Oct 27, 2015

മുങ്ങിക്കൊണ്ടിരിക്കുന്ന മതേതര കപ്പലിൽ നിന്നും തത്സമയം...

മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാനാവിധ മതവിശ്വാസികൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിൽ, സമാധാനമായി ജീവിക്കുന്നതിന് എല്ലാവരും കൂടി കണ്ടെത്തുന്ന ഒരു പ്രായോഗിക ബുദ്ധിയാണ് മതേതരത്വം എന്ന കാപട്യം. അടിസ്ഥാനപരമായി "നീ നിന്റെ മതം വെച്ചോളൂ, ഞാൻ എന്റെ മതം വച്ചോളാം, ഞാൻ നിന്റെ മതത്തിൽ ഇടപെടില്ല, നീ എന്റെ മതത്തിലും ഇടപെടരുത്" എന്ന സങ്കുചിതമായ സന്ദേശമാണ് അതിലുള്ളത്. അമ്പലത്തിന്റെയും പള്ളിയുടേയും കൊടിമരം കൂട്ടിക്കെട്ടിയും പെരുന്നാളിനും ഓണത്തിനും ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയും മൂന്ന് മതച്ചിഹ്നങ്ങളും കൂടി ഒരുമിച്ച് പെയിന്റ് ചെയ്തുമൊക്കെ മതേതരത്വത്തിൽ രോമാഞ്ചം കൊള്ളുന്നത്, ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള നാട്യം മാത്രമാണ്. ഒരു കൂട്ടത്തിലെ ആണ് മറുകൂട്ടത്തിലെ പെണ്ണിനെ പ്രണയിക്കുന്നിടം വരെയുള്ള ആയുസ്സേ ഈ മതേതരത്വത്തിനുള്ളു. മതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ പരസ്പരം അകറ്റി നിർത്തുക എന്നതാണ്. മതവ്യത്യാസം നോക്കാതെ ആളുകൾ പരസ്പരം വിവാഹം കഴിക്കാൻ തുടങ്ങിയാൽ രണ്ട് തലമുറ കഴിയുമ്പോൾ മതങ്ങളേ ഇല്ലാതാകും. അവർ-ഞങ്ങൾ എന്ന് വേർതിരിക്കാനാവാത്ത വിധം അവ കൂടിക്കലർന്നുപോകും. അതൊരു മതവിശ്വാസി എന്ത് വിലകൊടുത്തും ചെറുക്കും. അയാൾക്ക് തന്റെ മതം അത്ര പ്രിയപ്പെട്ടതാണ്. അന്യമതത്തിൽ നിന്ന് വിവാഹം കഴിക്കുന്ന മക്കളെ വീട്ടിൽ നിന്നും എഴുതിത്തള്ളുന്ന നാടാണിത്. മക്കളെയും മതത്തേയും ത്രാസിൽ വെച്ചാൽ മതമായിരിക്കും താഴ്ന്ന് നിൽക്കുന്നതെന്നർത്ഥം.

ഏതെങ്കിലും ഒരു മതത്തിന് അധികാരം ഉള്ള സ്ഥലങ്ങളിൽ മതേതരത്വമോ മതസൗഹാർദ്ദമോ ഒന്നും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അവിടെ "ഞാൻ പറയും, നീ അനുസരിക്കും" എന്ന ലൈനിലായിരിക്കും ഭൂരിപക്ഷമതം. ഇതേ മതം ന്യൂനപക്ഷം ആയിരിക്കുന്നിടത്ത് അവിടത്തെ മതവിശ്വാസികൾ കടുത്ത മതേതരവാദികൾ ആയിരിക്കുകയും ചെയ്യും. കാരണം അവിടെ പരസ്പരസഹകരണത്തോടെ അഡ്ജസ്റ്റ് ചെയ്ത് പോയില്ലെങ്കിൽ അപകടമാണ്. ജനാധിപത്യസമൂഹങ്ങൾ secular അല്ലെങ്കിൽ മതേതരം ആയി രൂപകല്പന ചെയ്യപ്പെടേണ്ടത് അതുകൊണ്ടാണ്. സ്റ്റേറ്റ് അഥവാ സർക്കാർ മതതത്വങ്ങളിൽ നിന്നും മതാധികാരങ്ങളിൽ നിന്നും വേറിട്ട് നിൽക്കുക എന്നതാണ് അവിടത്തെ കാഴ്ചപ്പാട്. കാരണം സർക്കാരിന്റെ കൈയിലാണ് അധികാരം ഉള്ളത്. പരസ്പരം അകറ്റിനിർത്താനും ഇല്ലാതാക്കാനും ശ്രമിക്കുക എന്ന ജനിതകസ്വഭാവമുള്ള മതങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ സർക്കാർ ഇവരിൽ ആരുടെയെങ്കിലും കൂടെ കൂടിയാൽ അക്കൂട്ടർക്ക് അധികാരസ്വാഭാവം ഉണ്ടാവും. അപ്പോൾ സ്വാഭാവികമായും ആ മതം മതത്തിന്റെ തനിക്കൊണം പുറത്തെടുക്കും.

നീലക്കുറുക്കൻമാർ കൂവാൻ തുടങ്ങുന്നു

മുസ്ലീം ലീഗിനെ ഇസ്ലാം മതത്തിൽ നിന്ന് വേർപെടുത്താനാവില്ല. അതുപോലെ തന്നെ ബീ.ജെ.പി.-സംഘപരിവാർ സംഘങ്ങളെ ഹിന്ദുമതത്തിൽ നിന്നും വേർപെടുത്താനാവില്ല എന്ന് എല്ലാവർക്കും അറിയാം. അങ്ങനെയൊരു സർക്കാർ ഭരിയ്ക്കുമ്പോൾ സംഭവിക്കേണ്ട സ്വാഭാവികമായ കാര്യങ്ങൾ തന്നെയാണ് ഇന്ന് ഇൻഡ്യയിൽ സംഭവിക്കുന്നത്. മന്ത്രിമാരും എം.പി.മാരും പരസ്യമായി ഒരു മതത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ആ മതത്തിൽ പെട്ടവർക്ക് സ്വാഭാവികമായും അധികാരം തങ്ങളുടെ കൈയിൽ വന്നതുപോലെ തോന്നും. ചെളിയിൽ കിടന്ന സകല ഞാഞ്ഞൂലുകളും പത്തിവിടർത്തി ആടുന്നത് ആ ധൈര്യത്തിലാണ്. ഒപ്പം പല നിഷ്പക്ഷ നീലക്കുറുക്കൻമാരുടേയും ഉള്ളിലെ മതം എണീറ്റ് നിന്ന് ഓരിയിടുന്നതും കാണാം. "ഞങ്ങടെ മതേതരത്വം തകർന്നേ" എന്ന നിലവിളിയ്ക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. ഇല്ലാത്ത ഒന്ന് തകരില്ല. പണ്ടേ ഉണ്ടായിരുന്ന ഒന്നിന് ഇപ്പോൾ പുറത്തുവരാനുള്ള അവസരം കിട്ടിയിരിക്കുന്നു. ഇന്ന് "പോടാ മതേതരാ" എന്ന് തെറിവിളിയുടെ ടോണിൽ വിളിക്കാൻ ഭൂരിപക്ഷമതവിശ്വാസിയ്ക്ക് ധൈര്യം കിട്ടുന്നുണ്ട്. കാരണം മതേതരത്വം എന്ന ആട്ടിൻതോൽ ഇനിയും അണിഞ്ഞ് നടക്കേണ്ട ആവശ്യം അവർക്കില്ല. മതേതരത്വം ഞങ്ങൾക്കിനി വേണ്ട എന്നവർ പരസ്യമായി പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇത്രേ ഉള്ളൂ മതത്തിന്റെ കാര്യം. അധികാരം കിട്ടുന്നതുവരെയേ ഉള്ളൂ മാനവസ്നേഹവും ലോകാസമസ്താ സുഖിനോ ഭവന്തുവും ഒക്കെ.

