Apr 7, 2013

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

സസ്യാഹാരത്തിന്റെ ശാസ്ത്രം എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ നന്നായി പ്രചരിച്ച് കഴിഞ്ഞ ഈ പോസ്റ്റിലെയും ഇനി ഇറങ്ങാന്‍ സാധ്യതയുള്ള വകഭേദങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന്‍ കാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.

ആദ്യമേ പറയട്ടെ, ഇത് സസ്യാഹാരശീലത്തിന് എതിരായ ഒരു വാദമല്ല. മറിച്ച്, ആഹാരശീലം വ്യക്തിപരമായ ചോയ്സ് ആണെന്നും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല എന്നുമുള്ള അഭിപ്രായപ്രകടനവും, ദുഷ്പ്രചരണങ്ങളിലെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു ശ്രമവുമാണ്.

ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന് മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധര്‍മപുത്രരോട് സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു സ്വന്തം ബന്ധുക്കള്‍ ഇറച്ചിക്കത്തിയ്ക്ക് ഇരയാകുന്ന അവസ്ഥയൊക്കെ ഓര്‍മിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നത് വരെ എത്തുന്നുണ്ട്.  ചുരുക്കത്തില്‍, അണ്ടകടാഹത്തിലെ സകല ശാസ്ത്രസാങ്കേതിക തത്വങ്ങളും ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കുന്നു എന്ന്‍ അവകാശപ്പെടുന്ന നമ്മുടെ പുരാണങ്ങളില്‍ നിന്നും മാംസാഹാരശീലത്തിനെതിരെ ഒരു എത്തിക്കല്‍ വാദം ഊറ്റിയെടുക്കാനാണ് ശ്രമം. "ഏയ്... ഞങ്ങള്‍ അങ്ങനെ മൃഗങ്ങളെ കൊന്ന്‍ തിന്നുന്ന ദുഷ്ടന്മാര്‍ അല്ല" എന്ന മട്ടില്‍ സനാതനധര്‍മ്മം പക്കാ വെജിറ്റേറിയന്‍ ആണെന്ന്‍ സ്ഥാപിക്കലാവണം ഉദ്ദേശ്യം. പക്ഷേ അവിടെ ലേഖകന്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്ന ചില കാര്യങ്ങള്‍ ഒന്ന്‍ പരിചയപ്പെടാം.

ഏറ്റവും പ്രധാനം ഹിന്ദു സംസ്കാരം ഒരിക്കലും പൂര്‍ണ സസ്യാഹാരശീലത്തില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് തന്നെ. വൈദിക സനാതന ധര്‍മ്മത്തിന്റെ ആണിക്കല്ലായ മനുസ്മൃതി(1) അഞ്ചാം അധ്യായത്തില്‍ കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ ജീവികള്‍ ഏതൊക്കെയെന്ന് ഒന്നൊന്നായി പരാമര്‍ശിക്കുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയൊക്കെ തിന്നാവുന്ന ജീവികളുടെ കൂട്ടത്തില്‍ പെടും. പാഠിനം, രോഹിതം തുടങ്ങിയ മത്സ്യങ്ങളും കഴിക്കാമത്രേ (5.16) . മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:

ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച  പ്രാണിനോ അത്താര ഏവ ച || 5-30
[തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.]
 
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
[ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും.]


നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35
[മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.] 

മൃഗങ്ങളെ കൊല്ലുന്നതിലെ എത്തിക്‍സിനെ കുറിച്ച് വികാരഭരിതനാവുന്ന ലേഖകന്‍ കുതിരയെ ബലികൊടുക്കുന്ന അശ്വമേധം എന്ന പ്രസിദ്ധമായ ഭാരതീയ യാഗത്തെ മറക്കുന്നു. അങ്ങനെ ബലി നല്കിയ കുതിരയുടെ മാംസം എങ്ങനെ വീതിക്കണം എന്ന്‍ വിവരിക്കുന്ന ഋഗ്വേദത്തെ മറക്കുന്നു (2, 3, 4). വേദകാലത്ത് കുതിര ഉള്‍പ്പടെ നൂറുകണക്കിന് മൃഗങ്ങളെ ബലികൊടുത്തിരുന്നു. വേദാചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശതപഥബ്രാഹ്മണം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന്  പറയുന്നുണ്ട് (5). വേദകാലത്ത് ബീഫ് പോലും കഴിക്കപ്പെട്ടിരുന്നു, പശു ഒരു മൂല്യമുള്ള സമ്പാദ്യമെന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍ പശുമാംസം കഴിക്കുന്നത് പിന്നീട് നിരോധിക്കപ്പെട്ടതാണ് (6). ഇതെല്ലാം പോട്ടെ, രാമായണത്തില്‍ വനവാസത്തിന് പോയ രാമനെ തേടിയെത്തുന്ന ഭരത രാജകുമാരന് ആദിവാസികള്‍ മദ്യവും മീനും ഇറച്ചിയും ഒക്കെ 'ട്രീറ്റ്' കൊടുക്കുന്നത് ഉള്‍പ്പടെ രാമായണത്തിലും മാംസഭക്ഷണത്തെ സാധാരണ കാര്യമെന്ന പോലെ  വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ വൈദ്യശാസ്ത്രത്തിലെ അതുല്യപ്രതിഭയായി കണക്കാക്കപ്പെടുന്ന സുശ്രുത സംഹിതയിലും മത്സ്യ-മാംസാദികള്‍ ഭക്ഷിക്കുന്നതിനെ പറ്റി പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരം, ബീഫ് അഥവാ നമ്മുടെ മേല്‍പ്പടി ശാസ്ത്രജ്ഞന്‍റെ ഭക്തന്മാര്‍ പാടി നടക്കുന്ന 'ഗോമാതാവിന്റെ' ഇറച്ചി, പല രോഗങ്ങള്‍ക്കും നല്ല ഔഷധമായി സുശ്രുതന്‍ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് (7). ഇങ്ങനെ, ഒന്ന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ പറയുന്ന സനാതനസംസ്കാരത്തില്‍ മാംസാഹാരം തീരെ അന്യമായിരുന്നില്ല എന്നതിന് എത്രയെങ്കിലും തെളിവുകള്‍ കിട്ടും.

