Jul 30, 2015

കൊലപാതകം ആഘോഷിക്കപ്പെടുമ്പോൾ

ചില മരണങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്, അവ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്നേഹം (രാജ്യത്തിന്റെ ജനാധിപത്യ-മതേതര-പൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്ക് എന്ത് രാജ്യസ്നേഹമുണ്ടെന്നാണ്!) ഉണ്ടെന്ന് കാണിക്കാൻ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആർത്ത് വിളിച്ച് കൊരവയിട്ട് 'ഇൻഡ്യ ജയിച്ചേ' (ഫയൽവാൻ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ.

ഒരു അഫ്സൽ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിൻ ലാദൻ ആയാലും ഇവരുടെയൊക്കെ ചെയ്തികൾ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്. നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളിൽ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. അതൊരു സ്റ്റേറ്റിന് ചേർന്നതല്ല. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിർവഹണത്തെ നയിക്കേണ്ടത്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തെറ്റുപറ്റാൻ പാടില്ല എന്ന് ശഠിക്കാൻ പോലും പറ്റില്ല, കാരണം നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാൽ പോലും അത് നിർവഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നൽകപ്പെട്ടാൽ ഒരു രീതിയിലും കോംപൻസേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു ‘ശിക്ഷ’ ആണോ?


പലപ്പോഴും ഈ വിഷയത്തിന്റെ പ്രാധാന്യം ഇത് ഉയരുന്ന അവസരങ്ങളുടെ സങ്കീർണത കാരണം മനസിലാക്കപ്പെടാതെ പോകാറുണ്ട്. മിക്കവാറും ഒരു ബലാത്സംഗപ്രതിയോ ഭീകരവാദിയോ തൂക്കിലേറ്റപ്പെടുമ്പോഴാണ് വധശിക്ഷയ്ക്കെതിരേ സ്വരം ഉയരുന്നത്. ഉടൻ തന്നെ വൈകാരിക ജനക്കൂട്ടം അതിനെ പ്രതികളെ ന്യായീകരിക്കുന്ന സ്വരമായി വ്യാഖ്യാനിക്കും. അതോടെ വധശിക്ഷാവിരുദ്ധരെല്ലാം രാജ്യദ്രോഹികളും ബലാത്സംഗികളുമൊക്കെ ആയി മാറുകയും ചെയ്യും. ജനം ഒരു cold-blooded murder- ൽ (ആലോചിച്ച്, തീരുമാനിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കൊലയാണല്ലോ കോൾഡ്-ബ്ലഡഡ് മർഡർ. ആ അർത്ഥത്തിൽ വധശിക്ഷയ്ക്കാണ് ആ പേര് ഏറ്റവും യോജിക്കുക) പങ്കാളിയാവാൻ കഴിഞ്ഞ സന്തോഷത്തിൽ സുഖമായി ഉറങ്ങിക്കോളും. താൻ പ്രോത്സാഹിപ്പിക്കുന്ന ഇതേ കൊലക്കയർ സ്വന്തം കഴുത്തിന് മുകളിലും തൂങ്ങുന്ന കാര്യം നമ്മളറിയില്ല. വാദിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്ന വക്കീലൻമാരെ വാടകയ്ക്കെടുക്കാൻ കഴിയില്ല എങ്കിൽ, ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാത്ത അംഗമല്ല എങ്കിൽ, ആരുടേയും ശത്രുതയ്ക്ക് പാത്രമാവാൻ യാതൊരു സാധ്യതയുമില്ലാത്ത ഗുഹാവാസിയല്ലെങ്കിൽ ഒക്കെ നമ്മളോരോരുത്തരും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതായി നിലനിൽക്കുന്നു എന്നുറപ്പ് വരുത്താൻ ബാധ്യസ്ഥരാണ്. നമ്മളെ സംരക്ഷിക്കുന്നത് സ്വന്തം വീടിന്റെ നാല് ചുവരുകളോ മതിൽക്കെട്ടോ ആണെന്ന് ധരിയ്ക്കരുത്. ഇവിടത്തെ നീതിവ്യവസ്ഥയാണത് ചെയ്യുന്നത്. വാതിൽ തല്ലിപ്പൊളിക്കുന്നതോ നിങ്ങളെ കത്തിയ്ക്ക് കുത്തുന്നതോ നിയമവിരുദ്ധമല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോ ജീവിച്ചിരിക്കുമായിരുന്നോ എന്നാലോചിച്ച് നോക്കൂ. പത്രത്തിലും ടീവിയിലുമായി നിങ്ങൾ വായിച്ചറിഞ്ഞ കാര്യങ്ങൾ വച്ച് ‘അയാളത് അർഹിക്കുന്നു, അയാളെ കൊല്ലണം’ എന്ന് നിങ്ങൾ വിധി പറയുന്നു, നിങ്ങൾക്കിഷ്ടപ്പെടാത്തൊരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഇതേ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് നിങ്ങൾ വാചാലരാകുന്നു, ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു- ഈ സാഹചര്യം നിങ്ങളെ പേടിപ്പിക്കുന്നില്ല എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്ന് ഒരുറപ്പും ഇല്ല!

Jul 29, 2015

കറുപ്പും വെളുപ്പും മാത്രം കണ്ടാൽ മതിയോ?

ചിന്തകളെ കെട്ടഴിച്ച് വിട്ടാൽ അത് സ്വതന്ത്രമായി പറന്നുനടക്കും എന്നത് തെറ്റിദ്ധാരണയാണ്. എപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങളെ ചുറ്റിപ്പറ്റിയും ഇഷ്ടക്കേടുള്ളതോ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ കാര്യങ്ങളെ വികർഷിച്ച് ഒഴിവാക്കിയും ആയിരിക്കും അത് സഞ്ചരിക്കുന്നത്. ചരട് പൊട്ടിയ പട്ടം പോലെ- സ്വതന്ത്രമായി പറക്കുന്നു എന്ന് തോന്നിയാലും, പെട്ടെന്ന് കണ്ണിൽ പെടാത്ത ഒരു കാറ്റ് അതിനെ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വതന്ത്രചിന്ത അഥവാ ഫ്രീതിങ്കിങ് ഇത്തിരി കഷ്ടപ്പെട്ട് മാത്രം സ്വായത്തമാക്കാവുന്ന, കിട്ടിയാൽ തന്നെ ഇടക്കിടക്ക് പരിശോധിച്ച് മായം കലർന്നിട്ടില്ല എന്ന് ഉറപ്പിച്ചിട്ട് മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്.

ചിന്ത സ്വതന്ത്രമാണോ എന്ന് പരിശോധിക്കാൻ ഞാനുപയോഗിക്കുന്ന ഒരു ലിറ്റ്മസ് ടെസ്റ്റുണ്ട്- ഇഷ്ടമുള്ള കാര്യങ്ങളെയോ ആളുകളേയോ മറ്റാരെങ്കിലും വിമർശിക്കുന്നത് ശ്രദ്ധിക്കുക. മനസ്സിന് പ്രത്യേകിച്ച് അസ്വസ്ഥതയൊന്നും തോന്നാതെ അത് കേൾക്കാനും പരിശോധിക്കാനും കഴിയുന്നുണ്ടെങ്കിൽ ചിന്താസ്വാതന്ത്ര്യത്തിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസിലാക്കാം. ഒരുഘട്ടം കൂടി കടന്നാൽ ഇഷ്ടമുള്ള കാര്യങ്ങളുടേയോ ആളുകളുടേയോ മോശം വശം കണ്ടുപിടിക്കാൻ സ്വയം ശ്രമിക്കുക, ഇഷ്ടം തോന്നാൻ കാരണമായ ഘടകങ്ങളെ ഇഷ്ടപ്പെട്ടുകൊണ്ട് തന്നെ മോശം വശങ്ങളെ തുറന്ന് വിമർശിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ്. അതായത് മോശം (എന്ന് നമുക്ക് തോന്നുന്ന) കാര്യങ്ങൾ നിലനിന്നിരുന്ന ഇഷ്ടത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ചിന്തയ്ക്ക് അല്പം കൂടി സ്വാതന്ത്ര്യം വേണ്ടതുണ്ട് എന്നാണ് മനസിലാക്കേണ്ടത് (നിലനിന്നിരുന്ന ഇഷ്ടം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു എങ്കിൽ ഇഷ്ടം കുറയുന്നത് സ്വാഭാവികം). ഈ രണ്ട് പരീക്ഷണങ്ങളിലും ചിലപ്പോഴൊക്കെ ഞാൻ പരാജയപ്പെടാറുണ്ട്. ഈ ഫ്രീതിങ്കിങ് അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് ഞാൻ പറയാൻ കാരണം ഈ അനുഭവമാണ്.

ഇത്രയും പറയിപ്പിച്ചത് ശ്രീ. അബ്ദുൾ കലാമിന്റെ വിയോഗത്തെത്തുടർന്ന് ഫെയ്സ്ബുക്കിൽ നിലനിൽക്കുന്ന അന്തരീക്ഷമാണ്. ആദ്യഘട്ടം- ഒരു വശത്ത് കലാമിന്റെ മുഖം വെച്ചുള്ള പ്രൊഫൈൽ പിക്ചറുകളുടേയും ആദരാഞ്ജലി പോസ്റ്റുകളുടേയും കുത്തൊഴുക്ക്, മറ്റൊരു വശത്ത് കലാം ക്വോട്ടുകളുടേയും ഇൻസ്പിരേഷനുകളുടേയും ചുവരലങ്കാരങ്ങൾ, മറ്റൊരു വശത്ത് കലാമിന്റെ ട്രാക്ക് റെക്കോഡ് ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ഓഡിറ്റിങ്… രണ്ടാം ഘട്ടം- ആദരാഞ്ജലി, പൂക്കൾ, പുതിയ പ്രൊഫൈൽ പിക്ചറുകൾ എന്നീ ട്രെൻഡുകൾ പതിയെ പിൻവലിയുന്നു, പ്രോ-കലാം, ആന്റി-കലാം ദിശകളിലേക്ക് വിഷയം ധ്രുവീകരിക്കപ്പെടുന്നു. ഒരു വശത്ത് കലാം എന്ന മിശിഹായും മറുവശത്ത് കലാം എന്ന അവസരവാദി-ആൾദൈവഭക്തൻ- എറ്റ് സെറ്ററാ യും. അടുത്ത ഘട്ടം- ഒരു വശത്ത് കലാമിനെ വിമർശിക്കുന്നവരെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിങ്, മറുവശത്ത് കലാമിനെ പുകഴ്ത്തുന്നവരെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിങ്. ഈ ഘട്ടത്തിലെ രസം എന്താന്ന് വെച്ചാൽ, ശ്രീ. അബ്ദുൾ കലാം ചിത്രത്തിലില്ല!
ഇനി ഈ വിഷയത്തിലെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിലേക്ക് വന്നാൽ- ശ്രീ. ഏ. പി. ജെ. അബ്ദുൾ കലാം എന്ന വ്യക്തി ഒരല്പം over-glorified ആണ് എന്നാണ് കുറേ കാലം മുൻപ് തൊട്ടേ എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഷോക്കായി, സ്വന്തം ആരോ മരിച്ചപോലെയുള്ള വിഷമത്തിൽ ഇന്നലെ ഞാനിട്ട പോസ്റ്റിനെ അതേപടി, അതേ അർത്ഥത്തിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇപ്പോളും ഇത് പറയുന്നത്. അബ്ദുൾ കലാം എന്നത് ഒരു വ്യക്തി എന്നതിനെക്കാൾ ഉപരി ഇൻഡ്യൻ മനസുകളിൽ ഒരു ബിംബം ആയിരുന്നു. സർവഗുണസമ്പന്നനായ നായകൻ- സകലതെമ്മാടിത്തരങ്ങളുടേയും വിളനിലമായ വില്ലൻ എന്നിങ്ങനെ രണ്ടറ്റങ്ങളിൽ മാത്രം വ്യക്തികളെ കാണാൻ പരിശീലിച്ചതിന്റെ കുഴപ്പമാണിത്. എല്ലാവരേയും ആകർഷിക്കുന്ന സൗമ്യമായ പെരുമാറ്റം (സൗമ്യമായ പെരുമാറ്റത്തിനുള്ള ഒരു ഗുണം അത് ആരുടേയും ഈഗോയെ മുറിപ്പെടുത്തില്ല എന്നതാണ്. എളിമയുള്ള ഒരാളുടെ പെരുമാറ്റം കാണുമ്പോൾ, നമ്മൾ അയാൾക്ക് മുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നതായി നമുക്ക് അനുഭവപ്പെടും. സച്ചിനും ഏ. ആർ. റഹ്മാനും കലാമും ഒക്കെ നമുക്ക് പ്രിയപ്പെട്ടവരാകുന്നതിൽ ഇതൊരു നല്ല പങ്ക് വഹിക്കുന്നുണ്ട്. പൃഥ്വിരാജിന് ഇവിടെ ഒരിയ്ക്കൽ ഹേറ്റ് പേജുകളുടെ സ്റ്റാംപീഡ് നേരിടേണ്ടിവന്നത് ‘നിങ്ങൾ എനിക്ക് മേലെയാണ്’ എന്ന തോന്നൽ പ്രേഷകരിൽ അദ്ദേഹം ഉണ്ടാക്കിയില്ല എന്നതിനാൽ കൂടിയാണ്), നമ്മളെ സന്തോഷിപ്പിക്കുന്ന പ്രഭാഷണങ്ങൾ (അദ്ദേഹത്തിന്റെ ക്വോട്ടുകൾ ശ്രദ്ധിയ്ക്കൂ. മിക്കവയിലും ഉള്ള ഒരു പൊതുസ്വരം ‘നിങ്ങൾ’ –കേൾക്കുന്നയാൾ- സത്യത്തിൽ വലിയ സംഭവമാണ്, ‘നിങ്ങൾ’ വിചാരിച്ചാൽ എന്തും നടക്കും എന്നതാണ്. ഇത് ആരെയും സന്തോഷിപ്പിക്കും), ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സാധാരണ പശ്ചാത്തലത്തിൽ നിന്നും വളർന്ന് പ്രഥമപൗരൻ വരെ ആയ കർമനിരതമായ ഒരു ജീവിതം നമുക്ക് നൽകുന്ന പ്രതീക്ഷയുടേയും ആത്മാഭിമാനത്തിന്റേയും എലമെന്റ് (അദ്ദേഹം നമ്മളെത്തന്നെ പ്രതിനിധീകരിക്കുന്ന ആളായി നമുക്ക് തോന്നുന്നു) എന്നിവയൊക്കെ അദ്ദേഹത്തോട് മാനസികമായ ഒരു അടുപ്പം ഉണ്ടാക്കാൻ കാരണമാകും. ചുരുക്കിപ്പറഞ്ഞാൽ നമുക്ക് ‘ഇഷ്ടപ്പെടാൻ’ പറ്റിയ ഒരാളായിരുന്നു ശ്രീ. കലാം. ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആ ആളിനെക്കുറിച്ച് ആര് നല്ലത് പറഞ്ഞാലും നമ്മളത് വിശ്വസിക്കും, ആരെങ്കിലും മോശം പറഞ്ഞാൽ നമ്മളത് വകവെയ്ക്കുകയും ഇല്ല. ഇത് സമർത്ഥമായി ഉപയോഗിച്ചുകൊണ്ടുള്ള ബോധപൂർവമായ ഒരു ബിംബവൽക്കരണം അദ്ദേഹത്തിന്റെ കാര്യത്തിൽ ഇൻഡ്യയിൽ നടന്നിട്ടുണ്ട്. ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ‘ഞങ്ങളുടെ ആളാണ്’ എന്നുവരുത്തിത്തീർത്ത് അതുവഴി ‘ഞങ്ങൾ’ നല്ല പിള്ളകളാണ് എന്ന് തോന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു അത്. ഇന്നും നോക്കൂ, അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റുകളിൽ കാക്കക്കൂട്ടത്തെപ്പോലെ ഓടിക്കൂടി തെറിവിളിക്കുന്നവരെല്ലാം സംസാരിക്കുന്നത് ‘കലാമിനെ വിമർശിക്കരുത്’ എന്ന ടോണിലല്ല, ‘ഞങ്ങളുടെ കലാമിനെ തൊടരുത്’ എന്ന ടോണിലാണ്. കലാമിനെ അവർ ‘സ്വകാര്യവൽക്കരിച്ചിരിക്കുന്നു’. ഗ്രേറ്റ് സയന്റിസ്റ്റ് എന്ന് അദ്ദേഹത്തെ വിളിക്കുന്നവരോട് അദ്ദേഹം ‘സയൻസിന്’ ചെയ്ത സംഭാവന എന്താണെന്ന് ചോദിച്ചുനോക്കൂ, അദ്ദേഹത്തിന് ഡോക്ടറേറ്റ് നേടിക്കൊടുത്ത കണ്ടുപിടിത്തം ഏതാണെന്ന് ചോദിച്ചുനോക്കൂ, അദ്ദേഹം ഏതൊക്കെ പദവികളിൽ ഇരുന്നിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ, അദ്ദേഹത്തിന്റെ എത്ര പുസ്തകം വായിച്ചിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ, എത്ര പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ. ഇതിന്റെയൊന്നും സ്ഥിതിവിവരക്കണക്ക് പരിശോധിച്ചിട്ടല്ല പലരും അബ്ദുൾ കാലം എന്ന മഹാനെ മഹാനെന്ന് വിളിക്കുന്നത്. അദ്ദേഹം മഹാനെന്ന് ‘എല്ലാവരും’ പറയുന്നുണ്ട്, ചിത്രങ്ങളിലും ടീവിയിലും കാണുമ്പോ വളരെ ‘ലവബിൾ’ ആയ ഒരു മനുഷ്യനാണ് അദ്ദേഹം, കേൾക്കാൻ സുഖമുള്ള കാര്യങ്ങളാണ് ‘Abdul Kalam quotes’ എന്ന പേരിൽ കാണപ്പെടുന്നത്- ഇത്രയൊക്കെ മതി നമുക്ക്. ഇങ്ങനെയാണ് അബ്ദുൾ കലാം എന്ന ബിംബം ഉണ്ടാകുന്നത്. അതുകൊണ്ടാണ് വിമർശനങ്ങളോടുള്ള പ്രതികരണങ്ങളിൽ “പറഞ്ഞതിൽ തെറ്റുണ്ട്” എന്നതിന് പകരം “പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല” എന്ന ധ്വനി ഉച്ചത്തിൽ മുഴങ്ങുന്നത്. ബിംബനിർമാണം സമർത്ഥമായ ഒരു രാഷ്ട്രീയ ആയുധമാണ്. കലാം എന്ന ബിംബത്തെ തൊടുന്നവരെല്ലാം ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ദേശദ്രോഹികളായി കണക്കാക്കപ്പെടും. അതുകൊണ്ട് തന്നെ തൊടാൻ പാടില്ലാത്ത, ചർച്ച ചെയ്യപ്പെടാൻ പാടില്ലാത്ത പല വിഷയങ്ങളും ആ ബഹളത്തിലങ്ങ് മൂടപ്പെടും.

