Jul 29, 2015

കറുപ്പും വെളുപ്പും മാത്രം കണ്ടാൽ മതിയോ?

ചിന്തകളെ കെട്ടഴിച്ച് വിട്ടാൽ അത് സ്വതന്ത്രമായി പറന്നുനടക്കും എന്നത് തെറ്റിദ്ധാരണയാണ്. എപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങളെ ചുറ്റിപ്പറ്റിയും ഇഷ്ടക്കേടുള്ളതോ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ കാര്യങ്ങളെ വികർഷിച്ച് ഒഴിവാക്കിയും ആയിരിക്കും അത് സഞ്ചരിക്കുന്നത്. ചരട് പൊട്ടിയ പട്ടം പോലെ- സ്വതന്ത്രമായി പറക്കുന്നു എന്ന് തോന്നിയാലും, പെട്ടെന്ന് കണ്ണിൽ പെടാത്ത ഒരു കാറ്റ് അതിനെ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വതന്ത്രചിന്ത അഥവാ ഫ്രീതിങ്കിങ് ഇത്തിരി കഷ്ടപ്പെട്ട് മാത്രം സ്വായത്തമാക്കാവുന്ന, കിട്ടിയാൽ തന്നെ ഇടക്കിടക്ക് പരിശോധിച്ച് മായം കലർന്നിട്ടില്ല എന്ന് ഉറപ്പിച്ചിട്ട് മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്.

ചിന്ത സ്വതന്ത്രമാണോ എന്ന് പരിശോധിക്കാൻ ഞാനുപയോഗിക്കുന്ന ഒരു ലിറ്റ്മസ് ടെസ്റ്റുണ്ട്- ഇഷ്ടമുള്ള കാര്യങ്ങളെയോ ആളുകളേയോ മറ്റാരെങ്കിലും വിമർശിക്കുന്നത് ശ്രദ്ധിക്കുക. മനസ്സിന് പ്രത്യേകിച്ച് അസ്വസ്ഥതയൊന്നും തോന്നാതെ അത് കേൾക്കാനും പരിശോധിക്കാനും കഴിയുന്നുണ്ടെങ്കിൽ ചിന്താസ്വാതന്ത്ര്യത്തിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസിലാക്കാം. ഒരുഘട്ടം കൂടി കടന്നാൽ ഇഷ്ടമുള്ള കാര്യങ്ങളുടേയോ ആളുകളുടേയോ മോശം വശം കണ്ടുപിടിക്കാൻ സ്വയം ശ്രമിക്കുക, ഇഷ്ടം തോന്നാൻ കാരണമായ ഘടകങ്ങളെ ഇഷ്ടപ്പെട്ടുകൊണ്ട് തന്നെ മോശം വശങ്ങളെ തുറന്ന് വിമർശിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ്. അതായത് മോശം (എന്ന് നമുക്ക് തോന്നുന്ന) കാര്യങ്ങൾ നിലനിന്നിരുന്ന ഇഷ്ടത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ചിന്തയ്ക്ക് അല്പം കൂടി സ്വാതന്ത്ര്യം വേണ്ടതുണ്ട് എന്നാണ് മനസിലാക്കേണ്ടത് (നിലനിന്നിരുന്ന ഇഷ്ടം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു എങ്കിൽ ഇഷ്ടം കുറയുന്നത് സ്വാഭാവികം). ഈ രണ്ട് പരീക്ഷണങ്ങളിലും ചിലപ്പോഴൊക്കെ ഞാൻ പരാജയപ്പെടാറുണ്ട്. ഈ ഫ്രീതിങ്കിങ് അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് ഞാൻ പറയാൻ കാരണം ഈ അനുഭവമാണ്.

ഇത്രയും പറയിപ്പിച്ചത് ശ്രീ. അബ്ദുൾ കലാമിന്റെ വിയോഗത്തെത്തുടർന്ന് ഫെയ്സ്ബുക്കിൽ നിലനിൽക്കുന്ന അന്തരീക്ഷമാണ്. ആദ്യഘട്ടം- ഒരു വശത്ത് കലാമിന്റെ മുഖം വെച്ചുള്ള പ്രൊഫൈൽ പിക്ചറുകളുടേയും ആദരാഞ്ജലി പോസ്റ്റുകളുടേയും കുത്തൊഴുക്ക്, മറ്റൊരു വശത്ത് കലാം ക്വോട്ടുകളുടേയും ഇൻസ്പിരേഷനുകളുടേയും ചുവരലങ്കാരങ്ങൾ, മറ്റൊരു വശത്ത് കലാമിന്റെ ട്രാക്ക് റെക്കോഡ് ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ഓഡിറ്റിങ്… രണ്ടാം ഘട്ടം- ആദരാഞ്ജലി, പൂക്കൾ, പുതിയ പ്രൊഫൈൽ പിക്ചറുകൾ എന്നീ ട്രെൻഡുകൾ പതിയെ പിൻവലിയുന്നു, പ്രോ-കലാം, ആന്റി-കലാം ദിശകളിലേക്ക് വിഷയം ധ്രുവീകരിക്കപ്പെടുന്നു. ഒരു വശത്ത് കലാം എന്ന മിശിഹായും മറുവശത്ത് കലാം എന്ന അവസരവാദി-ആൾദൈവഭക്തൻ- എറ്റ് സെറ്ററാ യും. അടുത്ത ഘട്ടം- ഒരു വശത്ത് കലാമിനെ വിമർശിക്കുന്നവരെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിങ്, മറുവശത്ത് കലാമിനെ പുകഴ്ത്തുന്നവരെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിങ്. ഈ ഘട്ടത്തിലെ രസം എന്താന്ന് വെച്ചാൽ, ശ്രീ. അബ്ദുൾ കലാം ചിത്രത്തിലില്ല!
ഇനി ഈ വിഷയത്തിലെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിലേക്ക് വന്നാൽ- ശ്രീ. ഏ. പി. ജെ. അബ്ദുൾ കലാം എന്ന വ്യക്തി ഒരല്പം over-glorified ആണ് എന്നാണ് കുറേ കാലം മുൻപ് തൊട്ടേ എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഷോക്കായി, സ്വന്തം ആരോ മരിച്ചപോലെയുള്ള വിഷമത്തിൽ ഇന്നലെ ഞാനിട്ട പോസ്റ്റിനെ അതേപടി, അതേ അർത്ഥത്തിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇപ്പോളും ഇത് പറയുന്നത്. അബ്ദുൾ കലാം എന്നത് ഒരു വ്യക്തി എന്നതിനെക്കാൾ ഉപരി ഇൻഡ്യൻ മനസുകളിൽ ഒരു ബിംബം ആയിരുന്നു. സർവഗുണസമ്പന്നനായ നായകൻ- സകലതെമ്മാടിത്തരങ്ങളുടേയും വിളനിലമായ വില്ലൻ എന്നിങ്ങനെ രണ്ടറ്റങ്ങളിൽ മാത്രം വ്യക്തികളെ കാണാൻ പരിശീലിച്ചതിന്റെ കുഴപ്പമാണിത്. എല്ലാവരേയും ആകർഷിക്കുന്ന സൗമ്യമായ പെരുമാറ്റം (സൗമ്യമായ പെരുമാറ്റത്തിനുള്ള ഒരു ഗുണം അത് ആരുടേയും ഈഗോയെ മുറിപ്പെടുത്തില്ല എന്നതാണ്. എളിമയുള്ള ഒരാളുടെ പെരുമാറ്റം കാണുമ്പോൾ, നമ്മൾ അയാൾക്ക് മുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നതായി നമുക്ക് അനുഭവപ്പെടും. സച്ചിനും ഏ. ആർ. റഹ്മാനും കലാമും ഒക്കെ നമുക്ക് പ്രിയപ്പെട്ടവരാകുന്നതിൽ ഇതൊരു നല്ല പങ്ക് വഹിക്കുന്നുണ്ട്. പൃഥ്വിരാജിന് ഇവിടെ ഒരിയ്ക്കൽ ഹേറ്റ് പേജുകളുടെ സ്റ്റാംപീഡ് നേരിടേണ്ടിവന്നത് ‘നിങ്ങൾ എനിക്ക് മേലെയാണ്’ എന്ന തോന്നൽ പ്രേഷകരിൽ അദ്ദേഹം ഉണ്ടാക്കിയില്ല എന്നതിനാൽ കൂടിയാണ്), നമ്മളെ സന്തോഷിപ്പിക്കുന്ന പ്രഭാഷണങ്ങൾ (അദ്ദേഹത്തിന്റെ ക്വോട്ടുകൾ ശ്രദ്ധിയ്ക്കൂ. മിക്കവയിലും ഉള്ള ഒരു പൊതുസ്വരം ‘നിങ്ങൾ’ –കേൾക്കുന്നയാൾ- സത്യത്തിൽ വലിയ സംഭവമാണ്, ‘നിങ്ങൾ’ വിചാരിച്ചാൽ എന്തും നടക്കും എന്നതാണ്. ഇത് ആരെയും സന്തോഷിപ്പിക്കും), ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സാധാരണ പശ്ചാത്തലത്തിൽ നിന്നും വളർന്ന് പ്രഥമപൗരൻ വരെ ആയ കർമനിരതമായ ഒരു ജീവിതം നമുക്ക് നൽകുന്ന പ്രതീക്ഷയുടേയും ആത്മാഭിമാനത്തിന്റേയും എലമെന്റ് (അദ്ദേഹം നമ്മളെത്തന്നെ പ്രതിനിധീകരിക്കുന്ന ആളായി നമുക്ക് തോന്നുന്നു) എന്നിവയൊക്കെ അദ്ദേഹത്തോട് മാനസികമായ ഒരു അടുപ്പം ഉണ്ടാക്കാൻ കാരണമാകും. ചുരുക്കിപ്പറഞ്ഞാൽ നമുക്ക് ‘ഇഷ്ടപ്പെടാൻ’ പറ്റിയ ഒരാളായിരുന്നു ശ്രീ. കലാം. ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആ ആളിനെക്കുറിച്ച് ആര് നല്ലത് പറഞ്ഞാലും നമ്മളത് വിശ്വസിക്കും, ആരെങ്കിലും മോശം പറഞ്ഞാൽ നമ്മളത് വകവെയ്ക്കുകയും ഇല്ല. ഇത് സമർത്ഥമായി ഉപയോഗിച്ചുകൊണ്ടുള്ള ബോധപൂർവമായ ഒരു ബിംബവൽക്കരണം അദ്ദേഹത്തിന്റെ കാര്യത്തിൽ ഇൻഡ്യയിൽ നടന്നിട്ടുണ്ട്. ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ‘ഞങ്ങളുടെ ആളാണ്’ എന്നുവരുത്തിത്തീർത്ത് അതുവഴി ‘ഞങ്ങൾ’ നല്ല പിള്ളകളാണ് എന്ന് തോന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു അത്. ഇന്നും നോക്കൂ, അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റുകളിൽ കാക്കക്കൂട്ടത്തെപ്പോലെ ഓടിക്കൂടി തെറിവിളിക്കുന്നവരെല്ലാം സംസാരിക്കുന്നത് ‘കലാമിനെ വിമർശിക്കരുത്’ എന്ന ടോണിലല്ല, ‘ഞങ്ങളുടെ കലാമിനെ തൊടരുത്’ എന്ന ടോണിലാണ്. കലാമിനെ അവർ ‘സ്വകാര്യവൽക്കരിച്ചിരിക്കുന്നു’. ഗ്രേറ്റ് സയന്റിസ്റ്റ് എന്ന് അദ്ദേഹത്തെ വിളിക്കുന്നവരോട് അദ്ദേഹം ‘സയൻസിന്’ ചെയ്ത സംഭാവന എന്താണെന്ന് ചോദിച്ചുനോക്കൂ, അദ്ദേഹത്തിന് ഡോക്ടറേറ്റ് നേടിക്കൊടുത്ത കണ്ടുപിടിത്തം ഏതാണെന്ന് ചോദിച്ചുനോക്കൂ, അദ്ദേഹം ഏതൊക്കെ പദവികളിൽ ഇരുന്നിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ, അദ്ദേഹത്തിന്റെ എത്ര പുസ്തകം വായിച്ചിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ, എത്ര പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് എന്ന് ചോദിച്ചുനോക്കൂ. ഇതിന്റെയൊന്നും സ്ഥിതിവിവരക്കണക്ക് പരിശോധിച്ചിട്ടല്ല പലരും അബ്ദുൾ കാലം എന്ന മഹാനെ മഹാനെന്ന് വിളിക്കുന്നത്. അദ്ദേഹം മഹാനെന്ന് ‘എല്ലാവരും’ പറയുന്നുണ്ട്, ചിത്രങ്ങളിലും ടീവിയിലും കാണുമ്പോ വളരെ ‘ലവബിൾ’ ആയ ഒരു മനുഷ്യനാണ് അദ്ദേഹം, കേൾക്കാൻ സുഖമുള്ള കാര്യങ്ങളാണ് ‘Abdul Kalam quotes’ എന്ന പേരിൽ കാണപ്പെടുന്നത്- ഇത്രയൊക്കെ മതി നമുക്ക്. ഇങ്ങനെയാണ് അബ്ദുൾ കലാം എന്ന ബിംബം ഉണ്ടാകുന്നത്. അതുകൊണ്ടാണ് വിമർശനങ്ങളോടുള്ള പ്രതികരണങ്ങളിൽ “പറഞ്ഞതിൽ തെറ്റുണ്ട്” എന്നതിന് പകരം “പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല” എന്ന ധ്വനി ഉച്ചത്തിൽ മുഴങ്ങുന്നത്. ബിംബനിർമാണം സമർത്ഥമായ ഒരു രാഷ്ട്രീയ ആയുധമാണ്. കലാം എന്ന ബിംബത്തെ തൊടുന്നവരെല്ലാം ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ദേശദ്രോഹികളായി കണക്കാക്കപ്പെടും. അതുകൊണ്ട് തന്നെ തൊടാൻ പാടില്ലാത്ത, ചർച്ച ചെയ്യപ്പെടാൻ പാടില്ലാത്ത പല വിഷയങ്ങളും ആ ബഹളത്തിലങ്ങ് മൂടപ്പെടും.

കുറേ ഏറെ കാര്യങ്ങളിൽ എനിയ്ക്ക് ബഹുമാനം തോന്നിയിട്ടുള്ള ആളാണ് ശ്രീ. അബ്ദുൾ കലാം. അതേപോലെ തന്നെ പല കാര്യങ്ങളിലും കടുത്ത വിയോജിപ്പും, എതിർപ്പും ഉണ്ട്. അതൊക്കെ നെല്ലും പതിരും വേർതിരിച്ച് ചർച്ച ചെയ്യൽ ഏത് അവസരത്തിലും സാധ്യമാണ് എങ്കിലും ഈ അവസരം അതിന് ഉപയോഗിക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ഇതുമായി ബന്ധപ്പെട്ട മിക്ക പോസ്റ്റുകളിലും- ടാഗ്/മെൻഷൻ ചെയ്യപ്പെട്ടവയിൽ ഉൾപ്പടെ- കമന്റ് ചെയ്യാതിരിക്കുന്നത്, അവയിൽ മിക്കതും ആദ്യം പറഞ്ഞ സ്വതന്ത്രചിന്തയുടെ ‘ലിറ്റ്മസ് ടെസ്റ്റ്’ കൃത്യമായി പാസ്സാവാൻ സാധ്യതയില്ലാത്തതാണ് എന്ന തോന്നൽ കൊണ്ടാണ്.
That’s all your honour!

No comments:

Post a Comment