Mar 28, 2013

ഉൽക്ക വന്ന് വീണാൽ...

അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്.

എന്താണ് ഉല്‍ക്കകള്‍

ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ asteroids, meteors, meteorites എന്നിങ്ങനെ പല വാക്കുകള്‍ കിട്ടും. എന്നാല്‍ ഇംഗ്ലീഷില്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാം വ്യക്തമായ പരസ്പരവ്യത്യാസം ഉള്ള വസ്തുക്കളെയാണ് സൂചിപ്പിക്കുന്നതും. ഇവിടത്തെ കണ്‍ഫ്യൂഷന്‍ ആദ്യം ഒഴിവാക്കിയിട്ട് നമുക്ക് മുന്നോട്ട് പോകാം. വ്യത്യസ്ത വസ്തുക്കള്‍ക്കെല്ലാം പൊതുവേ മലയാളത്തില്‍ ഉല്‍ക്ക എന്ന ആ ഒറ്റ പേരാണ് ഉപയോഗിക്കുന്നത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ സൂര്യനെ വലം വെക്കുന്ന ലക്ഷക്കണക്കിന് വരുന്ന ചെറു ബഹിരാകാശ വസ്തുക്കള്‍ ആണ് asteroids എന്ന ക്ഷുദ്രഗ്രഹങ്ങള്‍/ഛിന്നഗ്രഹങ്ങള്‍. ഇവരില്‍ ചിലത് മറ്റ് ഗ്രഹങ്ങളുടെയോ മറ്റോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി കൂട്ടം വിട്ടു ഭൂമിയ്ക്ക് നേരെ വന്നെന്ന് വരാം. ഇങ്ങനെ ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും അന്യവസ്തുവോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞുകയറി, ഘര്‍ഷണം മൂലം കത്തി ബാഷ്പീകരിക്കപ്പെടുമ്പോൾ അതിനെ നമ്മള്‍ meteor എന്ന്‍ വിളിക്കും. വളരെയധികം പ്രഭയോടെ കത്തുന്ന ഇവ ഒരു പന്തം പോലെ ആകാശത്തു പാഞ്ഞു പോകുന്ന രീതിയില്‍ കാണപ്പെടും. ഇതിനെയാണ് നമ്മള്‍ നാടന്‍ ഭാഷയില്‍ കൊള്ളിയാന്‍ അല്ലെങ്കില്‍ കൊള്ളിമീന്‍ (shooting star) എന്നൊക്കെ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കയറുന്ന ഏതാണ്ട് എല്ലാ meteors-ഉം അന്തരീക്ഷത്തില്‍ വെച്ചു കത്തിത്തീരുകയാണ് പതിവ്. താരതമ്യേന വലിപ്പം കൂടിയ അപൂര്‍വം ചിലവ മാത്രം, പൂര്‍ണമായും കത്തി നശിക്കാതെ ഭൂമിയില്‍ വന്ന്‍ പതിക്കും. അതിനെയാണ് meteorite (ചിത്രീകരണം കാണുക) എന്ന്‍ വിളിക്കുന്നത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അങ്ങ് ദൂരെ ഊര്‍ട്ട് മേഘങ്ങളില്‍ നിന്നോ മറ്റോ വരെ ഉല്‍ക്കകള്‍ എത്തിച്ചേരാം. ചുരുക്കത്തില്‍ ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നോ പുറത്തു നിന്നോ ഭൂമിയ്ക്ക് നേരെ വരുന്ന ബാഹ്യാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍ എന്ന്‍ വിളിക്കപ്പെടുന്നത്.

ഒരു ബാഹ്യാകാശ കൂട്ടിയിടിയുടെ പ്രത്യാഘാതങ്ങള്‍

നമ്മുടെ റോഡുകളില്‍ നടക്കുന്ന രണ്ടു വാഹനങ്ങളുടെ കൂട്ടിയിടി എത്രത്തോളം ഭീകരമാണ് എന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. സ്വഭാവികമായും രണ്ട് ആകാശവസ്തുക്കള്‍ തമ്മിലുള്ള (ഇവിടെ അതിലൊന്ന് ഭൂമിയാണ്) കൂട്ടിയിടി അതിനെക്കാള്‍ ഒക്കെ പലമടങ്ങ് ശക്തമാണ്. ഈ കൂട്ടിയിടിയിലേക്ക് നയിക്കുന്നത് അവ രണ്ടും തമ്മിലുള്ള ഗുരുത്വാകര്‍ഷണം ആണെന്നതും അത് അടുത്തടുത്ത് വരുംതോറും കൂടുതല്‍ ശക്തമാകും എന്നതും ഓര്‍ക്കണം. അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന വെറുമൊരു 'ആഘാതം ഏല്‍പ്പിക്കലിനും' അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.

1. പൊട്ടിത്തെറി

നമ്മള്‍ പരിഗണിക്കുന്ന ഉല്‍ക്കയുടെ പിണ്ഡം കണക്ക് കൂട്ടാവുന്നതേ ഉള്ളുവല്ലോ. കോടിക്കണക്കിനു ടണ്‍ വരും അത്. വേഗത കൂടി പരിഗണിച്ചാല്‍ അത് ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഗതികോര്‍ജ്ജം എത്ര വരും എന്ന്‍ കണക്കാക്കാം. കൂട്ടിയിടി കഴിഞ്ഞു ഈ ഉല്‍ക്ക നിശ്ചലാവസ്ഥയില്‍ എത്തുമ്പോഴേക്കും, ഊര്‍ജ്ജസംരക്ഷണ നിയമം (First law of thermodynamics) അനുസരിച്ചു  ഈ ഊര്‍ജ്ജം മൊത്തം ഏതെങ്കിലും രീതിയില്‍ വീതിക്കപ്പെടണമല്ലോ. അത് വന്ന് പതിക്കുന്ന സ്ഥലത്ത്, അത് കരയിലോ വെള്ളത്തിലോ ആകാം, അപ്പോ കോണ്ടാക്റ്റില്‍ വരുന്ന വസ്തുക്കളിലേക്കും അവിടന്ന്‍ ചുറ്റുപാടിലേക്കും വീതിക്കപ്പെടുന്ന ഈ ഭീമന്‍ ഊര്‍ജ്ജം ഒരു വലിയ പൊട്ടിത്തെറിയ്ക്ക് തുല്യമാണ്. നമ്മുടെ ഉദാഹരണത്തിലെ ഉല്‍ക്കയുടെ കാര്യം കണക്ക് കൂട്ടിയാല്‍ അത് ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ശക്തി ഏതാണ്ട് 60,000 TNT മെഗാ ടണ്‍ വരും (1TNT megaton = 4.2× 1015 Joules). ഇന്നുള്ള ഏറ്റവും പ്രഹരശക്തിയുള്ള ആണവ ബോംബ് പോലും 50-100 TNT മെഗാ ടണ്‍ ശക്തിയുള്ള സ്ഫോടനമാണ് ഉണ്ടാക്കുന്നത് എന്നോര്‍ക്കുമ്പോഴാണു ഇത് എത്രത്തോളം മാരകമാണ് എന്ന്‍ മനസ്സിലാവുക. റിക്ടര്‍ സ്കെയിലില്‍ ഏതാണ്ട് 10 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് തുല്യമാണ് ഇത്.

കൂട്ടിയിടി നടക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ വഴിയിലുള്ള അന്തരീക്ഷവായുവിനെ ഉല്‍ക്ക വശങ്ങളിലേക്ക് തള്ളിമാറ്റുമല്ലോ. കൂട്ടിയിടി നടക്കുന്ന impact site-നു മുകളില്‍ ഏതാനം മിനിറ്റുകളോളം അന്തരീക്ഷം ഉണ്ടാവില്ല. ഈ ഒരു ചെറിയ സമയത്ത്, പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകുന്ന ബാഷ്പീകരിക്കപ്പെട്ട ഉല്‍ക്കാശിലയും പൊടിപടലങ്ങളും (കടലിലാണ് വീഴുന്നതെങ്കില്‍ ജലബാഷ്പവും) ഈ അന്തരീക്ഷദ്വാരത്തിലൂടെ പുറത്തേക്ക് തള്ളപ്പെടും. കൂട്ടിയിടി നടന്ന്‍ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ കോടാനുകോടി ടണ്‍ സ്ഫോടനാവശിഷ്ടങ്ങള്‍ ഏതാണ്ട് 100 km ചുറ്റളവിലേക്ക് തെറിയ്ക്കും. ഇനി കൂട്ടിയിടി നടക്കുന്നത് കടലില്‍ ആണെങ്കില്‍, വശങ്ങളിലേക്ക് തള്ളപ്പെടുന്ന വെള്ളം impact site-ലേക്ക് തിരിച്ച് വരുന്ന നിമിഷം പൊട്ടിത്തെറി ഉണ്ടാക്കിയ കനത്ത ചൂടില്‍ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുകയും steam explosion എന്ന പ്രതിഭാസത്തിലേക്ക് കൂടി നയിക്കുകയും ചെയ്യാം.


അമേരിക്കയിലെ അരിസോണയില്‍ ഉള്ള ഒരു ഉല്‍ക്കാഗര്‍ത്തം

ഉല്‍ക്കാപതനത്തിന്റെ ഒരു മുഖമുദ്ര എന്ന്‍ പറയാവുന്നത് ഗര്‍ത്തങ്ങളുടെ (Craters) രൂപീകരണമാണ്. ഇടിയുടെ ആഘാതത്തില്‍, അത് കരയിലായാലും കടലിലായാലും, ഭൗമോപരിതലം കുഴിഞ്ഞുപോകുകയും പതിക്കുന്ന ഉല്‍ക്കയുടെ ഊര്‍ജത്തിന് ആനുപാതികമായ വിസ്താരമുള്ള ഒരു ഗര്‍ത്തം രൂപം കൊള്ളുകയും ചെയ്യും. 1 km വലിപ്പമുള്ള ഉല്‍ക്ക ഏതാണ്ട് 20 km വ്യാസമുള്ള ഒരു ഗര്‍ത്തമാകും രൂപപ്പെടുത്തുക. അതായത് ഏതാണ്ട് തിരുവനന്തപുരം നഗരത്തിന്റെ വലിപ്പമുള്ള ഒരു കുഴി! (ഗര്‍ത്തത്തിന്റെ വ്യാസം=(കൂട്ടിയിടിയുടെ ഊര്‍ജ്ജം)(1/3.4)/106.77എന്നൊരു സമവാക്യം ഉണ്ട്)


 2. സുനാമി

ഭൂമിയുടെ പ്രതലവിസ്തീര്‍ണത്തിന്റെ 75% ഉം കടലാണെന്ന് നമുക്കറിയാം. സ്വാഭാവികമായും ബാഹ്യാകാശത്തുനിന്നും ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഉല്‍ക്ക കടലില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന steam explosion-ന്റെ കാര്യം നമ്മള്‍ നേരത്തെ കണ്ടല്ലോ. ഉല്‍ക്കയാല്‍ വശങ്ങളിലേക്ക് ശക്തമായി തള്ളപ്പെടുന്ന വെള്ളം വലിയ സുനാമിത്തിരകള്‍ക്ക് രൂപം കൊടുക്കും. ഇതിന്റെ ഉയരവും കൂട്ടിയിടിയുടെ ഊര്‍ജ്ജത്തിന് ആനുപാതികമായിരിക്കും. നമ്മുടെ 1 km വലിപ്പമുള്ള ഉല്‍ക്ക അതിന്റെ impact site-ല്‍ നിന്നും 1000 km അകലെ പോലും ഏതാണ്ട് 20 m ഉയരമുള്ള സുനാമിത്തിര ഉണ്ടാക്കും എന്ന്‍ കണക്കാക്കാന്‍ കഴിയും. 300 km ദൂരെയാണെങ്കില്‍ അത് 43 m-ഓളം ഉയരും. കഴിഞ്ഞില്ല, ഇത് കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയുടെ കാര്യം മാത്രമേ ആകുന്നുള്ളൂ. നേരത്തെ പറഞ്ഞ steam explosion ന്റെ ഫലമായി വേറെയും സുനാമികള്‍ ഉണ്ടാകും. ഒപ്പം, കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന ഭൂവല്‍ക്കചലനവും കൂടുതല്‍ തിരകള്‍ ഉണ്ടാക്കും. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ പാറ്റേണില്‍ ഉള്ള ഒരു സുനാമി പരമ്പര ആണ് ഉല്‍ക്കാപതനത്തെ തുടര്‍ന്നു ഉണ്ടാവുക.

3. ആഗോള തീപിടുത്തങ്ങള്‍

കൂട്ടിയിടി സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന സ്ഫോടനാവശിഷ്ടങ്ങളെ കുറിച്ച് നമ്മള്‍ പറഞ്ഞല്ലോ. ഇവ അന്തരീക്ഷത്തിലൂടെ പാഞ്ഞുപോകുമ്പോള്‍ ഘര്‍ഷണം മൂലം വീണ്ടും ചൂട് പിടിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ചൂടാവുമ്പോ വളരെയധികം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. ഇത് ആഗോളതലത്തില്‍ അന്തരീക്ഷതാപനില കൂടാന്‍ കാരണമാവുകയും തുടര്‍ന്നു വ്യാപകമായ തീപിടുത്തങ്ങളിലേക്ക് (പ്രത്യേകിച്ചു കാട്ടുതീ) നയിക്കുകയും ചെയ്യാം. ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ന്നും.

4. ആസിഡ് മഴകള്‍

കൂട്ടിയിടിയുടെ ഫലമായുള്ള ഷോക്ക് വേവിലും (shock wave) തുടര്‍ന്നുള്ള അന്തരീക്ഷത്തിന്റെ പുനഃക്രമീകരണത്തിലും ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ നൈട്രജനും ഓക്സിജനും ചേര്‍ന്ന് നൈട്രജന്‍ ഓക്സൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കും. ഇവ ജലബാഷ്പവുമായി ചേര്‍ന്ന് ആസിഡ് മഴകള്‍ക്ക് കാരണമാകുന്നു. കൂട്ടിയിടിയെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം ഈ പ്രതിഭാസം തുടരും. ഈ ആസിഡ് മഴകള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലതാണ്- ചെടികള്‍ നശിക്കും, ഭൂവല്‍ക്കശിലകള്‍ ദ്രവിക്കും, ഓസോണ്‍ പാളി നശിക്കും, അങ്ങനെപോകുന്നു അവ. 

5. ആഗോള താപവ്യതിയാനങ്ങള്‍

ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം ഇതാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങളും തുടര്‍ന്നുണ്ടായ ആഗോള തീപിടുത്തങ്ങള്‍ പുറന്തള്ളുന്ന കരിയും അന്തരീക്ഷത്തില്‍ നിറയും. ഇവ മാസങ്ങളോളം അവിടെ തങ്ങി നിന്ന് സൂര്യപ്രകാശത്തെ മറയ്ക്കും. നമ്മുടെ ആത്യന്തിക ഊര്‍ജ്ജ ശ്രോതസ്സായ സൂര്യന്‍ മറയ്ക്കപ്പെടുന്നതിന്റെ ഫലം ഊഹിക്കാമല്ലോ അല്ലേ? സസ്യങ്ങളുടെ പ്രകാശസംശ്ലേഷണം നിലയ്ക്കും, അതോടെ ഭക്ഷ്യശൃംഖല തകരും. ആഗോളതലത്തില്‍ അന്തരീക്ഷതാപനില താഴ്ന്ന്‍ ഒരു ഹ്രസ്വകാല ശൈത്യം നിലവില്‍ വരും. ഇതിനെ Impact Winter എന്ന്‍ വിളിക്കും. ഇത് അല്പ നാളത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ, അത് കഴിഞ്ഞാല്‍ ഫലം നേരെ തിരിയും. അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്ന കരിയില്‍ നിന്നുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്സൈഡും ജലബാഷ്പവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൗസ് പ്രഭാവം കാരണം താപനില കൂടാന്‍ തുടങ്ങും. ചെടികള്‍ നശിച്ചു പോയതിനാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കാലം അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും വളരെ കാലം ഈ ചൂടന്‍ കാലാവസ്ഥ തുടരുകയും ചെയ്യും.

ഇത്രയും ബഹുമുഖങ്ങളായ അനന്തരഫലങ്ങളാണ് ഒരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുക. 10 km-ഓളം വലിപ്പമുള്ള ഒരു ഉല്‍ക്കയ്ക്ക് ഭൂമിയിലെ ഒട്ടുമിക്ക ജീവിവര്‍ഗത്തെയും പൂര്‍ണമായി പറിച്ചു കളയുവാനുള്ള സംഹാരശക്തി ഉണ്ടാവും. ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരമൊരു കൂട്ടിയിടിയിലാണ് ദിനോസറുകള്‍ ഉള്‍പ്പടെ കുറെ ഏറെ ജീവികളുടെ കൂട്ട വംശനാശം (Mass extinction) ഉണ്ടായത് എന്നാണ് ഇന്ന്‍ പ്രബലമായ ഒരു സിദ്ധാന്തം. നേരത്തെ നമ്മള്‍ കണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ ഒരു സര്‍വസംഹാരം സംഭവ്യമാണ് എന്ന്‍ അടിവരയിട്ട് പറയുന്നുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ അല്പം പോലും ഇപ്പോള്‍ കൂടുതല്‍ ഇല്ല എന്ന്‍ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചരണങ്ങളും കെട്ടുകഥകളും അവഗണിക്കണം. ശ്രദ്ധിയ്ക്കുക, തീര്‍ത്തും നിരാശാജനകമായ കാര്യങ്ങളല്ല ഈ വിഷയത്തില്‍ നമുക്ക് പറയാനുള്ളത്. ഇത്തരം അപകടങ്ങളെ നേരിടാന്‍ മോശമല്ലാത്ത പല തയ്യാറെടുപ്പുകളും മനുഷ്യര്‍ ഇതിനകം ചെയ്തിട്ടുണ്ട്. NASA- യുടെ Near Earth Object (NEO) പ്രോഗ്രാം ഉള്‍പ്പടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള നിരീക്ഷണങ്ങളില്‍ വ്യാപൃതരാണ്. നമുക്ക് നേരെ വരുന്ന ഉല്‍ക്കകളെ വഴി തിരിച്ച് വിടുന്നതിനായി വളരെ സിമ്പിളായത് മുതല്‍ അത്യധികം സങ്കീര്‍ണ്ണമായത് വരെയുള്ള നിരവധി പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നേരത്തെ അറിയുന്ന പക്ഷം, അവയിലേക്ക് ബഹിരാകാശവാഹനങ്ങളെ അയച്ചു അവയില്‍ അണുബോംബ് സ്ഥാപിച്ചു അവയെ പൊട്ടിത്തെറിപ്പിച്ച് ദിശാമാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കും. റോബോട്ടിക് ലാന്‍ഡറുകള്‍ ഉപയോഗിച്ച് ഉള്‍ക്കയില്‍ ത്രസ്റ്റര്‍ റോക്കറ്റുകള്‍ പിടിപ്പിച്ച് ദിശ തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയ്ക്കും സാധ്യതയുണ്ട്. ഗ്രാവിറ്റി ട്രാക്ടര്‍ എന്ന്‍ വിളിക്കുന്ന വലിയ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍ക്കയെ വലിച്ചു ദിശ തെറ്റിച്ച് വിടാന്‍ പോലും നമുക്ക് പദ്ധതികള്‍ ഉണ്ട്.  ഇതിനായി നമുക്ക് നേരെ വരുന്ന വസ്തുക്കളുടെ കൃത്യമായ സഞ്ചാരപഥം നേരത്തെ കണക്കുകൂട്ടാന്‍ കഴിയണം എന്നേയുള്ളൂ. അതിനാണ് NEO പ്രോഗ്രാം പോലെയുള്ള ഏജന്‍സികള്‍ കണ്ണില്‍ എണ്ണയൊഴിച്ചു മാനത്തേക്ക് നോക്കി ഇരിക്കുന്നതും. അവര്‍ അവരുടെ പണി ചെയ്യുന്നുണ്ട്  എന്നുറപ്പിച്ചുകൊണ്ട് നമുക്ക് സുഖമായി ഉറങ്ങാം.

വാൽക്കഷണം: നമ്മുടെ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഓൺലൈൻ വാർത്താ സൈറ്റുകളുടെ ഇഷ്ടവിഭവമാണ് ഈ കൂട്ടിയിടി വാർത്ത. അത്തരത്തിൽ പേടിപ്പിക്കുന്ന വാർത്ത വല്ലതും കണ്ടാൽ അപ്പോത്തന്നെ നാസയുടെ Near Earth Object പ്രോഗ്രാമിന്റെ ഈ വെബ്സൈറ്റ് സന്ദർശിക്കുക- http://neo.jpl.nasa.gov/ca/.  അടുത്തിടെ ഭൂമിയോട് തൊട്ടടുത്ത് വന്നതും ഇനി ഉടൻ വരാൻ പോകുന്നതുമായ സകല വസ്തുക്കളുടേയും ലിസ്റ്റ് ഉണ്ട്. (ആ ലിസ്റ്റിന്റെ നീളം കണ്ടാൽ മിക്കവാറും നിങ്ങൾ ഞെട്ടും!'ഇതിത്ര സാധാരണ സംഭവമാണോ!' എന്ന് തോന്നും) പക്ഷേ അവിടെ കാണുന്നതൊന്നും ഭൂമിയുമായി നേരിട്ട് കൂട്ടിയിടിക്കാൻ പോകുന്നവയല്ല, മറിച്ച് അതിന്റെ പരിസരത്തുകൂടി കടന്നുപോകുന്നവ മാത്രമാണ്. കൂട്ടിയിടിക്കാൻ സാധ്യതയുള്ളവയുടെ ലിസ്റ്റ് ഇവിടെ: http://neo.jpl.nasa.gov/risk/. വാർത്തകളിൽ സത്യമുണ്ടോ എന്നത് ഇവിടന്ന് മനസിലാവും. എന്തായാലും അടുത്തെങ്ങും പേടിക്കേണ്ടതായ സാധ്യതകളൊന്നും തന്നെ ഇല്ല.

അധികവായനയ്ക്ക്
 1. http://www.livescience.com/27183-asteroid-meteorite-meteor-meteoroid.html
 2. http://science.howstuffworks.com/stop-an-asteroid.htm
 3. http://en.wikipedia.org/wiki/Asteroid_impact_avoidance
 4. http://en.wikipedia.org/wiki/Cretaceous%E2%80%93Paleogene_extinction_event
 5. http://en.wikipedia.org/wiki/Tunguska_event
 6. http://en.wikipedia.org/wiki/2013_Russian_meteor_event
 7. http://www.astronomynotes.com/solfluf/s5.htm

Mar 15, 2013

ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!

ശിവലിംഗത്തിന്റെ സയന്‍സ് വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പോസ്റ്റ് ഇപ്പോ ഫെയിസ്ബുക്കില്‍ കറങ്ങുന്നുണ്ട്.
വായിച്ചു വന്നപ്പോള്‍ കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ പോലുള്ള സമിതികള്‍ ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും എന്നാണ് തോന്നുന്നത്. ഇത്തരം ശാസ്ത്രീയ-കണ്ടുപിടിത്ത-മൊത്തവിതരണക്കാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ആ കലാകാരുടെ കോമഡിയ്ക്ക് ഇനി അധികനാള്‍ കഴിയുമെന്ന് തോന്നുന്നില്ല.

നമുക്കിതിലെ വിശിഷ്ടസൂക്തങ്ങള്‍ ഓരോന്നായി പരിചയപ്പെടാം. ഒപ്പം കുറച്ചു കാലം സയന്‍സ് പഠിച്ചുപോയ ഒരു പാവത്തിന്റെ ചില സംശയങ്ങളും ചോദിക്കും കേട്ടോ. ആരും പരിഭവിക്കരുത്.

സൂക്തം നം. 1- "ഇതിനെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിച്ച പണ്ഡിതരും യൂറോപ്യന്മാരും നല്കിയ അറിവിലൂടെ ഒന്ന്‍ കടന്നുപോകാം" -

അതെന്തെഡേയ് അണ്ണാ പണ്ഡിതരും യൂറോപ്യന്മാരും വേറെ വേറെ? യൂറോപ്യരുടെ ഇടയില്‍ പണ്ഡിതര്‍ ഇല്ലേ? അതോ യൂറോപ്യര്‍ മൊത്തം പണ്ഡിതരാണോ? പോട്ടെ, ഏത് യൂറോപ്യന്‍ ആണ് ഇതിനെ ശാസ്ത്രീയമായി പഠിച്ചത്? ശാസ്ത്രീയമായി പഠിക്കുക എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?

സൂക്തം നം. 2 - "ദീര്‍ഘവൃത്താകൃതിയില്‍ അല്ലെങ്കില്‍ സിലിണ്ടര്‍ ആകൃതിയിലാണ് ഇതിന്റെ ഘടന. പ്രപഞ്ചത്തിന്റെ ഒരു പ്രതിരൂപമാണ് ഇത്."

ശിവലിംഗത്തില്‍ സയന്‍സ് കണ്ടുപിടിക്കാന്‍ ഇറങ്ങും മുന്‍പ് പണ്ട് സ്കൂളില്‍ പഠിക്കാന്‍ വിട്ട നേരത്ത് മഴയത്തെങ്കിലും ആ സയന്‍സ് ക്ലാസില്‍ കേറി ഇരുന്നെങ്കിലോ?
ദീര്‍ഘവൃത്തം എന്ന്‍ വെച്ചാല്‍ എങ്ങനെ ഇരിക്കും എന്ന്‍ വല്ല പിടിത്തോം ഉണ്ടോ? ഇല്ല എന്ന്‍ മനസ്സിലായി. ദാ ഈ കാണുന്ന ചിത്രത്തില്‍ ഉള്ള, ചുവന്ന ദ്വിമാനരൂപമാണ് (2-Dimensional) ദീര്‍ഘവൃത്തം.


ഈ ഷെയ്പ്പില്‍ ഒരു ശിവലിംഗം ഇന്ത്യയില്‍ എവിടെങ്കിലും ഉണ്ടെങ്കില്‍ ഒന്ന്‍ കണ്ടാല്‍ കൊള്ളാമായിരുന്നു. 
ഇനി ഉദ്ദേശിച്ചത് ദാ ഈ ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്റെ രൂപമാണ് എങ്കില്‍


ഇത് ദീര്‍ഘവൃത്തമല്ല, ഇതിനെ സയന്‍സില്‍ Ellipsoid എന്നാണ് വിളിക്കുക[1]. ദാ താഴെ കാണുന്നതാണ് അതിന്റെ രൂപം. അതൊരു ത്രിമാന (3-Dimensional) രൂപമാണ്.


എന്നാല്‍ ശിവലിംഗത്തിന്റെ ഈ രൂപം അത്ര സാര്‍വത്രികമല്ല. ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലത്തും (ടി. പോസ്റ്റില്‍ കാണുന്ന ചിത്രത്തിലും) കാണപ്പെടുന്ന ശിവലിംഗരൂപം ദാ താഴെ കാണുന്നതാണ്
അടുത്ത് എല്‍.പീ.സ്കൂള്‍ ഉണ്ടെങ്കില്‍ അവിടെ ചെന്ന്‍ കണക്ക് സാറിനോട് ഒന്ന്‍ ചോദിക്കണം ഈ രൂപത്തെ സിലിണ്ടര്‍ എന്നെങ്കിലും വിളിക്കാന്‍ പറ്റുമോ എന്ന്‍.

ഇനി ഇതെങ്ങനെയാണാവോ പ്രപഞ്ചത്തിന്റെ പ്രതിരൂപം ആവുന്നത്? പ്രപഞ്ചത്തിന്റെ രൂപം ദീര്‍ഘവൃത്തമോ സിലിണ്ടറോ ആണോ?

 സൂക്തം നം. 3 - "അതിസൂക്ഷ്മങ്ങളായ ആറ്റങ്ങളുടെ ഘടനയും ഇത് തന്നെ"

ഉം തന്നെ തന്നെ! ആറ്റങ്ങളുടെ യഥാര്‍ത്ഥ ഘടന പഠിക്കുമ്പോ അതിന്റെ ന്യൂക്ലിയസ്, ചുറ്റും ഗോളാകൃതി, ഡംബല്‍-ഡബിള്‍ ഡംബല്‍ തുടങ്ങിയ സങ്കീര്‍ണ്ണരൂപങ്ങളുള്ള അറ്റോമിക് ഓര്‍ബിറ്റലുകള്‍ എന്നിവയെയൊക്കെ എം.എസ്.സി. ഫിസിക്സ് പഠിക്കുന്ന പിള്ളേര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പെടുന്ന പാട് കോളേജ് അദ്ധ്യാപകര്‍ക്ക് അറിയാം. അപ്പഴാണ് ദീര്‍ഘവൃത്താകൃതിയും സിലിണ്ടര്‍ ആകൃതിയും ഒക്കെയുള്ള 'കുന്നിക്കുരു മോഡല്‍' ആറ്റങ്ങളുടെ തിയറിയുമായി ഈ ചേട്ടന്‍ വരുന്നത്.

സൂക്തം നം. 4 -"ഗണിതപരമായി ഇത്തരത്തിലുള്ള രൂപങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശക്തി കേന്ദ്രീകരിച്ചിരിക്കുന്നത്"

ശ്ശൊ! പത്ത് പതിനഞ്ച്  വര്‍ഷം ഗണിതം പഠിച്ച ഞാന്‍ ഇത് അറിയാതെ പോയല്ലോ എന്റെ ശിവനേ! ദാണ്ടെ, ദീര്‍ഘവൃത്തം കണ്ടാല്‍ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ഗണിതജ്ഞന്‍ ഗണിതപരമായ ഭയങ്കരശക്തി കണ്ടു പിടിച്ചിരിക്കുന്നു. ആറ്റം ബോംബൂം ആണവറിയാക്ടറും ഒക്കെ ഈ ഷെയ്പ്പിലാണത്രെ ഉള്ളത്. അപ്പോ പിന്നെ ഏതാണ്ട് അതേ ഷെയ്പ്പുള്ള മുട്ടത്തോട് ഒന്നു ഇറുക്കിപ്പിടിച്ചാല്‍ പൊട്ടിപ്പോവുന്നതോ ചേട്ടാ? ഭഗവാന്‍ തേരീ മായാ!!!

 സൂക്തം നം. 5 -"ശിവക്ഷേത്രങ്ങളിലെ ഓവിലൂടെ വരുന്നത് ഗംഗയാണ്"

അപ്പോ ഈ കേരളത്തിലെ ശിവക്ഷേത്രങ്ങളായ ശിവക്ഷേത്രങ്ങളിലൊക്കെ ഓവിലൂടെ ഒഴുകി വരുന്നത് ഗംഗയായിരുന്നോ? അല്ല സാര്‍, അപ്പോ ഈ അങ്ങ് ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ച് ബംഗ്ലാദേശിലൂടെ ബംഗാള്‍ ഉല്‍ക്കടലില്‍ ചെന്ന്‍ പതിക്കുന്ന ഗംഗ ഏത് വഴിയാ കേരളത്തിലോട്ട് വരുന്നത്? അതോ കേരളത്തിലുള്‍പ്പടെ ഇന്ത്യയിലേ ഭൂരിഭാഗം ശിവക്ഷേത്രങ്ങളും ഫെയിക്ക് ആണോ?

സൂക്തം നം. 6 - "ഈ സത്യം മനസ്സിലാക്കിയ വിദേശികള്‍ ഇവിടെ നിന്നും സംസ്കൃതപണ്ഡിതരെ വരുത്തി വേദങ്ങള്‍, ഉപനിഷത്തുക്കള്‍, യോഗ, ആയുര്‍വേദം എന്നിവ തര്‍ജ്ജമ ചെയ്ത് അവയില്‍ നിന്നും ലഭിച്ച അറിവ് ഉപയോഗിച്ച് നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു"

 പക്ഷേ അവര്‍ തര്‍ജ്ജമ ചെയ്ത് ഓരോന്ന്‍ കണ്ടുപിടിക്കുന്നത് വരെ നമ്മളീ കാര്യമൊന്നും ആരോടും പറയില്ല. നമ്മള്‍ അങ്ങനെ നോക്കി ഇരിക്കും, ഈ സായിപ്പന്മാര്‍ ഇത് കണ്ടുപിടിക്കുമോ ഇല്ലേ എന്നറിയണമല്ലോ! ഹും! നമ്മളാരാ മക്കള്‍?!!


 ഇനി ഈ കുപ്രചരണ പോസ്റ്റ് ഉണ്ടാക്കിയ മണ്ടനോടുള്ള പരിഹാസം വിട്ടു ചില കാര്യങ്ങള്‍ സംസാരിക്കാം.

ശിവനെയോ ശിവലിംഗത്തേയോ ആരാധിക്കുന്നതും പൂജിക്കുന്നതും ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം. പക്ഷേ അതിനു ഇത്തരം നുണകളുടെ പിന്‍ബലം എന്തിനാണ്? ഒരുപക്ഷേ ലിംഗം എന്ന വാക്ക് പുരുഷജനനേന്ദ്രിയത്തെ സൂചിപ്പിക്കുന്നതുകൊണ്ട്, ശിവലിംഗാരാധന അല്പ്പം നാണിപ്പിക്കുന്ന ഒന്നായി ഭക്തര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയതുകൊണ്ടാകാം ഇത്തരം കടന്ന കൈകള്‍ക്ക് അവര്‍ മുതിരുന്നത്. പ്രത്യേകിച്ച് നമ്മുടെ 'സദാചാര യൂസര്‍ മാനുവലിന്റെ' ഒരു സെറ്റപ്പ് വെച്ച് ലിംഗം, ലൈംഗികം എന്നൊക്കെ പറഞ്ഞാല്‍ ഘോരമായ പാപങ്ങള്‍ ആണല്ലോ. അപ്പോപ്പിന്നെ "അയ്യേ, ഇത് മറ്റേതല്ല" എന്ന്‍ സ്ഥാപിച്ചാലേ തലയില്‍ തുണിയിടാതെ പ്രാര്‍ത്ഥിക്കാന്‍ പോകാന്‍ പറ്റൂ എന്നാണോ?

ശിവലിംഗം എന്നാല്‍ ശിവന്റെ ലിംഗമല്ല അത് ശിവഭഗവാന്റെ ഒരു പ്രതീകം/ചിഹ്നം മാത്രമാണ് എന്ന വാദം ഈയിടെയായി ശക്തമായിട്ടുണ്ട്. അത് സമ്മതിച്ച് കൊടുക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല താനും. പക്ഷേ, ബ്രഹ്മവിഷ്ണുമാരുടെ മേല്‍ പരമാധീശത്വം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പരമശിവന്റെ ലിംഗം സര്‍വസൃഷ്ടികളെയും നശിപ്പിക്കാന്‍ തുടങ്ങുന്നതും ഒടുവില്‍ പാര്‍വതി ദേവിയുടെ യോനിയാല്‍ മാത്രം ശാന്തമാക്കപ്പെടുന്നതുമായ ഒരു കഥ ഉണ്ട് [2]. ഇന്നും ഭൂരിഭാഗം ലിംഗവിഗ്രഹങ്ങളും ലിംഗ-യോനി സംഗമം ആയിട്ടാണ് കാണപ്പെടുന്നതും. ചിത്രം കാണുക. യോനി എന്നത് പ്രകൃതിയുടെ സൃഷ്ടീശക്തിയെ പ്രതിനിധീകരിക്കുന്നു എന്നും ആ യോനിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ലിംഗം പരംപൊരുളായ ശിവനെയും ഇവകളുടെ സംയോഗം ലൌകീക-ആത്മീയ ലോകങ്ങളുടെ അദ്വൈതത്തെ പ്രതിനിധീകരിക്കുന്നു എന്നുമൊക്കെയുള്ള സൂചനകള്‍ പലയിടത്തും കാണാം.


നമ്മുടെ ഭാഷയില്‍ പുരുഷ ലൈംഗികാവയവത്തെ ലിംഗം എന്നും സ്ത്രീലൈംഗികാവയാവത്തെ യോനി എന്നും വിളിക്കപ്പെടുന്നത് ശ്രദ്ധിയ്ക്കുക. സ്ത്രീ-പുരുഷ ബന്ധമാണ് സൃഷ്ടിയുടെ വഴി എന്ന സത്യവുമായി ഈ സങ്കല്‍പ്പത്തെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

ശിവലിംഗം എന്നത് ശിവന്റെ ലിംഗം അല്ല എന്ന്‍ വാദിക്കുന്നവര്‍ ഭാരതീയ പൌരാണികസങ്കല്‍പ്പങ്ങള്‍ അത്രയും പ്രാകൃതമായിരുന്നില്ല എന്ന്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരു വാദം എത്രത്തോളം സാധൂകരിക്കാവുന്നതാണ് എന്ന്‍ കാണേണ്ടിയിരിക്കുന്നു. "അയ്യേ, ഇങ്ങനെ ഒരു സങ്കല്‍പ്പം നമ്മുടെ പുരാതനഗ്രന്ഥങ്ങളില്‍ ഉണ്ടാകുകയെ ഇല്ല" എന്ന്‍ പെട്ടെന്നങ്ങു മൂക്കത്ത് വിരല്‍ വെക്കാന്‍ നമുക്ക് കഴിയില്ല. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ തീരെ മറ കൂടാതെ പലയിടത്തും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ദേവരാജാവായ ഇന്ദ്രനെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിനോടൊപ്പം ഗൌതമ മഹര്‍ഷിയുടെ പത്നി അഹല്യയോട് 'ഡിങ്കോല്‍ഫി'യ്ക്കു പോകുന്നതും മഹര്‍ഷി ശാപത്തിന്റെ രൂപത്തില്‍ പുറത്തു പറയാന്‍ കൊള്ളാത്ത എട്ടിന്റെ പണി ദേവേന്ദ്രന് കൊടുക്കുന്നതും എല്ലാം നല്ല കിണ്ണനായി പുരാണങ്ങളില്‍ വിവരിക്കുന്നുണ്ട്. അതുപോലെ ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങള്‍ വിവരിക്കാന്‍ ചന്ദ്രദേവന്‍ നക്ഷത്രദേവതകളുമായി 'ഊ ലാ ലാ' യ്ക്കു പോകുന്ന കഥയും ഇതേ പുരാണത്തിന്റെ ഏടുകളില്‍ കാണാം. ഇനി ഈ കഥകള്‍ എല്ലാം വെറും ഇന്‍റര്‍പ്രട്ടേഷന്‍ പ്രശ്നമായി വ്യാഖ്യാനിച്ചൊപ്പിച്ചാല്‍ പോലും നമ്മുടെ അജന്ത, യെല്ലോറ, ഖജുരാഹോ തുടങ്ങിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒക്കെ കാണപ്പെടുന്ന നല്ല ഇടിവെട്ട് Adults Only ശില്‍പ്പകലകള്‍ക്ക് മറ്റൊരു അര്‍ത്ഥവും കാണാന്‍ കഴിയില്ല. ലൈംഗികക്രിയകളെ കുറിച്ച് ലോകത്ത് രചിക്കപ്പെട്ട ആദ്യകൃതികളില്‍ ഒന്നായ വാല്‍സ്യായന മഹര്‍ഷിയുടെ കാമസൂത്രവും ഇതേ പുരാണത്തിന്റെ ഭാഗം തന്നെ. അതില്‍ കാമശാസ്ത്രങ്ങളുടെ തുടക്കം പരമശിവന്റെ കാവല്‍ക്കാരനായ നന്ദീശ്വരനിലാണ് അര്‍പ്പിച്ചിരിക്കുന്നത്. കക്ഷി ശിവപാര്‍വതിമാരുടെ 'ലവ് സീന്‍' ഒളിച്ചു നിന്ന്‍ കേട്ടു ആ കാര്യങ്ങള്‍ മാനവനന്‍മയ്ക്കായി പകര്‍ന്ന് നല്കി എന്നാണ് സങ്കല്‍പ്പം [3]. ഹൈന്ദവ പുരാണങ്ങളില്‍ നാല് പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായാണ് 'കാമം' ദര്‍ശിക്കപ്പെടുന്നതും. അതുപോലെ ബ്രഹ്മ-വിഷ്ണുമാര്‍ ശിവലിംഗത്തിന്റെ അഗ്രങ്ങള്‍ അന്വേഷിച്ച് പോകുന്ന കഥയില്‍ അനന്തമായ ഒരു ജ്യോതിര്‍സ്തംഭമെന്ന പോലെ ശിവലിംഗം പ്രത്യക്ഷപ്പെട്ടു എന്ന്‍ പറയുന്നതല്ലാതെ, ഒരു സിനിമയില്‍ ജഗതി പറയുന്നപോലെ "ഏയ്! ഇത് എന്റെയല്ല, എന്റേത് ഇങ്ങനെയല്ല" എന്ന്‍ പുരാണങ്ങളിലെങ്ങും ശിവഭഗവാന്‍ പറഞ്ഞതായി സൂചനകള്‍ ഇല്ല.

പിന്നെ ഈ ലിംഗാരാധന നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന്‍ സമ്മതിക്കുന്നതില്‍ ഒരു അപകര്‍ഷതയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. ലോകത്ത് മറ്റ് പല സംസ്കാരങ്ങളിലും വളരെ പണ്ട് കാലം മുതല്‍ തന്നെ പുരുഷന്റെ ഉദ്ധൃതലിംഗം (Erect penis)  അഥവാ Phallus-നെ സൃഷ്ടിയുടെ പ്രതീകമായി കണ്ടു ആരാധിച്ചിരുന്നു.  ഗ്രീക്കു പുരാണങ്ങളില്‍ ഹെര്‍മീസ് ദേവന്റെ ലിംഗത്തെ അവര്‍ ആരാധിച്ചിരുന്നു എന്ന്‍ കാണാം [4]. പുരാതന റോമിലും ഈജിപ്റ്റിലും ഇന്തോനേഷ്യയിലും ജപ്പാനിലും ബാല്‍ക്കന്‍ രാജ്യങ്ങളിലും ഒക്കെ ലിംഗാരാധന നിലനിന്നിരുന്നതായി തെളിവുകള്‍ ഉണ്ട് [5]. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ ആകട്ടെ ലിംഗപ്രതിപാദനം നടത്തുന്ന ചിത്രകലകള്‍ക്ക് പേര് കേട്ട സ്ഥലമാണ്[6]. ഈ അടുത്തിടെ ജര്‍മനിയില്‍ നിന്നും കണ്ടെത്തിയ പുരാതന ലിംഗവിഗ്രഹത്തിന് 28,000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്[7]. ഇതുപോലെ സൃഷ്ടിയുടെയും ഫലസമൃദ്ധിയുടെയും ഒക്കെ പ്രതീകമായി പുരുഷലിംഗത്തെ ആരാധിക്കുന്ന പതിവ് ഒട്ടുമിക്ക സംസ്കാരങ്ങളിലും ഉണ്ടായിരുന്നു എന്നിരിക്കെ നമ്മള്‍ മാത്രം തലയില്‍ മുണ്ടിട്ട് നടക്കേണ്ട കാര്യമില്ല തന്നെ.

എന്നാല്‍ ഇതൊക്കെ മറച്ചുപിടിക്കുന്ന കപടസദാചാരവാദവും പിന്നെ ലിംഗവിഗ്രഹത്തെ നേരെ കൊണ്ട് ആണവറിയാക്റ്ററിന്റെ മേലോട്ടു കെട്ടുന്ന മണ്ടത്തരവും മറ്റേതെങ്കിലും സംസ്കാരത്തില്‍ ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയില്ല. എന്തായാലും സായിപ്പ് ഇപ്പൊഴും സയന്‍സ് പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലാകട്ടെ, സയന്‍സ് പഠിക്കുന്നവന് അംഗീകാരം കിട്ടണമെങ്കില്‍ സായിപ്പിന്റെ നാട്ടിലേക്കു പ്ലെയിന്‍ കേറേണ്ട ഗതികേടാണ്. നമുക്കല്ലേലും മുതുമുത്തച്ഛന്‍മാര്‍ ആനപ്പുറത്ത് കേറിയതിന്റെ തഴമ്പ് സ്വന്തം ആസനത്തില്‍ കണ്ടുപിടിക്കുന്നതിലാണല്ലോ ഇന്‍ററസ്റ്റ്!

PS: No mockery of any belief system is intended.
PPS: Sorry, we don't feed Trolls here!

അവലംബങ്ങളും അധികവായനയും
 1. http://en.wikipedia.org/wiki/Ellipsoid
 2. http://www.vepachedu.org/linga.htm
 3. http://books.google.co.in/books?id=3Ug4RZ24JSoC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false
 4. http://en.wikipedia.org/wiki/Hermes
 5. http://en.wikipedia.org/wiki/Phallus
 6. http://en.wikipedia.org/wiki/Phallus_paintings_in_Bhutan
 7. http://news.bbc.co.uk/2/hi/science/nature/4713323.stm
 8. http://spokensanskrit.de/index.php?script=HK&beginning=0+&tinput=lingam&trans=Translate&direction=AU
 9. http://www.andhrabharati.com/dictionary/sanskrit/index.php
 10. http://shivasabode.webs.com/shivlingam.htm
 11. http://www.shivpuran.com/index.php?page=history&id=2
 12. http://xnepali.net/movies/shiva-linga-%E2%80%93-why-worship-the-shiva-phallus/
 13. http://www.astrojyoti.com/lingapurana-3.htm

Mar 5, 2013

ആറാം ഇന്ദ്രിയമോ? അയ്യേ!!

ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള 'സൂപ്പര്‍ നാച്ചുറല്‍' കഴിവിനെയാണ് പൊതുവേ സിക്സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്‍റെ നായകന്റെ സിക്സ്ത്ത് സെന്‍സ്. ഈ 'പഞ്ചേന്ദ്രിയങ്ങള്‍' എന്ന്‍ പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളുടെ കഴിവിനെ കുറച്ചു കാണുകയാണ് ചെയ്യുന്നത് എന്നറിയുമോ?

സ്കൂള്‍ ക്ലാസുകള്‍ മുതല്‍ നമ്മള്‍ മിക്കവരും മനസിലാക്കി വെച്ചിരിക്കുന്നത് മനുഷ്യന്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിങ്ങനെ തന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. അങ്ങ് ക്രിസ്തുവിനും മുന്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആണ് ഈ 'അഞ്ച് ഇന്ദ്രിയങ്ങള്‍' എന്ന ആശയം ഉണ്ടാക്കിയത്. ഇന്ന്‍ 'മനുഷ്യന് എത്ര ഇന്ദ്രിയങ്ങള്‍ (sense organs) ഉണ്ട്?' എന്ന ചോദ്യത്തിന് അഞ്ച് എന്ന ഉത്തരം വളരെ ചെറുതാണ്. ശാസ്ത്രം ഒരുപാട് പുതിയ സെന്‍സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ഇന്ന്. നമ്മള്‍ ഏത് രീതിയില്‍ എണ്ണുന്നു എന്നതിനനുസരിച്ച്, ഇന്നത്തെ കണക്കില്‍ മനുഷ്യനുള്ള ഇന്ദ്രിയങ്ങളുടെ എണ്ണം 10 മുതല്‍ 20 വരെ ആണ്.  ഞാന്‍ പാരാ സൈക്കോളജി അല്ല കേട്ടോ പറയുന്നത്. പച്ചയായ ജീവശാസ്ത്രം തന്നെയാണ്.

ഒരു സെന്‍സ്/സംവേദനം നമുക്ക് സ്വീകരിക്കണം എങ്കില്‍ അതിന് ഒരു സെന്‍സര്‍/സംവേദിനി ആവശ്യമാണ്. ഒരു പ്രത്യേകതരം സെന്‍സ് സ്വീകരിക്കാന്‍ ഒരു പ്രത്യേക സെന്‍സര്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും. ഉദാഹരണത്തിന്, നമ്മുടെ കണ്ണില്‍ രണ്ടു തരം സെന്‍സര്‍ കോശങ്ങള്‍ ഉണ്ട്. കോണ്‍, റോഡ് എന്നിങ്ങനെയാണ് അവയ്ക്കു പേര്. കോണ്‍ കോശങ്ങള്‍ നല്ല പ്രകാശം ഉള്ള സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ. നിറങ്ങള്‍ തിരിച്ചറിയുക എന്നതാണു അവയുടെ ജോലി. എന്നാല്‍ റോഡ് കോശങ്ങള്‍ വളരെ മങ്ങിയ പ്രകാശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്കു നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല. ഈ രണ്ടു കോശങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് ചെയ്യുന്നത്. പ്രകാശം എന്ന സംവേദനം അവയില്‍ കിട്ടുന്ന സമയത്ത്, ഉദ്ദീപിപ്പിക്കപ്പെട്ട് ആ സന്ദേശം തലച്ചോറിനെ അറിയിക്കുക. അതായത് റോഡ്-കോണ്‍ കോശങ്ങള്‍ പ്രകാശസെന്‍സറുകള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇതുപോലെ ചെവികള്‍ക്കുള്ളില്‍ ശബ്ദസെന്‍സറുകളും, മൂക്കിനുള്ളില്‍ ഗന്ധസെന്‍സറുകളും ഉണ്ട്. സെന്‍സറുകള്‍ അവരവരുടെ ജോലി മാത്രം ചെയ്യുന്ന കണിശക്കാരായ സ്റ്റാഫ് ആണ്. മൂക്കിലെ സെന്‍സര്‍ പ്രകാശത്തിന്റെ കാര്യത്തിലോ ചെവിയിലെ സെന്‍സര്‍ ഗന്ധത്തിന്റെ കാര്യത്തിലോ ഇടപെടില്ല എന്ന്‍ സാരം. കൃത്യമായി പറഞ്ഞാല്‍, എത്ര തരം സെന്‍സറുകള്‍ ഉണ്ട് എന്നതാണ് യഥാര്‍ത്ഥത്തില്‍ സെന്‍സുകളുടെ എണ്ണം, അവയവങ്ങളുടെ എണ്ണമല്ല. നമ്മള്‍ ഒറ്റ സെന്‍സ് എന്ന്‍ കരുതിയിരുന്ന പലതും വ്യത്യസ്തങ്ങളായ പല സെന്‍സുകള്‍ ചേര്‍ന്നതാണ്.

ഇന്ന് Traditional Senses എന്ന്‍ വിളിക്കുന്ന കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി എന്നിവയ്ക്കു പുറമെ തിരിച്ചറിയപ്പെട്ടിട്ടുള്ള മറ്റ് ചില പ്രധാനപ്പെട്ട സെന്‍സുകള്‍ ഇവയാണ് (ഇവയ്ക്കൊന്നും മലയാളം പേരുകള്‍ ഉള്ളതായി എനിക്കറിയില്ല കേട്ടോ):

1. Equilibrioception
ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്ന്‍ പോകുമ്പോ ശരീരം താഴെ വീഴാതെ നോക്കുന്ന ഒരു 'ബോധം' ഇല്ലേ? ഈ സെന്‍സ് ആണത്. ഇതിന് ആവശ്യമായ സെന്‍സറുകള്‍ നമ്മുടെ ചെവികള്‍ക്കുളിലാണ് ഉള്ളത്. ചെവിയുടെ ഉള്‍ഭാഗത്തെ പ്രത്യേക കനാലുകളില്‍ ഉള്ള ദ്രാവകത്തിന്റെ ചലനമാണ് ഈ സെന്‍സറുകള്‍ നിരീക്ഷിക്കുന്നത്. ഇത് പരിശോധിച്ചാണ് തലച്ചോറ് ശരീരത്തിന്റെ ചലനം, ദിശ, വേഗത ഇവയൊക്കെ മനസിലാക്കുന്നത്. [കൂടുതല്‍ ഇവിടെ]

2. Thermoception
ചൂടും തണുപ്പും തിരിച്ചറിയാനും നമ്മുടെ ശരീരത്തില്‍ സെന്‍സുകള്‍ ഉണ്ട്. സ്പര്‍ശം എന്നതുപോലെ തന്നെ ഇവയും തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. 'ഹോ! ഇന്ന്‍ ചൂട് ഭയങ്കര കൂടുതലാണല്ലോ!' എന്ന്‍ നമ്മള്‍ കാലാവസ്ഥയെ വിലയിരുത്തുമ്പോ ഈ സെന്‍സ് ആണ് ഉപയോഗിക്കുന്നത്.
[കൂടുതല്‍ ഇവിടെ]


3. Proprioception
സ്വന്തം ശരീരഭാഗങ്ങളുടെ ആപേക്ഷികസ്ഥാനം നമ്മള്‍ അറിയുന്നത് ഈ സെന്‍സ് വഴിയാണ്. ഇരുട്ടത്തിരുന്ന് ആഹാരം കഴിച്ചാലും കൃത്യമായി കൈ വായിലേക്ക് തന്നെ പോകില്ലേ? ഇതാണ് കാര്യം. നിങ്ങള്‍ക്ക് കണ്ണടച്ച് പിടിച്ചുകൊണ്ട് ഇടത്തെയും വലത്തെയും ചൂണ്ടുവിരല്‍ തുമ്പുകള്‍ പരസ്പരം മുട്ടിക്കാന്‍ കഴിയുന്നത് ഈ സെന്‍സ് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. സ്പര്‍ശം അറിയുന്ന സെന്‍സുമായി ചില കാര്യങ്ങളില്‍ ഇതിന് ബന്ധമുണ്ട്. [കൂടുതല്‍ ഇവിടെ]

4. Nociception
നല്ലൊരു ഇടി കിട്ടുമ്പോ നമുക്ക് വേദന തോന്നും അല്ലേ? അവിടെ നമ്മള്‍ സ്പര്‍ശം എന്ന സെന്‍സ് അല്ല ഉപയോഗിക്കുന്നത്, നോസിസെപ്ഷന്‍ ആണ്. കോശങ്ങള്‍ക്കൊ ഞരമ്പുകള്‍ക്കൊ കേടുപാടുകള്‍ വരുത്താവുന്ന ഉദ്ദീപനങ്ങളെ തലച്ചോറിനെ അറിയിക്കുന്ന ജോലിയാണ് ഈ സെന്‍സിന്. അപകടങ്ങളിലേക്ക് നമ്മുടെ അടിയന്തിര ശ്രദ്ധ കൊണ്ട് വന്ന് അവ ഒഴിവാക്കാന്‍ ഈ സെന്‍സ് സഹായിക്കുന്നു. കൈ പൊള്ളും എന്ന സാധ്യത മുന്‍കൂട്ടി കണ്ടു തീയില്‍ നിന്നും കൈവലിക്കാന്‍ നമ്മുടെ ശരീരത്തിനു കഴിയുന്നത് ഇതുകൊണ്ടാണ്. തൊലി, അസ്ഥി-അസ്ഥി സന്ധികള്‍, മറ്റ് ശരീരാവയവങ്ങള്‍ എന്നിവിടങ്ങളിലായി പ്രധാനമായും മൂന്ന്‍ തരം വേദനാ സെന്‍സറുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട്. [കൂടുതല്‍ ഇവിടെ]

5. Chronoception
സമയം കടന്ന്‍ പോകുന്നത് മനസിലാക്കാന്‍ നമ്മുടെ തലച്ചോറിനെ സഹായിക്കുന്ന സെന്‍സ് ആണിത്. ഇത് മറ്റ് സെന്‍സുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ഒന്നാണ്, കാരണം നേരിട്ടു സമയം അളക്കാന്‍ തലച്ചോറിന് കഴിയില്ല. മില്ലിസെക്കന്‍റുകളോളം ചെറിയ സമയം മുതല്‍ വര്‍ഷങ്ങളോളം നീളുന്നവ വരെ മനുഷ്യനു അനുഭവഗോചരമാണ് എന്നാണ് നിരീക്ഷണം. [കൂടുതല്‍ ഇവിടെ]

ഇനി ഇതുവരെയും വിളിക്കാന്‍ പറ്റിയ പേര് ഇടപ്പെട്ടിട്ടില്ലാത്ത ചില സെന്‍സുകള്‍ ഇവ ഉള്‍പ്പെട്ടതാണ്;
 • ശ്വാസകോശത്തിന്റെ വികാസം മനസിലാക്കി ശ്വസനനിരക്ക് നിര്‍ണയിക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
 • കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് മനസിലാക്കി ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
 • രക്തത്തിലെ ലവണങ്ങളുടെ നില (Salt level) മനസിലാക്കി അവ ഒരുപാട് കൂടിയാല്‍ ദാഹം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
 • ദേഷ്യമോ സങ്കടമോ വരുമ്പോഴോ പ്രണയപരവശരാവുമ്പോഴോ ഉണ്ടാവുന്ന കവിള്‍ തുടുക്കലിനെ നിയന്ത്രിക്കുന്ന സെന്‍സറുകള്‍
 • വിഴുങ്ങുമ്പോഴും ഛര്‍ദിക്കുമ്പോഴും ഉണ്ടാകുന്ന വിശേഷവികാരങ്ങള്‍ ഉണ്ടാക്കുന്ന, അന്നനാളത്തിലെ സെന്‍സറുകള്‍
 • മൂത്രാശയവും മലാശയവും നിറയുന്ന അവസ്ഥ മനസിലാക്കി 'ഒന്നിനോ രണ്ടിനോ പോകാനുള്ള' ആവശ്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
 • മര്‍ദ്ദവും (pressure) ചൊറിച്ചിലും (itching) തിരിച്ചറിയുന്ന സെന്‍സറുകള്‍
ഇപ്പോ മനസിലായില്ലേ? തനിക്ക് ആറാം ഇന്ദ്രിയം ഉണ്ട് എന്ന്‍ വീമ്പ് പറയുന്നവരെ ഇനി ധൈര്യമായി കളിയാക്കാം, "അയ്യേ!! ആറേ ഉള്ളോ?" എന്ന്‍.


അധികവായനയ്ക്ക്:
 1. Humans Have A Lot More Than Five Senses
 2. How many senses does a human being have?
 3. Sense