Dec 13, 2016

സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീണത് അറിഞ്ഞോ?

സൾഫ്യൂരിക് ആസിഡ് എന്താന്നറിയോ? രാസവസ്തുക്കളിലെ രാജാവ് (king of chemicals) എന്ന് വിളിക്കുന്ന ഒരു ഭീകരവസ്തുവാണത്. രാസവസ്തു എന്ന് പറഞ്ഞാൽ മതി, ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ്പ്. ഇന്ന് മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ. അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാനകരാസവസ്തു -നമ്മടെയീ സൾഫ്യൂരിക് ആസിഡേയ്- കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ? സങ്കല്പിക്കാൻ പേടി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം, അത് എത്ര അളവിൽ എത്ര ഗാഢതയോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും, സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അത് വീണിട്ടുണ്ട്. എപ്പോഴാന്ന് ചോദിച്ചാൽ, ഉള്ളി അരിയുമ്പോൾ. എങ്ങനെ എന്ന് ചോദിച്ചാൽ ഇത്തിരി കെമിസ്ട്രിയാണ് സംഭവം.

രാസവസ്തുപ്പേടിയുള്ളവർ മുന്നോട്ടുവായിക്കരുത്. നിങ്ങൾക്ക് പലതും താങ്ങാനായെന്ന് വരില്ല.

ഉള്ളിച്ചെടി മണ്ണിൽ നിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ്. അതെ, സൾഫർ ഒരു രാസവസ്തുവാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെ പല ഭീകരരാസവസ്തുക്കളും ചെടികൾ ഉള്ളിലേയ്ക്കെടുക്കുന്നുണ്ട്. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടിയ്ക്ക് ഇതൊക്കെ തന്നെയാണ് വേണ്ടത്, ഇതൊക്കെയേ എടുക്കൂ താനും. അത് പോട്ടെ, പറഞ്ഞുവന്നത് ഉള്ളിയിലെ സൾഫറിനെപ്പറ്റിയാണ്. ഈ സൾഫർ ഉള്ളിയിൽ ചില അമിനോ ആഡിഡുകളുടെ ഭാഗമായിട്ടാണ് നിൽക്കുന്നത്. നിങ്ങൾ ഉള്ളി അരിയുമ്പോൾ അതിലെ കോശങ്ങൾ പലതും പൊട്ടുകയും മര്യാദയ്ക്ക് അപ്പുറോമിപ്പുറോമിരുന്ന ഈ അമിനോ ആസിഡുകളും ചില്ലറ എൻസൈമുകളും (എല്ലാം വൃത്തികെട്ട രാസവസ്തുക്കൾ തന്നെ!) കൂടിക്കലർന്ന് രാസപ്രവർത്തനം നടന്ന് propanethiol s-oxide എന്നൊരു പുതിയ രാസവസ്തു (ദേ പിന്നേം രാസവസ്തു!) ഉണ്ടാകും. ഇത് വളരെപ്പെട്ടെന്ന് ബാഷ്പീകരിക്കുന്ന സ്വഭാവമുള്ള ഒരു വസ്തുവായതിനാൽ, ഇത് നേരെ പൊങ്ങി നമ്മുടെ കണ്ണിൽ വന്ന് തട്ടും. നമ്മുടെ കണ്ണിൽ ഈർപ്പം എന്നൊക്കെ നാം അറിയാതെ വിളിക്കുന്ന, ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന മറ്റൊരു രാസവസ്തു ഉണ്ട്. ഈ രാസവസ്തു കൊടുംഭീകരനാണ്. ലോകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച 99.998% ആളുകളിലും ഈ രാസവസ്തുവിന്റെ അംശം കൂടുതലായിരുന്നു എന്ന് പഠനങ്ങളുണ്ടത്രേ. അങ്ങനെ ഈ രണ്ട് രാസവസ്തുക്കളും കൂടി കണ്ണിൽ വെച്ച് പരസ്പരം പ്രവർത്തിച്ച് കണ്ണിൽ സാക്ഷാൽ സൾഫ്യൂരിക് ആസിഡ് രൂപം കൊള്ളുന്നു. ആസിഡ് കാരണം കണ്ണ് നീറിത്തുടങ്ങുമ്പോൾ കണ്ണുനീർ ഗ്രന്ഥികൾ കണ്ണുനീർ പുറപ്പെടുവിച്ച് അതിനെ കഴുകിക്കളയാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഉള്ളി അരിയുന്നയാൾ കര‍ഞ്ഞുപോകുന്നത്. അതായത്, കാലാകാലങ്ങളായി, സയൻസും രാസവളവും മറ്റ് മാരക കെമിക്കലുകളും ഉണ്ടാകുന്നതിനും മുൻപ് തൊട്ടേ, നമ്മുടെ അടുക്കളകളിൽ സൾഫ്യൂരിക് ആസിഡ് പോലുള്ള മാരകരാസവസ്തുക്കൾ നാം ദിനംപ്രതി കൈകാര്യം ചെയ്തിരുന്നു എന്നർത്ഥം. ചുമ്മാതല്ല നമ്മളൊക്കെ ഇങ്ങനായിപ്പോയത്. മൊത്തം രാസവസ്തുക്കളല്ലേ വലിച്ച് കയറ്റുന്നത്!

Dec 9, 2016

സീസേറിയൻ മാത്രൂഭൂമിയ്ക്ക് ഭീഷണി!

മാതൃഭൂമിയിൽ ഇന്നലെ ഒരു വാർത്ത കണ്ടു, "സിസേറിയൻ പരിണാമത്തിനും ഭീഷണി" എന്ന തലക്കെട്ടിൽ. അതിന് താഴെ 'സിസേറിയൻ ശസ്ത്രക്രിയയിലൂടെയുളള ജനനങ്ങൾ മനുഷ്യപരിണാമത്തിനുതന്നെ ദോഷകരമായേക്കുമെന്ന് ശാസ്ത്രഞ്ജർ...' എന്നൊക്കെപ്പറഞ്ഞ് സ്ഥിരം വിരട്ടൽ ലൈനിലാണ് വാർത്തയുടെ വിവരണവും. എന്തായാലും ഇത് കുറേപേരെ പേടിപ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ഈ സീസേറിയൻ പ്രസവം എന്തോ ഭീകരകുഴപ്പമാണ് എന്ന തോന്നൽ ഈ വാർത്ത ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രജ്ഞർ എന്ന് കൃത്യമായി എഴുതാൻ പോലും അറിയാത്തവരെക്കൊണ്ട് ശാസ്ത്രവാർത്ത എഴുതിക്കുമ്പോൾ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എന്നാലും ഈ വാർത്ത കാരണം ആശയക്കുഴപ്പമുണ്ടായവർക്ക് കൂടി ആശ്വാസം കിട്ടാൻ വേണ്ടിയാണ് ഈ കുറിപ്പ്. 

ടി വാർത്തയുടെ സ്രോതസ്സ് തേടിയുള്ള അന്വേഷണം രസകരമായിരുന്നു. ഇതിന്റെ തുടക്കം അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ്. അതിന്റെ തലക്കെട്ട്, 'Cliff-edge model of obstetric selection in humans' എന്നാണ്. ഇത് കേട്ടിട്ട് നിങ്ങളിൽ പലർക്കും ഒരു പുല്ലും മനസിലായിട്ടുണ്ടാകില്ല. സ്വാഭാവികം. ശാസ്ത്രവാർത്തകൾ അങ്ങനെയാണ്. ആദ്യ റിപ്പോർട്ട് വിഷയത്തിലെ വിദഗ്ദ്ധർക്ക് മാത്രം മനസിലാകുന്ന രീതിയിലായിരിക്കും. പത്രമാദ്ധ്യമങ്ങൾ അതിനെ സാധാരണക്കാരുടെ ഭാഷയിലേയ്ക്ക് പതിയെ നേർപ്പിച്ചാകും റിപ്പോർട്ട് ചെയ്യുക. അത് ഒറിജിനൽ പ്രബന്ധം എഴുതിയ ആളുമായി ഒരു ഇന്റർവ്യൂ നടത്തി തയ്യാറാക്കുക എന്നതാണ് സാമാന്യമര്യാദ എങ്കിലും പലരും അതിന് മെനക്കെട്ടെന്ന് വരില്ല. പകരം അല്പസ്വല്പം സയൻസ് അറിയാവുന്ന ഒരാളെക്കൊണ്ട് അത് റിപ്പോർട്ട് ചെയ്യിച്ചാലും മതിയാകും. അല്ലെങ്കിൽ ശാസ്ത്രം മാത്രം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ (sciece daily, science alert etc.) രണ്ടാംഘട്ട റിപ്പോർട്ട് വായിച്ച് അതിനെ ഒന്നുകൂടി മയപ്പെടുത്തി എഴുതും. ഇത് BBC പോലെ ഏതെങ്കിലും മുൻനിര പൊതുമാധ്യമം ചെയ്തുകഴിഞ്ഞാൽ പിന്നെ അതവിടുന്ന് പലയിടത്തേയ്ക്കും കോപ്പിയടിക്കപ്പെടും. മലയാളത്തിലെ എല്ലാ മാധ്യമങ്ങളും ചെയ്യുന്നത് എന്താണ്? ഇങ്ങനെ പല കോപ്പി മറിഞ്ഞ് വരുന്ന വാർത്തയുടെ കോപ്പിയിൽ സീരിയലിന്റെ തിരക്കഥ പോലെ കുറച്ച് മസാലകൂടി സ്വന്തം റിപ്പോർട്ടറെക്കൊണ്ട് തിരുകിക്കയറ്റി മോടി പിടിപ്പിച്ച്  ഒരു പൂശ്! പറക്കുംതളികയിൽ ദിലീപും ഹരിശ്രീ അശോകനും കൂടി വരനെ ഒരുക്കുന്നത് പോലെ ഒരു ഏർപ്പാടാണ്. പിന്നെ സ്വന്തം തന്തയ്ക്ക് പോലും കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല. ടി പ്രബന്ധത്തിന്റെ ഉദാഹരണം തന്നെ നോക്കാം. അതിനെ ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പരിശോധിച്ചാൽ, അവരിൽ ഏതാണ്ട് എല്ലാവരും നടത്തിയിരിക്കുന്ന പ്രയോഗം സീസേറിയൻ ശസ്ത്രക്രിയകൾ മനുഷ്യപരിണാമത്തെ സ്വാധീനിയ്ക്കുന്നു ('affects evolution') എന്നാണെന്ന് കാണാം. (ബി.ബി.സി വാർത്ത ഇവിടെ: http://www.bbc.com/news/science-environment-38210837) ചിലയിടത്ത് സീസേറിയൻ പരിണാമപരമായ മാറ്റങ്ങൾക്ക് കാരണമാകാം എന്നും പറയുന്നു.(CBS news: http://www.cbsnews.com/news/c-sections-may-give-rise-to-evolutionary-changes/). 
ഇതൊക്കെക്കണ്ട് മാത്രൂമി റിപ്പോർട്ടർ ഒരു പിടിയങ്ങ് പിടിച്ചു. തലക്കെട്ട് കണ്ടില്ലേ? 'സീസേറിയൻ പരിണാമത്തിനും ഭീഷണി' പോലും. 'affect' എന്നത് മാത്രൂമിക്കാരൻ എഴുതിവന്നപ്പോ 'ഭീഷണി' ആയി. അതും വെറും ഭീഷണിയല്ല, 'പരിണാമത്തിനും ഭീഷണി' എന്നാണ്. അതായത് മറ്റ് പലതിനും ഭീഷണിയാണെന്ന് ഇതിനകം ഉറപ്പായിരുന്നു, ഇപ്പോ പരിണാമത്തിനും കൂടി ഭീഷണിയാണെന്ന് മനസിലായി എന്നാണ് ധ്വനി.  വാർത്തയുടെ ഓൺലൈൻ URL നോക്കിയാൽ കാണുന്നത് ഇംഗ്ലീഷിലെ ഭീഷണി  -http://www.mathrubhumi.com/health/health-news/csection-is-a-threat-to-evolution-also-malayalam-news-1.1563453. 'affect' എന്നതിനെ മലയാളത്തിൽ 'ഭീഷണി' എന്ന് തർജമ ചെയ്ത് അതിനെ തിരിച്ച് ഇംഗ്ലീഷിലേയ്ക്ക് 'threat' എന്ന് തർജമ ചെയ്യുന്ന ജാലവിദ്യ!

അതെന്തരോ ആവട്ട്. ഇനി വാർത്തയുടെ ഉള്ളടക്കത്തിലേയ്ക്ക് വരാം. അതാണല്ലോ പ്രധാനം. ജീവപരിണാമം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് സ്കൂൾ ലെവൽ ധാരണയുള്ളവർക്ക് പോലും ഊഹിക്കാവുന്ന ഒരു കാര്യമാണ് വിഷയം. അതിനെ ഗണിതപരമായ ഒരു മോഡൽ (mathematical model) വെച്ച് തെളിയിച്ചിരിക്കുന്നതാണ് ഒറിജിനൽ പ്രബന്ധം. ഗണിതമോഡൽ എന്നാൽ സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന വിഷയമല്ല. അതുകൊണ്ട് നമുക്ക് കാര്യത്തിന്റെ കാതൽ മാത്രം പറയാം.

സാധാരണഗതിയിൽ, പ്രസവസമയത്ത് സ്വാഭാവികമായി കുഞ്ഞിന് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും യോനീനാളത്തിലൂടെ പുറത്തുവരാൻ കഴിയില്ല എന്ന ഘട്ടത്തിലാണ് ഡോക്ടർമാർ സീസേറിയൻ ശസ്ത്രക്രിയ നി‍ർദേശിക്കുന്നത്. മിക്കവാറും, ഇടുപ്പ് ഇടുങ്ങിയതായതുകൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അതിലൂടെ കടന്നുവരാൻ പറ്റാത്തതാകും പ്രശ്നം. ശരീരത്തെ അപേക്ഷിച്ചുള്ള തലയുടെ വലിപ്പം കുഞ്ഞുങ്ങൾക്ക് മുതിർന്നവരെക്കാൾ കൂടുതലായിരിക്കും എന്നതാണ് അതിന് കാരണം. (കുട്ടിക്കാലത്ത് ബനിയൻ ഊരുമ്പോൾ തല കുരുങ്ങിയിട്ടുള്ള പലർക്കും വലുതായശേഷം ആ അനുഭവം ഉണ്ടാകാത്തത് ഇതുകൊണ്ടാണ്) പണ്ടുകാലത്ത് ഇത്തരം കേസുകളിൽ അമ്മയോ കുഞ്ഞോ രണ്ടുപേരുമോ മരിച്ചുപോകുക എന്നതായിരുന്നു ഏക സാധ്യത. എന്നാൽ സീസേറിയൻ ശസ്ത്രക്രിയ കൂടുതൽ സാധാരണമായതോടുകൂടി ഇത്തരം അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ഇടുങ്ങിയ ഇടുപ്പുള്ള അമ്മമാർക്കും പ്രസവം സാധ്യമായിത്തീർന്നു. ഇവിടെയാണ് പരിണാമം രംഗപ്രവേശം ചെയ്യുന്നത്. ഇടുങ്ങിയ ഇടുപ്പുള്ള അമ്മമാരുടെ ജീനുകളുമായി പിറക്കുന്ന കുഞ്ഞുങ്ങൾക്കും ഇടുങ്ങിയ ഇടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവർ വളർന്ന് നാളെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുമ്പോൾ അവരുടെ സീസേറിയൻ വഴി ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഇതേ ജീൻ കിട്ടിയേക്കാം. ചുരുക്കത്തിൽ, ഇടുങ്ങിയ ഇടുപ്പുകാരുടെ ജീൻ മനുഷ്യർക്കിടയിൽ വർദ്ധിയ്ക്കാൻ തുടങ്ങും. ഇങ്ങനെയാണ് ജീവപരിണാമം പ്രവർത്തിക്കുന്നത്. പണ്ടായിരുന്നെങ്കിൽ പ്രസവസമയത്ത് മരിച്ചുപോകുമായിരുന്ന ആളുകൾ, പകരം വളർന്ന് സ്വന്തം കുട്ടികളെ ഉണ്ടാക്കാൻ പ്രാപ്തരായതിന്റെ ലളിതമായ അനന്തരഫലമാണ് ഇവിടെ ഉണ്ടാകുന്നത്. അതിന് കാരണമാകുന്നതോ? സീസേറിയൻ വഴി കൂടുതൽ അമ്മമാരേയും കുഞ്ഞുങ്ങളേയും മരിയ്ക്കാതെ രക്ഷിയ്ക്കുന്നതാണ്. പറഞ്ഞുവരുമ്പോൾ... (മാത്രൂമിക്കാരൻ പ്ലീസ് നോട്ട്) കൂടുതൽ പേരുടെ ജീവൻ രക്ഷിക്കുന്നു എന്നതാണ്, സീസേറിയൻ മനുഷ്യകുലത്തിന് വരുത്തുന്ന ഭീഷണി!

ഇതുമായി ബന്ധപ്പെട്ട് ഒരു കൗതുകകരമായ കാര്യം കൂടി പറഞ്ഞ് നിർത്താം. എന്തുകൊണ്ടാണ് പ്രസവം മനുഷ്യനെ സംബന്ധിച്ച് ഇത്ര ദുരിതകരമായ ('നൊന്തുപെറ്റ'തിന്റെ കണക്ക് കേട്ടിട്ടില്ലേ?) ഒരു കാര്യമായി മാറുന്നത് എന്നതിന് പരിണാമപരമായ ഒരു കാരണമുണ്ട്. അതിനെപ്പറ്റി പണ്ടെഴുതിയ ഒരു പോസ്റ്റ് ആവർത്തിക്കട്ടെ.

ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്, എത്ര നാള്‍ കഴിഞ്ഞാണ് അതിന്റെ കഴുത്ത് തലയെ താങ്ങിനിര്‍ത്താനുള്ള ബലം നേടുന്നത്, ഇരിക്കാനും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമൊക്കെ എന്തോരം സമയമാണ് നമ്മളെടുത്തത്! ജനിച്ച ശേഷവും ഒരുപാട് നാള്‍ നമ്മുടെയൊക്കെ ജീവിതം പരസഹായം ഇല്ലാതെ അസാദ്ധ്യമാണ്. മറ്റ് ജീവികളെ അപേക്ഷിച്ച്, അമ്മയുടെ വയറ്റില്‍ ഒരു ഭ്രൂണം വളര്‍ന്ന് കുഞ്ഞിന്റെ ശരീരമായി മാറുന്ന വികാസഘട്ടത്തിന്റെ കുറച്ചുകൂടി നേരത്തെയുള്ള ഒരു സ്റ്റേജിലാണ് മനുഷ്യക്കുഞ്ഞ് ഗര്‍ഭാശയം വിട്ട് പുറത്തുവരുന്നത് എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ശരീരഭാഗങ്ങള്‍ വേണ്ടത്ര വികാസം പ്രാപിക്കും മുന്‍പ് പുറത്തുവരാന്‍ നമ്മളെ നിര്‍ബന്ധിക്കുന്നത് നമ്മുടെ തലച്ചോറിന്റെ വലിപ്പമാണ്. ജനിക്കുന്നതിന് മുന്‍പും ശേഷവും കുഞ്ഞിന്റെ തലച്ചോര്‍ വളരെ വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പിനും ജനനനാളിയ്ക്കും (birth canal or vagina) താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളരും മുന്നേ പ്രസവം നടക്കേണ്ടതുണ്ട് എന്നതിനാല്‍ ശരീരഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കുന്നതുവരെ മാതൃശരീരത്തിന് കാത്തുനില്‍ക്കാനാവില്ല. മനുഷ്യര്‍ക്ക് അല്പം കൂടി വലിയ ഒരു ഇടുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു എന്ന്‍ തോന്നാം. ശരിയാണ്, അത് പ്രസവം അല്പം കൂടി എളുപ്പമുള്ളതാക്കുമായിരുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, അങ്ങനെ വന്നാല്‍ രണ്ടുകാലിലുള്ള നടത്തം അസാധ്യമാകും. ഇടുങ്ങിയ ഇടുപ്പ് ഉണ്ടെങ്കിലേ രണ്ടുകാലില്‍ എഴുന്നേറ്റ് നടക്കാന്‍ നമുക്ക് സാധിക്കൂ. വലിയ തലച്ചോറും രണ്ടു കാലിലുള്ള നടത്തവും ശരീരത്തിന് പരസ്പരവിരുദ്ധമായ രണ്ട് ഘടനകള്‍ ആവശ്യപ്പെടുന്നു എന്നര്‍ത്ഥം. അതായത് 'പ്രസവവേദന' എന്നത് ഈ രണ്ട് സവിശേഷതകളും ഒരുമിച്ച് കൈയടക്കി വെക്കാന്‍ പ്രകൃതി നമുക്ക് വെച്ചുനീട്ടിയ compromise agreement ആണ് എന്നുവേണമെങ്കില്‍ പറയാം.

ചിലപ്പോള്‍ ഈ വേദന പേടിച്ച് ഇനി മനുഷ്യരെങ്ങാനും പ്രസവിക്കാതിരുന്നാലോ എന്ന്‍ പേടിച്ചാകും പ്രസവത്തിലേക്ക് നയിക്കുന്നതും എന്നാല്‍ പ്രസവത്തിന് വളരെ മുന്നേ നടക്കുന്നതുമായ 'ചില പരിപാടികള്‍' മനുഷ്യനെ കൊതിപ്പിക്കും വിധം സുഖമുള്ളതാക്കി അറേഞ്ച് ചെയ്തിരിക്കുന്നത് അല്ലേ? ;)

Dec 7, 2016

പ്രകാശവേഗം നമ്മൾ വിചാരിച്ചതുപോലെ അല്ലാന്നോ?

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചിരുന്നോ?പ്രകാശവേഗതയെ സംബന്ധിച്ച ഒരു സുപ്രധാന കണ്ടെത്തലിന്റെ അനുസ്മരണമാണത്. അതാകട്ടെ നല്ലൊരു സമയത്താണ് വന്നിരിക്കുന്നത്. പ്രകാശവേഗവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വാർത്തയും ശാസ്ത്രലോകത്ത് ഈ ആഴ്ച പുറത്തുവന്നിരുന്നു. അവ ഓരോന്നായി നമുക്കൊന്ന് പരിചയപ്പെടാം.

340-ാം വർഷത്തിന്റെ ആഘോഷം

 340 വർഷം മുൻപ് ഒരു ഡിസംബർ 7-ന് നടന്ന ഒരു കണ്ടെത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഓർമിപ്പിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സ്ഥിരീകരണമായിരുന്നു അത്.

പ്രകാശം എന്നത് ഒരു വൈദ്യുതകാന്തികതരംഗം ആണെന്നും അതിന് സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്ററോളം വേഗതയുണ്ടെന്നും ഒക്കെ ഇന്ന് നമുക്കറിയാം. പക്ഷേ അതൊക്കെ പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മാത്രം ഉണ്ടായ കണ്ടെത്തലുകളാണ്. അതിനും എത്രയോ ദശാബ്ദങ്ങൾ മുൻപ് പ്രകാശം എന്താണെന്നതിനെക്കുറിച്ച് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലത്താണ് ഓലേ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്ന് വിവാദമായ ആ കണ്ടെത്തൽ അവതരിപ്പിക്കുന്നത്. ഒരു മെഴുകുതിരി കത്തിക്കുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാകുന്നതാണല്ലോ നാം കാണുന്നത്. അല്ലാതെ കത്തിയ തീനാളത്തിൽ നിന്നും പ്രകാശം പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് നമുക്ക് കാണാനാകില്ല. അതുകൊണ്ട് തന്നെ അന്ന് ആളുകൾ കരുതിയത് പ്രകാശത്തിന് അനന്തവേഗതയുണ്ട് എന്നാണ്. അതായത് പ്രകാശസ്രോതസ്സിന് ചുറ്റും അതേസമയം ഉണ്ടാകുന്ന ഒന്നാണ് പ്രകാശം. അതിന് സഞ്ചരിച്ചെത്തേണ്ട ആവശ്യമില്ല. എന്നാൽ പ്രകാശം ഒരു ക്ലിപ്തമായ വേഗതയിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് സഞ്ചരിക്കുകയാണ് എന്ന് പറഞ്ഞ ശാസ്ത്രാന്വേഷികൾ ഉണ്ടായിരുന്നില്ല എന്നല്ല അതിനർത്ഥം. ഗലീലിയോ ഉൾപ്പടെ പലരും ആ അഭിപ്രായക്കാർ തന്നെയായിരുന്നു. പക്ഷേ അനന്തവേഗതയല്ല, ക്ലിപ്തമായ വേഗതയാണ് എന്ന് പറയുന്നവർക്ക്, അങ്ങനെയെങ്കിൽ ആ വേഗത എത്രയാണ് എന്ന് പറയേണ്ട ബാധ്യതയുണ്ടല്ലോ. അവിടെയായിരുന്നു പ്രശ്നം. വിളക്കും കണ്ണാടിയുമൊക്കെ ഉപയോഗിച്ച് രണ്ട് വിദൂരമായ കുന്നുകൾക്കിടയിൽ പ്രകാശം സഞ്ചരിച്ചെത്താനെടുക്കുന്ന സമയം അളക്കാനൊക്കെ ഗലീലിയോയുടെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ പ്രകാശം അളക്കാവുന്നതിനെക്കാൾ കുറച്ച് സമയം കൊണ്ട് ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തുന്നു എന്നാണ് കണ്ടത്.

അവിടെയാണ് റോമർ വ്യത്യസ്തനായത്. അദ്ദേഹം തന്റെ അളവെടുപ്പ് കുറച്ചുകൂടി വലിയൊരു സ്റ്റേജിലാണ് നടത്തിയത്- ഭൂമിയ്ക്കും വ്യാഴഗ്രഹത്തിനും ഇടയിൽ. വ്യാഴത്തിനോട് ഏറ്റവും അടുത്ത ഉപഗ്രഹമാണ് അയോ (Io). അത് 42.5 മണിക്കൂർ കൊണ്ട് വ്യാഴത്തെ ഒരു തവണ വലംവെക്കും. ഈ വലംവെക്കൽ കാരണം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അല്പനേരം അയോ വ്യാഴത്തിന് പുറകിലായിരിക്കുമല്ലോ. നാം പൊതുവിൽ ഗ്രഹണം എന്ന് വിളിക്കുന്ന പ്രതിഭാസം തന്നെയാണത്, ഒരു ആകാശവസ്തു മറ്റൊന്നിനെ മറയ്ക്കുന്നു. ഇവിടെ വ്യാഴം അയോയെയാണ് മറയ്ക്കുന്നത്. അതായത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഓരോ 42.5 മണിക്കൂറിലും ഒരു തവണ എന്ന കണക്കിൽ നമുക്ക് 'അയോഗ്രഹണം' കാണാനാകേണ്ടതാണ്. ഇവിടെയാണ് പ്രകാശവേഗതയുടെ പരിമിതി രംഗപ്രവേശം ചെയ്യുന്നത്. നമ്മൾ ഒരു അയോഗ്രഹണം നിരീക്ഷിക്കുകയാണെന്ന് സങ്കല്പിക്കുക. അയോ ഇപ്പോൾ വ്യാഴത്തിന്റെ നിഴലിലേയ്ക്ക് മറഞ്ഞിരിക്കുന്നു (immersion). ഇനി അല്പനേരം കഴിഞ്ഞേ അത് പുറത്തേയ്ക്ക് വരൂ (emergence). എന്നാൽ ഭൂമിയും വ്യാഴവും സൂര്യൻ എന്ന പൊതുകേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണേയ്, ആ നേരത്തിനിടെ ഭൂമി സ്വന്തം ഓർബിറ്റിൽ കുറേ സഞ്ചരിച്ചിട്ടുണ്ടാകും. ഇനി പ്രകാശം ക്ലിപ്തമായ വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് സങ്കല്പിച്ചാലോ? അയോ വ്യാഴത്തിന്റെ മറവിൽ നിന്ന് പുറത്തുവന്നാൽ ഉടൻ നമുക്ക് കാണാൻ കഴിയില്ല. കാരണം അയോയിൽ നിന്ന് വരുന്ന പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം കൂടി പരിഗണിക്കണ്ടേ?

ഇനി വ്യാഴത്തിന്റെ ഓർബിറ്റ് ഭൂമിയുടെ ഓർബിറ്റിന് വെളിയിലാണ് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് സ്വന്തം ഓർബിറ്റിലെ ഭൂമിയുടെ സഞ്ചാരദിശ പരിഗണിക്കുമ്പോൾ, ചില സമയങ്ങളിൽ ഭൂമി വ്യാഴത്തിന് നേരെയും മറ്റുചിലപ്പോൾ വ്യാഴത്തിൽ നിന്ന് ദൂരേയ്ക്കും ആയിരിക്കും സഞ്ചരിക്കുന്നത്. ഈ കാലത്തെല്ലാം തന്നെ അയോഗ്രഹണം നടക്കുന്നുമുണ്ട്. പക്ഷേ അയോ മറയുന്നതും മറനീക്കി പുറത്തുവരുന്നതും തമ്മിലുള്ള സമയവ്യത്യാസം എല്ലായ്പ്പോഴും തുല്യമായിരിക്കുമോ? ഇല്ല. ഭൂമി വ്യാഴത്തിന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ സമയദൈർഘ്യം കുറവായിട്ട് വേണം തോന്നാൻ. കാരണം അയോയിൽ നിന്നുള്ള പ്രകാശത്തെ നാം അങ്ങോട്ട് ചെന്ന് കാണുകയാണ്. മറിച്ച് വ്യാഴത്തിൽ നിന്ന് അകന്നുപോകുന്ന സമയത്താണെങ്കിൽ, ഈ ഗ്രഹണദൈർഘ്യം കൂടും. ഇതൊക്കെ എപ്പോഴാ? പ്രകാശവേഗത അനന്തമല്ലെങ്കിൽ മാത്രമേ ഇത് ബാധകമാകൂ. അയോ പുറത്തുവന്നാൽ ഉടൻ പ്രകാശം ഭൂമിയിലെത്തുമെങ്കിൽ ഗ്രഹണദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകില്ല. വ്യാഴം ഭൂമിയെക്കാൾ സൂര്യനിൽ നിന്നും പല മടങ്ങ് ദൂരെയായതിനാൽ, ഇവ തമ്മിലുള്ള ദൂരം കാലാകാലങ്ങളിൽ വളരെയധികം വ്യത്യാസപ്പെടുന്നുണ്ട്. ഇതനുസരിച്ച് പല കാലങ്ങളിൽ അയോയുടെ ഗ്രഹണദൈർഘ്യത്തിൽ വരുന്ന മാറ്റം റോമർ കണക്കൂകൂട്ടി. ഇതുപയോഗിച്ച് അയോയുടെ ഗ്രഹണം മുൻപത്തേതിനെക്കാൾ കൃത്യമായി പ്രവചിക്കാൻ അദ്ദേഹത്തിനായി. ഒപ്പം പ്രകാശവേഗതയുടെ അളവും കണക്കാക്കാനായി.

സത്യത്തിൽ ഇവിടെ ഇപ്പോ വിവരിച്ചതിനെക്കാൾ സങ്കീർണമാണ് ഈ സാഹചര്യം. പക്ഷേ ഇപ്പോത്തന്നെ ഇത് ഒറ്റവായനയിൽ മനസിലാകാൻ ബുദ്ധിമുട്ടാണ് എന്ന തോന്നലുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ എഴുതി വെറുപ്പിക്കുന്നില്ല. റോമറുടെ ഈ കണക്കുകൂട്ടലുകൾക്ക് അന്ന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല എന്ന് മാത്രം പറയാം. റോമറുടെ പ്രവചനം ശരിയാകുന്നുണ്ടെങ്കിലും അതിന് കാരണം പ്രകാശവേഗത ക്ലിപ്തമായതല്ല എന്നാണ് പല പ്രമുഖ ശാസ്ത്രജ്ഞരും അന്ന് വാദിച്ചത്. റോമറുടെ ഗുരുവായിരുന്ന കസ്സീനി തന്നെ ആയിരുന്നു അതിൽ മുൻപിൽ. 1676-ലാണ് റോമർ തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുന്നത്. 1727-ൽ ജെയിംസ് ബ്രാഡ്ലി എന്ന ശാസ്ത്രജ്ഞൻ മറ്റൊരു പ്രതിഭാസത്തെ (stellar aberration-അത് ഇപ്പോൾ വിശദീകരിക്കുന്നില്ല) കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചപ്പോഴാണ് റോമറുടെ വാദം തെളിയിക്കപ്പെട്ടത്. തമാശ എന്താണെന്ന് വെച്ചാൽ, ഇതേ പ്രതിഭാസത്തെ കസ്സീനി 1671-ൽ തന്നെ നിരീക്ഷിച്ചിരുന്നു എങ്കിലും, അതിന്റെ കാരണം വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പല പല പരീക്ഷണങ്ങളിൽ, റോമറുടെ  കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. സൗരയൂഥത്തിന്റെ വലിപ്പത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന കാലം ആയതിനാൽ, റോമർ കണക്കാക്കിയ പ്രകാശവേഗതയുടെ അളവ് യഥാർത്ഥവേഗതയെക്കാൾ ഏതാണ്ട് 26% കുറവായിരുന്നു എന്നേയുള്ളൂ.

പ്രകാശത്തെക്കുറിച്ച് പിന്നീട് ഒരുപാട് പുതിയ കണ്ടെത്തലുകൾ ഉണ്ടായി. അതൊരു വൈദ്യുതകാന്തിക തരംഗം ആണെന്ന് നാം മനസിലാക്കി. അതിന്റെ വേഗത അത് സഞ്ചരിക്കുന്ന മാധ്യമത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് തെളിഞ്ഞു. പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗത സ്ഥിരമായ ഒന്നാണെന്നും (constant speed) മറ്റൊന്നിനും കവച്ചുവെക്കാനാവാത്ത ഒരു പ്രാപഞ്ചിക വേഗപരിധി (cosmic speed limit) ആണെന്നും കണ്ടെത്തപ്പെട്ടു. ആ ബോധ്യത്തിൽ പിറന്ന, ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിലെ മഹാവിപ്ലവമായി മാറുകയും ചെയ്തു. കാര്യങ്ങൾ അവിടം വരെ എത്തി നിൽക്കുമ്പോഴാണ് ഇക്കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു കണ്ടെത്തൽ വാർത്താപ്രാധാന്യം നേടുന്നത്. അതിലേയ്ക്ക് പോകും മുൻപ്, പ്രകാശവേഗതയുടെ പ്രാധാന്യം നേടുന്നു വിശദീകരിക്കുന്ന ഒരു മുൻ ലേഖനം താത്പര്യമുള്ളവർക്ക് വായിക്കാനായി ഇവിടെ ചൂണ്ടിക്കാണിക്കുന്നു: പ്രകാശത്തിനെന്താ കൊമ്പുണ്ടോ?

അപ്പോ പ്രകാശവേഗത നമ്മൾ വിചാരിച്ചതുപോലെ അല്ലേ?

പ്രകാശവേഗത ഒരു സ്ഥിരസംഖ്യ ആണെന്നാണ് ഇന്ന് നാം കരുതിയിരിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാൽ ഇതിനെ ചോദ്യം ചെയ്യുകയാണ് കാനഡായിൽ നിന്നുള്ള നിയായേഷ് അഫ്ഷോർഡി, ലണ്ടനിലെ ജോ മഗ്വീജോ എന്നീ ഗവേഷകർ. (വായിൽ കൊള്ളാത്ത ഈ പേരുകൾ, ഈ ഞാൻ തന്നെ നോക്കിയാ എഴുതുന്നത്. ഇത് ഇങ്ങനാണോ വായിക്കുന്നത് എന്നുപോലും അറിയില്ല. പക്ഷേ സയൻസിൽ ആര് എന്നതല്ല, എന്ത് എന്നതിനേ പ്രാധാന്യമുള്ളൂ. അതുകൊണ്ട് പേര് വേണമെങ്കിൽ കളഞ്ഞേക്കൂ). പ്രപഞ്ചോല്പത്തി വിശദീകരിക്കുന്ന ബിഗ് ബാംഗ് സിദ്ധാന്തത്തിന് ഒരു പരിഷ്ക്കരണം നിർദ്ദേശിക്കുന്നതിന്റെ ഭാഗമായി, പ്രകാശവേഗം എല്ലായ്പ്പോഴും സ്ഥിരമായിരുന്നില്ല എന്നവർ വാദിക്കുന്നു.

വളരെ സൂക്ഷ്മമായ ഒരു ബിന്ദുവിൽ നിന്നും സ്ഫോടനസമാനമായ ഒരു വലിയ വികാസം (the Big bang) ആയിട്ടാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നാണ് നമ്മുടെ ധാരണ. വളരെ ചെറിയ ബിന്ദുവിൽ നിന്നും പ്രപഞ്ചം ഇന്നീ കാണുന്ന രൂപത്തിലാവാൻ 1380 കോടി വർഷങ്ങൾ എടുത്തു. എന്നാൽ പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം എല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ് എന്നാണ് നാം നിരീക്ഷിക്കുന്നത്. താപനില, ശരാശരി സാന്ദ്രത തുടങ്ങിയവയെല്ലാം എല്ലായിടത്തും സമാനമാണ്. അങ്ങനെയെങ്കിൽ ഈ വിശാലമായ പ്രപഞ്ചത്തിന്റെ വിവിധകോണുകൾക്കെല്ലാം എപ്പോഴെങ്കിലും പരസ്പരം സ്വാധീനിയ്ക്കാൻ കഴിഞ്ഞിരിക്കണം. എന്നാൽ ഈ പ്രപഞ്ചത്തിന്റെ വലിപ്പം പരിഗണിക്കുമ്പോൾ ഒരറ്റത്ത് നിന്ന് പ്രകാശത്തിന് പോലും മറ്റേയറ്റത്ത് എത്താൻ വേണ്ട സമയം ഈ പ്രപഞ്ചത്തിന്റെ പ്രായത്തെക്കാൾ വളരെ കൂടുതലാണ് താനും. അങ്ങനെയെങ്കിൽ ഈ ഏകതാനത (homogeneity) എങ്ങനെ സംഭവിച്ചു എന്നത് ഒരു കുഴയ്ക്കുന്ന ചോദ്യമാണ്. ഇതിനെ പ്രപഞ്ചശാസ്ത്രത്തിൽ ചക്രവാളപ്രശ്നം (horizon problem) എന്നാണ് വിളിക്കുന്നത്.

ഇതുവരെയുള്ള സിദ്ധാന്തങ്ങളിൽ ചക്രവാളപ്രശ്നത്തെ പരിഹരിയ്ക്കാൻ ശ്രമിക്കുന്നത് മഹാവികാസം (inflation theory) ആണ്. അത് പ്രകാരം പ്രപ‍ഞ്ചം തീരെ ചെറുതായിരുന്ന ഒരു ഘട്ടത്തിൽ അതിഭീമമായ വേഗതയിൽ അത് വികസിച്ച് വലുതായി എന്നും പിന്നീട് വികാസത്തിന്റെ നിരക്ക് പെട്ടെന്ന് കുറഞ്ഞു എന്നുമാണ്. വളരെ ചെറുതായിരിക്കുന്ന കാലത്ത് പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പരസ്പരം സ്വാധീനിക്കാൻ കഴിയുമല്ലോ. പിന്നീടുണ്ടായ വികാസം അതിവേഗം ആയിരുന്നതിനാൽ ആ ഏകതാനത അതേപടി നിലനിർത്തപ്പെട്ടതാണ് എന്നാണ് മഹാവികാസസിദ്ധാന്തം പറയുന്നത്. അതുപോലെ കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റ (cosmic microwave background, CMB) സ്വഭാവം വിശദീകരിക്കാനും അതിന് കഴിയുന്നുണ്ട്. പക്ഷേ അപ്പോഴും മഹാവികാസം എന്തുകൊണ്ട് സംഭവിച്ചു എന്ന് അതിന്റെ വക്താക്കൾക്ക് പറയാൻ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ മഹാവികാസത്തിന് ഒരു പകരസിദ്ധാന്തമായാണ്, മാറുന്ന പ്രകാശവേഗം (varying speed of light)
എന്ന ആശയവുമായി പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്. മഹാവികാസം നടന്നിട്ടില്ല എന്നും, ആദ്യഘട്ടങ്ങളിൽ പ്രകാശത്തിന് ഗുരുത്വാകർഷണത്തെക്കാൾ വേഗതയിൽ പ്രപ‍ഞ്ചത്തിന്റെ നാനാഭാഗത്തേയ്ക്കും എത്താൻ കഴിഞ്ഞതുകൊണ്ടാണ് അതിന് ഏകതാനത കൈവന്നത് എന്നും അവർ വാദിക്കുന്നു. ഈ വേഗവ്യത്യാസം CMB-യിൽ പ്രതിഫലിയ്ക്കുമെന്നാണ് പ്രവചനം. ആ കണക്കുകൂട്ടൽ പ്രകാരം CMB-യുടെ spectral index എന്ന സവിശേഷതയ്ക്ക് കൃത്യം 0.98478 ആയിരിക്കും മൂല്യം എന്ന് അവർ പ്രവചിക്കുന്നു. ഇതാണ് ഈ സിദ്ധാന്തത്തിന്റെ മാറ്റ് കൂട്ടുന്നത്- പരീക്ഷിച്ച് നോക്കാവുന്ന ഒരു പ്രവചനം അത് മുന്നോട്ട് വെക്കുന്നു. സിദ്ധാന്തത്തെ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാൻ ഈയൊരു പരീക്ഷണം മതി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ spectral index നമ്മൾ ഇപ്പോൾ കണക്കാക്കിയിരിക്കുന്നത് ഏകദേശം 0.968 ആണെന്നതാണ്. പുതിയ സിദ്ധാന്തം പ്രവചിക്കുന്ന മൂല്യത്തോട് അടുത്ത ഒന്നാണത്, പക്ഷേ കൃത്യതക്കുറവുണ്ട്. അതിനാൽ കൂടുതൽ കൃത്യമായ രീതിയിൽ അത് അളക്കേണ്ടതുണ്ട്. അടിസ്ഥാനധാരണകളെ ചോദ്യം ചെയ്യുന്ന ആശയമായതുകൊണ്ട് തന്നെ, പല തവണ പല രീതിയിൽ ഒരുപക്ഷേ അത് വേണ്ടിവന്നേക്കും.

ചുരുക്കത്തിൽ, ഈ ഒരു ആശയം മഹാവികാസസിദ്ധാന്തത്തെ അപ്പാടെ മാറ്റിമറിയ്ക്കും എന്നൊന്നും പറയാറായിട്ടില്ല. രണ്ട് ദിശയിലും ഗവേഷണങ്ങൾ പുരോഗമിയ്ക്കട്ടെ. അവസാനവിജയം ഏത് സിദ്ധാന്തത്തിനായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.  

Nov 13, 2016

കള്ളപ്പണം പിടുത്തവും നോട്ട് പിൻവലിയ്ക്കലും- ഒരു വ്യക്തിപരമായ അവലോകനം

ഒരു ദിവസം വൈകുന്നേരം അത് സംഭവിക്കുന്നു- രാജ്യത്തിന്റെ പ്രധാനമന്ത്രി ടീവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്, ഏറ്റവും വലിയ ഡിനോമിനേഷനിലുള്ള രണ്ട് നോട്ടുകൾ അസാധുവായതായി പ്രഖ്യാപിക്കുന്നു. കള്ളപ്പണക്കാരെ വെട്ടിലാക്കാനുള്ള ഗംഭീരമായ ഒരു തന്ത്രമായി അവകാശപ്പെടുന്നു.
ആദ്യം ആകെപ്പാടെ അങ്കലാപ്പായിരുന്നു, "ശ്ശെടാ! ഇതെങ്ങനെ ശരിയാകും!"
പക്ഷേ ഒന്നും മിണ്ടിയില്ല. കാരണം വിഷയത്തിലുള്ള അറിവില്ലായ്മ തന്നെ. അറിയാത്ത കാര്യങ്ങളിൽ ചാടിക്കേറി അഭിപ്രായം പറയാൻ ഞാൻ സംഘിയല്ലല്ലോ. പകരം, വിവരമുള്ളവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും വാർത്തകളും വായിച്ചു. ഒരുപാട് പേര് നടപടിയ്ക്ക് അനുകൂലമായി പോസ്റ്റിടുന്നു. അപ്പോ, ഇതത്ര വലിയ കുഴപ്പമൊന്നുമല്ല എന്ന് തോന്നി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ രക്ഷപെടാൻ ഇത്തിരി കഷ്ടപ്പാട് സഹിയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല. കൈയിലുണ്ടായിരുന്ന കുറേ ആയിരം രൂപാ നോട്ടുകൾ വാടക കൊടുത്ത വകയിൽ അന്ന് രാവിലെ ഒഴിഞ്ഞുപോയിരുന്നു. തട്ടിമുട്ടി രണ്ട് ദിവസം നീങ്ങാനുള്ള നോട്ടുകൾ മറ്റ് വകയിൽ കൈയിലുണ്ട് താനും. അപ്പോ മൊത്തത്തിൽ പ്രശ്നമില്ല. അപ്പോഴും, ഇങ്ങനെ ഒറ്റ രാത്രി കൊണ്ട് വിളിച്ച് പറഞ്ഞ് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ, കള്ളനോട്ടുകൾ എന്നത് കള്ളപ്പണത്തിന്റെ എത്ര ശതമാനമുണ്ടാകും, കള്ളനോട്ടുകളെ തടയാൻ 2000 രൂപയുടെ നോട്ട് വേണോ, 1000 തന്നെ ഡിസൈൻ മാറ്റി ഇറക്കിയാൽ പോരേ, എന്നൊക്കെയുള്ള സംശയങ്ങൾ മനസിലുണ്ട്. അതൊന്നും വെച്ച് വിമർശിക്കാനൊന്നും പോയില്ല. കാരണം പഴയത് തന്നെ, എക്കണോമിക്സ് വല്യ പിടിയില്ല.

പക്ഷെ ഉടൻ തന്നെ പരിവാരം തള്ള് തുടങ്ങി- പുതിയ നോട്ടിൽ ജീ.പി.എസ് ചിപ്പ്, ഓരോ നോട്ടിലും സാറ്റലൈറ്റ് ട്രാക്കിങ്, മണ്ണിനടിയിൽ നിന്ന് പോലും സീരിയൽ നംബർ വായിച്ചെടുക്കാനുള്ള ടെക്നോളജി! ഇത് പൊട്ടത്തരമാണെന്ന് മനസിലാക്കാൻ എക്കണോമിക്സ് പഠിയ്ക്കേണ്ട കാര്യമില്ലാത്തതുകൊണ്ട്, അതിനെ കളിയാക്കി ഒരു കമന്റ് പോസ്റ്റ് ചെയ്തു. അപ്പോഴും പരിഹാസം സർക്കാരിനോ പ്രധാനമന്ത്രിയ്ക്കോ നേരെയല്ല, തള്ളുപ്രചാരണക്കാരുടെ നേരെയാണ്.

പിറ്റേന്നുമുതൽ പല പല വാർത്തകൾ വന്നുതുടങ്ങി- റിസർവ് ബാങ്ക് സെക്യൂരിറ്റി ത്രെഡില്ലാത്ത 30000 കോടി രൂപയുടെ നോട്ടുകൾ മുൻപ് ഇറക്കിയത്, പല ആളുകളും മുൻപേ തന്നെ രണ്ടായിരത്തിന്റെ നോട്ട് വരുന്ന കാര്യം അറിഞ്ഞിരുന്നു എന്നത്, ബംഗാളിൽ ബി.ജെ.പി. നോട്ടുനിരോധനം വരുന്നതിന് തൊട്ടുമുന്നേ കോടികൾ ബാങ്ക് ഡിപ്പോസിറ്റ് ചെയ്തിരുന്നു എന്നത്, രണ്ടായിരത്തിന്റെ പുതിയ നോട്ടുകൾ ഉൾക്കൊള്ളാൻ രാജ്യത്തെ രണ്ട് ലക്ഷം ATM മെഷീനുകൾക്ക് ഹാർഡ്‌വെയറും സോഫ്റ്റുവെയറും അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട് എന്നത്, ബാങ്കിൽ നിന്ന് കിട്ടുന്ന രണ്ടായിരത്തിന്റെ നോട്ട്, നൂറ് കഴിഞ്ഞാലുള്ള തൊട്ടടുത്ത ഡിനോമിനേഷൻ ആയതിനാൽ പ്രയോഗത്തിൽ നിഷ്പ്രയോജനമാണ് എന്നത്, രണ്ടായിരത്തിന്റെ നോട്ടിൽ ഇതുവരെ ഉള്ളതിൽ കവിഞ്ഞ വലിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഒന്നുമില്ല എന്നത്... ഇതൊക്കെ എക്കണോമിക്സ് പഠിയ്ക്കാത്തവർക്കും മനസിലാവുന്ന കാര്യങ്ങളായതുകൊണ്ട് സംഗതിയുടെ കിടപ്പുവശം ഏതൊണ്ടൊക്കെ വെളിപ്പെട്ടു തുടങ്ങി.

ഇപ്പോഴും ഞാൻ സെയ്ഫ് സോണിലാണ്. കൈയിൽ ചെലവിനുള്ള കാശുള്ള, കാർഡ് പെയ്മെന്റിനുള്ള സൗകര്യങ്ങൾ ഉള്ള ബൂർഷ്വ എന്ന നിലയിൽ പ്രശ്നം എന്നെ നേരിട്ട് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിയ്ക്ക് ചുറ്റുപാടും നിരീക്ഷിക്കുന്നതിനും മറ്റുള്ളവരോട് കാര്യങ്ങൾ തിരക്കുന്നതിനും ഉള്ള സമയം കിട്ടുന്നുണ്ട്. നാല് ദിവസങ്ങൾ കൊണ്ട് നാടാകെ അലങ്കോലമായിക്കഴിഞ്ഞു. കൂലിവേലയ്ക്ക് പോകേണ്ടവർ ജോലിയുപേക്ഷിച്ച് ബാങ്കിൽ ക്യൂ നിൽക്കുന്നു, ക്യൂ നിന്ന് മടുത്തവർ കൈയേറ്റത്തിനും വാക്കേറ്റത്തിനുമൊക്കെ മുതിരുന്നു, ATM കാർഡുകൾ കൈയിലുള്ളവർ അതുംകൊണ്ട് മെഷീനുകൾ തോറും കയറിയിറങ്ങുന്നു, ആശുപത്രി കേസുകൾ ഉള്ളവർ പരക്കം പായുന്നു, വിവാഹം അടുത്തെത്തിയവർ അത് മാറ്റിവെക്കുന്നതിനെ പറ്റി ആലോചിച്ച് തുടങ്ങുന്നു, കച്ചവടസ്ഥാപനങ്ങൾ തുറന്നുവെച്ചിട്ട് കാര്യമില്ലാതെ വരുന്നു. ഇതിന്റെയൊക്കെ ആകെത്തുക, എക്കണോമിക്സ് പഠിയ്ക്കാത്തവരുടെ ഭാഷയിൽ ചുരുക്കി പറഞ്ഞാൽ, ഇതൊരു സർക്കാർ ചെയ്യുന്ന ക്രൈം ആണ്. സാധാരണജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിയ്ക്കും എന്നാലോചിയ്ക്കാതെ, അതിന്റെ ആഘാതങ്ങൾ കുറയ്ക്കാനുള്ള നടപടികൾ എടുക്കാതെ, മതിയായ ബാക്കപ് പ്ലാനുകൾ ഇല്ലാതെ, മാജിക് ഷോ നടത്തുന്ന ഭാവത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു തട്ടിക്കൂട്ട് എന്ന വിശേഷണമേ ഈ ചെയ്ത്ത് അർഹിക്കുന്നുള്ളു. അപ്പറഞ്ഞത്, ഇതിന് പിന്നിൽ കള്ളപ്പണത്തെ ചെറുക്കുക എന്ന ആത്മാർത്ഥമായ ലക്ഷ്യമാണ് ഉള്ളത് എന്ന അസംപ്ഷനിലാണ്. ഒരുപക്ഷേ ഇനിയും പുറത്തുവരാത്ത എന്തെങ്കിലും മാസ്റ്റർ പ്ലാൻ ഇതിന്റെയൊക്കെ പിന്നിൽ ഉണ്ടായെന്നും വരാം. അത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. (എല്ലാം ഒപ്പിച്ചുവച്ചിട്ട് ഇന്ന് കാണിച്ച ഉഡായിപ്പ് മെലോഡ്രാമയൊക്കെ ഫാൻസിന്റെയടുത്തേ ചെലവാകൂ.)

ഇതിന്റെയൊക്കെ നടുവിലും, ഫെയ്സ്ബുക്കിൽ കിടന്ന് വിരകുന്ന മോദിഫാനുകളെ സമ്മതിച്ചേ പറ്റൂ. "ആളുകളെല്ലാം ചുമ്മാ കിടന്ന് പരക്കം പായുന്നു, എനിയ്ക്ക് ഒരു കുഴപ്പവും ഇല്ലല്ലോ", "നിങ്ങക്ക് ബാങ്കിലെ ഫോം പൂരിപ്പിയ്ക്കാൻ അറിയാത്തതിന് സർക്കാരെന്ത് പിഴച്ചു?" എന്നൊക്കെയാണ് അവർ നിഷ്കളങ്കരായി ചോദിയ്ക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ എന്തോ! കൂട്ടത്തിൽ ഹൈലൈറ്റ് രണ്ട് പ്രധാന വാദങ്ങളാണ്. ഒന്ന്- "ബീവറേജിലും സിനിമാ തീയറ്ററിലും ക്യൂ നിൽക്കാമെങ്കിൽ, ബാങ്കിന് മുന്നിൽ ക്യൂ നിന്നാലെന്താ കുഴപ്പം?" എന്നതാണ്. എന്തുചെയ്യാം! ഓരോരുത്തർ സ്വന്തം ഇഷ്ടപ്രകാരം, ഇഷ്ടപ്പെട്ട കാര്യത്തിന് വേണ്ടി (മദ്യം, സിനിമ etc.) ക്യൂ നിൽക്കുന്നതും, താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ആവിയായി പോകുമോന്ന് പേടിച്ച് ജോലീം കൂലീം കളഞ്ഞ് ബാങ്കിന്റെ ക്യൂവിൽ നിൽക്കേണ്ടിവരുന്നതും തമ്മിലുള്ള വ്യത്യാസമൊക്കെ ഫാൻസിന്റെ ചിന്താചക്രവാളത്തിനും വെളിയിലായിപ്പോയി. വേറൊന്ന് സ്ഥിരം സംഘി ക്ലീഷേ ആയ ഐറ്റം തന്നെ "പട്ടാളക്കാർ കൊടും തണുപ്പത്ത് കാവൽ നിൽക്കുമ്പോൾ നിങ്ങൾക്കിത്തിരി ക്യൂവിൽ നിന്നുകൂടെ?" ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും, യുവാക്കളെ രായ്ക്കുരാമാനം കിഡ്നാപ്പ് ചെയ്തോണ്ട് പോയാണ് ഇവിടെ പട്ടാളത്തിൽ ചേർക്കുന്നത് എന്ന്. പട്ടാളത്തിലെ പണി എന്ത് പണിയാണെന്ന് അറിയാവുന്ന പ്രായപൂർത്തിയായ ആളുകൾ, സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട്മെന്റിന് പോയി, സ്വന്തം യോഗ്യത കഷ്ടപ്പെട്ട് തെളിയിച്ചാണല്ലോ പട്ടാളജോലിയ്ക്ക് കയറുന്നത്. അതും രാജ്യസ്നേഹം ഉരച്ചുനോക്കിയിട്ടൊന്നും അല്ല, ചൂടും തണുപ്പും കാടും മലയുമൊക്കെ കൈകാര്യം ചെയ്യാനുള്ള ശാരീരികശേഷി ഉണ്ടോന്ന് പരിശോധിച്ചുറപ്പിച്ചിട്ടേയുള്ളൂ ജോലി. കൂടിയ രാജ്യസ്നേഹിയാണെന്നും പറഞ്ഞ് ചെന്ന് കയറിയാലും, മതിയായ വിദ്യാഭ്യാസ-ശാരീരികശേഷി ഇല്ലാത്തവരെ അങ്ങോട്ട് കയറ്റുകയും ഇല്ലല്ലോ. അതായത്, പട്ടാളത്തിലെ കഷ്ടപ്പാടുള്ള ജോലി, ആ കഷ്ടപ്പാട് താങ്ങാൻ ശേഷിയുള്ളവർ സ്വയം തെരെഞ്ഞെടുത്തതാണ്. അതിന് ബാക്കിയുള്ളവർ എന്തുവേണമെന്നാണോ എന്തോ ഈ ശുഷ്കമസ്തിഷ്കജീവികൾ പറയുന്നത്! ഇവിടെ ഈ പറഞ്ഞതൊന്നും അവരെ ബോധ്യപ്പെടുത്താമെന്ന വ്യാമോഹത്തിൽ പറഞ്ഞതല്ല. പട്ടിയേം പൂച്ചേമൊക്കെ ആട്ടുമ്പോൾ "പോ പൂച്ചേ, ഈ കോംപൗണ്ടിൽ കേറിപ്പോകരുത്" എന്നൊക്കെ ആളുകൾ വിളിച്ചുപറയാറില്ലേ? പൂച്ചയ്ക്കോ പട്ടിയ്ക്കോ പറയുന്നതിന്റെ അർത്ഥം മനസിലാകും എന്ന് വിചാരിച്ചിട്ടല്ലല്ലോ. പിന്നെ പറയുമ്പോ ഒരു സുഖം. അത്രേ ഉദ്ദേശിച്ചുള്ളൂ.

വാൽക്കഷണം: ദയവായി, നോട്ട് പിൻവലിയ്ക്കുന്നതിന്റെ എക്കണോമിക്സ് പഠിപ്പിയ്ക്കാൻ ഈ പോസ്റ്റിന്റെ കീഴിൽ ആരും വരരുത്. ഈ ചുറ്റും കാണുന്നതൊക്കെയാണ് നിങ്ങൾ പറയുന്ന എക്കണോമിക്സിന്റെ ഗുണമെങ്കിൽ, ആ എക്കണോമിക്സ് എനിയ്ക്ക് പഠിയ്ക്കണ്ടാ.

Nov 10, 2016

ലക്കില്ലാത്ത വിനോദസഞ്ചാരികളോട് ഒരപേക്ഷ.

സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്.
വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം. താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- "Is there anything to see up there?" (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?) എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: "Ey, nothing! Only some scenery!" (ഏയ് ഒന്നുമില്ല. കുറേ 'സീനറി' മാത്രം) കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- "There's nothing up there. Come on, let's go back!" കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി.

സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം.
നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: "എടാ, അതിന്റെ അകത്തെന്താ കാണാൻ?"
മറുപടി: "ആറായിരം വർഷം മുമ്പെങ്ങാണ്ട് ആരോ പാറയില് വരച്ച കുറേ പടങ്ങൾ. എന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നു. കണ്ടാൽ മസിലാകുകപോലും ഇല്ല"
ഇത് കേട്ട് സ്ത്രീ, പുച്ഛത്തോടെ- "അയ്യേ, അത്രേ ഉള്ളോ? എന്നാപ്പിന്നെ ഞാൻ കേറുന്നില്ല. നമുക്ക് പോകാം"
*************************************************************************************
മാനസികോല്ലാസത്തിനും, പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസമെന്നപോലെയും മലമ്പ്രദേശങ്ങളും വനമേഖലകളും സന്ദർശിയ്ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഈയിടെയായി അത്തരം യാത്രകൾ നേരേ വിപരീതഫലം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയാനാണ് മുകളിലെ രണ്ട് ഉദാഹരണങ്ങൾ. അവിടങ്ങളിൽ ചെല്ലുമ്പോൾ പിരിമുറുക്കം കുറയുന്നതിന് പകരം പലപ്പോഴും ഭയങ്കരമായ ദേഷ്യമാണ് എനിയ്ക്ക് വരുന്നത്. വികാരങ്ങൾ വ്യക്തിപരമായതിനാൽ വായിക്കുന്ന എല്ലാവർക്കും ഇതിനോട് സമരസപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പറയണമല്ലോ. ഗൗരവമുള്ള കാര്യമായി തോന്നാത്തവർ വിട്ടേയ്ക്കുക.

വിനോദസഞ്ചാരികൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന മനുഷ്യർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എനിയ്ക്ക് തീരെ പിടിക്കാറില്ല. വല്ല സിനിമയിലോ, പൈങ്കിളി വാരികയിലോ കാണുന്ന ഒരു സ്ഥലം തപ്പിപ്പിടിച്ച്, പിള്ളേരും കുട്ടിയുമായി കൂടും കുടുക്കയുമെടുത്ത് വെച്ച് പിടിക്കും നേരേ. ചെന്നുകയറുന്ന സ്ഥലം എങ്ങനെയുള്ളതാണ്, അവിടത്തെ പ്രത്യേകത എന്താണ്, അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊന്നും യാതൊരു ചിന്തയും ഇല്ല. ഉണ്ടായിരുന്നെങ്കിൽ, രണ്ടാമത്തെ ഉദാഹരണത്തിലെ സ്ത്രീ നാലായിരം അടിയുള്ള മല വലിഞ്ഞുകയറിയിട്ട് എടയ്ക്കൽ ഗുഹ കാണേണ്ട എന്ന് തീരുമാനിക്കില്ലല്ലോ. ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു ശിലാരേഖ എല്ലാവർക്കും 'worth seeing' ആയിട്ട് തോന്നിക്കോളണം എന്നില്ല. പക്ഷേ അത് കാണാൻ ഇറങ്ങും മുൻപ് ആലോചിച്ചുകൂടെ? എന്തിനാണ് പിന്നെ അവിടെ ഇടിച്ച് കയറുന്നത്! വരയാടുകളുടെ സ്വാഭാവികദൃശ്യമോ അവിടത്തെ പച്ചപ്പോ ആകർഷകമായി തോന്നാത്ത ഒരുകൂട്ടം മനുഷ്യർ എന്ത് പിണ്ണാക്കിനാണ്, ടിക്കറ്റെടുത്ത്, കുറച്ച് സീറ്റുകൾ മാത്രമുള്ള ചെറിയ സന്ദർശക വാനുകളിലേയ്ക്ക് ക്യൂ നിന്ന് ഇടിച്ച് കയറി, രാജമലയുടെ മുകളിൽ പോകുന്നത്? മലകളും വനങ്ങളും ഒക്കെ പരിസ്ഥിതിദുർബല പ്രദേശങ്ങളാണ്. കീഴും കിഴക്കുമില്ലാതെ അവിടെ ചെന്ന് കലപില കൂട്ടി, സ്വച്ഛമായി അവിടം സന്ദർശിയ്ക്കാൻ കൊതിച്ച് വരുന്നവരെ ശല്യം ചെയ്യുന്നത് മാത്രമായിരുന്നെങ്കിൽ ക്ഷമിയ്ക്കാമായിരുന്നു. അതൊന്നും പോരാതെ, കാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിയുക, മൃഗങ്ങളെ ഉപദ്രവിയ്ക്കുക, അവയ്ക്ക് ആഹാരം എറിഞ്ഞുകൊടുക്കുക എന്നിങ്ങനെ അവിടം തകർക്കാനുള്ള സകലവേലകളും ഒപ്പിച്ചിട്ടേ ഈ സന്ദർശകപരിഷകൾ മടങ്ങൂ. ഫോണിന്റെ സ്ക്രീനിലൂടെയല്ലാതെ, സ്വന്തം കണ്ണുവെച്ച് ചുറ്റുപാടും ഒന്ന് നോക്കുകയെങ്കിലും ചെയ്തിരുന്നു എങ്കിൽ അല്പമെങ്കിലും ദേഷ്യം എനിയ്ക്ക് കുറഞ്ഞേനെ.

ഇതേ അവസ്ഥ തന്നെയാണ് ചരിത്രമ്യൂസിയങ്ങളിലും കാണുന്നത്. ശിലായുഗത്തിലെ ആയുധം കണ്ടാൽ, "അയ്യേ, ഒരു പാറ" എന്നോ, മൂവായിരം വർഷം പഴയ ലിഖിതം കണ്ടാൽ "കൂതറ കൈയക്ഷരം" എന്നോ ഒക്കെ തോന്നുന്ന ഒരുപാട് പേരുണ്ട്. അതൊന്നും ഒരു തെറ്റേയല്ല. പക്ഷേ അങ്ങനെയുള്ളവർ ലുലുമാളിൽ കയറുന്ന പോലെ ചരിത്രമ്യൂസിയങ്ങളിൽ ചെന്ന് തിരക്കുണ്ടാക്കരുത്. അതുപോലെ, മലകളിലും വനങ്ങളിലും ഭംഗിയോ ഏതെങ്കിലും ആകർഷകതയോ തോന്നാത്തവർ പിക്ക്നിക്കെന്നും പറഞ്ഞ് പിള്ളേരേം കൂട്ടി അത്തരം സ്ഥലങ്ങളിലേയ്ക്ക് പോകുകയുമരുത്. ഇതൊരു അപേക്ഷയായി കണക്കാക്കണം എന്നപേക്ഷിക്കുന്നു.

Oct 25, 2016

മഴത്തുള്ളീന്റെ ശാസ്ത്രം

മുസലിയാരുടെ മഴത്തുള്ളി വീഡിയോ വൈറലായപ്പോൾ പലർക്കും സംശയം- അല്ലാ, ശരിയ്ക്കം ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?

താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്? ഗുരുത്വാകർഷണ ബലമാണ് വസ്തുവിനെ താഴേയ്ക്ക് വലിയ്ക്കുന്നത് എന്നറിയാമല്ലോ. m പിണ്ഡമുള്ള ഒരു വസ്തുവിൽ, F അളവിൽ ബലം പ്രയോഗിക്കപ്പെട്ടാൽ, ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിലെ F= ma എന്ന സമവാക്യം അനുസരിച്ച് അതിന് a അളവിൽ ത്വരണം (acceleration) ഉണ്ടാകും. ത്വരണം എന്നാൽ വേഗതയിലുള്ള വർദ്ധനവ് എന്നർത്ഥം. അതായത് താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത കൂടിക്കൂടിവരും. അതിനെയാണ് ഗുരുത്വ ത്വരണം (acceleration due to gravity) എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ ഈ ത്വരണം 9.8 m/s2 ആണ്. എന്നുവെച്ചാൽ ഓരോ സെക്കൻഡിലും 9.8 m/s വേഗത കൂടുന്നു. ഇതുകൊണ്ടാണ് ഒരേ വസ്തു രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് തലയിൽ വീണാൽ കൂടുതൽ ഉയരത്തിൽ നിന്ന് വീഴുന്ന വസ്തു കൂടുതൽ വേഗതയിൽ വന്നിടിക്കുന്നത്.

എന്നാൽ താഴേയ്ക്ക് വീഴുന്ന വസ്തുവിൽ പ്രയോഗിയ്ക്കപ്പെടുന്ന ഒരേയൊരു ബലം ഗുരുത്വാകർഷണമല്ല. അവിടെ മറ്റ് രണ്ട് ബലങ്ങൾ കൂടിയുണ്ട്- ഒന്ന് വായുപ്രതിരോധം, പിന്നെ വായു കൊടുക്കുന്ന പ്ലവനബലം. ഈ രണ്ട് ബലങ്ങളും ദ്രവരൂപത്തിലുള്ള (വാതകമോ ദ്രാവകമോ) ഏത് മാധ്യമത്തിലും അനുഭവപ്പെടുന്നത് തന്നെയാണെങ്കിലും, അവ ഓരോ മാധ്യമത്തിലും വ്യത്യസ്ത അളവിലായിരിക്കും. നിങ്ങൾ നീന്താനിറങ്ങിയിട്ടുണ്ടെങ്കിൽ ഈ രണ്ട് ബലങ്ങളും കൃത്യമായി അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. കൈകാലുകൾ കരയിൽ എന്നപോലെ വെള്ളത്തിൽ എളുപ്പം ചലിപ്പിക്കാനാവില്ല എന്ന് ശ്രദ്ധിച്ചിട്ടില്ലേ? വെള്ളം നമ്മുടെ ചലനത്തെ പ്രതിരോധിയ്ക്കാൻ ശ്രമിയ്ക്കും. വെള്ളം പ്രയോഗിക്കുന്ന ഈ ബലത്തെ വിസ്കസ് ബലം (viscous force) എന്നാണ് വിളിക്കുന്നത്. ഇതിന് സമാനമാണ് വായുവിന്റെ പ്രതിരോധം. ഓടുന്ന ബസിന്റെ സൈഡ് സീറ്റിൽ ഇരിയ്ക്കുമ്പോൾ അനുഭവപ്പെടുന്ന അതേ ബലം. വെള്ളത്തിൽ നമുക്ക് ഭാരക്കുറവ് അനുഭവപ്പെടാൻ കാരണമാകുന്ന, മുകളിലേയ്ക്കുള്ള ഒരു തള്ളൽബലമാണ് പ്ലവനബലം (buoyant force). വായുവിന്റെ കാര്യത്തിൽ ഇത് വളരെ ദുർബലമാണ് എന്നതിനാൽ, തത്കാലത്തെ സൗകര്യത്തിന് നമുക്കതിനെ മാറ്റിനിർത്താം. 

ഇപ്പോൾ മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും. തത്കാലത്തെ സൗകര്യത്തിന് മഴത്തുള്ളിയുടെ പിണ്ഡവും, രൂപവും*, വായുവിന്റെ സാന്ദ്രതയും മാറുന്നില്ല എന്ന് സങ്കല്പിച്ചാൽ പോലും താഴേയ്ക്ക് വീഴുന്ന തുള്ളിയുടെ വേഗത കൂടുന്നതിനനുസരിച്ച് വായുപ്രതിരോധവും കൂടിക്കൊണ്ടിരിക്കും. ഇങ്ങനെ കൂടിക്കൂടി ഒരു പ്രത്യേകഘട്ടമെത്തുമ്പോൾ അത് ഗുരുത്വാകർഷണ ബലത്തിന് തുല്യശക്തി നേടും. അപ്പോ എന്ത് സംഭവിയ്ക്കും? സ്വാഭാവികമായും തുള്ളിയിൽ പ്രയോഗിക്കപ്പെടുന്ന ആകെബലം പൂജ്യമാകും. ഗുരുത്വാകർഷണവും വായുരോധവും പരസ്പരം ഇല്ലാതാക്കുന്നു. ബലം പൂജ്യമാകുന്നതോടെ ത്വരണം പൂജ്യമാകുന്നു. അതായത്, വെള്ളത്തുള്ളിയുടെ വേഗത പിന്നെ വ‍ർദ്ധിക്കില്ല. അവിടന്നങ്ങോട്ട് അതൊരു സ്ഥിരമായ വേഗതയിലായിരിക്കും താഴേയ്ക്ക് വീഴുന്നത്. അതിനെ വിരാമവേഗം (terminal velocity) എന്ന് വിളിയ്ക്കുന്നു. സ്കൈഡൈവിങ് ചെയ്യുന്നവരൊക്കെ സുഖമായി കുറേ നേരം വായുവിൽ ഭാരരഹിതമായി നീങ്ങുന്നത് ഇങ്ങനെ വിരാമവേഗം കൈവരിയ്ക്കുന്നതുവഴിയാണ്.

പറഞ്ഞുവന്നത്, രണ്ടോ മൂന്നോ കിലോമീറ്റർ മുകളിൽ** നിന്നും പുറപ്പെടുന്ന മഴത്തുള്ളിയുടെ വേഗത, അത് വായുവിലൂടെ അല്പം താഴേയ്ക്ക് നീങ്ങിക്കഴിയുമ്പോൾ തന്നെ വിരാമപ്രവേഗം കൈവരിയ്ക്കും എന്നാണ്. പിന്നീട് അതിന്റെ വേഗത മണ്ണിൽ വന്ന് തട്ടുന്നതുവരേയും മാറില്ല എന്ന് പറയാം. അര സെന്റീമീറ്റർ വലിപ്പമുള്ള ഒരു ശരാശരി മഴത്തുള്ളിയെ സംബന്ധിച്ച് ഈ വേഗത ഏതാണ്ട് 35 kph (മണിക്കൂറിൽ 35 കി.മീ.) ആണ്. തുള്ളിയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ഈ വേഗതയും കൂടും. മഴത്തുള്ളിയ്ക്ക് പക്ഷേ ഒരു പരിധിയ്ക്കപ്പുറം വലിപ്പം കൂടില്ല. അതിന് കാരണവും വായുപ്രതിരോധമാണ്. വെള്ളത്തുള്ളിയ്ക്ക് ഗോളാകൃതി പ്രാപിയ്ക്കാൻ കഴിയുന്നത് വെള്ളത്തിന്റെ പ്രതലബലം എന്ന പ്രത്യേകത കാരണമാണ്. മറ്റ് ബലങ്ങൾ അതിനെ മറികടന്നാൽ അതിന് ഗോളാകൃതി പ്രാപിക്കാൻ കഴിയില്ല. ചേമ്പിലയിൽ വെള്ളം ചിതറിയാൽ കുഞ്ഞുതുള്ളികൾ ഗോളാകൃതി പ്രാപിയ്ക്കുകയും വലിയവ പരന്നുപോകുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? വലിയ തുള്ളിയുടെ കാര്യത്തിൽ ഗുരുത്വബലം പ്രതലബലത്തെ മറികടക്കുന്നതുകൊണ്ടാണ് അത്. അതുപോലെ വലിയ മഴത്തുള്ളിയിൽ അനുഭവപ്പെടുന്ന വായുരോധവും അത്രകണ്ട് കൂടുതലായിരിക്കും. അത് പ്രതലബലത്തെ മറികടന്നാൽ തുള്ളി പൊട്ടിച്ചിതറിപ്പോകും. അതുകൊണ്ട് സാധാരണഗതിയിൽ ഒരു മഴത്തുള്ളിയ്ക്ക് അഞ്ചോ ആറോ മില്ലിമീറ്ററൊക്കെയേ വലിപ്പമുണ്ടാകൂ.

* മഴത്തുള്ളിയുടെ രൂപം കാർട്ടൂണുകളിൽ വരയ്ക്കുന്നതുപോലെ മുകളിലേയ്ക്ക് കൂമ്പിയ പിയർ പഴം പോലെയുള്ള ഒന്നല്ല. എല്ലാ ചെറിയ ദ്രാവകത്തുള്ളികൾക്കും സ്വാഭാവികമായ ആകൃതി ഗോളാകൃതി ആണ്. മഴത്തുള്ളിയുടെ കാര്യത്തിൽ പക്ഷേ വായു മുകളിലേയ്ക്ക് തള്ളുന്നതുകൊണ്ട് അതിന്റെ ചുവട് പരന്നുപോകും. അതായത്, ഒരു ബർഗർ ബണ്ണിന്റെ രൂപമാകും അതിനുണ്ടാകുക.

** മുസലിയാര് പറയുന്നപോലെ പതിനായിരം കിലോമീറ്റർ ഉയരെയൊന്നുമല്ല മേഘങ്ങൾ. അത്രേം ദൂരെ മേഘം പോയിട്ട് വായു പോലുമില്ല. ഭൂമിയുടെ അന്തരീക്ഷത്തിന്റെ അതിര് 100 കിലോമീറ്റർ ഉയരത്തിലാണ്. അത് തന്നെ സൈദ്ധാന്തികമാണ്. അന്തരീക്ഷവായുവിന്റെ തൊണ്ണൂറ് ശതമാനവും 16 കിലോമീറ്ററിൽ താഴെയുണ്ട്.

Oct 21, 2016

പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്!?

ഹിന്ദുക്കൾ...
ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
ബൈബിളും ഖുറാനും താലോലിക്കുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!

ക്രിസ്ത്യാനികൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല,
പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!

മുസ്ലീങ്ങൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
കുർബാന കൈക്കൊള്ളുന്നില്ല,
രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല.
അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!

യുക്തിവാദികൾ...
അമ്പലത്തിൽ പോയി തൊഴുന്നില്ല,
കുർബാന കൈക്കൊള്ളുന്നില്ല,
ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല,
രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല,
മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല.
അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ?
ഇല്ല!

അല്ലാ, പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്?

Sep 8, 2016

ഒരു മിമിക്രിക്കഥ

പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്. 

പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു)

ഞങ്ങൾ മൂന്ന് പേരും കൂടിയാലോചിച്ചു. ഒരുപാട് തിരക്കുകൾ ഉള്ള ദിവസമാണ്. പരിപാടിയ്ക്ക് പോയാൽ സീനിയേഴ്സിന്റേയോ സൂപ്പർവൈസേഴ്സിന്റേയോ ഒക്കെ തെറിവിളി കേൾക്കാനും സാധ്യതയുണ്ട്. പക്ഷേ ഞങ്ങളെ കാത്തിരിക്കുന്ന ഫെയിം, പ്രശസ്തി, അതോർക്കുമ്പോ  പോകാതിരിക്കാനും തോന്നുന്നില്ല. പരിപാടിയെങ്ങാനും ഏറ്റാൽ ഞങ്ങളാരാ? തിരക്കിട്ട ഗവേഷണജീവിതത്തിനിടെ മിമിക്രി കലയെ ഉപാസിക്കാൻ സമയം കണ്ടെത്തുന്ന യുവഗവേഷകകലാകാരൻമാർ എന്ന ഖ്യാതി... അഭിനന്ദനങ്ങൾ... അരേ വാഹ്! മൊത്തത്തിൽ അതൊരു കളറ് പരിപാടി തന്നെയായിരിക്കുമല്ലോ. 

ആ പരിപാടി ഏറ്റെടുക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ജഗതി പറഞ്ഞതുപോലെ പകലുകളെ രാത്രികളാക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ, രാത്രികളിൽ ചിലതിനെ പകലുകളാക്കി ഞങ്ങൾ കൊണ്ടുപിടിച്ച പ്രാക്റ്റീസ് തുടങ്ങി. പുറത്തേയ്ക്കൊക്കെ പോകുമ്പോൾ പരിപാടിയ്ക്ക് ലോക്കൽ നിലവാരം പോരല്ലോ. സ്ക്രിപ്റ്റിലും കോസ്റ്റ്യൂമിലും വരെ പുതുമകൾ കുത്തിത്തിരുകാൻ മൂന്നുപേരും മത്സരിച്ചു. അന്നത്തെ ഷുവർ ഹിറ്റ് കോമഡി ചേരുവയായ സന്തോഷ് പണ്ഡിറ്റിനെ ക്ലൈമാക്സിൽ അവതരിപ്പിക്കുക എന്ന ഗംഭീര ആശയത്തിലൂടെ ഞാൻ സഹമിമിക്രിക്കാരുടെ അഭിനന്ദനവും ഏറ്റുവാങ്ങി. ഇടക്കിടെ മിസ്റ്റർ എക്സ് വിളിച്ചപ്പോഴൊക്കെ, "സാറ് നോക്കിക്കോ, പരിപാടി നമ്മൾ പ്വൊളിക്കും" എന്ന് തന്നെ തീർത്ത് പറഞ്ഞു. 

സംഭവദിവസം, സംഭവസമയത്തിന് ഒരു മണിക്കൂർ മുന്നേ (ഉച്ച തിരിഞ്ഞ്) ഞങ്ങൾ മേൽപ്പറഞ്ഞ പ്രമുഖ സ്ഥലത്തെത്തി. അതും ഓട്ടോറിക്ഷയിൽ! സ്വന്തം വൈവയ്ക്ക് വേണമെങ്കിൽ നടന്നുപോകുന്ന ടീമുകളാണ് മൂന്നും. ഇതുപിന്നെ ഇൻവൈറ്റഡ് ആർട്ടിസ്റ്റുമാരായിപ്പോയില്ലേ!

അകത്തേയ്ക്ക് കയറി. അവിടെ റീയൂണിയൻ നടക്കുന്ന വേദിയിലെത്തി. അവിടെ ബാനർ കെട്ടീട്ടുണ്ട്- "പ്രമുഖ കോളേജ് 1952 ബാച്ച് റീയൂണിയൻ" അതായത് മിസ്റ്റർ എക്സിന്റെ പിതാവിന്റെ കോളജ് ബാച്ചിന്റെ റീയൂണിയനാണ് എന്ന് ഞങ്ങളറിഞ്ഞിരുന്നില്ല! ഓഡിയൻസിനെ കണ്ടിട്ട് ഒരു ഭാഗവതസപ്താഹം നടത്താൻ പറ്റിയ മൂഡാണ്. എല്ലാം വെരി വെരി സീനിയർ സിറ്റിസൻസ്. ഞങ്ങടെ ഉള്ളൊന്ന് കാളി. വിയറ്റ്നാം കോളനിയിലെ മോഹൻലാൽ-ഇന്നസെന്റ് കോംബോയെപ്പോലെ ഒരു സംഭാഷണം ഉടനടി അവിടെ നടന്നു;
"ഡേയ്, നമ്മളീ സന്തോഷ് പണ്ഡിറ്റിനെയൊക്കെ വച്ച് കോമഡി പറഞ്ഞാൽ 52-ബാച്ചിലെ അപ്പൂപ്പൻമാർക്ക് ചിരിവരുമോ? പരിപാടി അവർക്ക് മനസിലാവാതെങ്ങാനും വരുമോ?"
"ഏയ്....." -pause- "അങ്ങനെ വരുമോ?"
"ഏയ്... മനസിലാവുമായിരിക്കും."
റീയൂണിയന് വന്ന ചിലരൊക്കെ മക്കളേയും കൊച്ചുമക്കളേയും കൊണ്ടുവന്നിട്ടുണ്ട്. ആ ഒരു മൂഡിൽ പരിപാടി പൊയ്ക്കോളും എന്ന ധാരണയിൽ, ടെൻഷൻ മറക്കാൻ ഞങ്ങളവിടൊക്കെ ഒന്ന് ചുറ്റി. അവിടെ ഒരു വശത്ത് മേശയിൽ റെഡ് ലേബൽ, ബെക്കാർഡി പോലുള്ള തറവാട്ടിൽപ്പിറന്ന സാറൻമാരുടെ ഒഴിഞ്ഞ കുപ്പികൾ കൂടിക്കിടക്കുന്നത് കണ്ടതോടെ ഞങ്ങൾ വീണ്ടും പരസ്പരം നോക്കി. ഉച്ചതിരിഞ്ഞ സമയം, എഴുപത് കഴിഞ്ഞ പ്രായം, ഉള്ളിൽ മറ്റവനും... ഓഡിയൻസിന്റെ മുക്കാൽ ഭാഗത്തിന്റെ കാര്യത്തിൽ തീരുമാനമായി.

രണ്ടും കല്പിച്ച് തട്ടിൽ കയറാതെ മാർഗമില്ല. വന്നുപോയില്ലേ! 

സ്റ്റേജിലെത്തിയപ്പോഴാണ് രസം, മൈക്കിന് സ്റ്റാൻഡില്ല! കൈയിൽ പിടിച്ച് മിമിക്രിക്കോണമെന്ന്. പാഞ്ഞുവന്ന് ആക്ഷനിട്ട് സുരേഷ് ഗോപിയെ കാണിക്കാനിരുന്നവന്റെ ചങ്കിലൂടെ ഇടിത്തീ പായുന്നത് ഞാൻ കണ്ടു. ഒരു കൈയിൽ മൈക്കും പൊക്കിപ്പിടിച്ച് മറ്റേ കൈകൊണ്ട് "ഷിറ്റ്" പറയുന്ന അവന്റെ അവസ്ഥ ഓർത്തപ്പോൾ എനിയ്ക്ക് ചെറുതായി ചിരി വന്നെങ്കിലും, ഞാൻ കാണിക്കാൻ പോകുന്ന ശ്രീനിവാസന്റെ അവസ്ഥ കൂടി ഓർത്തതോടെ എന്റെ കാറ്റും പോകാൻ തുടങ്ങി. 'തളരരുത് രാമൻകുട്ടീ, തളരരുത്' എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞങ്ങൾ വെളുക്കെ ചിരിച്ച് ഓഡിയൻസിനെ നോക്കി. മിക്കവർക്കും, ഇതൊന്ന് തുടങ്ങിയിരുന്നെങ്കിൽ ഉറങ്ങാമായിരുന്നു എന്നൊരു ഭാവം. "തമ്പിയളിയാ, ആരുടേം മുഖത്ത് നോക്കരുത്. കണ്ണടച്ചങ്ങ് തുടങ്ങിക്കോ..." കൂടെയുള്ളവൻ ധൈര്യം തന്നു. 

ഞാൻ രണ്ടും കല്പിച്ച് ബാക്ഗ്രൗണ്ട് മ്യൂസിക്കിട്ടു. ടട്ടട്ടാൻ... ടഡടഡടാൻ...

മൂന്നുപേരും ചേർന്ന് ഓർക്കസ്ട്രയായി ചെയ്യേണ്ട മ്യൂസിക്കാണ്. പക്ഷേ കൂട്ടത്തിൽ ഏതോ ഒരു മൈക്ക് ഇടക്കിടെ നിന്നുപോകുന്നുണ്ടായിരുന്നു. ഉള്ളത് മതി എന്നുകരുതി, സൗണ്ട് ഓപ്പറേറ്റ് ചെയ്യാനിരുന്ന ചേട്ടനോട് മൈക്കിലിത്തിരി എക്കോ കയറ്റിയിടാൻ പറയുക എന്നൊരു തെറ്റ് കൂടി ഞാൻ ചെയ്തുപോയി. അങ്ങോർ എന്തിലോ പിടിച്ച് തിരിയ്ക്കുന്നത് കണ്ടു. അതോടെ, ഞങ്ങൾ മൂന്ന് പേരെക്കൂടാതെ മൈക്ക് കൂടി സ്വന്തമായി മിമിക്രി കാണിക്കാൻ തുടങ്ങി. എന്തൊക്കെയോ ശബ്ദങ്ങൾ! ഒരു യുവാവിന്റെ തിരോധാനം അന്വേഷിക്കുന്ന ചാനൽ പരിപാടിയുടെ മോഡലിലുള്ള സ്ക്രിപ്റ്റാണ് പരിപാടിയ്ക്ക്. തുടങ്ങിയാൽ പിന്നെ പകുതിയ്ക്ക് നിർത്താൻ പറ്റൂല. 

<പപ്പു> മിമിക്രിയങ്ങനെ പറക്ക്കാണ്... യേത്, ഞമ്മടെ ഏറോപ്ലേൻ വിട്ടമാതിരി...</പപ്പു>

പത്തുമിനിറ്റിനുള്ളിൽ ഓഡിയൻസ് തൊണ്ണൂറുശതമാനവും ഉറങ്ങിയിരുന്നു. ചിലർ നിസ്സംഗഭാവത്തോടെ ഞങ്ങളെ നോക്കിയിരുന്നു. (ശോഭയ്ക്ക് തമാശ മനസിലായില്ലാന്ന് തോന്നുന്നു.jpg) എന്തായാലും തുടങ്ങിപ്പോയില്ലേ! സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ചറപറാന്ന് സ്റ്റേജിൽ വന്നുപോയി. ഇടതുവശത്ത് ജനലിനോട് ചേർന്നിരുന്ന പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പെൺകുട്ടി മാത്രം ചെറിയൊരു മന്ദഹാസത്തോടെ ഞങ്ങളെ നോക്കിയിരിപ്പുണ്ടായിരുന്നു. ആ ചിരി മിമിക്രിയിലെ തമാശ കേട്ടിട്ടാണോ, മിമിക്രിക്കാരുടെ അവസ്ഥ കണ്ടിട്ടാണോ എന്ന കാര്യത്തിലേ തീരുമാനമാവാനുള്ളൂ. 

