Jan 8, 2013

കീബോര്‍ഡില്‍ മുളയ്ക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍


പശു ചാണകമിടുന്ന ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കറവയന്ത്രം, മഴപെയ്യുമ്പോള്‍ താനേ തുറക്കുന്ന സൌരോര്‍ജപ്രവര്‍ത്തിത കുട തുടങ്ങിയ തന്റെ ലോകോത്തര കണ്ടുപിടിത്തങ്ങള്‍ ഒരു പട്ടി പോലും തിരിഞ്ഞുനോക്കാത്തതില്‍ വല്ലാത്ത വിഷമത്തില്‍ ഇരിക്കുകയായിരുന്നു ശാസ്ത്രജ്ഞന്‍! ശാസ്ത്രജ്ഞന്‍മാരോട് ബഹുമാനം ഇല്ലാത്ത കണ്ട്രികളുടെ ലോകത്തെക്കാണല്ലോ തന്നെ ജനിപ്പിച്ച് തള്ളിയത് എന്നോര്‍ത്തു സ്വന്തം തന്ത-തള്ളമാരെ വരെ ചീത്ത വിളിച്ച് കൈമുട്ടിലെ വരട്ട് ചൊറിയില്‍ ചൂണ്ടാണി വിരല്‍ കൊണ്ട് ചൊറിഞ്ഞു സംവൃതരൂപങ്ങള്‍ തീര്‍ത്ത് ചാരുകസേരയില്‍ അങ്ങനെ കിടന്നു കുറെ നേരം. നാട്ടാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സഹശാസ്ത്രജ്ഞന്‍മാരും കണക്കാ. അവനൊക്കെ പുതുമ വേണമത്രേ, പുതുമ! ഇതേ അവന്മാര്‍ തന്നെ ആനപ്പിണ്ടത്തില്‍ നിന്നും ആവി പറക്കുന്നത് ഐന്‍സ്റ്റെയിന്‍റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പരാജയമാണ് കാണിക്കുന്നത് എന്ന തന്റെ പുതുമയുള്ള കണ്ടുപിടിത്തത്തെയും പുച്ഛിച്ചു തള്ളി. ചൊറിഞ്ഞു ചൊറിഞ്ഞു തൊലി നീറി തുടങ്ങിയപ്പോള്‍ അല്പ നേരം റ്റീവി കണ്ടുകളയാം എന്ന്‍ തീരുമാനിച്ചു.

ചാനലുകള്‍ അങ്ങനെ മാറി മാറി പോയപ്പോള്‍ പെട്ടെന്നാണ് അമ്മച്ചിവിഷന്‍ ചാനലില്‍ ഒരു പരിപാടി ശ്രദ്ധയില്‍ പെട്ടത്. ഒരു മനുഷ്യന്‍ അങ്ങനെ വള്ളുവനാടന്‍ സ്ലാങ്ങില്‍ പ്രഭാഷണം നടത്തുകയാണ്. അദ്ദേഹവും ഒരു ശാസ്ത്രജ്ഞന്‍ ആണത്രേ. താഴെ ആ മഹാനുഭാവനുള്ള ഡിഗ്രികളുടെ ലിസ്റ്റ് ഒറ്റ സ്റ്റെപ്പില്‍ സ്ക്രീനില്‍ കൊള്ളാത്തതുകൊണ്ട് സ്ക്രോള്‍ ചെയ്തു കാണിക്കുന്നുണ്ട്. സംഗതി തനിക്കുള്ളതിനെക്കാള്‍ ഒരു ഡീ.ലിറ്റ് മാത്രമേ കൂടുതല്‍ ഉള്ളൂ. പക്ഷേ അദ്ദേഹം എവിടെക്കിടക്കുന്നു താന്‍ എവിടെക്കിടക്കുന്നു. എന്താവും ഇതിന്റെ സീക്രട്ട് എന്നറിയാന്‍ അല്പനേരം ആ പ്രസംഗം കേള്‍ക്കാന്‍ തന്നെ നമ്മുടെ ശാസ്ത്രജ്ഞന്‍ തീരുമാനിച്ചു.

പ്രഭാഷകന്‍ കത്തിക്കയറുകയാണ്. കണികാപരീക്ഷണശാല 6253 BC യില്‍ തന്നെ ഇന്ത്യയില്‍ പൂനെയ്ക്കു അടുത്ത്  ഉണ്ടായിരുന്നുവത്രേ. ഇന്‍റര്‍നാഷനല്‍ സ്പെയിസ് സ്റ്റേഷന്‍ പോലും പണ്ട് ഇന്ത്യക്കാര്‍ തെറ്റാടിയില്‍ റബ്ബര്‍ ബാന്‍ഡ് കൊരുത്ത് വലിച്ച് ആകാശത്തേക്ക് വിട്ടതാണത്രേ. ന്യൂട്ടന്‍സ് ലാ മുതല്‍ സ്ട്രിംഗ് തിയറി വരെ സകലതും ഇന്ത്യയില്‍ നിന്നും സായിപ്പന്മാര്‍ അടിച്ചു മാറ്റിയതാണത്രേ!  പൂട്ടിന് തേങ്ങാപ്പീര എന്ന്‍ പറഞ്ഞപോലെ സംസ്കൃതശ്ലോകങ്ങളുടെ അകമ്പടിയും ഉണ്ട്. പിന്നെ ഇതൊക്കെ നമ്മള്‍ പണ്ടേ കണ്ടുപിടിച്ചതാ എന്ന്‍ സമ്മതിച്ച കുറെ സായിപ്പന്മാരുടെ പേരുംകൂടി ഇടയ്ക്കിടെ ചേര്‍ക്കുന്നുണ്ട്. അങ്ങനെ ആകപ്പാടെ ജഗപൊക! എന്തൊരു കൈയടിയാണ് അദേഹത്തിന് കിട്ടുന്നത്! അയാള്‍ പറയുന്നതു മൊത്തമൊന്നും മനസിലായില്ല എങ്കിലും, ഒരു കാര്യം നമ്മുടെ ശാസ്ത്രജ്ഞന് മനസിലായി- സയന്‍സ്- സംസ്കൃതം, സംസ്കൃതം-സയന്‍സ് ഇങ്ങനെ മാറി മാറി പ്രയോഗിച്ചാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടും. കാരണം ഇത് രണ്ടും പൊതുവേ ആളുകള്‍ക്ക് വല്യ പിടിയൊന്നും ഇല്ലാത്ത കാര്യങ്ങളാണ്. അവരെ സുഖിപ്പിച്ച് അവരുടെ എല്ലാവരുടെ ഉപ്പൂപ്പാമാര്‍ക്കും നൂറു ആനകള്‍ വീതം പണ്ട് ഉണ്ടായിരുന്നു എന്ന മട്ടില്‍ അങ്ങ് കീച്ചിയാല്‍ അതാണ് ജനത്തിന് ഏറ്റവും ഇഷ്ടപ്പെടുക. ഈയിടെയായി ഒരുപാട് മഹാന്മാര്‍ ഇത്തരം കണ്ടുപിടിത്തങ്ങള്‍ നടത്തി പ്രശസ്തരായിട്ടുണ്ട് എന്ന്‍ കേട്ടിരുന്നു. ഇപ്പോഴാണ് നേരില്‍ കണ്ടു ബോധ്യമായത്.

പരിപാടി കഴിഞ്ഞു. പ്രസംഗകന്‍ പ്രണാമം പറഞ്ഞ് പോയതും, പരിപാടി അവസാനിപ്പിച്ചുകൊണ്ട് ഒരു സംസ്കൃതഗാനം കേട്ടു തുടങ്ങി,
"ഓം ഭുര്‍ ഭൂവര്‍ സ്വഹ
തത് സവിതുര്‍വരേണ്യം... "
അങ്ങനെ പോകുന്ന ഒരു ഐറ്റം. ഇത് എവിടെയോ മുന്‍പ് കേട്ടിട്ടുണ്ട്, എന്താണ് സാധനം എന്നൊന്നും വല്യ പിടിയില്ല എങ്കിലും കേള്‍ക്കാന്‍ ഒരു രസമുണ്ട്.

പെട്ടെന്നാണ് ജനക്കൂട്ടത്തിന്റെ ഇടയിലോട്ട് സുരേഷ് ഗോപിയുടെ പോലീസ് വണ്ടി വരുന്നത് പോലെ ഒരു ആശയം നമ്മുടെ ശാസ്ത്രജ്ഞന്‍റെ തലയിലേക്ക് പാഞ്ഞുകയറി വരുന്നത്- എന്ത് കൊണ്ട് ഈ കേട്ട സാധനം വെച്ചു ഒരു അലക്ക് തനിക്കും അലക്കിക്കൂടാ!
പിന്നെ എല്ലാം സലീം കുമാര്‍ പറഞ്ഞപോലെ ശടപടെ ശടപടേന്നായിരുന്നു. പണ്ട് അച്ഛന്‍ വാങ്ങിച്ച് വെച്ച മന്ത്ര തന്ത്ര പുസ്തകങ്ങള്‍ ഒക്കെ വലിച്ചു വാരി പൊടി തട്ടി എടുത്തു. അധികം തപ്പിപ്പിടിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാ കിടക്കുന്നു ടി സാധനം-

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

ഋഗ്വേദം, യജുർവേദം, സാമവേദം എന്നിങ്ങനെ മൂന്ന് വേദങ്ങളിലും ഉള്ള ഒരു മന്ത്രമാണത്രേ അത്. ഗായത്രി മന്ത്രം എന്നാണത്രേ അതിന്റെ പേര്. ഗായത്രി എന്ന്‍ പറയുന്നതു യഥാര്‍ത്ഥത്തില്‍ അത് എഴുതിയിരിക്കുന്ന വൃത്തത്തിന്റെ പേരാണ്. സംഗതി സൂര്യദേവനോടുള്ള പ്രാര്‍ത്ഥനയാണ്, സൂര്യദേവന്‍ സകലലോകത്തെയും പ്രകാശിപ്പിക്കും പോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നതാണ് സാരം. ഇതിനെ സാവിത്രി മന്ത്രം എന്നും വിളിക്കാറുണ്ട് പോലും. നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നൊക്കെയാണ് വിശ്വാസങ്ങള്‍.

ഇതൊക്കെ പണ്ട് ചെലവാകുമായിരുന്നു. ഇന്നത്തെക്കാലത്ത് പരകായപ്രവേശം നേടാമെന്നും സൂര്യമണ്ഡലത്തില്‍ കുഷ്യന്‍ സീറ്റ് കൊടുക്കാം എന്നൊന്നും പറഞ്ഞാല്‍ ഒരുമാതിരി സ്വബോധമുള്ള ഒരുത്തനും വിശ്വസിക്കാന്‍ പോണില്ല. അപ്പോ പിന്നെ പരിപാടി വേറൊന്നും അല്ല, ഇതെല്ലാം ഒടുക്കത്തെ സയന്‍സ് ആണെന്ന്‍ അങ്ങ് തള്ളുക. ഇനി തന്റെ വഴി അതാണെന്ന് താന്‍ തീരുമാനിച്ച് കഴിഞ്ഞു

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഇപ്പോ അതാണ് ഏറ്റവും എളുപ്പമുള്ള വഴി, ഒരു ഈമെയില്‍ ആയോ ഫെയിസ്ബുക്ക് പോസ്റ്റ് ആയോ മറ്റോ ഇജ്ജാതി ഒരു സാധനം അങ്ങ് തിരുകിയാല്‍ മതി സംഗതി ചിക്കുന്‍ ഗുനിയ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഇന്‍റര്‍നെറ്റ് ലോകത്ത് പടര്‍ന്ന് കയറിക്കോളും. ആയിരക്കണക്കിന് ആളുകള്‍ അത് പരസ്പരം കൈമാറും, മഹത്തരം, informative എന്നൊക്കെ കമന്‍റ് ഇടും, ഇത് പറഞ്ഞു തന്ന സാറിന് നന്ദി അര്‍പ്പിക്കും.... അങ്ങനെ പിന്നെ മൊത്തം കുളിരുകോരുന്ന പരിപാടികള്‍ ആണ്.

ഫെയിസ്ബുക്ക് തുറന്നു. 'Write a Note'-ല്‍ ആവേശത്തോടെ ഒരു ഞെക്ക് ഞെക്കി.
ടും! കളിക്കളം റെഡി. ഇനി കളി തുടങ്ങാം- ആദ്യം വേണ്ടത് ഒരു സായിപ്പിന്റെ പേരാണ്. അതിനാണോ പഞ്ഞം, തലേന്ന്‍ കണ്ട ഹോളിവുഡ് സിനിമയിലെ നായകകഥാപാത്രത്തിന്റെ പേരിലെ ആദ്യ ഭാഗമായ Howard-നോട് താന്‍ തന്നെ കാച്ചിയെടുത്ത Steingeril എന്നൊരു പേര് കൂട്ടിച്ചേര്‍ത്ത് തുടക്കത്തില്‍ ശാസ്ത്രജ്ഞന്‍ ആണെന്ന്‍ മനസിലാക്കാന്‍ ഒരു 'ഡോക്ടര്‍' കൂടി ഫിറ്റ് ചെയ്ത് ഒരു ശാസ്ത്രജ്ഞനെ അങ്ങ് ഉണ്ടാക്കി- Dr. Howard Steingeril! കിടിലന്‍ പേര്! കേട്ടാലേ തോന്നും അതിഭയങ്കരനായ ശാസ്ത്രജ്ഞന്‍ ആണെന്ന്.
അരിസ്റ്റോട്ടില്‍ മുതല്‍ സ്റ്റീഫന്‍ ഹോക്കിങ് വരെ സകല ശാസ്ത്രജ്ഞന്‍മാരേയും മനസില്‍ ധ്യാനിച്ചു "പടച്ചോനേ ഇങ്ങള് കാത്തോളീന്നു" പറഞ്ഞുകൊണ്ടു ഒരു എഴുത്തങ്ങോട്ട് എഴുതി-

GAYATRI MANTRA THE BEST DIVINE PRAYER HYMN IN THE WORLD!
SAID AMERICAN SCIENTIST Dr.HOWARD STEINGERIL  Dr.Howard Steingeril, an American scientist, collected Mantras, Hymns and invocations from all over the world and from all religions, tested their strength in his Physiology Laboratory.
He concluded that the Hindus Vedic Gayatri Mantra is the most rewarding scientifically. That the Gayathri Mantra produced 110,000 sound waves per second. This was the highest and  found it to be the most powerful prayer hymn in the world. 
That the combination of sound and variation in the sound waves and its particular frequency is capable of developing specific spiritual potentialities.
The Hamburg university initiated this research into the efficacy of the Gayathri Mantra both on the mental and physical plane of CREATION...
The GAYATHRI MANTRA is now being broadcast daily for 15 minutes from 7 P.M. onwards over Radio Paramaribo, Surinam, South America for the past two years, and also in Amsterdam, Holland for the last six months

ഇതില്‍ തന്നെ '110,000 sound waves per second' എന്നൊക്കെ എഴുതിയപ്പോള്‍ അല്പ്പം മനസാക്ഷിക്കുത്തൊക്കെ തോന്നി എങ്കിലും എത്ര വലിയ പാട്ടും, അത് പല പല ട്രാക്കുകള്‍ ചേര്‍ന്ന ഏ.ആര്‍.റഹ്മാന്‍റെ പാട്ട് ആയാല്‍ പോലും അത് ഒറ്റ ഒരു sound wave ആണ് എന്നൊക്കെ നമ്മുടെ പൊതുജനത്തിന് അറിയാമായിരുന്നു എങ്കില്‍ നമ്മുടെ നാട് പണ്ടേ  രക്ഷപെടുമായിരുന്നല്ലോ. പിന്നെ Hamburg University-യുടെ കാര്യം, ഇത് വായിച്ചിട്ട് അവിടത്തെ ഗവേഷണം കാണാന്‍ ആരാ ഇപ്പോ ജര്‍മനിയിലോട്ട് പ്ലെയിന്‍ കേറാന്‍ പോകുന്നത്? ചുമ്മാ കിടക്കട്ടെ ഒരു വെയിറ്റിന്. അവസാനം എഴുതിയ സ്ഥലങ്ങളുടെ കാര്യവും അത് തന്നെ- സൌത്ത് അമേരിക്കയില്‍ സുരിനാം എന്നൊരു രാജ്യം ഉണ്ടെന്ന് തന്നെ ഇവിടെ എത്ര പേര്‍ക്ക് അറിയാം? ഉണ്ടെങ്കില്‍ തന്നെ അവിടെന്നും ആംസ്റ്റര്‍ഡാമില്‍ നിന്നുമൊക്കെയുള്ള റേഡിയോ സംപ്രേഷണം ഇവിടെ ഇപ്പോ ആരാ കേള്‍ക്കാന്‍ പോണത്? പിന്നെ mental and physical plane of creation- എന്നൊക്കെ പറഞ്ഞ വല്ല സാധനവും ലോകത്ത് ഉണ്ടോ എന്നറിയില്ല. എന്നാലും കിടക്കട്ടെ, ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ!!

അങ്ങനെ എഴുതി നിര്‍ത്തി, ഒന്ന്‍ നെടുവീര്‍പ്പിട്ട ശേഷം ശാസ്ത്രജ്ഞന്‍ ഒന്നുകൂടി അതൊക്കെ ഒന്ന്‍ വായിച്ചുനോക്കി. വല്ലാത്ത അഭിമാനം അങ്ങനെ തിളച്ചു പൊന്തി വന്നപ്പോള്‍, കൊടുത്തു ഒരു ക്ലിക്ക്- Publish!

അവിടന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമല്ലായിരുന്നോ? എത്രയെത്ര മെയിലുകള്‍, ബ്ലോഗ് പോസ്റ്റുകള്‍, എത്രയെത്ര ഫെയിസ്ബുക്ക് ഷെയറുകള്‍, എത്രയെത്ര ലൈക്കുകള്‍...
ഇപ്പൊഴും ഏതോ ഒരു സ്ഥലത്തു ഏതോ ഒരു ഐ.പി.അഡ്രസ്സില്‍ ഇരുന്നു നമ്മുടെ ശാസ്ത്രജ്ഞന്‍ ഇതൊക്കെ കണ്ട് അഭിമാനത്തോടെ പുഞ്ചിരിക്കുന്നുണ്ടാവും.

2 comments: