Feb 29, 2016

ഒരു ശാസ്ത്രദിന കുടമുടയ്ക്കലിന്റെ കഥ!

പടിയ്ക്കൽ കൊണ്ട് കുടമുടയ്ക്കുക എന്നൊരു പ്രയോഗമുണ്ട്. പക്ഷേ നമ്മൾ കഷ്ടപ്പെട്ട് കോരി നിറച്ച് പടിക്കൽ വരെ കൊണ്ടെത്തിക്കുമ്പോൾ വേറൊരാൾ വന്ന് കുടമുടച്ചാലോ? ആ കഥ ഇങ്ങനെ.


കഴിഞ്ഞ ദിവസം ഒരു കോളേജിൽ ശാസ്ത്രദിന സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. 'ശാസ്ത്രവിഷയങ്ങളിലുള്ള പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാഷ്ട്രപുരോഗതി' എന്ന തീമിൽ ഒരു പ്രഭാഷണമായിരുന്നു ഏൽപ്പിക്കപ്പെട്ട ദൗത്യം. ഇത്തരം അവസരങ്ങളിൽ സ്ഥിരം പറയാറുള്ള ചില കാര്യങ്ങളൊക്കെ തന്നെയാണ് ഒരു മണിക്കൂർ സമയം കൊണ്ട് അവിടേയും പറഞ്ഞത്. ആശയം ചുരുക്കി അവതരിപ്പിച്ചാൽ ഇപ്രകാരമാണ് -

ശാസ്ത്രവിഷയത്തിലുള്ള ചർച്ച എന്നാൽ മംഗൾയാൻ ചൊവ്വയിൽ പോയതും, ഗ്രാവിറ്റേഷണൽ വേവ്സിനെ കണ്ടെത്തിയതും പോലുള്ള വിഷയങ്ങൾ ഒരാൾ വന്ന് പ്രസംഗിക്കുന്നതും അവസാനം കേട്ടിരിക്കുന്നവർ സംശയം ചോദിച്ച്, മറുപടി വാങ്ങി, വന്ന ആളിന് നന്ദി പറഞ്ഞ് മടക്കി അയക്കുന്നതും അല്ല. ശാസ്ത്രവിഷയത്തിലുള്ള ഏത് ചർച്ചയും എന്താണ് ശാസ്ത്രം എന്ന് മനസിലാക്കിയിട്ട് വേണം. മറ്റേത് വെറും ഇൻഫർമേഷൻ സപ്ലൈ ആണ്. കുറേ വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നു. അത് വേണ്ടാന്നല്ല, അത് വേണ്ടത് തന്നെയാണ്. പക്ഷേ അത് വഴി രാഷ്ട്രപുരോഗതി പോയിട്ട് പലപ്പോഴും വ്യക്തിപുരോഗതി പോലും ഉറപ്പില്ല. ശാസ്ത്രം എന്നത് അറിവാണ്, അറിവ് സമ്പാദിക്കുന്നതിനുള്ള ഒരു മാർഗമാണ്. പതിനായിരം വർഷത്തോളം പഴക്കമുള്ള മനുഷ്യന്റെ സമൂഹത്തിൽ, ഭൂമിയ്ക്ക് ചുറ്റും സൂര്യനല്ല മറിച്ച് സൂര്യന് ചുറ്റും ഭൂമിയാണ് കറങ്ങുന്നത് എന്ന അടിസ്ഥാന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ട് അഞ്ഞൂറ് കൊല്ലം പോലും ആയിട്ടില്ല. നൂറ് വയസ്സ് വരെ ജീവിക്കുന്ന ഒരാൾ തന്റെ 95-ാമത്തെ വയസ്സിൽ മാത്രം സൂര്യനല്ല ഭൂമിയാണ് കറങ്ങുന്നത് എന്ന് തിരിച്ചറിയുന്നതുപോലെയാണിത്. ഇന്ന് ശാസ്ത്രപുരോഗതി എന്ന് നമ്മൾ വിളിക്കുന്നതെന്തും ഈ അവസാനത്തെ അഞ്ച് ശതമാനം സമയത്താണ് സംഭവിക്കുന്നത്. വൈദ്യുതി ഉപയോഗിക്കാൻ പഠിച്ചിട്ട് ഇരുന്നൂറ് വർഷം പോലും ആയിട്ടില്ല. നമ്മുടെ മിൽക്കീവേ ഗാലക്സിയ്ക്ക് അപ്പുറം ഒരു പ്രപഞ്ചമുണ്ടെന്ന് മനസിലാക്കിയിട്ട് നൂറ് വർഷം പോലും ആയിട്ടില്ല. ശാസ്ത്രീയമായ രീതിയിലൂടെയുള്ള സത്യാന്വേഷണമാണ് ഏറ്റവും വിശ്വസനീയമായതെന്ന് മനസിലാക്കാൻ ഈ ഒരു ചരിത്രം മാത്രം പഠിച്ചാൽ മതി. മനുഷ്യന്റെ പുരോഗതിയുടെ ചരിത്രവും, ശാസ്ത്രീയമായ അന്വേഷണത്തിന്റെ ചരിത്രവും ഒന്നുതന്നെയാകുന്നത് വെറും യാദൃച്ഛികതയല്ല.


"എന്റെ രണ്ട് കൈയിലും ഓരോ പുസ്തകം വീതമുണ്ട്. ഇടത്തെ കൈയിലെ പുസ്തകം ഭൂമി ഉരുണ്ടതാണെന്ന് പറയുന്നു, വലത്തെ കൈയിലെ പുസ്തകം ഭൂമി പരന്നതാണെന്നും പറയുന്നു. ഇതിലേത് പുസ്തകം പറയുന്നതാണ് ശരി?" എന്ന ചോദ്യത്തിന് കുട്ടികൾ ഒന്നടങ്കം ശരിയുത്തരം പറഞ്ഞു- "ഇടത്തെ കൈയിലെ പുസ്തകമാണ് ശരി"

സത്യത്തിൽ ഉത്തരം വേണ്ടിയിരുന്നത് അടുത്ത ചോദ്യത്തിനായിരുന്നു, "എന്ത് മാനദണ്ഡം വെച്ചാണ് നിങ്ങളത് പറഞ്ഞത്?"
ആർക്കും ഉത്തരമില്ല. സ്കൂളിൽ ടീച്ചർ പഠിപ്പിച്ചു, പുസ്തകത്തിൽ ഉണ്ടായിരുന്നു, എല്ലാവരും പറയുന്നു എന്നിങ്ങനെയല്ലാതെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കാൻ വേറെ കാരണം വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. ആർക്കും മറുപടി ഇല്ല. നിങ്ങളുടെ പുസ്തകം എഴുതിയവരും നിങ്ങളെ പഠിപ്പിച്ചവരും നിങ്ങൾക്ക് പരിചയമുള്ളവരും എല്ലാം ഉൾക്കൊള്ളുന്ന നൂറോ ആയിരമോ പേർ നാളെ ഭൂമി പരന്നതാണെന്ന് മാറ്റിപ്പറഞ്ഞാൽ നിങ്ങളും നിലപാട് മാറ്റുമോ എന്ന് ചോദിച്ചു. കുട്ടികൾക്ക് ചിരി മാത്രം. ഫ്ലാറ്റ് എർത്ത് സൊസൈറ്റി എന്ന പേരിൽ ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്ന ഒരു സംഘടന ഇന്നും നിലവിലുണ്ട്, അതിൽ ആയിരക്കണക്കിന് അംഗങ്ങളുമുണ്ട്. അവർ പറയുന്നത് പരിഹാസ്യമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ അവർ പറയുന്നത് പരിഹാസ്യമാണെന്ന് എന്തുകൊണ്ട് നിങ്ങൾക്ക് തോന്നുന്നു എന്നതിന്, നിങ്ങൾ ഇതുവരെ കേട്ടിട്ടുള്ളത് അങ്ങനെയല്ല എന്നതാണോ കാരണം? അവർ പറയുന്നതാണ് യാഥാർത്ഥ്യം എങ്കിലോ?

ഈ ചോദ്യങ്ങളെല്ലാം വിരൽചൂണ്ടുന്നത് ഭൂമി ഉരുണ്ടതാണ് എന്ന 'information'-നും ഉരുണ്ട ഭൂമിയെക്കുറിച്ചുള്ള അറിവും തമ്മിലുള്ള വ്യത്യാസത്തിലേയ്ക്കാണ്. ഇതിൽ രണ്ടാമത്തേതാണ് സയൻസ്. അതില്ലാതെ നമ്മൾ ഭൂമിയെക്കുറിച്ച് നെടുങ്കൻ പ്രഭാഷണങ്ങൾ കേട്ടിരുന്നിട്ട് ഒരു കാര്യവുമില്ല. മുപ്പത്താറ് മണിക്കൂർ തുടർച്ചയായി സൂര്യനുദിയ്ക്കും എന്ന് നാസ പറഞ്ഞു എന്ന 'ശാസ്ത്രവാർത്ത' വാട്സാപ്പുവഴി അയച്ചുതരുന്ന പോസ്റ്റ് ഗ്രാജുവേറ്റുകൾ ഈ റൂട്ടിലാണ് ഉണ്ടാകുന്നത്. ഭൂമി ഉരുണ്ടതാണ് എന്ന information, പൊതിഞ്ഞ് ഭദ്രമായി മനസിലെവിടേയോ പൂട്ടിവെച്ച് പൊടിപിടിപ്പിക്കാനാണ് അവർ ശീലിച്ചത്. മറിച്ച് ഉരുണ്ട ഭൂമി അയാളുടെ ബോധത്തിന്റെ ഭാഗമായിരുന്നു എങ്കിൽ, മൂപ്പത്താറ് മണിക്കൂർ ഈ ഭൂമിയെ ആര് കറങ്ങാതെ പിടിച്ച് നിർത്തും എന്നവരുടെ മനസ് ചോദിച്ചേനെ. അത് ചെയ്യാത്ത മനസ്സ് രാഷ്ട്രത്തിന് ഒന്നും സംഭാവന ചെയ്യാൻ പോകുന്നില്ല. ആ ബോധമില്ലാതെയുള്ള ചർച്ചകൾ ശാസ്ത്രചർച്ചകളേ ആകുന്നില്ല.

തുടർന്ന് ശാസ്ത്രീയമായ രീതിയിൽ പ്രശ്നങ്ങളെ സമീപിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാൻ കത്താത്ത ബൾബ് ശരിയാക്കുന്ന പ്രശ്നം അവതരിപ്പിച്ചു (അത് ഞാൻ തന്നെ മുൻപ് ലേഖനമായി എഴുതിയിരുന്നു.) Observation, Hypothesis, Testing, Forming theory തുടങ്ങിയ ഘട്ടങ്ങളൊക്കെ വിശദീകരിച്ച് ചില ഉദാഹരണങ്ങളും പറഞ്ഞു. തെളിവില്ലാതെ ഒന്നും സ്വീകരിക്കാൻ പാടില്ല, ആര് പറയുന്നു എന്നതല്ല, പറയുന്ന കാര്യത്തിന് വസ്തുനിഷ്ഠമായ സാധൂകരണം ഉള്ളതാണോ എന്നതാണ് നോക്കേണ്ടത് എന്നൊക്കെ ഉദാഹരണസഹിതം പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. പെട്ടെന്ന് അനുമാനങ്ങളിൽ എത്താൻ പാടില്ല, കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കണം എന്ന വാദത്തിനോടും ആർക്കും ഒരെതിർപ്പും ഉണ്ടായില്ല. പ്രഭാഷണം കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും കൈയടിച്ചു.

വെള്ളം നിറച്ച കുടം പടിയ്ക്കൽ എത്തിയിരിക്കുന്നു... ഇനിയാണ് കുടമുടയ്ക്കൽ കർമ്മം

അധ്യാപികമാരിൽ ഒരാൾ ആശംസാപ്രസംഗത്തിന് മൈക്ക് പോയിന്റിലെത്തുന്നു. സ്ഥിരം ഫോർമാലിറ്റികൾ പാലിച്ചുകൊണ്ട്, മുഖ്യാതിഥിയായെത്തി അത്രേം നേരം കത്തിവെച്ച എന്റെ പ്രഭാഷണത്തെ ടീച്ചർ പ്രശംസിക്കുന്നു. ഞാൻ പറഞ്ഞ പ്രധാന പോയിന്റുകൾ വീണ്ടും എടുത്തുപറ‍ഞ്ഞുകൊണ്ട് അവയൊക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ടീച്ചർ അടിവരയിടുന്നു. "വൈശാഖൻ തമ്പി പറഞ്ഞതൊക്കെ നിങ്ങൾ കൃത്യമായി ഉൾക്കൊണ്ടുകാണും. നമ്മളൊരിയ്ക്കലും ആരെങ്കിലും പറയുന്നത് അതേപടി എടുക്കരുത്. ശാസ്ത്രീയമായ രീതിയിൽ വേണം നമ്മൾ കാര്യങ്ങളെ സമീപിക്കാൻ. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ observation വേണം. വസ്തുനിഷ്ഠമായി അവയെ അപഗ്രഥിയ്ക്കണം. അതിന് ക്ഷമയും അർപ്പണബോധവും ആവശ്യമാണ്. പക്ഷേ ക്ഷമയും അർപ്പണബോധവും ഉണ്ടാകാൻ നമുക്ക് വിശ്വാസം വേണം. അതും പ്രധാനമാണ്. കണ്ടിട്ടില്ലേ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ റോക്കറ്റ് വിടുന്നതിന് മുൻപ് തിരുപ്പതിയിലൊക്കെ പോയി പ്രാർത്ഥിക്കുന്നത്?"

ഠിം!!!

അങ്ങനെ ഒരു മണിക്കൂറെടുത്ത് കോരിനിറച്ച കുടം ഒറ്റ മിനിറ്റുകൊണ്ട് പൊട്ടിച്ച് പീസാക്കി ആ ടീച്ചർ കൈയിലോട്ട് വെച്ചുതന്നു. അതേറ്റുവാങ്ങി, സന്തോഷത്തോടെ ഞാൻ സ്ഥലം വിടുകയും ചെയ്തു. ശുഭം.

Feb 19, 2016

നിങ്ങളും ഒരു സയന്റിസ്റ്റാണ്!

