Feb 28, 2014

മാറിപ്പോയ സ്ഥലപ്പേരുകള്‍

ചിത്രം നോക്കൂ: ഒരെണ്ണം ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യമാണ്, മറ്റേത് ഐസ് ലാന്‍ഡ് എന്ന രാജ്യവും. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയെ, പേര് മാറിപ്പോയോ?! ഇല്ല മാറിയിട്ടില്ല, അക്കാണുന്ന ഐസ് മൂടിയ സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്, പച്ചപ്പ് കാണുന്ന സ്ഥലമാണ് ഐസ് ലാന്‍ഡ്. ഈ വൈരുദ്ധ്യത്തിന് ഒരു കാരണമുണ്ട്- ഈ പ്രദേശങ്ങളില്‍ ജനവാസം ആരംഭിക്കുന്ന സമയത്ത് നിലനിന്നിരുന്ന ഒരു കാലാവസ്ഥാ വ്യതിയാനം. ദശാബ്ദങ്ങളോളമോ നൂറ്റാണ്ടുകളോളമോ വരെ നീണ്ടുനിന്ന അസാധാരണ കാലാവസ്ഥകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ വരുന്ന മാറ്റങ്ങളോ ഇവിടെത്തന്നെ സംഭവിക്കുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് കാരണങ്ങളോ കൊണ്ടൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഫോസിലുകളുടെ പഠനമോ മറ്റ് ഭൌമാന്തര്‍ശാസ്ത്ര പഠനങ്ങളോ ഒക്കെ വഴിയാണ് ഇത് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. താത്കാലികമായി ഉണ്ടായ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലങ്ങളുടെ വൈരുദ്ധ്യം നിറഞ്ഞ പേരുകള്‍ക്ക് കാരണമായത്.

ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വൈക്കിങ് യാത്രികര്‍ (പുരാതന നോര്‍വേയിലെ യാത്രികര്‍) കടല്‍മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് വ്യാപിച്ച് തുടങ്ങുന്നത്. 850-കളില്‍ കാറ്റത്ത് ഗതിമാറി സഞ്ചരിച്ച വൈക്കിങ്ങുകളാണ് ആദ്യം 'ഐസ് ലാന്‍ഡ്' കണ്ടെത്തുന്നത്. അക്കൂട്ടരില്‍ ഫ്ലോകി വില്‍ഗര്‍ഡ്സന്‍ എന്നൊരു കര്‍ഷകനാണ് അവിടെ സ്ഥിരതാമസമാക്കാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ആ ഭാഗത്ത് ഒരു ദ്രുതശൈത്യം നിലനിന്നിരുന്ന സമയമായിരുന്നു അത്. കൊടുംതണുപ്പില്‍ തന്റെ കന്നുകാലികളെ നഷ്ടപ്പെട്ട് ജന്മനാട്ടിലേക്ക് മടങ്ങിയ ഫ്ലോകിയ്ക്കു 'ഐസ് നിറഞ്ഞ പ്രദേശത്തിന്റെ' കഥയാണ് എല്ലാവരോടും പറയാനുണ്ടായിരുന്നത്. അങ്ങനെ ആ പ്രദേശം ഐസ് ലാന്‍ഡ് ആയി അറിയപ്പെട്ടു. പക്ഷേ മുന്നൂറ് വര്‍ഷങ്ങള്‍ക്കിടെ ആ പ്രദേശത്ത് ഐസ് കണ്ടതിന്റെ അവസാന പരമര്‍ശമായിരുന്നു ഫ്ലോക്കിയുടേത്. 870 ആയപ്പോഴേയ്ക്കും ശൈത്യം പിന്‍വാങ്ങുകയും പിന്നീട് അതുവഴി പോയ സഞ്ചാരികള്‍ ഐസ് ലാന്‍ഡ് വാസയോഗ്യമായ സ്ഥലമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവര്‍ അവിടെ കോളനികള്‍ സ്ഥാപിച്ചു താമസവും തുടങ്ങി, പേര് മാറ്റാതെ തന്നെ.

960-കള്‍ ആയപ്പോഴേയ്ക്കും ഐസ് ലാന്‍ഡ് ഒരു അംഗീകൃത കോളനിയായി മാറിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള പടിഞ്ഞാറന്‍ പര്യവേഷണങ്ങള്‍ അവിടെനിന്നും ആയിരുന്നു. 982-ല്‍ എറിക് എന്ന്‍ പേരുള്ള ഒരു വിദ്വാന്‍ ഇവിടെനിന്നും രണ്ടുപേരെ കൊന്ന കുറ്റത്തിന് നാടുകടത്തപ്പെട്ടു. കക്ഷി കുറെ ആളുകളെയും കൂട്ടി പടിഞ്ഞാറേയ്ക്ക് യാത്ര പുറപ്പെട്ടു. ചെന്നുപെട്ടത് പച്ചപ്പുള്ള, വാസയോഗ്യമായ ഒരു വലിയ ദ്വീപില്‍. എറിക് ആ പ്രദേശത്തിന് പേരുമിട്ടു. അതാണ് ഇന്ന്‍ നമ്മള്‍ അറിയുന്ന ഐസ് മൂടിയ ഗ്രീന്‍ലാന്‍ഡ്. കൂടുതല്‍ ആളുകളെ അങ്ങോട്ട് ആകര്‍ഷിക്കാനുള്ള എറിക്കിന്റെ തന്ത്രം മാത്രമായിരുന്നു (ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ട്രിക്ക്) ഈ 'പേരിടല്‍' എന്നാണ് വീരകഥകളില്‍ പറയുന്നത് എങ്കിലും സത്യത്തില്‍ എറിക് അവിടെ ചെല്ലുന്ന സമയത്ത് അതൊരു ഉഷ്ണ കാലാവസ്ഥ തന്നെ ആയിരുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്, മറ്റൊരു അസാധാരണ കാലാവസ്ഥാ വ്യതിയാനം.

ഈ രണ്ടു സ്ഥലങ്ങളും ഒരേ ആളുകള്‍ ഒരേ സമയത്താണ് കണ്ടെത്തിയിരുന്നത് എങ്കില്‍ ഇവയ്ക്ക് ഓരോന്നിനും മറ്റേ സ്ഥലത്തിന്റെ പേരാകുമായിരുന്നു ലഭിച്ചത്.

Feb 17, 2014

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല.

അപ്പോ എന്തുകൊണ്ടാണ് ഗണിതശാസ്ത്രത്തിന് നോബല്‍ പ്രൈസ് കൊടുക്കാത്തത്? "ആല്‍ഫ്രഡിന് അങ്ങനെ തോന്നിയില്ല" എന്നതാണ് ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്ന കാരണം. ആല്‍ഫ്രഡ് നോബല്‍ എന്ന വ്യക്തി "നോബല്‍ പ്രൈസ്" ആരംഭിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അല്‍ഫ്രഡിന്റെ സഹോദരനായ ലഡ്വിഗ് നോബല്‍ മരിച്ച സമയത്ത്, മരണപ്പെട്ടത് ആല്‍ഫ്രഡ് ആണ് എന്ന്‍ തെറ്റിധരിച്ച ഒരു ഫ്രഞ്ച് പത്രം "മരണത്തിന്റെ കച്ചവടക്കാരന്‍ മരിച്ചു" എന്നാണ് അതിനെ റിപ്പോര്‍ട്ട് ചെയ്തത്. "ജനങ്ങളെ കൊന്നൊടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക വഴി ധനികനായിത്തീര്‍ന്ന ഡോ. ആല്‍ഫ്രഡ് നോബല്‍ അന്തരിച്ചു" എന്നവര്‍ എഴുതി. (തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ആയുധക്കച്ചവടം വഴിയാണ് ആല്‍ഫ്രഡ് സമ്പാദിച്ചത്. ഡൈനാമിറ്റ് കണ്ടുപിടിച്ചത് അദ്ദേഹമായിരുന്നു എന്നറിയാമല്ലോ) ഈ വാര്‍ത്ത അദ്ദേഹത്തിന് ഒരു ഷോക്ക് ആയിരുന്നു. ജനങ്ങള്‍ തന്നെ ഒരു യുദ്ധക്കച്ചവടക്കാരനായി കാണുന്നു എന്ന്‍ തിരിച്ചറിഞ്ഞു, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം എന്ന നിലയിലാണ് ഇങ്ങനെ ഒരു 'സമ്മാനപദ്ധതി' അദ്ദേഹം ആലോചിച്ചത്. മറ്റ് പല ഭാഗങ്ങളിലായി അദ്ദേഹം നീക്കിവെച്ചിരുന്ന ചെലവുകള്‍ പതിയെപ്പത്തിയെ പിന്‍വലിച്ചു അദ്ദേഹം ഈ സമ്മാനത്തിനായി സ്വരുക്കൂട്ടി. ഒടുവിലായപ്പോള്‍ സ്വന്തം സമ്പാദ്യത്തിന്റെ 94% ഉം നോബല്‍ സമ്മാനത്തിനായി അദ്ദേഹം മാറ്റിവെച്ചിരുന്നു. അദ്ദേഹത്തിന് താത്പര്യമോ അറിവോ ഉണ്ടായിരുന്ന, മാനവരാശിയ്ക്ക് ഒരുപാട് പ്രയോജനപ്രദമെന്ന് അദ്ദേഹത്തിന് തോന്നിയ വിഷയങ്ങളെയാണ് നോബല്‍ സമ്മാനത്തിനായി തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന് ഗണിതം അത്ര ആകര്‍ഷകമായി തോന്നിയിരിക്കില്ല. ഭൌതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ('ജീവശാസ്ത്രം' അല്ല), സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കണ്ണില്‍ സമ്മാനം നല്‍കപ്പെടേണ്ടതായി തോന്നിയത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങളെല്ലാം ഫിസിക്സിലും കെമിസ്ട്രിയിലും ആയിരുന്നു. സാഹിത്യത്തിലും അദ്ദേഹം തത്പരനായിരുന്നു. "മരണക്കച്ചവടക്കാരന്‍" എന്ന പേരുദോഷം മാറ്റാനാണ് സമാധാനവും വൈദ്യശാസ്ത്രവും ലിസ്റ്റില്‍ പെടുത്തിയത് എന്ന്‍ കരുതപ്പെടുന്നു.

വാല്‍ക്കഷണം: ഗണിതശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് തുല്യമായ ഒരു അവാര്‍ഡ് നിലവിലുണ്ട് കേട്ടോ, ഏതാണ്ട് അത്ര തന്നെ പഴക്കമുള്ള, പേരില്‍ പോലും സാമ്യമുള്ള ഒന്ന്‍- ഏബല്‍ പ്രൈസ് (Abel Prize). Neils Abel എന്ന നോര്‍വീജിയന്‍ ഗണിതജ്ഞന്‍റെ സ്മരണാര്‍ത്ഥം നോര്‍വീജിയന്‍ രാജാവാണ് ഈ സമ്മാനം നല്‍കുന്നത്. ഗണിതവിദ്യാര്‍ത്ഥികള്‍ Linear Algebra-യില്‍ പഠിക്കുന്ന Abelian group-ഉം ഇതേ മഹാന്റെ പേരിലാണ് ഉള്ളത്.

Feb 3, 2014

ഞെട്ടയൊടിക്കുമ്പോ "ക്‍ടിക്ക്" ശബ്ദം വരുന്ന വഴി...

കൈവിരലുകള്‍ തമ്മില്‍ പിണച്ച് മുറുക്കി 'ക്‍ടിക്ക്' ശബ്ദമുണ്ടാക്കി 'ഞെട്ട' ഒടിക്കാത്തവര്‍ ഉണ്ടാവില്ല. വിരല്‍മുട്ടുകളില്‍ മാത്രമല്ല, കൈമുട്ട്, കാല്‍മുട്ട്, കാല്‍ വിരലുകള്‍ എന്നിങ്ങനെ മിക്ക അസ്ഥിസന്ധികളിലും (joints) ഈ ഞെട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിയും. എന്താണ് ഈ ശബ്ദത്തിന്റെ സീക്രട്ട് എന്നറിയുവോ?  


സത്യത്തില്‍ ചെറിയ വാതകക്കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് ഈ ഞെട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്. ഏത് കുമിളകള്‍ എന്ന്‍ ചോദിക്കാം. നമ്മുടെ അസ്ഥികള്‍ക്കിടയില്‍ 'വിജാഗിരി' പോലുള്ള ഒരു കണക്ഷന്‍ അല്ല ഉള്ളത്. ചലനത്തിന് വിധേയമാകുന്ന അസ്ഥിസന്ധികളില്‍ സൈനോവിയല്‍ ക്യാവിറ്റി എന്ന അറകളാണ് അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ അറകളില്‍ നിറഞ്ഞിരിക്കുന്ന സൈനോവിയല്‍ ദ്രാവകം (synovial fluid) എന്ന കട്ടിയുള്ള നിറമില്ലാത്ത ഒരു സവിശേഷ ദ്രാവകം അസ്ഥികളെ തമ്മില്‍ കൂട്ടി ഉരയാതെ സംരക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ അസ്ഥിസന്ധികളെ വലിച്ചു മുറുക്കുമ്പോള്‍ സൈനോവിയല്‍ ക്യാവിറ്റി വികസിക്കുന്നു. അവിടത്തെ ഫിസിക്സ് നോക്കിയാല്‍, വികസിക്കുന്ന അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിന്റെ വ്യാപ്തം കൂടുകയും അതിന്റെ മര്‍ദ്ദം കുറയുകയും ചെയ്യുമല്ലോ. മര്‍ദ്ദം കുറയുമ്പോ സൈനോവിയല്‍ ദ്രാവകത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള വാതകങ്ങളുടെ ലേയത്വം (solubility) കുറയുകയും അവ ദ്രാവകത്തില്‍ നിന്നും മാറി കുമിളകള്‍ രൂപം കൊള്ളുകയും ചെയ്യും (പെപ്സിയുടെ കുപ്പി തുറക്കുമ്പോള്‍ കുമിളകള്‍ ഉണ്ടാകുന്ന പോലെ). ഈ പ്രക്രിയയെ Cavitation എന്നാണ് വിളിക്കുന്നത്. ഒരു പരിധിക്കപ്പുറം മര്‍ദ്ദം താഴ്ന്നാല്‍ ഈ കുമിളകള്‍ പൊട്ടും. ആ ശബ്ദമാണ് 'ക്‍ടിക്ക്!!' എന്ന ഞെട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്. പൊട്ടിയ കുമിളകള്‍ മിക്കവാറും നൈട്രജന്‍ ആയിരിയ്ക്കും. പിന്നെ കുറെ നേരം കഴിഞ്ഞാല്‍ ഈ വാതകം വീണ്ടും സൈനോവിയല്‍ ദ്രാവകത്തില്‍ ലയിച്ചുചേരും. അതിനു ശേഷം മാത്രമേ ആ സന്ധിയില്‍ നിങ്ങള്‍ക്ക് വീണ്ടും ഞെട്ട ശബ്ദം കേള്‍പ്പിക്കാന്‍ പറ്റൂ.

വാല്‍ക്കഷണം: ഇങ്ങനെ ഞെട്ട കേള്‍പ്പിക്കുന്നത് സന്ധികളില്‍ രോഗങ്ങള്‍ ഉണ്ടാക്കും എന്ന്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ ആണ് കേട്ടോ.

ഇതുകൊണ്ട് സന്ധികള്‍ കൂടുതല്‍ ചലനാത്മകമാവാനും അവയ്ക്കു ചുറ്റുമുള്ള പേശികള്‍ അയയുവാനും സഹായിക്കുമെന്ന ഗുണവശം കൂടി ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.