Mar 26, 2014

ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് കാണുന്നുണ്ടോ?

ഈ ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് ഉള്ളത് നിങ്ങള്‍ കാണുന്നുണ്ടോ? ഇനിയും കാണാത്തവര്‍ സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടണ്ടാ ട്ടോ. ഇത് മൊത്തത്തില്‍ ഒരു ടെലിസ്കോപ്പിന്റെ ചിത്രമാകുന്നു. 305 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് (ചിത്രത്തിന്റെ ഒരു കോണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളെ ശ്രദ്ധിച്ചില്ലേ?). പ്യൂര്‍ട്ടോ റിക്കൊയിലെ Arecibo-എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ Arecibo Observatory എന്നാണ് പൊതുവായി അറിയപ്പെടുന്നത്.

അടിസ്ഥാനപരമായി പ്രകാശം ശേഖരിക്കുന്ന ഉപകരണങ്ങളാണ് ടെലിസ്കോപ്പുകള്‍. പ്രകാശം ശേഖരിക്കാനുള്ള ദ്വാരത്തിന്റെ വ്യാസമാണ് അതിന്റെ പ്രധാന അളവുകോല്‍. നമ്മുടെ കണ്ണുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി 5 mm വ്യാസമുള്ള ഒരു ടെലിസ്കോപ്പ് ആണെന്ന്‍ പറയാം (5 mm telescope). ഇത്രയും വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ (സാങ്കേതിക ഭാഷയില്‍ ഈ ദ്വാരത്തെ aperture എന്ന്‍ പറയും) കടക്കുന്ന പ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് പിന്നിലുള്ള റെറ്റിന എന്ന സ്ക്രീനില്‍ ഫോക്കസ് ചെയ്യുകയാണ് കണ്ണു ചെയ്യുന്നത്. എത്രത്തോളം പ്രകാശം കൂടുതല്‍ കടക്കുന്നുവോ അത്രത്തോളം കൂടുതല്‍ വ്യക്തമായി നമുക്ക് വസ്തുക്കളെ കാണാന്‍ കഴിയും. ഈ aperture ന്റെ അളവിന്റെ വര്‍ഗ്ഗത്തിന് ആനുപാതികമായി ഒരു ഒപ്റ്റിക്കല്‍ ഉപകരണം ശേഖരിക്കുന്ന പ്രകാശത്തിന്റെ അളവും കൂടും. ഒരു 5 mm കണ്ണ് 6.25pi sq.mm വിസ്തൃതിയില്‍ (pi x 2.5 x 2.5) വീഴുന്ന പ്രകാശം ശേഖരിക്കുമ്പോള്‍ ഒരു 4" (~100 mm) telescope ഏതാണ്ട് 2,500pi sq.mm. വിസ്തൃതിയില്‍ (pi x 50 x 50) വീഴുന്ന പ്രകാശത്തെ ശേഖരിക്കുമല്ലോ. അങ്ങനെയാണ് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത പല വിദൂരവസ്തുക്കളെയും ഒരു ടെലിസ്കോപ്പിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. വിദൂര വസ്തുക്കളില്‍ നിന്ന്‍ വരുന്ന പ്രകാശത്തിന്റെ അളവും കുറവായിരിക്കും. അതിനാല്‍ അവയ്ക്ക് സാധാരണഗതിയില്‍ കണ്ണില്‍ പതിച്ച് ഫോക്കസ് ആയി വ്യക്തമായ ഒരു ഇമേജ് രൂപപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിച്ച് കൂടുതല്‍ മഴവെള്ളം പിടിക്കുന്നതുപോലെ ടെലിസ്കോപ്പ് ഈ പ്രകാശത്തെ കൂടുതല്‍ ശേഖരിച്ച് കണ്ണിലേക്ക് ഫോക്കസ് ചെയ്യുന്നു. ഈ ശേഖരണം ലെന്‍സ് വച്ചോ കണ്ണാടി (spherical mirror) ഉപയോഗിച്ചോ ഒക്കെ സാധ്യമാണ്. ലെന്‍സ് ഉപയോഗിച്ചാല്‍ അതിനെ refracting telescope എന്നും കണ്ണാടി ഉപയോഗിച്ചാല്‍ അതിനെ reflecting telescope എന്നും വിളിക്കും. ഇതില്‍ ഏതായാലും, എത്രത്തോളം aperture കൂടിയിരിക്കുന്നോ അത്രത്തോളം ദൂരെയുള്ള വസ്തുക്കളെ നമുക്ക് കാണാന്‍ കഴിയും.

