Aug 20, 2013

ഐസോണ്‍ വാല്‍നക്ഷത്രം- അതിഥിയ്ക്ക് ഒരാമുഖം

ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന്‍ വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രപ്രേമികള്‍ ആവേശഭരിതരാണ്. ഈ വര്‍ഷം PANSTARRS (കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയി), ISON എന്നിങ്ങനെ രണ്ടു വാല്‍നക്ഷത്രങ്ങളാണ് നമ്മെ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ തന്നെ 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷമെന്നാണ് പറയപ്പെടുന്നത്.

എന്താണ് ഒരു വാല്‍നക്ഷത്രം?

പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്‍നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ 'ധൂമകേതുക്കള്‍' എന്ന ഇവരുടെ 'സ്കൂളില്‍ പേര്' ആണ് ഇവിടെ നമ്മള്‍ കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്
 • ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം
 • ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം)
 • മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ്
അടിസ്ഥാനപരമായി ഒരു അഴകിയ രാവണന്‍ ആണ് ധൂമകേതു. നമ്മള്‍ ഇവിടെ നിന്ന്‍ കാണുന്നതൊക്കെ വെറും 'ഷോ' മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന്‍ പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും.

ധൂമകേതുവിന്റെ നമ്മള്‍ കാണുന്ന ഭാഗം അതിന്റെ വാല്‍ അല്ലെങ്കില്‍ കോമ ആണ്. അതിന്റെ ശരീരം മിക്കവാറും തണുത്തുറഞ്ഞ വാതകങ്ങള്‍ ആണല്ലോ. അവ സൂര്യനോട് അടുത്ത് വരുമ്പോ സൌരവികിരണങ്ങള്‍ ഏറ്റ് ബാഷ്പീകരിക്കപ്പെടും. ഇത് ന്യൂക്ലിയസ്സിനു ചുറ്റും ഒരു വാതകഅന്തരീക്ഷത്തിന് രൂപം നല്കും. കോമ എന്ന്‍ വിളിക്കുന്ന ഈ അന്തരീക്ഷമാണ് ഭൂമിയില്‍ നിന്നു നോക്കുമ്പോ മിക്കവാറും നമ്മള്‍ കാണുക. ന്യൂക്ലിയസ് ഒരു കുഞ്ഞനായിരുന്നു എങ്കിലും കോമയ്ക്കു പലപ്പോഴും സൂര്യനെക്കാളും വലിപ്പം ഉണ്ടാവും. ഈ വാതകമണ്ഡലം സൂര്യനില്‍ നിന്നുള്ള സൌരക്കാറ്റിന്റെ പ്രഭാവം കൊണ്ട് സൂര്യന് എതിര്‍ദിശയിലേക്ക് തള്ളപ്പെടുകയും ഒരു വാലിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ധൂമകേതുവിനെ വാല്‍നക്ഷത്രം എന്ന്‍ പണ്ടുള്ളവര്‍ വിളിക്കാന്‍ കാരണമായ 'വാല്‍'. സത്യത്തില്‍ രണ്ടുതരം വാലുകള്‍ ഒരു ധൂമകേതുവില്‍ കാണപ്പെടാം. കോമായിലെ പൊടിപടലങ്ങളെ സൌരക്കാറ്റ് പിന്നിലേക്ക് പറത്തുക വഴി ഉണ്ടാകുന്ന ധൂളീവാലും (Dust tail) സൂര്യനില്‍ നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രഭാവം കൊണ്ട് അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന പ്ലാസ്മാ വാലും (Ion tail). ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെക്കാള്‍ നീളമുള്ള വാലുകള്‍ പോലും പല ധൂമകേതുക്കള്‍ക്കും രൂപം കൊള്ളാറുണ്ട്. മിക്കവാറും നീലയോ നീല കലര്‍ന്ന പച്ചയോ നിറമുള്ള പ്ലാസ്മാവാലിന്റെ രൂപീകരണത്തില്‍ സൌരക്കാറ്റും സൂര്യന്റെ കാന്തികമണ്ഡലവും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഇതിന്റെ ദിശ എപ്പോഴും സൂര്യന് നേരെ എതിരെ ആയിരിയ്ക്കും. എന്നാല്‍ വെള്ളയോ ഇളം മഞ്ഞയോ നിറത്തിലുള്ള ധൂളീവാല്‍ മിക്കവാറും അതിന്റെ ഓര്‍ബിറ്റില്‍ തന്നെ അല്പം വളഞ്ഞതായിട്ടാകും കാണപ്പെടുക. ഇവിടെ ഒരു കാര്യം മനസ്സിലാക്കിക്കാണുമല്ലോ, വാല്‍നക്ഷത്രത്തിന്റെ വാല്‍ എപ്പോഴും അതിന്റെ പിന്നില്‍ തന്നെ ആയിരിക്കണം എന്നില്ല. അവ എപ്പോഴും സൂര്യന് പ്രതിമുഖമായിരിക്കും എന്നതിനാല്‍, സൂര്യനില്‍ നിന്നും അകന്ന്‍ പോകുന്ന ഒരു വാല്‍നക്ഷത്രത്തിന് മുന്‍പിലായിരിക്കും വാല്‍ കാണപ്പെടുക!
ധൂമകേതുവിന്റെ വാല്‍
നീളം കൂടിയ ദീര്‍ഘവൃത്താകൃതി ഉള്ളതാണ് മിക്കവാറും ധൂമകേതുക്കളുടെ ഓര്‍ബിറ്റ്. അതുകൊണ്ട് തന്നെ സ്വന്തം പ്രദക്ഷിണകാലത്തിന്റെ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ അവ സൂര്യനോട് അടുത്ത് വരുന്നുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ക്ക് കോമ രൂപം കൊള്ളുന്നതും നമുക്ക് കാണാന്‍ കഴിയുന്നതും. അങ്ങനെയാണ് അവര്‍ നമ്മുടെ വീട്ടില്‍ വല്ലപ്പോഴും മാത്രം വിരുന്ന്‍ വരുന്ന വിശിഷ്ടാതിഥികള്‍ ആവുന്നത്. എന്നാല്‍ ഇവര്‍ ചുമ്മാ ഇവിടെ വന്ന്‍ സുഖസന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയാണ് പതിവ് എന്ന്‍ കരുതരുത് കേട്ടോ. സൌരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങളെ മുറിച്ച് കടക്കും വിധമാണ് ഇവയുടെ സഞ്ചാരം. മാത്രമല്ല ഗ്രഹങ്ങളുടെ പരിക്രമണതലത്തില്‍ (Orbital plane) ആയിരിക്കില്ല താനും ഇവയില്‍ മിക്കതിന്റെയും പരിക്രമണം. സൂര്യന്റേയും മറ്റ് ഗ്രഹങ്ങളുടെയും ഗുരുത്വമണ്ഡലങ്ങളുമായുള്ള മല്‍പ്പിടുത്തത്തില്‍ ഓരോ വരവിലും സ്വന്തം ഭാരത്തിന്റെ 1-2% വരെ വാതകങ്ങളും ശിലാധൂളികളും ഇവര്‍ക്ക് നഷ്ടമാകും. ഇത് ആവര്‍ത്തിക്കുക വഴി ചിലപ്പോള്‍ ധൂമകേതു മൊത്തത്തില്‍ ശിഥിലമായി എന്നും വരാം. ഇങ്ങനെ വാല്‍നക്ഷത്രങ്ങള്‍ കൈവിടുന്ന പദാര്‍ഥങ്ങളാണ് പലപ്പോഴും ഗ്രഹാന്തരപ്രദേശങ്ങളില്‍ തങ്ങിനിന്ന് ഉള്‍ക്കാവര്‍ഷത്തിന് (Meteor shower) കാരണമാകുന്നത്. ഉദാഹരണത്തിന് വർഷംതോറും ആഗസ്റ്റ് 9-നും 13-നും ഇടയ്ക്ക് ഉണ്ടാകാറുള്ള പെഴ്സീഡ് (Perseid) ഉൽക്കാവർഷത്തിന്റെ ഉറവിടം 2007 ആഗസ്റ്റില്‍ വന്നുപോയ സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂമകേതുവാണ്.

