പരാമര്‍ശിച്ചുകൊണ്ട് തന്നെ. പുരാതനഗ്രീസില്‍ ഹോമറുടെ കൃതികളില്‍ ഒഡീസ്യൂസിനെ അടിമകള്‍ ചുംബിക്കുന്നതും സ്വന്തം മകന്റെ ശരീരം വിട്ടുകിട്ടുവാന്‍ പ്രയാം രാജാവ് അഖിലീസിന്റെ കൈകള്‍ ചുംബിക്കുന്നതുമൊക്കെയായ രംഗങ്ങളുണ്ട്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസിന്റെ രചനകളില്‍ പേര്‍ഷ്യയിലെയും എത്യോപ്യയിലെയും ഈജിപ്റ്റിലെയും ഒക്കെ ചുംബനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ റോമാസംസ്കാരത്തില്‍ ചുംബനം മുഖ്യസ്ഥാനത്തുണ്ടായിരുന്നു. കാറ്റുലസ്, ഒവിഡ് പോലുള്ള റോമന്‍ കവികള്‍ ചുംബനത്തെ വാഴ്ത്തിപ്പാടിയവര്‍ ആയിരുന്നു. റോമാസാമ്രാജ്യത്തില്‍ ചുംബനസംബന്ധിയായ നിയമങ്ങള്‍ വരെ ഉണ്ടായിരുന്നുവത്രേ. മാത്രമല്ല, അധിനിവേശങ്ങള്‍ വഴി ചുംബനസംസ്കാരം ലോകമെങ്ങും വ്യാപിപ്പിക്കാന്‍ റോമാക്കാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മദ്ധ്യകാലഘട്ടം ആയപ്പോഴേക്കും ചുംബനം സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായിപ്പോലും മാറി. പ്രജകള്‍ രാജാവിന്റെ മോതിരമോ കൈയൊ രാജാവിന്റെ മുന്നിലെ തറയോ പോലും ചുംബിക്കുന്ന പതിവ് പലയിടത്തും ഉണ്ടായി. കത്തോലിക്കരെ സംബന്ധിച്ച് പോപ്പിന്റെ മോതിരം മുത്തുന്ന പതിവും ഇക്കാലത്ത് തുടങ്ങിയതാണ്. പിന്നീട് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി യൂറോപ്യന്‍ പര്യടനങ്ങളുടെ തുടര്‍ച്ചയായി പാശ്ചാത്യവല്‍ക്കരിച്ച ഒരു ചുംബനസംസ്കാരം ലോകമെങ്ങും വ്യാപിച്ചു.

ചുംബിയ്ക്കുന്നിടത്ത് ശാസ്ത്രത്തിനെന്താ കാര്യം?

 ചുംബനം ജന്മനാ നമ്മുടെ ജനിതകഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രവൃത്തി അല്ല എന്ന്‍ നേരത്തെ പറഞ്ഞുവെങ്കില്‍പോലും, അതിന് പിന്നില്‍ തീര്‍ച്ചയായും കുറെ ഏറെ ശാസ്ത്രമുണ്ട്. പണ്ട് കാലത്ത് (എന്നുവെച്ചാല്‍ ബേബി ഫുഡ് ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത്!) അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം ചവച്ച ശേഷം വായില്‍ നിന്ന് വായിലേക്ക് പകര്‍ന്ന് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു എന്നും അതില്‍ നിന്നാണ് ചുംബനം എന്ന പ്രവൃത്തി ഉരുത്തിരിഞ്ഞത് എന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് ജീവപരിണാമത്തിന്റെ ഭാഗമായി വൈകാരിക കൈമാറ്റങ്ങളുടെ ഒരു മുഖ്യ ചാലക ശക്തിയായി ഇത് പരിണമിച്ചതായാണ് അറിവ്.
നമ്മുടെ ശരീരത്തില്‍ ഏറ്റവും സംവേദനശേഷിയുള്ള (വിരല്‍ത്തുമ്പുകളോളം തന്നെ) ശരീരഭാഗമാണ് ചുണ്ടുകള്‍ എന്നതാണ് ചുംബനത്തെ പ്രധാന്യമുള്ളതാക്കുന്ന ഒരു ഘടകം. ചൂണ്ടുകളിലെ ഒരു നേര്‍ത്ത സ്പര്‍ശം പോലും നിരവധി സംവേദന സിഗ്നലുകളെ തലച്ചോറിലേക്ക് ഒഴുക്കുന്നുണ്ട്. തലച്ചോറില്‍ നിന്നും നേരിട്ടു ഉത്ഭവിക്കുന്ന നാഡികളായ 12 ക്രേനിയല്‍ നാഡികളില്‍ 5 എണ്ണവും ചുണ്ടുകള്‍ വഴി ചുംബനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവകളും മുപ്പതില്‍പരം മുഖപേശികളും ചേര്‍ന്ന് പങ്കാളികള്‍ ചുംബനത്തില്‍ ഏര്‍പ്പെടുമ്പോ തലച്ചോറ്, ചുണ്ടുകള്‍, ചര്‍മ്മം, നാവ് ഇവകള്‍ക്കിടയില്‍ വളരെ സജീവമായ വിദ്യുത് തരംഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതത്ര നിസ്സാരമായ ഒരു പ്രവൃത്തിയല്ല, ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചുംബനം ഏതാണ്ട് 2-3 കലോറി ഊര്‍ജം ചെലവാക്കുന്നുണ്ട്.

ചുംബിയ്ക്കപ്പെടുമ്പോ ശരീരത്തില്‍ ഉണ്ടാകുന്ന 'ഹോര്‍മോണ്‍ വെള്ളപ്പൊക്കമാണ്' മറ്റൊരു സംഗതി.  ഡോപ്പമൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ് ഇതില്‍ മുന്നില്‍. ഓക്സിറ്റോസിന്‍ ആണ് മറ്റൊന്ന്. ഒപ്പം തന്നെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുന്നതായും കണ്ടെത്തി. കോര്‍ട്ടിസോള്‍ പിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആകയാല്‍, ഇത് ചുംബനത്തിന് ഒരു stress-relief effect നല്‍കുന്നതായി കാണാന്‍ കഴിയും. പ്രണയവുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ഇഫക്‍ടുകളില്‍ ഡോപ്പമൈനും ഓക്സിറ്റോസിനും വഹിക്കുന്ന പങ്കിനെ കുറിച്ച് 'പ്രണയത്തിന്റെ ശാസ്ത്രം' എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. അതിയായ സന്തോഷം (euphoria) ഉണ്ടാക്കുന്നതിനോടൊപ്പം ശരീരത്തിന് ഉന്മേഷം പകരാനും ഡോപ്പമൈന് കഴിയുന്നു. ചുംബിയ്ക്കപ്പെടുന്ന സമയത്ത് രക്തക്കുഴലുകള്‍ വികസിക്കുന്നു, ഹൃദയമിടിപ്പ് കൂടുന്നു, കവിളുകള്‍ തുടുക്കുന്നു. ഒപ്പം കണ്ണിന്റെ കൃഷ്ണമണി വികസിക്കുന്നതുകൊണ്ട് കണ്ണുകള്‍ അടച്ചുപിടിക്കാന്‍ മിക്കവരും ശ്രമിക്കാറുണ്ട്. ചുംബിക്കുന്ന ആളിനോടുള്ള വൈകാരികത എത്രത്തോളം കൂടുതലാണോ അത്രത്തോളം ഈ അനുഭവങ്ങളും തീവ്രമായിരിക്കും. ഡോപ്പമൈന് മയക്കുമരുന്നുകള്‍ ഒക്കെ പോലെ അഡിക്ഷന്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുകൊണ്ട് വികാരതീവ്രമായ ഒരു ചുംബനം തന്ന ആളിനോടുള്ള അടുപ്പം വളരെയധികം വര്‍ധിക്കാനും സാധ്യതയുണ്ട്.

ഈ വൈകാരിക തള്ളിച്ചകള്‍ക്കും അപ്പുറം ചുംബനസമയത്ത് പങ്കാളിയെ വിലയിരുത്തുന്ന, അല്ലെങ്കില്‍ മികച്ച പങ്കാളിയെ തെരെഞ്ഞെടുക്കുന്ന മുഖ്യമായ ഒരു ജോലി കൂടി അബോധതലത്തില്‍ നടക്കുന്നുണ്ട്, സൂക്ഷ്മമായ ഒരു വിവരകൈമാറ്റം. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ വഴിയാണ് അവയില്‍ ഒരു കൈമാറ്റം നടക്കുന്നത്. മറ്റൊന്ന് പൊതുവേ ആരും ശ്രദ്ധിയ്ക്കാത്ത ഗന്ധം കൊണ്ടുള്ള ആശയവിനിമയമാണ്. (കുളി-നനകള്‍ ഇല്ലാത്ത കേസിലോ വായ്നാറ്റം ഉള്ള കേസിലോ മാത്രമല്ല,) നമ്മള്‍ തിരിച്ചറിയാത്ത പല ഗന്ധങ്ങളും ചുംബനസമയത്ത് പങ്കാളിയില്‍ അബോധതലത്തില്‍ നമ്മള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ അന്യവസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുക വഴി നമ്മുടെ പ്രതിരോധവ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രോട്ടീനുകളാണ് Major Histocompatibility Complex (MHC). ഇവയുടെ നിര്‍മാണചുമതലയുള്ള ജീനുകള്‍ കാരണം നമ്മുടെയൊക്കെ ശരീരങ്ങള്‍ക്ക് തമ്മില്‍ നേരിയ ഗന്ധവ്യത്യാസം ഉണ്ട്. അച്ഛനമ്മമാരുടെ പ്രതിരോധവ്യവസ്ഥകള്‍ തമ്മിലുള്ള ചേര്‍ച്ച കുട്ടികളുടെ പ്രതിരോധശേഷിയെ സാരമായി സ്വാധീനിക്കുന്നു എന്നതിനാല്‍ ഗന്ധം വഴി പ്രതിരോധശേഷി അനുയോജ്യമായ പങ്കാളിയെ തെരെഞ്ഞെടുക്കുക എന്ന 'തന്ത്രപ്രധാനമായ' ജോലിയും ചുംബനസമയത്ത് നടക്കുന്നു. ഇതങ്ങനെ നിസാരമായി കാണണ്ട, ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ചു മോശമായ ഒരു ചുംബനം കാരണം  59% പുരുഷന്മാരും 66% സ്ത്രീകളും ആ ബന്ധമേ വേണ്ടെന്ന്‍ വെച്ചത്രേ! സുരേഷ് ഗോപി പറയുന്ന പോലെ, ഒരൊറ്റ കിസ്സ് മതി.... അതുപോലെ തന്നെ സ്ത്രീകളും പുരുഷന്മാരും ചുംബനത്തെ വ്യത്യസ്ഥ കോണുകളിലൂടെയാണ് നോക്കിക്കാണുന്നത് എന്നും പഠനങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ സ്ത്രീകള്‍ മികച്ച പങ്കാളിയെ തെരെഞ്ഞെടുക്കുന്നതിനുള്ള ഒരു 'ലിറ്റ്മസ് ടെസ്റ്റ്' എന്ന നിലയിലും പുരുഷന്മാര്‍ ലൈംഗിക ചോദനയ്ക്കുള്ള ഒരു 'ബൂസ്റ്റര്‍ ഡോസ്' എന്ന നിലയിലുമാണ് ചുംബനത്തെ കാണുന്നതത്രേ[8].

