Oct 23, 2017

ഗോളാകൃതിയുള്ള കുതിരകൾ

ആറ് വർഷങ്ങൾ ഒരു ശാസ്ത്രഗവേഷകനായി ജീവിച്ചതുകൊണ്ട് എന്ത് ഗുണമുണ്ടായി എന്നൊരു ആത്മപരിശോധന നടത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഗുണങ്ങൾ പലതുണ്ടായിട്ടുണ്ട്. പി.എച്ച്.ഡി. എന്നൊരു ഡിഗ്രിയും അത് കാരണം മുന്നോട്ടുള്ള തൊഴിലവസരങ്ങളിൽ കിട്ടിയ മുൻഗണനയും, ദേശീയ-അന്തർദേശീയ തലങ്ങളിൽ കിട്ടിയ എക്സ്പോഷർ എന്നിങ്ങനെ പലതും. പക്ഷേ ഇതിനെക്കാളൊക്കെ ഞാൻ വിലമതിക്കുന്ന മറ്റൊരു ഗുണം ഉണ്ടായിട്ടുണ്ട്. അത് പ്രശ്നങ്ങളെ സമീപിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു രീതി ഞാനറിയാതെ എന്നിൽ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്നതാണ്.  എത്രത്തോളം അത് പറഞ്ഞുഫലിപ്പിക്കാൻ കഴിയും എന്നുറപ്പില്ല. എന്നാലും അത് വ്യക്തമാക്കാൻ ഒരു ശ്രമം നടത്താം.

എം.എസ്. സി. വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം കഴിഞ്ഞാണ്,  ഗവേഷണപഠനം ആരംഭിച്ചത്. അപ്പോഴത്തെ ഒരു ആവേശത്തിന്റെ അളവ് വെച്ചാണെങ്കിൽ ആറ് മാസം കൊണ്ട് മിനിമം രണ്ട് നൊബേൽ പ്രൈസ് അടിച്ചെടുക്കാനുള്ള മട്ടായിരുന്നു. കാരണമെന്താണെന്നോ? പാഠപുസ്തകത്തിൽ പഠിച്ച ലളിതവൽക്കരിച്ച മോഡലുകൾ അടിസ്ഥാനമാക്കിയുള്ള അറിവ് തരുന്ന ആത്മവിശ്വാസം. ശാസ്ത്രലോകം കണ്ടെത്തിയ കാര്യങ്ങൾ വരിവരിയായി മുൻപിൽ നിരത്തുന്നതല്ലാതെ, അവയൊക്കെ ഏതൊക്കെ രീതിയിലാണ് കണ്ടെത്തപ്പെട്ടത് എന്ന് പാഠപുസ്തകങ്ങൾ നമ്മളോട് പറയാറില്ല. അവിടെ ഒരു കാര്യത്തെ പറ്റി പറയുമ്പോൾ അതിനെ പ്രത്യേകം മാറ്റിനിർത്തിയാണ് സംസാരിക്കുക. ഉദാഹരണത്തിന്, ന്യൂട്ടന്റെ ചലനനിയമം പഠിയ്ക്കുമ്പോൾ നിങ്ങൾ ഒരു വസ്തുവിനെ F ബലം പ്രയോഗിച്ച് തൊഴിച്ചാൽ m പിണ്ഡമുള്ള വസ്തുവിന്  F/m വേഗവ്യത്യാസം ഉണ്ടാകുമെന്ന് പറയും. ഇത് പരീക്ഷിക്കാൻ പറ്റിയ പരീക്ഷണങ്ങൾ ഒരുപക്ഷേ ലാബിൽ ചെയ്ത് ബോധ്യപ്പെട്ടെന്നും ഇരിക്കും. പക്ഷേ നിങ്ങൾ തൊഴിയ്ക്കുന്ന വസ്തു ജീവനുള്ള ഒരു അൽസേഷ്യൻ പട്ടിയാണെങ്കിലോ? അവിടെ ചുമ്മാ F-ഉം m-ഉം വെച്ച് ഗുണിച്ചും ഹരിച്ചും കണ്ടുപിടിക്കാവുന്ന ഫലങ്ങളാവില്ല ഉണ്ടാകുക. ഒരു ക്ലാസ് റൂമിൽ ഇത്തരമൊരു സംശയം ഉയരാനുള്ള സാധ്യത കുറവാണ്. ഉയർന്നാൽ തന്നെ പഠിയ്ക്കുന്നയാളും പഠിപ്പിക്കുന്ന ആളും ഒരുപോലെ ചിരിക്കുന്ന ഒരു തമാശ എന്നതിനപ്പുറം ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. എന്നാൽ ഇതിന് തമാശയ്ക്കപ്പുറം വലിയ പ്രസക്തിയുണ്ട്. F ബലം m പിണ്ഡമുള്ള വസ്തുവിൽ ഉണ്ടാക്കുന്ന പ്രഭാവവും പ്രതീക്ഷിച്ച് അൽസേഷ്യനെ തൊഴിയ്ക്കാൻ പോയതുപോലുള്ള അനുഭവങ്ങൾ ഗവേഷണജീവിതത്തിനിടെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവിടത്തെ പ്രശ്നം യഥാർത്ഥ പ്രശ്നങ്ങളെ ലളിതവൽക്കരിച്ച മോഡലുകൾ വെച്ച് പരിഹരിക്കാമെന്നുള്ള വ്യാമോഹമാണ്.