എന്നാല്‍ താന്‍ വെറും സനാതനന്‍ മാത്രമല്ല, ഒരു ഗംഭീരന്‍ ശാസ്ത്രജ്ഞന്‍ കൂടിയാണെന്ന് തെളിയിക്കാന്‍ ലേഖകന്‍ ചില 'ശാസ്ത്രീയ വാദങ്ങള്‍' കൂടി അക്കമിട്ട് നിരത്തുന്നുണ്ട്. പലതും അവ്യക്തമായ ഊഹാപോഹങ്ങള്‍ ആണെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പോന്നവയാണ്. അവയില്‍ ചിലതിനോടുള്ള പ്രതികരണം താഴെ. ഇറ്റാലിക്സില്‍ കാണിക്കുന്ന വാചകങ്ങള്‍ ഒറിജിനല്‍ പോസ്റ്റിലെതാണ്

1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ്‌ ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.
 ഈ പറഞ്ഞ ആസിഡുകള്‍ ശരീരത്തിന് അത്യന്താപേക്ഷികം തന്നെയാണ്. പക്ഷേ അവയുടെ സ്രോതസ്സ് സസ്യാഹാരം മാത്രമാണ് എന്നത് തെറ്റാണ്. അയല, ചൂര, കോര, മത്തി തുടങ്ങിയ മത്സ്യങ്ങളിലും കോഴിമുട്ടയിലും ബീഫ് കൊഴുപ്പിലും നിന്നൊക്കെ ഇവ ലഭ്യമാണ്. (8)

2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.

വിറ്റാമിനുകളെ കുറിച്ച് സ്കൂളിലെങ്കിലും പഠിച്ചിട്ടുള്ളവര്‍ ഇത് കേട്ടാല്‍ ചിരിക്കും. അത് ഓര്‍മ്മയില്ലാത്തവര്‍ വിറ്റാമിനുകളുടെ സ്രോതസ്സുകളെ കുറിച്ച് ഇവിടെ വായിക്കുക. കൂട്ടത്തില്‍ ചിക്കനും മട്ടണും മുട്ടയും മീനും ഒക്കെ ഉണ്ടെന്ന്‍ കാണാം.

8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.
ഇത് വളരെ ദുരൂഹമായ ഒരു വാദമാണ്. പുക ഉണ്ടാക്കി എവിടെയോ തീ ഉണ്ടെന്ന്‍ തോന്നിപ്പിക്കുന്ന ട്രിക്ക്.
9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
അപ്പോ കീടനാശിനികളുടെ തുടക്കം പുല്ലുകളിലും വൈക്കോലിലും ഒക്കെയാണ്. അവ സസ്യാഹാരം ആണെന്നത് മറന്നോ? ബയോമാഗ്നിഫിക്കേഷന്‍ (Biomagnification) മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യശരീരത്തിലും സംഭവിക്കുന്നതാണ്. കീടനാശിനികള്‍ ചേര്‍ന്ന പച്ചക്കറികളും മറ്റും ഉപയോഗിക്കുക വഴി ഇതേ അപകടം മനുഷ്യശരീരത്തില്‍ നേരിട്ടും സംഭവിക്കാം.

10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം 101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.
ഈ കിറുകൃത്യമായ 101 ഡിഗ്രിയുടെയും 165 ഡിഗ്രിയുടെയും ഒക്കെ കണക്ക് എവിടന്ന് വരുന്നു എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. വെജിറ്റേറിയന്‍ കറികള്‍ ഉണ്ടാക്കുമ്പോ എത്രയാ താപം എന്ന്‍ പറഞ്ഞില്ലല്ലോ? അത് ഇറച്ചി പാകം ചെയ്യുന്നതിനെക്കാള്‍ കൂടുതലോ കുറവോ എന്ന്‍ പറഞ്ഞില്ലല്ലോ? അതില്ലാതെ ഈ പോയിന്‍റ് എങ്ങനെയാണ് മാംസാഹാരത്തിന് മുകളില്‍ സസ്യാഹാരത്തിന്റെ മേന്മ ആവുന്നത്? മിക്ക കെമിക്കല്‍ കീടനാശിനികളെയും നീര്‍വീര്യമാക്കാന്‍ സാധാരണ പാചകം അത്ര പര്യാപ്തമല്ല, അത് സസ്യാഹാരമായാലും മാംസാഹാരമായാലും. പാചകത്തിന് മുന്‍പുള്ള ശുചിയാക്കല്‍ ആണ് ഏറ്റവും പ്രധാനം.

11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
ഇതും അവ്യക്തമായ വാദങ്ങളാണ്. വിഷവസ്തുക്കള്‍, വിഷദ്രവ്യങ്ങള്‍ എന്നൊക്കെയുള്ള സാമാന്യപദങ്ങള്‍ വെറുതെ പറയുന്നതല്ലാതെ അവ ഏതൊക്കെയെന്നോ അവ എങ്ങനെ അപകടം ഉണ്ടാക്കുന്നു എന്നോ പറയുന്നില്ല.  രണ്ടാമത്തെ പോയിന്റില്‍ 'ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത' വിഷവസ്തുക്കളെ കുറിച്ചാണ് പറയുന്നതും!

