Dec 13, 2016

സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീണത് അറിഞ്ഞോ?

സൾഫ്യൂരിക് ആസിഡ് എന്താന്നറിയോ? രാസവസ്തുക്കളിലെ രാജാവ് (king of chemicals) എന്ന് വിളിക്കുന്ന ഒരു ഭീകരവസ്തുവാണത്. രാസവസ്തു എന്ന് പറഞ്ഞാൽ മതി, ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ്പ്. ഇന്ന് മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ. അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാനകരാസവസ്തു -നമ്മടെയീ സൾഫ്യൂരിക് ആസിഡേയ്- കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ? സങ്കല്പിക്കാൻ പേടി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം, അത് എത്ര അളവിൽ എത്ര ഗാഢതയോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും, സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അത് വീണിട്ടുണ്ട്. എപ്പോഴാന്ന് ചോദിച്ചാൽ, ഉള്ളി അരിയുമ്പോൾ. എങ്ങനെ എന്ന് ചോദിച്ചാൽ ഇത്തിരി കെമിസ്ട്രിയാണ് സംഭവം.

രാസവസ്തുപ്പേടിയുള്ളവർ മുന്നോട്ടുവായിക്കരുത്. നിങ്ങൾക്ക് പലതും താങ്ങാനായെന്ന് വരില്ല.

ഉള്ളിച്ചെടി മണ്ണിൽ നിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ്. അതെ, സൾഫർ ഒരു രാസവസ്തുവാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെ പല ഭീകരരാസവസ്തുക്കളും ചെടികൾ ഉള്ളിലേയ്ക്കെടുക്കുന്നുണ്ട്. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടിയ്ക്ക് ഇതൊക്കെ തന്നെയാണ് വേണ്ടത്, ഇതൊക്കെയേ എടുക്കൂ താനും. അത് പോട്ടെ, പറഞ്ഞുവന്നത് ഉള്ളിയിലെ സൾഫറിനെപ്പറ്റിയാണ്. ഈ സൾഫർ ഉള്ളിയിൽ ചില അമിനോ ആഡിഡുകളുടെ ഭാഗമായിട്ടാണ് നിൽക്കുന്നത്. നിങ്ങൾ ഉള്ളി അരിയുമ്പോൾ അതിലെ കോശങ്ങൾ പലതും പൊട്ടുകയും മര്യാദയ്ക്ക് അപ്പുറോമിപ്പുറോമിരുന്ന ഈ അമിനോ ആസിഡുകളും ചില്ലറ എൻസൈമുകളും (എല്ലാം വൃത്തികെട്ട രാസവസ്തുക്കൾ തന്നെ!) കൂടിക്കലർന്ന് രാസപ്രവർത്തനം നടന്ന് propanethiol s-oxide എന്നൊരു പുതിയ രാസവസ്തു (ദേ പിന്നേം രാസവസ്തു!) ഉണ്ടാകും. ഇത് വളരെപ്പെട്ടെന്ന് ബാഷ്പീകരിക്കുന്ന സ്വഭാവമുള്ള ഒരു വസ്തുവായതിനാൽ, ഇത് നേരെ പൊങ്ങി നമ്മുടെ കണ്ണിൽ വന്ന് തട്ടും. നമ്മുടെ കണ്ണിൽ ഈർപ്പം എന്നൊക്കെ നാം അറിയാതെ വിളിക്കുന്ന, ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന മറ്റൊരു രാസവസ്തു ഉണ്ട്. ഈ രാസവസ്തു കൊടുംഭീകരനാണ്. ലോകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച 99.998% ആളുകളിലും ഈ രാസവസ്തുവിന്റെ അംശം കൂടുതലായിരുന്നു എന്ന് പഠനങ്ങളുണ്ടത്രേ. അങ്ങനെ ഈ രണ്ട് രാസവസ്തുക്കളും കൂടി കണ്ണിൽ വെച്ച് പരസ്പരം പ്രവർത്തിച്ച് കണ്ണിൽ സാക്ഷാൽ സൾഫ്യൂരിക് ആസിഡ് രൂപം കൊള്ളുന്നു. ആസിഡ് കാരണം കണ്ണ് നീറിത്തുടങ്ങുമ്പോൾ കണ്ണുനീർ ഗ്രന്ഥികൾ കണ്ണുനീർ പുറപ്പെടുവിച്ച് അതിനെ കഴുകിക്കളയാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഉള്ളി അരിയുന്നയാൾ കര‍ഞ്ഞുപോകുന്നത്. അതായത്, കാലാകാലങ്ങളായി, സയൻസും രാസവളവും മറ്റ് മാരക കെമിക്കലുകളും ഉണ്ടാകുന്നതിനും മുൻപ് തൊട്ടേ, നമ്മുടെ അടുക്കളകളിൽ സൾഫ്യൂരിക് ആസിഡ് പോലുള്ള മാരകരാസവസ്തുക്കൾ നാം ദിനംപ്രതി കൈകാര്യം ചെയ്തിരുന്നു എന്നർത്ഥം. ചുമ്മാതല്ല നമ്മളൊക്കെ ഇങ്ങനായിപ്പോയത്. മൊത്തം രാസവസ്തുക്കളല്ലേ വലിച്ച് കയറ്റുന്നത്!

Dec 9, 2016

സീസേറിയൻ മാത്രൂഭൂമിയ്ക്ക് ഭീഷണി!

മാതൃഭൂമിയിൽ ഇന്നലെ ഒരു വാർത്ത കണ്ടു, "സിസേറിയൻ പരിണാമത്തിനും ഭീഷണി" എന്ന തലക്കെട്ടിൽ. അതിന് താഴെ 'സിസേറിയൻ ശസ്ത്രക്രിയയിലൂടെയുളള ജനനങ്ങൾ മനുഷ്യപരിണാമത്തിനുതന്നെ ദോഷകരമായേക്കുമെന്ന് ശാസ്ത്രഞ്ജർ...' എന്നൊക്കെപ്പറഞ്ഞ് സ്ഥിരം വിരട്ടൽ ലൈനിലാണ് വാർത്തയുടെ വിവരണവും. എന്തായാലും ഇത് കുറേപേരെ പേടിപ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ഈ സീസേറിയൻ പ്രസവം എന്തോ ഭീകരകുഴപ്പമാണ് എന്ന തോന്നൽ ഈ വാർത്ത ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രജ്ഞർ എന്ന് കൃത്യമായി എഴുതാൻ പോലും അറിയാത്തവരെക്കൊണ്ട് ശാസ്ത്രവാർത്ത എഴുതിക്കുമ്പോൾ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എന്നാലും ഈ വാർത്ത കാരണം ആശയക്കുഴപ്പമുണ്ടായവർക്ക് കൂടി ആശ്വാസം കിട്ടാൻ വേണ്ടിയാണ് ഈ കുറിപ്പ്. 

ടി വാർത്തയുടെ സ്രോതസ്സ് തേടിയുള്ള അന്വേഷണം രസകരമായിരുന്നു. ഇതിന്റെ തുടക്കം അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ്. അതിന്റെ തലക്കെട്ട്, 'Cliff-edge model of obstetric selection in humans' എന്നാണ്. ഇത് കേട്ടിട്ട് നിങ്ങളിൽ പലർക്കും ഒരു പുല്ലും മനസിലായിട്ടുണ്ടാകില്ല. സ്വാഭാവികം. ശാസ്ത്രവാർത്തകൾ അങ്ങനെയാണ്. ആദ്യ റിപ്പോർട്ട് വിഷയത്തിലെ വിദഗ്ദ്ധർക്ക് മാത്രം മനസിലാകുന്ന രീതിയിലായിരിക്കും. പത്രമാദ്ധ്യമങ്ങൾ അതിനെ സാധാരണക്കാരുടെ ഭാഷയിലേയ്ക്ക് പതിയെ നേർപ്പിച്ചാകും റിപ്പോർട്ട് ചെയ്യുക. അത് ഒറിജിനൽ പ്രബന്ധം എഴുതിയ ആളുമായി ഒരു ഇന്റർവ്യൂ നടത്തി തയ്യാറാക്കുക എന്നതാണ് സാമാന്യമര്യാദ എങ്കിലും പലരും അതിന് മെനക്കെട്ടെന്ന് വരില്ല. പകരം അല്പസ്വല്പം സയൻസ് അറിയാവുന്ന ഒരാളെക്കൊണ്ട് അത് റിപ്പോർട്ട് ചെയ്യിച്ചാലും മതിയാകും. അല്ലെങ്കിൽ ശാസ്ത്രം മാത്രം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ (sciece daily, science alert etc.) രണ്ടാംഘട്ട റിപ്പോർട്ട് വായിച്ച് അതിനെ ഒന്നുകൂടി മയപ്പെടുത്തി എഴുതും. ഇത് BBC പോലെ ഏതെങ്കിലും മുൻനിര പൊതുമാധ്യമം ചെയ്തുകഴിഞ്ഞാൽ പിന്നെ അതവിടുന്ന് പലയിടത്തേയ്ക്കും കോപ്പിയടിക്കപ്പെടും. മലയാളത്തിലെ എല്ലാ മാധ്യമങ്ങളും ചെയ്യുന്നത് എന്താണ്? ഇങ്ങനെ പല കോപ്പി മറിഞ്ഞ് വരുന്ന വാർത്തയുടെ കോപ്പിയിൽ സീരിയലിന്റെ തിരക്കഥ പോലെ കുറച്ച് മസാലകൂടി സ്വന്തം റിപ്പോർട്ടറെക്കൊണ്ട് തിരുകിക്കയറ്റി മോടി പിടിപ്പിച്ച്  ഒരു പൂശ്! പറക്കുംതളികയിൽ ദിലീപും ഹരിശ്രീ അശോകനും കൂടി വരനെ ഒരുക്കുന്നത് പോലെ ഒരു ഏർപ്പാടാണ്. പിന്നെ സ്വന്തം തന്തയ്ക്ക് പോലും കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല. ടി പ്രബന്ധത്തിന്റെ ഉദാഹരണം തന്നെ നോക്കാം. അതിനെ ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പരിശോധിച്ചാൽ, അവരിൽ ഏതാണ്ട് എല്ലാവരും നടത്തിയിരിക്കുന്ന പ്രയോഗം സീസേറിയൻ ശസ്ത്രക്രിയകൾ മനുഷ്യപരിണാമത്തെ സ്വാധീനിയ്ക്കുന്നു ('affects evolution') എന്നാണെന്ന് കാണാം. (ബി.ബി.സി വാർത്ത ഇവിടെ: http://www.bbc.com/news/science-environment-38210837) ചിലയിടത്ത് സീസേറിയൻ പരിണാമപരമായ മാറ്റങ്ങൾക്ക് കാരണമാകാം എന്നും പറയുന്നു.(CBS news: http://www.cbsnews.com/news/c-sections-may-give-rise-to-evolutionary-changes/). 
ഇതൊക്കെക്കണ്ട് മാത്രൂമി റിപ്പോർട്ടർ ഒരു പിടിയങ്ങ് പിടിച്ചു. തലക്കെട്ട് കണ്ടില്ലേ? 'സീസേറിയൻ പരിണാമത്തിനും ഭീഷണി' പോലും. 'affect' എന്നത് മാത്രൂമിക്കാരൻ എഴുതിവന്നപ്പോ 'ഭീഷണി' ആയി. അതും വെറും ഭീഷണിയല്ല, 'പരിണാമത്തിനും ഭീഷണി' എന്നാണ്. അതായത് മറ്റ് പലതിനും ഭീഷണിയാണെന്ന് ഇതിനകം ഉറപ്പായിരുന്നു, ഇപ്പോ പരിണാമത്തിനും കൂടി ഭീഷണിയാണെന്ന് മനസിലായി എന്നാണ് ധ്വനി.  വാർത്തയുടെ ഓൺലൈൻ URL നോക്കിയാൽ കാണുന്നത് ഇംഗ്ലീഷിലെ ഭീഷണി  -http://www.mathrubhumi.com/health/health-news/csection-is-a-threat-to-evolution-also-malayalam-news-1.1563453. 'affect' എന്നതിനെ മലയാളത്തിൽ 'ഭീഷണി' എന്ന് തർജമ ചെയ്ത് അതിനെ തിരിച്ച് ഇംഗ്ലീഷിലേയ്ക്ക് 'threat' എന്ന് തർജമ ചെയ്യുന്ന ജാലവിദ്യ!

അതെന്തരോ ആവട്ട്. ഇനി വാർത്തയുടെ ഉള്ളടക്കത്തിലേയ്ക്ക് വരാം. അതാണല്ലോ പ്രധാനം. ജീവപരിണാമം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് സ്കൂൾ ലെവൽ ധാരണയുള്ളവർക്ക് പോലും ഊഹിക്കാവുന്ന ഒരു കാര്യമാണ് വിഷയം. അതിനെ ഗണിതപരമായ ഒരു മോഡൽ (mathematical model) വെച്ച് തെളിയിച്ചിരിക്കുന്നതാണ് ഒറിജിനൽ പ്രബന്ധം. ഗണിതമോഡൽ എന്നാൽ സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന വിഷയമല്ല. അതുകൊണ്ട് നമുക്ക് കാര്യത്തിന്റെ കാതൽ മാത്രം പറയാം.

സാധാരണഗതിയിൽ, പ്രസവസമയത്ത് സ്വാഭാവികമായി കുഞ്ഞിന് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും യോനീനാളത്തിലൂടെ പുറത്തുവരാൻ കഴിയില്ല എന്ന ഘട്ടത്തിലാണ് ഡോക്ടർമാർ സീസേറിയൻ ശസ്ത്രക്രിയ നി‍ർദേശിക്കുന്നത്. മിക്കവാറും, ഇടുപ്പ് ഇടുങ്ങിയതായതുകൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അതിലൂടെ കടന്നുവരാൻ പറ്റാത്തതാകും പ്രശ്നം. ശരീരത്തെ അപേക്ഷിച്ചുള്ള തലയുടെ വലിപ്പം കുഞ്ഞുങ്ങൾക്ക് മുതിർന്നവരെക്കാൾ കൂടുതലായിരിക്കും എന്നതാണ് അതിന് കാരണം. (കുട്ടിക്കാലത്ത് ബനിയൻ ഊരുമ്പോൾ തല കുരുങ്ങിയിട്ടുള്ള പലർക്കും വലുതായശേഷം ആ അനുഭവം ഉണ്ടാകാത്തത് ഇതുകൊണ്ടാണ്) പണ്ടുകാലത്ത് ഇത്തരം കേസുകളിൽ അമ്മയോ കുഞ്ഞോ രണ്ടുപേരുമോ മരിച്ചുപോകുക എന്നതായിരുന്നു ഏക സാധ്യത. എന്നാൽ സീസേറിയൻ ശസ്ത്രക്രിയ കൂടുതൽ സാധാരണമായതോടുകൂടി ഇത്തരം അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ഇടുങ്ങിയ ഇടുപ്പുള്ള അമ്മമാർക്കും പ്രസവം സാധ്യമായിത്തീർന്നു. ഇവിടെയാണ് പരിണാമം രംഗപ്രവേശം ചെയ്യുന്നത്. ഇടുങ്ങിയ ഇടുപ്പുള്ള അമ്മമാരുടെ ജീനുകളുമായി പിറക്കുന്ന കുഞ്ഞുങ്ങൾക്കും ഇടുങ്ങിയ ഇടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവർ വളർന്ന് നാളെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുമ്പോൾ അവരുടെ സീസേറിയൻ വഴി ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഇതേ ജീൻ കിട്ടിയേക്കാം. ചുരുക്കത്തിൽ, ഇടുങ്ങിയ ഇടുപ്പുകാരുടെ ജീൻ മനുഷ്യർക്കിടയിൽ വർദ്ധിയ്ക്കാൻ തുടങ്ങും. ഇങ്ങനെയാണ് ജീവപരിണാമം പ്രവർത്തിക്കുന്നത്. പണ്ടായിരുന്നെങ്കിൽ പ്രസവസമയത്ത് മരിച്ചുപോകുമായിരുന്ന ആളുകൾ, പകരം വളർന്ന് സ്വന്തം കുട്ടികളെ ഉണ്ടാക്കാൻ പ്രാപ്തരായതിന്റെ ലളിതമായ അനന്തരഫലമാണ് ഇവിടെ ഉണ്ടാകുന്നത്. അതിന് കാരണമാകുന്നതോ? സീസേറിയൻ വഴി കൂടുതൽ അമ്മമാരേയും കുഞ്ഞുങ്ങളേയും മരിയ്ക്കാതെ രക്ഷിയ്ക്കുന്നതാണ്. പറഞ്ഞുവരുമ്പോൾ... (മാത്രൂമിക്കാരൻ പ്ലീസ് നോട്ട്) കൂടുതൽ പേരുടെ ജീവൻ രക്ഷിക്കുന്നു എന്നതാണ്, സീസേറിയൻ മനുഷ്യകുലത്തിന് വരുത്തുന്ന ഭീഷണി!

ഇതുമായി ബന്ധപ്പെട്ട് ഒരു കൗതുകകരമായ കാര്യം കൂടി പറഞ്ഞ് നിർത്താം. എന്തുകൊണ്ടാണ് പ്രസവം മനുഷ്യനെ സംബന്ധിച്ച് ഇത്ര ദുരിതകരമായ ('നൊന്തുപെറ്റ'തിന്റെ കണക്ക് കേട്ടിട്ടില്ലേ?) ഒരു കാര്യമായി മാറുന്നത് എന്നതിന് പരിണാമപരമായ ഒരു കാരണമുണ്ട്. അതിനെപ്പറ്റി പണ്ടെഴുതിയ ഒരു പോസ്റ്റ് ആവർത്തിക്കട്ടെ.

ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്, എത്ര നാള്‍ കഴിഞ്ഞാണ് അതിന്റെ കഴുത്ത് തലയെ താങ്ങിനിര്‍ത്താനുള്ള ബലം നേടുന്നത്, ഇരിക്കാനും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമൊക്കെ എന്തോരം സമയമാണ് നമ്മളെടുത്തത്! ജനിച്ച ശേഷവും ഒരുപാട് നാള്‍ നമ്മുടെയൊക്കെ ജീവിതം പരസഹായം ഇല്ലാതെ അസാദ്ധ്യമാണ്. മറ്റ് ജീവികളെ അപേക്ഷിച്ച്, അമ്മയുടെ വയറ്റില്‍ ഒരു ഭ്രൂണം വളര്‍ന്ന് കുഞ്ഞിന്റെ ശരീരമായി മാറുന്ന വികാസഘട്ടത്തിന്റെ കുറച്ചുകൂടി നേരത്തെയുള്ള ഒരു സ്റ്റേജിലാണ് മനുഷ്യക്കുഞ്ഞ് ഗര്‍ഭാശയം വിട്ട് പുറത്തുവരുന്നത് എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ശരീരഭാഗങ്ങള്‍ വേണ്ടത്ര വികാസം പ്രാപിക്കും മുന്‍പ് പുറത്തുവരാന്‍ നമ്മളെ നിര്‍ബന്ധിക്കുന്നത് നമ്മുടെ തലച്ചോറിന്റെ വലിപ്പമാണ്. ജനിക്കുന്നതിന് മുന്‍പും ശേഷവും കുഞ്ഞിന്റെ തലച്ചോര്‍ വളരെ വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പിനും ജനനനാളിയ്ക്കും (birth canal or vagina) താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളരും മുന്നേ പ്രസവം നടക്കേണ്ടതുണ്ട് എന്നതിനാല്‍ ശരീരഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കുന്നതുവരെ മാതൃശരീരത്തിന് കാത്തുനില്‍ക്കാനാവില്ല. മനുഷ്യര്‍ക്ക് അല്പം കൂടി വലിയ ഒരു ഇടുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു എന്ന്‍ തോന്നാം. ശരിയാണ്, അത് പ്രസവം അല്പം കൂടി എളുപ്പമുള്ളതാക്കുമായിരുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, അങ്ങനെ വന്നാല്‍ രണ്ടുകാലിലുള്ള നടത്തം അസാധ്യമാകും. ഇടുങ്ങിയ ഇടുപ്പ് ഉണ്ടെങ്കിലേ രണ്ടുകാലില്‍ എഴുന്നേറ്റ് നടക്കാന്‍ നമുക്ക് സാധിക്കൂ. വലിയ തലച്ചോറും രണ്ടു കാലിലുള്ള നടത്തവും ശരീരത്തിന് പരസ്പരവിരുദ്ധമായ രണ്ട് ഘടനകള്‍ ആവശ്യപ്പെടുന്നു എന്നര്‍ത്ഥം. അതായത് 'പ്രസവവേദന' എന്നത് ഈ രണ്ട് സവിശേഷതകളും ഒരുമിച്ച് കൈയടക്കി വെക്കാന്‍ പ്രകൃതി നമുക്ക് വെച്ചുനീട്ടിയ compromise agreement ആണ് എന്നുവേണമെങ്കില്‍ പറയാം.

ചിലപ്പോള്‍ ഈ വേദന പേടിച്ച് ഇനി മനുഷ്യരെങ്ങാനും പ്രസവിക്കാതിരുന്നാലോ എന്ന്‍ പേടിച്ചാകും പ്രസവത്തിലേക്ക് നയിക്കുന്നതും എന്നാല്‍ പ്രസവത്തിന് വളരെ മുന്നേ നടക്കുന്നതുമായ 'ചില പരിപാടികള്‍' മനുഷ്യനെ കൊതിപ്പിക്കും വിധം സുഖമുള്ളതാക്കി അറേഞ്ച് ചെയ്തിരിക്കുന്നത് അല്ലേ? ;)

Dec 7, 2016

പ്രകാശവേഗം നമ്മൾ വിചാരിച്ചതുപോലെ അല്ലാന്നോ?

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചിരുന്നോ?പ്രകാശവേഗതയെ സംബന്ധിച്ച ഒരു സുപ്രധാന കണ്ടെത്തലിന്റെ അനുസ്മരണമാണത്. അതാകട്ടെ നല്ലൊരു സമയത്താണ് വന്നിരിക്കുന്നത്. പ്രകാശവേഗവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വാർത്തയും ശാസ്ത്രലോകത്ത് ഈ ആഴ്ച പുറത്തുവന്നിരുന്നു. അവ ഓരോന്നായി നമുക്കൊന്ന് പരിചയപ്പെടാം.

340-ാം വർഷത്തിന്റെ ആഘോഷം

 340 വർഷം മുൻപ് ഒരു ഡിസംബർ 7-ന് നടന്ന ഒരു കണ്ടെത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഓർമിപ്പിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സ്ഥിരീകരണമായിരുന്നു അത്.

പ്രകാശം എന്നത് ഒരു വൈദ്യുതകാന്തികതരംഗം ആണെന്നും അതിന് സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്ററോളം വേഗതയുണ്ടെന്നും ഒക്കെ ഇന്ന് നമുക്കറിയാം. പക്ഷേ അതൊക്കെ പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മാത്രം ഉണ്ടായ കണ്ടെത്തലുകളാണ്. അതിനും എത്രയോ ദശാബ്ദങ്ങൾ മുൻപ് പ്രകാശം എന്താണെന്നതിനെക്കുറിച്ച് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലത്താണ് ഓലേ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്ന് വിവാദമായ ആ കണ്ടെത്തൽ അവതരിപ്പിക്കുന്നത്. ഒരു മെഴുകുതിരി കത്തിക്കുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാകുന്നതാണല്ലോ നാം കാണുന്നത്. അല്ലാതെ കത്തിയ തീനാളത്തിൽ നിന്നും പ്രകാശം പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് നമുക്ക് കാണാനാകില്ല. അതുകൊണ്ട് തന്നെ അന്ന് ആളുകൾ കരുതിയത് പ്രകാശത്തിന് അനന്തവേഗതയുണ്ട് എന്നാണ്. അതായത് പ്രകാശസ്രോതസ്സിന് ചുറ്റും അതേസമയം ഉണ്ടാകുന്ന ഒന്നാണ് പ്രകാശം. അതിന് സഞ്ചരിച്ചെത്തേണ്ട ആവശ്യമില്ല. എന്നാൽ പ്രകാശം ഒരു ക്ലിപ്തമായ വേഗതയിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് സഞ്ചരിക്കുകയാണ് എന്ന് പറഞ്ഞ ശാസ്ത്രാന്വേഷികൾ ഉണ്ടായിരുന്നില്ല എന്നല്ല അതിനർത്ഥം. ഗലീലിയോ ഉൾപ്പടെ പലരും ആ അഭിപ്രായക്കാർ തന്നെയായിരുന്നു. പക്ഷേ അനന്തവേഗതയല്ല, ക്ലിപ്തമായ വേഗതയാണ് എന്ന് പറയുന്നവർക്ക്, അങ്ങനെയെങ്കിൽ ആ വേഗത എത്രയാണ് എന്ന് പറയേണ്ട ബാധ്യതയുണ്ടല്ലോ. അവിടെയായിരുന്നു പ്രശ്നം. വിളക്കും കണ്ണാടിയുമൊക്കെ ഉപയോഗിച്ച് രണ്ട് വിദൂരമായ കുന്നുകൾക്കിടയിൽ പ്രകാശം സഞ്ചരിച്ചെത്താനെടുക്കുന്ന സമയം അളക്കാനൊക്കെ ഗലീലിയോയുടെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ പ്രകാശം അളക്കാവുന്നതിനെക്കാൾ കുറച്ച് സമയം കൊണ്ട് ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തുന്നു എന്നാണ് കണ്ടത്.

അവിടെയാണ് റോമർ വ്യത്യസ്തനായത്. അദ്ദേഹം തന്റെ അളവെടുപ്പ് കുറച്ചുകൂടി വലിയൊരു സ്റ്റേജിലാണ് നടത്തിയത്- ഭൂമിയ്ക്കും വ്യാഴഗ്രഹത്തിനും ഇടയിൽ. വ്യാഴത്തിനോട് ഏറ്റവും അടുത്ത ഉപഗ്രഹമാണ് അയോ (Io). അത് 42.5 മണിക്കൂർ കൊണ്ട് വ്യാഴത്തെ ഒരു തവണ വലംവെക്കും. ഈ വലംവെക്കൽ കാരണം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അല്പനേരം അയോ വ്യാഴത്തിന് പുറകിലായിരിക്കുമല്ലോ. നാം പൊതുവിൽ ഗ്രഹണം എന്ന് വിളിക്കുന്ന പ്രതിഭാസം തന്നെയാണത്, ഒരു ആകാശവസ്തു മറ്റൊന്നിനെ മറയ്ക്കുന്നു. ഇവിടെ വ്യാഴം അയോയെയാണ് മറയ്ക്കുന്നത്. അതായത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഓരോ 42.5 മണിക്കൂറിലും ഒരു തവണ എന്ന കണക്കിൽ നമുക്ക് 'അയോഗ്രഹണം' കാണാനാകേണ്ടതാണ്. ഇവിടെയാണ് പ്രകാശവേഗതയുടെ പരിമിതി രംഗപ്രവേശം ചെയ്യുന്നത്. നമ്മൾ ഒരു അയോഗ്രഹണം നിരീക്ഷിക്കുകയാണെന്ന് സങ്കല്പിക്കുക. അയോ ഇപ്പോൾ വ്യാഴത്തിന്റെ നിഴലിലേയ്ക്ക് മറഞ്ഞിരിക്കുന്നു (immersion). ഇനി അല്പനേരം കഴിഞ്ഞേ അത് പുറത്തേയ്ക്ക് വരൂ (emergence). എന്നാൽ ഭൂമിയും വ്യാഴവും സൂര്യൻ എന്ന പൊതുകേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണേയ്, ആ നേരത്തിനിടെ ഭൂമി സ്വന്തം ഓർബിറ്റിൽ കുറേ സഞ്ചരിച്ചിട്ടുണ്ടാകും. ഇനി പ്രകാശം ക്ലിപ്തമായ വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് സങ്കല്പിച്ചാലോ? അയോ വ്യാഴത്തിന്റെ മറവിൽ നിന്ന് പുറത്തുവന്നാൽ ഉടൻ നമുക്ക് കാണാൻ കഴിയില്ല. കാരണം അയോയിൽ നിന്ന് വരുന്ന പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം കൂടി പരിഗണിക്കണ്ടേ?

ഇനി വ്യാഴത്തിന്റെ ഓർബിറ്റ് ഭൂമിയുടെ ഓർബിറ്റിന് വെളിയിലാണ് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് സ്വന്തം ഓർബിറ്റിലെ ഭൂമിയുടെ സഞ്ചാരദിശ പരിഗണിക്കുമ്പോൾ, ചില സമയങ്ങളിൽ ഭൂമി വ്യാഴത്തിന് നേരെയും മറ്റുചിലപ്പോൾ വ്യാഴത്തിൽ നിന്ന് ദൂരേയ്ക്കും ആയിരിക്കും സഞ്ചരിക്കുന്നത്. ഈ കാലത്തെല്ലാം തന്നെ അയോഗ്രഹണം നടക്കുന്നുമുണ്ട്. പക്ഷേ അയോ മറയുന്നതും മറനീക്കി പുറത്തുവരുന്നതും തമ്മിലുള്ള സമയവ്യത്യാസം എല്ലായ്പ്പോഴും തുല്യമായിരിക്കുമോ? ഇല്ല. ഭൂമി വ്യാഴത്തിന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ സമയദൈർഘ്യം കുറവായിട്ട് വേണം തോന്നാൻ. കാരണം അയോയിൽ നിന്നുള്ള പ്രകാശത്തെ നാം അങ്ങോട്ട് ചെന്ന് കാണുകയാണ്. മറിച്ച് വ്യാഴത്തിൽ നിന്ന് അകന്നുപോകുന്ന സമയത്താണെങ്കിൽ, ഈ ഗ്രഹണദൈർഘ്യം കൂടും. ഇതൊക്കെ എപ്പോഴാ? പ്രകാശവേഗത അനന്തമല്ലെങ്കിൽ മാത്രമേ ഇത് ബാധകമാകൂ. അയോ പുറത്തുവന്നാൽ ഉടൻ പ്രകാശം ഭൂമിയിലെത്തുമെങ്കിൽ ഗ്രഹണദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകില്ല. വ്യാഴം ഭൂമിയെക്കാൾ സൂര്യനിൽ നിന്നും പല മടങ്ങ് ദൂരെയായതിനാൽ, ഇവ തമ്മിലുള്ള ദൂരം കാലാകാലങ്ങളിൽ വളരെയധികം വ്യത്യാസപ്പെടുന്നുണ്ട്. ഇതനുസരിച്ച് പല കാലങ്ങളിൽ അയോയുടെ ഗ്രഹണദൈർഘ്യത്തിൽ വരുന്ന മാറ്റം റോമർ കണക്കൂകൂട്ടി. ഇതുപയോഗിച്ച് അയോയുടെ ഗ്രഹണം മുൻപത്തേതിനെക്കാൾ കൃത്യമായി പ്രവചിക്കാൻ അദ്ദേഹത്തിനായി. ഒപ്പം പ്രകാശവേഗതയുടെ അളവും കണക്കാക്കാനായി.

സത്യത്തിൽ ഇവിടെ ഇപ്പോ വിവരിച്ചതിനെക്കാൾ സങ്കീർണമാണ് ഈ സാഹചര്യം. പക്ഷേ ഇപ്പോത്തന്നെ ഇത് ഒറ്റവായനയിൽ മനസിലാകാൻ ബുദ്ധിമുട്ടാണ് എന്ന തോന്നലുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ എഴുതി വെറുപ്പിക്കുന്നില്ല. റോമറുടെ ഈ കണക്കുകൂട്ടലുകൾക്ക് അന്ന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല എന്ന് മാത്രം പറയാം. റോമറുടെ പ്രവചനം ശരിയാകുന്നുണ്ടെങ്കിലും അതിന് കാരണം പ്രകാശവേഗത ക്ലിപ്തമായതല്ല എന്നാണ് പല പ്രമുഖ ശാസ്ത്രജ്ഞരും അന്ന് വാദിച്ചത്. റോമറുടെ ഗുരുവായിരുന്ന കസ്സീനി തന്നെ ആയിരുന്നു അതിൽ മുൻപിൽ. 1676-ലാണ് റോമർ തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുന്നത്. 1727-ൽ ജെയിംസ് ബ്രാഡ്ലി എന്ന ശാസ്ത്രജ്ഞൻ മറ്റൊരു പ്രതിഭാസത്തെ (stellar aberration-അത് ഇപ്പോൾ വിശദീകരിക്കുന്നില്ല) കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചപ്പോഴാണ് റോമറുടെ വാദം തെളിയിക്കപ്പെട്ടത്. തമാശ എന്താണെന്ന് വെച്ചാൽ, ഇതേ പ്രതിഭാസത്തെ കസ്സീനി 1671-ൽ തന്നെ നിരീക്ഷിച്ചിരുന്നു എങ്കിലും, അതിന്റെ കാരണം വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പല പല പരീക്ഷണങ്ങളിൽ, റോമറുടെ  കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. സൗരയൂഥത്തിന്റെ വലിപ്പത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന കാലം ആയതിനാൽ, റോമർ കണക്കാക്കിയ പ്രകാശവേഗതയുടെ അളവ് യഥാർത്ഥവേഗതയെക്കാൾ ഏതാണ്ട് 26% കുറവായിരുന്നു എന്നേയുള്ളൂ.

പ്രകാശത്തെക്കുറിച്ച് പിന്നീട് ഒരുപാട് പുതിയ കണ്ടെത്തലുകൾ ഉണ്ടായി. അതൊരു വൈദ്യുതകാന്തിക തരംഗം ആണെന്ന് നാം മനസിലാക്കി. അതിന്റെ വേഗത അത് സഞ്ചരിക്കുന്ന മാധ്യമത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് തെളിഞ്ഞു. പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗത സ്ഥിരമായ ഒന്നാണെന്നും (constant speed) മറ്റൊന്നിനും കവച്ചുവെക്കാനാവാത്ത ഒരു പ്രാപഞ്ചിക വേഗപരിധി (cosmic speed limit) ആണെന്നും കണ്ടെത്തപ്പെട്ടു. ആ ബോധ്യത്തിൽ പിറന്ന, ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിലെ മഹാവിപ്ലവമായി മാറുകയും ചെയ്തു. കാര്യങ്ങൾ അവിടം വരെ എത്തി നിൽക്കുമ്പോഴാണ് ഇക്കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു കണ്ടെത്തൽ വാർത്താപ്രാധാന്യം നേടുന്നത്. അതിലേയ്ക്ക് പോകും മുൻപ്, പ്രകാശവേഗതയുടെ പ്രാധാന്യം നേടുന്നു വിശദീകരിക്കുന്ന ഒരു മുൻ ലേഖനം താത്പര്യമുള്ളവർക്ക് വായിക്കാനായി ഇവിടെ ചൂണ്ടിക്കാണിക്കുന്നു: പ്രകാശത്തിനെന്താ കൊമ്പുണ്ടോ?

അപ്പോ പ്രകാശവേഗത നമ്മൾ വിചാരിച്ചതുപോലെ അല്ലേ?

പ്രകാശവേഗത ഒരു സ്ഥിരസംഖ്യ ആണെന്നാണ് ഇന്ന് നാം കരുതിയിരിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാൽ ഇതിനെ ചോദ്യം ചെയ്യുകയാണ് കാനഡായിൽ നിന്നുള്ള നിയായേഷ് അഫ്ഷോർഡി, ലണ്ടനിലെ ജോ മഗ്വീജോ എന്നീ ഗവേഷകർ. (വായിൽ കൊള്ളാത്ത ഈ പേരുകൾ, ഈ ഞാൻ തന്നെ നോക്കിയാ എഴുതുന്നത്. ഇത് ഇങ്ങനാണോ വായിക്കുന്നത് എന്നുപോലും അറിയില്ല. പക്ഷേ സയൻസിൽ ആര് എന്നതല്ല, എന്ത് എന്നതിനേ പ്രാധാന്യമുള്ളൂ. അതുകൊണ്ട് പേര് വേണമെങ്കിൽ കളഞ്ഞേക്കൂ). പ്രപഞ്ചോല്പത്തി വിശദീകരിക്കുന്ന ബിഗ് ബാംഗ് സിദ്ധാന്തത്തിന് ഒരു പരിഷ്ക്കരണം നിർദ്ദേശിക്കുന്നതിന്റെ ഭാഗമായി, പ്രകാശവേഗം എല്ലായ്പ്പോഴും സ്ഥിരമായിരുന്നില്ല എന്നവർ വാദിക്കുന്നു.

വളരെ സൂക്ഷ്മമായ ഒരു ബിന്ദുവിൽ നിന്നും സ്ഫോടനസമാനമായ ഒരു വലിയ വികാസം (the Big bang) ആയിട്ടാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നാണ് നമ്മുടെ ധാരണ. വളരെ ചെറിയ ബിന്ദുവിൽ നിന്നും പ്രപഞ്ചം ഇന്നീ കാണുന്ന രൂപത്തിലാവാൻ 1380 കോടി വർഷങ്ങൾ എടുത്തു. എന്നാൽ പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം എല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ് എന്നാണ് നാം നിരീക്ഷിക്കുന്നത്. താപനില, ശരാശരി സാന്ദ്രത തുടങ്ങിയവയെല്ലാം എല്ലായിടത്തും സമാനമാണ്. അങ്ങനെയെങ്കിൽ ഈ വിശാലമായ പ്രപഞ്ചത്തിന്റെ വിവിധകോണുകൾക്കെല്ലാം എപ്പോഴെങ്കിലും പരസ്പരം സ്വാധീനിയ്ക്കാൻ കഴിഞ്ഞിരിക്കണം. എന്നാൽ ഈ പ്രപഞ്ചത്തിന്റെ വലിപ്പം പരിഗണിക്കുമ്പോൾ ഒരറ്റത്ത് നിന്ന് പ്രകാശത്തിന് പോലും മറ്റേയറ്റത്ത് എത്താൻ വേണ്ട സമയം ഈ പ്രപഞ്ചത്തിന്റെ പ്രായത്തെക്കാൾ വളരെ കൂടുതലാണ് താനും. അങ്ങനെയെങ്കിൽ ഈ ഏകതാനത (homogeneity) എങ്ങനെ സംഭവിച്ചു എന്നത് ഒരു കുഴയ്ക്കുന്ന ചോദ്യമാണ്. ഇതിനെ പ്രപഞ്ചശാസ്ത്രത്തിൽ ചക്രവാളപ്രശ്നം (horizon problem) എന്നാണ് വിളിക്കുന്നത്.

ഇതുവരെയുള്ള സിദ്ധാന്തങ്ങളിൽ ചക്രവാളപ്രശ്നത്തെ പരിഹരിയ്ക്കാൻ ശ്രമിക്കുന്നത് മഹാവികാസം (inflation theory) ആണ്. അത് പ്രകാരം പ്രപ‍ഞ്ചം തീരെ ചെറുതായിരുന്ന ഒരു ഘട്ടത്തിൽ അതിഭീമമായ വേഗതയിൽ അത് വികസിച്ച് വലുതായി എന്നും പിന്നീട് വികാസത്തിന്റെ നിരക്ക് പെട്ടെന്ന് കുറഞ്ഞു എന്നുമാണ്. വളരെ ചെറുതായിരിക്കുന്ന കാലത്ത് പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പരസ്പരം സ്വാധീനിക്കാൻ കഴിയുമല്ലോ. പിന്നീടുണ്ടായ വികാസം അതിവേഗം ആയിരുന്നതിനാൽ ആ ഏകതാനത അതേപടി നിലനിർത്തപ്പെട്ടതാണ് എന്നാണ് മഹാവികാസസിദ്ധാന്തം പറയുന്നത്. അതുപോലെ കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റ (cosmic microwave background, CMB) സ്വഭാവം വിശദീകരിക്കാനും അതിന് കഴിയുന്നുണ്ട്. പക്ഷേ അപ്പോഴും മഹാവികാസം എന്തുകൊണ്ട് സംഭവിച്ചു എന്ന് അതിന്റെ വക്താക്കൾക്ക് പറയാൻ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ മഹാവികാസത്തിന് ഒരു പകരസിദ്ധാന്തമായാണ്, മാറുന്ന പ്രകാശവേഗം (varying speed of light)
എന്ന ആശയവുമായി പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്. മഹാവികാസം നടന്നിട്ടില്ല എന്നും, ആദ്യഘട്ടങ്ങളിൽ പ്രകാശത്തിന് ഗുരുത്വാകർഷണത്തെക്കാൾ വേഗതയിൽ പ്രപ‍ഞ്ചത്തിന്റെ നാനാഭാഗത്തേയ്ക്കും എത്താൻ കഴിഞ്ഞതുകൊണ്ടാണ് അതിന് ഏകതാനത കൈവന്നത് എന്നും അവർ വാദിക്കുന്നു. ഈ വേഗവ്യത്യാസം CMB-യിൽ പ്രതിഫലിയ്ക്കുമെന്നാണ് പ്രവചനം. ആ കണക്കുകൂട്ടൽ പ്രകാരം CMB-യുടെ spectral index എന്ന സവിശേഷതയ്ക്ക് കൃത്യം 0.98478 ആയിരിക്കും മൂല്യം എന്ന് അവർ പ്രവചിക്കുന്നു. ഇതാണ് ഈ സിദ്ധാന്തത്തിന്റെ മാറ്റ് കൂട്ടുന്നത്- പരീക്ഷിച്ച് നോക്കാവുന്ന ഒരു പ്രവചനം അത് മുന്നോട്ട് വെക്കുന്നു. സിദ്ധാന്തത്തെ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാൻ ഈയൊരു പരീക്ഷണം മതി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ spectral index നമ്മൾ ഇപ്പോൾ കണക്കാക്കിയിരിക്കുന്നത് ഏകദേശം 0.968 ആണെന്നതാണ്. പുതിയ സിദ്ധാന്തം പ്രവചിക്കുന്ന മൂല്യത്തോട് അടുത്ത ഒന്നാണത്, പക്ഷേ കൃത്യതക്കുറവുണ്ട്. അതിനാൽ കൂടുതൽ കൃത്യമായ രീതിയിൽ അത് അളക്കേണ്ടതുണ്ട്. അടിസ്ഥാനധാരണകളെ ചോദ്യം ചെയ്യുന്ന ആശയമായതുകൊണ്ട് തന്നെ, പല തവണ പല രീതിയിൽ ഒരുപക്ഷേ അത് വേണ്ടിവന്നേക്കും.

ചുരുക്കത്തിൽ, ഈ ഒരു ആശയം മഹാവികാസസിദ്ധാന്തത്തെ അപ്പാടെ മാറ്റിമറിയ്ക്കും എന്നൊന്നും പറയാറായിട്ടില്ല. രണ്ട് ദിശയിലും ഗവേഷണങ്ങൾ പുരോഗമിയ്ക്കട്ടെ. അവസാനവിജയം ഏത് സിദ്ധാന്തത്തിനായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.