കുറേ ഏറെ കാര്യങ്ങളിൽ എനിയ്ക്ക് ബഹുമാനം തോന്നിയിട്ടുള്ള ആളാണ് ശ്രീ. അബ്ദുൾ കലാം. അതേപോലെ തന്നെ പല കാര്യങ്ങളിലും കടുത്ത വിയോജിപ്പും, എതിർപ്പും ഉണ്ട്. അതൊക്കെ നെല്ലും പതിരും വേർതിരിച്ച് ചർച്ച ചെയ്യൽ ഏത് അവസരത്തിലും സാധ്യമാണ് എങ്കിലും ഈ അവസരം അതിന് ഉപയോഗിക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ഇതുമായി ബന്ധപ്പെട്ട മിക്ക പോസ്റ്റുകളിലും- ടാഗ്/മെൻഷൻ ചെയ്യപ്പെട്ടവയിൽ ഉൾപ്പടെ- കമന്റ് ചെയ്യാതിരിക്കുന്നത്, അവയിൽ മിക്കതും ആദ്യം പറഞ്ഞ സ്വതന്ത്രചിന്തയുടെ ‘ലിറ്റ്മസ് ടെസ്റ്റ്’ കൃത്യമായി പാസ്സാവാൻ സാധ്യതയില്ലാത്തതാണ് എന്ന തോന്നൽ കൊണ്ടാണ്.
That’s all your honour!

Jul 24, 2015

കൊല്ലേണ്ടിടത്ത് കൊന്നുതന്നെ ആകണം


മറ്റ് ജീവിവർഗങ്ങളെക്കാൾ മഹത്തരമായ, ആരോ സ്വർഗത്തിൽ നിന്ന് നേരിട്ട് കെട്ടിറക്കിയ മുതലുകളാണ് തങ്ങൾ എന്ന അഹന്ത മനുഷ്യനുണ്ട്. ഒട്ടുമിക്ക മതങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈ ആശയത്തെയാണ് ഉദ്ഘോഷിക്കുന്നതും. ഇതാണ് തെരുവുനായകളുടെ കാര്യത്തിലും പലരുടേയും അഭിപ്രായങ്ങളെ നയിക്കുന്നത്. കൊല്ലുക എന്ന പ്രവൃത്തി ഒരു ജീവിയുടെ ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുക്കലാണ് എന്ന രാഷ്ട്രീയമായ ന്യായമല്ല അവരിൽ പലരുടേതും. പകരം, കൊല്ലുക എന്ന പ്രവൃത്തി ക്രൂരമാണ്, സഹജീവികളോടുള്ള സ്നേഹമില്ലായ്മയാണ്, ദൈവം കൊടുത്ത ജീവൻ മനുഷ്യൻ എടുക്കുകയാണ് തുടങ്ങിയ വൈകാരികമോ മതപരമോ ആയ ന്യായങ്ങളാണധികവും. 

കൊല്ലുക അല്ലെങ്കിൽ ജീവനെടുക്കുക എന്നത് ജീവലോകത്തിലെ ഒരു അടിസ്ഥാന പ്രക്രിയയാണ്. ഭക്ഷ്യശൃംഖലയുടേയും അതുവഴി മൊത്തം പരിസ്ഥിതിയുടേയും വരെ സന്തുലനത്തിന്റെ ആണിക്കല്ലാണത്. കൊല്ലുക എന്ന പ്രവൃത്തിയുടെ ഗുണദോഷമാണ് വിഷയമെങ്കിൽ അത് ആര് എന്തിനുവേണ്ടി ചെയ്യുന്നു എന്നത് മാനദണ്ഡമാകരുതല്ലോ. ഭൂമിയിലെ അവസാനത്തെ മാനിന് പിറകേ ഭൂമിയിലെ അവസാനത്തെ സിംഹം ഓടുകയാണെങ്കിൽ നമ്മൾ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത്?  പക്ഷേ ഒരു മാനിനെ വേട്ടവിനോദത്തിന്റെ ഭാഗമായി ഒരു മനുഷ്യൻ കൊല്ലുന്നതും വിശപ്പ് മാറ്റാനായി ഒരു സിംഹം കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് വെറും ക്രൂരതയും രണ്ടാമത്തേത് ആഹരണമെന്ന ജീവപ്രവൃത്തിയുമാണ്. മാനസാന്തരപ്പെട്ട്, കൊലപാതകമെന്ന ‘പാപകർമം’ ഉപേക്ഷിച്ച് സിംഹങ്ങൾക്ക് വെജിറ്റേറിയനാവാൻ സാധിക്കില്ല. ഇനി സാധിച്ചാൽ തന്നെ മാനുകൾ ക്രമാതീതമായി എണ്ണത്തിൽ പെറ്റുപെരുകിയാൽ അതാ പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കാനേ ഉപകരിക്കൂ. പ്രകൃതിസന്തുലനം എന്ന സൂക്ഷ്മമായ ബാലൻസിനെ പറ്റി സ്കൂൾ ക്ലാസുകളിൽ വരെ നമ്മൾ പഠിക്കുന്നുമുണ്ട്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് തെറ്റാകുന്നത് അത് തെറ്റാണെന്ന് വിശുദ്ധപുസ്തകത്തിൽ എഴുതിയിരിക്കുന്നതുകൊണ്ടല്ല, അത് ജീവിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന ലളിതമായ, അതേസമയം ഗൗരവകരമായ, രാഷ്ട്രീയ കാരണം കൊണ്ടാണ്. ജീവനെടുക്കുക എന്നത് പാപമാണ് എങ്കിൽ കൊതുകിനെ കൊല്ലുന്നതും വാഴ വെട്ടുന്നതും ഒക്കെ പാപമായിത്തന്നെ കണക്കാക്കണം. ഒരു കൊതുകിലും കോഴിയിലും ഉള്ള അതേ ജീവൻ തന്നെയാണ് മനുഷ്യനിലും ഉള്ളത്. അല്ലാതെ ജീവന്റെ അളവ് പറയുമ്പോൾ കിലോഗ്രാമിലോ ലിറ്ററിലോ quantify ചെയ്യാവുന്ന ഒന്നും അതിലില്ല്ലല്ലോ. സാമാന്യമായി കൊല്ലുക എന്ന പ്രവൃത്തിയുടെ ഗുണദോഷം ചികയുകയാണെങ്കിൽ കൊല്ലേണ്ടിടത്ത് കൊന്നുതന്നെയാകണം എന്നാണ് എന്റെ നിലപാട്. 

തെരുവ് നായകൾ എവിടെനിന്നാണ് വരുന്നത്? അവ താനേ ഉണ്ടാകുന്നതല്ല. സ്വാഭാവികമായി നായകൾ ഉണ്ടാകാൻ സാധ്യതയില്ലാത്തിടത്ത് മനുഷ്യന്റെ ഇടപെടൽ കൊണ്ട് സൃഷ്ടിക്കപ്പെട്ട ജീവികളാണവ. നായക്കുട്ടികളെ വളർത്തുകയും വളർന്ന് ഓമനത്തം നഷ്ടപ്പെടുമ്പോൾ ഇറക്കിവിടുകയും ചെയ്യുന്ന ആളുകളെ കണ്ടിട്ടുണ്ട്. അലക്ഷ്യമായി ഭക്ഷണപദാർത്ഥങ്ങൾ പരിസ്ഥിതിയിലേക്ക് വലിച്ചെറിയുന്ന സമൂഹം അവയെ പരോക്ഷമായി തീറ്റിപ്പോറ്റുകയും പ്രജനനം നടത്തി പെരുകാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു. കേരളത്തിലെ സാഹചര്യത്തിൽ ഇന്ന് ലക്ഷക്കണക്കിന് തെരുവുനായകളാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്. ഇവയിൽ ഏതൊക്കെ എപ്പോഴൊക്കെ ആക്രമണകാരികളാകും എന്ന് ആർക്കും പറയാനാവില്ല. തിരുനന്തപുരം നഗരത്തിൽ മാത്രം ഇതിനകം ഒരുമാസം 300 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് (സംസ്ഥാനത്താകമാനം ഒരു വർഷം 40,000 ആണ് കണക്കെന്ന് കേൾക്കുന്നു). ഒരു പിഞ്ച് കുഞ്ഞു കൊല്ലപ്പെടുന്ന സംഭവം വരെ ഉണ്ടായി. അപ്പോഴും ഓർക്കേണ്ടത് ഇത് മനുഷ്യൻ തന്നെ വരുത്തിവെച്ച വിനയാണ് എന്നതാണ്. പരിസ്ഥിതിയിൽ വിവേകപൂർവം ഇടപെടാതെ കാര്യങ്ങളെ ലാഘവബുദ്ധിയോടെ സമീപിച്ചതിന്റെ ഫലമാണിത്. ഇത് ഇത്രയും വഷളായ സാഹചര്യത്തിൽ അലഞ്ഞ് നടക്കുന്ന ലക്ഷക്കണക്കിന് നായകളെ തപ്പിപ്പിടിച്ച് വന്ധ്യംകരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിവരുന്ന അധ്വാനവും ചെലവും എത്രയോ വലുതാണ്. ആ തുകയും വിഭവശേഷിയും പൊതുജനാരോഗ്യം പോലുള്ള മേഖലകളിലേക്ക് പോകുന്നതാണ് കൂടുതൽ നല്ലത്. പട്ടികടിച്ച എല്ലാവർക്കും വാക്സിനെടുക്കാനുള്ള സംവിധാനം പോലും നിലവിലില്ലാത്ത സ്ഥിതിയ്ക്ക് പ്രത്യേകിച്ചും. ഉത്തരവാദിത്വമുള്ള സർക്കാർ പൗരനെയാണ് സംരക്ഷിക്കേണ്ടത്, പൗരന്റെ തെറ്റുകളെയല്ല. മനുഷ്യൻ കൂടുതുറന്നുവിട്ട ഈ വിനയ്ക്ക് ഫലപ്രദമായ പരിഹാരം ഇവയെ കൊന്നുകളയുക എന്നതുതന്നെയാണ്. 

ഇപ്പറഞ്ഞത് കേൾക്കുമ്പോൾ ക്രൂരമായി തോന്നിയേക്കാമെങ്കിലും ഇത് ചരിത്രത്തിലെ ആദ്യ സംഭവമൊന്നും ആകാൻ പോകുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി, എന്നുവച്ചാൽ പരിസ്ഥിതിയിലെ മുഴുവൻ ജീവികളുടേയും നല്ലതിന് വേണ്ടി, ലക്ഷക്കണക്കിന് ജീവികളെ കൂട്ടക്കൊല തന്നെ ചെയ്യേണ്ടിവന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിയ്ക്കോ സമ്പദ്‌വ്യവസ്ഥയ്ക്കോ മനുഷ്യന്റെ ആരോഗ്യത്തിനോ ഹാനികരമാകുന്ന വിധത്തിൽ, ഒരു ജീവവർഗം അത് സ്വാഭാവികമായി കണ്ടുവരാത്ത സാഹചര്യങ്ങളിൽ പെറ്റുപെരുകിയാൽ അതിനെ Invasive species എന്ന് വിളിക്കും. പലപ്പോഴും മനുഷ്യന്റെ തന്നെ ഇടപെടലാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. ഗാലപ്പഗോസ് ദ്വീപുകളിൽ ക്രമാതീതമായി പെരുകി അവിടത്തെ സസ്യജാലങ്ങളുടെ മൊത്തം നിലനിൽപിന് ഭീഷണിയായ ലക്ഷക്കണക്കിന് ആടുകളെ വെടിവെച്ചുകൊന്ന സംഭവമാകണം ഇതിൽ ഏറ്റവും പ്രസിദ്ധം. ഈ ‘പരിസ്ഥിതിപ്രവർത്തന’ത്തെപ്പറ്റി (അത് തന്നെയാണ് വാക്ക്) നേച്ചർ മാഗസീനിൽ വന്ന വാർത്ത ഇവിടെ വായിക്കാം. മറ്റൊന്ന് ഇന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രമാതീതമായി പെരുകുന്ന ലയൺഫിഷുകളാണ്. അറ്റ്ലാന്റിക് അവയുടെ സ്വാഭാവിക ആവാസമല്ല. വളർത്തുമൃഗങ്ങളെ കയറ്റിയ കപ്പലുകളിൽ നിന്നോ വീടുകളിൽ നിന്ന് അധികം വന്ന മീനുകളെ മനുഷ്യർ കടലിലേക്ക് വിട്ടതിനെ തുടർന്നോ ആണെന്ന് കരുതുന്നു അവ അറ്റ്ലാന്റിക്കിലെത്തിയത്. അവിടെ ലയൺഫിഷുകളെ സ്വാഭാവികമായി ഭക്ഷണമാക്കുന്ന മറ്റ് ജലജീവികളൊന്നും ഇല്ലാത്തതിനാൽ ഇവ അവിടെ പെറ്റുപെരുകി ഇപ്പോ മറ്റ് ചെറിയ ജീവികളുടെ നിലനിൽപിന് തന്നെ ഭീഷണിയായിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള വാർത്ത ഇവിടെ വായിക്കാം. ഇതേ സ്ഥാനത്താണ് നമ്മൾ തെരുവുനായകളേയും കാണേണ്ടത്. മനുഷ്യന്റെ തന്നെ നിലനില്പിന് ഭീഷണിയാകുന്ന തരത്തിൽ തെരുവുകളെ ബാധിക്കുന്ന Invasive species ആണ് അവ. അവയെ ഉന്മൂലനം ചെയ്യുകയും ഇനിയെങ്കിലും ഇങ്ങനെ നിയന്ത്രണാതീതമായി ജീവികൾ പെരുകുന്ന സാഹചര്യം ഒഴിവാക്കാനായി ജനത്തിനെ ബോധവൽക്കരിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്. 

