Jul 22, 2015

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മനുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ?

അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്,
 1. അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്)
 2. അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്)
 3. മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്ട് പിന്നീട് ആരും അവിടെ പോയില്ല? (പ്രശ്നം പലതാണ്)
ഇതിൽ ഒന്നാമത്തെ കാരണത്തിന് ഈ പോസ്റ്റിൽ വിശദീകരണം ഉദ്ദേശിക്കുന്നില്ല. പോലീസിന്റേയും കള്ളന്റേയും ഉദാഹരണം പറഞ്ഞ പോലാണത്- കള്ളന് എങ്ങോട്ട് വേണേലും ഓടാം, പക്ഷേ പോലീസിന് കള്ളൻ പോയ വഴിയേ തന്നെ ഓടേണ്ടിവരും. അതിനുള്ള സാവകാശം എനിക്കില്ല. പക്ഷേ പണി എളുപ്പമാക്കിക്കൊണ്ട് വിക്കിപീഡിയയിൽ ഇതിനെപ്പറ്റി വിശദമായ ഒരു ലേഖനമുണ്ട്. അതിന്റെ ലിങ്ക് ഇവിടെ- Moon landing conspiracy theories.

രണ്ടാമത്തെ കാരണം രാഷ്ട്രീയമോ മതപരമോ ആയതിനപ്പുറം വെറും സംശയമാണെങ്കിൽ അപ്പോളോ ദൗത്യങ്ങളുടെ സമയരേഖയിലൂടെ ഒന്ന് കടന്നുപോകുന്നത് നല്ലതാണ്:

ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിയ്ക്കയും റഷ്യയും തമ്മിൽ നിലനിന്ന കടുത്ത മത്സരം ആണ് ഇതിന്റെ പശ്ചാത്തലം. Space race എന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ കൃത്രിമ സാറ്റലൈറ്റ്, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ സഞ്ചാരി എന്നിങ്ങനെ നിർണായകമായ ബഹിരാകാശ നേട്ടങ്ങളെല്ലാം റഷ്യ തന്നെ സ്കോർ ചെയ്തു. അമേരിക്കയുടെ ആദ്യ ശ്രമങ്ങളൊക്കെയും പരാജയമായിരുന്നു. സ്പുട്നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാൻഗാർഡ് എന്ന അമേരിയ്ക്കൻ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിൽ പരക്കെ ആശങ്കയുടേയും ഭയത്തിന്റേയും ഒരു സാഹചര്യം നിലവിൽ വന്നിരുന്നു. ഇതിനെ Sputnik crisis എന്ന് തന്നെ വിളിക്കാറുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയും റഷ്യയെ മലർത്തിയടിക്കാനായി അമേരിക്ക കണ്ട മാർഗമാണ് ചന്ദ്രനിൽ ആളെ ഇറക്കുക എന്നത്. ഉടന്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കും എന്ന് 1961-ല്‍ നാസ പ്രഖ്യാപിക്കുമ്പോള്‍ വെറും രണ്ടേ രണ്ട് ആളുകള്‍ മാത്രമേ അതിനകം ബഹിരാകാശത്ത് പറന്നിരുന്നുള്ളൂ. അത്രയും പരിമിതമായ പരിചയസമ്പത്ത് മാത്രം വച്ച് അങ്ങനെയൊരു 'വീമ്പ്' പ്രാവര്‍ത്തികമാക്കുന്നത് ചില്ലറ കാര്യമൊന്നുമായിരുന്നില്ല. ഇവിടെയാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അപോളോ എന്ന ദൗത്യം നേരിട്ടങ്ങ് ചെന്ന് ചന്ദ്രനിൽ ഇറങ്ങലൊന്നുമായിരുന്നില്ല. അപ്പോളോ 11 എന്ന പതിനൊന്നാമത്തെ ദൗത്യത്തിന് മുൻപ് നടന്ന പത്ത് ദൗത്യങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. ഈ പത്ത് ദൗത്യങ്ങൾ കൊണ്ടാണ് ചന്ദ്രനിൽ ശരിയ്ക്കും മനുഷ്യന് ഇറങ്ങുന്നതിന് വേണ്ട പ്രായോഗികജ്ഞാനം അവർ ഉണ്ടാക്കിയെടുത്തത്.

മനുഷ്യരെ അത്രയും ദൂരം എത്തിക്കാന്‍ കഴിയും വിധം ശക്തിയേറിയ ഒരു റോക്കറ്റ് നിര്‍മിക്കലായിരുന്നു ആദ്യ കടമ്പ. അതിനായി ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തി കൂടിയ റോക്കറ്റുകളിലൊന്നായ സാറ്റേണ്‍ 5-ന് രൂപം നല്‍കപ്പെട്ടു. പരിശീലനപ്പറക്കലുകള്‍ ഉള്‍പ്പടെ പത്തിലധികം പറക്കലുകള്‍  അല്പം പോലും പിഴവില്ലാതെയാണ് സാറ്റേണ്‍-5 നിര്‍വഹിച്ചത് എന്നത് ആത്മവിശ്വാസത്തിന് ആക്കം കൂട്ടി. മനുഷ്യരെ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള പേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു- യാത്രികരേയും അവര്‍ക്കാവശ്യമുള്ള വസ്തുക്കളേയും വഹിക്കുന്ന കമാന്‍ഡ് മോഡ്യൂള്‍, പേടകത്തിന്റെ പ്രധാന എഞ്ചിന്‍ വഹിച്ചിരുന്ന സര്‍വീസ് മോഡ്യൂള്‍, യാത്രികരുമായി ചന്ദ്രനിലേക്ക് ഇറങ്ങേണ്ട ലൂണാര്‍ മോഡ്യൂള്‍. യാത്രാസമയത്ത് യാത്രികരുടെ താമസസ്ഥലമായിരുന്നു കമാന്‍ഡ് മോഡ്യൂള്‍. ചന്ദ്രനില്‍ ഇറങ്ങാന്‍ മാത്രമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് രണ്ടുപേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളു.

1967-ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. പറക്കുന്നതിന് ഒരു മാസം മുന്നേ അപ്പോളോ-1 യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുകയായിരുന്നു.  പല സാങ്കേതിക കാരണങ്ങളാല്‍ അഞ്ചുമണിക്കൂറോളം വൈകിയാണ് അപ്പോള്‍ തന്നെ അത് നടന്നുകൊണ്ടിരുന്നതും. എങ്ങനെയോ പേടകത്തിനുള്ളില്‍ ഒരു തീപ്പൊരി ചിതറുകയും നിമിഷങ്ങള്‍‍ക്കകം പേടകത്തിലെ യാത്രികരുടെ അറയെ തീജ്വാല വിഴുങ്ങുകയും ചെയ്തു. അറ കുത്തിത്തുറക്കാന്‍ അഞ്ചുമിനിറ്റോളം വേണ്ടിവന്നു, അപ്പോഴേക്കും മൂന്ന് യാത്രികരും ശ്വാസം മുട്ടി മരിച്ചിരുന്നു. ഈ ദുരന്തത്തെ തുടര്‍ന്ന് അപ്പോളോ ദൗത്യത്തിന്റെ രൂപകല്‍പനയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. അപകടത്തില്‍ നഷ്ടപ്പെട്ട അപ്പോളോ യാത്രികരുടെ ഭാര്യമാരുടെ അഭ്യര്‍ത്ഥനയെ മാനിച്ച്, ഒരിക്കലും നടന്നില്ലെങ്കില്‍ പോലും അപ്പോളോ-1 എന്ന ദൗത്യം അതേപേരില്‍ തന്നെ നിലനിര്‍ത്തി. അതിന് മുന്‍പ് നടന്ന ചില പരീക്ഷണദൗത്യങ്ങളെക്കൂടി എണ്ണിയശേഷം, തൊട്ടടുത്ത് നടന്ന ദൗത്യത്തിന് അപ്പോളോ-4 എന്ന് പേര് നല്‍കി. അപ്പോളോ 4, 5, 6 ദൗത്യങ്ങള്‍ മനുഷ്യരെ ഉള്‍പ്പടുത്താതെയുള്ള പരീക്ഷണപ്പറക്കലുകള്‍ ആയിരുന്നു. ഒന്നാം ദൗത്യത്തിന് ശേഷം വന്ന മാറ്റങ്ങളൊക്കെ ഈ പറക്കലുകളില്‍ പരീക്ഷിക്കപ്പെട്ടു.

മനുഷ്യര്‍ ഉള്‍പ്പെട്ട ആദ്യ ദൗത്യമായ അപ്പോളോ-7 1968 ഒക്ടോബറില്‍ നടന്നു. അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പറന്നശേഷം തിരിച്ചിറങ്ങി. തൊട്ടടുത്ത ഡിസംബറില്‍ പുറപ്പെട്ട അപ്പോളോ-8 ലെ യാത്രികരാണ് ആദ്യമായി ചന്ദ്രന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ എത്തിയത്. ആറ് ദിവസം നീണ്ടുനിന്ന ആ ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ പത്ത് തവണ ചന്ദ്രനെ വലം വെച്ചു. പ്രധാനമായും കമാന്‍ഡ് മോഡ്യൂളിന്റെ പ്രവര്‍ത്തനം പരിശീലിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. ചാന്ദ്രദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും ആദ്യമായി പരിശീലിച്ചത്, അപ്പോളോ-9 ദൗത്യത്തിലായിരുന്നു. 1969 മാര്‍ച്ചില്‍ നടന്ന അത് പക്ഷേ ഭൂമിയുടെ ഓര്‍ബിറ്റ് വിട്ട് പോയില്ല. ഭൂമിയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ട് ലൂണാര്‍ മോഡ്യൂളും, അതിന് കമാന്‍ഡ് മോഡ്യൂളുമായുള്ള ഡോക്കിങ്ങുമെല്ലാം അവര്‍ പരിശീലിച്ചു. ഒരു തമാശയുള്ളത്, ഒമ്പതാം ദൗത്യത്തോടെ ഈ മോഡ്യൂളുകള്‍ക്ക് രസകരമായ വെവ്വേറെ വിളിപ്പേരുകള്‍ നല്‍കുന്ന രീതി കൂടി വന്നു. അപ്പോളോ-9 ലെ കമാന്‍ഡ് മോഡ്യൂളിനെ ഗംഡ്രോപ്പ് എന്നും ലൂണാര്‍ മോഡ്യൂളിനെ സ്പൈഡര്‍ എന്നുമാണ് അവര്‍ വിളിച്ചത്. യഥാര്‍ത്ഥ ലാന്‍ഡിങ് ഒഴികേയുള്ള മറ്റെല്ലാ യാത്രാഘട്ടങ്ങളും പരീശീലിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അപ്പോളോ-10 ദൗത്യം 1969 മേയ് മാസത്തില്‍ നടന്നു. അതില്‍ കമാന്‍ഡ് മോഡ്യൂളിന് ചാര്‍ലീ ബ്രൗണ്‍ എന്നും ലൂണാര്‍ മോഡ്യൂളിന് സ്നൂപ്പി എന്നുമായിരുന്നു പേര്. പത്താം ദൗത്യത്തിലെ രണ്ട് യാത്രികര്‍ സ്നൂപ്പിയില്‍ ചന്ദ്രോപരിതലത്തിനോട് 15 കിലോമീറ്റര്‍ വരെ അടുത്ത് ചെന്നശേഷം മടങ്ങിവരികയാണ് ചെയ്തത്.

സമ്പൂര്‍ണമായ ഒരു ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ-11 ദൗത്യം 1969 ജൂലൈ 16-നാണ് പുറപ്പെട്ടത്. അതിലെ മൂന്ന് യാത്രികരും മുന്‍പ് ബഹിരാകാശയാത്ര നടത്തി പരിചയമുള്ളവരായിരുന്നു. മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളിന്റെ ഉത്തരവാദിത്വം. ഈഗിള്‍ എന്ന ലൂണാര്‍ മോഡ്യൂളിന്റെ കമാന്‍ഡറായി നീല്‍ ആംസ്ട്രോങ്ങും അതിന്റെ പൈലറ്റായി എഡ്വിന്‍ ആല്‍ഡ്രിനും ഒപ്പം ചേര്‍ന്നു. തങ്ങള്‍ തിരിച്ചുവരുന്നത് വരെ കോളിന്‍സിനെ ചന്ദ്രന് ചുറ്റും കറങ്ങാന്‍ വിട്ടിട്ട് മറ്റ് രണ്ടുപേരും ഈഗിളില്‍ ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രം (Sea of Tranquility) എന്ന പ്രദേശത്ത് പതിയെ ലാന്‍ഡ് ചെയ്തു. അതാണ് നമ്മൾ വർഷാവർഷം ഓർമ്മിക്കുന്ന നാഴികക്കല്ല്.

മനുഷ്യരെ ഒരു തവണ ചന്ദ്രനിലിറക്കിയിട്ടും മതിയായിരുന്നില്ല നാസയ്ക്ക്. കൂടുതല്‍ ആവേശത്തോടെ ചന്ദ്രനെ അടുത്തറിയുന്നതിനായി ആറ് ദൗത്യങ്ങള്‍ കൂടി അവര്‍ നടത്തി. അപ്പോളോ 12 മുതല്‍ 17 വരെയുള്ള ദൗത്യങ്ങളിലൂടെ മൊത്തം 10 പേര്‍ കൂടി ചന്ദ്രനിലിറങ്ങി, ആംസ്ട്രോങ്ങും ആല്‍ഡ്രിനും തുടങ്ങിവെച്ച പല പരീക്ഷണങ്ങളും തുടരുകയും പുതിയവ ചെയ്യുകയും ചെയ്തു. ആദ്യ യാത്രികരേക്കാള്‍ കൂടുതല്‍ സമയം അവരില്‍ മിക്കവരും അവിടെ ചെലവഴിച്ചു. അവസാന മൂന്ന് ദൗത്യങ്ങളിലെ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നടക്കുന്നതോടൊപ്പം വാഹനയാത്ര വരെ നടത്തി. ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന പ്രത്യേകതരം വണ്ടി അവര്‍ ചന്ദ്രനിലൂടെ ഓടിക്കുകയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്തു. (ആ മൂന്ന് വണ്ടികളും ഇന്നും ചന്ദ്രനില്‍ത്തന്നെ ഉണ്ട് കേട്ടോ, യാത്രികര്‍ അത് മടക്കിക്കൊണ്ടുവന്നില്ല) പേടകമിറങ്ങിയ സ്ഥലത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലെ വരെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാ അപ്പോളോ യാത്രികരും കൂടി ചന്ദ്രനില്‍ ഏതാണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ചു, അറുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി. ചന്ദ്രനെക്കുറിച്ചുള്ള നിരവധി വിലപിടിച്ച അറിവുകള്‍ നമുക്ക് കിട്ടാന്‍ ആ പരീക്ഷണങ്ങള്‍ കാരണമായി. അവിടെ അവര്‍ നാല് ശാസ്ത്ര നിലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 1977 വരെ അവിടെ അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വ്യക്തത കൂടിയ മുപ്പതിനായിരത്തോളം ചിത്രങ്ങളാണ് അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. 380 കിലോയില്‍ അധികം വരുന്ന സാമ്പിളുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച് അവര്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു, അവയില്‍ പലതും ഇന്ന് പല മ്യൂസിയങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 ദൗത്യങ്ങളിലെ യാത്രികര്‍ അവിടെ സ്ഥാപിച്ച സവിശേഷതരം കണ്ണാടികള്‍ ഇന്നും അവിടെ കേടുകൂടാതെയുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ശാസ്ത്രലോകം "വിജയകരമായ പരാജയം" എന്ന് വിശേഷിപ്പിക്കുന്ന ഒരു അപ്പോളോ ദൗത്യമുണ്ട്, അപ്പോളോ-13. അതിലെ യാത്രികര്‍ക്ക് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ചന്ദ്രനോടടുത്ത് എത്തി, ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തവേ കമാന്‍ഡ് മോഡ്യൂളില്‍ പെട്ടെന്നൊരു പൊട്ടിത്തെറിയുണ്ടായി. അതോടെ ഓക്സിജനും വൈദ്യുതിയും ഉള്‍പ്പടെയുള്ള അത്യാവശ്യ സങ്കേതങ്ങളൊക്കെയും തകരാറിലായി. ചന്ദ്രനില്‍ ഇറങ്ങുന്നത് പോയിട്ട് പേടകത്തെ നേരേ ഭൂമിയിലേക്ക് തിരിച്ച് വിടാനുള്ള യന്ത്രസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥ! ഭൂമിയിലുള്ളവര്‍ ശരിക്കും മൂന്ന് യാത്രികരേയും നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു. പക്ഷേ അവരാരും ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. യാത്രികരെ സ്നേഹിക്കുന്ന നാസയിലെ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവരെ തിരിച്ച് ഭൂമിയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തലപുകച്ചു. പരിചയസമ്പന്നരായ നിരവധി നാസ ശാസ്ത്രജ്ഞര്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പേടകത്തെ ഭൂമിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിച്ചു. വിജയിക്കുമെന്ന് പൂര്‍ണമായി ഉറപ്പില്ലായിരുന്നു എങ്കില്‍പ്പോലും, അവര്‍ ആ മാര്‍ഗങ്ങള്‍ പടിപടിയായി യാത്രികര്‍ക്ക് നിര്‍ദേശിച്ചുകൊടുത്തു. അവരും പ്രതീക്ഷയും ധൈര്യവും കൈവിട്ടിരുന്നില്ല. പരസ്പരം താങ്ങായി വര്‍ത്തിച്ചുകൊണ്ട് അവര്‍ കണ്‍ട്രോള്‍ നിലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചു. ലോകം മുഴുവന്‍ മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍! ഒടുവില്‍ ശാസ്ത്രം ജയിച്ചു, എല്ലാവരെയും ആനന്ദാശ്രു അണിയിച്ചുകൊണ്ട് യാത്രികര്‍ പസഫിക് സമുദ്രത്തിലേക്ക് വന്നിറങ്ങുക തന്നെ ചെയ്തു. യാത്രികരില്‍ ഒരാളായിരുന്ന ജിം ലോവല്‍ പിന്നീട് ഈ സംഭവങ്ങളെ വിവരിച്ചുകൊണ്ട് "നഷ്ടപ്പെട്ട ചന്ദ്രന്‍" (Lost Moon) എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ‘അപ്പോളോ 13’ എന്ന ഹോളിവുഡ് ചലച്ചിത്രം ബഹിരാകാശ കൗതുകം സൂക്ഷിക്കുന്ന ഏതൊരാളേയും ആകർഷിക്കുന്ന ഒന്നാണ്..

പക്ഷേ 17 ദൗത്യങ്ങൾ കഴിഞ്ഞതോടെ അമേരിയ്ക്കയ്ക്ക് തന്നെ ഈ കളി മടുത്തുതുടങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് 18, 19, 20 ദൗത്യങ്ങൾ റദ്ദാക്കുകയും ചെയ്തു. കാരണം വളരെ ലളിതം- ഇനി ആരെ കാണിക്കാനാ ഇങ്ങനെ കാശ് പൊട്ടിക്കുന്നത്! ഒരു മനുഷ്യന് ചെയ്യാവുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും ഒരു റോബോട്ടിനെ വച്ച് ചെയ്യിക്കാൻ ഇന്ന് കഴിയും. പക്ഷേ ഏതെങ്കിലും ഒരു അപകടത്തിൽ (സ്പെയ്സ് യാത്ര എന്നത് എന്തൊക്കെ പറഞ്ഞാലും വലിയൊരു റിസ്ക് തന്നെയാണ്) ഒരു റോബോട്ടിനെ നഷ്ടപ്പെടുന്നതുപോലല്ല, ജീവനുള്ള മനുഷ്യനെ വെച്ചുള്ള കളി. അതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അത്രത്തോളം വിപുലമാണ്. റോബോട്ടിക് ദൗത്യങ്ങളുടെ ഒരു നൂറ് മടങ്ങെങ്കിലും ചെലവ് വരും അതിന്. നികുതിദായകരുടെ പണമെടുത്ത് ചെലവാക്കുന്ന ഒരു രാജ്യത്തിനും അത് ഭൂഷണമല്ല, ബുദ്ധിപരവും അല്ല. (കാരണം-3, ഇവിടെ വിശദീകരിക്കപ്പെടുന്നു) ഇതേ കാരണം കൊണ്ടാണ് പിന്നീട് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ മനുഷ്യനെ ചന്ദ്രനിലിറക്കാൻ തുനിയാത്തത്. Because, it is simply too damn expensive! റഷ്യയുമായുള്ള കിടമത്സരം 1972-ൽ അവസാനിക്കുകയും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തുതുടങ്ങുകയും ചെയ്തു എന്നത് പിന്നീടുള്ള ചരിത്രം.

ഇതുവരെ പറഞ്ഞ അപോളോ ദൗത്യകഥയിൽ അവിശ്വസനീയമായി എന്തെങ്കിലുമുണ്ടോ? ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങുമ്പോൾ അമേരിയ്ക്കക്കാർ തങ്ങളെ ബഹുദൂരം പിന്നിലാക്കിയതിൽ നിരാശരായി ഇരിക്കുന്ന ഒരു രാജ്യം ഉണ്ടേയ്- റഷ്യ. 1967-68 വർഷങ്ങളിലായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ഒരു രഹസ്യപദ്ധതി അവർക്കുണ്ടായിരുന്നു. 1990-ൽ മാത്രമാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. അതിനായി അവർ വികസിപ്പിച്ച N1-റോക്കറ്റിന്റെ രണ്ട് ശ്രമങ്ങളും പരാജയവുമായിരുന്നു. അന്നുവരെയുള്ള ബെസ്റ്റ് സ്പെയ്സ് എഞ്ചിനീയേഴ്സിനെ ഉൾക്കൊള്ളുന്ന, അതുവരെയുള്ള എല്ലാ ബഹിരാകാശ നാഴികക്കല്ലുകളും നാട്ടിയ റഷ്യ ഇങ്ങനെ നിരാശരായി ഇരിക്കുന്ന സമയത്ത്, അപ്പോളോ മിഷനിൽ എന്തെങ്കിലും ലൂപ് ഹോൾ ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അവരപ്പോ പൊക്കിയേനെ. പക്ഷേ അവിടെ ഇത്രയും കൊലകൊമ്പൻമാരുടെ കണ്ണിലും ഒന്നും പെട്ടില്ല. പക്ഷേ ഒടുവിൽ അപ്പോളോ ദൗത്യങ്ങൾ അവസാനിച്ച് രണ്ട് വർഷം കഴിഞ്ഞാണ് അമേരിക്കയിൽ തന്നെ ആദ്യമായി അതൊരു നാടകമാണെന്ന 'കണ്ടെത്തൽ' ഉണ്ടാകുന്നത്. അതും ഒരു self-published പുസ്തകത്തിലൂടെ. ഇത് ഏറ്റവും ആദ്യം ഏറ്റുപിടിച്ചത് ആരാണെന്നറിയാമോ?- Flat Earth society! അതേന്ന്, ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന സംഘടന- ബഹിരാകാശ വിഷയത്തിൽ അഭിപ്രായം പറയാൻ പറ്റിയ, നല്ല ബെസ്റ്റ് പാർട്ടിയാണ്!

ഇവിടെ പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ് Lunar Laser Ranging Experiment. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം ഏറ്റവും കൃത്യമായി അളക്കാൻ ഉപയോഗിക്കുന്നത് ഈ പരീക്ഷമാണ്. അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച കണ്ണാടിയിലേയ്ക്ക് ഭൂമിയിൽ നിന്ന് ലേസർ രശ്മികൾ പായിച്ച് അതിന്റെ പ്രതിഫലനം അളന്നാണ് ഇത് ചെയ്യുന്നത്. ഈ പരീക്ഷണം ഇന്നും നടക്കുന്നുണ്ട്. നാസയുടെ ലബോറട്ടറി സന്ദർശിക്കുന്നവർക്ക് ഇത് കാണാനും അവസരമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ചാന്ദ്രയാത്രയുടെ ഒരു അവശേഷിപ്പാണ്.

നാസയോ അമേരിക്കൻ ഗവൺമെന്റോ പറയുന്ന കാര്യങ്ങൾക്കപ്പുറം തേഡ്-പാർട്ടി തെളിവുകളും ചാന്ദ്രയാത്രയെ സാധൂകരിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജപ്പാന്റെ SELENE ദൗത്യം പകർത്തിയ ചിത്രങ്ങളിൽ അമേരിക്കൻ യാത്രികർ പകർത്തിയ അതേ സ്ഥലപ്രകൃതി ദൃശ്യമായിട്ടുണ്ട്. വിശദവിവരങ്ങൾ ഇവിടെ- Third-party evidence for Apollo Moon landings.

ഇനി സിനിമാ നടൻമാരുടെ ടീവീ പരസ്യത്തിന്റെ ശൈലിയിൽ ചോദിക്കട്ടെ, 

“ഞാൻ മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്നുതന്നെ കരുതുന്നു, നിങ്ങളോ?”

20 comments:

 1. വിവാദങ്ങൾക്ക് മുബ് കണ്ണാടി സ്ഥാപിക്കാൻ ധാരാളം സമയം ഉണ്ട് ഇത് പിന്നിട് വന്ന ആശയമാണ് തെളിവുണ്ടാക്കാൻ ഇങ്ങനെ ഒരു രീതിയെ മർക്കടമുഷ്ടിപോലെ പിടിച്ചിരിക്കുന്നത് എന്തിനാണ്. തികച്ചും അസംഭവ്യം

  ReplyDelete
 2. ഭൂമിയുടെ റേഡിയേഷൻ ബൽറ്റിന് വെളിയിൽ മനുഷ്യന് പോകാൻ കഴിയില്ല. അതിന് ശക്തമായ സുരക്ഷ സംവിധാനം വികസിപ്പിക്കണം സിദ്ധാന്ത ശിരോമണിയിൽ ഭാസ്കാരാചാര്യൻ ഭൂമിക്ക് 12 ആവരണങ്ങളുണ്ട് എന്നും അതിൽ 12ാമത്തെത് വിഷമാണ് എന്ന് പറയുന്നു.

  ReplyDelete
  Replies
  1. വാൻ അലൻ ബെൽറ്റ് മുറിച്ചു കടക്കാൻ അപ്പോളോ വാഹനത്തിന് ഒന്നരമണിക്കൂർ വേണം. ഈ സമയം കൊണ്ട് പരമാവധി രണ്ട് REM(Radiation Emission Man)റേഡിയേഷൻ മാത്രമെ ഏൽക്കാൻ സാധ്യതയുള്ളൂ. റേഡിയേഷൻ മൂലമുള്ള അസുഖങ്ങൾ പിടിപ്പെടാൻ ചുരുങ്ങിയത് 25 REM വേണം.അപ്പോളോ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 25000 കി, മീറ്ററാണ്.

   Delete
 3. MORE website > kishorens.com

  ReplyDelete
 4. വാൻ അലൻ റേഡിയേഷൻ ബെൽറ്റ്‌ എങ്ങനെ മറികടന്നു എന്നറിയാൻ ആഗ്രഹമുണ്ട്‌.

  ReplyDelete
  Replies
  1. This has been well studied. The analysis of total radiation encountered by the astronauts during the apollo missions has been presented here : http://history.nasa.gov/SP-368/s2ch3.htm

   As you can see, the total radiation encountered by the astronauts was much lower than the safe limit. The most important thing to note is that the astronauts were not orbiting in the van allen belt, they were only crossing it. So the time they spent in the belt was minimal (Standing in the sun for the whole day will make you dehytrated, but running from A to B in 10 minutes under the sun will not).

   The flight trajectories were also designed to send the vehicle through the thinner regions of the belt. There is a discussion here : https://en.wikipedia.org/wiki/Van_Allen_radiation_belt#Implications_for_space_travel

   Delete
 5. വാൻ അലൻ ബൽറ്റ് കണ്ടെത്തിയത് എത് കൊല്ലമാണ്

  ReplyDelete
 6. ഒരൽപം പോലും അറിവില്ലാത്ത കാര്യമാണ്. എന്നാലും ഇത് വായിക്കാതെ തന്നെ ചന്ദ്രനിൽ ആളുകൾ ഇറങ്ങിയ കാര്യം സത്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഈ ലേഖനം വായിച്ചപ്പോൾ ആ വിശ്വാസം കൂടുതൽ ഉറച്ചു. നന്ദി.

  വാൻ അലൻ ബെൽറ്റ്‌ എന്നൊക്കെ ആദ്യമായി കേൾക്കുകയാണ്‌. അതെപ്പോഴാ കണ്ടെത്തിയത് എന്ന മുകളിലെ ചോദ്യം ഈ ശാസ്ത്രീയ നേട്ടം കള്ളക്കഥയാണെന്ന വിശ്വാസത്തിൽ നിന്ന് വന്നതാണോ എന്ന് സംശയം തോന്നി. (അങ്ങനെയല്ലെങ്കിൽ ക്ഷമിക്കുക. എന്റെ തെറ്റ്) . വിക്കിയിൽ നോക്കിയപ്പോൾ ഇങ്ങനെ കാണുന്നു:
  Kristian Birkeland, Carl Størmer, and Nicholas Christofilos had investigated the possibility of trapped charged particles before the Space Age.[3] Explorer 1 and Explorer 3 confirmed the existence of the belt in early 1958 under James Van Allen at the University of Iowa.
  അതായത് വാൻ അലൻ ബെൽറ്റ്‌ കുറഞ്ഞപക്ഷം 1958 മുതലെങ്കിലും ശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു.

  ReplyDelete
 7. നാസക്ക് ഒരു സീക്കററ്റ് നോളേജ് മനേജുമെൻറ്റ് ഉണ്ട്, എല്ലാ രാജ്യങ്ങൾക്കും ഉണ്ട് എന്നാൽ വികാസം പ്രാപിച്ച മനേജുമെൻറ്റ് ആണ് നാസക്കുള്ളത് ഇതിൻെറ ലക്ഷ്യം ടെക്ക്നോജിയുടെ രഹസ്യങ്ങൾ ചോരാതിരിക്കാൻ, മേധാവിത്വം സ്ഥാപിക്കാൻ, സംഭാവനകൾ ലഭിക്കാൻ മറ്റൊരു ലക്ഷ്യം നാസ എന്തെങ്കിലും സത്യം വെളുപ്പെടുത്തിയാൽ ഒരു നാടകം കളിയായിരിക്കും, അമേക്കൻ പൗരൻ നന്നെയാണ് നാസയുടെ കള്ളകളി വെളുപ്പെടൂത്തിയത് ഇത് അവരുടെ ഒരു നാടകമാണ് ഇതിലൂടെ അവർക്ക് ലാഭം തന്നെയാണ്. ഒരു വ്യവഹാര പ്രപഞ്ചം സൃഷ്ടിക്കുക അതാണ് അവരുടെ ലക്ഷ്യംമണ്ടൻമാരാകുന്നത് വിഢ്ഢിയായ ജനം.

  ReplyDelete
 8. ചൊവ്വയിലെക്ക് കോടികൾ മുടക്കി പോകാം തിരിച്ചു വരാനുള്ള ടെക്ക്നോളജി ഇല്ലാത്തുകൊണ്ട് ചൊവ്വ കണ്ട് മരിക്കാം ( ചൊവ്വ കണ്ട് മരിക്കാം എന്നുള്ളത് ഒരു ഗ്യാരണ്ടിയും ഇല്ല കേട്ടൊ ) ഇതൊന്നും കേട്ടിടും ഒന്നും മനസിലാകുന്നില്ലെ.ഇത് നാസ പുറത്ത് വിട്ട വാർത്തയാണ്

  ReplyDelete
  Replies
  1. http://www.manoramaonline.com/technology/science/moon-landing-hoax.html

   Delete
 9. വളരെ നല്ലോരു വിവരണം ...

  ReplyDelete
 10. നാസ അന്നും ഇന്നും ...ലോകത്തിലെ എറ്റവും മികച്ച ബഹിരാകാശ സ്ഥാപനമാണ്‌ .......എണ്ണിയാൽ തീരാത്ത ഗവേഷണോപകരണങ്ങൾ സ്പേസിലേക്ക് അയച്ചു കൊണ്ടിരിക്കുന്നു ..ഇപ്പോഴും അയക്കുന്നു .........പുതുതായി എന്തെങ്കിലും കണ്ടുപിടിക്ക് ..........
  ചില ആളുകൾ സത്യം മനസിലായെങ്കിലും അത് മനസിലായില്ല എന്ന് ബോധപൂർവ്വം പറയുകയാണ് ..........നിങ്ങൾക്ക് സംശയം ഒരിക്കലും തീരില്ല ....തീരാനും സാധ്യത ഇല്ല ......ഇനിയും എന്തെകിലും അറിയണം എനന്നുണ്ടെങ്കിൽ നാസയുടെ വെബ്‌ സൈറ്റ് കണ്ണ് തുറന്ന് നോക്ക് .............

  ReplyDelete
 11. നല്ല ലേഖനം ....ഇനിയും എഴുതുക ..അഭിനന്ദനങ്ങൾ vaisakan.....

  ReplyDelete
 12. സ്വര്‍ണ്ണ ചേന, നാഗ മാണിക്യം, ഇതിനൊക്കെ ലക്ഷങ്ങള്‍ മുടക്കുന്ന നമ്മുടെ ജനതയെ വിശ്വസിപ്പിക്കാന്‍ വിഷമമാണ്.
  അവര്‍ അവരുടെ വഴിക്ക് പോകറ്റെ .

  ReplyDelete
 13. ഏലസും മന്ത്ര്ചരടും കെട്ടി ഇരുട്ടിൽ കഴിയുന്ന കുറെ ആളുകൾക്കു സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. മുൻവിധിയാണ് മറ്റൊരു തടസം.

  ReplyDelete
 14. ചാന്ദ്രയാത്ര തട്ടിപ്പോ? നാസ റിസോഴ്സ് ടീം അംഗത്തിന്റെ മറുപടി
  http://www.manoramaonline.com/technology/science/moon-landing-hoax.html

  ReplyDelete