മതത്തിന് മക്കളെക്കാളും ജീവനെക്കാളും വരെ പ്രാധാന്യം കൊടുക്കുന്ന ജനങ്ങൾ വസിക്കുന്ന സ്ഥലത്ത് ഏറ്റവും നല്ല രാഷ്ട്രീയ ആയുധം കൂടിയാണ് മതം. ഇത് ചരിത്രം പലതവണ പഠിപ്പിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഇൻഡ്യയിൽ നടക്കുന്നത് സർക്കാർ ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതല്ല. മതത്തെ വളരെ ഭംഗിയായി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു എന്നതാണ്. ശ്രദ്ധിച്ചാൽ മനസിലാകും, മതത്തോടോ മതവിശ്വാസികളോടോ പ്രത്യേകിച്ചൊരു പ്രതിപത്തിയും അവർക്കില്ല. മതവിശ്വാസികളിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാക്കിയെടുക്കുന്നു എന്നേയുള്ളു. ഇത് ഏത് മതത്തിലും സാധ്യമാണ്. അതാത് പ്രദേശത്തെ ഭൂരിപക്ഷമതത്തെയാണ് കാലാകാലങ്ങളിൽ ഫാസിസ്റ്റുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മതവിശ്വാസികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്ന വിധത്തിൽ അവരുടെ അപ്പൂപ്പൻമാർക്കെല്ലാം അയ്യായിരം ആന വീതം ഉണ്ടായിരുന്നു എന്നും, അവരുടെ കൈയിരിക്കുന്ന മതവിശ്വാസം ഏഴായിരം കൊല്ലം മുൻപ് വിമാനം പറത്താനുപയോഗിച്ച മതവിശ്വാസമാണ് എന്നുമൊക്കെ ഇടക്കിടെ പറഞ്ഞോണ്ടിരുന്നാൽ അതിൽ വീഴാതിരിക്കണമെങ്കിൽ കേൾക്കുന്നവർക്ക് മതത്തിനപ്പുറം ചിന്തിക്കുന്ന ശീലമുണ്ടാകണം. ഇൻഡ്യയിൽ അത് വളരെ ചെറിയൊരു ന്യൂനപക്ഷത്തിനേ ഉള്ളു. അതൊക്കെ വിശ്വസിക്കാൻ കേരളത്തിൽ ആളുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പിന്നെ പറയണോ!

കുറ്റിയിൽ കെട്ടിയ പശു, പശുവിൽ കെട്ടിയ ഇൻഡ്യ

ഇന്നിവിടെ നാനാദിക്കിലും ചർച്ച ചെയ്യപ്പെടുന്നത് ഒരൊറ്റ പ്രശ്നമാണ്- ഗോവധം. വേറെ എല്ലാ പ്രശ്നങ്ങളും ഏതാണ്ട് പരിഹരിച്ച മട്ടാണ്. നൂറ്റിമുപ്പത് കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഒരു വലിയ മൂന്നാം ലോകരാജ്യത്ത് അടിയന്തിരശ്രദ്ധ കിട്ടേണ്ട നിരവധി വിഷയങ്ങളുണ്ടാകും. ഒരു ജനാധിപത്യത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത അത്തരമൊരു ഗോവധത്തെ പർവതീകരിച്ച് ഉയർത്തിക്കാട്ടുമ്പോൾ മൃഗബലിയും യാഗത്തിൽ ഹോമിച്ച മൃഗത്തിന്റെ മാസം ഭക്ഷിക്കുന്നതും ഒക്കെ മഹത്തരമായി കണക്കാക്കിയിരുന്ന, രോഗങ്ങൾക്ക് ബീഫ് മരുന്നായി പരിഗണിക്കപ്പെട്ട സുശ്രുതസംഹിതയുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരു ചരിത്രം ഹിന്ദുമതത്തിന് ഉണ്ടെന്ന കാര്യം മിക്ക ഹിന്ദുക്കൾക്കറിയില്ല. (ഏത് മതമായാലും, മതവിശ്വാസത്തിന്റെ അടിസ്ഥാനയോഗ്യത ആ മതത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ്) പക്ഷേ ഗോവധത്തെക്കുറിച്ച് വിലപിക്കുന്ന സംഘിയെ നോക്കി, ഗണപതിയുടെ വാഹനമായ എലിയെ കൊല്ലുന്നതോ, വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തെ തിന്നുന്നതോ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം, ഗോവധം എന്നത് അയാൾക്ക് സ്വന്തം ആളുകളെ ഒരുമിച്ച് കൂട്ടുന്നതിനുള്ള ഒരു ടൂൾ മാത്രമാണ്. 'മാതാവി'ന്റെ പാല് കറന്ന് കടയിൽ വിൽക്കുന്ന ആള് തന്നെയാണ് പാല് തരുന്ന മാതാവിനെ കൊല്ലാൻ പാടില്ല എന്നുംപറയുന്നത്. ഇതിൽ ലോജിക്കില്ലായ്മ തോന്നുന്നത് നമ്മളതിന്റെ ഉദ്ദേശ്യത്തെ തെറ്റിദ്ധരിയ്ക്കുന്നതുകൊണ്ടാണ്. ഗോമാതാവിന്റെ സംരക്ഷണമാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം എങ്കിലേ ഇതിൽ ലോജിക്ക് ഇല്ലാതുള്ളൂ. സംഘിയുടെ ഉദ്ദേശ്യം അതല്ല. അതുകൊണ്ട് തന്നെ ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന സംഘി ബീഫ് എക്സ്പോർട്ട് കമ്പനിയുടെ ഉടമയാകുന്നതിലും ലോജിക്ക് കറകറക്റ്റാണ്. സംഗതി എന്തായാലും ഹിന്ദുമതസംരക്ഷണം എന്ന ട്രിക്ക് വർക്ക് ചെയ്യുന്നുണ്ട് എന്നതിനുള്ള തെളിവുകൾ ദിനംപ്രതി കിട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് ഉത്തരേൻഡ്യയിൽ, പശുവിനെ കൊന്നു എന്നൊരു കരക്കമ്പി പറഞ്ഞുപരത്തിയാൽ അതൊരു കൊലപാതകത്തിലോ കലാപത്തിലോ കലാശിക്കാനാണ് സാധ്യത. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഒരു ഫാഷിസ്റ്റ് സർക്കാരിന് ആവശ്യം. കാരണം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മതത്തിലേയ്ക്ക് തിരിച്ചുവിട്ടാൽ ഭരണം വിലയിരുത്തപ്പെടില്ല. ബാക്കി എല്ലാ ജീവിതപ്രശ്നങ്ങളും പരിഹരിക്കപ്പെട്ട ജനങ്ങളായിരുന്നില്ല, ഉത്തർപ്രദേശിൽ പശുമാംസത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലാനിറങ്ങിയത്.

സ്വന്തം മതത്തിന്റെ പേരിൽ നടക്കുന്ന ഒരു പ്രവൃത്തിയെ ഒരു മതവിശ്വാസി പെട്ടെന്ന് വിമർശനാത്മകമായി സമീപിക്കില്ല (അങ്ങനെ ചെയ്യുമായിരുന്നെങ്കിൽ അയാൾ മതവിശ്വാസിയായി തുടരാൻ തന്നെ സാധ്യത കുറവാണ്). അതുകൊണ്ട് തന്നെ മറ്റൊരു പാർട്ടിയിൽ നിൽക്കുന്ന ആള് പോലും 'എന്തൊക്കെ ആയാലും എന്റെ മതത്തിന്റെ പേരിലല്ലേ' എന്ന മട്ടിൽ ഈ ചെയ്തികളെ ലളിതവൽക്കരിക്കുകയേ ഉള്ളൂ. അതാണ് രാഷ്ട്രീയത്തിൽ മതം കയറ്റുന്നവരുടെ പിൻബലം. രാഷ്ട്രീയ വിമർശനങ്ങൾ നൈസായി മതവിമർശനമായി മാറും. അതോടെ മതവിശ്വാസികൾ മുണ്ടും മടത്തുകെട്ടി പ്രതിരോധിയ്ക്കാൻ ഇറങ്ങിക്കോളും. നേതാവിന് ഇടക്കിടെ രണ്ട് ഡയലോഗടിച്ച് ഇളക്കിവിട്ടാൽ മാത്രം മതി. പല നിഷ്പക്ഷ ബുദ്ധിജീവികളും 'പോർക്ക് ഫെസ്റ്റു് നടത്താത്തതെന്താ?' 'സൗദിയിൽ പോയി പോർക്ക് കഴിക്കാമോ'എന്നൊക്കെ ചോദിക്കുന്നത് കേട്ടിരുന്നു. മതാധിഷ്ഠിതരാജ്യവും മതേതരജനാധിപത്യരാജ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ തലയിൽ കയറ്റിവെച്ചിരിക്കുന്ന മതം അവരെ സമ്മതിക്കുന്നില്ല. അത് എന്ത് വിഡ്ഢിത്തത്തേയും നിശ്ശബ്ദമായി സഹിക്കുകയോ പരസ്യമായി ന്യായീകരിക്കുകയോ വരെ ചെയ്യിക്കും. മതം വൈകാരികമാണ്. അതിൽ വിവേകത്തിന് സ്ഥാനമില്ല. മതവും സർക്കാരും തമ്മിൽ കൂടിക്കുഴയുമ്പോൾ വിവേകത്തോടെ സർക്കാരിനെ തെരെഞ്ഞെടുക്കേണ്ട ജനങ്ങൾ, പകരം വൈകാരികമായി അതിനെ വിലയിരുത്താൻ തുടങ്ങുന്നു. അതോടെ സർക്കാരിന് സർവാധികാരവും കൈവരുന്നു. കുറച്ച് വ്യക്തികളിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് പണ്ടേ ഇൻഡ്യയിൽ ചെലവാകുമായിരുന്ന ഒരു ട്രിക്കാണ്. പ്രയോഗിക്കപ്പെടാൻ അല്പം വൈകി എന്നേയുള്ളു. എന്തിലും ഏതിലും മതം തിരുകുന്ന പ്രവണത കൂടിവരുന്ന സ്ഥിതിയ്ക്ക് ഇതിനിയും വഷളാകാനാണ് പോകുന്നത്. ഭരണത്തിൽ മതം തിരുകിയതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേയ്ക്ക് നമ്മൾ കയറാൻ പോകുകയാണ്.

തലയിരിക്കുന്നത് കൊണ്ട് മാത്രം ആടുന്ന വാലുകൾ

മന്ത്രിയുടെ 'പട്ടിയെ കല്ലെറിയൽ' പ്രയോഗത്തിന് 'ഒരു ഗ്രാമത്തിൽ നടക്കുന്ന കാര്യത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടേണ്ട കാര്യമില്ല' എന്ന വ്യാഖ്യാനവുമായി വന്ന് പ്രതിരോധിച്ചവർ കുറേ പേരുണ്ട്. കാര്യം ശരിയാണ്. പഞ്ചായത്തിൽ നടക്കുന്ന കൂട്ടത്തല്ലിന് പട്ടാളം ഇറങ്ങേണ്ട കാര്യമില്ല. പക്ഷേ നമ്മുടെ പുതിയ സർക്കാരിന്റെ കാര്യത്തിൽ ആ ലോജിക്കിന് ഇത്തിരി വളവുണ്ട്. അമ്പത്താറിഞ്ച് തമ്പുരാൻ അധികാരത്തിൽ വന്ന ശേഷം ഇങ്ങ് കേരളത്തിൽ പൊങ്ങിത്തുടങ്ങിയ സംഘിവാലുകൾക്ക് തന്നെ കൈയും കണക്കുമില്ല. ആർ.എസ്.എസും ശിവസേനയുമൊന്നും ഇന്നലെയോ മിനിഞ്ഞാന്നോ ഉണ്ടായ സംഘടനകളല്ല. ശോഭായാത്രയും കുറുവടി പരിശീലനവുമായി നടന്ന അവർ മാംസം കയറ്റിവരുന്ന ലോറി തടയാനും ചുംബനസമരം നടത്തുന്നവരെ പോലീസിന് മുന്നിലിട്ട് തല്ലാനും ഒക്കെ ധൈര്യം കാണിച്ച് തുടങ്ങിയത് എന്നുമുതലാണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ ഇതാണെങ്കിൽ അങ്ങ് നോർത്തിൻഡ്യൻ ബെൽറ്റിൽ ഇവർ ഏതറ്റം വരെ പോകും എന്ന് ഊഹിക്കാവുന്നതേയുള്ളു. യൂ..പി. ആയാലും കേരളമായാലും വാലുകളെല്ലാം ആടുന്നത് ഒരേ തലയുടെ ബലത്തിലാണ്.

'ഇത് ഞങ്ങടെ സർക്കാരാണ്, ഇത് ഞങ്ങളെ സംരക്ഷിക്കും, മറ്റവര് പാകിസ്ഥാനിൽ പോട്ടെ' എന്ന ധാരണയിൽ ഇന്ന് കാണുന്ന വർഗീയപ്രവണതകളെ കൈയടിച്ചോ നിശ്ശബ്ദമായോ പാസ്സാക്കി വിടുന്ന 'ഭക്തജനങ്ങൾ'ക്ക് നേരം വെളുക്കാൻ ഇനിയും സമയമെടുക്കും. പക്ഷേ അവരവരുടെ കൂടി മക്കൾ ജീവിക്കാൻ പോകുന്ന മണ്ണാണ് അവരുടെ സമ്മതത്തോടെ കുറേപേർ ജീവിക്കാൻ കൊള്ളാതാക്കുന്നത് എന്നവർ തിരിച്ചറിയുമ്പോഴേയ്ക്കും പൂർവസ്ഥിതിയിലാക്കാൻ കഴിയാത്ത വിധം ഇത് കൈവിട്ട് പോയിട്ടുണ്ടാകും. ഭൂരിപക്ഷമതത്തിൽ ഭൂരിഭാഗം പേരും സമാധാനം ആഗ്രഹിക്കുന്നവർ തന്നെയായിരിക്കും. പക്ഷേ 'മറ്റവരുടെ പ്രശ്നം, മറ്റവരുടെ പ്രശ്നം' എന്ന മട്ടിൽ ഒന്നുമറിയാത്ത മട്ടിൽ അവരങ്ങ് ജീവിക്കും.പക്ഷേ വർഗീയസംഘർഷങ്ങൾ ഇരയാക്കപ്പെടുന്ന ന്യൂനപക്ഷത്തെ മാത്രമല്ല ബാധിക്കുന്നത് എന്നവർ അറിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളേയും ഒരുമിച്ചാണ് പിടികൂടുന്നത്. സാമൂഹ്യമായ അസ്വസ്ഥതകൾ സമ്പദ്‌വ്യവസ്ഥയെ വരെ തകർക്കും. അതിൽ നിന്നും ആർക്കും മാറിനിൽക്കാനാവില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യോത്പാദനം തുടങ്ങി മർമ്മപ്രധാനമായ മേഖലകളിലേയ്ക്ക് കടന്നുചെല്ലേണ്ട സർക്കാർ സംവിധാനങ്ങൾ ക്രമസമാധാനം എന്ന ഒറ്റവിഷയത്തിൽ ചുറ്റിത്തിരിയും. പത്തുലക്ഷം കോടിയുടെ കുംഭകോണം പോലും ഒരു വർഗീയസംഘർഷത്തെ അപേക്ഷിച്ച് ഗൗരവം കുറഞ്ഞതാണ്. ഒരു കുംഭകോണം അവിടെ തീരുന്നു. മറ്റേത് അങ്ങനല്ല. അത് പുകയുന്ന കാട്ടുതീ പോലെയാണ്, കാറ്റിനനുസരിച്ച് പടർന്നുകയറുകയേ ഉള്ളു. ഒരാളുടെ എടുത്തുചാട്ടം മതി അതിന്. രാവിലെ തമാശ പറഞ്ഞ് ചിരിച്ച് പിരിഞ്ഞവർ വൈകുന്നേരം പരസ്പരം കൊല്ലാനൊരുങ്ങിയതിന്റെ കണക്കുകളാണ് മിക്ക വർഗീയലഹളകൾക്കും പറയാനുള്ളത്.

പണ്ടൊക്കെ ദുസ്സൂചനകൾ കാണുമ്പോൾ 'ഈ പോക്ക് ശരിയാവില്ല' എന്നുപറയാനായി, കാണാൻ പോകുന്ന പൂരം എന്ന രീതിയിലാണ് ഇതുപോലെ ഓരോന്ന് എഴുതിക്കോണ്ടിരുന്നത്. അതേ പൂരം തന്നെ തുടങ്ങിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇങ്ങനെ കിടന്ന് അലച്ചിട്ട് കാര്യമില്ല. നോക്കിനിൽക്കുകയേ നിർവാഹമുള്ളു. അറുപത് വർഷം മുൻപ് പാകിസ്ഥാൻകാര് പോയ റൂട്ടിലേയ്ക്കുള്ള കപ്പലിലാണ് ഇന്ന് നമ്മൾ കയറിയിരിക്കുന്നത്. മുങ്ങാൻ പോകുന്നവർക്ക് നിലവിളിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ. അതിനാണ് ഇതൊക്കെ എഴുതിക്കൂട്ടുന്നത്. എന്തായാലും സമാധാനം നഷ്ടപ്പെട്ട ജനതയ്ക്ക് ഡിജിറ്റൽ ഇൻഡ്യ നൽകുന്ന ഫ്രീ വൈ-ഫൈ അധികം ഗുണം ചെയ്തേക്കില്ല.

