Dec 15, 2015

എന്തല്ല ന്യൂട്ടന്റെ മൂന്നാം ചലനനിയമം!

ഫോർ എവരി ആക്ഷൻ, ദെയറീസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ!

സയൻസിന്റെ സാങ്കേതിക നിർവചനങ്ങളിൽ നിന്ന് പുറത്തിറങ്ങി, അതേപടി സാധാരണ ഭാഷയിൽ കയറിക്കൂടി ഇത്രയധികം പ്രശസ്തമായ മറ്റൊരു വാചകം  ഉണ്ടാകുമോ എന്ന് സംശയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഐസക് ന്യൂട്ടൻ രൂപം കൊടുത്ത അതിമനോഹരവും ആറ്റിക്കുറുക്കിയതുമായ സിദ്ധാന്തം- മൂന്നാം ചലനനിയമം. പക്ഷേ ഇത്രയും പോപ്പുലറായതുകൊണ്ട് തന്നെയാകണം, ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ കുറിച്ച് ധാരണയെക്കാൾ കൂടുതൽ ഉള്ളത് തെറ്റിദ്ധാരണയാണ്. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ പ്രസ്താവിക്കുന്നത് നിശിതമായി നിർവചിക്കപ്പെട്ടിട്ടുള്ള പദാവലി ഉപയോഗിച്ചാണ്. അവിടെ ഉപയോഗിക്കുന്ന ഓരോ വാക്കിനും വ്യക്തമായ ഒരു നിർവചനം ഉണ്ടാകും. ശാസ്ത്രം പഠിക്കുന്നവർക്ക് ആ പദങ്ങളുടെ നിർവചനവും അറിയാമായിരിക്കും എന്നതിനാൽ, പദങ്ങളുടെ അർത്ഥത്തിന്റെ പ്രാധാന്യം അവർ പ്രത്യേകം ശ്രദ്ധിക്കില്ല. മറിച്ച് ഒരു സിദ്ധാന്തം അതേ പദാവലി ഉപയോഗിച്ച് പൊതുഭാഷയിലേയ്ക്ക് വരുമ്പോൾ അതല്ല സ്ഥിതി. പൊതുജനത്തിന് പദങ്ങളുടെ സാങ്കേതിക അർത്ഥം അറിയില്ലായിരിക്കും, അതുകൊണ്ട് തന്നെ സിദ്ധാന്തവും അതിനനുസരിച്ച് വള‍ഞ്ഞുപോകും. അങ്ങനെ വളഞ്ഞുപോയ ആശയത്തെ നിവർത്തിയെടുക്കാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ആദ്യം അതിനെക്കുറിച്ച് ശ്രദ്ധയിൽ പെട്ടിട്ടുള്ള ചില ധാരണപ്പിശകുകൾ ചൂണ്ടിക്കാട്ടിയിട്ട്, ആ ആശയം വിശദീകരിക്കാം.


"For every action, there is an equal and opposite reaction"


ഒന്നാമതായി, action, reaction എന്നീ വാക്കുകളിൽ ശ്രദ്ധിക്കേണ്ടത് ഇവ രണ്ടും സത്യത്തിൽ ഒരേ ഭൗതിക അളവാണ് എന്നതാണ്- ബലം അഥവാ force. മൂന്നാം നിയമത്തിന്റെ മലയാളരൂപം ഇംഗ്ലീഷിനെ അപേക്ഷിച്ച് അല്പം കൂടി മെച്ചപ്പെട്ടതാണ്. അവിടെ "ഏത് ബലത്തിനും തുല്യവും വിപരീതവുമായ ഒരു എതിർബലം ഉണ്ടായിരിക്കും" എന്ന പ്രസ്താവനയിൽ തന്നെ രണ്ടും അടിസ്ഥാനപരമായി 'ബലം' തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.  എങ്കിലും, ബലം എന്ന സാങ്കേതിക പദത്തെ ശരിയ്ക്ക് മനസിലാക്കിയാലേ ധാരണ ശരിയായി എന്ന് ഉറപ്പിക്കാനാവൂ.

ന്യൂട്ടന്റെ നിയമങ്ങൾ പഠിക്കുമ്പോൾ, രണ്ടാം ചലനനിയമത്തിലാണ് എന്താണ് ബലം എന്നതിനെക്കുറിച്ച് പറയുന്നത്. അത് ഇപ്രകാരമാണ്:
ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ആകെ ബലം, ആ വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്കിന് നേർ അനുപാതത്തിൽ ആയിരിക്കും. ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും. (The net force acting on an object is directly proportional to the rate of change of momentum experienced by the object, and will be in the direction of momentum change.)

ബലമെന്ന സാങ്കേതികപദം വിശദീകരിക്കാനായി വന്നുപെട്ടത് ആക്കം (momentum) എന്ന സിംഹത്തിന്റെ മടയിലാണ് എന്നതാണ് ഇനിയത്തെ പ്രശ്നം. അതിന്റെ സാങ്കേതിക അർത്ഥം കൂടി വിശദീകരിക്കപ്പെടണം. ആക്കം എന്നത് എല്ലാ വസ്തുക്കളുടേയും ഒരു അടിസ്ഥാന ഗുണവിശേഷമാണ്. സാധാരണ ഭാഷയിൽ ഈ വാക്ക് അധികം പ്രയോഗിക്കപ്പെടാറില്ല എങ്കിലും, സാധാരണ ജീവിതത്തിൽ നമ്മൾ സ്ഥിരം കാണുന്ന/അനുഭവിക്കുന്ന ഒന്നാണത്. ഓടിവരുന്ന ഒരു സൈക്കിൾ ഇടിക്കുന്നതും, അതേ വേഗതയിൽ വരുന്ന ലോറി ഇടിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് അല്ലേ? എവിടെയാണാ വ്യത്യാസം വരുന്നത്? ലോറിയുടെ പിണ്ഡവും (mass) സൈക്കിളിന്റെ പിണ്ഡവും തമ്മിലുള്ള വ്യത്യാസമാണത്. അതേ വേഗതയിൽ വരുന്ന ട്രെയിൻ ഇടിച്ചാൽ സ്ഥിതി ഇതിലും അതീവഗുരുതരമാകുന്നതും ഈ കാരണം കൊണ്ടാണ്. ഇവിടെയെല്ലാം, ഏൽക്കുന്ന ആഘാതത്തിന്റെ അളവുകോലായി പ്രവർത്തിക്കുന്നത് അവയുടെ ആക്കം ആണ്. ഒരു വസ്തുവിന്റെ ആക്കം, അതിന്റെ പിണ്ഡത്തിന്റേയും വേഗതയുടേയും ഗുണനഫലമായിട്ടാണ് കണക്കാക്കുന്നത്. (momentum = mass x velocity) അതായത് പിണ്ഡം കൂടിയാലും വേഗത കൂടിയാലും ആക്കം കൂടും. അതാണ് ഒരേ കാർ മുപ്പത് കിലോമീറ്റർ വേഗതയിൽ വന്നിടിക്കുന്നതും തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ വന്നിടിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിന് കാരണം. ഒരു വസ്തുവിന്റെ പിണ്ഡത്തേയും വേഗതയേയും വേർതിരിച്ച് കാണാൻ നമുക്ക് സാധിക്കില്ല, കാരണം ഇത് രണ്ടും ഒരേ സമയം വസ്തുവിന്റെ അടിസ്ഥാനഗുണങ്ങളാണ്. നിശ്ചലാവസ്ഥയിലൊഴികേ എപ്പോഴും എല്ലാ വസ്തുക്കൾക്കും ആക്കം ഉണ്ടായിരിക്കുമെന്ന് വ്യക്തമാണല്ലോ. 

ഇനി ബലത്തിലേയ്ക്ക് വരാം. ആ വാക്ക് നമ്മൾ നിത്യവ്യവഹാരത്തിൽ ഉപയോഗിക്കുന്നതാണെങ്കിലും, സത്യത്തിൽ അതിത്തിരി കൊനഷ്ട് പിടിച്ച അളവാണ്. "ഈ മേശയിൽ ഒരു 5 ന്യൂട്ടൻ ബലം പ്രയോഗിച്ചേ" എന്ന് ആവശ്യപ്പെട്ടാൽ സാക്ഷാൽ ഐസക് ന്യൂട്ടന് പോലും സാധിക്കില്ല. (ബലം അളക്കുന്ന യൂണിറ്റാണേയ് 'ന്യൂട്ടൻ') കാരണം ബലം നമുക്ക് നേരിട്ട് അളക്കാൻ പറ്റുന്ന ഒന്നല്ല. ആക്കവ്യത്യാസത്തിന്റെ നിരക്ക് അളക്കുക എന്ന മാർഗമാണ് അവിടുള്ളത്. ആക്കവ്യത്യാസമെന്ന സങ്കല്പം വ്യക്തമാക്കാൻ ഒരു ഉദാഹരണം പരിശോധിയ്ക്കാം.
 
ക്രിക്കറ്റ് കളിക്കുമ്പോൾ, നല്ല കളിക്കാർ പന്തിനെ ക്യാച്ച് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പന്തിനെ പിടിക്കുന്നതോടൊപ്പം അവർ കൈപ്പത്തികൾ പിന്നിലേയ്ക്ക് ചലിപ്പിക്കുക കൂടി ചെയ്യും. നല്ല വേഗതയിൽ വരുന്ന പന്തിനെ ഉറപ്പിച്ച് പിടിച്ച കൈകളിൽ ക്യാച്ച് ചെയ്താൽ പണി കിട്ടുമെന്ന് കളിച്ചിട്ടുള്ളവർക്ക് അറിയാമായിരിക്കും, അല്ലേ? എന്താണ് പ്രശ്നം? പാഞ്ഞ് വരുന്ന പന്തിന് ഒരു ആക്കമുണ്ട് (അതിന്റെ പിണ്ഡവും വേഗതയും തമ്മിൽ ഗുണിക്കുന്നതിന് തുല്യം) അതിനെ കൈകൊണ്ട് പിടിച്ച് നിർത്താനാണ് നമ്മൾ ശ്രമിക്കുന്നത്. അതായത്, അതിന്റെ ആക്കം പൂജ്യമാക്കി മാറ്റണം. ബലം ആക്കവ്യത്യാസത്തിന്റെ നിരക്കിന് നേർ അനുപാതത്തിലായിരിക്കും എന്നാണ് രണ്ടാം നിയമം. അതുകൊണ്ട് തന്നെ പന്തിനെ പിടിച്ച് നിർത്താൻ എത്രത്തോളം ബലം പ്രയോഗിക്കണം എന്ന് തീരുമാനിക്കപ്പെടുന്നത്, നിങ്ങൾ എത്ര പെട്ടെന്നാണ് ഈ ആക്കം കുറയ്ക്കുന്നത് എന്നതനുസരിച്ചിരിക്കും. ശ്രദ്ധിക്കണം, ആക്കവ്യത്യാസമല്ല, ആക്കവ്യത്യാസത്തിന്റെ നിരക്കാണ് ഇവിടെ ബലം നിർണയിക്കുന്നത്. അതുകൊണ്ട്, എത്ര സമയമെടുത്താണ് നിങ്ങൾ ആക്കം കുറയ്ക്കുന്നത് എന്നതാണ് പ്രധാനം. പെട്ടെന്ന് ആക്കം പൂജ്യമാക്കണമെങ്കിൽ ബലവും കൂടുതൽ വേണം. കൈകൾ ഒരിടത്ത് തന്നെ ഉറപ്പിച്ച് നിർത്തിക്കൊണ്ട് പിടിക്കുമ്പോൾ ഇതാണ് ചെയ്യുന്നത് (**ഇവിടൊരു കാര്യമുണ്ട്. പിന്നെപ്പറയാം). മറിച്ച് കൈപ്പത്തി പിന്നിലേയ്ക്ക് ചലിപ്പിച്ചുകൊണ്ടാണ് നിങ്ങൾ പന്തിനെ നിർത്താൻ ശ്രമിക്കുന്നത് എങ്കിൽ, പന്തിന്റെ ആക്കം കുറയാൻ അല്പം കൂടി സമയം വേണം (ആക്കവ്യത്യാസത്തിന്റെ നിരക്ക് കുറയുന്നു) അതിനനുസരിച്ച് പന്ത് നിർത്താൻ വേണ്ട ബലവും കുറഞ്ഞിരിക്കും.

രണ്ടാം നിയമത്തിൽ ബലം എന്ന അളവ് അളക്കുന്നതെങ്ങനെ എന്ന് പറയുന്ന ന്യൂട്ടൻ, ബലത്തിന്റെ ഒരു അടിസ്ഥാനഗുണമാണ് മൂന്നാം നിയമത്തിൽ പറയുന്നത്. ബലത്തെ എപ്പോഴും ജോഡിയായിട്ടേ പ്രകൃതിയിൽ കാണാൻ സാധിയ്ക്കൂ എന്നതാണ് അതിന്റെ സത്ത. അതായത്, ഒരു ബലം മാത്രമായിട്ട് നിങ്ങൾക്ക് സൃഷ്ടിക്കാനാവില്ല. അത് എപ്പോഴും തത്സമയം പ്രവർത്തിക്കുന്ന മറ്റൊരു ബലവുമായി കൂടി ചേർന്നേ നിലനിൽക്കൂ. ഈ രണ്ട് ബലങ്ങളും അളവിൽ തുല്യവും, അവയുടെ ദിശകൾ പരസ്പരം നേർവിപരീതവും ആയിരിക്കും. ഇവിടെയാണ് ഒരു പ്രധാന തെറ്റിദ്ധാരണ ശ്രദ്ധിച്ചിട്ടുള്ളത്. ഒരു ബലം പ്രയോഗിക്കപ്പെടുന്നതിന്റെ ഫലമായി മറ്റൊരു എതിർബലം സൃഷ്ടിക്കപ്പെടുന്നു എന്നല്ല മൂന്നാം നിയമം പറയുന്നത്. അത്തരമൊരു cause-and-effect അല്ല അവിടെ സംഭവിക്കുന്നത് എന്നത് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. നീ എന്നെ അടിച്ചാൽ സ്വാഭാവികമായും ഞാൻ നിന്നെ തിരിച്ചടിക്കും എന്ന പ്രസ്താവനയല്ല അത്. (മിക്കപ്പോഴും ആ അർത്ഥത്തിലാണ് ഇത് പ്രയോഗിച്ച് കണ്ടിട്ടുള്ളത് ) നീ എന്നെ അടിക്കുമ്പോൾ തന്നെ എന്റെ അടി നീയും കൊള്ളുന്നുണ്ട് എന്നാണ് പറയേണ്ടത്. അവിടെ 'ശേഷമുള്ള തിരിച്ചടി' എന്നൊരു സംഗതിയേ ഇല്ല. അടിയുടെ തന്നെ ഉദാഹരണം എടുത്ത് പറ‍ഞ്ഞാൽ, എന്റെ മുഖത്ത് ഒരാളുടെ കൈ ഒരു ബലം പ്രയോഗിക്കുമ്പോൾ, എന്റെ മുഖം അയാളുടെ കൈയിൽ തിരിച്ചും ഒരു ബലം പ്രയോഗിക്കുന്നുണ്ട്. അടിക്കുന്ന സമയത്ത് തന്നെ അയാൾക്ക് അത് അനുഭവപ്പെടുകയും ചെയ്യും. രണ്ടും ഒരേ അളവിലുള്ള ബലങ്ങളാണെങ്കിലും എന്റെ മുഖത്തെ മൃദുലമായ കലകളിലും, മറ്റെയാളുടെ മുഷ്ടിയിലെ ഉറപ്പുള്ള കലകളിലും അവ വ്യത്യസ്തമായ ഫലമാണ് ഉണ്ടാക്കുന്നത് എന്ന വ്യത്യാസമേ ഉള്ളൂ. മുഖത്തെ കലകളെ ആ ബലം കൂടുതൽ മോശമായി ബാധിയ്ക്കും എന്ന ബയോളജി കാരണമാണ് എനിയ്ക്ക് വേദനിയ്ക്കുന്നത്. എന്നാൽ അതേ അടി, അതേ ബലത്തോടെ വന്ന് വീഴുന്നത് എന്റെ മടക്കിയ കൈമുട്ടിലാണെങ്കിലോ? മിക്കവാറും വേദനിയ്ക്കുന്നത് അയാൾക്കായിരിക്കും. കാരണം, അപ്പോൾ ആ ബലം കൈമുട്ടിനെക്കാൾ മോശമായി ബാധിയ്ക്കുന്നത് മുഷ്ടിയെ ആയിരിക്കും. ഇവിടെ രണ്ട് ബലങ്ങളും ഒരേ സമയം പ്രവർത്തിക്കുന്നു എന്നതിനാൽ തന്നെ ഇതിൽ ഏതിനെ വേണമെങ്കിലും action (ബലം) ആയിട്ട് പരിഗണിക്കാം, മറ്റേത് സ്വാഭാവികമായും reaction (എതിർബലം) ആകുന്നു.(**നേരത്തേ പറ‍ഞ്ഞ പന്ത് പിടിക്കുന്ന ഉദാഹരണത്തിൽ, പന്തിന്റെ ആക്കം കുറയ്ക്കാൻ നിങ്ങൾ പ്രയോഗിക്കുന്ന ബലത്തിന് എതിരേ പന്ത് നിങ്ങളുടെ കൈയിൽ പ്രയോഗിക്കുന്ന ബലമാണ് കൈ വേദനിപ്പിക്കുന്നത്)

അപ്പോ അത് ക്ലിയറായല്ലോ അല്ലേ? Reaction is 'not a result' of action; but action and reaction happen together.

തുല്യവും വിപരീതവുമായ ബലങ്ങൾ തമ്മിൽ ക്യാൻസലായിപ്പോകില്ലേ എന്ന ചോദ്യമാണ് അടുത്തത്. അതായത് സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപ കൊടുത്ത്, പത്ത് ലക്ഷം രൂപയുടെ കാറ് വാങ്ങിയാൽ വാങ്ങലും വിൽക്കലും കൂടി പത്ത് ലക്ഷം രൂപ ക്യാൻസലാവില്ലേ എന്ന്? സാധാരണഗതിൽ ആവും. പക്ഷേ സ്ഥലം വിൽക്കുന്നതും കാറ് വാങ്ങുന്നതും വേറേ വേറേ ആളുകളാണെങ്കിലോ? A എന്ന വസ്തു B എന്ന വസ്തുവിൽ ഒരു ബലം പ്രയോഗിച്ചാൽ, B അതേസമയം A-യിലും തുല്യമായ ഒരു എതിർബലം പ്രയോഗിക്കും എന്നാണ് നമ്മൾ പറഞ്ഞത്. ഇതിൽ ഒരു ബലം പ്രയോഗിക്കപ്പെടുന്നത് B-യിലും മറ്റേത് പ്രയോഗിക്കപ്പെടുന്നത് A-യിലും ആണ് എന്നത് മറന്നുപോകരുത്. അവ ക്യാൻസലാവില്ല. പ്രയോഗിക്കുന്നതാരായാലും A-യിലും B-യിലും ബലം പ്രയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മുകളിലെ ഉദാഹരണത്തിൽ, മുഖത്ത് ഇടി കിട്ടുമ്പോൾ എനിയ്ക്ക് വേദനിയ്ക്കുന്നത്. ഇടിയ്ക്ക് തുല്യമായ ബലം എന്റെ മുഖം അയാളുടെ കൈയിൽ പ്രയോഗിച്ചതുകൊണ്ട് ഇവ തമ്മിൽ ക്യാൻസലായിപ്പോകുമായിരുന്നു എങ്കിൽ എന്റെ മുഖത്ത് കൈ പതിച്ചതായി അയാൾക്കോ, ഇടി കിട്ടിയതായി എനിയ്ക്കോ തോന്നുമായിരുന്നില്ല.

ഇപ്പോഴും ഈ നിയമം വേണ്ടത്ര മനസിലായിട്ടുണ്ട് എന്നുറപ്പിക്കാനാവില്ല കേട്ടോ. അത് പരിശോധിയ്ക്കാൻ വേണ്ടി ഒരു ചോദ്യം സ്വയം ചോദിച്ച് നോക്കുക- വായുവില്ലാത്ത ബഹിരാകാശത്ത് എങ്ങനെയാണ് റോക്കറ്റ് പ്രവർത്തിക്കുന്നത്? അവ എന്തിനെ തള്ളി മുന്നോട്ട് നീങ്ങും?

ഒരുപാട് അഭിമുഖീകരിച്ചിട്ടുള്ളതുകൊണ്ടാണ് ഈ ചോദ്യം എടുത്തത്. റോക്കറ്റിൽ മൂന്നാം ചലനനിയമം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കണം. റോക്കറ്റ് വായുവിനെ തള്ളുമ്പോൾ, വായു റോക്കറ്റിനെ തിരിച്ച് തള്ളുന്നതുകൊണ്ടാണ് അതിന് മുന്നിലേയ്ക്ക് നീങ്ങാൻ കഴിയുന്നത് എന്നാണ് ധരിച്ച് വെച്ചിരിക്കുന്നത് എങ്കിൽ അത് തിരുത്തിക്കോളൂ. സത്യത്തിൽ വായുവില്ലാത്തിടത്താണ് റോക്കറ്റിന് കൂടുതൽ എളുപ്പത്തിൽ നീങ്ങാൻ സാധിയ്ക്കുന്നത്. പ്രൊപ്പലന്റ് (ഇന്ധനം) കത്തിയുണ്ടാകുന്ന അതിമർദ്ദത്തിലുള്ള വാതകം അതിന്റെ താഴെയുള്ള ചെറിയ വിടവിലൂടെ ശക്തിയായി പുറത്തേയ്ക്ക് തള്ളുകയാണ് റോക്കറ്റ് ചെയ്യുന്നത്. ഇങ്ങനെ അതിന്റെ തന്നെ ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന വാതകമാണ് റോക്കറ്റിനെ തിരിച്ച് തള്ളുന്നത്. അതിന് പുറത്ത് വായുവിന്റെ ആവശ്യമേയില്ല. മാത്രവുമല്ല, പുറത്തെ വായുവുമായുള്ള ഘർഷണം റോക്കറ്റിന്റെ വേഗത അല്പം കുറയ്ക്കുകയേ ഉള്ളൂ.

"ഹോ! അങ്ങനെ മൂന്നാം നിയമം മനസ്സിലായി" എന്ന് ഇപ്പോ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഈ ഒരു ചോദ്യത്തിന്റെ ഉത്തരം കൂടി ആലോചിച്ചേയ്ക്കൂ: "ദുൽക്കർ സൽമാൻ ഒരു കുതിരവണ്ടിയിലിങ്ങനെ വരുവാന്നേ... വണ്ടിയെ ആരാ വലിക്കുന്നത്? കുതിര. അപ്പോ വണ്ടി കുതിരയേയും വലിക്കുന്നുണ്ടാവും അല്ലേ? അങ്ങനെയെങ്കിൽ പിന്നെ, ഈ കുതിരവണ്ടിയെങ്ങനാ മുന്നോട്ട് നീങ്ങുന്നേ??"

Dec 3, 2015

ആക്സിഡന്റ് എന്നാൽ, അത് ആക്സിഡന്റൽ ആണ്!

