Jul 14, 2015

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയോടടുക്കുമ്പോൾ

സൗരയൂഥവീടിന്റെ വരാന്തയിൽ ചുറ്റിനടക്കുന്ന പ്ലൂട്ടോ എന്ന കുള്ളഗ്രഹത്തെ കാണാനായി പുറപ്പെട്ട ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം ഏതാനം മണിക്കൂറുകൾക്കകം പ്ലൂട്ടോയോട് തൊട്ടടുത്തെത്തും. മനുഷ്യൻ ലക്ഷ്യം വച്ചിട്ടുള്ളതിൽ ഏറ്റവും ദൂരെയുള്ള ബഹിരാകാശവസ്തുവാണ് പ്ലൂട്ടോ എന്നതിനാൽ തന്നെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇത്. വളരെക്കാലം കൂടിയാണ് ഇത്തകമൊരു ദൗത്യം. ഇനി വളരെ വർഷത്തേയക്ക് ഇങ്ങനെയൊരെണ്ണം പ്രതീക്ഷിക്കാനുമില്ല. ന്യൂ ഹൊറൈസൺസ് ദൗത്യത്തെകുറിച്ച് ചില നുറുങ്ങുകൾ:
 

 1. ഇതൊരു flyby ദൗത്യമാണ്. അതായത് പ്ലൂട്ടോയിൽ ഇറങ്ങാനോ അതിനെ ചുറ്റി സഞ്ചരിക്കാനോ പോലും പേടകത്തിന് സാധിക്കില്ല. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 12,500 കി.മീ. അകലെക്കൂടി കടന്നുപോകുകയാണ് ചെയ്യുക. ഇത് നാളെ രാവിലെ ഇൻഡ്യൻ സമയം ഏതാണ്ട് 5.20 –ന് സംഭവിക്കും.
 2. ന്യൂ ഹൊറൈസൺസ് പേടകം ഇവിടന്ന് അങ്ങോട്ടുള്ള യാത്ര തുടങ്ങീട്ട് 9 കൊല്ലമായി! 2006 ജനുവരി 19-നാണ് അറ്റ്ലസ് V-551 എന്ന റോക്കറ്റിലേറി ഇത് കുതിച്ചുയർന്നത്.
 3. ഇവിടന്ന് അങ്ങോട്ട് പുറപ്പെടുമ്പോൾ ഇതുവരെ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഒരേയൊരു ഗ്രഹം എന്ന നിലയിലായിരുന്നു പ്ലൂട്ടോ. പക്ഷേ ദൗത്യം തുടങ്ങി ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴേയ്ക്കും പ്ലൂട്ടോയ്ക്ക് ഗ്രഹസ്ഥാനം നഷ്ടമായി.
 4. ഒമ്പത് വർഷം മുൻപ് ഇന്ന് നമ്മളുപയോഗിക്കുന്ന സ്മാർട് ഫോണുകൾ എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു എന്നോർത്തുനോക്കൂ. അതായത്, ഇന്ന് പ്ലൂട്ടോയെ പഠിക്കാൻ പോകുന്ന ബഹിരാകാശ പേടകം ഉപയോഗിക്കുന്നത് ഏതാണ്ട് പത്ത് വർഷം പഴക്കമുള്ള സാങ്കേതികവിദ്യ ആണ്.
 5. പ്ലൂട്ടോയോട് അടുത്തെത്തുമ്പോൾ പേടകത്തിന്റെ വേഗത സെക്കൻഡിൽ ഏതാണ്ട് 24 കിലോമീറ്റർ ആണ്! അതുകൊണ്ട് തന്നെ മിനിറ്റുകൾക്കുള്ളിൽ അത് പ്ലൂട്ടോയെ കടന്നുപോകും. ഇത്രേം കഷ്ടപ്പെട്ട് അവിടെ ചെന്നിട്ട് ഒന്ന് കൺകുളിർക്കെ കാണാനോ രണ്ട് കൊച്ചുവർത്തമാനം പറയാനോ നേരം കിട്ടില്ല എന്നർത്ഥം.
 6. പേടകത്തിൽ കൊള്ളാവുന്ന ഇന്ധനം മൊത്തം ഉപയോഗിച്ചാലും ഈ വേഗത 5 km/s ൽ അധികം കുറയ്ക്കാനാവില്ല. വേഗത കുറച്ച് പ്ലൂട്ടോയെ വിശദമായി ചുറ്റിപ്പഠിക്കാനുള്ള ഇന്ധനം കയറ്റി അയക്കാനായിരുന്നു പദ്ധതി എങ്കിൽ ഇന്ന് നിലവിലുള്ള ഒരു റോക്കറ്റിനും ഇതിനെ ബഹിരാകാശത്ത് എത്തിക്കാനാവുമായിരുന്നില്ല.
 7. യാത്രയ്ക്കിടെ വ്യാഴഗ്രഹവുമായിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. വ്യാഴത്തിന്റെ ഗുരുത്വാകർഷണം ഒരു തെറ്റാടി (കവണ) പോലെ പ്രവർത്തിച്ച് ഇതിനെ വലിച്ച് വിടുകയും, വേഗത 4 km/s വരെ കൂടിക്കിട്ടുകയും അങ്ങനെ യാത്രാക്കാലയളവ് മൂന്ന് വർഷം കുറച്ചുകിട്ടുകയും ചെയ്തു (gravitational slingshot). ആ പോക്കിന് വ്യാഴത്തെയും പഠനവിധേയമാക്കാൻ മറന്നില്ല.
 8. അടുത്ത് കിട്ടുന്ന ഇത്തിരി നേരം കൊണ്ട് ചിത്രങ്ങളെടുക്കുക, വിവിധ സെൻസറുകൾ പ്രവർത്തിപ്പിച്ച് കിട്ടാവുന്നത്ര ഡേറ്റ ശേഖരിക്കുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം. അത് കഴിഞ്ഞിട്ടേ ശേഖരിച്ച ഡേറ്റ ഭൂമിയിലേക്ക് അയച്ചു തുടങ്ങൂ.
 9. പ്ലൂട്ടോയുടെ അന്തരീക്ഷം, ഉപരിതലം, പരിസരം, ഉപഗ്രഹങ്ങൾ, പിന്നെ പ്ലൂട്ടോ ഉൾപ്പെടുന്ന കിയ്പ്പർ ബെൽറ്റിലെ മറ്റ് വസ്തുക്കൾ എന്നിവയെ ഈ പേടകം വിശദമായി പഠനവിധേയമാക്കും. ഇതിനായി ഏഴ് പേലോഡുകൾ അതിലുണ്ട്.
 10. പൊടിപടലങ്ങളെ പഠിക്കാനുപയോഗിക്കുന്ന പേലോഡ് ഉപകരണത്തിന് വെനീഷ്യ ബേണീ (Venetia Burney) യുടെ പേരാണ് നൽകിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്, ഒരു സ്കൂൾക്കുട്ടി ആയിരിക്കവേ 11-ാമത്തെ വയസ്സിൽ അവരാണ് ‘പ്ലൂട്ടോ’ എന്ന പേര് നിർദേശിച്ചത്. വെനീഷ്യ 2009-ൽ തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ അന്തരിച്ചു.
 11. ഇപ്പോൾ ഇവിടെ നിന്ന് പ്ലൂട്ടോയിലേക്കും, അതുകൊണ്ട് തന്നെ പേടകത്തിലേയ്ക്കുമുള്ള ദൂരം പരിഗണിക്കുമ്പോൾ അത് ഇങ്ങോട്ടയയ്ക്കുന്ന ഒരു സിഗ്നൽ ഏതാണ്ട് നാലര മണിക്കൂറെടുത്തേ ഇവിടെ എത്തൂ.
 12. ഇത്രയധികം ദൂരം സഞ്ചരിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ആ സിഗ്നൽ വല്ലാതെ ദുർബലമായി പടർന്നിരിക്കും. ഓസ്ട്രേലിയ, കാലിഫോർണിയ, സ്പെയ്ൻ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 200-അടി ഡിഷ് ആന്റിന നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ഈ സിഗ്നൽ സ്വീകരിക്കുന്നത്. ഇതു കാരണം 1024 പിക്സൽ നീളമുള്ള ഒരു ചിത്രം പൂർണമായി ട്രാൻസ്മിറ്റ് ചെയ്യാൻ ഏതാണ്ട് നാല്പത് മിനിറ്റ് സമയം വേണ്ടിവരും.
 13. പ്ലൂട്ടോയെ ആദ്യമായി കണ്ടെത്തിയ ക്ലൈഡ് ടോംബോ (Clyde Tombaugh)യുടെ ചിതാഭസ്മത്തിൽ നിന്നും ഒരു ഔൺസ് ഈ പേടകം വഹിക്കുന്നുണ്ട്. ടോംബോ 1997-ൽ അന്തരിച്ചിരുന്നു.

No comments:

Post a Comment