13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.
 എന്നാര് പറഞ്ഞു തന്നു? സ്യൂഡോമോണസ്, സാല്‍മോണല്ല തുടങ്ങിയ ബാക്ടീരിയ അണുബാധകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.
 ഇത് ശരിയല്ല. ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യശരീരം സര്‍വികഭുക്ക് (omnivorous) രീതിയില്‍ ഉള്ളതാണ് എന്നതാണ്(10). നമ്മുടെ പൂര്‍വികര്‍ ഗുഹാവാസികള്‍ ആയിരുന്ന കാലം മുതലേ വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവര്‍ ആയിരുന്നു എന്നോര്‍ക്കുക.
17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.
ആയിക്കോട്ടെ. പക്ഷേ വിറ്റാമിന്‍ A-യുടെ ഏറ്റവും സമ്പന്ന സ്രോതസ്സ് ആയ code liver oil, ബീഫ്, പോര്‍ക്ക്, മത്സ്യം, ടര്‍ക്കി തുടങ്ങിയവയുടെ കരള്‍, മുട്ട എന്നീ ആഹാരങ്ങളെ സൌകര്യപൂര്‍വം അങ്ങ് മറന്നു അല്ലേ? (11) ഇനി വാര്‍ധക്യം തടയുന്ന കാര്യം. ഇവിടെ വിറ്റാമിന്‍ A മാത്രം പരാമര്‍ശിക്കേണ്ട കാര്യം എന്താണ്. വിറ്റാമിന്‍ E, C, K, B-3 എന്നിവയും വര്‍ധക്യത്തിനെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ആണ്. (12) ഇവയും സസ്യ-മാംസ സ്രോതസ്സുകളില്‍ നിന്ന്‍ ഏതാണ്ട് ഒരുപോലെ ലഭ്യവുമാണ്.

18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.
21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.
22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ്‌ കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.
ഇതൊന്നും സസ്യാഹാരത്തിന് മാംസാഹാരത്തിന് മേല്‍ മഹത്വം നല്കാന്‍ പോന്ന ശാസ്ത്രീയ വിശദീകരണങ്ങള്‍ അല്ല (സസ്യാഹാരത്തിന്റെ ശാസ്ത്രം എന്നാണല്ലോ തലക്കെട്ട്). നല്ല ഭക്ഷണം തെരെഞ്ഞെടുക്കാന്‍ കഴിവില്ല എന്നുണ്ടെങ്കില്‍, കഴിക്കാന്‍ പോകുന്ന ഭക്ഷണം നേരെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ സസ്യാഹാരി ആയാലും മാംസാഹാരി ആയാലും പണി കിട്ടും. അത് ഒരു ആഹാരരീതിയ്ക്ക് മറ്റൊന്നിന് മേല്‍ ഉള്ള മഹത്വമല്ല, കഴിക്കുന്നവന്റെ വകതിരിവോ ചിലപ്പോ സാഹചര്യങ്ങളുടെ പ്രത്യേകതയോ ഒക്കെയാണ് കാണിക്കുന്നത്.  
19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.
 ഈ പറയുന്ന തവിടും പിണ്ണാക്കും എല്ലാം സസ്യാഹാരത്തിന്റെ ഭാഗമാണെന്ന് മറന്ന്‍ പോയോ! അപ്പോ അതുമായി ബന്ധപ്പെട്ട നെല്ലാഹാരവും മറ്റും കഴിക്കുന്ന മനുഷ്യന്റെ കാര്യമോ? നെല്ല് പോലുള്ള ധാന്യവിളകളെ ബാധിക്കുന്ന അഫ്ലാടോക്സിന്‍ (Aflatoxin, അഫ്ലോടോക്സിന്‍ അല്ല) അണുബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സസ്യാഹാരത്തില്‍ നിന്നാണ് താനും.

ഒന്ന്‍ മറ്റൊന്നിനെ ആഹരിക്കുക എന്നത് (മനുസ്മൃതി പറയുന്ന പോലെ) പ്രകൃതിയുടെ രീതിയാണ്. കൊല്ലുന്നതിലെ പാപവും പുണ്യവും നോക്കിയാല്‍ സിംഹവും പുലിയും ഒക്കെ പട്ടിണി കിടന്ന്‍ ചാവുമല്ലോ! എന്നാല്‍ അമിതമായ അളവിലും മതിയായ ശുചിത്വപരിഗണനകള്‍ നടത്താതെയുമുള്ള ഉപയോഗത്തില്‍ ഒഴികെ, മാംസാഹാരം സസ്യാഹാരത്തെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല.  സസ്യാഹാരശീലത്തിനു ലോകമെങ്ങും പ്രചാരകര്‍ ഒരുപാടുണ്ട്. പല കാരണങ്ങളാല്‍ മാംസാഹാരത്തെ അവര്‍ ആക്രമിക്കാറുമുണ്ട്. പരിഷ്കൃത മനുഷ്യന്റെ സാമൂഹിക ക്രമം വെച്ച് മാംസഭക്ഷണത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല (13). രണ്ട് വശത്തും ന്യായം കണ്ടെത്താന്‍ കഴിയും എന്നതിനാല്‍ തന്നെ, അത് ഇനിയും ലോകമെങ്ങും തുടരും. പക്ഷേ ഇങ്ങനെ ഉഡായിപ്പ് നമ്പറുകള്‍ ഇറക്കി സസ്യാഹാരത്തിന്റെ മഹത്വം സ്ഥാപിച്ചെടുക്കേണ്ട കാര്യമുണ്ടോ? പിന്നെ പ്രസ്തുത ലേഖകനില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍, ഒന്നേ ചോദിക്കുന്നുള്ളൂ,
"ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?"

[അവിടെ ഉന്നയിച്ചിരിക്കുന്ന ചില വാദങ്ങളിലെ ഫാക്‍ച്വല്‍ പിശകുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ആ പോസ്റ്റിന്റെ ഉടമ എന്നെ ബ്ലോക്ക് ചെയ്തപ്പോള്‍ ആണ് സസ്യാഹാരം പ്രോല്‍സാഹിപ്പിക്കല്‍ അല്ല, വേറെ ചില സ്ഥാപിത താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ് ഉദ്ദേശ്യം എന്ന്‍ ഉറപ്പായത്. അതിനിപ്പോ ലഭിക്കുന്ന വലിയ പ്രചാരം കൂടി കണ്ടിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്.]

Apr 3, 2013

പ്രണയത്തിന്റെ ശാസ്ത്രം

"താരകരൂപിണി
നീയെന്നുമെന്നുടെ
ഭാവനാ രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്ത തന്‍
ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും."

ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ നോക്കൂ. കാമുകിയെ നക്ഷത്രങ്ങളുടെ രൂപം ഉള്ളവള്‍ ആയിട്ടും ഏകാന്ത ചിന്തയുടെ ചില്ലയില്‍ പൂവിടുന്ന പൂവ് ആയിട്ടുമൊക്കെ കണ്ടുകൊണ്ടുള്ള വര്‍ണ്ണന, അല്ലേ? ഇത് പ്രണയഗാനം ആണെന്ന്‍ നമുക്കറിയാം. ഇനി പ്രണയം എന്ന വികാരത്തെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി ഈ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കിയെ. അയ്യേ!! എന്തൂട്ട് വരികളാ ന്റെ സ്റ്റാ ഇത്?? ശരിയല്ലേ, പ്രണയത്തിന്റെ ഭാഗമാവുമ്പോ മാത്രമല്ലേ ഇത്തരം 'ഓവര്‍ വരികള്‍' കാവ്യഭംഗി ഉള്ളതാകുന്നത്? ഇതുപോലെ നമ്മുടെ എല്ലാ മഹാന്മാരായ കവികളും പ്രണയത്തെയും പ്രണയബദ്ധമായ വികാര-വിചാരങ്ങളെയും കുറിച്ച് 'കടന്ന വരികള്‍' എഴുതി തള്ളിയിട്ടുണ്ട്. പ്രണയം എന്ന ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ 'കൊഞ്ചം ഓവറാ തെരിയുന്ന' വരികള്‍ ആകുമായിരുന്നവ. ഇതിപ്പോ എന്താ അതിന്റെ രഹസ്യം എന്നൊന്ന് പരിശോധിച്ചാലോ?

പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവര്‍ ദയവായി വടിയെടുക്കരുത്, ഇതിപ്പോ ഇത്തിരി സയന്‍സ് ആണ് നമ്മള്‍ സംസാരിക്കാന്‍ പോകുന്നത്. അതേ, സ്നേഹത്തിന്റെ ശാസ്ത്രം അല്ലെങ്കില്‍ സയന്‍സ് ഓഫ് ലവ്! ഇതില്‍ പ്രണയം എന്ന റൊമാന്‍റിക് സ്നേഹത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എങ്കിലും പലതും പൊതുവായ സ്നേഹബന്ധങ്ങള്‍ക്കും ബാധകമാണ് കേട്ടോ.

പ്രണയം- ഒരു കുടുംബം തൊട്ട് തുടങ്ങി ഒരു സമൂഹത്തെ വരെ മൊത്തത്തില്‍ ഒട്ടിച്ച് നിര്‍ത്തുന്ന വികാരം. എണ്ണമറ്റ കലാസൃഷ്ടികള്‍ക്ക് പ്രചോദനം നല്കിയ, ഭാവനയ്ക്ക് എമണ്ടന്‍ ചിറകുകള്‍ ഫിറ്റ് ചെയ്യാന്‍ കഴിവുള്ള വികാരം. ആയിരക്കണക്കിന് കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും എന്ന്‍ വേണ്ട മഹായുദ്ധങ്ങള്‍ക്കും വരെ കാരണമായിട്ടുള്ള വികാരം. അതേ സാധനത്തെയാണ് നമ്മള്‍ ഇന്നിവിടെ മേശപ്പുറത്തിട്ട് കീറി മുറിയ്ക്കാന്‍ പോകുന്നത്. നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രയോഗം ഇല്ലേ, 'പ്രണയിതാക്കളുടെ രസതന്ത്രം' (Chemistry between lovers)? അത് ചുമ്മാ ഒരു ശൈലീപ്രയോഗം അല്ല കേട്ടോ. സ്നേഹം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരീരത്തില്‍ കുറെ കെമിക്കല്‍സ് ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു മെഗാഷോ പരിപാടി തന്നെയാണ്. പ്രണയവുമായി ബന്ധപ്പെട്ട 'സ്പെഷ്യല്‍ ഇഫക്ടുകളുടെ' എല്ലാം രഹസ്യം സയന്‍സ് ഏതാണ്ട് പൂര്‍ണമായി മനസിലാക്കിയിട്ടുണ്ട്. പ്രണയം ഒരിയ്ക്കലും ഒരു സന്തോഷ് പണ്ഡിറ്റ് സിനിമ പോലെയല്ല. അതില്‍ ഓരോരോ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്ത ഓരോരോ ആളുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. അവരുടെ പ്രവര്‍ത്തനം നമുക്കൊന്ന് അടുത്തറിയാന്‍ ശ്രമിക്കാം.