ധൂമകേതുക്കളുടെ ഉറവിടത്തെ കുറിച്ച് ഇന്നും കൃത്യമായ ഒരു ചിത്രം നമുക്കില്ല. സൌരയൂഥത്തിന്റെ വരാന്ത എന്ന്‍ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നെപ്റ്റ്യൂണിന്റെ ഓര്‍ബിറ്റിനും പിന്നില്‍ 30 AU മുതല്‍ 50 AU (ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് Astronomical Unit അല്ലെങ്കില്‍ AU എന്ന ദൂര അളവായി ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്) വരെയുള്ള ഭാഗത്ത് കാണുന്ന കുയ്പ്പര്‍ ബെല്‍റ്റില്‍ (Kuiper belt) നിന്നും സൂര്യനില്‍ നിന്നും ഏതാണ്ട് ഒരു പ്രകാശവര്‍ഷം ദൂരെ സൌരയൂഥത്തെ പൊതിഞ്ഞു നില്‍ക്കുന്ന മേഘപടലമായ ഊര്‍ട്ട് മേഘങ്ങളില്‍ (Oort Cloud) നിന്നുമാണ് ഇവ വരുന്നത് എന്ന ആശയത്തിനാണ് ഇന്ന്‍ പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്.
മഞ്ഞും പാറക്കഷണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന അനേകകോടി ആകാശവസ്തുക്കളുടെ തറവാടാണു കുയ്പ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഖലയും. ഇവിടങ്ങളില്‍ സ്വസ്ഥമായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന വസ്തുക്കളില്‍ ചിലത് സൌരയൂഥത്തിലെ ഭീമന്‍ ഗ്രഹങ്ങളുടെയോ സമീപനക്ഷത്രങ്ങളുടെയോ സൂര്യന്റെ തന്നെയോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി സൂര്യന്റെ നേര്‍ക്ക് തള്ളപ്പെടാം. ഇങ്ങനെ വഴി തെറ്റി സൌരയൂഥത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന ഇവ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വപ്രഭാവം കാരണം വീണ്ടും പഥവ്യത്യാസത്തിന് വിധേയമാവുകയും സൂര്യനില്‍ പതിക്കാതെ അതിനെ ദീര്‍ഘവൃത്താകാരമായ ഓര്‍ബിട്ടില്‍ ചുറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് ധൂമകേതുക്കള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്നാണ് ഇതുവരെയുള്ള നിഗമനം.

പ്രദക്ഷിണകാലത്തിന്റെ ദൈര്‍ഘ്യം കണക്കിലെടുത്ത് ഇവയെ ഹ്രസ്വകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ താഴെ) എന്നും ദീര്‍ഘകാല ധൂമകേതുക്കള്‍ (200 വര്‍ഷത്തില്‍ കൂടുതല്‍) എന്നും രണ്ടായി തിരിക്കാറുണ്ട്. ഹ്രസ്വകാലധൂമകേതുക്കളുടേത് താരതമ്യേന ശരാശരി ദീര്‍ഘവൃത്താകൃതിയുള്ള ഓര്‍ബിറ്റുകള്‍ ആണ്. ഇവ കുയ്പ്പര്‍ ബെല്‍റ്റില്‍ നിന്നും വരുന്നതായി കണക്കാക്കപ്പെടുന്നു. മറിച്ച് ദീര്‍ഘകാല ധൂമകേതുക്കളുടെ ഉറവിടമായി കണക്കാക്കപ്പെടുന്നത് ഊര്‍ട്ട് മേഖലയാണ്. ഇവയ്ക്ക് വളരെ നീണ്ട ദീര്‍ഘവൃത്ത ഓര്‍ബിറ്റുകള്‍ ആണുള്ളത്. പൊതുവേ മൂന്നേകാല്‍ വര്‍ഷം മുതല്‍ 10,00,000 വർഷം വരെ പ്രദക്ഷിണകാലം ഉള്ള ധൂമകേതുക്കള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട് എന്നെന്നേക്കുമായി പോയി മറയുന്ന ധൂമകേതുക്കളും ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വന്നുപോയ പാന്‍സ്റ്റാഴ്സും ഇപ്പോള്‍ ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐസോണും അക്കൂട്ടത്തില്‍ പെടുന്നവയാണ്.

ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമോ?

വളരെയധികം പ്രതീക്ഷയുണര്‍ത്തിയ ഒരു ധൂമകേതുവാണ് ഐസോണ്‍. സൂര്യനോട് അടുത്തെത്തുമ്പോ ആകാശത്തു ചന്ദ്രനെക്കാള്‍ തിളക്കം വെക്കാന്‍ സാധ്യതയുണ്ട് എന്ന്‍ കരുതപ്പെടുകയും നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന ഓമനപ്പേരിന് അര്‍ഹനാകുകയും ചെയ്തിരുന്നു അത്. എന്നാല്‍ കൃത്യമായ ഒരു പ്രവചനത്തിനും വഴങ്ങാത്ത കൂട്ടരാണ് ധൂമകേതുക്കള്‍ എന്നതൊരു പ്രശ്നമാണ്. സൌരയൂഥത്തിനുള്ളിലൂടെയുള്ള യാത്ര തീരെ സുരക്ഷിതമല്ല അവയ്ക്ക്. സൂര്യന്റെ വേലിയേറ്റ ബലങ്ങളും സൌരവികിരണവും ഒക്കെ ഇവയെ തകര്‍ത്തുകളഞ്ഞെന്നു വരാം. പ്രതീക്ഷകള്‍ നശിപ്പിക്കാനുള്ള 'ലൈസന്‍സ്' അതുകൊണ്ട് അവര്‍ക്കുണ്ട്.