വാൽക്കഷണം: ഇതിന് കീഴെ വീഴുന്ന സംഘി കമന്റുകൾ വായിക്കാൻ മെനക്കെടുന്നതല്ല. കാരണം ഇത്രേം നീളമുള്ള എഴുത്ത് വായിച്ചിട്ട് കമന്റ് ചെയ്യാൻ സംഘികൾ മെനക്കെടില്ല എന്നുറപ്പുണ്ട്.

Oct 12, 2015

ഉറുമ്പുകൾ എന്ന വെയ്റ്റ് ലിഫ്റ്റേഴ്സ്

കഴിഞ്ഞ ദിവസം നിത്യജീവിതത്തിലെ ശാസ്ത്രസംശയങ്ങൾ ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലർക്കെങ്കിലും ഓർമ്മ കാണും. കുറേയെറെ രസകരമായ ചോദ്യങ്ങൾ അവിടെനിന്ന് വഭിച്ചിട്ടുണ്ട്. അതിൽ നിന്ന് തെരെഞ്ഞെടുത്ത രണ്ട് ചോദ്യങ്ങളാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. രണ്ട് ചോദ്യങ്ങളും ഉറുമ്പുകളെ പറ്റിയാണ്:

  1. ഉറുമ്പുകൾക്കെങ്ങനെയാണ് തങ്ങളെക്കാൾ ഭാരമുള്ള വസ്തുക്കളെ പുല്ല് പോലെ ഉയർത്തിക്കൊണ്ട് പോകാൻ സാധിയ്ക്കുന്നത്?
  2. വളരെയധികം ഉയരങ്ങളിൽ നിന്ന് വീണിട്ട് പോലും ഉറുമ്പുകൾക്ക് പരിക്ക് പറ്റാത്തത് എന്തുകൊണ്ട്?
രണ്ട് ചോദ്യങ്ങളും ശരിയ്ക്കുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരുമിച്ച് ആലോചിക്കുമ്പോൾ ഉറുമ്പുകൾ ബാലമംഗളത്തിലെ നമ്പോലനെപ്പോലെ ശക്തിമരുന്ന് കുടിച്ച അതിബലശാലികളാണ് എന്നതിന്റെ തെളിവുകളായി തോന്നിയേക്കാം. പക്ഷേ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം അല്പം വ്യത്യസ്തമായ കാരണങ്ങളാണ്. ഓരോന്നായി നോക്കാം.
ശരിയ്ക്കും ഉറുമ്പുകൾക്ക് നല്ല ‘മസിൽ പവറു’ണ്ട് എന്നത് സത്യമാണ്. ഒരുറുമ്പ് അതേ വലിപ്പമുള്ള മറ്റൊരു ഉറുമ്പിന്റെ ശരീരമോ തന്നെക്കാളും വലിപ്പമുളള അരിമണിയോ ഒക്കെ എടുത്തോണ്ട് പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ള ശക്തിപ്രകടനങ്ങളെങ്കിലും, ശരിയ്ക്കും അവയുടെ ബലം അതിനെക്കാൾ വളരെ കൂടുതലാണ്. ഒപ്പമുള്ള ചിത്രം നോക്കൂ.


Biotechnology and Biological Sciences Research Council (BBSRC)-ന്റെ ശാസ്ത്രഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഒരു ഫോട്ടോയാണിത്. ഒരു ഉറുമ്പ്, മിനുസമുള്ള ഒരു പ്രതലത്തിൽ തന്നെക്കാൾ നൂറ് മടങ്ങ് ഭാരമുള്ള ഒരു വസ്തുവും കടിച്ചുതൂക്കി തലകീഴായി നിൽക്കുന്നു! ഏത് സർക്കസിൽ കണ്ടിട്ടുണ്ട് ഇതിലും അത്ഭുതപ്പെടുത്തുന്ന കായികപ്രകടനം?

ഉറുമ്പുകളെ ഇത്രയും വലിയ ഫയൽവാൻമാരാക്കുന്നത് അവരുടെ വലിപ്പം തന്നെയാണ്. വലിപ്പവും കായികശേഷിയും തമ്മിലുള്ള ബന്ധം അല്പം ട്രിക്കി ആണ്. ഭാരം ഉയർത്തുന്ന കാര്യം പറയുമ്പോൾ രണ്ട് കാര്യങ്ങളാണ് കണക്കിലെടുക്കേണ്ടത്– ഒന്ന് ഉയർത്തുന്ന പേശിയുടെ ബലം, രണ്ട് ഉയർത്തപ്പെടുന്ന വസ്തുവിന്റെ ഭാരം (weight). പേശിയുടെ ബലം അതിനെ കുറുകെ മുറിച്ചാലുള്ള പ്രതലത്തിന്റെ വിസ്താരത്തിന് (cross-sectional area, CSA) ആനുപാതികമായിരിക്കും. നീണ്ട മസിലിനെക്കാൾ വീർത്ത മസിലിന് ശക്തി കൂടുതലാകുന്നത് ഇതുകൊണ്ടാണ്. മസിലിന്റെ വിസ്താരം ശരീരവലിപ്പത്തിന് ആനുപാതികമാകുമെന്ന് കരുതിയാൽ വലിപ്പത്തിന്റെ സ്ക്വയറിന് അനുസരിച്ചാണ് മസിലിന്റെ ശക്തി കൂടുന്നത് എന്ന് കാണാം. എന്നാൽ ഒരു വസ്തുവിന്റെ ഭാരം അതിന്റെ വ്യാപ്തത്തിന് (volume) ആനുപാതികമായിരിക്കും. വ്യാപ്തം എന്നാൽ വലിപ്പത്തിന്റെ ക്യൂബിന് അനുസരിച്ചാണ് മാറുന്നത്. scaling എന്ന സങ്കല്പമാണ് ഈ പറഞ്ഞുവരുന്നത്. ഇത് ഗണിതപരമായി ഇത്തിരി സങ്കീർണമായതിനാൽ മനസിലാവാൻ വേണ്ടി ഒരല്പം over-simplify ചെയ്ത് പറയേണ്ടിവരും. ക്യൂബ് ആകൃതിയിലുള്ള മൂന്ന് ജീവികളെ പരിഗണിക്കുക (മിക്കവാറും കാർട്ടൂണിലേ കാണൂ അതുപോലുള്ള ജീവികൾ!). 0.5 cm (5 mm) , 2 cm, 20 cm എന്നിങ്ങനെയാണ് അവയുടെ വലിപ്പം. 5 mm വലിപ്പമുള്ള ജീവിയുടെ CSA എന്നത് 0.5 × 0.5 = 0.25 cm²-ഉം വ്യാപ്തം 0.5  × 0.5 × 0.5 = 0.125 cm³-ഉം ആയിരിക്കും. 2 cm വലിപ്പമുള്ള വസ്തുവിന് ഇവ യഥാക്രമം 4 cm² ഉം 8 cm³ ഉം ആണ്. 20 cm വലിപ്പമുള്ള വസ്തുവിനെ സംബന്ധിച്ചാണെങ്കിൽ ഇവ 400 cm², 8000 cm³ എന്നിങ്ങനെയാണ്. 5 mm വലിപ്പമുള്ള വസ്തുവിൽ നിന്ന് 20 cm വലിപ്പമുള്ള വസ്തുവിൽ എത്തുമ്പോൾ CSA 0.25-ൽ നിന്ന് 400-ൽ എത്തിയിരിക്കുന്നു. അതായത് 1600 മടങ്ങ് വർദ്ധന. എന്നാൽ വ്യാപ്തമോ? അത് 0.125-ൽ നിന്ന് 8000 ആയി. ഇത് 64000 മടങ്ങാണ്!! ഒരു ജീവിയുടെ ശക്തിയും ഭാരവും തമ്മിലുള്ള അനുപാതം CSA-യും വ്യാപ്തവും തമ്മിലുള്ള അനുപാതമായി കരുതാം. അങ്ങനെയെങ്കിൽ 0.5 cm, 2 cm, 20 cm എന്നീ വലിപ്പങ്ങളുള്ള ജീവികൾക്ക് അത് യഥാക്രമം  2 (0.25/0.125), 0.5 (4/8), 0.05 (400/8000) എന്നിങ്ങനെയാണ്. 50 cm വലിപ്പമുള്ള ജീവിയ്ക്ക് ഈ അനുപാതം 0.02 മാത്രമേ ഉണ്ടാകൂ. ഇതിൽ നിന്നും മനസിലാകുന്നത് വലിപ്പം കൂടുന്തോറും ജീവികളുടെ ശക്തി-ഭാരം അനുപാതം കുറയും എന്നാണ്. അതായത് വലിയവയിൽ നിന്ന് ചെറിയവയിലേയ്ക്ക് എത്തുമ്പോൾ ശരീരത്തിന്റെ ബലം കൂടുന്നതിനെക്കാൾ വളരെ വേഗത്തിലാണ് ഭാരം കൂടുന്നത്. അതുകൊണ്ട് വലിപ്പം കൂടിയ ജീവികൾക്ക് ഭാരം ഉയർത്താനുള്ള ശേഷിയും കുറയും. (ഇവിടത്തെ കണക്ക് over-simplified ആണെന്ന് പറഞ്ഞുവല്ലോ. അല്പം കൂടി ആഴത്തിലുള്ള ഗണിതം താങ്ങാനാവുന്നവർക്ക് ഈ ലിങ്ക് നിർദ്ദേശിക്കുന്നു: Scaling Applied to Biology)

ഉറുമ്പിന്റെ കാര്യം നമ്മൾ കരുതുന്നതിനെക്കാൾ ഗംഭീരമാണ്. അവയുടെ കഴുത്തിലെ വിശേഷപ്പെട്ട മസിലുകൾക്ക് അവയുടെ വലിപ്പത്തിന്റെ അയ്യായിരം മടങ്ങ് വരെ ഭാരം താങ്ങാനാകുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ശക്തിയുടെ കാര്യം പറയുമ്പോ ഉറുമ്പിന് അവാർഡ് കൊടുത്ത് യോഗം പിരിച്ചുവിടാൻ നിർവാഹമില്ല. നേരത്തെ പറഞ്ഞ 5000 മടങ്ങ് ജീവനുള്ള ഉറുമ്പിന് ഉയർത്തി നടക്കാവുന്ന ഭാരത്തിന്റെ കണക്കല്ല. അതിന്റെ കഴുത്തിലെ മസിലിന് താങ്ങാനാവുന്ന ഭാരമാണ്. മയക്കിയ ഉറുമ്പിനെ സെൻട്രിഫ്യൂഗിൽ തല ചേർത്ത് ഒട്ടിച്ച്, അത് കറക്കി, തലയും ഉടലും വേർപെട്ട് പോകുന്ന വേഗത നോക്കി അതിൽ നിന്ന് കണക്കാക്കിയ ഭാരമാണത്. നേരിട്ട് നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വെയ്റ്റ്-ലിഫ്റ്റർ ചാണകവണ്ടുകളാണ്. സ്വന്തം ഭാരത്തിന്റെ 1140 മടങ്ങ് ഭാരമാണ് അവ പുല്ല് പോലെ വലിച്ചോണ്ട് പോകുന്നത്. ഒരു മനുഷ്യന് ഈ റെക്കോഡ് ഭേദിക്കണമെങ്കിൽ കറഞ്ഞത് 95 ടൺ ഭാരമെങ്കിലും ഉയർത്തേണ്ടിവരും! 

ഇനി രണ്ടാമത്തെ ചോദ്യത്തിലേയ്ക്ക് വരാം.വളരെ ഉയരത്തിൽ നിന്ന് വീണാലും ഉറുമ്പിന് –അല്ലെങ്കിൽ അതുപോലുള്ള ചെറിയ ജീവികൾക്ക്– അപകടമൊന്നും പറ്റില്ല. ഇതിന്റെ ഉത്തരം സത്യത്തിൽ വളരെ ലളിതമാണ്- ഭാരക്കുറവ്. താഴെവീഴുമ്പോൾ ഉണ്ടാകുന്ന അപകടത്തിന് കാരണം വേഗത്തിൽ താഴേയ്ക്ക് വരുന്ന ജീവി തറയുമായി ഇടിച്ച് നിശ്ചലാവസ്ഥയിൽ വരുമ്പോൾ അതിന് അനുഭവപ്പെടുന്ന ബലം ആണ്. ബലം എന്നത് ആക്കവ്യത്യാസത്തിന്റെ നിരക്കാണ് എന്ന് ന്യൂട്ടന്റെ രണ്ടാം നിയമം പറയുന്നു. ആക്കം എന്നാൽ പിണ്ഡം (mass, m), വേഗത (v) എന്നിവയുടെ ഗുണനഫലമാണ് (p = mv). ഒരേ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി രണ്ട് വസ്തുക്കൾ താഴേയ്ക്ക് വീണാൽ അവ താഴെയെത്തുമ്പോൾ രണ്ടിനും ഒരേ വേഗത ആയിരിക്കും. പക്ഷേ പിണ്ഡം കൂടിയ വസ്തുവിന് ആക്കം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ താഴെയെത്തി നിശ്ചലമാകുമ്പോൾ അവയ്ക്ക് രണ്ടും അനുഭവപ്പെടുന്നത് രണ്ട് ബലങ്ങളായിരിക്കും. ഉറുമ്പിനെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ, പത്ത് മീറ്റർ ഉയരെ നിന്ന് വീഴുന്ന 70 കിലോ ഭാരമുള്ള ഒരാളുടെ ആക്കം 1 ഗ്രാം ഭാരമുള്ള ഒരു ഉറുമ്പിന് ഉണ്ടാവണമെങ്കിൽ അത് പതിനായിരക്കണക്കിന് കിലോമീറ്റർ ഉയരെ നിന്ന് വീഴണം. ആ സാഹചര്യത്തിൽ മറ്റനേകം ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടിയും വരുമെന്നത് വേറെ കാര്യം.

Oct 7, 2015

ന്യൂട്രിനോകളുടെ തനിക്കൊണം തിരിച്ചറിഞ്ഞവർക്ക് നോബൽ

പ്രപഞ്ചത്തെ കുറിച്ചുള്ള അടിസ്ഥാന അറിവിലേയ്ക്ക് സംഭാവന നൽകിയവർക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാനം. പ്രൊഫ. തകാകി കാജിറ്റാ, പ്രൊഫ. ആർതർ മക്ഡൊണാൾഡ് എന്നിവരുടെ ശ്രമത്താൽ തെളിയിക്കപ്പെട്ട ന്യൂട്രിനോ ഓസിലേഷൻ എന്ന പ്രതിഭാസമാണ് അവരെ അതിനർഹരാക്കിയിരിക്കുന്നത്. ന്യൂട്രിനോകളുടെ സ്വഭാവത്തെ കുറിച്ചും അതുവഴി ദ്രവ്യപ്രപഞ്ചത്തിന്റെ രൂപകല്പനയെ കുറിച്ചും അതുവരെയുണ്ടായിരുന്ന ധാരണകളെ തിരുത്തി എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രസക്തി. 

(ഇനി പറയുന്ന കാര്യങ്ങൾക്ക് പശ്ചാത്തലമായി ‘ദൈവകണവും ദൈവവും തമ്മിലെന്ത്’ എന്ന പഴയ പോസ്റ്റ് കൂടി വായിക്കുന്നത് ചില സാങ്കേതികപദങ്ങൾ മനസിലാക്കാൻ സഹായിക്കും)

എന്താണ് ന്യൂട്രിനോകൾ

നമ്മുടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിർമാണ യൂണിറ്റുകൾ എന്ന് വിളിക്കാവുന്ന മൗലികകണങ്ങളുടെ (elementary particles) കൂട്ടത്തിൽ പെടുന്ന ഒരു കണമാണ് ന്യൂട്രിനോ. ശ്രദ്ധിക്കണേ, ‘ന്യൂട്രിനോ’ ആണ്, ‘ന്യൂട്രോൺ’ അല്ല. ഇവർ രണ്ടും വേറേ വേറെ ടീമുകളാണ്. പ്രകാശകണങ്ങളായ ഫോട്ടോണുകൾ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണങ്ങൾ ന്യൂട്രിനോകളാണ്. സൂര്യനുൾപ്പടെയുള്ള നക്ഷത്രങ്ങളിൽ നിന്നും സൂപ്പർനോവാ സ്ഫോടനങ്ങളിൽ നിന്നും ഒക്കെയായി ഇവ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോസ്മിക് കിരണങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായും ന്യൂട്രിനോകൾ ഉണ്ടാകുന്നുണ്ടെങ്കിലും, സൂര്യൻ ഉണ്ടാക്കിവിടുന്ന ന്യൂട്രിനോകളുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും ഒന്നുമല്ല എന്ന് പറയാം. ഭൗമോപരിതലത്തിലെ ഒരു സ്ക്വയർ സെന്റീമീറ്റർ വിസ്താരമുള്ള ഒരു സ്ഥലമെടുത്താൽ അതിനുള്ളിൽക്കൂടി മാത്രം ഒരു സെക്കന്റിൽ 6500 കോടി സോളാർ ന്യൂട്രിനോകളാണ് കടന്നുപോകുന്നത്. ഇതിനെ സാങ്കേതിക ഭാഷയിൽ സോളാർ ന്യൂട്രിനോ ഫ്ലക്സ് എന്ന് വിളിക്കും. ഇതെഴുതുമ്പോൾ എന്റെ ശരീരത്തിലൂടെയും വായിക്കുന്ന നിങ്ങളുടെ ശരീരത്തിലൂടെയും കോടാനുകോടി ന്യൂട്രിനോകൾ നിരന്തരം കടന്നുപോകുന്നുണ്ട് എന്ന്! നിങ്ങളിതുവല്ലതും അറിയുന്നുണ്ടോ? ഇതിന് രാത്രിയും പകലുമൊന്നും വ്യത്യാസമില്ല. കാരണം ഏത് പാതാളത്തിലും നുഴഞ്ഞുകയറുന്ന പാഷാണത്തിക്കൃമികളാണ് ന്യൂട്രിനോകൾ. രാത്രി സമയത്ത് സൂര്യൻ ഭൂമിയുടെ മറുവശത്തായതിനാൽ സൂര്യപ്രകാശത്തിന് നമ്മുടെ വശത്ത് എത്താനാവില്ല, പക്ഷേ ന്യൂട്രിനോകൾ കൂളായി ഭൂമി തുളച്ച് ഇപ്പുറത്ത് വരും. ന്യൂട്രിനോകളുടെ ഈ നുഴഞ്ഞുകയറ്റ ശേഷിയുടെ വലിപ്പം മനസിലാവാൻ മറ്റൊരു കണക്ക് കൂടി പറയാം. സൂര്യന്റെ ആന്തരഭാഗമായ കോറിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനത്തിലാണ് പ്രകാശത്തിന്റെ ഫോട്ടോണുകളും ന്യൂട്രിനോകളും ഉണ്ടാകുന്നത്. പക്ഷേ നക്ഷത്രത്തിനുള്ളിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ അവിടേയ്ക്കും ഇവിടേയ്ക്കും തട്ടിത്തെറിക്കപ്പെടുന്ന ഒരു ഫോട്ടോണിന് നക്ഷത്രത്തിൽ നിന്ന് പുറത്തെത്താൻ പതിനായിരക്കണക്കിന് വർഷം വേണ്ടിവരും. പക്ഷേ ന്യൂട്രിനോയ്ക്ക് രണ്ട് സെക്കന്റ് മതി! കണക്കനുസരിച്ച് ഒരു ശരാശരി മനുഷ്യന്റെ ജീവിതകാലത്തിനിടയ്ക്ക് ശരീരത്തിലൂടെ ഏതാണ്ട് 10^23 ന്യൂട്രിനോകൾ കടന്നുപോകുന്നുണ്ട്. 

പക്ഷേ ഇതും കേട്ട് ന്യൂട്രിനോകൾ ക്യാൻസറുണ്ടാക്കും എന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിക്കാനോ 'ആന്റി-ന്യൂട്രിനോ ലേഹ്യം' വാങ്ങാനോടാനോ വരട്ടെ. ഇത്രേം സർവവ്യാപി ആയിരുന്നിട്ടും മനുഷ്യൻ ന്യൂട്രിനോയെ കണ്ടെത്തുന്നത് 1965-ൽ മാത്രമാണ്. കാരണം ന്യൂട്രിനോകൾ വളരെ പ്രതിപ്രവർത്തനശേഷി കുറഞ്ഞ കണങ്ങളാണ്. ഒരു ജീവിതകാലം മുഴുവൻ നമ്മുടെ ശരീരത്തിലൂടെ കടന്നുപോയാലും നമ്മുടെ ഏതെങ്കിലും ഒരു ആറ്റവുമായി പ്രതിപ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ ന്യൂട്രിനോകൾ മാത്രം ആയിരിക്കും. ഈ പാവത്താൻ സ്വഭാവം കാരണം ഒരു കുഴപ്പമുണ്ട്- ഇവയുടെ സാന്നിദ്ധ്യം അറിയാൻ കഴിയില്ല. ഒരു വസ്തുവിനെ കാണുകയോ detect ചെയ്യുകയോ വേണമെങ്കില്‍ അത് നമ്മുടെ കണ്ണുമായോ detector ഉപകരണവുമായോ പ്രതിപ്രവര്‍ത്തിക്കണം. ഒരു വസ്തുവിനെ നാം കാണുന്നത് അതില്‍ നിന്നുള്ള ഫോട്ടോണുകള്‍ നമ്മുടെ കണ്ണുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. ഇത്രയധികം ന്യൂട്രിനോകള്‍ ഭൂമിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ലോകത്തിന്റെ പല കോണുകളിലും ഉള്ള പാര്‍ട്ടിക്കിൾ/റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ക്കൊന്നും ഇതിനെ കാണാനേ സാധിച്ചില്ല. ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ പാവത്താന്‍മാരെ ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ. അന്തരീക്ഷം മൊത്തം ഫോട്ടോണുകളും മറ്റ് കണങ്ങളും ഉള്ളതിനാല്‍ അക്കൂട്ടത്തില്‍ നിന്നും ന്യൂട്രിനോകളെ തിരഞ്ഞ് പിടിച്ചു ഡിറ്റക്റ്റ് ചെയ്യുക പ്രയാസമാണ്. അതുകൊണ്ടാണ് ന്യൂട്രിനോ നിരീക്ഷണശാലകള്‍ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ സ്ഥാപിക്കുന്നത്, മറ്റു കണങ്ങള്‍ അവിടെ എത്തില്ല എന്നതുകൊണ്ട്. നക്ഷത്രങ്ങളെ നന്നായി കാണാന്‍ മറ്റു പ്രകാശങ്ങള്‍ ഇല്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നില്‍ക്കുന്നതുപോലെയാണിത്. മാത്രമല്ല, വളരെ വലിയ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രയോജനവും ഉള്ളൂ. കൂടുതല്‍ മഴവെള്ളം ശേഖരിക്കാന്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിക്കണം എന്നപോലെ തന്നെ.
 
ജപ്പാനിലെ സൂപ്പർ കാമിയൊക്കൊണ്ടേ ന്യൂട്രിനോ ഡിറ്റക്റ്ററിനുള്ളിൽ നീൽ ടൈസൺ ('കോസ്മോസ്' ടീവീ സീരീസിന്റെ ഷൂട്ടിനിടയിലാണിത്)


ന്യൂട്രിനോ വേട്ടയുടെ നാൾവഴി

ന്യൂട്രിനോയെ 1965-ൽ കണ്ടെത്തിയപ്പോൾ മാത്രമാണ് നമ്മൾ അതിനെക്കുറിച്ച് അറിയുന്നത് എന്ന് വിചാരിക്കരുത് കേട്ടോ. ഇങ്ങനൊരു കണത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് 1931-ൽ വൂൾഫ്ഗാങ് പോളി എന്ന ശാസ്ത്രജ്ഞനാണ്. റേഡിയോ ആക്റ്റീവ് മൂലകങ്ങളിൽ നിന്നുള്ള ബീറ്റാ വികിരണങ്ങളെ വിശദീകരിക്കാനാണ് അദ്ദേഹം ന്യൂട്രിനോ (അന്ന് പേരിട്ടിട്ടില്ല) എന്ന കണത്തെ കൊണ്ടുവരുന്നത്. അതിന് ശേഷം എൻറിക്കോ ഫെർമിയും ഇത്തരമൊരു കണത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്ന സിദ്ധാന്തങ്ങൾ രൂപീകരിച്ചു. അങ്ങനെ ഇവർ ചേർന്ന് നടത്തിയ പ്രവചനങ്ങളിലാണ് ന്യൂട്രിനോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ശാസ്ത്രത്തിലെ പ്രവചനം കവടി നിരത്തി വായിൽ തോന്നുന്നത് പറയുന്ന പരിപാടി അല്ലാന്ന് അറിയാമല്ലോ. അന്നുവരെയുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അവയുമായും നിരീക്ഷണങ്ങളുമായും ഒത്തുപോകുന്ന ഒരു കണത്തിന്റെ സാന്നിദ്ധ്യം ഊഹിച്ചെടുക്കുകയായിരുന്നു ഇവിടെ. പക്ഷേ അന്ന്, യാഥാർത്ഥ്യത്തിന് നിരക്കുന്ന സിദ്ധാന്തമല്ല എന്നുപറഞ്ഞ് ഫെർമിയുടെ പ്രബന്ധം നേച്ചർ ജേണൽ നിരസിക്കുകയാണ് ചെയ്തത്.  പിന്നീട് ബീറ്റാ വികിരണങ്ങൾ –അടിസ്ഥാനപരമായി ഇലക്ട്രോണുകൾ തന്നെയാണവ- തങ്ങളുടെ ഊർജം മറ്റേതോ കണങ്ങളുമായി പങ്ക് വെക്കുന്നുണ്ട് എന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ പരീക്ഷണങ്ങളിൽ നിന്ന് കിട്ടിയതോടെ ശാസ്ത്രലോകം ന്യൂട്രിനോകളെ ഗൗരവമായി കാണാൻ തുടങ്ങി.

അന്നത്തെ കാലത്ത് ന്യൂട്രിനോകളെ നേരിട്ട് കണ്ടെത്താനുള്ള പരീക്ഷണസംവിധാനങ്ങൾ അസാദ്ധ്യമായിരുന്നു. എന്നാൽ ഫെർമിയുടെ പ്രവചനത്തിലെ, ഒരു പ്രോട്ടോണിനെ ന്യൂട്രോണാക്കി മാറ്റാനുള്ള ന്യൂട്രിനോയുടെ കഴിവ് നല്ലൊരു ക്ലൂ ആയിരുന്നു. ഫ്രഡറിക് റീൻസ്, ക്ലൈഡ് കോവൻ എന്നീ ശാസ്ത്രജ്ഞർ ഇത് ഏറ്റെടുത്തു. ഒരു ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള ബീറ്റ വികിരണങ്ങളോടൊപ്പം ഉണ്ടാകുന്ന ന്യൂട്രിനോകളെ ഉപയോഗിച്ച് പ്രോട്ടോണിനെ ന്യൂട്രോണാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു. 1956-ൽ നടന്ന ഈ പരീക്ഷണം ന്യൂട്രിനോകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായിരുന്നു. നാല്പത് വർഷത്തോളം കഴിഞ്ഞ് 1995-ലാണ് ഇതിന് നോബൽ സമ്മാനം അവരെ തേടിയെത്തിയത്. ഇവിടെ ഒരു തമാശ ഉള്ളത്, 1995-ൽ ന്യൂട്രിനോയെ കണ്ടെത്തിയതിന് നോബൽ സമ്മാനം നൽകപ്പെടുമ്പോൾ 1988-ൽ നൽകപ്പെട്ട ഒരു നോബൽ സമ്മാനം നിലവിലുണ്ട്. അത് ന്യൂട്രിനോകൾ ഒന്നിൽ കൂടുതൽ തരത്തിലുണ്ട് എന്ന കണ്ടെത്തലിനായിരുന്നു ലിയോൺ ലെഡർമാൻ (ദൈവകണത്തിന്റെ പേരിന് കാരണക്കാരനായ ആളാണ് കക്ഷി) ഉൾപ്പടെ മൂന്ന് പേർ നോബൽ പ്രൈസ് വാങ്ങിയത്. 

അങ്ങനെ ന്യൂട്രിനോകളെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം പതിയെ ഉരുത്തിരിഞ്ഞു. മൂന്ന് വകഭേദങ്ങളിൽ –ഫ്ലേവർ എന്ന് സാങ്കേതികപദം- കാണപ്പെടുന്ന ന്യൂട്രിനോകൾക്ക് ചാർജോ മാസ്സോ ഇല്ല. ഇലക്ട്രോൺ, മുവോൺ, ടോ ലെപ്റ്റോൺ എന്നിങ്ങനെ മൂന്ന് ലെപ്റ്റോൺ കണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ മൂന്ന് ഫ്ലേവറുകളിൽ അവ കാണപ്പെടുന്നത്. ചാർജ് ഇല്ലാത്തതിനാൽ ഇലക്ട്രോമാഗ്നറ്റിക് ബലത്തിനോ ലെപ്റ്റോൺ കണമായതിനാൽ സ്ട്രോങ് ന്യൂക്ലിയർ ബലത്തിനോ ഇവയെ സ്വാധിനിക്കാൻ ആവില്ല. വീക് ന്യൂക്ലിയർ ബലം എന്ന അവശേഷിക്കുന്ന ബലം വളരെ വളരെ ചെറിയ ദൂരങ്ങളിൽ മാത്രം -ഒരു പ്രോട്ടോണിന്റെ വലിപ്പത്തിന്റെ ആയിരത്തിലൊരംശം ദൂരം!- പ്രവർത്തിക്കുന്നതാകയാൽ, പ്രായോഗിക തലത്തിൽ സാധാരണ ദ്രവ്യകണങ്ങളുമായി ന്യൂട്രിനോകൾ എളുപ്പത്തിൽ പ്രതിപ്രവർത്തിക്കില്ല. 

2015 നോബലിലേയ്ക്കുള്ള വഴി

ന്യൂട്രിനോയുടെ സ്ഥിരീകരണവും 1960-കളിൽ അവയെ ഡിറ്റക്റ്റ് ചെയ്യാനുള്ള സങ്കേതങ്ങളും വന്നതോടെ പുതിയൊരു പ്രശ്നം തലയുയർത്തി- സോളാർ ന്യൂട്രിനോ പ്രശ്നം. സൂര്യന്റെ ഉൾഭാഗത്തെ ന്യൂട്രിനോ നിർമാണത്തിന്റെ കണക്കുകൾ സിദ്ധാന്ത മാതൃകകൾ വച്ച് കണക്കാക്കാൻ സാധിയ്ക്കും. ഭൂമിയിലൂടെ കടന്നുപോകുന്ന സോളാർ ന്യൂട്രിനോകളുടെ കണക്ക് ഡിറ്റക്റ്ററുകളിൽ നിന്നും എടുക്കാനാകും. പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇവ തമ്മിൽ പൊരുത്തപ്പെടുന്നില്ല. കണക്കനുസരിച്ച് സൂര്യനിൽ നിന്നും ഇവിടെയെത്തേണ്ട ന്യൂട്രിനോകളുടെ പകുതിയിൽ താഴെ മാത്രമേ ഇവിടെ എത്തുന്നുള്ളു. (ഈ ‘കണക്കെടുപ്പി’നാണ് 2002-ലെ നോബൽ സമ്മാനം നൽകപ്പെട്ടത്) സൂര്യനിലെ ന്യൂട്രിനോ നിർമാണത്തെ കുറിച്ചുള്ള മോഡലിലെ പിഴവാണ് കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും, ആ ദിശയിലുള്ള ഒരു പരിഷ്കരണത്തിനും പ്രശ്നം പരിഹരിക്കാനായില്ല. 

