Mar 28, 2015

ഇല്ല, ആരും യുക്തിവാദിയായി ജനിക്കുന്നില്ല!

പല യുക്തിവാദികളും പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, എല്ലാ കുട്ടികളും യുക്തിവാദികളായിട്ടാണ് ജനിക്കുന്നത്, സമൂഹം കണ്ടിഷൻ ചെയ്ത് അവരെ വിശ്വാസികളാക്കി മാറ്റുന്നതാണ് എന്നൊക്കെ. ഒപ്പം കൗതുകത്തോടെ എന്തെങ്കിലും പരിശോധിക്കുന്ന കുട്ടികളുടെ പടമോ മറ്റോ കാണുകയും ചെയ്യും. എനിക്കതിനോട് വിയോജിപ്പുണ്ട്. കുട്ടികൾ അവിശ്വാസികളോ യുക്തിവാദികളോ ആയി ജനിക്കുന്നു എന്നെനിക്ക് തോന്നുന്നില്ല. അവർ അജ്ഞരായി ജനിക്കുന്നു എന്നേയുള്ളു.

യുക്തിവാദം പറയുന്നതുപോലെ വസ്തുനിഷ്ഠമായി കാര്യങ്ങളെ പരിശോധിച്ച് ബോധ്യപ്പെടാനുള്ള പ്രവണത കുട്ടികളിൽ കാണാം എന്നത് ശരി തന്നെ. അവർ ചാഞ്ഞും ചെരിഞ്ഞും നോക്കിയും, കുലുക്കി നോക്കിയും മണത്തും നക്കിയുമൊക്കെ ഒരു വസ്തുവിനെ പഠിയ്ക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഇത് മുതിർന്ന മതവിശ്വാസികളും ചെയ്യുന്നത് തന്നെയാണ്. വസ്തുനിഷ്ഠമായി കാര്യങ്ങളെ പഠിച്ചും പരിശോധിച്ചും തികച്ചും യുക്തിപൂർവം തന്നെയാണ് ഏതൊരു മതവിശ്വാസിയും ജീവിതത്തിലെ 90 ശതമാനത്തിലധികം തീരുമാനങ്ങളും എടുക്കുന്നത്. വിവാഹം കഴിക്കാതെ ഒരു സ്ത്രീ ഗർഭിണിയായാൽ സ്വന്തം ജീവിതത്തിൽ ഒരു മതവിശ്വാസിയും അതിനെ ദിവ്യഗർഭം എന്ന് വിളിക്കില്ല. "അത് വെറും വഴിപാടാണ്", "വെറും നേർച്ചയാണ്" എന്നൊക്കെയുള്ള പ്രയോഗങ്ങളിലൂടെ പരോക്ഷമായി മതപരമായ ചടങ്ങുകളിലുള്ള അർത്ഥശൂന്യത പോലും വിശ്വാസികൾ പ്രകടിപ്പിക്കാറുണ്ട്. ഒരു സാധാരണ വീട്ടമ്മ മീൻ വാങ്ങുമ്പോ ചീഞ്ഞതാണോ എന്ന് പരിശോധിക്കുന്നത് മുതൽ അന്ധവിശ്വാസിയായ ഒരു ഇസ്രോ സയന്റിസ്റ്റ് റോക്കറ്റ് ടെസ്റ്റ് ചെയ്യുന്ന കാര്യത്തിൽ വരെ സയന്റിഫിക് മെത്തേഡ് എന്ന യുക്തിവാദത്തിന്റെ വിജ്ഞാനസമ്പാദന രീതി പിൻതുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളിൽ കാണുന്ന 'യുക്തിവാദ ലക്ഷണ'ങ്ങളിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ല. അവരത് മുതിർന്ന ശേഷവും തുടരുന്നുണ്ടല്ലോ. കിലുക്കാംപെട്ടി കൈയിൽ കിട്ടുമ്പോ കരച്ചിൽ നിർത്തുന്ന കുട്ടിയുടെ വിശ്വാസസ്വഭാവം നമ്മൾ കാണാതിരിക്കരുത്. വലുതാകുമ്പോൾ കരച്ചിൽ നിർത്താൻ നമ്മൾ വലിയ 'കിലുക്കാംപെട്ടികളെ' ആശ്രയിക്കുന്നു.

പരീക്ഷയിൽ മാർക്ക് 60%-ൽ നിന്ന് 90% ആക്കി മാറ്റുന്നതിനേക്കാൾ അധ്വാനം വേണ്ടിവരും അത് 90-ൽ നിന്ന് 95% ആയി ഉയർത്താൻ എന്ന് പറയാറില്ലേ? അത് തന്നെയാണ് യുക്തിവാദത്തിന്റെയും കാര്യം എന്നാണ് എന്റെ പക്ഷം. 90% മേഖലകളിലും പ്രയോഗിക്കുന്ന യുക്തിവാദം ബാക്കി 10% കാര്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നല്ല അധ്വാനം വേണ്ടി വരും (എനിയ്ക്ക് വേണ്ടി വന്നിട്ടുണ്ട്). പരിശീലനം സിദ്ധിച്ച തലച്ചോറിന് മാത്രമേ അതിന് സാധിക്കൂ. അവിടെ എന്ത് ചിന്തിക്കണം എന്നതിനെക്കാൾ എങ്ങനെ ചിന്തിക്കണം എന്ന പാഠമാണ് കഷ്ടപ്പെട്ട് പഠിയ്ക്കേണ്ടത്. പക്ഷേ ആ പരിശീലനത്തിൽ കുട്ടിക്കാലം മുതലേ സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്ന മതബോധം വലിയൊരു വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല. വിജയകരമായി പ്രവർത്തിക്കുന്ന മതങ്ങളെല്ലാം, തീരെ ചെറുപ്പം മുതലേ കുട്ടികളെ ടാർഗറ്റ് ചെയ്യുന്നത് അതേ കാരണം കൊണ്ട് തന്നെയാണ്. എങ്ങനെ ചിന്തിക്കണം എന്നതിന് പകരം എന്ത് ചിന്തിക്കണം എന്ന് കുഞ്ഞ് തലച്ചോറുകളിൽ ഫീഡ് ചെയ്ത് ആശയപരമായ ഒരുതരം അടിമത്തം ആദ്യമേ ഉണ്ടാക്കിയെടുക്കും. അത് പൊട്ടിച്ച് വെളിയിൽ വരിക അത്ര എളുപ്പമല്ല. യുക്തിവാദം എന്ന രീതിയെക്കുറിച്ച് അറിഞ്ഞ് വരുമ്പോഴേയ്ക്കും തലയിൽ ഇരിക്കുന്ന ആശയങ്ങൾക്ക് ദശാബ്ദങ്ങൾ പഴക്കം കാണും. പഴകുംതോറും അത് കളയാൻ മടിയാകും. ഇരുപത്തഞ്ചാം വയസ്സിൽ യുക്തിവാദത്തെ അറിയാൻ ശ്രമിക്കുന്ന ആളിന് "25 വർഷം താൻ വിഡ്ഢിത്തം വിശ്വസിച്ചിരുന്നു" എന്ന കാര്യം അംഗീകരിക്കുക (ഈഗോ സമ്മതിക്കുമോ!), തീവ്രവാദത്തെക്കാൾ യുക്തിവാദത്തെ ഭയപ്പെടുക എന്ന മതപാഠം കാരണമുള്ള സാമൂഹികമായ ഭീഷണികൾ മറികടക്കുക എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് മുന്നിൽ. അതുകൊണ്ട് തന്നെ മതാധിഷ്ഠിത സമൂഹത്തിൽ വളർന്നവർക്ക് യുക്തിവാദം എന്നത് തീരെ എളുപ്പമുള്ള കാര്യമല്ല.

യുക്തിവാദം പഠിച്ചെടുക്കുക തന്നെ വേണം എന്ന് പറയുന്നതിന് കാരണമുണ്ട്-പരിണാമപരമായി നമ്മുടെ തലച്ചോറ് മതവിശ്വാസത്തിന് വേണ്ടി രൂപപ്പെട്ട ഒന്നാണ്. നമ്മൾ ജനിക്കുന്നത് യുക്തിവാദിയുടെ തലച്ചോറുമായല്ല, വിശ്വാസിയുടെ തലച്ചോറുമായി തന്നെയാണ്. (എഴുന്ന് നിൽക്കാത്ത കഴുത്ത്, ചവയ്ക്കാനാവാത്ത വായ, തറയിൽ ഉറപ്പിക്കാനാവാത്ത കാല്, നിയന്ത്രണമില്ലാത്ത മൂത്രനാളി എന്നിങ്ങനെ ജനനസമയത്തുള്ള അമ്പതിലധികം ന്യൂനതകളുടെ കൂട്ടത്തിൽ ഇതിനെയും പെടുത്താം) അതിന് കാരണം മനസിലാക്കണമെങ്കിൽ 'ദൈവം സ്വന്തം ഷേപ്പിൽ ഉണ്ടാക്കിയെടുത്ത സ്പെഷ്യൽ പ്രോഡക്റ്റാണ് മനുഷ്യൻ' എന്ന മതപുസ്തകത്തിലെ അഹങ്കാരം ഉപേക്ഷിച്ച്, 'നൂറായിരം ജീവവർഗങ്ങളിൽ വലിയൊരു തലച്ചോർ ഉണ്ടായതിന്റെ പേരിൽ പുരോഗമിച്ച ഒരു ജീവവർഗം മാത്രമാണ് മനുഷ്യർ' എന്ന എളിമയുടെ പാഠം ഉൾക്കൊള്ളണം. ആ തലച്ചോറ് കോടിക്കണക്കിന് വർഷം കൊണ്ട് കൈമാറിവന്ന തലച്ചോറുകളുടെ ഒരു മോഡിഫിക്കേഷൻ മാത്രമാണെന്ന് പരിണാമ സിദ്ധാന്തം പറയുന്നു. അതിനാൽ മനുഷ്യൻ ആത്യന്തികമായി ഒരു മൃഗമാണ്. 'മൃഗീയമായ' ഒരു തലച്ചോറ് തന്നെയാണ് മനുഷ്യന്റെ തലയിലും ഇരിക്കുന്നത്. അത് മതത്തിന് വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മതം ഒരു മൃഗീയവാസനയാണ്.

ഇക്കാര്യം വളരെ വിശദമായ ചർച്ചയിലൂടെ മാത്രമേ ഉൾക്കൊള്ളാനാകൂ. ദൈവം നേരിട്ട് സൃഷ്ടിച്ചതാണെങ്കിൽ വലിയൊരു കൂട്ടം ജനങ്ങൾ എന്തുകൊണ്ട് അവിശ്വാസികളായി എന്ന ചോദ്യത്തിന് ഒരു മതവും വ്യക്തമായ ഉത്തരം തരില്ല. പക്ഷേ ബഹുഭൂരിപക്ഷം ജനവും ഇന്നും എന്തുകൊണ്ട് വിശ്വാസികളായി തുടരുന്നു എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം തരുന്നുണ്ട്. അതറിയാനാഗ്രഹിക്കുന്നവർ ഈ വീഡിയോ സീരീസ് അവസാനം വരെ കാണുക.


എന്തായാലും എല്ലാവരും യുക്തിവാദികളായി ജനിക്കുന്നു എന്ന വാദം യുക്തിവാദികൾ ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം. അത് വെറും ബഡായി മാത്രമായിപ്പോകും.

Mar 27, 2015

യുക്തിവാദമൊക്കെ വെറും ആക്റ്റിങ്ങാടേയ്!

"ഈ യുക്തിവാദികളൊക്കെ വെറും കള്ളൻമാരാണ്. ഒരു രോഗമോ അപകടമോ വന്നാൽ ഇവനൊക്കെ അപ്പഴേ ദൈവത്തിനെ വിളിക്കും. ഒളിച്ചും പാത്തും അമ്പലത്തിലും പള്ളീലും പോകേം ചെയ്യും." ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ കാണില്ല. വിശ്വാസികൾക്കിടയിൽ നല്ല പോപ്പുലാരിറ്റി ഉള്ള ഒരു ധാരണയാണിത്. ഇത് കേൾക്കുമ്പോൾ എനിയ്ക്ക് നല്ല സന്തോഷം തോന്നാറുണ്ട്.

