Jun 27, 2017

സോറി, ശാസ്ത്രം ഉപദേശിയല്ല.

കഴിഞ്ഞ ദിവസം ഒരു ശാസ്ത്രാവബോധ പരിപാടിയിൽ ഒരു സംഭാഷണം നടന്നു. പ്രഭാഷകനായ ഡോക്ടർ ഒരു ചോദ്യം ഉന്നയിച്ചു- "നിങ്ങളിൽ മോഡേൺ മെഡിസിൻ അല്ലാതെ, വേറെ ഏതെങ്കിലും ചികിത്സാരീതിയെ ആശ്രയിക്കുന്ന ആളുകളുണ്ടോ?"

ഒരാൾ കൈയുയർത്തി.

"
ഏതാണത്?"- ഡോക്ടർ ആരാഞ്ഞു.

കൈയുയർത്തിയ ആൾ എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു;

"
എനിക്ക് ആസ്ത്മയുടെ പ്രശ്നമുണ്ട്. അലോപ്പതി ഡോക്ടർ എനിക്ക് ഇൻഹേലർ എഴുതിത്തന്നിട്ടുണ്ട്. പക്ഷേ ഞാനത് അറ്റ കൈയ്ക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ. പൊടിയിൽ നിന്ന് പരമാവധി അകലം പാലിച്ചും വ്യായാമം ചെയ്തുമൊക്കെ അസുഖം പരമാവധി ഒഴിവാക്കാനാണ് ഞാനെപ്പോഴും ശ്രമിക്കുക. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഞാൻ അലോപ്പതിയെ മാത്രം ആശ്രയിക്കുന്ന ആളല്ല എന്ന്"

അതിന് ശേഷം വന്ന എന്റെ അവതരണത്തിൽ ഞാനീ സംഭാഷണത്തെ പ്രത്യേകം വിഷയമാക്കിയിരുന്നു. അത് തന്നെ ഇവിടെയും പങ്ക് വെക്കാം എന്ന് കരുതി. കാരണം വളരെ സാധാരണമായ ഒരു തെറ്റിദ്ധാരണ ഈ സംഭാഷണത്തിൽ പ്രതിഫലിക്കുന്നുണ്ട്. മലയാളി ദിനംപ്രതി അപകടകരമായ ആരോഗ്യപ്രവണതകളിലേക്ക് വീണുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ആ തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ട ഒന്നാണ്.

സത്യത്തിൽ ടി സംഭാഷണത്തിൽ മറുപടി പറഞ്ഞ വ്യക്തി മോഡേൺ മെഡിസിനെ അല്ലാതെ മറ്റൊന്നിനേയും ആരോഗ്യകാര്യത്തിൽ ആശ്രയിക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ കാര്യം അങ്ങനെയല്ലെന്ന് അദ്ദേഹം ആത്മാർത്ഥമായി കരുതിയിരുന്നു. എന്താണ് കാരണം? വ്യക്തമാണ്, മോഡേൺ മെഡിസിൻ എന്നാൽ കൃത്രിമമായി നിർമിച്ചെടുന്ന മരുന്ന് കൊടുത്തോ ശസ്ത്രക്രിയ വഴിയോ രോഗാവസ്ഥയെ സുഖപ്പെടുത്തുന്ന ഒരു 'പതി' -അലോപ്പതി- മാത്രമാണെന്ന് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നു. വ്യായാമം, രോഗം വരാതിരിക്കാനുള്ള മറ്റ് ജീവിതചര്യകൾ എന്നിവ മറ്റ് 'പതി'കളുടെ കീഴിൽ വരുന്ന കാര്യങ്ങളാണെന്നും. അദ്ദേഹത്തെ ഒരു രീതിയിലും കുറ്റപ്പെടുത്താനാകില്ല. ഇതരചികിത്സാക്കാർ ഈ രീതിയിലുള്ള ധാരണ കാലങ്ങളായി നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. മരുന്നുമാഫിയ പോലുള്ള പ്രയോഗങ്ങളൊക്കെ പോപ്പുലറാകുന്നതിനും വളരെ മുൻപ് തന്നെ 'അലോപ്പതി രോഗത്തിന് പകരം രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നു', 'അലോപ്പതി മരുന്നാണെങ്കിൽ സൈഡ് ഇഫക്റ്റ് (പാർശ്വഫലം) ഉണ്ടാകും', തുടങ്ങിയ ധാരണകൾ സമൂഹത്തിൽ വളരെ ആഴത്തിൽ എത്തിയിട്ടുണ്ട്. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത നാട്ടുമ്പുറത്തുകാര് പോലും വളരെ ആധികാരികമായി ഇത് പറയുന്നത് കേൾക്കാം. ഫെയ്സ്ബുക്കിലും പ്രത്യേകിച്ച് നിക്ഷിപ്ത താത്പര്യങ്ങളില്ലാതെ നിഷ്പക്ഷമായി സംസാരിക്കുന്നവർ പോലും ക്രിട്ടിക്കൽ സാഹചര്യത്തിൽ മാത്രം അലോപ്പതിയും അല്ലാത്തപ്പോൾ മറ്റ് പതികളും ഉപയോഗിക്കുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നതും ഇത്തരം തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ്.

എന്താണ് ആ ധാരണയിലെ പ്രശ്നം?

ആധുനികവൈദ്യശാസ്ത്രത്തെ മറ്റ് ചികിത്സാരീതികളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത് അതാണ്. അലോപ്പതി എന്ന വാക്ക് തന്നെ, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാൻ അന്ന് നിലവിലിരുന്ന അന്നത്തെ അറിവ് വെച്ചുള്ള ചികിത്സാരീതിയെ ഭള്ള് പറയാനായി കണ്ടെത്തിയതാണ്. എന്നിട്ട് സംഭവിച്ചതെന്താണ്? അലോപ്പതി എന്ന് ചീത്തപ്പേര് കിട്ടിയ ആ ചികിത്സാരീതി, പിന്നീട് വന്ന ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ച് പരിഷ്കരിക്കപ്പെടുകയും വളരുകയും ചെയ്തു. എത്രത്തോളം പരിഷ്കരിക്കപ്പെട്ടു എന്ന് മനസിലാക്കാൻ അലോപ്പതിയുടെ അന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. സൂക്ഷ്മജീവികൾ കാരണം രോഗം ഉണ്ടാകാം എന്ന കാര്യത്തിന് പോലും വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലാത്ത കാലമായിരുന്നു അത്. രോഗാണുക്കളെ രോഗങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ നിർണായകസ്ഥാനം വഹിച്ച റോബർട്ട് കോക്ക് ജനിക്കുന്നത് തന്നെ സാമുവൽ ഹാനിമാൻ മരിച്ച വർഷമാണ്. അന്ന് വാക്സിനുകൾ നിലവിലുണ്ടായിരുന്നില്ല. എക്സ്-റേ ഉപയോഗിച്ച് ശരീരാന്തർഭാഗത്തിന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത് ഹാനിമാൻ മരിച്ച് അര നൂറ്റാണ്ട് കഴിഞ്ഞാണ്. മനുഷ്യരക്തം പല ഗ്രൂപ്പുകളായി വ്യത്യസ്തമാണ് എന്നറിഞ്ഞത് അതിനും ശേഷമാണ്. വിറ്റാമിനുകളേയും ഇൻസുലിനേയും പോലുള്ള പ്രധാന തന്മാത്രകളെ തിരിച്ചറിഞ്ഞത് പിന്നേയും ദശാബ്ദങ്ങൾ കഴിഞ്ഞാണ്. പടിപടിയായി, പല ശാഖകളിലായി ആധുനികശാസ്ത്രം ശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മനസിലാക്കിയ അറിവുകളാണ് ഇന്ന് അവയവകൈമാറ്റത്തിലും കൃത്രിമാവയവങ്ങളിലും ജനറ്റിക് എഞ്ചിനീയറിങ്ങിലും ഒക്കെ എത്തിനിൽക്കുന്നത്. സത്യത്തിൽ ഇരുന്നൂറ് വർഷം മുന്നത്തെ ആ പഴയ 'അലോപ്പതി'യുമായി ഇന്നതിന് വിദൂരസാമ്യം പോലുമില്ല. പക്ഷേ ഹാനിമാന്റെ ഹോമിയോപ്പതിയോ? ഇരുന്നൂറ് വർഷം മുന്നത്തെ 'സാമ്യത്തെ സുഖപ്പെടുത്തുന്ന സാമ്യ'വും 'നേർപ്പിക്കുന്തോറും വീര്യം കൂടുന്ന മരുന്നും' ഒക്കെ അതേപടി മുറുക്കിപ്പിടിച്ച് ഇന്നും നിലനിൽക്കുന്നു. ഹാനിമാന്റെ കാലത്ത് അത് പരിഹാസ്യമായിരുന്നില്ല. പക്ഷേ കഴിഞ്ഞ ഇരുന്നൂറ് വർഷത്തെ ശാസ്ത്രകണ്ടുപിടിത്തങ്ങളുടെ പ്രഭയിൽ അതൊരു കോമാളിവേഷത്തിലാണ് ഇന്ന് നിൽക്കുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ത്രിദോഷസിദ്ധാന്തം വെച്ച് നിലനിൽക്കുന്ന ആയുർവേദം പോലും ഹോമിയോപ്പതിയോളം പരിഹാസ്യമല്ല.

