Sep 13, 2017

അതെന്താ സയൻസ് പഠിച്ചോണ്ട് അന്ധവിശ്വാസിയായാൽ?!


ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട്. സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല.

സയൻസിന്റെ പ്രത്യേകത അതിനെ ആ‍ർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ്. നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല. കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ. വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഉദാഹരണത്തിന് 'ചുവപ്പാണോ നീലയാണോ നല്ല നിറം?' എന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല. അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ്. അല്ലെങ്കിൽ, അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം. വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം. ഒന്ന് തെറ്റെന്നോ മറ്റേത് ശരിയെന്നോ പറയുന്നതിൽ അർത്ഥമില്ല. എന്നാൽ 'ചുവപ്പിനാണോ നീലയ്ക്കാണോ തരംഗദൈർഘ്യം കൂടുതൽ?' എന്നാണ് ചോദ്യമെങ്കിൽ അവിടെ വ്യക്തിനിഷ്ഠമായ ഉത്തരത്തിന് പ്രസക്തിയില്ല. ആരാണ് അളക്കുന്നതെങ്കിലും അവിടെ ചുവപ്പിന് തന്നെയായിരിക്കും തരംഗദൈർഘ്യം കൂടുതൽ. അവിടെ, നീലയ്ക്ക് തന്നെ തരംഗദൈർഘ്യം കൂടിയേ പറ്റൂ എന്ന് ആഗ്രഹിച്ചിട്ടോ വാശിപിടിച്ചിട്ടോ കാര്യമില്ല.

ഗുരുത്വാകർഷണം മുകളിലോട്ട് പ്രവർത്തിക്കണം എന്ന് വാശിപിടിച്ചിട്ട് കെട്ടിടത്തിൽ നിന്ന് ചാടിയാൽ എങ്ങനെയിരിക്കും? അവിടത്തെ സയൻസ് പറഞ്ഞാൽ, രണ്ട് വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണത്തിന്റെ ദിശ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വരയിലൂടെ ആയിരിക്കും. ഇവിടെ ഭൂമിയും ചാടുന്ന മനുഷ്യനും തമ്മിലുള്ള ഗുരുത്വാകർഷണമാണ് പരിഗണിക്കേണ്ടത് എന്നതിനാൽ, മനുഷ്യനിൽ പ്രവർത്തിക്കുന്ന ബലം ഭൂമിയുടെ കേന്ദ്രത്തിലേക്ക് (അതായത്, താഴേയ്ക്ക്) ആയിരിക്കും. ഇതേ ബലത്തിന്റെ അളവ് പരിഗണിച്ചാൽ, അത് രണ്ട് വസ്തുക്കളുടേയും പിണ്ഡത്തിന് ആനുപാതികമായിട്ടും ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും. ഇത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇങ്ങനെയേ സംഭവിക്കൂ. ചാടിയാൽ നേരെ താഴോട്ട് തന്നെ വരും. വസ്തുനിഷ്ഠമായ ഈ യാഥാർത്ഥ്യത്തെ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ രൂപത്തിൽ നമ്മൾ സയൻസ് ക്ലാസിൽ പഠിക്കുന്നു. ഇങ്ങനെ പ്രസ്താവിക്കാം അതിനെ:

"
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും പരസ്പരം ആകർഷിക്കുന്നുണ്ട്. ആ ആകർഷണബലം അവയുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന് നേർ അനുപാതത്തിലും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും."

ഇത് ആദ്യം പറഞ്ഞ ന്യൂട്ടൻ പരീക്ഷിച്ചാലും ഞാനോ നിങ്ങളോ പരീക്ഷിച്ചാലും ഒരുപോലെ ബോധ്യപ്പെടാവുന്ന കാര്യമാണെന്ന് പറഞ്ഞല്ലോ. ഇനി ഈ നിയമത്തിന്റെ പ്രസ്താവനയിൽ നമ്മളൊരു ചെറിയ മാറ്റം വരുത്താൻ പോകുകയാണ്.