ഒരു യുക്തിവാദി എന്ന നിലയിൽ, യുക്തിവാദികളെ കളിയാക്കുന്ന ഈ ഡയലോഗ് എന്നെ എന്തിന് സന്തോഷിപ്പിക്കണം? കാരണം, ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും ആത്യന്തികമായി യുക്തിവാദികളെ പുകഴ്ത്തുന്ന ഒരു ആരോപണമാണിത്. യുക്തിവാദികളെന്ന് പറയുന്നവരൊക്കെ ശരിയ്ക്കും യുക്തിവാദികളൊന്നും അല്ല, എല്ലാം 'ആക്റ്റിങ്' ആണ് എന്നാണല്ലോ ടി ആരോപണം പറയുന്നത്. ഇല്ലാത്ത മേൻമകളും നന്മകളുമൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇല്ലാത്ത കുറവുകളും തിൻമകളും ആരും ഉണ്ടെന്ന് കാണിക്കാറില്ല എന്ന് മാത്രമല്ല ഉള്ളത് പരമാവധി മറച്ച് വെക്കാനേ ശ്രമിക്കാറുള്ളു. മേൽപ്പറഞ്ഞ ആരോപണവുമായി ഇതിനെ കൂട്ടിച്ചേർക്കുമ്പോൾ, അത് പറയാതെ പറയുന്ന കാര്യം വ്യക്തമാകും. യുക്തിവാദം ആളുകൾ ഇല്ലെങ്കിലും ഉണ്ടെന്ന് നടിക്കാൻ സാധ്യതയുള്ള കാര്യമാണ്. വിശ്വാസം ആളുകൾ മറച്ച് പിടിക്കാൻ സാധ്യതയുള്ള കാര്യവുമാണ്! ഇവിടെ യുക്തിവാദത്തിന്റെ സ്ഥാനം കുറവുകളുടെ ഗണത്തിലാണോ മേൻമകളുടെ ഗണത്തിലാണോ? യുക്തിവാദം ഒരു മേൻമയാണെന്ന് അംഗീകരിച്ച് തരുന്നത് കണ്ടില്ലേ? യുക്തിവാദം പ്രസംഗിക്കുന്നവർ അസുഖം വരുമ്പോ ദൈവത്തിനെ വിളിക്കുമോ ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുമോ എന്നതൊക്കെ ഒരു വശത്ത് കൂടി നടക്കും. ഞാനുൾപ്പടെ മിക്ക യുക്തിവാദികളും യുക്തി 'പ്രചരിപ്പിക്കാനാണ്' ശ്രമിക്കുന്നത്, തങ്ങൾ യുക്തിവാദിയാണെന്ന് മറ്റുള്ളവരെ 'ബോധ്യപ്പെടുത്താനല്ല'. പ്രവൃത്തിയിൽ വരുന്ന യുക്തിവാദം കൊണ്ട് ഗുണങ്ങളുള്ളത്, യുക്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന യുക്തിവാദിയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ആശയവും അതിന്റെ മെറിറ്റും ഗുണദോഷങ്ങളും എല്ലാം യുക്തിവാദിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

പറഞ്ഞുവന്നത് യുക്തിവാദികളോടാണ്. നിങ്ങൾ ആത്മാർത്ഥമായി യുക്തിചിന്ത പിൻതുടരാൻ ആഗ്രഹിക്കുന്നയാളാണ് എങ്കിൽ ഇനിയീ 'ആരോപണം' കേൾക്കുമ്പോ അഭിനന്ദനത്തിന് ഒരു 'താങ്ക്സ്' പറഞ്ഞേക്കൂ.

Mar 21, 2015

ഇതിലിപ്പോ എന്തിരിക്കുന്നു!

പല പ്രബുദ്ധ മലയാളികൾക്കും ഉള്ള ഒന്നാണ് "ഓഹ്! ഇതിലിപ്പോ എന്തിരിക്കുന്നു!" എന്നൊരു മനോഭാവം. വിദ്യാഭ്യാസം സർവസാധാരണവും ഏത് ഡിഗ്രിയും ഏതാണ്ട് എല്ലാവർക്കും പ്രാപ്യമാണ് എന്നൊരു സാഹചര്യവും ഉള്ളതിനാലാകണം എല്ലാ കാര്യങ്ങളേയും ഒരുതരം ലളിതയുക്തിയോടെ സമീപിക്കുന്നത്. പ്രത്യേകിച്ചും science vs religion എന്ന ഘട്ടത്തിലാണ് ഈ ഒരു സമീപനം പ്രകടമാകുന്നത്. മനുഷ്യന് മനസിലാവാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന മട്ടിൽ വൻ ഫിലോസഫി കാച്ചി മതപ്രമാണങ്ങളെ പാസാക്കിയെടുക്കുകയും അതേ സമയം 'എനിയ്ക്ക് മനസിലാവാത്തതായി ഒന്നുമില്ല' എന്ന ഭാവത്തിൽ എന്തിനേയും ആധികാരികമായി വിലയിരുത്തുകയും ചെയ്യും.

ആറ്റത്തിന്റെ ഘടന എന്ന ഒരു ചെറിയ ഉദാഹരണം എടുത്ത് പറയാൻ വന്ന കാര്യം വ്യക്തമാക്കാം. സ്കൂൾ ക്ലാസുകളിൽ ശാസ്ത്രം പഠിപ്പിക്കുമ്പോഴുള്ള ഒരു Necessary Evil ആണ് ആ പ്രായത്തിലുള്ളവർക്ക് മനസിലാവാൻ വേണ്ടിയുള്ള ലഘൂകരണം. എട്ടിലോ ഒമ്പതിലോ ആണ് ഞാൻ ആറ്റത്തിന്റെ ഘടന പാഠപുസ്തകത്തിൽ നിന്ന് പഠിക്കുന്നത്. പക്ഷേ ഇതേ വിഷയം പ്ലസ് ടൂവിനും ബീ.എസ്.സിയ്ക്കും എം.എസ്.സിയ്ക്കും വരെ ഞാൻ പഠിച്ചിട്ടുണ്ട്. അതായത്, എന്നോട് ചോദിച്ചാലും എന്നോടൊപ്പം പത്താം ക്ലാസ് വരെ പഠിച്ചിട്ട് പിന്നീട് ശാസ്ത്രം വിട്ട് മറ്റ് വിഷയങ്ങൾ പഠിച്ചവരോടോ പഠനമേ നിർത്തിയവരോടോ ചോദിച്ചാലും, "ആറ്റത്തിന്റെ ഘടന പഠിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തിന് 'അതെ' എന്ന ഒരേ ഉത്തരമാണ്. ഇത് ഒമ്പതിൽ പഠിച്ചതാണെങ്കിൽ പിന്നെന്തിനാ എം.എസ്.സി.യ്ക്ക് ഒക്കെ അത് വീണ്ടും പഠിക്കുന്നത്? ഉത്തരം വിഷമം ഉണ്ടാക്കുന്നതായിരിക്കും, എട്ടിലും ഒമ്പതിലും പഠിച്ചപോലൊന്നും അല്ല ആറ്റത്തിന്റെ ഘടന. ഒമ്പതിൽ പഠിച്ച ആറ്റം ഘടനയ്ക്ക് എം.എസ്.സിയ്ക്ക് പഠിച്ച ഘടനയുമായി വിദൂരസാമ്യം പോലുമില്ല. എന്നാൽ പിന്നെ എന്തിനാ കുട്ടികളെ തെറ്റ് പഠിപ്പിക്കുന്നത് എന്ന് ചോദിക്കാം. അത് ചെയ്യാതെ നിർവാഹമില്ല എന്നതാണ് ദുഃഖകരമായ സത്യം. വളരെ അടിസ്ഥാനപരമായ കാര്യമായതുകൊണ്ട് കൊച്ചുകുട്ടികളോട് അതിനെ കുറിച്ച് സംസാരിക്കാതെ തരമില്ല. പക്ഷേ ആറ്റം ഘടന പോലെ സങ്കീർണമായ ഒരു കാര്യം അതേ രൂപത്തിൽ അവരോട് പറയാനും കഴിയില്ല. ഒരു പോപ്പുലർ സയൻസ് ലേഖനത്തിനും ശരിയായി വരച്ചുകാട്ടാൻ കഴിയാത്ത ഒന്നാണ് ആറ്റത്തിന്റെ ശരിയായ ഘടന. സ്കൂളിൽ പഠിച്ച, പ്രോട്ടോണിനേയും ന്യൂട്രോണിനേയും നടുക്കൊരു കൊച്ചു വട്ടത്തിലാക്കി ചുറ്റും കുറേ വളകളും അതിൽ അവിടവിടെയായി മുത്ത് പോലെ വരച്ചുവച്ച ഇലക്ട്രോണുകളും ഒക്കെയാണ് ഭൂരിഭാഗം ആളുകളുടേയും മനസിൽ ആറ്റം ഘടനയെക്കുറിച്ചുള്ളത് (നമ്മുടെ പഠനരീതിയുടെ ഗുണം കൊണ്ടാകണം എം.എസ്.സി. കഴിഞ്ഞിട്ടും ഈ കുട്ടിക്കഥാ ചിത്രവുമായി നടക്കുന്ന ഒരുപാട് പേരുണ്ട്). ഈ വളകൾ യഥാർത്ഥ ചിത്രമല്ല എന്നും പകരം ഡംബൽ, ഡബിൾ ഡംബൽ രൂപങ്ങളിലുള്ള ഓർബിറ്റലുകളാണ് കൂടുതൽ ശരി എന്നും സ്കൂളിൽ തന്നെ പറയുന്നുണ്ട് എങ്കിലും അതത്ര ദഹിക്കാത്തതുകൊണ്ടും പെട്ടെന്ന് മനസിലാക്കാനും മനസിൽ കാണാനും 'വളയും മുത്തും' മോഡൽ ആണ് കൂടുതൽ നല്ലത് എന്നതിനാലും പലരുടേയും ഭാവന അതിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയേ ഉള്ളു. ആറ്റം ഘടന വിശദീകരിക്കുന്ന ബോർ മോഡൽ പഠിപ്പിച്ചിട്ട് അതൊക്കെ കണ്ടുപിടിച്ചതിന് നീൽസ് ബോറിന് നോബൽ സമ്മാനം കിട്ടി എന്നും സ്കൂളിൽ പറയുന്നുണ്ട്. പക്ഷേ സിനിമയിലെ പപ്പുവിന് പീ.ഡബ്യൂ.ഡി അവാർഡ് കിട്ടിയ കഥപോലെയാണ് എനിക്കത് തോന്നിയത്. ഒരു കൊച്ചു പാരഗ്രാഫിൽ 'മുത്തും വളയും' മോഡൽ വിശദമാക്കിയിട്ട് അതിന് നോബൽ പ്രൈസ് കിട്ടി എന്നുപറഞ്ഞാൽ വേറെന്ത് മനസിലാവാനാണ്! "ഇതിലിപ്പോ എന്തിരിക്കുന്നു!" എന്നേ തോന്നൂ. പ്ലസ് ടൂവിന് ബോർ മോഡൽ പഠിച്ചിടത്ത് ഹൈഡ്രജൻ ആറ്റത്തിൽ ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ആകർഷണ ബലത്തിന്റെ സമവാക്യത്തിൽ നിന്നും ഗണിതഗുസ്തികൾ നടത്തി ഇലക്ട്രോണിന് പ്രോട്ടോണിൽ നിന്നുള്ള ദൂരവും ഹൈഡ്രജൻ വാതകം ഉത്തേജിപ്പിക്കപ്പെടുമ്പോൾ പുറത്തുവിടുന്ന പ്രകാശത്തിന്റെ ഫ്രീക്വൻസിയുമൊക്കെ കണക്കാക്കാൻ പഠിച്ചപ്പോഴാണ് അതത്ര ചെറിയ കാര്യമല്ല എന്നൊരു ഇംപ്രഷൻ ഉണ്ടായത്. മാക്സ് പ്ലാങ്ക് കൊണ്ടുവന്ന ക്വാണ്ടം തിയറി ഉപയോഗിച്ചാണ് ബോർ അതൊക്കെ ചെയ്തത് എന്നവിടെ പറയുന്നുണ്ടെങ്കിലും ക്വാണ്ടം തിയറിയോ അതിന്റെ പ്രാധാന്യമോ ആ പ്രായത്തിൽ മനസിലായില്ല എന്നതിനാലാകണം അന്നത് ശ്രദ്ധിച്ചില്ല. ബി.എസ്.സിയ്ക്ക് ക്വാണ്ടം തിയറി പഠിക്കാനുണ്ടായിരുന്നു. കരിക്കുലം രൂപകൽപനയുടെ ഗുണം കൊണ്ട് സിലബസിൽ നിന്ന് അതിന്റെ പ്രാധാന്യം മനസിലായില്ല. (കരിക്കുലം രൂപകൽപനയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. പ്ലസ് ടൂവിന് ഷ്രൂഡിങ്ങർ ഇക്വേഷൻ പഠിക്കാനുണ്ടായിരുന്നു. "തത്തമ്മേ പൂച്ച പൂച്ച" മോഡലിൽ അന്നത് മനഃപാഠമാക്കി വെച്ചു. Wave mechanics ന്റെ അടിസ്ഥാന പാഠം പോലും പഠിക്കാതെ പ്ലസ് ടൂ പിളേളര് ഷ്രൂഡിങ്ങർ ഇക്വേഷൻ പഠിക്കണമെന്ന് തീരുമാനിച്ച ആ അജ്ഞാത കരിക്കുലം ഡിസൈനർക്ക് കൂപ്പുകൈ!) പക്ഷേ സിലബസിന് പുറത്ത് വായനയ്ക്കുള്ള അവസരം കിട്ടിയതിനാൽ ക്വാണ്ടം മെക്കാനിക്സ് മറ്റ് വഴികളിൽ നിന്ന് പഠിക്കാനായി. "ക്വാണ്ടം തിയറി പഠിച്ചിട്ട് ഷോക്ക് ആവാത്തവർക്ക് അത് മനസിലായിട്ടില്ല" (Whoever is not shocked by quantum mechanics has not understood it) എന്ന നീൽസ് ബോറിന്റെ വാചകത്തിന്റെ അർത്ഥം എനിക്ക് അങ്ങനെയാണ് മനസിലായത്. ഞാൻ ഷോക്കായിരുന്നു! അപ്പഴേയ്ക്കും പ്ലസ് ടൂവിന് പഠിച്ച ബോർ മോഡലിൽ അന്ന് കാണാത്ത പല മഹത്വങ്ങളും ശ്രദ്ധയിൽ പെട്ടു. ബോറിന്റെ നോബൽ സമ്മാനത്തെ പീ.ഡബ്യൂ.ഡി. അവാർഡായി തോന്നിയ ബാല്യകാല വിഡ്ഢിത്തത്തിൽ ലജ്ജയും തോന്നി. പക്ഷേ കളി തീർന്നില്ല. എം.എസ്.സിയ്ക്ക് ക്വാണ്ടം മെക്കാനിക്സ് എന്നൊരു പേപ്പറും അതിൽ ഹൈഡ്രജൻ ആറ്റം എന്നൊരു പാഠവും ഉണ്ട്. (സ്കൂളിൽ ഫിസിക്സ് പാഠപുസ്തകത്തിന്റെ ഒരു മൂലയ്ക്ക് 'ക്വാണ്ടം സിദ്ധാന്തം' എന്നൊരു വാക്ക് കണ്ടപ്പോൾ ഞാനറിഞ്ഞോ ഭാവിയിൽ അന്നത്തെ ഫിസിക്സ് പരീക്ഷ പോലെ ഒരു പരീക്ഷയ്ക്ക് വിഷയമാകാൻ പോകുന്ന സാധനമാണ് അതെന്ന്!) ഒമ്പതാം ക്ലാസിൽ ഓർബിറ്റലിന്റെ രൂപം എന്ന പേരിൽ ഗോളവും ഡംബലുമൊക്കെയായി വരച്ച സാധനങ്ങൾ എവിടന്ന് എങ്ങനെ വന്നു എന്ന് മനസിലായത് അവിടെ വച്ച് മാത്രമാണ്! അത് ഒമ്പതാം ക്ലാസിലോ പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ പോലും എന്തുകൊണ്ട് പഠിപ്പിച്ചില്ല എന്നതിനും ഉത്തരം അവിടെയുണ്ട്. 10 (SSLC) + 2 (HSE) + 3 (B.Sc.) + 2 (M.Sc.) = 17 വർഷം കൊണ്ട് ഞാൻ പഠിച്ച ഗണിതപാഠങ്ങൾ എനിക്കവിടെ ആവശ്യം വന്നു! ആറ്റത്തിന്റെ ഘടന മനസിലാക്കാൻ വേണ്ട 'പണിസാധനങ്ങളും' 'കൈപ്പഴക്കവും' എം.എസ്.സി. എങ്കിലും ആയാലേ കിട്ടൂ എന്നാണ് പറഞ്ഞുവന്നത്. അതായത്, ഈ ഒരു ഘട്ടമെങ്കിലും കഴിഞ്ഞാലേ ഞാൻ തന്നെ നേരത്തേ പറഞ്ഞ "ഒരു പോപ്പുലർ സയൻസ് ലേഖനത്തിനും ശരിയായി വരച്ചുകാട്ടാൻ കഴിയാത്ത ഒന്നാണ് ആറ്റത്തിന്റെ ശരിയായ ഘടന" എന്ന വാചകം നെഞ്ചത്ത് കൈവച്ച് പറയാൻ ഒരാൾക്ക് കഴിയൂ.

ഇപ്പറഞ്ഞത് ആറ്റത്തിന്റെ ഘടനയ്ക്ക് മാത്രമല്ല, ഏതാണ്ടെല്ലാ ശാസ്ത്രവിഷയങ്ങൾക്കും ബാധകമാണ്. പക്ഷേ ഇത് ഏറ്റവും വലിയ പോരായ്മയായി മാറുന്നത് ഭൗതികശാസ്ത്രത്തിനാണ്. പ്രധാന കാരണം, അത് പൂർണമായും ഗണിതത്തെ ആശ്രയിച്ച് നിലനിൽക്കുന്നു. ഗണിതം കൂടി പഠിയ്ക്കാതെ സ്കൂൾ തലത്തിനപ്പുറമുള്ള ഫിസിക്സ് മനസിലാകാനേ പോകുന്നില്ല. ഒരു മെഡിക്കൽ സയൻസ് പാഠപുസ്തകം എടുത്താൽ ഭാഷ അറിയാമെങ്കിൽ ഒരുപക്ഷേ അത് പൂർണമായും വായിച്ച് തീർക്കാനും അവിടെയും ഇവിടെയും എന്തെങ്കിലുമൊക്കെ മനസിലാക്കാനും ഒരാൾക്ക് സാധിച്ചേക്കും. പക്ഷേ ആ സ്ഥാനത്ത് ഒരു ഫിസിക്സ് പാഠപുസ്തകം ചിലപ്പോൾ വായിക്കാൻ തന്നെ കഴിഞ്ഞെന്ന് വരില്ല. സാധാരണക്കാരുടെ ശാസ്ത്രസംശയങ്ങൾ ഭൂരിഭാഗവും വരുന്നതും ഫിസിക്സിന്റെ പരിധിയിലാണ് എന്നതാണ് മറ്റൊരു പ്രശ്നം. പ്രപഞ്ചോല്പത്തി ഉൾപ്പടെയുള്ള കോസ്മോളജിയിലെ പ്രശ്നങ്ങളും അടിസ്ഥാനകണങ്ങളെ കുറിച്ചുള്ള കണികാ ഭൗതികവും എല്ലാം ക്വാണ്ടം മെക്കാനിക്സ്, റിലേറ്റിവിറ്റി തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മാത്രമേ വിശദീകരിക്കാനാവൂ. ഇതൊക്കെ വിശദീകരിക്കാനായിട്ടാണ് ഈ സിദ്ധാന്തങ്ങളൊക്കെ ഉണ്ടായത് തന്നെ. ഇതെല്ലാം തന്നെ അതിഗഹനമായ ഗണിതശാസ്ത്ര സമീപനത്തിലൂടെ മാത്രമേ മനസിലാക്കാനാവൂ. അതായത് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ആർക്കും ചോദിക്കാവുന്ന സിംപിൾ ചോദ്യത്തിന് ശാസ്ത്രം പൂർണമായും ഉറപ്പിച്ച ഒരു ഉത്തരം ഉണ്ടാക്കിയെടുത്താൽ തന്നെ അത് ചോദിച്ചയാളിന് മനസിലാവാൻ സാധ്യതയില്ല എന്നത് പരിഹാരമില്ലാത്ത ഒരു പ്രശ്നമായി നിലനിൽക്കും.

ഇവിടെയാണ് 'ലളിതയുക്തി'കൾ ശ്രദ്ധയാകർഷിക്കുന്നത്. ഒമ്പതാം ക്ലാസിൽ എനിക്ക് തോന്നിയ "ഇതിലെന്തിരിക്കുന്നു!" എന്ന ഘട്ടത്തിലാണ് അവരിപ്പോഴും. മുത്തും വളയും മോഡൽ ആറ്റത്തിന്റെ ചിത്രവും മനസിലിട്ടിട്ട് ''ഇലക്ട്രോൺ എങ്ങനെ ഇത്ര കൃത്യമായി പ്രോട്ടോണിനെ ചുറ്റുന്നു?" എന്നൊരു ചോദ്യം ചോദിക്കും. അത് മനസിലാക്കാൻ ക്വാണ്ടം മെക്കാനിക്സ് പഠിക്കണം എന്ന് പറഞ്ഞാൽ, "എനിയ്ക്ക് പത്ത് മിനിറ്റ് സമയം ഉണ്ട്. ക്വാണ്ടം മെക്കാനിക്സ് പഠിപ്പിച്ച് താ!" എന്നങ്ങ് പറയും. അതായത്, പതിനേഴ് കൊല്ലം കൊണ്ട് ഞാൻ പഠിച്ചത് പത്ത് മിനിറ്റ് കൊണ്ട് പഠിപ്പിച്ച് കൊടുക്കാൻ! മറുപടി സ്വാഭാവികമായും തൃപ്തികരമല്ല. അതോടെ ശാസ്ത്രം തോറ്റു, മനുഷ്യൻ ജയിച്ചു. ആ ഗ്യാപ്പിൽ കൂടി ദൈവവും ചെകുത്താനും തൊട്ട് ലോക്കൽ മാടനും മറുതായും വരെ പാസായിപ്പോകും! ഇതേ ലളിതയുക്തിയാണ് ചിലരെ മോഡേൺ മെഡിസിനെതിരേയും തിരിക്കുന്നത്. ഡയബെറ്റിസ് എങ്ങനെയുണ്ടാകുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടർ കൊല്ലങ്ങളെടുത്ത് പഠിച്ച ഫിസിയോളജിയും അനാട്ടമിയും എൻഡോക്രൈനോളജിയും ഒക്കെ വേണ്ടി വരും. അതെല്ലാം അഞ്ച് മിനിറ്റിനുള്ളിൽ ഈ സാറൻമാരെ പറഞ്ഞ് മനസിലാക്കി കൊടുക്കണം, അതിന് പറ്റിയില്ലെങ്കിൽ മോഡേൺ മെഡിസിൻ തട്ടിപ്പ്! 'ജീവോർജം തളരുന്നതുകൊണ്ടാണ്. രണ്ട് ദിവസം പട്ടിണി കിടന്നാൽ ശരീരം താനേ ഡയബെറ്റിസിനെ ചവിട്ടി വെളിയിലെറിയും' എന്ന 'മനുഷ്യന് മനസിലാവുന്ന വിശദീകരണം' കേട്ടാൽ ഈ സാറൻമാര് "ആഹാ! ഗംഭീരം" എന്ന് കൈയടിക്കും. അറിവുണ്ടാക്കാൻ മെനക്കെട്ടേ കഴിയൂ എന്നതല്ല, മെനക്കെടാതെ കിട്ടുന്നതാണ് യഥാർത്ഥ അറിവ് എന്ന ആ യുക്തിയ്ക്ക് മുൻപിൽ നമുക്കൊന്നും ചെയ്യാനാവില്ല. തൊഴുത് സമ്മതിച്ച് അവരവരുടെ പണി നോക്കി പോകുക.

Mar 16, 2015

ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!

എനിയ്ക്ക് ഐസക് ന്യൂട്ടനെക്കാൾ ഫിസിക്സ് അറിയാം എന്നുപറഞ്ഞാൽ പലരും വിശ്വസിക്കില്ല. അത് പക്ഷേ അഹങ്കാരം പറഞ്ഞതല്ല, സത്യമാണ്. എനിക്കെന്നല്ല, നമ്മുടെ നാട്ടിലെ ഏതൊരാൾക്കും മോഡേൺ ഫിസിക്സിന്റെ പിതാവെന്ന് കണക്കാക്കപ്പെടുന്ന ഐസക് ന്യൂട്ടനെക്കാൾ അറിവ് ഫിസിക്സിൽ ഉണ്ട്. കാരണം വളരെ ലളിതവുമാണ്- ഐസക് ന്യൂട്ടൻ മരിച്ചിട്ട് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾ ആകുന്നു. അദ്ദേഹത്തിന് ശനിയ്ക്കപ്പുറമുള്ള ഒരു ഗ്രഹത്തെക്കുറിച്ചും അറിയില്ലായിരുന്നു, ഗാലക്സികളെക്കുറിച്ചോ നെബുലകളെക്കുറിച്ചോ അറിയില്ലായിരുന്നു, ഇലക്ട്രോണിനേയും പ്രോട്ടോണിനേയും പോയിട്ട് മൂലകങ്ങളെക്കുറിച്ച് പോലും അറിയില്ലായിരുന്നു... ആ പരിമിതമായ അറിവിന് മുന്നിൽ ഇവിടത്തെ പ്ലസ് ടൂ വിദ്യാർത്ഥി പോലും മഹാപാണ്ഡിത്യം ഉള്ളയാളാണ്. നമ്മുടെ അറിവ് എന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ അറിവാണ്. അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മനുഷ്യരാശി കരസ്ഥമാക്കിയിട്ടുള്ള അറിവാണ് നമുക്ക് പ്രാപ്യമായ അറിവ്. ഗലീലിയോയെക്കാൾ നന്നായി ജ്യോതിശാസ്ത്രം അറിയുന്നവരും ന്യൂട്ടനെക്കാൾ നന്നായി ഗുരുത്വാകർഷണം അറിയുന്നവരും ഐൻസ്റ്റൈനെക്കാൾ നന്നായി ആപേക്ഷികതാ സിദ്ധാന്തം അറിയുന്നവരും ഡാർവിനെക്കാൾ നന്നായി പരിണാമസിദ്ധാന്തം അറിയാവുന്നവരും ഒക്കെ പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. കാലം മുന്നോട്ട് പോകുന്തോറും മനുഷ്യന് പ്രാപ്യമായ അറിവ് കൂടിവരുന്നുണ്ട്. അതുകൊണ്ട് ഓരോ തലമുറയും ജനിച്ച് വീഴുന്നത് മുൻതലമുറയെക്കാൾ കൂടുതൽ അറിവ് നിലനിൽക്കുന്ന ഒരു സാഹചര്യത്തിലേക്കാണ്. നിലനിൽക്കുന്ന അറിവിന് മുകളിലേക്കാണ് പുതിയ തലമുറ അവരുടെ അറിവുകൾ അടുക്കി വെക്കുന്നത്. അത് ശാസ്ത്രത്തിൽ മാത്രമല്ല, രാഷ്ട്രീയം, സാമൂഹികം, കല, സാമ്പത്തികം എന്നിങ്ങനെ നാനാമേഖലകളിലും അങ്ങനെയാണ്. ഇന്നത്തെ പുരോഗതി മൊത്തം ആ രീതിയിൽ തന്നെയാണ് വന്നത്

ആ പശ്ചാത്തലത്തിലാണ് “ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!” എന്ന ക്ലീഷേ കാരണവശകാരം പരിശോധനാവിധേയമാക്കേണ്ടത്. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ തന്റെ അടുത്ത തലമുറയ്ക്ക് അറിയാമെന്ന കാര്യം അംഗീകരിക്കാൻ എല്ലാ കാലത്തും ആളുകൾ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു എന്ന തോന്നുന്നു. പുതിയ തലമുറയുടെ രീതികളെ എപ്പോഴും വിലകുറച്ച് കാണാനുള്ള പ്രവണത ഏറിയും കുറഞ്ഞും പല വയസ്സരും പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. പണ്ട് Maria Rose സിനിമകളിൽ നടത്തിയ ഒരു നിരീക്ഷണം ഓർമിക്കുന്നു. ബ്ലാക് ആൻ വൈറ്റ് സിനിമയിലെ നെഞ്ചിന് കീഴെ മുണ്ടുടുത്ത വയസ്സൻ അന്നത്തെ പൊടിമീശക്കാരൻ നായകനെ നോക്കി, “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് ശകാരിക്കുന്നു. അന്നത്തെ പൊടിമീശക്കാരൻ വയസ്സനായി മാറിയ ഇന്നത്തെ സിനിമയിൽ അതേ നടനെത്തന്നെ “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” പറയുന്ന റോളിൽ കാണാം. ജനറേഷൻ ഗ്യാപ്പ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇത് കാലാകാലങ്ങളായി ജനറേഷനുകൾക്കിടയിൽ നിലനിൽക്കുന്നു എന്നുവേണം കരുതാൻ.
തങ്ങളുടെ അപ്രമാദിത്വം തടഞ്ഞ് നിർത്താൻ മുതിർന്ന തലമുറ കണ്ടുപിടിച്ച തന്ത്രപരമായ ഒരു നീക്കമാകണം പ്രായത്തെ അറിവിന്റെ അളവുകോലാക്കി  പ്രതിഷ്ഠിച്ചുകൊണ്ടുള്ള സമൂഹ്യരീതി. മൂത്തവർ ചൊല്ലുന്ന മുതുനെല്ലിക്ക അഴുകിയതായാൽ പോലും നാളെ മധുരിയ്ക്കാൻ പോകുന്നതാണ് എന്ന വാഗ്ദാനത്തിൽ വരും തലമുറയെ കബളിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ സ്വാധീനം അത്ര ചെറുതൊന്നും അല്ല. എന്റെ അച്ഛന് എന്നെക്കാൾ അറിവുണ്ട്, അങ്ങനെയെങ്കിൽ അപ്പൂപ്പന് എന്നെക്കാളും അച്ഛനെക്കാളും അറിവ് ഉണ്ടായിരുന്നിരിക്കണം എന്ന ലോജിക്ക് തലമുറകൾ പിന്നിലേയ്ക്ക് വലിച്ച് നീട്ടുമ്പോൾ സംഭവിക്കുന്നതാണ് ഏഴായിരം വർഷം മുൻപ് പറത്തിയ വിമാനങ്ങളുടെ കഥ. പണ്ടത്തെ ആളുകൾക്ക് എല്ലാം അറിയാമായിരുന്നു നമുക്കൊന്നും ഒന്നും അറിയില്ല എന്ന് ആത്മാർത്ഥമായി കരുതുന്ന ഒരുപാട് പേരുണ്ട്. അതേ ആളുകൾ തന്നെ താൻ മാസങ്ങളെടുത്ത് വഴക്കിയെടുത്ത സ്മാർട്ട് ഫോൺ പുല്ല് പോലെ കൈകാര്യം ചെയ്യുന്ന എൽ.കെ.ജി.കുട്ടിയെ നോക്കി, “ഇപ്പഴത്തെ പിള്ളേർക്കൊക്കെ ഭയങ്കര ബുദ്ധിയാണ്” എന്നും പറയാറുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പലരും ശ്രദ്ധിക്കാറില്ല.

ജീവിതാനുഭവങ്ങൾ ഒരാളെ കൂടുതൽ ആധികാരികമായ സ്വരമുള്ളവരാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രത്യേകിച്ചും തലമുറകളുടെ കാര്യം പറയുമ്പോൾ. കീഴ്ജാതിക്കാരന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചതിന് ശകാരിച്ച അപ്പൂപ്പനെ തിരിച്ച് ചോദ്യം ചെയ്ത കുട്ടി തല്ല് വാങ്ങുന്ന സംഭവം ഞാൻ കണ്ടിട്ടുണ്ട്. അവിടെ പ്രായപൂർത്തി പോലും ആകാത്ത കുട്ടിയുടെ ഭാഗത്താണ് ശരി എന്ന് പറഞ്ഞിട്ട് കാര്യമില്ല. മൂത്തവരുടെ ‘പ്രായത്തിനും ജീവിതാനുഭവത്തിനും’ വല്ലാത്ത മേൽക്കെ നമ്മൾ കല്പിച്ച് നൽകിയിട്ടുണ്ട്. ആദ്യമായി കൈയിൽ കിട്ടുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തൊണ്ണൂറ് വയസ്സുകാരന്റെ ജീവിതാനുഭവങ്ങൾ മതിയാകുമോ? ഓൺലൈനിൽ പരിചയപ്പെട്ട കൂട്ടുകാരനെയോ കൂട്ടുകാരിയേയോ തൊണ്ണൂറ് വയസ്സുള്ള അപ്പൂപ്പന് പരിചയപ്പെടുത്താൻ ശ്രമിച്ചാൽ എത്ര അപ്പൂപ്പൻമാർക്ക് ആ ബന്ധം മനസിലാകും? സൈബർ ലോകവും പുറം ലോകവും ഇഴപിരിക്കാനാവാത്ത വിധം കൂടിക്കലർന്നിരിക്കുന്ന ഇന്നത്തെ ജീവിതം ഒരു തലമുറ മുന്നേ ജീവിച്ചവർക്ക് ദുർഗ്രാഹ്യമാണ്. സമാനമായ കാരണങ്ങളാൽ ‘ജീവിതാനുഭവങ്ങൾ’ക്ക് പ്രസക്തി കുറഞ്ഞുവരികയാണോ എന്ന് സംശയിക്കണം. (കൂടുതൽ കൃത്യമായി പറഞ്ഞാൽ അനുഭവങ്ങളല്ല, അനുഭവങ്ങളിൽ നിന്ന് തങ്ങൾ പഠിച്ച കാര്യമാണ് അടുത്ത തലമുറയിലേക്ക് നമ്മൾ അടിച്ചേൽപ്പിക്കുന്നത്. അതാകട്ടെ വ്യക്തിയേയും കാലഘട്ടത്തേയും അനുസരിച്ച് മാറുകയും ചെയ്യും) ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് അടുത്തടുത്ത തലമുറകൾ ജീവിക്കുന്ന സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസവും കൂടും. എന്റെ അച്ഛനും അപ്പൂപ്പനും ജീവിച്ച കാലഘട്ടങ്ങൾ തമ്മിലുള്ളതിനേക്കാൾ വ്യത്യാസമുണ്ട് എന്റെ അച്ഛന്റേയും എന്റേയും കാലഘട്ടങ്ങൾ. അതിനെക്കാൾ വ്യത്യസ്തമായിരിക്കും എന്റേയും എന്റെ കുട്ടികളുടേയും കാലഘട്ടങ്ങൾ. സ്മാർട്ട് ഫോണിന്റെ ഉദാഹരണം, ആധുനികത എന്തോ മോശം കാര്യമാണെന്ന് ധരിച്ച് വച്ചിരിക്കുന്നവർക്ക് അത്ര തൃപ്തികരമായിരിക്കില്ല. പക്ഷേ സ്മാർട്ട് ഫോൺ ഇന്നിന്റെ യാഥാർത്ഥ്യമാണ്. തൊണ്ണൂറ് വയസ്സായ അപ്പൂപ്പൻ പണ്ട് കടന്നുപോയ ജീവിതസാഹചര്യങ്ങളിലൂടെയല്ല ഇരുപതുകാരനായ കൊച്ചുമോൻ ഇന്ന് കടന്നുപോകുന്നത്, അപ്പൂപ്പൻ അന്ന് ഇടപഴകിയ ആളുകളുടെ മൈൻഡ് സെറ്റല്ല കൊച്ചുമോൻ ഇന്ന് ഇടപഴകുന്നവർക്ക്, അന്നത്തെ ജീവിതരീതിയല്ല ഇന്നത്തേത്. നീന്തൽ താരത്തിനും വെയ്റ്റ് ലിഫ്റ്റിങ് താരത്തിനും വ്യത്യസ്തമായ മസിലുകൾ മെച്ചപ്പെടുത്തേണ്ടി വരുന്നത് പോലെ, തലച്ചോറ് കൊണ്ട് ചെയ്യുന്ന ഓരോ പ്രവൃത്തിയ്ക്കും തലച്ചോറിന്റെ ഓരോ ഭാഗമാണ് ഉപയോഗപ്പെടുന്നത്. കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭാഗമായിരിക്കും കൂടുതൽ വികസിക്കുന്നത്. രണ്ട് തലമുറ മുൻപ് ആർക്കും കാറോടിക്കുന്ന പ്രശ്നം കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല എന്നതിനാൽ അവർക്കാർക്കും ഡ്രൈവിങ്ങിനുപയോഗിക്കുന്ന മസ്തിഷ്കഭാഗങ്ങൾ വികസിച്ചിട്ടുണ്ടാവില്ല. അതുപോലെ കണക്കുകൂട്ടാൻ നാനാവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശമുള്ള ഇന്നത്തെ തലമുറയ്ക്ക് ഗണിതക്രിയകൾക്കാവശ്യമായ മസ്തിഷ്കഭാഗം വേണ്ടത്ര വികസിച്ചിട്ടുണ്ടാവില്ല. മൂന്നാം വയസ്സിൽ സ്മാർട്ട് ഫോണെടുത്ത് ഗെയിം കളിക്കുന്ന കുട്ടിയ്ക്ക് നിങ്ങളെക്കാൾ ബുദ്ധിശക്തിയുണ്ടെന്നർത്ഥമില്ല. ഇതൊക്കെ വ്യത്യാസങ്ങൾ മാത്രമേ ആകുന്നുള്ളു. കാലഘട്ടം മാറുമ്പോൾ സാമർത്ഥ്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡങ്ങൾ മാറുന്നു എന്നേയുള്ളു. വേട്ടയാടി നടന്ന കാലഘട്ടത്തിൽ കൃത്യമായി കുന്തം എറിഞ്ഞ് കൊള്ളിക്കുന്നതായിരുന്നു സാമർത്ഥ്യത്തിന്റെ മാനദണ്ഡം എങ്കിൽ ഇന്നവ തികച്ചും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും. 

“ഹോ! ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് പരിതാപം തലമുറകൾ പിന്നിട്ടിട്ടും മാറാതെ നിൽക്കുന്നു എങ്കിൽ അതിനർത്ഥം “ഇപ്പഴത്തെ പിള്ളേര്” ചെയ്യുന്നതാണ് “ഇപ്പഴത്തെ കാലത്തിന്” യോജിച്ചത് എന്നതാണ്. കാലം മാറുന്ന സത്യം അംഗീകരിച്ച് ഒന്നുകിൽ ഒപ്പം മാറുക, അല്ലെങ്കിൽ മാറുന്നവരെ മാറാൻ അനുവദിക്കുക എന്നതാകും കൂടുതൽ അനുയോജ്യം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ തുടക്കത്തിൽ എഴുതി കാണിച്ചപോലെ, ‘വൃദ്ധരെല്ലാം ജ്ഞാനികളാകണമെന്നില്ല.’

(വാൽക്കഷണം: നാളെ ഞാനൊരു വയസ്സനായാൽ –അതുവരെ ജീവിച്ചിരുന്നാൽ Smile - അന്ന് ഞാനും ഇതേ അമ്മാവൻ കോംപ്ലക്സ് കാണിക്കുമായിരിക്കും. But my opinion still stands.)

Mar 13, 2015

യാദൃച്ഛികതയിൽ കുത്തിത്തിരുകുന്ന ദൈവം

കഴിഞ്ഞ ദിവസം നിർമുക്ത സംഘടിപ്പിച്ച ദൈവാസ്തിത്വത്തെക്കുറിച്ചുള്ള സംവാദം രസകരമായിരുന്നു. ഇസ്ലാമിലും നാസ്തികതയിലും ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു വിഷയം. ഇസ്ലാമിലെ ദൈവത്തെ പരിചയപ്പെടുത്താൻ വന്ന നവാസ് ജാനെ എന്ന സംവാദകൻ ഇരുപത് മിനിറ്റ് തന്റെ വാദം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ കോസ്മോളജിയും ക്വാണ്ടം മെക്കാനിക്സും മാത്രമേ കേൾക്കാനായുള്ളു. അതും വികലമായി- കോസ്മിക് മൈക്രോവേവ് യൂണിഫോമാണ്, ബിഗ് ബാംഗിന് ശേഷം പ്രപഞ്ചം ഈ രൂപത്തിലായത് നാച്ചുറൽ സെലക്ഷൻ വഴിയാണ് എന്നൊക്കെയുള്ള അബദ്ധധാരണകൾ പ്രകടമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അവകാശപ്പെട്ടത്, ആ ഇരുപത് മിനിറ്റ് ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ അദ്ദേഹം എണ്ണിയെണ്ണി നിരത്തുകയായിരുന്നു എന്നാണ്. ഇതൊക്കെയാണ് തെളിവുകൾ- എങ്ങനെ കൃത്യമായി ഒരു പ്രോട്ടോണും ഇലക്ട്രോണും കൃത്യമായി സംയോജിച്ച് ഹൈഡ്രജൻ ആറ്റം ഉണ്ടാകുന്നു? (ആരെങ്കിലും കൂട്ടി യോജിപ്പിക്കാതെ ഇവരെങ്ങനെ ഇത്ര കൃത്യമായി ചേരും എന്ന് വ്യംഗ്യം), എങ്ങനെ അമിനോ ആസിഡുകൾ കൃത്യമായി ചേർന്ന് ആദ്യത്തെ ജീവകോശം ഉണ്ടാകും? (പഴയപടി ആരെങ്കിലും കൂട്ടിച്ചേർക്കാതെ എങ്ങനെയെന്ന ചോദ്യം തന്നെ), ആരെങ്കിലും പ്ലാൻ ചെയ്യാതെ എങ്ങനെ കൃത്യമായി ബിഗ് ബാംഗ് സംഭവിച്ച് ഈ പ്രപഞ്ചം ഉണ്ടായി? (അതായത് നമ്മടെ താലിബാൻ മച്ചാൻമാരൊക്കെ ചെയ്യുന്നപോലെ ആരെങ്കിലും അരയിലോ മറ്റോ വച്ച് പൊട്ടിക്കാതെ താനേ ഒരു ബോംബ് പൊട്ടുന്നതെങ്ങനെ?) ഇതെല്ലാം പക്ഷേ ദൈവത്തിനുള്ള തെളിവുകളാണ്. അതായത് ഉത്തരമില്ലാത്തതെല്ലാം ദൈവത്തിന്റെ തെളിവുകളാണ് എന്ന്. പമ്പരം പോലെ ഭൂമിയെ കറക്കിവിട്ടതാര്? സൂര്യനിൽ തീയിട്ട് വെളിച്ചമുണ്ടാക്കുന്നതാര്? ഉഴുന്നുവടയിൽ ദ്വാരമിടുന്നതാര്? തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതാര്? എന്നിങ്ങനെ ബീവറേജിന് മുന്നിലെ ക്യൂ പോലെ അന്തമില്ലാതെ നീണ്ട് കിടക്കുന്ന സംശയങ്ങൾക്ക് ഏതിനെങ്കിലും ഉത്തരമുണ്ടെങ്കിൽ ഓക്കേ, ഇല്ലെങ്കിൽ അത് ദൈവം എന്ന ലൈനിലുള്ള പഴയ പല്ലവി തന്നെ. അടിസ്ഥാനപരമായി ഇപ്പറഞ്ഞതെല്ലാം ‘തെളിവുകൾ’ അല്ല, ‘തെളിവ്’ മാത്രമേ ആവുന്നുള്ളു. (ജാമ്യം: ഗ്രാമർ മാത്രം നോക്കുക, സെമാന്റിക്സ് ഒഴിവാക്കുക) ആപ്പിൾ താഴേയ്ക്ക് വീഴുന്നു, ഓറഞ്ച് വീഴുന്നു, തേങ്ങ വീഴുന്നു, കയറ് പൊട്ടിയ തൊട്ടി താഴേയ്ക്ക് വീഴുന്നു, എന്നിങ്ങനെ ആയിരക്കണക്കിന് ‘തെളിവുകൾ’ ഗുരുത്വാകർഷണത്തിന് നിരത്തുന്നപോലെയാണത്. താഴേയ്ക്ക് വീഴ്ച എന്ന ഒറ്റക്കാര്യം തന്നെയാണ് അതെല്ലാം സൂചിപ്പിക്കുന്നത്. അതുപോലെ ‘യാദൃച്ഛികത’ എന്ന ഒറ്റ ത്രെഡിൽ കിടക്കുന്ന കാര്യമാണ് ശ്രീമാൻ നവാസ് ജാനേ പറഞ്ഞ ‘തെളിവുകൾ’ മൊത്തം. അത് വാദങ്ങൾ എന്ന ലേബലിൽ അവതരിപ്പിക്കപ്പെട്ട ഒരൊറ്റ വാദം ആണ്. (ഇസ്ലാമിന് അമിനോ ആസിഡുമായും ഇലക്ട്രോണുമായും ഒക്കെ തമ്മിൽ എന്ത് ബന്ധം എന്നൊന്നും ചോദിച്ചേക്കരുത്. ഒരു ഇസ്ലാമിക രാജ്യത്തെ ഇസ്ലാമിക ‘പണ്ഡിതൻ’ ഭൂമി കറങ്ങുന്നു എന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. അവിടേയ്ക്കാണ് നമ്മൾ ക്വാണ്ടം മെക്കാനിക്സുമായി ചെന്നുകയറുന്നത്!)

ദൈവത്തിന്റെ നിലനില്പിന് ഏറ്റവും പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണീ യാദൃച്ഛികതാ വാദം. God of gaps എന്ന പ്രയോഗം തന്നെ ഉണ്ട്. സ്വന്തം അറിവിലെ ഓട്ടകൾ (gaps) ദൈവത്തെ വച്ച് ഫില്ല് ചെയ്യുന്ന പരിപാടി. നൂറ്റാണ്ടുകൾക്ക് മുൻപ് രാത്രിയും പകലും ഉണ്ടാക്കുന്നത് ദൈവം ആയിരുന്നു. പിന്നീട് ഭൂമിയുടെ കറക്കം കണ്ടെത്തിയപ്പോൾ ആ ഗ്യാപ്പ് താനേ അടയുകയും ദൈവം “ഭൂമി എങ്ങനെ കറങ്ങുന്നു?” എന്ന ഗ്യാപ്പിലേയ്ക്ക് മാറിയിരിക്കുകയും ചെയ്തു. ഇങ്ങനെ മാറി മാറി ക്വാണ്ടം മെക്കാനിക്സിലേയും കോസ്മോളജിയിലേയും ഗ്യാപ്പുകളിലാണ് ഇപ്പോ ദൈവം ഇരിക്കുന്നത്. ഈ സ്ഥാനമാറ്റം/സ്ഥാനക്കയറ്റം ഇനിയും തുടരും. Believers shall never be afraid, there are plenty of gaps available! “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ” എന്നാണ് പഴമൊഴിയെങ്കിൽ ചത്തതാരായാലും കൊന്നതാരെന്ന് വ്യക്തമല്ലെങ്കിൽ അത് ദൈവം കൊന്നതാണ് എന്നാണ് മതമൊഴി. പുതിയ കാര്യങ്ങൾ അറിയാൻ മെനക്കെടാത്തവരെ സംബന്ധിച്ച് കാര്യങ്ങൾക്ക് അവിടെത്തന്നെ ശുഭപര്യവസാനം സംഭവിക്കുന്നു.