പരിപാടി തീർന്നു. ഞങ്ങടെ ഗ്യാസും.

സ്റ്റേജിൽ നിന്നിറങ്ങി ഒന്ന് ചുറ്റിവന്നപ്പോൾ, മുഖ്യസംഘാടകരിലൊരാളായ അപ്പൂപ്പൻ അടുത്തേയ്ക്ക് വന്നു. വിളിച്ചുവരുത്തിയവരെ പറഞ്ഞുവിടും മുൻപ് ഒന്ന് പൊക്കണമല്ലോ. 

"മക്കളേ നന്നായിരുന്നു കേട്ടോ"

വെറുംവാക്കാണെങ്കിലും അഭിനന്ദനമാണല്ലോ. കിട്ടിയാലുടൻ എളിമ കൊണ്ടൊരു പൂഴിക്കടകൻ കാണിക്കുക എന്നതാണല്ലോ കീഴ്വഴക്കം. ഞങ്ങൾ വിനയകുനിയരായി ചിരിച്ചുനിന്നു.

"ഉച്ചതിരിഞ്ഞ സമയത്ത് മിമിക്രി കേട്ടിരിക്കുക ബുദ്ധിമുട്ടാണ് എന്ന് ഞങ്ങൾക്കറിയാം" എന്നെന്റെ വായിൽ നിന്ന് വീണുപോയി. ഉടൻ വന്നു മറുപടി,

"ഏയ് അങ്ങനൊന്നുമില്ല. മോനാ കണ്ണുരുട്ടിയതൊക്കെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു"

യേത്? ഉള്ള ആമ്പിയർ കളഞ്ഞ് കേ. പി. ഉമ്മറിനെ അനുകരിക്കാൻ ഞാൻ നടത്തിയ ശ്രമത്തേയാണ് അപ്പൂപ്പൻ 'കണ്ണുരുട്ടിയത് നന്നായി' എന്ന കമന്റിലൂടെ കുളിപ്പിച്ച് കിടത്തിയത്. 

ഞങ്ങൾ അധികം സമയം കളയാൻ നിന്നില്ല. അവിടന്ന് ഓടിയിറങ്ങി, ആദ്യം കണ്ട ഓട്ടോയിലേയ്ക്ക് ചാടിക്കയറി. കുറേ നേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ കൂട്ടത്തിലാരോ വേറെന്തോ വിഷയം എടുത്തിട്ടു. അതോടെ, തൊട്ടുമുൻപ് നടന്നതൊക്കെ നടന്നില്ലാ എന്ന് ഭാവിച്ച് ഞങ്ങൾ ബാക്കി ജീവിതം സുഖമായി ജീവിക്കാനാരംഭിച്ചു.

ശുഭം. 

Aug 22, 2016

യുക്തിവാദം ഒരു മതമാണോ?

യുക്തി കൊണ്ട് ചോദ്യം ചെയ്യപ്പെടുമ്പോൾ വിശ്വാസികൾ സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന വജ്രായുധമാണ് "യുക്തിവാദവും ഒരു മതം തന്നെയാണ്" എന്ന പ്രഖ്യാപനം. പക്ഷേ ഇവിടെ ഈ ചോദ്യം മറ്റൊരു സന്ദർഭത്തിലാണ് ചോദിച്ചിരിക്കുന്നത്. യുക്തിവാദികൾ എന്ന് സ്വയം കരുതുന്നവർ (അതായത് ഞാനുൾപ്പെടെ) ഈ ചോദ്യത്തെ അവരവരോട് ചോദിക്കുന്നത് നല്ലതാണ്. യുക്തിവാദത്തെ മറ്റൊരു മതം മാത്രമാണെന്ന് വിളിച്ച് താഴ്ത്തിക്കെട്ടാൻ വിശ്വാസി ശ്രമിയ്ക്കുമ്പോൾ*, ഏത് വിധേനയും അതങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന് മുന്നേ ആ ചോദ്യത്തെ ആഴത്തിൽ പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. എന്നോട് ചോദിച്ചാൽ, "ആകാം" എന്നാണ് എന്റെ ഉത്തരം. അതിപ്പോ യുക്തിവാദം എന്നല്ല, ഫെമിനിസം, കമ്യൂണിസം, എത്തീയിസം എന്നിങ്ങനെ ഏത് ആശയത്തിനും ഒരു മതമായി മാറാൻ കഴിയും. Anything can be a religion, but not everything is.

പൊതുവേ മതം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയൊക്കെ പൊതുവായ സവിശേഷത ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ചില പ്രമാണങ്ങളാണ്. ഓരോ മതത്തിനും അവയുടേതായ പ്രമാണങ്ങളുണ്ടാകും. ഒരു ഹിന്ദു ബ്രഹ്മത്തിൽ വിശ്വസിയ്ക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനിയ്ക്ക് ത്രിത്വത്തിൽ വിശ്വസിയ്ക്കാം. അതുപോലെ ഒരു മുസ്ലിമിന് പങ്കാളി കല്പിക്കപ്പെടാൻ പാടില്ലാത്ത ഏകദൈവത്തിലും വിശ്വസിയ്ക്കാം. ഒരു മുസ്ലീം ഏകദൈവത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഹിന്ദുവിന്റെ ത്രിമൂർത്തി സങ്കല്പത്തെ നിരാകരിയ്ക്കുകയാണ്. ഇതിൽ ഓരോ വിശ്വാസിയും സ്വന്തം വിശ്വാസത്തിന് വേണ്ടി വാദിയ്ക്കാനും, മറ്റൊന്നിനെ നിരാകരിയ്ക്കാനും ഉപയോഗിയ്ക്കുന്ന മാനദണ്ഡം എന്താണ്? സ്വന്തം മതപ്രമാണങ്ങളിലുള്ള വിശ്വാസം തന്നെ. അല്ലാതെ സ്വതന്ത്രമായ നിലനില്പുള്ള, വസ്തുനിഷ്ഠമായ തെളിവുകളൊന്നും അവർ ഉപയോഗിക്കുന്നതേയില്ല. ജനിച്ചുവീണ സാഹചര്യം ഉൾപ്പടെ പല പല കാരണങ്ങൾ കൊണ്ട് ഒരു പ്രത്യേക പ്രമാണം സത്യമാണെന്നും, അത് നല്ലതാണെന്നും ഒരാൾക്ക് തോന്നുന്ന വിശ്വാസമാണവിടെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് പ്രമാണങ്ങളെ ഉൾക്കൊള്ളുന്ന വിശുദ്ധ ഗ്രന്ഥങ്ങളും, അവയെ വ്യാഖ്യാനിയ്ക്കുന്ന ആധികാരിക സ്വരങ്ങളും മതത്തിന്റെ അനിവാര്യതയാകുന്നു.

ഇതേ മതപരത യുക്തിവാദത്തിലും സാധ്യമാണ്. യുക്തിവാദം അതിന്റെ നിർവചനം കൊണ്ട്, "യുക്തിയിൽ അധിഷ്ഠിതമായി വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താനുള്ള ചിന്താരീതി" ആണ്. ഇതിനെ നിങ്ങൾക്ക് രണ്ട് രീതിയിൽ പോസിറ്റീവായി സമീപിയ്ക്കാം. എല്ലാറ്റിനേയും യുക്തി ഉപയോഗിച്ച് പരിശോധിയ്ക്കുകയും, വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സത്യമായി കണക്കാക്കുകയും ചെയ്യുക എന്നതാണ് ഒരു രീതി. മറ്റൊരു രീതിയുള്ളത്, യുക്തിവാദത്തിന് വേണ്ടി വാദിയ്ക്കുകയും, യുക്തി ഉപയോഗിച്ച് വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിയ്ക്കുന്നു എന്ന് നമ്മൾ കരുതുകയും ചെയ്യുന്ന ഒരാളിനെ (അല്ലെങ്കിൽ കുറേ ആളുകളെ) പിൻതുടരുക എന്നുള്ളതാണ്. ഇതിൽ സ്വാഭാവികമായും രണ്ടാമത്തെ രീതി ആദ്യത്തേതിനെ അപേക്ഷിച്ച് വളരെ എളുപ്പമാണ്; യുക്തിവാദത്തെ പിൻതുടരാനുള്ള ഷോർട്-കട്ട് പോലെ കൊള്ളാവുന്ന ഒരു യുക്തിവാദിയെ പിൻതുടരുക. ഇവിടെ യുക്തിവാദം മതപരമായി മാറുന്നു. ഇത് അപൂർവമായ സംഭവമേയല്ല. മനുഷ്യന്റെ ഏറ്റവും energy-expensive അവയവമായ മസ്തിഷ്കം എപ്പോഴും അതിന്റെ ചെലവ് കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനി യുക്തിവാദിയായാലും വിശ്വാസിയായാലും മസ്തിഷ്കം പരമാവധി കുറച്ച് ഉപയോഗിക്കാനാണ് സ്വാഭാവികമായി ശ്രമിയ്ക്കുക. അതുകൊണ്ടാണ് ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മതവിശ്വാസികളായി തുടരുന്നതും.

ചുരുക്കത്തിൽ, ഏത് ആശയവും മതപരമാണോ അല്ലയോ എന്ന് തീരുമാനിയ്ക്കപ്പെടുന്നത് നിങ്ങളതിനെ ഏത് രീതിയിൽ സമീപിയ്ക്കുന്നു എന്നതനുസരിച്ചാണ്. ദൈവത്തെ വകവെയ്ക്കാതിരിക്കുന്നതാണ് ഹീറോയിസം എന്നതുകൊണ്ട് നിരീശ്വരവാദി ആയിരിക്കുന്നവരും (വയസ്സാംകാലത്ത് മനോബലമൊക്കെ കുറയുമ്പോൾ യൂ-ടേണടിച്ച് മതവിശ്വാസത്തിൽ ചെന്ന് ലാൻഡ് ചെയ്യുന്നവർ ഇക്കൂട്ടത്തിൽ പെട്ടവരാണ്) , സ്ത്രീയും പുരുഷനും തുല്യരായിരിക്കുന്നതാണ് തനിക്കിഷ്ടം എന്നതുകൊണ്ട് ഫെമിനിസ്റ്റായിരിക്കുന്നവരും ഒക്കെ നമ്മുടെ നാട്ടിൽ ഇഷ്ടം പോലുണ്ട്. അതുകൊണ്ട് നാമോരോരുത്തരും അവരവർ പിൻതുടരുന്ന ആശയത്തോടൊപ്പം, അതിന് നമുക്കുള്ള കാരണം എന്താണെന്ന് കൂടി പരിശോധിയ്ക്കുന്നത് നല്ലതാണ്.

(*യുക്തിവാദവും മറ്റൊരു മതമാണ്, നിരീശ്വരവാദവും മറ്റൊരു വിശ്വാസമാണ് എന്നൊക്കെ പറയുമ്പോൾ, സ്വന്തം നിലപാട് നിലവാരം കുറഞ്ഞ ഒന്നാണെന്ന് സ്വയമറിയാതെ സമ്മതിയ്ക്കുകയാണ് വിശ്വാസി. നിങ്ങളത്ര വലിയ പാർട്ടിയൊന്നുമല്ല, ഞങ്ങളെപ്പോലെ തന്നെയാണ് നിങ്ങളും എന്നാണല്ലോ ആ പറയുന്നത്)

Jul 20, 2016

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്.

നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്കുന്ന ശബ്ദം. എന്നാൽ നമ്മുടെ ശബ്ദം നമ്മൾ തന്നെ കേൾക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. മറ്റുള്ളവർ കേൾക്കുന്ന വായുവിലെ ശബ്ദതരംഗങ്ങൾ നമ്മുടെ ചെവിയിലെ കർണപുടത്തേയും വിറപ്പിയ്ക്കുന്നുണ്ട്. പക്ഷേ ആ ശബ്ദതരംഗങ്ങളെ പുറപ്പെടുവിയ്ക്കുന്ന സ്വനതന്തുക്കൾ നമ്മുടെ തന്നെ തൊണ്ടയിൽ ഇരുന്നാണ് വിറയ്ക്കുന്നത് എന്നതുകൊണ്ട്, ഈ വിറ സമാന്തരമായി എല്ലുകളിലൂടെയും സഞ്ചരിച്ച് ചെവിയിലെത്തും. ഇത് ശബ്ദത്തിന്റെ ഉടമയ്ക്കൊഴികേ മറ്റാർക്കും ബാധകമായ ഒന്നല്ലല്ലോ. അതായത് നാം ശബ്ദമുണ്ടാക്കുമ്പോൾ നമ്മുടെ തലയോട്ടി പരോക്ഷമായി അതിനനുസരിച്ച് വിറയ്ക്കുന്നുണ്ട്. ഇതും കൂടി ചേർത്താണ് നമ്മളത് കേൾക്കുന്നത്. തലയോട്ടിയുടെ കുറഞ്ഞ ഫ്രീക്വൻസിയിൽ (ശ്രുതി-pitch) ഉള്ള വിറ ശബ്ദത്തിന് ബാസ്സ് (bass) കൂടുന്ന ഒരു പ്രഭാവമാണ് ഉണ്ടാക്കുക. ചുരുക്കത്തിൽ, മറ്റുള്ളവർ കേൾക്കുന്നതിനെക്കാൾ ബാസ് കൂട്ടിയാണ് നാം നമ്മുടെ ശബ്ദം കേൾക്കുന്നത്.

എന്നാൽ റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുമ്പോഴോ? നിങ്ങളുടെ ശബ്ദം മറ്റുള്ളവർ എങ്ങനെ കേൾക്കുന്നുവോ, അങ്ങനെയാണ് ഒരു മൈക്രോഫോൺ അതിനെ പകർത്തിയെടുക്കുന്നത്. അതിനെയാണ് സ്പീക്കർ തിരിച്ച് കേൾപ്പിക്കുന്നത്. അത് നിങ്ങൾക്കത്ര പരിചയമുള്ള ഒരു ശബ്ദമല്ല. "അയ്യോ, എന്റെ ശബ്ദം ഇങ്ങനെയാണോ?" എന്ന് കൂട്ടുകാരോട് ചോദിച്ചാൽ, അവർ അതേന്ന് പറയാൻ സംശയിക്കില്ല. കാരണം അവർക്കാ ശബ്ദം പരിചിതമാണ്. അല്ലെങ്കിൽ, അതാണ് അവർക്ക് പരിചയമുള്ള നിങ്ങളുടെ ശബ്ദം. (NB: for an ideal microphone-speaker system) സ്വന്തം ശബ്ദത്തോടുള്ള ഈ അപരിചിതത്വം ആണ് സ്വന്തം ശബ്ദം ഇഷ്ടപ്പെടാതിരിയ്ക്കാനും പലപ്പോഴും കാരണമാകുന്നത്. (യേശുദാസിനെയോ ചിത്രയെയോ ഒക്കെപ്പോലെ സ്ഥിരം സ്വന്തം ശബ്ദം ചുറ്റുപാടും കേൾക്കേണ്ടി വരുന്നവർക്ക് ഈ പ്രശ്നം ഒരുപക്ഷേ കുറവായിരിക്കാം).

ഇതേ കാര്യം ചിലപ്പോഴൊക്കെ സ്വന്തം രൂപം കാണുന്നതിലും ഉണ്ടാകാം. കാരണം, കണ്ണാടിയിലെ സ്വന്തം രൂപം മാത്രമാണ് നാം കണ്ടുശീലിയ്ക്കുന്നത്. അത് ശരിയ്ക്കും മറ്റുള്ളവർ കാണുന്ന നമ്മുടെ രൂപത്തിന്റെ ഇടം-വലം തിരിഞ്ഞ ഒരു പ്രതിബിംബമാണ്. മുഖത്തിന് സമമിതി (symmetry) എത്രത്തോളം കുറവാണോ അത്രത്തോളം പരസ്പരം വ്യത്യസ്തമായിരിയ്ക്കും കണ്ണാടിയിലെ മുഖവും സ്വന്തം മുഖവും. മൂക്കിന്റെ പാലത്തിന്റെ വളവ്, ചുണ്ടുകളുടെ ചരിവ് തുടങ്ങി സർവസാധാരണമായ പല പ്രത്യേകതകളും സമമിതി ഇല്ലാതാക്കും. ഇതുകാരണം മറ്റുള്ളവർ നമ്മുടെ കഴുത്തിൽ കാണുന്നത് നമുക്ക് വലിയ പരിചയമില്ലാത്ത ഒരു മുഖമായിരിയ്ക്കും. ഇത് കാരണം നിങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു വീഡിയോ ദൃശ്യം നിങ്ങൾ കാണുമ്പോൾ, നിങ്ങളുടേത് ഒഴികേ മറ്റെല്ലാ മുഖങ്ങളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. അപരിചിതമായ ആ മുഖത്തോട് നിങ്ങൾക്ക് ഇഷ്ടക്കുറവ് തോന്നിയാൽ അത് സ്വാഭാവികം മാത്രം.

Jul 13, 2016

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും.

മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും ഒക്കെ കരുതുന്നുണ്ട് എന്നതാണ് അതിന് തെളിവ്. ഗംഗ എന്ന കഥാപാത്രം നാഗവല്ലി എന്ന തമിഴ്നാട്ടുകാരിയായി മാറുന്നതും, തമിഴിൽ സംസാരിയ്ക്കുന്നതും, ഭർത്താവിന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നതും, കൂടെനടന്ന് ആരും കാണാതെ സാധനങ്ങൾ എറിഞ്ഞ് പൊട്ടിയ്ക്കുന്നതും ഒക്കെ തീർത്തും സംഭവ്യമായ കാര്യമാണെന്ന് അവർ വിശ്വസിയ്ക്കുന്നു.

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder) എന്നത് ഒരേസമയം ഒന്നിലധികം വ്യക്തിത്വങ്ങൾ പ്രകടമാകുന്ന മാനസികാവസ്ഥയാണ്. മനശാസ്ത്രജ്ഞരുടെ ഇടയിൽ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലാത്ത ഒരു രോഗമാണിത്. മിക്കപ്പോഴും മറ്റ് മാനസികരോഗങ്ങളുമായി ചേർന്ന് കാണപ്പെടുന്നതും, പലരും ദുരുദ്ദേശ്യത്തോടെ ഈ രോഗലക്ഷണം അഭിനയിക്കുന്നതും ഒക്കെ സാധാരണമായതിനാൽ കൃത്യമായ ഒരു വിശകലനം ബുദ്ധിമുട്ടാകുന്നു എന്നാണ് അവർ പറയുന്നത്. അത് എന്തുതന്നെ ആയാലും, ഒരാൾ താൻ ഏതെങ്കിലും രീതിയിൽ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ സംസാരിയ്ക്കുന്നത് ആ മനോരോഗത്തിൽ പെടുന്ന കാര്യമല്ല. പാരാസൈക്കോളജിസ്റ്റുകൾ സീനോഗ്ലോസ്സി (Xenoglossy) എന്ന് വിളിയ്ക്കുന്ന ഒരു സാങ്കല്പിക പ്രതിഭാസമാണത്. അങ്ങനെ വിളിയ്ക്കുന്നവർ അതിനെ സാങ്കല്പികം എന്ന് കരുതുന്നില്ല എങ്കിലും, അങ്ങനെ ഒന്ന് സാധ്യമാണെന്ന് വിശ്വസിയ്ക്കാൻ പോകുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമല്ല. പുനർജന്മത്തിലും പ്രേതാത്മക്കളിലുമൊക്കെ ഗവേഷണം നടത്തുന്നു എന്ന് പറയപ്പെടുന്നവരുടെ അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ് അതിപ്പോഴും. എന്നും എവിടേയും ഇങ്ങനെയെന്തെങ്കിലും കേട്ടാൽ അതിനെ പൊലിപ്പിച്ച് എഴുതാൻ പത്രമാധ്യമങ്ങൾ താത്പര്യം കാട്ടാറുണ്ട് എന്നതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ വാർത്തകളിൽ ഒരുപാട് വന്നിട്ടുണ്ട്. പക്ഷേ വിശദപരിശോധന നടത്തപ്പെട്ട കേസുകളിലെല്ലാം ഉള്ളി തൊലിച്ചുനോക്കുന്നതിന് സമാനമായ അനുഭവമാണ് ലഭ്യമായത്. 'വൃദ്ധൻ യുവതിയെപ്പോലെ സംസാരിയ്ക്കുന്നതായിട്ടൊക്കെ പത്രങ്ങളിൽ വായിക്കാറില്ലേ?' എന്നൊക്കെ മോഹൻലാലിന്റെ ഡോ. സണ്ണി ചോദിയ്ക്കുന്നതിന് അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ. ഇനി കൂടെ നടന്ന് ആരുമറിയാതെ ക്ലോക്കും പാത്രവുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ഒരുപക്ഷേ ഗോപിനാഥ് മുതുകാടിന്റെയോ മറ്റോ പരിശീലനത്തിലൂടെ സാധിച്ചേയ്ക്കും. പക്ഷേ, ഉറങ്ങിയെണീറ്റ ഉടനേ കെ. എസ്. ചിത്രയെപ്പോലെ പാടാനും ശോഭനയെപ്പോലെ ഡാൻസ് ചെയ്യാനുമൊക്കെ പറ്റുമെന്ന് വിചാരിച്ച് ആരും 'നാഗവല്ലി രോഗം' വരാൻ ആഗ്രഹിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ചുരുക്കത്തിൽ, ബ്രാഡ്‍ലിയുടെ പത്ത് തലയുള്ള മനശാസ്ത്രജ്ഞശിഷ്യനേയും, വരേണ്യസ്ലാങ്ങിൽ സംസാരിയ്ക്കുന്ന മന്ത്രവാദിയേയും കൂട്ടിമുട്ടിച്ച് പരസ്പരം പുകഴ്ത്തിച്ച് ആകെ ജഗപൊക ആക്കുന്നൊക്കെയുണ്ട് എന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ കേട്ടുപഴകിയ പഴയ ബാധയൊഴിപ്പിക്കൽ പ്രേതകഥ മാത്രമാണ് മണിച്ചിത്രത്താഴ്. അതിനെ ആ രീതിയിൽ കണ്ട് ആസ്വദിയ്ക്കുക, ആ രീതിയിൽ മാത്രം.

Jun 13, 2016

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്.

ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്കപ്പുറം, ഈ പേരുകൾ വഹിച്ചിരുന്ന വ്യക്തിത്വങ്ങളെ നാം അറിയാൻ ശ്രമിക്കാറോ അറിയിക്കാറോ ഇല്ല. ഇവരെയൊക്കെ, നമ്മുടേത് പോലുള്ള വ്യക്തിജീവിതങ്ങൾ ഉള്ള പച്ച മനുഷ്യരായി അറിയാൻ ശ്രമിക്കവേ ശാസ്ത്രമെന്ന വാക്കിന് എന്റെ മനസ്സിലുള്ള ചിത്രം തന്നെ മാറിയിട്ടുണ്ട് എന്നാണ് അനുഭവം.

ഉദാഹരണത്തിന് ന്യൂട്ടനെ നോക്കുക. തലയിൽ ആപ്പിൾ വീണ ഒരു തമാശക്കഥാപാത്രത്തെയാണ് സ്കൂൾ വിദ്യാഭ്യാസം ആ പേരിൽ നമ്മുടെ മനസിലേയ്ക്ക് ചേർക്കുന്നത്. പക്ഷേ എന്റെ മനസ്സിലെ ന്യൂട്ടന് മറ്റൊരു മുഖമാണ്. ജനിയ്ക്കും മുൻപ് അച്ഛൻ മരണപ്പെട്ട, രണ്ടര വയസ്സിൽ അമ്മ മറ്റൊരു വിവാഹം കഴിച്ച് വീട് മാറിപ്പോയത് കണ്ട, അമ്മയേയും രണ്ടാനച്ഛനേയും ഒരു വീട്ടിലിട്ട് കത്തിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരു കുഞ്ഞുന്യൂട്ടൻ ഉണ്ട്. അമ്മൂമ്മയോടൊപ്പം ചെലവഴിച്ച ബാല്യം, ആരെയും വിശ്വസിക്കാത്ത, പറയത്തക്ക സൗഹൃദങ്ങൾ ഒന്നുമില്ലാത്ത, വഴക്കാളിയായ, അന്തർമുഖനും ദുരൂഹനുമായ ഒരു മനുഷ്യനെ രൂപപ്പെടുത്തിയതും, അയാൾ ഭൗതികശാസ്ത്രത്തിന് അടിത്തറ പാകി മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിയെഴുതാൻ കാരണക്കാരനായതും ആയ കഥ ഞാൻ മനസിൽ ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട്.

അതുപോലെ, ആറ്റം എന്നൊരു സങ്കല്പം ഭൗതികശാസ്ത്രത്തിൽ പരക്കെ അംഗീകരിക്കപ്പെടുന്നതിന് മുൻപ് അതിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ സമകാലീന ശാസ്ത്രജ്ഞരെ വിശ്വസിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ലഡ്വിഗ് ബോൾട്സ്മാൻ. ഭാര്യയോടും മകളോടും ഒപ്പം വെക്കേഷൻ ചെലവിടാൻ പോയിട്ട് ആ വീടിന്റെ മച്ചിൽ തൂങ്ങി മരിച്ച ബോൾട്സ്മാൻ ആ സമയം എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക എന്ന് ഞാൻ വെറുതേ ആലോചിക്കാറുണ്ട്.

എം.എസ്.സിയ്ക്ക് എറൻഫെസ്റ്റ് തിയറം (Ehrenfest theorem) പഠിച്ചപ്പോൾ പോൾ എറൻഫെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നീടാണത് വായിച്ചറിഞ്ഞത്. ഗവേഷണത്തിനിടെ വിഷാദരോഗവുമായി അദ്ദേഹം മല്ലിട്ടതും, അതിൽ ആശങ്കാകുലനായി സുഹൃത്തായ ഐൻസ്റ്റൈൻ എറൻഫെസ്റ്റിന്റെ യൂണിവേഴ്സിറ്റിയിലെ മേലുദ്യോഗസ്ഥർക്ക് കത്തെഴുതിയതും ഒക്കെ... ഇന്ന് എറൻഫെസ്റ്റ് തിയറം എന്ന് കേൾക്കുമ്പോൾ, ഓട്ടിസം ബാധിച്ച തന്റെ ഇളയ മകനെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യ ചെയ്ത പോൾ എറൻഫെസ്റ്റ് എന്ന വ്യക്തിയെ ഓർക്കാതിരിക്കാൻ ആവില്ല. ഇന്ന് ഞാൻ ബുക്കിലെഴുതുന്ന ആ സിദ്ധാന്തം ഉരുത്തിരിയുമ്പോൾ എറൻഫെസ്റ്റിന്റെ മസ്തിഷ്കത്തിൽ എന്തൊക്കെ ചിന്തകളായിരിക്കും കടന്നുപൊയ്ക്കോണ്ടിരുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ട്.

ഇന്ന് കാന്തികക്ഷേത്ര തീവ്രതയുടെ യൂണിറ്റായി 'Tesla' എന്ന വാക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ കുട്ടികളോട് ചോദിക്കാറുണ്ട്, നിക്കോളാ ടെസ്ലയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാമെന്ന്. അവരാ പേര് പോലും കേട്ടിട്ടുണ്ടാകില്ല. റേഡിയോ കണ്ടുപിടിച്ച, ഇലക്ട്രിക്കൽ സയൻസിലെ ഏത് സിദ്ധാന്തം നോക്കിയാലും അതിന് പിന്നിൽ എന്തെങ്കിലും സംഭാവന നൽകിയിട്ടുള്ള ടെസ്ല. തോമസ് ആൽവാ എഡിസനുമായി ഉടക്കി പണി വാങ്ങിയിട്ടുള്ള ടെസ്ല... ഒടുവിൽ, മനോരോഗിയായി അന്യഗ്രഹജീവികൾ തന്നോട്ട് സംവദിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് അപഹാസ്യനായി, പരമദരിദ്രനായി തെരുവിൽ ഭിക്ഷയെടുത്ത് മരണമടഞ്ഞ ടെസ്ല. ആ മനുഷ്യനെ അറിയുമ്പോൾ മാഗ്നറ്റിക് ഫീൽഡ് തീവ്രതയുടെ യൂണിറ്റിന് മറ്റൊരു മാനം കൈവരുന്നു.

ഇതൊക്കെ പെട്ടെന്ന് ഓർമ്മവന്ന ഏതാനം ചില ഉദാഹരണങ്ങൾ മാത്രം. വ്യക്തിജീവിതവും അതിലെ വൈകാരികതകളും രാഷ്ട്രീയവും സംസ്കാരവും ഒക്കെ ഇടകലർന്ന് കിടക്കുന്നതാണ് ശാസ്ത്രവും അതിന്റെ കണ്ടെത്തലുകളും. അതിനെ ആ പരിപൂർണതയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴേ അതിന്റെ പ്രാധാന്യവും യഥാർത്ഥമൂല്യവും നമ്മുടെ കണ്ണിൽ പെടൂ എന്നാണ് എന്റെ അഭിപ്രായം. ശാസ്ത്രജ്ഞരുടെ വ്യക്തിജീവിതത്തിലെ ത്യാഗങ്ങളും കഷ്ടപ്പാടുകളും വായിച്ചറിഞ്ഞ കുട്ടികൾ മറ്റുള്ളവരെക്കാൾ കൂടുതൽ സയൻസിൽ ശോഭിയ്ക്കുന്നു എന്നൊരു പഠനം അടുത്തിടെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ചത് എന്റെയീ തോന്നലിനെ ശരിവെയ്ക്കുന്നുണ്ട്. സിദ്ധാന്തങ്ങൾക്കും സമവാക്യങ്ങൾക്കും അപ്പുറം അതാണ് ശാസ്ത്രത്തിലേയ്ക്ക് നമ്മളെ ആകർഷിക്കാൻ സാധ്യത.

Jun 4, 2016

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്.

വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുന്നതാണ്. ഇനി നമ്മുടെ ശരീരത്തിന്റെ താപനില അനുസരിച്ചാണെങ്കിൽ പുറത്തുവരുന്ന റേഡിയേഷനിൽ ഭൂരിഭാഗവും പതിനായിരം നാനോമീറ്ററിലധികം തരംഗദൈർഘ്യമുള്ളതാണ്. നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത ഇൻഫ്രാറെഡ് തരംഗങ്ങളാണ് അവ. (ശരീരത്തെ നമുക്ക് കാണാനാവുന്നത് അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന ദൃശ്യപ്രകാശം കാരണമാണ്.) എന്നാൽ ഇൻഫ്രാറെഡിനെ അതിന്റെ ചൂടുപിടിപ്പിക്കൽ സ്വഭാവം കാരണം നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കും. അതുകൊണ്ടാണ് തണുപ്പ് കാലത്ത് കിടക്കയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ ചെറിയൊരു റൂം ഹീറ്ററിന്റെ ഫലം കിട്ടുന്നത് ;)

May 18, 2016

ചൂടും തണുപ്പും- ഋതുക്കൾ ഉണ്ടാകുന്നതെങ്ങനെ?

ഭൂമിയിൽ ചൂടുകാലവും തണുപ്പുകാലവും മാറിമാറി ഉണ്ടാകുന്നത് എങ്ങനെയാണ്?

ഇത് സ്കൂൾ ക്ലാസുകളിൽ കേൾക്കുന്ന ഒരു ചോദ്യമാണ്. പക്ഷേ എന്റെ വ്യക്തിപരമായ അനുഭവത്തിൽ ഒരുപാട് മുതിർന്നവർ ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ച് പറയുന്നത് കണ്ടിട്ടുണ്ട്. കുറേ പേരോട്  ഇത് ചോദിച്ചപ്പോൾ ഏറ്റവും സാധാരണമായി കിട്ടിയിട്ടുള്ള ഉത്തരം ഇപ്രകാരമാണ്:

"ഭൂമി സൂര്യന് ചുറ്റും പൂർണവൃത്താകൃതിയുള്ള ഓർബിറ്റിലല്ല സഞ്ചരിക്കുന്നത്. മറിച്ച് ഒരു ദീർഘവൃത്താകൃതിയുള്ള ഓർബിറ്റിലാണ്. അത് കാരണം സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് നമുക്ക് കൂടുതൽ ചൂടും, സൂര്യനിൽ നിന്ന് ഏറ്റവും അകലെ പോകുന്ന സമയത്ത് നമുക്ക് തണുപ്പും ആയിരിക്കും"

നിങ്ങളിൽ പലർക്കും ഇത് തെറ്റായ വിശദീകരണമാണെന്ന് അറിയാമായിരിക്കും. എന്നാൽ ചിലരെങ്കിലും ഇതാണ് ഉഷ്ണ-ശൈത്യങ്ങളുടെ കാരണം എന്ന് ധരിച്ച് വെച്ചിട്ടുണ്ടാകും. നമുക്കിതിന്റെ സത്യാവസ്ഥ ലളിതമായി ഒന്ന് മനസിലാക്കാൻ ശ്രമിക്കാം.

മേൽപ്പറഞ്ഞ ഉത്തരത്തിൽ അവസാന വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഭൂമിയുടെ ആത്യന്തികമായ ഊർജ ഉറവിടം സൂര്യനാണ്. സൂര്യപ്രകാശത്തിന്റെ രൂപത്തിൽ ഭൂമിയിലേയ്ക്ക് അത് നിരന്തരം ഊർജം എത്തിച്ചുകൊണ്ടിരിക്കുന്നു. ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു. ആ ഓർബിറ്റിന്റെ രൂപം പൂർണവൃത്തമല്ല, മറിച്ച് ദീർഘവൃത്തമാണ്. അതുകൊണ്ട് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എല്ലായ്പ്പോഴും സ്ഥിരമല്ല, അത് മാറിക്കൊണ്ടിരിക്കും. സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോൾ 14.7 കോടി കിലോമീറ്ററും, ഏറ്റവും അകലെയായിരിക്കുമ്പോൾ 15.2 കോടി കിലോമീറ്ററും ദൂരത്തിലായിരിക്കും ഭൂമി. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 15.2 - 14.7 = 0.5 കോടി (അഥവാ 50 ലക്ഷം) കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നുണ്ട്. ഭൂമി അതിന്റെ ഓർബിറ്റിൽ സൂര്യനോട് ഏറ്റവും അടുത്ത് ചെല്ലുന്ന സ്ഥാനത്തെ പെരിഹീലിയൻ (perihelion) എന്നും, ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ അപ്ഹീലിയൻ (aphelion) എന്നുമാണ് വിളിക്കുന്നത്. എല്ലാ വർഷവും ഏതാണ്ട് ഒരേ ദിവസമാണ് പെരിഹീലിയനും അപ്ഹീലിയനും സംഭവിക്കുന്നത്. അവ യഥാക്രമം ജനുവരി 3-ഉം ജൂലൈ 3-ഉം ആണ്. അതായത് ജനുവരി 3-നാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് ചെല്ലുന്നത്, ജൂലൈ 3-നാണ് അത് ഏറ്റവും അകലെ പോകുന്നത്. മുകളിലെ ഉത്തരം അനുസരിച്ച് ജനുവരി 3-നായിരിക്കണം ഭൂമിയിൽ ഏറ്റവും ചൂട് കൂടുതൽ. ആണോ? നമ്മുടെ അനുഭവത്തിൽ ജനുവരി 3, വർഷത്തിൽ എറ്റവും നല്ല തണുപ്പനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ്.