ആധുനികവൈദ്യത്തിന് സ്വതന്ത്രമായ നിലനില്പില്ല. അത് ഫിസിക്സിലും കെമിസ്ട്രിയിലും ബയോളജിയിലും ഒക്കെ സമാന്തരമായി ഉണ്ടാകുന്ന പുതിയ അറിവുകളെ ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മറ്റ് ചികിത്സാരീതികൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു ഫിലോസഫി (സാമ്യം സാമ്യത്തെ സുഖപ്പെടുത്തൽ, ത്രിദോഷങ്ങളുടെ സന്തുലനം etc.) ഒന്നും അതിനില്ല. അവിടെ ഉപദേശങ്ങൾക്കൊന്നും സ്ഥാനമില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത് എന്ന മാർഗനിർദ്ദേശങ്ങളും ഇല്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം സത്യം കണ്ടുപിടിക്കുക എന്നതാണ്. ജീവശാസ്ത്രം ശരീരത്തിന്റെ പ്രവർത്തനങ്ങൾ, ഘടന, എന്നിവ ഇന്നയിന്ന രീതിയിലാണ് എന്ന് കണ്ടെത്തുന്നു. രസതന്ത്രം രാസവസ്തുക്കൾ ഇന്നയിന്ന രീതിയിൽ പ്രതിപ്രവർത്തിച്ച് ഇന്നയിന്ന ഫലങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുന്നു. ഉദാഹരണത്തിന് ആമാശയത്തിലെ ആസിഡുകളുടെ സാന്നിദ്ധ്യം ജീവശാസ്ത്രം കണ്ടെത്തിയതാണ്. അതുപോലെ ആസിഡുകളുടെ സ്വഭാവത്തെ പ്രതിരോധിയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുള്ള രാസവസ്തുക്കൾക്ക് കഴിയും എന്ന് രസതന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ അറിവുകളെ തമ്മിൽ യോജിപ്പിച്ചാലോ? ആമാശയത്തിൽ അമിതമായി ആസിഡ് ഉണ്ടായാൽ (അസിഡിറ്റി), അത് പ്രതിരോധിക്കാനായി ആൽക്കലൈൻ സ്വഭാവമുള്ള അന്റാസിഡ് സംയുക്തങ്ങളെ ഉപയോഗിക്കാൻ ചികിത്സകന് കഴിയും. (ഇത് കാര്യം മനസിലാവാനായി ലളിതമാക്കി പറഞ്ഞൊരു ഉദാഹരണം മാത്രമാണെന്ന് ഓർമിപ്പിക്കട്ടെ. പ്രായോഗികതലത്തിൽ മറ്റൊരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് ശരിയായ ഒരു മരുന്നിലേക്ക് നമ്മൾ എത്തിച്ചേരുക) ക്ഷതമേറ്റ ഒരു അവയവത്തിന്റെ ഉള്ളിൽ അസ്ഥി പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, മാംസം തുളച്ചുകയറാൻ ശേഷിയുള്ള എക്സ്-റേ ഉപയോഗിക്കുന്നതും അതേ ലോജിക്കിൽ തന്നെ. എക്സ്-റേ കണ്ടുപിടിച്ചത് ഒരു ഡോക്ടറല്ല, ഭൗതികശാസ്ത്രത്തിന് നോബൽ പ്രൈസ് കിട്ടിയ റോൺട്ജനാണ്. പറഞ്ഞുവരുമ്പോൾ ആധുനികവൈദ്യത്തിന്റെ പൊതുവായ രീതിശാസ്ത്രം വളരെ ലളിതമാണ്- പ്രശ്നമുണ്ടെങ്കിൽ അത് എവിടെയെന്നും എന്തുകൊണ്ടെന്നും കണ്ടുപിടിക്കുക, അതിനെ ശരിയാക്കാൻ ലഭ്യമായ ഏത് അറിവിനേയും ഉപയോഗിക്കുക. അവിടെ ഫിസിക്സും കെമിസ്ട്രിയും ഒന്നുമില്ല. തെളിവുള്ളതും വിശ്വാസയോഗ്യമായതുമായ ഏത് അറിവും ശാസ്ത്രം തന്നെയാണ്. പക്ഷേ അവിടെ ഒരു കുഴപ്പമുണ്ട്. ശാസ്ത്രത്തിന് ശരീരത്തിന്റെ സങ്കീർണതയെ (complexity) കുറിച്ച് കൃത്യമായ വിവരണമുള്ളതുകൊണ്ട്, കാക്കത്തൊള്ളായിരം രോഗാവസ്ഥകൾക്കും കൂടി വിരലിലെണ്ണാവുന്നത്രയും കാരണങ്ങളും സർവരോഗസംഹാരികളായ ഒരുപിടി ഒറ്റമൂലികളും എന്ന മധുരമനോജ്ഞസങ്കല്പം അവിടെ പ്രവർത്തിക്കില്ല! ഇത്തിരി മെനക്കെട്ടേ പറ്റൂ.

പറഞ്ഞുതുടങ്ങിയതിലേക്ക് തിരിച്ചുവരാം. ശാസ്ത്രം അറിവ് മാത്രമാണ്. അറിവ് എന്നത് ഒരു ഉപകരണവും. 'എന്നെ തേങ്ങയുടക്കാൻ ഉപയോഗിക്കൂ' എന്ന് വെട്ടുകത്തി പറയാത്തതുപോലെ തന്നെ, എന്നെ ഇന്ന ആവശ്യത്തിന് ഉപയോഗിക്കണം എന്ന് അറിവ് നമ്മളോട് ആവശ്യപ്പെടില്ല. വെട്ടുകത്തി കൊണ്ട് നിങ്ങൾക്ക് തേങ്ങയുടക്കുകയോ വേറൊരാളുടെ തലയോട്ടി പൊളിക്കുകയോ ചെയ്യാം. അത് ഉപയോഗിക്കുന്നയാളുടെ തീരുമാനമാണ്. ആറ്റത്തിനുള്ളിൽ കണികകളെ ഒട്ടിച്ചുനിർത്തുന്ന ഊർജത്തെക്കുറിച്ച് ശാസ്ത്രനമ്മളോട് പറയും. അതുവെച്ച് ആറ്റം ബോംബുണ്ടാക്കണോ ന്യൂക്ലിയർ ഇലക്ട്രിസിറ്റി ഉണ്ടാക്കണോ എന്ന് തീരുമാനിക്കുന്നത് മനുഷ്യരാണ്. ശാസ്ത്രം പൊത്തിൽ പാമ്പുണ്ടെന്ന് പറയുകയേ ഉള്ളൂ. അതിൽ കൈയിടണോ വേണ്ടയോ എന്നത് ആ അറിവ് കിട്ടിയശേഷം നമ്മൾ സ്വന്തം വകതിരിവ് വെച്ച് എടുക്കേണ്ട തീരുമാനമാകുന്നു. ആധുനികവൈദ്യം ഈ ശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ഒരു ജോലി ആയതുകൊണ്ട് അവിടെ ഉപദേശങ്ങളുടെ രൂപത്തിൽ ഒന്നും ഉണ്ടാകില്ല. ഉപദേശം അധികാരസ്ഥാനങ്ങളുടെ ലക്ഷണമാണ്. ശാസ്ത്രത്തിൽ അധികാരസ്ഥാനങ്ങളില്ല. അവിടെ ആധികാരികത വിശ്വസനീയമായ തെളിവുകൾക്ക് മാത്രമാണ്. വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, വ്യായാമത്തിന്റെ അഭാവം ചില രോഗാവസ്ഥകൾക്ക് കാരണമാകും എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ പണി അവിടെ കഴിഞ്ഞു. ഈ അറിവ് ഉൾക്കൊണ്ട ശേഷം, വ്യായാമം ചെയ്ത് ആ രോഗങ്ങളെ ഒഴിവാക്കണോ വേണ്ടയോ എന്നത് മനുഷ്യൻ സ്വന്തം വകതിരിവ് വെച്ച് തീരുമാനിക്കണം. ശാസ്ത്രം വന്ന് ഉപദേശിച്ച് ചെയ്യിക്കുന്നതും കാത്തിരുന്നാൽ, അവിടിരുന്ന് വേരിറങ്ങുകയേ ഉള്ളൂ. വേണമെങ്കിൽ ചെയ്തോണം!

നമ്മുടെ ശാസ്ത്രവിദ്യാഭ്യാസം ചടങ്ങ് മാത്രമായിപ്പോകുന്നതുകൊണ്ട് സ്കൂളിൽ പഠിച്ച അറിവുകളൊന്നും നമ്മുടെ ബോധത്തിന്റെ ഭാഗമാകുന്നേയില്ല. അതുകൊണ്ട് നമ്മുടെ തീരുമാനങ്ങളെ ആ അറിവുകൾ സ്വാധീനിക്കുന്നുമില്ല.
ഈ ഗ്യാപ്പിലേക്കാണ് ഇതരവൈദ്യങ്ങൾ ഇടിച്ചുകയറുന്നത്. അവിടെ മൊത്തം ഉപദേശങ്ങളാണല്ലോ. ആയുർവേദമോ ഹോമിയോപ്പതിയോ ലാടവൈദ്യമോ ആകട്ടെ, വ്യായാമം ചെയ്യാൻ നിങ്ങളെ ഉപദേശിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. കാരണം അതിന് ആധുനികശാസ്ത്രത്തിൽ തെളിവുകൾ ഉണ്ട്. ഏത് പെരുങ്കള്ളൻ പറഞ്ഞാലും സത്യം സത്യം തന്നെയായിരിക്കും. ശാസ്ത്രത്തിൽ ആര് പറയുന്നു എന്നതിനല്ല, എന്ത് പറയുന്നു എന്നതിനാണ് പ്രാധാന്യം. ശാസ്ത്രീയവൈദ്യത്തിന്റേയും നയം അതുതന്നെ. 2015-ലെ വൈദ്യത്തിനുള്ള നോബൽ പ്രൈസ് കിട്ടിയത് മലേറിയയ്ക്ക് ഫലപ്രദമാകുന്ന ഒരു രാസസംയുക്തത്തിന്റെ കണ്ടെത്തലിനായിരുന്നു. അത് കണ്ടുപിടിക്കപ്പെട്ടതോ, ചൈനീസ് പാരമ്പര്യവൈദ്യത്തിന്റെ ഭാഗമായ ഒരു പച്ചിലമരുന്നിൽ നിന്നുമായിരുന്നു. ആയുർവേദചികിത്സയുടെ ഭാഗമായിരുന്ന, സർപ്പഗന്ധി എന്ന ചെടിയിൽ നിന്നെടുക്കുന്ന റിസർപ്പിൻ എന്ന മരുന്നും പണ്ടേ ആധുനികശാസ്ത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. പാരമ്പര്യവൈദ്യത്തിന്റെ ഭാഗമായതുകൊണ്ട് ശാസ്ത്രം ഒന്നിനും അയിത്തം കല്പിക്കുന്നേയില്ല. ഇതരചികിത്സകർ അങ്ങനെ പ്രചരിപ്പിക്കുന്നുവെന്നേയുള്ളൂ. തെളിവുകൾ ഉണ്ടെങ്കിൽ ശാസ്ത്രത്തിന്റ അംഗീകാരവും ഉണ്ടാകും. പക്ഷേ തെളിവുകൾ വേണം!

സൈഡ് ഇഫക്റ്റിനെ കുറിച്ച് പറഞ്ഞ് ഇതിനകം തന്നെ നാവുകുഴഞ്ഞിട്ടുണ്ട്. ആധുനികവൈദ്യത്തിൽ മരുന്നുകൾ ഉണ്ടാകുമ്പോൾ അവയുടെ ഫലത്തോടൊപ്പം തന്നെ പാർശ്വഫലങ്ങളും പഠനവിധേയമാക്കുന്നുണ്ട്. ഇതരചകിത്സകർ ഓരോ മരുന്നിന്റേയും പാർശ്വഫലം പറഞ്ഞ് പേടിപ്പിക്കാൻ ഉപയോഗിക്കുന്നത് ആ മരുന്ന് നിർമിച്ചവരുടെ തന്നെ വിവരണമാണ് എന്നതാണ് രസം. ശാസ്ത്രത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല. രോഗം കൊണ്ടുള്ള ബുദ്ധിമുട്ടാണോ പാർശ്വഫലം കൊണ്ടുള്ള ബുദ്ധിമുട്ടാണോ രോഗി കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നുനോക്കി മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവിടെ രോഗിക്ക് അവസരമുണ്ട്. മറ്റ് ചികിത്സകളിൽ പാർശ്വഫലത്തെ കുറിച്ച് നിങ്ങൾക്കൊന്നും കാണാനാവില്ല. പക്ഷേ അത് പാർശ്വഫലം ഇല്ലാത്തതുകൊണ്ടല്ല, പാർശ്വഫലമുണ്ടോ എന്ന് പഠിക്കാൻ പോലും അവർ മെനക്കെടുന്നില്ല എന്നതുകൊണ്ടാണ്. ഫലമുള്ളതിന് പാർശ്വഫലവും ഉണ്ടാകും. ഒരു പച്ചിലയും ശരീരത്തിൽ പോയി രോഗത്തെ ഉപദേശിച്ച് നേരെയാക്കില്ല. ഇലകളിൽ അടങ്ങിയിട്ടുള്ള രാസസംയുക്തങ്ങൾ തന്നെയാണ് ഫലങ്ങൾ ഉണ്ടാക്കുന്നത്. ഏതെങ്കിലും ചെടിയിൽ ഏതെങ്കിലും രോഗത്തിന് ഗുണകരമായ രാസസംയുക്തങ്ങൾ ഉണ്ടെങ്കിൽ, അത് തിരിച്ചറിഞ്ഞ്, വേർതിരിച്ച് അതുമാത്രം ഉള്ളിലേക്കെടുക്കുക എന്നതാണ് ശാസ്ത്രയുക്തി. (സർപ്പഗന്ധിയുടെ ഉദാഹരണം ഓർക്കുക) അല്ലാതെ അത് മുഴുവൻ ഇടിച്ചുപിഴിഞ്ഞ് അപ്പാടെ വിഴുങ്ങുന്നത് റിസ്കാണ്. കാരണം നമ്മുടെ രോഗം മാറ്റാനല്ല പ്രകൃതിയിൽ ഈ ചെടികളൊക്കെ ഉണ്ടായിവന്നത്. ചെടികളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചെടികളുടെ തന്നെ ആവശ്യത്തിനുള്ളതാണ്. അതിൽ നമുക്ക് ഗുണമുള്ളതും ദോഷമുള്ളതും കണ്ടേക്കാം. ഉദാഹരണത്തിന് ഒതളം എന്ന ചെടിയിൽ അടങ്ങിയിരിക്കുന്ന cerberin എന്ന രാസവസ്തു കൂടിയ അളവിൽ ശരീരത്തിലെ വൈദ്യുത ഇംപൾസുകളെ തടയും. ഒതളങ്ങ എന്തുകൊണ്ട് വിഷമാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ശാസ്ത്രസത്യമാണ്. അതുകൊണ്ട് അകത്തേക്കെടുക്കുന്ന ചെടികളിൽ എന്തൊക്കെ ഏതൊക്കെ അളവിൽ അടങ്ങിയിരിക്കുന്നു എന്ന പഠനമില്ലാതെ ചെയ്യുന്ന എന്ത് പച്ചിലമരുന്നും അപകടമാണ്. ഒതളങ്ങ പോലെ പെട്ടെന്ന് പ്രകടമാകുന്ന അപകടങ്ങളാകണമെന്നില്ല എല്ലാം എന്നേയുള്ളൂ.


പ്പറഞ്ഞതൊക്കെ ഉപദേശം പോലെ തോന്നിയെങ്കിൽ നിങ്ങൾക്ക് പിന്നേം തെറ്റി കേട്ടോ. ശാസ്തീയവൈദ്യത്തിന്റെ ഒരു രീതി പറഞ്ഞെന്നേയുള്ളൂ. നിങ്ങളുടെ വിധി നിങ്ങളുടെ തന്നെ തീരുമാനങ്ങളാകുന്നു.

Jun 14, 2017

മേലോട്ട് പോകുന്ന തേങ്ങ!

രണ്ട് സംഭവങ്ങൾ വിവരിക്കാം:
 1. ഒരു തെങ്ങിൽ നിന്ന് ഒരു തേങ്ങ അടർന്ന് താഴെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വീഴുന്നു. വെള്ളം ശബ്ദമുണ്ടാക്കിക്കൊണ്ട് ചുറ്റും തെറിക്കുന്നു.
 2. ഒരു തെങ്ങിൻ ചുവട്ടിൽ നാലുപാടുനിന്നും വെള്ളത്തുള്ളികൾ വന്ന് ചേർന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് അവിടെക്കിടക്കുന്ന ഒരു തേങ്ങയെ പൊക്കി തെങ്ങിന് മുകളിൽ എത്തിക്കുന്നു.

ഇതിൽ ഏതാണ് കൂടുതൽ സ്വാഭാവികതയുള്ളത്?

മുൻപ് ഞാൻ ചെയ്തിട്ടുള്ള ഒരു പ്രഭാഷണത്തിൽ (ലിങ്ക്: https://goo.gl/BD2z1n) ഉന്നയിച്ച ഒരു ചോദ്യമാണിത്. സാമാന്യബുദ്ധി ശാസ്ത്രത്തിൽ എന്തുകൊണ്ട് യോജിച്ചതല്ല എന്ന് പറയുകയായിരുന്നു ആ പ്രഭാഷണത്തിന്റെ ഉദ്ദേശ്യം. അന്ന്, ആ പ്രഭാഷണത്തിന്റെ ഒടുവിൽ ആരെങ്കിലും എന്നോടാ ചോദ്യം ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ആരും ചോദിച്ചില്ല- സാമാന്യബുദ്ധി വെച്ചല്ലെങ്കിൽ പിന്നെ എന്ത് മാനദണ്ഡം വെച്ചാണ് ഇപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക? അല്ലെങ്കിൽ ഈ ചോദ്യത്തെ ശാസ്ത്രം എങ്ങനെയാണ് കൈകാര്യം ചെയ്യുക? ഇതിനുള്ള വിശദീകരണം ഭൌതികശാസ്ത്രത്തിൽ താപഗതിക സിദ്ധാന്തങ്ങൾ അഥവാ Laws of thermodynamics വഴിയാണ് നമുക്ക് ലഭിക്കുക. നമ്മുടെ പ്രകൃതിയിൽ എന്തും നടക്കുന്നത് ഊർജം ഉപയോഗിച്ചാണ്. ഊർജത്തെ ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുക, ഊർജം ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൈമാറ്റം ചെയ്യുക എന്നിവയാണ് എല്ലാ പ്രതിഭാസങ്ങളിലും സംഭവിക്കുന്നത്. എന്നാൽ ഊർജത്തെ സംബന്ധിച്ച് പ്രകൃതിയ്ക്കുള്ള രണ്ട് സുപ്രധാന ചട്ടങ്ങളാണ് താപഗതിക സിദ്ധാന്തങ്ങൾ. ഇതിൽ ആദ്യത്തേത് സുപരിചിതമായിരിക്കും. ഊർജസംരക്ഷണനിയമം (law of conservation of energy) എന്നാണതിന് പേര്. അതിപ്രകാരമാണ്:

'ഊർജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ സാധിക്കൂ'

സ്കൂളിൽ ഇത് പഠിപ്പിച്ച ശേഷം അടുത്ത ക്ലാസിൽ ചിലപ്പോൾ പഠിപ്പിക്കുന്നത്, ഊർജം അമൂല്യമാണെന്നും അത് പാഴാക്കിക്കളയരുതെന്നും ആയിരിക്കും. ശ്ശെടാ! ഊർജത്തെ നശിപ്പിക്കാനാവില്ലാന്ന് ഉറപ്പാണെങ്കിൽ പിന്നെന്തിനാ നമ്മളത് കഷ്ടപ്പെട്ട് സംരക്ഷിക്കാൻ നോക്കുന്നത്! അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അവിടുണ്ടാകുമല്ലോ. അതങ്ങ് പിന്നേം പിന്നേം ഉപയോഗിച്ചോണ്ടേയിരുന്നാൽ പോരേ? ഇത് വെറും കുസൃതിച്ചോദ്യമല്ല. രണ്ടാം താപഗതികസിദ്ധാന്തം കൂടി മനസിലാക്കാത്തിടത്തോളം ഈ ചോദ്യത്തിന് ഉത്തരം പറയാനാവില്ല. ആ നിയമം അനുസരിച്ച്, പ്രകൃതിയിലെ ഊർജകൈമാറ്റങ്ങൾ എപ്പോഴും ക്രമം (order) കൂടിയ അവസ്ഥയിൽ നിന്ന് ക്രമം കുറഞ്ഞ (disorder) അവസ്ഥയിലേക്കാണ് നടക്കുക. ഇവിടെ disorder എന്ന വാക്ക് മലയാളത്തിലാക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ല. കാരണം മലയാളത്തിൽ നമ്മൾ അതിന് തുല്യമായി പൊതുവേ ഉപയോഗിക്കുന്ന വാക്കുകൾക്കൊന്നും ഇവിടെ ഉദ്ദേശിക്കുന്ന സാങ്കേതിക അർത്ഥം കിട്ടുമെന്ന് തോന്നുന്നില്ല. അതൊരു താറുമാറായ അവസ്ഥയോ ക്രമക്കേടോ അലങ്കോലമോ ആണെന്ന് പറയാനാകില്ല. ഏതവസ്ഥയാണ് ഓഡർ, ഏതാണ് ഡിസോഡർ എന്ന് തീരുമാനിക്കപ്പെടുന്നത് കാഴ്ചയ്ക്ക് എങ്ങനെയിരിക്കുന്നു എന്നതനുസരിച്ചല്ല, മറിച്ച് എത്ര രീതിയിൽ ആ അവസ്ഥ സംജാതമാകാം എന്നതനുസരിച്ചാണ്. ഇവിടെ അതിനായി ഉപയോഗിക്കുന്ന ഒരു വാക്കാണ് എൻട്രോപ്പി (entropy). തിരുവന്തോരത്തുകാർക്ക് വേണമെങ്കിൽ ഇതിനെ 'എന്തരപ്പി' എന്നും വിളിക്കാം. എന്തായാലും പ്രകൃതിയിലെ ഏത് ഊർജകൈമാറ്റവും ഈ 'എന്തരപ്പി' കൂടുന്ന ദിശയിലാണ് നടക്കുക. എന്താണ് എൻട്രോപ്പിയെ സ്വാധീനിക്കുന്ന ഘടകം? കൂടുതൽ സാധ്യതകളിലൂടെ എത്താവുന്ന അവസ്ഥയാണ് കൂടുതൽ എൻട്രോപ്പിയുള്ള അവസ്ഥ. അതിലൊരല്പം സാങ്കേതികത ഉണ്ട്. ലളിതമാക്കി പറയാനായി ഒരു ഉദാഹരണം എടുക്കാം.