ഉമ്മയെക്കുറിച്ച് ചുമ്മാ അങ്ങനെ പറഞ്ഞുകളയാന്‍ പറ്റില്ല എന്ന്‍ ഇപ്പോ മനസ്സിലായില്ലേ?

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാന്‍ എനിക്കു ധാര്‍മികമായ ഉത്തരവാദിത്വം ഉണ്ട്. ഇന്ത്യയില്‍ IPC section 294(a) പ്രകാരം Public Display of Affection എന്ന പേരില്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടാവുന്ന ക്രിമിനല്‍ ഒഫന്‍സ് ആയി വ്യാഖ്യാനിക്കാവുന്ന സംഗതിയാണ് പരസ്യമായ ചുംബനം. ഇനി അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്. Do at your own risk :)

അധികവായനയ്ക്ക്:
 1. Affairs of the Lips: Why We Kiss
 2. The science of kissing
 3. What Science Is Discovering About Why We Kiss
 4. Scientists study kissing
 5. Wikipedia page on Kiss
 6. The art of kissing
 7. Kama Sutra on Kissing
 8. Men, Women, and the Two Stories Behind Every Kiss

May 14, 2013

മീര ചിരിക്കാന്‍ പഠിക്കുന്നു

"എന്റെ വാക്കുകള്‍ മരിച്ചു പോയിരിക്കുന്നു ജീവന്‍"
അത് പറയുമ്പോള്‍ എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്നറിയില്ല. നിരാശയാണോ സങ്കടമാണോ, ഇനി ഒരു കുറ്റബോധമാണോ.
അവന്‍ ഒന്ന്‍ മന്ദഹസിച്ചതേ ഉള്ളൂ. 
"സത്യമായും... എന്റെ വാക്കുകള്‍ മരിച്ചിരിക്കുന്നു. ഇന്നീ പുസ്തകം നിന്റെ കൈയിലേക്ക് വെച്ചു തരുമ്പോള്‍ നിന്നോട് സംസാരിക്കുവാന്‍ ഇതിന്റെ ആദ്യ പേജില്‍ എന്റേതായി കുറച്ചു വാക്കുകള്‍... അതെന്റെ ഒരു സ്വപ്നമായിരുന്നു. മണിക്കൂറുകളോളം ഇരുന്നു ഞാന്‍... അറ്റമറിയാത്ത നാഡീകോശങ്ങള്‍ മുതല്‍ വിരല്‍ത്തുമ്പുകള്‍ വരെ എന്നിലെ സൃഷ്ടിപരതയുടെ ഓരോ അണുവും അറച്ചു നിന്നതേയുള്ളൂ. നിനക്കായി ഒരു വാചകം പോലും നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോ ഇടറിയ അക്ഷരങ്ങളില്‍ ആ പേജില്‍ നീ കാണുന്ന 'നിനക്കായി' എന്ന ഒറ്റ വാക്ക് എന്റെ നിസ്സഹായതയാണ്."
"എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയണം എന്ന്‍ നിര്‍ബന്ധമുണ്ടോ മീരാ?" കപ്പില്‍ അവശേഷിച്ച അവസാനതുള്ളി കട്ടന്‍കാപ്പിയും വായിലേക്ക് ഇറ്റിച്ചുകൊണ്ട് ജീവന്‍ ഒരു കൊച്ചു കുസൃതിച്ചിരിയോടെ ചോദിച്ചു.
"അതല്ല ജീവന്‍... ഞാന്‍ ഇങ്ങനായിരുന്നില്ല. ഈ ശൂന്യത എനിക്കു താങ്ങാന്‍ ആവുന്നില്ല. വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന എന്റെ ഡയറി താളുകള്‍... അവ എന്നെ വേട്ടയാടുന്നു. എന്ന്‍ മുതലാണ് അവയില്‍ എനിക്കൊന്നും നിറയ്ക്കാനില്ലാതായത്!...
ഞാന്‍ വീണ്ടും എന്റെ സഞ്ചിതദുഖങ്ങളുടെ വിഴുപ്പ് ഭാണ്ഡം അഴിക്കാന്‍ തുടങ്ങിയിരുന്നു എന്ന്‍ തിരിച്ചറിഞ്ഞ നിമിഷം ഒന്ന്‍ പകച്ചുകൊണ്ട് ഞാന്‍ നിര്‍ത്തി. അപ്പോഴേക്കും വര്‍ഷങ്ങളായി മരവിച്ചു കിടന്നിരുന്ന എന്റെ കണ്ണുകളില്‍ എവിടെയോ ഒരു നനവ് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
"മുന്‍പ് പലരേയും എന്നപോലെ എന്റെ ഈ ഞരക്കങ്ങള്‍ നിന്നെ മുഷിപ്പിക്കുമോ ജീവന്‍? ഇത് മടുത്ത് നീ പിന്‍വാതിലൂടെ ഒന്നും മിണ്ടാതെ പൊയ്ക്കളയുമോ?"
നെരൂദയുടെ കവിതകള്‍ സ്വന്തം ബാഗിലെ പുസ്തകക്കൂട്ടത്തിനിടയിലേക്ക് തിരുകിക്കൊണ്ട് ജീവന്‍ വീണ്ടും സ്വതസിദ്ധമായ ആ ചിരി ചിരിച്ചു.
"മീരാ നിന്നില്‍ ഞാന്‍ ആദ്യം കണ്ടത് എന്താണെന്ന് അറിയുമോ?"
