Jul 30, 2015

കൊലപാതകം ആഘോഷിക്കപ്പെടുമ്പോൾ

ചില മരണങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്, അവ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്നേഹം (രാജ്യത്തിന്റെ ജനാധിപത്യ-മതേതര-പൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്ക് എന്ത് രാജ്യസ്നേഹമുണ്ടെന്നാണ്!) ഉണ്ടെന്ന് കാണിക്കാൻ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആർത്ത് വിളിച്ച് കൊരവയിട്ട് 'ഇൻഡ്യ ജയിച്ചേ' (ഫയൽവാൻ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ.

ഒരു അഫ്സൽ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിൻ ലാദൻ ആയാലും ഇവരുടെയൊക്കെ ചെയ്തികൾ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്. നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളിൽ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. അതൊരു സ്റ്റേറ്റിന് ചേർന്നതല്ല. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിർവഹണത്തെ നയിക്കേണ്ടത്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തെറ്റുപറ്റാൻ പാടില്ല എന്ന് ശഠിക്കാൻ പോലും പറ്റില്ല, കാരണം നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാൽ പോലും അത് നിർവഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നൽകപ്പെട്ടാൽ ഒരു രീതിയിലും കോംപൻസേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു ‘ശിക്ഷ’ ആണോ?


പലപ്പോഴും ഈ വിഷയത്തിന്റെ പ്രാധാന്യം ഇത് ഉയരുന്ന അവസരങ്ങളുടെ സങ്കീർണത കാരണം മനസിലാക്കപ്പെടാതെ പോകാറുണ്ട്. മിക്കവാറും ഒരു ബലാത്സംഗപ്രതിയോ ഭീകരവാദിയോ തൂക്കിലേറ്റപ്പെടുമ്പോഴാണ് വധശിക്ഷയ്ക്കെതിരേ സ്വരം ഉയരുന്നത്. ഉടൻ തന്നെ വൈകാരിക ജനക്കൂട്ടം അതിനെ പ്രതികളെ ന്യായീകരിക്കുന്ന സ്വരമായി വ്യാഖ്യാനിക്കും. അതോടെ വധശിക്ഷാവിരുദ്ധരെല്ലാം രാജ്യദ്രോഹികളും ബലാത്സംഗികളുമൊക്കെ ആയി മാറുകയും ചെയ്യും. ജനം ഒരു cold-blooded murder- ൽ (ആലോചിച്ച്, തീരുമാനിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കൊലയാണല്ലോ കോൾഡ്-ബ്ലഡഡ് മർഡർ. ആ അർത്ഥത്തിൽ വധശിക്ഷയ്ക്കാണ് ആ പേര് ഏറ്റവും യോജിക്കുക) പങ്കാളിയാവാൻ കഴിഞ്ഞ സന്തോഷത്തിൽ സുഖമായി ഉറങ്ങിക്കോളും. താൻ പ്രോത്സാഹിപ്പിക്കുന്ന ഇതേ കൊലക്കയർ സ്വന്തം കഴുത്തിന് മുകളിലും തൂങ്ങുന്ന കാര്യം നമ്മളറിയില്ല. വാദിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്ന വക്കീലൻമാരെ വാടകയ്ക്കെടുക്കാൻ കഴിയില്ല എങ്കിൽ, ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാത്ത അംഗമല്ല എങ്കിൽ, ആരുടേയും ശത്രുതയ്ക്ക് പാത്രമാവാൻ യാതൊരു സാധ്യതയുമില്ലാത്ത ഗുഹാവാസിയല്ലെങ്കിൽ ഒക്കെ നമ്മളോരോരുത്തരും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതായി നിലനിൽക്കുന്നു എന്നുറപ്പ് വരുത്താൻ ബാധ്യസ്ഥരാണ്. നമ്മളെ സംരക്ഷിക്കുന്നത് സ്വന്തം വീടിന്റെ നാല് ചുവരുകളോ മതിൽക്കെട്ടോ ആണെന്ന് ധരിയ്ക്കരുത്. ഇവിടത്തെ നീതിവ്യവസ്ഥയാണത് ചെയ്യുന്നത്. വാതിൽ തല്ലിപ്പൊളിക്കുന്നതോ നിങ്ങളെ കത്തിയ്ക്ക് കുത്തുന്നതോ നിയമവിരുദ്ധമല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോ ജീവിച്ചിരിക്കുമായിരുന്നോ എന്നാലോചിച്ച് നോക്കൂ. പത്രത്തിലും ടീവിയിലുമായി നിങ്ങൾ വായിച്ചറിഞ്ഞ കാര്യങ്ങൾ വച്ച് ‘അയാളത് അർഹിക്കുന്നു, അയാളെ കൊല്ലണം’ എന്ന് നിങ്ങൾ വിധി പറയുന്നു, നിങ്ങൾക്കിഷ്ടപ്പെടാത്തൊരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഇതേ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് നിങ്ങൾ വാചാലരാകുന്നു, ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു- ഈ സാഹചര്യം നിങ്ങളെ പേടിപ്പിക്കുന്നില്ല എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്ന് ഒരുറപ്പും ഇല്ല!

1 comment:

  1. എല്ലാ കേസുകള്‍ക്കും വധശിക്ഷ വിധിക്കുന്നില്ലല്ലോ .. .. വധശിക്ഷ വേണ്ട ഇവര്‍ക്ക് ദിവസവും 10 ചാട്ടവാര്‍ അടി എന്നൊരു ശിക്ഷാനിയമം കൊണ്ടുവരുമോ .. കുറ്റം ചെയ്തവര്‍ക്ക് വേണ്ടി ഉണരുന്ന ഈ മനുഷത്വം എന്തുകൊണ്ട് ഇവരുടെ ഇരകള്‍ ആയവര്‍ക്ക് കിട്ടുന്നില്ല . അവര്‍ മരിച്ചു പോയല്ലോ അല്ലെ .ഇവര്‍ ജീവിച്ചിരുന്നാല്‍ അല്ലെ ഇനിയും കുറെ പേര്‍ക്ക് കുറ്റം ധൈര്യമായി ചെയ്യാന്‍ പ്രചോദനം ഉണ്ടാവൂ .. നല്ലത്

    ReplyDelete