മൃഗസ്നേഹവും മനുഷ്യത്വവും ഒക്കെ എടുത്തുയർത്തി പട്ടികളെ വെറുതേ വിടണമെന്നും സർക്കാർ ഏറ്റെടുത്ത് വളർത്തണമെന്നുമൊക്കെ പറയുന്നത് വെറും പൊള്ളയായ വാദങ്ങളാണ്. റോഡിൽ നടക്കുന്നവർക്ക് മാത്രമാണല്ലോ തെരുവുപട്ടിയെ പേടിക്കേണ്ടത്. മാംസം കഴിക്കുന്നവരെല്ലാം ബാർബേറിയൻസാണ് എന്ന മട്ടിൽ, വെജിറ്റേറിയൻ മാത്രമേ കഴിക്കൂ എന്ന് വാശിപിടിക്കുന്ന ചിലർ ‘pure vegetarian’ എന്നുപറഞ്ഞ് സ്വയം ‘purity’ പ്രഖ്യാപനം നടത്തുന്നത് കണ്ടിട്ടുണ്ട്. പൊരിവെയിലത്തും മടുപ്പിക്കുന്ന ശബ്ദഘോഷത്തിനിടയിലും ഒക്കെ മണിക്കൂറുകളോളം ഞെരിപിരി കൊള്ളുന്ന മിണ്ടാപ്രാണികളെ പ്രോത്സാഹിപ്പിച്ച്, ആനപ്രേമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളുള്ള നാട്ടിലാണ് സഹപൗരരുടെ ജീവന് തന്നെ ഭീഷണിയാവുന്ന സാഹചര്യത്തിൽ വില്ലൻ പക്ഷത്തേയ്ക്ക് മനുഷ്യത്വവാദവുമായി ചെല്ലുന്നത്. കൊല്ലുക എന്ന പ്രക്രിയ പരമാവധി മൃഗത്തിന് വേദനയും കഷ്ടപ്പാടും കുറഞ്ഞിരിക്കുന്ന വിധത്തിൽ ചെയ്യുക എന്നതാണ് ഇവിടെ പ്രായോഗികമായ മനുഷ്യത്വം.

Jul 23, 2015

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ
കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ
എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ
തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത്
അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്,
പിടി വിടുവിക്കാൻ, പിൻവലിയുവാൻ.
അതും വഴി മാറലുകളായിരുന്നു...
ആർക്കൊക്കെയോ വഴിയൊരുക്കുവാൻ,
ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ,
ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ,
എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ.
ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ.
ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ.
ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു
ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല.
കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ...
ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം:
"നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?"
ശരിയാണ്...
ഒന്നുമില്ല...
ഉള്ളിൽ വിപ്ലവം അലയടിച്ച് തുടങ്ങിയിരിക്കുന്നു
പിടിച്ചെടുക്കാവുന്ന അകലത്തിൽ പിടിവിട്ട് കളഞ്ഞവയുടെ കണക്കുപുസ്തകമാണ് മുന്നിൽ
ആർക്ക് വേണ്ടി? എന്തിന് വേണ്ടി?
വെറും ഭയം…
എതിർസ്വരങ്ങളോട്, മത്സരങ്ങളോട്, മല്ലിടലുകളോട്…
അതിന്നുമുണ്ട്,
ഉള്ളിൽ നുരയുന്ന വിപ്ലവസ്വരങ്ങളുമായി അത് കൊമ്പ് കോർക്കുന്നു
ഇവയിലൊന്ന് മരിച്ച് വീണേ പൊറുതിയുള്ളു
സ്വപ്നങ്ങളുടെ സെമിത്തേരിയിൽ,

ഇനിയൊരു സംസ്കാരം കൂടി ഉടൻ നടക്കേണ്ടതുണ്ട്...

Jul 22, 2015

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മനുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ?

അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്,
 1. അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്)
 2. അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്)
 3. മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്ട് പിന്നീട് ആരും അവിടെ പോയില്ല? (പ്രശ്നം പലതാണ്)
ഇതിൽ ഒന്നാമത്തെ കാരണത്തിന് ഈ പോസ്റ്റിൽ വിശദീകരണം ഉദ്ദേശിക്കുന്നില്ല. പോലീസിന്റേയും കള്ളന്റേയും ഉദാഹരണം പറഞ്ഞ പോലാണത്- കള്ളന് എങ്ങോട്ട് വേണേലും ഓടാം, പക്ഷേ പോലീസിന് കള്ളൻ പോയ വഴിയേ തന്നെ ഓടേണ്ടിവരും. അതിനുള്ള സാവകാശം എനിക്കില്ല. പക്ഷേ പണി എളുപ്പമാക്കിക്കൊണ്ട് വിക്കിപീഡിയയിൽ ഇതിനെപ്പറ്റി വിശദമായ ഒരു ലേഖനമുണ്ട്. അതിന്റെ ലിങ്ക് ഇവിടെ- Moon landing conspiracy theories.

രണ്ടാമത്തെ കാരണം രാഷ്ട്രീയമോ മതപരമോ ആയതിനപ്പുറം വെറും സംശയമാണെങ്കിൽ അപ്പോളോ ദൗത്യങ്ങളുടെ സമയരേഖയിലൂടെ ഒന്ന് കടന്നുപോകുന്നത് നല്ലതാണ്:

ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിയ്ക്കയും റഷ്യയും തമ്മിൽ നിലനിന്ന കടുത്ത മത്സരം ആണ് ഇതിന്റെ പശ്ചാത്തലം. Space race എന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ കൃത്രിമ സാറ്റലൈറ്റ്, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ സഞ്ചാരി എന്നിങ്ങനെ നിർണായകമായ ബഹിരാകാശ നേട്ടങ്ങളെല്ലാം റഷ്യ തന്നെ സ്കോർ ചെയ്തു. അമേരിക്കയുടെ ആദ്യ ശ്രമങ്ങളൊക്കെയും പരാജയമായിരുന്നു. സ്പുട്നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാൻഗാർഡ് എന്ന അമേരിയ്ക്കൻ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിൽ പരക്കെ ആശങ്കയുടേയും ഭയത്തിന്റേയും ഒരു സാഹചര്യം നിലവിൽ വന്നിരുന്നു. ഇതിനെ Sputnik crisis എന്ന് തന്നെ വിളിക്കാറുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയും റഷ്യയെ മലർത്തിയടിക്കാനായി അമേരിക്ക കണ്ട മാർഗമാണ് ചന്ദ്രനിൽ ആളെ ഇറക്കുക എന്നത്. ഉടന്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കും എന്ന് 1961-ല്‍ നാസ പ്രഖ്യാപിക്കുമ്പോള്‍ വെറും രണ്ടേ രണ്ട് ആളുകള്‍ മാത്രമേ അതിനകം ബഹിരാകാശത്ത് പറന്നിരുന്നുള്ളൂ. അത്രയും പരിമിതമായ പരിചയസമ്പത്ത് മാത്രം വച്ച് അങ്ങനെയൊരു 'വീമ്പ്' പ്രാവര്‍ത്തികമാക്കുന്നത് ചില്ലറ കാര്യമൊന്നുമായിരുന്നില്ല. ഇവിടെയാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അപോളോ എന്ന ദൗത്യം നേരിട്ടങ്ങ് ചെന്ന് ചന്ദ്രനിൽ ഇറങ്ങലൊന്നുമായിരുന്നില്ല. അപ്പോളോ 11 എന്ന പതിനൊന്നാമത്തെ ദൗത്യത്തിന് മുൻപ് നടന്ന പത്ത് ദൗത്യങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. ഈ പത്ത് ദൗത്യങ്ങൾ കൊണ്ടാണ് ചന്ദ്രനിൽ ശരിയ്ക്കും മനുഷ്യന് ഇറങ്ങുന്നതിന് വേണ്ട പ്രായോഗികജ്ഞാനം അവർ ഉണ്ടാക്കിയെടുത്തത്.

മനുഷ്യരെ അത്രയും ദൂരം എത്തിക്കാന്‍ കഴിയും വിധം ശക്തിയേറിയ ഒരു റോക്കറ്റ് നിര്‍മിക്കലായിരുന്നു ആദ്യ കടമ്പ. അതിനായി ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തി കൂടിയ റോക്കറ്റുകളിലൊന്നായ സാറ്റേണ്‍ 5-ന് രൂപം നല്‍കപ്പെട്ടു. പരിശീലനപ്പറക്കലുകള്‍ ഉള്‍പ്പടെ പത്തിലധികം പറക്കലുകള്‍  അല്പം പോലും പിഴവില്ലാതെയാണ് സാറ്റേണ്‍-5 നിര്‍വഹിച്ചത് എന്നത് ആത്മവിശ്വാസത്തിന് ആക്കം കൂട്ടി. മനുഷ്യരെ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള പേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു- യാത്രികരേയും അവര്‍ക്കാവശ്യമുള്ള വസ്തുക്കളേയും വഹിക്കുന്ന കമാന്‍ഡ് മോഡ്യൂള്‍, പേടകത്തിന്റെ പ്രധാന എഞ്ചിന്‍ വഹിച്ചിരുന്ന സര്‍വീസ് മോഡ്യൂള്‍, യാത്രികരുമായി ചന്ദ്രനിലേക്ക് ഇറങ്ങേണ്ട ലൂണാര്‍ മോഡ്യൂള്‍. യാത്രാസമയത്ത് യാത്രികരുടെ താമസസ്ഥലമായിരുന്നു കമാന്‍ഡ് മോഡ്യൂള്‍. ചന്ദ്രനില്‍ ഇറങ്ങാന്‍ മാത്രമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് രണ്ടുപേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളു.

1967-ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. പറക്കുന്നതിന് ഒരു മാസം മുന്നേ അപ്പോളോ-1 യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുകയായിരുന്നു.  പല സാങ്കേതിക കാരണങ്ങളാല്‍ അഞ്ചുമണിക്കൂറോളം വൈകിയാണ് അപ്പോള്‍ തന്നെ അത് നടന്നുകൊണ്ടിരുന്നതും. എങ്ങനെയോ പേടകത്തിനുള്ളില്‍ ഒരു തീപ്പൊരി ചിതറുകയും നിമിഷങ്ങള്‍‍ക്കകം പേടകത്തിലെ യാത്രികരുടെ അറയെ തീജ്വാല വിഴുങ്ങുകയും ചെയ്തു. അറ കുത്തിത്തുറക്കാന്‍ അഞ്ചുമിനിറ്റോളം വേണ്ടിവന്നു, അപ്പോഴേക്കും മൂന്ന് യാത്രികരും ശ്വാസം മുട്ടി മരിച്ചിരുന്നു. ഈ ദുരന്തത്തെ തുടര്‍ന്ന് അപ്പോളോ ദൗത്യത്തിന്റെ രൂപകല്‍പനയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. അപകടത്തില്‍ നഷ്ടപ്പെട്ട അപ്പോളോ യാത്രികരുടെ ഭാര്യമാരുടെ അഭ്യര്‍ത്ഥനയെ മാനിച്ച്, ഒരിക്കലും നടന്നില്ലെങ്കില്‍ പോലും അപ്പോളോ-1 എന്ന ദൗത്യം അതേപേരില്‍ തന്നെ നിലനിര്‍ത്തി. അതിന് മുന്‍പ് നടന്ന ചില പരീക്ഷണദൗത്യങ്ങളെക്കൂടി എണ്ണിയശേഷം, തൊട്ടടുത്ത് നടന്ന ദൗത്യത്തിന് അപ്പോളോ-4 എന്ന് പേര് നല്‍കി. അപ്പോളോ 4, 5, 6 ദൗത്യങ്ങള്‍ മനുഷ്യരെ ഉള്‍പ്പടുത്താതെയുള്ള പരീക്ഷണപ്പറക്കലുകള്‍ ആയിരുന്നു. ഒന്നാം ദൗത്യത്തിന് ശേഷം വന്ന മാറ്റങ്ങളൊക്കെ ഈ പറക്കലുകളില്‍ പരീക്ഷിക്കപ്പെട്ടു.

മനുഷ്യര്‍ ഉള്‍പ്പെട്ട ആദ്യ ദൗത്യമായ അപ്പോളോ-7 1968 ഒക്ടോബറില്‍ നടന്നു. അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പറന്നശേഷം തിരിച്ചിറങ്ങി. തൊട്ടടുത്ത ഡിസംബറില്‍ പുറപ്പെട്ട അപ്പോളോ-8 ലെ യാത്രികരാണ് ആദ്യമായി ചന്ദ്രന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ എത്തിയത്. ആറ് ദിവസം നീണ്ടുനിന്ന ആ ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ പത്ത് തവണ ചന്ദ്രനെ വലം വെച്ചു. പ്രധാനമായും കമാന്‍ഡ് മോഡ്യൂളിന്റെ പ്രവര്‍ത്തനം പരിശീലിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. ചാന്ദ്രദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും ആദ്യമായി പരിശീലിച്ചത്, അപ്പോളോ-9 ദൗത്യത്തിലായിരുന്നു. 1969 മാര്‍ച്ചില്‍ നടന്ന അത് പക്ഷേ ഭൂമിയുടെ ഓര്‍ബിറ്റ് വിട്ട് പോയില്ല. ഭൂമിയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ട് ലൂണാര്‍ മോഡ്യൂളും, അതിന് കമാന്‍ഡ് മോഡ്യൂളുമായുള്ള ഡോക്കിങ്ങുമെല്ലാം അവര്‍ പരിശീലിച്ചു. ഒരു തമാശയുള്ളത്, ഒമ്പതാം ദൗത്യത്തോടെ ഈ മോഡ്യൂളുകള്‍ക്ക് രസകരമായ വെവ്വേറെ വിളിപ്പേരുകള്‍ നല്‍കുന്ന രീതി കൂടി വന്നു. അപ്പോളോ-9 ലെ കമാന്‍ഡ് മോഡ്യൂളിനെ ഗംഡ്രോപ്പ് എന്നും ലൂണാര്‍ മോഡ്യൂളിനെ സ്പൈഡര്‍ എന്നുമാണ് അവര്‍ വിളിച്ചത്. യഥാര്‍ത്ഥ ലാന്‍ഡിങ് ഒഴികേയുള്ള മറ്റെല്ലാ യാത്രാഘട്ടങ്ങളും പരീശീലിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അപ്പോളോ-10 ദൗത്യം 1969 മേയ് മാസത്തില്‍ നടന്നു. അതില്‍ കമാന്‍ഡ് മോഡ്യൂളിന് ചാര്‍ലീ ബ്രൗണ്‍ എന്നും ലൂണാര്‍ മോഡ്യൂളിന് സ്നൂപ്പി എന്നുമായിരുന്നു പേര്. പത്താം ദൗത്യത്തിലെ രണ്ട് യാത്രികര്‍ സ്നൂപ്പിയില്‍ ചന്ദ്രോപരിതലത്തിനോട് 15 കിലോമീറ്റര്‍ വരെ അടുത്ത് ചെന്നശേഷം മടങ്ങിവരികയാണ് ചെയ്തത്.

സമ്പൂര്‍ണമായ ഒരു ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ-11 ദൗത്യം 1969 ജൂലൈ 16-നാണ് പുറപ്പെട്ടത്. അതിലെ മൂന്ന് യാത്രികരും മുന്‍പ് ബഹിരാകാശയാത്ര നടത്തി പരിചയമുള്ളവരായിരുന്നു. മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളിന്റെ ഉത്തരവാദിത്വം. ഈഗിള്‍ എന്ന ലൂണാര്‍ മോഡ്യൂളിന്റെ കമാന്‍ഡറായി നീല്‍ ആംസ്ട്രോങ്ങും അതിന്റെ പൈലറ്റായി എഡ്വിന്‍ ആല്‍ഡ്രിനും ഒപ്പം ചേര്‍ന്നു. തങ്ങള്‍ തിരിച്ചുവരുന്നത് വരെ കോളിന്‍സിനെ ചന്ദ്രന് ചുറ്റും കറങ്ങാന്‍ വിട്ടിട്ട് മറ്റ് രണ്ടുപേരും ഈഗിളില്‍ ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രം (Sea of Tranquility) എന്ന പ്രദേശത്ത് പതിയെ ലാന്‍ഡ് ചെയ്തു. അതാണ് നമ്മൾ വർഷാവർഷം ഓർമ്മിക്കുന്ന നാഴികക്കല്ല്.

മനുഷ്യരെ ഒരു തവണ ചന്ദ്രനിലിറക്കിയിട്ടും മതിയായിരുന്നില്ല നാസയ്ക്ക്. കൂടുതല്‍ ആവേശത്തോടെ ചന്ദ്രനെ അടുത്തറിയുന്നതിനായി ആറ് ദൗത്യങ്ങള്‍ കൂടി അവര്‍ നടത്തി. അപ്പോളോ 12 മുതല്‍ 17 വരെയുള്ള ദൗത്യങ്ങളിലൂടെ മൊത്തം 10 പേര്‍ കൂടി ചന്ദ്രനിലിറങ്ങി, ആംസ്ട്രോങ്ങും ആല്‍ഡ്രിനും തുടങ്ങിവെച്ച പല പരീക്ഷണങ്ങളും തുടരുകയും പുതിയവ ചെയ്യുകയും ചെയ്തു. ആദ്യ യാത്രികരേക്കാള്‍ കൂടുതല്‍ സമയം അവരില്‍ മിക്കവരും അവിടെ ചെലവഴിച്ചു. അവസാന മൂന്ന് ദൗത്യങ്ങളിലെ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നടക്കുന്നതോടൊപ്പം വാഹനയാത്ര വരെ നടത്തി. ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന പ്രത്യേകതരം വണ്ടി അവര്‍ ചന്ദ്രനിലൂടെ ഓടിക്കുകയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്തു. (ആ മൂന്ന് വണ്ടികളും ഇന്നും ചന്ദ്രനില്‍ത്തന്നെ ഉണ്ട് കേട്ടോ, യാത്രികര്‍ അത് മടക്കിക്കൊണ്ടുവന്നില്ല) പേടകമിറങ്ങിയ സ്ഥലത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലെ വരെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാ അപ്പോളോ യാത്രികരും കൂടി ചന്ദ്രനില്‍ ഏതാണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ചു, അറുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി. ചന്ദ്രനെക്കുറിച്ചുള്ള നിരവധി വിലപിടിച്ച അറിവുകള്‍ നമുക്ക് കിട്ടാന്‍ ആ പരീക്ഷണങ്ങള്‍ കാരണമായി. അവിടെ അവര്‍ നാല് ശാസ്ത്ര നിലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 1977 വരെ അവിടെ അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വ്യക്തത കൂടിയ മുപ്പതിനായിരത്തോളം ചിത്രങ്ങളാണ് അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. 380 കിലോയില്‍ അധികം വരുന്ന സാമ്പിളുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച് അവര്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു, അവയില്‍ പലതും ഇന്ന് പല മ്യൂസിയങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 ദൗത്യങ്ങളിലെ യാത്രികര്‍ അവിടെ സ്ഥാപിച്ച സവിശേഷതരം കണ്ണാടികള്‍ ഇന്നും അവിടെ കേടുകൂടാതെയുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ശാസ്ത്രലോകം "വിജയകരമായ പരാജയം" എന്ന് വിശേഷിപ്പിക്കുന്ന ഒരു അപ്പോളോ ദൗത്യമുണ്ട്, അപ്പോളോ-13. അതിലെ യാത്രികര്‍ക്ക് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ചന്ദ്രനോടടുത്ത് എത്തി, ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തവേ കമാന്‍ഡ് മോഡ്യൂളില്‍ പെട്ടെന്നൊരു പൊട്ടിത്തെറിയുണ്ടായി. അതോടെ ഓക്സിജനും വൈദ്യുതിയും ഉള്‍പ്പടെയുള്ള അത്യാവശ്യ സങ്കേതങ്ങളൊക്കെയും തകരാറിലായി. ചന്ദ്രനില്‍ ഇറങ്ങുന്നത് പോയിട്ട് പേടകത്തെ നേരേ ഭൂമിയിലേക്ക് തിരിച്ച് വിടാനുള്ള യന്ത്രസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥ! ഭൂമിയിലുള്ളവര്‍ ശരിക്കും മൂന്ന് യാത്രികരേയും നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു. പക്ഷേ അവരാരും ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. യാത്രികരെ സ്നേഹിക്കുന്ന നാസയിലെ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവരെ തിരിച്ച് ഭൂമിയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തലപുകച്ചു. പരിചയസമ്പന്നരായ നിരവധി നാസ ശാസ്ത്രജ്ഞര്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പേടകത്തെ ഭൂമിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിച്ചു. വിജയിക്കുമെന്ന് പൂര്‍ണമായി ഉറപ്പില്ലായിരുന്നു എങ്കില്‍പ്പോലും, അവര്‍ ആ മാര്‍ഗങ്ങള്‍ പടിപടിയായി യാത്രികര്‍ക്ക് നിര്‍ദേശിച്ചുകൊടുത്തു. അവരും പ്രതീക്ഷയും ധൈര്യവും കൈവിട്ടിരുന്നില്ല. പരസ്പരം താങ്ങായി വര്‍ത്തിച്ചുകൊണ്ട് അവര്‍ കണ്‍ട്രോള്‍ നിലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചു. ലോകം മുഴുവന്‍ മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍! ഒടുവില്‍ ശാസ്ത്രം ജയിച്ചു, എല്ലാവരെയും ആനന്ദാശ്രു അണിയിച്ചുകൊണ്ട് യാത്രികര്‍ പസഫിക് സമുദ്രത്തിലേക്ക് വന്നിറങ്ങുക തന്നെ ചെയ്തു. യാത്രികരില്‍ ഒരാളായിരുന്ന ജിം ലോവല്‍ പിന്നീട് ഈ സംഭവങ്ങളെ വിവരിച്ചുകൊണ്ട് "നഷ്ടപ്പെട്ട ചന്ദ്രന്‍" (Lost Moon) എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ‘അപ്പോളോ 13’ എന്ന ഹോളിവുഡ് ചലച്ചിത്രം ബഹിരാകാശ കൗതുകം സൂക്ഷിക്കുന്ന ഏതൊരാളേയും ആകർഷിക്കുന്ന ഒന്നാണ്..

പക്ഷേ 17 ദൗത്യങ്ങൾ കഴിഞ്ഞതോടെ അമേരിയ്ക്കയ്ക്ക് തന്നെ ഈ കളി മടുത്തുതുടങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് 18, 19, 20 ദൗത്യങ്ങൾ റദ്ദാക്കുകയും ചെയ്തു. കാരണം വളരെ ലളിതം- ഇനി ആരെ കാണിക്കാനാ ഇങ്ങനെ കാശ് പൊട്ടിക്കുന്നത്! ഒരു മനുഷ്യന് ചെയ്യാവുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും ഒരു റോബോട്ടിനെ വച്ച് ചെയ്യിക്കാൻ ഇന്ന് കഴിയും. പക്ഷേ ഏതെങ്കിലും ഒരു അപകടത്തിൽ (സ്പെയ്സ് യാത്ര എന്നത് എന്തൊക്കെ പറഞ്ഞാലും വലിയൊരു റിസ്ക് തന്നെയാണ്) ഒരു റോബോട്ടിനെ നഷ്ടപ്പെടുന്നതുപോലല്ല, ജീവനുള്ള മനുഷ്യനെ വെച്ചുള്ള കളി. അതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അത്രത്തോളം വിപുലമാണ്. റോബോട്ടിക് ദൗത്യങ്ങളുടെ ഒരു നൂറ് മടങ്ങെങ്കിലും ചെലവ് വരും അതിന്. നികുതിദായകരുടെ പണമെടുത്ത് ചെലവാക്കുന്ന ഒരു രാജ്യത്തിനും അത് ഭൂഷണമല്ല, ബുദ്ധിപരവും അല്ല. (കാരണം-3, ഇവിടെ വിശദീകരിക്കപ്പെടുന്നു) ഇതേ കാരണം കൊണ്ടാണ് പിന്നീട് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ മനുഷ്യനെ ചന്ദ്രനിലിറക്കാൻ തുനിയാത്തത്. Because, it is simply too damn expensive! റഷ്യയുമായുള്ള കിടമത്സരം 1972-ൽ അവസാനിക്കുകയും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തുതുടങ്ങുകയും ചെയ്തു എന്നത് പിന്നീടുള്ള ചരിത്രം.

ഇതുവരെ പറഞ്ഞ അപോളോ ദൗത്യകഥയിൽ അവിശ്വസനീയമായി എന്തെങ്കിലുമുണ്ടോ? ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങുമ്പോൾ അമേരിയ്ക്കക്കാർ തങ്ങളെ ബഹുദൂരം പിന്നിലാക്കിയതിൽ നിരാശരായി ഇരിക്കുന്ന ഒരു രാജ്യം ഉണ്ടേയ്- റഷ്യ. 1967-68 വർഷങ്ങളിലായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ഒരു രഹസ്യപദ്ധതി അവർക്കുണ്ടായിരുന്നു. 1990-ൽ മാത്രമാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. അതിനായി അവർ വികസിപ്പിച്ച N1-റോക്കറ്റിന്റെ രണ്ട് ശ്രമങ്ങളും പരാജയവുമായിരുന്നു. അന്നുവരെയുള്ള ബെസ്റ്റ് സ്പെയ്സ് എഞ്ചിനീയേഴ്സിനെ ഉൾക്കൊള്ളുന്ന, അതുവരെയുള്ള എല്ലാ ബഹിരാകാശ നാഴികക്കല്ലുകളും നാട്ടിയ റഷ്യ ഇങ്ങനെ നിരാശരായി ഇരിക്കുന്ന സമയത്ത്, അപ്പോളോ മിഷനിൽ എന്തെങ്കിലും ലൂപ് ഹോൾ ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അവരപ്പോ പൊക്കിയേനെ. പക്ഷേ അവിടെ ഇത്രയും കൊലകൊമ്പൻമാരുടെ കണ്ണിലും ഒന്നും പെട്ടില്ല. പക്ഷേ ഒടുവിൽ അപ്പോളോ ദൗത്യങ്ങൾ അവസാനിച്ച് രണ്ട് വർഷം കഴിഞ്ഞാണ് അമേരിക്കയിൽ തന്നെ ആദ്യമായി അതൊരു നാടകമാണെന്ന 'കണ്ടെത്തൽ' ഉണ്ടാകുന്നത്. അതും ഒരു self-published പുസ്തകത്തിലൂടെ. ഇത് ഏറ്റവും ആദ്യം ഏറ്റുപിടിച്ചത് ആരാണെന്നറിയാമോ?- Flat Earth society! അതേന്ന്, ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന സംഘടന- ബഹിരാകാശ വിഷയത്തിൽ അഭിപ്രായം പറയാൻ പറ്റിയ, നല്ല ബെസ്റ്റ് പാർട്ടിയാണ്!

ഇവിടെ പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ് Lunar Laser Ranging Experiment. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം ഏറ്റവും കൃത്യമായി അളക്കാൻ ഉപയോഗിക്കുന്നത് ഈ പരീക്ഷമാണ്. അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച കണ്ണാടിയിലേയ്ക്ക് ഭൂമിയിൽ നിന്ന് ലേസർ രശ്മികൾ പായിച്ച് അതിന്റെ പ്രതിഫലനം അളന്നാണ് ഇത് ചെയ്യുന്നത്. ഈ പരീക്ഷണം ഇന്നും നടക്കുന്നുണ്ട്. നാസയുടെ ലബോറട്ടറി സന്ദർശിക്കുന്നവർക്ക് ഇത് കാണാനും അവസരമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ചാന്ദ്രയാത്രയുടെ ഒരു അവശേഷിപ്പാണ്.

നാസയോ അമേരിക്കൻ ഗവൺമെന്റോ പറയുന്ന കാര്യങ്ങൾക്കപ്പുറം തേഡ്-പാർട്ടി തെളിവുകളും ചാന്ദ്രയാത്രയെ സാധൂകരിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജപ്പാന്റെ SELENE ദൗത്യം പകർത്തിയ ചിത്രങ്ങളിൽ അമേരിക്കൻ യാത്രികർ പകർത്തിയ അതേ സ്ഥലപ്രകൃതി ദൃശ്യമായിട്ടുണ്ട്. വിശദവിവരങ്ങൾ ഇവിടെ- Third-party evidence for Apollo Moon landings.

ഇനി സിനിമാ നടൻമാരുടെ ടീവീ പരസ്യത്തിന്റെ ശൈലിയിൽ ചോദിക്കട്ടെ, 

“ഞാൻ മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്നുതന്നെ കരുതുന്നു, നിങ്ങളോ?”

Jul 19, 2015

പ്രസവാനന്തരലോകവും പരലോകവും: ഒരു മറുപടി

ഒരമ്മയുടെ ഗർഭപാത്രത്തിലെ രണ്ട് ശിശുക്കൾ തമ്മിലുള്ള ഒരു സംഭാഷണം വായിക്കാനിടയായി. ശിശുക്കളിലൊരാൾ വിശ്വാസിയും മറ്റേയാൾ യുക്തിവാദിയും ആണ്. ഇപ്രകാരമാണ് സംഭാഷണം-


In a mother’s womb were two babies. One asked the other: “Do you believe in life after delivery?”

The other replied, “Why, of course. There has to be something after delivery. Maybe we are here to prepare ourselves for what we will be later.”

“Nonsense” said the first. “There is no life after delivery. What kind of life would that be?”

The second said, “I don’t know, but there will be more light than here. Maybe we will walk with our legs and eat from our mouths. Maybe we will have other senses that we can’t understand now.”

The first replied, “That is absurd. Walking is impossible. And eating with our mouths? Ridiculous! The umbilical cord supplies nutrition and everything we need. But the umbilical cord is so short. Life after delivery is to be logically excluded.”

The second insisted, “Well I think there is something and maybe it’s different than it is here. Maybe we won’t need this physical cord anymore.”

The first replied, “Nonsense. And moreover if there is life, then why has no one has ever come back from there? Delivery is the end of life, and in the after-delivery there is nothing but darkness and silence and oblivion. It takes us nowhere.”

“Well, I don’t know,” said the second, “but certainly we will meet Mother and she will take care of us.”

The first replied “Mother? You actually believe in Mother? That’s laughable. If Mother exists then where is She now?”

The second said, “She is all around us. We are surrounded by her. We are of Her. It is in Her that we live. Without Her this world would not and could not exist.”

Said the first: “Well I don’t see Her, so it is only logical that She doesn’t exist.”
To which the second replied, “Sometimes, when you’re in silence and you focus and you really listen, you can perceive Her presence, and you can hear Her loving voice, calling down from above.”