ഇവിടെ ചിത്രത്തിലെ 'പ്രധാന ദിവ്യന്‍' ഒരു reflecting radio telescope ആണ്. അതായത് സാധാരണ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒപ്റ്റിക്കല്‍ ടെലിസ്കോപ്പുകള്‍ ബഹിരാകാശത്തുനിന്ന് വരുന്ന ദൃശ്യപ്രകാശം ശേഖരിക്കുമ്പോള്‍ ഇത് ശേഖരിക്കുന്നത് റേഡിയോ തരംഗങ്ങളെ ആണ്. ഇവയെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയില്ല, സവിശേഷമായ റിസീവറുകള്‍ ഉപയോഗിച്ച് ഇവയെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. reflecting എന്ന വാക്ക് സൂചിപ്പിക്കുന്നപോലെ ഒരു കണ്ണാടിയാണ് ഇതിലെ സംഭരണ ഉപാധി. ഫോക്കസിങ് ഡിഷ് എന്ന്‍ വിളിക്കുന്ന അതാണ് നടുക്ക് സ്വിമ്മിംഗ് പൂള്‍ പോലെ കാണുന്ന വിശാലമായ ആ ഭാഗം. കൂറ്റന്‍ കേബിളുകള്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന റിസീവറിലേക്ക് റേഡിയോ തരംഗങ്ങളെ ഫോക്കസ് ചെയ്തുകൊടുക്കലാണ് ഈ ഡിഷിന്റെ പണി. 305 m വ്യാസമുള്ള ഈ ഡിഷ് ഒറ്റ ഒരു നിര്‍മ്മിതി അല്ല കേട്ടോ, ഒരു മീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ നീളവും ഉള്ള പതിനായിരക്കണക്കിന് അലുമിനിയം ഷീറ്റുകള്‍ നിരത്തിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മുകളില്‍ കാണുന്ന റിസീവറും ചില്ലറ സാധനമൊന്നും അല്ല, ഏതാണ്ട് 900 ടണ്‍ ഭാരമുള്ള ഒരു പ്ലാറ്റ്ഫോമിലാണ് ഈ ഐറ്റം പിടിപ്പിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് ഒരു വീഡിയോ കാണൂ


റേഡിയോ ആസ്ട്രോനമിയില്‍ ഉള്ള ഗവേഷണത്തിനോടൊപ്പം അന്യഗ്രഹത്തിലെ ജീവിവര്‍ഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുന്ന SETI പ്രോജക്റ്റിലും അരസീബോ നിരീക്ഷണശാലയ്ക്ക് സജീവപങ്കാളിത്തമുണ്ട്.

Mar 21, 2014

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു."

കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു.

അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു. അങ്ങനെയൊന്നാണ് സ്ഥിരമായ ഇടത് വശത്തെ സീറ്റ് എന്ന പതിവിനെ കോളേജിലേക്കുള്ള യാത്രയില്‍ വലതുവശത്തും തിരിച്ചുള്ള യാത്രയില്‍ ഇടതുവശത്തും എന്ന പതിവിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്.

വഴിയില്‍ ഒരിക്കല്‍ യാദൃശ്ചികമായ ശ്രദ്ധയാകര്‍ഷിച്ച ആ വാഹനക്കൂട്ടത്തോട് എന്തോ ഒരടുപ്പം. അത് പോലീസ് കേസില്‍ പെടുന്ന വാഹനങ്ങളെ കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ അവര്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ മൈതാനമായിരുന്നു. ഒരു ശവപ്പറമ്പിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു തനിക്കാ സ്ഥലം. ചെറുതും വലുതുമായ നിരവധി വാഹനശവങ്ങള്‍ തുരുമ്പിന്റെയും കാട്ടുവള്ളികളുടെയും മുറുകെപ്പിടിത്തത്തില്‍ ഞെരിഞ്ഞു അവിടെയങ്ങനെ കിടന്നു. കൂട്ടത്തില്‍ തന്റെ അച്ഛന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പഴയ ലാമ്പി ആയിരിക്കുമോ തന്റെ മനസ്സിനെ ആ സ്ഥലത്തേയ്ക്ക് വലിക്കുന്നത് എന്നത് എന്നും ഒരു സംശയം മാത്രമായി നിലനിന്നിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെ കാരണമറിയാത്ത വേറെയും പല ഇഷ്ടങ്ങളും തനിക്കുണ്ടല്ലോ എന്നോര്‍ത്തു സ്വയം താനതിന്റെ വിശദീകരണത്തില്‍ നിന്നും ഓടിമാറിയിരുന്നു. വാഹനങ്ങളുടെ ആ ശ്മശാനം ചിലപ്പോഴൊക്കെ വരണ്ടുകിടക്കുന്ന തന്റെ ജീവിതത്തിന്റെ പ്രതീകമായി തോന്നിയിരുന്നു. ബസിന്റെ സൈഡ് സീറ്റില്‍ പുറത്തേക്ക് നോക്കിയിരുന്ന് വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ തന്റെ മനസിനുണ്ടായിരുന്ന പ്രവണതയെ ആ സ്ഥലം വല്ലാതെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടുകൂടിയാണ് സ്ഥിരമായി ആ സ്ഥലം കാണാനുള്ള സൌകര്യത്തിന് തന്റെ സീറ്റ് തെരെഞ്ഞെടുപ്പ് താന്‍ പുനക്രമീകരിച്ചത് തന്നെ.

അങ്ങനെയൊരിക്കലാണ് ആ ശവപ്പറമ്പിന്റെ മ്ലാനതയില്‍ ഒരു കൊച്ചു പൂവ് വിരിയുന്നത് ശ്രദ്ധിച്ചത്. അവിടന്ന്‍ ഒരല്പം മാറി ഒരു വീടിന് മുന്നില്‍ നിന്ന്‍ തന്നെ ശ്രദ്ധിക്കുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരല്പം ആകര്‍ഷണീയത തോന്നിച്ചു എങ്കിലും, തന്റെ ശവപ്പറമ്പിനേക്കാള്‍ പ്രധാന്യം മനസ്സ് അവള്‍ക്ക് കൊടുത്തിരുന്നില്ല. രണ്ടുമൂന്ന് തവണ കൂടി അവളെ കണ്ടശേഷമാണ് എങ്ങനെയോ അവള്‍ക്ക് പ്രധാന്യം കൂടിവരുന്നത് താന്‍ ശ്രദ്ധിച്ചത്. അവളും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന്‍ തോന്നി. അല്ലെങ്കില്‍ പിന്നെന്തിനാണ് പണ്ടൊക്കെ വല്ലപ്പോഴും മാത്രം അവിടെ കാണപ്പെട്ടിരുന്ന അവള്‍ ഈയിടെയായി സ്ഥിരമായി തന്റെ ബസിനെ നോക്കി ആ മതിലിന്റെ അരികില്‍ നില്‍ക്കുന്നത്! അധികം വൈകാതെ ഒരു ദിവസം അവള്‍ തന്നെ നോക്കി ചിരിച്ചു. എന്തുകൊണ്ടെന്നറിയില്ല, താന്‍ തിരികെ ചിരിച്ചില്ല. പിറ്റേന്നും അവിടെ അവള്‍ നിന്നിരുന്നു. മുഖത്ത് ചിരിക്കണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതോ അത് തന്റെ തോന്നല്‍ മാത്രമായിരുന്നോ എന്നുറപ്പില്ല. എന്തായാലും അതിന്റെ പിറ്റേന്ന് താന്‍ അവളെ നോക്കി ചിരിച്ചു. സംശയിച്ചു നിന്ന ആ മുഖത്ത് പെട്ടന്നൊരു മനോഹരമായ പുഞ്ചിരി പൂത്തുലയുന്നത് കണ്ടപ്പോ കഴിഞ്ഞദിവസം അവള്‍ക്ക് മറുചിരി ചിരിക്കാഞ്ഞതില്‍ ഒരല്‍പ്പം പശ്ചാത്താപവും തോന്നാതിരുന്നില്ല. എന്തായാലും അതിന് ശേഷം സ്ഥിരമായി തങ്ങള്‍ പുഞ്ചിരികള്‍ കൈമാറിയിരുന്നു. എപ്പോഴോ ശവപ്പറമ്പില്‍ വിരിഞ്ഞ ആ പൂവ് വാഹനജഡങ്ങള്‍ നല്കിയിരുന്ന വിഷാദഛായയെ അകറ്റി ഒരു നേര്‍ത്ത സന്തോഷം മനസ്സില്‍ നിറയ്ക്കുന്നത് തിരിച്ചറിഞ്ഞു.

പരസ്പരം നിമിഷനേരത്തേയ്ക്ക് വീശിയെറിയപ്പെട്ടിരുന്ന പുഞ്ചിരികളുമായി കുറെ മാസങ്ങള്‍... കോളേജ് പഠനം അവസാനിച്ചതും അകന്ന ബന്ധു വഴി വിദേശജോലിയ്ക്കുള്ള അവസരം വന്നതും ഏതാണ്ട് ഒരുമിച്ച്. അന്ന് ഇതേ റോഡിലൂടെ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ശ്രദ്ധിച്ചു, ആ ശവപ്പറമ്പില്‍ കിടന്ന വാഹനജഡങ്ങള്‍ എല്ലാം കൂടി ഒരു ലോറിയില്‍ കയറ്റി ഇട്ടിരിക്കുന്ന കാഴ്ച. തന്നോടൊപ്പം ആ ജീവനില്ലാത്ത ജന്‍മങ്ങള്‍ക്കും ശാപമോക്ഷം കിട്ടുന്നു, ശ്മശാനം വിട്ട് മറ്റെവിടേക്കെങ്കിലും മറ്റേതെങ്കിലും രൂപത്തില്‍... ഒരുപക്ഷേ ഒരു പുനര്‍ജന്മം... വരണ്ടുണങ്ങിയ തന്റെ ജീവിതത്തിലേക്ക് പെയ്ത നനുത്ത മഴയുടെ ഒരംശം ഒരുപക്ഷേ ഇവകള്‍ക്ക് മേലെയും പെയ്തിരിക്കാം. അവരും ഉണരുകയാകാം, പുതിയ പ്രതീക്ഷകളിലേക്ക്. പക്ഷേ അന്ന് അവള്‍ ആ മതിലിനരികില്‍ ഉണ്ടായിരുന്നില്ല. ആ അസാന്നിധ്യം അല്പമൊന്നു നൊമ്പരപ്പെടുത്തി എങ്കിലും മനസ്സില്‍ ചിലതൊക്കെ തീരുമാനിച്ചുറപ്പിക്കാന്‍ ആ നൊമ്പരം കാരണമായി. പ്രതീക്ഷകള്‍ തീരുമാനങ്ങള്‍ക്ക് ധൈര്യം നല്‍കുമെന്നാരോ പറഞ്ഞുകേട്ടിരുന്നു. 

ബസ്സില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആരോ ആണ് അവനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. മനപ്പൂര്‍വമല്ലെങ്കില്‍ കൂടി ഇത്തവണയും ബസ്സില്‍ അതേ വശം തന്നെയാണ് താന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. വീണ്ടും പഴയ ശവപ്പറമ്പിനെയും ഒറ്റപ്പുഷ്പം വിടര്‍ന്നുനിന്ന ആ പൂന്തോട്ടത്തെയും കടന്നുപോകാന്‍ പോകുന്നു എന്ന ചിന്ത എന്തൊക്കെയോ അജ്ഞാത വികാരങ്ങളെ മനസിലേക്ക് തള്ളിക്കയറ്റുന്നുണ്ടായിരുന്നു.

മങ്ങിത്തുടങ്ങിയ സന്ധ്യയുടെ അവ്യക്തതയിലൂടെ അവനത് ദൂരെനിന്നേ കണ്ടു, അവളുടെ വീടിന് മുന്നില്‍ അലങ്കാര ദീപങ്ങള്‍... ആളുകള്‍ വന്നുപോകുന്ന പന്തലില്‍ നിന്നും ദൂരെയ്ക്ക് പടര്‍ന്നുകൊണ്ടിരുന്ന വൈദ്യുത ദീപപ്രഭയില്‍ അവന്‍ അതും കണ്ടു... ആ പഴയ ശവപ്പറമ്പില്‍ ചില അതിഥികള്‍ കൂടി ഉണ്ട്. അവയില്‍ ഒന്ന്‍ താന്‍ അവസാനം കണ്ട ആ വലിയ ലോറി തന്നെയാണ്. അതും അതിന് മുകളില്‍ ആ പഴയ ലാമ്പിയും കൂട്ടുകാരും വീണ്ടും കാട്ടുചെടികളുടെ ആലിംഗനത്തില്‍ അമര്‍ന്നങ്ങനെ...

അലങ്കാരദീപങ്ങള്‍ കണ്ണില്‍ നിന്ന്‍ മറയുന്നതുവരെ അവന്‍ പിന്നിലേക്ക് നോക്കി ഇരുന്നു.

Mar 4, 2014

വൃദ്ധസദനം

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..."

ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു.

"ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു"

"ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?"

ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി.

"അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു.

ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല്ലോ കാണുന്നത്. രണ്ട് അറ്റാക്ക് കഴിഞ്ഞ ഈ നെഞ്ചത്ത് ഏതോ ഒരുഗ്രന്‍ ഏറുപടക്കം എറിഞ്ഞ് പൊട്ടിച്ചിട്ടാണ് ഇന്നലെ മോള് പോയത് അല്ല്യോ?"

"ഇന്നലെ ഈ ചോദ്യം അവള്‍ എന്നോടു ചോദിച്ചു, അച്ഛന് ഇവിടെ എന്തിന്റെ കുറവാ ഉള്ളത് എന്ന്‍. ഉണ്ണാനും ഉടുക്കാനും ഉള്ളത് കൃത്യസമയത്ത്, ടീവീ, പത്രം, പരിചരിക്കാന്‍ ആളുകള്‍, വര്‍ത്തമാനം പറയാന്‍ സമപ്രായക്കാരായ അമ്മാവന്മാരും അമ്മായിമാരും... ലിസ്റ്റ് അവള്‍ തന്നെ ഇങ്ങോട്ട് നീട്ടി"

"അപ്പനമ്മമാരെ വയസ്സാം കാലത്ത് ഏതെങ്കിലുമൊരു വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കിയിട്ട് ഏതാണ്ട് എല്ലാ മക്കളും ചോദിക്കുന്ന ചോദ്യമല്ലേ നായരെ അത്?"

"അതേ ശരിയാണ്. പക്ഷേ ടീച്ചറേ, ആയകാലത്ത് ഇതേ ചോദ്യം ഞാന്‍ അവളോട് ചോദിച്ചിട്ടുണ്ട്. പല തവണ. നിനക്കീ വീട്ടില്‍ എന്താ കുറവ് എന്ന്. ഏതാണ്ട് ഇതേപോലൊരു ലിസ്റ്റ് എനിക്കും ഉണ്ടായിരുന്നു കാണിക്കാന്‍. ഉണ്ണാനും ഉടുക്കാനും സമയാസമയത്ത്, ടീവീ, പത്രം, ഫോണ്‍, കമ്പ്യൂട്ടര്‍, പഠിക്കാന്‍ പുസ്തകങ്ങള്‍..." ഒരുനിമിഷത്തെ മൌനത്തിന് ശേഷം ഞാന്‍ തുടര്‍ന്നു, "ഇപ്പോ ആലോചിക്കുമ്പോ ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ അര്‍ത്ഥമല്ലേ എന്നൊരു തോന്നല്‍. ഇന്ന്‍ ഈ വൃദ്ധമന്ദിരത്തില്‍ എനിക്ക് മിസ്സിംഗ് എന്ന്‍ തോന്നുന്നത് എന്തൊക്കെയോ അന്ന് എന്റെയാ വീട്ടില്‍ എന്റെ മകള്‍ക്കും മിസ്സിംഗ് ആയിരുന്നു എന്നൊരു തിരിച്ചറിവ്"

ഞാന്‍ ഗ്രേസിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പനേരം മുന്‍പ് വരെ ആ മുഖത്ത് നിന്നിരുന്ന കുസൃതി മാറി ഗൌരവമുള്ള ഒരു ചിരി തെളിഞ്ഞു.

"ഞാനിത് മുന്‍പ് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. ഇവിടെ ആരോടും ചര്‍ച്ച ചെയ്യാന്‍ തുനിഞ്ഞിട്ടില്ല എന്നേയുള്ളൂ. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സ്വന്തം മക്കള്‍ തങ്ങളോടു നന്ദികേട് കാണിച്ചു എന്ന്‍ മനസില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് ഇവിടത്തെ എല്ലാ അന്തേവാസികളും. തങ്ങളെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സിദ്ധാന്തത്തെയും നമ്മുടെ മനസ് അത്ര എളുപ്പത്തില്‍ പരിഗണിക്കില്ല. വര്‍ദ്ധക്യത്തിന്റെ തമാശകളില്‍ ഒന്ന്‍. ഇത്രനാളും വിശ്വസിച്ചതൊക്കെ തന്നെയാണ് ശരി എന്നത് വാശിപിടിക്കും. ഒരു പൊളിച്ചെഴുത്തിനെ എപ്പോഴും ചെറുക്കും. ഇത്രയൊക്കെ പഠിപ്പും ലോകവിവരവും ഉള്ള എന്റെയും രാഘവന്‍ നായരുടെയും അവസ്ഥ ഇതാണെങ്കില്‍ ഇവിടുള്ള മറ്റുള്ളവരുടെ കാര്യം പറയണോ? വയസ്സുകാലത്ത് തങ്ങളെ ഉപേക്ഷിച്ച മക്കളോടുള്ള പരിഭവവും അതേ സമയം അവരോടുള്ള സ്നേഹവും ഒക്കെച്ചേര്‍ന്ന് ആകെ ഇളകിമറിഞ്ഞ ഒരു മനസുമായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെ എല്ലാവരും..."

"ശരിക്കും... ആ ചോദ്യം അവള്‍ എന്നോടു ചോദിച്ചപ്പോള്‍ മനസില്‍ എവിടെയോ ഒരു തീപ്പൊരി വീണത് ഞാനറിഞ്ഞു. അവള്‍ പോയതുമുതല്‍ അതവിടെ കിടന്ന്‍ നീറുന്നുണ്ട്"

"നമ്മള്‍ സ്നേഹിക്കുന്ന ആളുകളെ നമ്മോടു കൂടെ നിര്‍ത്താനല്ലേ നായരെ ഏതൊരാളും ശ്രമിയ്ക്കൂ. നമ്മുടെ മക്കള്‍ നമ്മളെ ഇവിടെ കൊണ്ടുവന്നാക്കിയെങ്കില്‍ അവര്‍ക്ക് നമ്മളോട് അത്ര സ്നേഹമേ ഉള്ളൂ എന്നര്‍ത്ഥം. ഒരു കണക്കില്‍ അത് നമ്മുടെ കൂടി പരാജയമല്ലേ. സ്നേഹം ചോദിച്ച് വാങ്ങാന്‍ പറ്റില്ലല്ലോ, അവര്‍ക്ക് കൂടി തോന്നേണ്ടതല്ലേ? അവരുടെ ജീവിതത്തില്‍ നമ്മുടെ പ്രധാന്യം ബോധ്യപ്പെടുത്താന്‍ നമ്മള്‍ പരാജയപ്പെട്ടു"

"അതുതന്നെയാണ് ഞാനും ഇപ്പോ ചിന്തിച്ചത്. ഞാന്‍ സ്ഥിരമായി എന്റെ മോളോട് ചോദിച്ചിരുന്ന അതേ ചോദ്യം ഇന്നവള്‍ എന്നോട് ചോദിച്ചപ്പോഴാണ് അതിന്റെ ആഴം എനിക്ക് മനസിലായത്. അവരുടെ ഭൌതിക ആവശ്യങ്ങള്‍ മുടക്കില്ലാതെ സാധിച്ചുകൊടുത്ത് മക്കളോട് സ്നേഹം കാണിക്കാനുള്ള രീതി എന്ന്‍ ഞാനന്ന്‍ വിശ്വസിച്ചിരുന്നു. അതിന്റെയൊക്കെ കണക്ക് ഇടക്കിടെ ഓര്‍മ്മിപ്പിച്ചാണ് ആ സ്നേഹം തിരിച്ചുപിടിക്കേണ്ടത് എന്നും. ഇന്നിപ്പോ ദാരിദ്ര്യത്തില്‍ ജനിച്ചുവളര്‍ന്നവര്‍ പോലും അതേ ദാരിദ്ര്യത്തിന് നടുവില്‍ സ്വന്തം അച്ഛനമ്മമാരെ കൂടെ നിര്‍ത്തുന്നത് കാണുമ്പോള്‍... ഞാന്‍ കൊടുക്കാത്തത് എന്തൊക്കെയോ, ദാരിദ്ര്യത്തിന്റെ നടുവിലും സ്വന്തം മക്കള്‍ക്ക് നല്കാന്‍ ആ അച്ഛനമ്മമാര്‍ക്കു കഴിഞ്ഞിരിക്കണം. ഒരുപക്ഷേ അവര്‍ കൂടുതല്‍ വിലമതിക്കുന്ന എന്തോ ഒന്ന്‍... ടീച്ചര്‍ പറഞ്ഞപോലെ, നമ്മള്‍ നമ്മുടെ സ്നേഹം കാണിച്ച രീതി എവിടെയോ പിഴച്ചുപോയി"

"എന്റെ കാര്യത്തില്‍ പിഴച്ചത് എവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു നായരേ. ആര് ജയിക്കും ആര് ജയിക്കും എന്ന്‍ ഞാനും അലക്സിച്ചായനും കൂടി മത്സരിക്കുന്നതിന്റെ ഇടയ്ക്ക് പോളിന്റെയും ആനീടെയും കാര്യം ഞങ്ങള്‍ക്ക് ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടിയിരുന്നില്ല. നായര് പറഞ്ഞപോലെ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൃത്യമായി കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാനും ഒരുപക്ഷേ അലക്സിയും അന്ന് ചിന്തിച്ചത്. വീട്ടിലെ നിലയ്ക്കാത്ത യുദ്ധത്തെക്കുറിച്ച് പോള് ചോദിച്ചപ്പോള്‍, ഞങ്ങള്‍ വഴക്കിടുന്നതിന് നിങ്ങള്‍ക്കെന്താ കുഴപ്പം എന്നുപോലും ഞാനവനോട് തിരിച്ചു ചോദിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ തത്കാലത്തെ വികാരം ശമിപ്പിക്കാന്‍ നോക്കുമ്പോ പിന്നീട് പിള്ളേരുണ്ടാവുമെന്നും അവര്‍ക്ക് മുന്നോട്ട് നീണ്ടുകിടക്കുന്ന ഒരു ജീവിതമുണ്ടാകുമെന്നും ഓര്‍ക്കണമായിരുന്നു എന്ന്‍ എന്റെ മോള് അവളുടെ ഇരുപതാമത്തെ വയസ്സില്‍ എന്റെ മുഖത്തുനോക്കി പറഞ്ഞ ദിവസമാണ് എന്റെ ധാരണകള്‍ ആകെ പിഴച്ചുപോയിരുന്നു എന്നു ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോയിരുന്നു. എന്നിട്ടുപോലും ഞാനും അലക്സിയും പരസ്പരം മത്സരിച്ചിട്ടേ ഉള്ളൂ എന്നതാണ് സത്യം... എന്തിനായിരുന്നു ആ മത്സരങ്ങള്‍ എന്ന്‍ സത്യം പറഞ്ഞാല്‍ ഇന്നും എനിക്കറിയില്ല... പക്ഷേ ഒന്നെനിക്ക് ഉറപ്പുണ്ട്, എന്നെപ്പോലെ അലക്സിയും മക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു. പക്ഷേ അത് അവരോടു കണ്‍വേ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പിഴച്ചുപോയി. അത് തിരിച്ചറിയും മുന്നേ അലക്സി അങ്ങ് പോകേം ചെയ്തു..." ഗ്രേസി ഒന്ന്‍ നെടുവീര്‍പ്പിട്ടു.

"ഇനിയിപ്പോ ഒന്നിനെയും തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ..." മനസ്സിലെവിടെയോ നിരാശ ഇഴഞ്ഞുകയറുന്നത് ഞാന്‍ അറിഞ്ഞു. അതു മനസിലാക്കിയിട്ടാകണം, അല്പം മുന്‍പ് ഉപേക്ഷിച്ച ആ കുസൃതിച്ചിരി തിരിച്ചെടുത്തുകൊണ്ട് ഗ്രേസി പറഞ്ഞു,

"ഇനീപ്പോ നിങ്ങളെന്തിനാ നായരെ അതൊക്കെ തിരിച്ചുപിടിക്കാന്‍ മെനക്കെടുന്നത്? നിങ്ങടെ മോള് പറഞ്ഞപോലെ, നമുക്കിവിടെ എന്നതാ ഒരു കുറവ്? ദേ ടീവീല് സീരിയല് തുടങ്ങിക്കാണും. നമുക്കതിന്റെ മുന്നീപ്പോയിരുന്ന് പത്ത് കുറ്റം കണ്ടുപിടിക്കാം. വന്നേ"