Apr 10, 2015

ഹോമിയോ മരുന്നെന്ന് കേട്ടാൽ...

അമ്പത് ഉറക്കഗുളികൾ ഒരുമിച്ച് വിഴുങ്ങിയാൽ എന്ത് സംഭവിക്കും? പേടിയാവുന്നോ? അതൊരു പേടിപ്പിക്കുന്ന സാഹചര്യമായി തോന്നുന്നത് ഗുളിക എന്നുപറയുമ്പോൾ മോഡേൺ മെഡിസിനിലെ ഗുളിക മനസിലോട്ട് വരുന്നവർക്കേയുള്ളു. ഹോമിയോപ്പതിയിലെ ഉറക്കഗുളിക കഴിച്ചാൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ ആള് പയറ് പോലെ എണീറ്റ് നടക്കും. തെളിവ് വേണമെങ്കിൽ ദാ ഈ വീഡിയോ കാണുക: http://goo.gl/B9Yu8V

ഇക്കാര്യം ആദ്യമായി കേൾക്കുന്നവരുടെ മനസ്സിൽ ഇപ്പോ തോന്നുന്ന ഇംപ്രഷൻ- “അപ്പോ, അലോപ്പതി മരുന്നിനെക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഹോമിയോപ്പതി മരുന്ന്” എന്നായിരിക്കും. വളരെ ശരിയാണ്. (നുറുങ്ങ്: അലോപ്പതി എന്നത് ആധുനിക വൈദ്യശാസ്ത്രത്തിനുള്ള സ്റ്റാൻഡേഡ് വിളിപ്പേരല്ല. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാൻ അന്നത്തെ മോഡേൺ മെഡിസിനെ കളിയാക്കി വിളിച്ച പേരാണത്) ശരിയായ ഹോമിയോപ്പതി മരുന്ന് യാതൊരുവിധ അപകടവും ഉണ്ടാക്കുന്നതല്ല. അതിന്റെ കാരണം പക്ഷേ നിങ്ങൾ കരുതുന്നതല്ല എന്നേയുള്ളു

ഇതാണാ കാരണം…

ഹോമിയോപ്പതിയിൽ മരുന്നിന്റെ വീര്യം പറയുന്നത് ഒരു പ്രത്യേക രീതിയിലാണ്. Potency എന്നതാണ് വീര്യത്തിന് അവരുപയോഗിക്കുന്ന വാക്ക്. പൊട്ടൻസി കൂടുതൽ എന്നാൽ മരുന്നിന് വീര്യം കൂടുതൽ എന്നർത്ഥം. ഹോമിയോ മരുന്നുകളുടെ വീര്യം പറയുന്നതിന് പല മാനകങ്ങൾ ഉപയോഗിക്കാറുണ്ട് എങ്കിലും (http://goo.gl/RxzoQy) Centesimal scale (C scale) എന്നൊരു സ്കെയിലാണ് ഹാനിമാൻ ഉപയോഗിച്ചത്. 1C, 2C, 6C, 100C എന്നിങ്ങനെയുള്ള സൂചകങ്ങൾ വഴിയാണ് ആ രീതിയിൽ വീര്യം സൂചിപ്പിക്കുന്നത്. C-യുടെ കൂടെയുള്ള സംഖ്യ കൂടുന്തോറും പൊട്ടൻസി കൂടും. മരുന്നിന്റെ പൊട്ടൻസി കൂട്ടുന്ന പ്രക്രിയയെ Potentisation എന്ന് പറയും. ഈ പൊട്ടന്റൈസേഷൻ നടത്തുന്ന രീതിയിലാണ് തമാശ കിടക്കുന്നത്.
മരുന്നിന്റെ ഒറിജിനൽ രൂപത്തെ Mother tincture (മാതൃസത്ത്) എന്ന് വിളിക്കും. ഇവിടന്നാണ് പടിപടിയായി വീര്യം കൂട്ടുന്നത്. അതിനായി മാതൃസത്തിനെ ആദ്യം വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിക്കും. ഇതാണ് dilution സ്റ്റെപ്പ്. ഇത് കഴിഞ്ഞ് ഈ ലായനിയെ (solution) അതിശക്തമായി കുലുക്കും. ഇതിനെ succussion പ്രക്രിയ എന്ന് വിളിക്കുന്നു. മാതൃസത്തിനെ അതിനെക്കാൾ നൂറിരട്ടി വെള്ളത്തിൽ (ആൽക്കഹോളുമാവാം) dilution-succussion പ്രക്രിയകൾ കഴിച്ച് എടുക്കുമ്പോൾ അത് 1C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി. ഇനിയീ 1C പൊട്ടൻസി മരുന്നിൽ നിന്ന് അല്പം എടുത്ത് അതിനെക്കാൾ 100 മടങ്ങ് വെള്ളത്തിൽ ലയിപ്പിച്ച് വീണ്ടുമൊരു dilution-succussion കഴിഞ്ഞുവരുമ്പോൾ കൈയിൽ വരുന്നത് 2C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി! അതായത് മാതൃസത്ത് 10,000 മടങ്ങ് വെള്ളത്തിൽ ലയിക്കുന്നതാണ് 2C മരുന്ന്. 2C മരുന്നിൽ നിന്ന് അല്പമെടുത്ത് വീണ്ടും നൂറിരട്ടി വെള്ളത്തിൽ കലക്കലും കുലുക്കലും കഴിച്ചെടുക്കുമ്പോൾ 3C മരുന്നായി! ചുരുക്കത്തിൽ, വീര്യത്തിൽ എത്ര ‘C’ ഉണ്ടോ അതിന്റെ ഇരട്ടി എണ്ണം പൂജ്യം ഒന്നിനോട് ചേർന്നാൽ കിട്ടുന്ന സംഖ്യയുടെടെ അത്ര മടങ്ങ് വെള്ളത്തിലാണ് മാതൃസത്ത് ലയിപ്പിച്ചിരിക്കുന്നത്. ഒരു മരുന്നിന്റെ പൊട്ടൻസി 10C ആണെങ്കിൽ, മാതൃസത്തിനെ 100,000,000,000,000,000,000 മടങ്ങ് (1 കഴിഞ്ഞ് 2 x 10 = 20 പൂജ്യങ്ങൾ) വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിച്ചാണ് അതുണ്ടാക്കിയിരിക്കുന്നത്.

