Jun 4, 2015

പോലീസ് സാറെന്ന് വിളിക്കുന്നതിൽ എവിടെയാണ് തമാശ?

റോഡിൽ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ച് ഡി.ജി.പി. പുറപ്പെടുവിച്ച നിർദേശങ്ങളെ മലയാളി തന്റെ ട്രെയ്ഡ്മാർക്കായ ഹ്യൂമർസെൻസ് വച്ച് ആഘോഷമാക്കുന്നുണ്ട്. പക്ഷേ ഇതിലെ തമാശ രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഒന്ന്, വളരെ നല്ല നിർദേശങ്ങളാണ് ഡി.ജി.പിയുടേത് എങ്കിലും ‘സാർ/മാഡം’, ‘സുഹൃത്തേ’ എന്നൊക്കെയുള്ള വിളികളിലെ തമാശയാണ് നമ്മളതിൽ പൊക്കിയെടുത്തിരിക്കുന്നത്. അതെങ്ങനെയാണ് തമാശയാകുന്നത്? അങ്ങനെയൊരു തമാശയുണ്ടെങ്കിൽ അത് ഡി.ജി.പി.യുടെ കുഴപ്പമല്ല. നമ്മുടെ ഭാഷയുടേയും അത് ഉരുത്തിരിഞ്ഞ സാമൂഹ്യരീതിയുടേയും പ്രത്യേകതയാണത്. സ്വാഭാവികമായ ബഹുമാനം സൂചിപ്പിക്കാൻ അത്ര വഴങ്ങാത്ത ഒരു ഭാഷയാണ് നമ്മുടേത്. സ്വാഭാവികമായ ബഹുമാനം നമുക്കത്ര ശീലമുള്ള കാര്യവുമല്ല എന്നതാകണം അതിന് കാരണം. ഇംഗ്ലീഷ് ഭാഷ നോക്കൂ, ‘You’ എന്ന ഒരു വാക്ക് ആരോടും ഉപയോഗിക്കാം. പ്രസിഡന്റിനേയും അയൽക്കാരനേയും കൂട്ടുകാരിയേയും മകനേയും വീട്ടുജോലിക്കാരിയേയും ഒക്കെ ഇംഗ്ലീഷിൽ ‘You’ എന്ന് വിളിക്കാം. അതായത് ഭാഷാ പ്രയോഗത്തിൽ ഇവരെയെല്ലാം ഒരേ തലത്തിലാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ നമുക്ക് ‘നീ’, ‘നിങ്ങൾ’, ‘താങ്കൾ’ എന്നിങ്ങനെ അവിടെ പല വേർതിരിവുകളാണ്. ഇവിടെത്തന്നെ ബഹുമാനസൂചകമായ ‘താങ്കൾ’ എന്ന പ്രയോഗം അത്ര സാധാരണമായി സ്വാഭാവികസംഭാഷണത്തിൽ ഉപയോഗിക്കപ്പെടാറില്ല. ഇംഗ്ലീഷിൽ മിസ്റ്റർ/മിസ് ചേർത്ത് പേര് വിളിച്ചാൽ ബഹുമാനം അതിൽത്തന്നെ പ്രതിഫലിക്കും. ഇവിടെ തത്തുല്യമായ ‘ശ്രീ’രൂപങ്ങൾ ചേർത്ത് പേര് വിളിച്ചാൽ ബഹുമാനം തോന്നിക്കില്ല എന്ന് മാത്രമല്ല, പ്രയോഗത്തിലെ അസ്വാഭാവികത കാരണം അപമാനമായിട്ട് വരെ തോന്നിയേക്കാം. ഇവിടെ കാണാനില്ലാത്തത് പരസ്പര ബഹുമാനം എന്ന സങ്കല്പമാണ്. ഞാൻ ബഹുമാനിക്കുന്നയാൾ എന്നെ ബഹുമാനിക്കേണ്ടതില്ല, എന്നെ ബഹുമാനിക്കുന്ന ആളെ ഞാനും ബഹുമാനിക്കേണ്ടതില്ല എന്ന മനോഭാവമല്ലേ നമുക്ക്? തന്നെക്കാൾ മേൽക്കൈ ഉള്ളവരുടെ മുന്നിൽ താണുവണങ്ങി നിൽക്കുക, തന്നെക്കാൾ കീഴെയുള്ളവരെ കയറി ഭരിയ്ക്കുക, തരം കിട്ടിയാൽ കാല് മടക്കി തൊഴിക്കുക- ഇതാണ് ലൈൻ. ഇതിന് രണ്ടിനും അതിന്റേതായ പദാവലികളുണ്ട്. (‘എടോ’, ‘നീ’, ‘താൻ’ തുടങ്ങിയ ‘താഴേയ്ക്ക്’ വിളിക്കേണ്ട പദങ്ങളും ‘സാറേ’ മുതൽ ‘ഏമാനേ’, ‘അങ്ങുന്നേ’ വരെ പല കനത്തിൽ ‘മുകളിലേയ്ക്ക്’ വിളിക്കേണ്ട പദങ്ങളും). അതുകൊണ്ട് തന്നെ പരസ്പരബഹുമാനം സൂചിപ്പിക്കുന്ന ‘സുഹൃത്തേ’ പോലുള്ള വാക്കുകളെല്ലാം നമുക്ക് അസ്വാഭാവികമായി തോന്നിയേക്കാം. ‘സാർ’ വിളി നമ്മുടെ കണക്കിൽ പരസ്പരബഹുമാനത്തിന്റെയല്ല, വിധേയത്വത്തിന്റെ ലിസ്റ്റിലാണ്. അതാണ് പോലീസുകാരൻ യാത്രക്കാരനെ ‘സാർ’ എന്ന് വിളിക്കുന്ന ചിത്രം നമുക്ക് തമാശയായി തോന്നുന്നത്.

രണ്ടാമത്തെ കാര്യം ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. 

ഞാൻ ആദ്യമായി ബൈക്കിൽ ലിഫ്റ്റ് കൊടുത്തത് ഒരു പോലീസുകാരനായിരുന്നു. ബൈക്കോടിച്ച് പഠിക്കുന്ന സമയം. സാധാരണ റോഡരികിൽ നിന്ന് ആര് കൈകാണിച്ചാലും നിർത്തില്ലായിരുന്നു.  സഹായിക്കാൻ മടിച്ചിട്ടല്ല. ഞാനേ മരണക്കിണറിൽ ഓടിക്കുന്ന ഭാവത്തിലാണ് റോഡിലൂടെ പോകുന്നത്, അതിനിടെ ഒന്ന് ലിഫ്റ്റ് ചോദിച്ചുപോയി എന്ന നിസ്സാരതെറ്റിന് ഒരാളെ വലിച്ചുകയറ്റി കൊലയ്ക്ക് കൊടുക്കണോ! ആ സമയത്താണ് ഒരു വൈകുന്നേരം നന്ദാവനം ക്യാമ്പിന് മുന്നിൽ നിന്ന് ഒരു പോലീസുകാരൻ ലിഫ്റ്റിന് കൈകാണിക്കുന്നത്. ഞാനൊന്ന് പതറി- നിർത്തണോ വേണ്ടയോ? നിർത്തിയാലുള്ള റിസ്കിനെക്കാൾ വലുതാണ് നിർത്താതിരുന്നാൽ എന്ന് തോന്നിയതിനാൽ ഞാൻ അല്പം മുന്നോട്ട് നീങ്ങിയിട്ടാണെങ്കിലും നിർത്തി. പുള്ളി അടുത്തേയ്ക്ക് വന്നു.


ഞാൻ വിനയപൂർവം ചോദിച്ചു- “എങ്ങോട്ട് പോകാനാണ് സാർ?”

മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു- “സാറെങ്ങോട്ടാണ്?”

പുള്ളി ആക്കിയതാണോ എന്ന സംശയമാണ് ആദ്യം വന്നത്. പക്ഷേ ബേക്കറി ജംഗ്ഷനിൽ ഇറക്കിവിട്ടപ്പോൾ “താങ്ക് യൂ സാർ” എന്നുപറഞ്ഞ് ഒരു ഫ്രണ്ട്ലി സല്യൂട്ടുമടിച്ചാണ്  ആള് പോയത്. അതിന് ശേഷം ഒരുദിവസം കുറച്ചുകൂടി മുതിർന്ന ഒരു ട്രാഫിക് പോലീസുകാരൻ “ഒന്നപ്പുറത്തേയ്ക്ക് ആക്കുവോ അനിയാ?” എന്ന് ചോദിച്ചും പിന്നിൽ കയറിയിട്ടുണ്ട്. 

പറഞ്ഞുവന്നത്, നമ്മളീ അടച്ചാക്ഷേപിക്കുന്നത്ര മോശം പെരുമാറ്റമൊന്നുമല്ല ഇവിടത്തെ പോലീസുകാരുടെ മൊത്തം. ഞാൻ ഇടപെട്ടിട്ടുള്ള പോലീസുകാരിൽ ഭൂരിഭാഗവും മാന്യമായി തന്നെയാണ് പെരുമാറിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിൽ അസമയത്ത് ചുറ്റിത്തിരിഞ്ഞ പല അവസരങ്ങളിലും എന്നെ പോലീസ് ‘പൊക്കിയിട്ടുണ്ട്’. പക്ഷേ തിരിച്ചറിയൽ രേഖകൾ കാണിച്ചശേഷം യാതൊരു പ്രശ്നവും ഉണ്ടാക്കാതെ വിട്ടിട്ടും ഉണ്ട്. (ഇതുമായി ബന്ധപ്പെട്ട് പണ്ടിട്ട തമാശ പോസ്റ്റ്: https://goo.gl/uZNqtG)
 
പിന്നെ പോലീസുകാരുടെ പെരുമാറ്റത്തെ ജഡ്ജ് ചെയ്യുന്ന നമ്മളാരാ? മര്യാദയ്ക്ക്, ഉദ്ദേശിക്കുന്ന സ്ഥലത്തെത്തണം എന്ന ഉദ്ദേശ്യത്തോടെ മാത്രം റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന ഒരാൾ വഴിയിൽ എത്ര പേരെ മനസിലെങ്കിലും ചീത്ത വിളിക്കും? അത്രമാത്രം തെണ്ടിത്തരമാണ് നമ്മൾ റോഡിൽ കാണിച്ചുകൂട്ടുന്നത്. ഇതിന്റെയൊക്കെ മെനക്കേട് പാവപ്പെട്ട പോലീസുകാർക്ക് തന്നെയാണല്ലോ. അഞ്ച് മിനിറ്റ് നിന്നാൽ ശ്വാസം മുട്ടുന്ന ട്രാഫിക്കിന്റെ നടുക്ക് മണിക്കൂറുകളോളം നിന്ന് വെയിലുകൊള്ളുന്ന പോലീസുകാരോട് നമ്മുടെ മനോഭാവമെന്താണ്? മാറിമാറി വരുന്ന സർക്കാരുകൾക്കനുസരിച്ച് താളംതുള്ളാൻ വിധിക്കപ്പെട്ട അവരെ സാധാരണ മനുഷ്യരെപ്പോലെ നമ്മൾ കണക്കാക്കാറുണ്ടോ? രാഷ്ട്രീയ ഇടപെടലുകളില്ലാത്ത മിക്ക കേസുകളും വളരെ പെട്ടെന്ന് സോൾവ് ചെയ്ത ചരിത്രമാണ് നമ്മുടെ പോലീസിനുള്ളത്. (പെൺകുട്ടികളുടെ വായ്നോട്ട ലിസ്റ്റിൽ പോലീസുകാർക്ക് ഡിമാൻഡ് കുറവാണ് എന്നും കേൾക്കുന്നു. ശരിയാണോ?) നായകൻ പോലീസല്ലാത്ത പക്ഷം നമ്മുടെ സിനിമകളിൽ പോലീസിന് സ്ഥിരം വില്ലൻ വേഷം തന്നെയല്ലേ ഇപ്പോഴും? പോലീസുകാരെല്ലാം പുണ്യാളൻമാരാണ് എന്നല്ല പറഞ്ഞുവന്നത്. കാടൻ ട്രെയ്നിങ്ങ് ഉൾപ്പടെ (അതിനും ഇപ്പോൾ മാറ്റമുണ്ടെന്നാണ് കേൾക്കുന്നത്) പല കാരണങ്ങളാൽ ഒരു പരുക്കൻ സ്വഭാവം പലരും കാണിക്കുന്നുമുണ്ട്. പക്ഷേ നമ്മുടെ അടച്ചാക്ഷേപങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്നത് ഉറപ്പാണ്.

No comments:

Post a Comment