റഷ്യയിലെ  ജ്യോതിശാസ്ത്രജ്ഞരായ Vitali Nevski, Artyom Novichonok എന്നിവരാണ് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടര്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബര്‍ മാസത്തില്‍ ഐസോണ്‍ ധൂമകേതുവിനെ ആദ്യമായി കണ്ടത്. അവര്‍ പ്രതിനിധീകരിച്ചിരുന്ന സംഘടനയായ ISON-ന്റെ (International Scientific Optical Network) പേരിലാണ് ഈ ധൂമകേതു പരക്കെ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഔദ്യോഗിക നാമം C/2012 S1 എന്നാണ്. ഇതില്‍ C എന്ന അക്ഷരം ഈ ധൂമകേതു ഒരു ക്രമാവര്‍ത്തനസ്വഭാവം (നിശ്ചിത ഇടവേളകളില്‍ വന്നുപോകുന്ന സ്വഭാവം) ഇല്ലാത്തതാണ് എന്ന്‍ സൂചിപ്പിക്കുന്നു. 2012 അത് ആദ്യം നിരീക്ഷിക്കപ്പെട്ട വര്‍ഷത്തെയും, S എന്ന അക്ഷരം സെപ്റ്റംബര്‍ മാസം രണ്ടാം പകുതിയെയും 1 എന്നത് കാലയളവില്‍ കാണപ്പെടുന്ന ആദ്യത്തെ ധൂമകേതു എന്നതിനെയും സൂചിപ്പിക്കുന്നു. കണ്ടുപിടിക്കപ്പെടുമ്പോ ഭൂമിയില്‍ നിന്നും ഏതാണ്ട് ഒരു ബില്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യനിലേക്കുള്ള അതിന്റെ സഞ്ചാരവഴിയിലായിരുന്നു അത്. ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊര്‍ട്ട് മേഘങ്ങളില്‍ നിന്നും പുറപ്പെട്ടതാണത്രേ ഇയാള്‍. 'സൂര്യസ്പര്‍ശികള്‍' (Sun-grazers) എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ധൂമകേതുവാണിത്. സൂര്യനോട് വളരെ അടുത്ത് ചെല്ലുന്ന ഇക്കൂട്ടരില്‍ ഭൂമിയെക്കാള്‍ സൂര്യനോട് നൂറ് മടങ്ങ് (12 ലക്ഷം കിലോമീറ്റര്‍) അടുത്തുവരെ ചെല്ലാന്‍ സാധ്യതയുള്ള ആളാണ് ഐസോണ്‍.

ഹബിള്‍ ദൂരദര്‍ശിനി പകര്‍ത്തിയ ഐസോണ്‍ ചിത്രം
2013 ജനുവരിയില്‍ നാസയുടെ Deep Impact ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നു നാസയുടെ തന്നെ Swift ദൌത്യവും ഹബിള്‍ ദൂരദര്‍ശിനിയും അതിനെ കൂടുതല്‍ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങള്‍ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്ന്‍ ഹബിള്‍ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂണ്‍ മാസത്തില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഇരിക്കുന്നതേ ഉള്ളൂ.
 ജൂണ്‍-ജൂലൈ മാസങ്ങള്‍ ആയപ്പോള്‍ ഐസോണ്‍ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തില്‍ (370 മുതല്‍ 450 മില്യണ്‍ കിലോമീറ്റര്‍) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാല്‍ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു. ഈ ദൂരം ഒരു ധൂമകേതുവിനെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ഈ അകലത്തില്‍ വെച്ചാണ് സൂര്യന്റെ വികിരണം മതിയായ അളവില്‍ അതില്‍ ഏല്‍ക്കാന്‍ തുടങ്ങുന്നതും അതിലെ ജലം ബാഷ്പീകരിക്കപ്പെടുന്നതും. ഈ ഘട്ടത്തില്‍ അതിന്റെ തിളക്കം വളരെ വേഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൂര്യന് പിന്നിലെ ഒളിത്താമസത്തിന് ശേഷം ആഗസ്റ്റ് 12-നു വെളുപ്പാന്‍കാലത്ത് അരിസോണയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരിയാല്‍ (Bruce Gary) 'പിടിക്കപ്പെട്ട' ഐസോണ്‍ പക്ഷേ നമ്മളെ അല്പം നിരാശരാക്കിയിട്ടുണ്ട്. കണക്ക് കൂട്ടിയിരുന്നതിന്റെ ആറില്‍ ഒന്ന്‍ തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ ഇപ്പോള്‍ അതിനുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോണ്‍ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്ന്‍ എല്ലാവരും കണ്ടു. എന്നാല്‍ തീര്‍ത്തും നിരാശരാകേണ്ട കാര്യമില്ല. ഐസോണ്‍ ഒരു നല്ല ആകാശക്കാഴ്ച സമ്മാനിക്കും എന്ന്‍ തന്നെയാണ് ഇപ്പൊഴും പ്രതീക്ഷ. വരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങം രാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബര്‍ 28-നാണ് ഐസോണ്‍ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തിളക്കം അത് ആര്‍ജ്ജിക്കും എന്ന്‍ കരുതപ്പെടുന്നു. എന്നാല്‍ സൂര്യന്റെ ഇത്രയും അടുത്തേക്കുള്ള പോക്ക് ഒരു ധൂമകേതുവിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ചിലപ്പോള്‍ സൌരപ്രഭാവത്താല്‍ ഇത് ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. 7 കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഐസോണിന്റെ ശരീരം ചിലപ്പോള്‍ പൂര്‍ണമായി ബാഷ്പീകരിച്ചു പോയെന്നും വരാം. അങ്ങനെ വന്നാല്‍ ഐസോണ്‍ നമുക്ക് കാണാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ തിളക്കത്തോടെ അത് അകന്നുപോകാന്‍ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോള്‍ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാന്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാന്‍ കഴിയൂ. കന്നി രാശിയില്‍ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും. ഡിസംബര്‍ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാന്‍ കഴിയുക. സൂര്യനില്‍ നിന്നും അകന്ന്‍ തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളില്‍ നമുക്ക് ഐസോണിനെ കാണാന്‍ കഴിയും. ആകാശത്തിന്റെ കാല്‍ഭാഗത്തോളം നീളം വരുന്ന അതിന്റെ വാല്‍ ഒരു മനോഹര കാഴ്ച ആയിരിയ്ക്കും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമായിരിക്കാം. പക്ഷേ സൂര്യനില്‍ നിന്നുള്ള അകല്‍ച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും. ഹാലിയുടെ ധൂമകേതുവിനെപ്പോലെ ക്രമാവര്‍ത്തനസ്വഭാവം ഇല്ലാത്തതിനാല്‍ അതോടെ ഐസോണ്‍ ഇനി ഒരിയ്ക്കലും കാണാനാവാത്ത വിധം ഓര്‍മ്മ മാത്രമായി മാറും. 

ഇനി ചുരുക്കത്തില്‍ ഒറ്റചോദ്യം:

ഐസോണ്‍ വാല്‍നക്ഷത്രത്തെ നമുക്ക് കാണാന്‍ കഴിയുമോ?

ഉത്തരം: കഴിയും എന്ന്‍ തന്നെയാണ് ഇപ്പോഴും പറയേണ്ടത്. കണക്കുകൂട്ടിയിരുന്ന അത്രയും തിളക്കം അതിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം എന്ന വിശേഷണം അതിപ്പോള്‍ അര്‍ഹിക്കുന്നില്ല തന്നെ. എങ്കിലും, മനോഹരമായ ഒരു ദൃശ്യാനുഭവം നല്‍കാനുള്ള സാധ്യത ഇപ്പൊഴും ഐസോണില്‍ അവശേഷിക്കുന്നുണ്ട്. എല്ലാ പ്രതികൂല സാധ്യതകളും മറികടന്ന്‍ ഐസോണ്‍ ദൃശ്യമായാല്‍, ഉറപ്പായും, ജീവിതത്തില്‍ നിങ്ങള്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെ ആയിരിയ്ക്കും അത്.

വരും മാസങ്ങളില്‍ ഐസോണിനെ ആകാശത്ത് തിരിച്ചറിയാന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ക്കായി ഇനി പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കാം: 


ഉപയോഗപ്രദമായ ചില മേച്ചില്‍പ്പുറങ്ങള്‍:
 1. സൌരയൂഥത്തിലൂടെയുള്ള ഐസോണ്‍ സഞ്ചാരപഥം: വീഡിയോ
 2. Comet ISON: A Timeline of This Year's Sungrazing Spectacle

2 comments:

 1. നല്ല പോസ്റ്റ്. തുടര്‍ന്നും ഇതേ പോലെ വിജ്ഞാനപ്രദമായവ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. നല്ല പോസ്റ്റ്. തുടര്‍ന്നും ഇതേ പോലെ വിജ്ഞാനപ്രദമായവ പ്രതീക്ഷിക്കുന്നു

  ReplyDelete