Jan 23, 2017

മനുഷ്യപുരോഗതിയുടെ വിചിത്ര ചരിത്രം!

മനുഷ്യൻ ഈ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഹോമോ സാപിയൻസ് എന്ന് ജീവശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന ജീവി ലക്ഷക്കണക്കിന് വർഷം മുന്നേ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ ജീവിയെ, വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും അലഞ്ഞ് ജീവിക്കുന്ന ഇന്നത്തെ അനേകം വന്യമൃഗങ്ങളിൽ ഒന്ന് മാത്രമായേ കണക്കാക്കാൻ നിർവാഹമുള്ളൂ. നാം മനുഷ്യൻ എന്ന വാക്കുകൊണ്ട് സാധാരണഗതിയിൽ അർത്ഥമാക്കുന്നത് സാമൂഹ്യജീവിയായ ഹോമോസാപിയൻസിനെയാണ്. അയാളുടെ പ്രായമാണ് ഇവിടത്തെ നമ്മുടെ ചോദ്യം.

കൃഷി ചെയ്യാൻ പഠിച്ചതാണ് മനുഷ്യന്റെ നാഗരികജീവിതത്തിന് വഴിത്തിരിവായത്. അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം അവരവർക്ക് ആവശ്യമായ ആഹാരം ആവശ്യമുള്ളിടത്ത് ഉണ്ടാക്കിയെടുക്കാനുള്ള വിദ്യയാണല്ലോ അത്. അറിയപ്പെടുന്ന പുരാതന സംസ്കാരങ്ങളെല്ലാം വലിയ നദികളുടെ തീരങ്ങളിൽ പുഷ്ടി പ്രാപിച്ചത് കൃഷിയുമായുള്ള നാഗരികതയുടെ ബന്ധമാണ് കാണിക്കുന്നത്. തെളിവുകൾ അനുസരിച്ച്, നാം കൃഷി സ്വായത്തമാക്കിയിട്ട് കുറഞ്ഞത് പതിനായിരം വർഷം ആയിട്ടുണ്ട് എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ നാഗരികമനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷമായി എന്ന് പറയാം. ഈ പതിനായിരം വർഷത്തെ ചരിത്രത്തിൽ, ഇന്നത്തെ നമ്മുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കണ്ടുപിടിത്തങ്ങളും അറിവുകളും എപ്പോഴൊക്കെയാണ് ഉണ്ടായത് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, എന്നാണ് നാം വൈദ്യുതി കണ്ടുപിടിച്ചത്?

മുന്നോട്ട് പോകുന്നതിന് മുൻപ് ഒരു കാര്യം പറയേണ്ടതുണ്ട്. പതിനായിരം വർഷം എന്ന കണക്ക് പറയാൻ എളുപ്പമാണെങ്കിലും മനസിൽ ചിത്രീകരിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ തലച്ചോറ് ഒരുപാട് വലുതും തീരെ ചെറുതുമായ അളവുകൾ കൈകാര്യം ചെയ്യാൻ യോജിച്ചതല്ല എന്ന പരിമിതിയാണ് കുഴപ്പം. ഒരു തേങ്ങ, അഞ്ച് തേങ്ങ, പത്ത് തേങ്ങ എന്നൊക്കെ പറഞ്ഞാൽ നമുക്കത് മനസ്സിൽ സങ്കല്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ പതിനായിരം തേങ്ങ എന്നുപറഞ്ഞാൽ, മനസിൽ 'കുറേ തേങ്ങ' എന്നൊരു ചിത്രമേ വരാൻ സാധ്യതയുള്ളു. വലിപ്പം കൂടുന്തോറും കൃത്യമായ സംഖ്യകൾ അവ്യക്തമായ 'കുറേ' എന്നൊരു സങ്കല്പത്തിലേയ്ക്ക് പടർന്നുപോകുന്നതായി കാണാം.  ഈ പ്രശ്നം പരിഹരിക്കാൻ, മനുഷ്യന്റെ പതിനായിരം വർഷം നീണ്ട ചരിത്രത്തെ, ഒരു വർഷമായി ചുരുക്കാൻ പോകുകയാണ് നാം. അതായത്, കഴിഞ്ഞ ജനുവരി-1 നാണ് മനുഷ്യൻ കൃഷി ചെയ്യാൻ പഠിച്ചത്. ഇന്ന് ഡിസംബർ-31 ആണ്. ഓർക്കുക ഈ സാങ്കല്പിക വർഷത്തിലെ ഓരോ ദിവസത്തിനും, യഥാർത്ഥ ചരിത്രത്തിലെ 27.4 വർഷങ്ങളുടെ നീളമുണ്ടാകും. ഇനി മനുഷ്യചരിത്രത്തിലെ ചില നിർണായകമായ കണ്ടുപിടിത്തങ്ങളെ ഈ കലണ്ടറിലെ തീയതികളിൽ അടയാളപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. 

ആദ്യമൊന്ന് സ്വയം ഊഹിച്ചുനോക്കൂ. സൂര്യൻ ഭൂമിയെയല്ല, മറിച്ച് ഭൂമി സൂര്യനെയാണ് വലംവെക്കുന്നത് എന്ന കാര്യം നാം മനസിലാക്കിയത് ഈ കലണ്ടറിൽ ഏത് മാസത്തിലായിരിക്കും? മാർച്ച്? അതോ ജനുവരിയിൽ തന്നെയോ? സത്യത്തിൽ അത് നടന്നത് ഡിസംബർ മാസത്തിലാണ്. അതെ, ഈ വർഷത്തിലെ അവസാനമാസത്തിന്റെ ഏതാണ്ട് പകുതിയോടടുത്ത്, ഡിസംബർ-13-നാണ് അത്. അതിന് മുൻപ് നൂറ്റാണ്ടുകളോളം മനുഷ്യർ അംഗീകരിച്ച് വിശ്വസിച്ചിരുന്ന, ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തം (ഭൂമിയെയാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും ചുറ്റുന്നത് എന്ന സിദ്ധാന്തം) പോലും ഓക്ടോബർ 23-നാണ് ഉണ്ടായത്. വർഷത്തിലെ പത്താം മാസത്തിന്റെ അവസാനം! ജീവികളുടെ ശരീരം കോശങ്ങൾ എന്ന അടിസ്ഥാനഘടകങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുന്നത് ഡിസംബർ 18-നാണ്. വെറും കണ്ണുകൾ കൊണ്ട് കാണാവുന്ന ശനി വരെയുള്ള ഗ്രഹങ്ങൾക്കപ്പുറം സൂര്യനെ ചുറ്റുന്ന വേറൊരു ഗ്രഹം (യുറാനസ്) ഉണ്ടെന്ന് കണ്ടുപിടിക്കുന്നത് ഡിസംബർ 22-നാണ്. വർഷം തീരാൻ ഇനി വെറും എട്ട് ദിവസങ്ങളേ ഉള്ളുവെന്ന് ഓർക്കണം. ദൈനംദിന ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന വിധം ഉദ്പാദനം സാധ്യമാക്കുന്ന മൈക്കൽ ഫാരഡേയുടെ ഡൈനാമോ കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 24-നാണ്. വൈദ്യുതി എന്നാൽ ഇലക്ട്രോണുകളുടെ ഒഴുക്കാണ്. ഈ ഇലക്ട്രോണുകൾ എന്ന കണികകളെ കണ്ടെത്തുന്നത് ഡിസംബർ 26-നാണ്. സൂര്യൻ മിൽക്കീവേ എന്ന ഒരു നക്ഷത്രക്കൂട്ടത്തിലെ (ഗാലക്സി) അനേകായിരം നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണെന്നും അതിന് വെളിയിൽ വേറെ ഗാലക്സികൾ ഉണ്ടെന്നും മനസിലാക്കുന്നത് ഡിസംബർ 27-നാണ്.  ഇന്നത്തെയീ ഇലക്ട്രോണിക് വിപ്ലവങ്ങളെല്ലാം സാധ്യമാക്കുന്നതിന് തുടക്കം കുറിച്ച, ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്ന് വിളിക്കപ്പെടുന്ന ട്രാൻസിസ്റ്റർ  കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 28-നാണ്. 

ഇങ്ങനെ ഇന്ന് നിങ്ങൾ ചുറ്റും കാണുന്ന ഏതൊരു കണ്ടുപിടിത്തവും എടുത്ത് അടയാളപ്പെടുത്തിക്കോളൂ, കലണ്ടറിൽ അവയൊക്കെ അവസാനമാസത്തിന്റെ അവസാനദിവസങ്ങളിൽ ഞെരുങ്ങിക്കിടക്കുന്നതായി കാണാം. അപ്പോ ചോദിച്ചോട്ടെ, ഇതിന് മുന്നേയുള്ള പത്തോ പതിനൊന്നോ മാസങ്ങളിൽ മനുഷ്യൻ എന്ത് ചെയ്യുകയായിരുന്നു? സാങ്കല്പിക കലണ്ടർ വിട്ട് യാഥാർത്ഥ്യത്തിലേയ്ക്ക് വന്നാൽ, പതിനായിരം വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിട്ട് നാഗരിക മനുഷ്യൻ വൈദ്യുതഡൈനാമോ കണ്ടെത്താൻ AD 1831- വരെ (കഷ്ടിച്ച് 150 വർഷം മുൻപ്) കാത്തിരുന്നത് എന്തിനാണ്? പോട്ടെ, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് അംഗീകരിക്കാൻ AD 1550-കൾ വരെ സമയമെടുത്തത് എന്തിനായിരിക്കും? എന്നാലും ഓന്നോർത്തുനോക്കൂ, പതിനായിരം വർഷത്തിലെ ആദ്യത്തെ 9500 വർഷങ്ങളും ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന അടിസ്ഥാനവിവരം പോലും ഇല്ലാതെയാണ് മനുഷ്യൻ ചെലവഴിച്ചത് എന്ന കാര്യം ഓർക്കുമ്പോൾ തന്നെ ലജ്ജിക്കേണ്ടതല്ലേ? നൂറ് വയസ്സുള്ള ഒരു മനുഷ്യൻ തന്റെ 95-ാമത്തെ വയസ്സിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നറിയുന്നതിന് തുല്യമാണത്. എന്തൊരു ഗതികേടാണ്! നോക്കിയാൽ, നാം അഹങ്കരിക്കുന്ന നമ്മുടെ തിരിച്ചറിവുകൾക്കും കണ്ടെത്തലുകൾക്കും വളരെ കുറച്ചുകാലത്തെ ചരിത്രമേ പറയാനുള്ളൂ. മനുഷ്യന്റെ ബഹിരാകാശയാത്രയുടെ ചരിത്രത്തിന് പതിനായിരത്തിൽ വെറും എഴുപത് വർഷത്തിന്റെ പങ്കല്ലേ അവകാശപ്പെടാനുള്ളു? 

മനുഷ്യപുരോഗതിയുടെ ഈ വിചിത്രമായ ചരിത്രം ഒരു പ്രധാന കാര്യം സൂചിപ്പിക്കുന്നുണ്ട്- ഇക്കഴിഞ്ഞ അവസാന അഞ്ഞൂറ് വർഷങ്ങൾക്കിടയിൽ നമ്മളെന്തോ പുതുതായി പഠിച്ചെടുത്തിരിക്കുന്നു. വളരെ നിർണായകമായ ഒരു പാഠം. ഇന്ന് നാമതിനെ ശാസ്ത്രരീതി (scientific method) എന്നാണ് വിളിക്കുന്നത്. സത്യം കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ രീതിയാണത്. ന്യൂട്ടൻ, കെപ്ലർ, ഗലീലിയോ ഇങ്ങനെ നിരവധി ആളുകളിലൂടെ പതിയെയാണ് ആ രീതി ഉരുത്തിരിഞ്ഞത്. അവരുടേതായ സത്യാന്വേഷണരീതികൾ ഉണ്ടാക്കിയ വിപ്ലവകരമായ പുരോഗതി അതിന് മുൻപുണ്ടായിരുന്ന രീതികളുടെ പോരായ്മ കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അന്ന് തുടങ്ങിയ പുരോഗതികളുടെ കുത്തൊഴുക്കിനെ ശാസ്ത്രീയവിപ്ലവം (scientific revolution) എന്നാണ് വിളിക്കുന്നത്. കോപ്പർനിക്കസിന്റെ സൗരകേന്ദ്രസിദ്ധാന്തത്തെയാണ് അതിന്റെ തുടക്കമായി ഇന്ന് അടയാളപ്പെടുത്തുന്നത്. ചില നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള സത്യാന്വേഷണരീതിയാണ് ശാസ്ത്രരീതി. 
1. ആശയങ്ങളെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി മാത്രം പരിശോധനയ്ക്ക് വിധേയമാക്കുക, 
2. പരിശോധന ജയിക്കുന്ന ആശയങ്ങളെ മുഖവിലയ്ക്കെടുത്ത് കൂടുതൽ പരീക്ഷിയ്ക്കുക, അല്ലാത്തവ ഉപേക്ഷിക്കുക, 
3. തെളിവ് എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് നീങ്ങുക
4. എന്തിനേയും ചോദ്യം ചെയ്യുക
എന്നിവയാണ് ആ നിബന്ധനകൾ. പക്ഷേ കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും, ഇത് പ്രയോഗത്തിൽ അത്ര എളുപ്പമല്ല. മുൻവിധികളേയും വിശ്വാസങ്ങളേയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും മറികടന്ന് ശാസ്ത്രരീതി പിന്തുടരുക എന്നത് എളുപ്പമായിരുന്നെങ്കിൽ, ശാസ്ത്രവിപ്ലവത്തിന് ഇങ്ങനെ 9500 വർഷത്തെ താമസം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ശാസ്ത്രം പറയുന്നിടത്തെല്ലാം ആ ബോധ്യം കൂടി ഉണ്ടാകേണ്ടതുണ്ട്. 

2 comments: