Jan 12, 2014

പ്രസവം ഇത്ര വല്യ മെനക്കേടാവുന്നത് എന്തുകൊണ്ട്?

 പേറ്റുനോവ് എന്ന വേദനയെക്കുറിച്ചുള്ള ഡയലോഗുകള്‍ സിനിമയിലും നിത്യജീവിതത്തിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇങ്ങനെ അമ്മമാര്‍ക്ക് മക്കളോട് അടിക്കടി എടുത്തുപറഞ്ഞ് സെന്റി അടിക്കാന്‍ പാകത്തില്‍ ഈ പ്രസവം എന്ന പ്രക്രിയ ഇത്ര വേദനാകരമായത് എന്തുകൊണ്ട് എന്ന്‍ ചിന്തിച്ചിട്ടുണ്ടോ? സ്വന്തം തലമുറയെ നിലനിര്‍ത്താന്‍ പ്രകൃതി നേരിട്ടു ബയോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ടോപ്പിക് ആയിട്ടും നമ്മളെയൊക്കെ ഇങ്ങോട്ട് ഇറക്കിവിടാന്‍ പ്രകൃതി നമ്മുടെ അമ്മമാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്?

ജീവപരിണാമം അനുസരിച്ച്, ഈ പോസ്റ്റ് ഇവിടെ ഇടാനും അത് വായിക്കാനുമൊക്കെ കാരണമായ മനുഷ്യന്റെ 'എമണ്ടന്‍' തലയും പിന്നെ നമ്മുടെ രണ്ടുകാലില്‍ നടത്തവുമാണ് പ്രസവം ഇത്രയും വലിയൊരു മെനക്കേടാക്കുന്നതത്രേ. അതെങ്ങനെ? നോക്കാം.

ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്, എത്ര നാള്‍ കഴിഞ്ഞാണ് അതിന്റെ കഴുത്ത് തലയെ താങ്ങിനിര്‍ത്താനുള്ള ബലം നേടുന്നത്, ഇരിക്കാനും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമൊക്കെ എന്തോരം സമയമാണ് നമ്മളെടുത്തത്! ജനിച്ച ശേഷവും ഒരുപാട് നാള്‍ നമ്മുടെയൊക്കെ ജീവിതം പരസഹായം ഇല്ലാതെ അസാദ്ധ്യമാണ്. മറ്റ് ജീവികളെ അപേക്ഷിച്ച്, അമ്മയുടെ വയറ്റില്‍ ഒരു ഭ്രൂണം വളര്‍ന്ന് കുഞ്ഞിന്റെ ശരീരമായി മാറുന്ന വികാസഘട്ടത്തിന്റെ കുറച്ചുകൂടി നേരത്തെയുള്ള ഒരു സ്റ്റേജിലാണ് മനുഷ്യക്കുഞ്ഞ് ഗര്‍ഭാശയം വിട്ട് പുറത്തുവരുന്നത് എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ശരീരഭാഗങ്ങള്‍ വേണ്ടത്ര വികാസം പ്രാപിക്കും മുന്‍പ് പുറത്തുവരാന്‍ നമ്മളെ നിര്‍ബന്ധിക്കുന്നത് നമ്മുടെ തലച്ചോറിന്റെ വലിപ്പമാണ്. ജനിക്കുന്നതിന് മുന്‍പും ശേഷവും കുഞ്ഞിന്റെ തലച്ചോര്‍ വളരെ വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പിനും ജനനനാളിയ്ക്കും (birth canal or vagina) താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളരും മുന്നേ പ്രസവം നടക്കേണ്ടതുണ്ട് എന്നതിനാല്‍ ശരീരഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കുന്നതുവരെ മാതൃശരീരത്തിന് കാത്തുനില്‍ക്കാനാവില്ല. മനുഷ്യര്‍ക്ക് അല്പം കൂടി വലിയ ഒരു ഇടുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു എന്ന്‍ തോന്നാം. ശരിയാണ്, അത് പ്രസവം അല്പം കൂടി എളുപ്പമുള്ളതാക്കുമായിരുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, അങ്ങനെ വന്നാല്‍ രണ്ടുകാലിലുള്ള നടത്തം അസാധ്യമാകും. ഇടുങ്ങിയ ഇടുപ്പ് ഉണ്ടെങ്കിലേ രണ്ടുകാലില്‍ എഴുന്നേറ്റ് നടക്കാന്‍ നമുക്ക് സാധിക്കൂ. വലിയ തലച്ചോറും രണ്ടു കാലിലുള്ള നടത്തവും ശരീരത്തിന് പരസ്പരവിരുദ്ധമായ രണ്ട് ഘടനകള്‍ ആവശ്യപ്പെടുന്നു എന്നര്‍ത്ഥം. അതായത് 'പ്രസവവേദന' എന്നത് ഈ രണ്ട് സവിശേഷതകളും ഒരുമിച്ച് കൈയടക്കി വെക്കാന്‍ പ്രകൃതി നമുക്ക് വെച്ചുനീട്ടിയ compromise agreement ആണ് എന്നുവേണമെങ്കില്‍ പറയാം.

ചിലപ്പോള്‍ ഈ വേദന പേടിച്ച് ഇനി മനുഷ്യരെങ്ങാനും പ്രസവിക്കാതിരുന്നാലോ എന്ന്‍ പേടിച്ചാകും പ്രസവത്തിലേക്ക് നയിക്കുന്നതും എന്നാല്‍ പ്രസവത്തിന് വളരെ മുന്നേ നടക്കുന്നതുമായ 'ചില പരിപാടികള്‍' മനുഷ്യനെ കൊതിപ്പിക്കും വിധം സുഖമുള്ളതാക്കി അറേഞ്ച് ചെയ്തിരിക്കുന്നത് അല്ലേ?

(പിന്‍കുറിപ്പ്: പ്രസവവേദന വിശദീകരിക്കുന്ന obstetrical dilemma എന്ന സിദ്ധാന്തമാണ് മുകളില്‍ അവതരിപ്പിച്ചത്. അടുത്തിടെ ഈ സിദ്ധാന്തത്തിന് ചെറിയ ചില എതിര്‍വാദങ്ങളും ഉയര്‍ന്നിട്ടുണ്ടെന്ന കാര്യം ലാളിത്യം പരിഗണിച്ച് വിസ്മരിക്കുന്നു)

No comments:

Post a Comment