ആദ്യമായി കേൾക്കുന്ന പലർക്കും ഇതാണ് ഹോമിയോപ്പതിയിൽ മരുന്ന് വീര്യം കൂട്ടുന്ന ടെക്നിക് എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ സത്യമാണ് (http://goo.gl/XjurGv). നേർപ്പിക്കും തോറും വീര്യം കൂടുന്ന മരുന്ന് എന്ന അതിവിചിത്ര സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനങ്ങളിൽ ഒന്ന്. അതായത് ഒരു ‘ഹോമിയോപ്പതിക് മദ്യപാനി’യുടെ കണക്കിൽ, റമ്മിൽ എത്രത്തോളം വെള്ളം കൂടുതൽ ചേർത്ത് അടിക്കുന്നോ അത്രത്തോളം കിക്ക് കൂടുതലായിരിക്കും!! Open-mouthed smile

ഒരു ഹോമിയോ വെബ്സൈറ്റിൽ നിന്നുള്ള വാചകം ഇങ്ങനെ– “where an accident started off the symptoms and you might give the body a kick start with a high potency dose such as Arnica 200c first and then follow with a lower potency remedy.…”(http://goo.gl/fYs5av). ആർനിക്ക എന്ന ചെടിയിൽ നിന്നുള്ള സത്തിന് ചില രാസപ്രവർത്തനശേഷികളൊക്കെ ഉണ്ടെന്നും വേദനയ്ക്കും പൊള്ളലിനുമൊക്കെ ചില പാരമ്പര്യചികിത്സകർ ഉപയോഗിക്കാറുണ്ടെന്നും drugs.com എന്ന സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു (http://goo.gl/dwezpK). പക്ഷേ ഹോമിയോക്കാര് 200C അളവിൽ നേർപ്പിച്ച് ‘വീര്യം കൂട്ടി’യാണ് ഇത് പ്രയോഗിക്കാൻ പറയുന്നത്. ഒരു തുള്ളി മാതൃസത്തിനെ ഭൂമിയിൽ ലഭ്യമായ മുഴുവൻ ജലത്തിലും കൂടി ലയിപ്പിച്ചാൽ പോലും 13C പൊട്ടൻസി വരെയേ എത്തുള്ളൂ എന്നോർക്കണം(http://goo.gl/QpY1Im). ഒരു തുള്ളി ആർനിക്കാ സത്തിനെ 14C ആക്കണമെങ്കിൽ ഇപ്പോ ഭൂമിയിൽ ഉള്ളതിന്റെ 100 ഇരട്ടി വെള്ളം കൂടി വേണ്ടി വരും. ഇപ്പോ മനസിലായില്ലേ എന്തുകൊണ്ടാണ് ഹോമിയോ മരുന്ന് വളരെ സുരക്ഷിതമാണെന്ന് നേരത്തെ തറപ്പിച്ച് പറഞ്ഞത് എന്ന്? ഹോമിയോപ്പതിക് സിദ്ധാന്തങ്ങൾ കൃത്യമായി അനുസരിച്ച് നിർമ്മിക്കുന്ന യഥാർത്ഥ ഹോമിയോ മരുന്നിൽ പറയാൻ മാത്രം മരുന്നൊന്നും ഉണ്ടാവില്ല എന്നതിനാൽ പ്രത്യേകിച്ച് ദോഷമോ ഗുണമോ ഉണ്ടാവില്ലല്ലോ. അതുകൊണ്ട് ധൈര്യമായി കഴിച്ചോളൂ, പഞ്ചാരമിട്ടായി നുണയാൻ നല്ല രസം തന്നെയാണ്. പക്ഷേ കാര്യമായ അസുഖം വല്ലതുമാണെങ്കിൽ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന നല്ലൊരു ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് കൂടി ഒപ്പം കഴിച്ചാൽ, രാജ്യത്തിന് ഗുണമൊന്നും ഉണ്ടായില്ലെങ്കിൽ പോലും നിങ്ങൾക്കും കുടുംബത്തിനും ഉപകാരങ്ങളുണ്ടാകും. Winking smile

PS: ഹോമിയോയെക്കുറിച്ച് കൂടുതൽ അറിയാതെ അതിന് പിന്നാലെ പോകുന്ന ആർക്കെങ്കിലും അതിന്റെ സത്യാവസ്ഥ അറിയാൻ താത്പര്യമുണ്ടെങ്കിൽ ഈ ലേഖനങ്ങൾ വായിക്കുക:
1. http://www.quackwatch.com/01QuackeryRelatedTopics/homeo.html
2. http://www.quackwatch.com/01QuackeryRelatedTopics/altbelief.html)

PPS: ശാസ്ത്രവിരുദ്ധർ, മോഡേൺ മെഡിസിൻ അലർജിയുള്ളവർ തുടങ്ങിയവർ ദയവായി ഈ പോസ്റ്റ് അവഗണിക്കുക. ഇത് നിങ്ങളോട് പറയാനുദ്ദേശിച്ച കാര്യങ്ങളല്ല.

1 comment: