Apr 24, 2017

പരിണാമം സിമ്പിളാണ്, വളരെ പവർഫുള്ളും!

പഠിയ്ക്കുമ്പോൾ ചിന്താഗതിയേും ലോകത്തെ നോക്കിക്കാണുന്ന രീതിയേയും വരെ മാറ്റിമറിക്കുന്ന ചില പാഠങ്ങളുണ്ട്. എന്നെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് അത്തരമൊരു വിപ്ലവം മനസ്സിൽ സൃഷ്ടിച്ചിട്ടുള്ളത് - ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഭൗതികം, പിന്നെ പരിണാമസിദ്ധാന്തം. ഇതിൽ ആദ്യത്തെ രണ്ടും ഫിസിക്സ് സ്വന്തം വിഷയമായെടുത്ത് പഠിച്ചതുകൊണ്ട് മാത്രം അതിന്റേതായ അർത്ഥത്തിൽ മനസിലാക്കാൻ സാധിച്ചതാണ്. പോപ്പുലർ സയൻസ് ലേഖനങ്ങളിൽ നിന്നോ മറ്റോ മാത്രം പഠിച്ചതായിരുന്നു എങ്കിൽ അതൊരു കൗതുകകരമായ അറിവായി മാറിയേനെ. പക്ഷേ ഒരു ചിന്താപരമായ വിപ്ലവമൊക്കെ സൃഷ്ടിക്കാൻ ആകുമായിരുന്നോ എന്നത് വലിയ സംശയമുള്ള കാര്യമാണ്. മൂന്നാമത് പറഞ്ഞ പരിണാമസിദ്ധാന്തം ഇവിടെ വിശേഷശ്രദ്ധ അർഹിക്കുന്നു.

പരിണാമസിദ്ധാന്തം (Theory of Evolution) ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ഞാൻ പ്ലസ് ടൂ വരെ ബയോളജി പഠിച്ചെങ്കിലും പരിണാമം പ്ലസ് ടൂ സിലബസിൽ ഉണ്ടായിരുന്നില്ല. ഞാനതിനെക്കുറിച്ച് ഫോർമലായി പഠിച്ചിട്ടുള്ളത് പത്താം ക്ലാസിൽ മാത്രമാണ്. പക്ഷേ അന്നത് കാണാതെ പഠിക്കുമ്പോൾ വിപ്ലവം പോയിട്ട്, വിശേഷശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമായിട്ട് പോലും എനിക്കത് തോന്നിയില്ല. സ്കൂളിലും ട്യൂഷൻ ക്ലാസിലുമായി രണ്ട് അധ്യാപകർ പഠിപ്പിച്ചിട്ടും ഫലം സമമായിരുന്നു. പിന്നീട് സ്കൂൾ പഠനമൊക്കെ വിദൂര ഓർമയായി മാറിയശേഷമാണ് പരിണാമമെന്ന ബാലനെ സത്യത്തിൽ ഞാൻ തിരിച്ചറിയുന്നത്. റിലേറ്റിവിറ്റിയോ ക്വാണ്ടം മെക്കാനിക്സോ പോലെ ഗഹനമായ ഗണിതജ്ഞാനമൊന്നും ആവശ്യമില്ലാത്ത, ഏതൊരാൾക്കും ഒറ്റയടിക്ക് മനസിലാക്കാനാകുന്നത്ര ലളിതമായ പരിണാമസിദ്ധാന്തമൊക്കെ കുളിപ്പിച്ച് കൊളമാക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് അതൊക്കെ ആലോചിക്കുമ്പോഴാണ്. പരിണാമം എന്ന് കേട്ടാലേ കുരിശ് കണ്ട സാത്താനെപ്പോലെ വെകിളി പിടിക്കുന്ന മതരോഗികളൊന്നും ഞങ്ങടെ നാട്ടിലില്ലായിരുന്നു. അതുകൊണ്ട് തന്നെ പരിണാമം പഠിക്കുന്നതിനെതിരേ ബോധപൂർവമായ ഒരു ശ്രമവും അവിടെ നടന്നിട്ടില്ല. എന്നിട്ടുപോലും ഇത്രേം സിമ്പിളും പവർഫുള്ളുമായ ആ അറിവ് അന്നെനിക്ക് കിട്ടാതെ പോയതിൽ ഇന്ന് ലജ്ജയുണ്ട്. എനിക്ക് മനസിലായ പരിണാമസിദ്ധാന്തത്തെ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ ഒരു ശ്രമം നടത്താൻ പോകുകയാണ്.

ചാൾസ് ഡാർവിനാണ് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. പക്ഷേ ഇന്ന് ഡാർവിൻ ഒരു പരിണാമസിദ്ധാന്ത പരീക്ഷ എഴുതിയാൽ മിക്കവാറും പാസ് മാർക്ക് പോലും കിട്ടില്ല. കാരണം ആ വിഷയം ഡാർവിന് ശേഷം ഒരുപാടങ്ങ് വളർന്നിട്ടുണ്ട്. നമ്മളിവിടെ സംസാരിക്കുമ്പോൾ പരിണാമിദ്ധാന്തം ചരിത്രപരമായി എങ്ങനെ വികസിച്ചുവന്നു എന്നത് പരിഗണിക്കുന്നില്ല. അതിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനമേ പരിചയപ്പെടുന്നുള്ളൂ. ആദ്യമേ തന്നെ ശ്രദ്ധിക്കേണ്ടത് പരിണാമസിദ്ധാന്തം ജീവനുണ്ടായതെങ്ങനെ എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമല്ല എന്നതാണ്. അത് ഇന്നും കൃത്യമായ തീർപ്പുണ്ടായിട്ടില്ലാത്ത മറ്റൊരു വിഷയമാണ്. ജീവപരിണാമം വിശദീകരിക്കുന്നത് ഇന്നീക്കാണുന്ന അത്രയും വിവിധങ്ങളായ ജീവികൾ എങ്ങനെ ഉണ്ടായിവന്നു എന്നതാണ്. പൊതുവിൽ കേൾക്കുന്നതുപോലെ കുരങ്ങനിൽ നിന്ന് മനുഷ്യനുണ്ടായതെങ്ങനെ എന്ന് വിശദീകരിക്കുന്ന സിദ്ധാന്തവുമല്ല അത്. പരിണാമം മതങ്ങളെപ്പോലെ മനുഷ്യകേന്ദ്രീകൃതമേയല്ല. മറ്റ് കോടിക്കണക്കിന് ജീവികളിൽ ഒന്നായിട്ട് മാത്രമേ അത് മനുഷ്യനെ കണക്കാക്കുന്നുള്ളൂ. പരിണാമം എന്ന ഭൗതികപ്രക്രിയ ശരിക്കും നടക്കുന്നത് ജീവികളിലെ കോശങ്ങൾക്കുള്ളിലെ തന്മാത്രകളുടെ തലത്തിലാണ് (molecular level). ബയോളജിക്കാര് ക്ഷമിക്കണം, ഞാനിത്തിരി over-simplify ചെയ്യും.