സയന്‍സിന്റെ കണ്ണില്‍ പ്രണയത്തെ മൂന്ന്‍ ഘട്ടങ്ങളായി തിരിക്കാം: Lust, Attraction, Attachment. ഇവകള്‍ക്കുള്ള മലയാളം വാക്കുകള്‍, തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം സമാന അര്‍ത്ഥങ്ങള്‍ ഉള്ളവ ആയതിനാല്‍ നമുക്ക് തത്കാലം ഇവയെ സായിപ്പിന്റെ ഭാഷയില്‍ തന്നെ വിളിക്കാം. ഈ ഘട്ടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് അത്ര കൃത്യമൊന്നും അല്ല. ഓരോ ഘട്ടത്തിലും വ്യത്യസ്ഥ കെമിക്കലുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇതിന്റെ മാനദണ്ഡം. ഈ കെമിക്കലുകള്‍ എന്ന്‍ പറഞ്ഞത്, നമ്മുടെ ശരീരത്തിലെ സന്ദേശവാഹകര്‍ ആയ ഹോര്‍മോണുകള്‍ തന്നെ ആണ്. അവരെയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഒരു കാര്യം ഇപ്പോഴേ പറയാം, ഇവരില്‍ ചിലരുടെ പേരുകള്‍ അത്ര പെട്ടെന്ന് വായില്‍ കൊണ്ടില്ല എന്ന്‍ വരും. കാര്യമാക്കണ്ട, അങ്ങനെ വന്നാല്‍ പേരുകള്‍ അങ്ങ് വിട്ടുകളഞ്ഞേക്കൂ, പൂച്ചയുടെ പേര് ടിക്കു ആയാലും റിച്ചാര്‍ഡ് പാര്‍ക്കര്‍ ആയാലും എലിയെ പിടിക്കുന്നതാണല്ലോ പ്രധാനം!

ഒന്നാം ഘട്ടം: Lust

ഇതാണ് ഇന്‍ട്രൊഡക്ഷന്‍ സീന്‍! രണ്ടുപേരാണ് ഇതിന് ഉത്തരവാദികള്‍, ടെസ്റ്റോസ്റ്റീറോണും (testosterone) ഈസ്ട്രജനും (estrogen). കൌമാരകാലത്താണ് ഇവര്‍ ഡ്യൂട്ടി തുടങ്ങുക. ഇതിന്റെ ആരംഭം സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം ആണ്.  തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൌതുകമാണ് ആദ്യലക്ഷണം. 'പുറത്തു പറയാന്‍ കൊള്ളാത്ത' ചിന്തകളും സ്വപ്നങ്ങളും ഈ സ്റ്റേജില്‍ വല്ലാതെ നമ്മളെ പിന്‍തുടരും. ഈ സമയത്ത് എതിര്‍ലിംഗത്തിലുള്ള ആളുകളോട് ആകര്‍ഷണം തോന്നാമെങ്കിലും ഇത് 'പ്രണയം' അല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. Lust-ഉം പ്രണയവും രണ്ടു വ്യത്യസ്ഥ രാസപ്രവര്‍ത്തനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കാര്യങ്ങളാണ്. Lust- എന്നത് പ്രത്യുല്‍പാദനത്തിന് വേണ്ടിയും പ്രണയം (സ്നേഹം) കുഞ്ഞുങ്ങളോടുള്ള അടുപ്പത്തിന് വേണ്ടിയും പരിണാമപ്രക്രിയ നമ്മുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതാണത്രേ. നിങ്ങളുടെ റൊമാന്‍റിക് പങ്കാളിയോട് നിങ്ങള്‍ക്ക് Lust തോന്നാതിരിക്കുന്നതും മറ്റൊരാളോട് തോന്നുന്നതും എല്ലാം സയന്‍സിന്റെ കണ്ണില്‍ നോര്‍മല്‍ കാര്യങ്ങളാണ്.

പ്രണയത്തിന്റെ ഈ ഘട്ടത്തെ കുറിച്ച് പറയുമ്പോള്‍ ഫിറമോണുകളെ കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല. മൃഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകള്‍. ഉറുമ്പുകള്‍ വരി തെറ്റാതെ സഞ്ചരിക്കുന്നതൊക്കെ ഉദാഹരണമാണ്. മനുഷ്യരില്‍ ഇവയ്ക്ക് പങ്കൊന്നും ഇല്ലാ എന്നാണ് കരുതിയിരുന്നത് എങ്കിലും അടുത്ത കാലത്ത് ചില പഠനങ്ങള്‍ മറിച്ചാണ് കാണിക്കുന്നത്. വനിതാ ഹോസ്റ്റല്‍ പോലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന യുവതികളില്‍ ഒരേ പോലുള്ള ആര്‍ത്തവചക്രങ്ങള്‍ രൂപം കൊള്ളുന്നത് ഇവയുടെ പ്രവര്‍ത്തനഫലമാണെന്നാണ് ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ പറയുന്നത്. പ്രണയം പോലുള്ള മനുഷ്യന്റെ വൈകാരികവിനിമയത്തിലും ഫിറമോണുകള്‍ക്ക് പങ്കുണ്ടാകും എന്ന്‍ കരുതപ്പെടുന്നു. ഈ മേഖലയില്‍ ഇപ്പൊഴും പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രണ്ടാം ഘട്ടം: Attraction

നമ്മുടെ പൊതുസാഹിത്യം 'പ്രണയം' എന്ന്‍ വിശേഷിപ്പിക്കുന്നതും കഥകളും കവിതകളും എഴുതുന്നതും ഈ ഘട്ടത്തെ മാത്രം ഉദ്ദേശിച്ചാണ്. നേരത്തെ കണ്ട Lust എന്ന ഘട്ടം ഉണര്‍ന്നാലും ഇല്ലെങ്കിലും ഒരു പ്രണയബന്ധം മുന്നോട്ട് പോകണം എങ്കില്‍ Attraction എന്ന ഘട്ടത്തില്‍ എത്തിയേ കഴിയൂ. ഇംഗ്ലീഷില്‍ Infatuation എന്ന്‍ വിളിക്കുന്ന, ആരോടെങ്കിലുമുള്ള 'കണ്‍ട്രോള്‍ പോയ ആകര്‍ഷണമാണ്' ഇതിന്റെ തുടക്കം. ഫിനൈല്‍ ഈഥൈല്‍ അമീന്‍ (Phenylethylamine, PEA), ഡോപമൈന്‍ (Dopamine), നോര്‍-എപ്പിനെഫ്രിന്‍ (Norepinephrine) എന്നീ മൂന്ന്‍ ഹോര്‍മോണുകള്‍ ചേര്‍ന്നാണ് ഈ പ്രൈം ടൈം പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്.
കോശങ്ങള്‍ക്കിടയിലൂടെ ഉള്ള സന്ദേശകൈമാറ്റം ഊര്‍ജ്ജിതമാക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒരുതരം രാസവസ്തു ആണ് PEA. അതിന് ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാനുള്ള കഴിവുണ്ട്. (ഒരു ആംഫിറ്റമൈന്‍ മരുന്ന്‍ എന്ന പോലെ) പ്രണയബദ്ധരായവര്‍ അനുഭവിക്കുന്ന മിക്ക ഫാന്‍റസി വികാരങ്ങള്‍ക്കും, വര്‍ധിച്ച സന്തോഷത്തിനും (Euphoria) ഈ കെമിക്കലാണ് ഉത്തരവാദി. ഒരാളുടെ ശരീരത്തില്‍ എത്രത്തോളം കൂടുതല്‍ PEA ഉണ്ടാകുന്നുവോ അത്രത്തോളം കൂടുതല്‍ അയാള്‍ സ്വന്തം പ്രണയത്തോട് വൈകാരികമായി അടുത്തിരിക്കും. അതുകൊണ്ട് ഇതിനെ പ്രണയതന്‍മാത്ര (Molecule of love) എന്ന്‍ വിളിക്കാറുണ്ട്. (ചിലപ്പോള്‍ കാമദേവന്റെ അമ്പ് PEA-യില്‍ മുക്കിയിട്ടാവും എയ്തിരുന്നത്!) PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു മയക്കുമരുന്ന്‍ എന്നപോലെ അത്യാസക്തി (Addiction) ഉണ്ടാക്കാന്‍ കഴിവുണ്ട് അതിന്.  ഇത് സാമാന്യം നല്ല മതിഭ്രമം ഉണ്ടാക്കാന്‍ പോന്ന ഒന്നാണ്; ചിലപ്പോ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ ഈ കെമിക്കലില്‍ (അല്ലെങ്കില്‍ അത് പുറപ്പെടുവിക്കാന്‍ കാരണമായ സ്രോതസ്സില്‍ (ഇവിടെ പ്രണയഭാജനം), അധിഷ്ഠിതമാണ് എന്ന്‍ തോന്നിപ്പോവും. ഈ സ്റ്റേജില്‍ പല മണ്ടത്തരങ്ങളും കാണിച്ചു എന്നിരിക്കും (ഇല്ലെങ്കില്‍ ലവ് സ്റ്റോറികള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ).  PEA-യുടെ പുറപ്പെടുവിക്കല്‍ വളരെ സംവേദനക്ഷമത ഉള്ളതാണ്, പ്രിയപ്പെട്ട ആളുടെ കൈ പിടിക്കുന്നതോ ചിലപ്പോ കാണുന്നതോ പോലും ഈ കെമിക്കല്‍ രക്തത്തിലേക്ക് ഒഴുകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ പങ്കാളിയുടെ സാന്നിധ്യം നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കും. കാണാത്തപ്പോള്‍ വല്ലാതെ 'മിസ്സ് ചെയ്യുകയും' 'വിരഹവേദന' ഉണ്ടാവുകയും ചെയ്യും. ഇവിടെ രസകരമായ ഒരു കാര്യമുണ്ട്, സമയത്ത് 'സാധനം' കിട്ടാതെ വരുമ്പോ കള്ളുകുടിയന്‍മാര്‍ക്കൊക്കെ വരുന്ന 'വിറ' ഇല്ലേ, അതുപോലെ ഒരു withdrawal symptom ആണ് വിരഹവേദനയും. പ്രണയത്തിന്റെ മേഖലയില്‍ സയന്‍സ് അതിനെ separation anxiety എന്ന്‍ വിളിക്കുന്നു.

PEA-യ്ക്കു ഡോപ്പമൈന്‍റെയും നോര്‍-എപ്പിനെഫ്റിന്‍റെയും പുറപ്പെടുവിക്കല്‍ പ്രേരിപ്പിക്കാന്‍ കഴിയും. ഡോപ്പമൈന് പരമാനന്ദം (bliss) എന്നൊക്കെ പറയാവുന്ന അനുഭൂതികള്‍ ശരീരത്തില്‍ ഉണ്ടാക്കാന്‍ സാധിയ്ക്കും. നോര്‍-എപ്പിനെഫ്രിന്‍ എന്നത് അഡ്രിനാലിന്‍ എന്ന അടിയന്തിര ഹോര്‍മോണിന് (Stress hormone) സമാനമായ ഒരു ഹോര്‍മോണ്‍ ആണ്. ഊര്‍ജസംഭരണശേഷിയുള്ള ഗ്ലൈക്കോജന്‍ പോലുള്ള തന്മാത്രകളുടെ വിഘടനം പ്രോല്‍സാഹിപ്പിച്ച് ആവേശവും (excitement) ഒപ്പം വര്‍ദ്ധിച്ച ഹൃദയമിടിപ്പും ഒക്കെ ഉണ്ടാക്കും. പ്രണയഭാജനത്തോട് ക്ഷീണമൊന്നും ഇല്ലാതെ രാത്രി മുഴുവന്‍ സംസാരിച്ചിരിക്കാന്‍ കഴിയുന്നതിന്റെ സീക്രട്ട് ഇങ്ങനെ കിട്ടുന്ന അധിക ഊര്‍ജ്ജത്തിലാണ്. (വോഡാഫോണും ഐഡിയയും എയര്‍ടെല്ലും ഒക്കെ ഈ കെമിക്കലുകളോട് നന്ദി പറയണം) ഡോപമൈനും നോര്‍-എപ്പിനെഫ്രിനും ചേര്‍ന്ന് കൂടിയ ഊര്‍ജ്ജസ്വലതയും, ഉറക്കമില്ലായ്മയും, അതിയായ ആഗ്രഹങ്ങളും (craving), വിശപ്പില്ലായ്മയും ഒക്കെ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ PEA-യും മറ്റ് രണ്ടു കെമിക്കലുകളും  ചേര്‍ന്നാണ് പ്രണയകഥയുടെ 'ആര്‍ട്ട് ഡയറക്ഷന്‍' നിര്‍വഹിക്കുന്നത്.