"എടാ, ഹെൽമറ്റ് വച്ചോണ്ട് പോ"

"ഓ, അപ്പുറം വരെ പോകാനല്ലേ! കുഴപ്പമില്ല"

ഈ ഡയലോഗ് നമുക്ക് സുപരിചിതമായിരിക്കും. അപ്പുറം വരെ പോകാനായതുകൊണ്ട് ഹെൽമറ്റിന്റെ ആവശ്യമില്ലാ പോലും! ഇത് രണ്ട് കാരണങ്ങളാൽ പറയപ്പെടാം; ഒന്ന് ആ ചെറിയ ദൂരത്തിനിടയ്ക്ക് പോലീസ് ചെക്കിങ് ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ പോക്കറ്റ് സെയ്ഫായിരിക്കും, രണ്ട് ആ ചെറിയ ദൂരത്തിനിടയ്ക്ക് ആക്സിഡന്റൊന്നും ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ തല സെയ്ഫ് ആയിരിക്കും. ഇതിലേത് കാരണമായാലും അതിന്റെ അടിസ്ഥാനം, സുരക്ഷ എന്ന വിഷയത്തെ കുറിച്ചുള്ള അപകടകരമായ അജ്ഞതയാണ്.

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് റോഡ് ആക്സിഡന്റുകളിൽ മാത്രം ഇൻഡ്യയിൽ ഓരോ മണിക്കൂറിലും 16 പേർ വെച്ച് മരിക്കുന്നുണ്ട്! (http://goo.gl/YyhKTN) അതുകൊണ്ട് തന്നെ ആ വാക്ക് നമ്മൾ നിത്യജീവിതത്തിൽ പല തവണ കാണേണ്ടിവരും. പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരും ആ വാക്കിന്റെ അർത്ഥം അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. 'Accident' എന്നാൽ, അപ്രതീക്ഷിതമായി, മനപ്പൂർവമല്ലാതെയുള്ള വഴികളിലൂടെ സംഭവിക്കുന്ന ദൗർഭാഗ്യകരമായ സംഭവം എന്നാണ് സായിപ്പിന്റെ അർത്ഥം. അപ്രതീക്ഷിതം എന്ന വാക്കിനുള്ളിൽ തന്നെ അടങ്ങിയിരിക്കുന്നത്, എപ്പോ എവിടെ ഏത് രീതിയിൽ സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല എന്ന പ്രത്യേകതയാണ്. പക്ഷേ ആദ്യം പറഞ്ഞ ഉദാഹരണത്തിൽ ഉൾപ്പടെ പലയിടത്തും ഇത് അവഗണിക്കപ്പെടുന്നു. അര കിലോമീറ്റർ ദൂരം ബൈക്കോടിക്കുന്നതിനിടെ അപകടം ഉണ്ടാവില്ല എന്ന ഗാരന്റി ആരാണ് നമുക്ക് തന്നിരിക്കുന്നത്?

ക്യാമറ താഴെ വീഴാൻ ചാൻസുണ്ട്, അതിന്റെ സ്ട്രാപ്പ് കഴുത്തിലൂടെ ഇടണം എന്ന് പറഞ്ഞപ്പോൾ പണ്ടൊരു കൂട്ടുകാരൻ വളരെ കോൺഫിഡന്റായി പറഞ്ഞു, "ഏയ്! അങ്ങനൊന്നും വീഴില്ല" എന്ന്. അവനെവിടുന്നാണ് ആ ഗാരന്റി കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അവൻ അത് തന്നെ ആവർത്തിച്ച് പറഞ്ഞതേയുള്ളു- അതങ്ങനൊന്നും വീഴില്ല എന്ന്. ഇതിനെ എങ്ങനെ പറഞ്ഞ് തിരുത്തണം എന്നറിയില്ലായിരുന്നു. ഞാനന്ന് "Accidents are called accidents because they happen by accident" എന്ന് മാത്രം പറഞ്ഞവസാനിപ്പിച്ചതേയുള്ളു. ഇത് മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പിന്നീട് പലരുടേയും പ്രതികരണങ്ങൾ ശ്രദ്ധിച്ച ശേഷമാണ് മനസിലായത്. ഇൻഡ്യയിലെ റെക്കോർഡ് റോഡപകടങ്ങൾക്ക് ഇനി വേറെ കാരണം അന്വേഷിക്കണോ? 'ആക്സിഡന്റ്' എന്നത് വേറേ ആർക്കോ വേറെവിടെയോ മാത്രം സംഭവിക്കുന്നതാണ്, തനിയ്ക്ക് സംഭവിക്കില്ല എന്ന 'വിശ്വാസം' മനസ്സമാധാനത്തിന് ഗുണപ്പെട്ടേക്കും, പക്ഷേ ആ വിശ്വാസം ഒരു ഉറപ്പോ ഗാരന്റിയോ ആയിട്ട് തോന്നിയാൽ അതിനെ മിതമായ ഭാഷയിൽ വിവരക്കേട് എന്നേ വിളിക്കാനാകൂ.

വണ്ടിയിൽ തൂങ്ങുന്ന പൂജിച്ച ചരടോ മാലയോ ദൈവങ്ങളുടെ പടമോ ഒന്നുമല്ല, നമ്മുടെ തന്നെ വകതിരിവാണ് നമ്മുടെ ജീവൻ രക്ഷിക്കാൻ പോകുന്നത്. നൂറ്റൊന്നാമത്തെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന പോരാളിയും മുൻപ് നൂറ് യുദ്ധങ്ങൾ ജയിച്ചയാളായിരുന്നു എന്ന് മറക്കരുത്.

Nov 30, 2015

അഞ്ചാം ഡയമെൻഷനും ഇന്റർസ്റ്റെല്ലാറിന്റെ ക്ലൈമാക്സും

ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്.

ഡയമെൻഷനുകളെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്.

സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥാർത്ഥ്യം ആദ്യമേ തന്നെ ഉൾക്കൊള്ളേണ്ടതുണ്ട്.

ഇനി സ്പെയ്സിലെ ഒരു വര സങ്കല്പിക്കുക. അതിന് നീളം എന്ന ഒറ്റ ഗുണമേയുള്ളു, വീതിയോ ഉയരമോ ഇല്ല. ഇതും പോയിന്റിന്റെ കാര്യം പോലെ തന്നെ തിയറിയിൽ മാത്രമേ സാധിക്കൂ. പ്രയോഗത്തിൽ വീതിയോ ഉയരമോ ഇല്ലാതെ നീളം മാത്രമുള്ള ഒരു വര സാധ്യമല്ല, അതുകൊണ്ട് തന്നെ അതിനെ മനസിൽ ചിത്രീകരിക്കാനും ആവില്ല. ഈ വരയ്ക്ക് ഒറ്റ ഡയമെൻഷനേ ഉള്ളു. അതുകൊണ്ടത് one-dimensional (1D) ആണെന്ന് പറയുന്നു. ഇതിനെ 2D-യിലേയ്ക്ക് വിപുലീകരിക്കാൻ എളുപ്പമാണ്. ഇതുപോലുള്ള 1D വരകളെ, ആ വരകൾക്ക് ലംബമായ ഒരു ദിശയിൽ, വിടവില്ലാതെ അടുക്കുന്നതായി സങ്കല്പിക്കുക. ഓർക്കുക, ‘വിടവില്ലാതെ’ എന്ന നിബന്ധനയും തിയറിയിലേ നടക്കൂ. അങ്ങനെയെങ്കിൽ ഇപ്പോൾ നമുക്ക് കിട്ടുന്നത് ഒരു പ്ലെയ്ൻ ആണ്. അതിന് നീളവും വീതിയും ഉണ്ട്, പക്ഷേ ഉയരമില്ല. 1D യിൽ നിന്ന് 2D യിലേക്കുള്ള വരവും ഇതേപോലെ മനസിലാക്കാൻ സാധിയ്ക്കും. 0D ആയ പോയിന്റുകളെ ഏതെങ്കിലും ഒരു ദിശയിൽ വിടവില്ലാതെ അടുക്കിയാൽ നമുക്ക് 1D ആയ ഒരു വര കിട്ടുന്നു. ചിത്രം നോക്കുക. 

ഇനി ഇതിനെ ഇതേപോലെ 3D യിലേക്ക് വിപുലീകരിക്കാം. രണ്ടാമത്തെ ചിത്രത്തിലെ പോലെ പ്ലെയ്നുകളെ, അതിന് ലംബമായ ദിശയിൽ വിടവില്ലാതെ അടുക്കുക. അപ്പോൾ നമുക്കൊരു ബോക്സ് കിട്ടും. അതിന് നീളവും വീതിയും ഉയരവും ഉണ്ട്, അത് 3D-യിലാണ്. 

 ഇതുവരെ മനസിലാക്കാൻ എളുപ്പമാണ്. പക്ഷേ ഇനി 4, 5 ഡയമെൻഷനുകളിലേയ്ക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള കാര്യങ്ങളിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത ഒരു വശം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു 1D ലോകത്താണ് ജീവിക്കുന്നത് എന്ന സങ്കല്പിക്കുക. നിങ്ങളുടെ കാഴ്ച, അല്ലെങ്കിൽ നിങ്ങൾ കാണുന്നത് എന്തായിരിക്കും? ഒരു വര എന്നാണ് ഉത്തരമെങ്കിൽ സങ്കല്പം ശരിയായിട്ടില്ല എന്നുവേണം കരുതാൻ. ഒരു 1D ലോകത്ത് രണ്ട് ദിശകളേ ഉള്ളു- മുന്നോട്ട്, അല്ലെങ്കിൽ പിന്നോട്ട്. വശങ്ങളിലേയ്ക്കോ മുകളിലേയ്ക്കോ ഒന്നും നോക്കാൻ നിങ്ങൾക്ക് സാധിക്കില്ല. കാരണം, അവിടെ ഒന്നുമില്ല എന്ന് മാത്രമല്ല, അങ്ങനെയൊരു വാക്കിനേ പ്രസക്തിയില്ല. ഉത്തരധ്രുവത്തിന്റെ വടക്ക് ഭാഗത്ത് എന്താണെന്ന് ചോദിക്കുന്നപോലെ ആണത്. ഒരു 1D ലോകത്ത്, ലഭ്യമായ രണ്ട് ദിശകളിലേക്ക് നോക്കിയാലും നിങ്ങളുടെ കാഴ്ച ഒരു പോയിന്റ് മാത്രം ആയിരിക്കും. നിങ്ങളുടെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും മാത്രമായി അടുക്കിയിരിക്കുന്ന കുത്തുകളാണ് 1D വര എന്നത് മറക്കരുത്. ഇക്കാര്യം വ്യക്തമായില്ലെങ്കിൽ മനസിൽ നല്ലവണ്ണം ആലോചിച്ച് ആ കാഴ്ച സങ്കല്പിച്ച ശേഷമേ മുന്നോട്ട് പോകാവൂ. ഇനി നിങ്ങൾ ഒരു 2D ലോകത്ത് ജീവിക്കുന്നതായി സങ്കല്പിക്കുക. ഇപ്പോൾ നിങ്ങൾക്ക് മുന്നിലോട്ടും പിന്നിലോട്ടും വശങ്ങളിലോട്ടും എന്നിങ്ങനെ തല 360 ഡിഗ്രി തിരിച്ചുകൊണ്ടുള്ള കാഴ്ച സാധ്യമാണ്. പക്ഷേ മുകളിലോട്ടോ താഴോട്ടോ ഉള്ള ഒരു കാഴ്ചയ്ക്ക് പ്രസക്തിയില്ല. ഈ 2D ലോകത്ത് എവിടേയ്ക്ക് തിരിഞ്ഞുനോക്കിയാലും നിങ്ങളുടെ കാഴ്ച ഒരു വര ആയിരിക്കും

എന്താണിവിടത്തെ പ്രശ്നം? ഒരു പ്രത്യേക ഡയമെൻഷനിൽ ഉള്ള ഒരു വസ്തുവിനെ അതിന്റെ മുഴുവൻ ഡയമെൻഷനിലും കാണണമെങ്കിൽ, അവിടെയില്ലാത്ത മറ്റൊരു ഡയമെൻഷനിൽ നിന്ന് നോക്കേണ്ടി വരും. മനസിലായില്ല, അല്ലേ? അതായത്, വര എന്ന 1D വസ്തുവിനെ അതിന്റെ ഫുൾ ഡയമെൻഷനിൽ കാണണമെങ്കിൽ രണ്ടാമതൊരു ഡയമെൻഷനിൽ നിന്ന് അതിനെ കാണേണ്ടിവരും. പ്ലെയ്ൻ എന്ന ഒരു 2D വസ്തുവിനെ മുഴുവൻ ഡയമെൻഷനിൽ കാണണമെങ്കിൽ മൂന്നാമതൊരു ഡയമെൻഷനിൽ നിന്ന് നോക്കിയാലേ സാധിയ്ക്കൂ. മുകളിലെ ഉദാഹരത്തിലെ പ്ലെയ്ൻ നോക്കൂ. അതിന്റെ രണ്ട് ഡയമെൻഷനുകൾ നിങ്ങളുടെ സ്ക്രീനിൽ ഇടത്ത് നിന്ന് വലത്തോട്ടും, പിന്നേ മുകളിൽ നിന്ന് താഴേയ്ക്കും (നേരേ തിരിച്ചും ആവാം) ആണ്. നിങ്ങൾ പക്ഷേ ആ പ്ലെയ്നിനെ കാണുന്നത് സ്ക്രീനിന് ലംബമായ മറ്റൊരു ദിശയിൽ നിന്നാണ്. ആദ്യം പറഞ്ഞ രണ്ട് ദിശകളിൽ നിന്നും, നിങ്ങൾക്ക് ആ പ്ലെയ്ൻ കാണാനാവില്ല. മറിച്ച് അതിന്റ ഒരു വശം മാത്രമേ കാണാൻ സാധിയ്ക്കൂ. അതാകട്ടെ 1D ആണ് താനും. 

ഇനി 3D യിലേക്ക് വന്നാലോ? നിങ്ങൾ പറയും, 3D ലോകത്ത് ജീവിച്ചിട്ട് വസ്തുക്കളെ 3D ആയിത്തന്നെ കാണാൻ സാധിക്കുന്നുണ്ടല്ലോ എന്ന്. അത് തന്നെയാണ് നമ്മൾ 3D ലോകത്തല്ല ജീവിക്കുന്നത് എന്നതിനുള്ള തെളിവ്. സത്യത്തിൽ നമ്മൾ വസ്തുക്കളുടെ മൂന്ന് ഡയമെൻഷനും കാണുന്നുണ്ടോ എന്ന ചോദ്യവും പ്രധാനപ്പെട്ടതാണ്. സിലിണ്ടർ എന്ന രൂപം ഞാൻ പറയുമ്പോൾ നിങ്ങളുടെ മനസ്സിലേയ്ക്ക് വരുന്ന രൂപം എന്താണ്? അതെന്തായാലും, താഴത്തെ ചിത്രത്തിൽ കാണുന്നതെല്ലാം ഒരേ സിലിണ്ടറിനെ നാല് വ്യത്യസ്ത ദിശകളിൽ നിന്ന് കാണുമ്പോഴുള്ള രൂപങ്ങളാണ്.

ഇതിലേതാണ് ആ സിലിണ്ടറിന്റെ യഥാർത്ഥ രൂപം? ആ ചോദ്യം തന്നെ അസ്ഥാനത്താണ്. കാരണം ഈ കാണുന്നതെല്ലാം തന്നെ, ആ സിലിണ്ടറിന്റെ പല ഭാഗത്തേയ്ക്കുള്ള 2D പ്രൊജക്ഷനുകൾ മാത്രമാണ്. സിലിണ്ടർ എന്ന 3D വസ്തുവിന്റെ യഥാർത്ഥരൂപം ഇങ്ങനെ ഒറ്റച്ചിത്രത്തിൽ നമുക്ക് കാണാനാവില്ല. ഒരു സിലിണ്ടറെടുത്ത് കൈയിൽ പിടിച്ച് കറക്കി നോക്കുമ്പോൾ, സമയം എന്ന നാലാമതൊരു ഡയമെൻഷൻ കൂടി നമ്മൾ ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കണം. സിലിണ്ടറിന്റെ ചിത്രം എന്ന പേരിൽ നമ്മൾ കാണുന്ന 2D രൂപങ്ങളെല്ലാം തന്നെ പ്രൊജക്ഷനുകളാണ്. പ്ലെയ്നിന്റെ 1D പ്രൊജക്ഷൻ എന്നത് ഒരു വര ആകുന്നതുപോലെ തന്നെ. പക്ഷേ 3D വസ്തുവിന്റെ 2D പ്രൊജക്ഷന്റെ കാര്യത്തിൽ, നമുക്ക് ഒരുപാട് രീതിയിൽ 2D പ്രജക്ഷൻ പ്ലെയ്നുകൾ തെരെഞ്ഞെടുക്കാനുള്ള സാധ്യതകൾ ഉള്ളതുകൊണ്ട് ഒരുപാട് വ്യത്യസ്ത രൂപങ്ങൾക്കും സാധ്യതയുണ്ടാകുന്നു എന്നേയുള്ളു. നിത്യജീവിതത്തിൽ കാണുന്ന എല്ലാ വസ്തുക്കളുടേയും കാര്യത്തിൽ ഇത്തരം വ്യത്യസ്ത വീക്ഷണകോണുകൾ (perspectives) നമുക്ക് സുപരിചിതമാണ്. അതുകൊണ്ടാണ് ഒട്ടുമിക്ക വസ്തുക്കൾക്കും സിലിണ്ടറിനെപ്പോലെ ഓരോ ഭാഗത്ത് നിന്ന് നോക്കുമ്പോഴും ഓരോ രൂപമാണ് എന്ന കാര്യം നമ്മളെ അലോസരപ്പെടുത്താത്തത്.

നാലാമത്തെ ഡയമെൻഷനിലേയ്ക്ക് കടക്കുമ്പോഴുള്ള പ്രശ്നം ഇപ്പോൾ ഏതാണ്ട് മനസിലായിക്കാണും. നാല് ഡയമെൻഷനും കൂടി ചേർന്ന ഒരു ദൃശ്യം കിട്ടണമെങ്കിൽ, അഞ്ചാമതൊരു ഡയമെൻഷനിൽ നിന്ന് കാണുക എന്നതേ മാർഗമുള്ളു. അവിടെയാണ് നമ്മുടെ തലച്ചോറ് മുട്ടുകുത്തി വീഴുന്നത്. സ്ഥലബോധം, സമയബോധം എന്നിവ നമ്മുടെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പരിണാമപരമായി നോക്കിയാൽ നമ്മുടെ തലച്ചോറിന് അങ്ങനെയൊരു ഡിസൈനാണ് കിട്ടേണ്ടതും. കാരണം, സ്പെയ്സും സമയവും ചേർന്ന ഒരൊറ്റ വസ്തുവായി ഈ ലോകത്തെ കൈകാര്യം ചെയ്യുക എന്ന പ്രശ്നം സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമല്ലല്ലോ. പക്ഷേ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാര്യം വരുമ്പോൾ നമുക്കീ സ്ഥലകാലത്തുടർച്ച (space-time continuum) എന്ന 4D സങ്കല്പത്തെ കൈകാര്യം ചെയ്യേണ്ടിവരും. മൂന്ന് സ്പെയ്സ് ഡയമെൻഷനുകളും സമയത്തിന്റേതായ നാലാമതൊരു ഡയമെൻഷനും കൂടി ചേർന്നതാണത്. പോയിന്റിനെ ഒരു ദിശയിലേക്ക് നീട്ടി വരയാക്കിയതുപോലെ, വരയെ അതിന് ലംബമായ ദിശയിൽ നീട്ടി പ്ലെയ്ൻ ആക്കിയതുപോലെ, പ്ലെയ്നിനെ അതിന്റെ രണ്ട് ഡയമെൻഷനുകൾക്കും ലംബമായ മറ്റൊരു ഡയമെൻഷനിലൂടെ നീട്ടി ബോക്സ് ആക്കിയപോലെ, ഈ കാണുന്ന 3D ലോകത്തെ സമയമെന്ന നാലാമതൊരു ഡയമെൻഷനിലൂടെ നീട്ടിയുണ്ടാക്കിയ ഒറ്റ അസ്തിത്വമാണ് ഈ പ്രപഞ്ചത്തിന് എന്ന് പറയാം. നിത്യജീവിതത്തിൽ ഈ നാല് ഡയമെൻഷനുകൾ നമുക്ക് അനുഭവവേദ്യമാകില്ല. അതിന് കാരണം മനസിലാക്കാൻ ഒരു 3D ലോകത്ത്, ഒരു പ്ലെയ്നിൽ മാത്രം (ഉദാ: ഒരു മേശപ്പുറം) നീങ്ങാനാവുന്ന ഒരു ചെറിയ ഉറുമ്പിന്റെ കാര്യം സങ്കല്പിച്ചാൽ മതി. ഉറുമ്പ് ആ പ്ലെയിനിൽ ആയിരിക്കുന്നിടത്തോളം, അതിന് ഒരു 2D perspective പൂർണമായി ലഭിക്കില്ല. അതിന് മൂന്നാമത്തെ ഡയമെൻഷനിൽ അല്പം ദൂരേയ്ക്ക് പോയി നിന്ന് നോക്കേണ്ടിവരും. ഉറുമ്പ് ആ പ്ലെയിനിൽ ആവുന്നത്ര മുകളിലേയ്ക്ക് ചാടിയാലും അതിന്റെ വീക്ഷണകോണിൽ കാര്യമായ മാറ്റം വരില്ല. അതുകൊണ്ട് തന്നെ ഉറുമ്പിന്റെ നിത്യജീവിതം 2D ലോകത്ത് നിന്നുള്ള 1D കാഴ്ചകളുടേതായിരിക്കും. ആരെങ്കിലും ഉറുമ്പിനെ ആ പ്ലെയിനിൽ നിന്ന് എടുത്ത് മുകളിലേയ്ക്ക് കൊണ്ടുപോയാൽ, താഴെയുള്ള, താനതുവരെ ജീവിച്ച 2D ലോകം വേറിട്ട് അതിന് കാണാൻ സാധിയ്ക്കും, താൻ യഥാർത്ഥത്തിൽ ഒരു 3D ലോകത്തായിരുന്നു എന്ന തിരിച്ചറിവും അതിന് കിട്ടും. മനുഷ്യനെ സംബന്ധിച്ച് നമ്മൾ ജീവിക്കുന്ന 4D ലോകത്തിന്റെ അനുഭവം അത്ര എളുപ്പം കിട്ടാത്തതും അതുകൊണ്ടാണ്. പക്ഷേ വ്യത്യസ്ത വേഗതകളിൽ സഞ്ചരിക്കുന്നവർ വസ്തുക്കളുടെ നീളവും സമയത്തിന്റെ ദൈർഘ്യവും വ്യത്യസ്തമായി അളക്കുമെന്ന കാര്യം ആപേക്ഷികതാ സിദ്ധാന്തം പഠിക്കുമ്പോൾ കേട്ടിട്ടുണ്ടാകുമല്ലോ. അത് നമ്മുടെ 4D ലോകത്തിന്റെ തെളിവാണ്. താഴത്തെ ചിത്രത്തിൽ ഒരേ ക്യൂബിന്റെ രണ്ട് വീക്ഷണകോണുകളാണ് കാണിച്ചിരിക്കുന്നത്. 
ചിത്രീകരണത്തിന്റെ എളുപ്പത്തിനായി, ഈ ക്യൂബിന് രണ്ട് സ്പെയ്സ് ഡയമെൻഷനുകളും ഒരു ടൈം ഡയമെൻഷനും ഉണ്ടെന്ന് സങ്കല്പിക്കുന്നു. രണ്ട് വീക്ഷണകോണുകളിൽ നിന്ന് നോക്കുന്നവർ സ്പെയ്സ് ഡയമെൻഷനിൽ അളക്കുന്ന നീളവും, സമയ ഡയമെൻഷനിൽ അളക്കുന്ന ഇന്റർവലും വേറെ വേറെയായിട്ടാണ് കാണുന്നത് എന്നത് ചിത്രത്തിൽ നിന്ന് മനസിലാകും. Length contraction, time dilation എന്നീ പ്രതിഭാസങ്ങൾ ഇങ്ങനെയാണ് ഉണ്ടാകുന്നത്. കാറിലോ വിമാനത്തിലോ ഒക്കെ മനുഷ്യൻ നടത്തുന്ന പാച്ചിലുകൾ ഉറുമ്പിന്റെ ദുർബലമായ ചാട്ടം പോലെയാണ്. 4D ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണകോണിൽ കാര്യമായ മാറ്റം വരണമെങ്കിൽ പ്രകാശവേഗത്തിനടുത്ത വേഗതകളിൽ പായേണ്ടിവരും. 