ഇവിടെയാണ് കാജിറ്റായുടേയും മക്ഡൊണാൾഡിന്റേയും ഗവേഷണം വഴിത്തിരിവാകുന്നത്. സൂര്യനിൽ നിന്ന് ഇവിടേയ്ക്കുള്ള യാത്രയ്ക്കിടെ ന്യൂട്രിനോകൾ തങ്ങളുടെ ഫ്ലേവർ മാറുന്നു എന്നവർ കണ്ടെത്തി. ജപ്പാനിലെ സൂപ്പർ-കമിയോക്കണ്ടേ ന്യൂട്രിനോ ഒബ്സർവേറ്ററി, കാനഡായിലെ സഡ്ബറി ന്യൂട്രിനോ ഒബ്സർവേറ്ററി എന്നിവിടങ്ങളിലായിരുന്നു ഗവേഷണം. ഈ ഫ്ലേവർ മാറ്റത്തെയാണ് ന്യൂട്രിനോ ഓസിലേഷൻ എന്ന് വിളിക്കുന്നത്. ഇതിന് വളരെ ഗൗരവകരമായ മറ്റൊരു മാനം കൂടി ഉണ്ടായിരുന്നു. മാസ്സ് ഇല്ലാത്ത ന്യൂട്രിനോകൾ പ്രകാശവേഗതയിൽ സഞ്ചരിക്കണം, അങ്ങനെയെങ്കിൽ ആപേക്ഷികതാ സിദ്ധാന്തപ്രകാരം അവയുടെ ക്ലോക്ക് ഓടില്ല, അങ്ങനെയെങ്കിൽ അവർക്ക് ‘മാറ്റം’ എന്നൊന്ന് സാധ്യമാകില്ല. അതായത്, ന്യൂട്രിനോ ഓസിലേഷൻ സ്ഥിരീകരിക്കുമ്പോൾ ന്യൂട്രിനോയ്ക്ക് മാസ്സ് ഉണ്ട് എന്നുകൂടി അംഗീകരിക്കേണ്ടിവരും. അതുവരെ മല പോലെ നിലനിന്ന ‘സ്റ്റാൻഡേർഡ് മോഡലി’ന്റെ പരിഷ്കരണത്തിലേയ്ക്ക് ഇത് നയിച്ചു. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണകളാണ് അതോടെ പരിഷ്കരിക്കപ്പെട്ടത്.ഇന്നത്തെ അറിവിൽ ന്യൂട്രിനോകൾക്ക് വളരെ ചെറിയ ഒരു മാസ്സുണ്ട്. ഇലക്ട്രോണിന്റെ പത്തുലക്ഷത്തിൽ ഒരംശമേയുള്ളുവെങ്കിലും ഇത് ശാസ്ത്രദൃഷ്ടിയിൽ 'പൂജ്യം മാസ്സ്' അല്ല.

Oct 4, 2015

മണോറമാ ഇംപാക്റ്റ്: മുഖം രക്ഷിക്കാൻ കൂടുതൽ ചിത്രങ്ങളുമായി നാസ

അമേരിക്ക ജംഗ്ഷൻ: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ കൂടുതൽ ചിത്രങ്ങളുമായി രംഗത്ത്. പാലക്കാട് എൻജി. കോളേജിലെ എം.ടെക്. വിദ്യാർത്ഥികൾ വാട്സാപ്പും യൂട്യൂബും ഉപയോഗിച്ച് മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ആഴ്ച മണോറമ പുറത്ത് വിട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ ധൃതിപ്പെട്ട് ഇങ്ങനൊരു നീക്കം നാസ നടത്തിയിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലേത് എന്ന് പറയപ്പെടുന്ന 8400-ഓളം ചിത്രങ്ങളാണ് അവർ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

എന്നാൽ ഈ ചിത്രങ്ങളൊന്നും സത്യമാകാൻ വഴിയില്ലെന്നും ഇത്രയും കാലം ഈ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത നാസ ഡിജിറ്റൽ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ച ന്യാജ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് ഞങ്ങളുടെ സ്വന്തം ശാസ്ത്രലേഖകൻ പറയുന്നത്. പാലക്കാട് കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോകൾ ഇതിനകം ഡൗൺലോഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവത്രേ. കോളേജിലെ കണക്ഷൻ bsnl ആയതിനാൽ ചിത്രങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ അല്പം കൂടി സമയം വേണമെന്ന് അവർ മണോറമയോട് പറഞ്ഞു.

അമേരിക്ക അവരുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപം കൊടുത്ത സംഘടനയാണ് നാസ എന്ന് പരക്കെ അറിയപ്പെടുന്നത്. റഷ്യയെ പറ്റിക്കാനായി 1969-ലാണ് അവർ സിനിമാ സെറ്റിട്ട് ചന്ദ്രനിൽ അമേരിക്കക്കാർ ഇറങ്ങിയതായി സ്ഥാപിക്കുന്ന വ്യാജവിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്. പാലക്കാട്ടെ വിദ്യാർത്ഥികൾ വാട്സാപ്പ് എന്ന അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിക്കുന്നതുവരെ ലോകത്തെ മുഴുവൻ കബളിപ്പിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പകരം മഞ്ഞൾ അരച്ചുപുരട്ടിയാൽ ക്യാൻസർ മാറും, അതിരാവിലെ പച്ചവെള്ളം കുടിച്ചാൽ എയ്ഡ്സ് വരാതിരിക്കും തുടങ്ങിയ കേരളീയ നാട്ടറിവുകൾ സത്യമാണെന്ന് തെളിയിക്കുന്നതിലും, ഖുറാൻ, ബൈബിൾ, ഗീത തുടങ്ങിയ പുസ്തകങ്ങളിലെ ശാസ്ത്രം ശരിയാണെന്ന് സ്ഥാപിക്കുന്നതിലും ഒക്കെയായി നാസയുടെ ശ്രദ്ധ തിരിഞ്ഞുപോകുന്നതിനാലാണ് ബഹിരാകാശ രംഗത്ത് വേണ്ടത്ര ശോഭിയ്ക്കാൻ അവർക്ക് കഴിയാത്തത് എന്ന് കഴിഞ്ഞ ആഴ്ച നാസയിൽ നിന്നും പെൻഷൻ പറ്റിയ ശാസ്ത്രകാരൻ ഡോ. എഡ്വേർഡ് ഹംപോച്ചി ഒരു റഷ്യൻ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു.

റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ നമ്മൾ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് രാത്രിസമയത്ത്. "അവന്റെ വണ്ടിയുടെ മുന്നിൽ ലൈറ്റുണ്ടല്ലോ, പിന്നെന്താ അവനെന്നെ കാണാൻ ബുദ്ധിമുട്ട്!" എന്ന ചില ന്യായങ്ങൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണയാണത്. മുന്നിലുള്ള തടസ്സത്തെ കാണാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് പലപ്പോഴും പോരാതെ വരും. കാരണം ലളിതമാണ്. നമുക്ക് ഒരു വസ്തുവിനെ കാണാനാവുന്നത്, അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശമോ (ബൾബ്, തീയ് തുടങ്ങിയവയ്ക്ക് മാത്രമേ ഇത് ബാധകമാകൂ), അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ മാത്രമാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒരു വസ്തുവിനെ കാണണമെങ്കിൽ, ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിൽ തട്ടി തിരിച്ച് നമ്മുടെ കണ്ണിൽ വീഴണം. ഇത് പക്ഷേ ആ വസ്തുവിന്റെ നിറം അനുസരിച്ചിരിക്കും. ഇരുണ്ട നിറമുള്ള വസ്തുക്കൾ വളരെ കുറച്ച് പ്രകാശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പർദയിട്ട ആ സ്ത്രീയെ ഞാൻ കാണാത്തതുപോലെ, കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ആളിനെ സ്വന്തം ഹെഡ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ഡ്രൈവർക്ക് കാണാനാകില്ല. റോഡിന്റെ വശത്തായിരുന്നിട്ടും ആ ചെറിയ പെൺകുട്ടിയെ കാണാൻ കഴിഞ്ഞത്, അവൾ ഇട്ടിരുന്ന തിളക്കമുള്ള ഫ്രോക്ക് കാരണമാണ്.

റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിഴൽ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് കാഴ്ചയിൽ പെടാനുള്ള സാധ്യത കൂടും എങ്കിലും കഴിവതും ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ റോഡിൽ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളയോ അതുപോലുള്ള പ്രതിഫലനശേഷി കൂടിയ നിറങ്ങളോ വേണം തെരെഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ, ആ വരുന്ന വണ്ടി ഓടിയ്ക്കുന്നയാളിന് ഡ്രൈവിങ് അറിയാം, അയാൾക്ക് നമ്മളെ കാണാൻ മാത്രമുള്ള കാഴ്ചശക്തിയുണ്ട്, അയാളുടെ ശ്രദ്ധ റോഡിൽ തന്നെയാണ്, അയാൾ ഓടിയ്ക്കുന്ന വണ്ടിയുടെ ബ്രേക്ക് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ട്, തുടങ്ങിയ വെറും 'വിശ്വാസങ്ങളുടെ' ബലത്തിലാണ് നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ കൂടെ സുരക്ഷ ഉറപ്പാക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ നമ്മളും ചെയ്യണ്ടേ? ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളു?