Apr 30, 2015

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.

മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

Apr 28, 2015

മിഡ് ബ്രെയ്ൻ ആക്റ്റിവേഷൻ അഥവാ ന്യൂജൻ ഉഡായ്പ്പ്

ഡിക്കിരീം, ഡിക്കിരീടെ മീതെ ഡിക്കിരീം, വകതിരിവ് വട്ടപ്പൂജ്യവും എന്ന ലൈനിലേയ്ക്ക് മത്സരിക്കുകയാണ് മലയാളി. എട്ടും പൊട്ടും തിരിയാത്ത സ്വന്തം മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'. ഇതിനെതിരേ രംഗത്ത് വന്ന മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്വന്തം സാമൂഹ്യപ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൈരളി ചാനലും അനുകരണീയമായ നിലപാടാണ് സ്വീകരിച്ചത്. പീപ്പിൾ ചാനലിൽ ഇന്നലെ രാത്രി നടന്ന ഈ ചർച്ചയിൽ പങ്കെടുക്കാൻ സാധിച്ചു:ഒപ്പം തന്നെ മിഡ് ബ്രെയ്ൻ തട്ടിപ്പിനെ വിശദമായി പൊളിച്ചടുക്കുന്ന ഡോ. സി. വിശ്വനാഥന്റെ കിടിലൻ പ്രഭാഷണവും കാണാം...

 

Apr 19, 2015

ഹോമിയോ നാനോ കണങ്ങൾ, അഥവാ കടലിലെ കായം!

ഹോമിയോ മരുന്നുകളിൽ നാനോ കണങ്ങൾ കണ്ടെത്തി എന്ന വാർത്ത കാലങ്ങളായി കാണുന്നുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രമാണങ്ങളിൽ നിലനിൽക്കുന്ന ഹോമിയോപ്പതിയെ രക്ഷിച്ചെടുക്കാനായി ഹോമിയോപ്പാത്തുകൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഇപ്പോ നാനോ കണങ്ങളെ ആനയിച്ചുകൊണ്ട് വരുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനത്തിന് ശാസ്ത്രീയ തെളിവായി എന്നാണ് അവകാശവാദം. പല ആളുകളും ആത്മാർത്ഥമായി ഇത്തരം  നാനോ അഭ്യാസങ്ങളിൽ വീഴുന്നുമുണ്ട്. പ്രസിദ്ധീകരിക്കപ്പെടുന്ന പഠനങ്ങളെ അവസാനവാക്കായി വ്യഖ്യാനിക്കാനുള്ള ഹോമിയോക്കാരുടെ വ്യഗ്രത മനസിലാക്കാവുന്നതേയുള്ളു. പക്ഷേ പഠനം കുറ്റമറ്റതാണോ, നിഗമനങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അവരാരും ചർച്ച ചെയ്യാറില്ല.

ശരിയാണ്, നാനോ കണങ്ങളെ കണ്ടെത്തിയതായി നിരവധി പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ വായിക്കുമ്പോൾ ഒരുവിധം ശാസ്ത്രഗവേഷണം കണ്ടിട്ടുള്ള ആർക്കും സംശയം തോന്നിക്കുന്ന പഠനരീതികളും നിഗമനങ്ങളുമൊക്കെയാണ്. ഈ എഴുതുന്നവൻ കുറേ കാലമായി ശാസ്ത്രഗവേഷണവുമായി നടക്കുന്നതിനാൽ അക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയാനും കുറച്ചൊക്കെ കഴിയും. (ഇപ്പറഞ്ഞതിനെ ഹോമിയോക്കാർ 'അഹംഭാവം' എന്നാണ് വിളിക്കുക :D ) പക്ഷേ ഇവിടെ അത്തരം സാങ്കേതികകാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ ഉദ്ദേശ്യമില്ല. മറിച്ച് നാനോ കണങ്ങളെ കണ്ടെത്തി എന്ന വാർത്തയും പഠനവും തീർത്തും കുറ്റമറ്റതാണ് എന്ന് തന്നെ കരുതിക്കൊണ്ടാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പറയാൻ പോകുന്നത് സ്കൂൾ ലെവൽ സയൻസാണ് താനും. ആർക്കും മനസിലാവുന്ന അടിസ്ഥാന ഗണിതവും രസതന്ത്രവും.

"Extreme homeopathic dilutions retain starting materials: A nanoparticulate perspective" എന്ന പേരിൽ Homeopathy journal-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തെയാണ് ഇവിടെ ആധാരമാക്കിയിരിക്കുന്നത്. പക്ഷേ സമാനമായ ഒട്ടുമിക്ക അവകാശവാദങ്ങൾക്കും ഇവ ബാധകമാണ് എന്നത് അവസാനം ബോധ്യമാകും.


ടി പേപ്പറിലെ ഡാറ്റാ അനുസരിച്ച് 200c potency ഉള്ള zincum met മരുന്നിലെ മാതൃസത്തിന്റെ അളവ് ഏതാണ്ട് 2000 pg/ml ആണ് (പഠനറിപ്പോർട്ടിലെ Figure 4-ൽ ഇത് കാണാം).
അതായത് 1 ml മരുന്നിൽ 0.000000002 g. ഇത്രേം ചെറിയ അളവിൽ ആ മരുന്നിന് എന്തെങ്കിലും പ്രഭാവം ഉണ്ടാക്കാനാവുമോ എന്ന ചോദ്യം ഒഴിവാക്കുന്നു. (ചോദിക്കേണ്ട നിമിഷം ഇവിടെ അനുഭവകഥകളുടെ ചാകര ആയിരിക്കും!) പകരം ഒരു ചെറിയ കണക്കുകൂട്ടലിലേക്ക് പോകാം.

ടി മരുന്നിന്റെ പൊട്ടൻസി 200c ആണല്ലോ. അതായത് ഒരു ശരാശരി വെള്ളത്തുള്ളിയുടെ വലിപ്പത്തിൽ (0.05 ml) zinc മാതൃസത്ത് എടുത്താൽ അതിനെ 10^400 (ഒന്ന് കഴിഞ്ഞ് 400 പൂജ്യം) ഇരട്ടി solvent-ൽ ലയിപ്പിച്ചാലാണ് അത് കിട്ടുക. (ഈ കണക്ക് മറ്റൊരു പോസ്റ്റിൽ വിശദമാക്കിയിരുന്നു)

10^400 drops എന്നുപറയുമ്പോൾ, ഏതാണ്ട് 10^400 x 0.05 = 5 x 10^398 ml = 5 x 10^395 litre  (5 കഴിഞ്ഞ് 395 പൂജ്യങ്ങൾ ഉള്ളത്ര ലിറ്റർ)
ഭൂമിയുടെ അത്ര വലിപ്പമുള്ള ഒരു പാത്രത്തിൽ കൊള്ളുന്ന വെള്ളം ~ 1 x 10^24 ലിറ്റർ (Earth data)
അതായത് 10^395 litre എന്നുപറയുമ്പോൾ (5 x 10^395)/(1 x 10^24) = 10^371 (ഒന്ന് കഴിഞ്ഞ് 371 പൂജ്യങ്ങളുള്ള അത്രയും എണ്ണം ഭൂമികൾക്ക് തുല്യമായ വ്യാപ്തം!!)

തത്കാലം ഈ കണക്ക് കണ്ട് ഞാൻ ഞെട്ടുന്നില്ല. പകരം,

zinc -ന്റെ സാന്ദ്രത = 7 g/cc (1 cm വശമുള്ള ക്യൂബ് കട്ടയായി zinc എടുത്താൽ അത് 7 g ഉണ്ടാവും. Ref: Zinc data)

അപ്പോ ഒരു തുള്ളി (0.05 ml) വ്യാപ്തത്തിൽ 7 x 0.05 = 0.35 g zinc കാണും. (1cc = 1 ml)
200c മരുന്നിൽ 0.35 g zinc, 10^395 litre ലായകത്തിലേയ്ക്ക് പോകുന്നു.
അതായത് ഒരു ലിറ്റർ മരുന്ന് എടുത്താൽ 0.35/10^395 = 3.5 x 10^-396 g zinc അതിലുണ്ടാവും.
അതായത് 1 ml മരുന്നിൽ 3.5 x 10^-399 g
അപ്പോ ഒരു തുള്ളി (0.05 ml) മരുന്നിൽ 1.75 x 10^-400 g ഉണ്ടാകും.

പക്ഷേ ഇവിടെ ഒരു ചിന്ന പ്രശ്നമുണ്ട്. ഒരു zinc ആറ്റത്തിന്റെ ഭാരം = 65 atomic mass unit ~ 10^-22 g ആണ്. അതായത് ഒരു തുള്ളി 200c zinc മരുന്നിൽ ഉണ്ടായിരിക്കേണ്ട zinc-ന്റെ കുറഞ്ഞത് 10^378 മടങ്ങ് ഭാരമുണ്ട് ഒരൊറ്റ സിങ്ക് ആറ്റത്തിന്!!!!

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു തുള്ളി zinc സത്തിനെ ഓരോ തുള്ളി 200c മരുന്നിലേക്കും 'തുല്യമായി ലയിപ്പിക്കണമെങ്കിൽ' ഓരോ ആറ്റത്തിനേയും 10 കഴിഞ്ഞ് 378 പൂജ്യമുള്ളത്ര ഭാഗങ്ങളായി മുറിയ്ക്കണം.

ആറ്റത്തിനെ വിഭജിച്ചാൽ പിന്നെ സിങ്ക് സിങ്കായിരിക്കില്ല എന്നതങ്ങ് മറക്കാം, കണികാപരീക്ഷണശാലകളിൽ സബറ്റോമിക് കണങ്ങളെ കൈകാര്യം ചെയ്യാൻ വേണ്ടി കോടിക്കണക്കിന് ഡോളർ ചെലവാവുമ്പോൾ ഇവിടെ ഹോമിയോ മരുന്നുകമ്പനിക്കാർ പുല്ലുപോലെ ആറ്റങ്ങളെ 'കുലുക്കിപ്പൊട്ടിക്കുന്നു' എന്ന് മനസിലാക്കണം! എന്നിരിക്കിലും, ശരിയ്ക്കും ഇതവർക്ക് സാധിക്കുന്നുണ്ട് എന്ന assumption-ന്റെ പുറത്ത് മേൽപ്പറഞ്ഞ നാനോ കണങ്ങളെ കണ്ടെത്തിയ പഠനത്തിലേക്ക് മടങ്ങിവരാം:

അവിടെ 1 ml മരുന്നിൽ അവർ 2 x 10^-9 g മരുന്ന് നാനോ കണങ്ങൾ കണ്ടെത്തിയിരിക്കുന്നു.

നേരത്തേ പരാമർശിച്ച 'തുല്യമായി ലയിപ്പിക്കൽ' എന്ന ആശയം വ്യക്തമാക്കുമ്പോൾ ഇതിലെ തമാശ വ്യക്തമാവും. നാരങ്ങാവെള്ളത്തിൽ പഞ്ചസാര ഇട്ടുകുടിക്കുന്നവർ ചിലപ്പോൾ അത് തീരാറാവുമ്പോൾ അതിന് കൂടുതൽ മധുരം തോന്നുന്നത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കാരണം എല്ലാവർക്കും അറിയാവുന്നതുപോലെ ഗ്ലാസിന്റെ അടിത്തട്ടിൽ പഞ്ചസാര കൂടുതൽ ഗാഢതയിൽ കാണപ്പെടുന്നതുകൊണ്ടാണ്. ഇവിടെ ആ ലായനി homogenous അല്ല എന്നാണ് സാങ്കേതികഭാഷയിൽ പറയുക. അതായത് അതിൽ എല്ലായിടത്തും പഞ്ചസാര ഒരുപോലെയല്ല ലയിച്ചിരിക്കുന്നത്. ഇത്തരം ഒരു inhomogenous solution നിങ്ങൾ തുല്യമായി വീതിച്ചാൽ എല്ലാ പങ്കിലും ഒരേ ഗുണമുള്ള solution  ആയിരിക്കില്ല ലഭിക്കുന്നത്. പല മരുന്നുകളും കുലുക്കിയ ശേഷം കുടിക്കണം എന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത് ഈ inhomogeneity പ്രശ്നം ഒഴിവാക്കാനാണ്. നിങ്ങൾ ഒരേ കുപ്പിയിൽ നിന്ന് പല തവണ മരുന്ന് കുടിക്കുമ്പോൾ ഓരോ തവണയും തുല്യഗാഢതയുള്ള മരുന്ന് അകത്തുചെല്ലുന്നു എന്നുറപ്പിക്കണമല്ലോ. ഒരു തുള്ളി സിങ്കിനെ 200c ആയി dilute ചെയ്യുമ്പോൾ ഓരോ തുള്ളിയിലും ഉണ്ടായിരിക്കേണ്ടതിന്റെ കുറഞ്ഞത് 10^389 മടങ്ങ് സിങ്ക് [(2 x 10-9)/(3.5 x 10^-399)] അവർ പരീക്ഷണവിധേയമാക്കിയ ഒരൊറ്റ തുള്ളി മരുന്നിൽ ഉണ്ട്!!

ഇവിടെ സംഭവിച്ചിരിക്കാവുന്ന സാധ്യതകൾ:
1. പഠനത്തിൽ അവർ കണ്ടെത്തിയിരിക്കുന്നത് മരുന്നിന്റെ കണങ്ങളല്ല- അതിനർത്ഥം പഠനഫലം റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെറ്റായിട്ടാണ്
2. ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത് 200c മരുന്നല്ല. ഒന്നുകിൽ തെറ്റായ സാമ്പിൾ തെരെഞ്ഞെടുപ്പ്, അല്ലെങ്കിൽ തെറ്റായ മരുന്നുണ്ടാക്കൽ.
3. അവർ ഉപയോഗിച്ചിരിക്കുന്നത് 200c മരുന്ന് തന്നെ ആണെങ്കിൽ വല്ലാതെ inhomogenous ആണ്. അതായത് ഒരേ മരുന്ന് രണ്ട് വ്യത്യസ്ത ബോട്ടിലിൽ നിന്ന് എടുത്താൽ രണ്ടിലും ഉള്ള മരുന്നുകൾ പല ഗാഢതയും അതുകൊണ്ട് തന്നെ പല potency യും ഉള്ളതായിരിക്കും. അപ്പോൾ സ്വാഭാവികമായും ഒരു മരുന്നിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം അതിനില്ല!
4. ഇനി മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും ഇവിടെ ഇല്ലാ എങ്കിൽ, അതായത് 200c മരുന്നിന്റെ ഒരു മില്ലിലിറ്ററിൽ 2000pg കണങ്ങൾ ശരിയ്ക്കും കണ്ടെത്തി എങ്കിൽ, ഹോമിയോപ്പതിയുടെ അടിസ്ഥാനമായ potency scale ഇവിടെ പ്രയോഗിക്കപ്പെട്ടിട്ടേയില്ല എന്നാണ് മനസിലാക്കേണ്ടത്. Dilution തെറ്റിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ, ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹോമിയോ മരുന്നല്ല!

[ദയവായി അനുഭവകഥകളുടെ ഭാണ്ഡങ്ങളുമായി ആരും ഇങ്ങോട്ട് വരരുത്. എനിയ്ക്ക് ഹോമിയോപ്പതിയോടും ചാത്തൻസേവയോടും ഒന്നും വിരോധമില്ല. ജനസംഖ്യാ വർദ്ധനവും ഇന്ന് ഇൻഡ്യ നേരിടുന്ന ഒരു പ്രധാന പ്രശ്നം ആയതിനാൽ രോഗചികിത്സയിൽ നിന്നും ഈ ചികിത്സാസമ്പദായങ്ങളെയൊന്നും മാറ്റിനിർത്തണമെന്നും എനിക്കാഗ്രഹമില്ല, യേത്? ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ മാത്രം ഹോമിയോക്കാർ സഹായിക്കുമല്ലോ. അതിൽ നിന്ന് മാറിയുള്ള ഒരു ചർച്ചയ്ക്കും താത്പര്യമില്ല]