എന്താണ് എന്ന്‍ ചോദിക്കേണ്ട ജോലി ഞാന്‍ കണ്ണുകളെയാണ് ഏല്‍പ്പിച്ചത്.
"എന്നെ...എന്നെയാണ് നിന്നില്‍ ഞാന്‍ ആദ്യം കണ്ടത്. പരസ്പരം പിണങ്ങിയ രണ്ടു കുതിരകള്‍ ഒരുമിച്ച് വലിയ്ക്കുന്ന ഒരു വണ്ടി പോലെ എവിടെയൊക്കെയോ ഓടി തളര്‍ന്ന് കല്ലും കനലും കൊണ്ട് നീറിയെരിഞ്ഞു ഒറ്റയ്ക്ക് ജീവിതത്തെ നോക്കി പകച്ചു നില്‍ക്കുന്ന ഒരു കുട്ടി. അങ്ങനെ നില്‍ക്കുന്ന നിന്നില്‍ ഞാന്‍ കണ്ടത് എന്നെയായിരുന്നു, ഒരു കാലത്തെ എന്നെ."
ഞാനൊന്ന്‍ മൂളുക മാത്രം ചെയ്തു.
"അത്ര പെട്ടെന്ന് പിന്നില്‍ ഉപേക്ഷിച്ചു പോകാവുന്നതല്ല എനിക്കാ പഴയ എന്നെ. മുന്നോട്ടുള്ള വഴിയില്‍ ഓര്‍മ്മകളുടെ കൂര്‍ത്ത മുള്ളുകള്‍ ധാരാളം വിതറിയിട്ടുണ്ട് അയാള്‍. തന്നെ പരിചയപ്പെട്ടപ്പോള്‍, നടന്നും ഓടിയും തളര്‍ന്ന് വഴിയില്‍ മുട്ടുകുത്തി, ആരെങ്കിലും ഒന്ന്‍ വന്ന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് മുഖം പൊത്തിയിരുന്ന ആ പഴയ ഞാന്‍ ഉള്ളിലേയ്ക്ക് തള്ളിക്കയറി വന്നു. ആരും വരില്ല എന്നുറപ്പിയ്ക്കാനും സ്വയം എഴുന്നേല്‍ക്കാനുള്ള ശക്തിയും വാശിയും സംഭരിയ്ക്കാനും വര്‍ഷങ്ങളെടുത്തിരുന്നു ഞാന്‍. എന്റെ മുന്നില്‍ മറ്റൊരാള്‍ക്ക് ആ ഗതികേട് ഉണ്ടാവരുത് എന്നെനിക്ക് തോന്നി. അതാണ്, ആ ചിന്ത മാത്രമാണ് എന്നെ തന്നിലേക്ക് അടുപ്പിച്ചത്. എനിക്കു കഴിഞ്ഞതുപോലെ തനിക്ക് സ്വയം എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്നെനിക്ക് തോന്നി. എന്റേത് ഒരു ചാന്‍സ് മാത്രമായിരുന്നു, നൂറില്‍ ഒരാള്‍ക്ക് മാത്രം കഴിയുന്നത്. എന്റെ മുന്നില്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു സാന്നിധ്യമാകാന്‍ മറ്റൊരാളുടെ ജീവിതത്തില്‍ എനിക്കു കഴിയുമെങ്കില്‍ അതാകും എനിക്കു ചെയ്യാന്‍ പറ്റിയ ഏറ്റവും വലിയ കാര്യം എന്നെന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് തന്നെ എന്നെ മുഷിപ്പിക്കാന്‍ ഇതൊന്നും മതിയാകുമെന്ന് തോന്നുന്നില്ല."
ഞാന്‍ പതിയെ തൂവാല കൊണ്ട് മുഖത്തെവിടെയോ ഉണങ്ങിയൊട്ടിയ കണ്ണുനീരിന്റെ ഓര്‍മ്മകള്‍ തുടച്ചു.
"പക്ഷേ മീരാ", ജീവന്‍ തുടര്‍ന്നു. തൂവാലയുടെ മറ മാറ്റി ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി.
"പക്ഷേ ഈ കഴിഞ്ഞ നാളുകള്‍ കൊണ്ട് ഞാന്‍ പരിചയപ്പെട്ട മീര ഞാന്‍ സ്നേഹിക്കുന്ന മീരയായി മാറിയിരിക്കുന്നു. ഒറ്റപ്പെട്ടവന്റെ വാശി, അതിജീവനത്തിന്റെ നാട്യം എന്നിവയ്ക്കൊക്കെ അപ്പുറം ഞാന്‍ ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചുണ്ടുകളില്‍ നിന്നും മാത്രം ഉതിര്‍ന്നു വീഴാന്‍ ശീലിച്ച എന്റെ പുഞ്ചിരികള്‍ മനസ്സില്‍ നിന്നും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. തീര്‍ച്ചയായും അതൊരു ചെറിയ കാര്യമല്ല. നീയും ഇതാ ചിരിക്കാന്‍ പഠിക്കുന്നുണ്ട്, ഞാന്‍ അത് കാണുന്നു. എന്റെ മനസ്സറിഞ്ഞ പുഞ്ചിരി തീര്‍ത്ത ഇമവെട്ടലുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ നീ പേന കൊണ്ട് കോറി വരയ്ക്കാതെ തന്നെ, നീ നാവ് ചലിപ്പിക്കാതെ തന്നെ, നിനക്കു പറയാനുള്ള നൂറു നൂറു വാക്കുകള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. തത്കാലം അത് മതി എനിക്ക്, അതിന് മുകളില്‍ എന്തും എനിക്ക് ബോണസാണ്..."
വാക്കുകളെ വീണ്ടും തന്റെ സ്വതസിദ്ധമായ കുസൃതിയില്‍ കൊണ്ടെത്തിച്ചുകൊണ്ട് ജീവന്‍ മേശയ്ക്ക് മുകളിലൂടെ കൈത്തണ്ട എന്റെ നേരെ നീട്ടി.

May 12, 2013

യാമിനി തങ്കച്ചിയും ചാള്‍സ് ഡാര്‍വിനും


അടുത്തിടെ കേരളം ഒരുപാട് ചര്‍ച്ച ചെയ്ത പേരാണ് യാമിനി തങ്കച്ചി എന്ന സ്ത്രീയുടേത്. എന്നാല്‍ അതിനു മാത്രം എന്തായിരുന്നു ആ സ്ത്രീയ്ക്ക് കേരളീയരുടെ പൊതുജീവിതത്തില്‍ ഉള്ള സ്ഥാനം? അവരുടെ കുടുംബജീവിതത്തില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക്, പങ്കാളി ഒരു മന്ത്രി ആയിരുന്നു എങ്കില്‍ പോലും, എന്തായിരുന്നു  കേരളസമൂഹത്തില്‍ പ്രസക്തി? യാതൊരു രീതിയിലും സ്വന്തം ജീവിതത്തെ ബാധിയ്ക്കാത്ത ഈ വിഷയത്തില്‍ ആവറേജ് മലയാളി കാണിച്ച താത്പര്യം സെന്‍സേഷണലിസ്റ്റ് മാധ്യമങ്ങളും രാഷ്ട്രീയസ്ഥാപിത താത്പര്യക്കാരും മുതലെടുത്തതിന്റെ ഫലമാണ് അന്ന് നമ്മള്‍ കണ്ട ചര്‍ച്ചാ കോലാഹലങ്ങള്‍ എന്നത് വ്യക്തമാണ്. ആ വാര്‍ത്ത മാത്രമല്ല, പൊതുസമൂഹത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത, ഉണ്ണി മുകുന്ദന്‍ രമ്യാ നമ്പീശനെ പ്രേമിക്കുന്നുണ്ടോ, ദിലീപും മഞ്ജു വാര്യരും പിരിയാന്‍ പോകുവാണോ എന്നൊക്കെയുള്ള അനവധി ചര്‍ച്ചകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇടം നേടുമ്പോ പൊതുസമൂഹം അടിസ്ഥാനപരമായി ഒരുതരം പരദൂഷണത്തിന്റെ സുഖമാണ് ആസ്വദിക്കുന്നത്. നാട്ടിന്‍ പുറത്തെ രണ്ടു പേര്‍ വേലിക്കരുകില്‍ നിന്ന്‍ പൊതു അയല്‍വാസിയെ കുറിച്ചുള്ള 'രസികന്‍' കഥകള്‍ പറയുന്നതുപോലെ തന്നെ. സെലിബ്രിറ്റികളും പ്രശസ്തരും ഒരു വലിയ കൂട്ടം ആളുകളുടെ 'പൊതു അയല്‍വാസി'യ്ക്കു തുല്യമായ സ്ഥാനമാണല്ലോ വഹിക്കുന്നത്. ഇപ്പൊഴും തലക്കെട്ടില്‍ പറയുന്ന ചാള്‍സ് ഡാര്‍വിന്‍ ഈ സീനില്‍ ഏത് വഴി വന്ന്‍ കയറുന്നു എന്ന സംശയം നിങ്ങള്‍ക്കുണ്ടാവും. അതിലേക്കാണ് പറഞ്ഞു വരുന്നത്.

പരദൂഷണത്തിന്റെ ശാസ്ത്രം അഥവാ Science of gossiping!