ഒരു കളിപ്പാട്ടക്കട സങ്കല്പിക്കുക. തട്ടുകളിൽ, വിവിധ കളിപ്പാട്ടങ്ങൾ ക്രമമായി അടുക്കി വെച്ചിരിക്കുകയാണ് അവിടെ. ഒരിടത്ത് ടെഡിക്കരടികൾ, ഒരിടത്ത് ബാർബിപ്പാവകൾ, ഒരിടത്ത് കളിക്കാറുകൾ, ഒരിടത്ത് പന്തുകൾ എന്നിങ്ങനെ കൃത്യമായ നിയമമനുസരിച്ചാണ് അവിടം ക്രമീകരിച്ചിരിക്കുന്നത്. ഇവിടേക്ക് വികൃതിയായ ഒരു രണ്ടുവയസ്സുകാരിയെ നമ്മൾ കയറ്റിവിട്ടിട്ട്, പത്തുമിനിറ്റ് മാറിനിൽക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? ആർക്കും ഊഹിക്കാം, അവിടം താറുമാറാകും. കടയുടെ എൻട്രോപ്പി വല്ലാതെ കൂടുക എന്നതാണ് അവിടെ സ്വാഭാവികം. പക്ഷേ നിങ്ങളുടെ മനസ്സിൽ വരുന്ന അലങ്കോലമായ കടയുടെ ചിത്രമല്ല കൂടിയ എൻട്രോപ്പിയെ നിശ്ചയിക്കുന്നത്. കടയിൽ കളിപ്പാട്ടങ്ങൾ അടുക്കിവെക്കാൻ എത്ര രീതികളുണ്ടോ, അതിനെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് അത് അലങ്കോലമാക്കിയിടാനുള്ള രീതികൾ എന്നതാണ്. ഇപ്പറഞ്ഞ വാചകം സൂക്ഷിച്ച് വായിച്ച് മനസിലാക്കണം. We are speaking about the number of ways in which one particular state can be attained. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ശരിയായ ഉത്തരം പറയാൻ ഒരു മാർഗമേയുള്ളൂ. പിണറായി വിജയൻ എന്ന പേര് പറയുക. എന്നാൽ അത് തെറ്റായി പറയാനോ? അനന്തമായ എണ്ണമുണ്ട്. ജവഹർലാൽ നെഹ്രുവിന്റേയോ, ഈദി അമീന്റെയോ, എന്റേയോ, നിങ്ങളുടേയോ (മുഖ്യമന്ത്രി ഇത് വായിക്കില്ലാന്ന് കരുതുന്നു!) ആരുടെ പേര് വേണമോ അവിടെ പറയാം. അങ്ങനെയെങ്കിൽ തെറ്റായ ഉത്തരത്തിനാണ് എൻട്രോപ്പി കൂടുതൽ എന്ന് പറയാം. ചില പ്രത്യേക രീതിയിൽ പ്രത്യേക സ്ഥാനങ്ങളിൽ പ്രത്യേക കളിപ്പാട്ടങ്ങൾ വരിക എന്നത് കുറച്ചുരീതികളിൽ മാത്രമേ സാധിക്കൂ. എന്നാൽ യാതൊരു നിയമവും പാലിക്കാതെ എന്തിനും ഏത് സ്ഥാനത്തും വരാം എന്നാണെങ്കിൽ ഒരുപാട് രീതികളിൽ ആ അവസ്ഥ സാധിച്ചെടുക്കാം. അതുകൊണ്ട് ആ അവസ്ഥയ്ക്ക് എൻട്രോപ്പി കൂടുതലാണ്.

ഇപ്പറഞ്ഞത് കൂടുതൽ ക്ലിയറാകാനായി ഈ ചിന്താപരീക്ഷണത്തെ അല്പം കൂടി വലുതാക്കാം. ഇത്തവണ കളിപ്പാട്ടക്കട ഒന്നല്ല, നൂറെണ്ണമുണ്ട്. കൃത്യം ഒരുപോലെ അടുക്കപ്പെട്ടിരിക്കുന്ന നൂറ് കടകൾ (സങ്കല്പമായതുകൊണ്ട് വേറെ ചെലവൊന്നും ഇല്ലല്ലോ!) ഇതിൽ ഒരു കടയിലേക്ക് നമ്മുടെ രണ്ടുവയസ്സുകാരി കയറി, പത്ത് മിനിറ്റ് പൂണ്ടുവിളയാടുന്നു. ഇപ്പോ ആ കട മറ്റൊരു അവസ്ഥയിലായി. ആ അവസ്ഥ നമ്മൾ ഫോട്ടോയിൽ പകർത്തിവെക്കുന്നു. ഇനി ഇതേ രണ്ടുവയസ്സുകാരി മറ്റ് തൊണ്ണൂറ്റൊമ്പത് കടകളിലും പത്ത് മിനിറ്റ് വീതം ഇതുപോലെ ചെലവഴിക്കുന്നു എന്നിരിക്കട്ടെ (സങ്കല്പമായതുകൊണ്ട് നമ്മുടെ കുറുമ്പിക്ക് വിശപ്പോ ദാഹമോ ക്ഷീണമോ ഇല്ല). അവയുടേയും ഫോട്ടോ എടുക്കുന്നു. ഈ നൂറ് ഫോട്ടോകൾ തമ്മിൽ എത്രത്തോളം സാമ്യമുണ്ടാകും? നൂറ് ഫോട്ടോയിലും കട അലങ്കോലമായി കിടക്കുകയാണെന്ന് നമ്മൾ പറയും. പക്ഷേ അവയെല്ലാം 'ഒരേ അലങ്കോലം' ആയിരിക്കില്ല. അവ തമ്മിൽത്തമ്മിൽ വ്യത്യാസമുണ്ടാകും. ചുരുക്കത്തിൽ, ഒരുപാട് വ്യത്യസ്ത അവസ്ഥകളെ പൊതുവായാണ് നമ്മൾ അലങ്കോലം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് 'അലങ്കോല'ത്തിന് എൻട്രോപ്പി കൂടുതൽ എന്ന് പറയുന്നതും. ഇനി ഇതിലെ ആദ്യത്തെ ഫോട്ടോയിൽ കാണുന്ന അലങ്കോലാവസ്ഥ നമ്മുടെ കളിപ്പാട്ടക്കട ഉടമസ്ഥന് ഇഷ്ടപ്പെട്ടു എന്നിരിക്കട്ടെ (അതെന്താ കളിപ്പാട്ടക്കടക്കാർക്ക് വട്ട് പിടിച്ചൂടെ?!). അയാൾ മറ്റ് തൊണ്ണൂറ്റൊമ്പത് കടകളിലേയും ക്രമീകരണം ആദ്യത്തെ ഫോട്ടോ നോക്കി അതേപടി ചെയ്യുകയാണ്. അതിനെ നിങ്ങൾ 'അലങ്കോലമാക്കൽ' എന്ന് വിളിക്കുമോ 'ക്രമമാക്കിവെക്കൽ' എന്ന് വിളിക്കുമോ? രണ്ടായാലും ആ അവസ്ഥ എൻട്രോപ്പി വളരെ കുറഞ്ഞ അവസ്ഥയാണ്. അത് സ്വാഭാവികമായി നടക്കില്ല. അതിന് മറ്റ് രീതിയിൽ ഊർജം ചെലവാക്കേണ്ടിവരും. (ഫോട്ടോയിൽ കാണുന്നതുപോലെ അടുക്കാനുള്ള അധ്വാനം) ആ ഊർജകൈമാറ്റം കൂടി കണക്കിലെടുക്കുമ്പോൾ ആകെത്തുക എൻട്രോപ്പി കൂടുക എന്നതാണെന്ന് കാണാം.

മേൽ പാരഗ്രാഫിന്റെ അവസാനം പറഞ്ഞത് മനസിലായിട്ടില്ലാത്തവർ അത് വിട്ടേക്കൂ. അത് ഫിസിക്സ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടാലോ എന്ന് കരുതി പറഞ്ഞെന്നേയുള്ളൂ. തത്കാലം സൌകര്യത്തിന്, എൻട്രോപ്പി കൂടിയ അവസ്ഥ എന്നാൽ കൂടുതൽ ക്രമരഹിതമായ അവസ്ഥ എന്ന് തന്നെ മനസിലാക്കിയാലും മതി. നമുക്കിനി നമ്മുടെ തേങ്ങാക്കഥയിലേക്ക് വരാം. താഴേക്ക് വീഴുന്ന തേങ്ങയിലെ എല്ലാ കണികകളും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. അതിനെല്ലാം ഒരേപോലുള്ള ഗതികോർജം (Kinetic Energy, KE) ആയിരിക്കുമല്ലോ. താഴെ വീഴുമ്പോൾ, തേങ്ങ പ്രയോഗിക്കുന്ന ബലം കാരണം വെള്ളത്തിലെ കണികകൾ തെറിക്കും. തേങ്ങയുടെ രൂപം, വെള്ളത്തിന്റെ കിടപ്പ് എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിക്കുമ്പോൾ പല ദിശകളിലായിരിക്കും വെള്ളത്തിൽ ബലം പ്രയോഗിക്കപ്പെടുന്നത്. അതുകൊണ്ട് ജലത്തുള്ളികൾ പല ദിശകളിൽ തെറിക്കുന്നു. അങ്ങനെ തേങ്ങയിൽ ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ഗതികോർജം ജലകണികകളുടെ പല ദിശയിലുള്ള ഗതികോർജങ്ങളായി മാറുന്നു. തേങ്ങയിലേയും വെള്ളത്തിലേയും കമ്പനം വായു കണികളെ കമ്പനം ചെയ്യിക്കുക വഴി കുറച്ചു ഗതികോർജം ശബ്ദോർജമായും മാറ്റപ്പെടും. അതായത്, ആദ്യത്തെ സംഭവത്തിൽ ഊർജത്തിന്റെ ക്രമരാഹിത്യം കൂടുകയാണ്. എന്നാൽ രണ്ടാമത്തെ സംഭവം നടക്കണമെങ്കിലോ? ജലത്തുള്ളികളുടെ പല ദിശകളിൽ നിന്നുള്ള ചലനം, ഒരിടത്ത് വന്ന് പിന്നെ ഒരേ ദിശയിലേക്ക് ആകണം. ശബ്ദമായി പോകുന്ന വായുകമ്പനങ്ങളും പലയിടത്തേക്ക് പോകുന്നതിന് പകരം, ഒരിടത്തേയ്ക്ക് വന്ന് തേങ്ങയുടെ അടിയിൽ ചേരണം. അങ്ങനെ ഒരു ക്രമം (order) ഉണ്ടായിവരേണ്ടിവരും. അത് പ്രകൃതി അനുവദിക്കില്ല.

ഈ തേങ്ങാക്കഥ മാത്രമല്ല, വെള്ളം താഴേയ്ക്കൊഴുകുന്നതും, ചൂടുള്ള വസ്തുവിൽ നിന്ന് ചൂട് കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നതും ഒക്കെ ഈ നിയമം അനുസരിച്ചാണ്. ഇതാണ് പ്രകൃതിയിൽ സ്വാഭാവികത നിശ്ചയിക്കുന്ന ഒരു മാനദണ്ഡം.

അവസാനമായി ഒരു കാര്യം കൂടി. ഫ്രിഡ്ജിനകത്ത് തണുത്ത അവസ്ഥയിൽ നിന്ന് താപം പുറത്ത് ചൂട് കൂടിയ അവസ്ഥയിലേക്കാണല്ലോ വരുന്നത്. അപ്പോ അവിടെ എൻട്രോപ്പി കുറയണ്ടേ? കുറയും. പക്ഷേ ഫ്രിഡ്ജിനകത്ത് മാത്രമേ ആ കുറവ് വരൂ. ഫ്രിഡ്ജ് ആ പണി ചെയ്യാനായി അകത്തേയ്ക്കെടുക്കുന്ന വൈദ്യുതോർജം, ഏതോ വലിയ അണക്കെട്ടിൽ നിന്നും ഒരുമിച്ച് ഒരേദിശയിൽ ക്രമമായി വീണുകൊണ്ടിരുന്ന ജലകണികകളുടെ ക്രമം ബലികൊടുത്ത് ഉണ്ടാക്കിയതാണ്. അതുംകൂടി പരിഗണിക്കുമ്പോൾ, ഡിസോഡർ കൂടിയിട്ടേ ഉള്ളൂ. പ്രകൃതിയിൽ നടക്കുന്ന എല്ലാ പ്രക്രിയകളും എൻട്രോപ്പി കൂട്ടിക്കൊണ്ടിരിക്കുകയാണ്.