ഫിസിക്സ് ക്ലാസിൽ ന്യൂട്ടന്റെ നിയമം പഠിക്കുമ്പോൾ, ബലവും ചലനവും തമ്മിലുള്ള ബന്ധം പറയുന്നതിന് ഈ രണ്ട് കാര്യങ്ങളൊഴികേ മറ്റെല്ലാ ഘടകങ്ങളേയും പരമാവധി ഒഴിവാക്കിയാണ് ഉദാഹരണങ്ങൾ പറയുക. m പിണ്ഡമുള്ള വസ്തു എന്നുവെച്ചാൽ m പിണ്ഡമുണ്ടാക്കാൻ വേണ്ട പദാർത്ഥം ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു, അതിൽ മറ്റ് ബലങ്ങളൊന്നും പ്രവർത്തിക്കുന്നില്ല, അത് മറ്റേതെങ്കിലും ഊർജം സ്വീകരിക്കുകയോ പുറത്തേയ്ക്ക് വിടുകയോ ചെയ്യുന്നില്ല, അതിനുള്ളിൽ മറ്റൊരുതരത്തിലുള്ള ആന്തരിക പ്രവർത്തനങ്ങളും നടക്കുന്നില്ല, എന്നിങ്ങനെ നിരവധി നിബന്ധനകൾ പാഠപുസ്തകങ്ങൾ വെയ്ക്കുന്നുണ്ട്. കാലാകാലങ്ങളായി പരീക്ഷകളും ചോദ്യങ്ങളും ബലത്തേയും ചലനത്തേയും മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നതുകൊണ്ട് പഠിക്കുന്നവരോ, പലപ്പോഴും പഠിപ്പിക്കുന്നവരോ പോലും ഇത്തരം നിബന്ധനകളെപ്പറ്റി ഓർക്കാറില്ല എന്നേയുള്ളൂ. ബലം പ്രയോഗിക്കുമ്പോൾ ചലനത്തിന് എന്ത് സംഭവിക്കുന്നു എന്ന് വിശദീകരിക്കാനുള്ള ഒരു സിമ്പിൾ മോഡൽ മാത്രമായി ആ സാഹചര്യത്തെ ലളിതവൽക്കരിക്കുകയാണ് ഇത്തരം നിബന്ധനകൾ ചെയ്യുന്നത്. പട്ടിയെ തൊഴിയ്ക്കുന്ന ഒരു ജീവിത സാഹചര്യത്തിൽ, ഇത്തരം നിബന്ധനകൾക്ക് യാതൊരു പങ്കുമില്ല. എന്നാൽ അവിടെ ഫിസിക്സേ ഇല്ലാന്നല്ല അതിനർത്ഥം. അവിടെ പട്ടി എന്നത് വെറുമൊരു 'പിണ്ഡമുള്ള വസ്തു' അല്ല. മറിച്ച്  ഊർജവും ദ്രവ്യവും അകത്തേയ്ക്ക് സ്വീകരിക്കുകയോ പുറത്തേയ്ക്ക് വിടുകയോ ഒക്കെ ചെയ്യുന്ന, ഉള്ളിൽ നിരവധി രാസ-ഭൌതിക മാറ്റങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു കോംപ്ലക്സ് സിസ്റ്റമാണ്. അവയെല്ലാം പരിഗണിക്കാതെ അവിടത്തെ വിശകലനം പൂർത്തിയാകില്ല. ആ കോംപ്ലക്സിറ്റിയെ അംഗീകരിക്കാതെ, പട്ടിയെ തൊഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ന്യൂട്ടന്റെ ചലനനിയമം വെച്ച് പരിഹരിക്കാനിറങ്ങുന്നത് മണ്ടത്തരമാണ്. ഇക്കാര്യത്തിന്റെ അടിസ്ഥാനത്തിൽ ഫിസിക്സുകാരെ കളിയാക്കുന്ന ഒരു തമാശയുണ്ട്. ഏതൊരു കുതിരപ്പന്തയത്തിലും ഏത് കുതിര ജയിക്കുമെന്ന് കൃത്യമായി കണക്കാക്കുന്ന ഒരു സമവാക്യം ഒരു ഭൌതികശാസ്ത്രജ്ഞൻ കണ്ടുപിടിച്ചുവത്രേ. അത് പക്ഷേ ശൂന്യതയിലൂടെ ചലിക്കുന്ന ഗോളാകൃതിയുള്ള കുതിരകളിൽ മാത്രമേ പ്രയോഗിക്കാൻ പറ്റൂ! (spherical horses moving through vacuum)

