Dec 9, 2017

പ്രവാചകൻമാരേ പറയൂ, സുനാമി അകലെയാണോ?

ഒരു പേപ്പറിൽ 3 സെന്റിമീറ്റർ നീളത്തിൽ ഒരു നേർരേഖ വരയ്ക്കുക. എന്നിട്ട് അതിന്റെ ഒരു അറ്റത്ത്, അതിന് ലംബമായി 4 സെന്റിമീറ്റർ നീളത്തിൽ മറ്റൊരു നേർരേഖ വരയ്ക്കുക. ഇനി ഈ രണ്ട് രേഖകളുടേയും മറ്റു രണ്ട് അറ്റങ്ങൾ ചേർത്ത് മൂന്നാമതൊരു വര വരച്ചാൽ അതൊരു ത്രികോണമായി മാറും.

ഇനി ചോദിക്കട്ടെ, നിങ്ങൾ അവസാനം വരച്ച വരയ്ക്ക് എത്ര നീളമുണ്ടാകും? ആദ്യത്തെ രണ്ട് വരകളും സ്കെയിൽ കൊണ്ട് അളന്ന്, കൃത്യം നീളത്തിൽ നമ്മൾ വരച്ചതാണ്. എന്നാൽ മൂന്നാമത്തെ വര വരയ്ക്കുമ്പോൾ അതിന് എത്ര നീളം വേണം എന്നതായിരുന്നില്ല നമ്മുടെ ആവശ്യം. മറിച്ച് രണ്ട് പോയിന്റുകളെ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇനി നമുക്കതിന്റെ നീളം അറിയേണ്ടതുണ്ട്. എന്താണ് മാർഗം?

ഏറ്റവും സിമ്പിളായ വഴി സ്കെയിൽ എടുത്ത് അതിന്റെ നീളം നേരിട്ട് അളക്കുക എന്നത് തന്നെ. പക്ഷേ മറ്റൊരു മാർഗമുണ്ട്. നിങ്ങൾ സ്കൂളിൽ പഠിച്ച ഗണിതം ഓർമയുണ്ടെങ്കിൽ, അളന്ന് നോക്കാതെ തന്നെ ആ മൂന്നാമത്തെ വരയുടെ നീളം 5 സെന്റിമീറ്റർ ആണെന്ന് അറിയാനാകും. ഇതെഴുതുന്ന ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എവിടെയെങ്കിലുമിരുന്ന് ഇതുപോലൊരു മട്ടത്രികോണം (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങൾ പരസ്പരം ലംബമായിരുന്നാൽ നമ്മളതിനെ മട്ടത്രികോണം എന്ന് വിളിക്കും) വരച്ചാൽ ഇവിടിരുന്ന് അതിന്റെ മൂന്നാമത്തെ വശത്തിന്റെ നീളം എനിയ്ക്ക് പറയാനാകും. അതിന് എന്നെ സഹായിക്കുന്നത് ഒരു ലളിതമായ അറിവാണ്. ആദ്യത്തെ വരയുടെ നീളം a-യും രണ്ടാമത്തേതിന്റെ നീളം b-യും ആണെങ്കിൽ, മൂന്നാമത്തെ വരയ്ക്ക് a²+b² ന്റെ വർഗമൂലത്തിന് (square root) തുല്യമായ നീളമുണ്ടാകും. പൈഥഗോറസ് തിയറം എന്ന പേരിൽ നമ്മൾ പഠിച്ച ഈ നിയമപ്രകാരം c² = a² + b² ആയിരിക്കും. ഇത് ആര് എപ്പോൾ ഏത് പരന്ന പ്രതലത്തിൽ വരയ്ക്കുന്ന ത്രികോണത്തിനും ബാധകമാണ്. ആദ്യം വരയ്ക്കുന്ന വരകൾക്ക് എത്ര നീളവും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. പക്ഷേ മൂന്നാമത്തെ വരയുടെ നീളം നിങ്ങളുടെ നിയന്ത്രണത്തിലല്ല. അത് പൈഥഹോറസ് സിദ്ധാന്തമാണ് തീരുമാനിക്കുന്നത്. ഇനി, മട്ടത്രികോണം തന്നെ ആകണമെന്ന നിർബന്ധം ഒഴിവാക്കുന്നു എന്നിരിക്കട്ടെ. ഏത് ത്രികോണവും ആയിക്കോട്ടെ, ആദ്യത്തെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണും നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ അപ്പോഴും മൂന്നാമത്തെ വശത്തിന്റെ നീളം  c² = a² + b² - 2ab cos(x) എന്ന സമവാക്യം തീരുമാനിക്കും. ഇവിടെ cos(x) എന്ന അളവ് വരകൾ തമ്മിലുള്ള കോൺ മാറുന്നതിനനുസരിച്ച് മാറുന്ന ഒന്നാണ്. അതുകൊണ്ട് രണ്ട് വശങ്ങളുട നീളം മാറാതിരുന്നാൽ പോലും, പരസ്പരമുള്ള കോൺ മാറിയാൽ മൂന്നാമത്തെ വശത്തിന്റെ നീളം മാറും. അത് പക്ഷേ മേൽപ്പറഞ്ഞ രീതിയിലാകും മാറുന്നത്, ആ രീതിയിലേ അത് മാറൂ.

ഇത്രയും പറഞ്ഞത് സ്കൂളിലെ കണക്ക് ക്ലാസിൽ പഠിച്ചുമറന്നത് ഓർമിപ്പിക്കാനല്ല കേട്ടോ. അവിടെ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ്. മൂന്ന് നേർരേഖാ വശങ്ങളും മൂന്ന് മൂലകളും ഉള്ള ഏത് രൂപവും ഒരു ത്രികോണമാണ്. അത് പേപ്പറിൽ വരച്ചതാകണം എന്നൊന്നുമില്ല. പക്ഷേ അവയുടെ വശങ്ങൾ തമ്മിൽ പ്രകൃത്യാൽ തന്നെ ഒരു പരസ്പരബന്ധമുണ്ട്. ആ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഗണിതശാസ്ത്ര മോഡൽ (mathematical model) ആണ് c² = a² + b² - 2ab cos(x) എന്ന സമവാക്യം. ഇത് മനസിലാക്കിയ ഒരാളിന് ഒരു ത്രികോണരൂപത്തിന്റെ രണ്ട് വശങ്ങളുടെ നീളവും അവയ്ക്കിടയിലെ കോണളവും വെച്ച് മൂന്നാമത്തെ വശത്തിന്റെ നീളം അളക്കാതെ തന്നെ അറിയാനാകും.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ശാസ്ത്രം നിങ്ങൾക്ക് നൽകുന്ന പ്രവചനശേഷിയാണ്. പ്രവചനം എന്ന വാക്ക് തന്നെ വല്ലാണ്ട് തെറ്റിദ്ധരിക്കപ്പെട്ടുപോയി. മറ്റുള്ളവർക്കില്ലാത്ത സവിശേഷ കഴിവുകൾ അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത പ്രവാചകരുടെ കുത്തകയായി പ്രവചനങ്ങൾ എടുത്തുകാട്ടപ്പെടുന്നു. പക്ഷേ ശാസ്ത്രം നമുക്ക് പ്രയോജനപ്പെടുന്നത് തന്നെ ഒരർത്ഥത്തിൽ അതിന്റെ പ്രവചനശേഷി കൊണ്ടാണ്. പ്രവാചകരുടെ പ്രവചനവും ശാസ്ത്രീയപ്രവചനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രീയപ്രവചനം മൊബൈൽ ഫോൺ ഉണ്ടാക്കുന്നത് പോലെയാണെങ്കിൽ, പ്രവാചകപ്രവചനം ഒരു മജീഷ്യൻ തൊപ്പിയിൽ നിന്നും മൊബൈൽ ഫോൺ പുറത്തടുക്കുന്നത് പോലെയാണ്. മൊബൈൽ ഫോൺ ഉണ്ടാക്കാൻ അതിന്റെ ഇലക്ട്രോണിക്സും മെറ്റീരിയൽ സയൻസും കമ്യൂണിക്കേഷൻ കോഡും ഒക്കെ അറിയണം. പക്ഷേ മജീഷ്യന് ഇതൊന്നും അറിയേണ്ട കാര്യമില്ല. താൻ പുറത്തെടുക്കാൻ പോകുന്ന മൊബൈൽ ഫോൺ എവിടുന്നെങ്കിലും സംഘടിപ്പിക്കുകയേ വേണ്ടൂ. ശരിയ്ക്കും ആ തൊപ്പിയ്ക്കുള്ളിൽ അപ്പോൾ പ്രത്യക്ഷപ്പെട്ടതാണ് ആ മൊബൈൽ ഫോൺ എന്ന തോന്നൽ ഉണ്ടാക്കേണ്ട കഴിവാണ് അയാൾക്ക് വേണ്ടത്. തത്കാലം ശാസ്ത്രമാണ് സംസാരിക്കുന്നത് എന്നതിനാൽ അത്തരം ട്രിക്കുകൾ ഇവിടത്തെ വിഷയമല്ല. നമുക്ക് ശാസ്ത്രപ്രവചനത്തിലേക്ക് മടങ്ങിവരാം.

ത്രികോണത്തിന്റെ വശങ്ങളെ ബന്ധപ്പെടുത്തുന്ന ഗണിതമോഡൽ പോലെ, ശാസ്ത്രം ഭൗതികലോകത്തെ വിവിധ അളവുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ ഗണിതമോഡലുകൾ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. ദൂരം, വേഗത, താപനില, ഭാരം, സാന്ദ്രത എന്നിങ്ങനെ ഒരു മോഡലിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അളവുകളെ നമുക്ക് ചരങ്ങൾ (variables) എന്ന് വിളിക്കാം. അവ പല രീതിയിൽ മാറാം (vary- ചെയ്യാം) എന്നതിനാലാണ് ആ പേര്. പക്ഷേ അവയുടെ മാറ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ത്രികോണം എന്ന തീർത്തും ഗണിതപരമായ ഉദാഹരണത്തിൽ നിന്ന് അല്പം കൂടി ഭൗതികമായ ഒന്നിലേക്ക് വരാം. നിങ്ങൾ ഒരു കാറിൽ 50 km/h സ്ഥിരവേഗതയിൽ യാതൊരു വളവും ഇല്ലാത്ത ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് സങ്കല്പിക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്ക് നിങ്ങൾ പുറപ്പെടുന്നു. വേഗത മാറുകയോ, വണ്ടി വളയ്ക്കേണ്ടി വരികയോ ചെയ്യുന്നില്ല എങ്കിൽ ഒന്നര മണിക്കൂർ കഴിയുമ്പോൾ നിങ്ങൾ എവിടെയെത്തുമെന്ന് കൃത്യമായി മുൻകൂട്ടി പറയാനാകും. കാരണം, വേഗത, സമയം, സഞ്ചരിക്കുന്ന ദൂരം ഇവ തമ്മിൽ പ്രകൃതിയിൽ ഒരു പരസ്പര ബന്ധമുണ്ട്. അതറിയാവുന്ന ഒരാൾക്ക് ഇതിൽ ഏതെങ്കിലും രണ്ട് കാര്യങ്ങൾ അറിഞ്ഞാൽ മൂന്നാമത്തെ കാര്യം പ്രവചിക്കാനാകും. ഇവിടെ നിങ്ങളുടെ വേഗത v-യും, സഞ്ചരിക്കുന്ന ദൂരം x-ഉം, യാത്ര തുടങ്ങിയതിന് ശേഷമുള്ള സമയം t-യും ആണെങ്കിൽ ഇവ തമ്മിൽ

x = vt

എന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച്, യാത്ര തുടങ്ങിയിട്ട് എത്ര നേരമായി (t എത്ര) എന്ന് നോക്കി എത്ര ദൂരം (x എത്ര) സഞ്ചരിച്ചെത്തി എന്നറിയാം. അതുപോലെ എത്ര ദൂരെ എത്തി എന്ന് നോക്കിയാൽ, എത്ര നേരം യാത്ര ചെയ്തു എന്നുമറിയാം. ഇനി ഇത്ര നേരം കൂടി യാത്ര ചെയ്താൽ ഇത്ര ദൂരെയുള്ള സ്ഥലത്ത് എത്തുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിയ്ക്കും. എന്നാൽ ഇവിടെ വേഗത സ്ഥിരമായി നിർത്തുന്നു എന്ന് നമ്മൾ സങ്കല്പിച്ചിരുന്നു. മറിച്ച് വേഗത സ്ഥിരമല്ല, അത് സെക്കൻഡിൽ a എന്ന അളവിൽ മാറിക്കൊണ്ടിരിക്കുന്നു എങ്കിൽ അവിടെ ദൂരവും സമയവും തമ്മിലുള്ള ബന്ധം

x = vt + (1/2)at²

എന്നായി മാറും.

ആത്യന്തികമായി ശാസ്ത്രം ചെയ്യുന്നത് ഇത്തരം പരസ്പര ബന്ധങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുകയാണ്. ഇപ്പറഞ്ഞതൊക്കെ കാര്യം മനസിലാക്കാനുള്ള എളുപ്പത്തിന് പറഞ്ഞ ലളിതമായ ഉദാഹരണങ്ങളാണ്. പ്രായോഗിക സാഹചര്യങ്ങളോട് കൂടുതൽ അടുക്കുന്തോറും ഈ ഗണിതമോഡലുകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കും. എന്തായാലും ഇവിടത്തെ ഗുണപാഠം ശാസ്ത്രത്തിന് ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രയോഗക്ഷമമായ നിരവധി മോഡലുകൾ ഉണ്ട് എന്നതാണ്. അവ ഉപയോഗിച്ച് നടത്തുന്ന പ്രവചനങ്ങൾ തന്നെയാണ് വിജയകരമായി പ്രവർത്തിക്കുന്ന ഓരോ സാങ്കേതികവിദ്യയും. ഇന്ന് ഇവിടന്ന് റോക്കറ്റിൽ ഘടിപ്പിച്ച് മുകളിലേക്ക് വിടുന്ന ഒരു ബഹിരാകാശ പേടകം എന്ന്, എപ്പോൾ, എവിടെ വെച്ച് ഏത് ഗ്രഹത്തിന്റെ ഏത് വശത്തുകൂടി ഏത് ഭ്രമണപഥത്തിൽ എത്തിച്ചേരുമെന്ന് മുൻകൂട്ടി പറയാനും, അത് ഭ്രമണത്തിനിടെ ആ ഗ്രഹത്തിന്റെ ഏത് പ്രദേശത്തിന് മുകളിൽ വരുമെന്ന് കണക്കാക്കി ഫോട്ടോയെടുക്കാനും ഒക്കെ നമുക്കിന്ന് സാധിയ്ക്കുന്നുണ്ട്. പ്രവാചകരുടെ ഭാഷയിൽ "അടുത്ത രണ്ടുവർഷത്തിനിടെ സൗരയൂഥത്തിലെ ഒരു ഗ്രഹത്തിനടുത്ത് ഒരു പേടകം എത്തിച്ചേരും" എന്നല്ല, അണുകിട തെറ്റാതെ സ്ഥലവും സമയവും പറഞ്ഞാണ് ശാസ്ത്രം അത് പ്രവചിക്കുന്നത്. കോടിക്കണക്കിന് കിലോമീറ്ററുകൾ ദൂരങ്ങളിൽ, മാസങ്ങളുടേയും വർഷങ്ങളുടേയും ഇടവേളകളിൽ നടക്കുന്ന ഇത്തരം കാര്യങ്ങളിൽ സങ്കീർണമെങ്കിൽ പോലും കൃത്യമായ ഗണിതമോഡലുകൾ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്.

ഒക്കെ ശരി. പക്ഷേ അന്യഗ്രഹത്തിൽ പോയി ഇത്രയൊക്കെ സാധിച്ചിട്ടും, ഇവിടെത്തന്നെയുള്ള കാലാവസ്ഥ പ്രവചിക്കുന്ന കാര്യത്തിൽ എന്താണ് നമ്മളിത്ര പിന്നോട്ട് പോകുന്നത്?

പ്രവചനത്തിന്റെ കൃത്യതയുടെ കാര്യം വരുമ്പോൾ അന്യഗ്രഹമാണോ എന്നതൊന്നുമല്ല വിഷയം. നമ്മുടെ മോഡലിൽ ഉൾപ്പെട്ടിരിക്കുന്ന വേര്യബിളുകളുടെ എണ്ണം, സ്വഭാവം തുടങ്ങിയവയാണ്. താപനില കൂടുന്നതിന്റേയും, മഴ പെയ്യുന്നതിന്റേയും, കാറ്റടിക്കുന്നതിന്റേയും ഒക്കെ അടിസ്ഥാനശാസ്ത്രം നമുക്ക് വളരെ ഭംഗിയായി തന്നെ ഇന്നറിയാം. ഈ അടിസ്ഥാനനിയമങ്ങൾ ഉപയോഗിച്ച്, അന്തരീക്ഷത്തിലെ പല വേര്യബിളുകളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന കാലാവസ്ഥാ ഗണിതമോഡലുകളാണ് പ്രവചനത്തിനായി ഉപയോഗിക്കുന്നത്. താപനില, മർദ്ദം, ജലബാഷ്പത്തിന്റെ അളവ്, കാറ്റിന്റെ സ്പീഡ് എന്നിങ്ങനെ പല വേര്യബിളുകളാണ് ഈ മോഡലിൽ ഉള്ളത്. പക്ഷേ ഇവിടെ ഗൗരവകരമായ ചില വെല്ലുവിളികൾ ഉണ്ട്. ഭൂമി എന്ന വിശാലമായഗോളത്തിന്റെ ഉപരിതലത്തിൽ ഓരോയിടത്തും ഈ വേര്യബിളുകൾക്ക് സാരമായ വ്യത്യാസമുണ്ട്. ഭൗമോപരിതലത്തിൽ പല ഭാഗങ്ങളിൽ പല അളവിൽ സൂര്യപ്രകാശം വീഴുന്നു, ഒരുപോലെ വീണാൽ തന്നെ പല അളവിൽ ഊർജം ആഗിരണം ചെയ്യപ്പെടുന്നത് കൊണ്ട് ഉപരിതലം പല അളവിൽ ചൂട് പിടിക്കുന്നു, ചൂടുള്ള ഭാഗത്തേയ്ക്ക് തണുത്ത ഭാഗത്ത് നിന്ന് വായു ഒഴുകുന്നു, കടലിൽ ചൂട് വ്യത്യാസം ജലപ്രവാഹങ്ങൾ ഉണ്ടാക്കുന്നു, എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് അത് സംഭവിക്കുന്നത്. ഇനി മറ്റൊന്നുള്ളത്, ഈ വേര്യബിളുകളുടെ സ്വാധീനശക്തിയാണ്. ഇവയിലെ ചെറിയ വ്യതിയാനം പോലും സമയക്രമേണ അനന്തരഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ഉദാഹരണത്തിന് ആമസോൺ കാട്ടിൽ ചിറകടിക്കുന്ന ഒരു പൂമ്പാറ്റ അതിന് ചുറ്റുമുള്ള വായുവിൽ നേരിയ മർദ്ദവ്യത്യാസവും കാറ്റും ഉണ്ടാക്കുന്നുണ്ടാവുമല്ലോ. ഈ വ്യതിയാനം അതിന് ചുറ്റുമുള്ള വായുവിനെയും സ്വാധീനിക്കും. ഇത് പതിയെ പതിയെ തുടർന്നുപോയാൽ ന്യൂയോർക്കിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടാൻ മാത്രമുള്ള വ്യതിയാനം അന്തരീക്ഷത്തിൽ ഉണ്ടാക്കാനുള്ള സാഹചര്യം പോലും സൈദ്ധാന്തികമായി സാധ്യമാണ് (ബട്ടർഫ്ലൈ ഇഫക്റ്റ് എന്നാണ് ഈ സാധ്യതയ്ക്കുള്ള ഓമനപ്പേര്) ഇത് കൊണ്ട് തന്നെ താപനിലയും മർദ്ദവും ആർദ്രതയും ഒക്കെ പരമാവധി കൃത്യതയോടെ അളക്കേണ്ടതുണ്ട്. x = vt എന്ന സമവാക്യം വച്ച് സഞ്ചരിച്ച ദൂരം എത്രത്തോളം കൃത്യമായി കണക്കാക്കാം എന്നത്, v-യും t-യും എത്രത്തോളം കൃത്യമായി അറിയാം എന്നതിനെ അനുസരിച്ചിരിക്കുമല്ലോ. ഉപഗ്രഹങ്ങളും കടലിലും കരയിലുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളും, വിമാനങ്ങളിലും കപ്പലുകളിലും ഒക്കെയുള്ള സെൻസറുകളും ഉൾപ്പടെ ഭൂമിയുടെ പരമാവധി ഭാഗങ്ങളിൽ നിന്ന് കഴിയാവുന്നത്ര കൃത്യതയോടെ ശേഖരിക്കുന്ന ഡേറ്റയാണ് നമ്മൾ കാലാവസ്ഥാ കംപ്യൂട്ടർ മോഡലുകളിലേക്ക് കൊടുക്കുന്നത്.

കംപ്യൂട്ടറിലേക്ക് കൊടുത്തു എന്ന് സിമ്പിളായി പറയുമ്പോൾ കാര്യം കഴിഞ്ഞു. പക്ഷേ ഇതത്ര ചെറിയ കാര്യമല്ല. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയുടെ വലിപ്പം നോക്കുമ്പോൾ ഒരു സാധാരണ കംപ്യൂട്ടർ മുട്ടിടിച്ച് നിൽക്കുകയേ ഉള്ളൂ. പല മുറികൾ നിറഞ്ഞുനിൽക്കാൻ മാത്രം വലിപ്പമുള്ള ഭീമൻ സൂപ്പർകംപ്യൂട്ടറുകൾക്ക് മാത്രമേ ഇത്രയും ഡേറ്റ ക്ലിപ്ത സമയത്തിനുള്ളിൽ കൈകാര്യം ചെയ്യാനാകൂ. കിട്ടിയ ഡേറ്റ കൂട്ടിക്കിഴിച്ച് വരും ദിവസങ്ങളിൽ അന്തരീക്ഷത്തിന്റെ അവസ്ഥ ഇന്നയിന്ന സ്ഥലത്ത് ഇന്നയിന്ന രീതിയിലായിരിക്കും എന്ന് കംപ്യൂട്ടർ ചൂണ്ടിക്കാണിക്കും. നമ്മൾ കൊടുത്ത ഡേറ്റയിലെ ചെറിയ കൃത്യതക്കുറവ് പോലും കംപ്യൂട്ടർ തരുന്ന ഔട്ട്പുട്ടിൽ കാര്യമായ വ്യത്യാസം വരുത്തിയേക്കും. നമ്മുടെ എല്ലാ ഉപകരണങ്ങൾക്കും സഹജമായ കൃത്യതക്കുറവ് ഉണ്ടാകുമെന്നതാണ്അവിടത്തെ യാഥാർത്ഥ്യം. സദാമാറിക്കൊണ്ടിരിക്കുന്ന താപനിലയും മർദ്ദവുമൊക്കെ, കംപ്യൂട്ടറിലേക്ക് ഡേറ്റ കൊടുക്കുന്നതിനും അതിന്റെ ഔട്ട്പുട്ട് വരുന്നതിനും ഇടയിലുള്ള സമയത്തിനുള്ളിൽ തന്നെ ഒരുപാട് മാറിയെന്നും വരാം. ഇതാണ് കാലാവസ്ഥാ പ്രവചനത്തിലെ വെല്ലുവിളി. ഡേറ്റ ശേഖരിക്കുന്നതിലെ കൃത്യത കൂട്ടുക, കംപ്യൂട്ടറുകളുടെ വേഗത കൂട്ടുക, കൂടുതൽ കാര്യക്ഷമതയുള്ള ഗണിതമോഡലുകൾ നിർമിക്കുക, തുടങ്ങിയവയാണ് കൂടുതൽ കൃത്യമായ പ്രവചനത്തിന് വേണ്ടത്. എന്തായാലും, കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ ഗംഭീരമായ പുരോഗതി നമ്മൾ നേടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഇനി മുന്നോട്ടും കൃത്യത കൂടാൻ തന്നെയാണ് സാധ്യത.

പക്ഷേ... ആകാശത്തേയ്ക്ക് കൃത്രിമോപഗ്രഹം വിടുമ്പോൾ "പാവങ്ങളുടെ പട്ടിണി മാറ്റിയിട്ട് പോരേ ഇതൊക്കെ?" എന്ന് ചോദിക്കുന്നതും, ആകാശത്തോട്ട് നോക്കി 'സുനാമി വരാൻ പോകുന്നു' എന്ന് വെളിപാട് വിളമ്പുന്നവരെ പൊക്കിനടക്കുന്നതും ഒക്കെയാണ് നമ്മുടെ ട്രെൻഡ് എങ്കിൽ, കുറച്ച് കൂടുതൽ കാത്തിരിക്കേണ്ടി വരും. 

Nov 3, 2017

"ആളുകൾക്കെങ്ങനെ ഇത്ര വിഡ്ഢികളാകാൻ കഴിയുന്നു!"

ആളുകൾക്കെങ്ങനെയാണ് ഇത്ര വിഡ്ഢികളാകാൻ കഴിയുന്നത്?! എന്റെ നിരവധി സുഹൃത്തുക്കൾ ഓൺലൈനും ഓഫ്ലൈനും ഇത്തരമൊരു ആശ്ചര്യം പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഫെയ്സ്ബുക്കിലും സർക്കിളിൽ ഉള്ള ഭൂരിഭാഗം പേരും സമാനചിന്താഗതിക്കാരായതിനാൽ, ഇത് വായിക്കുന്നവരിലും നിരവധി പേർ ഇങ്ങനെ ആശ്ചര്യപ്പെടുന്നുണ്ടാകും. ആളുകൾ അവിശ്വസനീയമാം വിധം വിഡ്ഢിത്തം സംസാരിക്കുന്നു എന്നാണ് മിക്കവരും പറയുന്നത്. എന്താകാം അതിന് കാരണം?

ഇക്കാര്യത്തിലെ വ്യക്തിപരമായ അഭിപ്രായം, ആളുകൾ അങ്ങനെ വിശേഷിച്ച് കൂടുതൽ വിഡ്ഢികളൊന്നും ആയിട്ടില്ല എന്നതാണ്. ആധുനികമായ വിവരകൈമാറ്റ സങ്കേതങ്ങൾ വന്നപ്പോൾ, ആളുകൾ കൂടുതൽ തുറന്നുകാട്ടപ്പെടുന്നു എന്നതാണ് ഇത്തരമൊരു ഫീലിങ് ഉണ്ടാകാൻ കാരണമെന്നാണ് ഞാൻ കരുതുന്നത്. കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ, നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ ആമാശയഭിത്തി തകരും എന്ന ആരോഗ്യസംരക്ഷണ സന്ദേശം ഫോർവേഡ് ചെയ്യുന്ന ബന്ധു ഒരു വിഡ്ഢിയാണോ എന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ വാട്സാപ്പ് ഗ്രൂപ്പ് എന്നൊരു സംഗതി ഇല്ലായിരുന്നു എങ്കിൽ, ഈ അമ്മാവൻ ശരീരശാസ്ത്രത്തെക്കുറിച്ച് എന്താണ് മനസിലാക്കി വെച്ചിരിക്കുന്നത് എന്ന് നിങ്ങൾ അറിയാനുള്ള സാധ്യത വളരെ കുറവാണ് എന്നുകൂടി ഓർക്കണം. ബന്ധുക്കൾ, അയൽക്കാർ, പഴയ അധ്യാപകർ എന്നിങ്ങനെ നമ്മുടെ സാമൂഹ്യവൃത്തത്തിലെ നിരവധി ആളുകളുമായുള്ള നമ്മുടെ സാധാരണ സംഭാഷണങ്ങൾ പരിശോധിക്കുക. അത് ഏതൊണ്ടൊക്കെയും പൊതുവായ പരിചയക്കാരുടെ വിശേഷങ്ങൾ, കുടംബാംഗങ്ങളുടെ സുഖവിവരങ്ങൾ, വിലവിവരങ്ങൾ, രാഷ്ട്രീയചലനങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്. ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങൾ അതിൽ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ നമ്മൾ ഇപ്പറഞ്ഞ മേഖലകളിൽ എന്തൊക്കെ ധാരണകളും വീക്ഷണങ്ങളും വെച്ചുപുലർത്തുന്നു എന്ന് പരസ്പരം അറിയാറില്ല. അറിയാൻ ശ്രമിക്കാറുമില്ല. സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഇത്തരം ധാരണകൾ പുറത്തേയ്ക്ക് പ്രതിഫലിക്കാൻ തുടങ്ങിയത്. അത് പോലും, അവരുടെ അഭിപ്രായങ്ങളിലൂടെയല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അവർ യോജിക്കുന്ന - അതായത്, അവർ ലൈക്ക് ചെയ്യുകയും ഫോർവേഡ് ചെയ്യുകയും ചെയ്യുന്ന - അഭിപ്രായങ്ങൾ പരോക്ഷമായിട്ടാണ് അവരുടെ വിക്ഷണങ്ങളെ തുറന്നുകാണിക്കുന്നത്. അവരുടെ അറിവും അറിവുകേടും അങ്ങനെ പുറത്തുവരുന്നു. അതൊരു സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് തന്നെ പണ്ട് സ്കൂളിൽ പഠിപ്പിച്ച ടീച്ചർ, ഷെയർ ചെയ്താൽ അത്ഭുതം കാട്ടിത്തരുന്ന ദൈവത്തിന്റെ പടം ഷെയർ ചെയ്തേക്കുന്നത് കണ്ണിൽ പെട്ടാൽ അതിൽ തെല്ലും അത്ഭുതപ്പെടാനില്ല. ആ ടീച്ചറെ കുറിച്ചുള്ള ചില പുതിയ അറിവുകൾ നിങ്ങൾക്ക് കിട്ടുന്നതായി മാത്രമേ അവിടെ കരുതേണ്ടതുള്ളൂ.

ഇവിടെ, സ്റ്റീവൻ പിങ്കർ 'Curse of knowledge' എന്ന് വിളിച്ച ഒരു മനുഷ്യഗുണത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഒരു കാര്യം മനസിലാക്കിയവർക്ക്, അത് മനസിലാകാത്തവർ എങ്ങനെ ചിന്തിക്കുന്നു എന്ന് ഊഹിക്കാനുള്ള കഴിവില്ലായ്മയാണത്. കുട്ടികളിൽ നടത്തിയ ഒരു പരീക്ഷണം ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ കുട്ടികളെ ഒരു ലാബിലേക്ക് വിളിച്ചുവരുത്തി, അവരുടെ കൈയിൽ ഓരോ മിട്ടായിപ്പെട്ടി കൊടുത്തു. മിട്ടായി കിട്ടുമെന്ന് പ്രതീക്ഷിച്ച് പെട്ടി തുറന്ന കുട്ടികൾക്ക്, കിട്ടിയത് പെൻസിലുകളാണ്. ആ കുട്ടികൾക്ക് അതിന് ശേഷമുണ്ടായ ധാരണ, ഇനി മിട്ടായിപ്പെട്ടി കിട്ടുന്ന മറ്റ് കുട്ടികൾ പെട്ടിയിൽ പെൻസിലാകും പ്രതീക്ഷിക്കുക എന്നതാണ്. എന്ന് മാത്രമല്ല, പെൻസിലാണ് കിട്ടാൻ പോകുന്നത് എന്ന് നേരത്തേ അറിയാമായിരുന്നു എന്ന് വരെ അവർ പറഞ്ഞു. കുട്ടികൾ കള്ളം പറഞ്ഞതല്ല. മറിച്ച്, മിട്ടായിപ്പെട്ടിയുടെ ഉള്ളിൽ പെൻസിലാണ് എന്ന 'അറിവ്' കിട്ടിയ കുട്ടികൾക്ക് ആ അറിവ് ഇല്ലാത്ത അവസ്ഥ മനസിൽ സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല എന്നതാണ്. കുട്ടികൾ വളരുമ്പോൾ, ഈ ഒരു പരിമിതി മറികടക്കാറുണ്ട് എങ്കിലും, ഇതിന്റെ ചില അവശേഷിപ്പുകൾ നമുക്ക് മുതിർന്നവരിലും കാണാനാവും. പഠിപ്പിക്കുന്ന വിഷയത്തിൽ അഗാധമായ അറിവുള്ള പല അധ്യാപകരും മോശം അധ്യാപകരെന്ന ചീത്തപ്പേര് സമ്പാദിക്കുന്നത് ഇതിലൂടെയാണ്. മുമ്പിലിരിക്കുന്ന കുട്ടികൾക്ക് തനിക്കറിയാവുന്ന -താൻ അടിസ്ഥാനപരമെന്ന് കരുതുന്ന- പല കാര്യങ്ങളും അറിയില്ല എന്ന കാര്യം അവർക്ക് ഉൾക്കൊള്ളാനാകില്ല. അതൊന്നും അറിയാത്ത അവസ്ഥ അവർക്ക് സങ്കല്പിക്കാനുമാവില്ല. അതുകൊണ്ട് തന്നെ അവർ പറയുന്നത് വിദ്യാർത്ഥികൾക്ക് മനസിലാവില്ല. പ്രസംഗിക്കുമ്പോഴും, എഴുതുമ്പോഴുമൊക്കെ ആശയവിനിമയത്തിൽ ഈ 'അറിവിന്റെ ശാപം' പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് മനസിലാകാത്ത എഴുത്തുകളും പ്രഭാഷണങ്ങളും പരിശോധിച്ചാൽ മിക്കവയിലും ഇത് തന്നെയാണ് പ്രധാന വില്ലൻ എന്ന് മനസിലാകും.

പുരോഗമന-യുക്തി-ശാസ്ത്രചിന്താ വിഷയങ്ങളിൽ ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന പലർക്കും ഈ അറിവിന്റെ ശാപം ഉള്ളതായി ശ്രദ്ധിച്ചിട്ടുണ്ട് (എന്നിൽ അത് എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയില്ല). ഭാര്യ ഉൾപ്പടെയുള്ള സുഹൃത്തുക്കളിൽ ഞാനത് അടുത്ത് നിന്ന് ശ്രദ്ധിച്ചിട്ടുണ്ട്. 'ഇതെന്താ ഇവർ ഇങ്ങനെ!' എന്ന് അവർ ആശ്ചര്യപ്പെടുന്ന പല കാര്യങ്ങളിലും എന്റെ വികാരം 'ഇതിലെന്താ അസ്വാഭാവികമായിട്ടുള്ളത്!' എന്നായിരിക്കും. ആ ഒരു കാരണം കൊണ്ട് തന്നെ, അറിവിന്റെ ശാപം എന്നെ അധികം പിടികൂടിയിട്ടില്ല എന്നൊരു തോന്നൽ എനിക്കുണ്ട്. ഒരു ആത്മപരിശോധനയിൽ എന്റെ ഒരു പ്രത്യേകതയായി തോന്നിയത്, ഓർമ്മശക്തി പൊതുവേ വളരെ ദുർബലമാണെങ്കിൽ പോലും, ഓരോരോ കാലത്തും ഞാൻ എങ്ങനെയായിരുന്നു എന്ന കാര്യം എനിക്ക് ഏതാണ്ട് തെളിച്ചത്തോടെ തന്നെ ഓർമയുണ്ട് എന്നതാണ്. ഉദാഹരണത്തിന്, ഒരു പത്ത് വർഷം മുൻപ് എന്റെ ചിന്താഗതി, ലോകവീക്ഷണം, താത്പര്യങ്ങൾ, ഇഷ്ടക്കേടുകൾ എന്നിവയൊക്കെ എന്തായിരുന്നു എന്ന് കൃത്യമായ ഓർമയുണ്ടെനിക്ക്. ദൈവവിശ്വാസിയായ, സംഘിമനോഗതിയോടെ ഗീതയിൽ ക്വാണ്ടം മെക്കാനിക്സ് തിരഞ്ഞിരുന്ന, പുരുഷൻ സ്ത്രീയെക്കാൾ മഹത്തരമായ സൃഷ്ടിയാണെന്ന് ധരിച്ചിരുന്ന ആ ഞാൻ ഇന്നത്തെ എന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു മരമണ്ടനാണ്. ജീവപരിണാമം എന്താണെന്ന് മനസിലാക്കിയപ്പോൾ എന്നിൽ എന്ത് മാറ്റം വന്നുവെന്ന് എനിക്കറിയാം. അതൊരുപക്ഷേ വാക്കുകളിൽ വിവരിച്ച് ഫലിപ്പിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ പോലും. അതുപോലെ തന്നെ, ജീവപരിണാമം അറിയുമായിരുന്നില്ലാത്ത എന്നെ, എനിക്ക് ഇപ്പോഴും പിന്നോട്ട് നോക്കിയാൽ വ്യക്തമായി കാണാം. അത് ഒരുകാലത്തെ ഞാൻ തന്നെ ആയതുകൊണ്ട് എനിക്ക് ജീവപരിണാമം അറിയാത്ത ഒരാളുടെ ചിന്താഗതി കുറേയൊക്കെ ഊഹിക്കാനും കഴിയുന്നുണ്ട്. കൺഫ്യൂഷ്യസോ മറ്റോ പറഞ്ഞ്, ഐൻസ്റൈന്റേയും അബ്ദുൾ കലാമിന്റെയുമൊക്കെ പേരുകളിൽ പ്രചരിപ്പിച്ച് കണ്ടിട്ടുള്ള ഒരു വാചകമുണ്ട് - 'Once mind stretches to a new idea, it never goes back to its original dimension'. അറിവിന്റെ ശാപത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ശാസ്ത്രവും മറ്റ് ആധുനിക വീക്ഷണങ്ങളും ഉൾക്കൊണ്ട ആളുകൾക്ക്, അതിന് മുന്നത്തെ അവരവരുടെ തന്നെ അവസ്ഥ സങ്കല്പിച്ചെടുക്കാൻ കഴിയുന്നില്ല എന്ന് വേണം കരുതാൻ. ഒരു യുക്തിവാദി സുഹൃത്ത്, ഒരു വിശ്വാസിയോട് കുറേ ലോജിക്കൽ ന്യായങ്ങൾ നിരത്തിയിട്ട് 'ദൈവമെന്ന ഈ വിഡ്ഢിസങ്കല്പത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?' എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ഈ സുഹൃത്ത് അഞ്ച് വർഷം മുൻപ് വരെ ഒരു വിശ്വാസിയായിരുന്നു എന്നറിയാം. അത് അദ്ദേഹവും തുറന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ ആ ചോദ്യത്തിൽ നിന്ന്, അഞ്ച് വർഷം മുന്നത്തെ അദ്ദേഹത്തെ അദ്ദേഹത്തിന് തന്നെ ഓർത്തെടുക്കാൻ പറ്റുന്നില്ല എന്ന് വ്യക്തമാകുന്നു. '...never goes back to original dimension' എന്ന പരിമിതി എത്ര ഗുരുതരമാണ് എന്ന് ഇതിലൂടെ മനസിലാക്കാം. പത്ത് കൊല്ലം മുൻപ് ഞാൻ ഒരു വിശ്വാസി ആയിരുന്നെങ്കിൽ, ഇന്നത്തെ ഒരു വിശ്വാസിയ്ക്ക് പത്ത് കൊല്ലം മുൻപ് എനിക്ക് ഉണ്ടായിരുന്ന ന്യായങ്ങളെല്ലാം ദൈവത്തിന് വേണ്ടി നിരത്താനുണ്ടാകും എന്ന് ഞാൻ കരുതുന്നു. അന്ന് ഒരു വിഡ്ഢിയായിരുന്ന ഞാൻ പത്ത് കൊല്ലം കൊണ്ട് വലിയ ബുദ്ധിമാനായതുകൊണ്ടാണ് അവിശ്വാസിയായത് എന്ന് അതിനർത്ഥമില്ല. സ്വന്തം ചിന്താഗതിയിലെ ചില അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞു എന്ന് മാത്രമാണ് അതിനർത്ഥം.