ഇനി ഇക്കാര്യത്തിൽ സന്ദേഹമുള്ളവരും, അപ്പറയുന്ന യാദൃച്ഛികതയിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരോടും ആണ് പറയാനുള്ളത്. വിശ്വസിക്കാൻ മുട്ടിനിൽക്കുന്ന മതപ്രചാരകർ പറയുന്ന അത്രയും വലിയ ഒരു യാദൃച്ഛികതയൊന്നും ഇവിടെ ഇല്ല. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത്, ജീവന്റെ ഉത്ഭവം പോലുള്ള നിർണായക പ്രതിഭാസങ്ങൾ നടന്ന് ഇന്നീ കാണുന്ന രൂപത്തിലാവാനെടുത്ത നീണ്ട കാലയളവാണ്.  പ്രപഞ്ചം ഉണ്ടായത് ഒരു ജനുവരി 1-നായിരുന്നു എങ്കിൽ ഭൂമി അടുത്ത സെപ്റ്റംബർ 14-നും ജീവൻ സെപ്റ്റംബർ 25-നും മാത്രമാണ് ഉണ്ടായത്. മനുഷ്യനാകട്ടെ ഡിസംബർ 31 രാത്രി 10.30-നും! ഈ ഒരു കാലയളവ് നമുക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണ്. ഒരു വർഷം പിന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന കാര്യങ്ങളെ മനസിലാക്കുവാൻ, ജനിച്ചിട്ട് കഷ്ടിച്ച് ഒന്നര മണിക്കൂറ് മാത്രമായ മനുഷ്യർക്ക് കഴിഞ്ഞ കാലത്തിന്റെ ലഭ്യമായ ശേഷിപ്പുകൾ പരിശോധിക്കുക എന്ന മാർഗമേ ഉള്ളു. കോസ്മിക് ബാക്ഗ്രൗണ്ട്, ഫോസിലുകൾ ഇവയൊക്കെ ഇത്തരം ശേഷിപ്പുകളായിട്ടാണ് നമ്മൾ പരിഗണിക്കുന്നത്. എന്നാൽ ശേഷിപ്പുകളൊന്നും ഇല്ലാത്ത സംഭവങ്ങളോ പ്രതിഭാസങ്ങളോ ഒക്കെ എത്രയെങ്കിലും സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധ്യമല്ല. ഇവിടെയാണ് യാദൃച്ഛികത പുനഃപരിശോധിയ്ക്കേണ്ടത്. ജീവന്റെ ഉത്ഭവം തന്നെ എടുക്കാം. ഏതാണ്ട് 390 കോടി വർഷം മുൻപ് നടന്ന ഒരു പ്രതിഭാസം ആണ് ജീവന്റെ ഉത്ഭവത്തിലേയ്ക്ക് നയിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്. 450 കോടി വർഷം വയസ്സുള്ള ഭൂമിയിൽ ജീവന്റെ അംശം പോലും ഇല്ലാതെ 60 കോടി വർഷങ്ങൾ കടന്നുപോയിട്ടുണ്ടാകും എന്നർത്ഥം. ഇതിനിടയ്ക്ക് കോടാനുകോടി പ്രതിഭാസങ്ങൾ സമാനമായി സംഭവിച്ചിരിക്കാം. (60 കോടി വർഷം അതിന് പോരാന്നുണ്ടോ?) ഇതിൽ ജീവന്റെ ഉത്ഭവത്തിന് കാരണമായ പ്രതിഭാസത്തിന് തെളിവുണ്ട്- ജീവൻ തന്നെയാണ് ആ തെളിവ്. ജീവൻ ഉണ്ടാകാതെ പോയ സംഭവങ്ങൾക്കോ? തെളിവുണ്ടാകണമെന്ന് നിർബന്ധമില്ല. ജീവന് കാരണമായ സംഭവം ജീവൻ അവശേഷിപ്പിച്ചു, ജീവന് സ്വയം ഇരട്ടിക്കാനും വികസിക്കാനുമുള്ള കഴിവുള്ളതുകൊണ്ട് അത് നിലനിന്നു, നിലനിന്ന വഴികളിൽ അത് വേറെയും തെളിവുകൾ അവശേഷിപ്പിച്ചു. എന്നാൽ ജീവന് കാരണമാകാത്ത സംഭവങ്ങൾ ഒന്നും അവശേഷിപ്പിച്ചുകാണില്ല, അവശേഷിപ്പിച്ചാൽ തന്നെ ഇത്രയും കാലം (390 കോടി വർഷം) ആ ശേഷിപ്പുകൾ നിലനിൽക്കണമെന്നും ഇല്ല. അതുകൊണ്ട് തന്നെ ജീവൻ ഉണ്ടായത് വലിയൊരു യാദൃച്ഛികതയാണ് എന്ന് പറയുമ്പോൾ സമാനമായി നടന്നിട്ടുണ്ടാകാവുന്ന കോടാനുകോടി പ്രതിഭാസങ്ങളെ നമ്മൾ പാടേ അവഗണിക്കുകയാണ്. ഒരു വലിയ ഭൂപ്രദേശത്ത് ചിതറിയെറിയപ്പെട്ട വിത്തുകളിൽ ഒരെണ്ണം മാത്രം മുളച്ച് വലുതായി മരമായാൽ, മുപ്പത് വർഷം കഴിഞ്ഞ് അതുവഴി പോകുന്ന ഒരാൾക്ക് ആ പ്രത്യേക സ്ഥലത്ത് ആരോ മനഃപൂർവം കൊണ്ട് നട്ടിട്ടുപോയ മരമാണത് എന്ന് തോന്നിയേക്കാം. മുളയ്ക്കാതെ പോയ അനേകായിരം വിത്തുകളെ അയാൾ കാണാനേ പോകുന്നില്ല. ജീവൻ ഊതിയുണ്ടാക്കുന്ന ദൈവത്തെ പൊക്കിക്കൊണ്ടുവരുന്നതും ഇതുപോലെ ഒരു എടുത്തുചാട്ടം മാത്രമാണ്.

പണ്ട് ദിലീപ് ഒരു സിനിമയിൽ പറഞ്ഞപോലെ ബസ് ശരിയാക്കുന്നതിന് പകരം അതിലെ ഓട്ടകളെല്ലാം കൊച്ചുകൊച്ചു ചെടികളും പൂക്കളും കൊണ്ട് അലങ്കരിക്കുകയാണ് മതവിശ്വാസികൾ. കാര്യങ്ങൾ പഠിച്ച് ഗ്യാപ്പ് നിറയ്ക്കുന്നതിന് പകരം അവിടെല്ലാം അവർ ദൈവത്തെ കുത്തിത്തിരുകുന്നു. ശാസ്ത്രം പക്ഷേ ഓട്ടകൾ റിപ്പയർ ചെയ്യുന്ന തിരക്കിലാണ്.

Mar 7, 2015

അഴിമതി ഒരു ഇറക്കുമതി വസ്തുവല്ല!

ജനക്കൂട്ടം നീതി തീരുമാനിക്കുന്നതിനെപ്പറ്റി ഇന്നലെയിട്ട പോസ്റ്റിന് കീഴിൽ വന്ന, പ്രസക്തമായി തോന്നിയ ചില കമന്റുകളോടുള്ള പ്രതികരണമാണിത്.

ഇന്നത്തെ നീതിന്യായ വ്യവസ്ഥയിൽ പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, അതിനാലാണ് നാഗാലാൻഡിൽ നടന്നതുപോലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്, ശരിയ്ക്കും ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്, രാഷ്ട്രീയക്കാരേയും ഇതുപോലെ വലിച്ചിറക്കി തല്ലിക്കൊന്നാലേ അവർ നന്നാവൂ, ഇനി കുറ്റം ചെയ്യാൻ പോകുന്നവർ ഈ സംഭവം ഓർക്കുമ്പോൾ ഒന്ന് അറയ്ക്കും- ഇങ്ങനെയൊക്കെയാണ് നാഗാലാൻഡ് സംഭവത്തെ സന്തോഷകരമായി കാണുന്നവരും, അല്പം കൂടി മൃദുവായി ‘അത് സ്വാഭാവികമാണ്’ എന്ന ലാഘവബുദ്ധിയോടെ സമീപിക്കുന്നവരും അഭിപ്രായപ്പെട്ടത്. 

ആദ്യം വിശ്വാസം നഷ്ടപ്പെട്ട നീതിന്യായ വ്യവസ്ഥയെപ്പറ്റിയുള്ള രോദനം എടുക്കാം. ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമ്മളിനിയും പഠിച്ചിട്ടില്ല എന്നത് ഇവിടേയും ആവർത്തിക്കേണ്ടിവരുന്നു. ജനാധിപത്യം എന്നത് ജനങ്ങളുടെ ആധിപത്യം തന്നെയാണ്. രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ പൗരർക്കും പങ്കാളിത്തം കൊടുക്കുന്ന സിസ്റ്റം. പൗരരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാകുമ്പോൾ അവിടെ ഭൂരിപക്ഷം എന്ന സങ്കൽപത്തിന് പ്രസക്തി വരുന്നു എന്നേയുള്ളു. ഇത് തന്നെയാണ് ഇന്നും ഇൻഡ്യയിൽ നടക്കുന്നത്. ഭൂരിപക്ഷ പ്രാതിനിധ്യ സമ്പ്രദായം വഴി, തങ്ങൾക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കേണ്ട ചുമതല ജനം ജനപ്രതിനിധികളെ ഏൽപിച്ചിരിക്കുന്നു. തീരുമാനങ്ങളിൽ എത്തിച്ചേരുന്നതിനും നടപ്പിലാക്കുന്നതിനും ജനപ്രതിനിധികളെ സഹായിക്കുവാനായി കഴിവുകൾ മാനദണ്ഡമാക്കി നിയമജ്ഞർ (ജുഡീഷ്യറി) ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നു. അങ്ങനെ രാഷ്ട്രനിർമാണവും പരിപാലനവും നടക്കുന്നു. ഇത് വായിച്ച് പലരും ചിരിക്കുന്നുണ്ടാവും! കാരണം പൊതുജനത്തിന് രാഷ്ട്രീയവും ബ്യൂറോക്രാറ്റുകളും ഇന്ന് അശ്ലീലമാണ്. മേൽപ്പറഞ്ഞ മധുരമനോജ്ഞമായ ജനാധിപത്യ സ്വപ്നം വെറും തിയറി ക്ലാസാണെന്നും പ്രാക്റ്റിക്കൽ സെഷൻ അതിൽ നിന്നൊക്കെ വ്യത്യസ്തമാണെന്നുമുള്ള കാര്യത്തിൽ ഞാനും യോജിക്കുന്നു. വിയോജിപ്പ്, സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിന്നുകൊണ്ട് എല്ലാ കുറ്റവും മുകളിലുള്ളവരിൽ ചാർത്തുന്ന കാര്യത്തിലാണ്.

അഴിമതി അന്യഗ്രഹത്തിൽ നിന്നെങ്ങാണ്ട് വന്ന ആരോ ചെയ്യുന്നപോലെയാണ് നമ്മുടെ ആവലാതികൾ! രാഷ്ട്രീയക്കാര് എവിടന്ന് വന്നു? ഉദ്യേഗസ്ഥര് എവിടന്നുവന്നു? ഇവരെല്ലാവരും നമ്മുടെ ഇടയിൽ നിന്ന് വരുന്നവർ തന്നെയാണ്. നമ്മുടെ പൊതുബോധം തന്നെയാണ് അവരിലും പ്രതിഫലിക്കുന്നത്. സദാചാരം, മാന്യത തുടങ്ങിയ വിഷയങ്ങളിൽ നിയമപുസ്തകത്തെക്കാൾ, നിയമപാലകരെ സ്വാധീനിക്കുന്നത് പൊതുസമൂഹത്തിന്റെ അലിഖിത സങ്കൽപങ്ങളാണ് എന്ന് കഴിഞ്ഞ കിസ് ഓഫ് ലവ് സമരസമയത്ത് പകൽ പോലെ വ്യക്തമായതാണ്. പൗരർക്ക് സഞ്ചാരത്തിനും അഭിപ്രായത്തിനും പ്രതിഷേധത്തിനുമുള്ള സ്വാതന്ത്ര്യം നിയമപരമായി നിലനിൽക്കുന്ന നാട്ടിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ ചാനലിൽ ഇരുന്ന് പൊതുജനത്തിന് ഇഷ്ടപ്പെടാത്തത് ചെയ്താൽ ചിലപ്പോ തല്ല് കൊണ്ടെന്നിരിക്കും എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടാവുമല്ലോ. പക്ഷേ അവിടെ അഴിമതിയൊന്നും നമ്മുടെ കണ്ണിൽ പെടില്ല, കാരണം അവിടെ അപ്പറഞ്ഞത് നമുക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നല്ലോ. പക്ഷേ സാറേയ്, താൻ പാലിയ്ക്കേണ്ട നിയമം പാലിക്കാതിരിക്കുകയും നിയമം കൈയിലെടുത്ത് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുന്നവരെ താലോലിക്കുകയും ചെയ്യുന്നത് തന്നെയാണ് അഴിമതി! അതാണ് അവിടേയും നടന്നത്. അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചിട്ട് ഇതേ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ “അയ്യോ അഴിമതി!” എന്ന് നിലവിളിക്കുന്നതിനെ മിതമായ ഭാഷയിൽ ഇരട്ടത്താപ്പ് എന്ന് വിളിക്കും. കിസ് ഓഫ് ലവ് ഒരു ഉദാഹരണം മാത്രം. നിയമസംവിധാനങ്ങളോട് നമുക്ക് പൊതുവിൽ പുച്ഛമാണ്. പൊതുസ്ഥലത്ത് സിഗരറ്റ് വലിയ്ക്കരുത് എന്ന നിയമം നമുക്ക് ബാധകമല്ല, റോഡിൽ ട്രാഫിക് നിയമങ്ങൾ പാലിയ്ക്കണം എന്നത് ബാധകമല്ല, പൊതുസ്ഥലത്ത് ചപ്പുചവറുകൾ വാരിയെറിയരുത് എന്നത് ബാധകമല്ല, കൈക്കൂലി കൊടുത്ത് ജോലി വാങ്ങരുത് എന്നത് ബാധകമല്ല, ആണിനും പെണ്ണിനും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് എന്നത് ബാധകമല്ല, സ്ത്രീധനം പാടില്ല എന്നത് ബാധകമല്ല… നമുക്കിതൊന്നും ബാധകമല്ലാതിരിക്കുമ്പോ, നമ്മുടെ ഇടയിൽ നിന്ന് തെരെഞ്ഞെടുപ്പ് ജയിക്കുകയും ടെസ്റ്റെഴുതി പാസാവുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇരുട്ടിവെളുക്കുമ്പോ നീതിന്യായബോധം മുറ്റിയ ഹരിശ്ചന്ദ്രൻമാരാവണമെന്ന് പറഞ്ഞാ നടക്കുന്ന കാര്യമാണോ കോയാ? ഗവൺമെന്റ് തെരെഞ്ഞെടുക്കാൻ എല്ലാവർക്കും വോട്ടവകാശം എന്ന വജ്രായുധം കൈയിൽ പിടിപ്പിച്ച് തന്നിട്ടുണ്ടല്ലോ. അത് ചെയ്യുന്നതേ നമുക്ക് മോശമാണ്! ഇനി  ചെയ്താൽ തന്നെ ജാതി, മതം, വിശ്വാസം എന്നിങ്ങനെ ആ സ്ഥാനത്ത് ഇരിയ്ക്കാനുള്ള കഴിവ് ഒഴികെ രാഷ്ട്രനിർമാണത്തിന് എന്ത് വേണ്ടയോ അതെല്ലാം നോക്കുകയും ചെയ്യും. എന്നിട്ട് കുറ്റവും! ഇന്ന് ഇൻഡ്യ ഭരിയ്ക്കുന്നത്, ഇൻഡ്യാക്കാരിൽ ഭൂരിഭാഗം ചേർന്ന് ജയിപ്പിച്ചു വിട്ട ആളുകളാണ്. കേരളം ഭരിയ്ക്കുന്നവരും അത് തന്നെ. മുൻകാലങ്ങളിലും ഇത് തന്നെയായിരുന്ന നടന്നത്. ഇന്നത്തെ അവസ്ഥയ്ക്ക് ഗവൺമെന്റുകളാണ് കുറ്റക്കാരെങ്കിൽ അവരെ ജയിപ്പിച്ചുവിട്ട നമ്മുടെ മുൻതലമുറ ഉൾപ്പെട്ട ഇൻഡ്യൻ ജനതയാണ് ഉത്തരവാദികൾ. ഒരു അഴിമതിക്കാരൻ അടുത്ത തെരെഞ്ഞെടുപ്പിൽ ജയിക്കില്ല എന്ന ഉറപ്പുണ്ടോ? ഉണ്ടെങ്കിൽ അന്ന് തീരും ജനപ്രതിനിധികൾക്ക് അഴിമതി കാണിക്കാനുള്ള ധൈര്യം. ഇവിടെ ജനാധിപത്യത്തിന്റെ ഒരു ദോഷവശം ചൂണ്ടിക്കാട്ടാം- അത് ഏറ്റവും മികച്ച സർക്കാരിനെയല്ല തെരെഞ്ഞെടുക്കുന്നത്, ജനഭൂരിപക്ഷത്തിന് ചേർന്ന സർക്കാരിനെയാണ്. ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടേതല്ലാത്ത കുഴപ്പത്തിന് അതിന്റെ ദോഷവശം അനുഭവിക്കുന്നത്. പൊതുവിൽ മണ്ടയില്ലാത്ത ജനം തെരെഞ്ഞെടുക്കുന്ന മണ്ടയില്ലാത്ത സർക്കാർ അവരുടെ തന്നെ മണ്ടയിൽ കയറി അപ്പിയിടും! അത്ര തന്നെ. അതുകൊണ്ട് സ്വന്തം കടമകൾ കൃത്യമായി ചെയ്യാതെ സൈഡിൽ ചാരി നിന്ന് എല്ലാ കുറ്റവും ‘ഏതോ ചില’ രാഷ്ട്രീയക്കാരുടേതും ഉദ്യോഗസ്ഥരുടേതും ആണെന്ന് പറയുന്നത് മലർന്നുകിടന്ന് തുപ്പലാണ്.

ഇനി നാഗാലാൻഡ് സംഭവത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോടുള്ള ഐക്യദാർഢ്യം കണ്ടുപിടിക്കുന്ന കാര്യം. ഐക്യദാർഢ്യം കാണിക്കേണ്ട രീതി ഇതാണോ എന്നത് ഇന്നലെ ചർച്ച ചെയ്തതാണ്. ഗോവിന്ദച്ചാമി ജയിലിൽ സുഖമായി കഴിയുന്നു എന്നതാണ് പലരുടേയും പ്രധാന പ്രശ്നം. പറയുന്ന കേട്ടാൽ തോന്നും ഗോവിന്ദച്ചാമി മാത്രമാണ് ഇൻഡ്യയിൽ ബലാത്സംഗം ചെയ്ത ഏക വ്യക്തി എന്ന്. സൗമ്യയുടേത് മാത്രമാണ് ഇവിടെ നടന്ന ഏക ദുരന്തം എന്ന്! (ഇപ്പോ വരും ചില അണ്ണൻമാർ, ഞാൻ സൗമ്യയെ കുറ്റപ്പെടുത്തി, ഗോവിന്ദച്ചാമിയെ കുറ്റവിമുക്തനാക്കി എന്നൊക്കെ പറഞ്ഞോണ്ട്! Starwman is not new to me, man!) ഒരു ഗോവിന്ദച്ചാമിയിൽ ബലാത്സംഗക്കാരന്റെ വിഗ്രഹം സങ്കൽപ്പിച്ച് സാത്താനെ കല്ലെറിയുന്നതുപോലെ എല്ലാവരും കൂടി എറിഞ്ഞ് ആശ്വസിക്കുമ്പോൾ അയാൾ പ്രതിനിധീകരിക്കുന്ന അപകടകരമായ സാമൂഹ്യപ്രശ്നം തീരെ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. നോർത്ത്-ഈസ്റ്റ് ഇൻഡ്യയിൽ ബലാത്സംഗം ഒരു അത്യപൂർവമായ കുറ്റകൃത്യമൊന്നും അല്ല. പട്ടാളം വരെ അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അതൊരു രാഷ്ട്രീയ ആയുധമായിപ്പോലും ഉപയോഗിക്കപ്പെടുന്നു. അഴിമതിയുടെ കാര്യം പോലെ തന്നെയാണ് ഇവിടേയും. “അങ്ങവിടെ ആരോ സ്ത്രീകളെ അപമാനിക്കുന്നു. കൊല്ലെടാ! തിന്നെടാ!” എന്നാണ് ഇവിടത്തെ ധാർമികരോഷങ്ങൾ. പക്ഷേ വാർത്തകൾക്ക് കീഴിലുള്ള സൈബർ മല്ലൂസിന്റെ പ്രകടനം തുടർച്ചയായി നിരീക്ഷിച്ചാൽ മനസിലാവും ഈ ധാർമികരോഷത്തിന്റെ ഉള്ളുകള്ളികൾ. പലതും സ്ത്രീകളോടുള്ള അടങ്ങാത്ത ഐക്യദാർഢ്യമൊന്നുമല്ല, “ഹോ ഞാനെത്ര മാന്യൻ! സ്ത്രീകളെ എന്തെങ്കിലും ചെയ്താൽ എനിയ്ക്ക് സഹിക്കില്ല” എന്ന ലൈനിലുള്ള സ്വയം ആളാവലാണ്. ഇതേ ടീമുകളാണ് സരിതയുടെ വീഡിയോ ക്ലിപ്പുകൾ ഹിറ്റാക്കുന്നതും, ചുംബനസമരത്തിൽ പങ്കെടുത്ത പെൺകുട്ടിയെ തേവിടിശ്ശിയാക്കുന്നതും പെൺപ്രൊഫൈൽ എവിടെക്കണ്ടാലും അശ്ലീലസംസാരവുമായി നൊട്ടിനുണഞ്ഞ് ചെല്ലുന്നതും ഒക്കെ. ഇൻഡ്യൻ പൊതുബോധം ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാൻ കഴിഞ്ഞ ദിവസം നിരോധിച്ച നിർഭയ ഡോക്യുമെന്ററി കണ്ടാൽ മാത്രം മതി. പ്രതികൾക്ക് ഒരു കുറ്റബോധവും ഇല്ലാന്ന് മാത്രമല്ല, ചെയ്തതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. വിവരമില്ലാത്ത പ്രതി പറഞ്ഞത് പോട്ടെന്ന് വെച്ചാൽ പിറകേ വരും അടുത്ത വെടി. വക്കീൽ സാറിന്റെ കണ്ടെത്തൽ ഇതൊക്കെ നമ്മടെ സംസ്കാരത്തിന്റെ കേമത്തം ആണെന്നാണ്! ചുംബനസമരത്തെ എതിർത്ത മാന്യമഹാസദാചാര പ്രമാണിമാർ പറഞ്ഞ അതേ ന്യായം, ഏതാണ്ട് അതേ വാക്കുകളിൽ ബലാത്സംഗപ്രതികളും പറഞ്ഞു. ഒരു കൂട്ടർ ചെയ്തു, മറ്റേ കൂട്ടർ അവസരം കിട്ടാത്തതുകൊണ്ട് ചെയ്യാതിരിക്കുന്നു. അതായത് ബലാത്സംഗത്തിന് കാരണം ഏതോ ചില വഴിപിഴച്ചവരല്ല, നമ്മുടെ വഴിപിഴച്ച പൊതുബോധമാണ്. അല്ലായിരുന്നെങ്കിൽ ചെയ്തതിനെ ഇത്ര ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അവർക്കാകുമായിരുന്നില്ല. ആ ഡോക്യുമെന്ററി നിരോധിക്കുക കൂടി ചെയ്തതോടെ അതിൽ പറഞ്ഞതൊക്കെ സത്യമാണെന്നതിന് സർക്കാർ അംഗീകാരവുമായി. ഠിം!

ജനക്കൂട്ടം കേറി തല്ലിക്കൊല്ലുന്ന സാഹചര്യം വന്നാൽ നാളെ ആരും പേടിച്ച് ബലാത്സംഗം ചെയ്യില്ല എന്ന വാദവും ദുർബലമാണ്. ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കും എന്നതിന് ഗണ്യമായി തെളിവുകളൊന്നും തന്നെയില്ല. മറിച്ച് സ്ഥാപിക്കുന്ന പഠനങ്ങൾ ഉണ്ട് താനും. ഈ ലോജിക് വച്ചാണെങ്കിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളേ നടക്കാൻ പാടില്ലാത്തതാണ്. വധശിക്ഷ നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ പലതും കുറ്റകൃത്യങ്ങളുടെ നിരക്കിൽ പിന്നിലാണ്. തൊട്ടതിനും പിടിച്ചതിനും വരെ വധശിക്ഷ കിട്ടാവുന്ന രാജ്യങ്ങൾ പലതും അക്കാര്യത്തിൽ മുന്നിലുമുണ്ട്. ജനക്കൂട്ടം നീതി തീരുമാനിക്കാനിറങ്ങിയാൽ എന്ത് സംഭവിക്കും എന്നതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്. ഉഗാണ്ട പോലുള്ള പല ആഫ്രിക്കൻ രാജ്യങ്ങളും ഇന്നും മോബ് ജസ്റ്റിസിനെ കൈകാര്യം ചെയ്യാനാവാതെ കുഴങ്ങുകയാണ്. ഏതാണ്ടെല്ലായിടത്തും നിയമവ്യവസ്ഥയോടുള്ള അവിശ്വാസവും ദാരിദ്ര്യവും ഒക്കെ തന്നെയാണ് കാരണമായി പറയപ്പെടുന്നതെങ്കിലും, ആൾക്കൂട്ടനീതി ഫലത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂട്ടുകയാണ് ചെയ്തത്. ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ സമ്പ്രദായം നിലവിലിരിക്കുന്ന രാജ്യങ്ങളിലെല്ലാം നടക്കുന്നത്. നമ്മുടെ കൂടിയ വിദ്യാഭ്യാസത്തിന്റെയാകണം, നമ്മുടെ സ്വന്തം അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുവരെ അതിന്റെ ഗൗരവം നമുക്ക് മനസിലാവില്ല. കരുതിയിരിക്കേണ്ടത് നാഗാലാൻഡിലെ ഗോത്രമനോഭാവമുള്ള ജനക്കൂട്ടം ചെയ്തതിനെയല്ല, അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന വിദ്യാസമ്പന്നരുടെ മനോഭാവത്തെയാണ്.  നീതിനിർവഹണം സുരേഷ് ഗോപിയുടെ സിനിമ പോലെ പ്രവർത്തിക്കില്ല എന്ന് നമ്മളെന്നാണ് തിരിച്ചറിയാൻ പോകുന്നത്!

Mar 6, 2015

ജനക്കൂട്ടനീതി വേണോ?

ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭരണഘടനയുള്ള ഈ രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം മോബോക്രസി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബലാത്സംഗം ചെയ്തവനോട് ദേഷ്യമുണ്ടെങ്കിൽ അത് അയാളെ ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുന്നവർ തുറന്നുകൊടുക്കുന്നത്, നാളെ തന്നോട് ശത്രുതയുള്ള ഒരു പണക്കാരന് വേണമെങ്കിൽ കാശെറിഞ്ഞ് നൂറ് ആളുകളെ സംഘടിപ്പിക്കുകയും തന്റെ മേൽ കുറ്റമാരോപിച്ച് സുഖമായി തല്ലിക്കൊല്ലുകയും ചെയ്യാവുന്ന സാഹചര്യത്തിലേയ്ക്കുള്ള വാതിലാണ്. ഭരണഘടനയെ കാക്കയ്ക്ക് പോലും പേടിയില്ലാത്ത നോക്കുകുത്തിയാക്കി മാറ്റരുത്.
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html

Mar 2, 2015

യുക്തിവാദിയുടെ തന്ത!

തെളിവില്ലാതെ ഒന്നും വിശ്വസിക്കരുതെന്ന പ്രമാണവുമായി നടക്കുന്ന യുക്തിവാദികളെ മലർത്തിയടിക്കാൻ ഏതോ വിശ്വാസി എന്നോ കണ്ടുപിടിച്ചതും ഇന്നും മറ്റ് വിശ്വാസികൾ വജ്രായുധമെന്ന ഭാവത്തിൽ എടുത്ത് കീറുന്നതുമായ ഒരു വാദമാണ് യുക്തിവാദിയുടെ പിതൃത്വം. സ്വന്തം തന്ത ആരെന്ന കാര്യത്തിൽ യുക്തിവാദി തീരുമാനം എടുക്കുന്നത് ഡി.എൻ.ഏ. ടെസ്റ്റ് നടത്തിയിട്ടാണോ എന്നാണ് ചോദ്യം. ഡി.എൻ.ഏ. ടെസ്റ്റ് നടത്താതെ ഒരു യുക്തിവാദി ഒരാളെ ‘അച്ഛാ’ എന്ന് വിളിച്ചാൽ അയാളും അന്ധവിശ്വാസിയായി മാറുകയാണത്രേ. ഒരു യുക്തിവാദി എന്ന നിലയിൽ സ്വന്തം പിതൃത്വം ആർക്കും തെളിയിച്ച് കൊടുക്കേണ്ട കാര്യമില്ലെങ്കിലും ഈ കഥയില്ലാച്ചോദ്യം ചോദിച്ച് ഏതോ മാരകയുദ്ധം ജയിച്ച ഭാവത്തിൽ മൂഢസ്വർഗത്തിൽ വിലസുന്ന ആരുടെയെങ്കിലും തലയിൽ ഇത്തിരി വെട്ടം കേറുന്നെങ്കിൽ കേറട്ടെ എന്ന തോന്നലിൽ കുറച്ച് കാര്യങ്ങൾ പറയാം.
  • യുക്തിവാദിയുടെ കണക്കിൽ ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ലൈംഗികമായി ബന്ധപ്പെടുകയോ, കൃത്രിമ മാർഗങ്ങളിലൂടെ പുരുഷബീജവുമായി കൂടിച്ചേർന്ന അണ്ഡകോശം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ എത്തുകയോ ചെയ്താലേ ഒരു കുട്ടി ജനിക്കുകയുള്ളു. ഗർഭം ഉണ്ടായ കാലത്തിൽ ആ സ്ത്രീ ഒരു പുരുഷനുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളു എന്നുറപ്പുണ്ടെങ്കിൽ ഉണ്ടാകുന്ന കുട്ടി ആ പുരുഷന്റെ തന്നെയേ ആകൂ എന്നത് ലളിതമായ യുക്തി ആണ്. യുക്തിവാദി ലേബലിൽ തന്നെ ‘യുക്തി’ കൊണ്ടുനടക്കുന്നതിനാൽ ഈ യുക്തി ധൈര്യമായി സ്വീകരിക്കാം. പക്ഷേ യുക്തി എന്ന് കേട്ടാൽ ഹാലിളകുന്ന വിശ്വാസിയ്ക്ക് ഈ യുക്തി സ്വീകാര്യമാവില്ല എന്നതിനാൽ സ്വന്തം അച്ഛനെ “അച്ഛാ” എന്ന് വിളിക്കുന്നതും മറ്റൊരു ‘വിശ്വാസത്തിന്റെ’ പേരിൽ ആയിരിക്കാം. സ്ത്രീയും പുരുഷനും പങ്ക് ചേർന്നാൽ മാത്രമേ കുഞ്ഞുണ്ടാകൂ എന്ന് പറയുന്നത് യുക്തിവാദിയും പുരുഷബന്ധമില്ലാതെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ കഥ പാടുന്നത് വിശ്വാസിയും ആണെന്നതും ഓർക്കുമല്ലോ.
  • കുട്ടിയുടെ ജനിതകഘടന അച്ഛന്റെയും അമ്മയുടേയും ജനിതകവസ്തുക്കൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതും ജീനുകളാണ് ഒരാളുടെ അസ്തിത്വം നിർണയിക്കുന്നതെന്നും തിരിച്ചറിയുന്ന യുക്തിവാദിയ്ക്ക്, പിതൃത്വവും മാതൃത്വവും കുട്ടിയിൽ മറ്റ് ബാഹ്യലക്ഷണങ്ങളിലൂടെയും പ്രകടമാകും എന്ന ബോധവും ഉണ്ട്. മുഖച്ഛായ, നിറം, ഇടംകൈ, വെള്ളിക്കണ്ണ് തുടങ്ങിയ ശാരീരിക സവിശേഷതകൾ, വാക്കിങ് സ്റ്റൈൽ, എന്നുവേണ്ട ജനിതകരോഗങ്ങൾ വരെ പലവിധ ഘടകങ്ങൾ ജനിതകഘടനയിലൂടെ പ്രതിഫലിയ്ക്കും. ഇതെല്ലാം ‘തെളിവുകൾ’ തന്നെയാണ്, അല്ലാതെ പോലീസുകാർ ഒപ്പിട്ട് കോടതിയിൽ കാണിക്കുന്ന കാര്യങ്ങൾ മാത്രമല്ല തെളിവുകൾ എന്ന് വിളിക്കപ്പെടുന്നത്. അതായത് സ്വന്തം അമ്മയുമായി ബന്ധപ്പെട്ട പുരുഷൻമാരുടെ എണ്ണത്തിൽ യുക്തിവാദിയ്ക്ക് സംശയം തോന്നിയാൽ പോലും ഇങ്ങനെയുള്ള തെളിവുകൾ സ്വീകരിക്കാം. (വിശ്വാസിയെ ദൈവം നേരിട്ട് ഉണ്ടാക്കിയതുകൊണ്ടാകണം അന്യമതദ്വേഷം, പുരുഷാധിപത്യമനോഭാവം, പുകഴ്ത്തലിൽ വീഴൽ, അവിശ്വാസികളോടുള്ള കലിപ്പ് തുടങ്ങിയ ‘ദൈവത്തിന്റെ ജനിതകസ്വഭാവങ്ങൾ’ അവരിൽ മിക്കവർക്കും കാണപ്പെടുന്നത്)
  • ഇനി സ്വന്തം അമ്മ ഒരാളുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ എന്നുറപ്പില്ലാതിരിക്കുകയും മുൻ പോയിന്റിൽ സൂചിപ്പിച്ച ബാഹ്യതെളിവുകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസിയായാലും പിതൃത്വം അറിയാൻ ഡി.എൻ.ഏ. ടെസ്റ്റ് പോലുള്ള മാർഗങ്ങൾ ആരായേണ്ടിവരും. അല്ലാതെ വിശ്വാസിയ്ക്ക് പിതാവിനെ ദൈവം വന്ന് ചൂണ്ടിക്കാണിച്ച് തരികയൊന്നുമില്ല. (അങ്ങനെയെങ്കിൽ മതപുരോഹിതരുടെ മേൽനോട്ടത്തിൽ മാതാപിതാക്കളില്ലാത്ത കുട്ടികൾക്കായി യത്തീംഖാനകളും ഓർഫനേജുകളും വേണ്ടിവരുമായിരുന്നില്ലല്ലോ!) കോടതിയിൽ ഡി.എൻ.ഏ. ടെസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന കേസുകളെല്ലാം യുക്തിവാദികളല്ല കൊടുക്കുന്നത്!
  • വിശ്വാസിയായാലും പിതൃത്വത്തിന്റെ കാര്യത്തിൽ യുക്തിവാദിയുടെ അതേ ലോജിക് തന്നെയാണ് ഉപയോഗിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടി ഗർഭം ധരിച്ചാൽ അതിനെ ദിവ്യഗർഭം എന്ന് കരുതി ആരാധിക്കുകയല്ല, അവളെ ക്രൂശിക്കുകയാണ് വിശ്വാസി ചെയ്യാൻ പോകുന്നത് (സദാചാരക്കുരു പൊട്ടാത്ത യുക്തിവാദിയുടെ സമീപനം ഒരുപക്ഷേ അല്പം കൂടി മൃദുവായിരിക്കും). ആ കുട്ടിയുടെ പിതൃത്വം അറിയാൻ വിശ്വാസിയും ഡി.എൻ.ഏ. ടെസ്റ്റിന് വേണ്ടി ഓടും. ആ ടെസ്റ്റ് പക്ഷേ വളരെ കുറച്ച് കാലം മാത്രം മുന്നേ സയൻസ് കണ്ടുപിടിച്ചതാണ്. യുക്തിവാദി ആ സയൻസിന് വേണ്ടി തന്നെയാണ് വാദിക്കുന്നതും. സയൻസ് വികസിക്കുന്നതിന് മുന്നേ കല്യാൺ ജുവലറിയുടെ പരസ്യം പോലായിരുന്നു കാര്യങ്ങൾ- എല്ലാം വിശ്വാസം.
(വാൽക്കഷണം: യുക്തിവാദി തെളിവില്ലാതെ അച്ഛനെ അച്ഛനാണെന്ന് ഉറപ്പിക്കാൻ പാടില്ല, പക്ഷേ തങ്ങൾ വിശ്വാസികൾക്ക് അത് ചെയ്യാം, കാരണം തങ്ങൾക്ക് തെളിവ് നിർബന്ധമില്ല എന്ന ലൈനിലുള്ള ഈ ചോദ്യം ബൂമറാങ്ങ് പോലെ സ്വന്തം തലയിൽ വന്നിടിക്കുന്നത് പാവം വിശ്വാസി കാണുന്നില്ലല്ലോ എന്റെ ഡിങ്കാ! അപ്പോ ദൈവവിശ്വാസം പോലെ ഒരു വിശ്വാസത്തിന്റെ പുറത്താണ് വിശ്വാസി സ്വന്തം അച്ഛനെ അച്ഛാ എന്ന് വിളിക്കുന്നത് എന്ന്. ദൈവം ഉണ്ടെന്നതിനുള്ള തെളിവേ അച്ഛൻ സ്വന്തം അച്ഛൻ തന്നെയാണെന്നതിനും ഉള്ളൂന്ന്! ദൈവത്തിന്റെ സാന്നിദ്ധ്യത്തിന് വിശുദ്ധപുസ്തകത്തിൽ തെളിവ് ചൂണ്ടിക്കാണിക്കുന്ന വിശ്വാസി സ്വന്തം അപ്പനെക്കുറിച്ച് ഏത് പുസ്തകത്തിൽ നിന്നാകും അറിഞ്ഞത് എന്ന കൗതുകവും ഉണ്ട്.)

എന്ന്,

വിശ്വാസികൾ അടുത്ത സെറ്റ് ആനകളേയും തെളിച്ച് ഇതുവഴി വരുന്നത് പ്രതീക്ഷിക്കുന്ന,
സ്വന്തം പിതൃത്വത്തിന് ഡി.എൻ.ഏ. ടെസ്റ്റിന് പുറത്ത് തെളിവുകളുള്ള ഒരു യുക്തിവാദി.
(ഒപ്പ്)