Feb 29, 2016

ഒരു ശാസ്ത്രദിന കുടമുടയ്ക്കലിന്റെ കഥ!

പടിയ്ക്കൽ കൊണ്ട് കുടമുടയ്ക്കുക എന്നൊരു പ്രയോഗമുണ്ട്. പക്ഷേ നമ്മൾ കഷ്ടപ്പെട്ട് കോരി നിറച്ച് പടിക്കൽ വരെ കൊണ്ടെത്തിക്കുമ്പോൾ വേറൊരാൾ വന്ന് കുടമുടച്ചാലോ? ആ കഥ ഇങ്ങനെ.


കഴിഞ്ഞ ദിവസം ഒരു കോളേജിൽ ശാസ്ത്രദിന സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. 'ശാസ്ത്രവിഷയങ്ങളിലുള്ള പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാഷ്ട്രപുരോഗതി' എന്ന തീമിൽ ഒരു പ്രഭാഷണമായിരുന്നു ഏൽപ്പിക്കപ്പെട്ട ദൗത്യം. ഇത്തരം അവസരങ്ങളിൽ സ്ഥിരം പറയാറുള്ള ചില കാര്യങ്ങളൊക്കെ തന്നെയാണ് ഒരു മണിക്കൂർ സമയം കൊണ്ട് അവിടേയും പറഞ്ഞത്. ആശയം ചുരുക്കി അവതരിപ്പിച്ചാൽ ഇപ്രകാരമാണ് -

ശാസ്ത്രവിഷയത്തിലുള്ള ചർച്ച എന്നാൽ മംഗൾയാൻ ചൊവ്വയിൽ പോയതും, ഗ്രാവിറ്റേഷണൽ വേവ്സിനെ കണ്ടെത്തിയതും പോലുള്ള വിഷയങ്ങൾ ഒരാൾ വന്ന് പ്രസംഗിക്കുന്നതും അവസാനം കേട്ടിരിക്കുന്നവർ സംശയം ചോദിച്ച്, മറുപടി വാങ്ങി, വന്ന ആളിന് നന്ദി പറഞ്ഞ് മടക്കി അയക്കുന്നതും അല്ല. ശാസ്ത്രവിഷയത്തിലുള്ള ഏത് ചർച്ചയും എന്താണ് ശാസ്ത്രം എന്ന് മനസിലാക്കിയിട്ട് വേണം. മറ്റേത് വെറും ഇൻഫർമേഷൻ സപ്ലൈ ആണ്. കുറേ വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നു. അത് വേണ്ടാന്നല്ല, അത് വേണ്ടത് തന്നെയാണ്. പക്ഷേ അത് വഴി രാഷ്ട്രപുരോഗതി പോയിട്ട് പലപ്പോഴും വ്യക്തിപുരോഗതി പോലും ഉറപ്പില്ല. ശാസ്ത്രം എന്നത് അറിവാണ്, അറിവ് സമ്പാദിക്കുന്നതിനുള്ള ഒരു മാർഗമാണ്. പതിനായിരം വർഷത്തോളം പഴക്കമുള്ള മനുഷ്യന്റെ സമൂഹത്തിൽ, ഭൂമിയ്ക്ക് ചുറ്റും സൂര്യനല്ല മറിച്ച് സൂര്യന് ചുറ്റും ഭൂമിയാണ് കറങ്ങുന്നത് എന്ന അടിസ്ഥാന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ട് അഞ്ഞൂറ് കൊല്ലം പോലും ആയിട്ടില്ല. നൂറ് വയസ്സ് വരെ ജീവിക്കുന്ന ഒരാൾ തന്റെ 95-ാമത്തെ വയസ്സിൽ മാത്രം സൂര്യനല്ല ഭൂമിയാണ് കറങ്ങുന്നത് എന്ന് തിരിച്ചറിയുന്നതുപോലെയാണിത്. ഇന്ന് ശാസ്ത്രപുരോഗതി എന്ന് നമ്മൾ വിളിക്കുന്നതെന്തും ഈ അവസാനത്തെ അഞ്ച് ശതമാനം സമയത്താണ് സംഭവിക്കുന്നത്. വൈദ്യുതി ഉപയോഗിക്കാൻ പഠിച്ചിട്ട് ഇരുന്നൂറ് വർഷം പോലും ആയിട്ടില്ല. നമ്മുടെ മിൽക്കീവേ ഗാലക്സിയ്ക്ക് അപ്പുറം ഒരു പ്രപഞ്ചമുണ്ടെന്ന് മനസിലാക്കിയിട്ട് നൂറ് വർഷം പോലും ആയിട്ടില്ല. ശാസ്ത്രീയമായ രീതിയിലൂടെയുള്ള സത്യാന്വേഷണമാണ് ഏറ്റവും വിശ്വസനീയമായതെന്ന് മനസിലാക്കാൻ ഈ ഒരു ചരിത്രം മാത്രം പഠിച്ചാൽ മതി. മനുഷ്യന്റെ പുരോഗതിയുടെ ചരിത്രവും, ശാസ്ത്രീയമായ അന്വേഷണത്തിന്റെ ചരിത്രവും ഒന്നുതന്നെയാകുന്നത് വെറും യാദൃച്ഛികതയല്ല.


"എന്റെ രണ്ട് കൈയിലും ഓരോ പുസ്തകം വീതമുണ്ട്. ഇടത്തെ കൈയിലെ പുസ്തകം ഭൂമി ഉരുണ്ടതാണെന്ന് പറയുന്നു, വലത്തെ കൈയിലെ പുസ്തകം ഭൂമി പരന്നതാണെന്നും പറയുന്നു. ഇതിലേത് പുസ്തകം പറയുന്നതാണ് ശരി?" എന്ന ചോദ്യത്തിന് കുട്ടികൾ ഒന്നടങ്കം ശരിയുത്തരം പറഞ്ഞു- "ഇടത്തെ കൈയിലെ പുസ്തകമാണ് ശരി"

സത്യത്തിൽ ഉത്തരം വേണ്ടിയിരുന്നത് അടുത്ത ചോദ്യത്തിനായിരുന്നു, "എന്ത് മാനദണ്ഡം വെച്ചാണ് നിങ്ങളത് പറഞ്ഞത്?"
ആർക്കും ഉത്തരമില്ല. സ്കൂളിൽ ടീച്ചർ പഠിപ്പിച്ചു, പുസ്തകത്തിൽ ഉണ്ടായിരുന്നു, എല്ലാവരും പറയുന്നു എന്നിങ്ങനെയല്ലാതെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കാൻ വേറെ കാരണം വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. ആർക്കും മറുപടി ഇല്ല. നിങ്ങളുടെ പുസ്തകം എഴുതിയവരും നിങ്ങളെ പഠിപ്പിച്ചവരും നിങ്ങൾക്ക് പരിചയമുള്ളവരും എല്ലാം ഉൾക്കൊള്ളുന്ന നൂറോ ആയിരമോ പേർ നാളെ ഭൂമി പരന്നതാണെന്ന് മാറ്റിപ്പറഞ്ഞാൽ നിങ്ങളും നിലപാട് മാറ്റുമോ എന്ന് ചോദിച്ചു. കുട്ടികൾക്ക് ചിരി മാത്രം. ഫ്ലാറ്റ് എർത്ത് സൊസൈറ്റി എന്ന പേരിൽ ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്ന ഒരു സംഘടന ഇന്നും നിലവിലുണ്ട്, അതിൽ ആയിരക്കണക്കിന് അംഗങ്ങളുമുണ്ട്. അവർ പറയുന്നത് പരിഹാസ്യമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ അവർ പറയുന്നത് പരിഹാസ്യമാണെന്ന് എന്തുകൊണ്ട് നിങ്ങൾക്ക് തോന്നുന്നു എന്നതിന്, നിങ്ങൾ ഇതുവരെ കേട്ടിട്ടുള്ളത് അങ്ങനെയല്ല എന്നതാണോ കാരണം? അവർ പറയുന്നതാണ് യാഥാർത്ഥ്യം എങ്കിലോ?

ഈ ചോദ്യങ്ങളെല്ലാം വിരൽചൂണ്ടുന്നത് ഭൂമി ഉരുണ്ടതാണ് എന്ന 'information'-നും ഉരുണ്ട ഭൂമിയെക്കുറിച്ചുള്ള അറിവും തമ്മിലുള്ള വ്യത്യാസത്തിലേയ്ക്കാണ്. ഇതിൽ രണ്ടാമത്തേതാണ് സയൻസ്. അതില്ലാതെ നമ്മൾ ഭൂമിയെക്കുറിച്ച് നെടുങ്കൻ പ്രഭാഷണങ്ങൾ കേട്ടിരുന്നിട്ട് ഒരു കാര്യവുമില്ല. മുപ്പത്താറ് മണിക്കൂർ തുടർച്ചയായി സൂര്യനുദിയ്ക്കും എന്ന് നാസ പറഞ്ഞു എന്ന 'ശാസ്ത്രവാർത്ത' വാട്സാപ്പുവഴി അയച്ചുതരുന്ന പോസ്റ്റ് ഗ്രാജുവേറ്റുകൾ ഈ റൂട്ടിലാണ് ഉണ്ടാകുന്നത്. ഭൂമി ഉരുണ്ടതാണ് എന്ന information, പൊതിഞ്ഞ് ഭദ്രമായി മനസിലെവിടേയോ പൂട്ടിവെച്ച് പൊടിപിടിപ്പിക്കാനാണ് അവർ ശീലിച്ചത്. മറിച്ച് ഉരുണ്ട ഭൂമി അയാളുടെ ബോധത്തിന്റെ ഭാഗമായിരുന്നു എങ്കിൽ, മൂപ്പത്താറ് മണിക്കൂർ ഈ ഭൂമിയെ ആര് കറങ്ങാതെ പിടിച്ച് നിർത്തും എന്നവരുടെ മനസ് ചോദിച്ചേനെ. അത് ചെയ്യാത്ത മനസ്സ് രാഷ്ട്രത്തിന് ഒന്നും സംഭാവന ചെയ്യാൻ പോകുന്നില്ല. ആ ബോധമില്ലാതെയുള്ള ചർച്ചകൾ ശാസ്ത്രചർച്ചകളേ ആകുന്നില്ല.

തുടർന്ന് ശാസ്ത്രീയമായ രീതിയിൽ പ്രശ്നങ്ങളെ സമീപിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാൻ കത്താത്ത ബൾബ് ശരിയാക്കുന്ന പ്രശ്നം അവതരിപ്പിച്ചു (അത് ഞാൻ തന്നെ മുൻപ് ലേഖനമായി എഴുതിയിരുന്നു.) Observation, Hypothesis, Testing, Forming theory തുടങ്ങിയ ഘട്ടങ്ങളൊക്കെ വിശദീകരിച്ച് ചില ഉദാഹരണങ്ങളും പറഞ്ഞു. തെളിവില്ലാതെ ഒന്നും സ്വീകരിക്കാൻ പാടില്ല, ആര് പറയുന്നു എന്നതല്ല, പറയുന്ന കാര്യത്തിന് വസ്തുനിഷ്ഠമായ സാധൂകരണം ഉള്ളതാണോ എന്നതാണ് നോക്കേണ്ടത് എന്നൊക്കെ ഉദാഹരണസഹിതം പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. പെട്ടെന്ന് അനുമാനങ്ങളിൽ എത്താൻ പാടില്ല, കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കണം എന്ന വാദത്തിനോടും ആർക്കും ഒരെതിർപ്പും ഉണ്ടായില്ല. പ്രഭാഷണം കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും കൈയടിച്ചു.

വെള്ളം നിറച്ച കുടം പടിയ്ക്കൽ എത്തിയിരിക്കുന്നു... ഇനിയാണ് കുടമുടയ്ക്കൽ കർമ്മം

അധ്യാപികമാരിൽ ഒരാൾ ആശംസാപ്രസംഗത്തിന് മൈക്ക് പോയിന്റിലെത്തുന്നു. സ്ഥിരം ഫോർമാലിറ്റികൾ പാലിച്ചുകൊണ്ട്, മുഖ്യാതിഥിയായെത്തി അത്രേം നേരം കത്തിവെച്ച എന്റെ പ്രഭാഷണത്തെ ടീച്ചർ പ്രശംസിക്കുന്നു. ഞാൻ പറഞ്ഞ പ്രധാന പോയിന്റുകൾ വീണ്ടും എടുത്തുപറ‍ഞ്ഞുകൊണ്ട് അവയൊക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ടീച്ചർ അടിവരയിടുന്നു. "വൈശാഖൻ തമ്പി പറഞ്ഞതൊക്കെ നിങ്ങൾ കൃത്യമായി ഉൾക്കൊണ്ടുകാണും. നമ്മളൊരിയ്ക്കലും ആരെങ്കിലും പറയുന്നത് അതേപടി എടുക്കരുത്. ശാസ്ത്രീയമായ രീതിയിൽ വേണം നമ്മൾ കാര്യങ്ങളെ സമീപിക്കാൻ. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ observation വേണം. വസ്തുനിഷ്ഠമായി അവയെ അപഗ്രഥിയ്ക്കണം. അതിന് ക്ഷമയും അർപ്പണബോധവും ആവശ്യമാണ്. പക്ഷേ ക്ഷമയും അർപ്പണബോധവും ഉണ്ടാകാൻ നമുക്ക് വിശ്വാസം വേണം. അതും പ്രധാനമാണ്. കണ്ടിട്ടില്ലേ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ റോക്കറ്റ് വിടുന്നതിന് മുൻപ് തിരുപ്പതിയിലൊക്കെ പോയി പ്രാർത്ഥിക്കുന്നത്?"

ഠിം!!!

അങ്ങനെ ഒരു മണിക്കൂറെടുത്ത് കോരിനിറച്ച കുടം ഒറ്റ മിനിറ്റുകൊണ്ട് പൊട്ടിച്ച് പീസാക്കി ആ ടീച്ചർ കൈയിലോട്ട് വെച്ചുതന്നു. അതേറ്റുവാങ്ങി, സന്തോഷത്തോടെ ഞാൻ സ്ഥലം വിടുകയും ചെയ്തു. ശുഭം.

4 comments:

  1. അങ്ങനെ ടീച്ചര്‍ സംഗതി കുളമാക്കി :)

    ReplyDelete
  2. ഇപ്പോൾ മനസ്സിലായില്ലേ ആരെങ്കിലും പറഞ്ഞത് അതേ പടി അനുസരിക്കരുത് എന്ന്

    ReplyDelete
  3. പാവം ടീച്ചറ് എന്നാ ചെയ്യാനാ

    ReplyDelete