Mar 13, 2015

യാദൃച്ഛികതയിൽ കുത്തിത്തിരുകുന്ന ദൈവം

കഴിഞ്ഞ ദിവസം നിർമുക്ത സംഘടിപ്പിച്ച ദൈവാസ്തിത്വത്തെക്കുറിച്ചുള്ള സംവാദം രസകരമായിരുന്നു. ഇസ്ലാമിലും നാസ്തികതയിലും ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു വിഷയം. ഇസ്ലാമിലെ ദൈവത്തെ പരിചയപ്പെടുത്താൻ വന്ന നവാസ് ജാനെ എന്ന സംവാദകൻ ഇരുപത് മിനിറ്റ് തന്റെ വാദം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ കോസ്മോളജിയും ക്വാണ്ടം മെക്കാനിക്സും മാത്രമേ കേൾക്കാനായുള്ളു. അതും വികലമായി- കോസ്മിക് മൈക്രോവേവ് യൂണിഫോമാണ്, ബിഗ് ബാംഗിന് ശേഷം പ്രപഞ്ചം ഈ രൂപത്തിലായത് നാച്ചുറൽ സെലക്ഷൻ വഴിയാണ് എന്നൊക്കെയുള്ള അബദ്ധധാരണകൾ പ്രകടമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അവകാശപ്പെട്ടത്, ആ ഇരുപത് മിനിറ്റ് ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ അദ്ദേഹം എണ്ണിയെണ്ണി നിരത്തുകയായിരുന്നു എന്നാണ്. ഇതൊക്കെയാണ് തെളിവുകൾ- എങ്ങനെ കൃത്യമായി ഒരു പ്രോട്ടോണും ഇലക്ട്രോണും കൃത്യമായി സംയോജിച്ച് ഹൈഡ്രജൻ ആറ്റം ഉണ്ടാകുന്നു? (ആരെങ്കിലും കൂട്ടി യോജിപ്പിക്കാതെ ഇവരെങ്ങനെ ഇത്ര കൃത്യമായി ചേരും എന്ന് വ്യംഗ്യം), എങ്ങനെ അമിനോ ആസിഡുകൾ കൃത്യമായി ചേർന്ന് ആദ്യത്തെ ജീവകോശം ഉണ്ടാകും? (പഴയപടി ആരെങ്കിലും കൂട്ടിച്ചേർക്കാതെ എങ്ങനെയെന്ന ചോദ്യം തന്നെ), ആരെങ്കിലും പ്ലാൻ ചെയ്യാതെ എങ്ങനെ കൃത്യമായി ബിഗ് ബാംഗ് സംഭവിച്ച് ഈ പ്രപഞ്ചം ഉണ്ടായി? (അതായത് നമ്മടെ താലിബാൻ മച്ചാൻമാരൊക്കെ ചെയ്യുന്നപോലെ ആരെങ്കിലും അരയിലോ മറ്റോ വച്ച് പൊട്ടിക്കാതെ താനേ ഒരു ബോംബ് പൊട്ടുന്നതെങ്ങനെ?) ഇതെല്ലാം പക്ഷേ ദൈവത്തിനുള്ള തെളിവുകളാണ്. അതായത് ഉത്തരമില്ലാത്തതെല്ലാം ദൈവത്തിന്റെ തെളിവുകളാണ് എന്ന്. പമ്പരം പോലെ ഭൂമിയെ കറക്കിവിട്ടതാര്? സൂര്യനിൽ തീയിട്ട് വെളിച്ചമുണ്ടാക്കുന്നതാര്? ഉഴുന്നുവടയിൽ ദ്വാരമിടുന്നതാര്? തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതാര്? എന്നിങ്ങനെ ബീവറേജിന് മുന്നിലെ ക്യൂ പോലെ അന്തമില്ലാതെ നീണ്ട് കിടക്കുന്ന സംശയങ്ങൾക്ക് ഏതിനെങ്കിലും ഉത്തരമുണ്ടെങ്കിൽ ഓക്കേ, ഇല്ലെങ്കിൽ അത് ദൈവം എന്ന ലൈനിലുള്ള പഴയ പല്ലവി തന്നെ. അടിസ്ഥാനപരമായി ഇപ്പറഞ്ഞതെല്ലാം ‘തെളിവുകൾ’ അല്ല, ‘തെളിവ്’ മാത്രമേ ആവുന്നുള്ളു. (ജാമ്യം: ഗ്രാമർ മാത്രം നോക്കുക, സെമാന്റിക്സ് ഒഴിവാക്കുക) ആപ്പിൾ താഴേയ്ക്ക് വീഴുന്നു, ഓറഞ്ച് വീഴുന്നു, തേങ്ങ വീഴുന്നു, കയറ് പൊട്ടിയ തൊട്ടി താഴേയ്ക്ക് വീഴുന്നു, എന്നിങ്ങനെ ആയിരക്കണക്കിന് ‘തെളിവുകൾ’ ഗുരുത്വാകർഷണത്തിന് നിരത്തുന്നപോലെയാണത്. താഴേയ്ക്ക് വീഴ്ച എന്ന ഒറ്റക്കാര്യം തന്നെയാണ് അതെല്ലാം സൂചിപ്പിക്കുന്നത്. അതുപോലെ ‘യാദൃച്ഛികത’ എന്ന ഒറ്റ ത്രെഡിൽ കിടക്കുന്ന കാര്യമാണ് ശ്രീമാൻ നവാസ് ജാനേ പറഞ്ഞ ‘തെളിവുകൾ’ മൊത്തം. അത് വാദങ്ങൾ എന്ന ലേബലിൽ അവതരിപ്പിക്കപ്പെട്ട ഒരൊറ്റ വാദം ആണ്. (ഇസ്ലാമിന് അമിനോ ആസിഡുമായും ഇലക്ട്രോണുമായും ഒക്കെ തമ്മിൽ എന്ത് ബന്ധം എന്നൊന്നും ചോദിച്ചേക്കരുത്. ഒരു ഇസ്ലാമിക രാജ്യത്തെ ഇസ്ലാമിക ‘പണ്ഡിതൻ’ ഭൂമി കറങ്ങുന്നു എന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. അവിടേയ്ക്കാണ് നമ്മൾ ക്വാണ്ടം മെക്കാനിക്സുമായി ചെന്നുകയറുന്നത്!)

ദൈവത്തിന്റെ നിലനില്പിന് ഏറ്റവും പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണീ യാദൃച്ഛികതാ വാദം. God of gaps എന്ന പ്രയോഗം തന്നെ ഉണ്ട്. സ്വന്തം അറിവിലെ ഓട്ടകൾ (gaps) ദൈവത്തെ വച്ച് ഫില്ല് ചെയ്യുന്ന പരിപാടി. നൂറ്റാണ്ടുകൾക്ക് മുൻപ് രാത്രിയും പകലും ഉണ്ടാക്കുന്നത് ദൈവം ആയിരുന്നു. പിന്നീട് ഭൂമിയുടെ കറക്കം കണ്ടെത്തിയപ്പോൾ ആ ഗ്യാപ്പ് താനേ അടയുകയും ദൈവം “ഭൂമി എങ്ങനെ കറങ്ങുന്നു?” എന്ന ഗ്യാപ്പിലേയ്ക്ക് മാറിയിരിക്കുകയും ചെയ്തു. ഇങ്ങനെ മാറി മാറി ക്വാണ്ടം മെക്കാനിക്സിലേയും കോസ്മോളജിയിലേയും ഗ്യാപ്പുകളിലാണ് ഇപ്പോ ദൈവം ഇരിക്കുന്നത്. ഈ സ്ഥാനമാറ്റം/സ്ഥാനക്കയറ്റം ഇനിയും തുടരും. Believers shall never be afraid, there are plenty of gaps available! “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ” എന്നാണ് പഴമൊഴിയെങ്കിൽ ചത്തതാരായാലും കൊന്നതാരെന്ന് വ്യക്തമല്ലെങ്കിൽ അത് ദൈവം കൊന്നതാണ് എന്നാണ് മതമൊഴി. പുതിയ കാര്യങ്ങൾ അറിയാൻ മെനക്കെടാത്തവരെ സംബന്ധിച്ച് കാര്യങ്ങൾക്ക് അവിടെത്തന്നെ ശുഭപര്യവസാനം സംഭവിക്കുന്നു.

ഇനി ഇക്കാര്യത്തിൽ സന്ദേഹമുള്ളവരും, അപ്പറയുന്ന യാദൃച്ഛികതയിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരോടും ആണ് പറയാനുള്ളത്. വിശ്വസിക്കാൻ മുട്ടിനിൽക്കുന്ന മതപ്രചാരകർ പറയുന്ന അത്രയും വലിയ ഒരു യാദൃച്ഛികതയൊന്നും ഇവിടെ ഇല്ല. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത്, ജീവന്റെ ഉത്ഭവം പോലുള്ള നിർണായക പ്രതിഭാസങ്ങൾ നടന്ന് ഇന്നീ കാണുന്ന രൂപത്തിലാവാനെടുത്ത നീണ്ട കാലയളവാണ്.  പ്രപഞ്ചം ഉണ്ടായത് ഒരു ജനുവരി 1-നായിരുന്നു എങ്കിൽ ഭൂമി അടുത്ത സെപ്റ്റംബർ 14-നും ജീവൻ സെപ്റ്റംബർ 25-നും മാത്രമാണ് ഉണ്ടായത്. മനുഷ്യനാകട്ടെ ഡിസംബർ 31 രാത്രി 10.30-നും! ഈ ഒരു കാലയളവ് നമുക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണ്. ഒരു വർഷം പിന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന കാര്യങ്ങളെ മനസിലാക്കുവാൻ, ജനിച്ചിട്ട് കഷ്ടിച്ച് ഒന്നര മണിക്കൂറ് മാത്രമായ മനുഷ്യർക്ക് കഴിഞ്ഞ കാലത്തിന്റെ ലഭ്യമായ ശേഷിപ്പുകൾ പരിശോധിക്കുക എന്ന മാർഗമേ ഉള്ളു. കോസ്മിക് ബാക്ഗ്രൗണ്ട്, ഫോസിലുകൾ ഇവയൊക്കെ ഇത്തരം ശേഷിപ്പുകളായിട്ടാണ് നമ്മൾ പരിഗണിക്കുന്നത്. എന്നാൽ ശേഷിപ്പുകളൊന്നും ഇല്ലാത്ത സംഭവങ്ങളോ പ്രതിഭാസങ്ങളോ ഒക്കെ എത്രയെങ്കിലും സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധ്യമല്ല. ഇവിടെയാണ് യാദൃച്ഛികത പുനഃപരിശോധിയ്ക്കേണ്ടത്. ജീവന്റെ ഉത്ഭവം തന്നെ എടുക്കാം. ഏതാണ്ട് 390 കോടി വർഷം മുൻപ് നടന്ന ഒരു പ്രതിഭാസം ആണ് ജീവന്റെ ഉത്ഭവത്തിലേയ്ക്ക് നയിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്. 450 കോടി വർഷം വയസ്സുള്ള ഭൂമിയിൽ ജീവന്റെ അംശം പോലും ഇല്ലാതെ 60 കോടി വർഷങ്ങൾ കടന്നുപോയിട്ടുണ്ടാകും എന്നർത്ഥം. ഇതിനിടയ്ക്ക് കോടാനുകോടി പ്രതിഭാസങ്ങൾ സമാനമായി സംഭവിച്ചിരിക്കാം. (60 കോടി വർഷം അതിന് പോരാന്നുണ്ടോ?) ഇതിൽ ജീവന്റെ ഉത്ഭവത്തിന് കാരണമായ പ്രതിഭാസത്തിന് തെളിവുണ്ട്- ജീവൻ തന്നെയാണ് ആ തെളിവ്. ജീവൻ ഉണ്ടാകാതെ പോയ സംഭവങ്ങൾക്കോ? തെളിവുണ്ടാകണമെന്ന് നിർബന്ധമില്ല. ജീവന് കാരണമായ സംഭവം ജീവൻ അവശേഷിപ്പിച്ചു, ജീവന് സ്വയം ഇരട്ടിക്കാനും വികസിക്കാനുമുള്ള കഴിവുള്ളതുകൊണ്ട് അത് നിലനിന്നു, നിലനിന്ന വഴികളിൽ അത് വേറെയും തെളിവുകൾ അവശേഷിപ്പിച്ചു. എന്നാൽ ജീവന് കാരണമാകാത്ത സംഭവങ്ങൾ ഒന്നും അവശേഷിപ്പിച്ചുകാണില്ല, അവശേഷിപ്പിച്ചാൽ തന്നെ ഇത്രയും കാലം (390 കോടി വർഷം) ആ ശേഷിപ്പുകൾ നിലനിൽക്കണമെന്നും ഇല്ല. അതുകൊണ്ട് തന്നെ ജീവൻ ഉണ്ടായത് വലിയൊരു യാദൃച്ഛികതയാണ് എന്ന് പറയുമ്പോൾ സമാനമായി നടന്നിട്ടുണ്ടാകാവുന്ന കോടാനുകോടി പ്രതിഭാസങ്ങളെ നമ്മൾ പാടേ അവഗണിക്കുകയാണ്. ഒരു വലിയ ഭൂപ്രദേശത്ത് ചിതറിയെറിയപ്പെട്ട വിത്തുകളിൽ ഒരെണ്ണം മാത്രം മുളച്ച് വലുതായി മരമായാൽ, മുപ്പത് വർഷം കഴിഞ്ഞ് അതുവഴി പോകുന്ന ഒരാൾക്ക് ആ പ്രത്യേക സ്ഥലത്ത് ആരോ മനഃപൂർവം കൊണ്ട് നട്ടിട്ടുപോയ മരമാണത് എന്ന് തോന്നിയേക്കാം. മുളയ്ക്കാതെ പോയ അനേകായിരം വിത്തുകളെ അയാൾ കാണാനേ പോകുന്നില്ല. ജീവൻ ഊതിയുണ്ടാക്കുന്ന ദൈവത്തെ പൊക്കിക്കൊണ്ടുവരുന്നതും ഇതുപോലെ ഒരു എടുത്തുചാട്ടം മാത്രമാണ്.

പണ്ട് ദിലീപ് ഒരു സിനിമയിൽ പറഞ്ഞപോലെ ബസ് ശരിയാക്കുന്നതിന് പകരം അതിലെ ഓട്ടകളെല്ലാം കൊച്ചുകൊച്ചു ചെടികളും പൂക്കളും കൊണ്ട് അലങ്കരിക്കുകയാണ് മതവിശ്വാസികൾ. കാര്യങ്ങൾ പഠിച്ച് ഗ്യാപ്പ് നിറയ്ക്കുന്നതിന് പകരം അവിടെല്ലാം അവർ ദൈവത്തെ കുത്തിത്തിരുകുന്നു. ശാസ്ത്രം പക്ഷേ ഓട്ടകൾ റിപ്പയർ ചെയ്യുന്ന തിരക്കിലാണ്.

No comments:

Post a Comment