'ശാസ്ത്രീയം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സ്ഥിരം ഉപയോഗിക്കപ്പെടുന്ന വാക്കാണ്. പക്ഷേ അർത്ഥമെന്താന്ന് ചോദിച്ചാൽ എത്ര പേർക്ക് വ്യക്തമായ ഉത്തരമുണ്ട്? ശരിയായത്, ആധികാരികമായത് എന്നൊക്കെയുള്ള അർത്ഥത്തിലാണ് എല്ലാവരും ഉപയോഗിക്കുന്നത്. വാക്സിൻ വിരുദ്ധ പ്രകൃതിചികിത്സകർ വരെ തങ്ങളുടേതാണ് ശാസ്ത്രീയമായ രീതി എന്നവകാശപ്പെടുന്നു. എന്താണ് സയൻസ്, എങ്ങനെയാണത് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള ശ്രമമാണ് നടത്താനുദ്ദേശിക്കുന്നത്. ഫോർമൽ നിർവചനങ്ങൾ കൊണ്ട് ഗുണമൊന്നുമില്ല എന്നതിനാൽ ഉദാഹരണങ്ങൾ വഴിയാണ് അത് ചെയ്യുന്നത്. ഒരൊറ്റ ലേഖനം കൊണ്ട് അത് സാധിക്കില്ല, ഇതൊരു സീരീസിലെ ആദ്യഭാഗം ആണ്.

ഇന്ന് ചർച്ച ചെയ്യുന്നത് ശാസ്ത്രീയമായ രീതി അഥവാ സയന്റിഫിക് മെത്തേഡ് എന്താണെന്നാണ്.

ശാസ്ത്രം അഥവാ സയൻസ് എന്ന് കേൾക്കുമ്പോൾ ലാബിൽ ടെസ്റ്റ് ട്യൂബും കളറ് വെള്ളവുമായി നിൽക്കുന്നവരും ഇസ്രോയില് റോക്കറ്റ് വിടുന്നവരും നോബൽ സമ്മാനം നേടുന്നവരും ഒക്കെ ചെയ്യുന്ന പണിയാണെന്ന ചിത്രമാണ് മിക്കവരും കൊണ്ടുനടക്കുന്നത്. നമ്മുടെ മാധ്യമങ്ങൾ പലതും സയൻസ് എന്ന ലേബലിൽ ഐ-ഫോണിന് പുതിയ മോഡൽ ഇറങ്ങിയതും വീട്ടുപണി ചെയ്യുന്ന റോബോട്ടിനെ വികസിപ്പിച്ചതും പോലെയുള്ള വെറും ടെക്നോളജി റിപ്പോർട്ട് ചെയ്യുന്നത് ആ ധാരണപ്പിശകിന്റെ ഒരു തെളിവാണ്. അതല്ലാതെ സാധാരണക്കാര് സയൻസ് കൈകാര്യം ചെയ്യുന്നത് മത്സരപ്പരീക്ഷയ്ക്ക് 'ശാസ്ത്രം' എന്ന തലക്കെട്ടിൽ കുറേ ചോദ്യങ്ങളും ഉത്തരങ്ങളും പഠിച്ചുകൊണ്ടാണ്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരമെത്ര, ജലത്തിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതൊക്കെ, മനുഷ്യന്റെ ശാസ്ത്രനാമം എന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അവരെ സംബന്ധിച്ച് സയൻസ്. ഇപ്പറഞ്ഞതൊന്നും സയൻസേയല്ല! പത്തിരുപത് വർഷമായി സയൻസ് പഠിക്കുന്ന ആളെന്ന നിലയിലാണ് ഇത് ഉറപ്പിച്ച് പറയുന്നത്. ഇതിൽ പലതും വെറും ടെക്നോളജി ആണ്, വേറെ പലതും വെറും സയൻസ് ഡേറ്റ ആണ്. ഡേറ്റ എന്ന വിവരത്തിൽ നിന്നും സയൻസ് എന്ന അറിവിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരം ഇഞ്ച് വ്യത്യാസമില്ലാതെ കിറുകൃത്യമായി പറയുന്നത് ശാസ്ത്ര-അറിവാകണമെന്നില്ല. ബൈക്കിന്റെ ടയറും വയറും ബോഡിയും ഒക്കെ ഏതൊക്കെ അളവിൽ എന്തൊക്കെ ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കൃത്യമായി പറയാനറിയുന്ന ആളിന് ബൈക്കോടിക്കാൻ അറിയണമെന്ന് അർത്ഥമില്ലല്ലോ.

സയൻസ് അറിവ് നേടുന്നതിനുള്ള ഒരു മാ‍ർഗമാണ്. കാലകാലങ്ങളായി പല പല മാർഗങ്ങളിലൂടെ മനുഷ്യൻ സമ്പാദിച്ച അറിവുകളിൽ ഏറ്റവും വിശ്വാസയോഗ്യമായതും ഉപയോഗപ്രദമായതും സയൻസിലൂടെ കിട്ടിയ അറിവ് തന്നെയാണെന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. അതാണ് 'ശാസ്ത്രീയം' എന്ന വാക്കിന് ഒരു പോസിറ്റീവ് ഗുണമെന്ന ഇമേജ് പരക്കെ നിലവിലുള്ളതും. പ്രഖ്യാപിത ശാസ്ത്രവിരോധികൾ പോലും തങ്ങളുടെ വാദമാണ് 'സയന്റിഫിക്' എന്ന് അവകാശപ്പെടുന്നു. സയന്റിഫിക് ആകുന്നത് തെറ്റാണ് എന്ന് അവരാരും പറയില്ല, എന്താണ് സയന്റിഫിക് എന്ന കാര്യത്തിലേ അവർക്ക് തർക്കമുള്ളു. അതിലേ തർക്കിക്കാനുമാകൂ. സയന്റിഫിക്കല്ലാത്തത് എന്ന അവകാശവാദത്തോടെ ഒരു സാധനം അവതരിപ്പിച്ചാൽ അതിന് ഡിമാൻഡ് തീരെയുണ്ടാവില്ല എന്ന് എല്ലാ ഉല്പാദകർക്കും അറിയാം. പേസ്റ്റിന്റേം ചെരുപ്പിന്റേം പരസ്യത്തിൽ വരെ ഡോക്ടർമാരുടെ വേഷം കെട്ടിയ മോഡലുകളെ നിരത്തി നിർത്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന് പറയിക്കാൻ പരസ്യക്കാര് കോടികൾ ചെലവാക്കുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

എന്താണ് സയന്റിഫിക് എന്ന തർക്കം എങ്ങനെ അവസാനിപ്പിക്കും? അതിന് എന്താണ് സയൻസ് എന്നൊരു ധാരണ ഉണ്ടായല്ലേ പറ്റൂ. യഥാർത്ഥ സ്വർണം എങ്ങനെയിരിക്കുമെന്ന് വ്യക്തമായ ധാരണയുള്ള ആളിനേ മുക്കുപണ്ടം കണ്ടാൽ തിരിച്ചറിയാൻ പറ്റൂ. ഏത് തർക്കത്തിലും രണ്ട് വശത്തുള്ളവരും ഒരേ വാക്കുകൾ ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നുറപ്പിക്കേണ്ടത് ഒരു അടിസ്ഥാന ആവശ്യകതയാണല്ലോ. ഞാൻ സയന്റിഫിക് എന്നുപറയുമ്പോൾ ഉദ്ദേശിക്കുന്നതും എതിർവാദി സയന്റിഫിക് എന്നുപറയുമ്പോൾ ഉദ്ദേശിക്കുന്നതും ഒരേ കാര്യമല്ല എങ്കിൽ അവിടെ തീർന്നു വാദത്തിന്റെ പ്രസക്തി. ഡേറ്റ കാണാതെ പഠിക്കുന്നതും പുതിയ ടെക്നോളജി കണ്ടുപിടിക്കുന്നതുമൊക്കെയാണ് സയൻസ് എന്ന ധാരണ വെച്ചുപുലർത്തുന്നവരെ ആദ്യം സയൻസ്  എന്തെന്ന് ബോധ്യപ്പെടുത്തിയിട്ട് മാത്രമേ എന്തെങ്കിലുമൊരു കാര്യം സയന്റിഫിക്കാണോ എന്ന ചർച്ചയ്ക്ക് സ്കോപ്പുള്ളു. അല്ലാതെയുള്ള ചർച്ചകൾ വെറും സമയംകൊല്ലലാണ്.

സയൻസ് എന്നത് അറിവ് നേടാനുള്ള ഉപാധിയാണെന്ന് പറഞ്ഞല്ലോ. സയൻസ് അറിവ് സമ്പാദിക്കുന്ന രീതിയെ സയന്റിഫിക് മെത്തേഡ് എന്നാണ് വിളിക്കുന്നത്. ഇത് പല സയൻസ് കോഴ്സുകളിലും കാണാതെ പഠിപ്പിക്കുന്ന ഒരു സംഗതിയാണ്. പത്താം ക്ലാസ് വരെ പൗരധർമം പഠിച്ചവർ റോഡിൽ തുപ്പിയിട്ട് സംവരണം തുലയട്ടെ എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന നാട്ടിൽ, 'സയന്റിഫിക് മെത്തേഡും' വെള്ളത്തിൽ വരച്ച അനേകം വരകളിൽ ഒന്നായി മാറുന്നു. ചിലപ്പോൾ Observation, Hypothesis formulation, Testing of hypothesis എന്നൊക്കെയുള്ള കുറേ വാക്കുകൾ എവിടോ കേട്ടുമറന്ന ഓർമ മാത്രം അവശേഷിച്ചാലായി. പക്ഷേ ഈ ഔപചാരികമായ വാക്കുകൾക്കപ്പുറം, ആരും പഠിപ്പിക്കാതെ, സ്വയമറിയാതെ സയന്റിഫിക് മെത്തേഡ് പലയിടത്തും ഉപയോഗിക്കുന്നവരാണ് നമ്മൾ.

സാമാന്യമായി സയന്റിഫിക് മെത്തേഡ് എന്നാൽ ക്രമമായി താഴെ പറയുന്ന പല ഘട്ടങ്ങളിലൂടെയുള്ള അറിവ് സമ്പാദനമാണ് എന്ന് പറയാം.

Observation > Forming hypothesis > Testing of hypothesis > Refining hypothesis > Forming a theory

നിത്യജീവിതത്തിൽ അധികം ഉപയോഗിക്കപ്പെടാത്ത ഈ വാക്കുകളാണ് ഇതിനെ നമുക്ക് വെറും കാണാപ്പാഠം സ്റ്റഫ് ആക്കി മാറ്റുന്നത്. എന്നാൽ, സിങ്‍ക്രണസ് ഡയഫ്രമാറ്റിക് ഫ്ലട്ടർ എന്ന് കേട്ടാൽ അത് ആഹാരം കഴിക്കുമ്പോൾ എക്കിൾ എടുക്കുന്ന പരിപാടിയാണെന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാത്തതുപോലെയേ ഉള്ളൂ ഇത്. നമ്മൾ ജീവിതത്തിൽ സ്ഥിരം അവലംബിക്കുന്ന പല പ്രശ്നപരിഹാരരീതികളിലും ഈ ഘട്ടങ്ങൾ ഓരോന്നും തിരിച്ചറിയാൻ സാധിയ്ക്കും. ഒരു ഉദാഹരണം പരിശോധിയ്ക്കാം.

നിങ്ങളുടെ കിടപ്പുമുറിയിലെ ബൾബ് കത്തുന്നില്ല- ഈ പ്രശ്നം എങ്ങനെ പരിഹരിക്കും?

പ്രാർത്ഥിച്ചോ ധ്യാനിച്ചോ ബൾബ് കത്തിക്കാമെന്ന് നിങ്ങൾ വാദിക്കില്ല എന്ന് തത്കാലം ഞാൻ വിശ്വസിക്കുന്നു. (അങ്ങനെ കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, you are wasting your time reading this) നിങ്ങൾ സ്വയമോ ഒരു ഇലക്ട്രീഷ്യനെക്കൊണ്ടോ ബൾബ് പ്രശ്നം പരിഹരിക്കുന്നു എങ്കിൽ അത് ഏതാണ്ട് ഈ രീതിയിലായിരിക്കും.

1. Observation
നിങ്ങൾ സ്വിച്ചിടുന്നു. ബൾബ് കത്തുന്നില്ല എന്ന് നിങ്ങൾ നിരീക്ഷിക്കുന്നു. സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്ത് നിരീക്ഷണം സാധുവാണെന്ന് നിങ്ങൾ ഉറപ്പിക്കുന്നു. പലപ്പോഴും പ്രശ്നത്തിന്റെ ശരിയായ കിടപ്പ് മനസിലാക്കാൻ വ്യക്തമായ നിരീക്ഷണം വേണം. ബൾബ് തീരെ കത്തുന്നില്ലേ? അതോ തീരെ വെട്ടം കുറവായതുകൊണ്ട് കത്തുന്നില്ല എന്ന് തോന്നുന്നതാണോ? ഇതൊക്കെ അറിയണം.

2. Forming hypothesis
നമ്മുടെ നിരീക്ഷണം വിശദീകരിക്കാൻ വേണ്ടി കണ്ടുപിടിക്കുന്ന അഭ്യൂഹങ്ങളാണ് hypothesis. ഇന്ന ഇന്ന കാര്യങ്ങൾ കാരണം ഇങ്ങനെ സംഭവിക്കാം എന്ന് നിങ്ങൾ കരുതുന്നു. കരുതുന്നേ ഉള്ളൂ, അതങ്ങോട്ട് ഉറപ്പിക്കാൻ സമയമായിട്ടില്ല. ഹൈപ്പോതിസിസ് ഒന്നോ അതിലധികമോ ആകാം. കത്താത്ത ബൾബ് വിശദീകരിക്കാൻ കണ്ടെത്താവുന്ന ചില ഹൈപ്പോതീസിസുകൾ ഇവയാണ് - H(i) സത്യത്തിൽ ബൾബ് സാധാരണപോലെ കത്തുന്നുണ്ട്, പക്ഷേ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം കാരണം കാണാൻ സാധിക്കാത്തതാണ്.  H(ii) കറന്റില്ല H(iii) ബൾബ് കേടാണ് H(iv) സ്വിച്ച് കേടാണ് H(v) ബൾബും സ്വിച്ചും തമ്മിലുള്ള വൈദ്യുതിബന്ധം തകരാറാണ്.
ഇതിൽ ആദ്യത്തെ ഹൈപ്പോതീസിസ്, H(i), കണ്ടിട്ട് ചിരി വരുന്നുണ്ടാകും. പക്ഷേ അതും ഒരു ഹൈപ്പോതീസിസ് തന്നെ ആണ്. ഈ ഘട്ടത്തിൽ ആ ഹൈപ്പോതീസിസിനും മറ്റുള്ളവയ്ക്കുള്ള അതേ പ്രാധാന്യം ഉണ്ട്. എന്നാൽ, അവ എല്ലാം തന്നെ ഹൈപ്പോതീസിസുകൾ മാത്രമാണ് എന്നതും മറക്കരുത്.

3. Testing of hypothesis
എത്ര ഹൈപ്പോതിസിസുകൾ ഉണ്ടോ അത്രയും എണ്ണവും ടെസ്റ്റ് ചെയ്ത് നോക്കണം. എങ്ങനെ ടെസ്റ്റ് ചെയ്യും എന്നത് ഹൈപ്പോതിസിസിന്റെ സ്വഭാവം അനുസരിച്ച് മാറും. ചിലത് എളുപ്പത്തിൽ ടെസ്റ്റ് ചെയ്യാം, ചിലത് ബുദ്ധിമുട്ടായിരിക്കും. ബൾബ് പ്രശ്നത്തിലെ ഹൈപ്പോതിസിസുകൾ ഓരോന്നായി പരിഗണിക്കാം.

H(i) സത്യത്തിൽ ബൾബ് സാധാരണപോലെ കത്തുന്നുണ്ട്, പക്ഷേ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം കാരണം കാണാൻ സാധിക്കാത്തതാണ് -- നിങ്ങൾക്ക് ബൾബ് അല്ലാതെ ബാക്കിയെല്ലാം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിയ്ക്കാൻ എളുപ്പമാണ്. കാണുന്നുണ്ടെങ്കിൽ ഈ ഹൈപ്പോതിസിസ് ടെസ്റ്റിങ്ങിൽ പരാജയപ്പെട്ടു. ബൾബ് കത്താത്തത് വിശദീകരിക്കാൻ അതിന് കഴിയില്ല. Reject!

H(ii) കറന്റില്ല -- ഫാനോ ടീവിയോ ഓൺ ചെയ്ത് നോക്കുക. അവ പ്രവർത്തിക്കുന്നില്ല എങ്കിൽ, H(ii) ശരിയാകാനുള്ള സാധ്യത കൂടുതലാണ്.  അതിനെ അടുത്ത ഘട്ടത്തിലേയ്ക്ക് വിടാം. മറിച്ച് ടീവീയും ഫാനും ഒക്കെ പ്രവർത്തിക്കുന്നുണ്ട് എങ്കിൽ H(ii) തെറ്റാണെന്ന് ഉറപ്പിക്കാം. കറന്റില്ലെങ്കിൽ അവ പ്രവർത്തിക്കില്ലല്ലോ. Hypothesis (ii) Rejected!

H(iii) ബൾബ് കേടാണ് -- ഇതിനെ മറ്റ് രണ്ട് ഹൈപ്പോതിസിസുകളെപ്പോലെ പെട്ടെന്ന് ടെസ്റ്റ് ചെയ്യാനാവില്ല. വേറെ ബൾബ് ഇട്ടുനോക്കണം. പുതുതായി ഇടുന്ന ബൾബ് കത്തുന്നതാണെന്ന് ഉറപ്പുള്ളതുമാകണം. ബൾബ് ഇടുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പിക്കണം. അങ്ങനെ നിബന്ധനകൾ പലതുണ്ട്. കേടാകാത്ത ഒരു ബൾബ്  ശരിയായ രീതിയിൽ ഇട്ടുനോക്കിയിട്ടും അത് കത്തുന്നില്ല എങ്കിൽ H(iii) ഉപേക്ഷിക്കാമോ? വരട്ടെ, ബൾബ് കേടല്ല എന്നുറപ്പിക്കാൻ അത് പോരാ. ആ ബൾബ് മറ്റൊരു കേടാകാത്ത ഹോൾഡറിൽ ഇട്ടുനോക്കുക കൂടി വേണം. അവിടെ അത് കത്തിയാൽ H(iii) ഉപേക്ഷിക്കാം, ആ ബൾബ് കേടല്ല. മറിച്ച് അവിടെയും അത് കത്തുന്നില്ലെങ്കിൽ H(iii) ശരിയാകാൻ സാധ്യതയുണ്ട്. വേണമെങ്കിൽ മറ്റൊരു ഹോൾഡറിൽ കൂടി ഇട്ടുനോക്കി അത് കത്തുന്നില്ല എന്നുറപ്പിക്കാം. അപ്പോ H(iii)-യെ അടുത്ത ഘട്ടത്തിലേയ്ക്ക് വിടാം.
മറിച്ച് H(iii) ഉപേക്ഷിക്കേണ്ടി വന്നാലോ? അതായത് ബൾബ് കത്തുന്നതാണെന്ന് നമുക്ക് ബോധ്യപ്പെട്ടു. അപ്പോ അടുത്ത ഹൈപ്പോതിസിസ്  എടുക്കാം.

H(iv) സ്വിച്ച് കേടാണ് -- ടെസ്റ്റ് ചെയ്യാൻ അല്പം കൂടി ബുദ്ധിമുട്ടാണ്. വേണമെങ്കിൽ സ്വിച്ച് അല്പം കൂടി ബലപ്പിച്ച് അമർത്തിനോക്കി പരീക്ഷിക്കാം. മിക്കവാറും സ്വിച്ച് ബോർഡ് ഇളക്കേണ്ടി വന്നേക്കാം. എന്തായാലും ബൾബിലേയ്ക്കുള്ള കണക്ഷൻ മറ്റൊരു സ്വിച്ചിൽ പിടിപ്പിച്ച് നോക്കുന്നു. രണ്ടാമത്തെ സ്വിച്ച് പ്രവർത്തിക്കുന്നതായിരിക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലേ? പുതിയ സ്വിച്ച് വച്ചപ്പോൾ ബൾബ് കത്തി എങ്കിൽ H(iv) ടെസ്റ്റ് പാസ്സായിരിക്കുന്നു. മറിച്ച് ഇനിയും ബൾബ് കത്തുന്നില്ല എങ്കിൽ H(iv) ഉപേക്ഷിക്കാമോ? ഇല്ല. H(iii)-യിലെ പോലെ തന്നെ, സ്വിച്ച് കേടല്ല എന്നുറപ്പിക്കാൻ അത് പോരാ. ആ സ്വിച്ചിലേയ്ക്ക്, കേടല്ലാത്ത ഒരു ഉപകരണം ഘടിപ്പിച്ച് നോക്കണം. അപ്പോൾ അത് പ്രവർത്തിക്കുന്നെങ്കിൽ മാത്രം H(iv) ഉപേക്ഷിക്കാം. അടുത്ത ഹൈപ്പോതിസിലേയ്ക്ക്.

H(v) ബൾബും സ്വിച്ചും തമ്മിലുള്ള വൈദ്യുതിബന്ധം തകരാറാണ് -- കൈയിൽ ഒരു മൾട്ടിമീറ്റർ ഉണ്ടെങ്കിൽ സ്വിച്ചിൽ നിന്ന് പുറപ്പെടുന്ന കറന്റ് ബൾബിൽ എത്തുന്നുണ്ടോ എന്ന് പരീക്ഷിക്കാനാകും. കറന്റ് അവിടെ എത്തുന്നില്ല എങ്കിൽ H(v) ടെസ്റ്റ് പാസ്സായി. കണക്ഷനിൽ എവിടെയോ തകരാറുണ്ട്. മറിച്ച് കറന്റ് അവിടെ എത്തുന്നുണ്ട് എങ്കിൽ H(v) നമുക്ക് ഉപേക്ഷിക്കാം. H(iii)-യേയും H(iv)-നേയും അപേക്ഷിച്ച് H(v) ഉപേക്ഷിക്കാൻ എളുപ്പമാണ് എന്നത് ശ്രദ്ധിച്ച് കാണുമല്ലോ.

ഹൈപ്പോതിസിസുകളുടെ ടെസ്റ്റിങ് കഴിഞ്ഞാൽ ഇനി അവയുടെ പരിഷ്കരണ ഘട്ടമാണ്.

4. Refining hypothesis
മുന്നത്തെ ഘട്ടത്തിൽ ഹൈപ്പോതീസിസുകളിൽ ചിലതൊക്കെ പൂർണമായും ചിലതൊക്കെ ഭാഗികമായും തള്ളിക്കളയാൻ കഴിഞ്ഞിരിക്കും. സാധുവായ ഹൈപ്പോതീസിസുകളിൽ ചിലപ്പോൾ പരിഷ്കരണങ്ങൾ വേണ്ടിവന്നേക്കാം. ഉദാഹരണത്തിന് H(v) ൽ തന്നെ, ബൾബിലേയ്ക്ക് ഘടിപ്പിക്കുന്ന ഭാഗമാണോ, സ്വിച്ചിലേയ്ക്ക് ഘടിപ്പിക്കുന്ന ഭാഗമാണോ, ഇടയ്ക്കുള്ള വയറിലാണോ പ്രശ്നം എന്ന് കണ്ടുപിടിക്കണം. ഇതെല്ലാം ഹൈപോതിസിസിലുള്ള പരിഷ്കാരങ്ങളാണ്. ഈ ഘട്ടത്തിൽ ആദ്യം കണ്ടുപിടിച്ച ഹൈപോതിസിസുകൾ ചിലവ കൂട്ടിയോജിപ്പിക്കുകയോ, അവയെല്ലാം തന്നെ ഉപേക്ഷിച്ച് പുതിയവ ഉണ്ടാക്കുകയോ ഒക്കെ വേണ്ടി വന്നേക്കാം. ഉദാഹരണത്തിന് ചിലപ്പോൾ ഇടിമിന്നലിൽ ബൾബ് ഫ്യൂസാകുകയും വയറിങ് കത്തിപ്പോകുകയും ചെയ്തിട്ടുണ്ടാകും. അങ്ങനെയെങ്കിൽ H(iii)-യും H(v)-ഉം യോജിപ്പിക്കേണ്ടിവരും. അതുപക്ഷേ ആദ്യമേ തീരുമാനിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്തായാലും, ഹൈപ്പോതിസിസ് പരിഷ്കരിക്കേണ്ട ആവശ്യം വന്നാൽ പരിഷ്കരിച്ച ഹൈപോതിസിസ് പിന്നേയും ടെസ്റ്റ് ചെയ്യേണ്ടിവരും. എന്നിട്ടാണ് നമ്മൾ അവസാനത്തെ അനുമാനത്തിൽ എത്തിച്ചേരുന്നത്. ഇവിടെ അതിന്റെ അനന്തരഫലം ബൾബ് കത്തുന്നു എന്നതായിരിക്കും.

5. Forming a theory
ബൾബിന്റെ കാര്യത്തിൽ ഈ പേര് യോജിച്ചെന്ന് വരില്ല. കാരണം നമ്മളൊരു ദൈനംദിന പ്രശ്നമാണല്ലോ പരിഗണിച്ചത്. ഏതെങ്കിലും ഒരു പ്രപഞ്ചസത്യം കണ്ടുപിടിക്കാനുള്ള ശ്രമമാണ് നടത്തിയതെങ്കിൽ അവസാനം നമ്മളൊരു തിയറി (സിദ്ധാന്തം)യിൽ എത്തിച്ചേരുമായിരുന്നു. പ്രപഞ്ചത്തിലെ ഏതെങ്കിലും പ്രതിഭാസം ആയിരിക്കും ആ അവസരത്തിൽ 'Observation'. ഗ്രഹങ്ങളുടെ ചലനവും ആപ്പിളിന്റെ വീഴ്ചയും ഒക്കെ ന്യൂട്ടനെ ഗുരുത്വാകർഷണത്തിന്റെ കണ്ടെത്തലിൽ എത്തിച്ചത് ഇപ്രകാരമാണ്.

ബൾബ് പ്രശ്നം അവതരിപ്പിച്ചപ്പോൾ 'ഇതിൽ ഇത്ര വലിയ അനാലിസിസിന്റെ ആവശ്യമെന്താ?' എന്ന് ചിന്തിക്കുന്നവരുണ്ടാകും? ഇത് എഴുത്തിൽ വലിഞ്ഞ് നീണ്ട് കിടക്കുന്നു എന്നേയുള്ളു. നിങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ അഞ്ച് മിനിറ്റ് ബസ് കാത്തുനിന്നപ്പോൾ മനസിലൂടെ കടന്നുപോയ കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതാൻ ശ്രമിച്ചുനോക്കൂ. അതിങ്ങനെ നെടുനെടോന്ന് നീണ്ട് കിടക്കും. അതുപോലെ പ്രയോഗത്തിൽ നമ്മളിൽ പലരും ശാസ്ത്രീയമായ അന്വേഷണത്തിലെ ഘട്ടങ്ങളൊക്കെ വളരെ പെട്ടെന്ന് മനസ്സിൽ ചെയ്ത് തീർക്കും. അതുകൊണ്ട് തന്നെയാണ് സയൻസ് സയന്റിസ്റ്റുമാരുടെ കുത്തകയല്ലാ എന്നും എല്ലാവരും ജീവിതത്തിൽ സയന്റിഫിക് മെത്തേഡ് ഉപയോഗിക്കുന്നു എന്നും പറഞ്ഞത്. ഒരു സത്യം കണ്ടെത്താനുള്ള ഏത് അന്വേഷണവും വിശ്വാസയോഗ്യമായ ഉത്തരത്തിൽ എത്തിച്ചേരുന്നത് സയന്റിഫിക് മെത്തേഡിലൂടെയാണ്. ഇത് ഏതെങ്കിലും സയന്റിസ്റ്റ് ഒരു രാത്രി കൊണ്ട് കണ്ടുപിടിച്ച രീതിയല്ല. മറിച്ച് കാലങ്ങളായുള്ള പല പല അന്വേഷണങ്ങളിലൂടെ ശാസ്ത്രലോകം പതിയെ പതിയെ മനസിലാക്കിയ റൂട്ടാണ്. പല പേർ നടന്ന് ഏറ്റവും വിശ്വാസയോഗ്യമായ വഴി കണ്ടെത്തുന്നത് പോലെ.

ഇനി ഇവിടെ ഇതേ ബൾബ് പ്രശ്നം അശാസ്ത്രീയമായി ചെയ്താൽ എങ്ങനെ കുഴപ്പം പിടിച്ചതാകും എന്ന് നോക്കാം. ഉദാഹരണത്തിന് ബൾബ് കേടാണോ എന്നറിയാൻ നിങ്ങൾ ഒരു പുതിയ ബൾബ് ഇട്ടുനോക്കി. അപ്പോൾ അതും കത്തുന്നില്ല. അപ്പോ ബൾബിന്റെ പ്രശ്നമല്ല എന്നൂഹിച്ച്, നിങ്ങൾ പഴയ ബൾബ് തന്നെ വീണ്ടും ഇട്ട് ഇനി സ്വിച്ചിന് പ്രശ്നമുണ്ടോ എന്ന് പരിശോധിയ്ക്കുന്നു. അതറിയാൻ വേറൊരു സ്വിച്ചിൽ പിടിപ്പിച്ച് നോക്കുന്നു. അപ്പോഴും ബൾബ് കത്തുന്നില്ല. നിങ്ങൾ വീണ്ടും പഴയ സ്വിച്ച് പിടിപ്പിച്ച് കണക്ഷന് കുഴപ്പമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാനൊരുങ്ങുന്നു... ഇനി ആലോചിക്കൂ, ശരിയ്ക്കും ബൾബും അതിലേയ്ക്കുള്ള കണക്ഷനും കേടായിരുന്നു എങ്കിലോ? H(iii) എന്ന ഹൈപ്പോതിസിസ് നമ്മൾ നേരത്തെ ടെസ്റ്റ് ചെയ്തതും ഇവിടെ നിങ്ങൾ ചെയ്തതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ? ഇവിടെ മതിയായ തെളിവില്ലാതെ, ബൾബ് കേടല്ല എന്ന് ഉറപ്പിച്ചിട്ടാണ് നിങ്ങൾ സ്വിച്ച് കേടാണോ എന്ന് നോക്കാൻ പോയത്! അതായത് ഹൈപോതിസിസ് നിങ്ങൾ ശരിയ്ക്കല്ല ടെസ്റ്റ് ചെയ്തത്. ഫലമോ? നിങ്ങൾ സ്വിച്ച് ശരിയാണോ എന്ന് നോക്കും. സ്വിച്ച് ശരിയാണെങ്കിലും കേടാണെങ്കിലും ബൾബ് കത്തില്ല! പിന്നെ നിങ്ങൾ കണക്ഷൻ ടെസ്റ്റ് ചെയ്യുന്നു. കണക്ഷൻ ശരിയാണെങ്കിലും തകരാറാണെങ്കിലും ബൾബ് കത്തില്ല! അവസാനം എവിടാ ശരിയ്ക്കുള്ള പ്രശ്നം എന്നറിയാതെ നിങ്ങൾ കുഴങ്ങും. ഇതിനിടെ ബൾബ് നല്ലതാണെന്ന് ഉറപ്പിക്കാതെ മുന്നോട്ട് പോയതുപോലെ സ്വിച്ചും നല്ലതാണെന്ന് ഉറപ്പിക്കാതെയാണ് പോകുന്നതെങ്കിലോ? ഒടുവിൽ ബൾബ് മാറ്റിനോക്കിയാലും അത് കത്തില്ല! ചുരുക്കിപ്പറഞ്ഞാൽ സമയം കുറേ നിങ്ങൾ പാഴാക്കിക്കളയും.

ഒരേ പ്രശ്നം പല ആളുകൾ പല വേഗതയിൽ പരിഹരിക്കുന്നത് ഈ വ്യത്യാസം കൊണ്ടാണ്. ശാസ്ത്രീയമായ രീതിയിൽ പ്രശ്നത്തെ സമീപിക്കുന്ന ആളായിരിക്കും അത് പെട്ടെന്ന് പരിഹരിക്കുക. അങ്ങനെയുള്ളവരായിരിക്കും ആ പ്രൊഫഷനിൽ കൂടുതൽ ശോഭിയ്ക്കുന്നതും. ഇത് ഏത് പ്രശ്നത്തിലും ബാധകമാണ്. ബൾബ് എന്തുകൊണ്ട് കത്തുന്നില്ല എന്ന പ്രശ്നവും, ഗുരുത്വാകർഷണം എങ്ങനെ പ്രവർത്തിക്കുന്നു എന്ന പ്രശ്നവും (ആപേക്ഷികതാ സിദ്ധാന്തം) വരെ ഈ രീതിയിലാണ് പരിഹരിക്കപ്പെടുന്നത്. വ്യത്യാസം ഹൈപ്പോതിസിസുകളിലും അവ ടെസ്റ്റ് ചെയ്യുന്നതിലുമാണ് കിടക്കുന്നത്. ശരിയായ ഹൈപ്പോതിസിസുകൾ ഉണ്ടാക്കുക, അവ കുറ്റമറ്റ രീതിയിൽ ടെസ്റ്റ് ചെയ്യുക എന്നിവയൊക്കെയാണ് വെല്ലുവിളികൾ. ഉദാഹരണത്തിന് ബൾബ് പ്രശ്നത്തിൽ, H(ii)-നെ പറ്റി ആലോചിക്കാൻ വിട്ടുപോകുന്ന ആൾ കറന്റുണ്ടോ എന്ന് നോക്കാതെ, ബൾബ് മാറ്റാനും സ്വിച്ച് ബോർഡ് പൊളിക്കാനും പോയേക്കാം. ബൾബ് കേടാണ് എന്ന H(iii) ഹൈപ്പോതീസിസ് ടെസ്റ്റ് ചെയ്യുന്നതിൽ വരുന്ന വീഴ്ച നമ്മൾ നേരത്തെ കണ്ടല്ലോ.

