Jan 23, 2017

മനുഷ്യപുരോഗതിയുടെ വിചിത്ര ചരിത്രം!

മനുഷ്യൻ ഈ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഹോമോ സാപിയൻസ് എന്ന് ജീവശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന ജീവി ലക്ഷക്കണക്കിന് വർഷം മുന്നേ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ ജീവിയെ, വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും അലഞ്ഞ് ജീവിക്കുന്ന ഇന്നത്തെ അനേകം വന്യമൃഗങ്ങളിൽ ഒന്ന് മാത്രമായേ കണക്കാക്കാൻ നിർവാഹമുള്ളൂ. നാം മനുഷ്യൻ എന്ന വാക്കുകൊണ്ട് സാധാരണഗതിയിൽ അർത്ഥമാക്കുന്നത് സാമൂഹ്യജീവിയായ ഹോമോസാപിയൻസിനെയാണ്. അയാളുടെ പ്രായമാണ് ഇവിടത്തെ നമ്മുടെ ചോദ്യം.

കൃഷി ചെയ്യാൻ പഠിച്ചതാണ് മനുഷ്യന്റെ നാഗരികജീവിതത്തിന് വഴിത്തിരിവായത്. അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം അവരവർക്ക് ആവശ്യമായ ആഹാരം ആവശ്യമുള്ളിടത്ത് ഉണ്ടാക്കിയെടുക്കാനുള്ള വിദ്യയാണല്ലോ അത്. അറിയപ്പെടുന്ന പുരാതന സംസ്കാരങ്ങളെല്ലാം വലിയ നദികളുടെ തീരങ്ങളിൽ പുഷ്ടി പ്രാപിച്ചത് കൃഷിയുമായുള്ള നാഗരികതയുടെ ബന്ധമാണ് കാണിക്കുന്നത്. തെളിവുകൾ അനുസരിച്ച്, നാം കൃഷി സ്വായത്തമാക്കിയിട്ട് കുറഞ്ഞത് പതിനായിരം വർഷം ആയിട്ടുണ്ട് എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ നാഗരികമനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷമായി എന്ന് പറയാം. ഈ പതിനായിരം വർഷത്തെ ചരിത്രത്തിൽ, ഇന്നത്തെ നമ്മുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കണ്ടുപിടിത്തങ്ങളും അറിവുകളും എപ്പോഴൊക്കെയാണ് ഉണ്ടായത് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, എന്നാണ് നാം വൈദ്യുതി കണ്ടുപിടിച്ചത്?

മുന്നോട്ട് പോകുന്നതിന് മുൻപ് ഒരു കാര്യം പറയേണ്ടതുണ്ട്. പതിനായിരം വർഷം എന്ന കണക്ക് പറയാൻ എളുപ്പമാണെങ്കിലും മനസിൽ ചിത്രീകരിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ തലച്ചോറ് ഒരുപാട് വലുതും തീരെ ചെറുതുമായ അളവുകൾ കൈകാര്യം ചെയ്യാൻ യോജിച്ചതല്ല എന്ന പരിമിതിയാണ് കുഴപ്പം. ഒരു തേങ്ങ, അഞ്ച് തേങ്ങ, പത്ത് തേങ്ങ എന്നൊക്കെ പറഞ്ഞാൽ നമുക്കത് മനസ്സിൽ സങ്കല്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ പതിനായിരം തേങ്ങ എന്നുപറഞ്ഞാൽ, മനസിൽ 'കുറേ തേങ്ങ' എന്നൊരു ചിത്രമേ വരാൻ സാധ്യതയുള്ളു. വലിപ്പം കൂടുന്തോറും കൃത്യമായ സംഖ്യകൾ അവ്യക്തമായ 'കുറേ' എന്നൊരു സങ്കല്പത്തിലേയ്ക്ക് പടർന്നുപോകുന്നതായി കാണാം.  ഈ പ്രശ്നം പരിഹരിക്കാൻ, മനുഷ്യന്റെ പതിനായിരം വർഷം നീണ്ട ചരിത്രത്തെ, ഒരു വർഷമായി ചുരുക്കാൻ പോകുകയാണ് നാം. അതായത്, കഴിഞ്ഞ ജനുവരി-1 നാണ് മനുഷ്യൻ കൃഷി ചെയ്യാൻ പഠിച്ചത്. ഇന്ന് ഡിസംബർ-31 ആണ്. ഓർക്കുക ഈ സാങ്കല്പിക വർഷത്തിലെ ഓരോ ദിവസത്തിനും, യഥാർത്ഥ ചരിത്രത്തിലെ 27.4 വർഷങ്ങളുടെ നീളമുണ്ടാകും. ഇനി മനുഷ്യചരിത്രത്തിലെ ചില നിർണായകമായ കണ്ടുപിടിത്തങ്ങളെ ഈ കലണ്ടറിലെ തീയതികളിൽ അടയാളപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. 

ആദ്യമൊന്ന് സ്വയം ഊഹിച്ചുനോക്കൂ. സൂര്യൻ ഭൂമിയെയല്ല, മറിച്ച് ഭൂമി സൂര്യനെയാണ് വലംവെക്കുന്നത് എന്ന കാര്യം നാം മനസിലാക്കിയത് ഈ കലണ്ടറിൽ ഏത് മാസത്തിലായിരിക്കും? മാർച്ച്? അതോ ജനുവരിയിൽ തന്നെയോ? സത്യത്തിൽ അത് നടന്നത് ഡിസംബർ മാസത്തിലാണ്. അതെ, ഈ വർഷത്തിലെ അവസാനമാസത്തിന്റെ ഏതാണ്ട് പകുതിയോടടുത്ത്, ഡിസംബർ-13-നാണ് അത്. അതിന് മുൻപ് നൂറ്റാണ്ടുകളോളം മനുഷ്യർ അംഗീകരിച്ച് വിശ്വസിച്ചിരുന്ന, ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തം (ഭൂമിയെയാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും ചുറ്റുന്നത് എന്ന സിദ്ധാന്തം) പോലും ഓക്ടോബർ 23-നാണ് ഉണ്ടായത്. വർഷത്തിലെ പത്താം മാസത്തിന്റെ അവസാനം! ജീവികളുടെ ശരീരം കോശങ്ങൾ എന്ന അടിസ്ഥാനഘടകങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുന്നത് ഡിസംബർ 18-നാണ്. വെറും കണ്ണുകൾ കൊണ്ട് കാണാവുന്ന ശനി വരെയുള്ള ഗ്രഹങ്ങൾക്കപ്പുറം സൂര്യനെ ചുറ്റുന്ന വേറൊരു ഗ്രഹം (യുറാനസ്) ഉണ്ടെന്ന് കണ്ടുപിടിക്കുന്നത് ഡിസംബർ 22-നാണ്. വർഷം തീരാൻ ഇനി വെറും എട്ട് ദിവസങ്ങളേ ഉള്ളുവെന്ന് ഓർക്കണം. ദൈനംദിന ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന വിധം ഉദ്പാദനം സാധ്യമാക്കുന്ന മൈക്കൽ ഫാരഡേയുടെ ഡൈനാമോ കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 24-നാണ്. വൈദ്യുതി എന്നാൽ ഇലക്ട്രോണുകളുടെ ഒഴുക്കാണ്. ഈ ഇലക്ട്രോണുകൾ എന്ന കണികകളെ കണ്ടെത്തുന്നത് ഡിസംബർ 26-നാണ്. സൂര്യൻ മിൽക്കീവേ എന്ന ഒരു നക്ഷത്രക്കൂട്ടത്തിലെ (ഗാലക്സി) അനേകായിരം നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണെന്നും അതിന് വെളിയിൽ വേറെ ഗാലക്സികൾ ഉണ്ടെന്നും മനസിലാക്കുന്നത് ഡിസംബർ 27-നാണ്.  ഇന്നത്തെയീ ഇലക്ട്രോണിക് വിപ്ലവങ്ങളെല്ലാം സാധ്യമാക്കുന്നതിന് തുടക്കം കുറിച്ച, ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്ന് വിളിക്കപ്പെടുന്ന ട്രാൻസിസ്റ്റർ  കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 28-നാണ്. 

ഇങ്ങനെ ഇന്ന് നിങ്ങൾ ചുറ്റും കാണുന്ന ഏതൊരു കണ്ടുപിടിത്തവും എടുത്ത് അടയാളപ്പെടുത്തിക്കോളൂ, കലണ്ടറിൽ അവയൊക്കെ അവസാനമാസത്തിന്റെ അവസാനദിവസങ്ങളിൽ ഞെരുങ്ങിക്കിടക്കുന്നതായി കാണാം. അപ്പോ ചോദിച്ചോട്ടെ, ഇതിന് മുന്നേയുള്ള പത്തോ പതിനൊന്നോ മാസങ്ങളിൽ മനുഷ്യൻ എന്ത് ചെയ്യുകയായിരുന്നു? സാങ്കല്പിക കലണ്ടർ വിട്ട് യാഥാർത്ഥ്യത്തിലേയ്ക്ക് വന്നാൽ, പതിനായിരം വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിട്ട് നാഗരിക മനുഷ്യൻ വൈദ്യുതഡൈനാമോ കണ്ടെത്താൻ AD 1831- വരെ (കഷ്ടിച്ച് 150 വർഷം മുൻപ്) കാത്തിരുന്നത് എന്തിനാണ്? പോട്ടെ, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് അംഗീകരിക്കാൻ AD 1550-കൾ വരെ സമയമെടുത്തത് എന്തിനായിരിക്കും? എന്നാലും ഓന്നോർത്തുനോക്കൂ, പതിനായിരം വർഷത്തിലെ ആദ്യത്തെ 9500 വർഷങ്ങളും ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന അടിസ്ഥാനവിവരം പോലും ഇല്ലാതെയാണ് മനുഷ്യൻ ചെലവഴിച്ചത് എന്ന കാര്യം ഓർക്കുമ്പോൾ തന്നെ ലജ്ജിക്കേണ്ടതല്ലേ? നൂറ് വയസ്സുള്ള ഒരു മനുഷ്യൻ തന്റെ 95-ാമത്തെ വയസ്സിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നറിയുന്നതിന് തുല്യമാണത്. എന്തൊരു ഗതികേടാണ്! നോക്കിയാൽ, നാം അഹങ്കരിക്കുന്ന നമ്മുടെ തിരിച്ചറിവുകൾക്കും കണ്ടെത്തലുകൾക്കും വളരെ കുറച്ചുകാലത്തെ ചരിത്രമേ പറയാനുള്ളൂ. മനുഷ്യന്റെ ബഹിരാകാശയാത്രയുടെ ചരിത്രത്തിന് പതിനായിരത്തിൽ വെറും എഴുപത് വർഷത്തിന്റെ പങ്കല്ലേ അവകാശപ്പെടാനുള്ളു? 

മനുഷ്യപുരോഗതിയുടെ ഈ വിചിത്രമായ ചരിത്രം ഒരു പ്രധാന കാര്യം സൂചിപ്പിക്കുന്നുണ്ട്- ഇക്കഴിഞ്ഞ അവസാന അഞ്ഞൂറ് വർഷങ്ങൾക്കിടയിൽ നമ്മളെന്തോ പുതുതായി പഠിച്ചെടുത്തിരിക്കുന്നു. വളരെ നിർണായകമായ ഒരു പാഠം. ഇന്ന് നാമതിനെ ശാസ്ത്രരീതി (scientific method) എന്നാണ് വിളിക്കുന്നത്. സത്യം കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ രീതിയാണത്. ന്യൂട്ടൻ, കെപ്ലർ, ഗലീലിയോ ഇങ്ങനെ നിരവധി ആളുകളിലൂടെ പതിയെയാണ് ആ രീതി ഉരുത്തിരിഞ്ഞത്. അവരുടേതായ സത്യാന്വേഷണരീതികൾ ഉണ്ടാക്കിയ വിപ്ലവകരമായ പുരോഗതി അതിന് മുൻപുണ്ടായിരുന്ന രീതികളുടെ പോരായ്മ കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അന്ന് തുടങ്ങിയ പുരോഗതികളുടെ കുത്തൊഴുക്കിനെ ശാസ്ത്രീയവിപ്ലവം (scientific revolution) എന്നാണ് വിളിക്കുന്നത്. കോപ്പർനിക്കസിന്റെ സൗരകേന്ദ്രസിദ്ധാന്തത്തെയാണ് അതിന്റെ തുടക്കമായി ഇന്ന് അടയാളപ്പെടുത്തുന്നത്. ചില നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള സത്യാന്വേഷണരീതിയാണ് ശാസ്ത്രരീതി. 
1. ആശയങ്ങളെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി മാത്രം പരിശോധനയ്ക്ക് വിധേയമാക്കുക, 
2. പരിശോധന ജയിക്കുന്ന ആശയങ്ങളെ മുഖവിലയ്ക്കെടുത്ത് കൂടുതൽ പരീക്ഷിയ്ക്കുക, അല്ലാത്തവ ഉപേക്ഷിക്കുക, 
3. തെളിവ് എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് നീങ്ങുക
4. എന്തിനേയും ചോദ്യം ചെയ്യുക
എന്നിവയാണ് ആ നിബന്ധനകൾ. പക്ഷേ കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും, ഇത് പ്രയോഗത്തിൽ അത്ര എളുപ്പമല്ല. മുൻവിധികളേയും വിശ്വാസങ്ങളേയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും മറികടന്ന് ശാസ്ത്രരീതി പിന്തുടരുക എന്നത് എളുപ്പമായിരുന്നെങ്കിൽ, ശാസ്ത്രവിപ്ലവത്തിന് ഇങ്ങനെ 9500 വർഷത്തെ താമസം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ശാസ്ത്രം പറയുന്നിടത്തെല്ലാം ആ ബോധ്യം കൂടി ഉണ്ടാകേണ്ടതുണ്ട്. 

Jan 18, 2017

ലോകഭൂപടത്തിൽ നാം കാണാതെപോകുന്നത്...


ലോക ഭൂപടം അഥവാ വേൾഡ് മാപ്പ് എല്ലാവർക്കും അറിയാം. ഈ ലോകത്തെ നാം അവയിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. ഗ്ലോബുകൾ മറ്റൊരു ദൃശ്യബോധം ഉണ്ടാക്കുന്നുണ്ട് എങ്കിലും, കൈകാര്യം ചെയ്യാനുള്ള എളുപ്പം കാരണം നമ്മുടെ ഭൂമിശാസ്ത്രബോധത്തെ കൂടുതൽ സ്വാധീനിക്കുന്നത് പരന്ന ലോകഭൂപടങ്ങൾ തന്നെയാണ്. എന്നാൽ ഭൂപടങ്ങൾക്ക് സഹജമായ ചില പരിമിതികളുണ്ട്. അത് മനസിലാക്കി അവയെ സമീപിച്ചിട്ടില്ലെങ്കിൽ തെറ്റായ ഒരു ലോകചിത്രമായിരിക്കും നമ്മൾ കൊണ്ടുനടക്കുന്നത്. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഭൂപടങ്ങൾ ഉണ്ടാക്കുന്നത്:

1. കുറേ രാജ്യങ്ങൾ 'മുകളിലും' മറ്റുള്ളവ 'താഴെയും' ആണ്

ഇത് ഭൂപടത്തിനും ഗ്ലോബിനും ബാധകമായ കാര്യമാണ്. അവിടെ ഇംഗ്ലണ്ടും ചൈനയും റഷ്യയും ഒക്കെ 'മുകളിലും', ഓസ്ട്രേലിയ, ബ്രസീൽ തുങ്ങിയവ 'താഴെ'യും ആണ്. ഇതിൽ ഒരു കുഴപ്പമുണ്ട്. താഴെ, മുകളിൽ എന്ന സങ്കല്പങ്ങൾ പ്രാദേശികമായി മാത്രം പ്രസക്തിയുള്ളവയാണ്. ഭൂമിയിൽ ഒരിടത്ത് ഗുരുത്വാകർഷണം അനുഭവപ്പെടുന്ന ദിശയാണ് അവിടത്തെ 'താഴേയ്ക്ക്' എന്ന ദിശ. ഗോളാകൃതിയുള്ള ഭൂമിയിൽ ഇൻഡ്യയും അമേരിക്കയും പോലെ എതിർവശങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഈ ദിശകളും വിപരീതമാണ്. അതായത്, ഇൻഡ്യയിൽ നിന്ന് ആലോചിക്കുമ്പോൾ അമേരിക്കയിൽ മഴ പെയ്യുന്നത് താഴെ നിന്ന് മുകളിലേയ്ക്കാണ്. എന്നാൽ ഭൂമിയെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ അവിടെ മേലും കീഴും എന്നൊരു സങ്കല്പത്തിനേ പ്രസക്തിയില്ല. നിങ്ങൾ ഭൂമധ്യരേഖയിൽ നിന്ന് ഇംഗ്ലണ്ടിന്റെ നേരേ പോയാലും ബ്രസീലിന്റെ നേരേ പോയാലും, 'മേലുകീഴുകൾ' നിർണയിക്കുന്നത് ഒരുപോലെയാണ്. ഭൂമിയിലെ ഒരു ഭൗതികനിയമവും അവിടെ മാറുന്നില്ല. അതുകൊണ്ട് തന്നെ ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്ന ലോകഭൂപടവും നമ്മൾ കണ്ടുപരിചയിച്ച ഭൂപടം പോലെ തന്നെ ശരിയാണ്. മേലുകീഴുകൾ മാറ്റി വരയ്ക്കുമ്പോൾ രാജ്യങ്ങളുടെ രൂപവും ആകെ മാറുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഇൻഡ്യയ്ക്ക് നമ്മുടെ മനസിലുള്ള രൂപവും ഈ മാപ്പിലുള്ള രൂപവും തമ്മിലുള്ള അന്തരം നമ്മുടെ മനസ്സ് ഒരുപക്ഷേ അംഗീകരിക്കാൻ പോലും കൂട്ടാക്കില്ല. പക്ഷേ രണ്ട് രൂപങ്ങളും ഒരുപോലെ ശരിയാണ്. ലോകജനസംഖ്യയുടെ 88 ശതമാനവും വസിക്കുന്നതും, ലോകത്തെ നിയന്ത്രിക്കുന്ന വലിയ സാമ്പത്തികശക്തികളായ രാജ്യങ്ങളെ ഉൾക്കൊള്ളുന്നതുമായ ഭൂമിയുടെ പകുതി (നമ്മുടെ ഉത്തരാർദ്ധഗോളം) മുകളിലാക്കി വരയ്ക്കാനാകും കൂടുതൽ പേരും ഇഷ്ടപ്പെടുക എന്നതുകൊണ്ടാണ് നാം കാണുന്ന രാഷ്ട്രീയഭൂപടത്തിന് ഈ രൂപം കൈവന്നത്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണകോൺ ഈ ഭൂരിപക്ഷ പക്ഷപാതത്താൽ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു.

2. വലിയ രാജ്യങ്ങളും ചെറിയ രാജ്യങ്ങളും

പല രാജ്യങ്ങൾക്കും പല വലിപ്പമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അത് മാപ്പിൽ കാണുന്ന അനുപാതത്തിൽ അല്ല. ഓരോ രാജ്യത്തിന്റേയും വിസ്തൃതിയുടെ കണക്ക് പരിശോധിച്ച് സംഖ്യകൾ താരതമ്യം ചെയ്താൽ അത് ബോധ്യപ്പെടും. ഒരുപാട് വലുതെന്ന് തോന്നുന്ന പല രാജ്യങ്ങളും അത്രയ്ക്ക് വലുതല്ല, ഒരുപാട് ചെറുതായി തോന്നുന്നവ അത്ര ചെറുതുമല്ല. എന്താണ് പ്രശ്നം? മാപ്പ് പരന്നതും, ഈ രാജ്യങ്ങളൊക്കെ കിടക്കുന്ന ഭൗമോപരിതലം ഉരുണ്ടതുമാണ് എന്നത് തന്നെ. ഉരുണ്ടതിനെ പരത്തി കാണിക്കുമ്പോൾ അവിടെയുള്ള രൂപങ്ങൾക്ക് സാരമായ രൂപവ്യത്യാസവും വലിപ്പവ്യത്യാസവും ഉണ്ടാകും. അത് തന്നെ രാജ്യങ്ങൾക്കും സംഭവിക്കും. ഉരുണ്ട ഗ്ലോബിലും പരന്ന ഭൂപടത്തിലും ഒരേ രാജ്യത്തിന് രണ്ട് രൂപവും രണ്ട് വലിപ്പവും ആയിരിക്കും. അത് ഭൂമധ്യരേഖയിൽ നിന്നും എത്രത്തോളം മാറിയാണോ അത്രത്തോളം വലുതായിരിക്കും വ്യത്യാസം. ഇത് പക്ഷേ ത്രിമാന-ദ്വിമാന രൂപങ്ങളെ താരതമ്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം നമുക്ക് പെട്ടെന്ന് മനസിലാകില്ല. ദാ ഈ സൈറ്റിൽ പോയാൽ, രാജ്യങ്ങളെ വലിച്ച് ഭൂപടത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവെച്ച് അവയുടെ രൂപവും വലിപ്പവും മാറുന്നത് കാണാം- https://goo.gl/ZJjyjX. ഇതിൽ റഷ്യയെ ഡ്രാഗ് ചെയ്ത് ഇൻഡ്യയുടെ സ്ഥാനത്ത് കൊണ്ടുവെച്ചാൽ അത് ചുരുങ്ങുന്നതായും തിരിച്ചായാൽ ഇൻഡ്യ വീർക്കുന്നതായും കാണാം. അതായത്, റഷ്യ ഇൻഡ്യയെ അപേക്ഷിച്ച് ഭൂപടത്തിൽ കാണുന്നത്ര വലുതല്ല എന്നർത്ഥം.

Jan 16, 2017

ഇത്തിരി ഫിസിക്സ് പൊങ്ങച്ചം

"അളിയാ, എന്റെ കംപ്യൂട്ടറിനെന്തോ കുഴപ്പം. ഒന്ന് നോക്കിയേ. നീ ഫിസിക്സ് പഠിച്ചതല്ലേ?" ഈ ടൈപ്പ് ആവശ്യങ്ങൾ ഫിസിക്സ് വിദ്യാർത്ഥികളിൽ പലരും കേട്ടിട്ടുണ്ടാകും. ഫിസിക്സ് എന്നാൽ എന്താണെന്നതിനെ കുറിച്ച് അത് പഠിയ്ക്കാത്തവർക്ക് ഇങ്ങനെ ചില തെറ്റിദ്ധാരണകൾ ഉണ്ട്. അതെന്തോ ഭയങ്കര സംഭവമാണ് എന്നൊരു തോന്നൽ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ കുട്ടികൾ, സ്കൂൾ തലം കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് ഒഴുകുന്നതിലെ ഒരു പ്രവണത നോക്കിയാലും ഈ സ്വാധീനം കാണാം. മാർക്ക് കൂടിയവർ സയൻസ് എടുക്കണം, അതിൽ ഏറ്റവും കൂടിയവർ ഫിസിക്സ് എടുക്കണം, പിന്നെ കെമിസ്ട്രി, മാത്സ്,... ഇങ്ങനെ സാമാന്യമായി പിന്തുടർന്ന് വരുന്ന ഒരു ട്രെൻഡ് ഉണ്ട്. ഇതിലെന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ മറുപടി പറയില്ല. കാരണം, ഫിസിക്സ് പഠിച്ച, ഇപ്പോഴും പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞാനതിൽ അഭിപ്രായം പറയുന്നതിൽ ഇത്തിരി അഭംഗി ഉണ്ട്. പക്ഷേ ടീവി നന്നാക്കാനും വീട് വയറിങ് ചെയ്യാനും ബൈക്കിന്റെ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാനും എന്നുവേണ്ട വെബ്സൈറ്റുണ്ടാക്കാനും അനിമേഷൻ സിനിമയുണ്ടാക്കാനും വരെ ഫിസിക്സ് പഠിച്ചവർക്ക് കഴിയും എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പറഞ്ഞുവരുമ്പോൾ ആളുകളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഒരു ഫിസിക്സ് വിദ്യാർത്ഥി ഉയരണമെങ്കിൽ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ എന്നിവയുൾപ്പടെ ഒരു പത്തിരുപത് എഞ്ചിനീയറിങ് കോഴ്സുകളുടെ ഉള്ളടക്കം കൂടിയെങ്കിലും പഠിയ്ക്കേണ്ടിവരും.

ഇനി ഇക്കാര്യത്തിലെ വ്യക്തിപരമായ കാഴ്ചപ്പാടിലേയ്ക്ക് വരാം. ഫിസിക്സ് പഠിയ്ക്കുന്നതിൽ നിന്ന് മേൽപ്പറ‍ഞ്ഞ കഴിവുകളൊന്നും സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയില്ല. കാരണം ഇതൊന്നുമല്ല ഫിസിക്സിൽ പഠിയ്ക്കുന്നത് എന്നത് തന്നെ. ഞാൻ മനസിലാക്കിയിടത്തോളം, പാഠ്യവിഷയങ്ങളിൽ ഏറ്റവും ലളിതമായ കാര്യങ്ങളെക്കുറിച്ച് പഠിയ്ക്കുന്നതാണ് ഫിസിക്സ്. പ്രകൃതിയിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചാണ് അത് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഒരു സാധാരണക്കാരന്റെ സ്വാഭാവികമായ എല്ലാ സംശയങ്ങളും ഫിസിക്സിന്റെ ഫീൽഡിലേയ്ക്ക് വന്ന് വീഴുന്നത്. സൂര്യനിൽ പ്രകാശം ഉണ്ടാകുന്നതെങ്ങനെ, ഭൂമിയെ കറക്കുന്നതാര്, പ്രപഞ്ചം ഉണ്ടായതെങ്ങനെ, ഇങ്ങനെ കണ്ണുംപൂട്ടി എയ്തുവിടാവുന്ന ചോദ്യങ്ങളെല്ലാം ഫിസിക്സിലേയ്ക്കാണല്ലോ വന്ന് തറയ്ക്കുന്നത്. പക്ഷേ ഇത്ര സിംപിളായ വിഷയമാണെങ്കിൽ,, അതിലെ പല കാര്യങ്ങളും മനസിലാക്കാൻ വലിയ പാടാണല്ലോ എന്ന് ചോദിച്ചേക്കാം. അതിന്റെ ഉത്തരം നമ്മുടെയൊക്കെ നിത്യജീവിതം വളരെ സങ്കീർണമായ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞതായതുകൊണ്ടാണ് എന്ന് പറയേണ്ടിവരും. ഫിസിക്സിൽ പഠിക്കുന്ന, വളരെ സിംപിളായതും അടിസ്ഥാനപരമായതുമായ പല കാര്യങ്ങളും നമുക്ക് തീർത്തും അപരിചിതമാണ്. ഉദാഹരണത്തിന് തറയിലൂടെ ഉരുട്ടിവിടുന്ന പന്ത് നിൽക്കുന്നതെങ്ങനെ എന്ന ചോദ്യം പരിഗണിക്കാം. സ്കൂളിൽ പഠിക്കുന്ന ന്യൂട്ടന്റെ ചലനനിയമം അനുസരിച്ച് ഉരുട്ടിവിട്ടുകഴിഞ്ഞാൽ മറ്റൊരു ബാഹ്യബലം പ്രവർത്തിക്കാതെ പന്തിന് നിൽക്കാനാവില്ല. പക്ഷേ നമ്മൾ നോക്കുമ്പോൾ പന്ത് താനേ നിൽക്കും. ഇത് കാരണം ന്യൂട്ടന്റെ നിയമം നമുക്ക് ശരിയ്ക്ക് മനസിലാവാതെ പോകും. ഇവിടത്തെ പ്രശ്നം, ന്യൂട്ടന്റെ നിയമത്തോടൊപ്പം പഠിക്കുന്ന 'ബാഹ്യബലം ഇല്ലാത്ത അവസ്ഥ' നമുക്ക് തീരെ പരിചയമില്ല എന്നതാണ്. ചവിട്ടി നിൽക്കുന്ന തറയിലേയും സ്വന്തം കാലിലേയും ആറ്റങ്ങൾക്കിടയിലെ വൈദ്യുതകാന്തികബലവും, ഭൂമിയുടെ ഗുരുത്വാകർഷണബലവും ഒക്കെ ചിരപരിചിതത്വം കാരണം നമ്മുടെ സാമാന്യബോധത്തിന്റെ ഭാഗമായിപ്പോയി. അതില്ലാത്ത ഒരു അവസ്ഥ സങ്കല്പിക്കാൻ തന്നെ, തലച്ചോറിൽ കാര്യമായ അഴിച്ചുപണി വേണ്ടിവരും. അതായത്, ഫിസിക്സ് ദുർഗ്രാഹ്യമായി തോന്നുന്നത് പലരും കരുതുന്നത് പോലെ അത് സങ്കീർണമായതുകൊണ്ടല്ല, മറിച്ച് നമുക്ക് പരിചയമുള്ള ലോകം ഫിസിക്സിൽ പഠിയ്ക്കുന്ന ലോകത്തെക്കാൾ പല മടങ്ങ് സങ്കീർണമായതുകൊണ്ടാണ്.

മറ്റൊരു ഉദാഹരണം പറയാം. പ്ലസ് ടൂവിന് ഫിസിക്സ് പഠിച്ചവർ projectile motion എന്നൊരു സംഗതി പഠിച്ചിട്ടുണ്ടാകും. ഷോട്പുട്ട് ബോൾ എറിയുന്നതുപോലെ ഒരു വസ്തുവിനെ എറിഞ്ഞാൽ അതിന്റെ ചലനമാണ് ടി സംഗതി. എത്ര കോണിൽ എറിയുന്നു, എത്ര വേഗതയിൽ എറിയുന്നു എന്നതൊക്കെ വെച്ച്, ബോൾ എത്ര ഉയരം വരെ ഉയരും (height), എത്ര ദൂരെ പോയി വീഴും (range) എന്നൊക്കെ കൃത്യമായി കണക്കാക്കാനുള്ള സമവാക്യങ്ങൾ അവിടെ കാണാം. പഠിപ്പിക്കുമ്പോൾ ഷോട്പുട്ട് താരം എന്തുകൊണ്ട് ബോളിനെ 45 ഡിഗ്രിയിൽ എറിയുന്നു എന്നൊക്കെ ഫിസിക്സ് ടീച്ചർ വിശദീകരിക്കും. കുട്ടികൾ സമ്മതിയ്ക്കും. പക്ഷേ ഞാൻ അടുത്തൊരു ചോദ്യം കൂടി ചോദിക്കാറുണ്ട്. ഷോട്പുട്ട് ബോളിന് പകരം ജീവനുള്ള ഒരു പ്രാവിനെ അതുപോലെ എറിഞ്ഞാൽ ഈ കണക്കുകൂട്ടൽ ശരിയാകുമോ? പ്രാവ് അതിന്റെ പാട്ടിന് പറന്നുപോകും. height-ഉം range-ഉം ഒന്നും പറഞ്ഞോണ്ട് അങ്ങോട്ട് പോയിട്ട് കാര്യമില്ല. അപ്പോപ്പിന്നെ ഫിസിക്സ് തെറ്റിയോ? ഇല്ല. അവിടെ ഫിസിക്സ് പൂർണമല്ല എന്നതാണ് കുഴപ്പം. കാരണം പ്ലസ് ടൂ പുസ്തകത്തിലെ projectile motion വിശദീകരിക്കുന്ന സാഹചര്യം പോലെ അത്ര ലളിതമല്ല, ആ പ്രായോഗിക സാഹചര്യം. പ്രാവിന്റെ ഉള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ, അതിന്റെ മസിലുകളിലെ വൈദ്യുതപ്രവാഹം കാരണം സാധ്യമാകുന്ന ചിറകുകളടെ ചലനം, ആ ചലനം വായു തന്മാത്രകളിൽ ഏൽപ്പിക്കുന്ന മർദ്ദം എന്നിങ്ങനെ ഒരു നൂറ് കാര്യങ്ങൾ അവിടെ പരിഗണിക്കേണ്ടതുണ്ട്. അവ ഓരോന്നും വളരെ ലളിതമായ ഫിസിക്സ് പാഠങ്ങളാണെങ്കിലും, അവ എല്ലാം കൂടി പല അനുപാതത്തിൽ ഒരുമിച്ച് പരിഗണിക്കേണ്ടി വരുമ്പോൾ വിഷയം അതിസങ്കീർണമാകുന്നു. അതുകൊണ്ട് സ്കൂൾ കോളേജ് തലത്തിൽ പഠിയ്ക്കുന്ന ഒരാളുടെ മുന്നിലേയ്ക്ക്, ഫിസിക്സ് പഠിപ്പിക്കാൻ പ്രാവിനെ എറിയുന്ന ഉദാഹരണവും കൊണ്ട് പോകാൻ പറ്റില്ല. അവിടെ തത്കാലം വായുവില്ലാത്ത ഒരിടത്ത്, അകത്ത് മറ്റ് സങ്കീർണഭൗതികമൊന്നും ഇല്ലാത്ത ഒരു സിമ്പിൾ വസ്തു (ബോൾ) ചലിക്കുന്നതായുള്ള ഒരു സാങ്കല്പിക സാഹചര്യം അവതരിപ്പിക്കാനേ നിർവാഹമുള്ളൂ. പ്രാവിന്റെ ചിറകും വായുവും തമ്മിലുള്ള കൊടുക്കൽ വാങ്ങലും, ദഹനത്തിലെ രാസപ്രവർത്തനവും അവിടത്തെ ഊർജോല്പാദനവും, ഒക്കെ ഇതുപോലെ സമാനമായ over-simplification നടത്തപ്പെട്ട് വെവ്വേറെ ക്ലാസുകളിൽ വെവ്വേറെയായി പഠിപ്പിക്കുകയാണ് ചെയ്യുക. ഇത് കാരണം മിക്കവാറും എല്ലാ ക്ലാസുകളിലും ഫിസിക്സ് തുടങ്ങുന്നത് 'Let us assume...' എന്ന് പറഞ്ഞായിരിക്കും. സൂക്ഷ്മതകളെ വെവ്വേറെ പഠിയ്ക്കേണ്ടി വരുമ്പോൾ ഓരോന്നിനെയും മറ്റുള്ള ഘടകങ്ങളിൽ നിന്ന് വേർപെടുത്തി എടുക്കുന്ന സാങ്കല്പിക സാഹചര്യങ്ങളുടെ സഹായം കൂടിയേ തീരൂ. ഫിസിക്സിലെ ഈ രീതിയെ കളിയാക്കുന്ന ഒരു തമാശയുണ്ട്. പണ്ടൊരു ഫിസിസിസ്റ്റിനോട്, ഒരു കുതിരപ്പന്തയത്തിൽ ഏത് കുതിര ജയിക്കും എന്ന് ഫിസിക്സ് നിയമങ്ങൾ ഉപയോഗിച്ച് പ്രവചിക്കാൻ ആവശ്യപ്പെട്ടത്രേ. അദ്ദേഹത്തിന്റെ പരിഹാരം ഇങ്ങനെ തുടങ്ങി: "Let us assume a few spherical horses moving through vacuum..." :)

ഫിസിക്സിന്റെ ഈ പ്രത്യേകത മനസിലാക്കാതെ പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് ദുരൂഹവും ദുർഗ്രാഹ്യവുമൊക്കെ ആവുന്നത്. വെവ്വേറെ പഠിച്ച കാര്യങ്ങളെ ബന്ധിപ്പിച്ച് ഒറ്റ വിഷയത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാവും. സിലബസ് അനുസരിച്ചുള്ള പഠനം കഴിഞ്ഞ് ഗവേഷണത്തിലേയ്ക്ക് വരുമ്പോൾ മാത്രമാണ് ഒരു ഫിസിക്സ് വിദ്യാർത്ഥി പ്രായോഗികമായ സാഹചര്യങ്ങളിൽ താൻ മുൻപ് പലയിടത്തായി പഠിച്ച കാര്യങ്ങൾ ഒരുമിച്ച് കൂട്ടിയിണക്കേണ്ടി വരുന്നത്. മറിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ അതല്ല ചെയ്യുന്നത്. അവർ ആദ്യം തന്നെ പഠിയ്ക്കുന്ന വിഷയത്തിന്റെ പരിധി കുറച്ച് വേലികെട്ടി തിരിക്കും- ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എന്നിങ്ങനെ. എന്നിട്ട് ആ മേഖലയിലെ പ്രായോഗിക സാഹചര്യങ്ങളിൽ ആവശ്യമായ പ്രകൃതിനിയമങ്ങൾ വിശദമായി പഠിച്ച് ഒരുമിച്ചുകൂട്ടി പ്രയോഗിക്കാൻ പഠിയ്ക്കും. അവിടത്തെ അറിവ് പ്രയോഗക്ഷമമായിരിക്കും, പക്ഷേ അതേസമയം അത് ഇടുങ്ങിയതുമായിരിക്കും. അടിസ്ഥാനശാസ്ത്രവിദ്യാർത്ഥി എല്ലാ പ്രകൃതിനിയമങ്ങളെയും പഠിയ്ക്കേണ്ടിവരും. അതുകൊണ്ട് തന്നെ അതിൽ പ്രയോഗക്ഷമമാകാൻ മാത്രമുള്ള വിശദാംശങ്ങൾ ഉണ്ടാകില്ല. മെക്കാനിക്കൽ എഞ്ചിനീയർ ക്വാണ്ടം മെക്കാനിക്സ് അറിയേണ്ടതില്ല. കംപ്യൂട്ടർ എഞ്ചിനീയർ ഇലാസ്റ്റിസിറ്റിയെക്കുറിച്ചും അറിയേണ്ടതില്ല. പക്ഷേ എമ്മസ്സി ഫിസിക്സ് വിദ്യാർത്ഥി മെക്കാനിക്സും ക്വാണ്ടം മെക്കാനിക്സും ഇലാസ്റ്റിസിറ്റിയും കംപ്യൂട്ടർ സയൻസും അറിഞ്ഞിരിക്കണം. എന്നാലേ ഭൗതികലോകത്തെ കുറിച്ചുള്ള ആ 'big picture' അയാൾക്ക് കിട്ടൂ. ഈ big picture കൊണ്ട് ഒരു വലിയ ഗുണമുണ്ട്- ഏത് വിഷയമായാലും മണ്ടത്തരം സ്പോട്ട് ചെയ്യാനുള്ള ശേഷി. അടിസ്ഥാന ഭൗതികനിയമങ്ങൾ തെറ്റിച്ചുകൊണ്ട് ഒന്നും സാധ്യമാകില്ല. ഒരാൾ എഞ്ചിനീയറോ ഡോക്ടറോ എക്കോണമിസ്റ്റോ ആകട്ടെ, ഫിസിക്സിലെ നിയമങ്ങൾ തെറ്റിയ്ക്കുന്ന എന്ത് വാദം നടത്തിയാലും അത് മണ്ടത്തരമാണെന്ന് ധൈര്യപൂർവം വിളിച്ചുപറയാം. അതിന് നമ്മൾ ഇപ്പറഞ്ഞ തൊഴിലൊന്നും വിശദമായി പഠിക്കേണ്ട കാര്യമില്ല. നിങ്ങൾ ഫ്ലാറ്റിന്റെ ഇരുപതാം നിലയിലെ കാര്യമാകാം സംസാരിക്കുന്നത്, പക്ഷേ അതിന്റെ ഫൗണ്ടേഷനെ മറന്ന് നിങ്ങൾക്കവിടെ ഒന്നും സാധ്യമാകില്ല. എക്കണോമിക്സ് മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ ഫലമാണ്. സാമൂഹ്യജീവിതം മനുഷ്യന്റെ തലച്ചോറിന്റേയും, തലച്ചോറ് ഡി.എൻ.ഏ.യുടേയും, ഡി.എൻ.ഏ. ആറ്റങ്ങൾ തമ്മിലുള്ള രാസബന്ധനത്തിന്റേയും, രാസബന്ധനം ഇലക്ട്രോണുകളും പ്രോട്ടോണുകളും തമ്മിലുള്ള അടിസ്ഥാനബലങ്ങളുടേയും ഫലമാണ്. എല്ലാം അവസാനം ചെല്ലുന്നത് ഫിസിക്സിന്റെ ഫീൽഡിലേയ്ക്കാണ് എന്ന് പറഞ്ഞത് അതാണ്.