Jun 24, 2015

അരിപ്പ മാറുമ്പോൾ, അരിച്ചെടുക്കപ്പെടുന്ന ആളുകളും മാറുന്നു

ഒരു തൊഴിലിന് വേണ്ടി ആളെ തെരെഞ്ഞെടുക്കുമ്പോൾ നോക്കേണ്ട മാനദണ്ഡം തെരെഞ്ഞെടുക്കപ്പെടുന്ന ആളിന് അയാൾ ചെയ്യേണ്ട ജോലിയിൽ എത്രത്തോളം കഴിവുണ്ട് എന്നതാകണമല്ലോ. പക്ഷേ ഇപ്പോ നമ്മുടെ നാട്ടിൽ നടക്കുന്നത് തെരെഞ്ഞെടുക്കൽ ഏറ്റവും എളുപ്പമാകുന്ന മാനദണ്ഡം സ്വീകരിക്കുക എന്നതാണ്. അതായത് തൊഴിൽ ചെയ്യുന്നത് ആരായാലും വേണ്ടില്ല, അയാളെ തെരെഞ്ഞെടുക്കുന്ന പണി കുറഞ്ഞിരുന്നാൽ മതി. തൊഴിലിന് മാത്രമല്ല, വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ യോഗ്യതാ പരീക്ഷകൾ പാസ്സാക്കിയെടുക്കുന്നതിലും ഇതേ വഴിയാണ് നമ്മൾ പിൻതുടരുന്നത്.

കൂടുതൽ വ്യക്തമാകാൻ വിദ്യാഭ്യാസത്തിന്റെ ഉദാഹരണമെടുത്ത്, BSc കഴിഞ്ഞ് MSc യിലേയ്ക്ക് പ്രവേശിക്കുന്ന ഒരു ബാച്ചിന്റെ കാര്യം എടുക്കാം. BSc യെ അപേക്ഷിച്ച് കൂടുതൽ ഗഹനമായ കോഴ്സാണ് MSc, ആ കോഴ്സ് നടത്തുന്നതിന് കൂടുതൽ വിപുലമായ വിഭവങ്ങൾ (പഠിപ്പിക്കേണ്ടവർ മുതൽ സാധനസാമഗ്രികൾ വരെ) ആവശ്യമാണ്, സ്വാഭാവികമായും BSc യെ അപേക്ഷിച്ച് MSc-യ്ക്ക് സീറ്റുകളും കുറവായിരിക്കും. വിഷയത്തിന്റെ ആഴം കാരണം BSc കഴിയുന്ന എല്ലാവരും MSc തലത്തിൽ അത് കൈകാര്യം ചെയ്യാൻ പ്രാപ്തരായിരിക്കണമെന്നുമില്ല. അതിനാൽ എന്തായാലും BSc കഴിയുന്ന എല്ലാവരേയും MSc യിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ല. അപ്പോ ഒരു selection process വേണം. അതിനാണ് BSc തലത്തിൽ ഒരു പരീക്ഷ വെച്ചിരിക്കുന്നത്. (BSc-യിലേത് എന്നല്ല, എല്ലാ പരീക്ഷകൾക്കും പിന്നിലുള്ള സങ്കല്പം ഈയൊരു ‘selection process’ തന്നെയാണല്ലോ). ആ പരീക്ഷ എങ്ങനെയായിരിക്കണം? കുറച്ച് അവസരങ്ങൾ മാത്രമുള്ള MSc-യിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർ അതിന് യോജിച്ചവരാണെന്ന് ഉറപ്പിക്കുന്ന രീതിയിൽ വേണം, അല്ലാതെ BSc-കഴിഞ്ഞ നൂറ് പേർക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് ആ സംഖ്യ അമ്പതായി ചുരുക്കിയെടുക്കുക എന്ന ലളിതമായ ലക്ഷ്യമാകരുത് ആ പരീക്ഷയ്ക്ക് പിന്നിൽ. ഇന്നത്തെ അവസ്ഥയിൽ ഞാനുൾപ്പടെയുള്ളവർ എഴുതിയിട്ടുള്ള/എഴുതുന്ന പരീക്ഷകൾ ഈ ലളിതയുക്തിയിലാണ് നടത്തുന്നത്.

തൊഴിലിന് വേണ്ടിയുള്ള പരീക്ഷകളിൽ (പരീക്ഷ എന്ന നിർവചനത്തിൽ ഇന്റർവ്യൂയും ഉൾപ്പെടും) ഇതിന് പ്രസക്തി കൂടുതലാണ്. തൊഴിലിന് യോജിച്ച ആളിനെ തെരെഞ്ഞെടുക്കുക എന്നതിന് പകരം വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ നിന്ന് കുറച്ചുപേരെ മാത്രം തെരെഞ്ഞെടുക്കുന്നതിന് എളുപ്പമുള്ള ഒരു selection process ആണ് നമ്മൾ തേടുന്നത്. ജനറൽ നോളജ് എന്ന പേരിൽ ലോഡ് കണക്കിന് തീയതികളും നിയമങ്ങളും കാണാതെ പഠിക്കുക, ഗണിതം എന്ന പേരിൽ കുറുക്കുവഴിയിലൂടെ സംഖ്യകൾ ഗുണിക്കാനും ഹരിയ്ക്കാനും പഠിക്കുക, ഇംഗ്ലീഷ് പരിജ്ഞാനം എന്ന പേരിൽ ഇംഗ്ലീഷുകാര് പോലും ജീവിതത്തിൽ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത കുറേ പദങ്ങൾ കാണാതെ പഠിക്കുക തുടങ്ങിയ പരിപാടികളാണ് ഇന്ന് ഉദ്യോഗം നേടാനായി നമ്മൾ ആശ്രയിക്കുന്നത്. ശ്രീനാരായണ ഗുരു ജനിച്ചത് ഏത് ദിവസം, എത്ര മണിയ്ക്ക് വീടിന്റെ ഏത് മുറിയിൽ വെച്ചായിരുന്നു എന്നുവരെ അറിയാവുന്ന ‘ജനറൽ നോളജ് പുലി’യ്ക്ക് പത്തുപൈസയുടെ ചരിത്രബോധം ഇല്ലാതെ പോകുന്നത് കാണാം. പി.എസ്.സി. പരീക്ഷയുടെ സിലബസിന് വെളിയിൽ കേരള നവോത്ഥാനത്തിന്റെ യാതൊരു വിലയും കാണാത്ത യുവതലമുറയാണ് കാണാൻ കഴിയുന്നത്. renaissance in kerala എന്നൊന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ. കിട്ടുന്ന ലിങ്കുകളെല്ലാം തന്നെ പി.എസ്.സി. പരീക്ഷയ്ക്കുള്ള ട്രിക്കുകൾ പഠിപ്പിക്കുന്ന സൈറ്റുകളാണ്.www.keralapschelper.com, pscrankfile24-7.blogspot.com, pscquestiontools.blogspot.com… ഇങ്ങനെ പോകുന്നു രസകരമായ സൈറ്റുകൾ. ഗണിതബോധവും ശാസ്ത്രബോധവും ഒക്കെ ഈ വഴിയ്ക്ക് തന്നെ. ഓർമ്മശക്തി എന്ന ഒറ്റക്കഴിവിന്റെ അടിസ്ഥാനത്തിൽ തൂപ്പുകാരെ മുതൽ കോളേജ് അദ്ധ്യാപകരെ വരെ നമ്മൾ അളന്നെടുക്കുകയാണ്. ഇന്നത്തെ അവസ്ഥയിൽ ഇത് വരുത്തുന്ന വിന പണ്ടത്തേതിനെക്കാൾ ഗുരുതരമാണ്. കാരണം പണ്ടുള്ളതിനെക്കാൾ പല മടങ്ങ് വിദ്യാഭ്യാസ സൗകര്യങ്ങൾ നമുക്കുണ്ട്. അതുകൊണ്ട് തന്നെ ‘സർട്ടിഫിക്കറ്റ്’ പ്രകാരം അന്നത്തേതിനെക്കാൾ പല മടങ്ങ് അഭ്യസ്തവിദ്യരും, ഒരേ ജോലിയ്ക്ക് അന്നുള്ളതിന്റെ എത്രയോ മടങ്ങ് ഉദ്യോഗാർത്ഥികളും ഇന്നുണ്ടാകും. ആ സാഹചര്യത്തിൽ കഴിവ് അളക്കാനുള്ള മാനദണ്ഡങ്ങൾ കൂടുതൽ സൂക്ഷ്മമാക്കുകയാണ് വേണ്ടത്. ദൗർഭാഗ്യവശാൽ നമ്മൾ ചെയ്യുന്നത് നേരെ വിപരീതമാണ്.

എനിയ്ക്ക് കൂടുതൽ ഇടപെടാൻ കഴിഞ്ഞിട്ടുള്ള വിഭാഗം എന്ന നിലയിൽ അദ്ധ്യാപകരുടെ ഇടയിലാണ് ഇതിന്റെ ഫലം നേരിട്ട് കണ്ടിട്ടുള്ളത് (മറ്റ് മേഖലകളിലും ഉണ്ടാകേണ്ടതാണ്). കഴിഞ്ഞ ദിവസം ഒരു സർക്കാർ സ്കൂളിൽ ടീച്ചർ ബോർഡിൽ എഴുതിയിരിക്കുന്ന ഒരു ഇംഗ്ലീഷ് വാചകം കാണാനിടയായി- ഒരു വാചകത്തിൽ തന്നെ രണ്ട് സ്പെല്ലിങ് മിസ്റ്റേക്കുകൾ, അതും രണ്ട് സർവസാധാരണമായ ഇംഗ്ലീഷ് വാക്കുകളിൽ. അപ്പോ ഈ ടീച്ചർ ഒരു വർഷം എത്ര തെറ്റുകൾ വരുത്തുന്നുണ്ടാകും? ‘കാശ് കൊടുത്ത് കയറുന്ന’ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരേക്കാൾ ‘കൂടിയ’ ആളുകളായി കണക്കാക്കപ്പെടുന്ന, ടെസ്റ്റെഴുതി പാസായി ‘കഴിവ് തെളിയിച്ച്’ വരുന്ന ടീച്ചറാണ് കഥാപാത്രം. കോളേജ് തലത്തിലും വിദ്യാർത്ഥികളുമായി ഇടപെട്ടതിൽ നിന്നും കിട്ടിയിട്ടുള്ളത് ഇതേ ചിത്രമാണ്. ടീച്ചറെ കുറ്റം പറയലല്ല ഇവിടെ ഉദ്ദേശ്യം. ആ ടീച്ചർ ഇവിടത്തെ സിസ്റ്റത്തിന്റെ ഉല്പന്നമാണ്. ആ ടീച്ചർ നേരായ രീതിയിൽ ഒരു പരീക്ഷ വിജയിച്ച ആൾ തന്നെയാണ്. പക്ഷേ പഠിപ്പിക്കാനറിയാമോ, പഠിപ്പിക്കുന്ന കാര്യം എന്താണെന്നറിയാമോ എന്നൊന്നും അറിയാനുള്ള പരീക്ഷയല്ല ആ ടീച്ചറുടെ മേൽ പ്രയോഗിച്ചത്. പിന്നെന്ത് ചെയ്യും? When you use the wrong filter, wrong things get fltered! മറ്റൊരു ഉദാഹരണം പറഞ്ഞാൽ, കോളേജ് അദ്ധ്യാകരാകാൻ നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന യോഗ്യതയാണ് National Eligibility Test എന്ന നെറ്റ് പരീക്ഷ. കുറച്ച് വർഷം മുന്നേ വരെ അതിന് രണ്ട് പേപ്പറുകൾ ഉണ്ടായിരുന്നു.  പേപ്പർ-1 ഒരു multiple choice പരീക്ഷയും (MCQ) പേപ്പർ-2 descriptive പരീക്ഷയും. ഒന്നാം പേപ്പർ പാസായവരുടെ രണ്ടാം പേപ്പർ മാത്രമേ പരിശോധിയ്ക്കൂ, രണ്ട് പേപ്പറും പാസായാൽ മാത്രമേ പരീക്ഷ ജയിക്കൂ എന്നതായിരുന്നു അന്നത്തെ അവസ്ഥ. പിന്നീട് ഈ പരീക്ഷ MCQ മാത്രമായി ചുരുക്കി. ഈ പരീക്ഷ എഴുതിയ ആളെന്ന നിലയിലും ഇതേ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളെന്ന നിലയിലും, ഈ മാറ്റം പരീക്ഷാ നടത്തിപ്പിനെ ഒരുപാട് കൂടുതൽ സുഗമമാക്കിയിട്ടുണ്ട് എന്നത് ഉറപ്പിച്ച് പറയാം. പണിയെല്ലാം OMR ഷീറ്റ് പരിശോധിയ്ക്കുന്ന യന്ത്രം ചെയ്തോളും. ആരും ആരും എഴുതിയ ഉത്തരം കാണേണ്ട കാര്യമില്ല! ചോദ്യരൂപീകരണത്തിൽ ചെലുത്തുന്ന ശ്രദ്ധ കൊണ്ട് ഈ പരീക്ഷ ഇപ്പോഴും ഒരു നല്ല മാനദണ്ഡമായി പ്രവർത്തിക്കുന്നുണ്ട് എങ്കിലും, മുൻപത്തെ രണ്ട്–പേപ്പർ ഫോർമാറ്റിൽ ഈ പരീക്ഷ പാസാകാൻ സാദ്ധ്യതയില്ലാത്ത പലരും ഇന്നാ പരീക്ഷ പാസാകുന്നുണ്ട്. അന്നത് പാസാകുമായിരുന്നു പലരും ഇന്നിത് പാസാകാൻ കഴിയാതെ തട്ടിവീഴുന്നുമുണ്ട്. Descriptive പരീക്ഷയുടെ കാര്യത്തിൽ യന്ത്രസഹായത്തോടെ മൂല്യനിർണയം സാദ്ധ്യമല്ല എന്നതിനാൽ നടത്തിപ്പിന് ജോലിഭാരം കൂടുതലാണ് എന്നത് സത്യം തന്നെ. പക്ഷേ, വിശദീകരിച്ച് ഉത്തരം എഴുതേണ്ട ചോദ്യത്തിന് ഒരാൾ എഴുതിയിരിക്കുന്ന ഉത്തരം വായിക്കുമ്പോൾ തന്നെ എഴുതിയ ആളിന് ആ വിഷയം എത്രത്തോളം അറിയാം എന്നൊരു ചിത്രം നമുക്ക് കിട്ടും. ഉത്തരം പൂർണമായും ശരിയല്ലെങ്കിൽ പോലും! മറിച്ച് MCQ ആണെങ്കിൽ അയാൾക്ക് ആ വിഷയം എത്ര നന്നായി അറിയാമായിരുന്നാലും അവസാനഘട്ടത്തിൽ ഒരു ചെറിയ പിഴവ് വന്നാൽ അയാളുടെ ഉത്തരം പൂർണമായും തെറ്റുന്നു. അയാൾ അടയാളപ്പെടുത്തിയ ഒരു കറുത്ത ബബിൾ മാത്രം കാണുന്ന യന്ത്രം അയാളെ അയോഗ്യനാക്കുന്നു. ശാസ്ത്ര വിഷയങ്ങളിലെങ്കിലും ഇത് കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്. അത് പ്രത്യക്ഷത്തിൽ കണ്ടുതുടങ്ങിയിട്ടും ഉണ്ട്. ടെസ്റ്റ് പാസായ, ‘കഴിവ് തെളിയിച്ച’ അദ്ധ്യാപരേക്കാൾ കഴിവുള്ള അദ്ധ്യാപകരെ ‘കാശ് കൊടുത്ത് കയറുന്ന’ എയ്ഡഡ് സ്കൂളുകളിലോ, അതിലും കഴിവുള്ള അദ്ധ്യാപകരെ ‘കഴിവ് തെളിയിക്കാനും’ കാശ് സംഘടിപ്പിക്കാനും കഴിയാതെ പോയതിനാൽ അദ്ധ്യാപകമേഖലയ്ക്ക് വെളിയിലോ കാണാൻ കഴിഞ്ഞാൽ ഇതാണ് കാരണം. അരിപ്പ മാറുമ്പോൾ, അരിച്ചെടുക്കപ്പെടുന്ന ആളുകളും മാറുന്നു.

[ഇതൊന്നും ഇവിടെ അധികമാർക്കും താത്പര്യമുള്ള വിഷയമല്ല എന്നറിയാം. നമുക്ക് വേറെന്തെല്ലാം ഹോട്ട് ടോപ്പിക്സ് കിടക്കുന്നു ചർച്ച ചെയ്യാൻ. സത്യത്തിൽ ഈ കുറിപ്പിന് അല്പം വ്യക്തിപരമായ ഒരു വികാരമാണ് പ്രചോദനം. എനിയ്ക്ക് വല്യ മോശമല്ലാതെ ചെയ്യാനറിയാം എന്ന് തോന്നിയിട്ടുള്ള ഒരു (‘ഒരേയൊരു’ എന്നും പറയാം) ജോലി അദ്ധ്യാപനമാണ്. പണ്ട് മുതലേ അതായിരുന്നു ലക്ഷ്യവും.(ഞാനൊക്കെ വല്ല ബാങ്കിലും ജോലിയ്ക്ക് പോയാൽ അതോടെ ആ ബ്രാഞ്ച് പൂട്ടും!) പക്ഷേ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ വെച്ച് അളന്നാൽ എന്നെക്കാൾ വിഷയജ്ഞാനവും അദ്ധ്യാപനശേഷിയും ഉള്ളവർ എനിയ്ക്ക് പിന്നിലും എന്നെക്കാൾ കുറവ് അറിവും അദ്ധ്യാപനശേഷിയും ഉള്ളവർ എന്നെക്കാൾ മുന്നിലും വരാനാണ് സാദ്ധ്യത. ഇതിനകം പലയിടത്തും അത് നേരിട്ട് അനുഭവിച്ചിട്ടും ഉണ്ട്.]

No comments:

Post a Comment