റിലേറ്റിവിറ്റിയെ തത്കാലം അതിന്റെ വഴിയ്ക്ക് വിട്ടിട്ട്, നമുക്കിനി ഡയമെൻഷനിലെ അടുത്ത ചാട്ടം നോക്കാം. പോയിന്റിൽ നിന്ന് വര, വരയിൽ നിന്ന് പ്ലെയ്ൻ, പ്ലെയ്നിൽ നിന്ന് ക്യൂബ് എന്നീ വിപുലീകരണങ്ങൾ നടത്തിയതുപോലെ ഒരു പടി കൂടി നമുക്ക് മുന്നോട്ട് പോകാം. ദയവ് ചെയ്ത് ഇപ്പോൾ അത് മനസിൽ ചിത്രീകരിക്കാനേ ശ്രമിക്കരുത്. ഇതിനെ ഗ്രാഫിക്കൽ ആയി സമീപിക്കാതെ ലോജിക്കലായി സമീപിക്കുക. ഒരു വരയുടെ രണ്ട് അറ്റങ്ങളും ഓരോ പോയിന്റുകളാണ്, അല്ലേ? അതുപോലെ ഒരു പ്ലെയ്നിന്റെ നാല് അറ്റങ്ങളും (വക്ക്) നാല് വരകളാണ്. അതുപോലെ ഒരു ക്യൂബിന്റെ ആറ് അറ്റങ്ങളും (വശങ്ങൾ) ആറ് പ്ലെയ്നുകളാണ്. ഇനി ഈ ക്യൂബിനെ നമ്മൾ നാലാമതൊരു ഡയമെൻഷനിലേയ്ക്ക് വലിച്ച് നീട്ടുകയാണ് എങ്കിലോ? ശ്രദ്ധിക്കണം, ഇപ്പോ പറയുന്നത് സമയത്തിന്റെ ഡയമെൻഷനല്ല, നാലാമതൊരു സ്പെയ്സ് ഡയമെൻഷനെ കുറിച്ചാണ്. 3D-യിൽ നിന്നും 4D-യിലേക്ക് വളർന്നപ്പോൾ നമ്മുടെ ക്യൂബ് ടെസ്സറാക്റ്റ് (Tesseract) എന്ന ഒരു പുതിയ വസ്തുവായി മാറിയിരിക്കുന്നു. ക്യൂബിന് ആറ് വശങ്ങളുണ്ടായിരുന്നുവെങ്കിൽ ടെസ്സറാക്റ്റിന് എട്ട് വശങ്ങളുണ്ട്. അവിടെ ആറ് 2D പ്ലെയ്നുകളായിരുന്നു എങ്കിൽ ഇവിടെ എട്ട് 3D ക്യൂബുകളാണ്! ഈ ചാത്തൻ സാധനം മനസിൽ ചിത്രീകരിയ്ക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെടുന്നു എങ്കിൽ നിങ്ങൾക്ക് തലയ്ക്ക് അസുഖമൊന്നുമില്ല എന്നുകരുതി സന്തോഷിക്കുകയാണ് വേണ്ടത്. Tesseract ന് വേണ്ടി ഗൂഗിളിൽ തിരഞ്ഞാൽ കുറേ ചിത്രങ്ങൾ കിട്ടും. പക്ഷേ നിങ്ങളുടേത് ഒരു mathematically trained മസ്തിഷ്കം അല്ലാന്നുണ്ടെങ്കിൽ അത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുകൊണ്ട് തലച്ചോറിന്റെ ആണിയിളകുന്നതിന് മുൻപ് നമുക്ക് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാം.

ഇനി ടെസ്സറാക്റ്റിന്റെ ഒപ്പം സമയത്തിന്റെ ഡയമെൻഷൻ കൂടി അങ്ങോട്ട് ചേർക്കാൻ പോകുകയാണ്. ഇപ്പോ കൈയിലിരിക്കുന്നത് ഒരു 5D ലോകമാണ്- നാല് സ്പെയ്സ് ഡയമെൻഷനും ഒരു ടൈം ഡയമെൻഷനും. ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സിൽ ഈ സാധനമാണ് കാണിക്കുന്നത്. അവിടെ നായകൻ ടെസ്സറാക്റ്റിന്റെ എട്ട് ക്യൂബ് മുഖങ്ങളിലൊന്നിലാണ് നിൽക്കുന്നത്. അയാൾ നിൽക്കുന്ന 4D ടെസ്സറാക്റ്റിന്റെ 3D മുഖവും നായകന്റെ മകളുടെ 3D ബെഡ്റൂമും തമ്മിലാണ് ആശയവിനിമയം. പക്ഷേ നായകൻ നിൽക്കുന്നത് 5D ലോകത്തായതിനാൽ, മകളുടെ 3D ബെഡ്റൂമിന്റെ ടൈം ഡയമെൻഷൻ കൂടി അയാൾക്ക് കാണാൻ സാധിയ്ക്കും. അതായത് ആ ബെഡ് റൂമിന്റെ ഭൂതവും വർത്തമാനവും ഭാവിയും അയാളുടെ മുന്നിൽ നീണ്ടുനിവർന്ന് കിടപ്പുണ്ട്. അതുകൊണ്ടാണ് അതേ ബെഡ്റൂമിൽ നിൽക്കുന്ന കുട്ടിയായ മകളെയും അയാൾക്ക് കാണാൻ സാധിയ്ക്കുന്നത്. പക്ഷേ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച് സ്വന്തം ടൈം ഡയമെൻഷനിലൂടെ പിന്നിലേയ്ക്ക് സഞ്ചരിക്കാൻ നായകന് സാധിക്കില്ല. അതുകൊണ്ട് മകൾക്ക് സന്ദേശമയക്കാൻ നായകൻ തന്റെ അഞ്ചാമത്തെ ഡയമെൻഷനായ ഗ്രാവിറ്റിയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. റിലേറ്റിവിറ്റി അനുസരിച്ച് പ്രകാശത്തിനോ ഏതെങ്കിലും ഭൗതികവസ്തുക്കൾക്കോ ടെസ്സറാക്റ്റിന്റെ 4D സ്പെയ്സിലൂടെ സഞ്ചരിക്കാനാവില്ല. 3D സ്പെയ്സിലേ അവയ്ക്ക് നിലനില്പുള്ളൂ. പക്ഷേ ടെസ്സറാക്റ്റിന്റെ മുഖത്തിനുള്ളിൽ നിന്ന് അയാൾ ഇളക്കിവിടുന്ന ഗ്രാവിറ്റി തരംഗങ്ങൾക്ക് എല്ലാ ഡയമെൻഷനുകളിലൂടെയും സഞ്ചരിക്കാൻ സാധിക്കും. അങ്ങനെ ബെഡ് റൂമിലെ ഷെൽഫിലെ പുസ്തകങ്ങളിലും വാച്ചിന്റെ സൂചിയിലും, ഗ്രാവിറ്റി വഴി നായകൻ ഉണ്ടാക്കുന്ന മോഴ്സ് കോഡ് രൂപത്തിലുള്ള ഇളക്കങ്ങളാണ് അയാളുടെ മകൾ ഡീകോഡ് ചെയ്ത് മനസിലാക്കുന്നത്. 


5D പ്രപഞ്ചം എന്നത് ഇനിയും പൂർണമായും വികസിച്ചിട്ടില്ലാത്ത ഒരു സിദ്ധാന്ത മാതൃകയാണ്. 1921-ലാണ് കാലൂസാ-ക്ലെയ്ൻ (Kaluza-Klein theory) സിദ്ധാന്തം എന്നൊരു സിദ്ധാന്തം ആദ്യമായി 5D പ്രപഞ്ചമാതൃക മുന്നോട്ട് വെക്കുന്നത്. അതിൽ പോരായ്മകൾ ഉണ്ടായിരുന്നു എങ്കിലും ഇന്നത്തെ സ്ട്രിങ് തിയറിയ്ക്കൊക്കെ പ്രചോദനമായത് ആ സിദ്ധാന്തമായിരുന്നു. പിന്നീട് ഐൻസ്റ്റൈൻ ഉൾപ്പടെയുള്ളവർ 5D പ്രപഞ്ചമാതൃകയെ വിപുലീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഞ്ചാം ഡയമെൻഷൻ നമുക്ക് അനുഭവവേദ്യമാകാത്തത് അത് വളരെ ചെറിയ (10^-33 cm) ദൂരത്തിലേയ്ക്ക് ചുരുണ്ടിരിക്കുന്നതുകൊണ്ടാണെന്നും, ഗ്രാവിറ്റോണുകൾ എന്ന കണങ്ങൾക്ക് മാത്രമേ ഈ ഡയമെൻഷനിലേയ്ക്ക് ഊർന്നിറങ്ങാനാകൂ എന്നുമൊക്കെ സിദ്ധാന്തങ്ങളുണ്ട്. ഇതാണ് ഗ്രാവിറ്റിയെ അഞ്ചാം ഡയമെൻഷനിലേയ്ക്ക് ബന്ധിപ്പിക്കുന്നതും, ഇന്റർസ്റ്റെല്ലാറിലെ നായകനെ ഭൂതകാലത്തേയ്ക്ക് സന്ദേശമയക്കാൻ സഹായിക്കുന്നതും എന്നുമാണ് ഈയുള്ളവൻ മനസിലാക്കിയത് (നോളൻ സഹോദരൻമാർ അത് തന്നാണോ ഉദ്ദേശിച്ചത് എന്ന് അവരോട് തന്നെ ചോദിക്കണം)

Nov 26, 2015

എല്ലാവരും എന്നോടിങ്ങനെ ചോദിക്കുന്നു… അതെന്താ?

“ഇതിന് മുഴുവൻ താൻ സമാധാനം പറയണം.”

“എന്താ പ്രശ്നം?”

“എന്താ കണ്ണുപൊട്ടനാണോ? കണ്ടിട്ട് മനസിലാവുന്നില്ലേ? താനാ ഇതിനെയൊക്കെ കയറൂരി വിട്ടത്. ദേശഭക്തൻ പോലും! ദാ നിക്കേല്ലേ. അങ്ങോട്ട് ചോദിക്ക്.”

(തിരിഞ്ഞ്) “എന്താ? എന്താ ഒണ്ടായത്?”

“ഇവമ്മാര് ഭയങ്കര രാജ്യദ്രോഹപ്രവർത്തനം നടത്തി.”

(തിരിഞ്ഞ്) “ദേ നിങ്ങളീ രാജ്യത്തിനെതിരേ ദ്രോഹപ്രവർത്തനം ചെയ്താലെങ്ങനാ? നിങ്ങളും ഈ രാജ്യത്തെ പൗരനല്ലേ? ഇവിടെ താമസിച്ചോണ്ട് രാജ്യദ്രോഹപ്രവർത്തനം നടത്താൻ പാടില്ലാന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്?”

“അതെ പറഞ്ഞു. പക്ഷേ ഇത് സൗദി അറേബ്യയോ പാകിസ്ഥാനോ ഒന്നുമല്ല, മതമൗലികവാദത്തെ വിമർശിച്ചാൽ അതിനെ രാജ്യദ്രോഹമാണെന്ന് പറയാൻ!”
 
“അതിന് മതമൗലികവാദത്തെ എതിർത്താൽ രാജ്യദ്രോഹമാണെന്നാര് പറഞ്ഞ്?”

“താൻ അവരോട് ചോദിക്ക്!”
(തിരിഞ്ഞ്) “മതമൗലികവാദത്തെ എതിർത്തപ്പോൾ രാജ്യദ്രോഹമാണെന്ന് പറഞ്ഞോ?”

“ഞാനങ്ങനെ പറഞ്ഞിട്ടേയില്ല.”

(തിരിഞ്ഞ്) “അയ്യോ, കഷ്ടോണ്ട്! നിങ്ങളൊരുമാതിരി ഉരുണ്ട് കളിക്കരുത്. എനിക്കറിയാം അവരങ്ങനെ പറയില്ലെന്ന്.”

“താനവര് പറഞ്ഞത് മുഴുവൻ ചോദിക്കെടോ”

(തിരിഞ്ഞ്) “എന്താ പറഞ്ഞത്?”

“ഇൻഡ്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുസംസ്കാരം അനുസരിച്ച് ജീവിക്കാത്തവർ പാകിസ്ഥാനിൽ പോകണമെന്ന് പറഞ്ഞു.” 

(തിരിഞ്ഞ്) “പാകിസ്ഥാനിലേയ്ക്ക് ടൂറ് പോകുന്ന കാര്യം പറഞ്ഞതിനാണോ നിങ്ങളി….” (സംശയിച്ച്, വീണ്ടും തിരിഞ്ഞിട്ട്) “ഇൻഡ്യ ആരുടേതാണെന്ന് പറഞ്ഞ്?”

“ഹിന്ദുക്കളുടേത്! അപ്പോ ദാ ഈ കഴുത പറയ്യാ, ഹിന്ദുക്കളുടെ മാത്രമല്ല ഈ രാജ്യം, എല്ലാവരുടേതും ആണെന്ന്. ഞാൻ പറഞ്ഞു എന്റെ അച്ഛനപ്പൂപ്പൻമാരുടേതാണീ രാജ്യമെന്ന്. അപ്പോ അവനെന്നെ വർഗീയവാദീന്ന് വിളിച്ചു. ഞാനവനെ നായിന്റെ മോനേന്ന് വിളിച്ചു. അപ്പോ അവൻ പറയുവാ എനിയ്ക്ക് അസഹിഷ്ണുതയാണെന്ന്. അപ്പോ ഞാനെന്റെ കുറുവടിയെടുത്ത് അവന്റെ പള്ളയ്ക്ക് ഒറ്റ കുത്ത് കുത്തി. എന്നിട്ട് പറഞ്ഞു മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്ന്.  ഇതിനിടെ കുറേ പരനാറികൾ പറയുവാ അവർക്ക് ബീഫ് കഴിക്കാൻ സ്വാതന്ത്ര്യം വേണമെന്ന്. ഞാൻ പറഞ്ഞു, അത് ചെയ്യുന്നവരെ റേപ്പ് ചെയ്യും, വേണ്ടിവന്നാൽ കൊല്ലുകേം ചെയ്യുമെന്ന്. മൂന്നാല് പേരെ ഞങ്ങള് വെടിവെച്ച് കൊന്നതിന്റെ പടവും കാണിച്ചുകൊടുത്തു. അപ്പോ ഒരു ഖാൻ വന്ന് പറയുവാ അവന്റെ അച്ഛൻ കൂടി സമരം ചെയ്താണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്, ഈ രാജ്യം അവന്റേം കൂടിയാണെന്ന്. ഞാനും പിള്ളേരും കൂടി അവനെ പാകിസ്ഥാൻ ചാരനെന്ന് വിളിച്ച്, ഫെയ്സ്ബുക്ക് മുഴുവൻ ഓടിനടന്ന് തെറി പോസ്റ്റിട്ടു. അപ്പോ വേറൊരു ഖാൻ പറയുവാ, ഈ നാട്ടിൽ അസഹിഷ്ണുത വളരുന്നതുകണ്ട് അവന് പേടിയാവുന്നൂന്ന്. അപ്പത്തന്നെ അവന്റെ കരണത്തടിക്കുന്നവന് ഒരു ലക്ഷം രൂപ ഞങ്ങള് പാരിതോഷികവും പ്രഖ്യാപിച്ചു. ഞാനിത്രയേ ചെയ്തൊള്ളു, വേറൊന്നും ചെയ്തില്ല. അതിനാ ഇവമ്മാരിങ്ങനെ അസഹിഷ്ണുതാന്നും പറഞ്ഞ് നിലവിളിക്കുന്നത്.”

“വട്ടാണല്ലേ?”

“എന്നോട് ഒരുപാട് പേര് ഇങ്ങനെ ചോദിക്കുന്നു. അതെന്താ?”

(തിരിഞ്ഞ്) “നാരായണൻകുട്ടീ… ഞാനെന്ത് ചെയ്യണം?”

“എടോ ഇവമ്മാർക്ക് മുഴുത്ത വട്ടാണ്. ഇവമ്മാരീ നാട് കുട്ടിച്ചോറാക്കും. ഇപ്പോത്തന്നെ വർഗീയചേരിതിരിവ് കാരണം ഒരുപാട് നഷ്ടം ഇവമ്മാരുണ്ടാക്കിയിട്ടുണ്ട്. ഇതിനെയൊക്കെ ഒന്ന് നിലയ്ക്ക് നിർത്തിയാൽ ഞങ്ങൾ അസഹിഷ്ണുതയെക്കുറിച്ച് പരാതി പറയാതെങ്കിലുമിരിക്കാം.”

(തിരിഞ്ഞ്) “കുറച്ച് മാന്യമായിട്ട് പെരുമാറിക്കൂടെ?”

“എന്റെ കൈയിലുള്ള മാന്യതയും ബുദ്ധിയുമൊക്കെ മുഴുവനെടുത്ത് കടലീക്കളഞ്ഞിട്ടല്ലേ ഞാൻ നിങ്ങടെ പാർട്ടീല് ചേർന്നത്. ഇനിയെന്ത് ചെയ്യും! പിന്നെ ദാ, ഈ തോക്ക് കൈയിലുണ്ട്. ഇതെടുത്ത് അവന്റെ അണ്ണാക്കിലോട്ട് തിരുകിയിട്ട് ചോദിക്ക്, ഞങ്ങൾക്ക് അസഹിഷ്ണുതയുണ്ടോന്ന്. അപ്പോപ്പറയും ഇല്ലാന്ന്.”

Nov 22, 2015

കണ്ണാടി നിങ്ങളെ കീഴ്മേൽ മറിക്കാത്തതെന്തുകൊണ്ട്?

 കണ്ണാടിയിൽ നോക്കിയിട്ടുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് കണ്ണാടി അതിലുണ്ടാകുന്ന പ്രതിബിംബത്തെ ഇടം-വലം തിരിക്കും എന്നത്. കണ്ണാടിയുടെ മുമ്പിൽ നിന്ന് നോക്കുമ്പോൾ, നാം ഇടംകൈ ഉയർത്തിയാൽ പ്രതിബിംബം വലം കൈയാണ് ഉയർത്തുന്നത്, വലത്തേയ്ക്ക് ചരിഞ്ഞാൽ പ്രതിബിംബം ഇടത്തേയ്ക്കാണ് ചരിയുന്നത് എന്നതൊക്കെ എല്ലാവർക്കും സുപരിചിതമായ കാര്യവുമാണ്. പക്ഷേ അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കണ്ണാടിയിൽ മുകളും താഴെയും തമ്മിൽ തിരിയാത്തത്? കണ്ണാടിയിൽ നിങ്ങളുടെ തല മുകളിലും കാല് താഴെയായിട്ടും തന്നെയല്ലേ കാണുക? ഇനി കണ്ണാടി എടുത്ത് വശത്തേയ്ക്ക് 90 ഡിഗ്രി തിരിച്ച് പിടിച്ചിട്ട് നോക്കൂ. കണ്ണാടിയുടെ ഇടം-വലം ദിശ ഇപ്പോ കുത്തനെയായിരിക്കുന്നു. പക്ഷേ ഇപ്പോഴും ഇടവും വലവും മാത്രേ തിരിയുന്നുള്ളു, മുകളും താഴെയും പിന്നേയും കൃത്യമായി നില്പുണ്ട് എന്ന് കാണാം. അപ്പോപ്പിന്നെ എങ്ങനെ ചരിച്ച് വച്ചാലും കൃത്യമായി ഇടവും വലവും തിരിക്കാൻ കണ്ണാടിയ്ക്ക് കഴിയുന്നതെങ്ങനെയാണ്?

സിംപിൾ! കണ്ണാടി പ്രതിബിംബത്തെ ഇടം-വലം തിരിക്കുന്നേയില്ല. നമ്മുടെ മനസ്സാണ് അതിനെ തിരിക്കാൻ ശ്രമിക്കുന്നത്.

എന്താണിവിടെ പ്രശ്നം? 

കണ്ണാടി ഒരു പ്രതിബിംബത്തേയും കറക്കുകയോ തിരിക്കുകയോ ചെയ്യുന്നില്ല എന്ന് മനസിലാക്കാൻ എളുപ്പമാണ്. അത് ആകെ ചെയ്യുന്നത്, അതിലേയ്ക്ക് വീഴുന്ന പ്രകാശരശ്മിയെ എതിർദിശയിലേയ്ക്ക് പ്രതിഫലിപ്പിക്കുക (reverse) മാത്രമാണ്. ഈ ഒരൊറ്റ കാര്യം മതി, ഇടം-വലം തിരിക്കൽ എന്ന തോന്നലിനെ ലളിതമായി വിശദീകരിക്കാൻ. നിങ്ങൾ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ, നിങ്ങളുടെ ഇടത് ഭാഗത്ത് നിന്നുള്ള പ്രകാശം കണ്ണാടിയുടെ വലതുഭാഗത്താണ് വീഴുന്നത്, വലത് ഭാഗത്ത് നിന്നുള്ള പ്രകാശം കണ്ണാടിയുടെ ഇടത്തും. അതുകൊണ്ട്, നിങ്ങളുടെ ഇടതുഭാഗത്തിന്റെ ഇമേജ് കണ്ണാടിയുടെ വലത് ഭാഗത്ത്- അതായത് നിങ്ങളുടെ ഇടത് ഭാഗത്ത് തന്നെ- ആണ് ഉണ്ടാകുന്നത്. ഇതിൽ എവിടെയാണ് ഇടം-വലം തിരിയുന്നത്? നിങ്ങളുടെ ഇടത് കൈയുടെ ഇമേജ് നിങ്ങളുടെ ഇടത് ഭാഗത്ത് തന്നെയല്ലേ ഉണ്ടായിരിക്കുന്നത്? അത് തിരിഞ്ഞിട്ടില്ലല്ലോ! നിങ്ങൾ മറ്റൊരു വ്യക്തിയുമായി മുഖാമുഖം നിൽക്കുമ്പോൾ ഇതല്ല സംഭവിക്കുന്നത്. അവിടെ നിങ്ങളുടെ ഇടതുവശവുമായി ചേർന്ന് വരുന്നത് മറ്റേയാളുടെ വലതുവശമായിരിക്കും. കണ്ണാടിയിൽ കാണുന്ന നിങ്ങളുടെ പ്രതിബിംബത്തെ, നിങ്ങളോട് മുഖാമുഖം നിൽക്കുന്ന മറ്റൊരു വ്യക്തിയെ എന്ന പോലെ കാണാൻ ശ്രമിക്കുമ്പോൾ മാത്രമാണ് ഇടം-വലം ദിശയിൽ ഒരു വശപ്പെശക് തോന്നുന്നത്. അല്ലാത്തപക്ഷം അവിടെ ഒരു തിരിക്കലും ഇല്ല. ഇനി മുകൾ-താഴെ ദിശയുടെ കാര്യം നോക്കൂ. നിങ്ങളുടെ മുകൾ ഭാഗത്ത് നിന്നുള്ള പ്രകാശം കണ്ണാടിയുടേയും മുകൾഭാഗത്താണ് വീഴുന്നത്. നിങ്ങൾ പക്ഷേ മറ്റൊരാളെ തലകുത്തനെ കണ്ട് ശീലിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ മുകളും താഴെയും തിരിഞ്ഞിരിക്കുന്നു എന്ന തോന്നലും ഉണ്ടാവില്ല. ഇനി ഉണ്ടാവണമെങ്കിൽ, കണ്ണാടി തലയ്ക്ക് മുകളിൽ താഴേയ്ക്ക് കുത്തനെ പിടിക്കുകയോ, കണ്ണാടി തറയിൽ കിടത്തി അതിന് മുകളിൽ നിൽക്കുകയോ ചെയ്യുക.(സൂക്ഷിക്കണം. കണ്ണാടി പൊട്ടാതെ നോക്കണം. മുണ്ട്, പാവാട തുടങ്ങിയവ ധരിച്ചുകൊണ്ട് ഈ പരീക്ഷണം ചെയ്യുന്നത് മാനഹാനിയ്ക്ക് കാരണമായേക്കാം ;) ) ഇത്തവണ തലകുത്തി നിൽക്കുന്ന നിങ്ങളുടെ പ്രതിബിംബം കാണാൻ സാധിയ്ക്കും. മാത്രമല്ല, അവിടെ ഇടതും വലതും കറക്റ്റാണെന്നും നിങ്ങൾക്ക് തോന്നും.

Nov 11, 2015

വെണ്ടയ്ക്കാ അക്ഷരത്തിന്റെ വലിപ്പം

"വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ട് നീ കണ്ടില്ലേ?"

ഇതുപോലെ ഒരു പ്രയോഗം നമ്മള്‍ മിക്കവരും നടത്തിയിട്ടുണ്ടാവും. അപ്പോ ചോദ്യമിതാണ്, എന്നതാ ഈ 'വെണ്ടയ്ക്കാ അക്ഷരം'? വലിയ അക്ഷരം എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരികപ്രയോഗം വല്ലതുമാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. 'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്.

ഇന്ന്‍ ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. 12 pt, 14 pt എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് നിഷ്കര്‍ഷിക്കുന്ന അതേ പോയിന്‍റ് (pt) തന്നെ. ഒരു പോയിന്‍റ് എന്നാല്‍ ഒരു ഇഞ്ചിന്റെ 72-ല്‍ ഒരു ഭാഗം (1/72 inch), അതായത് ഏതാണ്ട് 0.035 cm ആണ്. എന്നാല്‍ ഈ യൂണിറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് ചില പ്രത്യേക വലിപ്പങ്ങള്‍ക്ക് പ്രത്യേകപേരുകളാണ് ഉപയോഗിച്ചിരുന്നത്. Agate, Pearl, Brevier, Pica തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്. ഇന്നത്തെ കണക്കില്‍ 24 പോയിന്‍റ് ആണ് ഒരു വെണ്ടയ്ക്ക. അതുപോലെ വഴുതനങ്ങ 36-ഉം മത്തങ്ങ 48-ഉം പോയിന്‍റ് ആണ്.

വാൽക്കഷണം: ഒരേ ഫോണ്ട് സൈസിലുള്ള രണ്ട് ഫോണ്ടുകൾ വ്യത്യസ്ത വലിപ്പത്തിൽ കാണുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഫോണ്ട് സൈസ് എന്നത് ഏതെങ്കിലും അക്ഷരത്തിന്റെ വലിപ്പമല്ല എന്നതാണ് പ്രശ്നം. അത് ഫോണ്ട് ഡിസൈൻ അനുസരിച്ച് അക്ഷരങ്ങളുടെ മുകളിലും താഴെയുമായി ഫിക്സ് ചെയ്യുന്ന രണ്ട് സാങ്കല്പിക വരകൾക്കിടയിലുള്ള അകലമാണെന്ന് പറയാം. ഫോണ്ട് സൈസിന് അക്ഷരങ്ങളുടെ വീതിയുമായിട്ടല്ല, ഉയരവുമായാണ് ബന്ധം. അതും, ബന്ധമുണ്ടെന്നേ പറയാനാകൂ, അക്ഷരങ്ങളുടെ ഉയരത്തിന് തുല്യമാകണമെന്നില്ല ഫോണ്ട് സൈസ്.

Nov 9, 2015

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിരുന്ന ഒരു പ്ലസ് ടൂ കുട്ടിയെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റി ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ, അങ്ങനൊരാളെ അവനും അറിയാമത്രേ! ഞാനൊന്ന് അത്ഭുതപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ധരിച്ച് വെച്ചിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായത്. ഒരുപക്ഷേ, നമ്മൾ ‘ഭൂമിയിലാണ്’ താമസിക്കുന്നത് എന്ന ടീച്ചറിന്റെ (പുസ്തകത്തിലെ) വാചകവും, വെള്ളം ‘കുപ്പിയിലാണ്’ ഇരിക്കുന്നത് എന്ന സംസാരരീതിയും കുട്ടി ചേർത്ത് വായിച്ചതാകാം. മുകളിൽ കാണുന്ന ആകാശവും  ഭൂമിയുടെ ഭാഗമാണ് എന്നാണ് ഇത്തരക്കാരുടെ ഉള്ളിലെ ചിത്രം; ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് പഠിയ്ക്കുന്നുണ്ട്, മുകളിലേയ്ക്ക് നോക്കുമ്പോൾ ആകാശവും ഒരു ഗോളം കമിഴ്ത്തി വച്ചപോലെ തന്നെയുണ്ട് താനും. മനസിലെ ധാരണ ഭദ്രം.

ചെറിയ കുട്ടികളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിക്കാനുപയോഗിക്കുന്ന ഭാഷയും കുട്ടി പഠിച്ചുവരുന്നതേയുള്ളു എന്ന കാര്യം മറന്നുപോകരുത്. പലപ്പോഴും നമ്മൾ പറയുന്നത്, ആ അർത്ഥത്തിലാകില്ല കുട്ടി മനസിലാക്കുന്നത്. തീരെ ചെറുതിലേ വിദേശഭാഷയിൽ കുട്ടിയുടെ തലയിലേയ്ക്ക് കാര്യങ്ങൾ കുത്തിക്കയറ്റാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്നം വഷളാകും. ‘In Earth’, ‘On Earth’ എന്നീ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം കുട്ടിയ്ക്കറിയാമോ എന്നുറപ്പിച്ചിട്ട് വേണം ‘ഭൂമിയിലെ താമസം’ ഇംഗ്ലീഷിൽ പഠിപ്പിക്കാൻ (സത്യം പറഞ്ഞാൽ, ഈ വ്യത്യാസം അറിയാത്ത ടീച്ചർമാരെ ഞാൻ കണ്ടിട്ടുണ്ട്. അവിടെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ല! അത് വേറൊരു വിഷയമാണ്) ഭൂമിയുടെ അകത്താണ് –In Earth– നമ്മൾ താമസിക്കുന്നത് എന്ന മനസിലാക്കുന്ന കുട്ടിയ്ക്ക്, ഫിസിക്സും ജ്യോഗ്രഫിയും കാലാവസ്ഥയും ബഹിരാകാശ ശാസ്ത്രവും ഒന്നും മനസിലാകാനേ പോകുന്നില്ല. അയാളുടെ സാമാന്യബോധം തന്നെ തകിടം മറിയ്ക്കപ്പെട്ടിരിക്കുന്നു. ചെറിയ ക്ലാസിൽ ഉറയ്ക്കേണ്ട അടിസ്ഥാനം ശരിയായില്ല എന്നുണ്ടെങ്കിൽ പിന്നീടൊരിയ്ക്കലും ഒരാൾ ശാസ്ത്രം ശരിയായി മനസിലാക്കില്ല എന്നുറപ്പാണ്, അതിനി എത്ര മുതിർന്നിട്ടായാലും. ഇത് വളരെ വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. 

ഇതെഴുതാൻ പ്രചോദനമായത്, ശാസ്ത്ര ചോദ്യങ്ങൾ ശേഖരിയ്ക്കാനായി ഞാൻ നടത്തിയ ശ്രമത്തിനിടെ കിട്ടിയ ഒരു ചോദ്യമാണ്. “നമ്മുടെ ശരീരം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ തിരിച്ചറിയുന്നത് എങ്ങനെയാണ്?” എന്നായിരുന്ന ആ ചോദ്യം. “നമ്മൾ ഓക്സിജൻ വലിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു” എന്ന് കുട്ടികളെ കാണാതെ പഠിപ്പിയ്ക്കുമ്പോൾ അതിൽ പതിയിരിക്കുന്ന വലിയൊരു അപകടം തിരിച്ചറിയാൻ സഹായിച്ചത് ഈ ചോദ്യമാണ്. സ്കൂളിൽ ഇത് പഠിച്ചപ്പോൾ, ശരീരം അന്തരീക്ഷത്തിലെ അനേകം വാതകങ്ങളിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുത്ത് അകത്താക്കുന്നു എന്ന ചിത്രമാണ് ആ സുഹൃത്തിന്റെ മനസിലേയ്ക്ക് വന്നത് എന്നുവേണം ഊഹിക്കാൻ. അദ്ദേഹത്തെ അതിൽ ഒരിയ്ക്കലും കുറ്റപ്പെടുത്താനാവില്ല. അത്രയും ചെറിയ പ്രായത്തിൽ മനസിൽ പതിഞ്ഞതാണ്. അന്തരീക്ഷവായുവിനെ മൊത്തത്തിലാണ് നമ്മൾ മൂക്കിലൂടെ അകത്തേയ്ക്കെടുക്കുന്നത് എന്ന ആശയം പഠിപ്പിക്കലിനിടെ വിട്ടുപോയിരിക്കും. 

ശ്രദ്ധയിൽ പെട്ട ഏതാനം ഉദാഹരണങ്ങൾ മാത്രമാണിതൊക്കെ. ഞാനുൾപ്പടെ ഇതുപോലെ എത്രയോ അബദ്ധധാരണകളുമായിട്ടായിരിക്കും നടക്കുന്നത്. ഇതൊന്നും പൂർണമായി ഒഴിവാക്കുന്നത് പ്രായോഗികവുമല്ല. പക്ഷേ ഇന്നത്തെയീ പോക്ക് കാണുമ്പോൾ, ഇതൊക്കെ വല്ലാണ്ട് വഷളാകുന്നതായിട്ടാണ് തോന്നുന്നത്. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തെ വളരെ ലാഘവബുദ്ധിയോടെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. പറഞ്ഞുതുടങ്ങിയ വിഷയത്തെക്കാൾ ഗൗരവമുള്ള കാര്യങ്ങൾ പോലും മുഖവിലയ്ക്കെടുക്കാതെയാണ് ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിന്റെയൊക്കെ ഫലമായി, കുറേ കഴിയുമ്പോൾ good-for-nothing-fellows ആകാൻ പോകുന്ന ഒരു തലമുറയെയാണ് നമ്മൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നത് എന്ന ആശങ്ക കാര്യമായിട്ടുണ്ട്.

Nov 6, 2015

ഗ്രാനൈറ്റ് തറയും റബ്ബർ കാർപ്പെറ്റും- തണുപ്പിന്റെ കഥ

"ഗ്രാനൈറ്റ് തറയ്ക്ക് റബ്ബർ കാർപ്പറ്റിനെക്കാൾ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?"
 
വായനക്കാരുടെ ശാസ്ത്ര സംശയങ്ങൾ ശേഖരിച്ചതിൽ നിന്നും കിട്ടിയൊരു ചോദ്യമാണിത്. (ഇനിയും ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നവർ ബ്ലോഗിന്റെ വലത്തേ കോളത്തിൽ മുകളിലേയ്ക്ക് നോക്കൂ)
 
നിത്യജീവിതത്തിൽ ചില വസ്തുക്കൾ മറ്റ് വസ്തുക്കളെ അപേക്ഷിച്ച് തണുത്തിരിക്കുന്നതായിട്ടുള്ള അനുഭവങ്ങളിൽ നിന്നാണ് ഈ ചോദ്യം വന്നതെന്ന് വ്യക്തം. അങ്ങനെ തോന്നാത്തവർ തിരക്കൊഴിഞ്ഞ അടുക്കളിയിലേക്കൊന്ന് കയറി, സ്റ്റീൽ പാത്രം, ഗ്ലാസ്, അമ്മിക്കല്ല്, തടിപ്പെട്ടി, ഫ്രൈയിങ് പാനിന്റെ പിടി എന്നിങ്ങനെ അവിടെ കാണുന്ന ഓരോ വസ്തുക്കളിലായി തൊട്ടുനോക്കുക. സ്റ്റീൽ പാത്രം ഗ്ലാസിനെക്കാൾ തണുത്തിരിക്കുന്നു എന്ന് മനസിലാവും.
 
പക്ഷേ ഇവിടൊരു കുഴപ്പമുണ്ട്. സ്റ്റീൽ പാത്രവും ഗ്ലാസും ഫ്രൈയിങ് പാനും ഒക്കെ ഒരേ മുറിയിൽ കുറേ നേരം ഇരുന്നവയാണ് എങ്കിൽ അവ എല്ലാം ഒരേ താപനിലയിൽ തന്നെ ആയിരിക്കും എന്നതാണ് സത്യം. അവ ഒന്ന് മറ്റൊന്നിനെക്കാൾ തണുത്തതോ ചൂടുള്ളതോ ആയി നിൽക്കില്ല. പ്രകൃതിയിലെ അടിസ്ഥാന ഭൗതികനിയമമാണിത്– വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കൾ ഒരുമിച്ച് വന്നാൽ അതിൽ ചൂട് കൂടിയതിൽ നിന്ന് കുറഞ്ഞതിലേയ്ക്ക് താപോർജം ഒഴുകുകയും അവയെല്ലാം ഒരേ താപനിലയിലേയ്ക്ക് വരികയും ചെയ്യും. മുറിയിൽ വെറുതേ വെച്ചിരിക്കുന്ന പക്ഷം ചൂടുചായ ‘തണുക്കുക’യും ഐസ് വാട്ടർ ‘ചൂടാവുകയും’ ചെയ്യുന്നത് അതുകൊണ്ടാണ്. ചായ അന്തരീക്ഷത്തിലേയ്ക്ക് ചൂട് കൊടുക്കുകയും ഐസ് വാട്ടർ ചൂട് അതിലേയ്ക്ക് വലിച്ചെടുക്കുകയും ചെയ്യും. ആത്യന്തികഫലം ഇവയെല്ലാം ഒരേ താപനിലയിലേയ്ക്ക് എത്തിച്ചേരും എന്നതായിരിക്കും. അങ്ങനെയെങ്കിൽ പോലും നിങ്ങൾ ലോഹപാത്രത്തിലും പ്ലാസ്റ്റിക് പാത്രത്തിലും തൊട്ടുനോക്കിയാൽ ലോഹപാത്രം കൂടുതൽ ‘തണുത്തിരിക്കുന്നു’ എന്ന കാര്യത്തിൽ നിങ്ങൾ തർക്കിക്കാൻ തയ്യാറാകുമെന്ന് ഉറപ്പാണ്. ഇവ രണ്ടും ഒരേ താപനിലയിലാണ് ഇരിക്കുന്നത് എന്ന കാര്യം സമ്മതിക്കാൻ ബുദ്ധിമുട്ടായിരിക്കും.
 
അപ്പോ എന്താണിവിടത്തെ പ്രശ്നം?
 
ഇവിടെ താപനില അഥവാ Temperature അല്ല, താപചാലകത അഥവാ Thermal conductivity എന്ന ഗുണവിശേഷമാണ് പ്രവർത്തിക്കുന്നത്. 
 
താപവും താപനിലയും തമ്മിലുള്ള വ്യത്യാസം ആദ്യം മനസിലാക്കണം. താപം എന്നത് ഒരു ഊർജവും താപനില എന്നത് അതിന്റെ ഒരു ഫലവുമാണ്. Temperature is the ‘effect’ of heat energy. താപോർജം എന്നത് സത്യത്തിൽ ഒരു വസ്തുവിലെ കണങ്ങളുടെ ഗതികോർജം (kinetic energy) ആണ്. ഊർജം പകർന്ന് കിട്ടുമ്പോൾ ഒരു വസ്തുവിലെ കണങ്ങൾ അതിനനുസരിച്ച് ചലിയ്ക്കാൻ തുടങ്ങും. ഖരവസ്തുക്കളിൽ കണങ്ങളെല്ലാം ക്രമമായ രീതിയിൽ അടുക്കപ്പെട്ടിരിക്കുന്നതിനാൽ, കണങ്ങളുടെ ചലനം എന്നത് ഒരു കമ്പനചലനമായിരിക്കും (Vibration). കണങ്ങൾ അവയുടെ സ്ഥാനത്തിരുന്ന് വൈബ്രേറ്റ് ചെയ്യും. എത്രത്തോളം കൂടുതൽ ഊർജം കിട്ടുന്നുവോ അത്രത്തോളം വേഗത്തിലായിരിക്കും കണങ്ങൾ കമ്പനം ചെയ്യുന്നത്. ഇങ്ങനെ ഒരു വസ്തുവിലെ കണങ്ങളുടെ കമ്പനത്തിന്റെ ഒരു ശരാശരി അളവാണ് നമ്മൾ താപനിലയായി അളക്കുന്നത്. രണ്ട് താപനിലയിലുള്ള വസ്തുക്കളുടെ ഉള്ളിൽ രണ്ട് അളവിലായിരിക്കും താപോർജം ഉള്ളത്. ഒന്നിൽ കണങ്ങൾ വളരെ വേഗത്തിലും മറ്റേതിൽ അവ പതിയെയും ആയിരിക്കും കമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. അവയെ തമ്മിൽ ചേർത്ത് വച്ചാൽ ഊർജം കൂടുതലുള്ള വസ്തുവിൽ നിന്ന് കുറഞ്ഞതിലേയ്ക്ക് ഊർജം ഒഴുകും. ഊർജം നഷ്ടപ്പെടുന്ന വസ്തുവിൽ കണങ്ങളുടെ വേഗത കുറയുകയും മറ്റേതിൽ അത് കൂടുകയും ചെയ്യും. രണ്ടിലും ഒരേ താപനില എത്തുന്നതുവരെ ഈ ഒഴുക്ക് നടക്കും. 
 
താപോർജത്തിന്റെ ഒഴുക്ക് കൊണ്ട് താപനില മാറുന്നു എന്നതാണ് പറഞ്ഞുവന്നത്. ഇനി ഈ ഒഴുക്കിന്റെ വേഗത കൂടി കണക്കിലെടുക്കണം. അതാണ് താപചാലകത എന്ന് അളക്കപ്പെടുന്ന ഗുണവിശേഷം. ഒരു വസ്തു അതിന് കിട്ടുന്ന താപോർജത്തെ അതിനുള്ളിലൂടെ കടത്തിവിടുന്നു എന്നതിനെയാണ് താപചാലക സ്വഭാവം എന്ന് പറയുന്നത്. നല്ല താപചാലകസ്വഭാവം ഉള്ള വസ്തുവിലെ കണങ്ങൾ തങ്ങൾക്ക് കിട്ടുന്ന ഊർജത്തെ ഉടൻ തന്നെ മറ്റ് കണങ്ങൾക്ക് പകർന്ന് കൊടുക്കുകയും പുറത്തെ ഊർജസ്രോതസ്സിൽ നിന്നും വീണ്ടും ഊർജം സ്വീകരിക്കുകയും ചെയ്യും. ഒരു ഓഡിറ്റോറിയത്തിൽ നിരന്നിരിക്കുന്ന ആളുകൾക്ക് ചായ കൊടുക്കുന്ന കാര്യം സങ്കല്പിച്ചാൽ മതി. ഒരു മൂലയിലിരിക്കുന്ന ഒന്നോ രണ്ടോ പേരുടെ കൈയിൽ ചായ കൊടുത്ത് ഉള്ളിലേയ്ക്ക് പാസ് ചെയ്ത് കൊടുക്കാൻ പറയുന്നു. ആദ്യം ചായ വാങ്ങുന്ന ആളുകൾ വേഗം വേഗം അത് അകത്തേയ്ക്ക് പാസ് ചെയ്തുകൊടുത്താൽ വളരെ വേഗം ചായ വിതരണം ചെയ്യപ്പെടും. താപോർജത്തിന്റെ കാര്യമാണെങ്കിൽ, വലിയ കണങ്ങളോ, വളരെ ശക്തമായി അടുക്കിയിരിക്കുന്ന കണങ്ങളോ ആണെങ്കിൽ അത്രയെളുപ്പത്തിൽ ഇങ്ങനെ ഊർജം വിതരണം ചെയ്യപ്പെടില്ല. അത്തരം വസ്തുക്കൾ മോശം താപചാലകമായിരിക്കും. പ്ലാസ്റ്റിക്, തടി തുടങ്ങിയ വസ്തുക്കൾ ഇക്കൂട്ടത്തിൽ പെടും. ലോഹങ്ങൾക്കാണ് ഇക്കാര്യത്തിൽ കേമത്തരം. ലോഹങ്ങളിൽ ഏതാണ്ട് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രോണുകൾ ധാരാളമുണ്ട് എന്നതിനാൽ വളരെ വേഗം താപോർജം വിതരണം ചെയ്യപ്പെടും. ഇതേ കാരണം കൊണ്ട് തന്നെയാണ് ലോഹങ്ങൾ വൈദ്യുതിയ്ക്കും പ്രിയങ്കരമാവുന്നത്. ഒരു വസ്തുവിന് എത്രത്തോളം താപചാലക സ്വഭാവം ഉണ്ടോ അത്രത്തോളം എളുപ്പത്തിൽ അത് താപോർജം സ്വീകരിച്ച് അകത്തോട്ട് കടത്തിവിടും. നിങ്ങൾ ഒരു കാൽ തടിപ്പലകയിലും മറ്റേത് ഗ്രാനൈറ്റ് ടൈലിലും ചവിട്ടി നിന്നാൽ ഈ വ്യത്യാസമാണ് അനുഭവപ്പെടുന്നത്. ഗ്രാനൈറ്റിന് തടിയെക്കാൾ ഇരുപത് മടങ്ങ് താപചാലക ശേഷിയുണ്ട്. അത് വളരെ വേഗം നിങ്ങളുടെ കാലിൽ നിന്ന് താപോർജം വലിച്ചെടുത്ത് അതിനുള്ളിലേയ്ക്ക് വിതരണം ചെയ്യും. നിങ്ങളുടെ തലച്ചോറ് ആ കാലിൽ നിന്ന് ഊർജം നഷ്ടം വരുന്നത് മനസിലാക്കി ‘തണുക്കൽ’ എന്ന അനുഭവം ഉണ്ടാക്കും. കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക് കാല് തൊട്ടാൽ മണ്ണിനെക്കാൾ പതിനഞ്ച് മടങ്ങ് ചാലകശേഷിയുള്ള വെള്ളവും നിങ്ങൾക്ക് തണുത്തതായി തോന്നും. വെള്ളി ലോഹമാണ് (silver) എറ്റവും നല്ല താപചാലകം, അതിന് തടിയെക്കാൾ മൂവായിരം മടങ്ങ് താപചാലക ശേഷിയുണ്ട്. അലമാര തുറന്ന് വെള്ളി ചെയിൻ കൈയിലെടുത്താൽ അത് നല്ല തണുത്തിരിക്കുന്നതായി തോന്നുന്നത് അതുകൊണ്ടാണ്. കുറേ നേരം അത് കൈയിൽ പിടിച്ചിരുന്നാൽ താപത്തിന്റെ ഒഴുക്ക് പതിയെ നിലയ്ക്കുകയും തണുപ്പ് എന്ന അനുഭവം മാറുകയും ചെയ്യും. വാതകങ്ങളാണ് ഏറ്റവും മോശം താപചാലകം. അവയുടെ കണങ്ങൾ തമ്മിലുള്ള അകലം വളരെ കൂടുതലായതിനാൽ അവയ്ക്കിടയിലുള്ള താപകൈമാറ്റം വളരെ ബുദ്ധിമുട്ടാണ്. (അത് ഒരു കണക്കിന് നന്നായി. ഇല്ലെങ്കിൽ നമ്മളെ പൊതിഞ്ഞ് നിൽക്കുന്ന അന്തരീക്ഷം ശരീരത്തിലെ താപം പെട്ടെന്ന് വലിച്ചെടുത്തേനെ)
 
അതായത്, വസ്തുക്കളെ തൊടുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത് അവയുടെ താപനില മാത്രമല്ല, അവയുടെ താപചാലക ശേഷി കൂടെയാണ് എന്നർത്ഥം.

Oct 27, 2015

മുങ്ങിക്കൊണ്ടിരിക്കുന്ന മതേതര കപ്പലിൽ നിന്നും തത്സമയം...

മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാനാവിധ മതവിശ്വാസികൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിൽ, സമാധാനമായി ജീവിക്കുന്നതിന് എല്ലാവരും കൂടി കണ്ടെത്തുന്ന ഒരു പ്രായോഗിക ബുദ്ധിയാണ് മതേതരത്വം എന്ന കാപട്യം. അടിസ്ഥാനപരമായി "നീ നിന്റെ മതം വെച്ചോളൂ, ഞാൻ എന്റെ മതം വച്ചോളാം, ഞാൻ നിന്റെ മതത്തിൽ ഇടപെടില്ല, നീ എന്റെ മതത്തിലും ഇടപെടരുത്" എന്ന സങ്കുചിതമായ സന്ദേശമാണ് അതിലുള്ളത്. അമ്പലത്തിന്റെയും പള്ളിയുടേയും കൊടിമരം കൂട്ടിക്കെട്ടിയും പെരുന്നാളിനും ഓണത്തിനും ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയും മൂന്ന് മതച്ചിഹ്നങ്ങളും കൂടി ഒരുമിച്ച് പെയിന്റ് ചെയ്തുമൊക്കെ മതേതരത്വത്തിൽ രോമാഞ്ചം കൊള്ളുന്നത്, ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള നാട്യം മാത്രമാണ്. ഒരു കൂട്ടത്തിലെ ആണ് മറുകൂട്ടത്തിലെ പെണ്ണിനെ പ്രണയിക്കുന്നിടം വരെയുള്ള ആയുസ്സേ ഈ മതേതരത്വത്തിനുള്ളു. മതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ പരസ്പരം അകറ്റി നിർത്തുക എന്നതാണ്. മതവ്യത്യാസം നോക്കാതെ ആളുകൾ പരസ്പരം വിവാഹം കഴിക്കാൻ തുടങ്ങിയാൽ രണ്ട് തലമുറ കഴിയുമ്പോൾ മതങ്ങളേ ഇല്ലാതാകും. അവർ-ഞങ്ങൾ എന്ന് വേർതിരിക്കാനാവാത്ത വിധം അവ കൂടിക്കലർന്നുപോകും. അതൊരു മതവിശ്വാസി എന്ത് വിലകൊടുത്തും ചെറുക്കും. അയാൾക്ക് തന്റെ മതം അത്ര പ്രിയപ്പെട്ടതാണ്. അന്യമതത്തിൽ നിന്ന് വിവാഹം കഴിക്കുന്ന മക്കളെ വീട്ടിൽ നിന്നും എഴുതിത്തള്ളുന്ന നാടാണിത്. മക്കളെയും മതത്തേയും ത്രാസിൽ വെച്ചാൽ മതമായിരിക്കും താഴ്ന്ന് നിൽക്കുന്നതെന്നർത്ഥം.

ഏതെങ്കിലും ഒരു മതത്തിന് അധികാരം ഉള്ള സ്ഥലങ്ങളിൽ മതേതരത്വമോ മതസൗഹാർദ്ദമോ ഒന്നും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അവിടെ "ഞാൻ പറയും, നീ അനുസരിക്കും" എന്ന ലൈനിലായിരിക്കും ഭൂരിപക്ഷമതം. ഇതേ മതം ന്യൂനപക്ഷം ആയിരിക്കുന്നിടത്ത് അവിടത്തെ മതവിശ്വാസികൾ കടുത്ത മതേതരവാദികൾ ആയിരിക്കുകയും ചെയ്യും. കാരണം അവിടെ പരസ്പരസഹകരണത്തോടെ അഡ്ജസ്റ്റ് ചെയ്ത് പോയില്ലെങ്കിൽ അപകടമാണ്. ജനാധിപത്യസമൂഹങ്ങൾ secular അല്ലെങ്കിൽ മതേതരം ആയി രൂപകല്പന ചെയ്യപ്പെടേണ്ടത് അതുകൊണ്ടാണ്. സ്റ്റേറ്റ് അഥവാ സർക്കാർ മതതത്വങ്ങളിൽ നിന്നും മതാധികാരങ്ങളിൽ നിന്നും വേറിട്ട് നിൽക്കുക എന്നതാണ് അവിടത്തെ കാഴ്ചപ്പാട്. കാരണം സർക്കാരിന്റെ കൈയിലാണ് അധികാരം ഉള്ളത്. പരസ്പരം അകറ്റിനിർത്താനും ഇല്ലാതാക്കാനും ശ്രമിക്കുക എന്ന ജനിതകസ്വഭാവമുള്ള മതങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ സർക്കാർ ഇവരിൽ ആരുടെയെങ്കിലും കൂടെ കൂടിയാൽ അക്കൂട്ടർക്ക് അധികാരസ്വാഭാവം ഉണ്ടാവും. അപ്പോൾ സ്വാഭാവികമായും ആ മതം മതത്തിന്റെ തനിക്കൊണം പുറത്തെടുക്കും.

നീലക്കുറുക്കൻമാർ കൂവാൻ തുടങ്ങുന്നു

മുസ്ലീം ലീഗിനെ ഇസ്ലാം മതത്തിൽ നിന്ന് വേർപെടുത്താനാവില്ല. അതുപോലെ തന്നെ ബീ.ജെ.പി.-സംഘപരിവാർ സംഘങ്ങളെ ഹിന്ദുമതത്തിൽ നിന്നും വേർപെടുത്താനാവില്ല എന്ന് എല്ലാവർക്കും അറിയാം. അങ്ങനെയൊരു സർക്കാർ ഭരിയ്ക്കുമ്പോൾ സംഭവിക്കേണ്ട സ്വാഭാവികമായ കാര്യങ്ങൾ തന്നെയാണ് ഇന്ന് ഇൻഡ്യയിൽ സംഭവിക്കുന്നത്. മന്ത്രിമാരും എം.പി.മാരും പരസ്യമായി ഒരു മതത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ആ മതത്തിൽ പെട്ടവർക്ക് സ്വാഭാവികമായും അധികാരം തങ്ങളുടെ കൈയിൽ വന്നതുപോലെ തോന്നും. ചെളിയിൽ കിടന്ന സകല ഞാഞ്ഞൂലുകളും പത്തിവിടർത്തി ആടുന്നത് ആ ധൈര്യത്തിലാണ്. ഒപ്പം പല നിഷ്പക്ഷ നീലക്കുറുക്കൻമാരുടേയും ഉള്ളിലെ മതം എണീറ്റ് നിന്ന് ഓരിയിടുന്നതും കാണാം. "ഞങ്ങടെ മതേതരത്വം തകർന്നേ" എന്ന നിലവിളിയ്ക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. ഇല്ലാത്ത ഒന്ന് തകരില്ല. പണ്ടേ ഉണ്ടായിരുന്ന ഒന്നിന് ഇപ്പോൾ പുറത്തുവരാനുള്ള അവസരം കിട്ടിയിരിക്കുന്നു. ഇന്ന് "പോടാ മതേതരാ" എന്ന് തെറിവിളിയുടെ ടോണിൽ വിളിക്കാൻ ഭൂരിപക്ഷമതവിശ്വാസിയ്ക്ക് ധൈര്യം കിട്ടുന്നുണ്ട്. കാരണം മതേതരത്വം എന്ന ആട്ടിൻതോൽ ഇനിയും അണിഞ്ഞ് നടക്കേണ്ട ആവശ്യം അവർക്കില്ല. മതേതരത്വം ഞങ്ങൾക്കിനി വേണ്ട എന്നവർ പരസ്യമായി പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇത്രേ ഉള്ളൂ മതത്തിന്റെ കാര്യം. അധികാരം കിട്ടുന്നതുവരെയേ ഉള്ളൂ മാനവസ്നേഹവും ലോകാസമസ്താ സുഖിനോ ഭവന്തുവും ഒക്കെ.

മതത്തിന് മക്കളെക്കാളും ജീവനെക്കാളും വരെ പ്രാധാന്യം കൊടുക്കുന്ന ജനങ്ങൾ വസിക്കുന്ന സ്ഥലത്ത് ഏറ്റവും നല്ല രാഷ്ട്രീയ ആയുധം കൂടിയാണ് മതം. ഇത് ചരിത്രം പലതവണ പഠിപ്പിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഇൻഡ്യയിൽ നടക്കുന്നത് സർക്കാർ ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതല്ല. മതത്തെ വളരെ ഭംഗിയായി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു എന്നതാണ്. ശ്രദ്ധിച്ചാൽ മനസിലാകും, മതത്തോടോ മതവിശ്വാസികളോടോ പ്രത്യേകിച്ചൊരു പ്രതിപത്തിയും അവർക്കില്ല. മതവിശ്വാസികളിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാക്കിയെടുക്കുന്നു എന്നേയുള്ളു. ഇത് ഏത് മതത്തിലും സാധ്യമാണ്. അതാത് പ്രദേശത്തെ ഭൂരിപക്ഷമതത്തെയാണ് കാലാകാലങ്ങളിൽ ഫാസിസ്റ്റുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മതവിശ്വാസികൾക്ക് രോമാഞ്ചം ഉണ്ടാക്കുന്ന വിധത്തിൽ അവരുടെ അപ്പൂപ്പൻമാർക്കെല്ലാം അയ്യായിരം ആന വീതം ഉണ്ടായിരുന്നു എന്നും, അവരുടെ കൈയിരിക്കുന്ന മതവിശ്വാസം ഏഴായിരം കൊല്ലം മുൻപ് വിമാനം പറത്താനുപയോഗിച്ച മതവിശ്വാസമാണ് എന്നുമൊക്കെ ഇടക്കിടെ പറഞ്ഞോണ്ടിരുന്നാൽ അതിൽ വീഴാതിരിക്കണമെങ്കിൽ കേൾക്കുന്നവർക്ക് മതത്തിനപ്പുറം ചിന്തിക്കുന്ന ശീലമുണ്ടാകണം. ഇൻഡ്യയിൽ അത് വളരെ ചെറിയൊരു ന്യൂനപക്ഷത്തിനേ ഉള്ളു. അതൊക്കെ വിശ്വസിക്കാൻ കേരളത്തിൽ ആളുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പിന്നെ പറയണോ!

കുറ്റിയിൽ കെട്ടിയ പശു, പശുവിൽ കെട്ടിയ ഇൻഡ്യ

ഇന്നിവിടെ നാനാദിക്കിലും ചർച്ച ചെയ്യപ്പെടുന്നത് ഒരൊറ്റ പ്രശ്നമാണ്- ഗോവധം. വേറെ എല്ലാ പ്രശ്നങ്ങളും ഏതാണ്ട് പരിഹരിച്ച മട്ടാണ്. നൂറ്റിമുപ്പത് കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഒരു വലിയ മൂന്നാം ലോകരാജ്യത്ത് അടിയന്തിരശ്രദ്ധ കിട്ടേണ്ട നിരവധി വിഷയങ്ങളുണ്ടാകും. ഒരു ജനാധിപത്യത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത അത്തരമൊരു ഗോവധത്തെ പർവതീകരിച്ച് ഉയർത്തിക്കാട്ടുമ്പോൾ മൃഗബലിയും യാഗത്തിൽ ഹോമിച്ച മൃഗത്തിന്റെ മാസം ഭക്ഷിക്കുന്നതും ഒക്കെ മഹത്തരമായി കണക്കാക്കിയിരുന്ന, രോഗങ്ങൾക്ക് ബീഫ് മരുന്നായി പരിഗണിക്കപ്പെട്ട സുശ്രുതസംഹിതയുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരു ചരിത്രം ഹിന്ദുമതത്തിന് ഉണ്ടെന്ന കാര്യം മിക്ക ഹിന്ദുക്കൾക്കറിയില്ല. (ഏത് മതമായാലും, മതവിശ്വാസത്തിന്റെ അടിസ്ഥാനയോഗ്യത ആ മതത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ്) പക്ഷേ ഗോവധത്തെക്കുറിച്ച് വിലപിക്കുന്ന സംഘിയെ നോക്കി, ഗണപതിയുടെ വാഹനമായ എലിയെ കൊല്ലുന്നതോ, വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തെ തിന്നുന്നതോ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം, ഗോവധം എന്നത് അയാൾക്ക് സ്വന്തം ആളുകളെ ഒരുമിച്ച് കൂട്ടുന്നതിനുള്ള ഒരു ടൂൾ മാത്രമാണ്. 'മാതാവി'ന്റെ പാല് കറന്ന് കടയിൽ വിൽക്കുന്ന ആള് തന്നെയാണ് പാല് തരുന്ന മാതാവിനെ കൊല്ലാൻ പാടില്ല എന്നുംപറയുന്നത്. ഇതിൽ ലോജിക്കില്ലായ്മ തോന്നുന്നത് നമ്മളതിന്റെ ഉദ്ദേശ്യത്തെ തെറ്റിദ്ധരിയ്ക്കുന്നതുകൊണ്ടാണ്. ഗോമാതാവിന്റെ സംരക്ഷണമാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം എങ്കിലേ ഇതിൽ ലോജിക്ക് ഇല്ലാതുള്ളൂ. സംഘിയുടെ ഉദ്ദേശ്യം അതല്ല. അതുകൊണ്ട് തന്നെ ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന സംഘി ബീഫ് എക്സ്പോർട്ട് കമ്പനിയുടെ ഉടമയാകുന്നതിലും ലോജിക്ക് കറകറക്റ്റാണ്. സംഗതി എന്തായാലും ഹിന്ദുമതസംരക്ഷണം എന്ന ട്രിക്ക് വർക്ക് ചെയ്യുന്നുണ്ട് എന്നതിനുള്ള തെളിവുകൾ ദിനംപ്രതി കിട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് ഉത്തരേൻഡ്യയിൽ, പശുവിനെ കൊന്നു എന്നൊരു കരക്കമ്പി പറഞ്ഞുപരത്തിയാൽ അതൊരു കൊലപാതകത്തിലോ കലാപത്തിലോ കലാശിക്കാനാണ് സാധ്യത. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഒരു ഫാഷിസ്റ്റ് സർക്കാരിന് ആവശ്യം. കാരണം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മതത്തിലേയ്ക്ക് തിരിച്ചുവിട്ടാൽ ഭരണം വിലയിരുത്തപ്പെടില്ല. ബാക്കി എല്ലാ ജീവിതപ്രശ്നങ്ങളും പരിഹരിക്കപ്പെട്ട ജനങ്ങളായിരുന്നില്ല, ഉത്തർപ്രദേശിൽ പശുമാംസത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലാനിറങ്ങിയത്.

സ്വന്തം മതത്തിന്റെ പേരിൽ നടക്കുന്ന ഒരു പ്രവൃത്തിയെ ഒരു മതവിശ്വാസി പെട്ടെന്ന് വിമർശനാത്മകമായി സമീപിക്കില്ല (അങ്ങനെ ചെയ്യുമായിരുന്നെങ്കിൽ അയാൾ മതവിശ്വാസിയായി തുടരാൻ തന്നെ സാധ്യത കുറവാണ്). അതുകൊണ്ട് തന്നെ മറ്റൊരു പാർട്ടിയിൽ നിൽക്കുന്ന ആള് പോലും 'എന്തൊക്കെ ആയാലും എന്റെ മതത്തിന്റെ പേരിലല്ലേ' എന്ന മട്ടിൽ ഈ ചെയ്തികളെ ലളിതവൽക്കരിക്കുകയേ ഉള്ളൂ. അതാണ് രാഷ്ട്രീയത്തിൽ മതം കയറ്റുന്നവരുടെ പിൻബലം. രാഷ്ട്രീയ വിമർശനങ്ങൾ നൈസായി മതവിമർശനമായി മാറും. അതോടെ മതവിശ്വാസികൾ മുണ്ടും മടത്തുകെട്ടി പ്രതിരോധിയ്ക്കാൻ ഇറങ്ങിക്കോളും. നേതാവിന് ഇടക്കിടെ രണ്ട് ഡയലോഗടിച്ച് ഇളക്കിവിട്ടാൽ മാത്രം മതി. പല നിഷ്പക്ഷ ബുദ്ധിജീവികളും 'പോർക്ക് ഫെസ്റ്റു് നടത്താത്തതെന്താ?' 'സൗദിയിൽ പോയി പോർക്ക് കഴിക്കാമോ'എന്നൊക്കെ ചോദിക്കുന്നത് കേട്ടിരുന്നു. മതാധിഷ്ഠിതരാജ്യവും മതേതരജനാധിപത്യരാജ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ തലയിൽ കയറ്റിവെച്ചിരിക്കുന്ന മതം അവരെ സമ്മതിക്കുന്നില്ല. അത് എന്ത് വിഡ്ഢിത്തത്തേയും നിശ്ശബ്ദമായി സഹിക്കുകയോ പരസ്യമായി ന്യായീകരിക്കുകയോ വരെ ചെയ്യിക്കും. മതം വൈകാരികമാണ്. അതിൽ വിവേകത്തിന് സ്ഥാനമില്ല. മതവും സർക്കാരും തമ്മിൽ കൂടിക്കുഴയുമ്പോൾ വിവേകത്തോടെ സർക്കാരിനെ തെരെഞ്ഞെടുക്കേണ്ട ജനങ്ങൾ, പകരം വൈകാരികമായി അതിനെ വിലയിരുത്താൻ തുടങ്ങുന്നു. അതോടെ സർക്കാരിന് സർവാധികാരവും കൈവരുന്നു. കുറച്ച് വ്യക്തികളിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് പണ്ടേ ഇൻഡ്യയിൽ ചെലവാകുമായിരുന്ന ഒരു ട്രിക്കാണ്. പ്രയോഗിക്കപ്പെടാൻ അല്പം വൈകി എന്നേയുള്ളു. എന്തിലും ഏതിലും മതം തിരുകുന്ന പ്രവണത കൂടിവരുന്ന സ്ഥിതിയ്ക്ക് ഇതിനിയും വഷളാകാനാണ് പോകുന്നത്. ഭരണത്തിൽ മതം തിരുകിയതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേയ്ക്ക് നമ്മൾ കയറാൻ പോകുകയാണ്.

തലയിരിക്കുന്നത് കൊണ്ട് മാത്രം ആടുന്ന വാലുകൾ

മന്ത്രിയുടെ 'പട്ടിയെ കല്ലെറിയൽ' പ്രയോഗത്തിന് 'ഒരു ഗ്രാമത്തിൽ നടക്കുന്ന കാര്യത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടേണ്ട കാര്യമില്ല' എന്ന വ്യാഖ്യാനവുമായി വന്ന് പ്രതിരോധിച്ചവർ കുറേ പേരുണ്ട്. കാര്യം ശരിയാണ്. പഞ്ചായത്തിൽ നടക്കുന്ന കൂട്ടത്തല്ലിന് പട്ടാളം ഇറങ്ങേണ്ട കാര്യമില്ല. പക്ഷേ നമ്മുടെ പുതിയ സർക്കാരിന്റെ കാര്യത്തിൽ ആ ലോജിക്കിന് ഇത്തിരി വളവുണ്ട്. അമ്പത്താറിഞ്ച് തമ്പുരാൻ അധികാരത്തിൽ വന്ന ശേഷം ഇങ്ങ് കേരളത്തിൽ പൊങ്ങിത്തുടങ്ങിയ സംഘിവാലുകൾക്ക് തന്നെ കൈയും കണക്കുമില്ല. ആർ.എസ്.എസും ശിവസേനയുമൊന്നും ഇന്നലെയോ മിനിഞ്ഞാന്നോ ഉണ്ടായ സംഘടനകളല്ല. ശോഭായാത്രയും കുറുവടി പരിശീലനവുമായി നടന്ന അവർ മാംസം കയറ്റിവരുന്ന ലോറി തടയാനും ചുംബനസമരം നടത്തുന്നവരെ പോലീസിന് മുന്നിലിട്ട് തല്ലാനും ഒക്കെ ധൈര്യം കാണിച്ച് തുടങ്ങിയത് എന്നുമുതലാണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ ഇതാണെങ്കിൽ അങ്ങ് നോർത്തിൻഡ്യൻ ബെൽറ്റിൽ ഇവർ ഏതറ്റം വരെ പോകും എന്ന് ഊഹിക്കാവുന്നതേയുള്ളു. യൂ..പി. ആയാലും കേരളമായാലും വാലുകളെല്ലാം ആടുന്നത് ഒരേ തലയുടെ ബലത്തിലാണ്.

'ഇത് ഞങ്ങടെ സർക്കാരാണ്, ഇത് ഞങ്ങളെ സംരക്ഷിക്കും, മറ്റവര് പാകിസ്ഥാനിൽ പോട്ടെ' എന്ന ധാരണയിൽ ഇന്ന് കാണുന്ന വർഗീയപ്രവണതകളെ കൈയടിച്ചോ നിശ്ശബ്ദമായോ പാസ്സാക്കി വിടുന്ന 'ഭക്തജനങ്ങൾ'ക്ക് നേരം വെളുക്കാൻ ഇനിയും സമയമെടുക്കും. പക്ഷേ അവരവരുടെ കൂടി മക്കൾ ജീവിക്കാൻ പോകുന്ന മണ്ണാണ് അവരുടെ സമ്മതത്തോടെ കുറേപേർ ജീവിക്കാൻ കൊള്ളാതാക്കുന്നത് എന്നവർ തിരിച്ചറിയുമ്പോഴേയ്ക്കും പൂർവസ്ഥിതിയിലാക്കാൻ കഴിയാത്ത വിധം ഇത് കൈവിട്ട് പോയിട്ടുണ്ടാകും. ഭൂരിപക്ഷമതത്തിൽ ഭൂരിഭാഗം പേരും സമാധാനം ആഗ്രഹിക്കുന്നവർ തന്നെയായിരിക്കും. പക്ഷേ 'മറ്റവരുടെ പ്രശ്നം, മറ്റവരുടെ പ്രശ്നം' എന്ന മട്ടിൽ ഒന്നുമറിയാത്ത മട്ടിൽ അവരങ്ങ് ജീവിക്കും.പക്ഷേ വർഗീയസംഘർഷങ്ങൾ ഇരയാക്കപ്പെടുന്ന ന്യൂനപക്ഷത്തെ മാത്രമല്ല ബാധിക്കുന്നത് എന്നവർ അറിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളേയും ഒരുമിച്ചാണ് പിടികൂടുന്നത്. സാമൂഹ്യമായ അസ്വസ്ഥതകൾ സമ്പദ്‌വ്യവസ്ഥയെ വരെ തകർക്കും. അതിൽ നിന്നും ആർക്കും മാറിനിൽക്കാനാവില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യോത്പാദനം തുടങ്ങി മർമ്മപ്രധാനമായ മേഖലകളിലേയ്ക്ക് കടന്നുചെല്ലേണ്ട സർക്കാർ സംവിധാനങ്ങൾ ക്രമസമാധാനം എന്ന ഒറ്റവിഷയത്തിൽ ചുറ്റിത്തിരിയും. പത്തുലക്ഷം കോടിയുടെ കുംഭകോണം പോലും ഒരു വർഗീയസംഘർഷത്തെ അപേക്ഷിച്ച് ഗൗരവം കുറഞ്ഞതാണ്. ഒരു കുംഭകോണം അവിടെ തീരുന്നു. മറ്റേത് അങ്ങനല്ല. അത് പുകയുന്ന കാട്ടുതീ പോലെയാണ്, കാറ്റിനനുസരിച്ച് പടർന്നുകയറുകയേ ഉള്ളു. ഒരാളുടെ എടുത്തുചാട്ടം മതി അതിന്. രാവിലെ തമാശ പറഞ്ഞ് ചിരിച്ച് പിരിഞ്ഞവർ വൈകുന്നേരം പരസ്പരം കൊല്ലാനൊരുങ്ങിയതിന്റെ കണക്കുകളാണ് മിക്ക വർഗീയലഹളകൾക്കും പറയാനുള്ളത്.

പണ്ടൊക്കെ ദുസ്സൂചനകൾ കാണുമ്പോൾ 'ഈ പോക്ക് ശരിയാവില്ല' എന്നുപറയാനായി, കാണാൻ പോകുന്ന പൂരം എന്ന രീതിയിലാണ് ഇതുപോലെ ഓരോന്ന് എഴുതിക്കോണ്ടിരുന്നത്. അതേ പൂരം തന്നെ തുടങ്ങിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇങ്ങനെ കിടന്ന് അലച്ചിട്ട് കാര്യമില്ല. നോക്കിനിൽക്കുകയേ നിർവാഹമുള്ളു. അറുപത് വർഷം മുൻപ് പാകിസ്ഥാൻകാര് പോയ റൂട്ടിലേയ്ക്കുള്ള കപ്പലിലാണ് ഇന്ന് നമ്മൾ കയറിയിരിക്കുന്നത്. മുങ്ങാൻ പോകുന്നവർക്ക് നിലവിളിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ. അതിനാണ് ഇതൊക്കെ എഴുതിക്കൂട്ടുന്നത്. എന്തായാലും സമാധാനം നഷ്ടപ്പെട്ട ജനതയ്ക്ക് ഡിജിറ്റൽ ഇൻഡ്യ നൽകുന്ന ഫ്രീ വൈ-ഫൈ അധികം ഗുണം ചെയ്തേക്കില്ല.

വാൽക്കഷണം: ഇതിന് കീഴെ വീഴുന്ന സംഘി കമന്റുകൾ വായിക്കാൻ മെനക്കെടുന്നതല്ല. കാരണം ഇത്രേം നീളമുള്ള എഴുത്ത് വായിച്ചിട്ട് കമന്റ് ചെയ്യാൻ സംഘികൾ മെനക്കെടില്ല എന്നുറപ്പുണ്ട്.

Oct 12, 2015

ഉറുമ്പുകൾ എന്ന വെയ്റ്റ് ലിഫ്റ്റേഴ്സ്

കഴിഞ്ഞ ദിവസം നിത്യജീവിതത്തിലെ ശാസ്ത്രസംശയങ്ങൾ ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലർക്കെങ്കിലും ഓർമ്മ കാണും. കുറേയെറെ രസകരമായ ചോദ്യങ്ങൾ അവിടെനിന്ന് വഭിച്ചിട്ടുണ്ട്. അതിൽ നിന്ന് തെരെഞ്ഞെടുത്ത രണ്ട് ചോദ്യങ്ങളാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. രണ്ട് ചോദ്യങ്ങളും ഉറുമ്പുകളെ പറ്റിയാണ്:

  1. ഉറുമ്പുകൾക്കെങ്ങനെയാണ് തങ്ങളെക്കാൾ ഭാരമുള്ള വസ്തുക്കളെ പുല്ല് പോലെ ഉയർത്തിക്കൊണ്ട് പോകാൻ സാധിയ്ക്കുന്നത്?
  2. വളരെയധികം ഉയരങ്ങളിൽ നിന്ന് വീണിട്ട് പോലും ഉറുമ്പുകൾക്ക് പരിക്ക് പറ്റാത്തത് എന്തുകൊണ്ട്?
രണ്ട് ചോദ്യങ്ങളും ശരിയ്ക്കുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരുമിച്ച് ആലോചിക്കുമ്പോൾ ഉറുമ്പുകൾ ബാലമംഗളത്തിലെ നമ്പോലനെപ്പോലെ ശക്തിമരുന്ന് കുടിച്ച അതിബലശാലികളാണ് എന്നതിന്റെ തെളിവുകളായി തോന്നിയേക്കാം. പക്ഷേ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം അല്പം വ്യത്യസ്തമായ കാരണങ്ങളാണ്. ഓരോന്നായി നോക്കാം.
ശരിയ്ക്കും ഉറുമ്പുകൾക്ക് നല്ല ‘മസിൽ പവറു’ണ്ട് എന്നത് സത്യമാണ്. ഒരുറുമ്പ് അതേ വലിപ്പമുള്ള മറ്റൊരു ഉറുമ്പിന്റെ ശരീരമോ തന്നെക്കാളും വലിപ്പമുളള അരിമണിയോ ഒക്കെ എടുത്തോണ്ട് പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ള ശക്തിപ്രകടനങ്ങളെങ്കിലും, ശരിയ്ക്കും അവയുടെ ബലം അതിനെക്കാൾ വളരെ കൂടുതലാണ്. ഒപ്പമുള്ള ചിത്രം നോക്കൂ.


Biotechnology and Biological Sciences Research Council (BBSRC)-ന്റെ ശാസ്ത്രഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഒരു ഫോട്ടോയാണിത്. ഒരു ഉറുമ്പ്, മിനുസമുള്ള ഒരു പ്രതലത്തിൽ തന്നെക്കാൾ നൂറ് മടങ്ങ് ഭാരമുള്ള ഒരു വസ്തുവും കടിച്ചുതൂക്കി തലകീഴായി നിൽക്കുന്നു! ഏത് സർക്കസിൽ കണ്ടിട്ടുണ്ട് ഇതിലും അത്ഭുതപ്പെടുത്തുന്ന കായികപ്രകടനം?

ഉറുമ്പുകളെ ഇത്രയും വലിയ ഫയൽവാൻമാരാക്കുന്നത് അവരുടെ വലിപ്പം തന്നെയാണ്. വലിപ്പവും കായികശേഷിയും തമ്മിലുള്ള ബന്ധം അല്പം ട്രിക്കി ആണ്. ഭാരം ഉയർത്തുന്ന കാര്യം പറയുമ്പോൾ രണ്ട് കാര്യങ്ങളാണ് കണക്കിലെടുക്കേണ്ടത്– ഒന്ന് ഉയർത്തുന്ന പേശിയുടെ ബലം, രണ്ട് ഉയർത്തപ്പെടുന്ന വസ്തുവിന്റെ ഭാരം (weight). പേശിയുടെ ബലം അതിനെ കുറുകെ മുറിച്ചാലുള്ള പ്രതലത്തിന്റെ വിസ്താരത്തിന് (cross-sectional area, CSA) ആനുപാതികമായിരിക്കും. നീണ്ട മസിലിനെക്കാൾ വീർത്ത മസിലിന് ശക്തി കൂടുതലാകുന്നത് ഇതുകൊണ്ടാണ്. മസിലിന്റെ വിസ്താരം ശരീരവലിപ്പത്തിന് ആനുപാതികമാകുമെന്ന് കരുതിയാൽ വലിപ്പത്തിന്റെ സ്ക്വയറിന് അനുസരിച്ചാണ് മസിലിന്റെ ശക്തി കൂടുന്നത് എന്ന് കാണാം. എന്നാൽ ഒരു വസ്തുവിന്റെ ഭാരം അതിന്റെ വ്യാപ്തത്തിന് (volume) ആനുപാതികമായിരിക്കും. വ്യാപ്തം എന്നാൽ വലിപ്പത്തിന്റെ ക്യൂബിന് അനുസരിച്ചാണ് മാറുന്നത്. scaling എന്ന സങ്കല്പമാണ് ഈ പറഞ്ഞുവരുന്നത്. ഇത് ഗണിതപരമായി ഇത്തിരി സങ്കീർണമായതിനാൽ മനസിലാവാൻ വേണ്ടി ഒരല്പം over-simplify ചെയ്ത് പറയേണ്ടിവരും. ക്യൂബ് ആകൃതിയിലുള്ള മൂന്ന് ജീവികളെ പരിഗണിക്കുക (മിക്കവാറും കാർട്ടൂണിലേ കാണൂ അതുപോലുള്ള ജീവികൾ!). 0.5 cm (5 mm) , 2 cm, 20 cm എന്നിങ്ങനെയാണ് അവയുടെ വലിപ്പം. 5 mm വലിപ്പമുള്ള ജീവിയുടെ CSA എന്നത് 0.5 × 0.5 = 0.25 cm²-ഉം വ്യാപ്തം 0.5  × 0.5 × 0.5 = 0.125 cm³-ഉം ആയിരിക്കും. 2 cm വലിപ്പമുള്ള വസ്തുവിന് ഇവ യഥാക്രമം 4 cm² ഉം 8 cm³ ഉം ആണ്. 20 cm വലിപ്പമുള്ള വസ്തുവിനെ സംബന്ധിച്ചാണെങ്കിൽ ഇവ 400 cm², 8000 cm³ എന്നിങ്ങനെയാണ്. 5 mm വലിപ്പമുള്ള വസ്തുവിൽ നിന്ന് 20 cm വലിപ്പമുള്ള വസ്തുവിൽ എത്തുമ്പോൾ CSA 0.25-ൽ നിന്ന് 400-ൽ എത്തിയിരിക്കുന്നു. അതായത് 1600 മടങ്ങ് വർദ്ധന. എന്നാൽ വ്യാപ്തമോ? അത് 0.125-ൽ നിന്ന് 8000 ആയി. ഇത് 64000 മടങ്ങാണ്!! ഒരു ജീവിയുടെ ശക്തിയും ഭാരവും തമ്മിലുള്ള അനുപാതം CSA-യും വ്യാപ്തവും തമ്മിലുള്ള അനുപാതമായി കരുതാം. അങ്ങനെയെങ്കിൽ 0.5 cm, 2 cm, 20 cm എന്നീ വലിപ്പങ്ങളുള്ള ജീവികൾക്ക് അത് യഥാക്രമം  2 (0.25/0.125), 0.5 (4/8), 0.05 (400/8000) എന്നിങ്ങനെയാണ്. 50 cm വലിപ്പമുള്ള ജീവിയ്ക്ക് ഈ അനുപാതം 0.02 മാത്രമേ ഉണ്ടാകൂ. ഇതിൽ നിന്നും മനസിലാകുന്നത് വലിപ്പം കൂടുന്തോറും ജീവികളുടെ ശക്തി-ഭാരം അനുപാതം കുറയും എന്നാണ്. അതായത് വലിയവയിൽ നിന്ന് ചെറിയവയിലേയ്ക്ക് എത്തുമ്പോൾ ശരീരത്തിന്റെ ബലം കൂടുന്നതിനെക്കാൾ വളരെ വേഗത്തിലാണ് ഭാരം കൂടുന്നത്. അതുകൊണ്ട് വലിപ്പം കൂടിയ ജീവികൾക്ക് ഭാരം ഉയർത്താനുള്ള ശേഷിയും കുറയും. (ഇവിടത്തെ കണക്ക് over-simplified ആണെന്ന് പറഞ്ഞുവല്ലോ. അല്പം കൂടി ആഴത്തിലുള്ള ഗണിതം താങ്ങാനാവുന്നവർക്ക് ഈ ലിങ്ക് നിർദ്ദേശിക്കുന്നു: Scaling Applied to Biology)

ഉറുമ്പിന്റെ കാര്യം നമ്മൾ കരുതുന്നതിനെക്കാൾ ഗംഭീരമാണ്. അവയുടെ കഴുത്തിലെ വിശേഷപ്പെട്ട മസിലുകൾക്ക് അവയുടെ വലിപ്പത്തിന്റെ അയ്യായിരം മടങ്ങ് വരെ ഭാരം താങ്ങാനാകുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ശക്തിയുടെ കാര്യം പറയുമ്പോ ഉറുമ്പിന് അവാർഡ് കൊടുത്ത് യോഗം പിരിച്ചുവിടാൻ നിർവാഹമില്ല. നേരത്തെ പറഞ്ഞ 5000 മടങ്ങ് ജീവനുള്ള ഉറുമ്പിന് ഉയർത്തി നടക്കാവുന്ന ഭാരത്തിന്റെ കണക്കല്ല. അതിന്റെ കഴുത്തിലെ മസിലിന് താങ്ങാനാവുന്ന ഭാരമാണ്. മയക്കിയ ഉറുമ്പിനെ സെൻട്രിഫ്യൂഗിൽ തല ചേർത്ത് ഒട്ടിച്ച്, അത് കറക്കി, തലയും ഉടലും വേർപെട്ട് പോകുന്ന വേഗത നോക്കി അതിൽ നിന്ന് കണക്കാക്കിയ ഭാരമാണത്. നേരിട്ട് നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വെയ്റ്റ്-ലിഫ്റ്റർ ചാണകവണ്ടുകളാണ്. സ്വന്തം ഭാരത്തിന്റെ 1140 മടങ്ങ് ഭാരമാണ് അവ പുല്ല് പോലെ വലിച്ചോണ്ട് പോകുന്നത്. ഒരു മനുഷ്യന് ഈ റെക്കോഡ് ഭേദിക്കണമെങ്കിൽ കറഞ്ഞത് 95 ടൺ ഭാരമെങ്കിലും ഉയർത്തേണ്ടിവരും! 

ഇനി രണ്ടാമത്തെ ചോദ്യത്തിലേയ്ക്ക് വരാം.വളരെ ഉയരത്തിൽ നിന്ന് വീണാലും ഉറുമ്പിന് –അല്ലെങ്കിൽ അതുപോലുള്ള ചെറിയ ജീവികൾക്ക്– അപകടമൊന്നും പറ്റില്ല. ഇതിന്റെ ഉത്തരം സത്യത്തിൽ വളരെ ലളിതമാണ്- ഭാരക്കുറവ്. താഴെവീഴുമ്പോൾ ഉണ്ടാകുന്ന അപകടത്തിന് കാരണം വേഗത്തിൽ താഴേയ്ക്ക് വരുന്ന ജീവി തറയുമായി ഇടിച്ച് നിശ്ചലാവസ്ഥയിൽ വരുമ്പോൾ അതിന് അനുഭവപ്പെടുന്ന ബലം ആണ്. ബലം എന്നത് ആക്കവ്യത്യാസത്തിന്റെ നിരക്കാണ് എന്ന് ന്യൂട്ടന്റെ രണ്ടാം നിയമം പറയുന്നു. ആക്കം എന്നാൽ പിണ്ഡം (mass, m), വേഗത (v) എന്നിവയുടെ ഗുണനഫലമാണ് (p = mv). ഒരേ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി രണ്ട് വസ്തുക്കൾ താഴേയ്ക്ക് വീണാൽ അവ താഴെയെത്തുമ്പോൾ രണ്ടിനും ഒരേ വേഗത ആയിരിക്കും. പക്ഷേ പിണ്ഡം കൂടിയ വസ്തുവിന് ആക്കം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ താഴെയെത്തി നിശ്ചലമാകുമ്പോൾ അവയ്ക്ക് രണ്ടും അനുഭവപ്പെടുന്നത് രണ്ട് ബലങ്ങളായിരിക്കും. ഉറുമ്പിനെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ, പത്ത് മീറ്റർ ഉയരെ നിന്ന് വീഴുന്ന 70 കിലോ ഭാരമുള്ള ഒരാളുടെ ആക്കം 1 ഗ്രാം ഭാരമുള്ള ഒരു ഉറുമ്പിന് ഉണ്ടാവണമെങ്കിൽ അത് പതിനായിരക്കണക്കിന് കിലോമീറ്റർ ഉയരെ നിന്ന് വീഴണം. ആ സാഹചര്യത്തിൽ മറ്റനേകം ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടിയും വരുമെന്നത് വേറെ കാര്യം.

Oct 7, 2015

ന്യൂട്രിനോകളുടെ തനിക്കൊണം തിരിച്ചറിഞ്ഞവർക്ക് നോബൽ

പ്രപഞ്ചത്തെ കുറിച്ചുള്ള അടിസ്ഥാന അറിവിലേയ്ക്ക് സംഭാവന നൽകിയവർക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാനം. പ്രൊഫ. തകാകി കാജിറ്റാ, പ്രൊഫ. ആർതർ മക്ഡൊണാൾഡ് എന്നിവരുടെ ശ്രമത്താൽ തെളിയിക്കപ്പെട്ട ന്യൂട്രിനോ ഓസിലേഷൻ എന്ന പ്രതിഭാസമാണ് അവരെ അതിനർഹരാക്കിയിരിക്കുന്നത്. ന്യൂട്രിനോകളുടെ സ്വഭാവത്തെ കുറിച്ചും അതുവഴി ദ്രവ്യപ്രപഞ്ചത്തിന്റെ രൂപകല്പനയെ കുറിച്ചും അതുവരെയുണ്ടായിരുന്ന ധാരണകളെ തിരുത്തി എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രസക്തി. 

(ഇനി പറയുന്ന കാര്യങ്ങൾക്ക് പശ്ചാത്തലമായി ‘ദൈവകണവും ദൈവവും തമ്മിലെന്ത്’ എന്ന പഴയ പോസ്റ്റ് കൂടി വായിക്കുന്നത് ചില സാങ്കേതികപദങ്ങൾ മനസിലാക്കാൻ സഹായിക്കും)

എന്താണ് ന്യൂട്രിനോകൾ

നമ്മുടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിർമാണ യൂണിറ്റുകൾ എന്ന് വിളിക്കാവുന്ന മൗലികകണങ്ങളുടെ (elementary particles) കൂട്ടത്തിൽ പെടുന്ന ഒരു കണമാണ് ന്യൂട്രിനോ. ശ്രദ്ധിക്കണേ, ‘ന്യൂട്രിനോ’ ആണ്, ‘ന്യൂട്രോൺ’ അല്ല. ഇവർ രണ്ടും വേറേ വേറെ ടീമുകളാണ്. പ്രകാശകണങ്ങളായ ഫോട്ടോണുകൾ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണങ്ങൾ ന്യൂട്രിനോകളാണ്. സൂര്യനുൾപ്പടെയുള്ള നക്ഷത്രങ്ങളിൽ നിന്നും സൂപ്പർനോവാ സ്ഫോടനങ്ങളിൽ നിന്നും ഒക്കെയായി ഇവ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോസ്മിക് കിരണങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായും ന്യൂട്രിനോകൾ ഉണ്ടാകുന്നുണ്ടെങ്കിലും, സൂര്യൻ ഉണ്ടാക്കിവിടുന്ന ന്യൂട്രിനോകളുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും ഒന്നുമല്ല എന്ന് പറയാം. ഭൗമോപരിതലത്തിലെ ഒരു സ്ക്വയർ സെന്റീമീറ്റർ വിസ്താരമുള്ള ഒരു സ്ഥലമെടുത്താൽ അതിനുള്ളിൽക്കൂടി മാത്രം ഒരു സെക്കന്റിൽ 6500 കോടി സോളാർ ന്യൂട്രിനോകളാണ് കടന്നുപോകുന്നത്. ഇതിനെ സാങ്കേതിക ഭാഷയിൽ സോളാർ ന്യൂട്രിനോ ഫ്ലക്സ് എന്ന് വിളിക്കും. ഇതെഴുതുമ്പോൾ എന്റെ ശരീരത്തിലൂടെയും വായിക്കുന്ന നിങ്ങളുടെ ശരീരത്തിലൂടെയും കോടാനുകോടി ന്യൂട്രിനോകൾ നിരന്തരം കടന്നുപോകുന്നുണ്ട് എന്ന്! നിങ്ങളിതുവല്ലതും അറിയുന്നുണ്ടോ? ഇതിന് രാത്രിയും പകലുമൊന്നും വ്യത്യാസമില്ല. കാരണം ഏത് പാതാളത്തിലും നുഴഞ്ഞുകയറുന്ന പാഷാണത്തിക്കൃമികളാണ് ന്യൂട്രിനോകൾ. രാത്രി സമയത്ത് സൂര്യൻ ഭൂമിയുടെ മറുവശത്തായതിനാൽ സൂര്യപ്രകാശത്തിന് നമ്മുടെ വശത്ത് എത്താനാവില്ല, പക്ഷേ ന്യൂട്രിനോകൾ കൂളായി ഭൂമി തുളച്ച് ഇപ്പുറത്ത് വരും. ന്യൂട്രിനോകളുടെ ഈ നുഴഞ്ഞുകയറ്റ ശേഷിയുടെ വലിപ്പം മനസിലാവാൻ മറ്റൊരു കണക്ക് കൂടി പറയാം. സൂര്യന്റെ ആന്തരഭാഗമായ കോറിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനത്തിലാണ് പ്രകാശത്തിന്റെ ഫോട്ടോണുകളും ന്യൂട്രിനോകളും ഉണ്ടാകുന്നത്. പക്ഷേ നക്ഷത്രത്തിനുള്ളിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ അവിടേയ്ക്കും ഇവിടേയ്ക്കും തട്ടിത്തെറിക്കപ്പെടുന്ന ഒരു ഫോട്ടോണിന് നക്ഷത്രത്തിൽ നിന്ന് പുറത്തെത്താൻ പതിനായിരക്കണക്കിന് വർഷം വേണ്ടിവരും. പക്ഷേ ന്യൂട്രിനോയ്ക്ക് രണ്ട് സെക്കന്റ് മതി! കണക്കനുസരിച്ച് ഒരു ശരാശരി മനുഷ്യന്റെ ജീവിതകാലത്തിനിടയ്ക്ക് ശരീരത്തിലൂടെ ഏതാണ്ട് 10^23 ന്യൂട്രിനോകൾ കടന്നുപോകുന്നുണ്ട്. 

പക്ഷേ ഇതും കേട്ട് ന്യൂട്രിനോകൾ ക്യാൻസറുണ്ടാക്കും എന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിക്കാനോ 'ആന്റി-ന്യൂട്രിനോ ലേഹ്യം' വാങ്ങാനോടാനോ വരട്ടെ. ഇത്രേം സർവവ്യാപി ആയിരുന്നിട്ടും മനുഷ്യൻ ന്യൂട്രിനോയെ കണ്ടെത്തുന്നത് 1965-ൽ മാത്രമാണ്. കാരണം ന്യൂട്രിനോകൾ വളരെ പ്രതിപ്രവർത്തനശേഷി കുറഞ്ഞ കണങ്ങളാണ്. ഒരു ജീവിതകാലം മുഴുവൻ നമ്മുടെ ശരീരത്തിലൂടെ കടന്നുപോയാലും നമ്മുടെ ഏതെങ്കിലും ഒരു ആറ്റവുമായി പ്രതിപ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ ന്യൂട്രിനോകൾ മാത്രം ആയിരിക്കും. ഈ പാവത്താൻ സ്വഭാവം കാരണം ഒരു കുഴപ്പമുണ്ട്- ഇവയുടെ സാന്നിദ്ധ്യം അറിയാൻ കഴിയില്ല. ഒരു വസ്തുവിനെ കാണുകയോ detect ചെയ്യുകയോ വേണമെങ്കില്‍ അത് നമ്മുടെ കണ്ണുമായോ detector ഉപകരണവുമായോ പ്രതിപ്രവര്‍ത്തിക്കണം. ഒരു വസ്തുവിനെ നാം കാണുന്നത് അതില്‍ നിന്നുള്ള ഫോട്ടോണുകള്‍ നമ്മുടെ കണ്ണുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. ഇത്രയധികം ന്യൂട്രിനോകള്‍ ഭൂമിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ലോകത്തിന്റെ പല കോണുകളിലും ഉള്ള പാര്‍ട്ടിക്കിൾ/റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ക്കൊന്നും ഇതിനെ കാണാനേ സാധിച്ചില്ല. ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ പാവത്താന്‍മാരെ ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ. അന്തരീക്ഷം മൊത്തം ഫോട്ടോണുകളും മറ്റ് കണങ്ങളും ഉള്ളതിനാല്‍ അക്കൂട്ടത്തില്‍ നിന്നും ന്യൂട്രിനോകളെ തിരഞ്ഞ് പിടിച്ചു ഡിറ്റക്റ്റ് ചെയ്യുക പ്രയാസമാണ്. അതുകൊണ്ടാണ് ന്യൂട്രിനോ നിരീക്ഷണശാലകള്‍ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ സ്ഥാപിക്കുന്നത്, മറ്റു കണങ്ങള്‍ അവിടെ എത്തില്ല എന്നതുകൊണ്ട്. നക്ഷത്രങ്ങളെ നന്നായി കാണാന്‍ മറ്റു പ്രകാശങ്ങള്‍ ഇല്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നില്‍ക്കുന്നതുപോലെയാണിത്. മാത്രമല്ല, വളരെ വലിയ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രയോജനവും ഉള്ളൂ. കൂടുതല്‍ മഴവെള്ളം ശേഖരിക്കാന്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിക്കണം എന്നപോലെ തന്നെ.
 
ജപ്പാനിലെ സൂപ്പർ കാമിയൊക്കൊണ്ടേ ന്യൂട്രിനോ ഡിറ്റക്റ്ററിനുള്ളിൽ നീൽ ടൈസൺ ('കോസ്മോസ്' ടീവീ സീരീസിന്റെ ഷൂട്ടിനിടയിലാണിത്)


ന്യൂട്രിനോ വേട്ടയുടെ നാൾവഴി

ന്യൂട്രിനോയെ 1965-ൽ കണ്ടെത്തിയപ്പോൾ മാത്രമാണ് നമ്മൾ അതിനെക്കുറിച്ച് അറിയുന്നത് എന്ന് വിചാരിക്കരുത് കേട്ടോ. ഇങ്ങനൊരു കണത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത് 1931-ൽ വൂൾഫ്ഗാങ് പോളി എന്ന ശാസ്ത്രജ്ഞനാണ്. റേഡിയോ ആക്റ്റീവ് മൂലകങ്ങളിൽ നിന്നുള്ള ബീറ്റാ വികിരണങ്ങളെ വിശദീകരിക്കാനാണ് അദ്ദേഹം ന്യൂട്രിനോ (അന്ന് പേരിട്ടിട്ടില്ല) എന്ന കണത്തെ കൊണ്ടുവരുന്നത്. അതിന് ശേഷം എൻറിക്കോ ഫെർമിയും ഇത്തരമൊരു കണത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്ന സിദ്ധാന്തങ്ങൾ രൂപീകരിച്ചു. അങ്ങനെ ഇവർ ചേർന്ന് നടത്തിയ പ്രവചനങ്ങളിലാണ് ന്യൂട്രിനോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ശാസ്ത്രത്തിലെ പ്രവചനം കവടി നിരത്തി വായിൽ തോന്നുന്നത് പറയുന്ന പരിപാടി അല്ലാന്ന് അറിയാമല്ലോ. അന്നുവരെയുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അവയുമായും നിരീക്ഷണങ്ങളുമായും ഒത്തുപോകുന്ന ഒരു കണത്തിന്റെ സാന്നിദ്ധ്യം ഊഹിച്ചെടുക്കുകയായിരുന്നു ഇവിടെ. പക്ഷേ അന്ന്, യാഥാർത്ഥ്യത്തിന് നിരക്കുന്ന സിദ്ധാന്തമല്ല എന്നുപറഞ്ഞ് ഫെർമിയുടെ പ്രബന്ധം നേച്ചർ ജേണൽ നിരസിക്കുകയാണ് ചെയ്തത്.  പിന്നീട് ബീറ്റാ വികിരണങ്ങൾ –അടിസ്ഥാനപരമായി ഇലക്ട്രോണുകൾ തന്നെയാണവ- തങ്ങളുടെ ഊർജം മറ്റേതോ കണങ്ങളുമായി പങ്ക് വെക്കുന്നുണ്ട് എന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ പരീക്ഷണങ്ങളിൽ നിന്ന് കിട്ടിയതോടെ ശാസ്ത്രലോകം ന്യൂട്രിനോകളെ ഗൗരവമായി കാണാൻ തുടങ്ങി.

അന്നത്തെ കാലത്ത് ന്യൂട്രിനോകളെ നേരിട്ട് കണ്ടെത്താനുള്ള പരീക്ഷണസംവിധാനങ്ങൾ അസാദ്ധ്യമായിരുന്നു. എന്നാൽ ഫെർമിയുടെ പ്രവചനത്തിലെ, ഒരു പ്രോട്ടോണിനെ ന്യൂട്രോണാക്കി മാറ്റാനുള്ള ന്യൂട്രിനോയുടെ കഴിവ് നല്ലൊരു ക്ലൂ ആയിരുന്നു. ഫ്രഡറിക് റീൻസ്, ക്ലൈഡ് കോവൻ എന്നീ ശാസ്ത്രജ്ഞർ ഇത് ഏറ്റെടുത്തു. ഒരു ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള ബീറ്റ വികിരണങ്ങളോടൊപ്പം ഉണ്ടാകുന്ന ന്യൂട്രിനോകളെ ഉപയോഗിച്ച് പ്രോട്ടോണിനെ ന്യൂട്രോണാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു. 1956-ൽ നടന്ന ഈ പരീക്ഷണം ന്യൂട്രിനോകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായിരുന്നു. നാല്പത് വർഷത്തോളം കഴിഞ്ഞ് 1995-ലാണ് ഇതിന് നോബൽ സമ്മാനം അവരെ തേടിയെത്തിയത്. ഇവിടെ ഒരു തമാശ ഉള്ളത്, 1995-ൽ ന്യൂട്രിനോയെ കണ്ടെത്തിയതിന് നോബൽ സമ്മാനം നൽകപ്പെടുമ്പോൾ 1988-ൽ നൽകപ്പെട്ട ഒരു നോബൽ സമ്മാനം നിലവിലുണ്ട്. അത് ന്യൂട്രിനോകൾ ഒന്നിൽ കൂടുതൽ തരത്തിലുണ്ട് എന്ന കണ്ടെത്തലിനായിരുന്നു ലിയോൺ ലെഡർമാൻ (ദൈവകണത്തിന്റെ പേരിന് കാരണക്കാരനായ ആളാണ് കക്ഷി) ഉൾപ്പടെ മൂന്ന് പേർ നോബൽ പ്രൈസ് വാങ്ങിയത്. 

അങ്ങനെ ന്യൂട്രിനോകളെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം പതിയെ ഉരുത്തിരിഞ്ഞു. മൂന്ന് വകഭേദങ്ങളിൽ –ഫ്ലേവർ എന്ന് സാങ്കേതികപദം- കാണപ്പെടുന്ന ന്യൂട്രിനോകൾക്ക് ചാർജോ മാസ്സോ ഇല്ല. ഇലക്ട്രോൺ, മുവോൺ, ടോ ലെപ്റ്റോൺ എന്നിങ്ങനെ മൂന്ന് ലെപ്റ്റോൺ കണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ മൂന്ന് ഫ്ലേവറുകളിൽ അവ കാണപ്പെടുന്നത്. ചാർജ് ഇല്ലാത്തതിനാൽ ഇലക്ട്രോമാഗ്നറ്റിക് ബലത്തിനോ ലെപ്റ്റോൺ കണമായതിനാൽ സ്ട്രോങ് ന്യൂക്ലിയർ ബലത്തിനോ ഇവയെ സ്വാധിനിക്കാൻ ആവില്ല. വീക് ന്യൂക്ലിയർ ബലം എന്ന അവശേഷിക്കുന്ന ബലം വളരെ വളരെ ചെറിയ ദൂരങ്ങളിൽ മാത്രം -ഒരു പ്രോട്ടോണിന്റെ വലിപ്പത്തിന്റെ ആയിരത്തിലൊരംശം ദൂരം!- പ്രവർത്തിക്കുന്നതാകയാൽ, പ്രായോഗിക തലത്തിൽ സാധാരണ ദ്രവ്യകണങ്ങളുമായി ന്യൂട്രിനോകൾ എളുപ്പത്തിൽ പ്രതിപ്രവർത്തിക്കില്ല. 

2015 നോബലിലേയ്ക്കുള്ള വഴി

ന്യൂട്രിനോയുടെ സ്ഥിരീകരണവും 1960-കളിൽ അവയെ ഡിറ്റക്റ്റ് ചെയ്യാനുള്ള സങ്കേതങ്ങളും വന്നതോടെ പുതിയൊരു പ്രശ്നം തലയുയർത്തി- സോളാർ ന്യൂട്രിനോ പ്രശ്നം. സൂര്യന്റെ ഉൾഭാഗത്തെ ന്യൂട്രിനോ നിർമാണത്തിന്റെ കണക്കുകൾ സിദ്ധാന്ത മാതൃകകൾ വച്ച് കണക്കാക്കാൻ സാധിയ്ക്കും. ഭൂമിയിലൂടെ കടന്നുപോകുന്ന സോളാർ ന്യൂട്രിനോകളുടെ കണക്ക് ഡിറ്റക്റ്ററുകളിൽ നിന്നും എടുക്കാനാകും. പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇവ തമ്മിൽ പൊരുത്തപ്പെടുന്നില്ല. കണക്കനുസരിച്ച് സൂര്യനിൽ നിന്നും ഇവിടെയെത്തേണ്ട ന്യൂട്രിനോകളുടെ പകുതിയിൽ താഴെ മാത്രമേ ഇവിടെ എത്തുന്നുള്ളു. (ഈ ‘കണക്കെടുപ്പി’നാണ് 2002-ലെ നോബൽ സമ്മാനം നൽകപ്പെട്ടത്) സൂര്യനിലെ ന്യൂട്രിനോ നിർമാണത്തെ കുറിച്ചുള്ള മോഡലിലെ പിഴവാണ് കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും, ആ ദിശയിലുള്ള ഒരു പരിഷ്കരണത്തിനും പ്രശ്നം പരിഹരിക്കാനായില്ല. 

ഇവിടെയാണ് കാജിറ്റായുടേയും മക്ഡൊണാൾഡിന്റേയും ഗവേഷണം വഴിത്തിരിവാകുന്നത്. സൂര്യനിൽ നിന്ന് ഇവിടേയ്ക്കുള്ള യാത്രയ്ക്കിടെ ന്യൂട്രിനോകൾ തങ്ങളുടെ ഫ്ലേവർ മാറുന്നു എന്നവർ കണ്ടെത്തി. ജപ്പാനിലെ സൂപ്പർ-കമിയോക്കണ്ടേ ന്യൂട്രിനോ ഒബ്സർവേറ്ററി, കാനഡായിലെ സഡ്ബറി ന്യൂട്രിനോ ഒബ്സർവേറ്ററി എന്നിവിടങ്ങളിലായിരുന്നു ഗവേഷണം. ഈ ഫ്ലേവർ മാറ്റത്തെയാണ് ന്യൂട്രിനോ ഓസിലേഷൻ എന്ന് വിളിക്കുന്നത്. ഇതിന് വളരെ ഗൗരവകരമായ മറ്റൊരു മാനം കൂടി ഉണ്ടായിരുന്നു. മാസ്സ് ഇല്ലാത്ത ന്യൂട്രിനോകൾ പ്രകാശവേഗതയിൽ സഞ്ചരിക്കണം, അങ്ങനെയെങ്കിൽ ആപേക്ഷികതാ സിദ്ധാന്തപ്രകാരം അവയുടെ ക്ലോക്ക് ഓടില്ല, അങ്ങനെയെങ്കിൽ അവർക്ക് ‘മാറ്റം’ എന്നൊന്ന് സാധ്യമാകില്ല. അതായത്, ന്യൂട്രിനോ ഓസിലേഷൻ സ്ഥിരീകരിക്കുമ്പോൾ ന്യൂട്രിനോയ്ക്ക് മാസ്സ് ഉണ്ട് എന്നുകൂടി അംഗീകരിക്കേണ്ടിവരും. അതുവരെ മല പോലെ നിലനിന്ന ‘സ്റ്റാൻഡേർഡ് മോഡലി’ന്റെ പരിഷ്കരണത്തിലേയ്ക്ക് ഇത് നയിച്ചു. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണകളാണ് അതോടെ പരിഷ്കരിക്കപ്പെട്ടത്.ഇന്നത്തെ അറിവിൽ ന്യൂട്രിനോകൾക്ക് വളരെ ചെറിയ ഒരു മാസ്സുണ്ട്. ഇലക്ട്രോണിന്റെ പത്തുലക്ഷത്തിൽ ഒരംശമേയുള്ളുവെങ്കിലും ഇത് ശാസ്ത്രദൃഷ്ടിയിൽ 'പൂജ്യം മാസ്സ്' അല്ല.

Oct 4, 2015

മണോറമാ ഇംപാക്റ്റ്: മുഖം രക്ഷിക്കാൻ കൂടുതൽ ചിത്രങ്ങളുമായി നാസ

അമേരിക്ക ജംഗ്ഷൻ: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ കൂടുതൽ ചിത്രങ്ങളുമായി രംഗത്ത്. പാലക്കാട് എൻജി. കോളേജിലെ എം.ടെക്. വിദ്യാർത്ഥികൾ വാട്സാപ്പും യൂട്യൂബും ഉപയോഗിച്ച് മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ആഴ്ച മണോറമ പുറത്ത് വിട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ ധൃതിപ്പെട്ട് ഇങ്ങനൊരു നീക്കം നാസ നടത്തിയിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലേത് എന്ന് പറയപ്പെടുന്ന 8400-ഓളം ചിത്രങ്ങളാണ് അവർ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

എന്നാൽ ഈ ചിത്രങ്ങളൊന്നും സത്യമാകാൻ വഴിയില്ലെന്നും ഇത്രയും കാലം ഈ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത നാസ ഡിജിറ്റൽ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ച ന്യാജ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് ഞങ്ങളുടെ സ്വന്തം ശാസ്ത്രലേഖകൻ പറയുന്നത്. പാലക്കാട് കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോകൾ ഇതിനകം ഡൗൺലോഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവത്രേ. കോളേജിലെ കണക്ഷൻ bsnl ആയതിനാൽ ചിത്രങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ അല്പം കൂടി സമയം വേണമെന്ന് അവർ മണോറമയോട് പറഞ്ഞു.

അമേരിക്ക അവരുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപം കൊടുത്ത സംഘടനയാണ് നാസ എന്ന് പരക്കെ അറിയപ്പെടുന്നത്. റഷ്യയെ പറ്റിക്കാനായി 1969-ലാണ് അവർ സിനിമാ സെറ്റിട്ട് ചന്ദ്രനിൽ അമേരിക്കക്കാർ ഇറങ്ങിയതായി സ്ഥാപിക്കുന്ന വ്യാജവിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്. പാലക്കാട്ടെ വിദ്യാർത്ഥികൾ വാട്സാപ്പ് എന്ന അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിക്കുന്നതുവരെ ലോകത്തെ മുഴുവൻ കബളിപ്പിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പകരം മഞ്ഞൾ അരച്ചുപുരട്ടിയാൽ ക്യാൻസർ മാറും, അതിരാവിലെ പച്ചവെള്ളം കുടിച്ചാൽ എയ്ഡ്സ് വരാതിരിക്കും തുടങ്ങിയ കേരളീയ നാട്ടറിവുകൾ സത്യമാണെന്ന് തെളിയിക്കുന്നതിലും, ഖുറാൻ, ബൈബിൾ, ഗീത തുടങ്ങിയ പുസ്തകങ്ങളിലെ ശാസ്ത്രം ശരിയാണെന്ന് സ്ഥാപിക്കുന്നതിലും ഒക്കെയായി നാസയുടെ ശ്രദ്ധ തിരിഞ്ഞുപോകുന്നതിനാലാണ് ബഹിരാകാശ രംഗത്ത് വേണ്ടത്ര ശോഭിയ്ക്കാൻ അവർക്ക് കഴിയാത്തത് എന്ന് കഴിഞ്ഞ ആഴ്ച നാസയിൽ നിന്നും പെൻഷൻ പറ്റിയ ശാസ്ത്രകാരൻ ഡോ. എഡ്വേർഡ് ഹംപോച്ചി ഒരു റഷ്യൻ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു.

റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ നമ്മൾ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് രാത്രിസമയത്ത്. "അവന്റെ വണ്ടിയുടെ മുന്നിൽ ലൈറ്റുണ്ടല്ലോ, പിന്നെന്താ അവനെന്നെ കാണാൻ ബുദ്ധിമുട്ട്!" എന്ന ചില ന്യായങ്ങൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണയാണത്. മുന്നിലുള്ള തടസ്സത്തെ കാണാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് പലപ്പോഴും പോരാതെ വരും. കാരണം ലളിതമാണ്. നമുക്ക് ഒരു വസ്തുവിനെ കാണാനാവുന്നത്, അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശമോ (ബൾബ്, തീയ് തുടങ്ങിയവയ്ക്ക് മാത്രമേ ഇത് ബാധകമാകൂ), അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ മാത്രമാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒരു വസ്തുവിനെ കാണണമെങ്കിൽ, ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിൽ തട്ടി തിരിച്ച് നമ്മുടെ കണ്ണിൽ വീഴണം. ഇത് പക്ഷേ ആ വസ്തുവിന്റെ നിറം അനുസരിച്ചിരിക്കും. ഇരുണ്ട നിറമുള്ള വസ്തുക്കൾ വളരെ കുറച്ച് പ്രകാശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പർദയിട്ട ആ സ്ത്രീയെ ഞാൻ കാണാത്തതുപോലെ, കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ആളിനെ സ്വന്തം ഹെഡ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ഡ്രൈവർക്ക് കാണാനാകില്ല. റോഡിന്റെ വശത്തായിരുന്നിട്ടും ആ ചെറിയ പെൺകുട്ടിയെ കാണാൻ കഴിഞ്ഞത്, അവൾ ഇട്ടിരുന്ന തിളക്കമുള്ള ഫ്രോക്ക് കാരണമാണ്.

റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിഴൽ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് കാഴ്ചയിൽ പെടാനുള്ള സാധ്യത കൂടും എങ്കിലും കഴിവതും ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ റോഡിൽ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളയോ അതുപോലുള്ള പ്രതിഫലനശേഷി കൂടിയ നിറങ്ങളോ വേണം തെരെഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ, ആ വരുന്ന വണ്ടി ഓടിയ്ക്കുന്നയാളിന് ഡ്രൈവിങ് അറിയാം, അയാൾക്ക് നമ്മളെ കാണാൻ മാത്രമുള്ള കാഴ്ചശക്തിയുണ്ട്, അയാളുടെ ശ്രദ്ധ റോഡിൽ തന്നെയാണ്, അയാൾ ഓടിയ്ക്കുന്ന വണ്ടിയുടെ ബ്രേക്ക് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ട്, തുടങ്ങിയ വെറും 'വിശ്വാസങ്ങളുടെ' ബലത്തിലാണ് നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ കൂടെ സുരക്ഷ ഉറപ്പാക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ നമ്മളും ചെയ്യണ്ടേ? ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളു?

Sep 21, 2015

ശ്രീനിവാസന്റെ തോന്നിവാസവും മരുന്നുപേടിയും


ഞാൻ ഈ പ്രശ്നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട്.
അപ്പോ അദ്ദാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെന്നാണ് ശ്രീനിവാസൻ സാറ് പറഞ്ഞുവരുന്നത്. കുറേ നാളായി അറിയാത്ത കാര്യങ്ങളിൽ വിടുവായത്തം എഴുന്നള്ളിച്ചുകൊണ്ടിരുന്നത് നാട്ടുകാരുടെ അജ്ഞത മുതലെടുത്ത് ആളാവാനാണ് എന്നാണ് കരുതിയത്. ഈ രീതിയിലാണെങ്കിൽ ഈ മനുഷ്യൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. 
 
എന്തെങ്കിലുമൊന്ന് പ്രചരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ ഭയത്തിൽ പൊതിഞ്ഞ് വിടുക എന്നതാണ്. പരിണാമപരമായി തന്നെ ഭയം, അപഖ്യാതി, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കാനാണ് നമ്മുടെ പ്രവണത. റാങ്ക് നേടിയ കുട്ടിയെക്കാൾ പെട്ടെന്ന് പ്രശസ്തി കിട്ടുന്നത് ഹെഡ്മാസ്റ്ററെ കല്ലെറിഞ്ഞ കുട്ടിയ്ക്കായിരിക്കുമല്ലോ. വാട്സാപ്പിലും മറ്റും ഷെയർ ചെയ്ത് വരുന്ന ഭൂരിഭാഗം സന്ദേശങ്ങളുടേയും ടോൺ “ഇത് ഷെയർ ചെയ്യു, നിങ്ങളേയും കൂട്ടുകാരേയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ” എന്നല്ലേ? ആൾട്ടർനേറ്റ് മെഡിസിൻ പ്രചരണങ്ങളുടെ പൊതുസ്വഭാവം നോക്കിയാലും ഇത് പ്രകടമാണ്. പ്രകൃതി-തകൃതി-ടീമുകളുടെ പ്രഭാഷണങ്ങൾ കേട്ടുനോക്കൂ. അവരുടെ ചികിത്സയുടെ ഗുണങ്ങൾ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതൊന്നുമല്ല, മരുന്ന് മാഫിയ, കെമിക്കലുകളുടെ വിഷം, പാർശ്വഫലം എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കലാണ് അവരുടെ ആദ്യ അജണ്ട. ബാക്കിയെല്ലാം അതിന് ശേഷമേയുള്ളു. തങ്ങളെന്തോ വലിയ അപകടത്തിലാണ് ജീവിക്കുന്നത് എന്നൊരു ഭ്രമാവസ്ഥയിൽ ജനങ്ങളെത്തുന്നു. ഭയപ്പെട്ട മനസ്സുകളിലേയ്ക്ക്, പ്രത്യക്ഷത്തിൽ തന്നെ അപഹാസ്യമായ സിദ്ധാന്തങ്ങൾ അവർക്ക് സുഖമായി തിരുകിക്കയറ്റാൻ കഴിയുന്നു. അടിസ്ഥാന ജീവശാസ്ത്രം പോലും അറിയില്ലെന്ന് പല ആവർത്തി തെളിയിച്ചവരുടെ പോലും വാക്കുകൾക്ക് വിദ്യാസമ്പന്നർ പൊൻവില കല്പിക്കുന്നു.  നല്ലൊരു പരിധി വരെ അവരീ മരുന്നുപേടിയാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ഇവിടെ ശ്രീനിവാസൻ അതേ പേടിയെ തന്റെ സിനിമയ്ക്ക് ആളെക്കൂട്ടാനായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാർക്കറ്റിങ്ങിന് അഞ്ച് പൈസ മുടക്കണ്ടാ. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഫ്രീയായി ആ സേവനം ചെയ്തുകൊടുക്കും. 
 
