Jan 8, 2014

ഇന്‍ഡ്യന്‍ ബഹിരാകാശരംഗവും GSAT 14 -ഉം

വാര്‍ത്ത അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ജനുവരി 5-നു ഭാരതത്തിന്റെ GSLV-D5 ദൌത്യം GSAT 14 എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നു. റോക്കറ്റ് ഉപയോഗിച്ച് ഒരു ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത് ഇന്നത്തെക്കാലത്ത് ഒരു വാര്‍ത്തയേ അല്ലാത്ത സ്ഥിതിയ്ക്ക് ഈ വാര്‍ത്തയില്‍ എന്താണിത്ര പുതുമ എന്ന്‍ ചിലരെങ്കിലും ചോദിച്ചേക്കാം.


അതറിയണമെങ്കില്‍ ആദ്യം നമ്മള്‍ ഇന്ത്യ എന്തെന്നറിയണം, GSLV എന്തെന്നറിയണം, വാര്‍ത്താവിനിമയ ഉപഗ്രഹം എന്തെന്നറിയണം!

ആദ്യം വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ (Communication satellite, Comsat) കാര്യം നോക്കാം. നമ്മുടെ GSAT പോലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഓര്‍ബിറ്റ് (Geostationary orbit, GEO എന്ന്‍ വിളിക്കും) എന്ന ഒരു സവിശേഷ ഓര്‍ബിറ്റിലാണ് ഉള്ളത്. ഈ ഓര്‍ബിറ്റിന്റെ പ്രത്യേകത, ഇവിടെ ഒരു ഉപഗ്രഹത്തിന്റെ കറക്കവേഗത ഭൂമി സ്വയം കറക്കവേഗതയ്ക്ക് തുല്യമാണ് എന്നതാണ്. അതുകൊണ്ട് തന്നെ, ഭൂമിയിലെ ഒരു സ്ഥലത്തെ അപേക്ഷിച്ച് ഈ ഉപഗ്രഹം ആകാശത്ത് സ്ഥിരമായി നില്‍ക്കുന്നതായിട്ട് അനുഭവപ്പെടും ('അനുഭവപ്പെടല്‍' ആണ് കേട്ടോ, യഥാര്‍ത്ഥത്തില്‍ അതവിടെ മണിക്കൂറില്‍ 11,068 km വേഗതയില്‍ പായുകയാണ്). ഭൂമിയ്ക്ക് ചുറ്റും ഇങ്ങനെയുള്ള ഓര്‍ബിറ്റ് ഒരെണ്ണമേ ഉള്ളൂ, അതാണ് Geostationary orbit. ഇതിന് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുള്ള ഉയരം (altitude) കൃത്യം 35,786 km ആണെന്ന്‍ കണക്കാക്കാന്‍ കഴിയും. സാധാരണ ഓര്‍ബിറ്റുകളെ അപേക്ഷിച്ച് ഈ altitude വളരെ വലുതാണ്. ഇത്രയും ഉയരെയുള്ള ഒരേയൊരു ഓര്‍ബിറ്റില്‍ കൃത്യമായി ഒരു ഉപഗ്രഹത്തെ എത്തിക്കുക എന്നത് ഒരു വലിയ വെല്ലുവിളി ആണ്. (ഈ ഓര്‍ബിറ്റ് ഭൂമിയ്ക്ക് മൊത്തത്തില്‍ ഒന്നേ ഉള്ളൂ എന്നതിനാല്‍ തന്നെ ഇതില്‍ അവരവര്‍ക്ക് ആവശ്യമായ സ്ലോട്ട് കിട്ടുന്നതിന് വേണ്ടി രാജ്യങ്ങള്‍ തമ്മില്‍ കനത്ത കടിപിടികള്‍ നടക്കാറുണ്ട്)

ഇനി GSLV എന്തെന്നറിയാം. Geosynchronous Satellite Launch Vehicle എന്നതിന്റെ ചുരുക്കമാണ് GSLV. ഒരു Geostationary orbit-ലേക്ക് ഒരു ഉപഗ്രഹത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ISRO രൂപം കൊടുത്ത വിക്ഷേപണവാഹനമാണ് ഇത്. PSLV (Polar Satellite Launch Vehicle) എന്ന ഇന്ത്യയുടെ 'സ്ഥിരം കുറ്റി' റോക്കറ്റിന്റെ ഒരു മൂത്ത കൂടെപ്പിറപ്പായിട്ട് വരും ഈ GSLV. ലോകത്ത് ഇന്ന്‍ ഉപയോഗിക്കപ്പെടുന്നതില്‍ ഏറ്റവും സല്‍പ്പേര്‍ ഉള്ള റോക്കറ്റാണ് PSLV. 25-ല്‍ 23 വിക്ഷേപണങ്ങളും വിജയകരമായി നടത്തിയ PSLV ഇതിനകം 64 ബഹിരാകാശപേടകങ്ങള്‍ (ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ) ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ 29 എണ്ണം നമ്മുടെ സ്വന്തവും 35 എണ്ണം ബിസിനെസ് എന്ന നിലയില്‍ വിദേശ രാജ്യങ്ങളുടെ കൈയില്‍ നിന്നും 'കൂലി' വാങ്ങി നമ്മള്‍ കയറ്റിവിട്ടതും ആണ്. ചന്ദ്രയാനും മംഗള്‍യാനും വരെ 'PSLV ട്രാവല്‍സില്‍' കയറി മുകളിലേക്ക് പോയവരാണ് എന്ന്‍ ഓര്‍ക്കുമല്ലോ. PSLV സ്വന്തം ജോലിയില്‍ ഒരു പുലി ആണെങ്കിലും GEO-യില്‍ തൊട്ടുകളിയ്ക്കാന്‍ മാത്രം കക്ഷി വളര്‍ന്നിട്ടില്ല. അവിടെയാണ് നമ്മള്‍ GSLV യെ ആശ്രയിക്കുന്നത്. PSLV-യ്ക്കു ഇല്ലാത്തതും GSLV -യ്ക്കു ഉള്ളതും എന്ത് എന്ന്‍ ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം ക്രയോജനിക് എന്‍ജിന്‍ എന്നാണ്. സാധാരണഗതിയില്‍ വാതകങ്ങള്‍ ആയ ഇന്ധനത്തെ തണുപ്പിച്ച് ദ്രാവകരൂപത്തില്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എഞ്ചിനാണ് ക്രയോ-എഞ്ചിന്‍. (ഇത് പറയുന്ന അത്ര എളുപ്പമല്ല കേട്ടോ. എഞ്ചിനീയറിങ് ദൃഷ്ടിയില്‍ ഒരുപാട് വെല്ലുവിളികള്‍ ഉള്ള ഒന്നാണ് ഒരു ക്രയോ-എഞ്ചിന്റെ നിര്‍മാണം.) ഇതിന് സാധാരണ ഖര-ദ്രാവക ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിനുകളെ അപേക്ഷിച്ച് ശക്തി വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ PSLV തൊടാന്‍ മടിക്കുന്ന GEO-യിലേക്ക് ഉപഗ്രഹത്തെ എത്തിക്കാന്‍ GSLV-യ്ക്കു സാധിയ്ക്കും.

ഇനി ഇവിടെ ഇന്ത്യ എന്തെന്ന്‍ അറിയാന്‍ നോക്കാം. GSLV എന്നത് നമ്മള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ സമ്മാനിച്ച ഒരു വിക്ഷേപണവാഹനമാണ്. 2001 മുതല്‍ ഇന്ന്‍ വരെ നടത്തിയ ആകെ 8 വിക്ഷേപണങ്ങളില്‍ 4-എണ്ണവും പൂര്‍ണമായും ഒരെണ്ണം ഭാഗികമായും പരാജയമായിരുന്നു. EDUSAT, GSAT-2 എന്നീ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഉപയോഗിച്ച രണ്ടു ദൌത്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് GSLV വിജയകരമായി ചെയ്തത്. ഇത് രണ്ടിലും ഉപയോഗിച്ചിരുന്നത് റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിന്‍ (Mk l version) ആയിരുന്നു എന്നതിനാല്‍ തന്നെ, വിജയം പൂര്‍ണമായി നമുക്ക് അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ക്രയോ-എഞ്ചിന്‍ ഉപയോഗിയ്ക്കുന്ന GSLV (Mk ll version) GSAT-4 ന്റെ വിക്ഷേപണത്തില്‍ നമ്മള്‍ 2010 ഏപ്രിലില്‍ പരീക്ഷിച്ചു എങ്കിലും അതിന് ഓര്‍ബിറ്റില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച GSLV Mk ll റോക്കറ്റാണ് ഇത്തവണ നമ്മുടെ GSAT-14 നെ GEO-യില്‍ എത്തിച്ചത് എന്നതാണ് ഇന്നത്തെ ദിവസത്തെ തിളക്കമുള്ളതാക്കുന്നത്. ഒരു കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് 500 കോടി രൂപ വരെ launch fee ആയി കൊടുക്കേണ്ട സാഹചര്യം നിലനില്‍ക്കവേ 250 കോടിയോളം മാത്രം മുതല്‍മുടക്കില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ഉപയോഗിക്കാന്‍ കഴിയുക എന്നത് നമ്മുടെ രാജ്യത്തിന് വലിയ സാമ്പത്തിക ആശ്വാസം കൂടിയാണ് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു.

1 comment:

  1. ഉപഗ്രഹവുമായി ഭൂസ്ഥിര ഭ്രമണ പതത്തിലേക്കുപോയ GSLV-യുടെ ശേഷിക്കുന്ന ഭാഗത്തിന് എന്ത് സംഭവിക്കും , ഉപഗ്രഹത്തോടൊപ്പം കറങ്ങികൊണ്ടിരിക്കുമോ ?

    ReplyDelete