പറഞ്ഞുവന്ന വിഷയത്തിലേക്ക് മടങ്ങിവരാം. ഗവേഷണത്തിനായി ചെലവഴിച്ച സമയം പഠിപ്പിച്ച ചില വിലപ്പെട്ട പാഠങ്ങളുണ്ട്. മുന്നിലുള്ള പ്രശ്നം പരിഹരിക്കാൻ ആദ്യം പ്രശ്നം എവിടെ ഏതൊക്കെ രീതിയിൽ കിടക്കുന്നു എന്ന് വ്യക്തമാകണം. അതിന്റെ കാരണം എവിടേയ്ക്കൊക്കെ നീളുന്നു എന്ന് മനസിലാക്കണം. ചിലപ്പോൾ ഒറ്റനോട്ടത്തിൽ കാണാത്ത നിരവധി ഘടകങ്ങൾ ആ പ്രശ്നത്തെ സ്വാധീനിക്കുന്നുണ്ടാകും. നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്ന പരിഹാരങ്ങൾ പരാജയപ്പെടുമ്പോൾ മാത്രമാണ് അവയോരോന്നും നമ്മൾ തിരിച്ചറിയുക. ഒരു പരീക്ഷണത്തിൽ, എന്റെ രണ്ട് മാസത്തെ അധ്വാനം കൊണ്ട് തയ്യാറാക്കിയ അഞ്ച് രാസസംയുക്തങ്ങൾ ഒറ്റയടിക്ക് കരിഞ്ഞ് പുകയായിപ്പോയപ്പോഴാണ്, അതുവരെ ഒരു രീതിയിലും എന്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. അങ്ങനെ നിരവധി അനുഭവങ്ങളുണ്ട്. അവകളിലൂടെ, കോംപ്ലക്സിറ്റികളിലേക്ക് കണ്ണ് പോകാനുള്ള ഒരു ശീലം സ്വയമറിയാതെ ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ. സാമൂഹ്യവിഷയങ്ങളിൽ ഇത്തരം കോംപ്ലക്സിറ്റികൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവിടെ പല പ്രശ്നങ്ങളെക്കുറിച്ചും ആലോചിക്കുമ്പോൾ ഒരു തരത്തിലുള്ള പരിഹാരമാർഗവും എന്റെ മുന്നിൽ തെളിയാറില്ല. എന്നാൽ ഫെയ്സ്ബുക്കിൽ പലപ്പോഴും സിമ്പ്ലിഫൈഡ് മോഡൽ പരിഹാരങ്ങൾ അപാരമായ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നവരെ കാണാറുണ്ട്. ഞാൻ നിലപാടുകൾ കൊണ്ട് ചേർന്ന് നിൽക്കുന്ന യുക്തിവാദം, ഫെമിനിസം തുടങ്ങിയ പല വിചാരധാരകളിലും ഇത്തരം പരിഹാരചിന്തകൾ പിടിമുറുക്കുന്നത് അലോസരപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പല ആക്റ്റിവിസങ്ങളോടും മനസുകൊണ്ട് യോജിക്കാനാവാതെ വരും. പിന്നെന്തായാലും അവിടെ ആശ്വസിക്കാൻ വകുപ്പുണ്ട്. വലിപ്പത്തിൽ ഏഴാമത് നിൽക്കുന്ന, ലോകജനസംഖ്യയുടെ 20%-നെ ഉൾക്കൊള്ളുന്ന ഒരു രാജ്യത്തിന്റെ എക്കോണമിയെ വരെ ഓരോരുത്തർ ഗോളാകൃതിയുള്ള കുതിരയായി സങ്കല്പിച്ച് ഓട്ടപ്പന്തയം ജയിപ്പിക്കാൻ നോക്കുന്നത് കാണുമ്പോൾ, ലതൊക്കെ എന്ത്!

No comments:

Post a Comment