കണ്ടില്ലേ? സംഭാഷണത്തിനൊടുവിൽ യുക്തിവാദി പരാജയപ്പെടുന്നു. അയാള് പാറേപ്പള്ളീല് പോയി ധ്യാനം കൂടുന്ന രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായേനെ ;)

ഇനി ചെറിയൊരു അവലോകനം: വിശ്വാസമെന്ത് അവിശ്വാസമെന്ത് എന്നറിയാത്ത രണ്ട് ഭ്രൂണങ്ങൾക്ക് വേണ്ടി വിശ്വാസിയായ ഒരാൾ അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുമ്പോൾ സംഭവിക്കുന്ന എല്ലാ ലോജിക്കൽ ഫാലസികളും അടങ്ങിയ രസകരമായ ഒരു സംഭാഷണമാണിത്. ഇത്തരം സംരംഭങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ മനസിലാവുന്ന ഒരു കാര്യം, വിശ്വാസി ആദ്യം അവിശ്വാസിയുടെ വാദം ഉണ്ടാക്കിയെടുക്കുകയും എന്നിട്ട് അതിനെതിരേയുള്ള സ്വന്തം വാദം അവതരിപ്പിക്കുകയും ചെയ്യും എന്നതാണ്. മറിച്ച് എന്നെപ്പോലുള്ള അവിശ്വാസികൾ (അല്ലെങ്കിൽ യുക്തിപ്രചാരകർ) പൊതുവേ ചെയ്യുന്നത് വിശ്വാസികൾ സ്ഥിരം പറയുന്ന വാദങ്ങൾക്ക് എതിർവാദം അവതരിപ്പിക്കുക എന്നത് മാത്രമായിരിക്കും.
ഗർഭാശയത്തിലെ അവസ്ഥയെ ഇഹലോകമായും പ്രസവാനന്തരജീവിതത്തെ പരലോകമായും കണക്കാക്കിയുള്ള പ്രസ്തുത സംഭാഷണം ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര് രോമാഞ്ചപുളകിതരായി ഷെയർ ചെയ്തിട്ടുണ്ട്. അതിന് കാരണം തീർച്ചയായും അതവരെ സന്തോഷിപ്പിക്കുന്നു എന്നതാകണം. പരലോകജീവിതത്തെ പുച്ഛിക്കുന്ന യുക്തിവാദികളെ മലർത്തിയടിക്കുന്ന ഈ സംവാദം വിശ്വാസിയ്ക്ക് വിജയാഹ്ലാദം സമ്മാനിയ്ക്കുന്നു. നോക്കൂ, യുക്തിവാദിശിശു ഉടനീളം പരിഹാസ്യമായ വാദമാണ് ഉന്നയിക്കുന്നത്, അല്ലേ?

ഇനി ചോദ്യം- യുക്തിവാദി ശിശുവിന്റെ വാദം എന്തുകൊണ്ടാണ് പരിഹാസ്യമായി മാറുന്നത്? സിമ്പിൾ- എല്ലാവർക്കും അറിയുന്ന, പച്ചയായ യാഥാർത്ഥ്യമായ പ്രസവാനന്തരലോകം ഇല്ലാന്ന് അയാൾ പറയുന്നു. അതുകൊണ്ട് അയാൾ പരിഹാസ്യനാകുന്നു, അല്ലേ?

വെയ്റ്റ്! ഒരു മിനിറ്റ്. ആ വാദം എല്ലാവർക്കും പരിഹാസ്യമായി തോന്നുമോ? നമുക്ക് തോന്നും, കാരണം നമ്മളെല്ലാം പ്രസവാനന്തരലോകത്ത് ജീവിക്കുന്നവരാണ്, അതുകൊണ്ട് നമുക്കത് അത്രയും ഉറപ്പുള്ള കാര്യമാണ്. നമുക്കത്രയും ഉറപ്പുള്ള കാര്യം ഒരാൾ നിഷേധിക്കുമ്പോൾ അത് പരിഹാസ്യമായി നമുക്ക് തോന്നുന്നത് സ്വാഭാവികം. പക്ഷേ ഗർഭപാത്രത്തിൽ വച്ച് ഇങ്ങനെയൊരു സംവാദം നടന്നാൽ അവിടത്തെ വിശ്വാസി ശിശുവിന് മറ്റേയാളുടെ വാദത്തിൽ ഇപ്പോൾ നമുക്ക് തോന്നുന്ന പരിഹാസ്യത അനുഭവപ്പെടുമോ? സാദ്ധ്യതയില്ല, കാരണം പ്രസവാനന്തരലോകം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കാൻ പോന്ന തെളിവുകളൊന്നും അയാൾക്ക് ലഭ്യമല്ല. ഇനി അഥവാ ലഭ്യമാണെങ്കിൽ, കൂടെയുള്ള യുക്തിവാദി ശിശുവിനും അതേ തെളിവുകൾ ലഭ്യമാകും. അയാളത് പരിശോധിച്ച് അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള ശ്രമത്തിലുമായിരിയ്ക്കും. അപ്പോൾ ഈ സംഭാഷണം തന്നെ അപ്രസക്തമാകും.

പ്രസവാനന്തരലോകം വിശ്വാസിയും അവിശ്വാസിയും ഒരുപോലെ അറിയുന്ന യാഥാർത്ഥ്യം ആണ്. അതിനെ ആരെങ്കിലും സംശയിച്ചാൽ അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് നിലനിൽക്കുന്ന ഒരു ലോകത്തിന് എണ്ണിയാലൊടുങ്ങാത്തത്രയും തെളിവുകൾ ചൂണ്ടിക്കാട്ടാനുണ്ട്. എന്നാൽ പരലോകത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന വിശ്വാസിയോട് അതിന് തെളിവ് ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും പുസ്തകം ചൂണ്ടിക്കാണിക്കും, അല്ലെങ്കിൽ കൊഞ്ഞനം കുത്തുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യും. ഒരമ്മ, തന്റെ വയറ്റിൽ കിടക്കുന്ന ഒന്നമറിയാത്ത രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രം പ്രസവാനന്തരലോകത്തെക്കുറിച്ച് പറയുന്ന പുസ്തകം കെട്ടിയിറക്കിക്കൊടുക്കുന്നത് ആലോചിച്ചുനോക്കൂ :) (കുഞ്ഞ് ആ ഭാഷ എങ്ങനെ മനസിലാക്കും എന്ന ചോദ്യം അവിടെ നിൽക്കട്ടെ) മറ്റേയാളിന് യാതൊരു സൂചനയും നൽകാതിരിക്കുകയും പുസ്തകം കിട്ടിയ ശിശു പറയുന്നത് കണ്ണുമടച്ച് വിശ്വസിച്ചോട്ടെയെന്ന് ധരിയ്ക്കുകയും ചെയ്യുന്ന അമ്മയുടെ നീതിബോധത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ :) ഇതൊക്കെ പോട്ടെ, പ്രസവിച്ച ശേഷം തന്റെ അസ്തിത്വത്തെ അവിശ്വസിച്ച സ്വന്തം കുഞ്ഞിനെ നരകത്തീയിലിട്ട് പൊരിയ്ക്കുകയും മറ്റേയാളിനെ താലോലിയ്ക്കുകയും ചെയ്യുന്ന അമ്മയുടെ സാമാന്യബോധത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ :) നല്ല പഷ്ട് അമ്മയായിരിയ്ക്കും അത്.

ഇനി ആലോചിച്ചിട്ട് ആ ലോജിക്കിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ലെങ്കിൽ എത്രയും വേഗം മേൽപ്പറഞ്ഞ സംഭാഷണം സന്തോഷപൂർവം ഷെയർ ചെയ്യൂ. പരലോകത്തിന്റെ ഗേറ്റിൽ നിങ്ങൾക്കായി ബിരിയാണി കൊടുക്കുന്നുണ്ട്.

Jul 17, 2015

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്!

"പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നിന്ന് "പെണ്ണിന് പണമാണ് കാമുകന്‍" എന്ന് ഡയലോഗ് കീറുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷം കൈയ്യടിച്ച് പാസാക്കുന്നത് ഈ ആശയത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. കാരണം ചോദിച്ചാല്‍ മിക്കവാറും പേര്‍ക്ക് പറയാന്‍ നിരവധി ഉദാഹരണങ്ങളും കാണും. എല്ലാം ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം ചെയ്ത പെണ്‍കുട്ടികളുടെ കഥകള്‍. ശരിയാണ് ഈ കഥകള്‍ ഞാനും ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.

പക്ഷേ എന്റെ പുരുഷകേസരി സഹോദരങ്ങളേ നിങ്ങള്‍ കാണാത്ത, കണ്ടില്ലെന്ന് നടിക്കുന്ന, ചിലതുകൂടി ആ കഥകള്‍ക്ക് പിന്നില്‍ ഞാന്‍ കണ്ടുപോകുന്നു. സ്വന്തമായി തീരുമാനങ്ങളില്ലാത്ത സ്ത്രീകളെ, ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താന്‍ പരിശീലിക്കപ്പെടുന്ന പെണ്‍കുട്ടികളെ, ശരീരങ്ങള്‍ മാത്രമായി പരിഗണിക്കപ്പെടുന്ന ഭാര്യമാരെ, കാമുകിമാരെ, മൃഗശാലയില്‍ കാണുന്നപോലെ 'തൊടരുത് പിടിക്കരുത്' എന്നൊക്ക ബോര്‍ഡെഴുതിവെച്ച് ബസിലും ട്രെയ്നിലും മറുലിംഗക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട അവരുടെ അവകാശങ്ങളെ, അഭിമാനത്തെ... (ഓരോ മിനിറ്റിലും നടക്കുന്ന ലൈംഗികപീഡനങ്ങളെ മാറ്റിനിര്‍ത്തിയിട്ടുള്ള കാര്യങ്ങളാണിവ. അത്തരം പീഡനങ്ങള്‍ എവിടെയോ ആരൊക്കെയോ ചെയ്യുന്നതും നമ്മള്‍ കേട്ടിട്ട് മാത്രം ഉള്ളതും ആണല്ലോ. ഫെയ്സ്ബുക്കില്‍ ധാര്‍മികരോഷം കൊണ്ടും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും നമ്മളത് അപ്പോത്തന്നെ പരിഹരിക്കുന്നും ഉണ്ട്!)

കാമുകി വിളിക്കുമ്പോ തനിക്ക് തിരക്കാകാം, എന്നാല്‍ താന്‍ വിളിക്കുമ്പോ തന്റെ കാമുകിയ്ക്ക് തിരക്ക് പാടില്ല എന്ന് വാശി പിടിക്കുന്ന കാമുകന്‍മാരെ എത്രയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് (എല്ലാവരും നല്ല ഫസ്റ്റ് ക്ളാസ് ഡിഗ്രികള്‍ എടുത്ത് കാണിക്കാനുള്ള വിദ്യാസമ്പന്നര്‍ തന്നെ). പക്ഷേ അതില്‍ കാമുകനോ കാമുകിയ്ക്കോ അസ്വാഭാവികതയൊന്നും തോന്നില്ല, കാരണം അവര്‍ രണ്ടുപേരും ജനിച്ച നാള്‍ മുതല്‍ ശ്വസിക്കുന്നത് പുരുഷാധിപത്യത്തിന്റെ വായുവാണ്. താന്‍ പുരുഷന് കീഴ്പ്പെട്ടവളാണ് എന്ന ആശയം ആ പെണ്‍കുട്ടിയുടെ മനസില്‍ പാകിക്കൊടുത്തത് മറ്റൊരു സ്ത്രീയായ അമ്മ കൂടിയാണ്. ഇതിലെ അനീതി തിരിച്ചറിഞ്ഞാല്‍ പോലും ഭൂരിഭാഗം പെണ്‍കുട്ടികളും അത് നിശബ്ദമായി സഹിക്കും. കാരണം പ്രതികരിക്കുന്ന നിമിഷം അവള്‍ക്ക് 'തേവിടിശ്ശിപ്പട്ടം' ചാര്‍ത്തിക്കൊടുക്കാനുള്ള പൊതുജനജാഥ തന്നെ ഉണ്ടാവും. അടിമത്തം ശീലിച്ച മറ്റ് സ്ത്രീകള്‍ റോബോട്ടുകളെപ്പോലെ ആ ജാഥയുടെ മുന്നില്‍ത്തന്നെ കാണുകയും ചെയ്യും. ഇതേ പെണ്‍കുട്ടി നാളെ സ്വന്തം മകള്‍ക്ക് ഇതേ നിശബ്ദസഹനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കും. ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനും പുരുഷന്‍മാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'ശീലാവതീ മാനദണ്ഡങ്ങള്‍' അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിപ്പിക്കും. പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം. ഇനി ആ കാമുകന്റെ കാര്യമെടുത്താലോ? അവന്‍ പുരുഷനാണ്. വെട്ടിപ്പിടിച്ച് ശീലിച്ചവന്‍, സ്ത്രീകളെ ഭരിച്ച് ശീലിച്ചവന്‍. ഇപ്പോള്‍ സ്വന്തം കാമുകി എന്ന 'പ്രോപ്പര്‍ട്ടി' മറ്റൊരു 'ഉടമയ്ക്ക്' വിട്ടുകൊടുക്കേണ്ടി വന്നവന്‍ (ഇന്നാട്ടില്‍ പെണ്ണിനെ പ്രണയിക്കുന്നവര്‍ കുറവാണ്. 'ചരക്കിനെ വളയ്ക്കുന്നവര്‍' ആണ് അധികവും). അവനെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടാണ്, ജീവനെക്കാള്‍ വിലപ്പെട്ട സ്വന്തം 'ആണത്തം' ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. ആഗ്രഹങ്ങള്‍ സ്വയം അടിച്ചമര്‍ത്തിയ ശീലം അവന് കുറവാണ്. ചിലപ്പോള്‍ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നുകില്‍ അവന്‍ അവളെ 'വെടി' ആയി മുദ്രകുത്തി സ്വയം ആശ്വസിക്കും, അല്ലെങ്കില്‍ നിരാശാകാമുകനായി വെള്ളമടിച്ച് നാട്ടുകാരെക്കൊണ്ട് ആ 'നന്ദികെട്ട' പെണ്ണിനെ പത്ത് ചീത്ത വിളിപ്പിക്കും. എന്നാല്‍ ഈ സമയത്ത് പുതിയ 'ഉടമ'യുടെ കീഴില്‍ ആ പെണ്ണ് തിരക്കിലായിരിക്കും. ഭര്‍ത്താവിനെ, വീട്ടുകാരെ, ബന്ധുക്കളെ എന്നിങ്ങനെ തൃപ്തിപ്പെടുത്താനും അനുസരിക്കാനും നിരവധി ആളുകള്‍, അതുകഴിയുമ്പോള്‍ പരിചരിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞ്... തിരിഞ്ഞുനോക്കാന്‍ അവള്‍ക്ക് സമയമില്ല. ഇതിനിടെ പഴയ കാമുകനെ അവള്‍ ഓര്‍ക്കുന്നുണ്ടോ എന്നോ പുതിയ ജീവിതത്തില്‍ അവള്‍ തൃപ്തയാണോ എന്നോ അവളോട് ആരും ചോദിക്കില്ല, ആര്‍ക്കും അതറിയുകയും വേണ്ട. നാട്ടുകാര്‍ കാണുന്നത് ഇതാണ്- ആ പയ്യന്‍ നിരാശ കാരണം വെള്ളമടിച്ച് ജീവിതം തുലയ്ക്കുമ്പോള്‍, ആ പെണ്ണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി 'സുഖമായി' ജീവിക്കുന്നു. ഇത്രയും ഡാറ്റ മതി, തിയറി റെഡിയായിക്കഴിഞ്ഞു, പെണ്ണ് ചതിക്കും! (ഇതേ പെണ്ണ് 'വിശ്വസ്തത' കാത്തുസൂക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടി പോകുന്ന അവസ്ഥ ചുമ്മാ ഒന്ന് ഓര്‍ത്തുനോക്കൂ. 'കാമുകനെ ചതിച്ചവളുടെ' ക്രൂരകഥ പാടിക്കൊണ്ടിരുന്ന പൊതുജനം ടപ്പനെ പ്ളേറ്റ് മറിക്കും. പിന്നീടവള്‍ 'ഭര്‍ത്താവിനെ ചതിച്ചവള്‍' ആകും. തിയറി അപ്പോഴും ഭദ്രം!) ഈ കാമുകനും, അവളെ തനിക്കിഷ്ടപ്പട്ടവന് 'കെട്ടിച്ച് കൊടുക്കുന്ന' അപ്പനും, തനിക്കിഷ്ടപ്പെട്ട പെണ്ണിനെ 'കെട്ടുന്ന' ഭര്‍ത്താവും എല്ലാം പുരുഷന്‍മാര് തന്നെ. പെണ്ണ് അവര്‍ക്കിടയില്‍ ഒരു ഉപകരണം മാത്രമായി പ്രവര്‍ത്തിക്കുന്നു.

അപ്പോ പുരുഷ്വേട്ടാ, നിങ്ങടെ കൈയിലിരിപ്പ് വച്ച് പെണ്ണ് ഇപ്പോള്‍ കാണിക്കുന്ന വിശ്വസ്തത തന്നെ ബോണസായി വേണം കരുതാന്‍!

Jul 14, 2015

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയോടടുക്കുമ്പോൾ

സൗരയൂഥവീടിന്റെ വരാന്തയിൽ ചുറ്റിനടക്കുന്ന പ്ലൂട്ടോ എന്ന കുള്ളഗ്രഹത്തെ കാണാനായി പുറപ്പെട്ട ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം ഏതാനം മണിക്കൂറുകൾക്കകം പ്ലൂട്ടോയോട് തൊട്ടടുത്തെത്തും. മനുഷ്യൻ ലക്ഷ്യം വച്ചിട്ടുള്ളതിൽ ഏറ്റവും ദൂരെയുള്ള ബഹിരാകാശവസ്തുവാണ് പ്ലൂട്ടോ എന്നതിനാൽ തന്നെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇത്. വളരെക്കാലം കൂടിയാണ് ഇത്തകമൊരു ദൗത്യം. ഇനി വളരെ വർഷത്തേയക്ക് ഇങ്ങനെയൊരെണ്ണം പ്രതീക്ഷിക്കാനുമില്ല. ന്യൂ ഹൊറൈസൺസ് ദൗത്യത്തെകുറിച്ച് ചില നുറുങ്ങുകൾ:
 

 1. ഇതൊരു flyby ദൗത്യമാണ്. അതായത് പ്ലൂട്ടോയിൽ ഇറങ്ങാനോ അതിനെ ചുറ്റി സഞ്ചരിക്കാനോ പോലും പേടകത്തിന് സാധിക്കില്ല. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 12,500 കി.മീ. അകലെക്കൂടി കടന്നുപോകുകയാണ് ചെയ്യുക. ഇത് നാളെ രാവിലെ ഇൻഡ്യൻ സമയം ഏതാണ്ട് 5.20 –ന് സംഭവിക്കും.
 2. ന്യൂ ഹൊറൈസൺസ് പേടകം ഇവിടന്ന് അങ്ങോട്ടുള്ള യാത്ര തുടങ്ങീട്ട് 9 കൊല്ലമായി! 2006 ജനുവരി 19-നാണ് അറ്റ്ലസ് V-551 എന്ന റോക്കറ്റിലേറി ഇത് കുതിച്ചുയർന്നത്.
 3. ഇവിടന്ന് അങ്ങോട്ട് പുറപ്പെടുമ്പോൾ ഇതുവരെ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഒരേയൊരു ഗ്രഹം എന്ന നിലയിലായിരുന്നു പ്ലൂട്ടോ. പക്ഷേ ദൗത്യം തുടങ്ങി ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴേയ്ക്കും പ്ലൂട്ടോയ്ക്ക് ഗ്രഹസ്ഥാനം നഷ്ടമായി.
 4. ഒമ്പത് വർഷം മുൻപ് ഇന്ന് നമ്മളുപയോഗിക്കുന്ന സ്മാർട് ഫോണുകൾ എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു എന്നോർത്തുനോക്കൂ. അതായത്, ഇന്ന് പ്ലൂട്ടോയെ പഠിക്കാൻ പോകുന്ന ബഹിരാകാശ പേടകം ഉപയോഗിക്കുന്നത് ഏതാണ്ട് പത്ത് വർഷം പഴക്കമുള്ള സാങ്കേതികവിദ്യ ആണ്.
 5. പ്ലൂട്ടോയോട് അടുത്തെത്തുമ്പോൾ പേടകത്തിന്റെ വേഗത സെക്കൻഡിൽ ഏതാണ്ട് 24 കിലോമീറ്റർ ആണ്! അതുകൊണ്ട് തന്നെ മിനിറ്റുകൾക്കുള്ളിൽ അത് പ്ലൂട്ടോയെ കടന്നുപോകും. ഇത്രേം കഷ്ടപ്പെട്ട് അവിടെ ചെന്നിട്ട് ഒന്ന് കൺകുളിർക്കെ കാണാനോ രണ്ട് കൊച്ചുവർത്തമാനം പറയാനോ നേരം കിട്ടില്ല എന്നർത്ഥം.
 6. പേടകത്തിൽ കൊള്ളാവുന്ന ഇന്ധനം മൊത്തം ഉപയോഗിച്ചാലും ഈ വേഗത 5 km/s ൽ അധികം കുറയ്ക്കാനാവില്ല. വേഗത കുറച്ച് പ്ലൂട്ടോയെ വിശദമായി ചുറ്റിപ്പഠിക്കാനുള്ള ഇന്ധനം കയറ്റി അയക്കാനായിരുന്നു പദ്ധതി എങ്കിൽ ഇന്ന് നിലവിലുള്ള ഒരു റോക്കറ്റിനും ഇതിനെ ബഹിരാകാശത്ത് എത്തിക്കാനാവുമായിരുന്നില്ല.
 7. യാത്രയ്ക്കിടെ വ്യാഴഗ്രഹവുമായിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. വ്യാഴത്തിന്റെ ഗുരുത്വാകർഷണം ഒരു തെറ്റാടി (കവണ) പോലെ പ്രവർത്തിച്ച് ഇതിനെ വലിച്ച് വിടുകയും, വേഗത 4 km/s വരെ കൂടിക്കിട്ടുകയും അങ്ങനെ യാത്രാക്കാലയളവ് മൂന്ന് വർഷം കുറച്ചുകിട്ടുകയും ചെയ്തു (gravitational slingshot). ആ പോക്കിന് വ്യാഴത്തെയും പഠനവിധേയമാക്കാൻ മറന്നില്ല.
 8. അടുത്ത് കിട്ടുന്ന ഇത്തിരി നേരം കൊണ്ട് ചിത്രങ്ങളെടുക്കുക, വിവിധ സെൻസറുകൾ പ്രവർത്തിപ്പിച്ച് കിട്ടാവുന്നത്ര ഡേറ്റ ശേഖരിക്കുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം. അത് കഴിഞ്ഞിട്ടേ ശേഖരിച്ച ഡേറ്റ ഭൂമിയിലേക്ക് അയച്ചു തുടങ്ങൂ.
 9. പ്ലൂട്ടോയുടെ അന്തരീക്ഷം, ഉപരിതലം, പരിസരം, ഉപഗ്രഹങ്ങൾ, പിന്നെ പ്ലൂട്ടോ ഉൾപ്പെടുന്ന കിയ്പ്പർ ബെൽറ്റിലെ മറ്റ് വസ്തുക്കൾ എന്നിവയെ ഈ പേടകം വിശദമായി പഠനവിധേയമാക്കും. ഇതിനായി ഏഴ് പേലോഡുകൾ അതിലുണ്ട്.
 10. പൊടിപടലങ്ങളെ പഠിക്കാനുപയോഗിക്കുന്ന പേലോഡ് ഉപകരണത്തിന് വെനീഷ്യ ബേണീ (Venetia Burney) യുടെ പേരാണ് നൽകിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്, ഒരു സ്കൂൾക്കുട്ടി ആയിരിക്കവേ 11-ാമത്തെ വയസ്സിൽ അവരാണ് ‘പ്ലൂട്ടോ’ എന്ന പേര് നിർദേശിച്ചത്. വെനീഷ്യ 2009-ൽ തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ അന്തരിച്ചു.
 11. ഇപ്പോൾ ഇവിടെ നിന്ന് പ്ലൂട്ടോയിലേക്കും, അതുകൊണ്ട് തന്നെ പേടകത്തിലേയ്ക്കുമുള്ള ദൂരം പരിഗണിക്കുമ്പോൾ അത് ഇങ്ങോട്ടയയ്ക്കുന്ന ഒരു സിഗ്നൽ ഏതാണ്ട് നാലര മണിക്കൂറെടുത്തേ ഇവിടെ എത്തൂ.
 12. ഇത്രയധികം ദൂരം സഞ്ചരിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ആ സിഗ്നൽ വല്ലാതെ ദുർബലമായി പടർന്നിരിക്കും. ഓസ്ട്രേലിയ, കാലിഫോർണിയ, സ്പെയ്ൻ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 200-അടി ഡിഷ് ആന്റിന നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ഈ സിഗ്നൽ സ്വീകരിക്കുന്നത്. ഇതു കാരണം 1024 പിക്സൽ നീളമുള്ള ഒരു ചിത്രം പൂർണമായി ട്രാൻസ്മിറ്റ് ചെയ്യാൻ ഏതാണ്ട് നാല്പത് മിനിറ്റ് സമയം വേണ്ടിവരും.
 13. പ്ലൂട്ടോയെ ആദ്യമായി കണ്ടെത്തിയ ക്ലൈഡ് ടോംബോ (Clyde Tombaugh)യുടെ ചിതാഭസ്മത്തിൽ നിന്നും ഒരു ഔൺസ് ഈ പേടകം വഹിക്കുന്നുണ്ട്. ടോംബോ 1997-ൽ അന്തരിച്ചിരുന്നു.

Jul 13, 2015

സ്കൂട്ടറഭ്യാസികളേ, ഒരു നിമിഷമൊന്ന് നിൽക്കണേ!

ഒരു ഫിസിക്സ് വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്- ഒരു സ്കൂട്ടർ, അതോടിക്കുന്ന പുരുഷൻ ഒരു കൈയിൽ ഹെൽമറ്റ് കോർത്തിട്ടുണ്ട്, പിന്നിൽ ഒരുവശത്തേയ്ക്കായി ഇരിക്കുന്ന സ്ത്രീ, ആ സ്ത്രീയുടെ ഒരു കൈയിൽ കൈകാലിട്ടടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ജീവനുള്ള ഒരു കുഞ്ഞ്, മറുകൈയിൽ ഒരു കെട്ട് വീട്ടുസാധനങ്ങൾ പല പല കവറുകളിലായി ഞാന്ന് കിടക്കുന്നു, സ്കൂട്ടർ സഞ്ചരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞതോ, ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്നതോ ആയ റോഡിലൂടെ! 

സ്ഥിരം കാണുന്ന കാഴ്ചയായതുകൊണ്ടാകണം നമുക്കീ കാഴ്ചയിൽ എടുത്തുപറയത്തക്കതായി ഒന്നും തോന്നാത്തത്. ഒരു വാഹനത്തിന്റെ സ്ഥിരത തീരുമാനിക്കുന്ന ഒരു സാങ്കല്പിക പ്രദേശം അതിന് കീഴിലുണ്ട്. അതിന്റെ തറയിൽ തൊടുന്ന എല്ലാ ഭാഗങ്ങളുടേയും കൂടി വക്കിലൂടെ ഒരു നൂല് ചുറ്റി ഒരു പ്രദേശം ഉണ്ടാക്കിയാൽ അതാണാ സ്ഥിരതാ പ്രദേശം. വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നും ഭൂഗുരുത്വത്തിന്റെ ദിശയിൽ ഒരു വര താഴേയ്ക്ക് വരച്ചാൽ (ഇതിനെ പ്ലംബ് ലൈൻ എന്ന് വിളിക്കാം) അത് ഈ പ്രദേശത്തിനുള്ളിലായിരിക്കുന്നിടത്തോളം അത് സ്ഥിരതയോടെ നിൽക്കും. മറിച്ച് പ്ലംബ് ലൈൻ ആ സാങ്കല്പിക പ്രദേശത്തിന് വെളിയിൽ പോയാൽ അത് മറിയും. നാൽച്ചക്രവാഹനങ്ങളുടെ കാര്യത്തിൽ അത് നിർത്തിയിടുമ്പോൾ തറയിൽ നാല് ടയറുകളുടേയും പുറംവക്ക് മുട്ടിച്ചുകൊണ്ട് ഒരു ചതുരം വരച്ചാൽ അതാണ് സ്ഥിരതാ പ്രദേശം. ഒരു വാഹനത്തിന്റെ അടിസ്ഥാന ഡിസൈൻ അനുസരിച്ച് പ്ലംബ് ലൈൻ ചതുരത്തിന്റെ മധ്യത്തിലൂടെ തന്നെ ആയിരിക്കും. അശാസ്ത്രീയമായി ലോഡ് കയറ്റിയാൽ വാഹനത്തിന്റെ ഗുരുത്വകേന്ദ്രം മാറുകയും പ്ലംബ് ലൈൻ ഏതെങ്കിലുമൊരു വശത്തേയ്ക്ക് നീങ്ങുകയും ചെയ്യും. നീങ്ങി നീങ്ങി സ്ഥിരതാ മേഖലയ്ക്ക് പുറത്ത് പോകുന്ന നിമിഷം വണ്ടി മറിയും. ഇതാണ് വാരിവലിച്ച് ലോഡ് കയറ്റിയ ചില വണ്ടികൾ ചരിഞ്ഞ സ്ഥലത്തേയ്ക്ക് കയറ്റുമ്പോൾ മറിയുന്നത്. റോഡ് ചരിഞ്ഞതുകൊണ്ട് ഗുരുത്വബലത്തിന്റെ ദിശ ചരിയില്ലല്ലോ! 

പറഞ്ഞുവന്നത് സ്കൂട്ടറിന്റെ കാര്യമാണ്. ആ സ്കൂട്ടറിന്റെ രണ്ട് ടയറുകളും കൂടി വളരെ ചെറിയ ഒരു ഏരിയ മാത്രമേ തറയിൽ തൊടുന്നുള്ളൂ എന്നോർക്കണം. സ്കൂട്ടറിന്റെ തറയിൽ തൊടുന്ന രണ്ടുഭാഗങ്ങളുടേയും വക്കിൽ കൂടി അവയെ ബന്ധിപ്പിച്ച് ഒരു വീതി കൂടിയ വര (ബാൻഡ്) സങ്കല്പിക്കുക. ഈ വരയ്ക്ക് സ്കൂട്ടർ ടയറിന്റെ വീതിയും രണ്ട് ടയറുകൾക്കിടയിലെ ദൂരത്തിന് തുല്യമായ നീളവും കാണും. ഇതാണ് ആ സ്കൂട്ടറിന്റെ സ്ഥിരതാ പ്രദേശം. സ്കൂട്ടർ സഞ്ചരിക്കുമ്പോൾ അതിന്റെ (കൂടുതൽ കൃത്യമായി പറഞ്ഞാൽ സ്കൂട്ടറും യാത്രക്കാരും ചരക്കുകളും ചേർന്ന സിസ്റ്റത്തിന്റെ) ഗുരുത്വകേന്ദ്രത്തിൽ (centre of gravity) നിന്നുള്ള പ്ലംബ് ലൈൻ ഈ ചെറിയ ബാൻഡിനുള്ളിൽ തന്നെ ആയിരിക്കണം*. ഇവിടെ അതിന് പല വെല്ലുവിളികളുണ്ട്- തീരെ സിമട്രിക് (symmetric) അല്ലാതെ രണ്ട് കാലും ഒരു വശത്തേയ്ക്ക് നീട്ടി ഇരിക്കുന്ന ഒരു മുതിർന്ന മനുഷ്യജീവി, കൈകാലിട്ടടിക്കുന്ന കുഞ്ഞ്, കൈയിൽ നിന്ന് വീണ് പോകാവുന്ന സഞ്ചി, ഇളകിക്കിടക്കുന്ന റോഡ്… ഇതെല്ലാം ഗുരുത്വകേന്ദ്രത്തെ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ പോന്ന ഘടകങ്ങളാണ്. വളരെ സൂക്ഷ്മമായ ഒരു ബാലൻസിലാണ് ഈ സിസ്റ്റം മൊത്തം നിൽക്കുന്നത്. എന്നിട്ടും തട്ടുകേടുകളൊന്നും ഇല്ലാതെ ഇതെല്ലാം എത്തേണ്ടിടത്ത് എത്തുന്നു എങ്കിൽ അതൊരു ചെറിയ കാര്യമല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈ രീതിയിൽ നമ്മുടെ റോഡിലൂടെ കുടുംബസമേതം സഞ്ചരിക്കുന്ന ഒരാൾ സർക്കസ് അഭ്യാസികളുടെ നമ്പറുകൾ കണ്ട് കൈയടിച്ചാൽ ആ ആൾ പുരാണത്തിലെ ഹനുമാനെപ്പോലെ സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യമില്ലാത്ത ആളാണ് എന്നേ കരുതേണ്ടതുള്ളു.