"
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളേയും ദൈവം പരസ്പരം അടുപ്പിക്കാൻ ശ്രമിക്കും. എത്രത്തോളം അടുപ്പിക്കണം എന്നത്, വസ്തുക്കളുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന്റെ നേർ അനുപാതവും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന്റെ വിപരീത അനുപാതവും പരിഗണിച്ചാണ് ദൈവം തീരുമാനിക്കുന്നത്."

ശ്രദ്ധിച്ചാൽ, ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ ഒരു 'കുമ്മനൈസ്ഡ്' വെർഷനാണ് ഇതെന്ന് കാണാം. നേരത്തേ ഇല്ലാതിരുന്ന ഒരാൾ ആ നിയമത്തിനകത്തേയ്ക്ക് നുഴഞ്ഞുകയറി ഇരിപ്പുണ്ട് എന്ന വ്യത്യാസമേയുള്ളു രണ്ടും തമ്മിൽ. ഇനി ഈ രണ്ട് നിയമങ്ങളും പരീക്ഷിച്ച് നോക്കിയാലോ? നിയമം പ്രവചിക്കുന്ന കാര്യങ്ങൾ, അത് പരീക്ഷണം നടത്തി നോക്കിയാൽ നേരിട്ട് നിരീക്ഷിക്കാനാവുമോ എന്ന് നോക്കിയാൽ മതി. പിണ്ഡം മാറുന്നതിനനുസരിച്ച് ആകർഷണബലം എങ്ങനെ വ്യത്യാസപ്പെടുന്നു, ദൂരം മാറുമ്പോൾ എന്ത് വ്യത്യാസം വരുന്നു എന്നൊക്കെ പരീക്ഷിച്ച് നോക്കിയാൽ രണ്ട് നിയമങ്ങളും പ്രവചിക്കുന്നതുപോലെ തന്നെയാണ് ഫലങ്ങൾ എന്ന് ബോധ്യപ്പെട്ടുംഈ പ്രകൃതിനിയമം ഉപയോഗിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പ്ലാനുണ്ടെങ്കിലും രണ്ടിനേയും ഒരേ രീതിയിൽ ഉപയോഗിക്കാവുന്നതേയുള്ളൂ. അതായത്, പ്രയോഗക്ഷമതയിൽ ഈ രണ്ട് നിയമങ്ങളും ഒരുപോലെ തന്നെയാണ്. ഒരു ഷോട്ട്പുട്ട് ബോൾ എറിയുമ്പോൾ പരമാവധി ദൂരെപ്പോകാൻ എത്ര കോണിൽ എറിയണം എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് രണ്ട് നിയമങ്ങളും ഒരുപോലെ ഉപയോഗിക്കാം. എന്തിനധികം ഒരു സാറ്റലൈറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കാനും രണ്ടും ഒരുപോലെ ഉപയോഗിക്കാൻ പറ്റും. കാരണം ലളിതമാണ്, പ്രകൃതിയിലെ സ്വാഭാവികപ്രതിഭാസങ്ങൾ ചില ഭൗതികനിയമങ്ങൾ അനുസരിക്കുന്നുണ്ട്. ആ നിയമങ്ങൾ താനേ ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാണോ, ആണെങ്കിൽ ആരുണ്ടാക്കിയതാണ് എന്നതൊന്നും അവിടത്തെ നിരീക്ഷണങ്ങളിൽ ഒരു വ്യത്യാസവും വരുത്തില്ലല്ലോ. The laws themselves are all that matters!

ഇവിടെയാണ് അന്ധവിശ്വാസിയുടെ സുവർണരഹസ്യം കിടക്കുന്നത്. ഏത് പ്രകൃതിനിയമത്തിലും, എന്തും തിരുകിക്കയറ്റാനുള്ള ഒരു സാധ്യത കിടപ്പുണ്ട്. മറ്റൊരു ഉദാഹരണം നോക്കൂ:

"
ഏത് ബലം പ്രയോഗിച്ചാലും അതേസമയം അതിന് തുല്യവും വിപരീതവുമായ ഒരു എതിർബലം ഡിങ്കൻ പ്രയോഗിക്കും"