ഹൈപ്പോതിസിസ് ഉണ്ടാക്കുന്നതിലോ ടെസ്റ്റ് ചെയ്യുന്നതിലോ പിഴവുകൾ വന്നാൽ ഏത് കൊമ്പത്തെ സയന്റിസ്റ്റായാലും തെറ്റായ അനുമാനങ്ങളിൽ എത്തിച്ചേരും. പക്ഷേ അത് മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കാനുള്ള അവസരം സയൻസിലുണ്ട്. കാരണം അവിടെ അധികാരസ്ഥാനങ്ങളൊന്നുമില്ല. പറയുന്ന കാര്യത്തിന് തെളിവുണ്ടോ എന്ന് മാത്രമേ സയൻസ് നോക്കൂ. ഇംഗ്ലണ്ടിലെ ആളുകളും ഭരണകൂടവും ദൈവത്തെപ്പോലെ കണ്ടിരുന്ന ആളാണ് ഐസക് ന്യൂട്ടൻ. സയൻസിലെ സംഭാവനകൾക്ക് സർ പദവി ലഭിച്ച ഏക വ്യക്തി. രണ്ട് നൂറ്റാണ്ടോളം ശാസ്ത്രലോകത്തെ അടക്കി ഭരിച്ച ന്യൂട്ടന്റെ നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടത്, അന്ന് ആർക്കുമറിയില്ലായിരുന്ന ഒരു സാദാ പേറ്റന്റ് ഓഫീസ് ജീവനക്കാരനാണ്- അന്ന് മുപ്പത് വയസ്സുപോലും ഇല്ലാതിരുന്ന ആൽബർട്ട് ഐൻസ്റ്റൈൻ! നീ ന്യൂട്ടനെ ചോദ്യം ചെയ്യാൻ വളർന്നോടാ എന്നാരും ചോദിച്ചില്ല. നീ പറയുന്നതിന് തെളിവുണ്ടോ എന്നാണ് ചോദിച്ചത്. തെളിവ് കിട്ടിയതോടെ ഐൻസ്റ്റൈന്റെ സിദ്ധാന്തം അംഗീകരിക്കപ്പെട്ടു (ഐൻസ്റ്റൈന്റെ ഹൈപ്പോതിസിസ് ടെസ്റ്റിങ് ഒരു വലിയ കഥയാണ്. പിന്നീടൊരിക്കൽ പറയാം). അത് തെറ്റാണെന്നതിന് തെളിവ് കൊണ്ടുവന്നാൽ ഐൻസ്റ്റൈനും തിരുത്തപ്പെടും. അടുത്തിടെ ഒരു പരീക്ഷണത്തിനിടെ ന്യൂട്രിനോ കണങ്ങൾ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി ഒരു നിരീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഐൻസ്റ്റൈന്റെ തിയറിയ്ക്ക് കടകവിരുദ്ധമായിരുന്നു അത്. ശാസ്ത്രലോകം നിരവധി അനവധി പരിശോധനകളിലൂടെയാണ് ഒടുവിൽ പരീക്ഷണത്തിൽ വന്ന പിഴവാണ് അത്തരമൊരു റിപ്പോർട്ടിന് കാരണമായത് എന്ന് തെളിഞ്ഞത്. മറിച്ചായിരുന്നെങ്കിൽ ഉറപ്പായും റിലേറ്റിവിറ്റി തിരുത്താതെ ശാസ്ത്രത്തിന് മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല.

അപ്പോ ഈ ചർച്ചയുടെ ചുരുക്കം, ബൾബ് മാറ്റാനും സാമ്പാറുണ്ടാക്കാനും ഒക്കെ നിങ്ങളും സയന്റിഫിക് മെത്തേഡ് ഉപയോഗിക്കുന്നവരാണ്. നിങ്ങളും സയന്റിസ്റ്റുമാരാണ്. എല്ലായിടത്തും അത് ഉപയോഗിക്കാൻ ശീലിച്ചിട്ടില്ല എന്നേയുള്ളൂ.

Feb 5, 2016

ചില റിയൽ-ലൈഫ് ക്ലീഷേ ഡയലോഗുകൾ

“ആരും പെർഫക്റ്റല്ല!”
- തെണ്ടിത്തരം കാണിച്ചുപോയി. ന്യായീകരിക്കാൻ വേറെ കാരണമൊന്നും കാണുന്നില്ല!
“ഞാനൊരു അഞ്ച് മിനിറ്റിൽ എത്തും”
- ആ അഞ്ച് മിനിറ്റിന്റെ കണക്ക് കേൾക്കുമ്പോഴേ ഓർത്തോണം, എപ്പോ എത്തുമെന്ന് ഒരു പിടിയുമില്ല!
“എനിക്കാരുടേയും അഞ്ച് പൈസാ വേണ്ട”
- ‘ആ കാശ് തടയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.’
“ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ തന്നിട്ടുണ്ട്”
- ‘ഡേ അപ്പീ, ഇത് നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. പോയി പറ്റുന്ന പണി ചെയ്!’
“നല്ല തല്ല് കിട്ടാത്തതിന്റെ കേടാ”
- വേറെ ആരോ തെണ്ടിത്തരം കാണിച്ചു.
“തെറ്റ് ചെയ്യാത്തവരായി ആരുമില്ല”
- പറയുന്ന ആള് തെണ്ടിത്തരം കാണിച്ചിരിക്കുന്നു.
“ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ഗുരുത്വം ഇല്ല”
- ‘എനിക്കാരും പ്രായത്തിന്റെ വില പോലും തരുന്നില്ല!’
“അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല”
- ‘അത് എനിക്ക് തീരെ പിടിക്കുന്നില്ല, പ്രത്യേകിച്ച് കാരണമൊന്നും പറയാനുമില്ല.’
“എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്”
- ‘എന്റെ മതം പറയുന്നതാണ് യഥാർത്ഥ ദൈവം എങ്കിലും അത് പറഞ്ഞാൽ മറ്റേയാളുമായുള്ള ടേംസ് തെറ്റാൻ ചാൻസുണ്ട്!’
“ഞാനും പണ്ടൊരു യുക്തിവാദി ആയിരുന്നു”
-‘ഞാനൊരു ആപ്പ-ഊപ്പ വിശ്വാസിയൊന്നുമല്ല. കൂടിയ ഇനമാണ്, ഇന്റലക്ച്വലാണ്, ബോധോദയം ഉണ്ടായ ആളാണ്.’
“ഞാൻ എല്ലാം നേരേ വാ നേരേ പോ എന്നാണ്. മനസിലുള്ളത് തുറന്നങ്ങ് പറയും”
- ‘വായിൽനാവ് കൊണ്ട് ഞാനിവിടെ ഇഷ്ടം പോലെ പേരെ വെറുപ്പിച്ചിട്ടുണ്ട്, എന്നെ ആർക്കും കണ്ടുകൂടാ!’
“സദാസമയം ഫെയ്സ്ബുക്കിൽ കുത്തിയിരുന്ന് കീബോർഡിൽ വാചകമടിക്കുന്നപോലല്ല യഥാർത്ഥലോകം”
-‘എന്റെ പോസ്റ്റിനും കമന്റിനുമൊന്നും വേണ്ടത്ര ലൈക്കോ ശ്രദ്ധയോ കിട്ടാത്തത് എനിക്കിവിടെ കുത്തിയിരിക്കാൻ സമയമില്ലാത്തതുകൊണ്ട് മാത്രമാണ്. പുറം ലോകത്ത് ഞാൻ ഭയങ്കര സംഭവമാണ്’
“ഞാനെന്റെ ഭാര്യയ്ക്ക് നല്ലതുപോലെ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്”
- ‘എന്റെ ഭാര്യയുടെ സ്വാതന്ത്ര്യം ‘ഞാൻ’ കൊടുത്തതാണ്, അല്ലാതെ അവൾക്ക് സ്വന്തമായിട്ട് ഉള്ളതല്ല, യേത്?’
“എടീ, ഇന്നത്തെക്കാലത്ത് സ്ത്രീകൾ പഴയപോലെ അടുക്കളയിൽ ഒതുങ്ങിക്കഴിഞ്ഞാൽ പോരാ. നീ ടൂ വീലറെങ്കിലും ഓടിച്ച് പഠിച്ച് ലൈസൻസെടുക്കണം”
- ‘അങ്ങനെയെങ്കിൽ സ്കൂളിൽ കൊച്ചിനെ വിളിക്കാൻ പോകുന്നതും മാർക്കറ്റിൽ പോകുന്നതും പോലുള്ള പണികളും കൂടെ നിന്നെയങ്ങ് ഏൽപ്പിക്കാമായിരുന്നു’