എല്ലാ ജീവികളുടേയും രൂപവും സ്വഭാവവും ഒക്കെ നിർണയിക്കപ്പെടുന്നത് അവയുടെ കോശങ്ങളിലുള്ള DNA എന്നൊരു വലിയ തന്മാത്രയുടെ ഘടന അനുസരിച്ചാണ്. (ഇത് ഡാർവിന് അറിഞ്ഞൂകൂടായിരുന്നു!) പിരിയൻ ഗോവണിയുടെ (double helix) രൂപമുള്ള ഒരു നെടുങ്കൻ തന്മാത്രയാണിത്. DNA തന്മാത്രകൾ ചുരുങ്ങിയൊതുങ്ങി ക്രോമസോമുകൾ എന്ന് വിളിക്കുന്ന വസ്തുക്കളായിട്ടാണ് കോശമർമത്തിൽ സ്ഥിതി ചെയ്യുന്നത്. നാല് തരം ഉപ യൂണിറ്റുകളെ മാറിയും തിരിഞ്ഞും അടുക്കിവെക്കപ്പെട്ട ഒരു നീണ്ട ശ്രേണിയായിട്ടാണ് DNA ഉണ്ടാകുന്നക്. ആ ഉപയൂണിറ്റുകളെ തത്കാലം C, G, A, T എന്നീ അക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കാം. ഇവ ചിലപ്പോൾ CCGAATCGG... എന്ന ക്രമത്തിലാകാം, GCATTGCA... എന്ന ക്രമത്തിലാകാം, GGATCAA... ആകാം, അങ്ങനെ ഏതുമാകാം. ഓരോ ജീവിയുടേയും DNA-യിൽ ഈ ക്രമം ഓരോ രീതിയിൽ ആയിരിക്കും. അല്ലെങ്കിൽ ഈ ക്രമമാണ് ആ ജീവിയുടെ ഐഡന്റിറ്റി തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ആനയുടേയും കൊതുകിന്റേയും മനുഷ്യന്റേയും DNA നോക്കിക്കഴിഞ്ഞാൽ അവയിൽ ഈ അക്ഷരക്രമം വ്യത്യസ്തമായിരിക്കും. എന്നാൽ ഒരേ ജീവിവർഗത്തിൽ തന്നെ എല്ലാ ജീവിയ്ക്കും 'ഏതാണ്ട്' ഒരേ DNA ക്രമമാണെന്നേ പറയാനാകൂ. ചെറിയ ചെറിയ വ്യത്യാസങ്ങൾ ഓരോ ജീവിക്കും ഉണ്ടാകും. മനുഷ്യന്റേത് എന്ന് പറയാവുന്ന ഒരു DNA ക്രമം ഉണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഈ ക്രമത്തിനുള്ളിൽ തന്നെ വ്യത്യാസങ്ങളുണ്ടാകുമെന്നർത്ഥം. മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എങ്കിലും, കാർ എന്നുപറയുമ്പോൾ നമ്മളുദ്ദേശിക്കുന്ന ഒരു പൊതുവായ രൂപം രണ്ടിനുമുണ്ടല്ലോ. അങ്ങനെ കരുതിയാൽ മതി. ഇതുമായി ബന്ധപ്പെട്ട ജീൻ എന്ന വാക്കായിരിക്കും കൂടുതൽ സുപരിചിതം, അല്ലേ? DNA ക്രമത്തിലെ ഒരു പ്രത്യേക സെറ്റ് ഉപയൂണിറ്റുകൾ ചേർന്ന് ഒരു പ്രത്യേക സ്വഭാവവിശേഷം നിർണയിക്കുമ്പോൾ ആ സെറ്റിനെയാണ് ഒരു ജീൻ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് മനുഷ്യരിൽ നീല കണ്ണുകൾക്ക് കാരണമാകുന്നതും, ചെമ്പൻ തലമുടിയ്ക്ക് കാരണമാകുന്നതും ഒക്കെ ഓരോ തരം ജീനുകളാണ് എന്ന് പറയാം.

ജീവികളുടെ ശരീരത്തിൽ കോശങ്ങളൊന്നും സ്ഥിരമല്ലാ എന്നറിയാമല്ലോ. കോശങ്ങൾ വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുകയും പുതിയവ ഉണ്ടാകുന്നതിനനുസരിച്ച് പഴയവ നശിച്ചുപോകുകയും ചെയ്യും. ഇത് നമ്മുടെയെല്ലാം ശരീരത്തിൽ നിരന്തരം നടക്കുന്ന പ്രക്രിയയാണ്. കോശവിഭജനം സാധാരണകോശങ്ങളിലും, ലിംഗകോശങ്ങളിലും രണ്ട് രീതിയിലാണ് നടക്കുന്നത്. ലിംഗകോശങ്ങൾ രണ്ടെണ്ണം ചേർന്നാണ് മറ്റൊരു ജീവിയായി മാറുന്നത് എന്നതുകൊണ്ട് അവയിൽ മറ്റ് കോശങ്ങളിലുള്ളതിന്റെ പകുതി ക്രോമസോമുകൾ മതിയാകും. ഈ ഒരു വ്യത്യാസം മനസിൽ വെച്ചേക്കുക. എന്തായാലും, ഒരു കോശവിഭജനം നടക്കുമ്പോൾ അതിനുള്ളിലെ DNA കളും വിഭജിച്ച് ഏതാണ്ട് സമമായ രണ്ട് DNA-കൾ ഉണ്ടാകും. രണ്ട് വാക്കുകളും ഇവിടെ ശ്രദ്ധിക്കണം- 'ഏതാണ്ട്', 'സമമായത്'. വിഭജിച്ചുണ്ടാകുന്ന DNA സമമായതുകൊണ്ടാണ് നമ്മുടെ ശരീരം പഴയപോലെ തന്നെ നിൽക്കുന്നത്. അതേ കാരണം കൊണ്ടാണ് ആനയ്ക്ക് ആനക്കുട്ടിയും പട്ടിയ്ക്ക് പട്ടിക്കുട്ടിയും തന്നെ ഉണ്ടാകുന്നത്. എന്നാൽ അവ 100% സമമായ പകർപ്പുകളായിട്ടല്ല മാറുന്നത്. കോടിക്കണക്കിന് ഉപയൂണിറ്റുകളുള്ള ഒരു ക്രമമാണ് രണ്ടായി പകർത്തപ്പെടുന്നത്. അതിൽ അല്പസ്വൽപം ക്രമക്കേടുകളൊക്കെ സംഭവിക്കും. സാധാരണഗതിൽ ഈ ക്രമക്കേടുകൾ ജീവിയുടെ ശരീരത്തിൽ കാര്യമായ വ്യത്യാസമൊന്നും മാറ്റാൻ പോന്നതാകില്ല. ചില കേസുകളിൽ ഇത് സാരമായ വ്യത്യാസം ഉണ്ടാക്കുമ്പോഴാണ് ക്യാൻസർ പോലുള്ള രോഗങ്ങളിലേക്കൊക്കെ അത് നയിക്കുന്നത്. തത്കാലം അതൊന്നും പറഞ്ഞ് വിഷയം സങ്കീർണമാക്കുന്നില്ല. തത്കാലം നമുക്ക് തലമുറകളിലൂടെയുള്ള DNA-യുടെ പോക്ക് പരിശോധിക്കാം.

രണ്ട് ജീവികളിൽ (ആണും പെണ്ണം) നിന്നും പപ്പാതി ക്രോമസോമുകളുമായി വരുന്ന രണ്ട് ലിംഗകോശങ്ങൾ ചേർന്നാണ് ഒരു പുതിയ ജീവി ഉണ്ടാകുന്നത്. അതിൽ പകുതി അച്ഛന്റെ DNA-യുടേയും മറുപകുതി അമ്മയുടെ DNA-യുടേയും സംഭാവനയാകും. ഈ പകുതി തന്നെ അച്ഛന്റേയോ അമ്മയുടേയോ DNA- പകർപ്പെടുത്ത് ഉണ്ടായതാണല്ലോ. ആ പകർപ്പിലും ക്രമക്കേടുകൾ ഉണ്ടാകാം. ചില ക്രമക്കേടുകൾ അവഗണിക്കാവുന്നത്ര നിസ്സാരമായിരിക്കും, ചിലവ ഗുണകരമായ മാറ്റമാകാം, ചിലവ ദോഷകരമായ മാറ്റമാകാം, ചിലവ തീർത്തും ന്യൂട്രലുമാകാം. ആ മാറ്റങ്ങൾക്ക് നിയതമായ ഒരു ക്രമവുമില്ല. എങ്ങനെ വേണമോ അത് കുഞ്ഞുങ്ങളിൽ പ്രകടമാകാം. ഇവിടെ നമ്മളൊരു ചെറിയ ഉദാഹരണം പരിശോധിക്കാൻ പോകുകയാണ്:

അങ്ങ് ധ്രുവപ്രദേശത്തിനടുത്ത് ഒരു കറുത്ത കരടിയ്ക്ക് രണ്ട് കുട്ടികളുണ്ടായി. ഒരാൾ കറുത്ത കരടി തന്നെ, പക്ഷേ മറ്റേയാൾ DNA ക്രമക്കേട് കാരണം വെളുത്തുപോയി. ഈ കുട്ടികൾക്ക് നാളെ വീണ്ടും കുട്ടികളുണ്ടാകും. കറുത്തയാളിന് കറുത്ത കുട്ടികളുണ്ടാകാനാണ് സാധ്യത. പക്ഷേ വെളുത്തയാളിൽ വെളുത്ത തൊലിയ്ക്ക് പറ്റിയ DNA ക്രമം കിടപ്പുണ്ട്. അയാളുടെ കുട്ടികൾ വെളുത്തതുമാകാം. ഇതിങ്ങനെ തലമുറകളായി തുടരുമ്പോൾ ആ സ്ഥലത്ത് വെളുത്തതും കറുത്തതുമായ കുട്ടികൾ ഒരുപാട് ജനിക്കും. ഇവരിൽ ഏതായിരിക്കും എണ്ണത്തിൽ കൂടുതൽ? അവിടെ നമ്മൾ സാഹചര്യം പരിഗണിക്കണം. ധ്രുവപ്രദേശം മഞ്ഞ് മൂടിയ സ്ഥലമാണ്. അവിടെ വെള്ളക്കരടിയ്ക്ക് ശത്രുക്കളിൽ നിന്ന് ഒളിച്ചിരിക്കാനും, ഇരയെ ഒളിഞ്ഞിരുന്ന് ആക്രമിക്കാനും കൂടുതൽ എളുപ്പമാണ്. അതുകൊണ്ട് കറുത്ത കരടിയേക്കാൾ അവിടെ അതിജീവനം എളുപ്പമാകുന്നത് വെള്ളക്കരടിയ്ക്കാണ്. അതിന് ആഹാരം കൂടുതൽ കിട്ടും, അതിന് കൂടുതൽ ഇരപിടിയൻമാരിൽ നിന്ന് രക്ഷപെടാം, അതുകൊണ്ട് അതിന് കൂടുതൽ കുട്ടികളുണ്ടാകും. കുറേ കാലം കഴിയുമ്പോൾ അവിടെ വെള്ളക്കരടികളായിരിക്കും എണ്ണത്തിൽ വളരെ കൂടുതൽ. ഒരുപക്ഷേ കറുത്ത കരടികൾ തീരെ ഇല്ലാതായെന്നും വരാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്താണ്? വെറും യാദൃച്ഛികമായി ഉണ്ടായ ഒരു മാറ്റമായിരുന്നു കരടിക്കുഞ്ഞിന്റെ നിറം മാറ്റം. പക്ഷേ അത് ജനിച്ചുവീണ സ്ഥലത്തിന് അതൊരു അധികയോഗ്യതയായിരുന്നു. അങ്ങനെ അതിന്റെ പിൻതലമുറകൾ എണ്ണത്തിൽ കൂടുതൽ ശക്തരായി. വെള്ളക്കരടികളുടെ ഒരു പുതിയ വർഗം ഉടലെടുത്തു. ഇത് ആരുടേയും ബോധപൂർവമായ ഇടപെടൽ കാരണം ഉണ്ടായതല്ല. താനേ സംഭവിച്ചതാണ്. ആലങ്കാരികമായി പറഞ്ഞാൽ പ്രകൃതി അവിടെ ഒരു തെരെഞ്ഞെടുപ്പ് നടത്തി . ഇതുപോലൊരു DNA ക്രമക്കേട് ഒരു ഇടതൂർന്ന കാട്ടിലാണ് സംഭവിച്ചത് എങ്കിൽ, അവിടെ വെള്ളനിറം പെട്ടെന്ന് കണ്ണിൽ പെടുന്ന നിറമാണ്. ധ്രുവപ്രദേശങ്ങളിൽ ഉപയോഗിച്ചപോലെ തന്റെ നിറത്തെ അധികയോഗ്യതയായി ഉപയോഗിക്കാൻ വെള്ളക്കരടിയ്ക്ക് അവിടെ കഴിയില്ല. അവിടെ പ്രകൃതി മറ്റൊരു നിറത്തെയാകും തെരെഞ്ഞെടുക്കുക. അതാണ് കാട്ടിലെ കരടിയും ധ്രുവക്കരടിയും വ്യത്യസ്ത നിറങ്ങളിലായത്. പ്രകൃതിനിർദ്ധാരണത്തിലൂടെ (Natural Selection)പുതിയ ജീവിവർഗങ്ങളുടെ ഉൽപ്പത്തി ഉണ്ടാകുന്നതെങ്ങനെ എന്ന് ഈ ഉദാഹരണത്തിൽ നിന്ന് മനസിലാക്കാം. പറയുമ്പോൾ വളരെ പെട്ടെന്ന് കഴിഞ്ഞെങ്കിലും ഈ ലളിതമായ പ്രക്രിയയ്ക്ക് ഇന്നീ കാണുന്നത്രയും വൈവിധ്യമുള്ള വ്യത്യസ്ത ജീവികളെ രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് രസം.

ചിലർക്കൊക്കെ ഇക്കാര്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടാവും. മിക്കവാറും അതിന്റെ കാരണം നീണ്ട സമയകാലങ്ങൾ മനസിൽ കൈകാര്യം ചെയ്യാൻ പറ്റാത്തതാണ്. മേൽപ്പറഞ്ഞ പരിണാമപ്രക്രിയയിലൂടെ ഒരു പുതിയ ജീവിവർഗം ഉണ്ടാകാൻ ഒരുപാട് സമയമെടുക്കും. DNA ക്രമക്കേടുള്ള ഒരു പുതിയ കുഞ്ഞ് ജനിച്ചാലുടൻ അതൊരു പുതിയ ജീവിവർഗമാകാനൊന്നും സാധ്യതയില്ല. ആ സവിശേഷത തലമുറകളിലൂടെ പടർന്ന്, ആയിരക്കണക്കിന് തലമുറകളിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ജനിച്ച്, വളർന്ന്, പ്രസവിച്ച്, മരിച്ച ശേഷമായിരിക്കും ചുറ്റുപാടുകളിൽ ഒരു പ്രത്യേകതരം സ്വഭാവസവിശേഷതയുള്ള ജീവികൾക്കുള്ള അധികയോഗ്യത അതിനെ പുതിയൊരു ജീവിവർഗമായി കണക്കാക്കാൻ മാത്രം പ്രാപ്തമാക്കുന്നത്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട് ഏതാണ്ട് 400 കോടി വർഷമായിട്ടുണ്ട്. ഇത് ചില്ലറ കാലമൊന്നുമല്ല. 400 കോടി വർഷം മുൻപുണ്ടായ ജീവിയിൽ നിന്നും തുടങ്ങി ഓരോ ലക്ഷം വർഷം കൂടുമ്പോഴും (മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് പതിനായിരം വർഷം ആയിട്ടേയുള്ളൂ എന്നോർക്കണം) ഓരോ പുതിയ ജീവിവർഗം മാത്രം ഉരുത്തിരിഞ്ഞു എന്ന് കരുതിയാൽ പോലും നാല്പതിനായിരം ജീവിവർഗങ്ങൾ ഉണ്ടാകാനുള്ള സമയമായി എന്ന് ആർക്കും കണക്കാക്കാം. എന്നാൽ ഇതേ സ്ഥാനത്ത് ഒരു ജീവിയിൽ നിന്ന് രണ്ട് ജീവിവർഗങ്ങൾ ഉരുത്തിരിഞ്ഞു എന്നാണ് കരുതുന്നതെങ്കിലോ? ആദ്യത്തെ ഒരു ലക്ഷം വർഷം കഴിയുമ്പോൾ രണ്ട് ജീവികൾ, രണ്ട് ലക്ഷം വർഷം കഴിയുമ്പോൾ നാല്, മൂന്ന് ലക്ഷം വർഷം കഴിയുമ്പോൾ എട്ട്, എന്നിങ്ങനെ പത്ത് ലക്ഷം വർഷം കഴിയുമ്പോൾ തന്നെ 1024 ജീവിവർഗങ്ങളാകും. ഒരു കോടി വർഷം കഴിഞ്ഞാൽ ഇത് 1 കഴിഞ്ഞ് മുപ്പത് പൂജ്യം വരുന്നത്ര വലിയൊരു സംഖ്യ ആകും!! അങ്ങനെയെങ്കിൽ 400 കോടി വർഷം കൊണ്ട് എത്ര ജീവിവർഗങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കാൻ നോക്കിയാൽ ഇന്നത്തെ കാൽക്കുലേറ്ററുകൾക്ക് ഡിസ്പ്ലേ ചെയ്യാവുന്നതിനെക്കാൾ വലിയൊരു സംഖ്യയായിരിക്കും അത്. ഇപ്പറഞ്ഞത് ഒരു സാങ്കല്പിക കണക്കാണ്. കാരണം പരിണാമം യാതൊരു ദിശാബോധവുമില്ലാതെ, ആരുടേയും ബോധപൂർവമായ ഇടപെടലില്ലാതെ താനേ നടക്കുന്ന ഒരു പ്രക്രിയയാണ് എന്ന് വ്യക്തമായല്ലോ. അതുകൊണ്ട് തന്നെ, എത്ര വർഷം കഴിയുമ്പോഴാണ് പുതിയ ജീവിവർഗങ്ങൾ ഉരുത്തിരിയുന്നത് എന്നോ, ഒരു ജീവിവർഗത്തിൽ DNA-മാറ്റം വന്ന് എത്ര ജീവിവർഗങ്ങൾ ഉണ്ടാകാമെന്നോ പ്രത്യേകിച്ച് നിയമമൊന്നുമില്ല. പറഞ്ഞുവന്നതിന്റെ ചുരുക്കം, ആരും ഡിസൈൻ ചെയ്ത് മാനുഫാക്ചർ ചെയ്ത് വിടാതെ തന്നെ ഇക്കണ്ട ജീവിവർഗങ്ങൾക്കൊക്കെ ഉരുത്തിരിയാനുള്ള സമയം ലഭ്യമായിരുന്നു എന്നതാണ്.

പരിണാമത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ കൂടി തിരുത്തി അവസാനിപ്പിക്കാം.

  • പരിണാമം മനുഷ്യന്റെ ഉല്പത്തി വിശദീകരിക്കാനുള്ള തിയറിയല്ല. പരിണാമം മൂലം ഉരുത്തിരിഞ്ഞ കോടിക്കണക്കിന് ജീവികളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ. 
  • മനുഷ്യൻ കുരങ്ങനിൽ നിന്നല്ല പരിണമിച്ചുണ്ടായത്. ഇന്നത്തെ മനുഷ്യരും കുരങ്ങുകളും പണ്ട് ജീവിച്ചിരുന്ന ഒരു പൊതുജീവി രണ്ട് രീതിയിൽ പരിണമിച്ചതിലൂടെ ഉരുത്തിരിഞ്ഞതാണ്. അതായത് കുരങ്ങൻ മനുഷ്യന്റെ അച്ഛനല്ല, കുരങ്ങനും മനുഷ്യനും കസിൻസാണ്. 
  • ഒരു ജീവി ഉറങ്ങി എഴുന്നേൽക്കുമ്പോൾ മറ്റൊരു ജീവിയാകുന്ന ചെപ്പടിവിദ്യയല്ല പരിണാമം. അത് ജീവികളുടെ പ്രത്യുല്പാദന കോശങ്ങളിലെ DNA-യിൽ വരുന്ന മാറ്റങ്ങൾ സന്താനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് സംഭവിക്കുന്നത്. അതിൽ തന്നെ എല്ലാ മാറ്റങ്ങളും പരിണാമത്തിന് കാരണമാകണമെന്നും ഇല്ല. 
  • പരിണാമസിദ്ധാന്തം മനുഷ്യൻ കുഴിച്ചെടുത്ത് കണ്ടെത്തിയ കുറേ ഫോസിൽ കഷണങ്ങൾ ചേർത്തുവെച്ച് ഉണ്ടാക്കിയെടുത്തതല്ല. ഫോസിലുകൾ പരിണാമത്തിനെ പിൻതാങ്ങുന്ന ഒരു തെളിവ് മാത്രമാണ്. ഇന്ന് അറിയപ്പെടുന്ന എല്ലാ ജീവികളുടേയും DNA-കളിൽ മുന്നൂറിലധികം ജീനുകൾ പൊതുവായി കാണപ്പെടുന്നുണ്ട്. മനുഷ്യന്റേയും ചിമ്പാൻസികളുടേയും DNA-കൾ തമ്മിൽ വെറും 4% വ്യത്യാസമേയുള്ളൂ. എന്തിന്, പൂച്ചയുടേയും മനുഷ്യന്റേയും ജീനുകൾ തമ്മിൽ പോലും 10% വ്യത്യാസമേയുള്ളൂ.

Apr 8, 2017

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്.

ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്രകൃതിയെ അപഗ്രഥിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് മനുഷ്യനെ എല്ലാറ്റിന്റേയും കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് ചുറ്റുമുള്ളതിനെ വിശകലനം ചെയ്യുന്ന മതരീതി നിർത്തുക എന്നതാണ്. കാരണം ഈ ഭൂമിയിൽ ഉരുത്തിരിഞ്ഞ അനേകം കോടി ജീവികളിൽ ഒന്ന് മാത്രമാണ് മനുഷ്യർ. തലച്ചോറിന്റെ ഗുണം കൊണ്ട് ഇക്കാണുന്ന ലെവലിലേയ്ക്ക് നമ്മൾ വളർന്നുവെന്നേയുള്ളൂ. അതും തനി കാടൻ രീതിയിൽ കൊണ്ടും കൊടുത്തുമാണ് വളർന്നത്. ആഹാരത്തിനും പാർപ്പിടത്തിനും വേണ്ടി മറ്റ് ജീവികളോടും പരസ്പരവും കട്ടയ്ക്ക് മത്സരിച്ചായിരുന്നു ജൈത്രയാത്ര. കൊല്ലാൻ വരുന്നവരിൽ നിന്ന് രക്ഷപെട്ടും, കൊല്ലാൻ കഴിയുന്നവരെ കൊന്നൊടുക്കിയുമായിരുന്നു മത്സരം ജയിച്ചത്. അതിനിടെ കോടിക്കണക്കിന് സഹജീവിവർഗങ്ങളെ നമ്മൾ നാമാവശേഷമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് അജയ്യരായ മനുഷ്യർക്ക് മറ്റ് മനുഷ്യരൊഴികേ വേറെ ജീവികളൊന്നും തനിയ്ക്ക് പോന്ന എതിരാളികളേയല്ല. ഇവിടെ നമുക്ക് പ്രസക്തമായ ചോദ്യം, പ്രകൃതിയുടെ അടിസ്ഥാനനിയമങ്ങളെക്കുറിച്ച് മനുഷ്യർക്ക് ബേജാറാവേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ്. വളരെ ചുരുക്കം ചില മനുഷ്യർക്കൊഴികേ മറ്റാർക്കും തന്നെ അതൊരു വിഷയമേ ആയിരുന്നില്ല. ഇന്ന് ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിൽ പുറമ്പോക്കിൽ ജീവിക്കുന്ന ഒരാളിന് ആഗോള സാമ്പത്തിക നയങ്ങളെക്കുറിച്ചോ മാർക്കറ്റ് പ്രവണതകളെക്കുറിച്ചോ ചിന്തിക്കേണ്ട ആവശ്യമുണ്ടോ? ഇപ്പറഞ്ഞതൊക്കെ പരോക്ഷമായി അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടാകും. പക്ഷേ നേരിട്ട് അയാൾക്ക് അതിനെയൊന്നും വിശകലനം ചെയ്യേണ്ട ആവശ്യമേയില്ല. അയാൾ ചിലപ്പോൾ അതിനെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാകില്ല. അയാൾ ജീവിക്കുന്ന ലോകം അത്ര ചെറുതാണ് എന്നതാണ് കാരണം. ചെറിയ ലോകം എന്നത് ഇവിടെ ഒരു ആലങ്കാരിക പ്രയോഗമാണ്. പ്രകൃതിയുടെ ഭാഷയിൽ ഡോണൾഡ് ട്രംപും അനിൽ അംബാനിയും നമ്മുടെ പുറംപോക്കുവാസിയും ഒരേ ലോകത്താണ് ജീവിക്കുന്നത്. പക്ഷേ ആ ലോകത്തിൽ ഈ മൂന്ന് പേർക്കും സ്വാധീനമുള്ള മേഖലയുടെ വലിപ്പം വ്യത്യസ്തമാണ്.

ഇനി മനുഷ്യരുടെ സ്വാഭാവികദൃഷ്ടിയിലൂടെ ഈ പ്രകൃതിയെ ഒന്ന് നോക്കിക്കാണുന്നതായി സങ്കല്പിക്കാം. നാം പുറംലോകത്തെ കുറിച്ച് അറിയാൻ ഇന്ദ്രിയങ്ങളും, അവയിൽ നിന്ന് ഉള്ളിലേയ്ക്ക് കിട്ടുന്ന സംവേദനങ്ങളും ആണ് ഉപയോഗിക്കുന്നത്. എണ്ണം, ദൂരം, സമയം, ഭാരം, പ്രകാശം, താപനില എന്നിങ്ങനെ നമുക്ക് മനസിൽ ഗ്രഹിക്കാനാവുന്ന ചില അടിസ്ഥാന പരിമാണങ്ങൾ (quantities) ഉണ്ട്. 'നീളമുള്ള വടി' എന്നുപറയുമ്പോൾ ആ 'നീളമുള്ള' എന്ന പ്രയോഗം നിങ്ങൾക്ക് മനസിൽ കാണാനാകും. അവിടെ വടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം എന്ന ഭൗതികപരിമാണമാണ് നമ്മൾ മനസിൽ സങ്കല്പിക്കുന്നത്. 'ചൂടുള്ള ചായ'യിലെ 'ചൂടും', 'നീണ്ട കാല'ത്തിലെ 'നീണ്ട'യും ഒക്കെ അതുപോലെ നമുക്ക് ഗ്രഹിക്കാനാകും. അതായത് നേരിട്ടോ അല്ലാതെയോ ഇപ്പറഞ്ഞ ഭൗതകഗുണങ്ങളെ ഒരുപരിധിവരെ നമുക്ക് മനസ്സിൽ കാണാനാകും എന്നാണ് പറഞ്ഞുവരുന്നത്. അതൊക്കെ വെച്ചിട്ടാണ് നാം പ്രകൃതിയെക്കുറിച്ചുള്ള ധാരണകൾ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്നാൽ ഇവിടെ രണ്ട് വലിയ കുഴപ്പങ്ങളാണ് ഉള്ളത്. രണ്ടും വെവ്വേറെയായി വ്യക്തമാക്കാം.

ഒന്ന് ഇപ്പറഞ്ഞതെല്ലാം പ്രകൃതിയിലെ അടിസ്ഥാന പരിമാണങ്ങളല്ല എന്നതാണ്. നമ്മുടെ മനസ്സ് കരുതുന്നതിന് വിരുദ്ധമായി, സമയം എല്ലാവർക്കും ഒരുപോലെയല്ല. വേഗതയിൽ സഞ്ചരിക്കുന്ന ഒരാളുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ സമയം അല്പം കൂടി വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. ഒരു കൃത്രിമോപഗ്രഹത്തിലെ ക്ലോക്കും ഭൂമിയിലെ ക്ലോക്കും തമ്മിലും സമയവേഗതയിൽ വ്യത്യാസമുണ്ട്. എന്നാൽ അതേ സമയം ഉപഗ്രഹത്തിന്റെ നീളം, അതിന്റെ യഥാർത്ഥനീളത്തെക്കാൾ കുറവായിട്ടേ ഭൂമിയിലുള്ള ഒരാൾക്ക് അനുഭവപ്പെടൂ. ഇതിൽ ഏത് സമയമാണ് ശരിയായ സമയം, ഏത് നീളമാണ് ശരിയായ നീളം തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം ഇതെല്ലാം ആപേക്ഷിക ഗുണങ്ങളാണ്. ഒരു കാറിനെ മുന്നിൽ നിന്ന് നോക്കുന്ന ആളും സൈഡിൽ നിന്ന് നോക്കുന്ന ആളും അതിനെ രണ്ട് രൂപത്തിലാണ് കാണുന്നത് എന്നുപറഞ്ഞതുപോലാണ്. അവയിൽ ഏതാണ് കാറിന്റെ യഥാർത്ഥരൂപം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്ലാം ആ കാറിന്റെ രൂപം തന്നെ, അത് ആപേക്ഷികമാണ് എന്നേയുള്ളൂ. പറഞ്ഞുവന്നത്, മനസിൽ നമുക്ക് ഗ്രഹിക്കാനാകുന്ന ദൂരം, സമയം തുടങ്ങിയ ഗുണങ്ങൾ അടിസ്ഥാനഗുണങ്ങളല്ല എന്നും, അവ ആപേക്ഷികമായി മാറുന്നതാണ് എന്നുമാണ്. എന്നാൽ ഏത് സാഹചര്യത്തിലും ഒരുപോലെ നിൽക്കുന്ന ചില ഗുണങ്ങളുണ്ട്. അവയെ നമ്മൾ പ്രകൃതിസ്ഥിരാങ്കങ്ങൾ (natural constants) എന്നാണ് വിളിക്കുന്നത്. ഗുരുത്വസ്ഥിരാങ്കം (Gravitational constant), പ്ലാങ്ക് സ്ഥിരാങ്കം എന്നിവ ഉദാഹരണം. എന്നാൽ ഇപ്പറഞ്ഞ സ്ഥിരഗുണങ്ങൾക്കൊന്നും നമുക്ക് മനസ്സിൽ സങ്കല്പിക്കാവുന്ന മാനങ്ങളല്ല ഉള്ളത്. ഉദാഹരണത്തിന് ഗുരുത്വസ്ഥിരാങ്കത്തിന് ദൂരത്തിന്റെ ക്യൂബിനെ (cube of length) സമയത്തിന്റെ വർഗം (square of time) കൊണ്ടും പിണ്ഡം (mass) കൊണ്ടും ഹരിച്ചാൽ കിട്ടുന്ന 'സാധന'ത്തിന്റെ സ്വഭാവമാണ്. അതെന്ത് സാധനം!! അങ്ങനൊന്ന് നമുക്ക് മനസ്സിൽ കാണാനാവില്ല. ദൂരം പോലെയോ ഭാരം പോലെയോ ഒന്നുമല്ല അത്. അത് വേറെന്താണ്ടോ പോലാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പ്രകൃതിയിൽ സ്ഥിരമായി നിൽക്കുന്നത് ഇങ്ങനത്തെ 'ചാത്തൻ സാധന'ങ്ങളാണ്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. Nature does't give a shit about human brain. മനുഷ്യന്റെ തലച്ചോറിന് സങ്കല്പിക്കാൻ പറ്റുമോ ഇല്ലയോ എന്നതൊന്നും പ്രകൃതിയുടെ പ്രശ്നമല്ല. 

രണ്ടാമത്തെ കുഴപ്പം, നമുക്ക് മനസ്സിൽ ഗ്രഹിക്കാൻ കഴിയുന്ന ഗുണങ്ങളിൽ തന്നെ, നമുക്ക് വഴങ്ങുന്ന അളവുകൾക്ക് ഒരു പരിധിയുണ്ട് എന്നതാണ്. ഉദാഹരണത്തിന് സംഖ്യാബോധം എടുക്കാം. ഒരു തേങ്ങ, രണ്ട് തേങ്ങ, അഞ്ച് തേങ്ങ എന്നൊക്കെ പറഞ്ഞാൽ ആ സംഖ്യ നമുക്ക് മനസ്സിൽ സങ്കല്പിക്കാനാകും. പത്ത് തേങ്ങയെന്ന് പറഞ്ഞാലും ഓക്കേ. പക്ഷേ പതിനായിരം തേങ്ങ ഒന്ന് സങ്കല്പിച്ച് നോക്കിയേ. പതിനായിരം തേങ്ങയും, പന്ത്രണ്ടായിരം തേങ്ങയും വേറേ വേറെയായി സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? ആ സംഖ്യ നിങ്ങളുടെ തലച്ചോറിന്റെ പരിധി വിട്ട് പോയിക്കഴിഞ്ഞു. ഇതുപോലെ തന്നെ ഒരു കിലോ അരിയും അഞ്ച് കിലോ അരിയും തമ്മിലുള്ള വ്യത്യാസം സങ്കല്പിക്കുന്നത്ര എളുപ്പത്തിൽ പത്ത് ടണ്ണും പതിനൊന്ന് ടണ്ണം തമ്മിലുള്ള വ്യത്യാസം സങ്കല്പിക്കാനാവില്ല. അതിനൊരു മറുവശവും ഉണ്ട്. ഒരു വൈറസിനേക്കാൾ പല മടങ്ങ് ഭാരമുണ്ടാകും ഒരു ബാക്ടീരിയയ്ക്ക്. പക്ഷേ ഇത് രണ്ടുമോ ഇവ തമ്മിലുള്ള വ്യത്യാസമോ നമ്മുടെ മനസ്സിന് വഴങ്ങില്ല. ഇങ്ങനെ ഭാരമോ ദൂരമോ സമയമോ ആയിക്കോട്ടെ, നമുക്ക് മനസ്സിൽ കൈകാര്യം ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. സെക്കന്റിൽ ആയിരം തവണ ചിറകടിക്കുന്ന തേനീച്ചയുടെ ചിറകിന്റെ വേഗതയും, ലക്ഷക്കണക്കിന് വർഷമെടുത്ത് മാത്രം നടക്കുന്ന പർവതരൂപീകരണപ്രക്രിയയുടെ വേഗതയും നമ്മുടെ തലച്ചോറിന്റെ റെയ്ഞ്ചിന് പുറത്ത് രണ്ടറ്റങ്ങളിലായി കിടക്കുകയാണ്. അതായത് ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറമോ ഇപ്പുറമോ കിടക്കുന്ന ഭൗതികഗുണങ്ങളെ കൈകാര്യം ചെയ്യാൻ നമ്മുടെ തലച്ചോറ് പര്യാപ്തമല്ല.

ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ തലച്ചോറ് പ്രകൃതിനിയമങ്ങളെ നേരിട്ട് മനസിലാക്കാൻ കഴിവുള്ളതല്ല എന്നാണ് ഇതിന്റെയൊക്കെ അർത്ഥം. മുന്നത്തെ ഉദാഹരണത്തിലെ പുറമ്പോക്കുവാസി അരിയുടെ വില മാറുന്നത് അറിയുന്നതുപോലെ, പ്രകൃതിനിയമങ്ങളുടെ അനന്തരഫലങ്ങൾ മാത്രം നമുക്ക് ഗോചരമാകും. എന്നാൽ മനുഷ്യന്റെ തലച്ചോറിനെ ഇകഴ്ത്തിക്കാട്ടുകയാണ് ഇവിടെ എന്ന് കരുതരുത്. പരിണാമപരമായി അവയവങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത് പ്രായോഗികജീവിതത്തിന് ഗുണകരമാകുന്ന വിധത്തിലാണ്. ബാക്ടീരിയയുടെ ഭാരവും, പർവതരൂപീകരണത്തിനെടുക്കുന്ന സമയവും ഒന്നും മനസ്സിൽ കണക്കാക്കേണ്ടത് ഒരു സാധാരണ മനുഷ്യന്റെ പ്രായോഗികജീവിതത്തിലെ ഒരാവശ്യമേയല്ല. ഗുഹാവാസിയായ മനുഷ്യന് വേട്ടായാടി ഭക്ഷിക്കേണ്ട മൃഗത്തിന്റെ ഭാരമോ ഫലവൃക്ഷങ്ങൾ പൂവിടുന്നതിന് വേണ്ട കാലമോ ഒക്കെയായിരുന്നു വിഷയം. ഒരു സിംഹം ഓടിക്കുമ്പോൾ സ്ഥലവും കാലവും ഒരുമിച്ച് ചേർന്ന four dimensional spacetime-ൽ ചിന്തിക്കുന്ന ഒരു തലച്ചോറിന്റെ ഉടമ സിംഹത്തിന്റെ വായിൽ പോകും എന്നതിൽ സംശയമില്ല. അവിടെ വേണ്ടത് പ്രയോഗികരംഗത്തെ മാത്രം ആസ്പദമാക്കി ചിന്തിക്കുന്ന, കൂടുതൽ സിമ്പിളായ ഒരു തലച്ചോറാണ്. ഇന്നും ശാസ്ത്രം നേരിട്ട് കൈകാര്യം ചെയ്യുന്ന വളരെ ചെറിയൊരു കൂട്ടം ആളുകൾക്കല്ലാതെ, മനുഷ്യർക്കാർക്കും തന്നെ നക്ഷത്രത്തിന്റെ ഭാരമോ പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വലിപ്പമോ ഒരു പ്രശ്നമേയല്ല. പലചരക്ക് വാങ്ങിയതിന്റെ ചെലവ് കണക്കാക്കാൻ സൂപ്പർകംപ്യൂട്ടർ വാങ്ങുന്നത് പോലൊരു അധികബാധ്യത മാത്രമായിരിക്കും ക്വാണ്ടം മെക്കാനിക്സം റിലേറ്റിവിറ്റിയും വെച്ച് ചിന്തിക്കുന്ന തലച്ചോർ. അതിന് ജീവശാസ്ത്രപരമായി സാധുതയില്ല. 

ലക്ഷക്കണക്കിന് വർഷം മുൻപ് ഉരുത്തിരിഞ്ഞ ഹോമോ സാപ്പിയൻസ് എന്ന മനുഷ്യവർഗം കഴിഞ്ഞ ഏതാനം ആയിരം വർഷം മുൻപ് വരെ മൃഗങ്ങളെപ്പോലെ തന്നെ കഴിഞ്ഞതും, വൈദ്യുതി പോലുള്ള സാങ്കേതികവിദ്യ പത്തോ നൂറോ വർഷം മുൻപ് മാത്രം സ്വായത്തമാക്കിയതും എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഇവിടെയാണ് ഉത്തരം. തലച്ചോറിന്റെ പരിമിതികളെ മറികടക്കാനുള്ള വിദ്യകൾ അതിന് വേണ്ടിയിരുന്നു. ഇന്ന് ശാസ്ത്രം അതിനുള്ള കുറുക്കുവഴികൾ കണ്ടെത്തിയിട്ടുണ്ട്. അതിനെപ്പറ്റി മറ്റൊരിക്കൽ സംസാരിക്കാം.