ന്യൂട്ടന്റെ മൂന്നാം ചലനനിയമവും ഇതും കൃത്യം ഒരേ ഫലമാണ് ഉണ്ടാക്കാൻ പോകുന്നത്. നിരീക്ഷണത്തിലോ പരീക്ഷണത്തിലോ ഒരു വ്യത്യാസവും വരുത്താത്തതും, എന്നാൽ നിങ്ങളുടെ മനസ്സിന് സുഖം തരുന്നതുമായ ഒരു സാധനം കിട്ടിയാൽ അത് ഏത് പ്രകൃതിനിയമത്തിലും തിരുകിക്കയറ്റാമെന്നാണ് ഇതിനർത്ഥം. എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന, സകലതും പടച്ചുവിട്ട, നിങ്ങളുടെ നന്മയ്ക്ക് സമ്മാനം തരുന്ന, മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് ശിക്ഷ കൊടുക്കുന്ന സർവശക്തനും സർവവ്യാപിയും സർവൈകകൊണാണ്ടറുമായ ഒരു ദൈവം ആരും ആഗ്രഹിച്ചുപോകുന്ന ഒരു ഓഫറാണ്. അതിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഏത് സിദ്ധാന്തത്തിനകത്തും തിരുകാമെന്നിരിക്കേ, ശാസ്ത്രം പഠിച്ചുവെന്ന് പറയുന്നവ‍‍ർക്ക് അന്ധവിശ്വാസിയാവാൻ പിന്നെ എന്ത് തടസ്സമാണുള്ളത്? ശാസ്ത്രപുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നതും വിശ്വാസങ്ങളും ഒരേസമയം നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിയ്ക്കും

ഇപ്പറഞ്ഞത്, വിശ്വാസത്തെ കൂടി കൊണ്ടുപോകേണ്ടത് നിങ്ങളുടെ ആവശ്യമോ ആഗ്രഹമോ ആകുമ്പോഴാണ്. പക്ഷേ എല്ലാവ‍ർക്കും അത് അങ്ങനെയാകണം എന്നില്ല. ഫ്രഞ്ച് ന്യൂട്ടൻ എന്നറിയപ്പെടുന്ന വിശ്രുതനായ ഒരു ശാസ്ത്രജ്ഞനുണ്ട് - പിയറി സൈമൺ ലപ്ലാസ് (Pierre Simon Laplace). അദ്ദേഹം ഒരിയ്ക്കൽ പ്രപഞ്ചത്തിന്റെ പ്രവ‍ർത്തനത്തെ അന്ന് അറിയപ്പെട്ടിരുന്ന ഭൗതികനിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു വലിയ പുസ്തകം രചിച്ച് നെപ്പോളിയനെ കാണിയ്ക്കാൻ ചെന്നുവത്രേ. ഇതിനെപ്പറ്റി നേരത്തേ പറഞ്ഞറിഞ്ഞിരുന്ന നെപ്പോളിയൻ ചോദിച്ചു - "അല്ലാ ലപ്ലാസ്, പ്രപഞ്ചത്തിന്റെ പ്രവ‍‍ർത്തനത്തെ കുറിച്ച് ഇത്രേം വലിയൊരു പുസ്തകം എഴുതിയിട്ട് ഇതിലെങ്ങും നിങ്ങൾ ദൈവത്തെക്കുറിച്ച് ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നാണല്ലോ കേട്ടത്." 
ലപ്ലാസ് കൊടുത്ത മറുപടി ഇങ്ങനായിരുന്നു - "ശരിയാണ്. കാരണം, എനിക്ക് അങ്ങനൊരു സങ്കല്പത്തിന്റെ ആവശ്യം വന്നേയില്ല" (I had no need of that hypothesis)

നിരീക്ഷണങ്ങളേയും പ്രയോഗത്തേയും ഒരു രീതിയിലും സ്വാധീനിക്കാത്ത സങ്കല്പങ്ങളെ ഭൗതികനിയമങ്ങളിൽ കുത്തിത്തിരുകി അതിനെ കൂടുതൽ സങ്കീർണമാക്കേണ്ട ആവശ്യമുണ്ടോ? അതിന്റെ ഉത്തരം വസ്തുനിഷ്ഠമല്ല, വ്യക്തിനിഷ്ഠമാണ്. ചില‍ർക്കത് വേണം, ചില‍ർക്കത് വേണ്ട. ന്യൂട്ടന് അത് വേണമായിരുന്നു, ലപ്ലാസിന് അത് വേണ്ടിയിരുന്നില്ല. എല്ലാവ‍ർക്കും ഒരുപോലെ ബോധ്യപ്പെടാനാവാത്ത, വ്യക്തിനിഷ്ഠമായതൊന്നും സയൻസിന്റെ പരിധിയിൽ വരുന്നതല്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അത്തരം കല‍ർപ്പുകൾക്കൊന്നും സയൻസിൽ പ്രത്യേകിച്ച് റോളില്ല. നിയമങ്ങൾ ഇങ്ങനൊക്കെയാണ് എന്ന് പറയാമെന്നല്ലാതെ, അത് ആരോ ഉണ്ടാക്കിവെച്ചതാണ് എന്ന് പറയാൻ വസ്തുനിഷ്ഠമായ ഒരു തെളിവും ഇല്ല. ഉണ്ടാവണമെങ്കിൽ, കുറഞ്ഞത് ആ ഉണ്ടാക്കിവെച്ച ആളെ സ്വാധീനിച്ച് നിയമത്തിൽ ഒരു ഒഴികഴിവ് (exception) ഉണ്ടാക്കിയെങ്കിലും കാണിക്കണം. ഉദാഹരണത്തിന്, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്ന ഒരു ഭക്തൻ ഗുരുത്വാകർഷണനിയമം ഉണ്ടാക്കിയ ആ ദൈവത്തെ സ്വാധീനിച്ച് കുറച്ചുനേരത്തേയ്ക്ക് താഴോട്ടുള്ള ആകർഷണം നി‍ർത്തിവെപ്പിച്ച് കാണിച്ചാൽ സംഗതി ക്ലീൻ. നിയമം ഉണ്ടാക്കിയ ആളിന്റെ സാന്നിദ്ധ്യം അവിടെ വെളിപ്പെട്ട് കിട്ടും. പക്ഷേ അങ്ങനത്തെ വെല്ലുവിളികളൊന്നും, ഇതുവരെ നിയന്ത്രിത സാഹചര്യങ്ങളിൽ ചെയ്ത് കാണിക്കാൻ ഒരു സൂപ്പർനാച്ചുറൽവാദക്കാരും മെനക്കെട്ടിട്ടില്ല. തട്ടിപ്പാണെന്ന് സ്വയം സമ്മതിച്ചുകൊണ്ട് കാണികളെ ആസ്വദിപ്പിക്കാൻ വേണ്ടി ജാലവിദ്യ കാണിക്കുന്നവർ മാത്രമാണ് അത്തരം കൃത്യങ്ങൾ ചെയ്തിട്ടുള്ളത്

ഇത് പറഞ്ഞുവരുമ്പോൾ ഭക്തജനങ്ങൾ സ്ഥിരം എടുത്ത് വീശുന്ന ഒരു വാദം കൂടി സൂചിപ്പിച്ച് നിർത്താം. ഇങ്ങനെയാണത് - നിങ്ങൾ സാധാരണ പ്രപഞ്ചത്തിൽ പ്രയോഗിക്കുന്ന അതേ ലോജിക് അതിന്റെ സ്രഷ്ടാവായ ദൈവത്തിലും പ്രയോഗിക്കാൻ ശ്രമിക്കുകയാണ്. അത് തെറ്റാണ്. കാരണം സ്രഷ്ടാവ് സൃഷ്ടിയ്ക്ക് അതീതനാണ്. വെറും സൃഷ്ടി മാത്രമായ മനുഷ്യന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല.

ഓക്കെ, നൈസ്! അപ്പോ വെറും സൃഷ്ടി മാത്രമാണ് മനുഷ്യൻ. അങ്ങനെ ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. അതുകൊണ്ട് എന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല. എന്റെ ബുദ്ധി അവിടെ പ്രവ‍ർത്തിക്കില്ല. സമ്മതിച്ചേക്കാം

അതിരിക്കട്ടെ, ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ വലിയ വായിൽ സംസാരിക്കുന്ന നിങ്ങൾ മനുഷ്യനല്ലെങ്കിൽ പിന്നെ ആരായിട്ട് വരും? എന്തായാലും എന്നെപ്പോലെ ഒരു മനുഷ്യനാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ബുദ്ധിയും ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ലല്ലോ. അപ്പോ നിങ്ങളുടെ ബുദ്ധിയ്ക്ക് നിരക്കാത്ത ദൈവത്തെ കുറിച്ച് നിങ്ങൾ പറയുന്നതൊക്കെ വെറും ഗുണ്ടാണ്. മിണ്ടാതിരിക്കുന്നതും, യാതൊന്നും അറിയാതെ ഗുണ്ട് പൊട്ടിക്കുന്നതും ഫലത്തിൽ ഒന്നുതന്നെ. നിങ്ങൾക്കും അറിയില്ല, എനിക്കും അറിയില്ല. Then let's not talk about things we don't know.


നിങ്ങൾ മാസങ്ങളെടുത്ത് ഒരു റോക്കറ്റ് ഉണ്ടാക്കുകയും, രണ്ട് തേങ്ങ കൂടി അടിച്ച് പൊട്ടിച്ചാലേ അത് പോകേണ്ട രീതിയിൽ പോകൂ എന്ന് വിശ്വസിക്കുകയും ചെയ്താലോ? അപ്പോ തേങ്ങയടി നിങ്ങളുടെ ഒരു ആവശ്യമായി മാറുന്നു. എല്ലാവ‍ർക്കും


ഒരൊറ്റ കാര്യം മാത്രം നിങ്ങൾക്ക് പരീക്ഷിക്കാനാവില്ല. അത് രണ്ടാമത്തെ നിയമത്തിലെ മറ്റേ പുള്ളിയുടെ റോൾ ആണ്. ഇതൊക്കെ ഇങ്ങനെയിങ്ങനെയാണ് എന്നതിന് തെളിവുണ്ട്. പക്ഷേ കക്ഷിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതിന് തെളിവൊന്നും കിട്ടില്ല.


Sep 10, 2017

വേഗമെത്താൻ വേഗം കൂട്ടാൻ വരട്ടെ

നമ്മുടെ റോഡുകളെ മരണക്കെണികളാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അതിവേഗതയാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതിവേഗതയിൽ പോകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സ്പോർട്സ് ബൈക്കുകളിലേറി തിരക്കും കുഴികളുമുള്ള റോഡിലൂടെ ചീറിപ്പറക്കുന്ന യുവകോമളൻമാ‍ർ ഉൾപ്പടെ വേഗതയിൽ നിന്ന് കിട്ടുന്ന ത്രില്ലിന് വേണ്ടി അത് ചെയ്യുന്നവരുണ്ട്. അവരോട് തത്കാലം ഒന്നും പറയുന്നില്ല. മറ്റുള്ളവരുടെ നെഞ്ചത്തോട്ടാണോ ത്രില്ലന്വേഷിച്ച് കയറേണ്ടത് എന്നൊക്കെ ഓരോരുത്തരും അവരവരുടെ പൗരബോധം വെച്ച് ചിന്തിക്കട്ടെ. ഇവിടെ നമ്മൾ സംസാരിക്കുന്നത് അതിവേഗതയ്ക്ക് 'ന്യായമായ കാരണം' പറയുന്നവരുടെ കാര്യമാണ്. സമയലാഭത്തിന്, അഥവാ തിരക്കിട്ട് ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുമ്പോൾ പെട്ടെന്ന് എത്താനായി, അതിവേഗത എടുക്കുന്ന കാര്യം തന്നെ. അതിവേഗതയിൽ പോകുന്നതിന് പകരം നേരത്തേ ഇറങ്ങുക എന്ന് ട്രാഫിക് പോലീസ് എഴുതിവെക്കാറുണ്ട്. അത് അതിന്റെ എത്തിക്സ് വശമാണ്. തത്കാലം അതും നമ്മൾ അവഗണിക്കുന്നു. എത്ര ശ്രമിച്ചാലും നേരത്തെ ഇറങ്ങാൻ പറ്റാത്തവരാണ് അതിവേഗത എടുക്കുന്നത് എന്ന് തന്നെ അങ്ങ് കരുതിയേക്കാം.