ഇനി ഈ അഭ്യാസപ്രകടനത്തിൽ ഭാഗഭാക്കാവുന്ന വനിതാരത്നങ്ങളോട് പറയാനുള്ളത്: നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല, ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്ന മെക്കാനിസങ്ങൾ ഏതാണ്ടെല്ലാം തന്നെ റിഫ്ലക്സ് പ്രക്രിയകളാണ്. അതായത്, ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ നമ്മുടെ മസ്തിഷ്കം ബോധപൂർവം ചിന്തിച്ച് തീരുമാനമെടുക്കാതെ തന്നെ നമ്മൾ വിവിധ ശരീരഭാഗങ്ങൾ ചലിപ്പിച്ച് ബാലൻസ് വീണ്ടെടുക്കാൻ ശ്രമിക്കും. കൈയിലിരിക്കുന്നത് നിങ്ങളുടെ പൊന്നോമന കുഞ്ഞാണോ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചരക്കാണോ എന്ന് വേർതിരിച്ചറിയാൻ റിഫ്ലക്സ് പ്രക്രിയകൾക്ക് ആവില്ല. അതുകൊണ്ട് തന്നെ ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ -ഒരുവശത്തേയ്ക്ക് തന്നെ രണ്ട് കാലും നീട്ടി ഇരിക്കുന്നതിലൂടെ നിങ്ങൾ അതിനുള്ള സാധ്യത കൂട്ടുകയുമാണ്- കുഞ്ഞിനെ നിങ്ങൾ കൈവിടാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരന്/കൂട്ടുകാരിയ്ക്ക് ട്രാഫിക് ബ്ലോക്കിൽ ഇളകിക്കിടക്കുന്ന റോഡ് വക്കിലൂടെ നുഴഞ്ഞ് കയറുക, തന്നെക്കാൾ രണ്ടിരട്ടി ഉയരമുള്ള ലോറിയുടെ തൊട്ടുമുന്നിൽ ഡ്രൈവറുടെ കണ്ണിൽ പെടാതെ ഒളിച്ച് ചെന്ന് സിഗ്നൽ കാത്ത് നിൽക്കുക, ഹെൽമറ്റ് കൈയിൽ കോർത്തോ വണ്ടിയിലെവിടെങ്കിലും കോർത്തിട്ടോ ഓടിയ്ക്കുക തുടങ്ങിയ ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട.

ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചൂന്നേ ഉള്ളൂ. ഉപദേശമോ നിർദ്ദേശമോ അല്ല

*റെയ്സിങ്ങിലൊക്കെ ബൈക്കുകൾ ചരിയുമ്പോൾ ഈ നിബന്ധന തെറ്റുന്നതായി തോന്നിയേക്കാം. അവിടെ ഗുരുത്വബലത്തിന് അപകേന്ദ്രബലത്തിന്റെ-centrifugal force- സംഭാവന കൂടി കിട്ടുന്നതുകൊണ്ടാണത്. അത് വിശദീകരിക്കാൻ കുറച്ചുകൂടി സങ്കീർണമായ ഫിസിക്സ് വേണം. പക്ഷേ സാധാരണ സ്കൂട്ടർ യാത്രകളിൽ ഇതത്ര ഗണ്യമല്ല.

Jul 8, 2015

ചില പൈറസി ചിന്തകൾ

ഒരു സിനിമ തീയറ്ററിൽ പോയി കാണുന്നതും കമ്പ്യൂട്ടറിലോ ടീവിയിലോ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അല്ലെങ്കിൽ ഉണ്ടാകണം. പക്ഷേ കേരളത്തിലെ എത്ര തീയറ്ററുകൾക്ക് ഈ 'വ്യത്യാസം' കൊടുക്കാൻ കഴിയുന്നുണ്ട് എന്നൊരു ചോദ്യം കൂടിയുണ്ട്. 

വീട്ടിൽ കമ്പ്യൂട്ടർ/ടീവി സ്ക്രീനിൽ കണ്ടാൽ കിട്ടാത്ത എന്തെങ്കിലും ഒന്ന് തീയറ്ററിൽ നിന്ന് കിട്ടുമെങ്കിൽ ആ 'എന്തോ ഒന്നി'നാണ് തീയറ്ററിലെത്തുന്ന ശരാശരി പ്രേഷകർ വിലയിടുന്നത്. അതിന് തീയറ്ററുകാർ ഇടുന്ന വിലയും പ്രേഷകർ കല്പിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും അവർ തീയറ്ററിൽ നിന്ന് അകലും. പെയിന്റൊന്ന് മാറ്റിയടിച്ചാൽ ടിക്കറ്റ് റേറ്റ് ഇരട്ടിയാക്കുന്ന, പുറത്ത് അഞ്ച് രൂപയ്ക്ക് കിട്ടുന്ന ചായ പതിനഞ്ച് രൂപയ്ക്ക് വിൽക്കുന്ന, നേരേ ചൊവ്വേ വാഹനപാർക്കിങ്ങിനോ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്നതിനോ സൗകര്യമൊരുക്കാത്ത, ഇരിക്കാൻ സുഖമോ സിനിമ കാണാൻ സൗകര്യമോ നൽകുന്ന സീറ്റുകളില്ലാത്ത തീയറ്ററുകൾ എത്രത്തോളം പ്രേഷകരെ ആകർഷിക്കും? (സിനിമ കാണാൻ വരുന്നവരെ എന്തോ ഔദാര്യം ചോദിച്ച് ചെന്നവരെപ്പോലെ കൈകാര്യം ചെയ്യുന്നവ തീയറ്ററുകളുമുണ്ട്) നഗരങ്ങളിൽ മുളച്ചുപൊന്തുന്ന മൾട്ടിപ്ലെക്സുകളിൽ കാണുന്ന ആൾത്തിരക്ക് കണ്ട് തെറ്റിദ്ധരിക്കരുത്. സിനിമ കാണുന്ന ചെലവ് ഇങ്ങനെ കുതിച്ചുയരുമ്പോൾ ചിത്രത്തിൽ നിന്ന് മാറുന്ന പ്രേഷകർ ഒരുപാടുണ്ട്. ഞാൻ നാട്ടിൻപുറത്ത് സ്കൂളിൽ പഠിക്കുന്ന സമയത്ത് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ രണ്ട് തീയറ്ററുകൾ ഉണ്ടായിരുന്നു. അവ രണ്ടും ഇന്നില്ല എന്ന് മാത്രമല്ല, ഇന്ന് തൊട്ടടുത്ത തീയറ്റർ ഏതാണ്ട് ഇരുപത് കിലോമീറ്റർ അകലെയാണ്. പക്ഷേ മിക്ക വീടുകളിലും സീഡി/ഡീവിഡി പ്ലേയറുകളുണ്ട്, കൈയെത്തുന്ന ദൂരത്ത് വ്യാജസീഡികളും ഉണ്ട്. തീയറ്ററുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേസമയം പ്രേഷകരുടെ എണ്ണത്തിൽ ജനസംഖ്യാനുപാതികമായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലേ ഉള്ളു. ഇവരെല്ലാം നഗരത്തിൽ വന്ന് മൾട്ടിപ്ലെക്സിൽ സിനിമ കാണുന്നുണ്ടോ? മൾട്ടിപ്ലക്സുകളിലെ ആൾത്തിരക്കിന്, മുന്നോറോ നാന്നൂറോ രൂപയ്ക്ക് ടിക്കറ്റും മുപ്പത് രൂപയ്ക്ക് ചായയും കൊടുത്താലും സിനിമ ആളുകൾ കേറി കണ്ടോളും എന്നല്ല, ആ കാശിനും സിനിമ കാണാൻ തയ്യാറുള്ള ആളുകൾ ഒരുപാടുണ്ട് എന്നേ അർത്ഥമുള്ളു. 

പണ്ട് വ്യാജസീഡി എന്നുപറഞ്ഞാൽ വ്യക്തത കുറഞ്ഞ, പലപ്പോഴും ശബ്ദവും ദൃശ്യവും തമ്മിൽ പൊരുത്തം പോലും ഇല്ലാത്ത വീഡിയോ ആയിരുന്നു. ഇന്ന് സാങ്കേതികത വളർന്നപ്പോൾ തീയറ്ററുകൾ കൊടുക്കുന്നതിനോട് കൂടുതൽ അടുത്ത് നിൽക്കുന്ന ക്വാളിറ്റി വ്യാജസീഡികളും നൽകിത്തുടങ്ങി. കാശ് കൊടുക്കണ്ടാ, ക്യൂ നിൽക്കണ്ടാ, അടുത്തിരിക്കുന്നവന്റെ മൊബൈൽ ഫോണിനേയും, ഭയങ്കര തമാശ എന്ന മട്ടിൽ സീരിയസ് രംഗങ്ങളിൽ തീയറ്ററിലിരുന്ന് ഉച്ചത്തിൽ ഓരോന്ന് വിളിച്ചുപറയുന്ന തെണ്ടികളുടെ ഓഞ്ഞ ചളികളേയും സഹിക്കണ്ടാ! കാര്യമായ റിസ്കും ഇല്ല! പിന്നെ ആരാണ് തീയറ്ററുകളുടെ ജാഡ സഹിക്കാൻ പോകുന്നത്? പക്ഷേ വലിയൊരു കൂട്ടം പ്രേഷകർ തീയറ്ററിൽ നിന്ന് അകലുമ്പോഴും തീയറ്ററുകൾക്ക് (പ്രത്യേകിച്ച് മൾട്ടിപ്ലക്സുകൾക്ക്) കാര്യമായ നഷ്ടമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അവർക്കാവശ്യമുള്ള ആളെ അവർക്ക് കിട്ടുന്നുണ്ട്, അവർക്കാവശ്യമായതിൽ കൂടുതൽ കാശും അവര് കൊടുക്കുന്നുണ്ട്. പക്ഷേ മുടക്കുമുതൽ തിരിച്ചുപിടിക്കാനാവാതെ നിർമാതാക്കളാണ് കഷ്ടപ്പെടുന്നത്. 

വ്യാജപ്രിന്റുകളെ തോല്പിക്കുക എളുപ്പമല്ല. അങ്ങ് ഹോളിവുഡിലെ വലിയ കൊലകൊമ്പൻമാർ വിചാരിച്ചിട്ട് പോലും ഇത്തരം ചോർച്ചകൾ പൂർണമായും തടയാനാകുന്നില്ല. ഇവിടെ ‘ഏജന്റ് ജാദൂ’ പോലുള്ള ട്രിക്കുകൾ ഇറക്കി വെറുതേ ആളുകളെ പേടിപ്പിക്കാൻ നോക്കുന്നതും ഒരാവേശത്തിന് കൈയിൽ കിട്ടുന്ന പ്രിന്റ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ചിന്നപ്പയ്യൻമാരെ വല്യ കോലാഹലമുണ്ടാക്കി അറസ്റ്റ് ചെയ്യുന്നതും ഒക്കെ പൈറസി തടയാൻ എന്തോ ചെയ്തു എന്നൊരു തോന്നലുണ്ടാക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇതിനോടൊപ്പം തന്നെ വ്യാജനിൽ നിന്ന് കിട്ടാത്തത്, സഹിക്കാവുന്ന ചെലവിൽ തീയറ്ററുകളിൽ നിന്നും കിട്ടുന്ന സാഹചര്യം കൂടി ഉറപ്പിച്ചാലേ പറ്റൂ. അല്ലാത്തിടത്തോളം വ്യാജന് ഡിമാൻഡ് കൂടും, ഡിമാൻഡ് നിൽക്കുന്നിടത്തോളം സപ്ലൈയും ഉണ്ടാകും. സാങ്കേതികവിദ്യ സിനിമാക്കാർക്കും പോലീസിനും മാത്രം ലഭ്യമായ സാധനമല്ല എന്നോർക്കണം. ഇവിടെ ഏതെങ്കിലും രീതിയിൽ പൈറസിയെ ന്യായീകരിക്കുകയോ സെൻസർ കോപ്പി ചോരുന്നതുപോലുള്ള ഗൗരവമായ പ്രശ്നങ്ങളെ കാണാതിരിക്കുകയോ ചെയ്യുകയല്ല. ഇതും ശ്രദ്ധിക്കേണ്ട ഒരു വിഷയമായി തോന്നിയതുകൊണ്ട് കൂട്ടിച്ചേർത്തുവെന്നേ ഉള്ളു.

[വിവാദാധാരമായ ‘പ്രേമം’ ഞാനിതുവരെ കണ്ടിട്ടില്ല. ഇപ്പോൾ തിരുവനന്തപുരത്ത് അത് പ്രദർശിപ്പിക്കുന്ന തീയറ്ററിന്റെ കാര്യം പരിഗണിക്കുമ്പോൾ കാണണ്ടാ എന്നുതന്നെയാണ് തീരുമാനം. പല തവണ നല്ല സൊയമ്പൻ വ്യാജൻ കൈയകലത്തിൽ വന്നിട്ടും, വ്യാജനോടുള്ള വിയോജിപ്പ് കൊണ്ട് മാത്രം കാണാൻ നിന്നിട്ടുമില്ല]

Jul 7, 2015

30 ഡിഗ്രി ‘ചൂട്’ ആകുന്നതെങ്ങനെ?

റേഡിയോയിലോ ടീവിയിലോ അന്തരീക്ഷ താപനില പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിലെ ശരാശരി താപനില ഏതാണ്ട് 30 ഡിഗ്രി സെൽസ്യസിനോട് അടുപ്പിച്ചാണ്. മിക്കപ്പോഴും അത് മുപ്പതിൽ താഴെ ആയിരിക്കുകയും ചെയ്യും. പക്ഷേ നമ്മുടെ ശരീരത്തിന്റെ ശരാശരി താപനില എത്രയാണെന്ന് സ്കൂളിൽ പഠിച്ചത് ഓർമ്മയുണ്ടോ? 37 ഡിഗ്രി. ഇനിയാണ് ചോദ്യം, ശരാശരി 37 ഡിഗ്രി ചൂടുമായി നടക്കുന്ന നമുക്ക് 30 ഡിഗ്രി മാത്രം താപനിലയുള്ള അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നത് എങ്ങനെയാണ്?

ഇവിടെയാണ് പ്രശ്നം. കാലാവസ്ഥാ വാർത്തകളിൽ പറയുന്ന അന്തരീക്ഷ താപനിലയായിരിക്കില്ല, നമുക്ക് ‘അനുഭവപ്പെടുന്ന താപനില’. നമ്മുടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തിന്റെ (Thermoregulation) രീതിയാണ് ഇവിടെ പൊരുത്തക്കേട് ഉണ്ടാക്കുന്നത്. ശരീരത്തിലുണ്ടാകുന്ന അധികതാപം പുറത്തുകളയാൻ നമ്മുടെ ശരീരം പ്രധാനമായും ഉപയോഗിക്കുന്നത് വിയർക്കലിനെയാണ് (sweating) എന്നറിയാമല്ലോ. തൊലിക്കരികിലെ വിയർപ്പുഗ്രന്ഥികളിലൂടെ പുറത്തുവരുന്ന വിയർപ്പ് ശരീരത്തിൽ നിന്നും താപം ആഗിരണം ചെയ്ത് ബാഷ്പമായി (vapor) പോകുന്നതുവഴിയാണ് ശരീരത്തിന്റെ താപനില കുറയുന്നത്. ഒരാൾ ശരാശരി 6 ലിറ്റർ വിയർപ്പ് ഇതുപോലെ ബാഷ്പീകരിച്ച് കളയുന്നുണ്ട് എന്നാണ് കണക്ക്. ഇത് അവിശ്വസനീയമായി തോന്നിയേക്കാം. കാരണം, പുറത്തുവന്നയുടൻ ബാഷ്പീകരിച്ചുപോകാവുന്നതിലും അധികം വിയർപ്പ് പുറത്തുവന്ന് ശരീരത്തിൽ വലിയ തുള്ളികളായി രൂപം കൊള്ളുമ്പോൾ മാത്രമേ നമ്മൾ സാധാരണ ഭാഷയിൽ ‘വിയർക്കുന്നു’ എന്നു പറയാറുള്ളു.  സത്യത്തിൽ ശരീരം എപ്പോഴും വിയർക്കുന്നുണ്ട്. വെയിലേൽക്കുമ്പോഴോ, ശാരീരികമായി അധ്വാനിക്കുമ്പോഴോ ഒക്കെ നമ്മൾ നന്നായി വിയർക്കുന്നത് ശരീരത്തിലുണ്ടായ അധികതാപം പുറത്തുകളയുന്നതിനായിട്ടാണ്. ഇനി ഇതേ വിയർപ്പോടുകൂടി ഫാനിന് കീഴെ ചെന്നുനിന്നാൽ നല്ല തണുപ്പ് അനുഭവപ്പെടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? കാറ്റ് വിയർപ്പിന്റെ ബാഷ്പീകരണവേഗത കൂട്ടുന്നതുകൊണ്ടാണത്. കൂടുതൽ വേഗത്തിൽ ബാഷ്പീകരണം നടന്നാൽ കൂടുതൽ വേഗത്തിൽ ശരീരതാപവും കുറയും (വിയർപ്പുഗ്രന്ഥികൾ താരതമ്യേന കുറവായ നായ പോലുള്ള ജീവികൾ, വായിലും പരിസരത്തുമുള്ള നനവുള്ള ഭാഗങ്ങളിലൂടെ ഇതുപോലെ ബാഷ്പീകരണം നടത്തുവാനായാണ് അണയ്ക്കുന്നത്) ഇവിടെയാണ് മറ്റൊരു വില്ലൻ കടന്നുവരുന്നത്- ആർദ്രത അഥവാ ഹ്യുമിഡിറ്റി. അന്തരീക്ഷത്തിലുള്ള ജലബാഷ്പത്തിന്റെ അളവാണത്. ശരീരത്തിൽ നിന്നും ബാഷ്പമായി മാറുന്ന വിയർപ്പ് അന്തരീക്ഷത്തിലേക്കാണല്ലോ ചെല്ലുന്നത്. ആ അന്തരീക്ഷത്തിൽ ജലബാഷ്പം കൂടുതലായിരുന്നാൽ വിയർപ്പ് ബാഷ്പമാകുന്ന നിരക്കും അതിനനുസരിച്ച് കുറയും. അതോടെ താപം ശരീരത്തിന് പുറത്തേയ്ക്ക് കളയുന്നതും പതിയെ ആകുമെന്ന് പറയണ്ടല്ലോ. അതുകൊണ്ട് പുറത്ത് താപനില കുറവായിരുന്നാൽ പോലും ഹ്യുമിഡിറ്റി കൂടിയിരുന്നാൽ താപനിലയും കൂടുതലായി നമുക്ക് അനുഭവപ്പെടും. നമുക്ക് അനുഭവപ്പെടുന്ന താപനില (apparent temperature) അറിയുവാനായി പൊതുവേ ഹീറ്റ് ഇൻഡക്സ് (heat index) എന്ന സൂചകമാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷ താപനിലയേയും ആപേക്ഷിക ആർദ്രതയേയും (relative humidity) ചേർത്ത് ഒരു സമവാക്യം വഴി ബന്ധിപ്പിച്ചാണ് ഇത് കണക്കാക്കുന്നത്. ഇന്ന് ഇതെഴുതുമ്പോൾ തിരുവനന്തപുരത്തെ താപനില 31 ഡിഗ്രി സെൽസ്യസും ആപേക്ഷിക ആർദ്രത 66% ഉം ആണ്. ഈ സാഹചര്യത്തിൽ ഇവിടത്തെ ഹീറ്റ് ഇൻഡക്സ് 36.4 ഡിഗ്രി ആണ്. അതായത്, ഏതാണ്ട് ശരീര താപനിലയോട് അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിയ്ക്ക് അന്തരീക്ഷത്തിലെ 31 ഡിഗ്രി ‘തണുപ്പ്’ ആയിട്ട് അനുഭവപ്പെടില്ല. ഇനി ഇവിടെ ആപേക്ഷിക ആർദ്രത 80% (ചില മാസങ്ങളിൽ ഇവിടെ 90 വരെയൊക്കെ പോയിട്ടുണ്ട്) ആയിരുന്നെങ്കിൽ ഹീറ്റ് ഇൻഡക്സ് ഏതാണ്ട് 41 ഡിഗ്രി ആയി മാറിയേനെ. അതെനിക്ക് ചൂടുള്ള കാലാവസ്ഥയായി അനുഭവപ്പെടും. പക്ഷേ അതേ സമയം ഞാൻ 31 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ തൊട്ടെന്നിരിക്കട്ടെ. എനിക്കത് ‘തണുത്ത’ വെള്ളമായി തന്നെ അനുഭവപ്പെടും. കാരണം 37 ഡിഗ്രി ചൂടുള്ള ശരീരത്തിൽ നിന്നും ആ വെള്ളത്തിലേക്ക് നേരിട്ട്  താപം പ്രവഹിക്കും, എന്റെ വിരലറ്റം തണുക്കും. അതായത് പറഞ്ഞുവന്നത്, ഒരു സ്ഥലത്തെ കാലാവസ്ഥ ചോദിക്കുമ്പോൾ താപനിലയോടൊപ്പം തന്നെ അവിടത്തെ ആപേക്ഷിക ആർദ്രത കൂടി ശ്രദ്ധിക്കണം എന്നർത്ഥം. 

ഹീറ്റ് ഇൻഡക്സ് കണക്കാക്കാൻ സമവാക്യം നേരിട്ട് ഉപയോഗിക്കണമെന്നില്ല. ചില വെബ്സൈറ്റുകൾ അത് നേരിട്ട് കണക്കാക്കിത്തരും. ഉദാഹരണം: http://www.calcunation.com/calculators/weights%20and%20measures/heat-index-celsius.php)
എളുപ്പത്തിന് താഴെ കാണുന്ന ചാർട്ടും ഉപയോഗിക്കാം.

ചൂടുള്ള ദിവസങ്ങളിൽ ചെറിയ മഴ പെയ്താൽ അന്തരീക്ഷ താപനില കുറയുന്നതിനുപകരം കൂടുന്നതായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇനി ഊഹിക്കാമോ?

വാൽക്കഷണം- താപനിലയ്ക്കും ആർദ്രതയ്ക്കും ഒപ്പം കാറ്റിനെക്കൂടി പരിഗണിക്കുന്ന Wind chill എന്നൊരു സൂചകവും നിലവിലുണ്ട്

Jul 1, 2015

വലത്തൂന്ന് ചോരുന്നതും ഇടത്തേയ്ക്ക് എത്താത്തതും

അന്ധവിശ്വാസങ്ങൾ തഴച്ചുവളരുന്നു, കൈയിലിരിക്കുന്ന ഡിഗ്രികളെ നാണിപ്പിച്ചുകൊണ്ട് വിദ്യാസമ്പന്നർ സകല തട്ടിപ്പുകൾക്കും തലവെക്കുന്നു, ഉളുപ്പില്ലാതെ അതിനെ പൊതുവേദിയിൽ ന്യായീകരിക്കുന്നു, ആത്മീയ വ്യാപാരം പൊടിപൊടിക്കുന്നു, ജാതീയമായ വേർതിരിവ് വർദ്ധിക്കുന്നു, മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നു... ഇതൊക്കെ കാണുന്ന ഒരാൾക്ക് ബീ.ജെ.പി.യ്ക്ക് കൂടിക്കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല. അത് കൂടിയില്ലെങ്കിലാണ് എന്തോ പന്തികേട് സംശയിക്കേണ്ടത്.

എല്ലാ പാർട്ടിക്കാരും അവരവരുടെ കണക്കിന് വോട്ടുകളുടെ എണ്ണമെടുത്ത് 'വിജയം' അവകാശപ്പെടുന്നുണ്ട്. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ കിട്ടിയ 193 വോട്ടാണ് വിജയം, യൂ.ഡി.എഫിന് തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ കിട്ടിയ 10128 വോട്ടും. ഫലത്തിൽ ലക്ഷണം കണ്ടിട്ട് ആരും തോറ്റിട്ടില്ല! 

ഇടതുപക്ഷം ഇനിയും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. യൂ.ഡീ.എഫ്- എൽ.ഡി.എഫ് ദ്വന്ദ്വങ്ങളിൽ ആടിക്കൊണ്ടിരുന്ന രാഷ്ട്രീയസാഹചര്യമാണ് കേരളത്തിൽ നിലനിന്നിരുന്നത്. സ്വാഭാവികമായും ഒരു കൂട്ടർക്ക് നഷ്ടപ്പെടുന്നതിന്റെ സിംഹഭാഗവും നേരെ മറുപക്ഷത്ത് ചെന്നുചേരുകയാണ് ചെയ്തിരുന്നത്. ഇന്നിപ്പോ വലത്ത് നിന്ന് പുറപ്പെടുന്നത് ഇടത്തേയ്ക്ക് എത്താതെ ആയിരിക്കുന്നു. അത് എന്തുകൊണ്ട് വഴിമാറിപ്പോകുന്നു എന്ന് ആലോചിക്കാനും തടയാനും സമയം വല്ലാതെ അതിക്രമിച്ചുകഴിഞ്ഞു. കുറഞ്ഞത് തോറ്റാലുടൻ അത് ജനങ്ങളുടെ കുഴപ്പമാണ് എന്ന് വിളിച്ചുപറയുന്നതെങ്കിലും നിർത്തണം, അതിനി ശരിയ്ക്കും ജനങ്ങളുടെ കുഴപ്പമായിരുന്നാൽ പോലും. കാരണം ഇടതുപക്ഷത്തിന്റെ തോൽവി ജനങ്ങളുടെ കുഴപ്പമാണെന്ന് എന്നെപ്പോലൊരാൾ പറയുന്നതും തോറ്റ പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട് (വ്യത്യാസം ഉണ്ടാവാൻ പാടില്ല എന്നത് തിയറി). ഇത്രയൊക്കെ ചീത്തപ്പേരുണ്ടാക്കിയിട്ടും ഒരു സർക്കാരിനെതിരെ പ്രതിഷേധിയ്ക്കാനുള്ള അവസരം വന്നപ്പോൾ ജനങ്ങൾ അതിന് തുനിഞ്ഞില്ല എന്നത് കേരളജനതയുടെ പരിതാപകരമായ രാഷ്ട്രീയബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രബുദ്ധ കേരളത്തിന്റെ പ്രബുദ്ധത ശ്രീശ്രീ രവിശങ്കറിന്റെ ശ്രീശ്രീ പോലെയാണ്. പോകുന്നിടത്തെല്ലാം ഒരു ജാഡയ്ക്ക് കൊണ്ടുപോകുന്നു എന്നേയുള്ളു, വേറെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ആദ്യം ചൂണ്ടിക്കാണിച്ച ലക്ഷണങ്ങളെല്ലാം തന്നെ പൊതുബോധം ഇടതുബോധത്തിന് കൂടുതൽ കൂടുതൽ പ്രതികൂലമാകുന്നതാണ് കാണിക്കുന്നത്. ആ സമയത്ത് പ്രത്യയശാസ്ത്രഭംഗി കണ്ട് ആളുകള് വന്ന് വോട്ട് തരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ആകെ ചെയ്യാവുന്നത്, വിവേകത്തിന് പകരം വികാരം കൊണ്ട് തീരുമാനിക്കുന്ന ജനങ്ങൾക്ക് മുന്നിൽ മുഖം മിനുക്കി ഒരു നല്ല ‘ഫീലിങ്’ ഉണ്ടാക്കിയെടുക്കുക എന്നതാണ്. “മിനുക്കാൻ മാത്രം ഞങ്ങടെ മുഖത്തിന് ഒരു കുഴപ്പവും ഇല്ലാ” എന്നാണ് മറുപടി എങ്കിൽ, എന്റെ പിഴ, എന്റെ വലിയ പിഴ. എനിയ്ക്ക് പറയാനുള്ളത് ഇവിടെ തീരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കമ്യൂണിസത്തെ പ്രതിനിധീകരിച്ച് തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കമ്യൂണിസ്റ്റുകാർ എന്ന് സ്വയം വിളിക്കുന്ന ആളുകളാണ് ജനത്തിന്റെ കണ്ണിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖം. അവരുണ്ടാക്കുന്ന ‘ഫീലിങ്’ വളരെ പ്രധാനമാണ് എന്നുതന്നെയാണ് എന്റെ തോന്നൽ. “പിണറായിയെ തൊട്ടാൽ കേരളം കത്തും” എന്നൊക്കെയുള്ള പ്രസ്താവനകൾ ആ മുഖത്തിന് എത്രത്തോളം ഭൂഷണമായിരുന്നു എന്നാലോചിക്കുക. പണ്ട് സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ പ്രവർത്തകർ പൊതുജനങ്ങളിൽ ഉണ്ടാക്കിയ ‘ഫീലിങ്’ ഒരു തിരുവനന്തപുരം നഗരവാസി എന്ന നിലയിൽ എനിയ്ക്ക് ബോധ്യമുണ്ട്. എസ്.എഫ്.ഐ. ‘ഭരിയ്ക്കുന്ന’ കോളേജുകളിൽ നിന്നും എത്ര യുവാക്കൾ ഇടതിനനുകൂലമായ രാഷ്ട്രീയബോധവുമായി പുറത്തിറങ്ങും എന്നൊരു ആത്മാവലോകനവും ഈ അവസരത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നടത്തിനോക്കാവുന്നതാണ്. മുഖം മിനുക്കൽ എന്ന് ഞാൻ പറയുമ്പോൾ, അന്ധമായ പാർട്ടിഭക്തിയാണ് രാഷ്ട്രീയബോധത്തിന്റെ അളവുകോൽ എന്ന് തോന്നിക്കുമാറ്  സംഘിമങ്കികളോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം നടത്തുന്ന സൈബർ സഖാക്കളിലുൾപ്പടെ ശ്രദ്ധ ചെല്ലണമെന്നാണ് എന്റെ അഭിപ്രായം. തരിശ് കിടക്കുന്ന തലച്ചോറിലേക്കാണ് അരാഷ്ട്രീയ-വർഗീയചിന്തകൾ കടന്നുവരുന്നത്. അതിനെ ചെറുക്കാൻ ബൗദ്ധികമായി പുരോഗമിക്കുക എന്ന ഒറ്റ മാർഗമേയുള്ളു. ആറെസ്സെസ്സിനെ തോൽപ്പിക്കാൻ അമ്പലം പിടിച്ചെടുക്കാൻ പോയി, അവരെക്കാൾ മുന്തിയ സംഘികളായി മാറിയ മുൻ-സഖാക്കളെയും, യുവത്വത്തിന്റെ തിളപ്പ് തീർന്നപ്പോൾ വിപ്ലവം വിട്ട് ആത്മീയവഴിയിലൂടെ സംഘപരിവാറിസത്തിലേയ്ക്ക് വന്ന മുതിർന്ന സഖാക്കളേയും കണ്ടിട്ടുണ്ട് (ഇതൊക്കെ ഞാൻ മാത്രമാണോ കാണുന്നത്?). ഇത്തരം ചോർച്ചകൾ കേരളത്തിന്റെ ഇന്നത്തെ ബൗദ്ധിക സാഹചര്യത്തിൽ ഇനിയും പ്രതീക്ഷിക്കാവുന്നതേയുള്ളു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രാഷ്ട്രീയ-ശാസ്ത്ര-യുക്തിബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരമപ്രധാനം. അത് പക്ഷേ പ്രസ്ഥാനത്തിനുള്ളിൽ നിന്ന് തന്നെ തുടങ്ങുകയും വേണം. അല്ലാത്തപക്ഷം കാലിനടിയിലെ മണ്ണ് ഒലിച്ചുപൊയ്ക്കോണ്ടിരിക്കും.

(കപടപുരോഗമനവാദി, അരാഷ്ട്രീയബുദ്ധിജീവി തുടങ്ങിയ വിശേഷണങ്ങളും, “നിങ്ങൾ എൽ.ഡി.എഫിന്റെ കുഴപ്പങ്ങൾ മാത്രമേ കാണുള്ളോ?” തുടങ്ങിയ മറുവാദങ്ങളും മുന്നനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്നുണ്ട്. ദയവായി അതിനൊന്നും മറുപടി പ്രതീക്ഷിക്കാതിരിക്കുക)