Aug 22, 2016

യുക്തിവാദം ഒരു മതമാണോ?

യുക്തി കൊണ്ട് ചോദ്യം ചെയ്യപ്പെടുമ്പോൾ വിശ്വാസികൾ സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന വജ്രായുധമാണ് "യുക്തിവാദവും ഒരു മതം തന്നെയാണ്" എന്ന പ്രഖ്യാപനം. പക്ഷേ ഇവിടെ ഈ ചോദ്യം മറ്റൊരു സന്ദർഭത്തിലാണ് ചോദിച്ചിരിക്കുന്നത്. യുക്തിവാദികൾ എന്ന് സ്വയം കരുതുന്നവർ (അതായത് ഞാനുൾപ്പെടെ) ഈ ചോദ്യത്തെ അവരവരോട് ചോദിക്കുന്നത് നല്ലതാണ്. യുക്തിവാദത്തെ മറ്റൊരു മതം മാത്രമാണെന്ന് വിളിച്ച് താഴ്ത്തിക്കെട്ടാൻ വിശ്വാസി ശ്രമിയ്ക്കുമ്പോൾ*, ഏത് വിധേനയും അതങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന് മുന്നേ ആ ചോദ്യത്തെ ആഴത്തിൽ പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. എന്നോട് ചോദിച്ചാൽ, "ആകാം" എന്നാണ് എന്റെ ഉത്തരം. അതിപ്പോ യുക്തിവാദം എന്നല്ല, ഫെമിനിസം, കമ്യൂണിസം, എത്തീയിസം എന്നിങ്ങനെ ഏത് ആശയത്തിനും ഒരു മതമായി മാറാൻ കഴിയും. Anything can be a religion, but not everything is.

പൊതുവേ മതം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയൊക്കെ പൊതുവായ സവിശേഷത ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ചില പ്രമാണങ്ങളാണ്. ഓരോ മതത്തിനും അവയുടേതായ പ്രമാണങ്ങളുണ്ടാകും. ഒരു ഹിന്ദു ബ്രഹ്മത്തിൽ വിശ്വസിയ്ക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനിയ്ക്ക് ത്രിത്വത്തിൽ വിശ്വസിയ്ക്കാം. അതുപോലെ ഒരു മുസ്ലിമിന് പങ്കാളി കല്പിക്കപ്പെടാൻ പാടില്ലാത്ത ഏകദൈവത്തിലും വിശ്വസിയ്ക്കാം. ഒരു മുസ്ലീം ഏകദൈവത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഹിന്ദുവിന്റെ ത്രിമൂർത്തി സങ്കല്പത്തെ നിരാകരിയ്ക്കുകയാണ്. ഇതിൽ ഓരോ വിശ്വാസിയും സ്വന്തം വിശ്വാസത്തിന് വേണ്ടി വാദിയ്ക്കാനും, മറ്റൊന്നിനെ നിരാകരിയ്ക്കാനും ഉപയോഗിയ്ക്കുന്ന മാനദണ്ഡം എന്താണ്? സ്വന്തം മതപ്രമാണങ്ങളിലുള്ള വിശ്വാസം തന്നെ. അല്ലാതെ സ്വതന്ത്രമായ നിലനില്പുള്ള, വസ്തുനിഷ്ഠമായ തെളിവുകളൊന്നും അവർ ഉപയോഗിക്കുന്നതേയില്ല. ജനിച്ചുവീണ സാഹചര്യം ഉൾപ്പടെ പല പല കാരണങ്ങൾ കൊണ്ട് ഒരു പ്രത്യേക പ്രമാണം സത്യമാണെന്നും, അത് നല്ലതാണെന്നും ഒരാൾക്ക് തോന്നുന്ന വിശ്വാസമാണവിടെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് പ്രമാണങ്ങളെ ഉൾക്കൊള്ളുന്ന വിശുദ്ധ ഗ്രന്ഥങ്ങളും, അവയെ വ്യാഖ്യാനിയ്ക്കുന്ന ആധികാരിക സ്വരങ്ങളും മതത്തിന്റെ അനിവാര്യതയാകുന്നു.

ഇതേ മതപരത യുക്തിവാദത്തിലും സാധ്യമാണ്. യുക്തിവാദം അതിന്റെ നിർവചനം കൊണ്ട്, "യുക്തിയിൽ അധിഷ്ഠിതമായി വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താനുള്ള ചിന്താരീതി" ആണ്. ഇതിനെ നിങ്ങൾക്ക് രണ്ട് രീതിയിൽ പോസിറ്റീവായി സമീപിയ്ക്കാം. എല്ലാറ്റിനേയും യുക്തി ഉപയോഗിച്ച് പരിശോധിയ്ക്കുകയും, വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സത്യമായി കണക്കാക്കുകയും ചെയ്യുക എന്നതാണ് ഒരു രീതി. മറ്റൊരു രീതിയുള്ളത്, യുക്തിവാദത്തിന് വേണ്ടി വാദിയ്ക്കുകയും, യുക്തി ഉപയോഗിച്ച് വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിയ്ക്കുന്നു എന്ന് നമ്മൾ കരുതുകയും ചെയ്യുന്ന ഒരാളിനെ (അല്ലെങ്കിൽ കുറേ ആളുകളെ) പിൻതുടരുക എന്നുള്ളതാണ്. ഇതിൽ സ്വാഭാവികമായും രണ്ടാമത്തെ രീതി ആദ്യത്തേതിനെ അപേക്ഷിച്ച് വളരെ എളുപ്പമാണ്; യുക്തിവാദത്തെ പിൻതുടരാനുള്ള ഷോർട്-കട്ട് പോലെ കൊള്ളാവുന്ന ഒരു യുക്തിവാദിയെ പിൻതുടരുക. ഇവിടെ യുക്തിവാദം മതപരമായി മാറുന്നു. ഇത് അപൂർവമായ സംഭവമേയല്ല. മനുഷ്യന്റെ ഏറ്റവും energy-expensive അവയവമായ മസ്തിഷ്കം എപ്പോഴും അതിന്റെ ചെലവ് കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനി യുക്തിവാദിയായാലും വിശ്വാസിയായാലും മസ്തിഷ്കം പരമാവധി കുറച്ച് ഉപയോഗിക്കാനാണ് സ്വാഭാവികമായി ശ്രമിയ്ക്കുക. അതുകൊണ്ടാണ് ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മതവിശ്വാസികളായി തുടരുന്നതും.

ചുരുക്കത്തിൽ, ഏത് ആശയവും മതപരമാണോ അല്ലയോ എന്ന് തീരുമാനിയ്ക്കപ്പെടുന്നത് നിങ്ങളതിനെ ഏത് രീതിയിൽ സമീപിയ്ക്കുന്നു എന്നതനുസരിച്ചാണ്. ദൈവത്തെ വകവെയ്ക്കാതിരിക്കുന്നതാണ് ഹീറോയിസം എന്നതുകൊണ്ട് നിരീശ്വരവാദി ആയിരിക്കുന്നവരും (വയസ്സാംകാലത്ത് മനോബലമൊക്കെ കുറയുമ്പോൾ യൂ-ടേണടിച്ച് മതവിശ്വാസത്തിൽ ചെന്ന് ലാൻഡ് ചെയ്യുന്നവർ ഇക്കൂട്ടത്തിൽ പെട്ടവരാണ്) , സ്ത്രീയും പുരുഷനും തുല്യരായിരിക്കുന്നതാണ് തനിക്കിഷ്ടം എന്നതുകൊണ്ട് ഫെമിനിസ്റ്റായിരിക്കുന്നവരും ഒക്കെ നമ്മുടെ നാട്ടിൽ ഇഷ്ടം പോലുണ്ട്. അതുകൊണ്ട് നാമോരോരുത്തരും അവരവർ പിൻതുടരുന്ന ആശയത്തോടൊപ്പം, അതിന് നമുക്കുള്ള കാരണം എന്താണെന്ന് കൂടി പരിശോധിയ്ക്കുന്നത് നല്ലതാണ്.

(*യുക്തിവാദവും മറ്റൊരു മതമാണ്, നിരീശ്വരവാദവും മറ്റൊരു വിശ്വാസമാണ് എന്നൊക്കെ പറയുമ്പോൾ, സ്വന്തം നിലപാട് നിലവാരം കുറഞ്ഞ ഒന്നാണെന്ന് സ്വയമറിയാതെ സമ്മതിയ്ക്കുകയാണ് വിശ്വാസി. നിങ്ങളത്ര വലിയ പാർട്ടിയൊന്നുമല്ല, ഞങ്ങളെപ്പോലെ തന്നെയാണ് നിങ്ങളും എന്നാണല്ലോ ആ പറയുന്നത്)