റ്റീവിയുടെ മുന്നില്‍ താരദമ്പതിമാരുടെ സൌന്ദര്യപ്പിണക്കങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ അത് പൊതുജനത്തിന്റെ ഒരു കൂട്ട സ്വഭാവവൈകല്യമായിട്ട് കാണേണ്ടതില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 21-ആം നൂറ്റാണ്ടിലെ മാധ്യമയുഗവും ചരിത്രാതീതകാലത്തെ ശിലായുഗസംസ്കാരവും തമ്മിലുള്ള ഒരു മല്‍പ്പിടുത്തമാണത്രേ അത്. ജീവിവര്‍ഗങ്ങളെ നിര്‍വചിക്കാന്‍ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ട് വെച്ച ജീവപരിണാമ സിദ്ധാന്തം ഏവര്‍ക്കും  പരിചിതമായിരിക്കും. സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ആരംഭിച്ച മനുഷ്യവര്‍ഗപരിണാമത്തിന്റെ നമ്മുടെ തലച്ചോറിലുള്ള വയറിങ് ആണത്രെ ഇന്നും ഈ ഗോസ്സിപ് കലയെ നമ്മോടു ചേര്‍ത്ത് നിര്‍ത്തുന്നത്. ഒരുകാലത്ത് മനുഷ്യസംസ്കാരം വളര്‍ച്ച പ്രാപിക്കുന്നതില്‍ ഈ 'കല' വലിയ സ്ഥാനം വഹിച്ചിരുന്നു എന്നാണ് വിദഗ്ധമതം. അതത്ര മോശപ്പെട്ട ഒരു സ്വഭാവമൊന്നും അല്ല എന്ന്‍ സാരം!

മൃഗങ്ങളില്‍ കാണുന്ന ഗ്രൂമിങ് സ്വഭാവവുമായി (Social grooming, ഇതിന് തുല്യമായ ഒരു മലയാള പദം ഉണ്ടെന്ന് തോന്നുന്നില്ല. പൂച്ചയോ പട്ടിയോ ഒക്കെ തന്റെ കുഞ്ഞുങ്ങളെ നക്കി വൃത്തിയാക്കുന്നതും, കുരങ്ങുകള്‍ പരസ്പരം പേന്‍ കൊന്നുകൊടുക്കുന്നതും ഒക്കെ ഈ ഗ്രൂമിങ്ങിന്റെ ഭാഗമാണ്. റൊമാന്‍റിക് ആയി ബന്ധപ്പെട്ടിരിക്കുന്നവരില്‍ ഒഴികെ മനുഷ്യരില്‍ ഈ സ്വഭാവം അത്ര പ്രകടമല്ല) സാമ്യമുള്ളതാണ് ഗോസിപ്പിങ്. ചിംപാന്‍സീകളും ഗോറില്ലകളും  ഒറാങ്ങുട്ടാനുകളും (ഒപ്പം മനുഷ്യരും) ഉള്‍പ്പെടുന്ന പ്രൈമേറ്റ് ജീവിവര്‍ഗം മറ്റ് ജീവികളില്‍ ഇല്ലാത്ത വിധം സവിശേഷമായ സാമൂഹ്യജീവിതരീതി പ്രകടിപ്പിക്കുന്നവയാണ്. ഇവരുടെ ആവാസവ്യവസ്ഥകളുടെ രീതി അനുസരിച്ച് വേട്ടയാടപ്പെടലില്‍ നിന്നും രക്ഷ നേടുവാനാണ്  ഇവര്‍ ഈ സാമൂഹ്യജീവിതരീതി പ്രധാനമായും പിന്‍തുടരുന്നത്. എന്നാല്‍ സാമൂഹ്യജീവിതത്തിനു അതിന്റെതായ പരിമിതികളും ഉണ്ട്. കൂട്ടത്തിലെ ജീവികളുടെ എണ്ണം കൂടുമ്പോ ഉണ്ടാകുന്ന ഉരസലുകള്‍ പലതാണ്; മുലകൊടുക്കുന്ന കുഞ്ഞുങ്ങള്‍ മാറിപ്പോകാം, കൂട്ടത്തിലെ കൈയൂക്കുള്ള അംഗത്തിനോട് വിധേയത്വം കാണിക്കേണ്ടി വരാം, പൊതുതാത്പര്യത്തിന് സ്വീകാര്യമാവും വിധം വ്യക്തിതാത്പര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരാം. എന്നാല്‍ വേട്ടയാടപ്പെടലില്‍ നിന്നും രക്ഷപ്പെടുക എന്ന ആകര്‍ഷകമായ പ്രതിഫലം നോക്കുമ്പോ സാമൂഹ്യജീവിതം തിളക്കമുള്ളതാണ് താനും. ജീവപരിണാമത്തിന്റെ കൈവഴികളില്‍ വെച്ചു പ്രൈമേറ്റുകള്‍ രണ്ട് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സാധിച്ചെടുത്തത്. താരതമ്യേന വലിയ മസ്തിഷ്കം (പ്രത്യേകിച്ചു ഫ്രണ്ടല്‍ ലോബ്) കൊണ്ടുള്ള ബൌദ്ധിക തിരിച്ചറിവുകള്‍ കൊണ്ട് പരസ്പരം ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഒന്ന്‍. മറ്റേത് അല്പം കൂടി പഴക്കമുള്ള ഒരു പ്രക്രിയയാണ്. എന്‍ഡോര്‍ഫീനുകള്‍ എന്ന ഹോര്‍മോണുകളുടെ സഹായത്തോടെ സോഷ്യല്‍ ഗ്രൂമിങ് വഴി സുഖകരമായ പരസ്പരബന്ധങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ്. കൂട്ടത്തില്‍ മനുഷ്യര്‍ക്കാണ് ഇത് ഏറ്റവും ആവശ്യമായി വന്നത്, കാരണം മനുഷ്യപരിണാമത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത തുറസ്സായ ഭൂപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകള്‍ ആയിരുന്നു. അവിടെ വേട്ടയാടപ്പെടലിന് സ്വാഭാവികമായും സാധ്യതകള്‍ ഏറെയാണല്ലോ. എന്നാല്‍ ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്, അന്യ ജീവികളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം വംശത്തില്‍ നിന്നും പോലും വേട്ടയാടപ്പെടാനുള്ള സാധ്യത മനുഷ്യനു ഉണ്ടായിരുന്നു. പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ വേട്ടയാടലില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ അംഗസംഖ്യ സോഷ്യല്‍ ഗ്രൂമിങ് കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലുതായി. (നമുക്ക് സ്ഥിരമായി വ്യക്തിബന്ധം സൂക്ഷിക്കാവൂന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധി ഉണ്ട്. ആ പരമാവധി എണ്ണത്തെ ഡന്‍ബാര്‍ നമ്പര്‍ എന്ന്‍ പറയും. പ്രശസ്ത പരിണാമ മനശാസ്ത്രജ്ഞനും ഗോസ്സിപ് വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളുമായ ഡോ. റോബിന്‍ ഡന്‍ബാറിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്). അവിടെയാണ് ഭാഷ മനുഷ്യരുടെ സഹായത്തിനെത്തിയത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി ബന്ധപ്പെടാന്‍ അത് സഹായിച്ചു (ഗ്രൂമിങ് രണ്ടുപേര്‍ മാത്രം ഉള്‍പ്പെട്ട പ്രക്രിയ ആണെന്ന്‍ ഓര്‍ക്കുമല്ലോ) ഒപ്പം സ്വന്തം സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെ വേഗം വിനിമയം ചെയ്യപ്പെടാനും അങ്ങനെ വലിയ അംഗസംഖ്യ ഉള്ള കൂട്ടങ്ങള്‍ രൂപീകരിക്കാനും ഇതിലൂടെ കഴിഞ്ഞു. മറ്റ് മൃഗങ്ങളില്‍ ഒരാള്‍ സ്വയം അറിയുന്ന കാര്യങ്ങള്‍ മാത്രമേ അയാള്‍ക്ക് 'അറിവ്' ആയി ഉള്ളൂ എന്നത് ശ്രദ്ധിയ്ക്കുക. മനുഷ്യരില്‍ ഭാഷ ഉള്ളതിനാല്‍ അത് വിനിമയം ചെയ്യപ്പെടുന്നു.

ഭാഷയുടെ പ്രഥമകര്‍ത്തവ്യം മനുഷ്യരെ തമ്മില്‍ ഒരുമിച്ച് നിര്‍ത്തി സമൂഹം നിര്‍മ്മിക്കുക എന്നതായിരുന്നു. അങ്ങനെ ഒരു വലിയ സമൂഹം ഉണ്ടായില്ല എങ്കില്‍ ഭാഷയുടെ നമ്മള്‍ ഇന്ന്‍ പറയുന്ന മറ്റ് ഉപയോഗങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല എന്ന്‍ ആലോചിച്ചാല്‍ മനസ്സിലാവും. അന്നത്തെ ആശയവിനിമയം പ്രധാനമായും ഒരു ആയുധം ഉണ്ടാക്കുന്നത് എങ്ങനെ, ഏത് മൃഗത്തെ വേട്ടയാടാം, എവിടെ എറിഞ്ഞാലാണ് ഒരു മൃഗത്തെ എളുപ്പത്തില്‍ കൊല്ലാന്‍ കഴിയുക തുടങ്ങിയ അറിവുകള്‍ ആയിരുന്നിരിക്കും. ഇന്ന്‍ ഭാഷയുടെ അത്ഭുതങ്ങള്‍ നമുക്ക് അറിയാം. അരിസ്റ്റോട്ടിലും ന്യൂട്ടനും ഐന്‍സ്റ്റീനും ഒക്കെ അവരുടെ ആശയങ്ങള്‍ ഭാഷ വഴി പ്രചരിപ്പിച്ചതുകൊണ്ടാണ് നമ്മള്‍ ഇന്നത്തെ ഈ പുരോഗതി കൈവരിച്ചത്. ഇങ്ങനെ സാങ്കേതികമായ അറിവുകള്‍ പകര്‍ന്ന് കൊടുക്കാനും അതുകൊണ്ട് അത്ഭുതകരമായ പുരോഗതി കൈവരിപ്പിക്കാനും ഭാഷയ്ക്കുള്ള അപാരമായ ശേഷി തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിന്റെ മറ്റേതൊരു ഉപയോഗത്തെയും നിസ്സാരമായോ അനാവശ്യമായോ കണക്കാക്കാന്‍ നമ്മള്‍ തുടങ്ങിയത് എന്നാണ് പ്രൊഫ. റോബിന്‍ ഡന്‍ബാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ഒരു ഗവേഷണഫലം നമ്മുടെ തുറന്ന സംഭാഷണങ്ങളുടെ കുറഞ്ഞത് 65% എങ്കിലും സാമൂഹിക വിഷയങ്ങളെ പറ്റിയാണ് എന്നതാണ്. അതില്‍ തന്നെ സമൂഹത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും അവനവനെ സംബന്ധിച്ച് മതിപ്പുണ്ടാക്കുന്ന കാര്യങ്ങളുമാണ് ഭൂരിഭാഗവും. എന്നാല്‍ ഇവിടെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം സമൂഹത്തിന്റെ പൊതു നിയമങ്ങളും ഉടമ്പടികളും തെറ്റിക്കുന്ന 'തോന്നിവാസികളെ' (Free-riders) കുറിച്ചുള്ള സംഭാഷണം ആണ്. പരിണാമഘട്ടത്തില്‍ വളരെയധികം പ്രധാന്യം വന്ന ഒരു വിഷയമാണ് ഇത്, കാരണം സമൂഹത്തിന്റെ നിലനില്‍പ്പിന് ഇത്തരം തോന്നിവാസികള്‍ വളരെ വലിയ ഭീഷണിയായിരുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിയ്ക്കുന്ന ആളുകളെയും അവരുടെ പെരുമാറ്റങ്ങളെയും അപ്പപ്പോ മറ്റുള്ളവരെ അറിയിയ്ക്കുക എന്നത് ഒരാവശ്യമായിരുന്നു. എന്നാല്‍ ഈ തോന്നിവാസികളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക എളുപ്പമല്ലല്ലോ. അവര്‍ എപ്പോഴും അപരിചിതര്‍ ആവണമെന്നും ഇല്ല. സ്വഭാവികമായും ഒരാള്‍ക്ക് അടുത്ത് അറിയാവുന്ന, അയാളുടെ സുഹൃത്തോ ബന്ധുവോ ആയ, ആളുകളുടെ ഇടയിലാണ് അത്തരം സംഭാഷണങ്ങള്‍ നടക്കുന്നത്. ഇത് തോന്നിവാസികളെ നിയന്ത്രിയ്ക്കാന്‍ വളരെ സഹായകമായിരുന്നു. മറ്റുള്ളവര്‍ തന്നെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ക്ക് നമ്മള്‍ വളരെയധികം വില കല്‍പ്പിക്കുന്നുണ്ട് എന്ന്‍ തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ നിലവിലുണ്ട്. ഇഷ്ടമില്ലാതെയെങ്കില്‍ കൂടി പൊതുവായ ചട്ടങ്ങള്‍ അനുസരിച്ചു ജീവിയ്ക്കാന്‍ അത് നമ്മളെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയാണ് 'തോന്നിവാസികളെ' കുറിച്ചുള്ള വിവരകൈമാറ്റം വഴി സമൂഹനിര്‍മ്മാണത്തില്‍ ഗോസ്സിപ് ഒരു നിര്‍ണായകമായപങ്ക് വഹിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ നമുക്കുള്ള അതിയായ സ്വാഭാവികതാത്പര്യം മുതലെടുത്തുകൊണ്ടുള്ള, നമ്മുടെ സാമൂഹ്യമസ്തിഷ്കത്തിന്റെ ഒരു വളര്‍ച്ചയാണ് ഇത്. നമുക്കിഷ്ടമില്ലാത്തവരെ വിലയിരുത്തിക്കൊണ്ടും അവരുടെ പെരുമാറ്റങ്ങളെ ഇകഴ്ത്തിക്കൊണ്ടും ഉള്ള സംഭാഷണം എന്ന നിലയില്‍ 'പരദൂഷണം' അതിന്റെ മോശം അറ്റത്തേയ്ക്ക് പലപ്പോഴും പോകുന്നു എങ്കിലും നമ്മളെ നമ്മളാക്കുന്ന കാര്യത്തില്‍ അത് വഹിച്ച പങ്ക് ഒരിയ്ക്കലും വിസ്മരിക്കാവതല്ല.

ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ നമ്മളെല്ലാം പലവിധ മുഖം മൂടികള്‍ അണിയാന്‍ നിര്‍ബന്ധിതരാണ്. മുഖംമൂടികള്‍ക്കുള്ളിലെ അസ്സല്‍ പലപ്പോഴും പുറത്തുവരുന്നതാണ് യാമിനി തങ്കച്ചി ഭര്‍ത്താവിനെ അടിക്കുന്നതിലും റീമ കല്ലിങ്കല്‍ ആഷിക് അബുവിന്റെ കൂടെ വിദേശയാത്രയ്ക്ക് പോകുന്നതിലും ഒക്കെ നമ്മള്‍ കാണിക്കുന്ന ഈ താത്പര്യം. പ്രകൃതിയായിട്ട് സ്വഭാവത്തില്‍ എഴുതിച്ചേര്‍ത്തത് അത്ര പെട്ടെന്ന് മാഞ്ഞുപോവില്ലല്ലോ!

(വാല്‍ക്കഷണം: സംഗതിയൊക്കെ കൊള്ളാം. എന്നും പറഞ്ഞ് എന്നെക്കുറിച്ച് പരദൂഷണം പറഞ്ഞുപരത്തിയാല്‍ പാവമല്ലേ, എവല്യൂഷണറി സൈക്കോളജിയല്ലേ എന്നൊന്നും ഞാന്‍ ഓര്‍ക്കില്ല, പറഞ്ഞേക്കാം! ങ്ഹാ!!!)


അവലംബങ്ങളും അധികവായനയും
 1. Gossip in Evolutionary Perspective
 2. The Science of Gossip: Why We Can't Stop Ourselves
 3. Gossip Isn’t Just Loose Talk
 4. Research on Gossip: Taxonomy, Methods, and Future Directions
 5. Gossip and Scandal