അപ്പോൾ എവിടെയാണ് പ്രശ്നം?

ഭൂമിയിലെ ഋതുക്കളുടെ വ്യത്യാസം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഭൂമിയും സൂര്യനും തമ്മിലുള്ള അകലമല്ല എന്നതാണ് സത്യം. പറയുമ്പോൾ 50 ലക്ഷം കിലോമീറ്റർ വ്യത്യാസം വരുന്നു എന്നത് സത്യം തന്നെ. പക്ഷേ ഒരു വസ്തുവിന് 50 രൂപ വിലക്കുറവ് എന്ന് കേൾക്കുമ്പോൾ, അത് 'എത്ര കുറവാണ്?' എന്ന് മനസിലാകണമെങ്കിൽ ആ വസ്തുവിന്റെ വില എത്രയാണ് എന്നതുമായി താരതമ്യം ചെയ്യണ്ടേ? മുന്നൂറ് രൂപയുടെ ബക്കറ്റിന് അമ്പത് രൂപ വില കുറഞ്ഞാൽ അതിനെ വിലക്കുറവെന്ന് നാം വിളിച്ചേക്കും. പക്ഷേ പത്ത് ലക്ഷം രൂപയുടെ ഒരു കാറിന് 50 രൂപ വിലക്കുറവ് ഉണ്ടായാൽ അതിനെ നാം കണക്കിലെടുക്കാനേ പോകുന്നില്ല. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരമായ15 കോടി കിലോമീറ്ററുമായിട്ടാണ് നാമിവിടെ അമ്പത് ലക്ഷത്തെ താരതമ്യം ചെയ്യേണ്ടത്. അത് ഫലത്തിൽ അഞ്ച് ശതമാനത്തിൽ താഴെയേ വ്യത്യാസം വരുത്തുന്നുള്ളൂ എന്ന് കാണാം.(NB: ഭൂമിയുടെ ഓർബിറ്റ് വരയ്ക്കുമ്പോൾ കാണിക്കുന്ന ദീർഘവൃത്തം അല്പം പർവതീകരിക്കപ്പെട്ട ഒന്നാണ്. സൈദ്ധാന്തികമായി ദീർഘവൃത്തം ആണെങ്കിലും, ദൂരെ നിന്ന് കാണാൻ കഴിഞ്ഞാൽ ഭൂമിയുടെ ഓർബിറ്റ് ഏതാണ്ടൊരു പൂർണവൃത്തം ആയിത്തന്നെ കാണപ്പെടും. ഒരു ദീർഘവൃത്തം പൂർണവൃത്തത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്ന് സൂചിപ്പിക്കാൻ eccentricity എന്നൊരു അളവ് ഉപയോഗിക്കാറുണ്ട്. ഭൂമിയുടെ ഓർബിറ്റിന്റെ eccentricity പൂജ്യത്തിനോട് വളരെ അടുത്താണ്) അതായത് ഈ ദൂരവ്യത്യാസം സൂര്യനിൽ നിന്നുള്ള ഊർജലഭ്യതയിൽ വളരെ ചെറിയ ഏറ്റക്കുറച്ചിലേ ഉണ്ടാക്കുന്നുള്ളു. നാം അനുഭവിക്കുന്ന ഋതുക്കൾ തമ്മിലുള്ള സാരമായ വ്യത്യാസം ഉണ്ടാക്കാൻ അത് മതിയാകില്ല.

അപ്പോപ്പിന്നെ ഋതുക്കൾ ഉണ്ടാക്കുന്നത് എന്താണ്?

സൂര്യനിൽ നിന്നുള്ള ഊർജം എത്രത്തോളം ലഭിക്കുന്നു എന്ന് തീരുമാനിക്കുന്ന ഏറ്റവും സുപ്രധാനമായ ഘടകം, സൂര്യരശ്മികൾ എത്രത്തോളം ചരിഞ്ഞ് പതിക്കുന്നു എന്നതാണ്. ചിത്രം ശ്രദ്ധിക്കൂ.

ഒരേ വീതിയുള്ള രണ്ട് പ്രകാശബീമുകൾ പരിഗണിക്കുക. ഇതിൽ ഒരെണ്ണം കുത്തനെ തറയിലേയ്ക്ക് വീഴുന്നു. മറ്റേത് ചരിഞ്ഞാണ് വീഴുന്നത്. ചിത്രം നോക്കിയാൽ, ചരിഞ്ഞ് വീഴുന്ന പ്രകാശബീം കൂടുതൽ വിശാലമായ ഒരു പ്രദേശത്താണ് വീഴുന്നത് എന്ന് കാണാം. ഒരേ വീതിയുള്ള ബീമുകൾ എന്നാൽ അവ ഒരേ അളവിലുള്ള ഊർജമാണ് വഹിക്കുന്നത് എന്നർത്ഥം. എന്നാൽ ചരിവ് കൂടുന്തോറും അവ കൂടുതൽ കൂടുതൽ വിസ്തൃതിയിലേയ്ക്ക് വിതരണം ചെയ്യപ്പെടുന്നു. അതായത് ഊർജം കൂടുതൽ ഭാഗത്തേയ്ക്ക് വീതിച്ച് പോകുന്നത് കൊണ്ട് ഒരു പ്രത്യേക ഭാഗത്ത് കിട്ടുന്ന ഊ‍ർജം, അവിടെ വീഴുന്ന പ്രകാശരശ്മിയുടെ ചരിവ് അനുസരിച്ച് കുറയുന്നു. ചുരുക്കിപ്പറഞ്ഞാൽ സൂര്യപ്രകാശം ചരിഞ്ഞ് വീണാൽ, അവിടെ കിട്ടുന്ന ഊർജം അതിനനുസരിച്ച് കുറയും. നമുക്കനുഭവപ്പെടുന്ന ഋതു-കാലാവസ്ഥാ പ്രഭാവങ്ങൾക്കെല്ലാം കാരണം അടിസ്ഥാനപരമായി സൂര്യപ്രകാശവീഴ്ചയുടെ ചരിവിലുള്ള ഈ വ്യത്യാസമാണ് എന്ന് പറയാം.

രണ്ട് രീതിയിലാണ് ഈ ചരിവ് വ്യത്യാസം വരുന്നത്. ഒന്ന് സ്വാഭാവികമായും ഭൂമിയുടെ രൂപം കാരണമാണ്. അതിന് ഗോളാകൃതിയാണ് ഉള്ളത്. ഒരു പ്രത്യേകദിശയിൽ സഞ്ചരിച്ചുവരുന്ന പ്രകാശരശ്മികൾ, ഒരു ഗോളത്തിന്റെ പുറത്ത് വീണാൽ സ്വാഭാവികമായും ഓരോ സ്ഥലത്തും ഓരോ ചരിവിലായിരിക്കും അത് വീഴുന്നത്. ചിത്രം നോക്കൂ.


ചിത്രത്തിൽ കാണുന്ന ഗോളം ഭൂമിയാണെന്ന് കരുതുക. ഇടത് വശത്തുനിന്നും സൂര്യപ്രകാശം സമാന്തരരശ്മികളായി ഭൂമിയിൽ വന്ന് വീഴുന്നു. ഭൂമിയുടെ കേന്ദ്രത്തിന് നേരേ വരുന്ന രശ്മി കുത്തനെയായിരിക്കും ഭൂമിയുടെ ഉപരിതലത്തിൽ വന്ന് വീഴുക. എന്നാൽ ധ്രുവങ്ങളിലേയ്ക്ക് നീങ്ങുന്തോറും സൂര്യപ്രകാശം കൂടുതൽ കൂടുതൽ ചരിഞ്ഞായിരിക്കും ഉപരിതലത്തിൽ വന്ന് തട്ടുക. അതായത് ഭൂമധ്യരേഖാ പ്രദേശത്ത് നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുന്തോറും സൂര്യനിൽ നിന്നും ലഭിയ്ക്കുന്ന ഊർജത്തിന്റെ അളവ് അതിനനുസരിച്ച് കുറയും എന്നർത്ഥം. ധ്രുവപ്രദേശങ്ങളിൽ വെള്ളം ഐസായിട്ട് കട്ടപിടിച്ച് കിടക്കുന്നതിന്റെ രഹസ്യം ഇതിൽ നിന്ന് പിടികിട്ടിക്കാണുമല്ലോ.

സൂര്യപ്രകാശലഭ്യത മാത്രമല്ല, ലഭിയ്ക്കുന്ന പ്രകാശം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതും വ്യത്യാസപ്പെടും. കാരണം വെള്ളം, കരയിലെ വിവിധ ഘടകങ്ങളായ മണ്ണ്, മണൽ, തുടങ്ങി സൂര്യപ്രകാശത്തെ സ്വീകരിക്കുന്ന വസ്തുക്കളുടെ സ്വഭാവമനുസരിച്ച്, അവ ചൂട് പിടിക്കുന്ന അളവും മാറും. ചൂട് മാറുന്നതിനനുസരിച്ച് അന്തരീക്ഷവായുവിന്റെ മർദത്തിൽ വരുന്ന വ്യത്യാസങ്ങൾ, അത് കാരണം ഉണ്ടാകുന്ന വായുപ്രവാഹങ്ങൾ (കാറ്റുകൾ), കാറ്റുകൾക്ക് ഭൂമിയുടെ കറക്കം കാരണം ഉണ്ടാകുന്ന ദിശാമാറ്റം, സമുദ്രങ്ങളുടെ പല ഭാഗവും പല അളവിൽ ചൂട് പിടിക്കുക വഴി ഉണ്ടാകുന്ന ജലപ്രവാഹങ്ങൾ, ചൂടായ ജലം ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷവായുവിൽ കലരുന്നത് കാരണമുണ്ടാകുന്ന താപ-മർദ്ദ വ്യത്യാസങ്ങൾ, എന്നിങ്ങനെ പല പല പ്രതിഭാസങ്ങളുടെ ഒരു പരമ്പര തന്നെ ഇത് കാരണം ഉണ്ടാകും. കാലാവസ്ഥ എന്ന പ്രതിഭാസം ഇതിന്റെയൊക്കെ ഒരു ആകെത്തുകയാണ്. അതിന്റെ അതിസങ്കീർണസ്വഭാവം തത്കാലം അത് നമ്മുടെ കൈയിലൊതുങ്ങുന്നതല്ല എന്നതിനാൽ കാലാവസ്ഥയെ അവിടെ നിർത്തി നമുക്ക് ഋതുക്കളിലേയ്ക്ക് തിരിച്ചുവരാം.

ഭൂമിയിൽ സൂര്യപ്രകാശം വീഴുന്ന ചരിവിൽ വ്യത്യാസം വരുന്നതിന് ഒരു കാരണം മാത്രമാണ് അതിന്റെ ഗോളാകൃതി. അത്ര തന്നെ പ്രധാനപ്പെട്ട മറ്റൊരു ഘടകം കൂടിയുണ്ട്; ഓർബിറ്റിൽ ഭൂമിയുടെ കിടപ്പ്. ഭൂമിയുടെ ഓർബിറ്റ് ഒരു മേശപ്പുറത്താണ് എന്ന് സങ്കല്പിക്കുക. മേശയുടെ പ്രതലമാണ് അതിന്റെ ഓർബിറ്റൽ പ്രതലം (orbital plane). ആ മേശപ്പുറത്ത് കുത്തനെ നിന്ന് കറങ്ങുകയല്ല ഭൂമി ചെയ്യുന്നത്. പകരം അത് മോഹൻലാലിനെപ്പോലെ ഒരുവശത്തോട്ട് അല്പം ചരിഞ്ഞാണ് നിൽക്കുന്നത്. സാങ്കേതിക ഭാഷയിൽ ഇതിനെ axial tilt അഥവാ അക്ഷച്ചരിവ് എന്ന് വിളിക്കാം. ഭൂമി സ്വയം കറങ്ങുന്ന അതിന്റെ അച്ചുതണ്ട്, അതിന്റെ ഓർബിറ്റിന്റെ പ്രതലവുമായി തട്ടിച്ച് നോക്കുമ്പോൾ ഏതാണ്ട് 23.5 ഡിഗ്രി ചരിഞ്ഞാണ് നിൽക്കുന്നത്. ചിത്രം നോക്കൂ.

ഇവിടെ അക്ഷച്ചരിവ് എല്ലായ്പ്പോഴും ഒരേ ദിശയിലാണ് എന്ന് കാണാം. അതായത് സൂര്യന്റെ ഏത് വശത്തായിരുന്നാലും ഭൂമിയുടെ അച്ചുതണ്ട് വലത്തോട്ട് തന്നെയാണ് ചരിഞ്ഞ് നിൽക്കുന്നത്. ഇത് കാരണം വർഷത്തിൽ ഓരോ സമയത്തും, ഭൂമിയുടെ ഓരോ ഭാഗമായിരിക്കും സൂര്യന്റെ നേർക്ക് ചരിഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന് ചിത്രത്തിൽ ഭൂമി സൂര്യന്റെ ഇടത്ത് ഭാഗത്തായിരിക്കുന്ന അവസരം പരിഗണിക്കാം. അവിടെ ഭൂമിയുടെ ഉത്തരധ്രുവം (northern hemisphere) സൂര്യന്റെ നേർക്ക് ചരിഞ്ഞ് നിൽക്കുകയാണ്. അതായത് ഉത്തരാർദ്ധഗോളത്തിൽ സൂര്യരശ്മികൾ കൂടുതൽ കുത്തനെ പതിയ്ക്കുകയും അവിടെ കൂടുതൽ ഊർജം ലഭിയ്ക്കുകയും ചെയ്യും. അതാണ് ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം (summer). ഇതേസമയം ദക്ഷിണാർദ്ധഗോളം (southern hemisphere) സൂര്യന് പിൻതിരിഞ്ഞ് നിൽക്കുകയാണ് എന്നോർക്കണം. അതിനാൽ അവിടെ ഊർജലഭ്യത കുറവായിരിക്കും. അതായത്, അവിടെ ഈ സമയം ശൈത്യകാലമായിരിക്കും (winter). ഈ രീതിയിൽ രണ്ട് അർദ്ധഗോളങ്ങളിലും വിപരീത ഋതുക്കളായിരിക്കും എപ്പോഴും അനുഭവപ്പെടുക. ഉത്താർദ്ധഗോളത്തിൽ വേനലാകുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യം. ആറ് മാസം കഴിയുമ്പോൾ ഭൂമി സൂര്യന് മറുഭാഗത്ത് ചെല്ലും. ആ സമയത്ത് ദക്ഷിണാർദ്ധഗോളമായിരിക്കും സൂര്യന്റെ നേർക്ക് ചരിഞ്ഞ് നിൽക്കുന്നത്. അപ്പോൾ അവിടെ വേനൽ, ഉത്തരാർദ്ധഗോളത്തിൽ ശൈത്യം. 

ഏറ്റവും ലളിതമായി പറഞ്ഞാൽ ഇങ്ങനെയാണ് വ്യത്യസ്ത ഋതുക്കൾ ഉണ്ടാകുന്നത്. വേനലിനും ശൈത്യത്തിനും (അഥവാ ഗ്രീഷ്മത്തിനും ശിശിരത്തിനും) ഇടയ്ക്ക് രണ്ട് സമയങ്ങളിൽ ഭൂമിയുടെ ചരിവ് സൂര്യന്റെ നേർക്കെന്നോ സൂര്യന് പുറംതിരിഞ്ഞെന്നോ പറയാനാകാത്ത രണ്ട് സ്ഥാനങ്ങളിൽ ഭൂമി എത്തിച്ചേരും (മുകളിലെ ചിത്രത്തിൽ മുകളിലും താഴെയുമായി കാണിച്ചിരിക്കുന്ന ഭാഗങ്ങൾ). ഈ കാലങ്ങളിൽ രണ്ട് അർദ്ധഗോളങ്ങളിലും ഊർജലഭ്യത ഏതാണ്ട് സമമായിരിക്കും. അവയാണ് വസന്തകാലവും (spring), ശരത്കാലവും (autumn). ഇങ്ങനെ നാല് ഋതുക്കളാണ് പൊതുവേ പറയാറുള്ളത് എങ്കിലും, കേരളം ഉൾപ്പടെ ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ വർഷകാലം (rainy), ഹേമന്ദകാലം (pre-winter) എന്നിങ്ങനെ രണ്ട് കാലങ്ങൾ കൂടി പരിഗണിച്ച് മൊത്തം ആറ് ഋതുക്കൾ പറയാറുണ്ട്. തത്കാലം അത്തരം സങ്കീർണതകൾ ഒഴിവാക്കി, ഋതുക്കളെക്കുറിച്ച് ഇങ്ങനെ നമുക്ക് പറഞ്ഞ് നിർത്താം,
"ദൂരമല്ല, ചരിവാണ് പ്രശ്നം!"