Aug 31, 2015

ഒരു ശബ്ദം കൂടി അടിച്ചമർത്തപ്പെട്ടിരിക്കുന്നു…


തീവ്രവാദം, ഭീകരവാദം എന്നൊക്കെ കേൾക്കുമ്പോൾ സിനിമകൾ പഠിപ്പിച്ച താടിയും തൊപ്പിയും യൂണിഫോമാണ് നമ്മുടെ മനസിലേയ്ക്ക് വരുന്നത്. എന്നാൽ ആ ചിത്രമൊക്കെ പൊളിച്ചെഴുതേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പ്രശസ്ത കന്നഡപണ്ഡിതനും ഗവേഷകനും ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറുമായ എം. എം. കാൽബർഗി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. 78 വയസ്സുള്ള ആ വൃദ്ധൻ കൊല്ലപ്പെട്ടത് കവർച്ചാ ശ്രമത്തിനിടെയോ പൊതുസ്ഥലത്തെ ബോംബ് സ്ഫോടനത്തിലോ ഒന്നുമല്ല. രണ്ട് ചെറുപ്പക്കാർ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി പുറത്തുവരുത്തി നെറ്റിയിലും നെഞ്ചിലും വെടിവെച്ച് കൊന്നു! അദ്ദേഹം ചെയ്ത തെറ്റ് കന്നഡഭാഷയിൽ പാണ്ഡിത്യം ഉണ്ടാക്കി, അതുപയോഗിച്ച് ആനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ്. നാളെയും ഷാർലി ഹെബ്ദോ കാർട്ടൂൺ ആക്രമണത്തെ അപലപിക്കുമ്പോൾ ഈ സംഭവം നമുക്ക് ഓർമ വരാൻ സാധ്യതയില്ല. കാരണം ഇതൊന്നും നമ്മുടെ കണ്ണിൽ ഭീകരവാദം ആയിട്ടില്ല. ഒരു വൃദ്ധന്റെ എഴുത്തുകളെ ഭയക്കുന്ന, തലയിൽ വെളിവില്ലാത്ത, എണ്ണത്തിൽ വളരുന്ന ഒരു ജനക്കൂട്ടം നമുക്ക് ‘അവര് കുറേപേർ’ മാത്രമാണ് ഇപ്പോഴും. വലതുപക്ഷ തീവ്രവാദം ഇൻഡ്യയുടെ മേൽ കരിനിഴൽ വീഴ്ത്തിയിട്ടും, ദേശദ്രോഹികൾ ദേശസ്നേഹത്തിന്റെ കൊടിയും പിടിച്ച് അഴിഞ്ഞാട്ടം തുടങ്ങിയിട്ടും നമ്മുടെ കണ്ണ് തുറന്നിട്ടില്ല. അവിടെ ആരോ, അവിടെ ആരുടേതോ ആയ പ്രശ്നങ്ങൾക്കായി, അവിടെ എന്തൊക്കെയോ ചെയ്യുന്നു… എന്ന ലാഘവബുദ്ധിയോടെ സ്വന്തം കാര്യം നോക്കി അങ്ങ് ജീവിയ്ക്കുന്നു. ഒരുപക്ഷേ സ്വന്തം കഴുത്തിൽ പിടി വീണാൽ പോലും നമുക്ക് മനസിലായെന്ന് വരില്ല, അത്രയ്ക്കുണ്ട് ബോധം. 

കാൽബർഗിയുടേത് ആദ്യത്തെ സംഭവമല്ല. 2013 ആഗസ്റ്റിലാണ് അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടിയ നരേന്ദ്ര ധബോൽക്കർ വെടിയേറ്റ് മരിയ്ക്കുന്നത്. സമാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാൻസാരേ 2015  ഫെബ്രുവരിയിൽ സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. ഈ രണ്ട് സംഭവങ്ങളിലും ഇന്നും പോലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. ആര് എന്തിന് ഈ വൃദ്ധരെ കൊന്നുകളഞ്ഞു എന്നത് ഇപ്പോഴും ദുരൂഹമത്രേ! ഇവരെല്ലാവരും യുക്തിവാദികളും ഒരേ കാക്കക്കൂട്ടിലേയ്ക്ക് വിമർശനമെയ്തവരാണെന്നും അറിഞ്ഞിട്ടും ഇപ്പോഴും എല്ലാം ദുരൂഹം! കാൽബർഗിയുടെ മരണം നടന്ന് അധികം കഴിയും മുന്നേ ബജ്രംഗ്ദൾ പ്രവർത്തകൻ ഭുവിത് ഷെട്ടി, ട്വിറ്ററിൽ എഴുതിയത് “അന്ന് യു. ആർ. അനന്തമൂർത്തി, ഇന്ന് കാൽബർഗി. ഹിന്ദുത്വത്തെ കളിയാക്കിയാൽ പട്ടികളെപ്പോലെ ചാവും. അടുത്തത് നിങ്ങളാണ് കെ. എസ്. ഭഗ്‌വാൻ” എന്നാണ്. (കന്നഡിക യുക്തിവാദിയായ കെ. എസ്. ഭഗ്‌വാനാണ് അടുത്ത ഭീഷണി) ട്വിറ്ററിൽ കടുത്ത പ്രതികരണങ്ങൾ വന്നപ്പോൾ അയാൾ ട്വീറ്റ് ഡിലീറ്റ് ചെയ്ത് സ്വന്തം ട്വിറ്റർ ഹാൻഡിലായ @GarudaPurana (വിക്രമിന്റെ ‘അന്യൻ’ സിനിമ കണ്ടവർക്ക് ഈ ഗരുഡപുരാണ എന്ന വാക്ക് കേൾക്കുമ്പോൾ എന്ത് തോന്നുന്നു?) ഡിസേബിൾ ചെയ്തുകളഞ്ഞു. മറ്റൊരിയ്ക്കൽ പശുക്കളെ കടത്തിയ ഒരു മുസ്ലീമിന്റെ കൈ താൻ സ്വയം അരിഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ട ആളാണ് ഈ ഭുവിത് ഷെട്ടി. ഇയാൾക്കൊക്കെ ഇപ്പോഴും സ്വതന്ത്രമായി നടക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളൊക്കെ നന്നായി പേടിയ്ക്കണം എന്നാണ്. 

ബംഗ്ലാദേശിൽ ബ്ലോഗർമാർ കൊല്ലപ്പെടുന്നതിനെ അപലപിയ്ക്കാം. ഐസിസിന്റെ ചെയ്തികളെ അപലപിയ്ക്കാം. പക്ഷേ തത്കാലം അവയെ നമുക്ക് ഭയക്കേണ്ട സാഹചര്യം ഇല്ല. ഭയക്കേണ്ട സംഭവങ്ങൾ ഇതൊക്കെയാണ്. ഇവിടെ നമ്മുടെ പടിവാതിൽക്കൽ കാണുന്ന ലക്ഷണങ്ങളാണ് ആദ്യം കാണേണ്ടതും തിരിച്ചറിയേണ്ടതും. ഉയരാൻ സാധ്യതയുള്ള ശബ്ദങ്ങളെ അവ ഉയരുന്നിടങ്ങളിൽ തന്നെ നിശ്ശബ്ദമാക്കിയാൽ പിന്നെ അവശേഷിയ്ക്കുന്നത് പ്രതികരണശേഷിയില്ലാത്ത ഒരു കഴുതക്കൂട്ടം ആയിരിക്കും എന്ന് അവർക്കറിയാം. നമ്മളത് അറിയാതിരിക്കുന്നിടത്ത് നമ്മുടെ പതനം ആരംഭിയ്ക്കുന്നു.

Aug 24, 2015

സിനിമയും വഴിതെറ്റുന്ന യുവത്വവും

“സിനിമ യുവാക്കളെ സ്വാധീനിയ്ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന്, “സംശയം വേണ്ട, സ്വാധീനിയ്ക്കുന്നുണ്ട്.” എന്ന് തന്നെയാണ് എന്റെ ഉത്തരം. അങ്ങനെയെങ്കിൽ പ്രേമം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കോളേജിൽ അക്രമം നടന്നത് എന്ന വാദത്തെ ഞാനിന്നലെ കളിയാക്കിയതെന്തിന് എന്ന കാര്യം വ്യക്തമാക്കണമല്ലോ.

സിനിമ കുട്ടികളെ സ്വാധീനിയ്ക്കുന്നുണ്ട് എന്ന് പറയുന്നതും സിനിമയുടെ സ്വാധീനം കൊണ്ടാണ് കുട്ടികൾ വഴിതെറ്റുന്നത് എന്ന് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തം സൗകര്യത്തിന് വേണ്ടി ആദ്യത്തെ കാര്യത്തെ വലിച്ചുനീട്ടി കൊണ്ടെത്തിക്കുന്ന സിദ്ധാന്തമാണ് രണ്ടാമത്തേത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനും പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് പണിയെളുപ്പമാക്കാനും എടുത്തെഴുന്നള്ളിക്കാവുന്ന ഒരു കാര്യമല്ല സിനിമയുടെ സ്വാധീനം. 

സിനിമയുടെ സ്വാധീനം ശരിവെച്ചുകൊണ്ട് തന്നെ ചോദിച്ചോട്ടെ, ‘പ്രേമം’ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ട് വയലൻസിനിറങ്ങിയ (ജാമ്യം: ഈ പ്രേമം എന്നുപറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല) ഒരാൾ, ‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്തുമോ? ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ തോക്കെടുക്കുമോ? 

ഇതൊന്നും സംഭവിക്കില്ല എന്ന് എല്ലാവർക്കും അറിയാം. ഇതിന്റെ ഉത്തരം അതെ എന്നാണെങ്കിൽ സിനിമ കുട്ടികളെ വഴിതെറ്റിയ്ക്കും എന്ന് സമ്മതിയ്ക്കാം.

‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്താൻ തോന്നുന്ന ആളിന് ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ വിപ്ലവം നടത്താൻ തോന്നണമെന്നില്ല. ഇത് രണ്ടും രണ്ടുതരം മനോഭാവങ്ങളിൽ നിന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ്. കുടി നിർത്താനുള്ള സന്ദേശവുമായി ഇറങ്ങി എന്ന് പറയപ്പെടുന്ന ‘സ്പിരിറ്റി’ൽ മോഹൻലാൽ വെള്ളമടിയ്ക്കുന്ന രീതി കണ്ട് ആകൃഷ്ടരായവരുടെ എണ്ണമെടുത്താൽ മനസിലാവും പ്രചോദനം വരുന്ന വഴി. സിനിമ തുടങ്ങുന്നതിന് മുന്നേ ഭീകരശബ്ദത്തിൽ പുകവലിയുടെ ദോഷവശം പറയുന്ന പരസ്യം കാണുമ്പോൾ സിഗരറ്റ് വാങ്ങുന്ന കാര്യം ഓർമിക്കുന്നവരുടെ എണ്ണമെടുത്താലും മതി. എന്തിനധികം, ദൈവം നേരിട്ട് കൊടുത്തതെന്ന് പറയപ്പെടുന്ന ഒരേ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരിൽ തന്നെ ഒരാൾ അഹിംസാവാദിയും ഒരാൾ ഭീകരവാദിയും ആയി മാറുന്നു! അതായത് ആളുകൾ അനുകരിയ്ക്കുന്നതും പ്രചോദനമായി കണ്ടെത്തുന്നതും അവരവരുടെ അഭിരുചിയ്ക്ക് ഉതകുന്ന കാര്യങ്ങളാണ്. ‘പ്രേമം’ സ്റ്റൈലിൽ വസ്ത്രമിടുന്ന യുവാവിന്റെ ലക്ഷ്യം ‘പ്രേമം’ സിനിമയെ അനുകരിയ്ക്കുക എന്നതല്ല, സ്റ്റൈൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തിനുള്ള ഒരു വഴി മാത്രമാണ് അയാൾക്ക് ‘പ്രേമം’. പ്രേമം റിലീസായില്ലായിരുന്നു എങ്കിൽ അതിന് പകരം മറ്റൊരു സിനിമയാകുമായിരുന്നു. സിനിമകളേ ഇല്ലായിരുന്നു എങ്കിൽ അതിന് അവർ അവരുടേതായ വഴികൾ കണ്ടെത്തിയേനെ. സിനിമകൾ ഇത്ര പോപ്പുലറാവുന്നതിന് മുന്നേ ക്യാംപസുകളിലെ യുവാക്കളെല്ലാം തന്നെ പത്തരമാറ്റ് തങ്കക്കട്ടികളായിരുന്നു എന്ന രീതിയിലുള്ള വാദങ്ങൾ പരിഹാസ്യമാണ്. നസീറിന്റേയും ജയന്റേയുമൊക്കെ ശൈലികൾ അനുകരിയ്ക്കാൻ ശ്രമിച്ചൊരു തലമുറ ഇവിടത്തെ ക്യാംപസുകളിൽ ഇല്ലായിരുന്നു എന്നാണോ?

ഒരു കാര്യം കൂടി ഇവിടെ ചേർക്കേണ്ടതുണ്ട്. ഒരു കാലത്ത് തമിഴന്റെ താരാരാധനയെ കളിയാക്കിയിരുന്ന കേരളത്തിൽ മെഗാസ്റ്റാറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്ന ഒരു യുവതലമുറ ഉണ്ടായിരിയ്ക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചേ പറ്റൂ. ശാസ്ത്രപ്രചരണത്തിനോ സാംസ്കാരികപ്രവർത്തനത്തിനോ യുവാക്കളെ കിട്ടാതെ വരികയും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനും വഴിനീളെ അതിന്റെ ഫ്ലക്സ് ബാനർ വെക്കാനും ആവശ്യത്തിൽ കൂടുതൽ യുവാക്കളുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കേണ്ടത് സിനിമയിലല്ല. ഗൗരവമുള്ള കാര്യങ്ങളിൽ താത്പര്യമില്ലാതെ ഉപരിപ്ലവമായ കാര്യങ്ങളിലേയ്ക്ക് യുവാക്കൾ പോകാനൊരുങ്ങുമ്പോൾ അവർക്ക് മുന്നിലുള്ള അനേകം മാർഗങ്ങളിൽ ഏറ്റവും പോപ്പുലറായ ഒന്ന് എന്ന സ്ഥാനമേ സിനിമയ്ക്കുള്ളു. കുട്ടികളിൽ ഗൗരവമുള്ള ഒന്നിനോടും താത്പര്യം ജനിയ്ക്കുന്നില്ല എങ്കിൽ അതിൽ അവരുടെ മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന മുതിർന്നവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാര്യങ്ങൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആവശ്യമില്ലാത്തതാണെന്നും, വാങ്ങുന്ന ഡിഗ്രികൾ ജോലിയ്ക്കുള്ള ഇന്റർവ്യൂവിന് കാണിക്കാൻ വേണ്ടിയുള്ളതാണെന്നും ഉള്ള സന്ദേശം കുട്ടിയ്ക്ക് കൊടുക്കുന്നതാരാണ്? സഹവർത്തിത്വത്തിനും പരസ്പരസഹകരണത്തിനും പകരം അടങ്ങാത്ത മത്സരത്വര കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് ആരാണ്? സാമൂഹ്യബോധത്തിന് പകരം, ‘ഞാൻ, എന്റെ മാർക്ക്, എന്റെ ജീവിതം’ എന്ന തികഞ്ഞ സ്വാർത്ഥതയുടെ പാഠം അവരെ പഠിപ്പിക്കുന്നതാരാണ്? സ്കൂൾ-വീട്-ട്യൂഷൻ എന്ന ചക്രത്തിന് വെളിയിൽ ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിലേയ്ക്കുള്ള വാതിൽ കുട്ടിയുടെ മുന്നിൽ കൊട്ടിയടയ്ക്കുന്നത് ആരാണ്? വിശാലമായ ഒരു ലോകം പരിചയപ്പെടുത്തുന്നതിന് പകരം എൻജിനീയർ, ഡോക്ടർ എന്നിങ്ങനെ ഇടുങ്ങിയ വഴികൾ മാത്രം അവരുടെ മുന്നിലേയ്ക്ക് തുറന്നിടുന്നതാരാണ്? അതിരിക്കട്ടെ, കുട്ടിയെ പഠനമുറിയിൽ അടച്ച് പുറത്ത് ഉച്ചത്തിൽ സീരിയൽ കണ്ടാസ്വദിയ്ക്കുന്ന ഒരു കുടുംബം കുട്ടിയ്ക്ക് നൽകുന്ന സന്ദേശം എന്താണെന്നാണ് കരുതുന്നത്? കുട്ടിയെ കാറിലോ ബൈക്കിലോ ഇരുത്തിക്കൊണ്ട് സിഗ്നൽ തെറ്റിയ്ക്കുന്ന അച്ഛൻ കുട്ടിയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? ഇന്ന് താന്തോന്നികൾ എന്ന് നിങ്ങൾ വിളിയ്ക്കുന്ന ഒരുകൂട്ടം യുവാക്കൾ ആ രൂപത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. സ്വയം മുതിർന്നവർ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരുകൂട്ടം ജനതയുടെ കൺമുന്നിലാണ് അവർ പിച്ചവെച്ച് നടന്ന്, വളർന്ന്, ഈ വലിപ്പത്തിലായത്. അവർ മഹാൻമാരായാൽ അഭിമാനിക്കാൻ തയ്യാറെടുക്കുന്ന മുതിർന്നവർക്ക്, അവർ വഴി തെറ്റിപ്പോയാൽ ലജ്ജിക്കാനും കാരണമുണ്ട്. നിങ്ങളുടെ കൂടെ കഴിവുകേടാണത്. കുട്ടികളെ ഇറച്ചിക്കോഴിയെപ്പോലെ വളർത്തപ്പെടുന്നവർ സൂക്ഷിച്ചേ പറ്റൂ. ഇറച്ചി ആകാനായില്ലെങ്കിൽ അവയെ മറ്റൊന്നിനും കൊള്ളില്ല. ഡോക്ടറാക്കാൻ വേണ്ടി വളർത്തുന്ന കുട്ടിയ്ക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒന്നുമാകാൻ കഴിഞ്ഞില്ല എന്ന ബോധമാകും ബാക്കി.

ഇപ്പറഞ്ഞതൊക്കെ പല സാധ്യതകളിൽ ചിലത് മാത്രമാണ്. വീട്ടിലേയും നാട്ടിലേയും അന്തരീക്ഷം മുതൽ പല ഘടകങ്ങൾ ചേർന്ന് വളരെ സങ്കീർണമായ രീതിയിൽ രൂപപ്പെടുന്നതാണ് ഓരോ വ്യക്തിത്വവും. അതിൽ സംഭവിക്കുന്ന പാകപ്പിഴകളെ ഏതെങ്കിലും ലളിതമായ ഒറ്റക്കാരണത്തിൽ കൊണ്ട് കെട്ടി തീർപ്പ് കല്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. പ്രശ്നത്തിന് പരിഹാരം വേണമെങ്കിൽ ആദ്യം പ്രശ്നം എവിടാണെന്ന് കാണണം. അതിന് മെനക്കെടാൻ വയ്യെങ്കിൽ കടന്നുപോയ ചെറുപ്പത്തിന്റെ നഷ്ടബോധം മറക്കാൻ ‘ഇപ്പഴത്തെ ചെറുപ്പക്കാർക്ക്’ സാരോപദേശം കൊടുത്തും അവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് മാർക്കിട്ടും ഇങ്ങനെ ഇരിയ്ക്കാം.

Aug 20, 2015

കാര്യമില്ലാത്ത കാര്യത്തിനല്ലേ നമ്മൾ ശ്വാസം മുട്ടുന്നത്?


കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ, സിറ്റിയിൽ ഒരാൾ വാരാനായി കാത്തുനിൽക്കവേ സമയം പോകാൻ ഒരു കണക്കെടുപ്പ് നടത്തി. വഴുതക്കാട് ആസാദ് ഹോട്ടലിന് മുന്നിൽ വൈകുന്നേരം 5:55 മുതൽ 06:05 വരെയുള്ള പത്ത് മിനിറ്റിനുള്ളിൽ ഇടത്തേയ്ക്ക് സഞ്ചരിക്കുന്ന (വൺ-വേ ആണ്) സ്വകാര്യ കാറുകളുടെ എണ്ണം എടുക്കുക. അതിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നവ എത്ര, ഒന്നിൽ കൂടുതൽ പേർ സഞ്ചരിക്കുന്നത് എത്ര എന്നതാണ് അറിയേണ്ടത്. പത്ത് മിനിറ്റിൽ, സർക്കാർ വാഹനങ്ങളേയും ടാക്സികളേയും ഒഴിവാക്കി എണ്ണിയ മൊത്തം 68 കാറുകളിൽ 53 എണ്ണം ഒരാൾ ഒറ്റയ്ക്ക് ഓടിച്ചവയാണ്. ബാക്കി 15 എണ്ണത്തിൽ മാത്രമാണ് ഒന്നോ അതിലധികമോ ആളുകൾ കൂടി ഉണ്ടായിരുന്നത്. 53-ൽ പകുതിയോളം ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ വലിപ്പം കൂടിയ എസ്.യൂ.വി. വാഹനങ്ങളുമാണ്.

എണ്ണമെടുക്കുന്നത് ആദ്യമായിട്ടാണെങ്കിലും നഗരത്തിൽ നോക്കിയാൽ ഒരാൾ മാത്രം സഞ്ചരിക്കുന്ന കാറുകളുടെ ബാഹുല്യം ശ്രദ്ധയിൽ പെട്ടിട്ട് കുറേ നാളായി. ചോദിച്ചാൽ, “എന്റെ കാശ് കൊടുത്ത് വാങ്ങുന്ന കാറ്, ഞാൻ കൂടി ടാക്സ് അടയ്ക്കുന്ന റോഡ്, നീയാരാടാ ചോദിക്കാൻ?” എന്ന മറുചോദ്യം വരാം. ശരിയാണ്. പക്ഷേ ഓണക്കാലം കൂടിയായതോടെ സിറ്റിയിൽ പലയിടത്തും ശ്വാസം മുട്ടിയ്ക്കുന്ന ട്രാഫിക് ബ്ലോക്കാണ്. തുണിക്കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ റോഡ് അപഹരിച്ച് പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ, എനിക്ക് കയറേണ്ട കടയുടെ തൊട്ട് മുന്നിലേ ഞാൻ പാർക്ക് ചെയ്യൂ എന്ന വാശിയിൽ ഗ്യാപ്പ് നോക്കി ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന കാറുകൾ, പത്താള് കൂടുന്നിടത്ത് സവാരി തരപ്പെടുമോ എന്ന് നോക്കിനോക്കി ചുറ്റിപ്പറ്റി കറങ്ങുന്ന ഓട്ടോകൾ, ഏതെങ്കിലും ഒരു വണ്ടി സ്ലോ ആയാൽ ആ നിമിഷം ഏതെങ്കിലും വശത്ത് കൂടി അതിന്റെ മുന്നിൽ കേറാൻ ധൃതിപ്പെട്ട് ഏത് ഗ്യാപ്പിലും ഇഴഞ്ഞ് കയറുന്ന ബൈക്കുകൾ എന്നിവയാണ് പ്രധാന കാഴ്ചകൾ. ഇതിനിടെ പൊതുഗതാഗതം ആശ്രയിക്കുന്ന ആളുകൾ ബ്ലോക്കിനെ പ്രാകി സർക്കാർ-സ്വകാര്യ ബസുകളിൽ ഞെങ്ങിഞെരുങ്ങി ശ്വാസം മുട്ടുന്നു. 

റോഡിന് വീതി കൂട്ടാൻ ചെന്നാൽ സ്ഥലമെടുപ്പ് തടയുകയും, അതേ സമയം ട്രാഫിക് ബ്ലോക്കിനെ പ്രാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നമ്മുടെ മുഖമുദ്ര. ഇത്രയും ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടിൽ ശരിയ്ക്കും റോഡുകളുടെ വീതി കൂട്ടുക എന്നത് ഒരു പരിധിയ്ക്കപ്പുറം പ്രായോഗികമല്ല. ഇന്നലെ, ഓഗസ്റ്റ് 19-ന് തിരുവനന്തപുരം ആർ.ടീ.ഓ.യിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന പുതിയ വാഹനങ്ങൾ 206 എണ്ണം ആണ്! ഇവയിൽ ഭൂരിഭാഗവും നഗരത്തിലെ റോഡുകളിലാകും ഓടാൻ പോകുന്നത്. (ഈ സൈറ്റിൽ പോയാൽ തീയതി വെച്ചുള്ള കണക്കുകൾ കിട്ടും) ഈ നിരക്കിൽ നമ്മുടെ റോഡുകൾക്ക് വീതി കൂടുന്നുണ്ടോ? കൂട്ടാമെന്ന് വെച്ചാൽ തന്നെ അത് പ്രായോഗികമാകുമോ? മെയിൻ റോഡുകളും വീതി തീരെ കുറഞ്ഞ ഇടറോഡുകളുമായി നിരത്തുകൾക്ക് നമ്മുടെ നാട്ടിൽ ലഭ്യമായ സ്ഥലവിസ്താരം വളരെ കുറവാണ്. അതായത് റോഡ് ടാക്സ് അടയ്ക്കുന്നവരെല്ലാം കൂടി റോഡിലേക്കിറങ്ങിയാൽ ഓരോരുത്തർക്കും കിട്ടുന്ന റോഡിന്റെ പങ്ക് വളരെ കുറവായിരിക്കും. നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒരു കാർ ഒരാൾ ഒറ്റയ്ക്ക് റോഡിലേക്കിറക്കുമ്പോൾ മൂന്ന് പേർക്ക് കൂടി സഞ്ചരിക്കാവുന്ന റോഡ് വിസ്താരമാണ് അയാൾ ഉപയോഗിക്കുന്നത്. ഈ മൂന്നുപേരും അവരവരുടെ കാറെടുത്ത് ഇറങ്ങിയാലോ? പന്ത്രണ്ട് പേരുടെ സ്ഥലം കൂടി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പത്ത് മിനിറ്റിൽ ഒരു സ്ഥലത്തുകൂടി കടന്നുപോയ 53 കാറുകളുടെ കണക്കെടുത്താലോ? ഒരു സാധാരണ വൈകുന്നേരം നഗരത്തിലോടുന്ന ഒരു ബസിൽ എത്ര ആളുകൾ യാത്ര ചെയ്യുന്നുണ്ടാകും? ശരാശരി തിരക്കുള്ള ഒരു ബസിൽ പോലും 60 പേരെങ്കിലും കാണും. ഒരു വശത്ത് അറുപത് പേർ ഒരു ബസിന്റെ വിസ്താരത്തിൽ നീങ്ങുമ്പോൾ, മറുവശത്ത് അതിന് തുല്യമായ എണ്ണം ആളുകൾ അറുപത് കാറുകളുടെ വിസ്താരം കൈയടക്കിയാണ് നീങ്ങുന്നത്! കാറുള്ള ആൾ ചെലവാക്കുന്ന തുകയും ബസ് യാത്ര ചെയ്യുന്ന ആൾ മുടക്കുന്ന ടിക്കറ്റ് ചാർജും വ്യത്യാസമുണ്ടെങ്കിലും, സ്ഥലം, ഇന്ധനം എന്നീ വിഭവങ്ങളുടെ ദുരുപയോഗം ന്യായീകരിക്കാൻ അത് ഉപയോഗിക്കാനാവുമോ? കൈയിൽ കാശുള്ള ആൾ അതുപയോഗിച്ച് വിഭവം കൈക്കലാക്കുമ്പോൾ അയാളുടെ ആ കൈക്കലാക്കൽ തന്നെ വിഭവത്തിന്റെ ലഭ്യത കുറയ്ക്കുകയും, വില കൂട്ടുകയും, അങ്ങനെ കാശില്ലാത്ത ആളിന് അത് കൂടുതൽ കൂടുതൽ അപ്രാപ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതേ ലോജിക് അല്ലേ ‘Energy saved is energy produced’ എന്ന മുദ്രാവാക്യം വിളിച്ച് വൈദ്യുതി പാഴാക്കരുത് എന്നാവശ്യപ്പെടുന്ന സർക്കാർ പരസ്യത്തിന് പിന്നിലുള്ളത്? ഇത് റോഡിനും ബാധകമല്ലേ? അതിനും നിയന്ത്രണം ആവശ്യമല്ലേ? ഇവിടെ നഗരത്തിൽ ബ്ലോക്കിൽ പെട്ട് ഞെരിപിരി കൊള്ളുന്നത് കാശുള്ളവരും ഇല്ലാത്തവരും ഒരുമിച്ചല്ലേ? നിയന്ത്രണം രണ്ടുപേരേയും സഹായിക്കുകയല്ലേ ഉള്ളൂ? ശരിയായി ഉപയോഗിച്ചാൽ എല്ലാവർക്കും സഞ്ചരിക്കാനുള്ള സ്ഥലം റോഡിലുള്ളപ്പോൾ, കാര്യമില്ലാത്ത കാര്യത്തിനല്ലേ നമ്മളീക്കിടന്ന് ശ്വാസം മുട്ടുന്നത്?

Aug 17, 2015

പ്രകാശത്തിനെന്താ കൊമ്പുണ്ടോ?


പ്രകാശപ്രവേഗം സാദ്ധ്യമായതില്‍ ഏറ്റവും കൂടിയ വേഗതയാണെന്നും അതിനെക്കാള്‍ വേഗതയില്‍ മറ്റൊന്നിനും സഞ്ചരിക്കാനാവില്ലെന്നുമുള്ള കാര്യം മിക്കവര്‍ക്കും അറിവുള്ളതാണല്ലോ. അപ്പോ സ്വാഭാവികമായും ഒരു സംശയം വരാം ( വന്നിട്ടുണ്ടാകാം), സത്യത്തില്‍ പ്രകാശത്തിനെ ഈ വിശിഷ്ടസ്ഥാനത്തിരുത്തുന്നത് എന്താണ്?

ഉത്തരത്തില്‍ രണ്ട് ‘കൊനഷ്ടു’കളുണ്ട്!

  1. പ്രകാശത്തേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ കഴിയില്ല എന്ന പ്രസ്താവന പൂര്‍ണമായും ശരിയല്ല!
  2. സാദ്ധ്യമായ പരമാവധി പ്രവേഗമെന്ന് നമ്മള്‍ പറയുന്ന പ്രകാശപ്രവേഗം പ്രകാശത്തിന്റെ ഗുണവിശേഷമല്ല!
ആദ്യത്തേത് ആശയക്കുഴപ്പമുണ്ടാക്കുന്നതും രണ്ടാമത്തേത് അവ്യക്തവുമാണ്, അല്ലേ?
ഓരോന്നായി സാവധാനം പരിശോധിക്കാം.

പ്രകാശത്തേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ കഴിയില്ല എന്ന പ്രസ്താവന ശരിയല്ല എന്ന് പറയുമ്പോള്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികത തെറ്റാണ് എന്നല്ല പറയുന്നത്. ‘പ്രകാശത്തിന്റെ വേഗത’ എന്ന കാഴ്ച്ചപ്പാടില്‍ നമ്മള്‍ സാധാരണ അവഗണിക്കുന്ന ഒരു വശമുണ്ട് എന്നതാണ് ഇവിടത്തെ പ്രശ്നം. സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ എന്ന് ഏകദേശമായും 299,792,458 മീറ്റര്‍ എന്ന് കൃത്യമായും പറയുന്ന വേഗത, പ്രകാശം ശൂന്യതയിലൂടെ അല്ലെങ്കില്‍ വായുവിലൂടെ സഞ്ചരിക്കുന്ന വേഗതയാണ്. ഇതിനെ c എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കും (വേഗത എന്നർത്ഥമുള്ള 'celeritas' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് c വന്നത്). പക്ഷേ മറ്റ് മാധ്യമങ്ങളില്‍ അതിനത്രയും വേഗതയുണ്ടാവില്ല (ഉദാഹരണത്തിന് വജ്രത്തില്‍ പ്രകാശത്തിന് സെക്കന്റില്‍ 1.2 ലക്ഷം കി.മീ. മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ). ശരിക്കും മറ്റ് വസ്തുക്കള്‍ക്ക് മറികടക്കാന്‍ കഴിയാത്ത വേഗത c എന്ന ഒരു സ്ഥിരസംഖ്യ കൊണ്ട് സൂചിപ്പിക്കുന്ന വേഗതയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭൗതികവസ്തുക്കള്‍ക്ക് സാധ്യമായ ഏറ്റവും വലിയ വേഗത c ആണ്. പ്രകാശം ആ വേഗതയില്‍ സഞ്ചരിക്കുന്നു എന്നേയുള്ളു. അത് പ്രകാശകണങ്ങളായ ഫോട്ടോണുകളുടെ പിണ്ഡം പൂജ്യമായതിനാലാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു അനന്തരഫലമാണ്, വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ക്ക് വേഗതയ്ക്ക് ആനുപാതികമായി പിണ്ഡം വര്‍ദ്ധിക്കും എന്നത്. ചലിക്കുന്ന ഒരു വസ്തുവിന്റെ പിണ്ഡം, അതിന്റെ നിശ്ചലാവസ്ഥയിലുള്ള പിണ്ഡത്തെ r എന്നൊരു സംഖ്യ കൊണ്ട് ഗുണിക്കുന്നതിന് തുല്യമാണ്. ഈ r ആകട്ടെ വേഗതയ്ക്കനുസരിച്ച് കൂടുന്ന ഒരു സംഖ്യയുമാണ്. സാധാരണ വേഗതകളില്‍ ഒരു വസ്തുവിനുണ്ടാകുന്ന പിണ്ഡവര്‍ദ്ധനവ് അവഗണിക്കാവുന്നത്ര ചെറുതായിരിക്കുമെങ്കിലും c-യോട് അടുത്ത വേഗതയില്‍ എത്തുമ്പോള്‍ സാരമായ വര്‍ദ്ധനവുണ്ടാകും. ഗണിതപരമായി നോക്കുമ്പോള്‍, വേഗത c ആകുന്ന പക്ഷം വസ്തുവിന്റെ പിണ്ഡം അനന്തമാകുമെന്ന് കാണാം. വേഗത c ആകുമ്പോള്‍ r അനന്തമാകും എന്നതാണ് കാരണം. അനന്ത പിണ്ഡമുള്ള വസ്തുവിന് ചലിക്കാന്‍ അനന്തമായ ഊര്‍ജം വേണ്ടിവരുമെന്നതിനാല്‍ വസ്തുവിന് ഒരിക്കലും c വേഗത കൈവരിക്കാന്‍ കഴിയില്ല. ഈ പ്രശ്നം പക്ഷേ പിണ്ഡമില്ലാത്ത കണങ്ങള്‍ക്ക് ബാധകമല്ല എന്ന് വ്യക്തമാണല്ലോ. കാരണം r എന്ന സംഖ്യ എത്ര വലുതായാലും അത് പൂജ്യത്തെ ഗുണിക്കുന്നതുകൊണ്ട് മാറ്റമൊന്നും വരില്ല. അതുകൊണ്ട് പ്രകാശ കണങ്ങള്‍ക്ക് c വേഗത കൈവരിക്കാന്‍ കഴിയും (നമ്മള്‍ സാധാരണഭാഷയില്‍ പ്രകാശം അല്ലെങ്കില്‍ Light എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ണുകള്‍ക്ക് സംവേദിക്കാന്‍ കഴിയുന്ന ദൃശ്യപ്രകാശത്തെയാണ്. എന്നാല്‍ ഫിസിക്സില്‍ അത് സാമാന്യമായി വൈദ്യുതകാന്തിക തരംഗം -electromagnetic wave- എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ദൃശ്യപ്രകാശം അതിന്റെ ഒരു ഭാഗം മാത്രമാകുന്നു). പ്രകാശത്തിന് മാത്രമല്ല, പിണ്ഡം (കൃത്യമായി പറഞ്ഞാൽ rest mass അഥവാ നിശ്ചലാവസ്ഥയിലുള്ള പിണ്ഡം) പൂജ്യമായ ഏത് കണത്തിനും c വേഗത കൈവരിക്കാന്‍ കഴിയും. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, ഉണ്ടെന്നുറപ്പിച്ചിട്ടില്ലാത്ത, ഗ്രാവിറ്റോണുകള്‍ എന്ന കണങ്ങള്‍ക്കും ഇതേ കാരണത്താല്‍ ആ വേഗത കൈവരിക്കാനാകും.

ഇനി രണ്ടാമത്തെ കൊനഷ്ട് ഉത്തരത്തിലേക്ക് വരാം.

പ്രകാശപ്രവേഗം പ്രകാശത്തിന്റെ ഗുണവിശേഷമല്ല, മറിച്ച് അത് ഒരര്‍ത്ഥത്തില്‍ അത് സഞ്ചരിക്കുന്ന മാധ്യമത്തിന്റെ ഗുണവിശേഷമാണ്. പ്രകാശത്തെ പരസ്പരപൂരകമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ ഒരു പരേഡായി കണക്കാക്കാവുന്നതാണ്. അതായത് മാറുന്ന കാന്തികമണ്ഡലം ഒരു മാറുന്ന വൈദ്യുതമണ്ഡലം ഉണ്ടാക്കുന്നു, ആ മാറുന്ന വൈദ്യുതമണ്ഡലം മാറുന്ന ഒരു കന്തികമണ്ഡലവും ഉണ്ടാക്കുന്നു. ഈ പ്രക്രിയ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് വഴിയാണ് വൈദ്യുതകാന്തികതരംഗം പ്രത്യേകിച്ച് ഒരു മാദ്ധ്യമത്തിന്റേയും സഹായമില്ലാതെ തന്നെ സഞ്ചരിക്കുന്നത്. ഒരു വസ്തു എത്രത്തോളം നന്നായി വൈദ്യുത മണ്ഡലത്തിനും കാന്തിക മണ്ഡലത്തിനും വഴങ്ങിക്കൊടുക്കുന്നു എന്നതിനനുസരിച്ചായിരിക്കും ആ വസ്തുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത നിര്‍ണയിക്കപ്പെടുന്നത്. ഒരു വസ്തുവിന്റെ വൈദ്യുത സ്ഥിരാങ്കം, കാന്തിക സ്ഥിരാങ്കം എന്നിങ്ങനെ വിളിക്കുന്ന രണ്ട് സംഖ്യകളാണ് അതിന്റെ യഥാക്രമം വൈദ്യുത, കാന്തിക മണ്ഡലങ്ങളോടുള്ള വഴങ്ങിക്കൊടുക്കല്‍ തീരുമാനിക്കുന്നത്. ശൂന്യതയുടെ വൈദ്യുത-കാന്തിക സ്ഥിരാങ്കങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കുന്ന പ്രാപഞ്ചിക സ്ഥിരാങ്കമാണ് യഥാര്‍ത്ഥത്തില്‍ c. ഇത് പ്രകാശത്തിന്റെ വേഗത അളന്ന് കണ്ടുപിടിച്ച സ്ഥിരാങ്കമല്ല, മറിച്ച് ഗണിതപരമായി (സൈദ്ധാന്തികമായി) കണക്കാക്കപ്പെട്ട ഒന്നാണ്. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം പറയുന്നതും ഇതേ c-യെക്കുറിച്ചാണ്. (ജെയിംസ് ക്ളാര്‍ക്ക് മാക്സ്‍വെല്‍ എന്ന ശാസ്ത്രജ്ഞനാണ് വൈദ്യുത-കാന്തിക പ്രതിഭാസങ്ങളുടെ സൈദ്ധാന്തിക അവലോകനം വഴി c-യുടെ മൂല്യത്തില്‍ എത്തിയത്. പ്രകാശവേഗവും ഈ സ്ഥിരാങ്കവും തമ്മില്‍ താരതമ്യം ചെയ്ത് പ്രകാശം ഒരു വൈദ്യുതകാന്തികതരംഗമാണെന്ന് പറഞ്ഞതും അദ്ദേഹം തന്നെ).

പ്രകാശം ഒരു വസ്തുവിലൂടെ സഞ്ചരിക്കുന്ന വേഗതകൊണ്ട് പ്രകാശം ശൂന്യതയില്‍ സഞ്ചരിക്കുന്ന വേഗതയെ ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയെ ആ വസ്തുവിന്റെ അപവര്‍ത്തന സ്ഥിരാങ്കം (Refractive index) എന്ന് വിളിക്കും. അതായത് അപവര്‍ത്തന സ്ഥിരാങ്കം (n കൊണ്ട് സൂചിപ്പിക്കാം) എത്രത്തോളം കൂടുന്നുവോ അത്രത്തോളം പതിയെ ആയിരിക്കും ആ വസ്തുവിലൂടെ പ്രകാശം സഞ്ചരിക്കുന്നത്. നിര്‍വചനം അനുസരിച്ച് ശൂന്യതയ്ക്ക് n-ന്റെ മൂല്യം 1 ആണ്. വെള്ളത്തിന് അത് 1.3-ഉം ഗ്ളാസിന് 1.5-ഉം വജ്രത്തിന് അത് 2.4-ഉം ആണ്. ഇതിന് ഒരു കൗതുകകരമായ അനന്തരഫലം കൂടിയുണ്ട്. ചില അവസരങ്ങളില്‍ ചില വസ്തുക്കളിലൂടെ ചാര്‍ജുള്ള കണങ്ങള്‍ (ആ വസ്തുവില്‍) പ്രകാശത്തിന് സഞ്ചരിക്കാവുന്നതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാറുണ്ട്. ഇത്തരം ഉന്നത ഊര്‍ജനിലയിലുള്ള കണങ്ങള്‍ വസ്തുവിലെ ഇലക്ട്രോണുകളെ ഉത്തേജിപ്പിക്കുകയും, അങ്ങനെ ഉത്തേജിപ്പിക്കപ്പെട്ട ഇലക്ട്രോണുകള്‍ പ്രകാശരൂപത്തില്‍ ആ ഊര്‍ജം പുറത്തേയ്ക്ക് കളയുകയും ചെയ്യും. പക്ഷേ ഇങ്ങനെ ഉണ്ടാകുന്ന പ്രകാശത്തിന് അതിന് കാരണക്കാരായ ചാര്‍ജിത കണങ്ങളെക്കാള്‍ വേഗത കുറവായിരിക്കും എന്നതിനാല്‍, കണങ്ങളുടെ പിന്നിലേക്ക് ഒരു കോണിന്റെ ആകൃതിയിലുള്ള ഒരു പ്രകാശബീം ആയിട്ടായിരിക്കും ഇത് കാണപ്പെടുക. (ഓടുന്ന കാറിന്റെ ഹെഡ്‌ലൈറ്റ് പ്രകാശം പിന്നിലേക്ക് പായുന്നത് ഓര്‍ത്ത് നോക്കിയേ!) ഇതിനെ ചെറണ്‍കോവ് വികിരണം എന്ന് വിളിക്കും. ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് പിന്നില്‍ രൂപം കൊള്ളുന്ന ഷോക്ക് വേവിന് തുല്യമാണ് ഈ പ്രതിഭാസം. ന്യൂക്ലിയാര്‍ റിയാക്ടറിന്റെയൊക്കെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളില്‍ മനോഹരമായ ഒരു നീലനിറം ശ്രദ്ധിച്ചിട്ടില്ലേ? ചെറണ്‍കോവ് വികിരണമാണത്. (അല്ലാതെ പടത്തിന് ഗുമ്മ് കിട്ടാന്‍ ഫോട്ടോഷോപ്പില്‍ കേറ്റി പണിതേക്കുന്നതല്ല!).

മറ്റൊരു കൗതുകം കൂടിയുണ്ട്- പ്രകാശത്തിന്റെ വേഗത സെക്കന്റില്‍ 299,792,458 മീറ്ററാണ് എന്ന് പറയുന്നതിനേക്കാള്‍ ശരിയായ പ്രസ്താവന, പ്രകാശം ഒരു സെക്കന്റില്‍ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന്റെ 299,792,458-ല്‍ ഒരംശത്തെയാണ് ഒരു മീറ്റര്‍ എന്ന് വിളിക്കുന്നത് എന്നതാണ്. അതായത് പ്രകാശം സഞ്ചരിച്ച ദൂരത്തെ മീറ്ററില്‍ അളക്കുകയല്ല, മറിച്ച് പ്രകാശം സഞ്ചരിക്കുന്ന ദൂരം ആധാരമാക്കി മീറ്റര്‍ എന്ന യൂണിറ്റിനെ നിശ്ചയിച്ചിരിക്കുകയാണ് ഇന്ന് നമ്മള്‍. അതുകൊണ്ട് തന്നെ ഇനി എത്ര സങ്കീര്‍ണമായ വിദ്യ ഉപയോഗിച്ച് അളന്നാലും ഇതിലും കൃത്യമായി നിങ്ങള്‍ക്കീ വേഗത പറയാന്‍ കഴിയില്ല! ഇതാണ് പ്രകാശത്തിന്റെ കൊമ്പിന്റെ സത്യാവസ്ഥ!

Aug 10, 2015

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു.

പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി! 

പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്വല്പം വൈകലൊക്കെ സ്വാഭാവികമാണല്ലോ. എന്നാലും സംഗതിയുടെ കിടപ്പ് ഒന്ന് അറിയാൻ ടിക്കറ്റിൽ തന്നിരിക്കുന്ന ഫോൺ നംബറിലേക്ക് വിളിക്കാൻ തീരുമാനിച്ചു. PNR number, Trip code, Bus number, Happy Journey എന്നൊക്കെ പറഞ്ഞ് റെയിൽവേയെ വെല്ലുന്ന ടിക്കറ്റ് ഡീറ്റെയ്ൽസ് sms ആയി വന്നത് കണ്ടപ്പോ KSRTC നന്നായിപ്പോയി എന്ന് തെറ്റിദ്ധരിച്ചുപോയി എന്നതാണ് സത്യം. തമാശ എന്താന്ന് വെച്ചാൽ, Crew phone number എന്നും പറഞ്ഞ് KSRTC തന്നിരിക്കുന്നത് ഒരു ലാൻഡ് ഫോൺ നംബറാണ്! 
എന്തരോ ആവട്ട്! വിളിച്ചു.
 

"അയ്യോ സാറേ, അത് കൃത്യം അഞ്ചരയ്ക്ക് തന്നെ ഇവിടന്ന് (പാലക്കാട്ന്ന്) പുറപ്പെട്ടല്ലോ സാറേന്ന്" ആള്.
 

"അതിതുവരെ ഇവിടെ എത്തീലല്ലോ സാറേ, എവിടെത്തീന്ന് അറിയാൻ പറ്റ്വോ സാറേന്ന്" ഞാൻ.
 

"അവിടെ വന്ന് സാറിനെ വിളിച്ച് ബസിൽ കയറ്റീട്ടേ അവര് പോകുള്ളു സാറേന്ന്" ആള്.
 

ഞാൻ സമ്മതിച്ചു. ഫോൺ വെച്ചു.
 

പിന്നേം കാത്തിരിപ്പ്.
 

ഇതിനിടെ ഫോണിൽ നെറ്റ് കിട്ടുന്നില്ലാത്തതിനാൽ ഒന്നുരണ്ട് സുഹൃത്തുക്കളെ ഇന്റർനെറ്റിലിറക്കി KSRTC വെബ് സൈറ്റിൽ ഇപ്പറഞ്ഞ ആനവണ്ടി ട്രാക്ക് ചെയ്യാനുള്ള പരിപാടി വല്ലതും ഉണ്ടോ എന്ന് തപ്പിച്ചു. അതെങ്ങനെ! "ഞങ്ങൾക്ക് ബസോടിക്കാനല്ലേ അറിയൂ! അത് എവിടെ എത്തി എന്നറിയാൻ പറ്റില്ലല്ലോ" എന്ന് സൈറ്റ്! നേരത്തെ പറഞ്ഞപോലെ Trip code, Bus code, മലപ്പൊറം കത്തീന്നൊക്കെ കേട്ടപ്പോ അറിയാതെ പ്രതീക്ഷിച്ചുപോയതാണ്.

മണിക്കൂർ ഒന്നര! ഇതിനിടെ സിൽവർ ലൈൻ ജെറ്റ് പോലെ ഇരിക്കുന്ന ഒന്നുരണ്ട് ബസ് മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയത് കണ്ടിരുന്നു. ഇനി അവരെങ്ങാനും എന്നെ കൂട്ടാതെ പോയോ എന്ന സംശയം ബലപ്പെട്ടു!

പിന്നേം വിളിച്ചു. 

"ബ്ലോക്കായിരിക്കും സാറേ, സാറൊന്ന് തൃശൂര് വിളിച്ച് ചോദിയ്ക്ക്" എന്ന് ആ സാറ്. 

യേത്, ടിക്കറ്റിൽ crew number എന്നുംപറഞ്ഞ് തന്നിരിക്കുന്ന നമ്പറിലിരുന്ന് ആ സാറ് പറയുവാ ഞാൻ തൃശൂര് സ്റ്റാൻഡില് വിളിച്ച് ചോദിക്കാൻ! തല്ലിക്കൊന്നാലും ഇപ്പറയുന്ന ബസിലെ ഡ്രൈവറേയോ കണ്ടക്റ്ററേയോ വിളിക്കാൻ ആൾക്ക് പറ്റൂല. 

ആവശ്യം എന്റെയല്ലേ! ഫോൺ വിളികൾ ഫുട്ബോൾ കോർട്ടിലെ പന്ത് പോലെ തലങ്ങും വിലങ്ങും എന്നെ തട്ടിക്കൊണ്ടിരുന്നു. തൃശൂര് പോരാത്തപ്പോ എറണാകുളം, അവര് പറയുന്നു വൈറ്റിലയില് വിളിക്കാൻ, അവര് പറയുന്നു തിരോന്തരത്തോട്ട് വിളിച്ച് ചോദിക്കാൻ! വൈറ്റ് ഹൗസിലേയ്ക്ക് വിളിക്കാൻ പറഞ്ഞില്ലാന്നേ ഉള്ളൂ. സംഗതി ആ ബസിലേക്കൊഴികേ ബാക്കി എവിടേയ്ക്ക് വിളിക്കാനുള്ള നംബർ വേണമെങ്കിലും KSRTC സാറൻമാറുടെ കൈയിലുണ്ട്.

അവസാനം കൂട്ടുകാരിയുടെ വക വൈറ്റില ഹബ്ബിലേക്കുള്ള രണ്ടാമത്തെ ഫോൺ വിളി ലക്ഷ്യം കണ്ടു. ടി ബസ് 9.30-ന് അവിടെങ്ങാണ്ട് കണ്ടിരുന്നു പോലും!

സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞു. ഇനി രണ്ട് ഓപ്ഷനുകളേ കാണാനുള്ളു- ഒന്നുകിൽ അവരെന്നെ മൈൻഡ് ചെയ്യാതെ പോയി, അല്ലെങ്കിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ ഏതോ അപകടത്തിൽ പെട്ടു. (രണ്ടാമത്തേത്, ശശിയായി എന്ന് സ്വയം അംഗീകരിക്കാനുള്ള മടികൊണ്ട് 'സിംപതിയുടെ പുറത്ത്' കണ്ടുപിടിക്കുന്ന ഓപ്ഷനാണെന്നറിയാം.) രണ്ടായാലും ഞാൻ മൂഞ്ചി!!

മുനിസിപ്പൽ സ്റ്റാൻഡ് ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതാണ്. അവിടെ ആ സമയത്ത് മറ്റ് ബസുകളോ ആളുകളോ വരാറില്ല. ചുറ്റും നോക്കിയപ്പോ ഞങ്ങൾ രണ്ടുപേരും കുറേ പട്ടികളും മാത്രമേയുള്ളു. ഇനി നോക്കിയിട്ട് കാര്യമില്ലാ എന്ന തീരുമാനത്തിൽ ജോയിച്ചേട്ടൻ എന്നെ ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. അവിടെ നിന്നും നട്ടപ്പാതിരായ്ക്ക് എവിടന്നോ വന്നൊരു സൂപ്പർ ഫാസ്റ്റിന്റെ ഏറ്റവും പിന്നിൽ ബാക്കിയുണ്ടായിരുന്ന സീറ്റിൽ മേലോട്ടും താഴോട്ടും ചാടിച്ചാടി തിരുവനന്തപുരം വരെ അഡ്വഞ്ചർ റൈഡ്! ഇരട്ടി ടിക്കറ്റ് ചാർജ് കൊടുത്ത് സിൽവർ ലൈനിന്റെ നടുവിലത്തെ സീറ്റ് ബുക്ക് ചെയ്ത് ക്ഷീണമില്ലാത്ത യാത്ര സ്വപ്നം കണ്ട ഞാനാ!

KSRTC ഇനിയും ഇതുവഴി വരില്ലേ ആനവണ്ടികളും തെളിച്ചുകൊണ്ട്?