ഇവിടെ നമ്മുടെ മൂഡിനെ നിയന്ത്രിക്കുന്ന സെറോടോണിന്‍ (Serotonin) എന്നൊരു ഹോര്‍മോണിനെ കൂടി പരിചയപ്പെടണം. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയത് പ്രണബദ്ധരായ ആളുകളില്‍ സെറോടോണിന്‍ ലെവല്‍ കുറയുന്നു എന്നാണ്. Obsessive Compulsive Disorder (OCD) എന്ന മനോവൈകല്യം ഉള്ളവരില്‍ ഇത് പതിവാണ്. (കൈ എത്ര കഴുകിയാലും, വൃത്തിയായില്ല എന്ന തോന്നല്‍ കാരണം വീണ്ടും വീണ്ടും കൈ കഴുകിക്കൊണ്ടിരിക്കുക, വീട് പൂട്ടി ഇറങ്ങിയിട്ട് വീണ്ടും വീണ്ടും തിരിച്ചുവന്നു പൂട്ടിയിട്ടുണ്ടോ എന്ന്‍ നോക്കുക തുടങ്ങിയവ എല്ലാം OCD-യ്ക്കു ഉദാഹരണങ്ങള്‍ ആണ്) ഇതുകാരണം എവിടെ പോയാലും എന്തു ചെയ്തുകൊണ്ടിരുന്നാലും പങ്കാളിയെ കുറിച്ചുള്ള ചിന്തകള്‍ അലട്ടിക്കൊണ്ടേയിരിക്കും (വെയറെവര്‍ യൂ ഗോ, അയാം ദെയര്‍, ഗാഥാ ജാം!). ഒപ്പം തലച്ചോറിലെ, കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന കഴിവുമായി ബന്ധപ്പെട്ട ചില നാഡീകോശ ശൃംഖലകള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ ഫലമോ? പങ്കാളിയെ സര്‍വശ്രേഷ്ഠമായി കണക്കാക്കാന്‍ തുടങ്ങുന്നു. അവരിലെ നല്ല ഗുണങ്ങള്‍ മാത്രം കണ്ണില്‍പ്പെടുകയും മോശം ഗുണങ്ങള്‍ എല്ലാം അവഗണിക്കപ്പെടുകയും ചെയ്യും. 'പ്രണയത്തിന് കണ്ണില്ല' എന്ന്‍ പണ്ടുള്ളവര്‍ പറഞ്ഞത് തികച്ചും ശാസ്ത്രീയമാണ് എന്നര്‍ത്ഥം! തുടക്കത്തില്‍ പറഞ്ഞ 'ഓവര്‍' വരികള്‍ പ്രണയത്തിന്റെ ഗന്ധം ചേരുമ്പോ ഉല്‍കൃഷ്ടകാവ്യം ആവുന്നതിന്റെ സീക്രട്ട് ഇപ്പോ മനസ്സിലായില്ലേ?

ഇനി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; ചില മരുന്നുകള്‍ PEA-യുടെ പ്രവര്‍ത്തനം തടയും. ഉദാഹരണത്തിന് വിഷാദരോഗത്തിന്റെ ചികിത്സയില്‍ ഉപയോഗിയ്ക്കുന്ന ലിഥിയം അടങ്ങിയ മരുന്നുകള്‍ PEA ഉണ്ടാക്കുന്ന വൈകാരിക ഉയര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വിചിത്രമായി തോന്നാം, വിഷാദരോഗത്തിന് മരുന്ന്‍ കഴിക്കുന്നവര്‍ പ്രണയത്തില്‍ പെടാനുള്ള സാധ്യത കുറയും എന്നര്‍ത്ഥം.

ഇതൊക്കെയാണെങ്കിലും കഷ്ടമെന്നല്ലാതെ എന്തു പറയാന്‍, കൂടിപ്പോയാല്‍ മൂന്നോ നാലോ വര്‍ഷം- അത്രേയുള്ളൂ PEA-യുടെ പ്രതാപം. ഒരിക്കല്‍ അതിന്റെ പ്രവര്‍ത്തനം ഉദീപിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ മൂന്നോ നാലോ വര്‍ഷം കഴിയുമ്പോ അത് പിന്‍വാങ്ങാന്‍ തുടങ്ങും. അതോടെ പരാതി തുടങ്ങും, "നീ ഇപ്പോ പഴയ ആളേ അല്ല. ആകെ മാറിപ്പോയി". മിക്കവാറും അയാള്‍ മാറിയിട്ടേ ഉണ്ടാവില്ല. മാറിയത് നിങ്ങളുടെ കാഴ്ചപ്പാടാണ്. നിങ്ങളുടെ വിലയിരുത്തല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു, കൂടുതല്‍ യുക്തിസഹമാകുന്നു. കാരണം നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിക്കൊണ്ടിരുന്ന കെമിക്കലുകള്‍ പിന്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാല്‍ പങ്കാളിയുടെ ചീത്ത വശങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു തുടങ്ങുന്നു. പല ലവ് സ്റ്റോറികളും 'The End' ആവുന്നത് ഈ ഘട്ടത്തിലാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ PEA-യോടൊപ്പം കെട്ടടങ്ങും. അതോടെ ജോഡികള്‍ അകലാന്‍ തുടങ്ങും. അപ്പോപ്പിന്നെ കാലങ്ങളോളം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്ന എത്രയെങ്കിലും ആളുകള്‍ ഇല്ലേ? അവരുടെ കാര്യമോ? അവിടെയാണ് സ്നേഹത്തിന്റെ മൂന്നാമത്തെ ഘട്ടം.

മൂന്നാം ഘട്ടം: Attachment

ഇതാണ് 'യഥാര്‍ത്ഥ സ്നേഹത്തിന്റെ' ഘട്ടം. Attraction ഘട്ടം കഴിഞ്ഞതോടെ സ്നേഹം ഒരു ത്രില്‍ അല്ലാതെ ആയിരിക്കുന്നു. പക്ഷേ അതിന് സുഖകരമായും ആനന്ദദായകമായും അനുഭവപ്പെടാന്‍ ഇനിയും സാധ്യതകള്‍ ഉണ്ട്. ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നാം ഘട്ടം- Attachment- ആണ് അത്.

ആശ്ലേഷ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഓക്സിറ്റോസിന്‍. ഇവ നമുക്ക് സ്പര്‍ശനത്തോട് സംവേദനം ഉണ്ടാക്കുകയും സ്നേഹപൂര്‍ണമായ ശാരീരികഇടപെടലുകള്‍ക്ക് സുഖമുണ്ടാക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ കൈപിടിക്കുകയോ അവരെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോ ഈ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കപ്പെടുന്നു. അത് നിങ്ങളുടെ റൊമാന്‍റിക് പങ്കാളി തന്നെ അവണമെന്നില്ല കേട്ടോ, അച്ഛനോ അമ്മയോ പെങ്ങളോ ആങ്ങളയോ സുഹൃത്തോ അങ്ങനെ ശാരീരികമായ അടുത്തിടപെടല്‍ സുഖകരമായി തോന്നുന്ന ആരുമാവാം. (ഒരു പിഞ്ചു കുഞ്ഞിന്റെ കവിളത്ത് ഉമ്മ വെക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദം ഓക്സിറ്റോസിന്‍ തരുന്നതാണ്). രതിമൂര്‍ഛ അനുഭവിക്കുന്ന വേളയിലും സ്ത്രീകളില്‍ പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും ഓക്സിറ്റോസിന്‍ കൂടുതലായി ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍. ഇങ്ങനെ വിവാഹിതരായ ദമ്പതികളെ ദീര്‍ഘകാലം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ഓക്സിറ്റോസിന്‍ ആണ്. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ ഇത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളിലാണ് എന്ന്‍ പറയപ്പെടുന്നു. ദീര്‍ഘകാല ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുന്നതില്‍ വാസോപ്രെസ്സിനും എന്‍ഡോര്‍ഫീനുകളും പങ്ക് വഹിക്കുന്നുണ്ട് (പ്രകൃതിദത്ത വേദനാസംഹാരികള്‍ എന്നാണ് എന്‍ഡോര്‍ഫീനുകള്‍ അറിയപ്പെടുന്നത്). ചുരുക്കി പറഞ്ഞാല്‍ Attraction സ്റ്റേജില്‍ അനുഭവിച്ച ത്രില്ലും മനോരാജ്യകല്‍പനകളും ഒന്നുമില്ലെങ്കിലും ഈ കെമിക്കലുകള്‍ ചേര്‍ന്ന് സ്നേഹത്തെ ഒരു സുഖകരമായ അനുഭവമായി നിലനിര്‍ത്തുന്നു. പരസ്പരാശ്രിതമായ, അഗാധമായ, സ്നിഗ്ദ്ധമായ ദീര്‍ഘകാലബന്ധങ്ങള്‍ സൂക്ഷിക്കാന്‍ നമ്മെ സഹായിക്കുന്നു.

സ്നേഹത്തിന്റെ ജൈവികരസതന്ത്രം പരിചയപ്പെടുക എന്നത് മാത്രമായിരുന്നു നമ്മുടെ ഉദ്ദേശ്യം. ഇക്കാര്യത്തില്‍ സയന്‍സ് എല്ലാമാകുന്നില്ല എന്ന്‍ സമ്മതിച്ചേ പറ്റൂ. സംസ്കാരം, വ്യക്തിത്വം, സാഹചര്യങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും നിങ്ങളുടെ സ്നേഹത്തിന്റെ തുടക്കവും ഒടുക്കവും നിര്‍ണയിക്കുന്നുണ്ട്. കുറെ വായില്‍ കൊള്ളാത്ത കെമിക്കലുകളുടെ പേരില്‍ സ്നേഹത്തെ കീറിമുറിക്കുന്നത് അതിന്റെ സന്തോഷത്തെ ഒരിയ്ക്കലും നശിപ്പിക്കുന്നില്ല. ഇങ്ങനെ ചിന്തിക്കുന്നതിലൂടെ മനുഷ്യന്‍ വെറും ജീവയന്ത്രങ്ങളായി മാറുന്നുമില്ല. ഇതൊക്കെ അറിഞ്ഞാലും ഇല്ലെങ്കിലും സ്നേഹം ഊഷ്മളമായി തന്നെ അനുഭവപ്പെടും. പിന്നെന്താ, പ്രേമം എന്നൊക്കെ പറഞ്ഞു ഓരോ കുണ്ടാമണ്ടികള്‍ ഒപ്പിച്ചിട്ട് വരുമ്പോ അവസാനം പഴിചാരാന്‍ കുറെ കെമിക്കലുകളുടെ പേര് കിട്ടിയില്ലേ!

അവലംബങ്ങളും അധികവായനയും:
  1. http://www.thenakedscientists.com/HTML/features/article/clairemcloughlincolumn1.htm/
  2. http://www.mcmanweb.com/love_lust.html
  3. http://www.youramazingbrain.org/lovesex/sciencelove.htm
  4. http://www.time.com/time/magazine/article/0,9171,1704672,00.html
  5. http://www.brainpickings.org/index.php/2013/01/28/love-2-0-barbara-fredrickson/
  6. http://www.oxytocin.org/oxytoc/
  7. http://www.bbc.co.uk/science/hottopics/love/
  8. http://people.howstuffworks.com/love.html