Jul 20, 2016

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്.

നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്കുന്ന ശബ്ദം. എന്നാൽ നമ്മുടെ ശബ്ദം നമ്മൾ തന്നെ കേൾക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. മറ്റുള്ളവർ കേൾക്കുന്ന വായുവിലെ ശബ്ദതരംഗങ്ങൾ നമ്മുടെ ചെവിയിലെ കർണപുടത്തേയും വിറപ്പിയ്ക്കുന്നുണ്ട്. പക്ഷേ ആ ശബ്ദതരംഗങ്ങളെ പുറപ്പെടുവിയ്ക്കുന്ന സ്വനതന്തുക്കൾ നമ്മുടെ തന്നെ തൊണ്ടയിൽ ഇരുന്നാണ് വിറയ്ക്കുന്നത് എന്നതുകൊണ്ട്, ഈ വിറ സമാന്തരമായി എല്ലുകളിലൂടെയും സഞ്ചരിച്ച് ചെവിയിലെത്തും. ഇത് ശബ്ദത്തിന്റെ ഉടമയ്ക്കൊഴികേ മറ്റാർക്കും ബാധകമായ ഒന്നല്ലല്ലോ. അതായത് നാം ശബ്ദമുണ്ടാക്കുമ്പോൾ നമ്മുടെ തലയോട്ടി പരോക്ഷമായി അതിനനുസരിച്ച് വിറയ്ക്കുന്നുണ്ട്. ഇതും കൂടി ചേർത്താണ് നമ്മളത് കേൾക്കുന്നത്. തലയോട്ടിയുടെ കുറഞ്ഞ ഫ്രീക്വൻസിയിൽ (ശ്രുതി-pitch) ഉള്ള വിറ ശബ്ദത്തിന് ബാസ്സ് (bass) കൂടുന്ന ഒരു പ്രഭാവമാണ് ഉണ്ടാക്കുക. ചുരുക്കത്തിൽ, മറ്റുള്ളവർ കേൾക്കുന്നതിനെക്കാൾ ബാസ് കൂട്ടിയാണ് നാം നമ്മുടെ ശബ്ദം കേൾക്കുന്നത്.

എന്നാൽ റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുമ്പോഴോ? നിങ്ങളുടെ ശബ്ദം മറ്റുള്ളവർ എങ്ങനെ കേൾക്കുന്നുവോ, അങ്ങനെയാണ് ഒരു മൈക്രോഫോൺ അതിനെ പകർത്തിയെടുക്കുന്നത്. അതിനെയാണ് സ്പീക്കർ തിരിച്ച് കേൾപ്പിക്കുന്നത്. അത് നിങ്ങൾക്കത്ര പരിചയമുള്ള ഒരു ശബ്ദമല്ല. "അയ്യോ, എന്റെ ശബ്ദം ഇങ്ങനെയാണോ?" എന്ന് കൂട്ടുകാരോട് ചോദിച്ചാൽ, അവർ അതേന്ന് പറയാൻ സംശയിക്കില്ല. കാരണം അവർക്കാ ശബ്ദം പരിചിതമാണ്. അല്ലെങ്കിൽ, അതാണ് അവർക്ക് പരിചയമുള്ള നിങ്ങളുടെ ശബ്ദം. (NB: for an ideal microphone-speaker system) സ്വന്തം ശബ്ദത്തോടുള്ള ഈ അപരിചിതത്വം ആണ് സ്വന്തം ശബ്ദം ഇഷ്ടപ്പെടാതിരിയ്ക്കാനും പലപ്പോഴും കാരണമാകുന്നത്. (യേശുദാസിനെയോ ചിത്രയെയോ ഒക്കെപ്പോലെ സ്ഥിരം സ്വന്തം ശബ്ദം ചുറ്റുപാടും കേൾക്കേണ്ടി വരുന്നവർക്ക് ഈ പ്രശ്നം ഒരുപക്ഷേ കുറവായിരിക്കാം).

ഇതേ കാര്യം ചിലപ്പോഴൊക്കെ സ്വന്തം രൂപം കാണുന്നതിലും ഉണ്ടാകാം. കാരണം, കണ്ണാടിയിലെ സ്വന്തം രൂപം മാത്രമാണ് നാം കണ്ടുശീലിയ്ക്കുന്നത്. അത് ശരിയ്ക്കും മറ്റുള്ളവർ കാണുന്ന നമ്മുടെ രൂപത്തിന്റെ ഇടം-വലം തിരിഞ്ഞ ഒരു പ്രതിബിംബമാണ്. മുഖത്തിന് സമമിതി (symmetry) എത്രത്തോളം കുറവാണോ അത്രത്തോളം പരസ്പരം വ്യത്യസ്തമായിരിയ്ക്കും കണ്ണാടിയിലെ മുഖവും സ്വന്തം മുഖവും. മൂക്കിന്റെ പാലത്തിന്റെ വളവ്, ചുണ്ടുകളുടെ ചരിവ് തുടങ്ങി സർവസാധാരണമായ പല പ്രത്യേകതകളും സമമിതി ഇല്ലാതാക്കും. ഇതുകാരണം മറ്റുള്ളവർ നമ്മുടെ കഴുത്തിൽ കാണുന്നത് നമുക്ക് വലിയ പരിചയമില്ലാത്ത ഒരു മുഖമായിരിയ്ക്കും. ഇത് കാരണം നിങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു വീഡിയോ ദൃശ്യം നിങ്ങൾ കാണുമ്പോൾ, നിങ്ങളുടേത് ഒഴികേ മറ്റെല്ലാ മുഖങ്ങളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. അപരിചിതമായ ആ മുഖത്തോട് നിങ്ങൾക്ക് ഇഷ്ടക്കുറവ് തോന്നിയാൽ അത് സ്വാഭാവികം മാത്രം.

Jul 13, 2016

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും.

മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും ഒക്കെ കരുതുന്നുണ്ട് എന്നതാണ് അതിന് തെളിവ്. ഗംഗ എന്ന കഥാപാത്രം നാഗവല്ലി എന്ന തമിഴ്നാട്ടുകാരിയായി മാറുന്നതും, തമിഴിൽ സംസാരിയ്ക്കുന്നതും, ഭർത്താവിന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നതും, കൂടെനടന്ന് ആരും കാണാതെ സാധനങ്ങൾ എറിഞ്ഞ് പൊട്ടിയ്ക്കുന്നതും ഒക്കെ തീർത്തും സംഭവ്യമായ കാര്യമാണെന്ന് അവർ വിശ്വസിയ്ക്കുന്നു.

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder) എന്നത് ഒരേസമയം ഒന്നിലധികം വ്യക്തിത്വങ്ങൾ പ്രകടമാകുന്ന മാനസികാവസ്ഥയാണ്. മനശാസ്ത്രജ്ഞരുടെ ഇടയിൽ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലാത്ത ഒരു രോഗമാണിത്. മിക്കപ്പോഴും മറ്റ് മാനസികരോഗങ്ങളുമായി ചേർന്ന് കാണപ്പെടുന്നതും, പലരും ദുരുദ്ദേശ്യത്തോടെ ഈ രോഗലക്ഷണം അഭിനയിക്കുന്നതും ഒക്കെ സാധാരണമായതിനാൽ കൃത്യമായ ഒരു വിശകലനം ബുദ്ധിമുട്ടാകുന്നു എന്നാണ് അവർ പറയുന്നത്. അത് എന്തുതന്നെ ആയാലും, ഒരാൾ താൻ ഏതെങ്കിലും രീതിയിൽ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ സംസാരിയ്ക്കുന്നത് ആ മനോരോഗത്തിൽ പെടുന്ന കാര്യമല്ല. പാരാസൈക്കോളജിസ്റ്റുകൾ സീനോഗ്ലോസ്സി (Xenoglossy) എന്ന് വിളിയ്ക്കുന്ന ഒരു സാങ്കല്പിക പ്രതിഭാസമാണത്. അങ്ങനെ വിളിയ്ക്കുന്നവർ അതിനെ സാങ്കല്പികം എന്ന് കരുതുന്നില്ല എങ്കിലും, അങ്ങനെ ഒന്ന് സാധ്യമാണെന്ന് വിശ്വസിയ്ക്കാൻ പോകുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമല്ല. പുനർജന്മത്തിലും പ്രേതാത്മക്കളിലുമൊക്കെ ഗവേഷണം നടത്തുന്നു എന്ന് പറയപ്പെടുന്നവരുടെ അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ് അതിപ്പോഴും. എന്നും എവിടേയും ഇങ്ങനെയെന്തെങ്കിലും കേട്ടാൽ അതിനെ പൊലിപ്പിച്ച് എഴുതാൻ പത്രമാധ്യമങ്ങൾ താത്പര്യം കാട്ടാറുണ്ട് എന്നതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ വാർത്തകളിൽ ഒരുപാട് വന്നിട്ടുണ്ട്. പക്ഷേ വിശദപരിശോധന നടത്തപ്പെട്ട കേസുകളിലെല്ലാം ഉള്ളി തൊലിച്ചുനോക്കുന്നതിന് സമാനമായ അനുഭവമാണ് ലഭ്യമായത്. 'വൃദ്ധൻ യുവതിയെപ്പോലെ സംസാരിയ്ക്കുന്നതായിട്ടൊക്കെ പത്രങ്ങളിൽ വായിക്കാറില്ലേ?' എന്നൊക്കെ മോഹൻലാലിന്റെ ഡോ. സണ്ണി ചോദിയ്ക്കുന്നതിന് അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ. ഇനി കൂടെ നടന്ന് ആരുമറിയാതെ ക്ലോക്കും പാത്രവുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ഒരുപക്ഷേ ഗോപിനാഥ് മുതുകാടിന്റെയോ മറ്റോ പരിശീലനത്തിലൂടെ സാധിച്ചേയ്ക്കും. പക്ഷേ, ഉറങ്ങിയെണീറ്റ ഉടനേ കെ. എസ്. ചിത്രയെപ്പോലെ പാടാനും ശോഭനയെപ്പോലെ ഡാൻസ് ചെയ്യാനുമൊക്കെ പറ്റുമെന്ന് വിചാരിച്ച് ആരും 'നാഗവല്ലി രോഗം' വരാൻ ആഗ്രഹിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ചുരുക്കത്തിൽ, ബ്രാഡ്‍ലിയുടെ പത്ത് തലയുള്ള മനശാസ്ത്രജ്ഞശിഷ്യനേയും, വരേണ്യസ്ലാങ്ങിൽ സംസാരിയ്ക്കുന്ന മന്ത്രവാദിയേയും കൂട്ടിമുട്ടിച്ച് പരസ്പരം പുകഴ്ത്തിച്ച് ആകെ ജഗപൊക ആക്കുന്നൊക്കെയുണ്ട് എന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ കേട്ടുപഴകിയ പഴയ ബാധയൊഴിപ്പിക്കൽ പ്രേതകഥ മാത്രമാണ് മണിച്ചിത്രത്താഴ്. അതിനെ ആ രീതിയിൽ കണ്ട് ആസ്വദിയ്ക്കുക, ആ രീതിയിൽ മാത്രം.