ഇനിയാണ് ചോദ്യം, അതിവേഗത എടുത്താൽ സത്യത്തിൽ നമ്മൾ എത്ര സമയമാണ് ലാഭിക്കാൻ പോകുന്നത്?

നമുക്കൊന്ന് കണക്കാക്കി നോക്കാം. വളരെ അടിസ്ഥാനതലത്തിലുള്ള കണക്കാണ് നമ്മൾ പറയുന്നത്. വേഗത എന്നാൽ ഒരു പ്രത്യേക ദൂരം സഞ്ചരിക്കാൻ എത്ര സമയം എടുക്കുന്നു എന്നതിന്റെ അളവാണല്ലോ. ഒരേ ദൂരം കുറച്ച് സമയം കൊണ്ട് സഞ്ചരിച്ചെത്തിയാലോ, ഒരേ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിച്ചെത്തിയാലോ വേഗത കൂടുതലാണ് എന്ന് പറയും. അത് പ്രകാരം താഴെ പറയുന്ന സമവാക്യം അഞ്ചാം ക്ലാസിലോ മറ്റോ നമ്മൾ പഠിച്ചതാണ്:

വേഗത = സഞ്ചരിച്ച ദൂരം / സഞ്ചരിക്കാനെടുത്ത സമയം.

 ഉദാഹരണത്തിന് 100 km സഞ്ചരിക്കാൻ 2 മണിക്കൂ‍ർ എടുത്തു എങ്കിൽ ശരാശരി വേഗത = 100/2 = 50 km/h എന്ന് കണക്കാക്കാം. ഈ കണക്ക് വേറൊരു രീതിയിൽ പറഞ്ഞാൽ 50 km/h വേഗതയിൽ നിങ്ങൾ സഞ്ചരിച്ചാൽ 100 km സഞ്ചരിക്കാൻ 2 മണിക്കൂറെടുക്കും എന്നർത്ഥം. അവിടെ സഞ്ചരിക്കാനെടുത്ത സമയം കണക്കാക്കാൻ ദൂരത്തെ വേഗത കൊണ്ട് ഹരിച്ചാൽ മതി. ഇനി നമുക്കൊരു കാര്യം ചെയ്യാം. ഒരേ ദൂരം പല വേഗതകളിൽ സഞ്ചരിയ്ക്കുന്നതായി സങ്കല്പിച്ചുകൊണ്ട് ഓരോ തവണയും യാത്രയ്ക്ക് എത്ര സമയം എടുക്കുന്നു എന്ന് കണക്കാക്കാം.

ഉദാഹരണത്തിനായി എനിക്ക് ഓഫീസിലേക്ക് 5 km സഞ്ചരിക്കാനുണ്ടെന്ന് കരുതാം. 20 km/h വേഗതയിൽ സഞ്ചരിച്ചാൽ യാത്ര 5/20 = 0.25 അഥവാ കാൽ മണിക്കൂറെടുക്കും എന്ന് കണക്കാക്കാമല്ലോ. ഇതിനെ മിനിറ്റിലാക്കാൻ 60 കൊണ്ട് ഗുണിച്ചാൽ, 0.25 x 60 = 15 മിനിറ്റ്. ഇനി ഇതേ ദൂരം 30 km/h വേഗതയിൽ സഞ്ചരിച്ചാൽ യാത്ര 10 മിനിറ്റേ എടുക്കൂ എന്ന് കാണാം. ഇത്രേ ഉള്ളൂ കണക്ക്. ഇവിടന്ന് നമുക്ക് മനസിലാകുന്നത് - വേഗത 20 km/h ൽ നിന്ന് 30 km/h ആക്കി കൂട്ടിയാൽ ഞാൻ അഞ്ച് മിനിറ്റ് ലാഭിക്കും. കൊള്ളാം, അല്ലേ? ധൃതിയിൽ പോകുമ്പോൾ അഞ്ച് മിനിറ്റ് അത്ര ചെറിയ സമയമൊന്നുമല്ല.

വരട്ടെ, ഈ കണക്കിൽ വീഴരുതേ. 5 km സഞ്ചരിക്കാൻ വേഗത 20-ൽ നിന്ന് 30 km/h ആക്കുന്ന കാര്യമേ പറഞ്ഞുള്ളൂ. ഇവിടാരാ 20-ലും 30-ലുമൊക്കെ വണ്ടിയോടിക്കുന്നത്! ഇതേ സമയക്കണക്ക് പല വേഗതകൾക്ക്, പല സഞ്ചാരദൂരങ്ങൾക്ക് വെവ്വേറെയായി ഒന്ന് കണക്കാക്കി നോക്കിയിട്ട് മതി തീരുമാനമെടുക്കുന്നത്. ഇതോടൊപ്പമുള്ള ടേബിളിൽ ആ കണക്കാണ് കൊടുത്തിരിക്കുന്നത്. ടേബിളിൽ നോക്കിയാൽ, ഇതേ ദൂരം സഞ്ചരിക്കാൻ 40 km/h വേഗതയിൽ സഞ്ചരിക്കുന്നതിനെക്കാൾ ഒന്നര മിനിറ്റ് മാത്രം കുറവാണ് 50 km/h ൽ സഞ്ചരിച്ചാലെടുക്കുന്ന സമയം. അതായത് വേഗത 40-ൽ നിന്ന് 50 km/h ആക്കിയാൽ നിങ്ങൾ ഒന്നര മിനിറ്റ് ലാഭിക്കും. ഇതേപോലെ വേഗത 50-ൽ നിന്ന് 60 km/h ആക്കിയാലോ, സമയലാഭം ഒരു മിനിറ്റ് മാത്രം. ബൈക്കാണെങ്കിൽ, നിങ്ങൾ സ്പീഡ് ലിമിറ്റ് മറികടന്ന് 10 km/h കൂടിയ വേഗതയിൽ പോയിട്ട് ലാഭിക്കുന്നത് ഒരു മിനിറ്റാണെന്ന‍ർത്ഥം.


ടേബിളിൽ ഇതേ കണക്ക് 5 km, 10 km, 20 km, 30 km, 40 km, 300 km എന്നീ ദൂരങ്ങൾ സഞ്ചരിക്കാൻ 20 km/h മുതൽ 120 km/h വരെയുള്ള വേഗതകളിൽ പോയാൽ എത്ര സമയമെടുക്കുമെന്നുള്ള കണക്കുണ്ട്. അതുപോലെ Time gain എന്ന കോളത്തിൽ ഓരോ വേഗതയ്ക്ക് നേരെയും, 10 km/h കുറവ് വേഗതയിൽ പോകുന്നതിനെക്കാൾ എത്ര മിനിറ്റ് ലാഭിക്കാം എന്നും സൂചിപ്പിച്ചിട്ടുണ്ട്. അതായത് 60 km/h വേഗതയ്ക്ക് നേരേ കിടക്കുന്ന Time gain, 50 km/h വേഗതയിൽ പോയാൽ എത്ര നേരമെടുക്കുമായിരുന്നോ അതിനെക്കാൾ എത്ര മിനിറ്റ് കുറവാണ് 60 km/h ൽ പോകുമ്പോൾ വേണ്ടിവരുന്നത് എന്ന അളവാണ്.

ആ ടേബിൾ ഒന്ന് വിശദമായി നോക്കണേ. സാധാരണ ദൂരങ്ങളിൽ, നിയമപ്രകാരമുള്ള സ്പീഡ് ലിമിറ്റിനപ്പുറത്തോട്ടുള്ള വേഗതാവ‍ർദ്ധനവ് കൊണ്ട് വളരെ തുച്ഛമായ സമയമാണ് നിങ്ങൾ ലാഭിക്കുന്നത്. ഉദാഹരണത്തിന്, 20 km സഞ്ചരിക്കുമ്പോൾ വേഗത 70 km/h ൽ നിന്ന് 80 km/h ആക്കി കൂട്ടിയാൽ ലാഭിക്കാൻ പോകുന്നത് 2.1 മിനിറ്റാണ്. ദൂരം 10 km മാത്രമേ ഉള്ളുവെങ്കിൽ വെറും 1.1 മിനിറ്റേ കാണൂ ലാഭം. ഇനി ഇതേ വേഗതാവർദ്ധനവ് 300 km ദൂരമുള്ളൊരു യാത്രയിലാണ് വരുത്തുന്നതെങ്കിൽ 32.1 മിനിറ്റ് ലാഭിക്കാം എന്നത് ഒരു നല്ല ലാഭമായി തോന്നാം. എന്നാൽപ്പിന്നെ ദൂരയാത്രയ്ക്ക് ചീറിപ്പായുന്നതിൽ തെറ്റില്ല എന്ന് വിചാരിക്കുന്നവ‍‍ർ, ഏറ്റവും വലത്തേയറ്റത്തെ Braking Distance Gain (B.D. gain) എന്ന കോളം കൂടി പരിഗണിക്കണം. നിങ്ങൾ ബ്രേക്ക് ചവിട്ടിയാൽ എത്ര ദൂരം കൂടി പോയിട്ടാണ് വണ്ടി നിൽക്കുന്നത് എന്ന അളവാണ് Braking Distance. സമയലാഭം കൂടുന്നതിനൊപ്പം, ബ്രേക്കിങ് ദൂരവും കൂടുന്നു എന്ന് ടേബിളിൽ കാണാം. 70-ൽ നിന്ന് 80 km/h ആയി വേഗത കൂടുമ്പോൾ ബ്രേക്കിങ് ദൂരം 8.6 മീറ്റർ കൂടുന്നു (ഏതാണ്ട് രണ്ട് ഇന്നോവാ കാറുകളുടെ നീളം). 300 km ദൂരത്തേയ്ക്ക് വേഗത 90-ൽ നിന്ന് 100 km/h ആക്കിയാൽ സമയത്തിൽ 20 മിനിറ്റ് ലാഭിക്കുമ്പോൾ ബ്രേക്കിങ് ദൂരം 10 മീറ്റ‍‍ർ കൂടും. ഇത് ബ്രേക്കിങ് ദൂരം കൂടുന്ന അളവാണ്. 100 km വേഗതയിൽ പോകുന്നൊരു വാഹനം ബ്രേക്കിട്ടാൽ 57.4 മീറ്റർ നീങ്ങിയേ നിൽക്കൂ (ഇതേപ്പറ്റി മുൻപ് വലിയൊരു ലേഖനമായി എഴുതിയിരുന്നു) എന്ന് അവസാനത്തേതിന്റെ തൊട്ടുമുന്നിലത്തെ കോളത്തിൽ കാണാം. ഏതിരേ വരുന്നൊരു വണ്ടിയെ കണ്ടാണ് ബ്രേക്കിടുന്നതെങ്കിൽ ആ വണ്ടിയുടെ കൂടി ബ്രേക്കിങ് ദൂരം കൂട്ടിയാലേ യഥാർത്ഥ ബ്രേക്കിങ് ദൂരമാകൂ. വിചാരിക്കുന്നതിനെക്കാൾ എത്ര ദൂരം മുന്നോട്ടുപോയാണോ വണ്ടി നിൽക്കുന്നത്, അത്രത്തോളം അപകടത്തിന്റെ ഗൗരവം വർദ്ധിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ചുരുക്കി പറഞ്ഞാൽ, അപകടത്തിന്റെ ഭീകരത നന്നായി വർദ്ധിപ്പിക്കുകയും യാത്രാസമയം തുച്ഛമായി മാത്രം ലാഭിക്കുകയുമാണ് അധികവേഗതയിലൂടെ നമ്മൾ ചെയ്യുന്നത്.

PS : ഈ കണക്ക് ഒരു സ്ഥിരമായ വേഗതയിൽ വാഹനമോടിച്ചോണ്ടിരിക്കുന്നതായി സങ്കല്പിച്ചോണ്ടുള്ളതാണ് എന്ന് ശ്രദ്ധിച്ചല്ലോ. ഇത് നമ്മുടെ സാദാ റോഡുകളിൽ പ്രായോഗികമല്ല. വേഗത എവിടെങ്കിലും ശരാശരിയെക്കാലും താഴെപ്പോയാൽ മറ്റെപ്പോഴെങ്കിലും അത്ര തന്നെ കൂട്ടിയാലേ ഇതേ ശരാശരി വേഗത കിട്ടൂ. വേഗത കൂടിയാൽ ബ്രേക്കിങ് ദൂരം അതിന്റെ വർഗത്തിനനുസരിച്ച് കൂടുകയും ചെയ്യും.