(ബസിന്റെ ചാട്ടം കാരണം ഉറക്കമൊന്നും നടന്നില്ല. ഏതാണ്ടൊന്ന് മയങ്ങി വന്നപ്പോഴുണ്ട് ഒരു ബഹളം. കൊല്ലം ബസ് സ്റ്റാൻഡിൽ വണ്ടി നിന്നപ്പോ അവിടത്തെ ഒരു ചായക്കടക്കാരൻ വന്ന് ബസിന്റെ രണ്ട് വശത്തും പിന്നിൽ നിന്ന് മുന്നിൽ വരെ തട്ടി ബഹളം വെച്ച് ആളുകളെ ഉണർത്തീട്ട് പറയുവാ, ചായ റെഡിയാണ്, ഇറങ്ങി കുടിക്കാൻ! @#!@$ ആ ബഹളത്തിൽ ബസിലെ ഏതാണ്ടെല്ലാ യാത്രക്കാരും ഉണർന്നു.  അവിടെ ഇറങ്ങി അയാളെ ആ ചാലിൽ ചവിട്ടിത്താഴ്ത്താനാണ് തോന്നിയത്! ആ ബഹളത്തിലും ഉണരാതെ പിടിച്ച് നിന്ന  ഒരു ചേട്ടനെ ചായ കുടിച്ചിട്ട് വന്ന കണ്ടക്ടർ തന്നെ ഉണർത്തിവിട്ടു. അങ്ങോർക്ക് അവിടെയായിരുന്നു ഇറങ്ങേണ്ടത്)

Aug 5, 2015

പ്രപഞ്ചം ഒരു സൂചിക്കുഴയിലൂടെ…

ഒരു പേപ്പറെടുത്ത് 1 മില്ലിമീറ്റർ വശമുള്ള സമചതുരാകൃതിയിൽ ഒരു ദ്വാരമിടുക. എന്നിട്ട് അതുമായി ഇരുട്ടത്ത് വെളിയിലേക്കിറങ്ങി ഒരു മീറ്റർ അകലത്തിൽ പിടിച്ച് ആ ദ്വാരത്തിലൂടെ ആകാശത്തേയ്ക്ക് നോക്കുക. (ഓർക്കണേ 1 മില്ലിമീറ്റർ വലിപ്പമുള്ള ദ്വാരമെന്നൊക്കെ പറഞ്ഞാൽ ഒരു സൂചിക്കുഴയിലൂടെ നോക്കുന്ന പോലെ തന്നെയാണ്, അതും ഒരു മീറ്റർ അകലെപ്പിടിച്ച്!) എന്ത് കാണും? ഒന്നും കാണൂല. 

പക്ഷേ നോക്കേണ്ടതുപോലെ നോക്കിയാൽ അവിടെ കാണാൻ ഒരുപാടുണ്ട്. ഒരുപാടെന്ന് വച്ചാൽ, ഒരുപാാാാട്!

ഈ ചിത്രം നോക്കൂ. ആകാശത്തിന്റെ ഒരു സൂചിക്കുഴ നോട്ടമാണിത്. നോക്കിയത് സാക്ഷാൽ ഹബിൾ സ്പെയ്സ് ടെലിസ്കോപ്പാണ് എന്നേയുള്ളു. ആകാശത്ത് ഓറയൺ നക്ഷത്രഗണത്തിന് തെക്കുപടിഞ്ഞാറായി കാണപ്പെടുന്ന ഫോർനാക്സ് എന്ന ചെറിയ നക്ഷത്രഗണത്തിനുള്ളിൽ വെറും കണ്ണിന് ശൂന്യമായി തോന്നുന്ന ഒരു സൂചിക്കുഴ പ്രദേശത്ത് നിന്നും പകർത്തിയ ചിത്രമാണിത്. ഇതിനെ ശാസ്ത്രലോകം Hubble Ultra Deep Field (HUDF) ചിത്രമെന്ന് വിളിക്കുന്നു. 


ഈ ചിത്രത്തിൽ പ്രകാശക്കുത്തുകളായി കാണുന്ന ഏതാണ്ടെല്ലാം തന്നെ ഗാലക്സികളാണ്, നക്ഷത്രങ്ങളല്ല. ഒരു ഗാലക്സിയിൽ തന്നെ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടാകുമെന്ന് അറിയാമല്ലോ. അതുപോലെ പതിനായിരത്തോളം ഗാലക്സികളാണ് ഈ സൂചിക്കുഴ പ്രദേശത്തുള്ളത് എന്ന്!

ഈ ചിത്രം ചുമ്മാ ക്യാമറ വെച്ചങ്ങ് ക്ലിക്ക് ചെയ്തെടുത്തതാണ് എന്ന് കരുതരുത്. ഒരേ പ്രദേശത്തേയ്ക്ക് 11 ദിവസത്തിലധികം നീണ്ട സമയത്തേയ്ക്ക് ക്യാമറ തുറന്ന് പിടിച്ച് എടുത്ത long-exposure ചിത്രമാണിത്. (11 ദിവസത്തെ exposure എന്നാൽ 20 ദിവസത്തിൽ കൂടുതൽ നിരീക്ഷണം വേണ്ടിവരും, കാരണം ബഹിരാകാശത്ത് ഭൂമിയെ ഓർബിറ്റ് ചെയ്തോണ്ടിരിക്കുന്ന ഹബിൾ ടെലിസ്കോപ്പിനെ ഓർബിറ്റിന്റെ പകുതി ഭാഗത്തേ ഒരേ ദിശയിലേക്കുള്ള നിരീക്ഷണത്തിന് ഉപയോഗിക്കാൻ കഴിയൂ.) നാല് വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ച് പകർത്തിയ ഡേറ്റ ഒരുമിച്ച് കൂട്ടി false-color ചെയ്താണ് ഇതുണ്ടാക്കിയത്. അതായത് നാല് ഫിൽട്ടറുകളും നാല് തരംഗദൈർഘ്യത്തിലുള്ള പ്രകാശമാണ് ശേഖരിക്കുന്നത്. അവയെ ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളായി കണക്കാക്കിയാണ് composite image ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലെ നിറങ്ങൾ കൃത്യമല്ല. മാത്രമല്ല, 2003-2004 കാലത്ത് ഹബിൾ നിർമിച്ച് deep field image-നോട്, 2009-ൽ പുതിയതായി പിടിപ്പിച്ച വൈഡ് ഫീൽഡ് ക്യാമറ-3 വച്ച് ശേഖരിച്ച അൾട്രാവയലറ്റ്, ഇൻഫ്രാ റെഡ് ഡേറ്റ കൂടി ചേർത്ത് രൂപപ്പെടുത്തിയ ചിത്രമാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. ശാസ്ത്രീയമായ വിവരങ്ങൾ ഉൾപ്പെട്ട ഒരു infographic ആയിട്ടാണ് ഈ ചിത്രം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ പ്രപഞ്ചത്തിന്റെ ആ ഭാഗം ‘കാഴ്ചയ്ക്ക്’ എങ്ങനെയിരിക്കും എന്നൊരു ചിത്രീകരണമല്ല ഇത്. അതുകൊണ്ടാണ് ഫാൾസ്-കളർ ഉപയോഗിക്കുന്നത്. 

ഈ ചിത്രത്തിലെ പല ഗാലക്സികളും ഇതുവരെ നിരീക്ഷിക്കപ്പെട്ടതിൽ വച്ച് ഏറ്റവും അകലെയുള്ള വസ്തുക്കളുടെ ലിസ്റ്റിൽ പെട്ടവയാണ്. അവയിൽ തന്നെ പലതും ബിഗ് ബാംഗ് കഴിഞ്ഞ് വെറും 40-നും 80-നും ഇടയ്ക്ക് കോടി വർഷങ്ങൾ മാത്രം കഴിഞ്ഞപ്പോൾ രൂപം കൊണ്ടവയാണ്. നക്ഷത്രങ്ങളുടേയും ഗാലക്സികളുടേയും രൂപീകരണത്തെ സംബന്ധിച്ച പല വിലപ്പെട്ട അറിവുകളും ഈ ചിത്രത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. 

HUDF-ൽ തന്നെ അല്പം കൂടി ചെറിയ ഒരു പ്രദേശത്തെ കൂടുതൽ വിശദമായി ചിത്രീകരിക്കുന്ന Hubble Extreme Deep Field (XDF) ഉൾപ്പടെ നിരവധി Deep field ചിത്രങ്ങൾ നിലവിലുണ്ട്.  അവയുടെ ലിസ്റ്റ് ഇവിടെ.

നിങ്ങളുടെ കമ്പ്യൂട്ടർ മോണിറ്ററിന് താങ്ങാവുന്നതിനെക്കാൾ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചിത്രത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നോർക്കണേ. ഇതിലെ വിവരങ്ങൾ വച്ച് ഗാലക്സികളിലേക്കുള്ള ദൂരങ്ങൾ കൂടി പരിഗണിച്ച് നിർമിച്ച ഈ fly-through വീഡിയോ കൂടി കാണുക:
 

Aug 2, 2015

ചാഞ്ചാടുണ്ണീ അറിഞ്ഞാട്...

വാശിപിടിച്ച് കരയുന്ന കുഞ്ഞിനെ തൊട്ടിലിലോ ഊഞ്ഞാലിലോ ഒക്കെ ആട്ടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന പ്രശ്നമാണ് ഇത് പിടിവിട്ടാൽ പതിയെ നിന്നുപോകും എന്നത്. ഇത് താനേ നിലക്കാതെ ആടുമായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നും. അതിരിക്കട്ടെ, ഇങ്ങനെ ആട്ടിവിടുന്ന ഊഞ്ഞോലോ തൊട്ടിലോ ഒക്കെ പതിയെ പതിയെ ചലനം നിർത്തുന്നത് എന്തുകൊണ്ടാണ്? എന്താണ് അതിനെ പിടിച്ച് നിർത്തുന്നത്?

വശങ്ങളിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുന്ന അതിനെ ഭൂമിയുടെ ഗുരുത്വാകർഷണം തുടർച്ചയായി താഴേയ്ക്ക് വലിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണോ?

അല്ലേയല്ല!!

ആടുന്ന ഊഞ്ഞാലിനെ നിർത്തുന്നതിൽ എന്തിനെങ്കിലും പങ്കില്ല എങ്കിൽ അത് ഗുരുത്വാകർഷണത്തിനാണ്. മാത്രവുമല്ല, ഗുരുത്വാകർഷണത്തിന് മാത്രമായി വിട്ടുകൊടുത്താൽ ഊഞ്ഞാലിനെ അത് നിർത്താതെ ആട്ടിക്കൊണ്ടിരിക്കും!

ഒറ്റനോട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒരുത്തരമല്ല ഇത്. ഗ്രാവിറ്റി മാത്രമല്ല അതിനെ നിർത്തുന്നത് എന്നുപറഞ്ഞാൽ സമ്മതിക്കാം, പക്ഷേ ഗ്രാവിറ്റിയ്ക്ക് ഒരു പങ്കുമില്ല എന്ന് പറഞ്ഞാലോ.

ഒരു പെൻഡുലത്തിന്റെ ഉദാഹരണം എടുത്ത് ഊഞ്ഞാലാട്ടത്തിന്റെ മെക്കാനിസം ഒന്ന് പരിശോധിക്കാൻ പോകുകയാണ് നമ്മൾ. ഒരു ഉറച്ച സപ്പോർട്ടിൽ തൂങ്ങുന്ന ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ല് കെട്ടിത്തൂക്കിയിട്ടാൽ പെൻഡുലമായി. ഫിസിക്സിൽ simple pendulum എന്ന് വിളിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സങ്കല്പമാണിത് (simple അല്ലാത്ത പെൻഡുലങ്ങളും ഉണ്ട്).

പെൻഡുലത്തെ സ്വതന്ത്രമായി വിട്ടിരുന്നാൽ അത് നേരെ താഴേയ്ക്ക് തൂങ്ങിക്കിടക്കും അല്ലേ? ഇനി നമ്മളാ ചരടിനെ ഒരു വശത്തേയ്ക്ക് വലിച്ചുകൊണ്ട് പോകുന്നതായി സങ്കല്പിക്കുക. ചിത്രത്തിൽ ഈ രണ്ട് ഘട്ടങ്ങളും കാണിച്ചിട്ടുണ്ട്. ഇനി പതിയെ നമ്മൾ കല്ലിലെ പിടി വിടുന്നു. (പിടി അങ്ങ് വിടുകയേ വേണ്ടു, തള്ളരുത്) എന്ത് സംഭവിക്കും? ഇത് നിത്യജീവിതത്തിൽ വളരെ പരിചയമുള്ള സാഹചര്യമായതിനാൽ കണ്ണുമടച്ച് പറയാം, പെൻഡുലം അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. oscillation എന്നാണ് ഇത്തരം ചലനത്തിനെ വിളിക്കുക.

ഇനി ഈ ചലനത്തിന്റെ ശാസ്ത്രമാണ് പരിശോധിക്കേണ്ടത്. ന്യൂട്ടനമ്മാവൻ പറഞ്ഞ കാര്യം മറക്കരുത്- അനങ്ങാതിരിക്കുന്നത് അനങ്ങാനും അനങ്ങുന്നത് നിൽക്കാനും അതിൽ ഒരു അസന്തുലിച ബലം പ്രയോഗിക്കപ്പെട്ടേ പറ്റൂ! (every object continues in its state of rest or of uniform motion until an external unbalanced force acts on it)

ഒന്നാമത്തെ ചിത്രത്തിൽ കല്ല് വെറുതേ താഴേയ്ക്ക് തൂങ്ങിക്കിടക്കുകയാണ്. അപ്പോ അതിൽ ബലമൊന്നും പ്രയോഗിക്കപ്പെടുന്നില്ലേ? തീർച്ചയായും ഉണ്ട്. ഗുരുത്വാകർഷണം അതിനെ താഴേയ്ക്ക് വലിക്കുന്നുണ്ട്. സാധാരണ സാഹചര്യങ്ങളിൽ ഗ്രാവിറ്റി ഒരു ഒഴിയാബാധയാകുന്നു. അപ്പോ പന്ത് ചലിക്കാതെ നിൽക്കുന്നതോ? ചലിക്കാൻ വെറുതേ ഒരു ബലം പോരാ, അത് 'unbalanced' ആയിരിക്കണം. ഇവിടെ ഗ്രാവിറ്റിയെ ബാലൻസ് ചെയ്യാൻ ഒരു ബലം കൂടിയുണ്ട്- ചരട് മുകളിലേക്ക് വലിക്കുന്ന എതിർബലം. ഗുരുത്വാകർഷണത്തിന് വിധേയമായ കല്ല് ചരടിനെ ഗുരുത്വദിശയിൽ വലിക്കുമ്പോൾ ചരട് കല്ലിനെ തിരിച്ച് വലിക്കുന്നതാണിത്. ഭൂമി എത്രത്തോളം ബലം പ്രയോഗിക്കുമോ അത്രത്തോളം ബലം ചരട് കല്ലിൽ പ്രയോഗിച്ചാലേ കല്ല് അതിൽ നിൽക്കൂ. ചരടിലെ തൻമാത്രകൾക്കിടയിലുള്ള രാസബന്ധനത്തിനോ ചരടിനെ സപ്പോർട്ടിലേക്ക് പിടിച്ച് നിർത്തുന്ന ഘർഷണത്തിനോ ഇത്രയും ബലം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലാ എങ്കിൽ കല്ല് പൊട്ടി താഴെ കിടക്കും! ബലത്തിന്റെ അളവിനോടൊപ്പം ദിശ കൂടി ബാലൻസ് ആയാലേ കല്ലിന് സന്തുലനാവസ്ഥയിൽ വരാൻ കഴിയൂ. അതുകൊണ്ടാണ് സന്തുലനാവസ്ഥയിൽ ചരട് ഗ്രാവിറ്റിയുടെ അതേ ദിശയിൽ തൂങ്ങുന്നത്. (നമ്മുടെ മേസ്തിരിമാർ തൂണൊക്കെ പണിയുമ്പോൾ 'മട്ടം' നോക്കാനായി നാടൻ ഭാഷയിൽ 'കുണ്ടും നൂലും' എന്ന് വിളിക്കുന്ന ഒരു സൂത്രം ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ? ഒരു ചരടിൽ ഒരു ഭാരമുള്ള വസ്തു തൂക്കിയാൽ അത് നേരേ തറയ്ക്ക് 'മട്ടം' ആയിട്ട് ഭൂമിയുടെ കേന്ദ്രത്തിന് നേർക്ക് നിൽക്കുമെന്ന ശാസ്ത്രസത്യം തൂണിന്റെ നില്പ് കണക്കാക്കാൻ അവർ ഉപയോഗിക്കുന്നു).

ഇവിടെയാണ് നമ്മൾ രണ്ടാമത്തെ ചിത്രത്തിലെപ്പോലെ കല്ലിന്റെ സന്തുലനാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത്. കൈയിലെ പേശികൾ ചലിപ്പിക്കുന്ന ഊർജം ചെലവാക്കി നമ്മളാ കല്ലിനെ ഒരു വശത്തേയ്ക്ക് വലിക്കുന്നു. (ചരട് ഇലാസ്റ്റിക് സ്വഭാവം ഇല്ലാത്തതാണെന്ന് സങ്കല്പിക്കണം. ഇല്ലെങ്കിൽ സംഗതി ആകെ 'കാംപ്ലിക്കേറ്റഡ്' ആവും) സ്വാഭാവികമായും കല്ലിന്റെ നിരപ്പ് ഭൂമിയെ അപേക്ഷിച്ച് ഉയർന്നേ പറ്റൂ. അതായത് കല്ലിന്റെ പൊട്ടൻഷ്യൽ എനർജി (PE) കൂടുന്നു. പേശികൾ കല്ലിൽ ചെലവാക്കിയ ഊർജമാണ് ഈ PE ആയി മാറുന്നത്. ഇവിടെ വച്ച് നമ്മൾ കല്ലിലെ പിടി വിടുന്നു. അതുവരെ ഗുരുത്വാകർഷണത്തെ ബാലൻസ് ചെയ്തോണ്ടിരുന്ന നമ്മുടെ കൈയിലെ എതിർബലമാണ് നമ്മൾ പിൻവലിക്കുന്നത്. ഇവിടെയും ഗുരുത്വം താഴേയ്ക്കാണ്. പക്ഷേ ചരടിലെ വലിവ് അതിന് നേരെ വിപരീത ദിശയിലല്ല, അതല്പം ഇടത്തേയ്ക്ക് ചരിഞ്ഞ ദിശയിലാണ്. അതായത് ചരടിലെ വലിവിന് ബാലൻസ് ചെയ്യാനാവാത്ത ഒരംശം ഗ്രാവിറ്റി കല്ലിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. ഒരു unbalanced force. കല്ലിന്റെ സന്തുലനാവസ്ഥ തകിടം മറിയുന്നു. സ്വാഭാവികമായും അത് വീണ്ടെടുക്കാൻ കല്ല് ശ്രമിക്കും. ഒന്നാം ചിത്രത്തിലെ പോലെ, ചരടിന് നൽകാൻ കഴിയുന്ന വലിവുബലം ഗുരുത്വത്തിന് എതിർദിശയിലാക്കുകയേ മാർഗമുള്ളു. പക്ഷേ ഇവിടെയാണ് പ്രശ്നം,

ചരട് പഴയ ചരട് തന്നെ ആയിരിക്കും, പക്ഷേ കല്ല് പഴയ കല്ല്ലല്ല!!

അതിന് മുന്നത്തേതിനെക്കാൾ ഊർജം കൂടുതലാണ്. ഇത് വെറുതേ എടുത്തങ്ങ് കളയാൻ പറ്റില്ല, കൈമാറ്റം ചെയ്യുകയോ രൂപമാറ്റം വരുത്തുകയോ മാത്രമേ നിർവാഹമുള്ളു. (Conservation of energy)

പിടി വിട്ട് താഴേയ്ക്ക് വരുമ്പോൾ ഉയരം കുറയുന്നതിനനുസരിച്ച് കല്ലിന്റെ PE കുറഞ്ഞുവരും, പകരം അതിന്റെ ഗതികോർജം (Kinetic Energy, KE) കൂടുന്നു. KE കൂടുന്നു എന്നാൽ ചലന വേഗത കൂടുന്നു എന്നർത്ഥം. താഴേയ്ക്ക് വരുന്ന കല്ലിന് PE യെ KE ആക്കി മാറ്റുക എന്നതേ മാർഗമുള്ളു. പഴയ P എന്ന ബിന്ദുവിൽ എത്തുമ്പോഴേയ്ക്കും നമ്മൾ നൽകിയ അധിക ഊർജം മൊത്തം KE ആയി മാറിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ അവിടെയെത്തുമ്പോൾ അതിന് പരമാവധി വേഗം ആയിരിക്കും. ഈ ഊർജം എന്തുചെയ്യും? എവിടെക്കൊണ്ട് കളയും? ഒറ്റ മാർഗമേയുള്ളു- അതിനെ PE ആക്കി മാറ്റുക. ചലിക്കുന്ന വസ്തുവിന് ചലിച്ചുകൊണ്ടേയിരിക്കാനുള്ള പ്രവണതയായ ചലനജഡത്വം ഒരു ദാക്ഷിണ്യവുമില്ലാതെ കല്ലിനെ എതിർദിശയിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നു. അതിനോടൊപ്പം സ്വാഭാവികമായും കല്ലിന്റെ നിരപ്പ് ഉയരുമല്ലോ. അപ്പോ KE വീണ്ടും PE ആയിക്കൂടി മാറാൻ തുടങ്ങുന്നു. അങ്ങനെ ഉയർന്ന് B നിരപ്പിൽ, R എന്ന ബിന്ദുവിൽ എത്തുന്നു. എത്തുമ്പോഴേയ്ക്കും KE പൂർണമായും PE ആയി മാറിക്കഴിഞ്ഞു. നമ്മൾ ആദ്യം കല്ലിന് കൊടുത്ത ഊർജം മൊത്തം PE ആക്കി മാറ്റിയാൽ അതിനെത്താവുന്ന പരമാവധി നിരപ്പാണല്ലോ അത്. KE മൊത്തം PE ആയി മാറിയതോടെ ചലനജഡത്വം സീൻ വിട്ടു. പക്ഷേ ഇവിടെ വീണ്ടും ഗുരുത്വാകർഷണം രംഗപ്രവേശം ചെയ്യുന്നു. Q എന്ന ബിന്ദുവിൽ നമ്മൾ പിടി വിട്ടപ്പോൾ ഉള്ള അതേ അവസ്ഥയിലാണ് കല്ല് ഇപ്പോൾ. ഗുരുത്വാകർഷണത്തെ പൂർണമായി ബാലൻസ് ചെയ്യാൻ ചരടിലെ വലിവ് പോരാതെ വരുന്നു. അപ്പോ ഇനിയെന്ത് സംഭവിക്കും എന്നൂഹിക്കാമല്ലോ. Q-ൽ നിന്ന് P വഴി R-ൽ എത്തിയപോലെ അത് തിരിച്ച് Q-ലേയ്ക്ക് പോകും, അവിടന്ന് പിന്നേം R-ലേയ്ക്ക്, പിന്നേം Q-ലേക്ക്... ഇത് തുടരാതെ നിർവാഹമില്ല. സംഗതി ശ്രദ്ധിച്ചില്ലേ? ചരടിലെ വലിവിന് ബാലൻസ് ചെയ്യാനാവാത്ത ഗുരുത്വാകർഷണത്തിന്റെ ഒരംശമാണ് Q-ലും R-ലും കല്ലിനെ വലിച്ച് നീക്കുന്നത്. അതായത് ഗ്രാവിറ്റി കല്ലിനെ നിർത്തുകയല്ല, ചലിപ്പിക്കുകയാണ്!!

അപ്പോപ്പിന്നെ കല്ലിനെ നിർത്തുന്നതാരാ?

രണ്ട് പ്രധാന വില്ലൻമാരാണ് ഇവിടെ പ്രവർത്തിക്കുന്നത്- വായുപ്രതിരോധവും ഘർഷണവും. കല്ലും ചരടും വായുവിലൂടെ നിരങ്ങി നീങ്ങുമ്പോൾ വായുവിലെ തന്മാത്രകളുമായി നിരന്തരം കൂട്ടിയിടിക്കുന്നുണ്ട്. ബസിന്റെ സൈഡിലിരുന്ന യാത്ര ചെയ്യുമ്പോൾ മുഖത്തടിക്കുന്ന കാറ്റിന്റെ ബലം ഊഹിച്ചാൽ മനസിലാകും ഇതിന്റെ പ്രാധാന്യം. ഇത് കാരണം കല്ല് അതിന് കിട്ടിയ ഊർജം കുറേശ്ശെയായി വായുവിന്റെ പ്രതിരോധം മറികടക്കാനായി ചെലക്കാക്കിക്കൊണ്ടിരിക്കും. ഊർജത്തിന്റെ വോറൊരംശം ചരടിനെ ഉറപ്പിച്ചിരിക്കുന്ന സ്ഥലത്തുള്ള ഘർഷണം മറികടക്കാനും ചെലവാകും. ഫലം? കല്ലിന്റെ PE+KE എന്ന മൊത്തം ഊർജം കുറഞ്ഞ് കുറഞ്ഞ് വരും. അതിനർത്ഥം കല്ലിന് ഉയരാവുന്ന നിരപ്പും കൈവരിക്കാവുന്ന പരമാവധി വേഗതയും കുറഞ്ഞുവരും എന്നാണ്. അങ്ങനെയാണ് അത് പതിയെപ്പതിയെ നിശ്ചലാവസ്ഥയിൽ എത്തുന്നത്. അതായത് വായുവോ ഘർഷണമോ ഇല്ലായിരുന്നെങ്കിൽ പെൻഡുലം ഏതാണ്ട് അനന്തമായി തന്നെ ആടിക്കൊണ്ടിരിക്കുമായിരുന്നു എന്ന്!

ഇത്രേ ഉള്ളു തൊട്ടിലിന്റേയും ഊഞ്ഞാലിന്റേയും ഒക്കെ കാര്യം. അതുകൊണ്ട് ഇനിയെങ്കിലും ഗ്രാവിറ്റിയെ കുറ്റപ്പെടുത്തരുത്. അത് നിങ്ങളെ തടയുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. <ജഗതി> പ്ലീസ് ഡോണ്ട് മിസണ്ടർസ്റ്റാണ്ട് ഇറ്റ്! </ജഗതി>

(മുന്നറിയിപ്പ്: ഇത് സാധാരണക്കാരെ ഉദ്ദേശിച്ചുള്ള വിശദീകരണമാണ്. ഫിസിക്സ് വിദ്യാർത്ഥികൾ ഇതല്പം കൂടി സങ്കീർണമായ സംഗതിയാണെന്ന കാര്യം മറക്കാതിരിക്കുമല്ലോ)

Aug 1, 2015

എക്കിള്‍ അഥവാ സിന്‍ക്രണസ് ഡയഫ്രമാറ്റിക് ഫ്ലട്ടർ!!


വല്ലതുമൊക്കെ വലിച്ചുവാരി തിന്നിട്ട് "ഇഗ്ഹ് ഇഗ്ഹ്" എന്ന ശബ്ദത്തോടെ എക്കിള്‍ എടുത്തിട്ടില്ലാത്തവര്‍ ഉണ്ടാവില്ല, അല്ലേ?

സാധാരണ ഇംഗ്ലീഷില്‍ hiccup എന്നും ഡാക്കിട്ടരുടെ ഇംഗ്ലീഷില്‍ Synchronous Diaphragmatic Flutter (DSF) എന്നും വിളിക്കപ്പെടുന്ന ഇത് ഇത്ര സാധാരണമായ ഒരു കാര്യമായിട്ടും ഈ പരിപാടിയ്ക്ക് നമ്മുടെ ശരീരത്തിലുള്ള ധര്‍മം എന്താണെന്ന് ഇപ്പൊഴും നമുക്കത്ര വ്യക്തമല്ല എന്നതാണ് രസകരമായ സത്യം. ശാസ്ത്രജ്ഞര്‍ കരുതുന്നത് പരിണാമം സംഭവിച്ച വഴിയ്ക്ക് നമ്മുടെ പൂര്‍വികജീവികളില്‍ നിന്നും കിട്ടിയ, ഇന്ന് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലാത്ത ഒരു 'പരമ്പരാഗത വസ്തു'വാണ് ഇതെന്നാണ്. തവളവര്‍ഗത്തില്‍ പെട്ട ഉഭയജീവികളില്‍ (amphibians) നമ്മുടെ എക്കിളിന് സമാനമായ ഒരു പ്രവൃത്തി വഴിയാണ് ശ്വസനം നടക്കുന്നത് എന്നതും നമ്മളും ഉഭയജീവികളില്‍ നിന്ന് പരിണമിച്ചാണ് ഇത്രടം വരെ എത്തിയത് എന്നതും കൂട്ടിവായിച്ചിട്ടാണ് അവരാ അനുമാനത്തില്‍ എത്തിയിരിക്കുന്നത്. ശ്വാസകോശം വേണ്ടത്ര വികാസം പ്രാപിക്കാത്ത ഘട്ടത്തില്‍ എക്കിളിന് ശ്വസനത്തില്‍ വലിയ പ്രധാന്യം ഉണ്ടായിരുന്നിരിക്കണം. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ എക്കിള്‍ വളരെ കൂടുതലായി കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത് (മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ ഇത് പിന്നേയും കൂടും).

നമ്മുടെ വാരിയെല്ലുകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന intercostal muscles എന്ന്‍ വിളിക്കപ്പെടുന്ന സവിശേഷ പേശികളും പിന്നെ ശ്വാസകോശത്തിന് കീഴെ സ്ഥിതി ചെയ്യുന്ന ഡയഫ്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ശ്വാസം അകത്തേയ്ക്ക് എടുക്കുന്നത്. ഒരുപാട് ആഹാരം കഴിക്കുകയോ, ആഹാരം വേഗത്തില്‍ കഴിക്കുകയോ ചെയ്യുമ്പോ ചിലപ്പോള്‍ ഡയഫ്രം പെട്ടെന്ന് പ്രതികരിച്ച് ചുരുങ്ങും. തുടര്‍ന്നു പെട്ടെന്ന് കുറെ ശ്വാസം അകത്തേയ്ക്ക് എടുക്കപ്പെടും. ഇതാണ് എക്കിള്‍. ചിലപ്പോള്‍ തലച്ചോറില്‍ നിന്നും ഈ പേശികളിലേക്കുള്ള നാഡികളില്‍ ഉണ്ടാകുന്ന ചില്ലറ അസ്വാസ്ഥ്യങ്ങള്‍ കാരണവും ഇത് സംഭവിക്കാം. കാലാവസ്ഥ മാറുമ്പോഴോ ടെന്‍ഷന്‍ വരുമ്പോഴോ ചിലര്‍ക്ക് എക്കിള്‍ വരാനുള്ള കാരണം ഇതാണ്. സാധാരണ എക്കിളിന്റെ ആയുസ്സ് പരമാവധി ഒരു മണിക്കൂര്‍ ആണെങ്കിലും ചിലപ്പോഴൊക്കെ ഇത് ദിവസങ്ങളും മാസങ്ങളും വരെ നീണ്ടുപോവാറുണ്ട്. രണ്ടു മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന എക്കിള്‍ പല ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം. (ചാള്‍സ് ഓസ്ബോണ്‍ എന്നൊരാളിനാണ് ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡ്: ഒരു ചെറിയ അപകടത്തെ തുടര്‍ന്നു ആശാന്‍ 1922 മുതല്‍ 1990 വരെ 68 വര്‍ഷം തുടര്‍ച്ചയായി എക്കിള്‍ എടുത്തുകൊണ്ടിരിക്കുകയിരുന്നു!!)

ഇപ്പോഴും, നമ്മള്‍ എന്തിനാ എക്കിള്‍ എടുക്കുന്നത് എന്ന്‍ നിങ്ങള്‍ ചോദിച്ചാല്‍...

ഇഗ്ഹ് ഇഗ്ഹ്... ഇത്തിരി വെള്ളം തരുവോ?