പറഞ്ഞുവന്നത് ഉപസംഹരിക്കാം. ഇന്ന് വിഡ്ഢിത്തം പറയുന്നവരെല്ലാം വിഡ്ഢികളാകണം എന്നില്ല. മനുഷ്യന്റെ ചിന്താഗതിയിലെ സഹജമായ പരിമിതികൾ അവരിൽ പ്രകടമാകുന്നു എന്നേയുള്ളൂ. ആ മനസുകളെ പുതിയ തലങ്ങളിലേക്ക് വലിച്ചുനീട്ടാൻ (stretch to new dimensions) പ്രാപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് അവിടെ പ്രായോഗികമായ ഒരു പരിഹാരമാർഗം. എന്നെ സംബന്ധിച്ച്, അതിന് സഹായിച്ചത് ശാസ്ത്രമായിരുന്നു. ആ തിരിച്ചറിവിൽ, ശാസ്ത്രം പ്രചരിപ്പിച്ച് മനസുകളെ പുതിയ തലത്തിലേക്ക് വലിക്കാൻ ശ്രമിക്കുന്നതിനാണ്, വിഡ്ഢിത്തങ്ങളെ പരിഹസിച്ച് തിരുത്താൻ ശ്രമിക്കുന്നതിനെക്കാൾ ഞാൻ പ്രാധാന്യം കല്പിക്കുന്നത്. 

Oct 23, 2017

ഗോളാകൃതിയുള്ള കുതിരകൾ

ആറ് വർഷങ്ങൾ ഒരു ശാസ്ത്രഗവേഷകനായി ജീവിച്ചതുകൊണ്ട് എന്ത് ഗുണമുണ്ടായി എന്നൊരു ആത്മപരിശോധന നടത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഗുണങ്ങൾ പലതുണ്ടായിട്ടുണ്ട്. പി.എച്ച്.ഡി. എന്നൊരു ഡിഗ്രിയും അത് കാരണം മുന്നോട്ടുള്ള തൊഴിലവസരങ്ങളിൽ കിട്ടിയ മുൻഗണനയും, ദേശീയ-അന്തർദേശീയ തലങ്ങളിൽ കിട്ടിയ എക്സ്പോഷർ എന്നിങ്ങനെ പലതും. പക്ഷേ ഇതിനെക്കാളൊക്കെ ഞാൻ വിലമതിക്കുന്ന മറ്റൊരു ഗുണം ഉണ്ടായിട്ടുണ്ട്. അത് പ്രശ്നങ്ങളെ സമീപിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു രീതി ഞാനറിയാതെ എന്നിൽ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്നതാണ്.  എത്രത്തോളം അത് പറഞ്ഞുഫലിപ്പിക്കാൻ കഴിയും എന്നുറപ്പില്ല. എന്നാലും അത് വ്യക്തമാക്കാൻ ഒരു ശ്രമം നടത്താം.

എം.എസ്. സി. വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം കഴിഞ്ഞാണ്,  ഗവേഷണപഠനം ആരംഭിച്ചത്. അപ്പോഴത്തെ ഒരു ആവേശത്തിന്റെ അളവ് വെച്ചാണെങ്കിൽ ആറ് മാസം കൊണ്ട് മിനിമം രണ്ട് നൊബേൽ പ്രൈസ് അടിച്ചെടുക്കാനുള്ള മട്ടായിരുന്നു. കാരണമെന്താണെന്നോ? പാഠപുസ്തകത്തിൽ പഠിച്ച ലളിതവൽക്കരിച്ച മോഡലുകൾ അടിസ്ഥാനമാക്കിയുള്ള അറിവ് തരുന്ന ആത്മവിശ്വാസം. ശാസ്ത്രലോകം കണ്ടെത്തിയ കാര്യങ്ങൾ വരിവരിയായി മുൻപിൽ നിരത്തുന്നതല്ലാതെ, അവയൊക്കെ ഏതൊക്കെ രീതിയിലാണ് കണ്ടെത്തപ്പെട്ടത് എന്ന് പാഠപുസ്തകങ്ങൾ നമ്മളോട് പറയാറില്ല. അവിടെ ഒരു കാര്യത്തെ പറ്റി പറയുമ്പോൾ അതിനെ പ്രത്യേകം മാറ്റിനിർത്തിയാണ് സംസാരിക്കുക. ഉദാഹരണത്തിന്, ന്യൂട്ടന്റെ ചലനനിയമം പഠിയ്ക്കുമ്പോൾ നിങ്ങൾ ഒരു വസ്തുവിനെ F ബലം പ്രയോഗിച്ച് തൊഴിച്ചാൽ m പിണ്ഡമുള്ള വസ്തുവിന്  F/m വേഗവ്യത്യാസം ഉണ്ടാകുമെന്ന് പറയും. ഇത് പരീക്ഷിക്കാൻ പറ്റിയ പരീക്ഷണങ്ങൾ ഒരുപക്ഷേ ലാബിൽ ചെയ്ത് ബോധ്യപ്പെട്ടെന്നും ഇരിക്കും. പക്ഷേ നിങ്ങൾ തൊഴിയ്ക്കുന്ന വസ്തു ജീവനുള്ള ഒരു അൽസേഷ്യൻ പട്ടിയാണെങ്കിലോ? അവിടെ ചുമ്മാ F-ഉം m-ഉം വെച്ച് ഗുണിച്ചും ഹരിച്ചും കണ്ടുപിടിക്കാവുന്ന ഫലങ്ങളാവില്ല ഉണ്ടാകുക. ഒരു ക്ലാസ് റൂമിൽ ഇത്തരമൊരു സംശയം ഉയരാനുള്ള സാധ്യത കുറവാണ്. ഉയർന്നാൽ തന്നെ പഠിയ്ക്കുന്നയാളും പഠിപ്പിക്കുന്ന ആളും ഒരുപോലെ ചിരിക്കുന്ന ഒരു തമാശ എന്നതിനപ്പുറം ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. എന്നാൽ ഇതിന് തമാശയ്ക്കപ്പുറം വലിയ പ്രസക്തിയുണ്ട്. F ബലം m പിണ്ഡമുള്ള വസ്തുവിൽ ഉണ്ടാക്കുന്ന പ്രഭാവവും പ്രതീക്ഷിച്ച് അൽസേഷ്യനെ തൊഴിയ്ക്കാൻ പോയതുപോലുള്ള അനുഭവങ്ങൾ ഗവേഷണജീവിതത്തിനിടെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവിടത്തെ പ്രശ്നം യഥാർത്ഥ പ്രശ്നങ്ങളെ ലളിതവൽക്കരിച്ച മോഡലുകൾ വെച്ച് പരിഹരിക്കാമെന്നുള്ള വ്യാമോഹമാണ്.

ഫിസിക്സ് ക്ലാസിൽ ന്യൂട്ടന്റെ നിയമം പഠിക്കുമ്പോൾ, ബലവും ചലനവും തമ്മിലുള്ള ബന്ധം പറയുന്നതിന് ഈ രണ്ട് കാര്യങ്ങളൊഴികേ മറ്റെല്ലാ ഘടകങ്ങളേയും പരമാവധി ഒഴിവാക്കിയാണ് ഉദാഹരണങ്ങൾ പറയുക. m പിണ്ഡമുള്ള വസ്തു എന്നുവെച്ചാൽ m പിണ്ഡമുണ്ടാക്കാൻ വേണ്ട പദാർത്ഥം ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു, അതിൽ മറ്റ് ബലങ്ങളൊന്നും പ്രവർത്തിക്കുന്നില്ല, അത് മറ്റേതെങ്കിലും ഊർജം സ്വീകരിക്കുകയോ പുറത്തേയ്ക്ക് വിടുകയോ ചെയ്യുന്നില്ല, അതിനുള്ളിൽ മറ്റൊരുതരത്തിലുള്ള ആന്തരിക പ്രവർത്തനങ്ങളും നടക്കുന്നില്ല, എന്നിങ്ങനെ നിരവധി നിബന്ധനകൾ പാഠപുസ്തകങ്ങൾ വെയ്ക്കുന്നുണ്ട്. കാലാകാലങ്ങളായി പരീക്ഷകളും ചോദ്യങ്ങളും ബലത്തേയും ചലനത്തേയും മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നതുകൊണ്ട് പഠിക്കുന്നവരോ, പലപ്പോഴും പഠിപ്പിക്കുന്നവരോ പോലും ഇത്തരം നിബന്ധനകളെപ്പറ്റി ഓർക്കാറില്ല എന്നേയുള്ളൂ. ബലം പ്രയോഗിക്കുമ്പോൾ ചലനത്തിന് എന്ത് സംഭവിക്കുന്നു എന്ന് വിശദീകരിക്കാനുള്ള ഒരു സിമ്പിൾ മോഡൽ മാത്രമായി ആ സാഹചര്യത്തെ ലളിതവൽക്കരിക്കുകയാണ് ഇത്തരം നിബന്ധനകൾ ചെയ്യുന്നത്. പട്ടിയെ തൊഴിയ്ക്കുന്ന ഒരു ജീവിത സാഹചര്യത്തിൽ, ഇത്തരം നിബന്ധനകൾക്ക് യാതൊരു പങ്കുമില്ല. എന്നാൽ അവിടെ ഫിസിക്സേ ഇല്ലാന്നല്ല അതിനർത്ഥം. അവിടെ പട്ടി എന്നത് വെറുമൊരു 'പിണ്ഡമുള്ള വസ്തു' അല്ല. മറിച്ച്  ഊർജവും ദ്രവ്യവും അകത്തേയ്ക്ക് സ്വീകരിക്കുകയോ പുറത്തേയ്ക്ക് വിടുകയോ ഒക്കെ ചെയ്യുന്ന, ഉള്ളിൽ നിരവധി രാസ-ഭൌതിക മാറ്റങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു കോംപ്ലക്സ് സിസ്റ്റമാണ്. അവയെല്ലാം പരിഗണിക്കാതെ അവിടത്തെ വിശകലനം പൂർത്തിയാകില്ല. ആ കോംപ്ലക്സിറ്റിയെ അംഗീകരിക്കാതെ, പട്ടിയെ തൊഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ന്യൂട്ടന്റെ ചലനനിയമം വെച്ച് പരിഹരിക്കാനിറങ്ങുന്നത് മണ്ടത്തരമാണ്. ഇക്കാര്യത്തിന്റെ അടിസ്ഥാനത്തിൽ ഫിസിക്സുകാരെ കളിയാക്കുന്ന ഒരു തമാശയുണ്ട്. ഏതൊരു കുതിരപ്പന്തയത്തിലും ഏത് കുതിര ജയിക്കുമെന്ന് കൃത്യമായി കണക്കാക്കുന്ന ഒരു സമവാക്യം ഒരു ഭൌതികശാസ്ത്രജ്ഞൻ കണ്ടുപിടിച്ചുവത്രേ. അത് പക്ഷേ ശൂന്യതയിലൂടെ ചലിക്കുന്ന ഗോളാകൃതിയുള്ള കുതിരകളിൽ മാത്രമേ പ്രയോഗിക്കാൻ പറ്റൂ! (spherical horses moving through vacuum)

പറഞ്ഞുവന്ന വിഷയത്തിലേക്ക് മടങ്ങിവരാം. ഗവേഷണത്തിനായി ചെലവഴിച്ച സമയം പഠിപ്പിച്ച ചില വിലപ്പെട്ട പാഠങ്ങളുണ്ട്. മുന്നിലുള്ള പ്രശ്നം പരിഹരിക്കാൻ ആദ്യം പ്രശ്നം എവിടെ ഏതൊക്കെ രീതിയിൽ കിടക്കുന്നു എന്ന് വ്യക്തമാകണം. അതിന്റെ കാരണം എവിടേയ്ക്കൊക്കെ നീളുന്നു എന്ന് മനസിലാക്കണം. ചിലപ്പോൾ ഒറ്റനോട്ടത്തിൽ കാണാത്ത നിരവധി ഘടകങ്ങൾ ആ പ്രശ്നത്തെ സ്വാധീനിക്കുന്നുണ്ടാകും. നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്ന പരിഹാരങ്ങൾ പരാജയപ്പെടുമ്പോൾ മാത്രമാണ് അവയോരോന്നും നമ്മൾ തിരിച്ചറിയുക. ഒരു പരീക്ഷണത്തിൽ, എന്റെ രണ്ട് മാസത്തെ അധ്വാനം കൊണ്ട് തയ്യാറാക്കിയ അഞ്ച് രാസസംയുക്തങ്ങൾ ഒറ്റയടിക്ക് കരിഞ്ഞ് പുകയായിപ്പോയപ്പോഴാണ്, അതുവരെ ഒരു രീതിയിലും എന്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. അങ്ങനെ നിരവധി അനുഭവങ്ങളുണ്ട്. അവകളിലൂടെ, കോംപ്ലക്സിറ്റികളിലേക്ക് കണ്ണ് പോകാനുള്ള ഒരു ശീലം സ്വയമറിയാതെ ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ. സാമൂഹ്യവിഷയങ്ങളിൽ ഇത്തരം കോംപ്ലക്സിറ്റികൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവിടെ പല പ്രശ്നങ്ങളെക്കുറിച്ചും ആലോചിക്കുമ്പോൾ ഒരു തരത്തിലുള്ള പരിഹാരമാർഗവും എന്റെ മുന്നിൽ തെളിയാറില്ല. എന്നാൽ ഫെയ്സ്ബുക്കിൽ പലപ്പോഴും സിമ്പ്ലിഫൈഡ് മോഡൽ പരിഹാരങ്ങൾ അപാരമായ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നവരെ കാണാറുണ്ട്. ഞാൻ നിലപാടുകൾ കൊണ്ട് ചേർന്ന് നിൽക്കുന്ന യുക്തിവാദം, ഫെമിനിസം തുടങ്ങിയ പല വിചാരധാരകളിലും ഇത്തരം പരിഹാരചിന്തകൾ പിടിമുറുക്കുന്നത് അലോസരപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പല ആക്റ്റിവിസങ്ങളോടും മനസുകൊണ്ട് യോജിക്കാനാവാതെ വരും. പിന്നെന്തായാലും അവിടെ ആശ്വസിക്കാൻ വകുപ്പുണ്ട്. വലിപ്പത്തിൽ ഏഴാമത് നിൽക്കുന്ന, ലോകജനസംഖ്യയുടെ 20%-നെ ഉൾക്കൊള്ളുന്ന ഒരു രാജ്യത്തിന്റെ എക്കോണമിയെ വരെ ഓരോരുത്തർ ഗോളാകൃതിയുള്ള കുതിരയായി സങ്കല്പിച്ച് ഓട്ടപ്പന്തയം ജയിപ്പിക്കാൻ നോക്കുന്നത് കാണുമ്പോൾ, ലതൊക്കെ എന്ത്!

Oct 12, 2017

നിറങ്ങൾ ഉണ്ടാക്കുന്ന വിധം

നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അത് വെറുതേ ഒരു ഭംഗിയ്ക്ക് അവിടെ വച്ചിരിക്കുന്ന അലങ്കാരമല്ല. നിറങ്ങളുടെ ശാസ്ത്രത്തിലെ ചില നുറുങ്ങുകൾ ആ പൊട്ടുകൾക്ക് പറയാനുണ്ട്.

കറുപ്പ് (BlacK) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകളാണ് നമ്മളവിടെ കാണുക- സയൻ (Cyan), മജന്റ (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്ക് മാത്രമുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, മറ്റെല്ലാ നിറങ്ങളേയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) അവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്ന പേരിൽ പരിചയപ്പെടുന്നത് ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സയൻ-മജന്റ-മഞ്ഞ ആയത്?

ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കിയിട്ടില്ല എന്നാണ് അതിനർത്ഥം. അതാണ് നമ്മളിവിടെ പറയാൻ പോകുന്നത്.

നിറങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയിലുള്ള ഒരു പ്രത്യേകതരം കോശങ്ങളാണ് - കോൺ കോശങ്ങൾ. നമ്മുടെ കണ്ണിലെത്തുന്ന പ്രകാശം, ഇവയെ ഉദ്ദീപിപ്പിക്കും. ഈ കോശങ്ങൾ മൂന്ന് തരമുണ്ട്.** മൂന്ന് വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള പ്രകാശത്തെയാണ് ഈ കോശങ്ങൾ തിരിച്ചറിയുന്നത് എന്നതാണ് വ്യത്യാസം. ആ മൂന്ന് ഫ്രീക്വൻസികളെയാണ് ഒരു സാധാരണ മനുഷ്യൻ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ കാണുന്നത്. അപ്പോ ബാക്കി നിറങ്ങളോ? അതെല്ലാം തന്നെ, ഈ മൂന്ന് നിറങ്ങളുടെ പല അനുപാതങ്ങളിലുള്ള മിശ്രിതമായിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നത്. അത് പ്രകാശത്തിന്റെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കണ്ണുകളുടെ പ്രത്യേകതയാണ്. ദൃശ്യപ്രകാശത്തിലെ ഓരോ ഫ്രീക്വൻസിയും മൂന്ന് തരം കോൺ കോശങ്ങളെ മൂന്ന് വ്യത്യസ്ത അളവുകളിലാണ് ഉദ്ദീപിക്കുന്നത്. ഉദാഹരണത്തിന് 600 THz (ടെറാ ഹെർട്സ്) ഫ്രീക്വൻസിയുള്ള ഒരു പ്രത്യേക തരം കോൺ കോശങ്ങളെ മാത്രമേ ഉദ്ദീപിപ്പിക്കൂ, മറ്റുള്ളവയെ അത് കാര്യമായി സ്വാധീനിക്കില്ല. അതിനെയാണ് നീല നിറമായി നമ്മൾ കാണുന്നത്. എന്നാൽ 510 THz ഫ്രീക്വൻസിയുള്ള പ്രകാശം പച്ചയുടേയും ചുവപ്പിന്റേയും കോൺ കോശങ്ങളെ എതാണ്ട് ഒരുപോലെ ഉദ്ദീപിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നാഡീ സിഗ്നലിനെ നമ്മുടെ തലച്ചോർ മഞ്ഞ പ്രകാശമായിട്ടാണ് കാണുക. അതുകൊണ്ട് പച്ച-നീല നിറങ്ങളുടെ മിശ്രിതമാണ് മഞ്ഞ എന്ന് പറയാം. മൂന്ന് പ്രാഥമിക വർണങ്ങളും ഒരേ അളവിൽ ചേർന്നാൽ - മൂന്ന് തരം കോൺ കോശങ്ങളും ഒരുപോലെ ഉദ്ദീപിപ്പിക്കപ്പെട്ടാൽ - അത് വെള്ളയായിട്ട് നമുക്ക് കാണപ്പെടും. അതുകൊണ്ട് വെള്ളയെ നമുക്ക് എല്ലാ നിറങ്ങളുടേയും സങ്കരമായി കണക്കാക്കാം. ഇങ്ങനെ കണ്ണിൽ വീഴുന്ന ഒരു പ്രകാശം ഏതൊക്കെ കോൺ കോശങ്ങളെ ഏതൊക്കെ അളവിൽ ഉദ്ദീപിപ്പിക്കുന്നു എന്ന വ്യത്യാസമാണ് ഇക്കണ്ട നിറവ്യത്യാസങ്ങൾക്കൊക്കെ കാരണമാകുന്നത്.

ഇതുവരെ പറഞ്ഞത്, കണ്ണിൽ നടക്കുന്ന വർണസങ്കലനത്തെ (addition of colours) കുറിച്ചാണ്. എന്നാൽ കണ്ണ് അതിൽ വീഴുന്ന പ്രകാശത്തെ കൂട്ടുന്നതിനെ കുറിച്ച് മാത്രമേ ബേജാറാവുന്നുള്ളൂ. ആ പ്രകാശം എങ്ങനെ അവിടെ എത്തുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

കണ്ണിൽ വീഴുന്ന പ്രകാശം രണ്ട് രീതിയിൽ വരാം- (1) ചുറ്റുമുള്ള ഒരു വസ്തു സ്വയം പ്രകാശം പുറത്തുവിടുമ്പോൾ (2) ഒരു വസ്തു അതിൽ വീഴുന്ന പ്രകാശത്തെ  പ്രതിഫലിപ്പിക്കുമ്പോൾ. ഈ രണ്ട് കേസിലും വസ്തുവും നമ്മളതിനെ ഏത് നിറത്തിൽ കാണുന്നു എന്നതും തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു ചുവന്ന എൽ.ഈ.ഡി. വിളക്ക് ചുവന്നതായി കാണപ്പെടുന്നത് അതിൽ നിന്ന് ചുവപ്പിന്റെ ഫ്രീക്വൻസിയുള്ള പ്രകാശം പുറത്തുവരുന്നത് കൊണ്ടാണ്. എന്നാൽ ഒരു ചുവന്ന തൂവാല, ചുവന്നതായി കാണപ്പെടുന്നത് അതിൽ വീഴുന്ന പ്രകാശത്തിൽ ചുവപ്പ് ഒഴികെ മറ്റെല്ലാ നിറങ്ങളേയും അത് ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. അതായത്, നിലവിലുള്ള പ്രകാശത്തിൽ ചില നിറങ്ങൾ കുറവ് ചെയ്യപ്പെടുന്നത് വഴിയാണ് രണ്ടാമത്തെ ഉദാഹരണത്തിൽ നിറം ഉണ്ടാകുന്നത്. ഇത് ഒരുതരത്തിൽ പറഞ്ഞാൽ വർണവ്യവകലനം (subtraction of colours) ആണ്.

നിറങ്ങളെ നിയന്ത്രിക്കണമെങ്കിൽ, നിറങ്ങളുടെ സങ്കലനവും വ്യവകലനവും തമ്മിലുള്ള ഈ വ്യത്യാസം മനസിലാക്കിയേ പറ്റൂ. ഉദാഹരണത്തിന് ഒരു ചുവന്ന ബൾബും, ഒരു പച്ച ബൾബും, ഒരു നീല ബൾബും ഒരേ അളവിൽ പ്രകാശിപ്പിച്ച് ഒരേ സ്ഥലത്ത് പ്രകാശം വീഴ്ത്തിയാൽ അവിടെ വെള്ള നിറം സൃഷ്ടിക്കാൻ നമുക്ക് കഴിയും. കാരണം ഈ മൂന്ന് നിറങ്ങളും ഒരേ അളവിൽ നിങ്ങളുടെ കോൺ കോശങ്ങളെ സ്വാധീനിച്ച് തലച്ചോറിൽ വെള്ള നിറത്തിന്റെ പ്രതീതി എത്തിക്കും. പക്ഷേ ചുവന്ന പെയിന്റും പച്ച പെയിന്റും നീല പെയിന്റും കൂടി മിക്സ് ചെയ്താൽ അത് സാധിക്കുമോ?  ഇല്ല. ആലോചിച്ച് നോക്കൂ. ചുവന്ന പെയിന്റ് ചുവന്നതായിരിക്കുന്നത് അത് ചുവപ്പിന്റെയൊഴികേ മറ്റെല്ലാ ഫ്രീക്വൻസികളേയും അഗിരണം ചെയ്യുന്നതുകൊണ്ടാണ്. പച്ചയും നീലയും ഒക്കെ അതിൽ ആഗിരണം ചെയ്യപ്പെടും. അതുപോലെ നീല പെയിന്റ് പച്ചയേയും ചുവപ്പിനേയും ഉൾപ്പടെ ആഗരിണം ചെയ്യും. പച്ച പെയിന്റ് നീലയേയും ചുവപ്പിനേയും കൂടിയും. ഫലമോ? ഇത് മൂന്നും കൂടി മിക്സ് ചെയ്താൽ നിങ്ങൾക്ക് കറുപ്പാകും കിട്ടുക. എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടെ പ്രാഥമിക വർണങ്ങളായി ചുവപ്പ്-പച്ച-നീലയെ ഉപയോഗിക്കാൻ പറ്റില്ല.

ഇവിടെയാണ് സയൻ-മജന്റ-മഞ്ഞ നിറങ്ങൾ നമ്മുടെ സഹായത്തിനെത്തുന്നത്. നമ്മുടെ കണ്ണിൽ വീഴുന്ന പ്രകാശത്തിൽ പച്ചയും നീലയും ചേർന്നാൽ കിട്ടുന്ന നിറമാണ് സയൻ. അതുപോലെ ചുവപ്പും നീലയും ചേർന്ന് മജന്റയും, ചുവപ്പും പച്ചയും ചേർന്ന് മഞ്ഞയും ഉണ്ടാകുന്നു. അതായത് സയൻ നിറമുള്ള പെയിന്റ് എടുത്താൽ, അത് പച്ചയും നീലയും നിറങ്ങൾ പുറത്തുവിടുന്നുണ്ട് എന്നണല്ലോ അർത്ഥം. അങ്ങനെയെങ്കിൽ, അത് ചുവപ്പിനെ ആഗിരണം ചെയ്യുന്നുണ്ടാകും. അതുപോലെ, മജന്റ ചുവപ്പിനേയും നീലയേയും പറത്തുവിടുകയും പച്ചയെ ആഗിരണം ചെയ്യുകയും ചെയ്യും. ഇനി ഈ സയനും മജന്റയും കൂടി മിക്സ് ചെയ്താലോ? സയൻ ചുവപ്പിനേയും, മജന്റ പച്ചയേയും ആഗിരണം ചെയ്യുന്നതിനാൽ പുറത്തുവരുന്നത് നീല പ്രകാശം മാത്രമായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ, മഞ്ഞയും മജന്റയും ചേർത്ത് ചുവപ്പും, മഞ്ഞയും സയനും ചേർത്ത് പച്ചയും സൃഷ്ടിക്കാം എന്ന് മനസിലാക്കാം. നമ്മുടെ കണ്ണിലെ പ്രാഥമിക വർണങ്ങളായ ചുവപ്പ്-പച്ച-നീലയെ സൃഷ്ടിക്കാൻ സയൻ-മജന്റ-മഞ്ഞയ്ക്ക് സാധിക്കുമെങ്കിൽ, ഫലത്തിൽ അവയും പ്രാഥമിക വർണങ്ങൾ തന്നെയാണ്.

സങ്കലന മിശ്രണം (additive mixing), വ്യവകലന മിശ്രണം (subtractive mixing) എന്നീ വർണപ്രതിഭാസങ്ങളാണ് നമ്മളിപ്പോ പറഞ്ഞുവന്നത്. കൂടിച്ചേർക്കേണ്ടത് പ്രകാശത്തെ ആണെങ്കിൽ സങ്കലന മിശ്രണവും, വർണവസ്തുക്കളെ (പെയിന്റ്, മഷി, ഡൈ, തുടങ്ങിയവ) ആണെങ്കിൽ വ്യവകലനമിശ്രണവും ആണ് ഉപയോഗിക്കേണ്ടത്. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്ന കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് സ്വയം പ്രകാശിക്കാൻ കഴിയുന്ന പിക്സലുകൾ (pixel) എന്ന സൂക്ഷ്മ കുത്തുകൾ വഴിയാണ്. ഓരോ പിക്സലും ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് നിറങ്ങൾ ചേർന്നതാണ്. അവയുടെ ആനുപാതിക തീവ്രതയിൽ വ്യത്യാസം വരുത്തിയാണ് ഓരോ പിക്സലിന്റേയും നിറം സ്ക്രീനിൽ നിയന്ത്രിക്കുന്നത്. ഇതിനെ RGB സമ്പ്രദായം എന്ന് വിളിക്കും. എന്നാൽ പ്രിന്റ് ചെയ്യപ്പെടുന്ന വസ്തുക്കളിൽ പ്രകാശമല്ല, വർണവസ്തുവാണ് മിക്സ് ചെയ്യപ്പെടുന്നത് എന്നതിനാൽ അവിടെ വ്യവകലനമിശ്രണം വേണം നോക്കാൻ. അതിന് സയൻ-മജന്റ-മഞ്ഞ (CMY) എന്നീ നിറങ്ങളെ ആശ്രയിക്കുന്നു. വ്യവകലനമിശ്രണത്തിൽ എല്ലാ പ്രാഥമിക വർണങ്ങളും കൂട്ടിയാൽ കറുപ്പാണല്ലോ കിട്ടുക. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ കറുപ്പ് സൃഷ്ടിക്കാൻ വേണ്ടി മൂന്ന് നിറങ്ങളും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ചെലവ് കൂടാൻ കാരണമാകും. അതുകൊണ്ട് കളർ പ്രിന്റിങ്ങിൽ കറുപ്പ് സൃഷ്ടിക്കാൻ കറുത്ത നിറമുള്ള വർണവസ്തു നേരിട്ട് ഉപയോഗിക്കും. അതാണ് CMYK സമ്പ്രദായം. ഇതിലെ K-യെ Key എന്ന് വിളിക്കും. അതാണ് കറുപ്പിനെ സൂചിപ്പിക്കുന്നത്. (Black- ലെ അവസാന K ആയിട്ടും കണക്കാക്കാം)

ഇത്രയും ആയാൽ പറഞ്ഞുതുടങ്ങിയ കാര്യത്തിലേക്ക് നമുക്ക് മടങ്ങിവരാം. CMYK അനുസരിച്ചുള്ള നാല് പൊട്ടുകളാണ് പത്രപ്പേജുകളിൽ നമ്മൾ കാണുന്നത്. പേജ് സെറ്റ് ചെയ്തുകഴിഞ്ഞാൽ ഓരോ പ്രാഥമിക വർണത്തിനും പ്രത്യേകം പ്ലേറ്റ് തയ്യാറാക്കി എല്ലാം കൂടി ഒരുമിച്ച് ഒരേ പേജിൽ അച്ചടിച്ചാണ് കളർ പേജ് പ്രിന്റ് ചെയ്യുന്നത്. പത്രങ്ങൾ അച്ചടിക്കുന്ന വേഗത പരിഗണിക്കുമ്പോൾ ഓരോ പ്രിന്റും എടുത്ത് പല നിറങ്ങളുടെ പ്ലേറ്റ് കൃത്യമായ സ്ഥലത്താണോ പതിയുന്നത് എന്ന് പരിശോധിക്കുക പ്രായോഗികമല്ല. അത് ഒഴിവാക്കാനാണ് ഈ നാല് പൊട്ടുകൾ വരിവരിയായി ഒരിടത്ത് അച്ചടിക്കുന്നത്. ഈ നാല് പൊട്ടുകളും ഉദ്ദേശിച്ച സ്ഥലത്താണോ വീഴുന്നത് എന്ന് യന്ത്രസഹായത്താൽ പരിശോധിച്ചാൽ ആ ജോലി എളുപ്പമാകും. ചിലപ്പോഴെങ്കിലും നമ്മുടെ പത്രങ്ങളിലെ ചില പേജുകൾ കളർ വേർതിരിഞ്ഞ് വികൃതമായിപ്പോകാറുണ്ട്. ഇനി അത്തരത്തിലൊന്ന് കണ്ടാൽ ഉടൻ ഈ നാല് പൊട്ടുകളിലേക്ക് നോക്കണേ. വ്യത്യാസം മനസിലാവും.


** ഇവിടെ പറയാത്ത മറ്റൊരു തരം കോശങ്ങൾ കണ്ണിലുണ്ട്- റോഡ് കോശങ്ങൾ. അവ വളരെ കുറഞ്ഞ തീവ്രതയുള്ള അരണ്ട പ്രകാശത്തിലേ പ്രവർത്തിക്കൂ. അവയ്ക്ക് ഫ്രീക്വൻസി (നിറം) തിരിച്ചറിയാനുള്ള ശേഷിയില്ല.

Sep 13, 2017

അതെന്താ സയൻസ് പഠിച്ചോണ്ട് അന്ധവിശ്വാസിയായാൽ?!


ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട്. സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല.

സയൻസിന്റെ പ്രത്യേകത അതിനെ ആ‍ർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ്. നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല. കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ. വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഉദാഹരണത്തിന് 'ചുവപ്പാണോ നീലയാണോ നല്ല നിറം?' എന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല. അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ്. അല്ലെങ്കിൽ, അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം. വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം. ഒന്ന് തെറ്റെന്നോ മറ്റേത് ശരിയെന്നോ പറയുന്നതിൽ അർത്ഥമില്ല. എന്നാൽ 'ചുവപ്പിനാണോ നീലയ്ക്കാണോ തരംഗദൈർഘ്യം കൂടുതൽ?' എന്നാണ് ചോദ്യമെങ്കിൽ അവിടെ വ്യക്തിനിഷ്ഠമായ ഉത്തരത്തിന് പ്രസക്തിയില്ല. ആരാണ് അളക്കുന്നതെങ്കിലും അവിടെ ചുവപ്പിന് തന്നെയായിരിക്കും തരംഗദൈർഘ്യം കൂടുതൽ. അവിടെ, നീലയ്ക്ക് തന്നെ തരംഗദൈർഘ്യം കൂടിയേ പറ്റൂ എന്ന് ആഗ്രഹിച്ചിട്ടോ വാശിപിടിച്ചിട്ടോ കാര്യമില്ല.

ഗുരുത്വാകർഷണം മുകളിലോട്ട് പ്രവർത്തിക്കണം എന്ന് വാശിപിടിച്ചിട്ട് കെട്ടിടത്തിൽ നിന്ന് ചാടിയാൽ എങ്ങനെയിരിക്കും? അവിടത്തെ സയൻസ് പറഞ്ഞാൽ, രണ്ട് വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണത്തിന്റെ ദിശ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വരയിലൂടെ ആയിരിക്കും. ഇവിടെ ഭൂമിയും ചാടുന്ന മനുഷ്യനും തമ്മിലുള്ള ഗുരുത്വാകർഷണമാണ് പരിഗണിക്കേണ്ടത് എന്നതിനാൽ, മനുഷ്യനിൽ പ്രവർത്തിക്കുന്ന ബലം ഭൂമിയുടെ കേന്ദ്രത്തിലേക്ക് (അതായത്, താഴേയ്ക്ക്) ആയിരിക്കും. ഇതേ ബലത്തിന്റെ അളവ് പരിഗണിച്ചാൽ, അത് രണ്ട് വസ്തുക്കളുടേയും പിണ്ഡത്തിന് ആനുപാതികമായിട്ടും ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും. ഇത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇങ്ങനെയേ സംഭവിക്കൂ. ചാടിയാൽ നേരെ താഴോട്ട് തന്നെ വരും. വസ്തുനിഷ്ഠമായ ഈ യാഥാർത്ഥ്യത്തെ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ രൂപത്തിൽ നമ്മൾ സയൻസ് ക്ലാസിൽ പഠിക്കുന്നു. ഇങ്ങനെ പ്രസ്താവിക്കാം അതിനെ:

"
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും പരസ്പരം ആകർഷിക്കുന്നുണ്ട്. ആ ആകർഷണബലം അവയുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന് നേർ അനുപാതത്തിലും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും."

ഇത് ആദ്യം പറഞ്ഞ ന്യൂട്ടൻ പരീക്ഷിച്ചാലും ഞാനോ നിങ്ങളോ പരീക്ഷിച്ചാലും ഒരുപോലെ ബോധ്യപ്പെടാവുന്ന കാര്യമാണെന്ന് പറഞ്ഞല്ലോ. ഇനി ഈ നിയമത്തിന്റെ പ്രസ്താവനയിൽ നമ്മളൊരു ചെറിയ മാറ്റം വരുത്താൻ പോകുകയാണ്.

"
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളേയും ദൈവം പരസ്പരം അടുപ്പിക്കാൻ ശ്രമിക്കും. എത്രത്തോളം അടുപ്പിക്കണം എന്നത്, വസ്തുക്കളുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന്റെ നേർ അനുപാതവും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന്റെ വിപരീത അനുപാതവും പരിഗണിച്ചാണ് ദൈവം തീരുമാനിക്കുന്നത്."

ശ്രദ്ധിച്ചാൽ, ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ ഒരു 'കുമ്മനൈസ്ഡ്' വെർഷനാണ് ഇതെന്ന് കാണാം. നേരത്തേ ഇല്ലാതിരുന്ന ഒരാൾ ആ നിയമത്തിനകത്തേയ്ക്ക് നുഴഞ്ഞുകയറി ഇരിപ്പുണ്ട് എന്ന വ്യത്യാസമേയുള്ളു രണ്ടും തമ്മിൽ. ഇനി ഈ രണ്ട് നിയമങ്ങളും പരീക്ഷിച്ച് നോക്കിയാലോ? നിയമം പ്രവചിക്കുന്ന കാര്യങ്ങൾ, അത് പരീക്ഷണം നടത്തി നോക്കിയാൽ നേരിട്ട് നിരീക്ഷിക്കാനാവുമോ എന്ന് നോക്കിയാൽ മതി. പിണ്ഡം മാറുന്നതിനനുസരിച്ച് ആകർഷണബലം എങ്ങനെ വ്യത്യാസപ്പെടുന്നു, ദൂരം മാറുമ്പോൾ എന്ത് വ്യത്യാസം വരുന്നു എന്നൊക്കെ പരീക്ഷിച്ച് നോക്കിയാൽ രണ്ട് നിയമങ്ങളും പ്രവചിക്കുന്നതുപോലെ തന്നെയാണ് ഫലങ്ങൾ എന്ന് ബോധ്യപ്പെട്ടുംഈ പ്രകൃതിനിയമം ഉപയോഗിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പ്ലാനുണ്ടെങ്കിലും രണ്ടിനേയും ഒരേ രീതിയിൽ ഉപയോഗിക്കാവുന്നതേയുള്ളൂ. അതായത്, പ്രയോഗക്ഷമതയിൽ ഈ രണ്ട് നിയമങ്ങളും ഒരുപോലെ തന്നെയാണ്. ഒരു ഷോട്ട്പുട്ട് ബോൾ എറിയുമ്പോൾ പരമാവധി ദൂരെപ്പോകാൻ എത്ര കോണിൽ എറിയണം എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് രണ്ട് നിയമങ്ങളും ഒരുപോലെ ഉപയോഗിക്കാം. എന്തിനധികം ഒരു സാറ്റലൈറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കാനും രണ്ടും ഒരുപോലെ ഉപയോഗിക്കാൻ പറ്റും. കാരണം ലളിതമാണ്, പ്രകൃതിയിലെ സ്വാഭാവികപ്രതിഭാസങ്ങൾ ചില ഭൗതികനിയമങ്ങൾ അനുസരിക്കുന്നുണ്ട്. ആ നിയമങ്ങൾ താനേ ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാണോ, ആണെങ്കിൽ ആരുണ്ടാക്കിയതാണ് എന്നതൊന്നും അവിടത്തെ നിരീക്ഷണങ്ങളിൽ ഒരു വ്യത്യാസവും വരുത്തില്ലല്ലോ. The laws themselves are all that matters!

ഇവിടെയാണ് അന്ധവിശ്വാസിയുടെ സുവർണരഹസ്യം കിടക്കുന്നത്. ഏത് പ്രകൃതിനിയമത്തിലും, എന്തും തിരുകിക്കയറ്റാനുള്ള ഒരു സാധ്യത കിടപ്പുണ്ട്. മറ്റൊരു ഉദാഹരണം നോക്കൂ:

"
ഏത് ബലം പ്രയോഗിച്ചാലും അതേസമയം അതിന് തുല്യവും വിപരീതവുമായ ഒരു എതിർബലം ഡിങ്കൻ പ്രയോഗിക്കും"

ന്യൂട്ടന്റെ മൂന്നാം ചലനനിയമവും ഇതും കൃത്യം ഒരേ ഫലമാണ് ഉണ്ടാക്കാൻ പോകുന്നത്. നിരീക്ഷണത്തിലോ പരീക്ഷണത്തിലോ ഒരു വ്യത്യാസവും വരുത്താത്തതും, എന്നാൽ നിങ്ങളുടെ മനസ്സിന് സുഖം തരുന്നതുമായ ഒരു സാധനം കിട്ടിയാൽ അത് ഏത് പ്രകൃതിനിയമത്തിലും തിരുകിക്കയറ്റാമെന്നാണ് ഇതിനർത്ഥം. എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന, സകലതും പടച്ചുവിട്ട, നിങ്ങളുടെ നന്മയ്ക്ക് സമ്മാനം തരുന്ന, മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് ശിക്ഷ കൊടുക്കുന്ന സർവശക്തനും സർവവ്യാപിയും സർവൈകകൊണാണ്ടറുമായ ഒരു ദൈവം ആരും ആഗ്രഹിച്ചുപോകുന്ന ഒരു ഓഫറാണ്. അതിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഏത് സിദ്ധാന്തത്തിനകത്തും തിരുകാമെന്നിരിക്കേ, ശാസ്ത്രം പഠിച്ചുവെന്ന് പറയുന്നവ‍‍ർക്ക് അന്ധവിശ്വാസിയാവാൻ പിന്നെ എന്ത് തടസ്സമാണുള്ളത്? ശാസ്ത്രപുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നതും വിശ്വാസങ്ങളും ഒരേസമയം നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിയ്ക്കും

ഇപ്പറഞ്ഞത്, വിശ്വാസത്തെ കൂടി കൊണ്ടുപോകേണ്ടത് നിങ്ങളുടെ ആവശ്യമോ ആഗ്രഹമോ ആകുമ്പോഴാണ്. പക്ഷേ എല്ലാവ‍ർക്കും അത് അങ്ങനെയാകണം എന്നില്ല. ഫ്രഞ്ച് ന്യൂട്ടൻ എന്നറിയപ്പെടുന്ന വിശ്രുതനായ ഒരു ശാസ്ത്രജ്ഞനുണ്ട് - പിയറി സൈമൺ ലപ്ലാസ് (Pierre Simon Laplace). അദ്ദേഹം ഒരിയ്ക്കൽ പ്രപഞ്ചത്തിന്റെ പ്രവ‍ർത്തനത്തെ അന്ന് അറിയപ്പെട്ടിരുന്ന ഭൗതികനിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു വലിയ പുസ്തകം രചിച്ച് നെപ്പോളിയനെ കാണിയ്ക്കാൻ ചെന്നുവത്രേ. ഇതിനെപ്പറ്റി നേരത്തേ പറഞ്ഞറിഞ്ഞിരുന്ന നെപ്പോളിയൻ ചോദിച്ചു - "അല്ലാ ലപ്ലാസ്, പ്രപഞ്ചത്തിന്റെ പ്രവ‍‍ർത്തനത്തെ കുറിച്ച് ഇത്രേം വലിയൊരു പുസ്തകം എഴുതിയിട്ട് ഇതിലെങ്ങും നിങ്ങൾ ദൈവത്തെക്കുറിച്ച് ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നാണല്ലോ കേട്ടത്." 
ലപ്ലാസ് കൊടുത്ത മറുപടി ഇങ്ങനായിരുന്നു - "ശരിയാണ്. കാരണം, എനിക്ക് അങ്ങനൊരു സങ്കല്പത്തിന്റെ ആവശ്യം വന്നേയില്ല" (I had no need of that hypothesis)

നിരീക്ഷണങ്ങളേയും പ്രയോഗത്തേയും ഒരു രീതിയിലും സ്വാധീനിക്കാത്ത സങ്കല്പങ്ങളെ ഭൗതികനിയമങ്ങളിൽ കുത്തിത്തിരുകി അതിനെ കൂടുതൽ സങ്കീർണമാക്കേണ്ട ആവശ്യമുണ്ടോ? അതിന്റെ ഉത്തരം വസ്തുനിഷ്ഠമല്ല, വ്യക്തിനിഷ്ഠമാണ്. ചില‍ർക്കത് വേണം, ചില‍ർക്കത് വേണ്ട. ന്യൂട്ടന് അത് വേണമായിരുന്നു, ലപ്ലാസിന് അത് വേണ്ടിയിരുന്നില്ല. എല്ലാവ‍ർക്കും ഒരുപോലെ ബോധ്യപ്പെടാനാവാത്ത, വ്യക്തിനിഷ്ഠമായതൊന്നും സയൻസിന്റെ പരിധിയിൽ വരുന്നതല്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അത്തരം കല‍ർപ്പുകൾക്കൊന്നും സയൻസിൽ പ്രത്യേകിച്ച് റോളില്ല. നിയമങ്ങൾ ഇങ്ങനൊക്കെയാണ് എന്ന് പറയാമെന്നല്ലാതെ, അത് ആരോ ഉണ്ടാക്കിവെച്ചതാണ് എന്ന് പറയാൻ വസ്തുനിഷ്ഠമായ ഒരു തെളിവും ഇല്ല. ഉണ്ടാവണമെങ്കിൽ, കുറഞ്ഞത് ആ ഉണ്ടാക്കിവെച്ച ആളെ സ്വാധീനിച്ച് നിയമത്തിൽ ഒരു ഒഴികഴിവ് (exception) ഉണ്ടാക്കിയെങ്കിലും കാണിക്കണം. ഉദാഹരണത്തിന്, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്ന ഒരു ഭക്തൻ ഗുരുത്വാകർഷണനിയമം ഉണ്ടാക്കിയ ആ ദൈവത്തെ സ്വാധീനിച്ച് കുറച്ചുനേരത്തേയ്ക്ക് താഴോട്ടുള്ള ആകർഷണം നി‍ർത്തിവെപ്പിച്ച് കാണിച്ചാൽ സംഗതി ക്ലീൻ. നിയമം ഉണ്ടാക്കിയ ആളിന്റെ സാന്നിദ്ധ്യം അവിടെ വെളിപ്പെട്ട് കിട്ടും. പക്ഷേ അങ്ങനത്തെ വെല്ലുവിളികളൊന്നും, ഇതുവരെ നിയന്ത്രിത സാഹചര്യങ്ങളിൽ ചെയ്ത് കാണിക്കാൻ ഒരു സൂപ്പർനാച്ചുറൽവാദക്കാരും മെനക്കെട്ടിട്ടില്ല. തട്ടിപ്പാണെന്ന് സ്വയം സമ്മതിച്ചുകൊണ്ട് കാണികളെ ആസ്വദിപ്പിക്കാൻ വേണ്ടി ജാലവിദ്യ കാണിക്കുന്നവർ മാത്രമാണ് അത്തരം കൃത്യങ്ങൾ ചെയ്തിട്ടുള്ളത്

ഇത് പറഞ്ഞുവരുമ്പോൾ ഭക്തജനങ്ങൾ സ്ഥിരം എടുത്ത് വീശുന്ന ഒരു വാദം കൂടി സൂചിപ്പിച്ച് നിർത്താം. ഇങ്ങനെയാണത് - നിങ്ങൾ സാധാരണ പ്രപഞ്ചത്തിൽ പ്രയോഗിക്കുന്ന അതേ ലോജിക് അതിന്റെ സ്രഷ്ടാവായ ദൈവത്തിലും പ്രയോഗിക്കാൻ ശ്രമിക്കുകയാണ്. അത് തെറ്റാണ്. കാരണം സ്രഷ്ടാവ് സൃഷ്ടിയ്ക്ക് അതീതനാണ്. വെറും സൃഷ്ടി മാത്രമായ മനുഷ്യന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല.

ഓക്കെ, നൈസ്! അപ്പോ വെറും സൃഷ്ടി മാത്രമാണ് മനുഷ്യൻ. അങ്ങനെ ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. അതുകൊണ്ട് എന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല. എന്റെ ബുദ്ധി അവിടെ പ്രവ‍ർത്തിക്കില്ല. സമ്മതിച്ചേക്കാം

അതിരിക്കട്ടെ, ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ വലിയ വായിൽ സംസാരിക്കുന്ന നിങ്ങൾ മനുഷ്യനല്ലെങ്കിൽ പിന്നെ ആരായിട്ട് വരും? എന്തായാലും എന്നെപ്പോലെ ഒരു മനുഷ്യനാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ബുദ്ധിയും ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ലല്ലോ. അപ്പോ നിങ്ങളുടെ ബുദ്ധിയ്ക്ക് നിരക്കാത്ത ദൈവത്തെ കുറിച്ച് നിങ്ങൾ പറയുന്നതൊക്കെ വെറും ഗുണ്ടാണ്. മിണ്ടാതിരിക്കുന്നതും, യാതൊന്നും അറിയാതെ ഗുണ്ട് പൊട്ടിക്കുന്നതും ഫലത്തിൽ ഒന്നുതന്നെ. നിങ്ങൾക്കും അറിയില്ല, എനിക്കും അറിയില്ല. Then let's not talk about things we don't know.


നിങ്ങൾ മാസങ്ങളെടുത്ത് ഒരു റോക്കറ്റ് ഉണ്ടാക്കുകയും, രണ്ട് തേങ്ങ കൂടി അടിച്ച് പൊട്ടിച്ചാലേ അത് പോകേണ്ട രീതിയിൽ പോകൂ എന്ന് വിശ്വസിക്കുകയും ചെയ്താലോ? അപ്പോ തേങ്ങയടി നിങ്ങളുടെ ഒരു ആവശ്യമായി മാറുന്നു. എല്ലാവ‍ർക്കും


ഒരൊറ്റ കാര്യം മാത്രം നിങ്ങൾക്ക് പരീക്ഷിക്കാനാവില്ല. അത് രണ്ടാമത്തെ നിയമത്തിലെ മറ്റേ പുള്ളിയുടെ റോൾ ആണ്. ഇതൊക്കെ ഇങ്ങനെയിങ്ങനെയാണ് എന്നതിന് തെളിവുണ്ട്. പക്ഷേ കക്ഷിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതിന് തെളിവൊന്നും കിട്ടില്ല.


Sep 10, 2017

വേഗമെത്താൻ വേഗം കൂട്ടാൻ വരട്ടെ

നമ്മുടെ റോഡുകളെ മരണക്കെണികളാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അതിവേഗതയാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതിവേഗതയിൽ പോകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സ്പോർട്സ് ബൈക്കുകളിലേറി തിരക്കും കുഴികളുമുള്ള റോഡിലൂടെ ചീറിപ്പറക്കുന്ന യുവകോമളൻമാ‍ർ ഉൾപ്പടെ വേഗതയിൽ നിന്ന് കിട്ടുന്ന ത്രില്ലിന് വേണ്ടി അത് ചെയ്യുന്നവരുണ്ട്. അവരോട് തത്കാലം ഒന്നും പറയുന്നില്ല. മറ്റുള്ളവരുടെ നെഞ്ചത്തോട്ടാണോ ത്രില്ലന്വേഷിച്ച് കയറേണ്ടത് എന്നൊക്കെ ഓരോരുത്തരും അവരവരുടെ പൗരബോധം വെച്ച് ചിന്തിക്കട്ടെ. ഇവിടെ നമ്മൾ സംസാരിക്കുന്നത് അതിവേഗതയ്ക്ക് 'ന്യായമായ കാരണം' പറയുന്നവരുടെ കാര്യമാണ്. സമയലാഭത്തിന്, അഥവാ തിരക്കിട്ട് ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുമ്പോൾ പെട്ടെന്ന് എത്താനായി, അതിവേഗത എടുക്കുന്ന കാര്യം തന്നെ. അതിവേഗതയിൽ പോകുന്നതിന് പകരം നേരത്തേ ഇറങ്ങുക എന്ന് ട്രാഫിക് പോലീസ് എഴുതിവെക്കാറുണ്ട്. അത് അതിന്റെ എത്തിക്സ് വശമാണ്. തത്കാലം അതും നമ്മൾ അവഗണിക്കുന്നു. എത്ര ശ്രമിച്ചാലും നേരത്തെ ഇറങ്ങാൻ പറ്റാത്തവരാണ് അതിവേഗത എടുക്കുന്നത് എന്ന് തന്നെ അങ്ങ് കരുതിയേക്കാം.

ഇനിയാണ് ചോദ്യം, അതിവേഗത എടുത്താൽ സത്യത്തിൽ നമ്മൾ എത്ര സമയമാണ് ലാഭിക്കാൻ പോകുന്നത്?

നമുക്കൊന്ന് കണക്കാക്കി നോക്കാം. വളരെ അടിസ്ഥാനതലത്തിലുള്ള കണക്കാണ് നമ്മൾ പറയുന്നത്. വേഗത എന്നാൽ ഒരു പ്രത്യേക ദൂരം സഞ്ചരിക്കാൻ എത്ര സമയം എടുക്കുന്നു എന്നതിന്റെ അളവാണല്ലോ. ഒരേ ദൂരം കുറച്ച് സമയം കൊണ്ട് സഞ്ചരിച്ചെത്തിയാലോ, ഒരേ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിച്ചെത്തിയാലോ വേഗത കൂടുതലാണ് എന്ന് പറയും. അത് പ്രകാരം താഴെ പറയുന്ന സമവാക്യം അഞ്ചാം ക്ലാസിലോ മറ്റോ നമ്മൾ പഠിച്ചതാണ്:

വേഗത = സഞ്ചരിച്ച ദൂരം / സഞ്ചരിക്കാനെടുത്ത സമയം.

 ഉദാഹരണത്തിന് 100 km സഞ്ചരിക്കാൻ 2 മണിക്കൂ‍ർ എടുത്തു എങ്കിൽ ശരാശരി വേഗത = 100/2 = 50 km/h എന്ന് കണക്കാക്കാം. ഈ കണക്ക് വേറൊരു രീതിയിൽ പറഞ്ഞാൽ 50 km/h വേഗതയിൽ നിങ്ങൾ സഞ്ചരിച്ചാൽ 100 km സഞ്ചരിക്കാൻ 2 മണിക്കൂറെടുക്കും എന്നർത്ഥം. അവിടെ സഞ്ചരിക്കാനെടുത്ത സമയം കണക്കാക്കാൻ ദൂരത്തെ വേഗത കൊണ്ട് ഹരിച്ചാൽ മതി. ഇനി നമുക്കൊരു കാര്യം ചെയ്യാം. ഒരേ ദൂരം പല വേഗതകളിൽ സഞ്ചരിയ്ക്കുന്നതായി സങ്കല്പിച്ചുകൊണ്ട് ഓരോ തവണയും യാത്രയ്ക്ക് എത്ര സമയം എടുക്കുന്നു എന്ന് കണക്കാക്കാം.

ഉദാഹരണത്തിനായി എനിക്ക് ഓഫീസിലേക്ക് 5 km സഞ്ചരിക്കാനുണ്ടെന്ന് കരുതാം. 20 km/h വേഗതയിൽ സഞ്ചരിച്ചാൽ യാത്ര 5/20 = 0.25 അഥവാ കാൽ മണിക്കൂറെടുക്കും എന്ന് കണക്കാക്കാമല്ലോ. ഇതിനെ മിനിറ്റിലാക്കാൻ 60 കൊണ്ട് ഗുണിച്ചാൽ, 0.25 x 60 = 15 മിനിറ്റ്. ഇനി ഇതേ ദൂരം 30 km/h വേഗതയിൽ സഞ്ചരിച്ചാൽ യാത്ര 10 മിനിറ്റേ എടുക്കൂ എന്ന് കാണാം. ഇത്രേ ഉള്ളൂ കണക്ക്. ഇവിടന്ന് നമുക്ക് മനസിലാകുന്നത് - വേഗത 20 km/h ൽ നിന്ന് 30 km/h ആക്കി കൂട്ടിയാൽ ഞാൻ അഞ്ച് മിനിറ്റ് ലാഭിക്കും. കൊള്ളാം, അല്ലേ? ധൃതിയിൽ പോകുമ്പോൾ അഞ്ച് മിനിറ്റ് അത്ര ചെറിയ സമയമൊന്നുമല്ല.

വരട്ടെ, ഈ കണക്കിൽ വീഴരുതേ. 5 km സഞ്ചരിക്കാൻ വേഗത 20-ൽ നിന്ന് 30 km/h ആക്കുന്ന കാര്യമേ പറഞ്ഞുള്ളൂ. ഇവിടാരാ 20-ലും 30-ലുമൊക്കെ വണ്ടിയോടിക്കുന്നത്! ഇതേ സമയക്കണക്ക് പല വേഗതകൾക്ക്, പല സഞ്ചാരദൂരങ്ങൾക്ക് വെവ്വേറെയായി ഒന്ന് കണക്കാക്കി നോക്കിയിട്ട് മതി തീരുമാനമെടുക്കുന്നത്. ഇതോടൊപ്പമുള്ള ടേബിളിൽ ആ കണക്കാണ് കൊടുത്തിരിക്കുന്നത്. ടേബിളിൽ നോക്കിയാൽ, ഇതേ ദൂരം സഞ്ചരിക്കാൻ 40 km/h വേഗതയിൽ സഞ്ചരിക്കുന്നതിനെക്കാൾ ഒന്നര മിനിറ്റ് മാത്രം കുറവാണ് 50 km/h ൽ സഞ്ചരിച്ചാലെടുക്കുന്ന സമയം. അതായത് വേഗത 40-ൽ നിന്ന് 50 km/h ആക്കിയാൽ നിങ്ങൾ ഒന്നര മിനിറ്റ് ലാഭിക്കും. ഇതേപോലെ വേഗത 50-ൽ നിന്ന് 60 km/h ആക്കിയാലോ, സമയലാഭം ഒരു മിനിറ്റ് മാത്രം. ബൈക്കാണെങ്കിൽ, നിങ്ങൾ സ്പീഡ് ലിമിറ്റ് മറികടന്ന് 10 km/h കൂടിയ വേഗതയിൽ പോയിട്ട് ലാഭിക്കുന്നത് ഒരു മിനിറ്റാണെന്ന‍ർത്ഥം.


ടേബിളിൽ ഇതേ കണക്ക് 5 km, 10 km, 20 km, 30 km, 40 km, 300 km എന്നീ ദൂരങ്ങൾ സഞ്ചരിക്കാൻ 20 km/h മുതൽ 120 km/h വരെയുള്ള വേഗതകളിൽ പോയാൽ എത്ര സമയമെടുക്കുമെന്നുള്ള കണക്കുണ്ട്. അതുപോലെ Time gain എന്ന കോളത്തിൽ ഓരോ വേഗതയ്ക്ക് നേരെയും, 10 km/h കുറവ് വേഗതയിൽ പോകുന്നതിനെക്കാൾ എത്ര മിനിറ്റ് ലാഭിക്കാം എന്നും സൂചിപ്പിച്ചിട്ടുണ്ട്. അതായത് 60 km/h വേഗതയ്ക്ക് നേരേ കിടക്കുന്ന Time gain, 50 km/h വേഗതയിൽ പോയാൽ എത്ര നേരമെടുക്കുമായിരുന്നോ അതിനെക്കാൾ എത്ര മിനിറ്റ് കുറവാണ് 60 km/h ൽ പോകുമ്പോൾ വേണ്ടിവരുന്നത് എന്ന അളവാണ്.

ആ ടേബിൾ ഒന്ന് വിശദമായി നോക്കണേ. സാധാരണ ദൂരങ്ങളിൽ, നിയമപ്രകാരമുള്ള സ്പീഡ് ലിമിറ്റിനപ്പുറത്തോട്ടുള്ള വേഗതാവ‍ർദ്ധനവ് കൊണ്ട് വളരെ തുച്ഛമായ സമയമാണ് നിങ്ങൾ ലാഭിക്കുന്നത്. ഉദാഹരണത്തിന്, 20 km സഞ്ചരിക്കുമ്പോൾ വേഗത 70 km/h ൽ നിന്ന് 80 km/h ആക്കി കൂട്ടിയാൽ ലാഭിക്കാൻ പോകുന്നത് 2.1 മിനിറ്റാണ്. ദൂരം 10 km മാത്രമേ ഉള്ളുവെങ്കിൽ വെറും 1.1 മിനിറ്റേ കാണൂ ലാഭം. ഇനി ഇതേ വേഗതാവർദ്ധനവ് 300 km ദൂരമുള്ളൊരു യാത്രയിലാണ് വരുത്തുന്നതെങ്കിൽ 32.1 മിനിറ്റ് ലാഭിക്കാം എന്നത് ഒരു നല്ല ലാഭമായി തോന്നാം. എന്നാൽപ്പിന്നെ ദൂരയാത്രയ്ക്ക് ചീറിപ്പായുന്നതിൽ തെറ്റില്ല എന്ന് വിചാരിക്കുന്നവ‍‍ർ, ഏറ്റവും വലത്തേയറ്റത്തെ Braking Distance Gain (B.D. gain) എന്ന കോളം കൂടി പരിഗണിക്കണം. നിങ്ങൾ ബ്രേക്ക് ചവിട്ടിയാൽ എത്ര ദൂരം കൂടി പോയിട്ടാണ് വണ്ടി നിൽക്കുന്നത് എന്ന അളവാണ് Braking Distance. സമയലാഭം കൂടുന്നതിനൊപ്പം, ബ്രേക്കിങ് ദൂരവും കൂടുന്നു എന്ന് ടേബിളിൽ കാണാം. 70-ൽ നിന്ന് 80 km/h ആയി വേഗത കൂടുമ്പോൾ ബ്രേക്കിങ് ദൂരം 8.6 മീറ്റർ കൂടുന്നു (ഏതാണ്ട് രണ്ട് ഇന്നോവാ കാറുകളുടെ നീളം). 300 km ദൂരത്തേയ്ക്ക് വേഗത 90-ൽ നിന്ന് 100 km/h ആക്കിയാൽ സമയത്തിൽ 20 മിനിറ്റ് ലാഭിക്കുമ്പോൾ ബ്രേക്കിങ് ദൂരം 10 മീറ്റ‍‍ർ കൂടും. ഇത് ബ്രേക്കിങ് ദൂരം കൂടുന്ന അളവാണ്. 100 km വേഗതയിൽ പോകുന്നൊരു വാഹനം ബ്രേക്കിട്ടാൽ 57.4 മീറ്റർ നീങ്ങിയേ നിൽക്കൂ (ഇതേപ്പറ്റി മുൻപ് വലിയൊരു ലേഖനമായി എഴുതിയിരുന്നു) എന്ന് അവസാനത്തേതിന്റെ തൊട്ടുമുന്നിലത്തെ കോളത്തിൽ കാണാം. ഏതിരേ വരുന്നൊരു വണ്ടിയെ കണ്ടാണ് ബ്രേക്കിടുന്നതെങ്കിൽ ആ വണ്ടിയുടെ കൂടി ബ്രേക്കിങ് ദൂരം കൂട്ടിയാലേ യഥാർത്ഥ ബ്രേക്കിങ് ദൂരമാകൂ. വിചാരിക്കുന്നതിനെക്കാൾ എത്ര ദൂരം മുന്നോട്ടുപോയാണോ വണ്ടി നിൽക്കുന്നത്, അത്രത്തോളം അപകടത്തിന്റെ ഗൗരവം വർദ്ധിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ചുരുക്കി പറഞ്ഞാൽ, അപകടത്തിന്റെ ഭീകരത നന്നായി വർദ്ധിപ്പിക്കുകയും യാത്രാസമയം തുച്ഛമായി മാത്രം ലാഭിക്കുകയുമാണ് അധികവേഗതയിലൂടെ നമ്മൾ ചെയ്യുന്നത്.

PS : ഈ കണക്ക് ഒരു സ്ഥിരമായ വേഗതയിൽ വാഹനമോടിച്ചോണ്ടിരിക്കുന്നതായി സങ്കല്പിച്ചോണ്ടുള്ളതാണ് എന്ന് ശ്രദ്ധിച്ചല്ലോ. ഇത് നമ്മുടെ സാദാ റോഡുകളിൽ പ്രായോഗികമല്ല. വേഗത എവിടെങ്കിലും ശരാശരിയെക്കാലും താഴെപ്പോയാൽ മറ്റെപ്പോഴെങ്കിലും അത്ര തന്നെ കൂട്ടിയാലേ ഇതേ ശരാശരി വേഗത കിട്ടൂ. വേഗത കൂടിയാൽ ബ്രേക്കിങ് ദൂരം അതിന്റെ വർഗത്തിനനുസരിച്ച് കൂടുകയും ചെയ്യും.

Aug 29, 2017

പ്രപഞ്ചത്തിന്റെ ശാസ്ത്രീയചിത്രം - പ്രഭാഷണസമാഹാരം

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ശാസ്ത്രീയമായൊരു ധാരണ നിലവിലുണ്ട്. അതിനെപ്പറ്റി കുറച്ചുവാക്കുകളിൽ കുറച്ചുനേരം കൊണ്ട് സംസാരിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമാണ്. പക്ഷേ അത്തരമൊരു സമഗ്രവീക്ഷണത്തിൽ താത്പര്യം ഉള്ളവർക്കായി, ഞാൻ പലയിടത്തായി പലപ്പോൾ നടത്തിയ പ്രഭാഷണങ്ങളെ കോ‍ർത്തിണക്കി ഒരു ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാമെന്ന് കരുതി.

1. പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജനാല നമ്മുടെ ആകാശം തന്നെയാണ്. പ്രപഞ്ചം എന്താണെന്ന് മനസിലാക്കുന്നതിനും മുന്നേ തന്നെ ആകാശത്തെ മനസിലാക്കി നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ നമ്മുടെ പൂ‍ർവിക‍ർക്ക് കഴിഞ്ഞു. ഭൂമി ഉൾപ്പടെയുള്ള ഗോളങ്ങളുടെ ചലനം ഉപയോഗപ്പെടുത്തി കാലഭേദങ്ങളേയും കാലഗണനകളേയും മനസിലാക്കിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ:


2. ആകാശത്തേയ്ക്ക് നോക്കിക്കൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന്റെ ഘടന, വലിപ്പം എന്നിവയെക്കുറിച്ച് നമ്മൾ ധാരണകളുണ്ടാക്കിയത്. വെറും കണ്ണിന് പകരം ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എന്നേയുള്ളു. ആ നിരീക്ഷണങ്ങൾ പ്രപഞ്ചോല്പത്തി എങ്ങനെയായിരുന്നു എന്ന് അനുമാനിക്കാനും നമ്മളെ പ്രാപ്തരാക്കി. അതേപ്പറ്റി ഇവിടെ :


3. എല്ലാ നിരീക്ഷണങ്ങളും അങ്ങ് ദൂരെ നിന്ന് വരുന്ന പ്രകാശത്തെ പഠിയ്ക്കലാണ്. എന്നാൽ പ്രപ‍ഞ്ചരഹസ്യങ്ങൾ ആ പ്രകാശത്തിൽ നേരിട്ട് ദൃശ്യമാകില്ല. അതിന് പ്രകാശത്തിൽ രേഖപ്പെട്ടിരിക്കുന്ന കോഡുഭാഷ വായിച്ചെടുക്കാൻ കഴിയണം. ആ ഭാഷ പരിചയപ്പെടുത്തുന്ന വീഡിയോ ഇവിടെ :

4. എന്നാൽ പ്രപഞ്ചോല്പത്തി എന്ന, ഒരിയ്ക്കൽ മാത്രം സംഭവിച്ച, നമ്മളൊരിയ്ക്കലും ദൃക്സാക്ഷിയാകാൻ സാധ്യതയില്ലാത്ത ആ വിഷയം ഗ്രഹിക്കാൻ സ്പെയ്സും സമയവും തമ്മിലുള്ള പരസ്പരബന്ധം മനസിലാക്കേണ്ടതുണ്ട്. ആ രഹസ്യം ഗുരുത്വാകർഷണത്തെ മനസിലാക്കാനുള്ള ശ്രമത്തിലൂടെയാണ് നമുക്ക് വെളിപ്പെട്ടുകിട്ടിയത്. അത് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

5. പ്രപഞ്ചം ഇന്നെത്ര വിശാലമായിരുന്നാലും ഒരുകാലത്ത് അത് വളരെ ചെറുതായിരുന്നു. ആ അവസ്ഥയിൽ വെറും ഊ‍ർജം മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് മൗലികകണങ്ങളും പിന്നീട് പതിയെ പതിയെ ആറ്റങ്ങളും തന്മാത്രകളുമൊക്കെയായിട്ടാണ് പ്രപഞ്ചം രൂപപ്പെട്ടത്. ആ പരിണാമത്തിന്റെ കഥ ഇവിടെ :

6. ഇതെല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് തടസ്സം സൃഷ്ടിച്ചേക്കും. അവസാനമായി, ശാസ്ത്രം പഠിക്കുമ്പോൾ സാമാന്യബുദ്ധിയെ സൂക്ഷിച്ച് മാത്രം അകത്തുകയറ്റേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

7. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ്, നമുക്ക് പരിചയമില്ലാത്ത അത്രയും വലിയ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളും നമുക്ക് പരിചയമില്ലാത്തയത്രയും ചെറിയ വസ്തുക്കളും പെരുമാറുന്നത്. അത്തരം ചില വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ച് ഇവിടെ:

Jul 13, 2017

പ്രമുഖരെ കുറിച്ചുള്ള പ്രമുഖ മാധ്യമങ്ങളിലെ ചർച്ച ജനപ്രിയമാകുന്നതെങ്ങനെ

ഇൻഡ്യയിലെ ശാസ്ത്രഗവേഷണത്തെ കുറിച്ച് എന്തറിയാമെന്ന് സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് പറയാനുണ്ടാവുക ഐ.എസ്.ആർ.ഓയിൽ നിന്നുള്ള ബഹിരാകാശവാർത്തകളെ കുറിച്ചായിരിക്കും. പണ്ടൊക്കെ തിരുവനന്തപുരത്ത് റിസർച്ച് ചെയ്യുന്നു എന്ന് പരിചയപ്പെടുത്തുമ്പോൾ റോക്കറ്റൊക്കെ വിടുന്ന സ്ഥലത്തല്ലേ എന്ന ചോദ്യം എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഇൻഡ്യയിൽ ഗവേഷണം നടക്കുന്ന അനേകം ശാസ്ത്രവിഷയങ്ങളിൽ ഒന്ന് മാത്രമാണ് ബഹിരാകാശം. മെറ്റീരിയൽ സയൻസിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ബയോടെക്നോളജിയിലും എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ റിസർച്ച് നടക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. എന്നിട്ടും ശാസ്ത്രമെന്നാൽ ബഹിരാകാശമെന്ന സമവാക്യം പൊതുജനത്തിനിടയിൽ നിലനിൽക്കാൻ എന്താണ് കാരണം? തീർച്ചയായും അത് ഇസ്രോ എന്ന സ്ഥാപനത്തിന്റെ ഗ്ലാമർ ആണ്. സദാസമയം ലൈം ലൈറ്റിൽ നിൽക്കുന്ന, പെട്ടെന്ന് ആവേശം കൊള്ളിക്കുന്ന വാർത്തകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണത്. വലിയ ശാസ്ത്രജ്ഞാനമില്ലാതെ വായിക്കാവുന്ന, അഭിപ്രായം പറയാവുന്ന വിഷയമാണ് ചന്ദ്രയാത്രയും ചൊവ്വാദൗത്യവും ഒക്കെ. പണ്ട് ശീതയുദ്ധ സമയത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ബഹിരാകാശരംഗത്തെ ലക്ഷ്യം വെച്ച് മത്സരിക്കാൻ കാരണവും അത് തന്നെ. യൂറി ഗഗാറിനെ ആദ്യ ബഹിരാകാശയാത്രയ്ക്ക് യോഗ്യനാക്കിയ മാനദണ്ഡങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ സൗന്ദര്യം കൂടിയായിരുന്നു എന്ന് കേട്ടിട്ടുണ്ടോ? പത്രങ്ങളിൽ അച്ചടിക്കാൻ പറ്റിയ ലുക്കുള്ള ഒരു മുഖം സോവ്യറ്റ് യൂണിയന് വേണ്ടിയിരുന്നു. കാരണം ആ വിഷയത്തിന് ഒരു മാസ്സ് അപ്പീൽ ഉണ്ട്. അത് ഇന്നും അങ്ങനെ തന്നെ എന്നതിനാലാണ് മറ്റ് ഗവേഷണങ്ങളൊന്നും ശ്രദ്ധിക്കപ്പെടാത്തപ്പോഴും ഇസ്രോ തിളങ്ങി നിൽക്കുന്നത്. ഇസ്രോയിൽ തന്നെ IRNSS പോലെയുള്ള, മംഗൾയാനെക്കാൾ പ്രധാനപ്പെട്ട പല സാങ്കേതിക മുന്നേറ്റങ്ങളും നടക്കുന്നു. പക്ഷേ ആളുകൾ കൂടുതലും മംഗൾയാനെക്കുറിച്ചാണ് സംസാരിക്കുക. അതാണ് മാസ് അപ്പീലിന്റെ സ്വാധീനം.

ഇത്രയും പറഞ്ഞത്, സൃഷ്ടിക്കുന്ന കോലാഹലത്തിന്റെ വലിപ്പം വച്ചല്ല ഒരു വിഷയത്തിന്റെ ഗൗരവമോ ലാഘവമോ തീരുമാനിക്കേണ്ടത് എന്ന അഭിപ്രായത്തിന് മുന്നോടിയായിട്ടാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കുറേ പ്രമുഖ പേരുകൾ അക്ഷരാർത്ഥത്തിൽ കേരളത്തെ തളച്ചിട്ടിരിക്കുകയാണ്. ഒരു പ്രമുഖ സ്ത്രീയുടെ ഭർത്താവും, മറ്റൊരു പ്രമുഖ സ്ത്രീയുടെ മുൻഭർത്താവും, ആയ ഒരു പ്രമുഖൻ, വേറൊരു പ്രമുഖ സ്ത്രീയെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ആധാരവിഷയം. ഈ വിഷയത്തിൽ പ്രമുഖനെ അനുകൂലിച്ചും പ്രതികൂലിച്ചും ടി വ്യക്തികൾ ഉൾപ്പെട്ട പ്രമുഖ സംഘടനയുടെ ഭാരവാഹികളും വിമതരും ഒക്കെ രംഗത്തെത്തുന്നു. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖനെ അറസ്റ്റ് ചെയ്യുന്നു. ഇത്രയും നടന്നിട്ടുണ്ട്. ഇനി ഇപ്പറഞ്ഞ വിവരണത്തിലെ 'പ്രമുഖ' എന്ന വിശേഷണം ഒഴിവാക്കി, അതിനെ ഒരിയ്ക്കൽ കൂടി വായിച്ചാലോ? ഇപ്രകാരമിരിക്കും:

"ഒരു സ്ത്രീയുടെ ഭർത്താവും, മറ്റൊരു സ്ത്രീയുടെ മുൻഭർത്താവും, ആയ ഒരാൾ, വേറൊരു സ്ത്രീയെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ആധാരവിഷയം. ഈ വിഷയത്തിൽ അയാളെ അനുകൂലിച്ചും പ്രതികൂലിച്ചും ടി വ്യക്തികൾ ഉൾപ്പെട്ട സംഘടനയുടെ ഭാരവാഹികളും വിമതരും ഒക്കെ രംഗത്തെത്തുന്നു. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അയാളെ അറസ്റ്റ് ചെയ്യുന്നു."

വായിച്ചിട്ട്, സംഭവത്തിന്റെ ലുക്കിൽ വന്ന വ്യത്യാസത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? വളരെ സാധാരണമായ, വിശേഷശ്രദ്ധ കിട്ടാൻ തീരെ സാധ്യതയില്ലാത്ത ഒരു ഉൾപ്പേജ് പത്രവാർത്തയുടെ തന്തുവായി അത് മാറിയിരിക്കുന്നു. ഇനി ഈ വിവരണത്തിൽ പ്രമുഖരുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നാൽ, വാർത്തയുടെ ലെവൽ മാറുന്നതായി കാണാം. ഉദാഹരണത്തിന്, വാർത്തയിലെ കുറ്റാരോപിതൻ ഒരു പ്രമുഖനടിയുടെ ഭർത്താവ് ആയിരിക്കുകയും, അയാളുൾപ്പടെ മറ്റെല്ലാ പേരുകാരും അപ്രശസ്തരായിരിക്കുകയും ചെയ്താൽ? അയാൾ ഒരേ സമയം ഒരു പ്രമുഖ നടനും ഒരു പ്രമുഖനടിയുടെ ഭർത്താവും ആയാലോ? ഇനി അയാളുടെ ക്രൈമിന് ഇരയായ സ്ത്രീ കൂടി ഒരു പ്രമുഖനടിയാണെങ്കിലോ? ഇനി അയാളുടെ മുൻഭാര്യ കൂടി ഒരു പ്രമുഖ നടിയാണെങ്കിലോ? അതായത്, ഈ കോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നത്, ക്രൈമിന്റെ വലിപ്പത്തെക്കാളുപരി ഉൾപ്പെട്ട വ്യക്തികളുടെ ഗ്ലാമറാണ് എന്ന് മനസിലാക്കാം. ആ 'പ്രമുഖ' എന്ന വിശേഷണമാണ് ഇവിടത്തെ ന്യൂസ് മേക്കർ.

പറഞ്ഞുവരുന്നത് കണ്ടിട്ട്, ഞാനീ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണുകയാണ് എന്ന് തോന്നിയെങ്കിൽ തെറ്റി. സത്യത്തിൽ ഈ ചർച്ച ചെയ്യപ്പെടുന്നതിനെക്കാൾ ഗൗരവം കൂടിയ വിഷയമാണിത് എന്നാണ് ഞാൻ പറഞ്ഞുവരുന്നത്. ഉൾപ്പെട്ട വ്യക്തികൾ 'പ്രമുഖ'രല്ലായിരുന്നു എങ്കിൽ ഈ വാർത്ത വെറുമൊരു ഉൾപ്പേജ് സ്റ്റോറി മാത്രമായി ചുരുങ്ങുമായിരുന്നു എന്നതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം. സ്ത്രീകൾക്ക് നേരെയുള്ള ക്രൈം ചർച്ച ചെയ്യപ്പെടണമെങ്കിൽ, ആക്രമിക്കപ്പെടുന്ന സ്ത്രീയും ആക്രമിക്കുന്ന ക്രിമിനലും പ്രമുഖരാകേണ്ടിയിരിക്കുന്നു. ആ ചർച്ച പോലും ക്രൈമിന്റെ ഗൗരവം അവലോകനം ചെയ്യുന്നതിന് പകരം, ഉൾപ്പെട്ട വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള തനി ഗോസ്സിപ്പിങ് ആയിട്ടാണ് പുരോഗമിക്കുക. എത്ര വലിയ അഴിമതിക്കേസ് വന്നാലും, അതിലെ ഉപകഥ മാത്രമായ ഏതെങ്കിലും ഒരു സ്ത്രീ-പുരുഷബന്ധത്തിന്റെ തുമ്പും മണപ്പിച്ച് അതിന് പിന്നാലെ പായുകയാണ് നമ്മുടെ രീതി. സോളാർ കുംഭകോണം രാഷ്ട്രീയകേരളത്തിലെ നാണംകെടുത്തുന്ന അഴിമതിക്കഥയാകേണ്ടിയിരുന്ന സ്ഥാനത്ത്, ഇന്ന് നമുക്കത് സദാചാരകേരളത്തിലെ ഇക്കിളിപ്പെടുത്തുന്ന കമ്പിക്കഥ മാത്രമാണ്. ആരാണ് ഉത്തരവാദി- രാഷ്ട്രീയ നേതൃത്വം? ഗുണ്ടകൾ? മാധ്യമങ്ങൾ? അങ്ങോട്ടുമിങ്ങോട്ടും വിരൽ ചൂണ്ടേണ്ടതില്ല. ഉത്തരവാദി ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹമാണ്.

ടി കേസിനിടെ പ്രമുഖ നടന്റെ സിനിമകളുടെ നിലവാരം, മെഗാസ്റ്റാറുകളുടെ സ്ത്രീവിരുദ്ധ ഡയലോഗുകൾ, മലയാള സിനിമ പൊതുവിൽ പ്രകടിപ്പിക്കുന്ന സ്ത്രീവിരുദ്ധമനോഭാവം, എന്നിങ്ങനെ പലതും പലരും ചൂണ്ടിക്കാണിച്ച് വിമർശിച്ചിരുന്നു. ഈ കുറ്റകൃത്യം സ്ത്രീവിരുദ്ധമാകുന്നതിനും, ഉൾപ്പെട്ടവർ സിനിമാക്കാരാണ് എന്നതിനും, സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇതെല്ലാം ഒരേ പ്രശ്നത്തിന്റെ വ്യത്യസ്ത ഫലങ്ങൾ മാത്രമാണ്. ആ പ്രശ്നം, സമൂഹം മൊത്തത്തിൽ സ്ത്രീവിരുദ്ധമാണ് എന്നതാണ്. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാത്തതിൽ ധാർമികരോഷം കൊള്ളുന്ന പലർക്കും, ഗോവിന്ദച്ചാമിയിൽ നിന്നുള്ള വ്യത്യാസം അവർക്ക് അവസരങ്ങളില്ല എന്നത് മാത്രമാണ്. ബലാത്സംഗത്തെ ഒരു കായിക ഇനം പോലെ കണക്കാക്കുന്ന, ബലാത്സംഗ തമാശകൾ ആസ്വദിച്ച് പങ്ക് വെക്കുന്ന ഒരു സമൂഹം മറ്റൊരു രീതിയിലാകാൻ തരമില്ല. ഗോവിന്ദച്ചാമി പണമെന്നോ, കുടുംബമഹിമയെന്നോ, എണ്ണിയെടുത്ത് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവൻ, സ്വാതന്ത്ര്യം കൂടുതലുള്ളവനായിരിക്കും. അതുകൊണ്ടാണ് അയാൾ നാമറിയുന്ന ഗോവിന്ദച്ചാമിയായത്.  നമ്മളെല്ലാവരും സ്വന്തം ഇമേജുൾപ്പടെ നിരവധി നിതാന്തബന്ധനങ്ങൾക്കുള്ളിലാണ് ജീവിക്കുന്നത്. നഷ്ടപ്പെടാൻ പലതുമുള്ളവർക്ക്, ഉള്ളിലുള്ളതെല്ലാം പ്രവൃത്തിയിലെത്തിക്കാൻ കഴിയില്ല. പക്ഷേ നമ്മുടെ താത്പര്യങ്ങളിൽ അത് പരോക്ഷമായി പ്രകടമാകും.

ജനങ്ങളുടെ പൊതുവായ താത്പര്യം എന്താണെന്ന് മനസിലാക്കണമെങ്കിൽ, പരമാവധി ജനങ്ങളിലേക്ക് എത്തുന്നതിൽ വിജയിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി. പരമാവധി ആളുകളിലേക്ക് എത്തിച്ചേരുന്നതിന് അവർ എന്ത് മാർഗമാണ് സ്വീകരിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മതി. നമ്മുടെ ജനപ്രിയ സിനിമകളുടെ ചേരുവകൾ നോക്കൂ. തന്റേടിയായ നായികയെ ഒറ്റ ഉമ്മ (അതും ബലപ്രയോഗത്തിലൂടെയുള്ള ഉമ്മ) കൊണ്ട് കീഴ്പ്പെടുത്തുന്ന നായകൻ, 'നീയൊരു വെറും പെണ്ണായിപ്പോയി' എന്നലറുന്ന ഐ.ഏ.എസ്. നായകൻ, പൂണ്ട് വിളയാടി പത്ത് മാസം കൊണ്ട് അമ്മയാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്ന ചോക്ലേറ്റ് നായകൻ, ഇവരെയെല്ലാം കൈ നീട്ടി സ്വീകരിക്കുന്ന ഒരു സമൂഹം എങ്ങനെയുള്ളതാണെന്നാണ് വിശ്വസിക്കേണ്ടത്? ഇതൊക്കെ സമൂഹത്തിന് സ്വീകാര്യമാണെന്ന് മാത്രമല്ല, അത് അവരുടെ ഇഷ്ടകഥാപാത്രങ്ങളിൽ നിന്ന് എത്ര തവണ കേട്ടാലും അവർക്ക് മടുക്കുന്നുമില്ല. അവരത് ആസ്വദിക്കുന്നു. സ്ത്രീവിരുദ്ധതയുടെ കൈവശാവകാശം സിനിമാക്കാരുടെ പേരിൽ എഴുതിക്കൊടുത്ത് കൈകഴുകാനൊന്നും സാധിക്കില്ല. സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകൾ നായകനടൻമാർ എഴുതുന്നതല്ല. അത് ആര് എഴുതുന്നതായാലും, അവരത് ചെയ്യുന്നത് അവർ മാത്രം സ്ത്രീവിരുദ്ധരായതുകൊണ്ടും അല്ല. ആരെ കാണിക്കാനാണോ എഴുതുന്നത് അവർക്കത് ഇഷ്ടപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് പൊലിപ്പിക്കപ്പെടുന്ന സ്ത്രീവിരുദ്ധ ഡയലോഗുകളും സീനുകളും ഉണ്ടാകുന്നത്. സമൂഹത്തിന്റെ ആവശ്യം തന്നെയാണ് ആ സൃഷ്ടിയുടെ മാതാവ്. ഇക്കിളി ചർച്ചകളിലേക്ക് വാർത്തകളെ കൊണ്ടുപോകുന്ന മാധ്യമങ്ങളും ഇതിൽ വിശേഷിച്ചൊരു നിലവാരത്തകർച്ചയും പ്രകടിപ്പിക്കുന്നില്ല. പരമാവധി പേർ കാണുക എന്നതാണ് ഓരോ മാധ്യമത്തിന്റേയും ലക്ഷ്യം. അതിനായി പരമാവധി പേർ കാണാനാഗ്രഹിക്കുന്ന കാര്യങ്ങൾ എത്തിക്കാനാകും അവർ ശ്രമിക്കുക. ഇത്ര കാലമായി അവർ എന്താണ് തുടർച്ചയായി കാണിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഭൂരിപക്ഷ ജനം എന്ത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നതിന് ഉത്തരം. ജനങ്ങളെ നിലവാരമുള്ള കാര്യങ്ങൾ കാണിച്ച് പ്രബുദ്ധരാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടത്, അതാണ് അവരുടെ ധർമം എന്നൊക്കെ നമുക്ക് വാദിക്കാം. പക്ഷേ മാധ്യമപ്രവർത്തകരും നമ്മുടെ ഇടയിൽ നിന്ന് തന്നെ ഉള്ളവരാണെന്നും, നമ്മളെപ്പോലൊക്കെയേ അവരും ചിന്തിക്കൂ എന്നതും ദൗർഭാഗ്യകരമായ ഒരു സത്യമാണ്. സിനിമാക്കാരായാലും, മാധ്യമങ്ങളായാലും അവരെ ജനപ്രിയരാക്കുന്ന, 'പ്രമുഖ' എന്ന വിശേഷണത്തിന് അർഹരാക്കുന്ന ആ രഹസ്യം, അവരെ വളർത്തുന്ന ജനങ്ങളുടെ ഇഷ്ടങ്ങൾ (preference) തന്നെയാണ്. അതാണ് പ്രമുഖരുൾപ്പെട്ട ഈ പ്രമുഖ കുറ്റം പ്രമുഖ മാധ്യമങ്ങളിൽ ജനപ്രിയ ചർച്ചയായി നിലനിൽക്കുന്നത്.

വാൽ: ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുന്നയാൾക്ക് അതിന് എന്ത് പരിഹാരം ചെയ്യണമെന്ന് കൂടി നിർദ്ദേശിക്കേണ്ട ബാധ്യത കല്പിക്കുന്ന ഒരു രീതി നിലവിലുണ്ട്. പരിഹാരം കൂടി നിർദ്ദേശിക്കാത്ത പക്ഷം പലരും അതൊരു പ്രശ്നമായിട്ട് തന്നെ കണക്കാക്കിയേക്കില്ല. 'ഇതിനിപ്പോ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്?' എന്നാകും അവർ ചോദിക്കുക. എന്തായാലും, എനിക്കിവിടെ പരിഹാര നി‍ർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. ഈ പ്രമുഖ പ്രശ്നത്തിൽ എനിക്ക് ഒരു നിലപാടും ഇല്ല. ക്രൈം നടന്നിട്ടുണ്ടെങ്കിൽ, അന്വേഷണം നടന്ന് കുറ്റവാളി ശിക്ഷിക്കപ്പെടണം. അത് പ്രമുഖരായാലും, അല്ലെങ്കിലും.

Jul 8, 2017

The Physics of Road Accidents

ഓരോ മണിക്കൂറിലും 16 പേർ വീതം റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതായത്, നമ്മുടെ രാജ്യത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നാണ് റോഡ്! റോഡുകളെ മരണക്കെണിയാക്കുന്നതിൽ നമ്മൾ അറിയാത്തതോ മറക്കുന്നതോ ആയ ചില ഭൗതികനിയമങ്ങളുണ്ട്. അവയെ കുറിച്ചാണ് നമ്മളിവിടെ സംസാരിക്കാൻ പോകുന്നത്. The physics of accidents.

മിക്കവാറും അപകടങ്ങളിലെ പ്രധാന പരാജയം, ഡ്രൈവർക്ക് വേണ്ട സമയത്ത് വണ്ടി നിർത്താൻ കഴിയുന്നില്ല എന്നതാണ്. അതാണ് ഒരു കൂട്ടിയിടിയിലേക്കോ, തെന്നിവീഴുന്നതിലേക്കോ കൊണ്ടെത്തിക്കുന്നത്. എന്താണ് വണ്ടിയെ നിർത്താൻ സഹായിക്കുന്നത്? അതിന്റെ ഏതാണ്ട് മുഴുവൻ ക്രെഡിറ്റും പോകുന്നത് ഘർഷണം (friction) എന്ന ഒരുതരം സ്പർശബലത്തിനാണ്. നമ്മുടെ നിത്യജീവിതത്തിൽ ചിലയിടത്ത് വലിയ ഉപകാരവും ചിലയിടത്ത് വലിയ ശല്യവും ചിലയിടത്ത് ഇത് രണ്ടുമായും പ്രവർത്തിക്കുന്ന ഒരു വിചിത്ര അവതാരമാണ് ഘർഷണബലം. ഇതിന്റെ അടിസ്ഥാനം ആദ്യം മനസിലാക്കിയിട്ട് നമുക്ക് വാഹനാപകടങ്ങളിലേക്ക് വരാം.

തറയിൽ ഇരിക്കുന്ന കനമുള്ള ഒരു തടിപ്പെട്ടി സങ്കല്പിക്കുക. അതിനെ നിരക്കിനീക്കാനുള്ള ഉദ്ദേശ്യത്തോടെ നിങ്ങൾ അതിനെ മെല്ലെയൊന്ന് തള്ളുന്നു. അത് നീങ്ങുന്നില്ല. എന്തുകൊണ്ടാണത്? ന്യൂട്ടന്റെ രണ്ടാം ചലനനിയമം അനുസരിച്ച് ബലം (force) പ്രയോഗിച്ചാൽ ത്വരണം (acceleration) ഉണ്ടാകേണ്ടതാണല്ലോ. എന്നുവെച്ചാൽ നിശ്ചലമായ വസ്തുവിൽ ബലം പ്രയോഗിച്ചാൽ അത് ചലിക്കാൻ തുടങ്ങണം. പക്ഷേ ഇവിടെ പെട്ടി ലെവലേശം അനങ്ങിയിട്ടില്ല. അപ്പോ ന്യൂട്ടൻ നിയമം തെറ്റിയോ? ഇല്ല. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിൽ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതായിട്ട് കിടപ്പുണ്ട്. ചലിപ്പിക്കാൻ ഏതെങ്കിലും ബലം പോരാ, അസന്തുലിതമായ ബാഹ്യബലം (unbalanced external force) ആയാലേ ഫലമുള്ളൂ. പെട്ടിയിൽ നമ്മൾ പ്രയോഗിക്കുന്ന ബാഹ്യബലത്തെ സന്തുലിതമാക്കുന്ന മറ്റൊരു ബാഹ്യബലം അവിടെ പ്രവർത്തിക്കുന്നുണ്ട്-പെട്ടിയും തറയും തമ്മിലുള്ള ഘർഷണം. സത്യത്തിൽ പെട്ടിയിലെ ആറ്റങ്ങളിലെ ചാർജും തറയിലെ ആറ്റങ്ങളിലെ ചാർജും തമ്മിലുള്ള കശപിശകളാണ് ഘർഷണത്തിന് കാരണമാകുന്നത്. പക്ഷേ തത്കാലം കാര്യം സിമ്പിളാക്കി നിർത്തുന്നതിനായി ആ സൂക്ഷ്മതല വിശദീകരണത്തിലേക്ക് നമ്മൾ പോകുന്നില്ല. ഘർഷണത്തിന്റെ സ്വഭാവം മാത്രമേ പറയുന്നുള്ളൂ. നമ്മൾ പെട്ടിയിലെ തള്ളലിന് ശക്തി പതിയെ കൂട്ടിക്കൊണ്ടേയിരുന്നാൽ പിന്നേയും കുറേനേരം കൂടി പെട്ടി നീങ്ങാതെ തന്നെ നിൽക്കും. ഇങ്ങനെ ചലനത്തെ ചെറുക്കുന്ന ഘർഷണത്തെ നമുക്ക് സ്ഥിതഘർഷണം (static friction) എന്ന് വിളിക്കാം. പെട്ടിക്ക് എത്രത്തോളം ഭാരമുണ്ടോ അത്രത്തോളം കൂടുതൽ അത് നിരങ്ങിനീങ്ങുന്ന ചലനത്തെ ചെറുക്കും. അതായത് സ്ഥിതഘർഷണം, നീങ്ങാൻ ശ്രമിക്കുന്ന വസ്തുവിന്റെ ഭാരം കൂടുന്നതിന് ആനുപാതികമായി കൂടുതലായിരിക്കും.

നമ്മൾ പിന്നേയും തള്ളിന് ശക്തി കൂട്ടിക്കൊണ്ടിരുന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ വസ്തു നീങ്ങാൻ തുടങ്ങും. സ്ഥിതഘർഷണം പരാജയം സമ്മതിച്ച് പിൻവാങ്ങി എന്നാണ് അതിനർത്ഥം. എന്നാൽ അതോടെ ആ വസ്തു പൂർണമായും നമുക്ക് വഴങ്ങാനൊന്നും പോണില്ല.  മാർബിൾ തറയിലും ടാറിട്ട റോഡിലും ഒരേ വസ്തുവിനെ നിരക്കിക്കൊണ്ട് പോകാൻ ശ്രമിച്ചാൽ ഒരു വ്യത്യാസം നമുക്ക് നേരിട്ട് അനുഭവപ്പെടും. ടാറിട്ട റോഡിൽ നമുക്ക് കൂടുതൽ ബലം പ്രയോഗിച്ചേ പറ്റൂ. അവിടെ നമ്മൾ മല്ലിടുന്നത് ചലനഘർഷണം (kinetic friction) എന്ന മറ്റൊരുതരം ഘർഷണവുമായാണ്. അത് പരസ്പരം തൊട്ടുകൊണ്ട് ചലിച്ചുകൊണ്ടിരിക്കുന്ന രണ്ട് വസ്തുക്കൾക്കിടയിലാണ് പ്രവർത്തിക്കുന്നത്. ഇതും വസ്തുവിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് കൂടും.

ചലിക്കുന്ന വസ്തുവിന്റെ ഭാരത്തിന് പുറമേ, ചലനഘർഷണവും സ്ഥിതഘർഷണവും പരസ്പരം തൊട്ടിരിക്കുന്ന പ്രതലങ്ങളുടെ സ്വഭാവം അനുസരിച്ച് മാറും. ഓരോ ജോഡി പ്രതലങ്ങൾക്കിടയിലും എത്ര ഘർഷണബലം പ്രവർത്തിക്കും എന്ന് പറയാൻ നമ്മൾ ഒരു സംഖ്യ ഉപയോഗിക്കും-ഘർഷണാങ്കം (coefficient of friction). ഉദാഹരണത്തിന്, ഒരു കുപ്പിയുടെ അടപ്പ് തുറക്കാൻ ശ്രമിച്ചിട്ട് കൈ വഴുക്കുന്ന സാഹചര്യം എല്ലാവർക്കും പരിചയമുണ്ടാകും. കൈയും അടപ്പും തമ്മിലുള്ള സ്ഥിതഘർഷണം, അടപ്പും കുപ്പിയും തമ്മിലുള്ള സ്ഥിതഘർഷണത്തെക്കാൾ കുറവാണെങ്കിലാണ് ഇത് സംഭവിക്കുന്നത്. ഇവിടെ ചെയ്യാവുന്ന ഒരു സൂത്രം, കുറച്ചുകൂടി ഘർഷണാങ്കം കിട്ടുന്ന ഒരു പ്രതലം അവിടെ എത്തിക്കുക എന്നതാണ്. ഈ തിയറിയൊന്നും അറിയാതെ തന്നെ നമ്മളിൽ പലരും അത് ചെയ്യാറുണ്ട്. ഒരു റബ്ബർ ഷീറ്റ് (പൊട്ടിയ ബലൂൺ കഷണം മതി) കൊണ്ട് പൊതിഞ്ഞിട്ട് തിരിച്ചാൽ അടപ്പ് കുറച്ചുകൂടി എളുപ്പത്തിൽ തുറക്കാം, അല്ലേ? നമ്മൾ കൈയ്ക്കും അടപ്പിനും ഇടയിലുള്ള ഘർഷണാങ്കം കൂട്ടുകയാണ് സത്യത്തിലവിടെ ചെയ്തത്. പകരം കൈയിൽ അല്പം സോപ്പ് തേച്ചിട്ടാണ് തിരിക്കാൻ നോക്കുന്നതെങ്കിലോ? അവിടെ ഘർഷണാങ്കം കുറയുകയാണ് ചെയ്യുക എന്നതിനാൽ പണി കൂടുതൽ ശ്രമകരമാകും. നമ്മുടെ നാട്ടിൻപുറങ്ങളിലെ കമുകിൽ കയറ്റ മത്സരങ്ങളിൽ, മത്സരത്തിന് വീര്യം കിട്ടാൻ തടിയിൽ എണ്ണ തേക്കുമ്പോഴും ചെയ്യുന്നത് ഘർഷണാങ്കം കുറയ്ക്കലാണ്.

ഇത്രേം പറഞ്ഞത് ചുരുക്കി പറഞ്ഞാൽ, ഒരു വസ്തുവിനെ നിരക്കി നീക്കാൻ ശ്രമിച്ചാൽ സ്ഥിതഘർഷണം അതിനെ തടയാൻ നോക്കും. ബലം കൂട്ടിക്കൊണ്ടേയിരുന്നാൽ സ്ഥിതഘർഷണവും കൂടുകയും ഒരു പരിധി കഴിയുന്നതോടെ അത് പിൻവാങ്ങുകയും ചെയ്യും. അപ്പോൾ മുതൽ ചലനഘർഷണം ചലനത്തെ ചെറിയ അളവിൽ ചെറുത്തുകൊണ്ടിരിക്കും.

ഇനി മൂന്നാമതൊരുതരം ഘർഷണം കൂടി പറ‍ഞ്ഞാലേ കാര്യം പൂർണമാകൂ- ഉരുളൽ ഘർഷണം (rolling friction). ഇത് സ്ഥിതഘർഷണത്തിന്റെ ഒരു വകഭേദമാണ്. നിരക്കിനീക്കുന്നതിന് പകരം ഉരുട്ടിനീക്കിയാൽ ഘർഷണബലം വളരെയധികം കുറവായിരിക്കും. മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിമറിച്ച ചക്രത്തിന്റെ കണ്ടുപിടിത്തം സത്യത്തിൽ ഉരുളൽ ഘർഷണം വളരെ കുറവാണ് എന്ന തത്വത്തെ അപേക്ഷിച്ചാണ് പ്രവർത്തിക്കുന്നത്. ചക്രങ്ങൾ തറയിൽ തൊടുന്ന ഭാഗത്തെ കൂടിയ സ്ഥിതഘർഷണമാണ് സത്യത്തിൽ ഉരുളൽ സാധ്യമാക്കുന്നത് എന്നതാണ് രസം. വലിയ ചരക്കുകൾ ഒരുപാട് ദുരം കൊണ്ടുപോകേണ്ടയിടത്ത് ഉരുളുന്ന ചക്രങ്ങൾ നമ്മുടെ പൂർവികർക്ക് ഒരുപാട് അധ്വാനം ലാഭിച്ചുകൊടുത്തു. ഇല്ലായിരുന്നെങ്കിൽ നിരക്കിനീക്കുമ്പോഴത്തെ സ്ഥിതഘർഷണവും ചലനഘർഷണവും കാരണം അവരുടെ നടുവൊടിഞ്ഞേനെ. പരസ്പരം തൊട്ടുകൊണ്ട് ചലിക്കേണ്ട യന്ത്രഭാഗങ്ങൾക്കിടയിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നതും ഇതേ തത്വം കാരണം തന്നെ.

ഇത്രയും വ്യക്തമായെങ്കിൽ മാത്രമേ മുന്നോട്ട് പോയിട്ട് കാര്യമുള്ളൂ. പറ്റുമെങ്കിൽ ഇതുവരെ ഒന്നുകൂടി വായിച്ചേക്കൂ. മൂന്ന് തരം ഘർഷണങ്ങൾ പറഞ്ഞു. ഇതിൽ ഏറ്റവും ശക്തമായത് സ്ഥിതഘർഷണമാണ്. അതിനെക്കാൾ ദുർബലമാണ് ചലനഘർഷണം. ഇത് രണ്ടിനെക്കാളും വളരെ വളരെ ദുർബലമാണ് ഉരുളൽ ഘർഷണം. ഇതാണ് ഗുണപാഠം.

ഇനി വണ്ടിയിലേക്ക് കയറാം. വണ്ടിയ്ക്ക് നീങ്ങിത്തുടങ്ങാൻ ആദ്യം വേണ്ടത് സ്ഥിതഘർഷണത്തിന്റെ സഹായം ആണ്. ടയറും റോഡും തമ്മിലുള്ള ആപേക്ഷികചലനത്തെ (relative motion) സ്ഥിതഘർഷണം തടഞ്ഞാലേ വണ്ടിക്ക് മുന്നോട്ട് നീങ്ങാൻ പറ്റൂ. ഇത് സാധിക്കാത്തതുകൊണ്ടാണ് ചെളിയിൽ പുതഞ്ഞ വണ്ടി നമുക്ക് തലവേദനയാകുന്നത്. സ്ഥിതഘർഷണാങ്കം കുറവായതിനാൽ ടയറ് കറങ്ങും, വണ്ടി നീങ്ങൂല. റോഡിലൂടെ വണ്ടി നീങ്ങിത്തുടങ്ങിയാൽ സ്ഥിതഘർഷണം ഉരുളൽ ഘർഷണം കൂടിയായി പ്രവർത്തിക്കും. അതിന്റെ ഗുണവശം വണ്ടി സുഖമായി നീങ്ങുന്നു എന്നതും, അതിന്റെ ദോഷവശം ടയർ പതിയെ തേഞ്ഞുപോകുന്നു എന്നതുമാണ്. ഇത് രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാകുന്നു. ഇപ്പോ വണ്ടി ഓടുകയാണേ. ഇനി നമുക്കത് നിർത്തണം. ബ്രെയ്ക് ചവിട്ടുമ്പോൾ നമ്മൾ ടയറുകളുടെ കറക്കം നിർത്തുകയാണ് ചെയ്യുന്നത് എന്നറിയാമല്ലോ. പക്ഷേ ഇവിടെ അത്ര ലളിതമല്ല കാര്യം. നോക്കാം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് ഒരു ഊർജമുണ്ട്- അതിന്റെ ചലനവേഗത കാരണമുള്ള ഗതികോർജം, kinetic energy . (അല്പസ്വല്പം ഫിസിക്സ് പഠിച്ചവർക്കായി ചില ലളിതമായ സമവാക്യങ്ങൾ കൂടി എഴുതുവാണേ. ഒരുപക്ഷേ അത് മനസിലായില്ല എങ്കിൽ, തുടർന്നുള്ള വിവരണങ്ങൾ മാത്രം വായിച്ചാൽ മതി.)

E = (1/2)mv^2

ഈ ഗതികോർജം വണ്ടിയുടെ ഭാരത്തിനും വേഗതയ്ക്കും അനുസരിച്ച് കൂടും. ഇതിൽ വേഗതയാണ് കേമൻ. വേഗത രണ്ടിരട്ടിയായാൽ ഗതികോർജം നാലിരട്ടിയാകും, വേഗത മൂന്നിരട്ടിയായാൽ ഗതികോർജം ഒമ്പതിരട്ടിയാകും. അതായത് വേഗതയുടെ വർഗം (square) അനുസരിച്ചാണ് ഊർജം കൂടുന്നത്. വണ്ടി നിർത്തുക എന്നുപറഞ്ഞാൽ ഗതികോർജം പൂജ്യമാക്കുക എന്നാണർത്ഥം. അപ്പോ ഈ ഊർജമൊക്കെ എന്തുചെയ്യും? താപോർജമായോ, ശബ്ദോർജമായോ ഒക്കെ നാലുപാടും ചിതറിച്ച് കളയുകയേ മാ‍ർഗമുള്ളൂ. ആ പണി ചെയ്യാൻ ഒരു ബലം വേണം. We need a force that can do that work. ചിലപ്പോ തോന്നാം വണ്ടിയുടെ ബ്രേക്ക് ആ പണി ചെയ്യുമെന്ന് അല്ലേ? ഇല്ല. ബ്രേക്ക് ടയറിന്റെ കറക്കം നിർത്തും. വണ്ടി നിർത്താൻ അത് പോരാ! വണ്ടിയുടെ ഗതികോർജം പൂജ്യമാക്കുന്ന ആ ബലം, ടയറിനും റോഡിനും ഇടയ്ക്ക് പ്രവർത്തിക്കുന്ന സ്ഥിതഘർഷണബലം ആണ്.

ഇവിടെയാണ് നമ്മൾ വളരെയധികം പ്രാധാന്യത്തോടെ മനസിലാക്കേണ്ട, എന്നാൽ പലപ്പോഴും മൈൻഡ് പോലും ചെയ്യാത്ത ഒരു കാര്യം രംഗപ്രവേശം ചെയ്യുന്നത്- ബ്രേക്കിങ് ദൂരം (braking distance). ഒരു ബലം എത്രത്തോളം ഊർജം ഉപയോഗിക്കുന്നു എന്നത് ബലത്തിന്റെ അളവും അത് പ്രവർത്തിക്കുന്ന ദൂരവും അനുസരിച്ചിരിക്കും. സമവാക്യത്തിലൂടെ പറഞ്ഞാൽ,

E = Fd

അതായത് F ബലം, d ദൂരത്തേയ്ക്ക് പ്രവർത്തിച്ചാൽ അത് E ഊർജം ഉപയോഗിക്കും.
ഇവിടെ F എന്നത് സ്ഥിതബലത്തിന്റെ അളവാണ്. അത് വാഹനത്തിന്റെ ഭാരത്തേയും, റോഡ്-ടയർ ജോഡികളുടെ ഘർഷണാങ്കത്തേയും മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മനസിലാക്കാമല്ലോ. ഒരു പ്രത്യേക വാഹനത്തെ, ഒരു പ്രത്യേക സ്ഥലത്ത് നിർത്തേണ്ട കാര്യം പറയുമ്പോൾ ഇത് രണ്ടും സ്ഥിരമായ അളവുകളാണ്. വാഹനത്തിന്റെ ഭാരമോ ഘർഷണാങ്കമോ നമുക്ക് മാറ്റാനാവില്ല. അപ്പോപ്പിന്നെ ആകെയുള്ള മാർഗം ദൂരം കൂട്ടുക എന്നതാണ്. അതായത്, എത്രത്തോളം കൂടുതൽ ഊർജത്തോടെയാണോ വാഹനം വരുന്നത്, അത്രത്തോളം കൂടുതൽ ദൂരം ഘർഷണബലം തുടർച്ചയായി പ്രവർത്തിച്ചാലേ ആ ഊ‍ർജത്തെ പ്രതിരോധിക്കാനാകൂ. ഈ ദൂരത്തെയാണ് നമ്മൾ ബ്രേക്കിങ് ദൂരം എന്ന് വിളിക്കുന്നത്. ഡ്രൈവർ ബ്രേക്ക് ചവിട്ടുന്ന സമയം തൊട്ട് വണ്ടി നിൽക്കുന്ന സമയം വരെ ആ വണ്ടി സഞ്ചരിക്കുന്ന ദൂരം.

ഇനി ഒന്ന് ശ്രദ്ധിച്ചുനോക്കിയേ, വേഗതയുടെ വർഗത്തിനനുസരിച്ചാണ് ഗതികോർജം. ഗതികോർജത്തിനനുസരിച്ചാണ് ബലത്തിന് പ്രവർത്തിക്കേണ്ട ദൂരം. അതായത്, വേഗതയുടെ വർഗത്തിനനുസരിച്ച് ബ്രേക്കിങ് ദൂരം കൂടും. 30 km/h വേഗതയിൽ വരുന്ന വണ്ടി ബ്രേക്ക് ചവിട്ടിയാൽ 3 മീറ്റർ ദൂരം പോയാണ് നിൽക്കുന്നത് എങ്കിൽ, അതേ വണ്ടി 60 km/h ൽ വന്നാൽ അതിന് നിൽക്കാൻ അതേ റോഡിൽ 9 മീറ്റർ ദൂരം പോണം. ഒരു വണ്ടിയുടെ ബ്രേക്കിങ് ദൂരം 9 മീറ്റർ എന്നുപറഞ്ഞാൽ, ഒരു തടസം കണ്ടിട്ട് 9 മീറ്റർ ദൂരെ നിന്നെങ്കിലും ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ വണ്ടി പോയി അതിൽ ഇടിക്കും എന്നർത്ഥം. തടസം എതിരേ വരുന്നൊരു വണ്ടിയാണെങ്കിൽ ഈ ദൂരം പിന്നേം കൂറയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റോഡിന്റെ സ്വഭാവം, വണ്ടികളുടെ എണ്ണം ഇവയൊക്കെയനുസരിച്ച് കണക്കാക്കുന്ന ബ്രേക്കിങ് ദൂരം പരിഗണിച്ചാണ് വാഹനങ്ങൾക്ക് സ്പീഡ് ലിമിറ്റ് നിഷ്കർഷിക്കുന്നത്.

തീർന്നില്ല! ഇനിയും ഈ വിഷയത്തിൽ രണ്ട് പ്രശ്നങ്ങൾ ബാക്കി കിടപ്പുണ്ട്.

ഒന്ന്, നമ്മളിതുവരെ പറഞ്ഞ കണക്ക് സ്ഥിതഘർഷണം പരിഗണിച്ചുള്ളതാണ്. സ്ഥിതഘർഷണത്തിന് ഒരു പരിധിയുണ്ട്. വേഗത കൂടുന്നതിനനുസരിച്ച് എത്ര വേണമെങ്കിലും ചലനത്തെ പ്രതിരോധിയ്ക്കാൻ അതിന് കഴിയില്ല. പലപ്പോഴും നല്ല വേഗതയിൽ വരുമ്പോൾ പെട്ടെന്നുള്ള ബ്രേക്ക് ചവിട്ടൽ ടയറിന്റെ കറക്കം പൂട്ടിട്ടതുപോലെ നിർത്തും (locked wheels). സ്ഥിതഘർഷണത്തിന് ഇത്രയും ഊർജത്തോടെയുള്ള ചലനത്തെ ചെറുക്കാനാവില്ല. അതോടെ ഉരുണ്ടുകൊണ്ടിരുന്ന ടയർ റോഡിലൂടെ നിരങ്ങിനീങ്ങാൻ തുടങ്ങും (sliding). അതായത് സ്ഥിതഘർഷണത്തിന് പകരം, ദുർബലമായ ചലനഘർഷണമായിരിക്കും അവിടെ പ്രവർത്തിക്കുന്നത്. ഘർഷണബലം കുറയുന്നതോടെ ബ്രേക്കിങ് ദൂരം പിന്നേം കൂടും. നിരങ്ങുന്ന ടയറിനെക്കാൾ തറയിൽ പിടുത്തം കിട്ടുന്നത് (അതാണല്ലോ ഘർഷണബലത്തിനുള്ള നാടൻ പ്രയോഗം!) ഉരുളുന്ന ടയറിനാണ് എന്നാണ് ആ പറഞ്ഞതിന് അർത്ഥം. സ്റ്റിയറിങ്ങ് വഴി ടയർ തിരിയ്ക്കുമ്പോൾ വണ്ടി തിരിയണമെങ്കിലും ടയറും റോഡും തമ്മിൽ നല്ല ഘർഷണബലം ആവശ്യമാണ്.  ഭാരം കുറഞ്ഞ വണ്ടിയാണെങ്കിൽ അതിനനുസരിച്ച് ഘർഷണവും കുറവായിരിക്കും. കൂടുതൽ വേഗത കൈവരിക്കാൻ ശേഷിയുള്ളതും, അതേസമയം ഭാരം കുറഞ്ഞതുമായ വണ്ടികൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് ഇക്കാരണം കൊണ്ടാണ്. സ്പീഡിൽ പോകുമ്പോ ചവിട്ടിയാൽ നിൽക്കേമില്ല, തിരിച്ചാലൊട്ട് തിരിയേമില്ല! ശൂൂൂന്ന് പോയി എവിടെങ്കിലും ഇടിക്കും.

ഇനി രണ്ടാമത്തെ പ്രശ്നം, ബ്രേക്കിങ് ദൂരവും സ്റ്റോപ്പിങ് ദൂരവും (stopping distance) തമ്മിലുള്ള വ്യത്യാസമാണ്. ബ്രേക്ക് ചവിട്ടിയാൽ വണ്ടി നിൽക്കുന്നതിന് മുൻപ് ഓടുന്ന ദൂരമാണ് ബ്രേക്കിങ് ദൂരം. അതിന് പക്ഷേ ബ്രേക്ക് ചവിട്ടണ്ടേ! മുന്നിൽ എന്തെങ്കിലും കണ്ട് വണ്ടി നിർത്തണമല്ലോ എന്ന് ഡ്രൈവർക്ക് തോന്നുന്നതിനും ബ്രേക്ക് ചവിട്ടുന്നതിനും ഇടയ്ക്ക് ഒരു ചെറിയ കാലതാമസമുണ്ട്. Reaction time എന്ന് പറയും. ഇത് സാധാരണഗതിയിൽ ഒരു സെക്കന്റിനെക്കാളൊക്കെ കൂടുതലാണ്. അതിനെ ചെറുതായി കാണരുത്. 60 km/h വേഗതയിൽ സഞ്ചരിക്കുന്ന ഒരു വണ്ടി ഒരു സെക്കന്റിൽ 17 മീറ്റർ സഞ്ചരിക്കുന്നുണ്ട്. ഈ ദൂരവും നേരത്തേ കണക്കാക്കിയ ബ്രേക്കിങ് ദൂരവും കൂടി ചേരുമ്പോഴാണ് ആ വണ്ടിയുടെ ആകെ സ്റ്റോപ്പിങ് ദൂരം ആകുന്നത്. ഇടി ഒഴിവാക്കണമെങ്കിൽ തടസ്സം നമ്മൾ സ്റ്റോപ്പിങ് ദൂരത്തിന് മുന്നേയെങ്കിലും കണ്ടിരിക്കണം! ഒരു സാധാരണ റോഡിൽ, ഒരു സാധാരണ വ്യക്തി 60 km/h-ൽ ഓടിക്കുന്ന ഒരു സാധാരണ കാറിന്റെ സ്റ്റോപ്പിങ് ദൂരം ഏതാണ്ട് 40 മീറ്റർ വരും! ഇനി അയാൾ മദ്യപിച്ചിട്ടോ, ഫോണിൽ സംസാരിച്ചുകൊണ്ടോ ഒക്കെയാണ് പോകുന്നതെങ്കിൽ reaction time കൂടും. റോഡ് നനഞ്ഞോ, ഇളകിയ മണ്ണോ മണലോ മൂടിയോ ഒക്കെ കിടക്കുകയാണെങ്കിൽ അവിടത്തെ ഘർഷണവും അതിനനുസരിച്ച് കാര്യമായി കുറയും. തേഞ്ഞുതീരാറായ ടയറും (മൊട്ട ടയർ!) ഘർഷണം കുറയ്ക്കും. അത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിങ് ദൂരം പിന്നേയും കൂടുകയേ ഉള്ളൂ.

ഇത്രയും പറഞ്ഞ സയൻസിൽ നിന്നും നമ്മൾ മനസിലാക്കേണ്ട ചില സുരക്ഷാമാനദണ്ഡങ്ങൾ പറഞ്ഞോട്ടെ:

1. പരമപ്രധാനമായ കാര്യം- ഓവർ സ്പീഡ് വേണ്ടേ വേണ്ട! നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അപകടകാരണം അമിതവേഗം തന്നെയാണ്.
2. മഴയത്തും, ഇളകിയ മണ്ണ് കിടക്കുന്ന റോഡിലും സാധാരണ പോകുന്നതിലും വേഗത വളരെ കുറച്ച് മാത്രം പോകുക.
3. വണ്ടിയെ അറിഞ്ഞ് ഓടിക്കുക. ഇന്നോവക്കാ‍ർ കാണിക്കുന്ന അഭ്യാസം ആൾട്ടോക്കാർ വെച്ച് കാണിക്കുന്നത് ആത്മഹത്യാപരമാണ്.
4. മദ്യപിച്ചോ ഫോണിൽ ശ്രദ്ധിച്ചോ വണ്ടിയോടിക്കാതിരിക്കുക.
5. വണ്ടിയുടെ ടയർ, ബ്രേക്ക്, ഷോക്ക് അബ്സോർബർ തുടങ്ങിയവ നല്ല കണ്ടീഷനിൽ സൂക്ഷിക്കാൻ ശ്രമിക്കുക.

വാൽക്കഷണം 1: ഇപ്പോഴത്തെ വണ്ടികളിൽ ഉള്ള Anti-lock Braking System (ABS) വീലുകൾ പെട്ടെന്ന് നിന്നുപോകുന്നത് തടയാനുള്ളതാണ്. വളവുകളൊക്കെ തിരിയുമ്പോൾ എല്ലാ ടയറുകളും ഒരേ വേഗതയിലാവില്ല തിരിയുന്നത്. ഓരോ ടയറിന്റേയും വേഗത അനുസരിച്ച് യോജിച്ച ബ്രേക്കിങ് ബലം തീരുമാനിച്ച് പ്രയോഗിക്കുകയാണ് അവിടെ ചെയ്യുന്നത്.

വാൽക്കഷണം 2: ചിലരെങ്കിലും ധരിച്ചിരിക്കുന്നത് ഷോക് അബ്സോർബ‍ർ യാത്രക്കാരുടെ യാത്രാസുഖത്തിന് (അകത്തെ ഷോക്ക് കുറയ്ക്കുക വഴി) വേണ്ടിയുള്ളതാണ് എന്നാണ്. എന്നാൽ വണ്ടിയുടെ ടയറുകൾ എപ്പോഴും റോഡിൽ തന്നെ തൊട്ടുനിർത്തുക എന്നതാണ് അതിന്റെ പ്രധാനകർത്തവ്യം. അല്ലാത്തപക്ഷം വണ്ടിയെ ശരിയായി നിയന്ത്രിക്കാൻ കഴിയില്ല.

[തുടരും‍‍...]