അലോപ്പതിയിൽ ക്യാൻസറിന് ചികിത്സയേയില്ല എന്ന ശ്രീനിവാസന്റെ വാചകം കടന്നകൈയാണ്. എല്ലാത്തരം ക്യാൻസറുകൾക്കും ഇന്ന് ചികിത്സയില്ല എന്നത് സമ്മതിയ്ക്കാം. എന്നാൽ ലിംഫോമാ പോലുള്ള ചിലയിനം ക്യാൻസറുകൾ കീമോ, റേഡിയോ തുടങ്ങിയ തെറപ്പികൾ കൊണ്ട് പൂർണമായും ഭേദമാക്കാനാവും. മറ്റനവധി ക്യാൻസറുകൾ ആദ്യ രണ്ട് ഘട്ടങ്ങളിൽ –രോഗത്തെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം നാല് ഘട്ടങ്ങളായി തിരിയ്ക്കാറുണ്ട്- കണ്ടുപിടിക്കപ്പെടുന്ന പക്ഷം ചികിത്സിച്ച് ഭേദമാക്കാനാവും. മൂന്നം നാലും ഘട്ടങ്ങളിൽ അത് കൈവിട്ടുപോയിരിക്കും. മെലനോമ പോലുള്ള ചില രോഗങ്ങളാണ് ഇന്നത്തെ സാഹചര്യത്തിൽ ഭേദമാക്കാനേ കഴിയാത്തത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സാമൂഹ്യയാഥാർത്ഥ്യം ക്യാൻസർ എന്നത് ഒരു രോഗിയെ മാത്രമല്ല, ഒരു കുടുംബത്തെ മൊത്തത്തിൽ സ്വാധീനിയ്ക്കുന്ന രോഗമാണ്. രക്ഷപ്പെടില്ല എന്നുറപ്പാണ് എന്നതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ ചികിത്സ നിർത്താൻ നമുക്കാവില്ല. മരിയ്ക്കുമെന്നുറപ്പായ ആളിന് വേണ്ടി അയാളുടെ മരണം വരെ തുടരുന്ന ചികിത്സകൾ കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന സംഭവങ്ങൾ എത്രയെങ്കിലും നമ്മൾ കാണുന്നു. ഈ സ്ഥാനത്ത് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ചെലവ് കുറച്ച് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ്. സർക്കാർ ആശുപത്രികളിലും പുറത്തും ക്യാൻസർ മരുന്നുകളുടെ വിലവ്യത്യാസം എല്ലാവർക്കും അറിയാം. എന്നാൽ കൊച്ചിയിൽ വരേണ്ട സർക്കാർ ക്യാൻസർ സെന്ററിന് തുരങ്കം വെക്കാനും മുന്നിൽ നിക്കുന്നത് ശ്രീനിവാസൻ എന്ന ഇതേ മനുഷ്യനാണ്. ലക്ഷ്മീതരു കഴിച്ച് ക്യാൻസർ വേരോടെ മാറ്റാമെന്ന വാദത്തിൽ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട കഥ രോഗബാധിതനായ നടൻ ജിഷ്ണു രാഘവൻ തുറന്നുപറഞ്ഞിരുന്നു. അതിവിടെ ഏറ്റുപിടിക്കാൻ ആരുമുണ്ടായില്ല. പക്ഷേ പച്ചില തിന്ന് ക്യാൻസർ മാറ്റാമെന്ന ‘ഡോക്ടർ’ ശ്രീനിവാസന്റെ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വൻ ഉത്സവമായിരുന്നു. മണ്ടത്തരം തെരെഞ്ഞുപിടിച്ച് ഏറ്റെടുക്കാനുള്ള നമ്മുടെയീ പ്രവണത സ്വന്തം കുഴി തോണ്ടലാണ്.
 
ആധുനിക വൈദ്യശാസ്ത്രത്തിന് വേണ്ടി ഞാൻ വാദിയ്ക്കുന്നത് അത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കി മാർക്കിട്ടിട്ടല്ല. ആധുനികശാസ്ത്രത്തിന്റെ രീതിയും ക്ഷമതയും നേരിട്ട് ബോധ്യമുള്ളതുകൊണ്ടും ഇതരചികിത്സാരീതികളുടെ അടിസ്ഥാനസിദ്ധാന്തങ്ങളിലും പ്രായോഗികതകളിലും ഉള്ള വിഡ്ഢിത്തങ്ങൾ തിരിച്ചറിയുന്നതുകൊണ്ടും  ആണ്. മരുന്നുമാഫിയയും വ്യാജമരുന്നുകളും ഒന്നും ഞാൻ നിഷേധിയ്ക്കുന്നില്ല. പക്ഷേ അത് ആധുനികവൈദ്യശാസ്ത്രത്തിന്റെ കുഴപ്പം ആകുന്നതെങ്ങനെയാണ്? ഇതൊക്കെ തടയേണ്ടത് ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ ചുമതലയാണ്. മരുന്നുകമ്പനിയുടെ കൈക്കൂലി വാങ്ങി ആവശ്യമില്ലാത്ത മരുന്ന് കുറിയ്ക്കുന്ന ഡോക്ടറും ക്യൂ നില്ക്കുന്ന ആളിൽ നിന്ന് അമ്പത് രൂപ കൈക്കൂലി വാങ്ങി ഓ.പീ.ടിക്കറ്റിന്റെ ക്രമം മാറ്റി ആളെ നേരത്തെ കയറ്റിവിടുന്ന അറ്റൻഡറും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടുപേരും ഒരേ തെറ്റാണ് ചെയ്യുന്നത്. വ്യത്യാസം അതാത് ആളുകളുടെ തൊഴിലിന്റെ (ഉത്തരവാദിത്വത്തിന്റെ) റീച്ച് അനുസരിച്ച് മാറുന്നുവെന്നേയുള്ളു. അയ്യായിരം കോടി രൂപയുടെ അഴിമതി കാണിക്കാൻ ഒരു പ്യൂണിന് ആഗ്രഹം കാണും, പക്ഷേ അയാളുടെ തൊഴിലിന് ആ ശേഷിയില്ല. അയാൾ പത്തോ അഞ്ഞൂറോ രൂപയുടെ ‘ചെറുകിട അഴിമതി’യിൽ തൃപ്തിപ്പെടേണ്ടിവരും. നാളെ അതേ പ്യൂൺ ഒരു കേന്ദ്രമന്ത്രി ആയാൽ അയാൾക്ക് അയ്യായിരം കോടി തട്ടിക്കാൻ കഴിഞ്ഞേക്കും. അതിന് പ്യൂൺ ആയിരുന്ന സമയത്തെ അത്ര തന്നെ അധാർമികത മതിയാകും, അഡീഷണൽ ‘വില്ലത്തരം’ ഒന്നും ആവശ്യമേയില്ല. മറ്റേത് തൊഴിൽ മേഖലയിലും ഉള്ളത്ര മൂല്യച്യുതികൾ മെഡിക്കൽ മേഖലയിലും ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. മന്ത്രിയും പോലീസും മുതൽ പാൽക്കച്ചവടം വരെ അഴിമതിയും മൂല്യച്യുതിയും കൊണ്ട് കരിവാളിച്ച് കിടക്കുമ്പോ ഡോക്ടർമാർ മാത്രം മാലാഖമാരായി തുടരണമെങ്കിൽ അവരെ സ്വർഗത്തിൽ നിന്നും നേരിട്ടിറക്കേണ്ടിവരും. നിങ്ങൾക്കറിയാമോ ഇന്നാട്ടിൽ ഒരുകോടി രൂപ ഡൊണേഷൻ കൊടുത്താൽ മെഡിസിന് സീറ്റ് കിട്ടുമെന്ന്? പത്തോ പതിനഞ്ചോ കോടി മുടക്കാനുണ്ടെങ്കിൽ ആർക്കും ഡോക്ടർ ഡിഗ്രി കിട്ടുമെങ്കിൽ, ആ ഡിഗ്രിയുടമയ്ക്ക് കാശിനോട് ആത്മാർത്ഥത വരുന്നതാണോ രോഗിയോട് ആത്മാർത്ഥത വരുന്നതാണോ കൂടുതൽ സ്വാഭാവികം? മാർക്കറ്റിൽ വരുന്ന മരുന്ന് നല്ലതാണോ വ്യാജനാണോ എന്ന് പരിശോധിയ്ക്കേണ്ടത് ആരുടെ ജോലിയാണ്? ഈ സാഹചര്യം ആരാണ് തടയാൻ പോകുന്നത്? മെറിറ്റ് കൊണ്ട് ഡോക്ടറായി ഉറങ്ങാൻ പോലും സമയമില്ലാതെ ജോലി ചെയ്യുന്ന മറ്റ് ഡോക്ടർമാരുടെ പണിയാണോ അതൊക്കെ? കാശ് ചെലവാക്കി ഡിഗ്രി നേടുന്നവരാണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നത് എന്നൊന്നും ഇതിൽ നിന്ന് ആരും വായിച്ചെടുത്തേക്കല്ലേ. പ്രശ്നത്തിന്റെ യഥാർത്ഥ കിടപ്പുവശവും പരിഹാരം ഉണ്ടാവേണ്ട ദിശയും ചൂണ്ടിക്കാട്ടുകയെന്നതേ ഉദ്ദേശ്യമുള്ളു.
 
ഇനി എന്തെങ്കിലും കേട്ട് പേടിച്ചേ തീരൂ എന്ന് വാശിയുള്ളവർക്കായിട്ട് ഒരു ഐറ്റം കൂടി തരാം. ജസ്റ്റ് ഒന്നാലോചിച്ചുനോക്കൂ. മരുന്നുകമ്പനികൾക്ക് മരുന്ന് കൂടുതൽ വിറ്റഴിയ്ക്കണമെങ്കിൽ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാരെ തന്നെ വിലയ്ക്കടുക്കണമെന്നുണ്ടോ? വാക്സിനെതിരേ പ്രചരണം നടത്തുന്ന  പ്രകൃതിക്കാരെ വിലയ്ക്കെടുത്ത് വാക്സിൻ വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുകയും പരമാവധി ആളുകളെ വാക്സിനിൽ നിന്നകറ്റുകയും ചെയ്യുകയാണെങ്കിലോ? കുറച്ചുനാൾ കഴിയുമ്പോ മലമ്പനിയും പോളിയോയും വസൂരിയുമൊക്കെ പടർന്നുപിടിക്കുകയും ഒടുവിൽ ഗതികെടുന്ന സർക്കാർ നൂറിരട്ടി വിലകൊടുത്തും അതിനുള്ള മരുന്നുകൾ വാങ്ങിക്കാൻ ബാധ്യസ്ഥരാകുകയും ചെയ്താലോ?ആ സാഹചര്യം മുൻകൂട്ടി കണ്ട് അവർ ഇന്ന് കളിയ്ക്കുന്ന കളിയാണ് ഈ വാക്സിൻ വിരുദ്ധതയെങ്കിലോ? വേറൊരു രീതിയിൽ പറഞ്ഞാൽ ഇതാണ് സിദ്ധാന്തം: ആദ്യം രോഗികളെ മരുന്നിൽ നിന്ന് അകറ്റുക- അതിനായി അലോപ്പതി വിരുദ്ധത ആദ്യം പ്രചരിപ്പിക്കുക – കുറേ കഴിയുമ്പോൾ കൂടുതൽ രോഗികൾ ഉണ്ടാകും – അപ്പോൾ നൂറിരട്ടി വിലയിട്ട് മരുന്നുകളെ വിപണിയിലെത്തിക്കുക -  ജീവൻ വേണ്ടവർ എന്തുവിലകൊടുത്തും അന്ന് മരുന്നുവാങ്ങും. ഈ സിദ്ധാന്തം ഏറ്റവും നന്നായി പ്രവർത്തിക്കുക അലോപ്പതിവിരുദ്ധരെ വിലയ്ക്കെടുത്താലാണ്. സാമാന്യം നല്ല കാശുണ്ടാക്കുന്ന അലോപ്പതി ഡോക്ടർമാരാണോ അതോ ഇതര ചികിത്സകരാണോ കാശിൽ പെട്ടെന്ന് വീഴാൻ സാധ്യത? അങ്ങനെയെങ്കിൽ ആരാണ് മരുന്നുകമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്- അലോപ്പതി ഡോക്ടർമാരോ അതോ അലോപ്പതിവിരുദ്ധരോ? ഈ ഗൂഢാലോചനാ സിദ്ധാന്തം വിശ്വാസം വരാത്തവർ ഇതുകൂടി ആലോചിയ്ക്കുക- യാഥാർത്ഥ്യം ഇതാണെന്നോ മറിച്ചാണെന്നോ നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കാൻ പോകുന്നത്? തെളിവില്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ആരെ വിശ്വസിക്കണമെന്ന് തീരുമാനിയ്ക്കുന്നത്? നല്ലോണം ആലോചിച്ചുനോക്കൂ. അലോപ്പതിവിരുദ്ധർ പറയുന്നത് സത്യമായിരുന്നെങ്കിൽ എന്നാണ് നമ്മളുടെ ആഗ്രഹം. സത്യം പറയട്ടെ, എന്റേയും ആഗ്രഹം അതുതന്നെയാണ്. മരുന്നൊന്നും വാങ്ങണ്ടാ- പച്ചവെള്ളോം പച്ചിലേം പട്ടിണീം- എല്ലാ രോഗവും ഭും! എന്ത് സുഖമായിരുന്നു! പക്ഷേ ചേട്ടൻമാരേ ചേച്ചിമാരേ, ദൗർഭാഗ്യവശാൽ നമ്മുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന ലോകത്തല്ല നമ്മൾ ജീവിക്കുന്നത്.
Sep 4, 2015

ഗുരുത്വാകർഷണം- ആപ്പിൾ മുതൽ ബ്ലാക് ഹോൾ വരെ

ഗുരുത്വാകർഷണം എവർക്കും സുപരിചിതമായ ഒന്നാണ്. കുട്ടിക്കാലത്ത് പിച്ചവെക്കാൻ തുടങ്ങുമ്പോൾ മുതൽ സൈക്കിളോടിക്കാൻ പഠിയ്ക്കുമ്പോഴും, പടിക്കെട്ടിറങ്ങുമ്പോഴും, ഒറ്റത്തടി പാലത്തിലൂടെ നടക്കാൻ ശ്രമിക്കുമ്പോഴുംഒക്കെ ഗുരുത്വാകർഷണവുമായി നേർക്കുനേർ മല്പിടുത്തം നടത്തിയിട്ടുള്ളവരാണ് നമ്മൾ. ഈ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്രീയ അറിവിന്റെ ചരിത്രപരമായ വഴി അന്വേഷിയ്ക്കലാണ് ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കം. അതിനെക്കുറിച്ചുള്ള നമ്മുടെ മനസ്സിലെ ആദ്യചിത്രമായ ന്യൂട്ടന്റെ ആപ്പിൾ മുതൽ, ഐൻസ്റ്റൈന്റ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിയ്ക്കുന്ന ബ്ലാക് ഹോളുകൾ വരെ. പരമാവധി (അമിത)ലളിതവൽക്കരിച്ചുകൊണ്ടുള്ള വിശദീകരണമാണ് പലയിടത്തും. ഒരു മണിക്കൂർ സമയവും താത്പര്യവും കൈയിലുള്ളവർ തല വെക്കൂ...

 (ഒരു അമച്ചർ വീഡിയോ പകർപ്പാണ്. വേണ്ടത്ര പ്രകാശം ഇല്ലാത്തതുകൊണ്ടുള്ള സാങ്കേതികപരിമിതി ക്ഷമിയ്ക്കുക. എന്നെ കാണാനേ വ്യക്തതക്കുറവുള്ളു, സ്ലൈഡുകളെല്ലാം കാണാം എന്നതാണ് ഏക ആശ്വാസം  )

Sep 1, 2015

ഡബിൾ ബാരൽ, ഡബിൾ ഫൺ!

റിലീസിന് വളരെ മുന്നേ തന്നെ ട്രെയ്‌ലർ പുറത്തുവന്ന ഒരു സിനിമയായിരുന്നു ഡബിൾ ബാരൽ. തീയറ്ററുകളിൽ ആ ട്രെയ്‌ലർ കണ്ടുകണ്ട് മടുത്തിരുന്നു എന്ന് വേണം പറയാൻ. ഒരുപക്ഷേ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ള ഒന്നാണെന്ന് ആരും അറിയാതെ പോകരുത് എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിയ്ക്കും എന്ന് തോന്നുന്നു. കാരണം ട്രെയ്‌ലർ നൽകുന്ന സന്ദേശം എന്താണോ അതിൽ നിന്ന് അല്പം പോലും പിന്നോട്ടോ മുന്നോട്ടോ ഈ സിനിമ പോകുന്നില്ല. ആദ്യമേ കൺഫ്യൂഷന് വക നൽകാതെ പറയട്ടെ, ഇരട്ടക്കുഴൽ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി.

ട്രെയ്‌ലർ, ഓൺലൈൻ റിവ്യൂകൾ (രണ്ടോ മൂന്നോ വാചകങ്ങളിൽ ചുരുക്കി എഴുതിയവ ഒഴികേ മറ്റ് റിവ്യൂകൾ ഒന്നും സിനിമ കാണും മുന്നേ വായിക്കാറില്ല) എന്നിവയിൽ നിന്ന് കിട്ടിയ ഒരു മുൻധാരണയുമായാണ് ഇന്നലെ ഡബിൾ ബാരലിന് കയറിയത്. ട്രെയ്‌ലറിൽ നിന്ന് കിട്ടിയ ധാരണ അരക്കിട്ട് ഉറപ്പിക്കാനെന്നോണം വരാൻ പോകുന്നത് ഏത് രീതിയിലുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും ആയിരിക്കും എന്ന് മുന്നറിയിപ്പ് തരാൻ സിനിമയുടെ ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിലെ ടൈറ്റിലുകളും ഇൻട്രോകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതോടെ കാണാൻ പോകുന്ന പൂരത്തിന് പറ്റിയ രീതിയിൽ മനസിനെ പാകപ്പെടുത്തി ഇരിക്കാം. ഗ്യാങ്സ്റ്റർ സിനിമകളുടെ സ്പൂഫ് എന്നും കാണാനാഗ്രഹിച്ചിരുന്ന ഒരു genre ആണ്. അത് നമ്മുടെ കൊച്ചുമലയാളത്തിൽ തന്നെ ആദ്യം കാണാൻ കഴിഞ്ഞത് സന്തോഷകരം തന്നെ. രസകരമായ കഥാപാത്രങ്ങളെ മിക്ക അഭിനേതാക്കളും നന്നായിത്തന്നെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ഇതിനകം കഴിവ് തെളിയിച്ചവരായതിനാൽ, അപ്രതീക്ഷിത പ്രകടനം വിജയ് ബാബുവിന്റേത് ആയിരുന്നു. അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രാഹണവും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികച്ചതും സന്ദർഭങ്ങളോട് വളരെ യോജിച്ചതുമായിരുന്നു. മേക്കിങ്ങിൽ അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ പോന്ന നിലവാരം ഈ മലയാള സിനിമ പുലർത്തുന്നുണ്ട് എന്ന് ഉറപ്പായും പറയാം. ഇതുപോലെ ഒരു പരീക്ഷണം ധൈര്യപൂർവം മലയാളത്തിൽ ഏറ്റെടുത്ത അണിയറപ്രവർത്തകരെ അഭിനന്ദിക്കാതെ തരമില്ല.

സ്പൂഫിൽ കഥയും ലോജിക്കുമൊന്നും അന്വേഷിക്കുന്നതിൽ യാതൊരു കഥയും ഇല്ല. ഡബിൾ ബാരലിൽ പറയാൻ മാത്രം ഒരു കഥയൊന്നുമില്ല. ഒരു സിനിമ എന്തായിരിക്കണം എന്ന നമ്മുടെ ധാരണകളെയൊക്കെ തച്ചുടയ്ക്കുന്ന ഒരു സിനിമാശ്രമം ആണത്. ഒരുപക്ഷേ നാളെയുടെ മലയാള സിനിമാ ചരിത്രം വിട്ടുപോകാതെ അടയാളപ്പെടുത്തി വെക്കാൻ പോകുന്ന ഒന്ന്. ഇത് ആസ്വദിക്കണമെങ്കിൽ കുട്ടികളുടെ മനസ്സോടെ കാണണം എന്ന് സംവിധായകൻ പറഞ്ഞതായി എവിടെയോ വായിച്ചു. ഞാൻ കുട്ടികളുടെ മനസ്സോടെയാണോ കണ്ടത് എന്നറിയില്ല, പക്ഷേ എന്തായാലും തുടക്കം മുതൽ അവസാനം വരെ മനസ്സറിഞ്ഞ് ചിരിച്ചു. ടിക്കറ്റ് കാശ് മുതലാവാൻ അതിൽ കൂടുതൽ എന്താ വേണ്ടത്! ഇന്ന് സിനിമയുടെ ഒഫീഷ്യൽ പേജിൽ, വിമർശനങ്ങളെ തുടർന്ന് കഥയിൽ ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി trimmed version-ആയിരിക്കും ഇന്ന് മുതൽ പ്രദർശിപ്പിക്കുക എന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ ഇന്നലെ സെക്കൻഡ് ഷോയ്ക്ക് ഞാൻ കണ്ട സിനിമയിൽ വെട്ടിമാറ്റാൻ മാത്രം വിരസമായ ഒന്നും തന്നെ കണ്ണിൽ പെട്ടില്ല. എന്റെ കുഴപ്പമാണോ, അതോ ഇന്നലെ തന്നെ ട്രിമ്മിങ് നടന്നിരുന്നോ എന്നൊന്നും അറിയില്ല. 

(എന്റെ അടുത്തിരുന്ന് മുഴുനീളെ ചിരിച്ച ഒരു മാന്യൻ സിനിമ തീർന്നപ്പോൾ കൂട്ടുകാരനോട് പുച്ഛത്തോടെ പറയുന്ന കേട്ടു, “ഛെ! എന്തര് സിനിമ അല്ലേ?” എന്ന്. എന്തരോ എന്തോ! എന്തായാലും ഈ മല്ലൂ സൈക്കിക്ക് മരുന്നുണ്ടെന്ന് തോന്നുന്നില്ല)