Feb 26, 2015

ഗവേഷണത്തെ ചൂഷണത്തിന് വിടണോ?

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ അരങ്ങേറിയ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത സമരത്തിലൂടെയാണ് ഗവേഷകർ എന്ന വർഗത്തിന് ഇൻഡ്യയിൽ എത്രത്തോളം പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട് എന്നത് അവർക്ക് തന്നെ വ്യക്തമായത്. ശിവരഞ്ജൻ ഉപ്പള എന്ന ഇരുപത്തൊമ്പതുകാരനായ ഗവേഷകവിദ്യാർത്ഥി ഏഴ് ദിവസത്തെ തന്റെ നിരാഹാരസമരം സഹപ്രവർത്തകരുടെ മാത്രം സമ്മർദ്ദത്തിന് വഴങ്ങി അവസാനിപ്പിച്ചു. അധികാരികൾക്കോ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ വേണ്ടാത്ത ഇൻഡ്യൻ ഗവേഷണരംഗത്തിനായി ഒരാൾ സ്വന്തം ജീവൻ അപകടത്തിലാക്കേണ്ടതില്ല എന്നതായിരുന്നു സഹ ഗവേഷകരുടെ നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ച, ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഫെല്ലോഷിപ്പ് വർദ്ധന നടപ്പിലാക്കുക ഉൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളുമായാണ് ഗവേഷകർ ശിവരഞ്ജന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനിറങ്ങിയത്. ഇപ്പോളിത് എഴുതുമ്പോൾ ഈ സമരം ഇനിയെന്ത് എന്ന അവ്യക്തയിൽ മുങ്ങി നിൽക്കുന്നു. ഗവേഷകർ ആശയക്കുഴപ്പത്തിലാണ്, ഭയപ്പാടിലാണ്. കാരണം അതവരുടെ സ്വാഭാവിക വികാരമായിരിക്കുന്നു. ഇൻഡ്യയിലെ ചൂഷിതവർഗങ്ങളുടെ കൂട്ടത്തിൽ ആരും പ്രതീക്ഷിക്കാത്ത, വല്ലപ്പോഴും വരുന്ന ശാസ്ത്രവാർത്തകളിൽ ഒരു വരേണ്യവർഗമെന്ന പ്രതീതിയോടെ അവതരിപ്പിക്കപ്പെടുന്ന ഗവേഷകർക്ക് പുറം ലോകമറിയാത്ത ഒരു മുഖമുണ്ട്. അല്ലെങ്കിൽ അങ്ങനെയൊന്നാണവരുടെ യഥാർത്ഥമുഖം.

പൊതുജനത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ നിന്നും ഏറ്റവും അകന്ന് സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് ശാസ്ത്രഗവേഷണം. വല്ലപ്പോഴും ഒരു ബഹിരാകാശപേടകം അന്യഗോളത്തിലേക്ക് നീങ്ങുമ്പോഴോ ഒരു റോക്കറ്റ് പൊങ്ങുമ്പോഴോ പൊക്കിപ്പിടിക്കുന്ന ഇസ്രോ നേട്ടങ്ങളാണ് പൊതുജനത്തിന്റെ കണ്ണിൽ ഇന്നും ഗവേഷണം. അങ്ങനെ മാധ്യമങ്ങൾ ശാസ്ത്രനേട്ടം എന്ന് ചെണ്ടകൊട്ടി പാടുന്നവയൊക്കെ ശാസ്ത്രമുന്നേറ്റത്തിന്റെ ഏറ്റവും ഉപരിപ്ലവമായ ഭാഗമേ ആകുന്നുള്ളു. യഥാർത്ഥത്തിൽ ശാസ്ത്രഗവേഷണം നടക്കുന്നത് അറിയപ്പെടാത്ത അനേകം ഗവേഷണ സ്ഥാപനങ്ങളിലായിട്ടാണ്. മരുന്നുകൾ, ഊർജ്ജോല്പാദന സങ്കേതങ്ങൾ, ഊർജക്ഷമത കൂടിയ സാങ്കേതികതകൾ, കൂടുതൽ മെച്ചപ്പെട്ട നിർമാണവസ്തുക്കൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉപാധികൾ എന്നിവ തുടങ്ങി, പ്രധാനപ്പെട്ടതും എന്നാൽ അക്കമിട്ട് ക്വാണ്ടിഫൈ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ നിരവധി മേഖലകളിൽ സമാന്തരമായി ഇൻഡ്യയിലങ്ങോളമിങ്ങോളം ഗവേഷണം നടക്കുന്നുണ്ട്. ഇൻഡ്യയിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ മുൻനിരയിൽ കണക്കാക്കപ്പെടുന്ന ഒരു സ്ഥാപനത്തിലാണ് ഈ എഴുതുന്നവനും ഇപ്പോഴുള്ളത്. ഈ സ്ഥാപനത്തിന് ഒരു കിലോമീറ്റർ അപ്പുറമുള്ള ജംഗ്ഷനിൽ വന്ന് നിങ്ങളിവിടത്തേയ്ക്കുള്ള വഴി ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി കിട്ടാൻ സാധ്യത കുറവാണ്. കാരണം പൊതുജനത്തിന് അത് അത്രത്തോളം അന്യമാണ്, അതിന്റെ പ്രാധാന്യമോ അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നോ അവർക്കറിയില്ല.

എന്നാൽ അറിയപ്പെടാത്ത ഇത്തരം സ്ഥാപനങ്ങളിലായി ചിതറിക്കിടക്കുന്ന ലക്ഷക്കണക്കിന് ഗവേഷകവിദ്യാർത്ഥികളിലൂടെയാണ് ഇവിടങ്ങളിലെ ഗവേഷണപ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. എല്ലാവരും മികച്ച റെക്കോർഡോടെ ബിരുദാനന്തരബിരുദമെങ്കിലും സ്വന്തമാക്കിയവർ. ഇരുപതുകളിലും മുപ്പതുകളിലുമായി ജീവിതത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ വർഷങ്ങളിലൂടെ കടന്നുപോകുന്നവർ. Researcher/ഗവേഷക(ൻ) എന്ന ഒറ്റ ലേബലിൽ വരേണ്യവർഗമെന്ന് പൊതുജനം ധരിച്ച് വച്ചിരിക്കുന്നവർ. പ്രണയനൈരാശ്യം ഒഴിച്ച് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവാനിടയില്ല എന്ന് പറയപ്പെടുന്നവർ. എന്നാൽ യാഥാർത്ഥ്യം അതിൽ നിന്നെല്ലാം ഒരുപാട് അകലെയാണ്.

ഗവേഷകർക്ക് അവധിദിവസങ്ങൾ, പ്രവൃത്തിസമയം എന്നീ സങ്കൽപങ്ങൾ ഉണ്ടാകാറില്ല (തന്ത്രപ്രധാനമായ ചില സ്ഥാപനങ്ങളിൽ സുരക്ഷാകാരണം കൊണ്ട് വ്യത്യാസമുണ്ട്). കൊട്ടിയടയ്ക്കപ്പെട്ട ലാബുകൾക്കുള്ളിൽ അലോസരപ്പെടുത്തുംവിധം മുരളുന്ന യന്ത്രങ്ങളുടെ ഇടയിൽ രാത്രിയും പകലും മാറുന്നത് അറിയാതെ ജോലി ചെയ്യുന്ന ഗവേഷകർ അസംഖ്യമുണ്ട്. 'ഏ.സി.മുറി' എന്ന പ്രയോഗം പൊതുജനത്തിന് സുഖസൗകര്യത്തിന്റെ സൂചകമാണെങ്കിൽ ഗവേഷകർക്ക് അതങ്ങനെയാകണമെന്നില്ല. കുറഞ്ഞ താപനിലയിൽ മാത്രം പ്രവർത്തിക്കേണ്ട ഉപകരണങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന ഏ.സി.മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതാണ് പല ഗവേഷകർക്കും സുഖസൗകര്യം. അപകടകരമായ രാസവസ്തുക്കളുടെ ഇടയിൽ പലപ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ രാപകൽ കഴിയുന്നവരും അസംഖ്യം. രണ്ടുനേരത്തെ ചായകുടിയും ഉച്ചയൂണുമാകും മിക്കവാറും ആർഭാടങ്ങൾ. ഇങ്ങനെ കണക്കെടുത്ത് പറഞ്ഞതൊന്നും ഒരു വലിയ കഷ്ടപ്പാടിന്റെ കഥ എന്ന മട്ടിലല്ല. ഒരു ഗവേഷകവിദ്യാർത്ഥിയ്ക്ക് ഇതൊക്കെ ആസ്വദിച്ച് ചെയ്യാവുന്ന കാര്യങ്ങൾ തന്നെയാണ്- ഒറ്റ കണ്ടീഷൻ- അയാൾക്ക് ഇതിനെക്കുറിച്ച് മാത്രമാണ് ആവലാതിപ്പെടാനുള്ളത് എങ്കിൽ. സ്വയം വിദ്യാർത്ഥി എന്ന് വിശേഷിപ്പിക്കുന്നു എങ്കിലും പല ഗവേഷകരും ഒരു ഭാര്യയോ ഭർത്താവോ അച്ഛനോ അമ്മയോ ഒക്കെക്കൂടിയാണ്. പരിപാലിക്കപ്പെടേണ്ട ഒരു കുടുംബവും വളർത്തപ്പെടേണ്ട ഒന്നോ രണ്ടോ കുട്ടികളും അവരിൽ പലർക്കുമുണ്ട്. ഉറപ്പില്ലാത്ത, എവിടേയ്ക്കെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഭാവി അവർക്ക് മുന്നിൽ നീണ്ട് കിടപ്പുണ്ട്. വിവാഹം, പ്രണയം എന്നിങ്ങനെ നിർണായകമായ പല തീരുമാനങ്ങളും അവരുടെ ആലോചനയ്ക്കായി കാത്തുകിടപ്പുണ്ട്. സ്വന്തം വരുമാനത്തിലൂടെ മാത്രം കഴിയാൻ പോകുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായി ഗവേഷണത്തിനായി എത്തിയവർ എന്റെ കൈയകലത്തിൽ തന്നെ അനേകമുണ്ട്. മാതാപിതാക്കളുടെ ചികിത്സ നോക്കുന്നവർ, വീട് പണിയുന്നവർ, സഹോദരങ്ങളെ പഠിപ്പിക്കുന്നവർ... ഇവരെയൊക്കെ നിങ്ങൾക്ക് ഗവേഷകരുടെ ലാബ് കോട്ടുകൾക്കുള്ളിൽ നിന്ന് കണ്ടുകിട്ടും. ഇവർ ജീവിക്കുന്നത് മാസാമാസം കിട്ടുന്ന ഇരുപതിനായിരത്തോടടുത്ത് വരുന്ന ഫെലോഷിപ്പ് തുക കൊണ്ടാണ്. ഇതുതന്നെ പലർക്കും കിട്ടിയാൽ കിട്ടി എന്നേയുള്ളു. (സംഘം ചേർന്ന് എട്ടുമാസം നിലവിളിച്ചിട്ടാണ് ഈയുള്ളവന് തന്നെ കുറച്ചുനാൾ മുൻപ് ഫെലോഷിപ്പ് കൈയിൽ കിട്ടിയത്)

പഠിപ്പിൽ ഏറ്റവും മുന്നിൽ വരുന്ന, മിടുക്കരെന്ന് സഹപാഠികളാൽ വിശേഷിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികളാണ് ഗവേഷണമേഖലയിലേക്ക് വന്നിട്ടുള്ളവരിൽ ഭൂരിഭാഗവും. തീർച്ചയായും ഒരുപാട് സ്വപ്നങ്ങളുമായാണ് അവർ വരുന്നത്. പഠനം കഴിഞ്ഞ് ലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടാക്കാവുന്ന സ്വകാര്യമേഖലാ അവസരങ്ങൾ വേണ്ടെന്നുവച്ച് ശാസ്ത്രഗവേഷണത്തിന് വരുന്നവരുണ്ട്. ഗവേഷണമേഖലയിലെ തന്നെ ഒരു തൊഴിലോ, പി.എച്ച്.ഡി. പോലെ ആകർഷകമായ ഒരു ഡിഗ്രിയോ ഒക്കെയാകാം മനസിൽ. പൊതുവിൽ പി.എച്ച്.ഡി. ഒരു കോഴ്സ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മൂന്ന് വർഷം കൊണ്ട് B.Sc. എടുക്കുന്നതുപോലെ, ഒരു വർഷം കൊണ്ട് B.Ed. എടുക്കുന്നതുപോലെ ഒരു നിശ്ചിത കാലാവധി കൊണ്ട് ചെയ്ത് തീരുന്ന ഒന്നല്ല അത്. അത് കടയിൽ ചെന്ന് മീൻ വാങ്ങുന്നതുപോലല്ല, മീൻ പിടിക്കാൻ ചൂണ്ടയിട്ട് വെയില് കൊള്ളുന്നതുപോലെയാണ്- കിട്ടിയാലേ കിട്ടി എന്ന് പറയാൻ പറ്റൂ. ഒരുപാട് സാഹചര്യങ്ങൾ അനുകൂലമായാലേ ഗവേഷണം വിജയകരമായി അവസാനിപ്പിക്കാൻ പറ്റൂ. അതിനിടെ വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തരമായ ചോദ്യങ്ങൾ ഭയന്ന് പുറത്തിറങ്ങാത്തവരും ഉണ്ട്. കൂടെ പഠിച്ചവരൊക്കെ വിരൽത്തുമ്പിലും ഒക്കത്തും കുട്ടികളേയുമേന്തി ചോദിക്കും- പഠിച്ച് തീർന്നില്ലേ? ജോലി ആയില്ലേ? വിവാഹം ആയില്ലേ? ഇങ്ങനെ നടന്നാൽ മതിയോ? തങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ചുള്ള പല മികച്ച ജോലികൾക്കും അപേക്ഷിക്കാനുള്ള പ്രായപരിധി കടന്ന് പോകുന്നത് പല ഗവേഷകരും ഒരുതരം നിർവികാരതയോടെ തിരിച്ചറിയാറുണ്ട്.

ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ഏതൊരു വിദ്യാർത്ഥിയും ഈ രംഗത്തേയ്ക്ക് വരുന്നത്. പക്ഷേ അവിടെ കാലാകാലങ്ങളിൽ കുതിച്ചുയരുന്ന ജീവിതച്ചെലവുകളും അതറിയാതെ നിന്നനില്പിൽ തുടരുന്ന ഫെലോഷിപ്പും ചേർന്ന് അവരെ ഒരു കെണിയിലേക്ക് തള്ളിയിടുകയാണ്. തുടങ്ങിയാൽ പകുതിക്ക് നിർത്താനാവാത്ത ഒന്നാണ് ഫലത്തിൽ ഗവേഷണം. ഒന്നോ രണ്ടോ വ്യക്തികളുടെ കൈയൊപ്പിലാണ് ഗവേഷകരുടെ ജീവിതം തൂങ്ങിയാടുന്നത്. ആ ഒപ്പുകളാകട്ടെ മറ്റൊരാൾക്ക് പരിശോധിച്ച് ബോധ്യപ്പെടാവുന്ന യാതൊരുവിധ രേഖകളുടേയും അടിസ്ഥാനത്തിലല്ല, മറിച്ച് അതാത് വ്യക്തികളുടെ അഭിപ്രായങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സൂപ്പർവൈസർ നിങ്ങളുടെ തീസിസിൽ ഒപ്പിടാൻ വിസമ്മതിച്ചാൽ അതിന് ഒറ്റ അർത്ഥമേയുള്ളു- നിങ്ങളൊരു നല്ല ഗവേഷണവിദ്യാർത്ഥി അല്ല. അതിന്റെ കാരണം ആരും സൂപ്പർവൈസറോട് ചോദിക്കാൻ പോകുന്നില്ല, ആ ആളിനെക്കുറിച്ച് ആരും ചിന്തിക്കാൻ പോലും പോകുന്നില്ല. പകുതിയ്ക്ക് വച്ച് നിർത്തിയ പി.എച്ച്.ഡി. മറ്റൊരിടത്ത് ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ഒരു വലിയ ബ്ലാക് മാർക്ക് ആയിരിക്കും. അങ്ങനെയാണ് ആ സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ചെയ്ത് തുടങ്ങിയത് പൂർത്തിയാക്കുക എന്നതായിരിക്കും ഗവേഷണത്തിന്റെ പാതി ഘട്ടം കടന്ന ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യം. പിരിമുറുക്കം, നിരാശ തുടങ്ങിയ വികാരങ്ങൾ അവരുടെ സ്ഥായീഭാവങ്ങളായി കാണപ്പെടും.
സംഘടിക്കുന്നതിനും ശബ്ദമുയർത്തുന്നതിനും ഗവേഷകവിദ്യാർത്ഥി ഒന്ന് മടിയ്ക്കുന്നതിന് കാരണം മറ്റൊന്നല്ല. ഓരോരുത്തരും എത്രയും വേഗം സിസ്റ്റത്തിന് പുറത്ത് കടക്കാൻ ശ്രമിക്കുന്നിടത്ത്, ആ സിസ്റ്റം മെച്ചപ്പെടുത്താൻ ആദ്യം ശബ്ദമുയർത്തുന്ന ആൾ ഒറ്റപ്പെടും. ഈ സാഹചര്യത്തിൽ ശിവരഞ്ജൻ ഒരു വലിയ റിസ്ക്ക് തന്നെയാണ് ഏറ്റെടുത്തത്. ഇത്തരമൊരു പ്രതിഷേധത്തെ അടിച്ചമർത്താൻ നൂറ് വഴികൾ സർക്കാരിന് മുന്നിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സൂപ്പർവൈസറെ സമ്മർദ്ദത്തിലാക്കിയാൽ ധാരാളം മതിയാകും. അതവർ നടത്തിയിട്ടുമുണ്ട്. എത്രയെത്ര ആളുകളുടെ പ്രീതി നിലനിർത്തിയാലാണ് ഇതൊന്ന് കഴിച്ചുകിട്ടുക എന്ന് ആത്മഗതം ചെയ്യാത്ത ഗവേഷകവിദ്യാർത്ഥികൾ ഉണ്ടാവില്ല. കോളേജ് രാഷ്ട്രീയത്തിൽ നടത്തിയ പരാക്രമങ്ങൾ അയവിറക്കിക്കൊണ്ട്, ഇപ്പോൾ റബ്ബറാക്കേണ്ടി വന്ന സ്വന്തം നട്ടെല്ലിനെപ്പറ്റി ബ്ലാക് ഹ്യൂമർ പറയുന്നവരും ഉണ്ട് കൂട്ടത്തിൽ.
പതിവ് പോലെ വാചകമടിയായിരുന്നു ഈ വിഷയത്തിലും സർക്കാരിന്റെ പ്രധാന നടപടി. കഴിഞ്ഞ ദിവസം ഫെല്ലോഷിപ്പ് വർദ്ധന ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത എന്റെയൊരു സുഹൃത്തിന് കിട്ടിയ കമന്റ്, "നിനക്കൊക്കെ ഫെല്ലോഷിപ്പ് കൂട്ടിയിട്ട് മാസങ്ങളല്ലേ ആയിട്ടുള്ളു? ഇനിയും വേണോ?" എന്നാണ്. അതായത് കൂട്ടിയ കാര്യം എല്ലാവരും അറിഞ്ഞു, അത് വെറും വാചകമായിരുന്നു എന്ന കാര്യം മാത്രം ആരും അറിഞ്ഞിട്ടില്ല. ഈ ഒരു വാർത്തയെ തുടർന്ന് ഞങ്ങളിൽ പലരും താമസിക്കുന്ന ഇടങ്ങളിൽ വാടക കൂട്ടിയിട്ടുണ്ട്. അവരും കരുതുന്നത് ഗവേഷകർ വെറുതേ കാശും വാങ്ങി  തിന്നുമുടിച്ച് കഴിയുകയാണ് എന്നാണ്. അവരുടെ കണ്ണിൽ "പഠിക്കുന്ന പിള്ളേർക്കെന്തിനാ ഇത്രയും കാശ്" എന്നതാണ് ചോദ്യം. "പഠിക്കുന്ന ആ പിള്ളേരുടെ" യാഥാർത്ഥ്യമാണ് മുകളിൽ പറഞ്ഞത്. ഈ പഠനത്തോടെ അവരുടെ ജീവിതം ഇരുട്ടിലേയ്ക്ക് പോകുന്നത് അവർ കാണുന്നില്ല.

ഈ സ്ഥിതി തുടർന്നാൽ സംഭവിക്കാൻ പോകുന്നത് വളരെ ലളിതമായി പ്രവചിക്കാവുന്നതേയുള്ളു. ഇപ്പോൾ തന്നെ ഗവേഷണ ബിരുദത്തിന് ഇവിടെ കാര്യമായി വിലയൊന്നും ഇല്ല. അദ്ധ്യാപനത്തിലോട്ടോ മറ്റോ തിരിയാൻ ആഗ്രഹിക്കുന്നവർക്ക് ഗവേഷണം ഫലത്തിലൊരു പാരയായി മാറുന്ന വിചിത്ര സാഹചര്യവും പതിയെ വളർന്നുവരുന്നുണ്ട്. ഇന്നുവരെ ഇൻഡ്യാക്കാർ എന്ന ലേബലിൽ ഒരാൾ പോലും ഒരു ശാസ്ത്രനോബൽ പ്രൈസ് വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധിയ്ക്കണം. ബ്രിട്ടീഷ് ഇൻഡ്യയിൽ നിന്നുകൊണ്ട് പുരസ്കാരം വാങ്ങിയ സീ. വീ. രാമനാണ് ഇന്നും അടിക്കടി എടുത്ത് പ്രയോഗിക്കപ്പെടുന്ന ഒരേയൊരു പേര്. ഗവേഷണത്തിന് മാന്യതയും പ്രാധാന്യവും കല്പിയ്ക്കപ്പെടുന്ന വിദേശരാജ്യങ്ങളിലെ പൗരത്വം നേടിയ ഒരു വെങ്കിട്ടരാമനോ, ഒരു ഹർഗോബിന്ദ് ഖൊറാനയോ മറ്റോ സമ്മാനിതരാകുമ്പോൾ “ഓൻ നമ്മടെ ആളാ” എന്ന് അവകാശവാദമുന്നയിച്ച് ആശ്വസിച്ചാൽ മതിയോ ഇൻഡ്യൻ ശാസ്ത്രരംഗം? ഇങ്ങനെ തുടർന്നാൽ ഉന്നതപഠനം എന്ന നിലയിലോ, ഗവേഷണം തന്നെ തൊഴിലായി കണ്ടിട്ടോ ഇനി ഇൻഡ്യയിൽ ആരും മുന്നോട്ട് വരാതാകും. ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ യാതൊരു ഉറപ്പുമില്ലാതെ തുച്ഛമായ കാശിന് ഗവേഷണത്തിന് ആരെങ്കിലും തയ്യാറാവുമോ? ഇപ്പോൾ തന്നെ പ്രകടമായും വിദ്യാർത്ഥികൾ ഗവേഷണരംഗത്തോട് മുഖം തിരിക്കുന്ന കാഴ്ച കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പ്രതിഭയുള്ള ശാസ്ത്രവിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേയ്ക്ക് ചേക്കേറി, അവിടത്തെ ശാസ്ത്രഗവേഷണം വളർത്തുകയാണ്. നമ്മളോ? നമുക്കിങ്ങനെ ഏഴായിരം വർഷം മുൻപ് വിമാനം പറത്തിയ കഥയൊക്കെ പറഞ്ഞ് ആസനത്തിലെ തഴമ്പും തടവി വാ പൊളിച്ചിരിക്കാം.

No comments:

Post a Comment